പാര്‍ലമെന്റില്‍ പണം പാപമോ? ധനികന്റെ ഇരിപ്പിടത്തില്‍ നോട്ടുകെട്ട് വച്ചിട്ടുപോയ ആ സാന്താക്ലോസ് ആരാകും?

സീങ് വി എന്തിനാണ് ആ തുക തന്റേതല്ലെന്ന് പറഞ്ഞത്?
പാര്‍ലമെന്റില്‍ പണം പാപമോ? ധനികന്റെ ഇരിപ്പിടത്തില്‍ നോട്ടുകെട്ട് വച്ചിട്ടുപോയ ആ സാന്താക്ലോസ് ആരാകും?
Updated on

നാട്ടിന്‍പുറം നന്മകളാല്‍ മാത്രമല്ല, വിവേകത്തിലും സമൃദ്ധമാണ്. എഴുന്നേല്‍ക്കുമ്പോള്‍ ഇരുന്നിടം നോക്കണമെന്നത് നാട്ടിന്‍പുറത്തെ ഒരു കാരണവര്‍ സൗജന്യമായി പണ്ടേ എനിക്ക് നല്‍കിയ ഉപദേശമാണ്. അങ്ങനെ ഉപദേശം കിട്ടിയിരുന്നെങ്കില്‍ അഭിഷേക് മനു സിങ്വിക്ക് രാജ്യസഭയിലുണ്ടായ നാണക്കേടും ധനനഷ്ടവും ഒഴിവാക്കാമായിരുന്നു. തെലങ്കാനയില്‍നിന്ന് രാജ്യസഭയിലെത്തിയ കോണ്‍ഗ്രസ്സുകാരനായ സിങ്വി പാര്‍ലമെന്റില്‍ എന്റെ സഹാംഗവും യേല്‍ സര്‍വകലാശാലയില്‍ എന്റെ സതീര്‍ത്ഥ്യനുമായിരുന്നിട്ടുണ്ട്. അവിടെ ഒരു പാര്‍ലമെന്ററി പരിശീലനപരിപാടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ അഭിഭാഷകര്‍ ഫീസ് വാങ്ങുന്ന രീതിയും കണക്കും അറിയാവുന്നതുകൊണ്ട് ഇനിയും എണ്ണിപ്പറഞ്ഞിട്ടില്ലാത്ത ഇരിപ്പിടത്തിലെ തുകയുടെ അവകാശി സിങ്വി തന്നെയെന്ന് ഏകദേശം ഉറപ്പിക്കാം. സഭാദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പേര് പറഞ്ഞതോടെ സിങ്വിയുടെ കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമായി. കൃത്യാന്തരബാഹുല്യം നിമിത്തമായിരിക്കാം അന്ന് സിങ്വി രാജ്യസഭയില്‍ ഇരുന്നത് മൂന്നു മിനിറ്റ് മാത്രമാണ്. അതിനുമുന്‍പ് കോടതിയിലോ ഓഫീസിലോ വച്ച് പിരിഞ്ഞ തുകയായിരിക്കാം ധൃതിയില്‍ എവിടെയോ തിരുകിക്കൊണ്ട് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ദിനബത്തയ്ക്ക് അവിടെ രജിസ്റ്ററില്‍ ഒരു ഒപ്പ് ആവശ്യമുണ്ട്. നഷ്ടപ്പെട്ട തുക എത്രയായാലും അത് പോകട്ടെ എന്നു വയ്ക്കുന്നതിനുള്ള വിശാലത അദ്ദേഹത്തിന്റെ പോക്കറ്റിനുണ്ട്. മനസ്സിനുണ്ടാകണമെന്നില്ല. അവിഹിതഗര്‍ഭത്തെ തള്ളിപ്പറയുന്ന തീക്ഷ്ണതയോടെയും ആവേശത്തോടെയും അദ്ദേഹം എന്തിനാണ് ആ തുക തന്റേതല്ലെന്ന് പറഞ്ഞതെന്നുമാത്രം എനിക്ക് മനസ്സിലായില്ല. അല്പം സാവകാശം മനസ്സിനു കൊടുത്തിരുന്നെങ്കില്‍ വീട്ടിലെത്തിയുള്ള ആലോചനയില്‍ ഒരുപക്ഷേ, അദ്ദേഹത്തിനു പണം വന്ന വഴി ഓര്‍ത്തെടുക്കാന്‍ കഴിയുമായിരുന്നു.

പാര്‍ലമെന്റില്‍ പണം പാപമാണോ? അഞ്ഞൂറു രൂപയുമായി പാര്‍ലമെന്റിലെത്തുന്ന സാധുവാണ് താനെന്ന് സിങ്വി പറയുന്നു. സഭയില്‍ മൂന്ന് മിനിറ്റും ഭോജനശാലയില്‍ മുപ്പത് മിനിറ്റും ചെലവഴിക്കുന്നതിന് അത് മതിയാകുമായിരിക്കും. സഹായിയുടെ കൈവശം എത്ര രൂപ ഉണ്ടായിരിക്കുമെന്ന കണക്ക് ലഭ്യമല്ല. ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ലെന്നു പറയുമ്പോലെയാണത്. മുഖ്യമന്ത്രിയുടെ ചെവിയില്‍ ഫോണ്‍ വച്ചുകൊടുക്കാന്‍ ആളുള്ളപ്പോള്‍ എന്തിനാണ് കൈയില്‍ ഫോണ്‍ കൊണ്ടുനടക്കുന്നത്? സഭയില്‍ ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. പക്ഷേ, മധു ദന്തവാതെ ഒരിക്കല്‍ തോക്ക് സഭയിലെത്തിക്കുകയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പാര്‍ലമെന്റിലെ സുരക്ഷാസംവിധാനത്തിലെ പോരായ്മകളിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായിരുന്നു മര്യാദക്കാരനായ അദ്ദേഹം അങ്ങനെ ചെയ്തത്. സഭയില്‍ കൈവശം വയ്ക്കാവുന്ന പണത്തിനു പരിധിയോ നിയന്ത്രണമോ ഉള്ളതായി പാര്‍ലമെന്റംഗമായിരുന്നിട്ടുള്ള എനിക്കറിയില്ല. പിന്നെ എന്തിനുവേണ്ടിയാവാം ഇരിപ്പിടത്തില്‍ കണ്ട പണം തന്റേതല്ലെന്നു സ്ഥാപിക്കാന്‍ സിങ്വി തിരക്ക് കാണിച്ചത്?

അഭിഷേക് മനു സിങ് വി
അഭിഷേക് മനു സിങ് വി

ധനികന്റെ സത്യസന്ധത

പണം കണ്ടാല്‍ പേടിക്കുന്ന സ്ഥാപനമല്ല പാര്‍ലമെന്റ്. സഞ്ചിതനിധിയില്‍ പണം നിറയ്ക്കുന്നതും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ കൊടുക്കുന്നതും പാര്‍ലമെന്റാണ്. സഞ്ചിതനിധിയുമായി താരതമ്യം ചെയ്യുമ്പോള്‍ സിങ്വിയുടെ പോക്കറ്റ് എത്രയോ ചെറുത്. ആ പോക്കറ്റിലെ ചോര്‍ച്ച പാര്‍ലമെന്റിനെ പ്രലോഭിപ്പിക്കുകയോ സമ്മര്‍ദത്തിലാക്കുകയോ ചെയ്യുന്നില്ല. അശ്രദ്ധ ക്ഷന്തവ്യമായ വീഴ്ചയാണ്; ചിലപ്പോള്‍ അക്ഷന്തവ്യമാകുമെങ്കിലും.

വോട്ടിനു കോഴ എന്ന ആക്ഷേപം ഉന്നയിച്ചുകൊണ്ട് അതിനു തെളിവായി മൂന്ന് ബി.ജെ.പി എം.പിമാര്‍ രണ്ടു കോടി രൂപയുടെ കറന്‍സി ലോക്സഭയുടെ മേശപ്പുറത്ത് ചൊരിഞ്ഞിട്ടപ്പോഴും പാര്‍ലമെന്റ് ഞെട്ടിയില്ല; ഞെട്ടിയത് രാഷ്ട്രമാണ്. മന്‍മോഹന്‍ സിങ്ങിന്റെ വിശ്വാസവോട്ടിന്റെ ചര്‍ച്ചാവേളയില്‍ ആ മൂന്ന് ബി.ജെ.പി എം.പിമാര്‍ നടത്തിയ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോള്‍ സിങ്വിയുടെ ലക്ഷ്യമില്ലാത്ത അലക്ഷ്യം എത്രയോ നിസ്സാരം. ഡപ്യൂട്ടി സ്പീക്കര്‍ സഭ നിയന്ത്രിക്കുന്ന അവസരത്തിലാണ് ആ മൂവര്‍ നടുത്തളത്തിലേക്കിറങ്ങി കറുത്തസഞ്ചിയില്‍നിന്ന് നോട്ടുകെട്ടുകള്‍ മേശപ്പുറത്തേക്കു ചൊരിഞ്ഞത്. തൊണ്ടി എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ രണ്ടു കോടി രൂപയുണ്ടായിരുന്നു. വിശ്വാസപ്രമേയത്തിന്റെ വിജയത്തിന് പ്രതിപക്ഷത്തുനിന്ന് എം.പിമാരെ മറിക്കാന്‍ ചാക്കുമായി ഓപ്പറേറ്റര്‍മാര്‍ ഇറങ്ങിയ കാലമായിരുന്നു അത്. കോടികളുടെ അട്ടികള്‍ മറിഞ്ഞ ആ ഓപ്പറേഷന്റെ ഗൗരവം കുറയ്ക്കാന്‍ മാത്രമാണ് ബി.ജെ.പിയുടെ പ്രഹസനത്തോളമെത്തിയ പ്രകടനം കാരണമായത്. കൊണ്ടുപോകുന്ന പണം തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാല്‍ കുറഞ്ഞ ചെലവില്‍ ബി.ജെ.പി ആസൂത്രണം ചെയ്ത നാടകമായിരുന്നു അത്. പ്രകടനം റിയലിസ്റ്റിക് ആകണമെങ്കില്‍ 25 കോടിയെങ്കിലും തൊണ്ടിയായി കളയാന്‍ ബി.ജെ.പി തയ്യാറാകണമായിരുന്നു. കോണ്‍ഗ്രസ്സിന്റെ റെസ്‌ക്യൂ ഓപ്പറേഷനില്‍ പങ്കുചേരാന്‍ ക്ഷണിക്കപ്പെട്ടയാളിന്റെ സാക്ഷ്യമാണിത്.

ആ മൂന്ന് എം.പിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് എം.പി കിഷോര്‍ ചന്ദ്രദേവ് അധ്യക്ഷനായ പ്രിവിലേജസ് കമ്മിറ്റിയാണ് അതിനുള്ള ശിപാര്‍ശ നടത്തിയത്. ഞാനും ആ കമ്മിറ്റിയില്‍ അംഗമായിരുന്നു. വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉണ്ടാകുമെന്നിരിക്കെ ആ മൂന്ന് ബി.ജെ.പി എം.പിമാരെ കേവലം രണ്ടുകോടി രൂപയ്ക്ക് വീഴ്ത്താന്‍ ശ്രമമുണ്ടായി എന്നത് അന്നും ഇന്നും എനിക്ക് അവിശ്വസനീയമാണ്. ഏഴ് ബി.ജെ.പി എം.പിമാര്‍ ഉള്‍പ്പെടെ നിരവധി എം.പിമാര്‍ വിപ്പ് വകവയ്ക്കാതെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വോട്ടു ചെയ്തു. മൂന്നു കോടി രൂപ വീതം നല്‍കി അമര്‍ സിങ്ങും അഹമ്മദ് പട്ടേലും ചേര്‍ന്ന് തങ്ങളെ വിലയ്ക്കെടുക്കുകയായിരുന്നുവെന്ന് മൂന്ന് ബി.ജെ.പി എം.പിമാര്‍ പിന്നീടു പറഞ്ഞു. സെക്രട്ടറി ജനറലിന്റെ മുറിയില്‍ സൂക്ഷിച്ച രണ്ടു കോടിക്ക് തോക്ക് പിടിച്ച ഒരു പൊലീസുകാരന്‍ കുറേക്കാലം കാവല്‍ നിന്നിരുന്നു. പിന്നീട് തൊണ്ടിമുതലിനും പ്രതികള്‍ക്കും എന്തുസംഭവിച്ചുവെന്നറിയില്ല. തൊണ്ടിക്ക് രൂപാന്തരം വരുത്തി പകരംവയ്ക്കുന്ന ആന്റണി രാജുവിന്റെ മായികപ്രകടനം അന്ന് ലോക്സഭയ്ക്ക് പരിചിതമായിരുന്നില്ല.

സന്തുഷ്ടി ഉള്‍പ്പെടെ പല കാര്യങ്ങളിലും നോര്‍വേ ഒന്നാം സ്ഥാനത്താണ്. സംതൃപ്തിയില്‍നിന്നാണ് സന്തുഷ്ടിയുണ്ടാകുന്നത്. സത്യസന്ധതയില്‍നിന്നാണ് സംതൃപ്തിയുണ്ടാകുന്നത്. നോര്‍വേക്കാരുടെ സത്യസന്ധത പരീക്ഷിക്കുന്നതിന് റീഡേഴ്സ് ഡൈജസ്റ്റ് ഒരിക്കല്‍ ഒരു ടെസ്റ്റ് നടത്തി. ഓസ്ലോയിലെ തിരക്കു പിടിച്ച ബസ് സ്റ്റേഷനില്‍ തന്റെ ഇരിപ്പിടത്തില്‍ പണം നിറച്ച പേഴ്സ് മറന്നുവച്ചിട്ട് എഴുന്നേറ്റു പോകുന്നതായിരുന്നു ടെസ്റ്റ്. പലവട്ടം ആവര്‍ത്തിച്ചിട്ടും ആ പേഴ്സ് ആരും കൊണ്ടുപോയില്ലെന്നു മാത്രമല്ല, ആരെങ്കിലുമൊരാള്‍ പിന്നാലെ ഓടിവന്ന് അത് ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു. അംഗങ്ങളുടെ ഇരിപ്പിടം പരിശോധിച്ച രാജ്യസഭയിലെ ഉദ്യോഗസ്ഥന്റെ സത്യസന്ധതയും പരാമര്‍ശിക്കപ്പെടണം. ഒരു കെട്ട് നോട്ട് ഒതുക്കാന്‍ മാത്രം വലിപ്പം അയാളുടെ കുപ്പായക്കീശയ്ക്ക് ഉണ്ടായിരുന്നിരിക്കണം. പക്ഷേ, അതിനെക്കാള്‍ വലുതായിരുന്നു അയാളുടെ സത്യസന്ധത. ഇതെങ്ങനെ സംഭവിച്ചുവെന്ന സിങ്വിയുടെ ആശ്ചര്യം സത്യസന്ധമാണെങ്കില്‍ ധനികന്റെ ഇരിപ്പിടത്തില്‍ നോട്ടുകെട്ട് വച്ചിട്ടുപോയ ആ സാന്താക്ലോസ് ആരായിരുന്നിരിക്കും? നോട്ടുകെട്ടുമായി പുറമേനിന്ന് ആര്‍ക്കും അവിടേയ്ക്ക് കടന്നുവരാനാവില്ല. ഉള്ളവനു നല്‍കപ്പെടുമെന്നാണ് ദൈവവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com