പന്തല്‍കെട്ടി നാട്ടുകാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് ബിരിയാണിയും വിളമ്പി ഒരു കല്ല്യാണംപോലെ ആഘോഷമായിരുന്നു മലപ്പുറം അരീക്കോട്ടെ നൂര്‍ജഹാന്‍ കണ്ണഞ്ചേരിയുടെ പിഎച്ച്.ഡി പൂര്‍ത്തിയായപ്പോളുണ്ടായത്. ഗവേഷണ കാലത്തെ പരിശ്രമങ്ങളുടേയും വെല്ലുവിളികളുടേയും പ്രതിസന്ധികളുടേയും അതിന്റെ തരണം ചെയ്യലിനെക്കുറിച്ചുമൊക്കെ അധികമാരും പറയാതിരുന്ന അനുഭവങ്ങളുടെ പങ്കുവെയ്ക്കല്‍ കൂടിയായിരുന്നു ആ ചടങ്ങ്. എന്റെ ജീവിതത്തില്‍ വിവാഹത്തേക്കാള്‍, മറ്റു ചടങ്ങുകളേക്കാള്‍ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമായിരുന്നു അതെന്ന് നൂര്‍ജഹാന്‍ വിലയിരുത്തുന്നു. മുംബൈയിലെ പ്രശസ്തമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്നു പത്ത് വര്‍ഷംകൊണ്ടാണ് അവര്‍ തന്റെ ഗവേഷണം പൂര്‍ത്തിയാക്കുന്നത്. രണ്ട് തവണ ഗര്‍ഭിണിയായി; പ്രസവം, കുട്ടികളെ നോക്കല്‍, ജോലി, കുടുംബത്തിന്റെ മറ്റ് ഉത്തരവാദിത്വങ്ങള്‍ എല്ലാം കൂടിച്ചേരുന്നതാണ് ആ പത്തു വര്‍ഷം.
നൂര്‍ജഹാന്‍ കണ്ണഞ്ചേ രിയുടെ ജീവിതത്തിനും അവരുടെ ഗവേഷണ വിഷയത്തിനുമിടയില്‍ അതിര്‍വരമ്പില്ല. പിതൃദായക കുടുംബ വ്യവസ്ഥയില്‍ ദൈനംദിന അടിസ്ഥാനത്തിലുള്ള വിലപേശലുകളും സന്ധിഭാഷണങ്ങളും നടത്തേണ്ടിവരുന്ന മലബാറിലെ മാപ്പിള സ്ത്രീകളെക്കുറിച്ചുള്ളതാണ് ആ പഠനം. പഠിക്കാനും ജോലി ചെയ്യാനും വിവാഹത്തിനും സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാനുമായി നിരന്തരമായ വിലപേശലുകളും സന്ധിചെയ്യലുകളും ചെയ്യേണ്ടിവരുന്ന മുസ്ലിം സ്ത്രീകളുടെ ജീവിതമാണ് പഠനത്തിന് ആധാരം. ഒരര്‍ത്ഥത്തില്‍ നൂര്‍ജഹാന്റെ ജീവിതത്തിന്റെ പ്രതിഫലനവും ഇതിലുണ്ട്.
സമൂഹത്തിലും കുടുംബത്തിലും അദൃശ്യമാക്കപ്പെടുകയും സ്വാഭാവികവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന പെണ്ണിന്റെ ദൈനംദിന ജീവിതവും പോരാട്ടവും മറികടക്കലുമാണ് അവര്‍ സംസാരിക്കുന്നതത്രയും. പെണ്‍കുട്ടികള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നു, വിവാഹത്തിനുശേഷവും പഠിക്കുന്നു, ഉന്നത ബിരുദം നേടുന്നു, ജോലി ചെയ്യുന്നു എന്നതൊക്കെ ചൂണ്ടിക്കാട്ടി കുടുംബത്തിന്റേയും നാടിന്റേയും പുരോഗതിയായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ഇരട്ടത്താപ്പും നീതികേടും ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. അതു നേടിയെടുക്കാന്‍ സ്ത്രീ നടത്തുന്ന സമരസപ്പെടലുകളും പരിശ്രമങ്ങളും നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങളും ഇനിയും സ്വാഭാവികവല്‍ക്കരിച്ച് പോകേണ്ടതല്ലെന്നും മുഖ്യധാരയില്‍ ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഉണ്ടാകണമെന്നും നൂര്‍ജഹാന്‍ പറയുന്നു.
കേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എം. ഹലീമാബീവിയെക്കുറിച്ചുള്ള പത്രാധിപ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് നൂര്‍ജഹാന്‍. മാതൃത്വവും ഗവേഷണവുമെന്ന വിഷയത്തില്‍ ഗവേഷണകാലത്ത് അമ്മമാരായ സ്ത്രീകളുടെ അനുഭവങ്ങളെ ചേര്‍ത്തുള്ള പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ഗവേഷണ ജീവിതത്തേയും പഠനത്തിലെ കണ്ടെത്തലുകളേയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അവര്‍ പങ്കുവെയ്ക്കുന്നു.
'പിഎച്ച്.ഡി ആഘോഷ'ത്തിലൂടെ എന്താണ് പറയാന്‍ ശ്രമിച്ചത്?
പിഎച്ച്.ഡി നേടിയത് ആഘോഷിക്കണം എന്നത് സ്വന്തം തീരുമാനമായിരുന്നു. ഈ യാത്രയെക്കുറിച്ച് സംസാരിക്കണം എന്നുള്ളതുകൊണ്ടാണ്. പലപ്പോഴും നമ്മള്‍ കേള്‍ക്കുന്നത് അവള്‍ പിഎച്ച്.ഡിക്ക് ജോയിന്‍ ചെയ്തു. അവള്‍ പിഎച്ച്.ഡി കംപ്ലീറ്റ് ചെയ്തു-ഇത് രണ്ടുമാണ്. ജോലി കിട്ടിയിട്ടുണ്ടെങ്കില്‍ അതും അറിയും. പക്ഷേ, ഇതിനിടയില്‍ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു ധാരണയില്ല. എന്റെ വിവാഹത്തിന് പന്തലിടുന്നതിനെക്കുറിച്ചോ ആളുകളെ വിളിക്കുന്നതിനെക്കുറിച്ചോ ഡ്രസ് എന്താവണം എന്നതിനെക്കുറിച്ചോ ഒന്നും എനിക്കു ധാരണയില്ലായിരുന്നു. സല്‍ക്കാരം, ആദ്യത്തെ കുട്ടിയുടെ മുടികളയല്‍ ഇതൊക്കെയാണ് പിന്നീട് ആഘോഷിക്കുന്ന ചടങ്ങുകള്‍. പക്ഷേ, ഇതൊന്നും നമ്മുടെ കയ്യില്‍ നില്‍ക്കുന്ന പരിപാടികളുമല്ല. ജീവിതത്തില്‍ ഇതൊക്കെ ആഘോഷിക്കാമെങ്കില്‍ എന്തുകൊണ്ട് അക്കാദമിക് നേട്ടങ്ങള്‍ ആഘോഷിച്ചുകൂടാ എന്നാണ് ഞാന്‍ ആലോചിച്ചത്. എന്നെ സംബന്ധിച്ച് എന്റെ കല്ല്യാണത്തെക്കാളും മറ്റ് ആഘോഷങ്ങളേക്കാളും ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്.
മദര്‍ റിസര്‍ച്ചേര്‍സ് എന്ന പേരില്‍ ഗവേഷകരുടെ ഒരു ഗ്രൂപ്പ് തന്നെയുണ്ട്. അവരില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുട്ടികളുണ്ടായിരുന്നവരല്ല. ഈ യാത്രയുടെ കൂടെയാണ് ഗര്‍ഭവും പ്രസവവും കുട്ടികളും ഉണ്ടാവുന്നത്. നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ ഇത്തരം സ്ട്രഗിളുകള്‍ ആരും ശ്രദ്ധിക്കാത്ത കാര്യമാണ്. ഞാന്‍ ഇതാഘോഷിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടാണ്. ഇതു പറയണം. എന്നാലല്ലേ ആളുകള്‍ക്കു മനസ്സിലാവുള്ളൂ. ഞാന്‍ പല കാര്യങ്ങളും ഇപ്പോള്‍ പറയുന്നതു കേള്‍ക്കുമ്പോഴാണ് അതങ്ങനെയായിരുന്നോ എന്ന് എന്റെ ജീവിതപങ്കാളി ചോദിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ഇതങ്ങനെ നോര്‍മലൈസ് ചെയ്യാന്‍ പാടില്ല. ദൈനംദിനമായ ഈ അനുരഞ്ജനങ്ങളെ അങ്ങനെ കാണരുത്. ഇതില്‍ വൈകാരികതയുണ്ട്, ഒരു പെണ്ണിന്റെ മാനസിക-ശാരീരിക ആരോഗ്യമുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ സ്വഭാവികവല്‍ക്കരണത്തില്‍ അനീതിയുണ്ട്.
നമ്മുടെ പെണ്ണുങ്ങള്‍ വളരെ വിദ്യാഭ്യാസമുള്ളവരാണ്, സ്വയംപര്യാപ്തരാണ് എന്നൊക്കെ ആളുകള്‍ എപ്പോഴും പറയും. സ്വയംപര്യാപ്തരാണെന്ന് കുടുംബശ്രീയിലെ സ്ത്രീകളെക്കുറിച്ചൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ട്. പക്ഷേ, അവര്‍ക്ക് അധികഭാരം ഉണ്ടാവുകയാണ്. അവര്‍ പുറത്തുപോയി ജോലിചെയ്തു സമ്പാദിച്ചു കൊണ്ടുവരുന്നതുകൊണ്ട് അവര്‍ക്ക് വീടുകളിലെ പൊസിഷനൊന്നും മാറുന്നില്ല. വീടുകളില്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട ജോലികളൊന്നും പങ്കുവെയ്ക്കപ്പെടുന്നില്ല.
നമ്മുടെ നേട്ടങ്ങളെ എല്ലാക്കാലത്തും കുടുംബവും സമൂഹവും ഭയങ്കര അഭിമാനത്തോടെയാണ് കാണുന്നത്. എന്റെ റിസള്‍ട്ടില്‍ വീട്ടുകാര്‍ക്ക് അഭിമാനമുണ്ട്. കല്ല്യാണം കഴിഞ്ഞിട്ടും അവള്‍ ഇതൊക്കെ ചെയ്തില്ലേ എന്നുപറയും. അതേസമയം ഈ കാലത്തെല്ലാം ''നീ എന്തിനാണ് ഇതിനു പോകുന്നത്?'' ''എന്തിനാണ് കഷ്ടപ്പെടുന്നത്'', ''പിഎച്ച്.ഡി കിട്ടിയിട്ടെന്തിനാണ് വല്ല പി.എസ്.സി ജോലിയും നോക്കിക്കൂടെ?'' എന്നൊക്കെയുള്ള പറച്ചിലുകളായിരിക്കും. അതേ ആളുകള്‍ തന്നെയാണ് അതു കഴിഞ്ഞുവന്നാല്‍ അഭിമാനത്തോടെ പറയുന്നതും. ആ വര്‍ത്തമാനങ്ങളൊന്നും നമുക്കു വിശ്വസിക്കാന്‍ പറ്റില്ല. അതു കണ്ടിട്ട് നമ്മുടെ സമൂഹം പുരോഗമിച്ചു എന്നു പറയാനും കഴിയില്ല
എന്തായിരുന്നു തീസിസ്?
Negotiating the Everyday: A Study of the Marital Practices in the Patrilineal Kinship System of Malabar Mappila Women എന്നതാണ് പിഎച്ച്.ഡി വിഷയം. പിതൃദായക കുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്ന മലബാറിലെ മാപ്പിള സ്ത്രീകളുടെ ദൈനംദിന വ്യവഹാരങ്ങളെക്കുറിച്ചുള്ള പഠനം.
ഞാന്‍ അരീക്കോട് എസ്.എസ് കോളേജില്‍ ഡിഗ്രി പഠിക്കുന്ന കാലത്ത് കല്ല്യാണം കഴിഞ്ഞുവരുന്ന കുട്ടികളായിരുന്നു അധികവും. വീട്ടിലെ പണി മുഴുവന്‍ കഴിഞ്ഞിട്ടാണ് അവര്‍ വരുന്നത്. വിവാഹത്തിനുശേഷം പഠിക്കുന്നവരെ പുറത്തുനിന്നു നോക്കുമ്പോള്‍ എല്ലാം ഭംഗിയായി നടക്കുന്നുണ്ട്. അവര്‍ കോളേജില്‍ പോകുന്നുണ്ട്, പരീക്ഷയെഴുതുന്നുണ്ട്, ഉന്നത ബിരുദം നേടുന്നുണ്ട്, ജോലി നേടുന്നുണ്ട്, പ്രസവിക്കുന്നുണ്ട്. ഒന്നിനും ഒരു തടസ്സവുമില്ല. പക്ഷേ, ഒരു പെണ്ണിന്റെ ഏറ്റവും സ്വകാര്യമായ ദൈനംദിന ജീവിതത്തിലേക്കു നോക്കിയാല്‍ അവള്‍ അവളോടും അവളുടെ കുടുംബത്തിനോടും സമൂഹത്തിനോടും ചട്ടക്കൂടുകളോടും ഒക്കെ നടത്തുന്ന വിലപേശലുകളുണ്ട്. ആ നെഗോഷിയേഷന്‍സ് പക്ഷേ, ആരും പരിഗണിക്കുന്നില്ല. അതുതന്നെയാണ് എന്റെ ജീവിതത്തിലുമുള്ളത്. ഞാനും ഇത്തരം സന്ധിസംഭാഷണങ്ങള്‍ നിരന്തരം ചെയ്താണ് ഇവിടെവരെയെത്തിയത്. എന്റെ പിഎച്ച്.ഡി അതിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. ഇത്തരം ദൈനംദിന വിലപേശലുകളെക്കുറിച്ചാണ് പഠനം. ഞാനൊരു മാപ്പിളപ്പെണ്ണായതുകൊണ്ട് ഇതിനകത്തുള്ള കാര്യങ്ങള്‍ കൂടുതല്‍ അറിയാം. അതുകൊണ്ട് മാപ്പിള സ്ത്രീകളെ ഞാന്‍ തെരഞ്ഞെടുത്തു. മറ്റു സമുദായത്തിലെ പെണ്ണുങ്ങളും ഇങ്ങനെത്തന്നെയായിരിക്കും വരുന്നുണ്ടാവുക. പക്ഷേ, വിവാഹവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മുസ്ലിം സമുദായത്തിന് അതിന്റേതായ ചില പ്രത്യേതകള്‍ ഉണ്ടുതാനും.
പഠനവും പത്തു വര്‍ഷത്തെ ആ ഗവേഷണ യാത്രയും എങ്ങനെയായിരുന്നു?
എം.എസ്.ഡബ്ല്യു ആയിരുന്നു പി.ജി. അതു കഴിഞ്ഞയുടന്‍ കല്ല്യാണം കഴിഞ്ഞു. വിവാഹത്തിനു ശേഷമായിരുന്നു ബാക്കി പഠനം. റാഞ്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലായിരുന്നു എം.ഫില്‍ പഠിച്ചത്. എം.ഫില്ലിന് കേരളത്തിനു പുറത്തു പോയെങ്കിലും ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനു വരെ ആ സമയത്ത് യാത്ര ചെയ്തിട്ടുണ്ടെങ്കിലും മുംബൈ ടിസില്‍ പോയി പിഎച്ച്.ഡി ചെയ്യുക എന്ന ആശയത്തെ കൃത്യമായി മനസ്സിലാക്കാന്‍ എന്റെ വീട്ടുകാര്‍ക്കോ ഹസ്ബന്റിന്റെ വീട്ടുകാര്‍ക്കോ കഴിഞ്ഞിരുന്നില്ല. എന്തിനെന്ന ചോദ്യമായിരുന്നു നേരിട്ടുകൊണ്ടിരുന്നത്. ഞാന്‍ ഇവരോട് നിരന്തരം സംസാരിച്ച് ധാരണയിലെത്തേണ്ടിയിരുന്നു.
പി.ജി ജേര്‍ണലിസം പഠിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എടുത്തതുതന്നെ അതിനായിരുന്നു. പക്ഷേ, അതു വീട്ടുകാര്‍ അംഗീകരിച്ചില്ല. ജേര്‍ണലിസം സ്ത്രീകള്‍ക്കു പറ്റിയ മേഖലയല്ല എന്നൊരു ചിന്തയായിരുന്നു. അതേസമയം എം.എസ്.ഡബ്ല്യുവിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള ജോലികളേയും കുറിച്ച് അവര്‍ക്ക് കാര്യമായ ധാരണയില്ലാതിരുന്നതിനാല്‍ അതു സമ്മതിച്ചു. കോഴ്സ് ജോയിന്‍ ചെയ്ത ഉടനെ കല്ല്യാണം എന്നതായിരുന്നു വീട്ടുകാര്‍ പറഞ്ഞത്.
വിദ്യാഭ്യാസം എപ്പോഴും പാട്രിയാര്‍ക്കിക്കല്‍ ഫ്രെയിംവര്‍ക്കിന് അനുയോജ്യമാണ്. പഠിക്കുന്നില്ലെങ്കില്‍ കല്ല്യാണം കഴിക്കുക, പഠിക്കാന്‍ മോശമാണെങ്കില്‍ കല്ല്യാണം, പഠിത്തം കഴിഞ്ഞാല്‍ കല്ല്യാണം-അങ്ങനെയാണ്. വെറുതെ ഇരിക്കുക എന്നത് പറ്റില്ല. അങ്ങനെയൊരു സമയമില്ല പെണ്‍കുട്ടികളുടെ ജീവിതത്തില്‍. ഞാന്‍ കുറേ പരിശ്രമിച്ചാണ് കോഴ്സ് തീരുന്നതുവരെ വിവാഹം നീട്ടിവെപ്പിച്ചത്. കോഴ്സ് കഴിഞ്ഞു ഞാന്‍ വരുന്നത് എന്റെ കല്ല്യാണ പന്തലിലേക്കായിരുന്നു.
ജീവിതപങ്കാളി ഒന്നിനും തടയിടുന്ന ആളല്ല. മിണ്ടാതിരുന്നിട്ടാണെങ്കിലും കൂടെ നില്‍ക്കുമെന്നത് അദ്ദേഹത്തിന്റെ ഒരു മര്യാദയായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്ത്രീകളുടെ വഴികളില്‍ തടയിടാമെന്നു വിശ്വസിക്കുന്ന, അത്തരം തടയിടലുകളെ നോര്‍മലൈസ് ചെയ്തു ശീലിച്ച ഒരു സമൂഹത്തില്‍ ആ മര്യാദ കാത്തുസൂക്ഷിച്ചു എന്നത് അംഗീകരിക്കേണ്ട ഒരു കാര്യമാണ്. എന്നിരുന്നാലും പ്രായോഗികതലത്തില്‍ ബാക്കിയായി വരുന്ന സന്ധിസംഭാഷണങ്ങളും മൈക്രോ മാനേജ്മെന്റ്സും എന്റെ ഉത്തരവാദിത്വം മാത്രമായി മാറുന്നു. അത് ഒറ്റയ്ക്കു ചെയ്യുക എന്നത് ഇപ്പോഴും വെല്ലുവിളിയാണ്. എം.ഫില്‍ സമയത്ത് ജീവിതപങ്കാളി വിദേശത്തായതിനാല്‍ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ താരതമ്യേന കുറഞ്ഞു.
എം.എഫില്‍ കഴിഞ്ഞപ്പോഴേ കുട്ടികള്‍ക്കായുള്ള സമ്മര്‍ദ്ദങ്ങള്‍ തുടങ്ങി. ഇതൊക്കെ ഒരുതരം കോംപ്രമൈസുകളാണ്. നമുക്കു വേണോ വേണ്ടയോ എന്നതൊന്നുമല്ല പരിഗണനയാവുന്നത്. ഒരു പെണ്ണ് അങ്ങനെയാണ് കുടുംബത്തിലും സമൂഹത്തിലും ഫിറ്റാവുന്നത് എന്നതാണ്. എത്ര റാഡിക്കലാണെങ്കിലും എത്ര പുരോഗമന ചിന്തയുള്ള ആളാണെങ്കിലും സ്വയംപര്യാപ്തയാണെങ്കിലും കുടുംബത്തില്‍ ജീവിച്ചുപോകുക എന്നതിനായി നമ്മള്‍ പലതരം പൊസിഷനുകള്‍ എടുക്കേണ്ടിവരും. എനിക്കു പലപ്പോഴും അവര്‍ പ്രതീക്ഷിക്കുന്ന രീതിയിലേക്ക് മാറേണ്ടിവന്നിട്ടുണ്ട്. അതിലൂടെ എന്റെ കാര്യങ്ങള്‍ നേടിയെടുത്ത് മുന്നോട്ടുപോകുകയാണ് ചെയ്തത്. പിഎച്ച്.ഡി ഇക്കാര്യങ്ങള്‍ക്കൊപ്പമേ കൊണ്ടുപോകാന്‍ പറ്റൂ എന്നത് നേരത്തെ മനസ്സിലായതാണ്. അതിലേക്ക് എന്റെ കാര്യങ്ങളെ ഫിറ്റാക്കി മാറ്റുക എന്നതേ എന്നെ സംബന്ധിച്ച് മുന്നോട്ട് പോകാനുള്ള വഴിയുള്ളൂ.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോസ്റ്റലും സ്റ്റൈപ്പന്റും എനിക്കു കിട്ടിയതാണ്. പക്ഷേ, ക്യാംപസില്‍ താമസിച്ച് കോഴ്സ് പൂര്‍ത്തിയാക്കുന്നതിനോട് വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെ നിരന്തരം യാത്ര ചെയ്താണ് കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ കുറച്ചുകാലം പഠിപ്പിച്ചു. 2014-ലാണ് പിഎച്ച്.ഡിക്ക് ജോയിന്‍ ചെയ്തത്. 2015-ല്‍ ഗര്‍ഭിണിയായി. ഗര്‍ഭിണിയായ സമയത്ത് വീട്ടിലിരുന്നു കാര്യമായി പിഎച്ച്.ഡിക്കുവേണ്ടിയുള്ള വായനകള്‍ നടത്തി. നന്നായി വായിച്ചു. മോളുണ്ടായ ഒരു വര്‍ഷവും നന്നായി വായിക്കുകയും തയ്യാറെടുക്കുകയും ഒക്കെ ചെയ്തു.
മോളുണ്ടായ ശേഷം കുട്ടിയുടെ ഉറക്കവും മറ്റു കാര്യങ്ങളും ഒക്കെയായി അഡ്ജസ്റ്റ് ചെയ്തു വേണം വായനയും എഴുത്തും. മീറ്റിങ്ങുകള്‍ക്കുവേണ്ടി ഇതിനിടയില്‍ മുംബൈയിലേക്ക് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഉമ്മ കൂടെ വരും. മോള്‍ക്ക് ഒരു വര്‍ഷം ആയപ്പോള്‍ സാമ്പത്തികമായി എനിക്കു മുന്നോട്ട് പോകാന്‍ ജോലി വേണമായിരുന്നു.
മോള്‍ക്ക് ഒരു വയസ്സായപ്പോള്‍ ഞാന്‍ വയനാട് ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയി ജോലിക്കു ചേര്‍ന്നു. ജോലി, റിസര്‍ച്ച്, കുട്ടി എല്ലാം ഒരുമിച്ച് കൊണ്ടുപോകേണ്ടിവന്നു. വയനാട്ടില്‍ ഒരു വീടെടുത്ത് താമസിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടിയെ നോക്കാന്‍ ഒരാളെ വെച്ചു. കുട്ടിയെ നോക്കാന്‍ ആളുണ്ടെങ്കിലും വീടും മറ്റു കാര്യങ്ങളും ഞാന്‍ തന്നെ മാനേജ് ചെയ്യണം. അങ്ങനെ റിസര്‍ച്ച് വൈകി തുടങ്ങി. ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ദിവസങ്ങളായിരുന്നു. നന്നായി കഷ്ടപ്പെട്ടു. ഈ ജോലിയെല്ലാം തീര്‍ത്തുകഴിയുമ്പോള്‍ ചില ദിവസം നമ്മുടെ ശരീരം ഭയങ്കരമായ ക്ഷീണം കാണിക്കും. അങ്ങനെ പല കാര്യങ്ങളും മാറ്റിവെക്കേണ്ടിവന്നു. പിന്നീട് ആറു മാസം ലീവെടുത്തു. ഫീല്‍ഡ് വര്‍ക്കു ചെയ്തത് ആ സമയത്താണ്. എടുത്ത ഡാറ്റ ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ വേറെ ആളെ വെച്ചു. അതിനൊക്കെ പൈസ വേണം. അതിനു ജോലി ചെയ്‌തേ പറ്റൂ. ഒരു ഘട്ടമെത്തിയപ്പോള്‍ ജോലിയും കൂടെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ല റിസര്‍ച്ച് തീര്‍ക്കണം എന്നാലോചിക്കുന്ന സമയത്താണ് ഞാന്‍ രണ്ടാമത് ഗര്‍ഭിണിയാവുന്നത്.
അതും സമൂഹത്തിന്റെ മറ്റൊരു കാഴ്ചപ്പാടാണ്. ഒരു കുട്ടിയുണ്ടായി നാല് വയസ്സാവുമ്പോഴേക്കും നമ്മള്‍ എന്തു ചെയ്യുകയാണെങ്കിലും പഴയ അതേ സമ്മര്‍ദ്ദം നമ്മളിലേക്കു പിന്നെയും വരും. പ്രായം കൂടുകയല്ലേ രണ്ടാമത്തെ കുട്ടി വേണ്ടേ എന്ന തരത്തില്‍. പക്ഷേ, എനിക്കത് ഒരു കണക്കിന് അനുഗ്രഹമായി. ഞാന്‍ ജോലി വിട്ടു. അങ്ങനെ പ്രഗനന്‍സിയും മോളും റിസര്‍ച്ചുമുള്ള ലോകമായി. വയനാട്ടില്‍ത്തന്നെയാണ് താമസിച്ചത്. മോള്‍ എല്‍.കെ.ജിയില്‍ പോയി തുടങ്ങിയിരുന്നു. വീട്ടില്‍ സഹായത്തിന് ഒരാളേയും വെച്ചു. മോനുണ്ടായ സമയത്തും ബോംബെ യാത്രകള്‍ ഉണ്ടായി. ഫീഡിങ് സമയത്ത് മോനേയും കൊണ്ടുപോകും. അതു കഴിഞ്ഞപ്പോള്‍ മോനെ ഉമ്മയുടെ അടുത്താക്കി പോകും.
കല്ല്യാണം കഴിഞ്ഞും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരുടെ ജീവിതത്തില്‍ വിമന്‍ സോളിഡാരിറ്റി എപ്പോഴും ഉണ്ടാവും. അതുണ്ടെങ്കിലേ നമുക്കതു ചെയ്യാന്‍ പറ്റൂ. എന്റെ കാര്യത്തില്‍ അത് ഉമ്മയായിരുന്നു.
വിദ്യാഭ്യാസം നേടിയ, ജോലി ചെയ്യുന്ന രക്ഷിതാക്കളുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു താരതമ്യേന സ്ട്രഗിള്‍ കുറവായിരിക്കില്ലേ?
ഞാന്‍ ഈ പറയുന്നതൊന്നും നിയന്ത്രണങ്ങളോ ഓര്‍ത്തഡോക്‌സ് ചിന്താഗതിയോ അല്ല. പകരം നമ്മുടെ സമൂഹത്തില്‍ വളരെ അദൃശ്യമായി അടിയുറച്ചുപോയ കുറേ ധാരണകളാണ്. അത് ഒരാള്‍ വിദ്യാസമ്പന്നനായതുകൊണ്ട് മാറാന്‍ പോകുന്നില്ല. ഡിഗ്രി യോഗ്യതയോ സര്‍ട്ടിഫിക്കറ്റോ ഉണ്ടായതുകൊണ്ട് നമ്മുടെ കാഴ്ചപ്പാടുകള്‍ മാറണം എന്നില്ല. അവര്‍ ജോലിയെടുക്കുന്നവര്‍ ആയതുകൊണ്ടും അതു മാറണമെന്നില്ല. അതൊക്കെ അവിടെത്തന്നെയുണ്ടാവും. പിന്നെ അതൊക്കെ ഇളക്കിമാറ്റണമെങ്കില്‍ കൂടുതല്‍ വായിച്ചും മറ്റു സമ്പര്‍ക്കങ്ങളിലൂടേയും മാത്രമേ നടക്കൂ.
എന്റെ ഉമ്മയും ഉപ്പയും ടീച്ചര്‍മാരാണ്. എന്റെ കുടുംബത്തിലെ സ്ത്രീകളെല്ലാം വിദ്യാഭ്യാസം നേടിയവരാണ്. എന്റെ ഉമ്മയ്ക്ക് അഞ്ച് സഹോദരിമാരാണ്. അവരെല്ലാം അദ്ധ്യാപകരാണ്. അവരെ കല്ല്യാണം കഴിച്ചവരും അദ്ധ്യാപകരാണ്. പക്ഷേ, എന്നിട്ടും ഞാന്‍ എം.എസ്.ഡബ്ല്യു എടുക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ഇംഗ്ലീഷ് പഠിച്ച് ബി.എഡ് കഴിഞ്ഞാല്‍ നല്ല അവസരങ്ങളുള്ള കാലമാണ് എന്നാണ് പറയുക. എം.എസ്.ഡബ്ല്യു പഠിച്ചയാളെ ആര് കല്ല്യാണം കഴിക്കും എന്ന ആശങ്ക. ഇതൊക്കെ സമൂഹത്തിലുള്ള കുറേ ധാരണകളാണ്. എന്റെ സഹോദരങ്ങളും അവരുടെ പങ്കാളികളും ജോലിയുള്ളവരാണ്. വര്‍ക്കിങ് ആവുക എന്നത് ഞങ്ങളുടെ കുടുംബത്തില്‍ വളരെ ആവശ്യമാണ്. പഠിച്ച് വെറുതെയിരിക്കുക എന്നത് അവിടെ സ്വീകാര്യമല്ല. പക്ഷേ, അതേസമയം തന്നെ ജോലിയില്‍ ലിംഗപരമായ സങ്കല്പങ്ങളുണ്ട്. ടീച്ചറാണെങ്കില്‍ കുറേക്കൂടി നല്ലതാണ് എന്ന സങ്കല്പം അതിനൊരു ഉദാഹരണമാണ്. കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുനടക്കാം എന്ന കാഴ്ചപ്പാട്.
ഞാന്‍ ഇവിടെവരെ എത്തി. പലതരം ചലഞ്ചിങ്ങായ കാര്യങ്ങള്‍ ചെയ്തു, പലയിടങ്ങളില്‍ ജോലി ചെയ്തു. എന്നാലും എന്റെ ഉമ്മ ഇപ്പോഴും ചോദിക്കും, നിനക്കു കുറേക്കൂടി യാത്ര കുറഞ്ഞ ബുദ്ധിമുട്ടില്ലാത്ത ജോലി നോക്കിക്കൂടേ എന്ന്. അതെന്തിനാണെന്നു ചോദിച്ചാല്‍ നിന്റെ കുട്ടികളെ നോക്കാലോ, നിനക്കിപ്പോള്‍ കുട്ടികളെ നോക്കാന്‍ സമയമില്ലല്ലോ എന്നാണ്. അവരുടെ പ്രധാന പരാതി അതാണ്. ഇതൊരു ജെന്റേര്‍ഡ് കണ്‍സെപ്റ്റാണ്. എന്റെ ഭര്‍ത്താവിനെക്കുറിച്ച് അവര്‍ ഇതു പറയുന്നേയില്ല. അദ്ദേഹത്തോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടില്ല.
വിദ്യാഭ്യാസം നേടിയ, ജോലി ചെയ്യുന്ന രക്ഷിതാക്കളുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു താരതമ്യേന സ്ട്രഗിള്‍ കുറവായിരിക്കില്ലേ?
ഞാന്‍ ഈ പറയുന്നതൊന്നും നിയന്ത്രണങ്ങളോ ഓര്‍ത്തഡോക്‌സ് ചിന്താഗതിയോ അല്ല. പകരം നമ്മുടെ സമൂഹത്തില്‍ വളരെ അദൃശ്യമായി അടിയുറച്ചുപോയ കുറേ ധാരണകളാണ്. അത് ഒരാള്‍ വിദ്യാസമ്പന്നനായതുകൊണ്ട് മാറാന്‍ പോകുന്നില്ല. ഡിഗ്രി യോഗ്യതയോ സര്‍ട്ടിഫിക്കറ്റോ ഉണ്ടായതുകൊണ്ട് നമ്മുടെ കാഴ്ചപ്പാടുകള്‍ മാറണം എന്നില്ല. അവര്‍ ജോലിയെടുക്കുന്നവര്‍ ആയതുകൊണ്ടും അതു മാറണമെന്നില്ല. അതൊക്കെ അവിടെത്തന്നെയുണ്ടാവും. പിന്നെ അതൊക്കെ ഇളക്കിമാറ്റണമെങ്കില്‍ കൂടുതല്‍ വായിച്ചും മറ്റു സമ്പര്‍ക്കങ്ങളിലൂടേയും മാത്രമേ നടക്കൂ.
എന്റെ ഉമ്മയും ഉപ്പയും ടീച്ചര്‍മാരാണ്. എന്റെ കുടുംബത്തിലെ സ്ത്രീകളെല്ലാം വിദ്യാഭ്യാസം നേടിയവരാണ്. എന്റെ ഉമ്മയ്ക്ക് അഞ്ച് സഹോദരിമാരാണ്. അവരെല്ലാം അദ്ധ്യാപകരാണ്. അവരെ കല്ല്യാണം കഴിച്ചവരും അദ്ധ്യാപകരാണ്. പക്ഷേ, എന്നിട്ടും ഞാന്‍ എം.എസ്.ഡബ്ല്യു എടുക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ഇംഗ്ലീഷ് പഠിച്ച് ബി.എഡ് കഴിഞ്ഞാല്‍ നല്ല അവസരങ്ങളുള്ള കാലമാണ് എന്നാണ് പറയുക. എം.എസ്.ഡബ്ല്യു പഠിച്ചയാളെ ആര് കല്ല്യാണം കഴിക്കും എന്ന ആശങ്ക. ഇതൊക്കെ സമൂഹത്തിലുള്ള കുറേ ധാരണകളാണ്. എന്റെ സഹോദരങ്ങളും അവരുടെ പങ്കാളികളും ജോലിയുള്ളവരാണ്. വര്‍ക്കിങ് ആവുക എന്നത് ഞങ്ങളുടെ കുടുംബത്തില്‍ വളരെ ആവശ്യമാണ്. പഠിച്ച് വെറുതെയിരിക്കുക എന്നത് അവിടെ സ്വീകാര്യമല്ല. പക്ഷേ, അതേസമയം തന്നെ ജോലിയില്‍ ലിംഗപരമായ സങ്കല്പങ്ങളുണ്ട്. ടീച്ചറാണെങ്കില്‍ കുറേക്കൂടി നല്ലതാണ് എന്ന സങ്കല്പം അതിനൊരു ഉദാഹരണമാണ്. കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുനടക്കാം എന്ന കാഴ്ചപ്പാട്.
ഞാന്‍ ഇവിടെവരെ എത്തി. പലതരം ചലഞ്ചിങ്ങായ കാര്യങ്ങള്‍ ചെയ്തു, പലയിടങ്ങളില്‍ ജോലി ചെയ്തു. എന്നാലും എന്റെ ഉമ്മ ഇപ്പോഴും ചോദിക്കും, നിനക്കു കുറേക്കൂടി യാത്ര കുറഞ്ഞ ബുദ്ധിമുട്ടില്ലാത്ത ജോലി നോക്കിക്കൂടേ എന്ന്. അതെന്തിനാണെന്നു ചോദിച്ചാല്‍ നിന്റെ കുട്ടികളെ നോക്കാലോ, നിനക്കിപ്പോള്‍ കുട്ടികളെ നോക്കാന്‍ സമയമില്ലല്ലോ എന്നാണ്. അവരുടെ പ്രധാന പരാതി അതാണ്. ഇതൊരു ജെന്റേര്‍ഡ് കണ്‍സെപ്റ്റാണ്. എന്റെ ഭര്‍ത്താവിനെക്കുറിച്ച് അവര്‍ ഇതു പറയുന്നേയില്ല. അദ്ദേഹത്തോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടില്ല.
തീസിസിലെ മറ്റു പ്രധാന കണ്ടെത്തലുകള്‍ എന്താണ്?
വിവാഹവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളും രീതികളും. കല്ല്യാണത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതു മുതലുള്ള പലതരം നാട്ടുവര്‍ത്തമാനങ്ങള്‍, അതില്‍ സ്ത്രീകള്‍ നടത്തുന്ന വിലപേശലുകള്‍, അവരുടെ അനുഭവങ്ങള്‍ ഒക്കെയാണ് ആദ്യഭാഗം.
രണ്ടാംഭാഗത്തില്‍ മോഡേണ്‍, പോസ്റ്റ്മോഡേണ്‍ സ്ത്രീകളുടെ ഇടപെടലുകള്‍ എങ്ങനെയാണ് എന്നതാണ്. അതില്‍ കാണാന്‍ കഴിഞ്ഞ വ്യത്യസ്തമായ കാര്യം മഹറുമായി ബന്ധപ്പെട്ടതാണ്. മഹര്‍ എന്നത് വിവാഹമൂല്യമാണ്. പക്ഷേ, ഇവിടെ മനസ്സിലാക്കി വെച്ചിരിക്കുന്നത് വിവാഹസമ്മാനം എന്ന രീതിയിലാണ്. മൂല്യവും സമ്മാനവും തമ്മില്‍ വ്യത്യാസമുണ്ട്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ മഹറിനെ പുനര്‍നിര്‍വ്വചിക്കുന്നുണ്ട്. ഇസ്ലാമില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഞങ്ങള്‍ക്ക് മഹര്‍ കിട്ടണം എന്നാണ്. ഇസ്ലാമില്‍ മഹറിനെക്കുറിച്ചു പറയുന്നത് അവള്‍ക്കു സംതൃപ്തമാവുന്നതെന്തോ അതുകൊടുക്കുക എന്നതാണ്. അതിനെ മാറ്റി ഇവിടെ നടക്കുന്നത് കല്ല്യാണം നിശ്ചയിച്ചു കഴിഞ്ഞാല്‍ പെണ്ണിനോട് ചോദിക്കുകപോലും ചെയ്യാതെ, എന്താണ് സംതൃപ്തം എന്നു ചോദിക്കാതെ പെണ്ണിനെപ്പോഴും സ്വര്‍ണ്ണമാണ് സംതൃപ്തം എന്ന് തീരുമാനിക്കുകയാണ്. അങ്ങനെ സ്വര്‍ണ്ണാഭരണം കൈമാറും. അതിനെയൊക്കെ വളരെ സൂക്ഷ്മമായി സ്ത്രീകള്‍ റീഡിഫൈന്‍ ചെയ്യുന്നുണ്ട് ഇപ്പോള്‍.
ഭൂമി, കാറ്, ലാപ്ടോപ്പ്, പണം, പുസ്തകം, അങ്ങനെ പലതരത്തിലാണ് ആവശ്യപ്പെടുന്നത്. ഭരണഘടനയൊക്കെ ആവശ്യപ്പെടുന്നവരുണ്ട്. കൊറോണക്കാലത്ത് നടന്ന വിവാഹങ്ങളില്‍ ബാബ്റി പള്ളിയുടെ പെയിന്റിങ്സ് ആവശ്യപ്പെട്ടവരുണ്ട്. ഞങ്ങള്‍ക്ക് ഇതാണ് വേണ്ടതെന്ന് പെണ്‍കുട്ടികള്‍ കൃത്യമായി ചോദിക്കാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടി അസമിലുള്ള വീടില്ലാത്ത ഒരു കുട്ടിക്കു വീടുവെച്ചു കൊടുക്കാനുള്ള പൈസയാണ് മഹറായി ചോദിച്ചത്. അത് എന്തുകൊണ്ടാണെന്നു ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞ മറുപടി എനിക്കു ജോലിയുണ്ട്. ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സാമ്പത്തികവുമുണ്ട്. എന്റെ സാമ്പത്തികശേഷിക്കു താങ്ങാന്‍ പറ്റാത്ത ഒന്ന് ഇതാണ്. അത് ഒരു സാമൂഹ്യവിഷയവും കൂടിയാണ്. അങ്ങനെയാണ് ആ തീരുമാനത്തിലെത്തുന്നത്. ബാബ്റിയുടെ പെയിന്റിങ് വാങ്ങിയ പെണ്‍കുട്ടി പറഞ്ഞത് ഇക്കാലത്ത് ഏറ്റവും മൂല്യമുള്ളത് എന്നെ സംബന്ധിച്ച് ഇതാണ് എന്നാണ്. ഇതൊക്കെ ഇവിടുത്തെ സാധാരണ പെണ്‍കുട്ടികളാണ്.
എന്റെ കല്ല്യാണസമയത്ത് എനിക്കുവേണ്ട മഹര്‍ ഞാന്‍ ഉമ്മയോടും ഉപ്പയോടും പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി: ''അവര്‍ നമ്മളോട് ഒന്നും ചോദിച്ചിട്ടില്ലല്ലോ, അതുകൊണ്ട് നമ്മളും ഒന്നും ചോദിക്കേണ്ട'' എന്നാണ്. സ്ത്രീധനം ഇസ്ലാമില്‍ നിരോധിക്കപ്പെട്ട ഒന്നാണ്. അങ്ങോട്ട് മഹര്‍ കൊടുത്ത് പെണ്ണിനെ സ്വന്തമാക്കുക എന്നതാണ്. പലതരം സംസ്‌കാരങ്ങളിലൂടെ പിന്നീട് തുടര്‍ന്നു വന്നതാണ് സ്ത്രീധനം. അതിനെയാണ് എന്റെ അവകാശമായ മഹറുമായി തുലനം ചെയ്യുന്നത്. ചോദിക്കാത്തത് അവരുടെ ഔദാര്യമാണെന്നുള്ള രീതിയിലാണ്. സത്യത്തില്‍ എന്റെ അവകാശത്തെ റദ്ദ് ചെയ്യുകയാണ്. മറ്റൊരു രസകരമായ കാര്യം സ്ത്രീധനത്തിനെതിരായ മൂവ്മെന്റില്‍ പങ്കെടുത്തവരാണ് എന്റെ ഉമ്മയും ഉപ്പയും. ബിസ്മി കല്ല്യാണം എന്ന പേരില്‍ ലളിത വിവാഹം എന്ന സാമൂഹ്യപരിഷ്‌കരണം മുജാഹിദ് പ്രസ്ഥാനത്തിനുള്ളിലുണ്ടായിരുന്നു. തീസിസില്‍ ഇക്കാര്യം പറയുന്നുണ്ട്. അതിന്റെ ഭാഗമായവരാണ് ഇതെന്നോട് പറയുന്നത്. 2008-ലാണ് എന്റെ വിവാഹം. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഇതു നേടിയെടുക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്.
സ്വന്തം താല്പര്യങ്ങള്‍ മാത്രമല്ല, രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങള്‍ എല്ലാം പെണ്‍കുട്ടികള്‍ അതില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇതിന് ഒരു മറുപുറം കൂടി കാണേണ്ടതുണ്ട്. മഹര്‍ എന്നതിനു സാമ്പത്തികമായ മൂല്യമുണ്ട്. പെണ്ണിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്. അതിന്റെ മൂല്യം കുറച്ച് പുസ്തകങ്ങളിലേക്കും അതുപോലുള്ള കാര്യങ്ങളിലേക്കും അതിനെ ചുരുക്കുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഗുണമെന്നു ചിന്തിക്കേണ്ടതുണ്ട്. സ്വര്‍ണ്ണം കൊടുക്കുന്നതുകൂടി ഇല്ലാതായി ഇക്കാര്യത്തിലേക്കു മാറും. മഹര്‍ പെണ്ണുങ്ങള്‍ അവരുടെ ജീവിതത്തിലെ പല സംഗതികള്‍ക്കും ഉപയോഗിക്കാറുണ്ട്.
മറ്റൊന്ന് വിധവകളെക്കുറിച്ചാണ്. ഇസ്ലാമിന്റെ വിധവാ കാഴ്ചപ്പാടില്‍നിന്നു വളരെ വ്യത്യാസമുള്ള സമ്പ്രദായങ്ങളാണ് ഇവിടെ കാണുന്നത്. ഇന്ത്യയിലെ ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കി വിഭാവനം ചെയ്യുന്ന വിധവാ സങ്കല്പവുമായി കുറേയധികം സാമ്യത കാണാം. ഇസ്ലാമില്‍ പറയുന്നത് ഭര്‍ത്താവ് മരിച്ച് 40 ദിവസം കഴിഞ്ഞാല്‍ അവരുടെ സൗകര്യത്തിനു അവരെ വിടണം എന്നാണ്. അവര്‍ക്ക് പുനര്‍വിവാഹിതരാവണമെങ്കില്‍ ആവാം. ആദ്യത്തെ കല്ല്യാണത്തിന് 'വലി' (രക്ഷാകര്‍ത്താവ്) വേണം. എന്നാല്‍, രണ്ടാം വിവാഹത്തിന് അതു വേണ്ട. പക്ഷേ, ഇവിടെ പിതൃദായക സമ്പ്രദായത്തിനുള്ളില്‍ നിന്നുകൊണ്ട് അതിനനുസരിച്ച ചട്ടക്കൂട്ടിലേക്കു മാറ്റുകയാണ്. ദൈനംദിന ജീവിതം എടുത്തുനോക്കിയാല്‍ മൈലാഞ്ചി ഇടാന്‍ പാടില്ല, നന്നായി വസ്ത്രം ധരിക്കാന്‍ പാടില്ല, അങ്ങനെയൊക്കെയാണ്. പ്രായം കുറവാണെങ്കില്‍, റീപ്രൊഡക്ടീവ് ഏജ് ആണെങ്കില്‍ വേഗം രണ്ടാം വിവാഹം നടത്തും. അല്ലെങ്കില്‍ ബാധ്യതകളൊക്കെ തീര്‍ന്നുകഴിഞ്ഞാണെങ്കില്‍ ഒരാളെ നോക്കാന്‍ എന്ന രീതിയില്‍ കല്ല്യാണം കഴിക്കും. ജെന്റേര്‍ഡ് കെയറിങ് ആണ് അവിടെ നടക്കുന്നത്. അല്ലാതെ സ്ത്രീക്ക് ഒരു തുണ വേണം എന്ന നിലയില്‍ ഉള്ള ആലോചനകള്‍ അധികം കാണാറില്ല. അങ്ങനെ നോക്കുമ്പോള്‍ ഇസ്ലാമിക് കാഴ്ചപ്പാട് ഇന്ത്യന്‍വല്‍ക്കരിച്ചും കേരളീയവല്‍ക്കരിച്ചും ഒക്കെയാണ് പിന്തുടരുന്നത്. ഇസ്ലാം കൊടുത്ത സ്ത്രീയുടെ അവകാശങ്ങളാണ് നമ്മള്‍ നാട്ടാചാരത്തിന്റെ പേരില്‍ ഇല്ലാതാക്കുന്നത്. പല സമ്പ്രദായങ്ങളേയും എടുത്തുനോക്കുകയാണെങ്കില്‍ ഇവിടുത്തെ മുഖ്യധാരാ സാംസ്‌കാരിക ആചാരങ്ങളുമായി യോജിപ്പിച്ചാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉള്ളില്‍ തന്നെ വിമര്‍ശനാത്മകമായ ചര്‍ച്ചകള്‍ അത്യാവശ്യമാണ്. മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശക്തമായ വിലയിരുത്തലുകള്‍ വരേണ്ടതുണ്ട്. അതു വരാതിരിക്കുമ്പോള്‍ മുത്തലാഖില്‍ സംഭവിച്ചതുപോലെ പലതരത്തില്‍ അതിനെ ലീഗലൈസ് ചെയ്യുകയും അതിന്റെ പുറത്ത് ക്രിമിനലൈസ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരവസ്ഥ ഇവിടെയുണ്ടാകും.
വിവാഹവുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ വൈകി വിവാഹം, വിവാഹമോചനം എന്നിവ മുസ്ലിം സ്ത്രീകള്‍ക്ക് എത്രത്തോളം സാധ്യമാവുന്നുണ്ട്?
മുസ്ലിം സമുദായം എന്നതിനേക്കാള്‍ ഓരോ പ്രദേശത്തെ വെച്ചാണ് അതു നോക്കേണ്ടത് എന്നു തോന്നുന്നു. ജോഗ്രഫിക്കല്‍ റീജിയണ്‍. മലപ്പുറം ജില്ലയുടെ ഉള്ളിലേക്കു പോയിക്കഴിഞ്ഞാല്‍ മുസ്ലിങ്ങള്‍ മാത്രമല്ല, സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ പിന്നിലുള്ള കുടുംബങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ പ്രശ്‌നം തന്നെയാണ്. തെക്കോട്ട് നോക്കിക്കഴിഞ്ഞാല്‍ മുസ്ലിം കമ്മ്യൂണിറ്റിയില്‍ വളരെ വൈകി വിവാഹിതരാവുന്ന സ്ത്രീകളെ കാണാം. ഫാമിലിയുടെ ഓറിയന്റേഷനും അതില്‍ പ്രധാനമാണ്. അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം, വിദ്യാഭ്യാസം ഒക്കെ പ്രധാനമാണ്.
ഇതില്‍ മതത്തിന്റെ ഘടകം ഇല്ലേയെന്നു ചോദിച്ചാല്‍, കല്ല്യാണം കഴിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തില്‍ ഒന്നാണെന്നു മതപരമായി അവര്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ പെണ്‍കുട്ടികള്‍ അവര്‍ക്ക് അനുയോജ്യരായ പങ്കാളികളെ കിട്ടുന്നതുവരെ കാത്തിരിക്കുന്നവരുണ്ട്. അതിനുവേണ്ടി ഒരുപാട് വിലപേശലുകള്‍ ഈ പെണ്‍കുട്ടികള്‍ക്കു നടത്തേണ്ടിവരും. അതെന്റെ തീസിസിലുണ്ട്. വീടുകളില്‍നിന്നു മാറിനില്‍ക്കുക, ഹോസ്റ്റലുകളിലേക്കു പോവുക, ജോലി സ്ഥലങ്ങളില്‍ താമസിക്കുക, സോഷ്യല്‍ ഇവന്റുകളിലൊന്നും പങ്കെടുക്കാതിരിക്കുക, അങ്ങനെ. ഇപ്പോള്‍ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാമും റീല്‍സും ഒക്കെ ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കുന്നുണ്ട്. അവര്‍ക്കു പറ്റുന്ന മേഖലയില്‍കൂടി ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്.
മുസ്ലിം സമുദായത്തില്‍ വിവാഹമോചനം നടക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. പ്രധാനമായും മൂന്നുതരം വിവാഹമോചനങ്ങളാണ് നടക്കുന്നത്. തലാഖ്, ഖുല, ഫസ്ഖ്. ഏതുതരം വിവാഹമോചനവും നടക്കാന്‍ കള്‍ച്ചറലി ഇവിടെ നല്ല പാടാണ്. ഒരു വിവാഹമോചനം ഭൂമിയില്‍ നടക്കുമ്പോള്‍ പടച്ചോന്റെ സിംഹാസനം കുലുങ്ങും എന്നാണ് പൊതുവെ പറയുക. അത്രയും വെറുക്കപ്പെട്ട സംഗതിയായിട്ടാണ് കാണുന്നത്. വിവാഹമോചനത്തിലേക്ക് എത്താതിരിക്കാന്‍ കുടുംബവും സമുദായവും പരമാവധി ശ്രമിക്കും. മഹലിന്റെ അനുമതിയൊക്കെ വേണം. ഭയങ്കര കടമ്പയാണ് അതൊക്കെ. തലാഖില്‍ നഷ്ടപരിഹാരം കിട്ടും പക്ഷേ, ഖുല ആവശ്യപ്പെട്ടാല്‍ അതൊന്നും ഉണ്ടാകില്ല.
ഹിജാബും പര്‍ദയും എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വേഷങ്ങളാണ് ഇക്കാലത്ത്. വേഷം എങ്ങനെയാണ് മുസ്ലിം സ്ത്രീകളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്?
വസ്ത്രം പലപ്പോഴും നമ്മള്‍ ചെറുപ്പം മുതലേ ശീലിക്കുന്ന ഒന്നാണ്. മലബാറിന്റെ കാര്യമെടുത്താല്‍ മലബാറിന്റെ ഡ്രസ് കള്‍ച്ചറില്‍ ഹിജാബ് ആണെങ്കിലും പര്‍ദയാണെങ്കിലും കുറേ വര്‍ഷങ്ങളായി നോര്‍മലൈസ്ഡാണ്. എന്തുകൊണ്ട് അങ്ങനെയായി ആരാണ് കൊണ്ടുവന്നത് എന്നതൊക്കെ വേറൊരു ചര്‍ച്ചയാണ്. ഞാനൊക്കെ വലുതായി തുടങ്ങുമ്പോള്‍ തന്നെ ഇതു സാധാരണമാണ്. അപ്പോള്‍ എനിക്കും സ്വാഭാവികമായി ഈ വസ്ത്രത്തെ തെരഞ്ഞെടുക്കുക എന്നതാണ് എളുപ്പം. അല്ലെങ്കില്‍ നമ്മള്‍ അതിനുവേണ്ടി കൂടുതല്‍ ബുദ്ധിമുട്ടുകള്‍ എടുക്കേണ്ടി വരും. ഇതിനൊരു മതപരമായ ഘടകമുണ്ട് എന്നതു യാഥാര്‍ത്ഥ്യമാണ്. അത് വിശ്വസിക്കുന്നുണ്ട് ആളുകള്‍. പെണ്ണുങ്ങളില്‍ പലരും പലരീതിയിലാണ് അതു വിശ്വസിക്കുന്നത്. ഓരോ സ്ത്രീക്കും ഓരോ അനുഭവങ്ങളാണ്. അനുഭവങ്ങളെ തെരഞ്ഞെടുപ്പ് എന്ന രീതിയില്‍ കാണാന്‍ കഴിയില്ല.
നോക്കിക്കഴിഞ്ഞാല്‍ എന്തു കാര്യത്തിനാണ് നമുക്കു ചോയ്സുള്ളത് ഇവിടെ. ഇതിന് ഒരു മതപരമായ ഘടകം ഉള്ളതുകൊണ്ടാണ് ഇതു പ്രശ്‌നമാവുന്നത്. ഹിജാബ് പര്‍ദ ഒന്നും നമ്മള്‍ മാത്രം അല്ല പ്രാക്ടീസ് ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ പല സമുദായങ്ങളിലും സ്ത്രീകളും അതുപയോഗിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും ഓരോ അനുഭവമാണ്. അവരുടെ അനുഭവത്തെ റദ്ദു ചെയ്യേണ്ടതില്ല.
എന്റെ ഉമ്മ ഒരുകാലം വരെ സാരി ഉടുത്തിരുന്ന സ്ത്രീയാണ്. പക്ഷേ, ഉമ്മ ഇപ്പോള്‍ പര്‍ദ്ദയിലേക്കു മാറി. പണ്ടത്തെപ്പോലെ സാരിയുടുത്തു നടക്കാന്‍ വയ്യ എന്നാണ്. വയസ്സായതിന്റെ ക്ഷീണവും. പര്‍ദ്ദ ധരിക്കാന്‍ എളുപ്പമാണ്. ഹിജാബ് പലതരത്തില്‍ ഉപയോഗിക്കുന്ന പെണ്ണുങ്ങളുണ്ട്. എല്ലാവരും അതിന്റെ ഇസ്ലാമിക് കാഴ്ചപ്പാട് വിശ്വസിച്ചിട്ടൊന്നുമല്ല അതിടുന്നത്. അതു ശീലമായതുകൊണ്ട് ഇടുന്ന ആളുകളുണ്ട്. അതു ഫാഷനായി ഉപയോഗിക്കുന്നവരുണ്ട്. സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യപ്പെട്ട ഒരു സാധനമായതിനാല്‍ എളുപ്പമാണ് അത് ഉപയോഗിക്കാന്‍. അതിനെ ഇസ്ലാമിക് കാഴ്ചപ്പാടില്‍ മാത്രമല്ല നോക്കിക്കാണേണ്ടത്. ഓരോ പെണ്ണിനും ഓരോ കാരണങ്ങളാണ്. ഓരോ ജീവിതഘട്ടത്തിലും ഓരോ കാരണങ്ങളാണ്. ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ അതുപയോഗിച്ചവര്‍ ചില ഘട്ടങ്ങളില്‍ അത് ഉപയോഗിക്കാതിരിക്കുന്നുണ്ട്. തിരിച്ചും ഉണ്ട്. വേഷം ധരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ, കാലങ്ങള്‍ കഴിയുമ്പോള്‍ ഇതിനെ പലതരത്തില്‍ കാണാനും പഠിക്കാനും മാപ്പിള സമൂഹം തയ്യാറാവും എന്നാണ് എനിക്കു തോന്നുന്നത്. ഒരു പാട്രിയാര്‍ക്കിക്കല്‍ സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യല്‍ മാത്രമാണ് ഒരു പെണ്ണ് ചെയ്യേണ്ടതെന്നു നമുക്കു പറയാന്‍ പറ്റില്ല. ഹിജാബിനേയും പര്‍ദ്ദയേയും റീഡിഫൈന്‍ ചെയ്യുന്നതിലും വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടാക്കുന്നതിലും ഫാഷന്‍ ഇന്‍ഡസ്ട്രിക്കും വലിയ ഒരു പങ്കുണ്ട്.
മുസ്ലിം സ്ത്രീകളുടെ ജീവിതത്തില്‍ സംഘടനകള്‍ ഏതു രീതിയിലാണ് സ്വാധീനിക്കുന്നത്?
ഓരോ സംഘടനകള്‍ക്കും സ്ത്രീ ജീവിതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. മുജാഹിദുകള്‍ നോക്കിക്കാണുന്നതുപോലെയല്ല ജമാഅത്തെ ഇസ്ലാമി നോക്കിക്കാണുന്നത്. ഇതുപോലെയല്ല സുന്നിവിഭാഗം. ഇവര്‍ക്കെല്ലാം വ്യത്യസ്തരീതിയിലാണ് സ്ത്രീകളോടുള്ള കാഴ്ചപ്പാട്. ആ വ്യത്യസ്തത അവരുടെ വീടുകളിലെ സ്ത്രീ ജീവിതത്തിലുമുണ്ടാകും. ജമാഅത്തെ ഇസ്ലാമി കുടുംബത്തിലെ ഒരു സ്ത്രീ എത്ര എളുപ്പത്തില്‍ സമരത്തില്‍ പങ്കെടുക്കുന്നോ അത്രയും എളുപ്പത്തില്‍ സുന്നിവിഭാഗത്തിലെ സ്ത്രീക്ക് പൊതുയിടങ്ങളില്‍ പങ്കെടുക്കാന്‍ പറ്റണമെന്നില്ല. കാരണം പൊതു ഇടത്തിലെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രണ്ടിലും വ്യത്യസ്തമാണ്. പൊതു ഇടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വേഷത്തില്‍ വ്യത്യാസമുണ്ട്, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്, വിവാഹസങ്കല്പങ്ങളില്‍ വ്യത്യാസമുണ്ട്. അങ്ങനെ പല കാര്യങ്ങളിലുമുണ്ട്. ഞാന്‍ മുജാഹിദ് പശ്ചാത്തലത്തില്‍നിന്നു വളര്‍ന്നുവരുന്ന ആളാണ്. മുജാഹിദ് പ്രസ്ഥാനം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പണ്ടുമുതലേ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പഠിക്കാന്‍ പോകുന്ന കാര്യത്തില്‍ എനിക്കു വിലപേശേണ്ടി വന്നിട്ടില്ല. പക്ഷേ, എന്തുപഠിക്കണം എന്ന കാര്യത്തില്‍ അതുവേണ്ടിവരും. മറ്റൊരു കുടുംബത്തില്‍നിന്നു വരുന്ന സ്ത്രീ നടത്തുന്ന ഫൈറ്റ് വ്യത്യസ്തമായിരിക്കും.
ഇസ്ലാമിക് ഫെമിനിസം മലബാറിലെ സ്ത്രീകളെ ഏത് രീതിയിലാണ് സ്വാധീനിച്ചത്?
അതിലൂടെയാണ് നമ്മള്‍ നേരത്തെ പറഞ്ഞ മഹറിന്റെ കാര്യങ്ങള്‍ കാണേണ്ടത്. പലതരത്തിലുള്ള ഇസ്ലാമിക് ഫെമിനിസമുണ്ട്. നിലനില്‍ക്കുന്ന ഖുറാന്‍, ഹദീസ് എന്നീ രണ്ട് പ്രമാണങ്ങളേയും നിലനിര്‍ത്തിക്കൊണ്ട് ഇസ്ലാമിന്റെ തത്ത്വങ്ങളേയും പഠനങ്ങളേയും പുനര്‍വായിക്കുക എന്ന ഒരു കാഴ്ചപ്പാട് ആമിന വദൂദ്, ഫാത്തിമ മെര്‍നിസി, അസ്മ ബെര്‍ലാസ് തുടങ്ങിയ കുറേയാളുകള്‍ ചെയ്തിട്ടുണ്ട്. ഈ അറിവുകളെ കടല്‍ കടക്കുന്നതിനേയോ സ്വാധീനിക്കുന്നതിനെയൊന്നും തടുക്കാന്‍ പറ്റില്ല. അതിന് അങ്ങനെയൊരു പവറുണ്ട്. ഏതുതരം മൂവ്മെന്റിന്റെ കാര്യമായാലും. പെണ്‍കുട്ടികള്‍ ഇസ്ലാമിക് ഫെമിനിസത്തെക്കുറിച്ചു വായിച്ചു തുടങ്ങിയപ്പോള്‍, ആഴത്തിലുള്ള സ്ത്രീപക്ഷ വായനകള്‍ റഫര്‍ ചെയ്തിട്ടാണ് മഹറിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ വന്നത്. മൗലവിമാര്‍ പറഞ്ഞതുകേട്ട് വിശ്വസിക്കുന്നതിനു പകരം ഇതിനെയൊക്കെ വിമര്‍ശനാത്മകമായി നോക്കാന്‍ തുടങ്ങി. പണ്ടത്തെപ്പോലെയല്ല, ഇന്റര്‍നെറ്റ് വഴി ഇന്നതൊക്കെ ലഭ്യമാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും ഇതൊക്കെ വായിക്കാം. ഇസ്ലാമില്‍ ഇങ്ങനെയുണ്ടെന്നു പറയുമ്പോള്‍ ഇസ്ലാമില്‍ ഇങ്ങനേയും കൂടി ഉണ്ടല്ലോ എന്നു പറയാന്‍ പ്രാപ്തരായ പെണ്ണുങ്ങള്‍ ഇപ്പോഴുണ്ട്.
സ്ത്രീകളുടെ കോ ലിവിങ് എന്ന കണ്‍സെപ്റ്റിനേയും നൂര്‍ജഹാന്‍ ചര്‍ച്ചയിലേക്കു കൊണ്ടുവരുന്നുണ്ട്?
ഞാന്‍ ഇപ്പോള്‍ അങ്ങനെയൊരു പരീക്ഷണം നടത്തുന്നുണ്ട്. എന്റെ കൂടെയുള്ളത് വിവാഹത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമം നടത്തുന്ന ഒരു സ്ത്രീയും രണ്ടു മക്കളുമാണ്. കേസ് നടന്നുകൊണ്ടിരിക്കുന്നു. എട്ടാം ക്ലാസ്സില്‍ ഉള്ളപ്പോള്‍ അവരുടെ കല്ല്യാണം കഴിഞ്ഞതാണ്. ഇപ്പോള്‍ അവര്‍ പഠിക്കുന്നുണ്ട്. പത്താംക്ലാസ് കഴിഞ്ഞു. പ്ലസ്ടു ഈ വര്‍ഷം എഴുതും. ഇതുവരെ ഒരു ഹോസ്റ്റലില്‍ പാചക ജോലിയായിരുന്നു. അവരും കുട്ടികളും അവിടെത്തന്നെയാണ് താമസിച്ചത്. ഇളയകുട്ടിക്ക് രണ്ടര വയസ്സാണ്. ഒറ്റയ്ക്കു മാറിത്താമസിക്കാനുള്ള സാഹചര്യവും ധൈര്യവും ഇല്ലായിരുന്നു. ഞാന്‍ വീട്ടിലേക്ക് ഒരാളെ അന്വേഷിക്കുന്ന സമയമായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ തീരുമാനിച്ചു.
സിംഗിള്‍ പാരന്റായിട്ടുള്ള ആളുകള്‍, അവരുടെ വീട് അവരെ സ്വീകരിച്ചില്ലെങ്കില്‍പ്പിന്നെ അവര്‍ എവിടെ പോകും? പിന്നെയുള്ളത് ഡെസ്റ്റിറ്റിയൂട്ട് ഹോമാണ്. അതു പിന്നെയും ഇന്‍സ്റ്റിറ്റിയൂഷനലൈസാണ്. ഒരു വീടിന്റെ സ്വഭാവം നമുക്കവിടെ കിട്ടില്ല. ബദലായി പിന്നെയെന്ത്? സോളോ പാരന്റായി ഒറ്റയ്ക്കു ജീവിക്കുന്ന കുറെയാളുകളുണ്ട്. അപ്പോള്‍ അതുവെച്ച് എന്തുകൊണ്ട് പുതിയൊരു കമ്മ്യൂണിറ്റി ഉണ്ടാക്കിക്കൂടാ എന്ന ചിന്തയാണത്. പേയിങ് ഗസ്റ്റ്, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലൊക്കെ ഉണ്ടല്ലോ.
അതുപോലെ കുട്ടികളേയും കൂടി ഉള്‍കൊള്ളുന്ന ഒരു സ്പേസ് ഉണ്ടാവുക എന്നതാണ്. ലേബറും അങ്ങനെയാണ് ഷെയര്‍ ചെയ്യുന്നത്. എന്റെ കാര്യത്തില്‍ ഞാന്‍ ജോലി ചെയ്തു സമ്പാദിക്കുന്നു. എന്റെ കൂടെ താമസിക്കുന്നവര്‍ വാടക തരേണ്ട. പകരം എന്റെ കുട്ടികളെക്കൂടി കെയര്‍ ചെയ്യുന്നു. ഇത്തരം ലിവിങ് ഇംപോസിബിള്‍ അല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു ടിപ്പിക്കല്‍ ഫാമിലി കണ്‍സെപ്റ്റില്‍നിന്നു മാറി സ്ത്രീകള്‍ മാത്രമായി നിലനില്‍ക്കുന്ന വീടുകളുണ്ടാവുന്നു. രണ്ട് പെണ്ണുങ്ങള്‍ അവരുടെ കുഞ്ഞുങ്ങളേയും കൊണ്ട് കോ ലിവിങ് ചെയ്യുന്ന ഒരു ഫാമിലി എന്തുകൊണ്ട് സാധ്യമായിക്കൂടാ എന്ന ചിന്തയാണത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക