ലൂപ് ഫിയാസ്‌കോവിന്റെ 'ഞാന്‍ പറയാത്ത വാക്കുകള്‍' എന്ന പാട്ടില്‍നിന്ന്: ''എന്റെ ശിരസ്സിനുള്ളില്‍, അവ മുഴങ്ങുന്നു/ഞാന്‍ പറയേണ്ടിയിരുന്ന വാക്കുകള്‍/എന്റെ പശ്ചാത്താപത്തില്‍, ഞാന്‍ മുങ്ങിത്താഴുമ്പോള്‍/എനിക്കവയെ തിരിച്ചെടുക്കാനാവുന്നില്ല, ഞാനൊരിക്കലും പറയാതിരുന്ന വാക്കുകള്‍.''
എന്റെ മുത്തച്ഛന്‍, നക്ബയെപ്പറ്റി ഒന്നുംതന്നെ അച്ഛനോടു പറഞ്ഞിട്ടില്ല, അദ്ദേഹം രണ്ടു തവണ നക്ബ അനുഭവിച്ചിരുന്നെങ്കിലും. 1948-ല്‍, യാഫയില്‍നിന്നും ആഷ് കലോണിലേക്ക് അദ്ദേഹം തുരത്തിയോടിക്കപ്പെട്ടിരുന്നു. പിന്നീട്, 1950-ല്‍, ആഷ് കലോണില്‍നിന്നും ലോദിലേക്കും. ഓരോ തവണയും, അദ്ദേഹത്തിന് അന്നുവരെയുണ്ടാക്കിയ സമ്പാദ്യവും സ്വത്തുക്കളും ആത്മാഭിമാനവും പൗരുഷവുമെല്ലാം കൈമോശം വന്നു.
പക്ഷേ, മരണം വരെ അദ്ദേഹം തിരിച്ചറിയാതിരുന്ന ഒരു കാര്യമുണ്ടായിരുന്നു, സ്വന്തം വാക്കുകള്‍ കൂടി തനിക്ക് നഷ്ടപ്പെട്ടുപോയിരുന്നുവെന്നത്. അദ്ദേഹം മൗനമായി ജീവിച്ചു, മൗനമായിത്തന്നെ മരിച്ചു. ആ മൗനം അദ്ദേഹം എന്റെയച്ഛന് ഒസ്യത്തായിക്കൊടുക്കുകയും ചെയ്തു. അച്ഛനും ഈ മൗനത്തിന്റെ കഥകള്‍ ഞങ്ങളാരോടും പറഞ്ഞതേയില്ല. ഞാന്‍ വളര്‍ന്ന് വലുതായതിനു ശേഷം മാത്രം, അതായത് എനിക്ക് 20 വയസ്സുള്ളപ്പോള്‍, ഞാനാദ്യമായി രാഷ്ട്രീയം പറയുന്ന ഒരു ഗാനം എഴുതുകയും അത് അന്താരാഷ്ട്രതലത്തില്‍ അംഗീകാരവും ഒട്ടനേകം അരങ്ങുകളും നേടുകയും ചെയ്തതിനു ശേഷം മാത്രമാണ് അച്ഛന്‍ ആദ്യമായി വാ തുറന്ന് ഒരു രാഷ്ട്രീയാഭിപ്രായം എന്നോടു പങ്കുവെച്ചത്.
ചുരുങ്ങിയത്, അതിനെ ഒരു 'രാഷ്ട്രീയ അഭിപ്രായം' എന്ന് അച്ഛന്‍ വിശേഷിപ്പിച്ചു, പക്ഷേ, തലമുറകളുടെ തീരാത്ത വേദനയാണ് അദ്ദേഹം പങ്കുവെയ്ക്കുന്നതെന്ന് വ്യക്തമായിരുന്നു. ആ മൗനം ജനിച്ചതെവിടെയായിരിക്കുമെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. പൊതുവെ, ജനിച്ചുവീഴുമ്പോള്‍ മുതല്‍ നമ്മളെ പഠിപ്പിക്കുന്നത് സംസാരിക്കാനാണല്ലോ. അപ്പോള്‍പ്പിന്നെ, സംസാരിക്കാതിരിക്കാനുള്ള ഈ പഠിപ്പിക്കല്‍ തുടങ്ങിയത് എവിടെനിന്നായിരിക്കും? ഞാന്‍ ഇക്കാര്യത്തെപ്പറ്റി അതിശയത്തോടെ ചിന്തിക്കുക മാത്രമല്ല ചെയ്തത്, അതു ശരിയായിരുന്നില്ല എന്ന് വിശ്വസിക്കുകയും കൂടി ചെയ്തു. ഈ മൗനം ഞങ്ങളുടെ മുന്‍തലമുറകളില്‍ മുഴുവനുണ്ടായിരുന്നു എന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. എന്നെ സംബന്ധിച്ച്, മുങ്ങിമരിക്കുന്നയാളുടെ നിശ്ശബ്ദത പോലെയായിരുന്നു അത്. ''ദൈവത്തിനെയോര്‍ത്ത്, തൊണ്ട തുറന്ന് സഹായത്തിനായി അലമുറകൂട്ടാമായിരുന്നില്ലേ?'' പക്ഷേ, അടുത്തയിടയ്ക്കുണ്ടായ രണ്ടു സംഭവങ്ങള്‍ എന്റെയാ വിമര്‍ശനാത്മകമായ സ്വഭാവത്തെ മാറ്റിക്കളഞ്ഞു. അതോടെ എന്റെയുള്ളിലും സങ്കടം മാത്രം അവശേഷിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു, മാത്രമല്ല, വാക്കുകളുടെ അതേ ശ്മശാനം എന്റെയുള്ളിലുമുണ്ട് എന്നും.
നിശ്ശബ്ദമായ ശൂന്യസ്ഥലം
വാക്കുകളുടെമേല്‍, പറച്ചിലിന്റെമേല്‍, സ്വന്തം കരിയര്‍ കെട്ടിപ്പടുത്ത ഒരാളെ സംബന്ധിച്ച് ആ തിരിച്ചറിവ് അത്ര സുഖകരമായ ഒന്നല്ല. ആദ്യത്തെ സംഭവം പന്ത്രണ്ട് വയസ്സ് മാത്രമുള്ള ഒരു അറബ് പെണ്‍കുട്ടിയുടേതാണ്. ബീര്‍ഷേബയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. അവള്‍ ഇത്രയേ പറഞ്ഞുള്ളൂ: ''ഗാസയില്‍ വിശക്കുന്ന, വീടുകളില്ലാതായ കുട്ടികളുണ്ട്.'' അവളുടെ ജൂതരായ സഹപാഠികള്‍ പ്രതികരിച്ചത്, ''നിന്റെ ഗ്രാമവും കത്തിപ്പോകട്ടെ!'' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടായിരുന്നു. അവളെ സ്‌കൂളില്‍നിന്ന് പുറത്താക്കി. വംശീയസ്പര്‍ദ്ധ സൃഷ്ടിച്ചുവെന്ന ആരോപണവും അവളുടെ പേരിലുയര്‍ന്നു. അവള്‍ വംശീയസ്പര്‍ദ്ധ സൃഷ്ടിച്ചുവെന്ന ആരോപണത്തെ വീട്ടുകാര്‍ നിഷേധിച്ചു. അപ്രതീക്ഷിതമായ വേഗത്തില്‍ തുടരെത്തുടരെയുണ്ടാകുന്ന ഈ സംഭവവികാസങ്ങള്‍ക്ക് എന്തുമാത്രം ഭാരമുണ്ടാകുമെന്ന് ഊഹിക്കാമല്ലോ. നിശ്ശബ്ദതയുടെ ഒരൊറ്റ നിമിഷം മതി, അസത്യങ്ങള്‍ നിറഞ്ഞ, ഭയപ്പെടുത്തുന്ന ഒരു ശൂന്യസ്ഥലം സൃഷ്ടിക്കപ്പെടാന്‍.
എന്തൊക്കെയായാലും, ''ഗാസയില്‍ വിശക്കുന്ന, വീടുകളില്ലാതായ കുട്ടികളുണ്ട്'' എന്നത് ഒരു വസ്തുത മാത്രമാണ്. ആഗോളതലത്തിലുള്ള സംഘടനകള്‍ നടത്തുന്ന ഓരോ പഠനത്തിലും ഓരോ ഡാറ്റാ സെറ്റിലും ആവര്‍ത്തിക്കപ്പെടുന്ന ഒരു വസ്തുത. നേരെമറിച്ച്, ''നിന്റെ ഗ്രാമം കത്തിപ്പോകട്ടെ!'' എന്നത് അക്രമത്തിനുള്ള പ്രേരണ തന്നെയാണ്, ലോകത്തിലെ ഏതു നിഘണ്ടുവിലും. എന്നിട്ടും, അവളുടെ മാതാപിതാക്കള്‍ അനുഭവിച്ച ഭീതി, അവളങ്ങനെ പറഞ്ഞിട്ടില്ല എന്ന് നിഷേധിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചു. അതുവഴി അവരും നേരത്തെപ്പറഞ്ഞ വസ്തുതയെ നിഷേധിക്കുന്ന അവസ്ഥയിലെത്തുകയായിരുന്നു.
ശാപഗ്രസ്തമായ ജന്മദേശം
വാക്കുകളെ പണിയായുധമായി ഉപയോഗിക്കുന്ന ഒരു കലാകാരനെന്ന നിലയ്ക്ക് എനിക്കിവിടെ പ്രതിഷേധിക്കാം. ആ രക്ഷിതാക്കളെ വിമര്‍ശിക്കാം. നിശ്ശബ്ദരാവരുതെന്ന് അവരോടു പറയാം. പക്ഷേ, ഒരു രക്ഷിതാവെന്ന നിലയില്‍ അവരെപ്പോലെത്തന്നെ എനിക്കും ഭയമുണ്ട്. ഈ ശാപഗ്രസ്തമായ പ്രദേശം ഞങ്ങളില്‍ പൈതൃകസ്വത്തായി അടിച്ചേല്പിച്ചിരിക്കുന്ന അതിഭീമമായ കടങ്ങളേറ്റെടുക്കാനുള്ള കരുത്തുപോലും ഇനിയുമാര്‍ജ്ജിച്ചിട്ടില്ലാത്ത, പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുരുന്നു തോളെല്ലുകളില്‍ മദ്ധ്യപൂര്‍വ്വദേശത്തിന്റെ ഭാരം മുഴുവനായി വച്ചുകൊടുക്കാന്‍ എനിക്കു സാധിക്കില്ല.
രണ്ടാമത്തേത് തികച്ചും യാദൃച്ഛികമായി നടന്ന സംഭവമായിരുന്നു. കഷ്ടി 35 വയസ്സോളം പ്രായമുള്ള ഒരു അറബ് മാതാവിനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴായിരുന്നു അതുണ്ടായത്. വലിയ രാഷ്ട്രീയബോധ്യങ്ങളൊന്നുമില്ലാത്ത, സ്വയം ഇസ്രയേലി അറബ് എന്നു വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുകവരെ ചെയ്യുന്ന ഒരു സ്ത്രീ. ഞങ്ങള്‍ അതുമിതും പറഞ്ഞിരിക്കുന്നതിനിടയില്‍ അവര്‍ സ്വന്തം കുടുംബത്തിലെ ഒരു കഥ പറഞ്ഞു: ''ഞങ്ങളുടെ വീട്ടില്‍ രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. മുത്തശ്ശി ജൂതരെയൊക്കെ വീട്ടില്‍ സല്‍ക്കരിക്കാറുണ്ട്. മുത്തശ്ശിക്ക് എല്ലാവരോടും വലിയ സ്നേഹമായിരുന്നു. മുത്തശ്ശി മരിച്ചുപോയതിനു ശേഷം മാത്രമാണ് അമ്മാവന്മാരിലൊരാള്‍ ഞങ്ങളോടു പറഞ്ഞത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധത്തിന്റെ സമയത്ത് മുത്തശ്ശി അനുഭവിച്ചിട്ടുള്ള ദുരിതങ്ങളെപ്പറ്റിയൊക്കെ (അവര്‍ 'നക്ബ' എന്ന വാക്കുപോലുമല്ല ഉപയോഗിച്ചത്, പക്ഷേ, ഞാന്‍ ഒട്ടും വിമര്‍ശനബുദ്ധിയില്ലാതെ, അവരെപ്പോലെ മറ്റൊരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ മാത്രം അവര്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു). അവര്‍ തുടര്‍ന്നു: ''അച്ഛനമ്മമാരോടൊത്ത് ഓടിപ്പോന്ന സമയത്ത് തീരെ ചെറിയ കുട്ടിയായിരുന്ന മുത്തശ്ശി തന്റെ പിങ്ക് പുതപ്പിനുവേണ്ടി വാശിപിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. കരച്ചില്‍ നിര്‍ത്താനാകാതെ ഒടുവില്‍ മുത്തശ്ശിയുടെ അച്ഛന്‍ ആ പുതപ്പെടുക്കാനായി തിരികെ പോയി. പിന്നെ ആള്‍ തിരിച്ചുവന്നില്ല. ആ പുതപ്പ് പിന്നെ എങ്ങനെയോ മുത്തശ്ശിയുടെ കയ്യില്‍ത്തന്നെ എത്തിപ്പെട്ടു. മരിക്കുന്ന ദിവസംവരെ അതവര്‍ കൈവിട്ടിട്ടില്ലായിരുന്നു.''
അന്നാദ്യമായിട്ടായിരുന്നു ഈ കഥ അവര്‍ ഞങ്ങളുമായി പങ്കുവെച്ചത്. മുത്തശ്ശിയെ അവര്‍ ഓര്‍ക്കാനിടയായത് യാദൃച്ഛികമായിട്ടായിരുന്നില്ല, അവര്‍ക്കുണ്ടായ ഒരു പ്രത്യേകാനുഭവം മൂലമായിരുന്നു. ''ചെറിയ കുഞ്ഞുങ്ങളുടെ ഒരു ക്ലിനിക്കില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എന്റെ സമീപം പ്രായമുള്ള ഒരു ജൂതസ്ത്രീ ഇരിപ്പുണ്ടായിരുന്നു, അവരുടെ കയ്യിലുണ്ടായിരുന്ന ഒരു സഞ്ചിയില്‍, മുറിച്ചെടുത്ത മുടി സൂക്ഷിച്ചുവെച്ചിരുന്നു. വൃദ്ധ ആ മുടിയുടെ കഥ എന്നോടു പറഞ്ഞു. അവരും രക്ഷിതാക്കളും യൂറോപ്പില്‍നിന്ന് ഓടിപ്പോന്നപ്പോള്‍, ചെറിയ കുട്ടിയായിരുന്ന അവരുടെ മുടിയില്‍ നിറയെ പേനായിരുന്നു, പോരുന്ന തിരക്കിനിടയില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതുകൊണ്ട് അമ്മ അവരുടെ മുടി മുറിച്ചുകളഞ്ഞു. അന്നു മുതല്‍ ആ മുടി അവര്‍ കൈവശം സൂക്ഷിച്ചുപോരുന്നു. എനിക്കതു കേട്ടപ്പോള്‍, താങ്ങാനായില്ല. ഞാനെഴുന്നേറ്റ് അവരെ കെട്ടിപ്പിടിച്ചു, ഞങ്ങളിരുവരും ഒരുമിച്ച് വിതുമ്പിക്കരഞ്ഞു.
പൊടുന്നനെ, എന്റെ അമ്മൂമ്മയുടെ കഥ എനിക്കോര്‍മ്മവന്നു. അവരുടേതിനു സമാനമായ അനുഭവത്തിലൂടെ ഞങ്ങളുടെ കുടുംബവും കടന്നുപോന്നിട്ടുണ്ടെന്ന് എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ ഞാനത് വേണ്ടെന്നു വച്ചു. വളരെ മാനുഷികമായിരുന്ന ഒരു സന്ദര്‍ഭത്തെ ഒരു 'രാഷ്ട്രീയാഭിപ്രായം'കൊണ്ട് തിരുകി നശിപ്പിക്കേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.''
വീണ്ടും, നമ്മുടെ വായില്‍നിന്ന് പുറപ്പെട്ടിറങ്ങുന്ന വാക്കുകളില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ കുടിയേറിപ്പാര്‍ക്കുമ്പോഴുണ്ടാകുന്ന മൗനത്തില്‍നിന്ന് ജനിക്കുന്ന അതേ ശൂന്യത. യുദ്ധത്തിന്റെ നിഴലില്‍, തന്റെ മുടി മുറിച്ചുമാറ്റപ്പെടുന്ന ഒരു ജൂതപ്പെണ്‍കുട്ടി, തികച്ചും മാനുഷികമായ ഒരു കഥയാണ്. പക്ഷേ, പിങ്ക് നിറമുള്ള ഒരു പുതപ്പിനു പകരം സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ഒരു പലസ്തീനിയന്‍ മുത്തശ്ശി അക്രമത്തിനുള്ള പ്രേരണാക്കുറ്റമായിട്ടാണ് കാണപ്പെടുന്നത്.
അതോടെ, അപ്പോള്‍ നിലനില്‍ക്കുന്ന സ്ഥിതിവിശേഷം, അത് നേരായാലും നുണയായാലും വസ്തുതയായി പരിണമിക്കുന്നു. മറ്റു കുട്ടികളുടെ വേദന മനസ്സിലാക്കാനായതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി സ്‌കൂളില്‍നിന്നു പുറത്താക്കപ്പെടുന്ന ആ നിമിഷത്തില്‍, അക്രമാസക്തമായ അട്ടഹാസങ്ങള്‍ മുഴക്കിയ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഭാവിതലമുറയുടെ വീരനായകരുടെ പരിവേഷം നേടുന്ന അതേ നിമിഷത്തില്‍, തെറ്റായ വ്യാഖ്യാനങ്ങള്‍ എന്നും നിലനിന്നുപോന്ന വസ്തുതകളായി മാറ്റപ്പെടുന്നു. ഞങ്ങള്‍ക്കു സംഭവിച്ച കൊടും ക്രൂരമായ 'നക്ബ' (ദുരന്തം), 'സ്വാതന്ത്ര്യത്തിന്റെ ആഘോഷ'മായി മാറിയതുപോലെത്തന്നെ.
ഗാസയിലെ കുട്ടികള്‍ വിശപ്പില്‍ മരിക്കുന്നതുപോലെത്തന്നെ, സത്യവും അവരോടൊപ്പം മരിച്ചുവീഴും. അതിന്റെ സ്ഥാനത്ത് വിജയത്തിന്റെ ഘോഷങ്ങള്‍ വളര്‍ന്നുവരും. ഞാന്‍ എന്റെ ബാല്‍ക്കണിയില്‍നിന്ന് അതു കേള്‍ക്കും, അവിടെനിന്നുകൊണ്ട് ഞാന്‍ ദൂരെ തിളങ്ങുന്ന കരിമരുന്നുപ്രയോഗങ്ങളും പ്രകാശങ്ങള്‍ നിറഞ്ഞ സ്റ്റേജും കാണും, ഇസ്രയേലിലെ ഏറ്റവും മികച്ച മാനുഷികത്വമുള്ള കലാകാരന്മാര്‍ ആ സ്റ്റേജില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും.
മൗനം പാലിക്കുന്ന മനുഷ്യരോട് എനിക്കൊന്നും പറയാനില്ല, ബീര്‍ഷേബായിലെ സ്‌കൂള്‍കുട്ടിയുടെ അച്ഛനമ്മമാരോടോ എന്റെ സുഹൃത്തിനോടോ ഒന്നും. എന്റെ ഉള്ളില്‍നിന്നുയരുന്ന സ്വരങ്ങള്‍ക്കുപറ്റിയ വാക്കുകളെ കണ്ടെത്താന്‍ പണിപ്പെടുകതന്നെയാണ് ഞാനിപ്പോഴും മനസ്സിലാക്കലിന്റെ, സഹാനുഭൂതിയുടെ സ്വരങ്ങളും അവയ്ക്കു നേര്‍വിപരീതമായി നിലകൊള്ളുന്ന വിമര്‍ശനബുദ്ധിയുടെ സ്വരങ്ങളും. പക്ഷേ, പറയാനൊന്നും തന്നെ ഇല്ലാതിരിക്കുമ്പോഴും ഞാന്‍ പറയാന്‍ പോവുകയാണ്, ''എനിക്കൊന്നും പറയാനില്ല,'' എന്ന്. ആ ശൂന്യതയ്ക്കകത്ത് സത്യം നിലനില്‍ക്കുന്നതുതന്നെയാണ് നല്ലത്, അതിനു വ്യക്തമായൊരു നിലപാട് ഇല്ലാതിരിക്കുമ്പോള്‍പ്പോലും, തെറ്റായ വ്യാഖ്യാനങ്ങളുടെ ഇരയാവാന്‍ അതിനെ ഉപേക്ഷിക്കുന്നതിലും നല്ലത് അതുതന്നെയാണ്.
വാക്കുകളുടെ ഭാഷ സംസാരിക്കുന്നവര്‍ക്ക്, മൗനത്തിന്റെ ഭാഷ സംസാരിക്കുന്നവരെ മനസ്സിലാകണമെന്നില്ല, രണ്ടു കൂട്ടരേയും പ്രചോദിപ്പിക്കുന്നത് ഭയവും ട്രോമയും തന്നെയായിരിക്കുമ്പോഴും. പലസ്തീന്‍കാര്‍ക്കും ജൂതര്‍ക്കും ഇടയ്ക്കുള്ള സംഘര്‍ഷത്തില്‍, ഒരു പക്ഷത്തിന്റെ പക്കല്‍ എല്ലാ അക്ഷരങ്ങളും എല്ലാ ക്രിയാപദങ്ങളും എല്ലാ സിലബിളുകളും ശബ്ദങ്ങളും ഉണ്ടായിരിക്കുകയും മറുപക്ഷം തങ്ങള്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നത് പിടിക്കപ്പെടാതിരിക്കാന്‍ സ്വയം നിശ്ശബ്ദതയുടെ സമുദ്രത്തിനടിയില്‍ ആഴ്ത്തിവയ്ക്കുകയും ചെയ്യുന്നിടത്തോളം കാലം, പാലങ്ങളൊന്നും തന്നെ നിര്‍മ്മിക്കപ്പെടാന്‍ പോകുന്നില്ല. അത് (ആ മറുപക്ഷം) ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കു മുന്നില്‍ ആടിയുലഞ്ഞുകൊണ്ടേയിരിക്കുന്നു, എങ്ങനെയെങ്കിലും അതിജീവിക്കണമെന്നു മാത്രമേ അതാഗ്രഹിക്കുകയുള്ളൂ. ''അല്പസമയംകൂടി മൗനം പാലിച്ചാല്‍, സഹായത്തിനായി മുറവിളി കൂട്ടാതിരുന്നാല്‍, ഈ തിരമാലകള്‍ ചിലപ്പോള്‍ ശാന്തമായാലോ...''
അതേസമയം, അത് മുങ്ങിത്താണുകൊണ്ടേയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക