മുസ്‌ലിമും ശരീഅത്തും
രാജ്യത്തെ ഓരോ ജനവിഭാഗത്തിനും (മതവിഭാഗത്തിനും) വിവാഹം, വിവാഹമോചനം, അനന്തരവകാശം, ജീവനാംശം, ദത്ത് തുടങ്ങിയ കാര്യങ്ങളിൽ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ അവരവരുടെ മതവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിനിയമങ്ങൾ ഉണ്ടായിരുന്നു. രാജ്യം സ്വതന്ത്രമായി ഭരണഘടന അംഗീകരിച്ച ഘട്ടത്തിലും വ്യക്തിനിയമങ്ങൾ അതേപടി അംഗീകരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്‌ലിങ്ങളുടെ വിവാഹം, വിവാഹമോചനം, അനന്തരവകാശം, ദത്ത്, ജീവനാംശം തുടങ്ങിയ കാര്യങ്ങളിൽ മുസ്‌ലിങ്ങൾക്ക് ബാധകമായത് ശരീഅത്ത് (മുസ്‌ലിം വ്യക്തിനിയമം) ആയിരിക്കുമെന്നു അനുശാസിക്കുന്ന നിയമമാണ് The Muslim Personal Law (Shariat) Application Act, 1937.
അതുവരെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പലതരത്തിലുള്ള നിയമങ്ങൾ മുസ്‌ലിങ്ങൾക്ക് ഉണ്ടായിരുന്നത് (മലബാറിൽ മാപ്പിള മരുമക്കത്തായം നിയമം നിലവിൽ ഉണ്ടായിരുന്നു). എന്നാൽ, The Muslim Personal Law (Shariat) Application Act, 1937 വന്നതോടെ പ്രാദേശിക പരമ്പരാഗത നിയമങ്ങൾക്കു പകരം ഈ നിയമം ബാധകമാക്കി. ഈ നിയമം ‘മുസ്‌ലിം’, ‘ശരീഅത്ത്’ ഇവ എന്താണെന്നു വിശദീകരിക്കുന്നില്ല. അല്ലാഹുവിലും (ദൈവം) അവസാന പ്രവാചകനായി മുഹമ്മദ് നബിയിലും അല്ലാഹു പ്രവാചകൻ വഴി അവതീർണ്ണം പൂർത്തീകരിച്ച ഖുർആൻ എന്ന പുസ്തകത്തേയും അടിസ്ഥാനമാക്കി ജീവിതം ഒരുക്കുന്ന ജനവിഭാഗത്തെയാണ് മുസ്‌ലിങ്ങൾ എന്ന വാക്കിൽ വിവക്ഷിക്കുന്നത്.
ഇങ്ങനെ വിശാലമായി പറയുമ്പോഴും അനേകം ഉൾപ്പിരിവുകൾ ഉള്ള ജനവിഭാഗമാണ് മുസ്‌ലിങ്ങള്‍. അങ്ങനെയുള്ള ഓരോ വിഭാഗത്തിനും പ്രത്യേക നിയമങ്ങളും വ്യാഖ്യാനങ്ങളും ഉണ്ട്. വിശാലതലത്തിൽ സുന്നി, ഷിയാ വിഭാഗങ്ങളായും അഹ്‌മദിയ മുസ്‌ലിങ്ങളായും കണക്കാക്കും. സുന്നി, ഷിയാ വിഭാഗങ്ങളിലും സൂക്ഷ്മതലത്തിൽ പിന്നെയും ഉൾപ്പിരിവുകൾ കാണാം, അവയ്ക്കു പല കാര്യങ്ങളിലും വ്യത്യസ്ത വീക്ഷണങ്ങളും സമീപനങ്ങളും ഉണ്ട്. അതായത് മുസ്‌ലിം ജനവിഭാഗത്തെ ഏകശിലാരൂപത്തിൽ കാണുക സാധ്യമല്ല. സുന്നികൾക്കും ഷിയാക്കൾക്കും പല നിയമചിന്താധാരകളാണ്. അതുകൊണ്ടുതന്നെ ശരീഅത്തിനു ഏകമാനം അല്ല ഉണ്ടായിരുന്നത്. സുന്നികളിൽ തന്നെ ഷാഫി സെക്ടിനു ബാധകമായത് ഹനഫി സെക്ടിനു ബാധകമല്ല (ഉദാഹാരണം മുൻകാല ചെലവ് ലഭിക്കുന്നതിനുള്ള ഭാര്യയുടെ അവകാശം). പലപ്പോഴും കോടതികളിലെ വ്യാഖ്യാനങ്ങളാണ് നിയമങ്ങളായി വന്നത്. കണിശമായി മതം വിശ്വസിക്കാത്ത സാംസ്‌കാരിക മുസ്‌ലിമിന് ഈ നിയമം ബാധകമാണ്. മതം ഉപേക്ഷിച്ച എക്‌സ് മുസ്‌ലിമിനേയും ശരീഅത്ത് കൂട്ടിപ്പിടിക്കും. മുസ്‌ലിം, മതം വിട്ടാലും മതം മുസ്‌ലിമിനെ വിടില്ല. അച്ഛനും അമ്മയും മുസ്‌ലിമിലാണെങ്കിൽ നിങ്ങൾക്ക് മറ്റൊരു ചോയ്‌സ് നിയമത്തിനു മുന്നിൽ സാധാരണ ഗതിയിൽ സാധ്യമല്ല.
ഭരണഘടനാ കോടതികളിലെ വ്യാഖ്യാനങ്ങളിലൂടെ മുസ്‌ലിങ്ങൾക്കു ബാധകമായ ശരീഅത്ത് ആക്ടിലെ ‘ശരീഅത്ത്’ ഘട്ടം ഘട്ടമായി ദുർബലപ്പെട്ടുപോകുന്ന അനുഭവമാണ് കാണാൻ കഴിയുക. ഖുർആനും നബിചര്യയും പണ്ഡിത വ്യാഖ്യാനങ്ങളും ജൂറിസ്റ്റ് വ്യാഖ്യാനങ്ങളും ചേർന്നതാണ് ശരീഅത്ത്. ഇങ്ങനെ വ്യാഖ്യാനിക്കുമ്പോഴും വ്യത്യസ്ത സ്‌കൂളുകളും ധാരകളും തീർത്തും വ്യത്യസ്തവും വൈരുദ്ധ്യവുമായ വിശകലനങ്ങൾ പല പ്രശ്‌നങ്ങൾക്കും നൽകിയിട്ടുണ്ട്.
നേർത്തു പോകുന്ന ശരീഅത്ത്
വിവാഹം, വിവാഹമോചനം എന്നീ കാര്യങ്ങളിലെ നിയമങ്ങളിൽ രാജ്യത്തെ സെക്കുലർ നിയമങ്ങൾ കർശനമായി വന്നപ്പോൾ അതിനു സമാനമാകുന്ന വ്യാഖ്യാനങ്ങളിലേക്ക് ശരീഅത്തിനെ കോടതികൾ വ്യാഖ്യാനിച്ചു. ശൈശവ വിവാഹനിരോധനവും (ശരീഅത്ത് പ്രകാരം പെൺകുട്ടിയുടേയും വിവാഹപ്രായം ബുലുഖ് (ശാരീരികമായി ലൈംഗികവളർച്ച പ്രാപിക്കുന്ന ഘട്ടം, എന്നാൽ, ചില സ്‌കൂളുകളിൽ ഏത് ചെറിയ പ്രായത്തിലുള്ള പെൺകുട്ടിയേയും രക്ഷിതാവിന് വിവാഹം കഴിപ്പിച്ചു നൽകാം) മുത്തലാഖ് (ഏകപക്ഷീയമായി പുരുഷൻ ഭാര്യയെ ഒരൊറ്റ ശ്വാസത്തിൽ മൊഴി ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന രീതി) സുപ്രീംകോടതി വിലക്കിയതും, ത്വലാഖ് പോലും കൃത്യമായ നിബന്ധനകൾക്ക് വിധേയമാകണമെന്ന് ഷമീം അറ കേസിൽ സുപ്രീംകോടതി പറഞ്ഞതും കേരള ഹൈക്കോടതിയിലെ 2019 ‘ഖുല’ വിധിന്യായവും ശരീഅത്ത് നിയമങ്ങളെ ആധുനിക മൂല്യങ്ങളോട് ചേർത്തുള്ള നമ്മുടെ ഭരണഘടനാ കോടതികളുടെ വ്യാഖ്യാനങ്ങൾ ആയിരുന്നു. കുട്ടികളെ ദത്ത് എടുക്കുന്നത് ഇസ്‌ലാം അനുവദിക്കാത്ത കാര്യമാണ്, എന്നാൽ 2014 ൽ ശബ്നം ഹാശ്മി കേസിൽ ജുവനൈൽ ജസ്റ്റിസ് (കെയർ ആന്റ് പ്രൊട്ടക്ഷൻ) നിയമം സെക്യുലർ ആണെന്നും അതു രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാധമാണെന്നും സുപ്രീംകോടതി നിലപാട് എടുത്തു. നമുക്കിടയിൽ ഇസ്‌ലാം മത അനുശാസനകൾ കണിശമായി പാലിക്കുന്നവർപോലും മക്കളെ ദത്തെടുത്തു വളർത്തുന്നത് യഥേഷ്ടം കാണാവുന്നതാണ്. മക്കളെ ദത്തെടുക്കുന്ന ആധുനിക മൂല്യബോധത്തെ മതവിലക്കിനു തടുത്തുനിർത്താൻ കഴിയാത്തത് മനുഷ്യരുടെ വളർച്ചയുടെ അടയാളമാണ്.
1985-ൽനിന്നും 2024-ല്‍
രാജ്യത്ത് ഏറ്റവും വിവാദം ഉണ്ടാക്കിയതും രാഷ്ട്രീയ ദിശ തന്നെ മാറാൻ കാരണവുമായത് മുഹമ്മദ് അഹ്‌മ്മദ് ഖാൻ എതിർ ശബാനു ബീഗം കേസിൽ 1985-ൽ സുപ്രീംകോടതി വിവാഹ മുക്തയായ (ത്വലാഖ് ചൊല്ലപ്പെട്ട) മുസ്‌ലിം സ്ത്രീക്ക് 1973-ലെ ക്രിമിനൽ നടപടി ചട്ടം 125 പ്രകാരം ജീവനാംശം ലഭിക്കാൻ അർഹത ഉണ്ടെന്ന കണ്ടെത്തലായിരുന്നു. നിസ്സഹായയായ ഒരു സ്ത്രീയുടെ രോദനത്തോട് കനിവോടെ ആധുനിക മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രതികരിച്ച സുപ്രീംകോടതി വിധി മതവിരുദ്ധമാണെന്നും ശരീഅത്ത് അപകടത്തിലാണെന്നും പറഞ്ഞ് (പുരുഷ) ഇസ്‌ലാമിസ്റ്റുകൾ മതത്തെ തെരുവിൽ ഇറക്കി.
ആ വിധിയുടെ മാനവികതയോ ആധുനികതയോ ഉൾക്കൊള്ളാതെ ഭരണകൂടത്തെ മതമൗലികവാദികൾ സമ്മർദ്ദത്തിലാക്കി ആ വിധിന്യായത്തെ മറികടക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി 1986- ലെ മുസ്‌ലിം വിവാഹമോചിത സംരക്ഷണനിയമം പാസ്സാക്കിപ്പിച്ചു. എന്നാൽ, സുപ്രീംകോടതി അതിനുശേഷം പുറപ്പെടുവിച്ച പല വിധിന്യായങ്ങളിലും 1985-ലെ വിധിന്യായം ആവർത്തിക്കുകയാണ് ചെയ്തത്. 2024 ജൂലൈയിൽ അബ്‌ദുസമദ് കേസിൽ കുറെക്കൂടി കണിശമായി Cr PC 125 (BNSS 144) മുസ്‌ലിങ്ങൾക്ക് ബാധമാണെന്നും അത് 1986-ലെ മുസ്‌ലിം വിവാഹമോചന സംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങളോടൊപ്പം CrPC 125 കൂടി ലഭിക്കാൻ മുസ്‌ലിം സ്ത്രീക്ക് അർഹതയുണ്ടെന്നും വ്യക്തമാക്കി.
ഇങ്ങനെ മുത്തലാഖ് മുതൽ വിവാഹപ്രായം വിവാഹമോചനം ദത്ത് തുടങ്ങി ജീവനാംശം വരെയുള്ള കാര്യങ്ങളിൽ നമ്മുടെ ഭരണഘടനാ കോടതികൾ ആധുനിക മനുഷ്യരുടെ ചിന്തകളിൽ രൂപംകൊണ്ട സമത്വം, സമഭാവന തുടങ്ങിയ നമ്മുടെ ഭരണഘടനയുടെ തന്നെ മൗലിക സ്വഭാവങ്ങളെ അടിസ്ഥാനപ്പെടുത്തി ശരീഅത്ത് നിയമങ്ങളെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഈ ഘട്ടങ്ങളിൽ ഒന്നും ഇസ്‌ലാമിനെ പുരുഷമതമായി മാത്രം കാണുന്ന ഇസ്‌ലാമിസ്റ്റുകൾ അനുകൂല സമീപനമല്ല കൈക്കൊണ്ടത്. 2019-ലെ കേരള ഹൈക്കോടതിയുടെ ഖുല വിധി അനുസരിച്ച് നൂറുകണക്കിന് സ്ത്രീകളാണ് ഭർത്താവിൽനിന്നും കേരളത്തിൽ വിവാഹമോചനം നേടുന്നത്. എന്നാൽ, ഈ വിധി ഇസ്‌ലാമികമല്ലെന്നു പറഞ്ഞ് സ്ത്രീകൾക്ക് ഇടയിൽ വ്യാപകമായ ക്യാമ്പയിനുകളാണ് മഹല്ലുകൾ കേന്ദ്രീകരിച്ചു നടക്കുന്നത്. കൂടാതെ ഈ വിധിന്യായത്തിനെതിരെ കേരളത്തിൽനിന്നുള്ള മുസ്‌ലിം പുരുഷസംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
1985-ൽ സമുദായം ശരീഅത്തിനെ നേർപ്പിക്കാൻ സുപ്രീംകോടതി ശ്രമിച്ചപ്പോൾ ഉണ്ടായ പ്രതികരണമല്ല 2024-ലെ വിധിയിൽ ഉണ്ടായത്. 1937-ലെ ശരീഅത്ത് നിയമം ഇവിടുത്തെ പുരുഷ മത വ്യാഖ്യാതാക്കളിൽനിന്നും മോചിപ്പിക്കപ്പെട്ട് സ്ത്രീ സൗഹൃദവും ആധുനിക മൂല്യങ്ങളോട് ചേർന്നുപോകുന്നതുമായ നിയമമായി അവതരിപ്പിച്ചത് നമ്മുടെ ഭരണഘടനാ കോടതികളാണെന്നു ബോധ്യമാകും. ഓരോ വിധി സ്ത്രീപക്ഷമാകുമ്പോൾ പുരുഷ ഇസ്‌ലാമിസ്റ്റുകൾ കടുത്ത എതിർപ്പുകൾ മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിത്തന്നെ ഉന്നയിച്ചിരുന്നുവെങ്കിലും കോടതികൾ സ്വീകരിച്ചത് സ്ത്രീപക്ഷ നിലപാടുകളായിരുന്നു.
1937 ശരീഅത്ത് ആപ്ലിക്കേഷൻ നിയമപ്രകാരം പിന്തുടരുന്ന ‘അനന്തര അവകാശ നിയമവും’ ‘ബഹുഭാര്യത്വ അവകാശവും’ ഭരണഘടന രാജ്യത്തെ എല്ലാ മനുഷ്യർക്കും പൗരന്മാർക്കു പ്രത്യേകിച്ചും അനുവദിച്ചുതരുന്ന മൗലിക അവകാശങ്ങളായ തുല്യതയ്ക്കുള്ള അവകാശത്തിനും (അനുച്ഛേദം 14) അന്തസ്സാർന്ന ജീവിതത്തിനും (അനുച്ഛേദം 21) എതിരും ആധുനികമൂല്യ ബോധങ്ങൾക്കു എതിരുമാണ്. ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് ദുർബലമാക്കുന്നത് മുസ്‌ലിം സ്ത്രീയുടെ ആർട്ടിക്കൾ 14 ഉം 21-മാണ്.
എന്താണ് അനന്തരവകാശ നിയമങ്ങളിലെ പ്രശ്‌നം?
മുസ്‌ലിമായ ഒരാളുടെ മരണംകൊണ്ട് ശേഷിച്ചവർക്ക് ലഭിക്കുന്ന അവകാശമാണ് അനന്തരവകാശം. മരണപ്പെട്ടയാളുടെ കടബാധ്യതകൾ, മയ്യത്ത് പരിപാലത്തിനും ഖബറടക്കലിനുമുള്ള ചെലവുകൾ എന്നിവ കഴിച്ച് അവശേഷിക്കുന്ന ഇളകുന്നതും ഇളകാത്തതുമായ മുഴുവൻ മുതലുകളും അടുത്ത തലമുറയിലേക്കു കൈമാറപ്പെടും. പുരുഷകേന്ദ്രീകൃതവും പുരുഷനെ ആശ്രയിച്ചു മാത്രം ജീവിച്ചിരുന്ന ഒരു സാഹചര്യത്തെ മുൻനിർത്തിയുമാണ് പല ശരീഅത്ത് വ്യാഖ്യാതക്കളും ഖുർആനേയും പ്രവാചകചര്യകളേയും വ്യാഖ്യാനിച്ചത്. അതുപ്രകാരം ഒരാൾ മരണപ്പെട്ടാൽ അവശേഷിക്കുന്ന ഭാര്യ/ഭാര്യമാർ, മകൾ/പെൺമക്കൾ, സഹോദരി/ സഹോദരിമാർ എന്നിവർക്ക് അതേ ബന്ധത്തിലുള്ള പുരുഷന് ലഭിക്കുന്നതിന്റെ നേർപകുതി അവകാശത്തിനു മാത്രമേ അവകാശമുള്ളൂ. ഒരാൾക്ക് മരണനേരം നേരത്തെ സൂചിപ്പിച്ച ബാധ്യതകൾ തീർത്ത് 100 രൂപയാണ് ബാക്കി ഉള്ളതെങ്കിൽ അയാൾക്ക് ഒരാൺകുട്ടിയും പെൺകുട്ടിയുമാണ് ഉള്ളതെങ്കിൽ ആ നൂറ് രൂപയെ മൂന്ന് ഓഹരിയാക്കി അതിൽ രണ്ട് ഓഹരി മകനും ഒരു ഓഹരി മകൾക്കും ലഭിക്കും. അഥവാ 3/100-ൽ മകനും 2/100 മകൾക്കും 1/100 ലഭിക്കും. (മകന് 66.67 രൂപ ലഭിക്കുമ്പോൾ മകൾക്ക് 33.33 രൂപ മാത്രമേ ലഭിക്കൂ). ഈ അനുപാതം എല്ലാ ബന്ധങ്ങൾക്കും ബാധകമാകും. ഭാര്യ മരിച്ചാൽ മക്കൾ ഉണ്ടെങ്കിൽ ഭർത്താവിന് ആ അവശേഷിച്ച ആസ്തിയുടെ നാലിൽ ഒരു ഓഹരി ലഭിക്കുമ്പോൾ ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്ക്/ഭാര്യമാർക്ക് മക്കൾ ഉണ്ടെങ്കിൽ ആകെ ആസ്തിയുടെ എട്ടിൽ ഒരു ഓഹരിക്കു മാത്രമേ അവകാശം ഉള്ളൂ. ഇതേ ഓഹരി മക്കൾ ഇല്ലെങ്കിൽ ഭാര്യയുടെ ആസ്തിയിൽ ഭർത്താവിനു പകുതി ലഭിക്കുമ്പോൾ ഭാര്യയ്ക്ക്/ഭാര്യമാർക്ക് എല്ലാവർക്കും ചേർന്ന് നാലിൽ ഒരു ഓഹരിക്കു മാത്രമേ അവകാശം ഉള്ളൂ. ഈ സാഹചര്യം തന്നെയാണ് സഹോദര സഹോദരി ബന്ധങ്ങളിലും ബാധകമാവുക.
മക്കളിൽ ആൺമക്കള്‍ ഇല്ലാതെ വന്നാൽ ഒരു പെൺകുട്ടിയാണെങ്കിൽ ആകെ സ്വത്തിന്റെ പകുതി അവകാശത്തിനു മാത്രമേ ആ കുട്ടിക്കു അവകാശം ഉള്ളൂ. ഒന്നിൽ കൂടുതൽ പെൺമക്കൾ വന്നാൽ അവരുടെ അവകാശം ആകെ ആസ്തിയുടെ മൂന്നിൽ രണ്ടു ഭാഗം മാത്രമാണ്. എന്നാൽ, ആൺകുട്ടി ഒന്നായാലും ഒന്നിൽ കൂടിയാലും മുഴുവൻ ആസ്തികളും അയാൾക്ക് അല്ലെങ്കിൽ അവർക്കു മാത്രം അവകാശപ്പെട്ടതാണ്. (ഇന്ത്യയിൽ ഷിയാ മുസ്‌ലിങ്ങൾക്ക് പെൺകുട്ടിയോ പെൺകുട്ടികളോ മാത്രം ഉണ്ടായാൽ മുഴുവൻ ആസ്തിയും അവർക്കു ലഭിക്കുമെന്ന് ഇതേ ഖുർആൻ വ്യാഖ്യാനിച്ച് പണ്ഡിതന്മാർ കോടതിവിധികൾ സമ്മാനിച്ചിട്ടുണ്ട്).
ആധുനിക കാലത്ത് സിം കാർഡ് മുതൽ മൊബൈൽ പാസ്‌വേർഡ് പോലും അനന്തര സ്വത്തുക്കളായി വരും, ഇവിടെ ഒരറ്റ മകളോ പെൺകുട്ടികളോ മാത്രമുള്ള ഒരു കുടുംബം ആ അനന്തര സ്വത്ത് അനുഭവിച്ചുകിട്ടുന്നതിനുള്ള പ്രാരാബ്‌ധങ്ങൾ പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്. ഈ ഓഹരി രീതി വ്യക്തമാക്കുന്നത് തീർത്തും പുരുഷകേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥയിൽ രൂപംകൊണ്ട ഒരു നിയമം കാലാനുസൃതമായ വായനയ്ക്കും അനുഭവത്തിനും വിധേയമാകാതിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളാണ്. നാം സ്വാംശീകരിച്ച ആധുനികത മൂല്യബോധവും 1948-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനവും നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കും അന്തസ്സാർന്ന ജീവിതത്തിനുള്ള അവകാശത്തോടൊപ്പവും ചേർന്നുപോകുന്നതല്ല കടുത്ത സ്ത്രീ വിവേചനം പ്രത്യക്ഷത്തിൽ ബോധ്യമാകുന്ന ഈ അനന്തര അവകാശ പാറ്റേൺ. ഈ ഓഹരി അവകാശങ്ങൾ കടുത്ത ലിംഗവിവേചനവും മനുഷ്യത്വവിരുദ്ധവും അഭിമാനത്തിനെതിരുമാണ്. ഈ വിവേചനം 1947-ൽ സ്വാതന്ത്ര്യം ലഭിച്ച, 1949-ൽ ഭരണഘടന അംഗീകരിച്ച 1950-ൽ റിപ്പബ്ലിക്കായ ഒരു രാജ്യത്തെ വലിയ വിഭാഗം ജനങ്ങൾ അനുഭവിക്കുന്ന അനീതിയും വിവേചനവും പൊതു ഇടത്ത് ചർച്ച പോലും ആകാതെപോകുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്നത് പരിതാപകരമാണ്. 1937-ലെ ശരീഅത്ത് ആപ്ലിക്കേഷൻ നിയമമാണ് എല്ലാ കോടതികൾക്കു മുന്നിലും ഈ സ്ത്രീവിവേചനത്തിനു കുടപിടിച്ചു നൽകുന്നത്. ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്ത്രീകൾക്കും സ്ത്രീപക്ഷ നിലപാടുകള്‍ക്കും കാലാകാലങ്ങളായി സ്വീകരിക്കാറുണ്ടെങ്കിലും ഫലപ്രാപ്തിയിൽ എത്തിക്കാൻ എഴുപത്തിയേഴ് വർഷമായിട്ടും സാധിച്ചിട്ടില്ല എന്നതു ലജ്ജാകരമാണ്. മതം വിശ്വസിക്കുവാനും പ്രാക്ടീസ് ചെയ്യാനും അനുവാദം നൽകുന്ന ഭരണഘടന, ആ അവകാശത്തിന്റെ മറവിൽ പുരുഷൻ നേടുന്ന സാമ്പത്തികവും മാനസികവുമായ ആധിപത്യത്തെ അനുവദിച്ചുകൊടുക്കാൻ ബാധ്യസ്ഥരല്ലെന്ന് നമ്മുടെ കോടതികൾക്ക് ഇനിയും ബോധ്യപ്പെടേണ്ടിയിരിക്കുന്നു.
1954-ലാണ് നമ്മുടെ പാർലമെന്റ് സ്‌പെഷ്യൽ മാര്യേജ് ആക്ട് അംഗീകരിച്ചത്. ഈ ആക്‌ടിലെ 4, 15 എന്നീ വകുപ്പകൾ പ്രകാരമാണ് വിവാഹം നടത്തുക. നാലാം വകുപ്പ് പുതുതായി വിവാഹം കഴിക്കുന്നവർക്കാണെങ്കിൽ വകുപ്പ് 15, നേരത്തെ മറ്റു രീതിയിൽ വിവാഹം കഴിച്ചവരുടെ വിവാഹം ഈ നിയമത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വകുപ്പാണ്. SMA 15 പ്രകാരം രജിസ്റ്റർ ചെയ്യുന്നതോടെ ആചാര, മത വിവാഹിതരുടെ അവകാശങ്ങളിൽ മാറ്റം വരികയാണ്.
എന്തുകൊണ്ട് ഞങ്ങൾ SMA 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു
1994, ഒക്ടോബർ 6-ലാണ് ഞാനും ഡോക്ടർ ഷീനയും ഇസ്‌ലാം മതാചാരപ്രകാരം വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് മൂന്നു മക്കൾ, ജാസ്‌മിൻ, ജെബിൻ, ജെസഅ. ഇളയ ആൾ ഞങ്ങളിലേക്ക് വന്നത് 2008 മെയ് 13. മൂന്നും പെൺകുട്ടികൾ. അഭിഭാഷകൻ എന്ന നിലയിൽ പെൺകുട്ടികൾ മാത്രമുള്ള മുസ്‌ലിം കുടുംബത്തിനകത്ത് കാലശേഷം രൂപപ്പെട്ടുവരുന്ന നിരവധി അനുഭവങ്ങൾ നേരിൽ അറിയുവാൻ പലവട്ടം സാധിച്ചിട്ടുണ്ട്. മരണശേഷം, ഉപ്പയുടെ സിം കാർഡ് നിർത്തുവാൻ പ്രൊവൈഡർ അനന്തര അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതും അതിൽ പേര് എഴുതിയ മുഴുവൻ പേരും സമ്മതം തന്നാൽ മാത്രമേ നമ്പർ അനുവദിക്കുവാൻ നിയമം സമ്മതിക്കുന്നുള്ളൂ എന്നു പറഞ്ഞതും ഉപ്പയുടെ സഹോദരങ്ങൾ സ്വത്തിൽ ഭാഗം കഴിഞ്ഞു മതി സെൽനമ്പർ നിലനിർത്തുന്നത് എന്നു കട്ടായം പറഞ്ഞതുമൊക്കെ മുന്നിൽ വന്നു നിൽക്കുന്നുണ്ട്. ഇത്രയും സങ്കീർണ്ണവും ഗൗരവവുമായ ലിംഗവിവേചനം സമുദായത്തിനകത്തുള്ള സ്ത്രീകൾ നേരിടുന്നുണ്ടെന്നു പൊതുസമൂഹം അറിയുന്നതേയില്ല. സമുദായത്തിനകത്തുള്ള സ്ത്രീ കൂട്ടായ്മകൾ പുരുഷൻ ട്യൂൺ ചെയ്യുന്നതിനപ്പുറം കാഴ്ചപ്പാടുകൾ ഒന്നും പുറത്തു പറയുവാനും തയ്യാറല്ല. ഇത്രയും ഗുരുതരമായ വിവേചനം മുസ്‌ലിം സ്ത്രീ അനുഭവിക്കുന്നുണ്ടെന്നും അതവരുടെ അന്തസ്സ് ഇടിക്കുന്നുണ്ടെന്നും സമുദായത്തിനകത്തും പൊതുസമൂഹത്തിലും ചർച്ച ചെയ്യുന്നതിനും ഞങ്ങളുടെ മക്കൾക്ക് ഇന്ത്യയിലെ ഇതര സമുദായത്തിലെ പെൺകുട്ടികൾക്കു ലഭിക്കുന്ന നിയമപരമായ അസ്തിത്വം സ്ഥാപിച്ചുകൊടുക്കുന്നതിനുമായാണ് ഞാനും പാർട്ണർ ഷീനയും 2023 മാർച്ച് 8-ന് അന്തർദേശീയ വനിതാദിനത്തിൽ, ഞങ്ങളുടെ മതാചാരപ്രകാരം 1994 ഒക്ടോബർ 6-ന് നടത്തിയ നിക്കാഹ്, ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ ഓഫീസിൽ വെച്ച്, മക്കളേയും സുഹൃത്തുക്കളേയും സഹോദരൻ മുനീറിന്റെ പാർട്ണർ ഷാക്കിറയേയും സാക്ഷിയാക്കി SMA 15 പ്രകാരം രജിസ്റ്റർ ചെയ്തത്. ആ വിവാഹ രജിസ്‌ട്രേഷൻ സമൂഹം ഗൗരവത്തിൽ ചർച്ച ചെയ്യുകയും കടുത്ത സ്ത്രീ വിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ഉണ്ടായി.
1954-ലാണ് നമ്മുടെ പാർലമെന്റ് സ്‌പെഷ്യൽ മാര്യേജ് ആക്ട് അംഗീകരിച്ചത്. ഈ ആക്‌ടിലെ 4, 15 എന്നീ വകുപ്പകൾ പ്രകാരമാണ് വിവാഹം നടത്തുക. നാലാം വകുപ്പ് പുതുതായി വിവാഹം കഴിക്കുന്നവർക്കാണെങ്കിൽ വകുപ്പ് 15, നേരത്തെ മറ്റു രീതിയിൽ വിവാഹം കഴിച്ചവരുടെ വിവാഹം ഈ നിയമത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വകുപ്പാണ്. SMA 15 പ്രകാരം രജിസ്റ്റർ ചെയ്യുന്നതോടെ ആചാര, മത വിവാഹിതരുടെ അവകാശങ്ങളിൽ മാറ്റം വരികയാണ്.
1. നേരത്തെ ആചാരപ്രകാരം/മതാനുഷ്ഠാനപ്രകാരം നിലവിലുള്ള വിവാഹം അതേപടി നിലനിൽക്കും, എന്നാൽ വിവാഹമോചനം ആദ്യ വിവാഹപ്രകാരം ആയിരിക്കില്ല, സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ വകുപ്പുകൾ പ്രകാരം മാത്രം ആയിരിക്കും അഥവാ മുസ്‌ലിം പുരുഷന് ത്വലാഖ് വഴിയോ സ്ത്രീക്ക് ഖുല വഴിയോ മുസ്‌ലിം വിവാഹമോചന നിയമപ്രകാരമോ ഇരുകൂട്ടരും ചേർന്ന് മുബാറഅ വഴിയോ വിവാഹം പിരിയുവാൻ കഴിയില്ല.
2. മുസ്‌ലിം ഭർത്താവിന് ഒന്നിൽ കൂടുതൽ വിവാഹം അനുവദിക്കുന്നില്ല.
3. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് 1986-ലെ മുസ്‌ലിം വിവാഹമോചന സംരക്ഷണ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. BNSS 144 (CrPC 125) പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.
4. ഇരുകൂട്ടരുടേയും മരണശേഷം അവശേഷിക്കുന്ന എല്ലാ ആസ്തികളും അടുത്ത തലമുറയിലേക്ക് കൈമാറുന്നത് ഇന്ത്യൻ പിന്തുടർച്ചാനിയമം 1925 പ്രകാരം മാത്രമായിരിക്കും. ഈ കാര്യം സ്‌പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ 21 വ്യക്തമായി പറയുന്നു.
ഇക്കാര്യം കേരള ഹൈക്കോടതി 2024 സെപ്റ്റംബർ പുറപ്പെടുവിച്ച കെ.എം. മുഹമൂദ് എതിർ സി.പി. ആദം (2024(5) KLT 505) സുവ്യക്തമായി പറയുന്നുണ്ട്.
നിലവിൽ മുസ്‌ലിം സമുദായത്തിൽ പിറക്കുകയും ആ മതത്തിലെ അടിസ്ഥാന വിശ്വാസങ്ങളിൽനിന്നും വ്യതിചലിക്കാതെ ആധുനിക മനുഷ്യരുടെ അവകാശങ്ങളെ ഉൾകൊള്ളുന്നവർക്ക് നിയമപരമായി സ്വീകരിക്കാവുന്ന ഒരു വഴി മാത്രമാണ് SMA വിവാഹം.
മതാചാരപ്രകാരം വിവാഹം കഴിക്കുകയും പെൺമക്കൾ മാത്രം ആവുകയും ചെയ്താൽ അവർ മതാചാരപ്രകാരം വിവാഹമോചനം നടത്തിയാൽ അവർക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശം ബാധകമാകില്ല. ജീവിതപങ്കാളികളിൽ ഒരാൾ SMA വിവാഹ രജിസ്‌ട്രേഷൻ നടക്കുന്നതിനു മുന്‍പ് മരണപ്പെട്ടാൽ അവർക്കും ഇന്ത്യൻ പിന്തുടർച്ചാവകാശം ബാധകമാകില്ല. അതുകൊണ്ടുതന്നെ ഇതൊരു ശാശ്വത പരിഹാരമല്ല. സമുദായത്തിനകത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തിൽ പ്രതിഷേധമുള്ളവർക്ക് പ്രതിരോധം എന്ന നിലയിൽ സ്വീകരിക്കാവുന്ന ഒരു സമരമാർഗ്ഗം കൂടിയാണ് SMA 15 വിവാഹം.
1925-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിൽ വന്ന പിന്തുടച്ചാനിയമമാണ് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം. ഇവിടെ ഭാര്യയുടെ/ഭർത്താവിന്റെ ആകെ സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം ജീവിച്ചിരിക്കുന്ന ഇണയ്ക്ക് ലഭിക്കും. ബാക്കി മൂന്നിൽ രണ്ട് ഓഹരിയാണ് മക്കൾക്ക് ലഭിക്കുന്നത്. എന്നാൽ, മരിക്കുന്നതിനു മുന്‍പ് വിൽപ്പത്രം എഴുതി സ്വത്തുക്കൾ ആർക്കൊക്കെ ലഭിക്കണമെന്ന് കൃത്യമായ ഓഹരി പറയുന്നതിന് ഓരോരുത്തർക്കും ഈ നിയമം അവകാശം നൽകുന്നു. ശരീഅത്ത് വിൽപ്പത്രം സാധൂകരിക്കുന്നില്ല.
പെൺകുട്ടി/പെൺകുട്ടികൾ മാത്രമുള്ള രക്ഷിതാക്കൾക്ക് അവരുടെ മക്കൾക്ക് രാജ്യത്തെ ഇതര കുട്ടികളുടെ അതെ അഭിമാനബോധത്തോടെ ജീവിക്കുന്നതിന് പ്രാപ്തരാക്കുന്ന ഒരു ഉപാധികൂടിയായി SMA വിവാഹ രജിസ്‌ട്രേഷൻ കാണാം.
ബഹുഭാര്യത്വം
ഗാർഹിക പീഡനങ്ങളിൽനിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താൻ ഗാർഹിക പീഡന നിരോധനനിയമം അംഗീകരിച്ച ഒരു രാജ്യമാണ് നമ്മുടേത്. തുല്യതയും അന്തസ്സാർന്ന ജീവിതവും സ്ത്രീകൾക്ക് ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള അനേകം അന്തർദ്ദേശീയ കരാറുകളിൽ നമ്മുടെ രാജ്യം ഒപ്പുവെച്ചിട്ടുണ്ട്. ആ ഒപ്പിട്ട രാജ്യമെന്ന നിലയിലാണ് 2005-ലെ ഗാർഹിക പീഡന നിരോധന നിയമം നമ്മുടെ നിയമനിർമ്മാണസഭ അംഗീകരിച്ചതും രാജ്യത്ത് നിലവിൽ വന്നതും. ഈ നിയമം വീട്ടിനകത്ത് നേരിടുന്ന പീഡനങ്ങളെ 5 രീതിയിൽ തരം തിരിക്കുന്നു.
1. ശാരീരിക ദുരുപയോഗം( Physical Abuse)
2. ലൈംഗിക ദുരുപയോഗം( Sexual Abuse)
3. വാക്കാലുള്ള ദുരുപയോഗം ( Verbal Abuse)
4. വൈകാരിക ദുരുപയോഗം ( Emotional Abuse)
5. സാമ്പത്തിക ദുരുപയോഗം ( Economic Abuse)
ഇതിൽ ഏതെങ്കിലും ഒന്നോ ഒന്നിൽ കൂടുതലോ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കലും ആവർത്തിക്കുന്നത് തടയലുമാണ് ഈ നിയമംകൊണ്ട് ലക്ഷ്യമാക്കുന്നത്.
നമ്മുടെ രാജ്യത്ത് നിലവിലുള്ള ശരീഅത്ത് അനുസരിച്ച് ഒരു ഭാര്യ നിലവിലുള്ള മുസ്‌ലിം പുരുഷന് ആദ്യ ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ മറ്റൊരു വിവാഹകരാറിൽ ഏർപ്പെടുന്നതിന് നിലവിൽ യാതൊരു നിയമതടസ്സവും ഇല്ല.
ഒരു സ്ത്രീയുടെ ഭർത്താവ് ഇന്ത്യൻ സാഹചര്യത്തിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മതം അനുവദിക്കുന്നു എന്ന ബലത്തിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാൽ ആദ്യ ഭാര്യ കടന്നുപോകുന്നത് ഏതു തരത്തിലുള്ള അവസ്ഥയിൽ ആയിരിക്കും. തീർച്ചയായും മുകളിൽ ഉദ്ധരിച്ച പീഡന അവസ്ഥകളിൽ ഏറ്റവും ചുരുങ്ങിയത് രണ്ടവസ്ഥകളിൽ എങ്കിലും അവർ കടന്നുപോകും. സാധാരണനിലയിൽ ഭർത്താവിന് മറ്റൊരു പങ്കാളി വരുന്നതോടെ ഭാര്യയുടെ അവകാശം പകുതി ആവുകയാണ്. അവരുടെ അന്തസ്സും അധികാരവും നേർപകുതിയാവുകയാണ്. പുരുഷൻ എന്ന പ്രിവിലേജിൽ മതം മാത്രം നൽകുന്ന അധികാരബലത്തിൽ ഭാര്യയുടെ വൈകാരികതയോ മാനസികനിലയോ പരിഗണിക്കാതെ മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സ്ത്രീയുടെ അന്തസ്സിനു നേരെയുള്ള കയ്യേറ്റവുമാണ്. മുസ്‌ലിം പുരുഷന് 1937 ശരീഅത്ത് ആപ്ലിക്കേഷൻ നിയമത്തിന്റ പിൻബലത്തിൽ മാത്രം ലഭിക്കുന്ന അവകാശം പ്രായോഗികതലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിതം ദുസ്സഹമാവുന്നതിന് കാരണമാകുന്നുണ്ട്. ഇസ്‌ലാമിക രാജ്യമായി (തിയോക്രാറ്റിക്) പ്രഖ്യാപിച്ച പാകിസ്താനിൽ പോലും ആദ്യ ഭാര്യ അറിയാതെ മറ്റൊരു വിവാഹം സാധ്യമല്ല. ഒന്നിൽക്കൂടുതൽ വിവാഹം അനുവദിക്കുന്നിടത്തുപോലും ഖുർആൻ പറയുന്നത് ഒന്നിൽ കൂടുതൽ ഭാര്യമാർക്കിടയിൽ നീതി പുലർത്തുക സാധ്യമല്ല എന്നാണ്. പ്രായോഗിക തലത്തിൽ ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കിടയിൽ വലിയ തോതിൽ ബഹുഭാര്യത്വം കുറഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോഴും മുസ്‌ലിം സ്ത്രീയുടെ അഭിമാനത്തിനു നേരെയുള്ള ഭീഷണിയായി നിയമപരമായ അധികാരം നിലനിൽക്കുന്നുമുണ്ട്. പഴയ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പുതിയ പതിപ്പായ BNS-ലും മുസ്‌ലിം പുരുഷനു ബഹുഭാര്യത്വകവചം നിയമം ഒരുക്കിയിട്ടുണ്ട്.
ഇങ്ങനെ പലരേയും പ്രതിസന്ധിയിലാക്കുന്ന വ്യക്തിനിയമങ്ങളിൽ ആധുനിക മൂല്യബോധങ്ങളോട് ചേർന്നുപോകുന്ന മാറ്റം സമുദായം ആഗ്രഹിക്കുന്നു. എന്നതിന്റെ തെളിവുകളാണ് വർദ്ധിക്കുന്ന SMA 15 വിവാഹങ്ങൾ.
രാജ്യം റിപ്പബ്ലിക്കായിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും ശരീഅത്ത് ആപ്ലിക്കേഷൻ നിയമത്തിന്റെ മറവിൽ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീയുടെ ശബ്ദം എത്രകാലം അവഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക