ബാര്‍ കോഴക്കേസും സോളാര്‍ വിവാദങ്ങളും

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സോളാര്‍ കേസിന് പിന്നാലെ വന്ന ബാര്‍ കോഴക്കേസ് സോളാര്‍ വിവാദം കൊഴുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു
ബാര്‍ കോഴക്കേസും സോളാര്‍ വിവാദങ്ങളും

കേരള രാഷ്ട്രീയത്തില്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ സ്വാധീനം പരസ്യമായ രഹസ്യമാണ്. ഭരിക്കുന്നത് ഇടത് ആണെങ്കിലും വലതാണെങ്കിലും മദ്യ മുതലാളിമാര്‍ ഭരണത്തിന്റെ മധ്യഭാഗത്തു തന്നെയുണ്ടാവും. രാഷ്ട്രീയ കക്ഷികളുടെ ഫണ്ടിങ്ങിന്റെ പ്രധാന സ്രോതസ്സാണ് ബാറുടമകള്‍. പാര്‍ട്ടികളുടെ മാത്രമല്ല, ചില നേതാക്കളുടെ സ്വകാര്യ ഫണ്ടിന്റേയും ഉറവിടം അവര്‍ തന്നെ.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അല്ലാതേയും ബാര്‍ ഉടമകള്‍ സംഘടനാതലത്തില്‍ ടാര്‍ഗറ്റ് നിശ്ചയിച്ച് കൃത്യമായി പണം പിരിച്ച് എത്തേണ്ടിടത്ത് എത്തിക്കും. പ്രത്യുപകാരമായി ബാറുടമകള്‍ക്കുവേണ്ടി ഭരിക്കുന്നവര്‍ അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തും. മദ്യത്തിന്റെ വില കൂട്ടിയും ബാറിന്റെ പ്രവര്‍ത്തന സമയം കൂട്ടിയും കുറച്ചും ഡ്രൈഡെ വെറ്റ് ഡേയാക്കിയുമൊക്കെ അവരെ സഹായിക്കുമ്പോള്‍ പണം കൃത്യമായി പിരിച്ച് എത്തേണ്ടിടത്ത് എത്തിക്കും. ടൂറിസം വികസനത്തിന്റെ മറവില്‍ കൂടുതല്‍ ബാറുകള്‍ അനുവദിക്കും.

സെക്രട്ടറിയേറ്റിനു മുന്നിലെ ബ്രഹ്മാണ്ഡ ഉപരോധം പാളിയതിനെത്തുടര്‍ന്ന് മന്ദീഭവിച്ച സോളാര്‍ വിവാദത്തിന് ഇന്ധനം പകര്‍ന്ന് ആളിക്കത്തിച്ചതും മദ്യ മാഫിയ തന്നെ. സോളാര്‍ കമ്മിഷന്‍ അന്ത്യശാസനം നല്‍കിയിട്ടുപോലും വിവാദ കത്ത് കമ്മിഷന്‍ മുന്നില്‍ ഹാജരാക്കാതെ കോടതിയില്‍ പോയി അതിനെതിരെ സ്റ്റേ വാങ്ങിയ ആരോപണവിധേയ, ബാര്‍ ഉടമകളുടെ സംഘടന ഇടപെട്ടതോടെയാണ് കേസില്‍ മൊഴി മാറ്റിയതും ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ ലൈംഗിക ആരോപണവുമായി എത്തിയതും.

യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്ത് സോളാര്‍ കേസിനു പിന്നാലെ വന്ന ബാര്‍ അടച്ചുപൂട്ടലും ബാര്‍ കോഴ കേസും സോളാര്‍ വിവാദം കൊഴുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ആ സമയത്ത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലര്‍ ഉയര്‍ത്തിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും പ്രസ്താവനകളും പത്രസമ്മേളനങ്ങളും അതിനു തെളിവ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടച്ച ബാറുകളൊക്കെ തുറന്നുകൊടുക്കാമെന്ന പ്രതിപക്ഷത്തിന്റ ഉറപ്പ് അവര്‍ക്ക് ആവേശം പകര്‍ന്നു. യു.ഡി.എഫിന്റെ മദ്യനയത്തിന്റെ മറവില്‍ അതിനുള്ള അരങ്ങ് കോണ്‍ഗ്രസ്സില്‍ തന്നെ ഉയര്‍ന്നു.

മദ്യത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുക എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. എക്കാലത്തും നയമങ്ങനെയായിരുന്നുവെങ്കിലും ബാറുകളുടെ എണ്ണമൊന്നും ആരും കുറച്ചില്ല. ഒടുവില്‍ മദ്യം വിറ്റുകിട്ടുന്ന കാശിന്റെ ഒരു പങ്കുകൊണ്ട് മദ്യത്തിനെതിരായി ബോധവല്‍ക്കരണം നടത്തിയതുമാത്രം മിച്ചം. ബോധവല്‍ക്കരണം കൊണ്ടൊന്നും ആരും മദ്യപാനം നിര്‍ത്തിയതുമില്ല. എന്നാല്‍, ആ നയത്തില്‍ ആത്മാര്‍ത്ഥമായങ്ങു വിശ്വസിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ബാറുകളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. ആകെയുള്ള 800 ബാറുകളില്‍ പകുതി അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു. (സി.പി.എമ്മിനോ ഇടതു മുന്നണിക്കോ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നൊരു നയമില്ല എന്നതിനാല്‍ ഇതിനായി സര്‍ക്കാരിന്റെമേല്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദമില്ല). അടിസ്ഥാന സൗകര്യമില്ലാത്ത ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളടക്കം ബാറുകള്‍ പുതുക്കിക്കൊടുക്കുന്നതിനെ സുധീരന്‍ എതിര്‍ത്തു. ഇത്തരം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കുന്നതിനെതിരായ ഹൈക്കോടതിയുടെ വിധി കൂടി വന്നതോടെ 400-ല്‍ പരം ബാറുകള്‍ ഒറ്റയടിക്കു പൂട്ടി.

ഇങ്ങനെ പൂട്ടിയ ബാറുകളിലധികവും ഒരു സമുദായത്തില്‍പെട്ടവരുടേതാണെന്നു ചൂണ്ടിക്കാട്ടി ചിലര്‍ ബാര്‍ പൂട്ടലിനു വര്‍ഗ്ഗീയ നിറംകലര്‍ത്താന്‍ ശ്രമിച്ചു. മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാറുടമകളുടെ ആളാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു. ഇതേത്തുടര്‍ന്ന് മന്ത്രി സഭായോഗത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴിച്ചുള്ള എണ്ണൂറില്‍പ്പരം ബാറുകള്‍ ഒറ്റയടിക്കു പൂട്ടി ഉമ്മന്‍ ചാണ്ടി ഒരു ഷോക്ക്ട്രീറ്റ്മെന്റിനുതന്നെ മുതിര്‍ന്നു. കെ.പി.സി.സി നേതൃത്വംപോലും പ്രതീക്ഷിക്കാതിരുന്ന ആ വിപ്ലവകരമായ മദ്യവിരുദ്ധ തീരുമാനം എല്ലാവരേയും ഞെട്ടിച്ചു. ബാര്‍ പുതുക്കിനല്‍കലിന്റെ പേരില്‍, തന്നെ ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ നടത്തിയ കരുനീക്കത്തിനെതിരായ ഉമ്മന്‍ ചാണ്ടിയുടെ ബദല്‍ നീക്കമായാണ് അതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടത്.

എന്നാല്‍, ഇതിന്റെ പ്രത്യാഘാതം വലുതായിരുന്നു. ഇതോടെ ബാര്‍ ഉടമകള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുക മാത്രമാണ് പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ മാര്‍ഗ്ഗമെന്നു ബാര്‍ ഹോട്ടല്‍ ഉടമകള്‍ വിലയിരുത്തി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബാര്‍ ഉടമകളുടെ നീക്കത്തിന് സി.പി.എം രഹസ്യ പിന്തുണ നല്‍കി. ബാര്‍ ഉടമകളുമായി ചേര്‍ന്നു ഭരണമുന്നണിയില്‍ത്തന്നെയുള്ളവര്‍ അതിന് ഒത്താശ ചെയ്തുകൊടുത്തു. ഇതിനിടെ എക്സൈസ് മന്ത്രിയുമായി ഇടഞ്ഞ ഒരു പ്രമുഖ ബാര്‍ ഹോട്ടല്‍ ഉടമ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി. നിരവധി ബാറുകളുണ്ടായിരുന്ന ഈ അബ്കാരി വ്യവസായി സര്‍ക്കാരിനെതിരായ നീക്കത്തിനു ചരടുവലിച്ചു. ഈ നീക്കത്തിന്റെ തുടര്‍ച്ചയായാണ് തന്റെ അതുവരെയുള്ള നിലപാടില്‍നിന്നു മലക്കംമറിഞ്ഞ് സരിത ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ ആരോപണങ്ങളുമായി വന്നത്. ഈ സമയത്ത് ഇ.പി. ജയരാജനും മറ്റും സരിതയ്ക്ക് രഹസ്യ പിന്തുണയുമായി എത്തിയതായും ആരോപണമുയര്‍ന്നു. ജയരാജനും ബാര്‍ ഉടമകളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടന്നതായും വാര്‍ത്തകളുണ്ടായി. ഇടതു സര്‍ക്കാര്‍ മദ്യനയം മാറ്റുമെന്നും അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കുമെന്നും സി.പി.എം കേന്ദ്രങ്ങളില്‍നിന്നു ബാര്‍ ഉടമകള്‍ക്ക് ഉറപ്പു കിട്ടി. അത് ഉമ്മന്‍ ചാണ്ടിക്കെതിരായ നീക്കത്തിനു ബാര്‍ മാഫിയയ്ക്കുള്ള ഗ്രീന്‍ സിഗ്‌നലായി. തുടര്‍ന്നു ബാര്‍ ഉടമകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇടത് നേതാക്കളില്‍നിന്നുണ്ടായി. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് സരിത മൊഴിമാറ്റുകയും വിവാദ കത്ത് കമ്മിഷനു മുന്നില്‍ ഹാജരാക്കുകയും ചെയ്ത നാടകീയ രംഗങ്ങള്‍ ഉണ്ടായത്. ഈ സമയത്തൊക്കെ ഒരു ബാര്‍ ഉടമ കഥാനായികയെ ആലുവയില്‍ ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചു മൊഴിമാറ്റം ആസൂത്രണം ചെയ്യുകയായിരുന്നു. വിലപേശി പലരില്‍ നിന്നായി പണം പിടുങ്ങാന്‍ ഒളിപ്പിച്ചുവെച്ച കത്ത് പൊടുന്നനെ കമ്മിഷനു മുന്നില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ അതിനു പിന്നില്‍ ലക്ഷങ്ങള്‍ ഒഴുകിയെന്നു വ്യക്തം.

കെ. ബാബു, കെ.എം.മാണി
കെ. ബാബു, കെ.എം.മാണി
ബാര്‍ ലൈസന്‍സ് പുതുക്കിക്കിട്ടുന്നതിന് ബാര്‍ ഉടമകള്‍ ധനമന്ത്രി കെ.എം. മാണി, എക്സൈസ് മന്ത്രി കെ. ബാബു എന്നിവര്‍ക്കു വന്‍ തുക കോഴ നല്‍കി എന്നതായിരുന്നു വെളിപ്പെടുത്താന്‍.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇങ്ങനെ?

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബാര്‍ ഉടമകളുടെ നീക്കത്തിനു അരങ്ങൊരുക്കാനാണ് ബാര്‍കോഴക്കേസ് ഉണ്ടാക്കിയത്. അതു വളരെ ആസൂത്രിതമായിരുന്നു. ധനമന്ത്രി കെ.എം. മാണിയെ കേന്ദ്രീകരിച്ചായിരുന്നു നീക്കം. സോളാര്‍ വിവാദം കെട്ടടങ്ങിനിന്ന സമയത്ത് 1994-ല്‍ മനോരമ ചാനലിലെ ഒരു ചര്‍ച്ചയ്ക്കിടയില്‍ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹി ബിജു രമേശ് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. ബാര്‍ ലൈസന്‍സ് പുതുക്കിക്കിട്ടുന്നതിന് ബാര്‍ ഉടമകള്‍ ധനമന്ത്രി കെ.എം. മാണി, എക്സൈസ് മന്ത്രി കെ. ബാബു എന്നിവര്‍ക്കു വന്‍ തുക കോഴ നല്‍കി എന്നതായിരുന്നു വെളിപ്പെടുത്താന്‍. ആദ്യഘട്ടമായി പൂട്ടിയ 418 ബാറുകള്‍ തുറക്കാനാണ് കെ.എം. മാണിക്കു കൈക്കൂലി നല്‍കിയതെന്നു ബിജു ആരോപിച്ചു. പണത്തിനായി ധനമന്ത്രി മാണി ഇതു സംബന്ധിച്ച ഫയല്‍ നിയമമന്ത്രി എന്ന നിലയില്‍ ക്വറിയിട്ട് തന്റെ ഓഫീസില്‍ പിടിച്ചുവെച്ചതായിട്ടായിരുന്നു ആരോപണം. മൊത്തം അഞ്ചു കോടി രൂപയാണ് കെ.എം. മാണി ആവശ്യപ്പെട്ടതെന്നും ആദ്യ ഗഡുവായി ഒരു കോടി രൂപ നല്‍കിയെന്നും ബിജു രമേശ് ആരോപിച്ചു.

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കെ. ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ഓരോ കോടി രൂപ വീതം കൊടുത്തതായും ബിജു പറഞ്ഞു.

ബാര്‍ കോഴ വിവാദമായതോടെ കോഴക്കേസ് പിന്‍വലിക്കാന്‍ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തതായിക്കൂടി ബിജു രമേശ് പറഞ്ഞതോടെ മാണിക്കെതിരായ പ്രതിപക്ഷ നീക്കം ശക്തമായി. മാണിയെ എങ്ങനേയും മന്ത്രിസഭയില്‍നിന്നു പുറത്തുചാടിച്ച് ഇടതുമുന്നണിയിലേയ്ക്ക് കൊണ്ടുവരിക എന്ന തന്ത്രവുമുണ്ടായിരുന്നു.

2014-ല്‍ കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തില്‍, നാലു വര്‍ഷത്തിനിടയില്‍ പല നേതാക്കള്‍ക്കായി 20 കോടി നല്‍കിയെന്ന് ഒരു ഭാരവാഹി പറയുന്നത് ഒളിക്യാമറയിലുടെ പുറത്തുവന്നത് എരിതീയില്‍ എണ്ണയൊഴിച്ചു. ഈ ഒളിക്യാമറ നാടകവും ആസൂത്രിതമായിരുന്നു. വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം വെച്ചാണ് മാണി കോഴക്കാശ് എണ്ണുന്നതെന്ന് വി.എസ്. ആരോപിച്ചു. പ്രതിപക്ഷ സമ്മര്‍ദ്ദം ശക്തമായതോടെ 2014 ഡിസംബര്‍ 10-ന് ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഇതിനിടെ മാണി കോഴ വാങ്ങിയത് തനിക്കറിയാമെന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണം കൂടി പുറത്തുവരുന്നു. ആരോപണങ്ങളും അത് ബലപ്പെടുത്താനുള്ള രഹസ്യ സംഭാഷണങ്ങളുടെ ചോര്‍ത്തലുമെല്ലാം ബാര്‍ മാഫിയയുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഒടുവില്‍ ധനമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന സി.പി.എമ്മിന്റെ നിലപാടും അതിന്റെ പേരില്‍ നിയമസഭയില്‍ അരങ്ങേറിയ കോലാഹലങ്ങളും ചരിത്രത്തിന്റെ ഭാഗം.

ഹൈക്കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയിന്മേല്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് കോടതി കെ.എം. മാണിക്കെതിരെ നടത്തിയ ''സീസറിന്റെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം'' എന്ന പരാമര്‍ശം മാണിയുടെ രാജിക്കു വഴിയൊരുക്കി. പിന്നാലെ കോടതി പരാമര്‍ശനങ്ങളെത്തുടര്‍ന്നുതന്നെ മന്ത്രി കെ. ബാബുവും രാജിവയ്ക്കുന്നു.

കെ.എം. മാണിയുടെ രാജിയോടെ ബാര്‍ കോഴ വിവാദം തല്‍ക്കാലം അവസാനിച്ചെങ്കിലും മാണിയുടെ നേതൃത്വത്തില്‍ ഇടത് പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കാനും അങ്ങനെ ആ മന്ത്രിസഭയില്‍ അംഗമാകാനും പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ നീക്കം നടന്നു. കേരള കോണ്‍ഗ്രസ് എം. മുന്നണി വിട്ടാല്‍ രണ്ടുപേരുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. എ.കെ.ജി സെന്ററില്‍നിന്നു ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതോടെ പി.സി. ജോര്‍ജ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനേയും കണ്ടു. കെ. കരുണാകരന്റെ പിന്തുണയോടെ ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാരുടെ ഫിക്‌സഡ് ഡപ്പോസിറ്റുമായി നീങ്ങി പരാജയപ്പെട്ടതിന്റെ ദുരനുഭവമുള്ള വി.എസ്. പക്ഷേ, ആ നീക്കത്തെ അനുകൂലിച്ചില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത കണ്ട ജോസ് കെ. മാണിയും ജോര്‍ജിന്റെ നീക്കത്തെ തള്ളിയതോടെ ആറു മാസമെങ്കിലും മുഖ്യമന്ത്രിയായിരിക്കാനുള്ള കെ.എം. മാണിയുടെ സ്വപ്നം പൊലിഞ്ഞു.''

ഇതിനിടെ ബാര്‍ ഉടമകള്‍ സോളാര്‍ വിവാദം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടിക്കതിരെ കരുനീക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. ബാര്‍ വിഷയവും സോളാര്‍ വിഷയവും കെട്ടുപിണച്ച് ഉമ്മന്‍ ചാണ്ടിക്കു നേരെ തിരിച്ചുവിട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സോളാര്‍ വിവാദത്തിന്റെ മറവില്‍ നടത്തിയ പ്രചാരണം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ഗുണം ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

ഇടത് സര്‍ക്കാരിന്റെ കാലത്ത് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാര്‍ കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കെ.എം. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് അവസാനിപ്പിച്ച അന്വേഷണമാണ് രമേശ് ചെന്നിത്തലയെ ലക്ഷ്യമാക്കി വീണ്ടും കുത്തിപ്പൊക്കിയത്. ബാര്‍ക്കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.എല്‍. ജേക്കബ് എന്നൊരാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് 2019-ല്‍ ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു അന്വേഷണത്തിനു നീക്കം. എന്നാല്‍, കൈക്കൂലി നല്‍കിയതിനു സാക്ഷിയായി ബിജു രമേശ് അവതരിപ്പിച്ച മുന്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി അതു നിഷേധിച്ചതോടെ രണ്ടാമത്തെ കേസും തള്ളിപ്പോയി. ഇതിനിടെ ബാര്‍ കോഴക്കേസില്‍ തുടക്കത്തില്‍ എല്ലാ പിന്തുണയും നല്‍കിയ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ പിന്നീട് മാണിയെ ഇടതുമുന്നണിയിലേയ്ക്ക് കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായി ബാര്‍ക്കോഴ കേസ് വിഷയത്തില്‍ താല്പര്യം കാണിക്കാതായെന്ന് ബിജു രമേശ് ആരോപിച്ചു. വെടക്കാക്കി മാണി കോണ്‍ഗ്രസ്സിനെ തനിക്കാക്കുക എന്ന അവസരവാദ രാഷ്ട്രീയം സി.പി.എം നടപ്പാക്കുന്നതു പിന്നീട് കേരളം കാണുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ തന്നെ പീഡിപ്പിച്ചു എന്നു പരാതി നല്‍കാനായി സി.പി.എം നേതാക്കള്‍ പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സരിതയുടെ വെളിപ്പെടുത്തല്‍ കാണേണ്ടത്. ആദ്യം മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞ സരിത ഇന്ത്യ ടുഡേ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലും ആരോപണം ആവര്‍ത്തിച്ചു. ഈ പത്തുകോടി വാഗ്ദാനത്തിനു പിന്നില്‍ ബാര്‍ മാഫിയയും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിരുന്നു. എന്തായാലും പിന്നീട് സരിത ആ പത്തുകോടി വാഗ്ദാനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവര്‍ പെട്ടെന്നു മൗനിയായി. അധികം വൈകാതെ ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിയുകയും ചെയ്തു.

ബാര്‍ കോഴക്കേസും സോളാര്‍ വിവാദങ്ങളും
സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍
സരിത എസ്. നായര്‍ വാര്‍ത്താസമ്മേളനത്തില്‍
സരിത എസ്. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ tvm..........kaviyoor santhosh

കത്തെഴുതിയെഴുതി സരിത

സരിതയുടെ കത്തു സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതു സംബന്ധിച്ചു ജയില്‍ മേധാവിയായിരുന്ന ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, കമ്മിഷനു നല്‍കിയ മൊഴി സുപ്രധാനമാണ്. താന്‍ ഡി.ജി.പി ആയിരുന്ന കാലത്ത് രണ്ടു തവണ സരിത എസ്. നായര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ആദ്യത്തേത് 2010 ഏപ്രിലില്‍ ഒരു വഞ്ചനക്കേസില്‍ പ്രതിയായി റിമാന്‍ഡ് തടവുകാരിയായി പൂജപ്പുര വനിതാ ജയിലില്‍. ആ സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നു. ജയിലില്‍ കിടന്ന് അവര്‍ പ്രസവിച്ചു. രണ്ടാമത്തേത് 2013 ജൂണില്‍ സോളാര്‍ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്തു കാക്കനാട് ജയിലിലും അട്ടക്കുളങ്ങര ജയിലിലും പത്തനംതിട്ട ജയിലിലും. പത്തനംതിട്ട ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ദേഹ പരിശോധനയില്‍ സരിതയുടെ കൈവശം എഴുതിയ കുറെ പേപ്പറുകള്‍ കണ്ടുവെന്നും ജയില്‍ വാര്‍ഡര്‍ അവ പിടിച്ചെടുത്തുവെന്നും അദ്ദേഹത്തിന്റെ മൊഴി. ഇത് ശരിവയ്ക്കുന്നതാണ് പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ മൊഴിയും.

എഴുതാന്‍ ഉപയോഗിച്ച പേപ്പര്‍ ജയിലില്‍നിന്നോ പൊലീസ് സ്റ്റേഷനില്‍നിന്നോ നല്‍കിയതല്ലെന്ന് സൂപ്രണ്ട് പറഞ്ഞതായി അലക്‌സാണ്ടര്‍ ജേക്കബ്. 21 പേജില്‍ അത് ഡയറിക്കുറിപ്പുകളുടെ മട്ടിലായിരുന്നു. ആര്‍ക്കും എഴുതിയ പരാതി ആയിരുന്നില്ല. പരാതി അല്ലാത്തതിനാല്‍ സരിതയുടെ അമ്മയോ അഭിഭാഷകനോ ആവശ്യപ്പെട്ടാല്‍ കത്ത് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ജയില്‍ നിയമപ്രകാരം ഔദ്യോഗികമായി ഒരു രേഖ നല്‍കുന്നതിനു പേജിന്റെ താഴെ ഒപ്പുവച്ച് മുദ്ര പതിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു തടവുകാരി തയ്യാറാക്കിയ കുറിപ്പ് കേസ് നടത്തുന്ന അഭിഭാഷകനു നല്‍കുന്നതിന് ഈ നടപടിക്രമം പാലിക്കേണ്ടതില്ല. ഇത്തരം കുറിപ്പുകള്‍ ജയില്‍ സൂപ്രണ്ട് വായിക്കാനും പാടില്ല. പിന്നീട് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കത്ത് കൈപ്പറ്റി അത് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അതിനു ശേഷം കോടതിയില്‍ ഹാജരാക്കുന്നതിന് സരിത നല്‍കിയ കത്തില്‍ നാലു പേജ് മാത്രമാണ് ഉണ്ടായിരുന്നത് എന്നു സൂപ്രണ്ട് പറഞ്ഞതായി ഡി.ജി.പി മൊഴി നല്‍കി.

എന്നാല്‍, പിന്നീട് ഫെനി ബാലകൃഷ്ണനില്‍നിന്നു കത്തു വാങ്ങി സൂക്ഷിച്ച ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ്കുമാറിന്റെ മൊഴി അനുസരിച്ച് കത്തിന് 25 പേജ് ഉണ്ടായിരുന്നു. ഒടുവില്‍ നാലു പേജ് ഉള്ള ഒരു കത്ത് മാത്രമാണ് കോടതി മുന്‍പാകെ ഹാജരാക്കിയതെന്നും പ്രദീപ് പറയുന്നു.

ഫെനി ബാലകൃഷ്ണന്‍ സരിതയുടെ കത്ത് വായിച്ചിരുന്നു. കത്തില്‍ രേഖപ്പെടുത്തിയ വ്യക്തികളുടെ പേരുകള്‍ ചാനലുകാരോട് താന്‍ പറഞ്ഞിട്ടില്ല എന്നു ഫെനി. ഒരു ചാനലില്‍ വന്ന കത്ത് അവരുടെ കയ്യക്ഷരത്തിലായിരുന്നില്ല. ഇതിനിടെ കൈരളി ചാനലിന്റെ അവതാരകന്‍ ടെലിഫോണിലൂടെ തന്നെ ബന്ധപ്പെടുകയും ടി.വി കാണാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നു ഫെനി പറയുന്നു. മാധ്യമങ്ങളെ സരിത കാണിച്ച കത്തിന്റെ ഒരു പേജിലെ വ്യക്തികളുടെ പേരുകള്‍ സംബന്ധിച്ചായിരുന്നു വാര്‍ത്ത. എന്നാല്‍, ടി.വിയില്‍ കണ്ട കത്തിലെ കയ്യക്ഷരം തന്റേതായിരുന്നില്ല എന്നു പറഞ്ഞ് സരിത പിന്നീട് കത്തിന്റെ സാധുത നിഷേധിച്ചു.

കത്തിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍, പ്രദീപ് കുമാര്‍, ശരണ്യ മനോജ്, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്ന് കമ്മിഷന്‍തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീടു സി.ബി.ഐയും ഇതു സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു നടന്ന ഈ നാടകത്തിന്റെ പിന്നിലെ ചരടുകള്‍ വ്യക്തമായിരുന്നു. സരിതയുടെ കത്ത് കമ്മിഷന്റെ അന്വേഷണ വിഷയങ്ങള്‍ക്കു പുറത്തായിരുന്നെങ്കില്‍പ്പോലും ഒരു മടിയും കൂടാതെ കമ്മിഷന്‍ അത് രേഖയായി സ്വീകരിക്കുകയും ചെയ്തു. പ്രസക്തമായ ചോദ്യം സുപ്രധാനമായ ഈ കേസില്‍ പരസ്പര വിരുദ്ധമായ നാലു കത്തുകള്‍ ഉണ്ടായിരുന്നിട്ടും കമ്മിഷന്‍ എന്ത് അടിസ്ഥാനത്തിലാണ് ഒരു കത്തു മാത്രം ആധികാരികമാക്കിയത് എന്നതാണ്. ഹൈക്കോടതിയും പിന്നീട് ഇതേ സംശയം ഉന്നയിക്കുന്നുണ്ട്.

ബാര്‍ കോഴക്കേസും സോളാര്‍ വിവാദങ്ങളും
കോമഡിയായി മാറിയ സോളാര്‍ കമ്മീഷന്‍
കെ.ബി. ഗണേഷ് കുമാര്‍
കെ.ബി. ഗണേഷ് കുമാര്‍

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കോടതി തള്ളി

ഇതിനിടെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളി. അതിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക തട്ടിപ്പ് അന്വേഷണവും വിജിലന്‍സ് അന്വേഷണവും ചവറ്റുകുട്ടയിലെറിഞ്ഞു.

അന്വേഷണവിഷയത്തില്‍ പോലും പെടാത്ത, സോളാര്‍ കേസിലെ പ്രതിയുടെ വ്യാജനിര്‍മ്മിതമായ ഒരു കത്തിനെമാത്രം അടിസ്ഥാനമാക്കി എഴുതിക്കൂട്ടിയ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ച കോടതി അതിനുമേല്‍ അനാവശ്യ തിടുക്കം കാട്ടിയ സര്‍ക്കാരിനേയും കുറ്റപ്പെടുത്തി. പത്രസമ്മേളനം വിളിച്ച് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ അമിതാവേശത്തെ പരിഹസിച്ചു. അന്വേഷണം പ്രഖ്യാപിച്ച ശേഷമാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതി ജസ്റ്റിസ് അര്‍ജിത് പസായത്തിന്റെ നിയമോപദേശം തേടിയതെന്നതും കോടതിയുടെ വിമര്‍ശനത്തിനു പാത്രമായി. ആ നിയമോപദേശമാകട്ടെ, തുടര്‍ന്നുള്ള അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതുമായി. വ്യാജമായി തയ്യാറാക്കിയ ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ഒരു റിപ്പോര്‍ട്ട് പടച്ചുണ്ടാക്കിയതും നിയമാനുസൃതമായി നിലനില്‍ക്കുന്നതുമല്ലെന്നു കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ:

ശിവരാജന്‍ കമ്മിഷന്‍ രൂപവല്‍ക്കരിച്ച വേളയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്തപ്പോള്‍ അതിന് അധികാരപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് വാങ്ങിയില്ല. ഇങ്ങനെയൊരു കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അന്വേഷണവിഷയം സംബന്ധിച്ച കാര്യങ്ങളില്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. കത്തില്‍ ആരോപിക്കുന്ന ലൈംഗിക പരാതികള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മിഷന് അധികാരമില്ല. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചു മാത്രമേ അത്തരമൊരു അന്വേഷണം പാടുള്ളൂ. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇത്തരമൊരു കത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പെടുത്തുന്നതിനു മുന്‍പ് നിയമപ്രകാരം ഹര്‍ജിക്കാരന് നോട്ടീസ് നല്‍കുകയോ അദ്ദേഹത്തെ കേള്‍ക്കുകയോ ചെയ്തില്ല.

വിചിത്രമെന്നു പറയട്ടെ, സോളാര്‍ കമ്മിഷനെത്തന്നെ അപ്രസക്തമാക്കി ഇങ്ങനെയൊരു ഹൈക്കോടതി വിധി ഉണ്ടായിട്ടും അതിനു വേണ്ടത്ര പ്രചാരം നല്‍കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. പരാതിക്കാരിയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കി ഉമ്മന്‍ ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് കാറ്റില്‍പറത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിനു കിട്ടിയ നല്ലൊരു അവസരമായിരുന്നു. വിധിക്കു പ്രചാരം നല്‍കാനും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനും കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലെന്നതില്‍ പലരും നിരാശരായിരുന്നു. നിരവധി ഹൈക്കോടതി വിധികള്‍ക്കിടയിലെ ഒരു വിധി മാത്രമായി അതങ്ങു വിസ്മരിക്കപ്പെട്ടുപോയി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൊഴി നല്‍കാനായി കമ്മിഷനു മുന്നില്‍ ചെലവഴിച്ചത് ഏഴു ദിവസം. റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ നീക്കിവച്ചത് 575 പേജ്. വിസ്തരിച്ചത് 214 സാക്ഷികളെ. സോളാര്‍ അന്വേഷണം ഐതിഹാസികമായ സംഭവമാണെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ കമ്മിഷന്‍ പറയുന്നു. ആ 'ഐതിഹാസിക സംഭവ'മാണ് പിന്നീട് അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിനു മുന്നില്‍ ചാപിള്ളയായത്.

ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പല സൂചനകളും നല്‍കുന്നുണ്ടെങ്കിലും കേസായി മാറിയത് ഒന്നുമാത്രം. അത് അഭിഭാഷകന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് ഗണേഷിനെതിരെ കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ കേസ്. ആ കേസില്‍ ഗൂഢാലോചനയിലെ മുഖ്യ പ്രതി ഇപ്പോള്‍ മന്ത്രിക്കസേരയില്‍ ഇരിക്കുന്ന കെ.ബി. ഗണേഷ്‌കുമാറും.

ഉമ്മന്‍ ചാണ്ടിയെ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സരിത എസ്. നായരുടെ കത്ത് വ്യാജമാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുധീര്‍ ജേക്കബ് കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയില്‍ ഗണേഷ് കുമാറിനെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തത്. 21 പേജുള്ള സരിത എസ്. നായരുടെ ഒറിജിനല്‍ കത്ത് തിരുത്തി ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തി 25 പേജ് ആക്കിയതിനു പിന്നില്‍ ഗണേഷ് കുമാര്‍ ആണ് എന്നതായിരുന്നു സുധീര്‍ ജേക്കബിന്റെ പരാതി. സുധീര്‍ ജേക്കബിന്റെ ഈ ഹര്‍ജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ കേസില്‍ അന്വേഷണം നടക്കണം എന്ന പരാമര്‍ശത്തോടെയാണ് ഹൈക്കോടതി ജസ്റ്റിസ് സി.വി. കുഞ്ഞിക്കൃഷ്ണന്‍ ഹര്‍ജി തള്ളിയത്.

കേസിലെ പരാതിക്കാരുമായി ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്നതാണ് കേസ്. ഗൂഢാലോചന നടത്തിയെന്നത് ആരോപണമായി നിലനില്‍ക്കുന്ന കാലത്തോളം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഗണേഷ് കുമാര്‍ നിരപരാധിയാണെങ്കില്‍ അതും തെളിയണം. അതുകൂടി പരിഗണിച്ചാണ് കേസ് തുടരണം എന്ന തീരുമാനത്തിലെത്തിയതെന്ന് വിധിയില്‍ പറയുന്നു.

പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമാണ് സുധീര്‍ ജേക്കബിന്റെ പരാതി. ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി എതിര്‍കക്ഷികളായ ഗണേഷ് കുമാറിനും പരാതിക്കാരിക്കും നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ഗണേഷിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ആരോപണങ്ങള്‍ തെറ്റെന്നു കണ്ടാല്‍ പരാതിക്കാരനെതിരെ ഗണേഷിനു നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു എന്നതിനു ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന തെളിവുകള്‍ ഇതൊക്കെയാണ്. പത്തനംതിട്ട ജയിലില്‍നിന്നു പരാതിക്കാരി ഫെനി ബാലകൃഷ്ണന്‍ മുഖേന കൊടുത്തുവിട്ട കത്തിന് 21 പേജ് ആണ് ഉണ്ടായിരുന്നത്. 21 പേജ് ഉണ്ടായിരുന്നു എന്നുള്ളതിന് ജയില്‍ സൂപ്രണ്ട് വിശ്വനാഥ കുറുപ്പ് ഫെനി ബാലകൃഷ്ണനില്‍നിന്ന് ഒപ്പിട്ടു വാങ്ങിയ രസീത് തെളിവ്. എന്നാല്‍, പരാതിക്കാരി പിന്നീട് കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ കത്തിന് 25 പേജ്. ഫെനി ബാലകൃഷ്ണന്‍ പിന്നീട് പത്രസമ്മേളനം നടത്തിയും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതിക്കാരി ഉമ്മന്‍ ചാണ്ടിയുടേത് ഉള്‍പ്പെടെയുള്ള പേരുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി ചൂണ്ടിക്കാണിക്കുന്നു. ഈ വ്യാജനിര്‍മ്മിത കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ നടപടി ശുപാര്‍ശ ചെയ്തത്.

സരിതയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി കത്തില്‍ പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ത്തു എന്ന വാദം ഗണേഷ് കുമാര്‍ കോടതിയില്‍ നിഷേധിച്ചു. തിരുത്തിയെന്നു പറയുന്ന കത്തും സരിത എസ്. നായരുടെ കൈവശം തന്നെയാണ് എന്നതിനാല്‍ അതെങ്ങനെ വ്യാജമായി നിര്‍മ്മിച്ചതാവും എന്ന ചോദ്യവും ഗണേഷ് കുമാര്‍ ഉന്നയിക്കുന്നു.

ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന രണ്ടുപേരുടെ മൊഴികളും കേസില്‍ ഗണേഷിനു കുരുക്കായിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന സി.ഡബ്ല്യു 5 സരിതയുമായി ഗണേഷ് കുമാര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഗണേഷ് കുമാറിന് സരിതയുടെമേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫിന്റെ മൊഴിയിലെ പ്രസക്തഭാഗം ഹൈക്കോടതി ഇങ്ങനെ ഉദ്ധരിക്കുന്നു: ''മന്ത്രി ആകാനുള്ള ആഗ്രഹം അദ്ദേഹം ചില നേതാക്കളെ അറിയിച്ചു. എന്നാല്‍, ചില കാരണങ്ങളാല്‍ അതിനു സാധിച്ചില്ല. മന്ത്രി ആകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആ സമയത്ത് ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍, മന്ത്രി ആകാത്തതിലുള്ള നീരസം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോട് തുറന്നു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കു ഞാന്‍ പണികൊടുക്കും എന്നും ഇവന്മാരെയൊക്കെ പെണ്ണുകേസില്‍ പെടുത്തുമെന്നും ഇവന്മാര്‍ അനുഭവിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.'' ക്രോസ് വിസ്താരം നടക്കാത്തതുകൊണ്ട് ഈ മൊഴി തെളിവായി സ്വീകരിക്കാന്‍ ആവില്ലെങ്കിലും പറഞ്ഞത് പേഴ്സണല്‍ സ്റ്റാഫ് ആണെന്നത് കണക്കിലെടുക്കുമ്പോള്‍ ഇതു പ്രസക്തമാണ്. സ്റ്റാഫ് ആയിരുന്ന സി.ഡബ്ല്യു 8-ഉം സമാനമായ മൊഴി നല്‍കിയിരിക്കുന്നു. ഒരു ദിവസം രാവിലെ താന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഗണേഷ് കുമാറും സരിതയും അവിടെ ഉണ്ടായിരുന്നുവെന്നും ''സി.എമ്മിനെക്കൂടി ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ ശരിയാവില്ല; ബാക്കിയെല്ലാം എന്റെ കയ്യില്‍ ഉണ്ട്'' എന്ന് ഗണേഷ് കുമാര്‍ സരിതയോട് പറയുന്നത് കേട്ടതായും മൊഴി നല്‍കിയിരിക്കുന്നു. വിസ്താരം നടക്കാത്തതിനാല്‍ കോടതിയില്‍ നല്‍കിയ ഈ മൊഴിയും തെളിവായി സ്വീകരിക്കുന്നില്ല. എങ്കിലും ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍ ഇതും പ്രസക്തമാണെന്നു ഹൈക്കോടതി വിലയിരുത്തി. ഇതിനുപുറമേ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് മുതല്‍ ഗണേഷ് കുമാര്‍ തന്നോട് നീരസത്തിലായിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ മൊഴിയും പ്രാധാന്യമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

(തുടരും)

ബാര്‍ കോഴക്കേസും സോളാര്‍ വിവാദങ്ങളും
ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.