
ഉചിതമായ സമയത്ത് ഉചിതമായ ചുവടുകൾ
പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' സർക്കാർ രൂപീകരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞ മറുപടിയാണ് ഇത്. രാഷ്ട്രീയ പക്വതയോടെ, ദീർഘവീക്ഷണത്തോടെ എടുത്ത തീരുമാനമായിരുന്നു അത്. അടുത്ത അഞ്ച് വർഷവും ഭരണപക്ഷത്തിനുമേൽ പൊളിറ്റിക്കൽ പൊലീസിങ് എന്ന പ്രതിപക്ഷ ദൗത്യം നിർവ്വഹിക്കുമെന്ന് വ്യക്തമാക്കുന്ന മറുപടി. അജയ്യനായി, ദൈവാവതാരമെന്ന് സ്വയം വിശേഷിപ്പിച്ച് അനായാസേന ജയിച്ചുകയറാനിറങ്ങിയ നരേന്ദ്ര മോദിയെ വിറപ്പിച്ച തന്ത്രങ്ങൾക്കു പിന്നിൽ ഖാർഗെയുടെ ബുദ്ധിയുണ്ടെന്നത് ഇന്നാർക്കും നിഷേധിക്കാനാകില്ല.
52 സീറ്റെന്ന തകർന്ന അവസ്ഥയിൽനിന്ന് 100-ലേക്ക് എത്തിയ കോൺഗ്രസ്സിന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് ഈ മനുഷ്യനു അവകാശപ്പെട്ടതാണ്. കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്കുള്ള ഖാർഗെയുടെ വരവ് പാർട്ടി നടത്തിയ ഒരു പരീക്ഷണമായിരുന്നു. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ 24 വർഷത്തിനുശേഷം പ്രസിഡന്റായപ്പോൾ എന്താകുമെന്നു നിശ്ചയമില്ലാത്തൊരു പരീക്ഷണം. ആ പരീക്ഷണം പക്ഷേ, ഉചിതസമയത്ത് എടുത്ത ഉചിത തീരുമാനമായി ഇന്ന് വിലയിരുത്തപ്പെടുന്നു.
സംഘ്പരിവാറിന്റെ നിതാന്ത വിമർശകൻ. ആശയപരമായി അടിവേരിൽ ആക്രമിക്കുന്ന ശൈലിയും ശീലവും. ഞങ്ങൾ നിങ്ങളെപ്പോലെ അധിനിവേശം നടത്തിയ ആര്യൻമാരല്ല എന്ന ലോക്സഭയിലെ പ്രസംഗം തന്നെ ഉദാഹരണം.
അഞ്ച് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവക്കരുത്തുമായാണ് ഖാർഗെ കോൺഗ്രസ്സിനെ രക്ഷിക്കാനിറങ്ങിയത്. സംഘ്പരിവാർ രാഷ്ട്രീയം ഭരണഘടന തന്നെ മാറ്റിമാറിക്കുന്ന കാലം ആ ലക്ഷ്യം അനിവാര്യമാക്കിത്തീർത്തു. അർഹതപ്പെട്ട സ്ഥാനങ്ങൾ പലപ്പോഴും കിട്ടിയിട്ടില്ലെങ്കിലും ഒരുകാലത്തും പാർട്ടിയോടു പിണങ്ങാതെ നിന്ന നേതാവാണ് ഖാർഗെ. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ. രാഷ്ട്രീയപക്വതയുള്ള ട്രബിൾ ഷൂട്ടർ. പ്രായോഗികതയ്ക്ക് മുൻതൂക്കം. ആരോടും പിണക്കമില്ല, വൈരം സൂക്ഷിക്കാറുമില്ല. നാസ്തികൻ. അംബേദ്കർ ഐഡിയോളജിയിൽ അടിയുറച്ച രാഷ്ട്രീയ ജീവിതം. സാമൂഹിക ശാക്തീകരണത്തിന്റെ പ്രയോഗമാതൃകകൾ നടപ്പാക്കിയാണ് ശീലം. സംഘ്പരിവാറിന്റെ നിതാന്ത വിമർശകൻ. ആശയപരമായി അടിവേരിൽ ആക്രമിക്കുന്ന ശൈലിയും ശീലവും. ഞങ്ങൾ നിങ്ങളെപ്പോലെ അധിനിവേശം നടത്തിയ ആര്യൻമാരല്ല എന്ന ലോക്സഭയിലെ പ്രസംഗം തന്നെ ഉദാഹരണം.
138 വർഷത്തെ കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ഖാർഗെ. 1996-ൽ പ്രസിഡന്റാകുമ്പോൾ സീതാറാം കേസരിക്ക് 77 വയസ്സായിരുന്നു. പ്രായം തന്നെയായിരുന്നു അദ്ധ്യക്ഷസ്ഥാനത്തേക്ക് ഖാർഗെയും മത്സരിക്കുമ്പോൾ ഉയർന്നുകേട്ടതും. മാറ്റത്തിനുവേണ്ടി കൊതിച്ചവർ പ്രായാധിക്യം ചൂണ്ടിക്കാട്ടി തരൂരിനു പിന്നിൽ അണിനിരന്നു. പക്ഷേ, ഇന്ന് കോൺഗ്രസിന്റെ മാത്രമല്ല, മുന്നണിയിലെ പാർട്ടികളെയാകെ നയിക്കുന്നത് ഖാർഗെയുടെ ചടുലനീക്കങ്ങളാണ്.
ജനാധിപത്യം ഖാർഗെയിൽതന്നെ തുടങ്ങി എന്നുവേണം കരുതാൻ. പ്രവർത്തകസമിതിയിലേക്ക് ഖാർഗെ ആദ്യം മുന്നോട്ടുവെച്ച പേര് ശശി തരൂരിന്റേതായിരുന്നു.
ഇത്തവണ കോൺഗ്രസ് പോരിനിറങ്ങുമ്പോൾ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിക്കപ്പെട്ടിരുന്നു. സ്ഥാനാർത്ഥികളുടെ പ്രചരണത്തിനുപോലും പണമില്ലാത്ത അവസ്ഥ. പരാജയപ്പെട്ട, ആത്മവിശ്വാസം നഷ്ടപ്പെട്ട കുറേ നേതാക്കൾ മാത്രം ശേഷിച്ചു. പല ജില്ലകളിലും കോൺഗ്രസ് പ്രവർത്തകർ പോലുമില്ല. സംഘടനാസംവിധാനമില്ലാത്ത മണ്ഡലങ്ങൾ ഒട്ടേറെ. ഈ യാഥാർത്ഥ്യത്തിൽനിന്നാണ് ഖാർഗെ പാർട്ടിക്ക് ആത്മവിശ്വാസം നൽകിയത്. അസാധാരണ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർഭയനായി നടക്കുക എന്നത് മാത്രമാണ് ഖാർഗെയ്ക്ക് ചെയ്യാനുണ്ടായിരുന്നത്. ജനാധിപത്യം ഖാർഗെയിൽതന്നെ തുടങ്ങി എന്നുവേണം കരുതാൻ. പ്രവർത്തകസമിതിയിലേക്ക് ഖാർഗെ ആദ്യം മുന്നോട്ടുവെച്ച പേര് ശശി തരൂരിന്റേതായിരുന്നു. പാർട്ടി അദ്ധ്യക്ഷപദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച വ്യക്തിയെ ഒട്ടും മടികൂടാതെ അദ്ദേഹം സ്വീകരിക്കുകയായിരുന്നു. അത്തരം ജനാധിപത്യ സംസ്‌കാരം സംഘടനയിൽനിന്നുതന്നെ തുടങ്ങിവച്ചു.
മപ്പണ്ണ പിന്നീട് ജോലി ചെയ്തിരുന്ന ബസവനഗറിലെ എം.എസ്.കെ മില്ലിലെ കുട്ടികൾക്ക് പഠിക്കാൻ കെട്ടിയ ഒരു താൽകാലിക ഷെഡിലായിരുന്നു ഖാർഗെ വിദ്യാഭ്യാസം തുടങ്ങിയത്.
നടന്നെത്തിയ വഴികൾ
കർണാടകയിലെ പിന്നാക്ക ഗ്രാമത്തിൽ ദളിത് കുടുംബത്തിൽ ജനിച്ച് പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനം വരെ ഖാർഗെ നടന്നെത്തിയ വഴികൾ അത്ര ലളിതമല്ല. ജാതിവ്യവസ്ഥയ്ക്കും സംഘപരിവാറിനും എതിരെ എല്ലാക്കാലത്തും നിലകൊണ്ട ഖാർഗെ താനൊരു ബുദ്ധാനുയായിയും അംബേദ്കർ അനുഭാവിയുമാണെന്ന് പറയും. പഠനകാലത്ത് അറിയപ്പെടുന്ന കബഡി കളിക്കാരനും മികച്ച ഫുട്ബോൾ താരവും ഹോക്കി കളിക്കാരനുമായിരുന്നു. കർണാടകയിലെ ബീഡർ ജില്ലയിലെ വരവട്ടി ഗ്രാമത്തിലായിരുന്നു 1942-ൽ ഖാർഗെയുടെ ജനനം. സായിഭാഭയും മപ്പണ്ണ ഖാർഗെയുടേയും പുത്രൻ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കൊടുമ്പിരിക്കൊണ്ട സമരങ്ങൾ ഖാർഗെയുടെ ഗ്രാമത്തേയും ബാധിച്ചു. കലാപകാരികൾ അക്രമം അഴിച്ചുവിട്ടു. തീവയ്ക്കപ്പെട്ട ഒട്ടേറെ വീടുകളിലൊന്നിൽ ഖാർഗെയുടേതായിരുന്നു. ഖാർഗെയുടെ അമ്മയും സഹോദരിയും വീടിനുള്ളിൽ വെന്തുമരിച്ചു. ആറ് വയസ്സുകാരനായ ഖാർഗെയേയും പിതാവ് മപ്പണ്ണയേയും മാത്രമാണ് ആ കലാപം ബാക്കിവച്ചത്.
ജീവൻ രക്ഷിക്കാൻ കാടുകളിലൊളിച്ച് ഇരുളിന്റെ മറവിൽ പലായനം ചെയ്ത ബാല്യത്തിന്റെ വേദന ഖാർഗെയുടെ വാക്കുകളിൽനിന്ന് പൊടിയും. കള്ളു ചെത്തുന്ന തോട്ടത്തിൽ ഇരുവരും അഭയം തേടി. പിന്നീട് നിമ്പൂരിൽ മപ്പണ്ണയുടെ സഹോദരിയായ നീലവ്വയുടെ വീട്ടിലേക്ക്. അവിടെ കന്നുകാലികളെ മേയ്ക്കുകയായിരുന്നു ഖാർഗെയുടെ ജോലി. അതുകൊണ്ടുതന്നെ സ്‌കൂളിൽ പോകാൻ പറ്റിയിട്ടില്ല. എന്നാൽ, തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി ഖാർഗെയെ അഭിഭാഷകനാക്കണമെന്നായിരുന്നു മപ്പണ്ണയുടെ ആഗ്രഹം. അങ്ങനെ നിമ്പൂരിൽനിന്ന് ബസവനഗറിലേക്കും ഗുൽബർഗയിലേക്കും അവരുടെ വിലാസം മാറി.
മപ്പണ്ണ പിന്നീട് ജോലി ചെയ്തിരുന്ന ബസവനഗറിലെ എം.എസ്.കെ മില്ലിലെ കുട്ടികൾക്ക് പഠിക്കാൻ കെട്ടിയ ഒരു താൽകാലിക ഷെഡിലായിരുന്നു ഖാർഗെ വിദ്യാഭ്യാസം തുടങ്ങിയത്. ആ ഷെഡ്ഡിന്റെ അവസ്ഥ കണ്ട് മഹാരാഷ്ട്രയിലെ ഒരു എൻ.ജി.ഒ കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്തു. അതുകൊണ്ടുതന്നെ പഠനം മറാഠ മീഡിയത്തിലായി. പിന്നീട് പഠിച്ച ഗുൽബർഗ ഗവ. കോളേജിലെ ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു ഖാർഗെ. സേത് ശങ്കർലാൽ ലോ കോളജിൽനിന്ന് അഭിഭാഷക ബിരുദമെടുത്ത ശേഷം ഖാർഗെ വാദിച്ച കേസുകൾ മുഴുവനും തൊഴിലാളികൾക്കും പിന്നാക്ക വിഭാഗത്തിൽപെട്ടവർക്കും വേണ്ടിയുള്ളതായിരുന്നു. അധികാര രാഷ്ട്രീയത്തോട് ഖാർഗെയ്ക്ക് അന്നും താല്പര്യം തോന്നിയിട്ടില്ല. മറിച്ച് സമൂഹത്തിൽ പാർശ്വവൽകരിക്കപ്പെട്ടവർക്കുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു ആ ജീവിതം. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ വളരെ പെട്ടെന്ന് അദ്ദേഹം ജനപ്രിയനായി. അങ്ങനെ പൊതുപ്രവർത്തനരംഗത്തേക്കുമെത്തി.
കർണാടക നിയമസഭയിൽ ഖാർഗെ നിറഞ്ഞുനിന്ന 36 വർഷത്തിനിടയിൽ ഭാഗ്യനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. മന്ത്രിയായും രണ്ട് തവണ പ്രതിപക്ഷനേതാവായും തിളങ്ങിയ ഖാർഗെയ്ക്ക് മൂന്നു തവണ മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയി.
റവന്യൂമന്ത്രിയായപ്പോൾ കെട്ടിക്കിടന്ന എട്ടരലക്ഷം കേസുകളിൽ നാലര ലക്ഷം കേസുകൾ ഒറ്റയടിക്ക് തീർപ്പാക്കി. ട്രൈബ്യൂണലുകളുടെ എണ്ണം വർദ്ധിപ്പിച്ചും നിയമഭേദഗതി വരുത്തിയുമായിരുന്നു ഈ നീക്കം. സഹകരണമന്ത്രിയായിരുന്നപ്പോൾ കോപറേറ്റീവ് സൊസൈറ്റി ആക്ടും ഭേദഗതി ചെയ്തു. പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ പ്രാതിനിധ്യം ബോർഡിൽ ഉറപ്പുവരുത്താനായിരുന്നു നീക്കം. ഖാർഗെ ആഭ്യന്തരമന്ത്രിയായപ്പോൾ രാജ്യത്തെത്തന്നെ ആദ്യ സൈബർ ക്രൈം സ്റ്റേഷൻ ബംഗളുരുവിൽ തുടങ്ങി.
കർണാടക കെ.എസ്.ആർ.ടി.സിയിലാണ് രാജ്യത്ത് ആദ്യമായി സ്വീഡിഷ് വോൾവോ ബസുകൾ ഓടിത്തുടങ്ങിയത്. നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കോടിയ ഈ മാതൃക നടപ്പാക്കിയത് ഖാർഗെ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ്. ആദ്യമത്സരം മുതൽ തുടർച്ചയായി ഒൻപതു തവണയാണ് കർണാടക നിയമസഭയിലേക്ക് ഖാർഗെ ജയിച്ചത്. അതിൽ എട്ട് തവണയും ഗുർകട്മില്ലിൽ നിന്നായിരുന്നു.
കർണാടക നിയമസഭയിൽ ഖാർഗെ നിറഞ്ഞുനിന്ന 36 വർഷത്തിനിടയിൽ ഭാഗ്യനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. മന്ത്രിയായും രണ്ട് തവണ പ്രതിപക്ഷനേതാവായും തിളങ്ങിയ ഖാർഗെയ്ക്ക് മൂന്നു തവണ മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയി. 1999-ൽ എസ്.എം. കൃഷ്ണയ്ക്കും 2004-ൽ ധരംസിങ്ങിനും 2013-ൽ സിദ്ധരാമയ്യയ്ക്കും ഖാർഗെ വഴിമാറിക്കൊടുത്തു. പക്ഷേ, ഒരു ഘട്ടത്തിലും വിയോജിപ്പിന്റെ ഒരു പരസ്യപ്രതികരണത്തിനും മുതിർന്നതുമില്ല. എസ്.എം. കൃഷ്ണയാകട്ടെ, പിന്നീട് ബി.ജെ.പിയിലേക്ക് മാറുകയും ചെയ്തു. 2004-ൽ ജനതാദളുമായി ചേർന്ന് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്ന ആദ്യപേര് ഖാർഗെയുടേതായിരുന്നു. എന്നാൽ, ഖാർഗെയുടെ സുഹൃത്തും പി.സി.സി അദ്ധ്യക്ഷനുമായ ധരം സിങ്ങിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ധരം സിങ്ങിന്റെ മന്ത്രിസഭയിൽ ഖാർഗെ അംഗവുമായി.2005-ൽ കർണാടക പി.സി.സി അദ്ധ്യക്ഷപദവിയിലേക്ക് ഉയർന്ന ഖാർഗെയുടെ നേതൃത്വത്തിൽ 2008-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പക്ഷേ, അദ്ദേഹത്തിന് തിരിച്ചടിയായി. 224-ൽ 110 സീറ്റ് നേടി ബി.ജെ.പി ആദ്യമായി ദക്ഷിണേന്ത്യയിൽ ഒറ്റയ്ക്ക് ഭരണം പിടിച്ചു. സീറ്റ് നില 65-ൽനിന്ന് 80-ലേക്ക് ഉയർത്തിയെങ്കിലും ഭരണത്തിൽനിന്ന് ഏറെ അകലെയായിരുന്നു കോൺഗ്രസ്. എന്നാൽ, പിന്നാലെ 2009-ൽ കോൺഗ്രസ് പകുതിയോളം ലോക്സഭാ സീറ്റിൽ വിജയം നേടുമ്പോഴേക്കും അദ്ധ്യക്ഷപദവിയിൽ ആർ.വി. ദേശ്പാണ്ഡ എത്തി. 2013-ൽ വീണ്ടും കോൺഗ്രസ് അധികാരം നേടിയപ്പോൾ ആദ്യ പരിഗണന ഖാർഗെയ്ക്കായിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിയായിരുന്ന ഖാർഗെയെ കൊണ്ടുവരാതെ ജനതാദളിൽനിന്ന് കോൺഗ്രസ്സിൽ എത്തിയ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
ഖാർഗെയുടെ സാന്നിധ്യം പാർലമെന്റിൽ ആവശ്യമാണെന്ന തോന്നലിലാണ് ഹൈക്കമാൻഡ് രാജ്യസഭയിലേക്ക് എത്തിച്ചത്. ജയിച്ചു വന്നയുടൻ രാജ്യസഭയിലെ കോൺഗ്രസ്സിന്റെ നേതാവുമായി.
2009-ലാണ് ഖാർഗെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2009-ൽ ഗുൽബർഗ പാർലമെന്റ് മണ്ഡലത്തിൽനിന്ന് ജയിച്ച് മൻമോഹൻസിങ് സർക്കാരിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള പദ്ധതി അടക്കം വിഭാവനം ചെയ്യപ്പെട്ടത് ഖാർഗെ ഉൾപ്പെട്ട രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ്.
പാർലമെന്റിൽ സഭാനേതാവ് എന്ന പദവി ലഭിക്കുന്നതാകട്ടെ, തികച്ചും യാദൃച്ഛികമായും. കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ തോൽവി നേരിട്ട 2014-ൽ സഭാനേതാവായി ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 44 അംഗങ്ങൾ മാത്രമുണ്ടായിരുന്ന കോൺഗ്രസ്സിന് പ്രതിപക്ഷനേതാവിന്റെ സ്ഥാനം പോലും കിട്ടിയില്ല. കമൽനാഥ്, അശോക് ചവാൻ, വീരപ്പ മൊയ്ലി, അമരിന്ദർ തുടങ്ങിയവരെയൊക്കെ മാറ്റി ഖാർഗെയ്ക്കാണ് ഈ ചുമതല നൽകിയത്. നിലപാടിലുറച്ച്, ചട്ടവും നിയമവശങ്ങളും പഠിച്ച് അവതരിപ്പിച്ച ഖാർഗെ സർക്കാരിനു വെല്ലുവിളിയുമായി. 2019-ൽ പക്ഷേ, ചരിത്രത്തിലാദ്യമായി ഖാർഗെ തോറ്റു. ഒരിക്കൽകൂടി കോൺഗ്രസ്സിന് പ്രതിപക്ഷ സ്ഥാനം നഷ്ടമാകുകയും ചെയ്തു. എന്നാൽ, ഖാർഗെയുടെ സാന്നിധ്യം പാർലമെന്റിൽ ആവശ്യമാണെന്ന തോന്നലിലാണ് ഹൈക്കമാൻഡ് രാജ്യസഭയിലേക്ക് എത്തിച്ചത്. ജയിച്ചു വന്നയുടൻ രാജ്യസഭയിലെ കോൺഗ്രസ്സിന്റെ നേതാവുമായി.
പാർട്ടിയുടെ തലപ്പത്തേക്ക്
കോൺഗ്രസ്സിന്റെ നിലനിൽപും പാർട്ടി മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഖാർഗെ അദ്ധ്യക്ഷപദം ഏറ്റെടുത്തത്. നെഹ്റുവും ഇന്ദിരയും രാജീവും നരസിംഹറാവുവും പ്രധാനമന്ത്രിമാരായിരുന്ന സമയത്തുതന്നെ പാർട്ടിയുടെ അദ്ധ്യക്ഷന്മാരുമായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയാകാനും അദ്ധ്യക്ഷയാകാനും സോണിയാഗാന്ധി തയ്യാറായിരുന്നില്ല. എന്നാൽ, അദ്ധ്യക്ഷനായിരുന്ന സീതാറാം കേസരിയുടെ കാലത്ത് പാർട്ടി നാനാവിധമാകുമെന്ന് പരാതിപ്രവാഹമുണ്ടായി. ഇതിനിടയിൽ ബി.ജെ.പിയുടെ പിന്തുണയിൽ മമത തൃണമൂൽ രൂപീകരിച്ചു. ഒടുവിൽ 1998-ൽ സോണിയ അദ്ധ്യക്ഷയെന്ന് പ്രവർത്തകസമിതി തീരുമാനിച്ചു. 1999-ൽ സോണിയ വിദേശിയെന്ന വിഷയം പി.എ. സാങ്മയും ശരദ് പവാറും ഉന്നയിച്ചു. അന്ന് അവർ അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പിന്നാലെ പവാറും സംഘവും ചേർന്ന് എൻ.സി.പിയുണ്ടാക്കി.
2004-ൽ യു.പി.എ അധികാരത്തിലേറിയപ്പോഴും പ്രധാനമന്ത്രിയാകാൻ സോണിയ തയ്യാറായില്ല. പകരം മൻമോഹനെ നിയോഗിച്ചു. ഇതിനിടയിൽ കോൺഗ്രസിന് പാർട്ടി തലത്തിലും അല്ലാതേയും തിരിച്ചടികളുണ്ടായി. വൈ.എസ്.ആറിനെപ്പോലുള്ള നേതാക്കൾ വഴിപിരിഞ്ഞു. ഭരണനടപടികളിലൂടെ പാർട്ടി ശക്തപ്പെടുത്താമെന്ന പ്രതീക്ഷ ഇല്ലാതായി. വലതുപക്ഷ രാഷ്ട്രീയ പ്രചരണങ്ങളിൽ പാർട്ടിയും ഭരണവും വീണു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരനഷ്ടം തുടർന്നു.
ചരിത്രത്തിൽതന്നെ കോൺഗ്രസ് തിരിച്ചടി നേരിട്ടു. പാർട്ടിയെ അടിമുടി അഴിച്ചുപണിയാനും ജനാധിപത്യരീതികൾ നടപ്പാക്കാനും രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും മുതിർന്ന നേതാക്കളുടെ പിന്തുണ കിട്ടിയില്ല. മുതിർന്നവരെ ഒഴിവാക്കുന്നതിനെ സോണിയ അനുകൂലിച്ചതുമില്ല. രാഹുൽ ഉപാധ്യക്ഷനും അദ്ധ്യക്ഷനുമായെങ്കിലും പാർട്ടിക്ക് രക്ഷയുണ്ടായില്ല. ഗാന്ധി കുടുംബം മാറിയാലേ കോൺഗ്രസ് രക്ഷപ്പെടൂവെന്ന ബി.ജെ.പിയുടെ വാദം കോൺഗ്രസ്സിനുള്ളിലും ഉയർന്നു. അങ്ങനെയാണ് അദ്ധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. മാറ്റത്തിനായി വാദിക്കുന്നവരുടെ സ്ഥാനാർത്ഥിയായി ശശി തരൂർ വന്നെങ്കിലും ഭൂരിഭാഗം പേരും തുണച്ചത് ഖാർഗെയെ.
പലവിധ പ്രതിബന്ധങ്ങളുണ്ടായിട്ടുകൂടി സഖ്യത്തെ തെരഞ്ഞെടുപ്പുവരെ കൊണ്ടെത്തിച്ചതിന്റെ ക്രെഡിറ്റ് പൂർണമായും അദ്ദേഹത്തിനു തന്നെയാണ്. മൂന്നാം മുന്നണി വേണ്ടെന്നും ഒരൊറ്റ മുന്നണി മതിയെന്നും തീരുമാനിച്ചതിനു പിന്നിലും ഖാർഗെയായിരുന്നു.
സഖ്യത്തിന്റെ അമരക്കാരൻ
ആത്മവിശ്വാസത്തോടെ പാർട്ടിയെ നയിക്കാനും സംഘടനാപരമായി ശക്തിപ്പെടുത്താനും തെരഞ്ഞെടുപ്പുകൾക്കായി സജ്ജമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നേതാക്കൾക്കിടയിലെ തർക്കങ്ങൾ രമ്യമായി പരിഹരിച്ചു. ഒത്തുതീർപ്പില്ലാത്ത കഠിനാധ്വാനവും പ്രശ്നങ്ങളുടെ രാഷ്ട്രീയതലങ്ങൾ വേഗം മനസ്സിലാക്കാനുള്ള ശേഷിയും ഖാർഗെയ്ക്കുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണ് 'ഇന്ത്യാ' സഖ്യം. പലവിധ പ്രതിബന്ധങ്ങളുണ്ടായിട്ടുകൂടി സഖ്യത്തെ തെരഞ്ഞെടുപ്പുവരെ കൊണ്ടെത്തിച്ചതിന്റെ ക്രെഡിറ്റ് പൂർണമായും അദ്ദേഹത്തിനു തന്നെയാണ്. മൂന്നാം മുന്നണി വേണ്ടെന്നും ഒരൊറ്റ മുന്നണി മതിയെന്നും തീരുമാനിച്ചതിനു പിന്നിലും ഖാർഗെയായിരുന്നു. മതനിരപേക്ഷ സോഷ്യലിസ്റ്റ് ഐക്യത്തിന് ആഹ്വാനം ചെയ്ത മുന്നണിയാകണമെന്നും കോൺഗ്രസ് തീരുമാനമെടുത്തിരുന്നു. നിതീഷിന്റെ കാലുമാറ്റവും സീറ്റ് വിഭജന ചർച്ചകളുമൊക്കെ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ നേതൃമികവുകൊണ്ടാണ്.
ജനാധിപത്യത്തിന്റെ ശക്തി നല്ല പ്രതിപക്ഷമാണെന്ന ബോധ്യമുള്ളതുകൊണ്ടാവണം മികച്ച പ്രതിപക്ഷമായി മാറാൻ 'ഇന്ത്യ' മുന്നണിയെ അദ്ദേഹം ഒരുക്കിയെടുത്തത്. അദ്ധ്യക്ഷനായി ചുമതലയെടുത്തശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കർമ്മസമിതി രൂപീകരിച്ചതാണ് ഖാർഗെ നടത്തിയ ആദ്യ നീക്കം. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യനിരയും കെട്ടിപ്പടുക്കാനായി. ഇതിനിടയിൽ ഭരണപക്ഷം ഖാർഗെയെ ലക്ഷ്യമിട്ടു പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വിമർശനവാക്കുകളിലെ മൂർച്ചയും വിട്ടുവീഴ്ചയില്ലാത്ത നിലപാടും കാരണം ആ വിവാദങ്ങളൊക്കെ കെട്ടടങ്ങുകയായിരുന്നു. ബി.ജെ.പിക്കാരുടെ വീട്ടിലെ നായപോലും രാജ്യത്തിനുവേണ്ടി ജീവൻ നൽകിയിട്ടില്ലെന്നും അവർ ഇപ്പോൾ രാജ്യസ്നേഹികളായി മാറിയെന്നും ഭാരത് ജോഡോ പദയാത്രയിൽ പങ്കെടുത്ത് ഖാർഗെ പറഞ്ഞത് വിവാദമായി. മാപ്പ് പറയണമെന്ന വാദം അദ്ദേഹം തള്ളുകയും ചെയ്തു. മോദിയെ രാവണൻ എന്ന് വിളിച്ചതിനെച്ചൊല്ലി വിവാദം പുകഞ്ഞു.
വോട്ടെണ്ണലിനു മുൻപ് ഭരണഘടനയെ മുൻനിർത്തി, ആരെയും ഭയപ്പെടാതേയും സമർപ്പണത്തിനു വിധേയരാകാതേയും തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിക്കാൻ ഉദ്യോഗസ്ഥരോട് ഖാർഗെ ആഹ്വാനം ചെയ്തു. വോട്ടെടുപ്പിനുശേഷം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിക്ക് വിജയ സർട്ടിഫിക്കറ്റ് ലഭിക്കും വരെ സഖ്യത്തിന്റെ ഏജൻസികൾ കേന്ദ്രങ്ങളിൽ തുടരണമെന്ന് അനുശാസിച്ചു. വോട്ടെണ്ണൽ സുതാര്യമാണെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ടു. കൃത്യമായ സമയത്ത് പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ ഉറപ്പിക്കുന്നതിന് ഇത് സഹായിച്ചു. ബി.ജെ.പി നേതാക്കളുടെ അവഹേളനങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ ഒറ്റക്കെട്ടാണെന്നും ഐക്യം തുടരുമെന്നും ഖാർഗെ ആവർത്തിച്ചുകൊണ്ടിരുന്നു.
എക്സിറ്റ് പോളുകളുടെ ചർച്ചകൾ ബഹിഷ്‌കരിക്കാൻ പാർട്ടി തീരുമാനിച്ചെങ്കിലും പിന്നീടത് പിൻവലിച്ചു. തോൽവി സമ്മതിച്ചതാണ് എക്സിറ്റ് പോൾ ചർച്ചകളിൽനിന്നും പിന്മാറിയതെന്നായിരുന്നു ബി.ജെ.പി ആരോപണം. ചർച്ചകൾ ഏകപക്ഷീയമായാലുള്ള തിരിച്ചടി മുൻകൂട്ടി കണ്ടായിരുന്നു ഈ തിരുത്ത്. അതേ സമയം വോട്ടിങ് ഡാറ്റ, പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഖാർഗെ കൊമ്പുകോർത്തു. ഖാർഗെ 'ഇന്ത്യാ'സഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്തിന് കടുത്ത ഭാഷയിൽ കമ്മിഷൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനു നേരിട്ടു നൽകിയ നിരവധി പരാതികൾ തീർപ്പാകാതെ കിടക്കുമ്പോൾ, സഖ്യകക്ഷികളായ നേതാക്കൾക്ക് താൻ അയച്ച കത്തിനോട് കമ്മിഷൻ ഉടനടി പ്രതികരിച്ചത് അത്ഭുതപ്പെടുത്തിയെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഏതായാലും പ്രായോഗിക രാഷ്ട്രീയത്തിലെ ജയപരാജയങ്ങൾക്കപ്പുറം ജനാധിപത്യത്തിന്റെയും മതേതര സംസ്‌കാരത്തിന്റേയും ഭരണഘടനയുടേയും നിലനിൽപിനും ഖാർഗെയെപ്പോലെ ദിശാബോധമുള്ള ഒരു നേതാവിനെ വേണ്ടതുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ