എം.ടി പറഞ്ഞത് ശാസ്ത്രം തെളിയിച്ചു; കണ്ണാന്തളിപ്പൂക്കള്‍ക്ക് പുന്നെല്ലിന്റെ മണമാണോ?

എം.ടി പറയുന്ന ചെമ്പന്‍, ചീര, തവളക്കണ്ണന്‍ എന്നിങ്ങനെയുള്ളവ നാടന്‍ നെല്‍വിത്തുകളുടെ ഗന്ധം സംബന്ധമായി ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ, നെല്ലിന് മണമുണ്ടാവുന്നത് അസെറ്റൈല്‍ പൈറോലിന്‍ എന്ന ഗന്ധസംയുക്തത്തിന്റെ സാന്നിധ്യം മൂലമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
എം.ടി പറഞ്ഞത് ശാസ്ത്രം തെളിയിച്ചു;
കണ്ണാന്തളിപ്പൂക്കള്‍ക്ക് 
പുന്നെല്ലിന്റെ മണമാണോ?

ത്ര നിറങ്ങളാണ്, എത്ര ഗന്ധങ്ങളാണ്, എത്ര വിസ്മയങ്ങളാണ് എനിക്ക് നഷ്ടപ്പെട്ടത്? ബാല്യകാലത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കല്‍ എം.ടി. ഇങ്ങനെ പരിതപിച്ചിരുന്നു. ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ കുട്ടികള്‍ മത്സരിച്ച് പൂതേടുമായിരുന്നു. വന്നേരിക്കാര്‍ എന്ന അച്ഛന്റെ വീട്ടുകാര്‍ ഓണം പത്തുദിവസം ആഘോഷിക്കുമായിരുന്നുവെങ്കിലും ''പൂക്കളുടെ കാര്യത്തില്‍ അവര്‍ക്ക് നമ്മളുടെ ആഭിജാത്യമില്ലായിരുന്നു''വെന്ന് എം.ടി. ഓര്‍ക്കുന്നു. വേലിപ്പടര്‍പ്പിലെ പൂക്കളായിരുന്നു അവര്‍ കളമിടാന്‍ ഉപയോഗിച്ചിരുന്നത്. പക്ഷേ, ഞങ്ങള്‍ക്കുള്ള സൗഭാഗ്യം കുന്നിന്‍ചെരുവിലെ സമൃദ്ധമായ കണ്ണാന്തളിപ്പൂക്കളായിരുന്നു, അദ്ദേഹം പറയുന്നു. വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍തന്നെ താന്നിക്കുന്നു തൊട്ട് പറക്കുളം മേച്ചില്‍പുറം വരെ കണ്ണാന്തളിപ്പുക്കള്‍ തഴച്ചുവളര്‍ന്നുകഴിയുമായിരുന്നുവെന്ന് തന്റെ ഗതകാല സ്മരണകളില്‍ പരതി അദ്ദേഹം ഓര്‍മ്മിക്കുന്നു. അവയ്ക്ക് പുന്നെല്ലരിയുടെ നിറവും ഗന്ധവുമായിരുന്നുവെന്നും 'കണ്ണാന്തളിപ്പൂക്കളുടെ കാലം' എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

എം.ടി പറഞ്ഞത് ശാസ്ത്രം തെളിയിച്ചു;
കണ്ണാന്തളിപ്പൂക്കള്‍ക്ക് 
പുന്നെല്ലിന്റെ മണമാണോ?
ബിരുദപഠനം ഇനി നാലു വര്‍ഷം; ആശങ്കകളും അനിശ്ചിതത്വവും

സമയംതെറ്റാതെ കുന്നിന്‍ചെരുവില്‍ കണ്ണാന്തളിപ്പൂക്കള്‍ വിടര്‍ന്നുകൊള്ളും എന്നു പറയുന്നിടം മുതല്‍ അല്പമല്ലാത്ത പ്രകൃതിബോധം എം.ടിയുടെ ഈ കുറിപ്പിലുടനീളമുണ്ട്. അവയെ ഒരു പ്രകൃതിഘടികാരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചെമ്പന്‍, ചീര, തവളക്കണ്ണന്‍ എന്നിങ്ങനെയുള്ള ഓരോ നെല്‍വിത്തിന്റേയും മൂപ്പിനെക്കുറിച്ച് ഞങ്ങള്‍ കുട്ടികള്‍ക്കുപോലും അറിയാമായിരുന്നത് കണ്ണാന്തളിപ്പൂക്കള്‍ കാരണമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കണ്ണാന്തളികള്‍ വിടര്‍ന്നാലും പാടം കൊയ്യാറായില്ലെങ്കില്‍ വിത്ത് എന്തായിരുന്നുവെന്ന് അവര്‍ക്ക് ഊഹിക്കാമായിരുന്നു. തുമ്പപ്പൂ ധാരാളമുണ്ടായിരുന്നുവെങ്കിലും അവ നിരത്തിവെച്ചാലും അല്പം കളമേ നിറയുമായിരുന്നുള്ളൂ. അപ്പോള്‍ കളം നിറയ്ക്കാന്‍ സഹായിച്ചിരുന്നത് കണ്ണാന്തളിപ്പൂക്കളായിരുന്നു. അവയ്ക്കിടയില്‍ വെള്ളപ്പൊട്ടുകള്‍പോലെ തുമ്പപ്പൂക്കളും വെക്കുമായിരുന്നു. എന്നാല്‍, ഓര്‍മ്മക്കുറിപ്പ് അവസാനിക്കുന്നതിനു മുന്‍പുതന്നെ കണ്ണാന്തളിപ്പൂക്കള്‍ എന്നെന്നേക്കുമായി നാടുനീങ്ങിയ കാര്യവും അദ്ദേഹം പങ്കുവെയ്ക്കുന്നു. കുന്നിന്‍ചെരിവുകള്‍ കുടിയിരിപ്പുകളായി മാറിയപ്പോള്‍ കണ്ണാന്തളിപ്പൂക്കള്‍ പിന്നെ വളരാതായി എന്നത് അദ്ദേഹത്തിന് നൊമ്പരമാവുന്നു.

എം.ടി.
എം.ടി.

തന്റെ കഥയില്‍കണ്ട കണ്ണാന്തളിപ്പൂക്കളെ കാണാന്‍വരുന്നു എന്നെഴുതിയ വായനക്കാരന്‍ സുഹൃത്തിനോട് ''ഗ്രാമം കാണാം. പക്ഷേ, കണ്ണാന്തളിപ്പൂക്കളില്ല'' എന്ന് മറുപടി എഴുതി വ്യസനത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. നാട്ടിലെ ഒരു വൈദ്യന്‍ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു വളര്‍ത്തുന്ന കണ്ണാന്തളിച്ചെടികളെ കാണാന്‍ പോയപ്പോള്‍ അതിലെ പൂവുകള്‍ക്ക് പുന്നെല്ലിന്റെ മണമില്ലായിരുന്നുവെന്നതും അദ്ദേഹത്തെ വ്യസനിപ്പിക്കുന്നു. ഇതുവരെ പറഞ്ഞതില്‍ ഈ അവസാന വാചകത്തിലാണ് കണ്ണാന്തളിപ്പൂക്കളുടെ വ്യക്തിത്വം തര്‍ക്കവിഷയമാവുന്നത്. കണ്ണാന്തളിപ്പൂക്കളുടെ സസ്യശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ പറയുന്നത് അതിന്റെ പൂവുകള്‍ക്ക് മണമേയില്ല എന്നാണ്! എം.ടി പറയുന്നത്, മണമുണ്ടായിരുന്നു, പുന്നെല്ലിന്റേതായിരുന്നു, പക്ഷേ, ഇപ്പോള്‍ കാണുന്നവയില്‍ മണമില്ലെന്നും. അപ്പോള്‍ എം.ടി ബാല്യകാലത്ത് അടുത്തു പരിചയിച്ച പൂവുകള്‍ യഥാര്‍ത്ഥത്തില്‍ കണ്ണാന്തളിപ്പൂക്കള്‍ ആയിരുന്നില്ല എന്നാണോ? അതോ, അദ്ദേഹത്തിന്റെ നാട്ടിലെ വൈദ്യന്‍ കണ്ടുപിടിച്ചുകൊണ്ടുവന്ന് ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയതായി പറയുന്നത് മറ്റേതെങ്കിലും ചെടിയായിരുന്നോ? എം.ടി എഴുതിയത് ഒരു സാങ്കല്പിക സസ്യത്തെക്കുറിച്ചല്ല. താന്നിക്കുന്നും പറക്കുളവും യഥാര്‍ത്ഥത്തിലുണ്ട്. പിന്നെ എന്താണ് സംഭവിച്ചത്? ഒരന്വേഷണമാണിവിടെ.

കണ്ണാന്തളിക്ക് പല പേരുകളുണ്ട്. മലബാറില്‍ കാച്ചിപ്പൂവ് എന്നാണ് പേര്. പണ്ടുകാലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുണ്ടായതിനാലാണ് ഈ പേര്.

കണ്ണാന്തളി എന്ന കാച്ചിപ്പൂവ്

കണ്ണാന്തളിക്ക് പല പേരുകളുണ്ട്. മലബാറില്‍ കാച്ചിപ്പൂവ് എന്നാണ് പേര്. പണ്ടുകാലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുണ്ടായതിനാലാണ് ഈ പേര്. വടക്കന്‍ കേരളത്തില്‍ ഓണക്കാലത്ത് തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കാന്‍ കണ്ണാന്തളിപ്പൂക്കളാണ് ഉപയോഗിച്ചിരുന്നത്. മഴക്കാലം കഴിഞ്ഞ് മാനംതെളിയുമ്പോഴാണ് ഇവ പൂക്കുന്നത്. ഇവ പൂത്തു തുടങ്ങിയാല്‍ ഓണമായി എന്നാണ് സൂചന. അതുകൊണ്ട് ഓണപ്പൂവ് എന്നൊരു പേരും ഇതിനുണ്ട്. വെളുത്ത ഇതളുകളുടെ അറ്റം പാടലവര്‍ണ്ണമായതിനാല്‍ കൃഷ്ണപ്പൂവ് എന്നൊരു വിളിപ്പേരുമുണ്ട്. കണ്ണാന്തളി എന്ന പേരിനു പിന്നില്‍ പക്ഷേ, ഇതിന്റെ ഔഷധഗുണമാണ്. ഇതിനെ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കണ്ണിലൊഴിക്കുന്നത് നേത്രരോഗങ്ങളെ ശമിപ്പിക്കും. കണ്ണില്‍ തളിക്കാവുന്നത് എന്നതില്‍നിന്നാവാം കണ്ണാന്തളി എന്ന പേരിന്റെ ഉത്ഭവം. ആയുര്‍വേദത്തില്‍ 'അക്ഷീപുഷ്പി' എന്ന പേരിലാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വയനാട്, മലപ്പുറം, തൃശൂര്‍ ഭാഗങ്ങളില്‍ പറമ്പന്‍പൂവ് എന്നും പേരുണ്ട്. ചെങ്കല്‍ക്കുന്നുകളിലും അവയുടെ ചരിവുകളിലും മാത്രമാണ് ഇവ സ്വാഭാവികമായി വളരുന്നത്. ഇവിടത്തെ ഭൂപ്രകൃതി, മണ്ണിന്റെ ഘടന, ധാതുക്കളുടെ സാന്നിധ്യം എന്നിവയാണ് ഇവ ഇത്രയ്ക്ക് ഒതുങ്ങിയ ഒരു ആവാസഇടം തിരഞ്ഞെടുക്കാനുള്ള കാരണമായി കരുതപ്പെടുന്നത്.

ഇംഗ്ലീഷില്‍ ബൈകളര്‍ പേര്‍ഷ്യന്‍ വയലറ്റ് എന്നറിയപ്പെടുന്ന ഇതിനെ ദക്ഷിണേന്ത്യയിലുടനീളം കാണാം. ഡെക്കാണ്‍ പീഠഭൂമി മുതല്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിലും പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയസസ്യമായാണ് അറിയപ്പെടുന്നത്.
കണ്ണാന്തളിപ്പൂവ്
കണ്ണാന്തളിപ്പൂവ്

കണ്ണാന്തളിക്ക് എക്സാക്കം ടെട്രാഗോണം എന്ന ശാസ്ത്രീയനാമമാണ് സസ്യശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. ജെന്‍ഷ്യനേസിയേ എന്ന സസ്യകുടുംബത്തിലെ അംഗമായാണ് ഇതിനെ കണക്കാക്കുന്നത്. ഇംഗ്ലീഷില്‍ ബൈകളര്‍ പേര്‍ഷ്യന്‍ വയലറ്റ് എന്നറിയപ്പെടുന്ന ഇതിനെ ദക്ഷിണേന്ത്യയിലുടനീളം കാണാം. ഡെക്കാണ്‍ പീഠഭൂമി മുതല്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിലും പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയസസ്യമായാണ് അറിയപ്പെടുന്നത്. ചെങ്കല്‍ക്കുന്നുകളിലെ സവിശേഷ സസ്യജാലത്തെ പ്രതിനിധീകരിക്കുന്ന ഇത് അവിടെ സമുദ്രനിരപ്പില്‍നിന്നും 50 മുതല്‍ 200 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. പശ്ചിമഘട്ടത്തിലെ വളരെ ഉയരത്തിലുള്ള പുല്‍മേടുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ ജീവിതചക്രം പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള ഏകവര്‍ഷീസസ്യമാണിത്. ജൂണില്‍ തുടങ്ങുന്ന മഴക്കാലത്ത് മുളച്ച് ഓഗസ്റ്റ് മാസത്തില്‍ പൂവണിഞ്ഞ് നവംബര്‍ ആവുന്നതോടെ വിത്തുകള്‍ പാകമാവുന്ന മുറയ്ക്ക് ഉണങ്ങിപ്പോവുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. ചെടികള്‍ക്ക് ഒരു മീറ്ററില്‍ താഴെ പൊക്കമേ വരൂ. പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ ആദ്യത്തെ രണ്ടോ മൂന്നോ ദിവസം സന്ധ്യയ്ക്ക് കൂമ്പുകയും രാവിലെ വീണ്ടും വിടരുകയും ചെയ്യും. പിന്നീട് കൂമ്പാതെ ഒരാഴ്ചയോളം കൊഴിയാതെ നില്‍ക്കും.

എങ്കിലും എം.ടി പറഞ്ഞതിനെ ശരിവെയ്ക്കുന്ന ഒരു പഠനം അടുത്തകാലത്തായി ഉണ്ടായി. കണ്ണാന്തളിപ്പൂക്കളുടെ അതേ ജനുസില്‍പെട്ട മറ്റൊരു ചെടിയിലാണ് പഠനം നടന്നത്.

കണ്ണാന്തളിക്കു മണമുണ്ടോ?

കണ്ണാന്തളിപ്പൂക്കളെ സംബന്ധിക്കുന്ന പ്രസിദ്ധീകൃതമായ പഠനങ്ങളിലൊന്നും അതിന്റെ പൂവുകള്‍ക്ക് മണമുള്ളതായി പറയുന്നില്ല. പക്ഷേ, കണ്ണാന്തളിപ്പൂവുകളില്‍ പരാഗണം നിര്‍വ്വഹിക്കുന്നത് ചിത്രശലഭങ്ങളും ചിലതരം ഷഡ്പദങ്ങളുമാണെന്ന് പല പഠനങ്ങളിലും പറയുന്നു. ചിത്രശലഭങ്ങള്‍ പരാഗണം നടത്തുന്ന സസ്യങ്ങള്‍ സാധാരണയായി കടുത്ത നിറമുള്ള ഇതളുകളോടുകൂടിയവയായിരിക്കും. അതോടൊപ്പം അവയ്ക്ക് സുഗന്ധവും ഉണ്ടായിരിക്കും. ഇതിനും പുറമേയാണ് തേനിന്റെ സാന്നിധ്യം. കണ്ണാന്തളിയുടെ പൂക്കള്‍ മിക്കവാറും വെള്ളയാണ്. ഇതളിന്റെ അറ്റത്തുമാത്രമേ വയലറ്റുനിറമുള്ളൂ. അപ്പോള്‍ പൂമ്പാറ്റകളെ ആകര്‍ഷിക്കാന്‍ മണം ഉണ്ടാവാതെ തരമില്ല. എന്നാല്‍ അത് അത്ര ശക്തമായതല്ല. അതുകൊണ്ടാണ് ചെടിച്ചട്ടിയില്‍ നട്ട കണ്ണാന്തളിച്ചെടികളിലെ പൂക്കള്‍ക്ക് മണമില്ല എന്ന് എം.ടിയെപ്പോലെ പലര്‍ക്കും തോന്നിയത്. പക്ഷേ, പുന്നെല്ലിന്റെ മണം കണ്ണാന്തളിപ്പൂക്കള്‍ക്കുണ്ടായിരുന്നു എന്ന് എം.ടി വ്യക്തമായി ഓര്‍മ്മിക്കുന്ന സ്ഥിതിക്ക് അതിന് ഒരു വിശദീകരണം അനിവാര്യമായിത്തീരുന്നു. വളരെ നേര്‍ത്ത മണമുള്ള പൂക്കളും ഒട്ടനവധിയായി ഒരുമിച്ച് പൂത്തുനിന്നാല്‍ ചിലപ്പോള്‍ അവയെ തഴുകിവരുന്ന കാറ്റിന് ഒരു മണമുണ്ടാവാം. എന്നാല്‍, ഒന്നോ രണ്ടോ പൂക്കള്‍ മാത്രമായാല്‍ ആ ഗന്ധം അത്ര പെട്ടെന്ന് അനുഭവവേദ്യമായിക്കൊള്ളണമെന്നില്ല.

എങ്കിലും എം.ടി പറഞ്ഞതിനെ ശരിവെയ്ക്കുന്ന ഒരു പഠനം അടുത്തകാലത്തായി ഉണ്ടായി. കണ്ണാന്തളിപ്പൂക്കളുടെ അതേ ജനുസില്‍പെട്ട മറ്റൊരു ചെടിയിലാണ് പഠനം നടന്നത്. കണ്ണാന്തളി എന്നാല്‍ എക്സാക്കം ടെട്രാഗോണം ആണെന്ന് നേരത്തേ പറഞ്ഞല്ലോ. എക്സാക്കം അഫിനെ എന്ന പേരിലുള്ള അതിന്റെ ഒരു അടുത്ത ബന്ധുവിലായിരുന്നു പഠനം. ഇതിന്റെ പൂവില്‍നിന്നും പ്രസരിക്കുന്ന ഗന്ധത്തിന് അടിസ്ഥാനമാവുന്ന തന്‍മാത്രകളെ ഹെഡ്സ്പേസ് സാമ്പിളിങ് എന്ന സങ്കേതം ഉപയോഗിച്ച് വിശകലനം ചെയ്തതില്‍ അതില്‍നിന്നും പുറത്തുവരുന്ന 'ലില്ലി ഓഫ് ദ വാലി' എന്ന ചെടിയുടെ പൂവിന്റെ മണത്തെ ഓര്‍മ്മിപ്പിക്കുന്ന പുതുമയുടേയും പച്ചപ്പിന്റേയും ഗന്ധം 42 ജൈവസംയുക്തങ്ങള്‍ കാരണമാണെന്നു കണ്ടെത്തുകയുണ്ടായി. ലിമോണീന്‍, ആല്‍ഫാ-പൈനീന്‍ എന്നിവയായിരുന്നു ഇതില്‍ മുഖ്യം. എന്നാല്‍, ഇവയിലേതെങ്കിലും കണ്ണാന്തളിപ്പൂക്കളില്‍ കാണുന്നുണ്ടോ എന്നത് സമര്‍ത്ഥിക്കുന്നതിന് ആവശ്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. (കുറിപ്പ്: 'ലില്ലി ഓഫ് ദ വാലി' എന്നത് യൂറോപ്പിലെങ്ങും സാധാരണമായ വെള്ളപ്പൂക്കളുള്ള ഒരു ചെടിയാണ്. ഇതിന്റെ പൂവുകള്‍ കണ്ടാല്‍ മണികള്‍ തൂങ്ങിക്കിടക്കുന്നതാണെന്നു തോന്നും. ഇവയ്ക്ക് മേരീസ് ടിയേഴ്സ് എന്നൊരു വിളിപ്പേരുമുണ്ട്).

നെല്ലിന് മണമുണ്ടാവുന്നത് അസെറ്റൈല്‍ പൈറോലിന്‍ എന്ന ഗന്ധസംയുക്തത്തിന്റെ സാന്നിധ്യം മൂലമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് നെല്ലില്‍ മാത്രമല്ല. മധുരമുള്ള പൂക്കളുള്ള ഇലിപ്പ എന്ന ചെടിയിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

പുന്നെല്ലിന്റെ മണം മിഥ്യയോ?

നെല്ലിന് ഒരു മണമുണ്ട്. അത് അരിയുടെ മണത്തില്‍നിന്നും വ്യത്യസ്തമാണ്. ഈ മണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നെല്‍വിത്തുകള്‍ തന്നെ തരംതിരിക്കപ്പെട്ടിട്ടുണ്ട്. എം.ടി പറയുന്ന ചെമ്പന്‍, ചീര, തവളക്കണ്ണന്‍ എന്നിങ്ങനെയുള്ളവ നാടന്‍ നെല്‍വിത്തുകളുടെ ഗന്ധം സംബന്ധമായി ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ, നെല്ലിന് മണമുണ്ടാവുന്നത് അസെറ്റൈല്‍ പൈറോലിന്‍ എന്ന ഗന്ധസംയുക്തത്തിന്റെ സാന്നിധ്യം മൂലമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് നെല്ലില്‍ മാത്രമല്ല. മധുരമുള്ള പൂക്കളുള്ള ഇലിപ്പ എന്ന ചെടിയിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയനാമം മധൂക്ക ലോന്‍ജിഫോളിയ . ഇതിന്റെ പൂവില്‍നിന്നും വീര്യമുള്ള ഒരു മദ്യം വാറ്റിയെടുക്കുന്നുണ്ട്. പക്ഷേ, ഇവിടെ പ്രസക്തമാവുന്ന കാര്യം അതല്ല. ഇതിന്റെ പൂവിന്റെ ഇതളുകള്‍ പിഴിഞ്ഞ നീര് നേത്രരോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലാണ് ഇത്തരത്തിലുള്ള ഉപയോഗം വ്യാപകമായിരിക്കുന്നതെന്നു മാത്രം. ഇതില്‍നിന്നും എം.ടിയുടെ ഓര്‍മ്മ പുതിയ ഗവേഷണസാധ്യതകള്‍ക്കു വഴിമരുന്നിടുന്ന ഒന്നാണെന്ന് കാണാവുന്നതാണ്. ശാസ്ത്രം ജയിക്കുമ്പോള്‍ മനുഷ്യന്‍ തോല്‍ക്കുന്ന കാലവും അസ്തമിക്കുകയാണെന്നു പറയാം.?

എം.ടി പറഞ്ഞത് ശാസ്ത്രം തെളിയിച്ചു;
കണ്ണാന്തളിപ്പൂക്കള്‍ക്ക് 
പുന്നെല്ലിന്റെ മണമാണോ?
അശ്വിനി, ചെലവൂര്‍ വേണു; രാഷ്ട്രീയസിനിമകളുടെ ഇടത്താവളങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com