സൗന്ദര്യം, അനുഭൂതി, നിഗൂഢത; ഇന്നും വായനക്കാരെ മോഹിപ്പിക്കുന്ന കാഫ്ക്ക

ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കാഫ്കയുടെ നോവലുകളും കഥകളും ഇന്നും വായനക്കാരെ മോഹിപ്പിക്കുന്നു. അവ, അവരെ സൗന്ദര്യത്തിന്റേയും അനുഭൂതിയുടേയും നിഗൂഢതയുടേയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഓരോ വായനയും പുതിയ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും അവര്‍ക്കു സമ്മാനിക്കുന്നു. എല്ലാ പാരായണതന്ത്രങ്ങളേയും വിശകലന സമ്പ്രദായങ്ങളേയും അപ്രസക്തവും അസാധ്യവുമാക്കുന്ന ദുര്‍ഗ്രഹതയും ബഹുസ്വരതയും (Polyphony) കാഫ്കയുടെ കൃതികളുടെ മുഖമുദ്രയാണ്. അവ സാഹിത്യത്തിലെ ആധുനികതയുടെ സൃഷ്ടിയായിരുന്നു. ഒപ്പം, ആധുനികതയുടെ പ്രേരണയും പ്രചോദനവുമായിരുന്നു

സൗന്ദര്യം, അനുഭൂതി, നിഗൂഢത; ഇന്നും വായനക്കാരെ മോഹിപ്പിക്കുന്ന കാഫ്ക്ക

രുപതാം നൂറ്റാണ്ടിനെ, അതിന്റെ എല്ലാ സമഗ്രതയിലും സങ്കീര്‍ണ്ണതയിലും ആവിഷ്‌കരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത നോവലിസ്റ്റും കഥാകൃത്തും ആയിരുന്നു ഫ്രാന്‍സ് കാഫ്ക (Franz Kafka). മഹാകവികളായ ദാന്തയേയും (Dante) ഷേക്സ്പിയറേയും (Shakespeare) പോലെ സ്വന്തം കാലഘട്ടത്തിന്റെ പ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ കാലദേശങ്ങള്‍ക്കതീതനായി മാറുവാന്‍ കാഫ്കയ്ക്കു കഴിഞ്ഞു. ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കാഫ്കയുടെ നോവലുകളും കഥകളും ഇന്നും വായനക്കാരെ മോഹിപ്പിക്കുന്നു. അവ, അവരെ സൗന്ദര്യത്തിന്റേയും അനുഭൂതിയുടേയും നിഗൂഢതയുടേയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഓരോ വായനയും പുതിയ അര്‍ത്ഥങ്ങളും

വ്യാഖ്യാനങ്ങളും അവര്‍ക്കു സമ്മാനിക്കുന്നു. എല്ലാ പാരായണതന്ത്രങ്ങളേയും വിശകലന സമ്പ്രദായങ്ങളേയും അപ്രസക്തവും അസാധ്യവുമാക്കുന്ന ദുര്‍ഗ്രഹതയും ബഹുസ്വരതയും (Polyphony) കാഫ്കയുടെ കൃതികളുടെ മുഖമുദ്രയാണ്. അവ സാഹിത്യത്തിലെ ആധുനികതയുടെ സൃഷ്ടിയായിരുന്നു. ഒപ്പം, ആധുനികതയുടെ പ്രേരണയും പ്രചോദനവുമായിരുന്നു. ഉത്തരാധുനികതയുടേയും (Post Modernism) അസ്ഥിത്വവാദത്തിന്റേയും (Existentialism) മാര്‍ക്സിസത്തിന്റേയും (Marxism) സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ അവ സൂക്ഷ്മപഠനങ്ങള്‍ക്കു വിധേയമായി. ഇന്നും അവ നമ്മുടെ ഭാവുകത്വത്തേയും ലാവണ്യബോധത്തേയും നവീകരിച്ചുകൊണ്ടിരിക്കുന്നു. നമ്മെ, അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നു.


സൗന്ദര്യം, അനുഭൂതി, നിഗൂഢത; ഇന്നും വായനക്കാരെ മോഹിപ്പിക്കുന്ന കാഫ്ക്ക
കാഫ്കയുടെ കഥാലോകം

കാഫ്ക ഒരേസമയം ആധുനികതയുടെ സൃഷ്ടിയും അതിന്റെ പ്രവാചകനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കലാസാംസ്‌കാരിക രംഗങ്ങളില്‍ സംഭവിച്ച ഒരു ഭൂകമ്പമായിരുന്നു ആധുനികത. അതിന്റെ തുടര്‍ചലനങ്ങള്‍ നിലയ്ക്കാന്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് വേണ്ടിവന്നു. ആധുനികത പ്രതിനിധാനം ചെയ്ത സൗന്ദര്യകലാപത്തേയും ഭാവുകത്വരീതിയേയും നിയന്ത്രിക്കുകയും നിര്‍വചിക്കുകയും ചെയ്തത് ചരിത്രപരവും സാംസ്‌കാരികവും സാമൂഹികവുമായ സംഭവപരമ്പരകളായിരുന്നുവെന്ന് കാണാവുന്നതാണ്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും മുന്നേറ്റം സമ്മാനിച്ച ഭൗതിക പുരോഗതി പുതിയ തലമുറയ്ക്ക് ആശ്വാസം പകരുവാന്‍ പര്യാപ്തമായിരുന്നില്ല. നിലനില്‍പ്പിനെക്കുറിച്ചുള്ള സന്ദേഹങ്ങളും സമസ്യകളും അവരെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. അനിര്‍വചനീയമായ അമ്പരപ്പും ഉത്കണ്ഠയും ഭീതിയും മാനസിക സംഘര്‍ഷങ്ങളും ആധുനികതയോടൊപ്പം എക്കാലവുമുണ്ടായിരുന്നു. അബോധത്തിന് മനുഷ്യകാമനകളിലും സ്വഭാവത്തിലുമുള്ള അസാധാരണ സ്വാധീനം ഫ്രോയിഡിയന്‍ മനഃശാസ്ത്രം വെളിച്ചത്തുകൊണ്ടുവന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ധാര്‍മ്മിക നിലപാടുകളും ലൈംഗികതയോടുള്ള മനോഭാവവും ചോദ്യം ചെയ്യപ്പെടുന്നതിന് അത് കാരണമായി. കുടുംബബന്ധങ്ങളിലെ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. ഒന്നാംലോകയുദ്ധം ഏല്പിച്ച സാമ്പത്തികവും സാമൂഹികവും മനഃശാസ്ത്രപരവുമായ ആഘാതം വേരുകളില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുന്നതിനിടയാക്കി. അതുവരെ നെഞ്ചോടുചേര്‍ത്തു പിടിച്ചിരുന്ന പാരമ്പര്യങ്ങളും വിശ്വാസങ്ങളും തകര്‍ന്നടിഞ്ഞു. പിരിമുറുക്കവും ഏകാകിതയും

തീവ്രനിസ്സഹായതയും ഒറ്റപ്പെടലും പേരറിയാത്ത ആത്മനൊമ്പരങ്ങളും പുതുതലമുറയെ വേട്ടയാടി. മനോരോഗവും അസ്തിത്വസന്ത്രാസവും അന്തര്‍മുഖത്വവും യുദ്ധാനന്തരതലമുറയെ അടയാളപ്പെടുത്തുന്ന പദങ്ങളായി മാറി. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും ജനപ്പെരുപ്പവും കൊടിയ ദാരിദ്ര്യവും കാലഘട്ടത്തിന്റെത്തന്നെ ശാപമായി. കാര്‍ഷിക സമ്പദ്വ്യവസ്ഥയും അതിലധിഷ്ഠിതമായ ജീവിതരീതിയും കടുത്ത വെല്ലുവിളി നേരിട്ടു. ഗ്രാമങ്ങളും ഗ്രാമീണജീവിതവും പാടേ അപ്രത്യക്ഷമായി. വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും ധാര്‍മ്മിക മൂല്യങ്ങളുടെ അധഃപതനത്തിലേക്കും സാംസ്‌കാരിക ശിഥിലീകരണത്തിലേക്കും നയിച്ചു. ആധുനികതയുടെ സവിശേഷമായ ഈ അന്തര്‍ധാരകള്‍ കാഫ്കയുടെ കലയേയും വ്യക്തിത്വത്തേയും രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിച്ചിട്ടുണ്ട്.

കാഫ്കയുടെ കൃതികളിലേറെയും അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകൃതമായത്. പലതും അപൂര്‍ണ്ണമായിരുന്നു. തന്റെ മരണാനന്തരം തന്റെ കൃതികളെല്ലാം നശിപ്പിക്കപ്പെടണമെന്ന് സുഹൃത്തായ മാക്സ് ബ്രോഡിനോട് (Max Brod) അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബ്രോഡ്, സുഹൃത്തിനു നല്‍കിയ വാഗ്ദാനം പാലിക്കാതിരുന്നതുകൊണ്ട് വിശ്വസാഹിത്യത്തിനു ലഭിച്ചത് എക്കാലത്തേയും മികച്ച കുറെ നോവലുകളും കഥകളുമായിരുന്നു.

മാര്‍ക്വേസിന്റെ മരണാനന്തരം പ്രസിദ്ധീ കരിക്കപ്പെട്ട 'ആഗസ്റ്റ്വരെ' (Until August) മറ്റൊരു വാഗ്ദാനലംഘനത്തിന്റെ ഉദാഹരണമാണ്. തന്നിലെ സര്‍ഗ്ഗാത്മകതയുടെ ഊര്‍ജ്ജവും ഉറവിടവുമായിരുന്ന ഓര്‍മ്മകള്‍ കൊഴിഞ്ഞുകൊണ്ടിരുന്ന അവസാന നാളുകളിലാണ് മാര്‍ക്വേസ് 'ആഗസ്റ്റ് വരെ' രചിച്ചത്. അപൂര്‍ണ്ണമായ ആ കൃതി ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടരുതെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുവാന്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കു കഴിഞ്ഞില്ല.

മൃത്യുവാഞ്ഛയും ജീവിത അനാസക്തിയും

കാഫ്കയുടെ കഥാപ്രപഞ്ചത്തെയാകെ ചൂഴ്ന്നുനില്‍ക്കുന്ന മൃത്യുവാഞ്ഛയും ജീവിതത്തോടുള്ള അനാസക്തിയും അസ്തിത്വവാദത്തിന്റെ അടയാളമായി പലരും കണ്ടു. വിചാരണയിലും (The Trial, 1925) ദുര്‍ഗ്ഗത്തിലും (The Castle, 1926) ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ പരിഹാസത്തില്‍ പൊതിഞ്ഞ് കാഫ്ക ആവിഷ്‌കരിച്ചപ്പോള്‍ അതിനെ മാര്‍ക്സിസത്തിന്റെ സ്വാധീനമായി കാണാനായിരുന്നു ചിലര്‍ക്കിഷ്ടം. അരാജകത്വത്തിന്റെ ഭീകരസന്ദേശമായി അതിനെ വ്യാഖ്യാനിച്ചവരും കുറവല്ല. ജൂഡായിസത്തിന്റേയും (Judaism) ഫ്രോയിഡിയനിസത്തിന്റേയും (Freudianism) താത്വിക നിലപാടിലൂടെയുള്ള അന്വേഷണങ്ങളുമുണ്ടായി. അസ്തിത്വവാദപരമായ പരിമിതികളില്‍നിന്നുകൊണ്ട്, തകര്‍ന്നുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളും പരാജയപ്പെട്ട മതദര്‍ശനങ്ങളും സമ്മാനിച്ച ആശങ്കയുടെ ഭാരം പേറിക്കൊണ്ട്, നിസ്സഹായനായ ആധുനിക മനുഷ്യന്‍ നടത്തുന്ന അതിഭൗതിക യാഥാര്‍ത്ഥ്യത്തെ തേടിയുള്ള യാത്രയുടെ രൂപകങ്ങളാണ് കാഫ്കയുടെ മിക്ക കൃതികളും. ആനന്ദത്തിന്റെ ഉറവകള്‍ വറ്റിയ, ഏകാകിയും പീഡിതനുമായ ഒരെഴുത്തുകാരന്റെ ദാര്‍ശനിക വ്യഥകള്‍ മാത്രമാണോ അവ എന്ന അന്വേഷണത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ ജീവചരിത്രത്തെയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിടിവിടാതെ ഒപ്പമുണ്ടായിരുന്ന അനാരോഗ്യം, സഹോദരങ്ങളുടെ അകാലചരമം, പിതാവുമായി ഉണ്ടായിരുന്ന സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമായ ബന്ധം, പരാജയപ്പെട്ട പ്രണയബന്ധങ്ങള്‍, ഇതെല്ലാം കാഫ്കയുടെ സര്‍ഗ്ഗാത്മക ഭാവനയെ വിഷാദസാന്ദ്രമാക്കാന്‍ ഏറെ സഹായിച്ചു.

കാഫ്കയുടെ മൂന്നു നോവലുകളും (വിചാരണ, ദുര്‍ഗ്ഗം, അമേരിക്ക 1927) അപൂര്‍ണ്ണങ്ങളാണ്. അപൂര്‍ണ്ണതയിലും നിസ്തൂലമായ രചനാഭംഗികൊണ്ട് വായനക്കാരുടെ സവിശേഷ ശ്രദ്ധപിടിച്ചുപറ്റിയ കൃതികളാണിവ. തീര്‍ത്തും അപ്രതീക്ഷിതമായി, അറസ്റ്റു ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന മുപ്പതുകാരനായ ജോസഫ് കെ. (Joseph K) ആണ് വിചാരണയിലെ കേന്ദ്ര കഥാപാത്രം. എന്തിനാണ് അയാളെ ശിക്ഷിക്കുന്നതെന്നോ ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശിക്ഷിക്കപ്പെടുന്നതെന്നോ അയാള്‍ക്കും വായനക്കാര്‍ക്കും അറിയില്ല. തന്റെ ശിക്ഷയ്ക്ക് ആധാരമായ കുറ്റം കണ്ടുപിടിക്കുന്നത് അയാളുടെ മാത്രം ബാധ്യതയായിരുന്നു.

ദസ്തയേവ്സ്‌കി(Dostoevsky)യുടെ 'കുറ്റവും ശിക്ഷ'യും (Crime and Punishment) എന്ന നോവലില്‍ റാസ്‌കള്‍നിക്കോവ് (Raskolnikov) താന്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ തേടുന്ന, മനഃശാസ്ത്രപരമായി ഏറെ സാധ്യതകളുള്ള, സന്ദര്‍ഭങ്ങളുണ്ട്. വിചാരണയിലെ കഥാപാത്രങ്ങള്‍, സ്വപ്നത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും ഇടയിലെ അരണ്ടവെളിച്ചത്തില്‍, മൂകതയുടെ താഴ്വരയിലൂടെ, രൂപരഹിതരായി ഒഴുകിനീങ്ങുന്നവരാണ്. ആദിമധ്യാന്തപ്പൊരുത്തങ്ങളൊന്നുമില്ലാത്ത കഥയില്‍ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഒന്നും നോവലിസ്റ്റ് നടത്തുന്നില്ല. ജോസഫ് കെ. അധിവസിക്കുന്ന ലോകത്ത് യുക്തിയും നീതിയുമില്ല. ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയും അത് പ്രദാനം ചെയ്യുന്ന ഉത്കണ്ഠയും ഭീതിയുമാണ് അയാള്‍ അഭിമുഖീകരിക്കുന്നത്. അയാള്‍ ഒരു പക്ഷേ, ആദിപാപത്തിന്റെ ഭാരം പേറുക മാത്രമാണ് ചെയ്യുന്നത്. വധശിക്ഷ നടപ്പാക്കുവാന്‍ രണ്ടുപേര്‍ വരുമ്പോള്‍ തികഞ്ഞ നിസ്സംഗതയോടെ, അനിവാര്യമായ എന്തിനേയോ കാത്തിരിക്കുന്ന മനോഭാവമായിരുന്നു, അയാള്‍ക്ക്. അയാള്‍ സ്വയം മരിക്കുവാന്‍ അവര്‍ അയാളെ പ്രേരിതനാക്കുന്നു. അതിനയാള്‍ക്കു കഴിയാതെ വരുമ്പോള്‍ അവര്‍തന്നെ ശിക്ഷ നടപ്പാക്കുന്നു. അയാളുടെ വാക്കുകളില്‍ 'ഒരു പട്ടിയെപ്പോലെ' അയാളുടെ ജീവിതം അവസാനിക്കുന്നു.

പ്രത്യക്ഷത്തില്‍, നിരപരാധികളെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്ന അധികാരവ്യവസ്ഥയുടെ കരിനിഴലില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട ഏകാകിയായ മനുഷ്യന്റെ ഉത്കണ്ഠയുടേയും ആശങ്കയുടേയും കഥയാണ് വിചാരണ. മനുഷ്യന്റെ വിധിയെ നിര്‍ണ്ണയിക്കുന്ന, അവന്റെ നിയന്ത്രണത്തിനപ്പുറമുള്ള അലംഘനീയമായ ശക്തി നോവലിന്റെ ആന്തരികഘടനയെ രൂപപ്പെടുത്തിയിരിക്കുന്നതായി കാണാം. സോഫോക്ലിസിന്റെ (Sophocles) ഈഡിപ്പസിനേയും (Oedipus Rex), ഷേക്സ്പിയറിന്റെ (Shakespeare) കിംങ്ലിയറിനേയും (King Lear) അനുസ്മരിപ്പിക്കുന്ന കഥാന്തരീക്ഷമാണ് കാഫ്കയുടെ നോവലിലുള്ളത്. ക്രൂരമായ വിധി മാത്രമല്ല, ജോസഫ് കെ.യുടെ ദുരന്തകാരണം. മനുഷ്യനോട് സ്നേഹമോ സഹതാപമോ ഇല്ലാത്ത ഭരണകൂടമാണ് ആ ദുരന്തത്തെ അനിവാര്യമാക്കിയത്. സര്‍വ്വാധിപത്യത്തിന്റെ ഭീകരമാതൃകകളെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ വിചാരണയുടെ ഭാവഘടനയെ നിര്‍വ്വചിക്കുന്നുണ്ട്.

കാഫ്കയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ മറ്റൊരു നോവലാണ് ദുര്‍ഗ്ഗം. ഗ്രാമത്തിലെ അധികാരികളെ കണ്ടെത്താനായി, കേന്ദ്ര കഥാപാത്രമായ ലാന്റ് സര്‍വ്വേയര്‍, കെ. നടത്തുന്ന വിഫലശ്രമങ്ങളാണ് നോവലിന്റെ കഥയ്ക്ക് ആധാരമായുള്ളത്. നോവല്‍ അപൂര്‍ണ്ണമാണെങ്കിലും കെ.യുടെ മരണത്തോടെയായിരിക്കും അതവസാനിക്കുന്നത് എന്നതിന്റെ സൂചനകള്‍ അതില്‍ വേണ്ടുവോളമുണ്ട്. മരണശയ്യയില്‍ കിടക്കുമ്പോള്‍, അയാള്‍ക്കു ലഭിക്കുന്ന സന്ദേശത്തില്‍, ഗ്രാമത്തില്‍ താമസിക്കുവാനുള്ള അയാളുടെ അവകാശം നിലനില്‍ക്കുന്നതല്ല എന്നു കാണിക്കുന്നുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവിടെ ജീവിക്കുവാന്‍ അയാളെ അനുവദിക്കുന്നതായി പറയുന്നു. സര്‍റിയലിസ്റ്റിക് (Surrealistic) എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവല്‍, ഒറ്റപ്പെടലിന്റേയും ഏകാകിതയുടേയും ദാര്‍ശനിക പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. മനുഷ്യസമ്പര്‍ക്കത്തേയും ആശയവിനിമയത്തെത്തന്നെയും നിഷ്ഠുരമായി പ്രതിരോധിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ പ്രതീകമാണ് നോവലിലെ ദുര്‍ഗ്ഗം.


സൗന്ദര്യം, അനുഭൂതി, നിഗൂഢത; ഇന്നും വായനക്കാരെ മോഹിപ്പിക്കുന്ന കാഫ്ക്ക
വിശ്വസാഹിത്യത്തില്‍ തലപുകയ്ക്കാം, അസംബന്ധ ചിന്തയില്‍ മലക്കംമറിയാം; വിഡിയോ ഗെയിമായി കാഫ്ക

ഒരു ചെറുകഥ വികസിച്ചു രൂപപ്പെട്ടതാണ് അമേരിക്ക എന്ന നോവല്‍. ഈ നോവലിന് 'അപ്രത്യക്ഷനായ മനുഷ്യന്‍' എന്നു പേരിടാനായിരുന്നു കാഫ്കയ്ക്കിഷ്ടം. അമേരിക്ക എന്ന് അതിന് നാമകരണം ചെയ്തത് ബ്രോഡ് ആണ്. ഡിക്കന്‍സിന്റെ (Dickens) നോവലുകളുടെ പുനര്‍വായനയാണ് ഈ നോവലിന്റെ നിര്‍മ്മാണപ്രേരണ. ഡിക്കന്‍സിന്റെ പ്രമേയങ്ങളെ പുതിയ കാലഘട്ടത്തിന്റെ വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു കാഫ്ക. ഒരു ലൈംഗികാപവാദത്തില്‍നിന്നും രക്ഷപ്പെടാനാണ് കാള്‍ റോസ്മാന്‍ (Karl Rossman) അമേരിക്കയിലെത്തുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാനായി ദൂരെയെങ്ങോ ഉള്ള അധികാരികളുടെ മുന്‍പില്‍ വിഫലശ്രമങ്ങള്‍ നടത്താന്‍ വിധിക്കപ്പെടുന്ന വ്യക്തികളുടെ പ്രതിനിധിയാണ് കാള്‍ റോസ്മാന്‍. അസംബന്ധമെന്നു വിശേഷിപ്പിക്കാവുന്ന പല സാഹചര്യങ്ങളിലൂടെ അയാള്‍ കടന്നുപോകുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കൃതികളില്‍ ഒന്നാണ് കാഫ്കയുടെ രൂപാന്തരപ്രാപ്തി (Metamorphosis, 1915) എന്ന കഥ. ഗ്രിഗര്‍ സാംസണ്‍ (Gregor Samosn) എന്ന സെയില്‍സ്മാന്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ താനൊരു ഭീകരരൂപിയായ ഷഡ്പദമായി മാറിയിരിക്കുന്നതായി അറിയുന്നു. അസാധാരണമായ തുടക്കമാണ് ഈ കഥയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളിലൊന്ന്; വായനക്കാര്‍ക്ക് അത്ഭുതവും ഭയവും സമ്മാനിക്കുന്ന തുടക്കം. പില്‍ക്കാലത്ത് ഏറെ പ്രചാരം ലഭിച്ച മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ (Magic Realism) ആവിഷ്‌കാരസാധ്യതകളെ മനോഹരമായി പ്രയോഗിക്കുകയായിരുന്നു, കാഫ്ക. ആധുനിക സാഹിത്യം, പ്രതീകങ്ങളുടെ കലയാണെന്നു ആദ്യം കാണിച്ചുതന്നത് ഒരുപക്ഷേ, കാഫ്കയായിരിക്കാം. അന്യവല്‍ക്കരണത്തെ(alienation)ക്കുറിച്ചുള്ള മാര്‍ക്സിന്റെ (Marx) പ്രശസ്തമായ സിദ്ധാന്തത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്, ഗ്രിഗര്‍ സാംസയ്ക്ക് അയാളുടെ തൊഴിലുമായുള്ള ബന്ധം. തനിക്കു വൈകാരികമായി ഒരടുപ്പവുമില്ലാത്ത തൊഴില്‍, അയാള്‍ക്കു നല്‍കുന്നത് വിരസതയും അസംതൃപ്തിയുമാണ്. കാഫ്കയും അച്ഛനും തമ്മിലുള്ള സംഘര്‍ഷാത്മകമായ ബന്ധത്തിന്റെ സൃഷ്ടിയായി ഈ കഥയെ വായിക്കുവാന്‍ കഴിയും. വ്യവസായ വിപ്ലവവും അതുകൊണ്ടുവന്ന മാനവികത നഷ്ടപ്പെട്ട വികസനവും ആധുനിക സംസ്‌കാരത്തിന്റെ ഗതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. ആത്മാവ് നഷ്ടപ്പെട്ട മനുഷ്യരുടെ പ്രതീകമാണ് ഗ്രിഗര്‍ സംസ. രൂപാന്തരപ്രാപ്തിക്കു മുന്‍പുതന്നെ അയാള്‍ മനുഷ്യനല്ലാതെയായി മാറിയിരിക്കുന്നു.

കാലത്തെ കടന്നുനില്‍ക്കുന്ന കാഫ്ക

ആധുനിക യൂറോപ്യന്‍ സാഹിത്യത്തിന്റെ ഗതിവിഗതികളെ നിര്‍വചിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കാഫ്ക സമ്പന്നമാക്കിയ സാഹിത്യസംസ്‌കൃതിക്കും അദ്ദേഹം തുടക്കമിട്ട ഭാവുകത്വവ്യതിയാനത്തിനും കഴിഞ്ഞിട്ടുണ്ട്. മിലാന്‍കുന്ദേര, കാഫ്കയുടെ സര്‍റിയലിസ്റ്റ് ഹാസ്യത്തിന്റെ (Surrealist Humour) കടുത്ത ആരാധകനായിരുന്നു. മാര്‍ക്വേസിന്റേയും (Marquez) റുഷ്ദിയുടേയും (Rushdie) യഥാര്‍ത്ഥ മുന്‍ഗാമിയായാണ് അദ്ദേഹം കാഫ്കയെ അവതരിപ്പിക്കുന്നത്. കുന്ദേര തന്റെ ചില നോവലുകളില്‍ ചെക്ക് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റേയും ഉദയാസ്തമനങ്ങള്‍ അടയാളപ്പെടുത്തുവാന്‍ മാത്രമല്ല, കഥാപാത്രങ്ങളെ വ്യാഖ്യാനിക്കുന്നതിനും കഥാസന്ദര്‍ഭങ്ങള്‍ക്കു സാര്‍വ്വകാലിക പ്രസക്തി നല്‍കുന്നതിനും കാഫ്കയെ കൂട്ടുപിടിക്കുന്നുണ്ട്. 'ചിരിയുടേയും മറവിയുടേയും പുസ്തക'ത്തില്‍ (The Book of Laughter and Forgetting, 1979) കാഫ്കയുടെ അദൃശ്യസാന്നിദ്ധ്യം നോവലില്‍ അനാവരണം ചെയ്യപ്പെടുന്ന രാഷ്ട്രീയ സാംസ്‌കാരിക സമസ്യകള്‍ക്കു സങ്കീര്‍ണ്ണതയുടെ സൗന്ദര്യം പകര്‍ന്നു നല്‍കുന്നു. 'വിചാരണ'യിലെ 'ഓര്‍മ്മയില്ലാത്ത നഗര'ത്തിന്റെ കഥ തന്നെയാണ് കന്ദേരയും പറയാന്‍ ശ്രമിക്കുന്നത്. മാര്‍ക്വേസിന്റെ അനന്യമായ രചനാവൈഭവത്തിന്റെ ഉറവിടം തേടുന്നവര്‍ ചെന്നെത്തുന്നത് ഒരുപക്ഷേ, കാഫ്കയുടെ കൃതികളിലായിരിക്കും. കഥയെഴുത്തിന്റെ മറ്റൊരു സാധ്യതയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത് 'രൂപാന്തരപ്രാപ്തി' വായിച്ചതിനുശേഷമായിരുന്നുവെന്ന് മാര്‍ക്വേസ് തന്നെ തുറന്നുപറയുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പു നടത്തിയ പ്രാഗ്സന്ദര്‍ശനം ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. കാഫ്ക പിറന്നനാട്ടില്‍, അദ്ദേഹത്തിന്റെ രചനകളിലെ പേരറിയാത്ത നഗരത്തിന്റെ, നിഗൂഢതകളും ഭീതിയും ഒളിച്ചുവച്ചിരിക്കുന്ന നഗരത്തിന്റെ, ഇരുള്‍മൂടിയ തെരുവുകളിലൂടെ അലഞ്ഞുനടന്നപ്പോള്‍ ചരിത്രത്തിന്റേയും മനുഷ്യാവസ്ഥയുടേയും ദുരന്തപൂര്‍ണ്ണമായ പാരസ്പര്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവുമായിരുന്നില്ല. കാഫ്കയുടെ പുനര്‍വായനയിലേക്കാണ് ആ ചിന്തകള്‍ നയിച്ചത്. കാഫ്കയുടെ ശവകുടീരത്തില്‍നിന്നും ഏറെ അകലെയല്ലാതെ, നഗരത്തിന്റെ ഹൃദയഭാഗത്ത് വോള്‍ട്ടോവാ നദിക്കഭിമുഖമായി ചാള്‍സ് സര്‍വ്വകലാശാലയ്ക്ക് അരികിലായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകങ്ങളില്‍, Kafka is a Czech (കാഫ്ക ഒരു ചെക്കുകാരനാണ്) എന്ന വാക്കുകള്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. കാഫ്കയുടെ പൈതൃകത്തോടുള്ള ഒരു ജനതയുടെ കടുത്ത ആദരവും അതു തങ്ങളുടേതു മാത്രമാണെന്നു സ്ഥാപിക്കാനുള്ള അവരുടെ ഒടുങ്ങാത്ത ത്വരയും അടയാളപ്പെടുത്തുന്നതായിരുന്നു ആ വാക്കുകള്‍. അപ്പോഴും ആ പൈതൃകം യൂറോപ്പിനു മുഴുവന്‍, ഒരുപക്ഷേ, ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ് എന്ന സത്യം അവശേഷിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ അഭിരുചികളേയും സൗന്ദര്യബോധത്തേയും നവീകരിക്കുവാനും പുനര്‍നിര്‍മ്മിക്കുവാനും കാഫ്കയ്ക്ക് തന്റെ ഹ്രസ്വജീവിതത്തിലെ സര്‍ഗസപര്യയിലൂടെ കഴിഞ്ഞിരിക്കുന്നു. അരാജകത്വത്തിന്റെ അതിഭൗതികതലങ്ങള്‍ തേടുന്ന കാഫ്കന്‍ കഥകള്‍, കവിതയോട് ഏറെ അടുത്തുനില്‍ക്കുന്നു, അവയുടെ ധ്യാനാത്മകതയിലും ഭാവസാന്ദ്രതയിലും.

സമകാലീന ജീവിത മുഹൂര്‍ത്തങ്ങളുടെ സങ്കീര്‍ണ്ണതയുമായി ഏറെ അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമാണ് കാഫ്കയുടെ നോവലുകളിലും കഥകളിലും ഉള്ളത്. ആധുനിക നോവലിന്റെ ഭാഷാപരമായ മിതത്വവും ഭാവസാന്ദ്രതയും ശൈലീപരവും പ്രമേയപരവുമായ സവിശേഷതകളും കാഫ്കയുടെ സംഭാവനകളാണ്. ചെയ്യാത്ത തെറ്റിന്റെ ശിക്ഷയില്‍ അന്ധാളിച്ചുനില്‍ക്കുമ്പോഴും സ്വത്വപ്രതിസന്ധിയില്‍ സ്വയം ഇല്ലാതെയാകുമ്പോഴും കാഫ്കയെസ്‌ക് (Kafkaesque) എന്നു വിശേഷിപ്പിക്കാവുന്ന ജീവിതസാഹചര്യത്തെ നാം കണ്‍മുന്‍പില്‍ കാണുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com