
വര്‍ധിച്ചു വരുന്ന മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അത് നേരിടേണ്ടത് എങ്ങനെയാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനോരോഗ ചികിത്സാ വിഭാഗം മേധാവി ഡോ.എസ്. കൃഷ്ണന്‍ സംസാരിക്കുന്നു.
കേരളസമൂഹം വളരെ മോശപ്പെട്ട മാനസികാരോഗ്യനിലയിലാണ് ഉള്ളത് എന്നു വിലയിരുത്തുന്നത് ഒരുതരം ജനറലൈസ് ചെയ്യല്‍ ആയിപ്പോകുമോ? അതോ അതൊരു യാഥാര്‍ത്ഥ്യം ആണോ?
കേരളത്തിന്റെ മാത്രമല്ല, മാനസികാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ലോകത്താകെയാണ്. കൊവിഡ് കാലത്തിന്റെ ഇഫക്റ്റാണ് ഇതൊക്കെ എന്നാണ് നമുക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയുന്നത്. പക്ഷേ, അത് സത്യമാകണമെന്ന് വലിയ ഉറപ്പൊന്നുമില്ല. കൊവിഡ് ഇടയ്ക്കു വന്നു. അതിനുമുന്‍പുതന്നെ പ്രശ്‌നങ്ങളുണ്ട്. അതായത് ഒരു മനുഷ്യനു ജീവിക്കാന്‍ പരമാവധി അവസരങ്ങളും സാധ്യതകളുമുള്ള കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷേ, ഏറ്റവും വലിയ ദുരന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന, പ്രത്യേകിച്ച് മനുഷ്യസ്വഭാവത്തിന്റെ പ്രത്യേകതകള്‍കൊണ്ട് അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അതിനു കാരണങ്ങളെന്താണെന്ന് നമ്മള്‍ അന്വേഷിച്ചുപോയാല്‍ കുറേ കാരണങ്ങള്‍ കിട്ടും.
അതില്‍ പ്രധാനപ്പെട്ടത്, പറയുമ്പോള്‍ റിഡക്ഷനിസ്റ്റിക്കാണ് എന്നൊക്കെ തോന്നുമെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് മാനസികാരോഗ്യം കുറയുന്നു എന്നുള്ളതാണ്. ഇത് ലോകത്തെല്ലായിടത്തും സംഭവിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ തീവ്രത കൂടുതലായി നമുക്ക് അനുഭവപ്പെടുന്നു എന്നുള്ളതാണ്. സാക്ഷരത കൂടുതലുള്ളതുകൊണ്ടുതന്നെ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധം നമുക്കുണ്ട്. ഇത് എങ്ങനെ നിയന്ത്രിക്കും എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഉല്‍ക്കണ്ഠയും കൂടുതലാണ്. അതുകൊണ്ടാണ് ഇത് കേരളത്തില്‍ ഏറ്റവും കൂടുതലാണ് എന്നു നമുക്കു തോന്നുന്നത്. മാനസികാരോഗ്യനില നോക്കിയാല്‍ കുറേ ഇന്‍ഡക്‌സുകളുണ്ട്; അതായത് ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി, പ്രൈമറി ഹെല്‍ത്ത് കെയര്‍ ഇതുപോലുള്ള കാര്യങ്ങളിലെല്ലാം നമ്മള്‍ മുന്നിലാണ്. പക്ഷേ, മാനസികാരോഗ്യത്തില്‍ അങ്ങനെയല്ല. സാക്ഷരത കൂടുതലാണ്; പക്ഷേ, മാനസികാരോഗ്യ സാക്ഷരത ഇപ്പോഴും വളരെ താഴെയാണ്.
ഒരാളെ കളിയാക്കാന്‍ പലപ്പോഴും ആദ്യം പറയുന്നത് അയാളുടെ അല്ലെങ്കില്‍ അവരുടെ തലയ്ക്കു സുഖമില്ല എന്നാണ്. മാനിസാകാരോഗ്യ സാക്ഷരത കുറവായതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും കൂടുതലാണ്. മെന്റല്‍ ഹെല്‍ത്ത് സ്റ്റിഗ്മ ഉള്ളതുകൊണ്ടുതന്നെ ചികിത്സയെടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. 2015-'16-ല്‍ ദേശീയതലത്തില്‍ ഒരു മാനസികാരോഗ്യ സര്‍വ്വേ നടന്നിരുന്നു. ജനസംഖ്യയുടെ 11.3 ശതമാനം മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ് എന്നാണ് അതിലെ കണ്ടെത്തല്‍. 11.3 ശതമാനം പൊതുവായ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ് എന്നു പറയുന്നതില്‍ ആന്‍ക്സൈറ്റി, സബ്സ്റ്റന്‍സ് ഉപയോഗം, ലഹരിമരുന്നുകള്‍ ഇതൊക്കെ വരുന്നുണ്ട്. ഏകദേശം പത്ത് ശതമാനമാണ് ഡിപ്രഷന്റെ തോത്. കൊവിഡ് കഴിഞ്ഞപ്പോള്‍ അത് ഒരുപാട് കൂടിയിട്ടുണ്ട്. ഒരു തവണ വന്നാല്‍ പിന്നെ വരാന്‍ 50 ശതമാനം സാധ്യതയുണ്ട് എന്നതാണ് ഡിപ്രഷന്റെ പ്രത്യേകത. രണ്ടു തവണ വന്നാല്‍ പിന്നെ 70 ശതമാനം, മൂന്നുതവണ വന്നാല്‍പ്പിന്നെ 90 ശതമാനം. ഇതിനു ചികിത്സ നമുക്കു വളരെ പരിമിതമാണ്. മരുന്നുകള്‍ മാത്രം കൊടുത്തുകൊണ്ടുള്ള ചികിത്സ വളരെ സ്ട്രെക്ചേഡ് ആയിട്ടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള നമ്മുടെ ഉല്‍ക്കണ്ഠ കൗമാരക്കാരുടെ കാര്യത്തില്‍ മാത്രമാണ്. കൗമാരക്കാരെക്കുറിച്ചു മാത്രമാണ് നമ്മള്‍ വിഷമിക്കുന്നത്. പക്ഷേ, അതിന്റെ എത്രയോ ഇരട്ടിയാണ് മുതിര്‍ന്നവരിലും മറ്റും മദ്യത്തിന്റേയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗം. നമ്മള്‍ ഇപ്പോഴും നയങ്ങളൊക്കെ ഉണ്ടാക്കുന്നത് യുവജനങ്ങള്‍ക്കുവേണ്ടിയാണ്. മുതിര്‍ന്നു കഴിഞ്ഞാല്‍ ഇതൊക്കെ ഉപയോഗിക്കാം എന്നൊരു പരോക്ഷ സന്ദേശമുണ്ട്. 16 വയസ്സുള്ള ആള്‍ അവനെ/അവളെ സംബന്ധിച്ച് മുതിര്‍ന്ന ആളാണ്. അപ്പോള്‍ കുറച്ചൊക്കെ പരീക്ഷിച്ചുതുടങ്ങും. 18 കഴിഞ്ഞാല്‍ ഐ.ഡി ആയി. കുട്ടിയല്ല ഇപ്പോള്‍. ഇനി കഴിച്ചുതുടങ്ങാം. ഇങ്ങനെ ലഹരി പദാര്‍ത്ഥ ഉപയോഗം കൂടുന്നതിന്റെ പ്രശ്‌നമുണ്ട് കേരളത്തില്‍.
അതുപോലെത്തന്നെ, പണ്ടൊക്കെ ലൈഫ് സ്‌കില്ലുകള്‍ വീട്ടില്‍നിന്നാണ് പഠിച്ചിരുന്നത്. അന്നു കൂട്ടുകുടുംബങ്ങളായിരുന്നു. ഇന്ന് ന്യൂക്ലിയര്‍ ഫാമിലികളായി; അല്ലെങ്കില്‍ പരിമിതമായ അംഗങ്ങളുള്ളതായി. അവിടെനിന്നു പഠിക്കേണ്ട ജീവിതപാഠങ്ങള്‍ പഠിക്കുന്നില്ല. അങ്ങനെ ജീവിതപാഠങ്ങള്‍ പഠിക്കാതെ വരുമ്പോള്‍ ഇമോഷന്‍സ് എങ്ങനെ നിയന്ത്രിക്കണം എന്ന് അറിഞ്ഞുകൂടാ, സ്ട്രെസ്സ് എങ്ങനെ നിയന്ത്രിക്കണം എന്ന് അറിഞ്ഞുകൂടാ, പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്ന് അറിഞ്ഞുകൂടാ, തീരുമാനങ്ങള്‍ എങ്ങനെ എടുക്കണം എന്ന് അറിഞ്ഞുകൂടാ. ഇതിന്റെയെല്ലാം പ്രതിഫലനമാണ് സമൂഹത്തില്‍ കാണുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍. ഇതു പല തലങ്ങളില്‍ ഉണ്ടാകാം. വ്യക്തിയുടേയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും തലത്തില്‍ ഉണ്ടാകാം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇതു ബാധിക്കുന്നു. ആലോചിച്ചു നോക്കണം, ദേഷ്യനിയന്ത്രണം ഒരു കൂട്ടം ആളുകളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ റോള്‍ മോഡലുകള്‍ എന്നു പറയുന്ന ആളുകള്‍പോലും ദേഷ്യനിയന്ത്രണം സാധിക്കാത്ത ആളുകളാണ്. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് അടുത്ത തലമുറ ഈ സ്‌കില്‍ പഠിക്കുന്നത്. അങ്ങനെ പഠിക്കാതെ വരുമ്പോള്‍ ഇതെല്ലാം പേഴ്സാണിലിറ്റി ഡിസോഡര്‍ പോലെയുള്ള പ്രശ്‌നങ്ങളായി മാറും. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ നമ്മള്‍ കണ്ടുപിടിക്കുന്നുണ്ട്. ഇങ്ങനെ കണ്ടുപിടിക്കുന്നത് നല്ലതാണ്; നമ്മള്‍ അതിനു പരിഹാരങ്ങള്‍ കൂടി കണ്ടെത്തണമെന്നു മാത്രം.
മനോരോഗം എന്നത് ദൈനംദിന ജീവിതത്തില്‍ സാധാരണം എന്നു കരുതുന്ന പെരുമാറ്റ വൈകല്യം ഉള്‍പ്പെടെയാണ്, അല്ലേ?
മൂന്നു കാര്യങ്ങളാണ് മാനസികരോഗങ്ങളെ നിര്‍വ്വചിക്കുന്നത്: ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റരീതികള്‍. ഇതിന്റെ അസ്വസ്ഥതകള്‍ കാരണം ആ വ്യക്തിക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഓരോ പ്രവൃത്തിയേയും ബാധിക്കുന്നു. ഇത് ആ വ്യക്തിയുടെ തൊഴിലിനേയോ പഠനത്തേയോ ഒക്കെ ബാധിക്കുന്ന പ്രശ്‌നങ്ങളായി മാറുന്നു. ഇതിനെയാണ് മനോരോഗം എന്നു വിശേഷിപ്പിക്കുന്നത്. ഒരാള്‍ക്ക് ദേഷ്യം കൂടുതലാണെന്നു കരുതുക. വലിയ പ്രശ്‌നങ്ങളൊന്നുമില്ല; പക്ഷേ, ദേഷ്യം കൂടിക്കഴിഞ്ഞാല്‍ ആ ആളുടെ പലരീതിയിലുള്ള പ്രവര്‍ത്തനങ്ങളെ അതു ദോഷകരമായി ബാധിക്കുന്നുവെങ്കില്‍ അതു രോഗാവസ്ഥയാണ് എന്നു പറയും.
ജീവിതപങ്കാളിയും മക്കളും ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ടവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും മാരകരോഗങ്ങളും പോലുള്ള കാരണങ്ങള്‍ പൊതുവെ പറയാറുണ്ട്. ഇത്തരം സംഭവങ്ങളില്‍ മാനസികാരോഗ്യക്കുറവിന്റെ പങ്ക് എത്രത്തോളമാണ്?
ആത്മഹത്യ ചെയ്യുന്നവരില്‍ 84 മുതല്‍ 91 ശതമാനം വരെ പേര്‍ക്കും മനോരോഗമുണ്ട്. ആത്മഹത്യാശ്രമം നടത്തുന്നവരില്‍ 84 ശതമാനം പേര്‍ക്ക് മനോരോഗമുണ്ട് എന്നാണ്. പണമില്ല, കടങ്ങളുണ്ട്, പരീക്ഷയ്ക്കു തോറ്റു തുടങ്ങിയതൊക്കെ തികച്ചും ഉപരിപ്ലവമായ കാരണങ്ങള്‍ മാത്രമാണ്. ആത്മഹത്യയുടെ ആത്യന്തിക കാരണം എന്നു പറയുന്നത് മാനസികപ്രശ്‌നമാണ്. അതു തിരിച്ചറിഞ്ഞു ചികിത്സിച്ചു മാറ്റണം. ആ രീതിയില്‍ ശ്രമിച്ചാല്‍ മാത്രമേ ആത്മഹത്യ കുറയ്ക്കാന്‍ പറ്റുകയുള്ളൂ. പ്രശ്‌നം ബ്രെയിന്റേതാണ്. ബ്രെയിന്റെ പ്രശ്‌നം എന്നു പറയുമ്പോള്‍ ആള്‍ക്കാര്‍ പറയും എല്ലാം ബ്രെയിനിലേയ്ക്ക് കൊണ്ടെത്തിച്ചു കഴിഞ്ഞാല്‍ എങ്ങനെയാണ്? സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍കൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യാറുണ്ട്. പക്ഷേ, സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍കൊണ്ട് എല്ലാവരും ആത്മഹത്യ ചെയ്യുന്നില്ല. ചിലര്‍, ചില അപൂര്‍വ്വ ദൗര്‍ബ്ബല്യങ്ങള്‍ ഉള്ള ആളുകള്‍, ബ്രെയിനിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍- ഉദാഹരണത്തിന്, തീരുമാനമെടുക്കലുമായി ബന്ധപ്പെട്ട മുന്‍ഭാഗം-പ്രശ്‌നത്തിലായാല്‍ അവര്‍ക്ക് കുറച്ചൊരു ഗൗരവമുള്ള പ്രശ്‌നമുണ്ടാവുകയും അതു താങ്ങാന്‍ പറ്റാതെ വരികയും ചെയ്താല്‍ ആത്മഹത്യ ചെയ്യും. ദേഷ്യത്തിന്റെ തന്നെ ഒരു രൂപമാണിത് എന്നാണ് പറയുന്നത്. അതായത് ദേഷ്യം പുറത്തേയ്ക്കു പോകുമ്പോള്‍ വേറൊരാളെ ആക്രമിക്കുന്നു, അകത്തേയ്ക്കു പോകുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ കൊല്ലുന്നു. ദേഷ്യം പുറത്തുകാണാന്‍ പറ്റാതെ വരുന്ന അവസ്ഥയില്‍ അത് അകത്തേയ്ക്കു കാണിക്കുന്നുണ്ട്. ഏതാണ് മാരകം എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ പറയാന്‍ പറ്റില്ല. രണ്ടും സമൂഹത്തിനു നഷ്ടം തന്നെയാണ് ഉണ്ടാക്കുന്നത്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് അയാളെ മാത്രമല്ല ബാധിക്കുന്നത്. വീട്, ജോലി സ്ഥലം, ജീവിക്കുന്ന മറ്റു ചുറ്റുപാടുകള്‍ തുടങ്ങിയതിനെയെല്ലാം ബാധിക്കും. ഓരോ ആത്മഹത്യയ്ക്കും 20 ശ്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടാകാം. 40 സെക്കന്റില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു, മൂന്നു സെക്കന്റില്‍ ഒരു ആത്മഹത്യാശ്രമം നടക്കുന്നു. സാക്ഷരത കൂടുതലായതുകൊണ്ട് നമുക്ക് ഇതിനേക്കുറിച്ചു ചിന്തിക്കാന്‍ കഴിയുന്നുണ്ട്. വളരെ ഉള്‍നാടുകളില്‍, ഉദാഹരണത്തിന് ബീഹാറിലൊക്കെ ആത്മഹത്യ കുറവാണ് എന്നു പറയും. അതിനര്‍ത്ഥം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് അയാളെ മാത്രമല്ല ബാധിക്കുന്നത്. വീട്, ജോലി സ്ഥലം, ജീവിക്കുന്ന മറ്റു ചുറ്റുപാടുകള്‍ തുടങ്ങിയതിനെയെല്ലാം ബാധിക്കും. ഓരോ ആത്മഹത്യയ്ക്കും 20 ശ്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടാകാം. 40 സെക്കന്റില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു, മൂന്നു സെക്കന്റില്‍ ഒരു ആത്മഹത്യാശ്രമം നടക്കുന്നു. സാക്ഷരത കൂടുതലായതുകൊണ്ട് നമുക്ക് ഇതിനേക്കുറിച്ചു ചിന്തിക്കാന്‍ കഴിയുന്നുണ്ട്. വളരെ ഉള്‍നാടുകളില്‍, ഉദാഹരണത്തിന് ബീഹാറിലൊക്കെ ആത്മഹത്യ കുറവാണ് എന്നു പറയും. അതിനര്‍ത്ഥം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രിയപ്പെട്ടവരെ കൊന്നിട്ട് ആത്മഹത്യ ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ചെയ്തത് കുറ്റകൃത്യമാണ് എന്നും ജീവിച്ചിരുന്നാല്‍ അത് പിന്നീടുള്ള കാലം മുഴുവന്‍ തന്നെ വേട്ടയാടും എന്നുമുള്ള തിരിച്ചറിവുണ്ടോ?
കാണില്ല. രണ്ടുതരം ആത്മഹത്യകളുണ്ട്. ഒന്ന് ആസൂത്രിത ആത്മഹത്യ, രണ്ട് പെട്ടെന്നുണ്ടാകുന്ന ആത്മഹത്യ. മുന്‍കൂട്ടി തീരുമാനിച്ച ആത്മഹത്യകള്‍ തടയാന്‍ സാധ്യതകളുണ്ട്. പെട്ടെന്നുണ്ടാകുന്ന ആത്മഹത്യയില്‍ അത് ഇല്ല. മരിക്കാന്‍ പോകുന്നു എന്ന് ആരോടും പറഞ്ഞു എന്നു വരില്ല. ആസൂത്രിത ആത്മഹത്യയില്‍ ചില സൂചനകള്‍ മുന്‍പേത്തന്നെ പുറത്തു വരാറുണ്ട്. താന്‍ പോയിക്കഴിഞ്ഞാല്‍ കുടുംബം എങ്ങനെ ജീവിക്കും എന്ന ഉല്‍ക്കണ്ഠ, കുടുംബത്തെക്കൂടി എങ്ങനെ കൊണ്ടുപോകാം എന്ന ചിന്ത ഇതൊക്കെ ആ ആളെ ബാധിക്കും. ഇത് ഒരു റിയാക്ഷനിലേക്കുതന്നെ വരണമെന്നില്ല. ഡിപ്രഷന്‍ ബാധിച്ച ഒരാള്‍ അതില്‍നിന്നു പുറത്തു വരുമ്പോഴായിരിക്കും കുടുംബത്തിലെ അടുത്തയാള്‍ക്ക് ഡിപ്രഷന്‍ വരുന്നത്. ഇതോടെ, നേരത്തെ ഡിപ്രഷനുള്ളയാള്‍ വീണ്ടും ആ അവസ്ഥയിലേക്കു പോകാനുള്ള സാധ്യത കൂടുതലാണ്. ഷെയേഡ് സൈക്യാട്രിക് ഡിസോഡര്‍ ഉണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് ഡിപ്രഷന്‍ വന്നാല്‍ ക്രമേണ മറ്റുള്ളവരിലേക്കും പകര്‍ച്ചവ്യാധി പടരുന്നതുപോലെ ബാധിക്കാം. കൂട്ട ആത്മഹത്യകളില്‍ കുടുംബത്തിലെ ആ ആളുകള്‍ക്കു പുറത്തേയ്ക്ക് ജീവിതത്തിലെ കൂടിയാലോചനകളും തീരുമാനങ്ങളും പോകുന്നില്ല. ജീവിതത്തിലെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല; മറ്റുള്ളവരുമായി പങ്കുവച്ച് പരിഹാരങ്ങള്‍ക്കു ശ്രമിക്കുന്നുമില്ല. ജീവിതം പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും കൂടി ഉള്‍പ്പെട്ടതാണ്. സന്തോഷം മാത്രമല്ല ഉണ്ടാകുന്നത്. അങ്ങനെ ചിന്തിക്കാന്‍ പറ്റുന്നില്ല, അല്ലെങ്കില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. നമുക്കെല്ലാം വേണ്ടത് പരസ്പരബന്ധങ്ങളാണ്. അത്തരം സാമൂഹിക ബന്ധങ്ങളിലേക്ക് ഇവര്‍ക്ക് എത്താന്‍ പറ്റുന്നില്ല. അങ്ങനെ എത്താന്‍ പറ്റാതെ വരുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്, എന്നെ സഹായിക്കാന്‍ ആരുമില്ല, ഞാന്‍ ഇല്ലെങ്കില്‍ ഈ ലോകം കുറച്ചുകൂടി നന്നാകും ഇത്തരം ചിന്തകളെല്ലാം വരും. സ്വന്തം വേദന മാറ്റാന്‍ മാത്രമല്ല, ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്. താന്‍ ഒഴിഞ്ഞാല്‍ ലോകം കുറച്ചുകൂടി നന്നാകും എന്നു കരുതുന്നവരുണ്ട്. ചിന്തകളുടെ വികലതയാണ് ഇത്. ഇതു പരിഹരിക്കാന്‍ ഒറ്റ വഴിയേയുള്ളൂ. സൈക്യാട്രിക് ഡിസോഡര്‍ പരിഹരിക്കുക. അതുകൊണ്ടാണ് മാനസികാരോഗ്യം നന്നാക്കുക പ്രധാനമാണ് എന്നു പറയുന്നത്. മാനസികാരോഗ്യ സാക്ഷരത വര്‍ദ്ധിപ്പിക്കുക, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം നിര്‍ത്തല്‍, മതപരമായ വിശ്വാസചിന്തകള്‍ എന്നിവയാണ് ആത്മഹത്യാ പ്രവണതകള്‍ക്കെതിരായ ഫലപ്രദമായ മൂന്നു വഴികള്‍. പക്ഷേ, മതവിശ്വാസം ചില മേഖലകളില്‍ ഗുണം ചെയ്യുകയും ചിലയിടത്ത് അതേവിധം ഫലം ചെയ്യാതിരിക്കുകയും ചെയ്യാം എന്ന ദോഷമുണ്ട്. ഉദാഹരണത്തിന്, മലപ്പുറത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് കുറവാണ്. അത് പക്ഷേ, തിരുവനന്തപുരത്ത് അതേവിധമാകണം എന്നില്ല. ഒരേതരം വിശ്വാസമുള്ള ആളുകള്‍ ഒന്നിച്ചുകൂടി താമസിക്കുന്നിടത്ത് ആ വിശ്വാസവുമായി ബന്ധപ്പെട്ട മൂല്യബോധം കൂടുതലായി പ്രവര്‍ത്തിക്കും. അവര്‍ അവിടെനിന്നു വേറൊരിടത്തു പോയി താമസിക്കുമ്പോള്‍ അവിടുത്തെ സാമൂഹിക സാഹചര്യങ്ങളുടെ ഭാഗമായി മാറും.
മതവിശ്വാസം ആശ്രയിക്കാവുന്ന ഒരു സ്രോതസ്സാണോ?
മതവിശ്വാസം ആശ്രയിക്കാവുന്ന സ്രോതസ്സാണ്. പക്ഷേ, ഒരു ചികിത്സാമാര്‍ഗ്ഗമായി ആശ്രയിക്കാന്‍ കഴിയില്ല. മതവിശ്വാസത്തിനു മൂന്നു കാര്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയും. പരസ്പര ബന്ധങ്ങള്‍, പ്രതീക്ഷ, ഉപകാരസ്മരണ. ഈ മൂന്നു കാര്യങ്ങള്‍ക്ക് ആത്മഹത്യാ പ്രതിരോധത്തില്‍ പങ്കുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ എന്താണ് ജീവിതത്തില്‍ നഷ്ടപ്പെടുത്തുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമായി ജീവിതപാഠങ്ങള്‍ നല്‍കുന്നതിനുള്ള വഴിയാകാന്‍ കഴിയും. ലോകാരോഗ്യ സംഘടന പറയുന്ന പത്ത് ലൈഫ് സ്‌കില്‍സ് ഉണ്ട്. സെല്‍ഫ് അവെയര്‍നെസ്സ്, എംപതി, ഇന്റര്‍പേഴ്സണല്‍ റിലേഷന്‍ഷിപ്സ്, ഇഫക്ടീവ് കമ്യൂണിക്കേഷന്‍, ക്രിട്ടിക്കല്‍ തിംഗിംഗ്-ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിച്ച് യുക്തഭദ്രമായ തീരുമാനത്തിലെത്തുക, ക്രിയേറ്റീവ് തിംഗിംഗ്, പ്രോബ്ലം സോള്‍വിംഗ്, ഡിസിഷന്‍ മേക്കിംഗ്, ഹോപ്പിംഗ് വിത് ഇമോഷന്‍, ഹോപ്പിംഗ് വിത് സ്ട്രെസ്സ്. സമൂഹത്തിന്റെ എല്ലാത്തലത്തിലും ജീവിതപാഠങ്ങള്‍ പഠിപ്പിക്കുക, മാനസികാരോഗ്യ സാക്ഷരത കൂട്ടുക എന്നത് പ്രധാനമാണ്. ആര്‍ക്ക് കൂട്ടണം എന്നതിന് എല്ലാവരും പറയുക കൗമാരക്കാര്‍ക്ക് എന്നാണ്. പക്ഷേ, മുതിര്‍ന്നവര്‍ക്കും ജീവിതപാഠങ്ങള്‍ പലതും അറിയില്ല. ഉദാഹരണത്തിന്, ദേഷ്യനിയന്ത്രണം തന്നെ. കുട്ടിക്ക് അത് അറിയാത്തത് മുതിര്‍ന്നവര്‍ ദേഷ്യം നിയന്ത്രിക്കുന്നത് കുട്ടി കാണാത്തതുകൊണ്ടാണ്. കുട്ടിയെ പഠിപ്പിച്ചിട്ടു കാര്യമില്ല. ദേഷ്യം ഉള്‍പ്പെടെയുള്ള വികാരങ്ങള്‍ വ്യക്തിയെ കീഴ്പെടുത്തുന്നത് നിയന്ത്രിക്കാനുള്ള ബോധവല്‍ക്കരണം വേണം. വ്യക്തിയുടെ ശക്തി, ദൗര്‍ബ്ബല്യം, അവസരങ്ങള്‍, വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടായിക്കഴിഞ്ഞാല്‍ അടിസ്ഥാനപരമായി കുറച്ചൊക്കെ സ്വയം നിയന്ത്രിക്കാന്‍ കഴിയും.
എന്തിനാണ് അവരേക്കൂടി ഇല്ലാതാക്കിയത്; അവന് അല്ലെങ്കില്‍ അവള്‍ക്കു മടുത്തെങ്കില്‍ സ്വന്തം ജീവിതം അവസാനിപ്പിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യം സാധാരണ കേള്‍ക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ആത്മഹത്യയ്ക്കു മുന്‍പു കൊലചെയ്യുമ്പോള്‍ വ്യക്തിയുടെ മാനസികാവസ്ഥ എന്താണ്?
അവര്‍ക്ക് അവര്‍ ചെയ്യുന്നതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ അറിയില്ല. അതുവരെയുള്ള നോര്‍മല്‍ മനോനില എന്നു പറയുന്നതിന്റെ എല്ലാ അതിരുകളും അവിടെ ഇല്ലാതാവുകയാണ്. അച്ഛന്‍ അമ്മയെ കൊല്ലുന്നു, അമ്മ കുഞ്ഞിനെ കൊല്ലുന്നു, മക്കള്‍ അമ്മയേയും അച്ഛനേയും കൊല്ലുന്നു. ലോകത്തില്‍ ഏറ്റവും വിശുദ്ധമായതാണ് മാതൃത്വം എന്നു നമ്മള്‍ തെറ്റായി ധരിച്ചിരുന്നതാണ്. ഏതു മനുഷ്യനും മറ്റൊരു മനുഷ്യനെ കൊല്ലും. ലോകസാഹിത്യത്തിലൊക്കെ അമ്മ കുഞ്ഞിനെ കൊല്ലുകയും ആത്മഹത്യയിലേയ്ക്കു പോകുന്ന സംഭവങ്ങളുമുണ്ട്. പക്ഷേ, ആ കൊല്ലുന്ന അമ്മയ്ക്ക് രോഗാവസ്ഥയുണ്ട് എന്നുമാത്രം പറയുന്നില്ല. യഥാര്‍ത്ഥ ജീവിതത്തിലുമുണ്ട് ഇത്. ഏതു വ്യക്തിയുടെ കാര്യത്തിലും രോഗാവസ്ഥ കണ്ടുപിടിക്കുക എന്നത് വളരെ പ്രധാനമാണ്.
നമ്മുടെ സ്ഥാപനങ്ങളില്‍ മിക്കതിലും ജീവനക്കാര്‍ക്ക് ഫിസിക്കല്‍ ചെക്കപ്പ് നടത്താറുണ്ട്. പക്ഷേ, മെന്റല്‍ ഹെല്‍ത്ത് ചെക്കപ്പ് ഇല്ല. ഗവണ്‍മെന്റ് ഓഫീസുകളില്‍നിന്നും സ്‌കൂളുകളില്‍നിന്നും ഇതു തുടങ്ങേണ്ടതാണ്. വര്‍ഷത്തില്‍ ഒരു ദിവസം ഒരു മാനസികാരോഗ്യ പ്രഫഷണലിനെ വരുത്തി മാനസികാരോഗ്യനില പരിശോധിക്കുക. അതില്‍ക്കൂടി വലിയ വലിയ രോഗങ്ങളൊന്നും കണ്ടെത്താന്‍ പറ്റില്ല. പക്ഷേ, കള്ളുകുടിക്കുന്ന എത്ര പേരുണ്ട്, മറ്റു ലഹരികള്‍ ഉപയോഗിക്കുന്ന എത്ര പേരുണ്ട്, വീട്ടില്‍ ഭാര്യയെ തല്ലുന്ന എത്ര പേരുണ്ട്, വിവിധ തരത്തില്‍ പെരുമാറ്റ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ എത്ര പേരുണ്ട് എന്നൊക്കെ കണ്ടെത്താന്‍ കഴിയും. അതിനു പ്രതിവിധിയും നിര്‍ദ്ദേശിക്കാന്‍ കഴിയും. കുറേയാള്‍ക്കാരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി ഫോളോഅപ്പ് ചെയ്യാന്‍ പറ്റും. ആത്മഹത്യയുടെ കാര്യത്തില്‍ത്തന്നെ, ഒരു ആത്മഹത്യ നടക്കുമ്പോള്‍ അതിന്റെ കാരണം എന്താണ് എന്നതിനു കുടുംബപ്രശ്‌നങ്ങളും മദ്യപാനവും കടവുമൊക്കെയായി പലതും പറയും. മാനസികപ്രശ്‌നം പറയില്ല; അങ്ങനെയൊന്ന് നമ്മുടെ ചിന്തയില്‍ വരുന്നവിധം അയാളെക്കുറിച്ചു നമുക്കു കൂടുതല്‍ അറിയില്ല. ഏറ്റവും അടുപ്പമുള്ളവര്‍ക്കുപോലും അറിയില്ല. സമീപകാലത്തു നടന്ന 12 ആത്മഹത്യകള്‍ പ്രത്യേകമായി പഠിച്ചപ്പോള്‍ അതില്‍ മൂന്നുപേരും മാനസികപ്രശ്‌നമുള്ളവരായിരുന്നു. 15 ആത്മഹത്യാ ശ്രമങ്ങള്‍ പരിശോധിച്ചപ്പോള്‍ 11 പേര്‍ക്ക് മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരായിരുന്നു, അതിന് അവര്‍ ചികിത്സ തേടിയിരുന്നു. പക്ഷേ, തുടര്‍ന്നില്ല.
ഒരു മെന്റല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബ്ബന്ധമാക്കിയാല്‍ ഇങ്ങനെയുള്ള ചികിത്സകള്‍ക്ക് തുടര്‍ച്ചയുണ്ടാകും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാനസികാരോഗ്യ പരിശോധന നടത്താറുണ്ട്. വലിയ വലിയ രോഗങ്ങളൊന്നും കണ്ടെത്താറില്ല. പക്ഷേ, ചെറിയ പ്രശ്‌നങ്ങളൊക്കെ കണ്ടെത്തി ചികിത്സ നല്‍കാറുണ്ട്. അതുപോലെ മുഴുവന്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും വര്‍ഷത്തിലൊരു ദിവസം പരിശോധനയ്ക്കും അതിലെ കണ്ടെത്തലുകള്‍ രേഖപ്പെടുത്താനും തുടര്‍ പരിശോധനയ്ക്കും ചികിത്സ ആവശ്യമെങ്കില്‍ അതിനും ഈ കാര്‍ഡ് ഒരു രേഖയാക്കി മാറ്റാം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍ബ്ബന്ധമാക്കിയാല്‍ പ്രൈവറ്റ് സ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിക്കാം. തസ്തിക വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ഈ കാര്‍ഡും പരിശോധനയുമുണ്ടെങ്കില്‍ അതിനു വിധേയരാകാന്‍ എല്ലാവരും തയ്യാറാകും.
ഏതെങ്കിലും രാജ്യങ്ങളില്‍ ഇങ്ങനെയൊരു രീതിയുണ്ടോ?
ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലൊക്കെ മെന്റല്‍ ഹെല്‍ത്ത് കാര്‍ഡും വാര്‍ഷിക പരിശോധനയുമുണ്ട്. വലിയ പല കമ്പനികളും ജീവനക്കാര്‍ക്ക് മാനസികാരോഗ്യ പരിശോധന നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. ഈയിടെ സിംഗപ്പൂരിലെ ഒരു കമ്പനി സാഡ്നെസ്സ് ലീവ് എന്ന പേരില്‍ ഒരു അവധി നല്‍കി തുടങ്ങി. സാഡ്നെസ്സ് ലീവ് മുന്‍പ് ഒരിടത്തും ഇല്ല. ഒരാള്‍ ദുഃഖിതനായിരിക്കുമ്പോള്‍ അയാള്‍ക്ക് ഈ അവധിക്ക് അര്‍ഹതയുണ്ട് എന്നതാണ് കമ്പനിയുടെ പുതിയ നയം. നമ്മുടെ ഇവിടെ അങ്ങനെയൊന്ന് മനോരോഗ ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ക്കുപോലും ലീവ് ഇല്ല. ശരിക്കും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയിലും നയപരിപാടികളിലും ഉള്‍പ്പെടുത്തേണ്ട കാര്യമാണിത്. അങ്ങനെ ഗവണ്‍മെന്റിന്റെ തീരുമാനമായും വരണം. മാനസികാരോഗ്യത്തിന്റെ പ്രസക്തി ഇത്രയും കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ അതിന്റെ ആവശ്യം വരുന്നുണ്ട്. ബാക്കി എല്ലാ സ്ഥലത്തും 20 ശതമാനത്തോളമെങ്കിലും മാനസികാരോഗ്യ ബജറ്റ് ഉണ്ട്. നമ്മുടെ ഇവിടെ 0.8 ശതമാനമാണ്. അത്രയും കുറവാണ്. ആരോഗ്യമേഖലയുടെ പൊതു ബജറ്റ് വിഹിതത്തില്‍ വളരെക്കുറച്ച് തുകയേ മാനസികാരോഗ്യത്തിനുവേണ്ടി ചെലവാക്കുന്നുള്ളൂ.
മാനസികാരോഗ്യത്തിനു മാത്രമായ ഒരു വകുപ്പോ മന്ത്രാലയമോ ഇന്ത്യയില്‍ ഇല്ലതാനും; കേന്ദ്രത്തിലുമില്ല, സംസ്ഥാനങ്ങളിലുമില്ല. മാത്രമല്ല, ബജറ്റ് വിഹിതം കൂടുതലായി കൊടുക്കുന്ന നിംഹാന്‍സ് പോലുള്ള സ്ഥാപനങ്ങളിലുള്‍പ്പെടെ ഇന്ത്യയില്‍ റിസല്‍റ്റ് ഓറിയന്റഡ്, എവിഡന്‍സ് ബേസ്ഡ് ഗവേഷണങ്ങള്‍ കുറവാണ്. പടിഞ്ഞാറ് ഇല്ലാത്ത രീതിയിലുള്ള ബന്ധങ്ങളിലെ അടുപ്പമാണ് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രത്യേകത. പക്ഷേ, ഇപ്പോള്‍ നമ്മള്‍ പടിഞ്ഞാറിനെ അനുകരിച്ച് പേഴ്സണലൈസ്ഡ് മെഡിസിന്‍ എന്നത് എടുത്തുകളഞ്ഞ് എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഈ ഗവേഷണങ്ങളെല്ലാം നടന്നിരിക്കുന്നത് ഇന്ത്യയ്ക്കു പുറത്താണ്. ഇന്ത്യയ്ക്കകത്ത് നടക്കുന്ന കാര്യങ്ങള്‍ കാര്യമായി ഇല്ല. എന്തുകൊണ്ട് പുറത്തു നടക്കുന്നവിധം ഗവേഷണങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നില്ല എന്നതിനു പണമില്ല എന്നാണ് പൊതുവായ മറുപടി.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും പല ഉപദേശകരുണ്ടെങ്കിലും മാനസികാരോഗ്യ ഉപദേശകര്‍ ഇല്ലല്ലോ. യഥാര്‍ത്ഥത്തില്‍ കോടിക്കണക്കിന് ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുടെ സമ്മര്‍ദ്ദങ്ങളിലൂടെ എല്ലായ്പോഴും കടന്നുപോകുന്ന അവര്‍ക്കു വിദഗ്ദ്ധരായ മാനസികാരോഗ്യ ഉപദേശകര്‍ വേണ്ടതല്ലേ?
തീര്‍ച്ചയായും അതു വേണ്ടതാണ്. അവര്‍ക്ക് ഒരുപാടു പ്രശ്‌നങ്ങളുണ്ട്. ഒരു കാര്യം പറയാം. എല്ലാവരും വിചാരിച്ചിരിക്കുന്നത് പലതരം മാരകരോഗങ്ങള്‍ ബാധിച്ച് ആളുകള്‍ മരിക്കാറുണ്ടെങ്കിലും മാനസികരോഗം കാരണമായി ആരും മരിക്കാനൊന്നും പോകുന്നില്ലല്ലോ എന്നാണ്. പക്ഷേ, കൊവിഡ് മഹാമാരി വന്നു പോയശേഷം ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രതിസന്ധി മാനസികരോഗമാണ്. ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ ഓങ്കോളജിസ്റ്റ് ഡോ. സിദ്ധാര്‍ത്ഥ് മുഖര്‍ജിയുടെ പുസ്തകമുണ്ട്, 'ദി എംപറര്‍ ഓഫ് ഓള്‍ മലാഡീസ്: എ ബയോഗ്രഫി ഓഫ് ക്യാന്‍സര്‍.' കാന്‍സറാണ് എല്ലാ രോഗങ്ങളുടേയും ചക്രവര്‍ത്തി എന്നാണ് അതു പറയാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാന്‍സറല്ല, മാനസികരോഗമാണ് എല്ലാ രോഗങ്ങളുടേയും ചക്രവര്‍ത്തി. കാരണം, ഹൃദ്രോഗമായാലും കാന്‍സറായാലും കരള്‍രോഗമായാലുമെല്ലാം ഇതു വരുന്നവര്‍ക്കെല്ലാം ഡിപ്രഷനോ ഉല്‍ക്കണ്ഠയോ വരാം; ബ്രെയിന്‍ ഉള്ള ആര്‍ക്കും വരാം. നമ്മുടെ ഒരു പൊതു വിശ്വാസം എന്നത് മനോരോഗം വരാന്‍ കുറേപ്പേരുണ്ട്; എനിക്കും വരില്ല എന്റെ പ്രിയപ്പെട്ടവര്‍ക്കും വരില്ല എന്നാണ്. പക്ഷേ, ആര്‍ക്കും വരാം എന്നതാണ് സത്യം. നമ്മളൊന്നു തിരഞ്ഞുപോയാല്‍ മൂന്നു തലമുറയ്ക്കുള്ളില്‍ എല്ലാ കുടുംബങ്ങളിലും ഏതെങ്കിലുമൊരു അര്‍ത്ഥത്തില്‍ മനസ്സിനു അസ്വസ്ഥതയുള്ള ഒരാളെങ്കിലും ഉണ്ടായിട്ടുണ്ടാകാം. അതു പല തലങ്ങളിലായിരിക്കുമെന്നു മാത്രം.
രോഗം വരുമ്പോള്‍ ചികിത്സിക്കുന്നതിനേക്കാള്‍ വിശ്വാസത്തിനു പ്രാധാന്യം കൊടുക്കാറുണ്ട് പലരും. അമ്പലത്തില്‍ പോയി വഴിപാടു നടത്തുക, പള്ളിയില്‍ പോയോ അല്ലാതേയോ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയതിനൊക്കെ നമ്മുടെ സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ട്. പൂജാരിയേയോ ഉസ്താദിനേയോ അച്ചനേയോകൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ അവരൊക്കെ ചെയ്യുന്നത് കൗണ്‍സിലിംഗിന്റെ പരമ്പരാഗത രൂപങ്ങളാണ്. പക്ഷേ, അവിടെ നിന്നില്ലെങ്കില്‍ അടുത്ത തലത്തിലേക്കു പോകാന്‍ കൂടി നമ്മള്‍ തയ്യാറായിരിക്കണം.
കൊവിഡിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി എന്നു പറഞ്ഞല്ലോ. കൊവിഡ് മനുഷ്യരുടെ മാനസികനിലയെ ബാധിച്ചത് ഏതുവിധമൊക്കെയാണ്?
കൊവിഡ് ഒരു ശാരീരികരോഗം മാത്രമായിരുന്നു എന്ന ധാരണ ശരിയല്ല. ഒരര്‍ത്ഥത്തില്‍ ഒരു ബിഹേവിയറല്‍ ഡിസീസും കൂടിയായിരുന്നു. അതായത് അതു പകരുന്നത് നമ്മുടെ പെരുമാറ്റത്തിന്റെ അപാകതയില്‍ കൂടിയാണ്. അകലം പാലിക്കില്ല, മാസ്‌ക് വയ്ക്കില്ല എന്നു കരുതുക. ഇതു രണ്ടും കൊവിഡ് പകരാന്‍ കാരണമാകുന്ന പെരുമാറ്റങ്ങളാണ്. അതിനേക്കാള്‍ വലിയ ഒരു കാര്യം, കൊവിഡ് തലച്ചോറിനെ കാര്യമായി ബാധിക്കുന്നുണ്ട് എന്നതാണ്. കൊവിഡ് വന്ന നിരവധി ആളുകള്‍ക്ക് അതുമായി ബന്ധപ്പെട്ട പലതരം ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് കൊവിഡ് ഒരു ശാരീരികരോഗം മാത്രമാണ് എന്നു പറയാന്‍ പറ്റില്ല. കൊവിഡിന്റെ സൈക്യാട്രിക് ആസ്പെക്റ്റ് കൊവിഡ് വന്നുപോയ ശേഷമാണ് പലരും മനസ്സിലാക്കുന്നത്.
മാനസികേതര കാരണങ്ങള്‍ എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടോ? സാമ്പത്തിക പ്രതിസന്ധി, മറ്റു രോഗങ്ങള്‍ തുടങ്ങിയതൊക്കെ ജീവിതം അവസാനിപ്പിക്കാനുള്ള കാരണങ്ങള്‍ ആയി മാറുന്നതിനെ നമ്മള്‍ എങ്ങനെ പ്രതിരോധിക്കും?
മാനസികമായ ഒരു അസ്വസ്ഥത വന്നിട്ടാണ് ഇത്തരം കാരണങ്ങള്‍ ആത്മഹത്യയ്ക്കും കൊലപാതകത്തിനുമൊക്കെ കാരണമാകുന്നത്. വ്യക്തിത്വത്തിന്റെ പ്രശ്‌നമെങ്കിലുമുണ്ട്. ആ പ്രശ്‌നം മുന്‍കൂട്ടി അറിയണമെങ്കില്‍ നേരത്തേ പറഞ്ഞതുപോലെ മെന്റല്‍ ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തണം. അപ്പോള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയും. ആത്മഹത്യാശ്രമം നടത്തുന്ന ഒരാളിന്റെ ചരിത്രമെടുത്തു നോക്കിയാല്‍ കാണാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങളുണ്ട്. അയാള്‍ക്ക്/അവര്‍ക്ക് ദേഷ്യനിയന്ത്രണം കുറവായിരിക്കും, മറ്റുള്ളവരോടുള്ള വിരോധഭാവം കൂടുതലായിരിക്കും, എടുത്തുചാട്ടം കൂടുതലായിരിക്കും. പിന്നെ, എംപ്റ്റിനെസ്സ് എന്നു പറയുന്ന അവസ്ഥ; അതായത് മറ്റുള്ളവരുമായി ചേര്‍ന്നുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെ പല പ്രത്യേകതകളുമുണ്ട്. ഇതെല്ലാംകൂടി ചേര്‍ത്തു വായിച്ചുകഴിഞ്ഞാല്‍ ആ വ്യക്തി ആത്മഹത്യാ പ്രവണതയുള്ള ആളാണ് എന്നു മനസ്സിലാക്കാന്‍ സാധിക്കും. നമ്മള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ആത്മഹത്യാ പ്രവണതയുണ്ടായിരിക്കാം. പക്ഷേ, ചിലര്‍ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ ചെയ്യുന്നവര്‍ ജീവിതത്തെപ്പേടിച്ച് അതില്‍നിന്നു രക്ഷപ്പെടുന്നു എന്നു കരുതിയിട്ടാകും മരണം തെരഞ്ഞെടുക്കുന്നത്. അവര്‍ക്കും ജീവിക്കാന്‍ ആഗ്രഹമുണ്ട്. മരണത്തിന്റെ ലാസ്റ്റ് മൊമന്റ് വരെ അവരുടെ ഉള്ളില്‍ ഒരു തര്‍ക്കം നടക്കുന്നുണ്ടാകും. മരിക്കണോ ജീവിക്കണോ എന്ന സംശയം. ഇത് അവസാന നിമിഷം വരെ തുടരാം. ഈയിടെ ഒരിടത്ത് വായിച്ചത്, മരിക്കാനുള്ള ആശയം ആത്മഹത്യയ്ക്ക് ഏകദേശം അഞ്ചുവര്‍ഷം മുന്‍പെങ്കിലും ആരംഭിക്കുന്നു എന്നാണ്. ഡിമന്‍ഷ്യയുടെ ലക്ഷണങ്ങള്‍ പുറത്തു കണ്ട് തുടങ്ങുന്നത് ഏകദേശം 20 വര്‍ഷം മുന്‍പാണ്. ആലോചിച്ചു നോക്കണം; എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടോ. 80 വയസ്സില്‍ ഡിമന്‍ഷ്യ വരുന്ന ആള്‍ക്ക് 60 വയസ്സില്‍ ഒരു ലക്ഷണവുമുണ്ടായിരുന്നതായി അടുത്ത് ഇടപഴകുന്നവര്‍ക്കുപോലും തോന്നില്ല. ഇനി ശാസ്ത്രം കണ്ടുപിടിക്കാന്‍ പോകുന്നത് അതൊക്കെയായിരിക്കും. ആത്മഹത്യയ്ക്ക് അഞ്ചു വര്‍ഷം മുന്‍പെങ്കിലും ഏതെങ്കിലും രീതിയിലുള്ള പെരുമാറ്റങ്ങളിലൂടെയൊക്കെ അതിന്റെ സൂചന വരും.
ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ പറയുന്നത്, അതു ചെയ്യേണ്ട ഒരു കാര്യവുമില്ലായിരുന്നു എന്നായിരിക്കും. പക്ഷേ, അവരുമായിത്തന്നെ അടുത്തു സംസാരിച്ചാല്‍ മദ്യപാനവും കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളുമെല്ലാം പുറത്തുവരും. അനുഭവമാണ് പറയുന്നത്. ഒരു ആത്മഹത്യയും ഒരു കാരണംകൊണ്ടുമാത്രം സംഭവിക്കില്ല. ഓരോ ആത്മഹത്യയ്ക്കു പിന്നിലേയും നിരവധി കാരണങ്ങളുണ്ടാകും. ആ കാരണങ്ങള്‍ നമ്മള്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ജീവിക്കാനുള്ള കാരണങ്ങളും കണ്ടുപിടിക്കാന്‍ കഴിയും. മനഃശാസ്ത്രത്തെക്കുറിച്ച് പറയാറുണ്ട്: മനഃശാസ്ത്രം വഴിതിരിഞ്ഞത് അതു മനുഷ്യന്റെ സങ്കടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴല്ല, സന്തോഷത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്. അതുപോലെ ജീവിക്കാനുള്ള കാരണങ്ങളെക്കുറിച്ച് ആലോചിക്കണം. ലോകത്തിന്റെ മൊത്തം ജനസംഖ്യ വെച്ചുനോക്കിയാല്‍ കുറച്ചാളുകളേ ആത്മഹത്യ ചെയ്യുന്നുള്ളൂ.
ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 28 പേരാണ് മരിക്കുന്നതെങ്കില്‍ ബാക്കിയുള്ളവരൊക്കെ ജീവിക്കാനുള്ള കാരണങ്ങള്‍ എന്താണ്? വലിയ പഠനങ്ങളൊന്നും ഇന്ത്യയിലും പുറത്തും നടന്നിട്ടില്ല. ജീവിക്കാന്‍ ഇത്രയും പേര്‍ക്കുള്ള കാരണം കുറച്ചാളുകളിലേക്ക് എത്തുന്നില്ല. അതുകൊണ്ടാണ് മുന്നു കാര്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അവബോധം കൊടുക്കേണ്ടത്. ഒന്ന്, ജീവിതത്തിന്റെ പോസിറ്റീവ് വശങ്ങള്‍, രണ്ട് മരണം രക്ഷപ്പെടല്‍ അല്ല എന്നത്; അതായത് സെക്‌സ് എജുക്കേഷന്‍ കൊടുക്കുന്നതുപോലെ ഡെത്ത് എജുക്കേഷനും കൊടുക്കണം: മരണം രക്ഷയല്ല, ജീവിതം കഷ്ടപ്പാടുമല്ല. ജീവിതത്തില്‍ പലതും സഹിക്കേണ്ടിവരുന്നുണ്ട്. പക്ഷേ, മരിക്കുന്നതല്ല അതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. ഈയൊരു അവബോധം കൊടുക്കാന്‍ കഴിഞ്ഞാല്‍ അവബോധം കൂട്ടാനും പറ്റും, ആത്മഹത്യ കുറയ്ക്കാനും പറ്റും.
മനഃശാസ്ത്രം വഴിതിരിഞ്ഞത് അതു മനുഷ്യന്റെ സങ്കടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴല്ല, സന്തോഷത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്. അതുപോലെ ജീവിക്കാനുള്ള കാരണങ്ങളെക്കുറിച്ച് ആലോചിക്കണം.
പൊലീസുകാരെപ്പോലെ തൊഴില്‍പരമായ സമ്മര്‍ദ്ദങ്ങള്‍ കൂടുതലുള്ളവരില്‍ ആത്മഹത്യാ പ്രവണത കൂടുതലാണല്ലോ. പക്ഷേ, പൊതുപ്രവര്‍ത്തകര്‍, വിശ്വാസികള്‍ തുടങ്ങിയവരില്‍ ആത്മഹത്യ കുറവുമാണ്. ആത്മവിശ്വാസവും ധൈര്യവും നല്‍കുന്ന ഘടകങ്ങളെക്കുറിച്ചുള്ള പ്രചാരണം കൂടുതലാക്കേണ്ടതുണ്ടോ?
പൊതുപ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുന്നില്ല എന്നത് പഴയ തിയറിയാണ്. പ്രശസ്തരായ രാഷ്ട്രീയക്കാര്‍ ആത്മഹത്യ ചെയ്യുന്നില്ല എന്നത് ശരിയാണ്. പക്ഷേ, അപ്രശസ്തരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത പൊതുസമൂഹത്തിന്റെ അത്രതന്നെയുണ്ട്. അവര്‍ അതില്‍നിന്നു രക്ഷപ്പെടുന്നില്ല. സന്തോഷമായിട്ടിരിക്കുന്ന ആരും ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാറില്ല. സന്തോഷം നല്ല അളവില്‍ അനുഭവിക്കുന്നവര്‍ വിഷമത്തിലേയ്ക്കു പോയാലും പിടിച്ചുനില്‍ക്കാന്‍ ശക്തമായ പിന്തുണയുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യില്ല. ഉമ്മന്‍ ചാണ്ടി എന്തുമാത്രം വിഷമങ്ങള്‍ നേരിട്ടു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ എന്തൊക്കെത്തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്കൊക്കെ എതിരെ എന്തൊക്കെ ആരോപണങ്ങള്‍ വന്നു. പക്ഷേ, അവരാരും ആത്മഹത്യ ചെയ്യുന്നില്ലല്ലോ. എന്തുകൊണ്ടാണ്. ഇവര്‍ക്കു കൂടെനില്‍ക്കാന്‍ സപ്പോര്‍ട്ടുണ്ട്. അതേസമയം, ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തത് എന്തുകൊണ്ടാണ്. അദ്ദേഹത്തെ മാധ്യമങ്ങള്‍ നാടുമുഴുവന്‍ ഓടിച്ചു. ഒടുവില്‍ ആരുമറിയാതെ വീട്ടിലെത്തി തൂങ്ങിമരിച്ചു. കാരണം അദ്ദേഹത്തിനു സപ്പോര്‍ട്ടില്ലായിരുന്നു. പരസ്പരബന്ധങ്ങളുടെ പ്രാധാന്യം അതാണ്.
മാധ്യമങ്ങള്‍ക്ക് ആത്മഹത്യകളില്‍, പ്രത്യേകിച്ചും കൂട്ട ആത്മഹത്യകളിലും പ്രണയക്കൊലകള്‍ എന്നു വിളിക്കുന്നതിലുമൊക്കെ എത്രത്തോളം സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ കഴിയും?
ഒരു സംഭവമുണ്ടായാല്‍ അനുകൂലമായും എതിരായും തിരിയും. പക്ഷേ, അതിനുപകരം മധ്യനില സ്വീകരിക്കാന്‍ കഴിഞ്ഞാലോ. അതിനു വളരെ പ്രാധാന്യമുണ്ട്. നമുക്കൊരാളെ ശിക്ഷിക്കാം. പക്ഷേ, ഇപ്പോള്‍ മാധ്യമവേട്ടയാണ് നടക്കുന്നത്. ആത്മഹത്യയ്‌ക്കെതിരായ അവബോധത്തിനു മാധ്യമങ്ങള്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരെ നിംഹാന്‍സ് ഇറക്കിയിട്ടുണ്ട്. പക്ഷേ, ഖേദകരമായ കാര്യം, പല മാധ്യമങ്ങളും അതു പിന്തുടരുന്നില്ല എന്നതാണ്. മരണത്തെപ്പറ്റി വിശദമായ ചര്‍ച്ച. രാത്രി 12 വരെ കടയില്‍ സംസാരിച്ചുകൊണ്ടിരുന്നയാള്‍ പന്ത്രണ്ടരയ്ക്ക് കയറും വാങ്ങി വീട്ടില്‍ വന്നു തൂങ്ങി എന്ന തരത്തിലുള്ള ചര്‍ച്ചകള്‍.
ഒരു ആത്മഹത്യ വിശദമായി വിവരിച്ചുകഴിഞ്ഞാല്‍ ആ മാര്‍ഗ്ഗത്തിലൂടെയുള്ള മരണങ്ങളുടെ എണ്ണം കൂടും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആളുകളില്‍ അത് അനുകരിക്കാനുള്ള പ്രവണതയുണ്ടാക്കും. കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ച് ഒരു സിനിമ വന്നല്ലോ. പ്രതി ജോളി ചെയ്ത കാര്യങ്ങള്‍ അറിഞ്ഞുകൂടാത്തവര്‍ക്കുപോലും അവര്‍ ചെയ്ത കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്നവിധത്തിലായിരുന്നു അത്. ഇതേ രീതിയിലാണ് പല കാര്യങ്ങളും പൊയ്‌ക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍നിന്നു മറച്ചുപിടിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലാം സമൂഹം അറിയേണ്ട കാര്യമില്ല. നല്ലതൊക്കെ അറിയട്ടെ. ഒരാള്‍ തെറ്റായി ചെയ്യുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ എന്തിന് അറിയണം. പാമ്പിനെ എവിടെ കിട്ടും, എങ്ങനെ അതിനെ ഉപയോഗിച്ച് കൊല ചെയ്യണം എന്ന് ഇപ്പോള്‍ നന്നായിട്ട് ആളുകള്‍ക്കറിയാം. ഉത്തര വധക്കേസിന്റെ പശ്ചാത്തല വിവരണം അങ്ങനെയായിരുന്നു. അതുകൊണ്ട് മാധ്യമങ്ങള്‍ക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. എല്ലാവരും ഒരു നല്ല സമൂഹത്തിനുവേണ്ടിയാണ് ശ്രമിക്കുന്നത്. അങ്ങനെ ശ്രമിക്കുമ്പോള്‍പോലും ഈ രീതിയല്ല വേണ്ടത്. എനിക്കു പല പല വിശ്വാസങ്ങള്‍ കാണും. പക്ഷേ, സമൂഹത്തിനുവേണ്ടി രൂപപ്പെടുത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എന്റെ വിശ്വാസങ്ങളും ധാരണകളും തടസ്സമാകരുത്. ആ വ്യക്തിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം അയാള്‍/അവര്‍ രോഗിയാണ്. എനിക്കു രോഗം വന്നാല്‍ ചിലപ്പോള്‍ ഞാനും അങ്ങനെ പെരുമാറുമായിരിക്കും.
മാനസികാരോഗ്യ ചികിത്സകള്‍ എത്രത്തോളം ആശ്രയിക്കാവുന്നതാണ്?
എല്ലാവരേയും ചികിത്സിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പക്ഷേ, അവബോധം നല്‍കാന്‍ കഴിയും, കഴിയണം. അങ്ങനെയൊരു മെക്കാനിസം കേരളത്തിലെമ്പാടും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മാനസികാരോഗ്യനിലയില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ കഴിയും.
വര്‍ഗ്ഗീയത, സ്വേച്ഛാധിപത്യം, തീവ്രവാദം, അക്രമങ്ങള്‍ തുടങ്ങി സമൂഹത്തെ ബാധിക്കുന്ന നിഷേധാത്മക കാര്യങ്ങള്‍ ചെയ്യുന്ന കുറേയാളുകളുണ്ട്. അത്തരക്കാരുടെ മാനസികനില എന്താണ്. അതിനെ എങ്ങനെ ഈ അവബോധ ക്യാംപെയ്നുമായി ബന്ധപ്പെടുത്തും?
ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും മാനസികരോഗമായി വ്യാഖ്യാനിക്കപ്പെടാന്‍ പാടില്ല. രാഷ്ട്രീയമായോ അല്ലെങ്കില്‍ മതപരമായോ ഉള്‍പ്പെടെ മറ്റുള്ളവരുമായി യോജിച്ചു പോകുന്നില്ല എന്നതുകൊണ്ടുമാത്രം ഒരാളെ രോഗി എന്നു വിളിക്കരുത്. രോഗം വേറെയാണ്. ചിലരുടെ ചില ഡയലോഗുകള്‍ ടി.വിയില്‍ കേട്ടാല്‍ നമുക്കു ദേഷ്യം വരും. ആ കാര്യം കൊണ്ടു മാത്രം അവര്‍ മനോരോഗിയാകുന്നില്ല. ഇന്ത്യയില്‍ എല്ലാവര്‍ക്കും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, ഏതൊരു വിശ്വാസവും ഒരു പരിധികഴിഞ്ഞാല്‍ രോഗത്തിന്റെ തലത്തിലേയ്ക്ക് എത്താം. ഞാന്‍ മാത്രമാണ്, എന്റെ മതം മാത്രമാണ് ശരി എന്നു പറയുന്നത് വിശ്വാസമല്ല അന്ധവിശ്വാസവും മതിഭ്രമവുമാണ്. ഡെല്യൂഷനെ വിശ്വാസവുമായി കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ല. ഒരു ഘട്ടം കഴിയുമ്പോള്‍ ഡെല്യൂഷന്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളോടുള്ള അസഹിഷ്ണുതയായി മാറും. നമ്മുടെ സമൂഹത്തില്‍ മതം മനുഷ്യന് ആശ്വാസം നല്‍കുന്ന വലിയ ഒരു ഘടകമാണ്. മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നല്ല. ഏതു മതമായാലും അത് മനുഷ്യനന്മയ്ക്കുവേണ്ടി ഉണ്ടായിട്ടുള്ളതാണ്. വ്യത്യസ്ത വിശ്വാസങ്ങളുള്ളവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇതിനിടയില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ ശരിയായ വിശ്വാസികളല്ല എന്നും പറയേണ്ടിവരും.
വ്യക്തിയുടെ മാറുന്ന അവസ്ഥകളും മൂഡും ചുറ്റുമുള്ള നിരവധി പേരെ ബാധിക്കുന്ന സ്ഥിതിക്ക് പരിഹാരമുണ്ടോ, ആ കുടുംബം അല്ലെങ്കില്‍ വേണ്ടപ്പെട്ടവര്‍ അത് എങ്ങനെ മാനേജ് ചെയ്യും?
മൂഡ് വേരിയേഷന്‍ എന്നത് സാധാരണഗതിയില്‍ എല്ലാവര്‍ക്കും വരാം. മോശപ്പെട്ട കാര്യമാണ് ഉണ്ടാകുന്നതെങ്കില്‍ മൂഡ് താഴോട്ടു പോകാം, സന്തോഷകരമായ സംഭവമാണെങ്കില്‍ മൂഡ് മുകളിലോട്ട് പോകാം. പക്ഷേ, മൂഡിന്റെ പുറത്ത് നമുക്കു നിയന്ത്രണമില്ലാതെ വരുന്ന വല്ലാത്ത സ്ഥിതിയുണ്ട്. എപ്പോഴാണ് സങ്കടം എന്നു പറയാന്‍ പറ്റില്ല; സങ്കടം വന്നാല്‍ അന്നു മുഴുവന്‍ സങ്കടം, ദേഷ്യം വന്നാല്‍ ദേഷ്യം മാത്രം. ഈ രീതിയില്‍ വന്നുകഴിഞ്ഞാല്‍ അതിനെ മൂഡ് ഡിസോഡര്‍ എന്നു പറയുന്ന ഒരു കണ്ടീഷനായിട്ടോ പേഴ്സണാലിറ്റി ഡിസോഡര്‍ ആയിട്ടോ കണക്കാക്കണം. ആ കുടുംബത്തിനറിയാം എങ്ങോട്ടാണ് പോകുന്നതെന്ന്. ഓരോ കുടുംബത്തിനും ഓരോ 'ടോളറന്‍സ് ലെവല്‍' ഉണ്ട്. ആ കുടുംബത്തിലെ ആളുകള്‍ ദേഷ്യം വന്നാല്‍ എങ്ങനെ പെരുമാറും എന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാം. ഒരു കുടുംബത്തിലെ ഒരാള്‍ മാത്രം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി പെരുമാറുന്നുവെങ്കില്‍ ആ ആളുടെ മാനസികാരോഗ്യം പരിശോധിക്കേണ്ടതാണ്. ആ ആള്‍ക്ക് പേഴ്സണാലിറ്റി ഡിസോഡര്‍ ഉണ്ടോ എന്ന് അറിയാനല്ല, മാനസികാരോഗ്യമുണ്ടോ എന്നു മനസ്സിലാക്കാന്‍ വേണ്ടിയാണ് അതു ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ ആരും അങ്ങനെ ചെയ്യുന്നില്ല.
നമ്മുടെ മനോരോഗ ചികിത്സ എത്രത്തോളം യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുപോകുന്നുണ്ട്?
ഇന്ത്യയില്‍ ഒരു ലക്ഷം പേര്‍ക്ക് ഒരു സൈക്യാട്രിസ്റ്റ് എന്നാണ് കണക്ക്. പക്ഷേ, ചില സ്ഥലങ്ങളിലൊക്കെ .2 മാത്രമേ ഉള്ളൂ. കേരളം അത്രയും മോശമല്ല. ഇവിടെ ഒരു കൊല്ലം 100 സൈക്യാട്രിസ്റ്റുകള്‍ പി.ജി കഴിഞ്ഞ് ഇറങ്ങുന്നുണ്ട്. അതുപോലെത്തന്നെ ഒരുപാട് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, ക്ലിനിക്കല്‍ അല്ലെങ്കിലും സൈക്കോളജിസ്റ്റുകള്‍ ഒക്കെ പഠിച്ചിറങ്ങുന്നുണ്ട്. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ പഠിച്ചവരെ മാറ്റിനിര്‍ത്തിയാണ് പറയുന്നത്. നൂറുപേരില്‍ കുറഞ്ഞത് 30 പേരെങ്കിലും ഇന്ത്യയ്ക്കു പുറത്തേയ്ക്കാണ് പോകുന്നത്. ഇവിടെ ജോലി സാധ്യതകള്‍ കുറവാണ്. ജോലി ഇല്ലാത്തതുകൊണ്ടല്ല, ഈ മനുഷ്യശേഷിയെ നമ്മള്‍ ഉപയോഗിക്കുന്നില്ല. മാനസികാരോഗ്യ ചികിത്സ എന്നത് സൈക്യാട്രിസ്റ്റ് മാത്രം ഉള്‍പ്പെട്ടതല്ല. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്സ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഫിസിയാട്രിസ്റ്റ് ഇവരെല്ലാം ഉള്‍പ്പെടുന്നതാണ്. അതില്‍ത്തന്നെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്; സൈക്യാട്രിക് നഴ്സുമാരുടെ എണ്ണവും കുറവ്. ഇനി വരാന്‍ പോകുന്നത്, മാനസികാരോഗ്യ പരിരക്ഷാ നിയമമനുസരിച്ച് ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി (ജി.എന്‍.എം) കഴിഞ്ഞവരെ മെന്റല്‍ ഹെല്‍ത്ത് നഴ്സായി നിയമിക്കും. ഒപ്പം തന്നെ, സൈക്യാട്രിക് നഴ്സുമാരുടെ എണ്ണം കൂട്ടാന്‍ കൂടുതല്‍ സീറ്റുകളും അനുവദിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ശ്രമിച്ചാല്‍ ഒരു പത്തിരുപത് കൊല്ലം കേരളം പഴയ ഭ്രാന്താലയമാകാതെ നമുക്കു കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ പറ്റും.
മാനസികാരോഗ്യ പരിരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ നിലവിലെ സ്ഥിതി എന്താണ്?
പ്രതീക്ഷ നല്‍കുന്നവിധം പുതിയ പല നടപടികളും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. കോടതികളുടെ ഇടപെടലും അതിനു കാരണമായി. മൂന്നു മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വളരെ നല്ല നിലയിലാണ് പോകുന്നത്.
നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ മാനസികാരോഗ്യ ചികിത്സ എത്രത്തോളം പ്രായോഗികമാണ്?
സാധ്യതയുണ്ട്. പക്ഷേ, അതില്‍ പരിശീലനം കിട്ടിയ ആളുകള്‍ വേണം. ഇന്ത്യയില്‍ പൊതുവെ ഈ കാര്യത്തില്‍ പരിശീലനം കിട്ടിയവരുടെ എണ്ണം കുറവാണ്. കേരളത്തില്‍ തീരെ ഇല്ല. ഇതുമായി ബന്ധപ്പെട്ട് വരാന്‍പോകുന്ന മറ്റൊരു അപകടം കൂടിയുണ്ട്. ചാറ്റ് ജി.പി.ടിയില്‍ ''ഏതു മരുന്നാണ് ഞാന്‍ മാനസികാരോഗ്യത്തിനു കഴിക്കേണ്ട ഏറ്റവും നല്ല മെഡിസിന്‍ ഏതാണ്'' എന്നു ചോദിച്ചാല്‍ മരുന്നിന്റെ പേരുള്‍പ്പെടുന്ന മറുപടി വരും. ''ഏതാണ് ഏറ്റവും മികച്ച മെഡിസിന്‍ എന്നു പറയാന്‍ കഴിയില്ല. പക്ഷേ, ഇന്ന മെഡിസിന്‍ പത്ത് മില്ലി ഗ്രാം വീതം ദിവസം രണ്ടു നേരം കഴിക്കൂ. താങ്കളുടെ ഡിപ്രഷന്‍ കുറയാന്‍ അതു സഹായിച്ചേക്കും'' എന്ന തരത്തിലായിരിക്കും മറുപടി. മരുന്ന് അതു പറഞ്ഞുതന്നുകളയും; കുഴപ്പമാണ്. നല്ലതും ചീത്തയുമായ വശങ്ങളുണ്ട്.
കൗണ്‍സിലിംഗ് പോലുള്ള കാര്യങ്ങള്‍ക്ക് എ.ഐ ഉപയോഗിക്കുന്നത് സാധാരണ കാര്യമായി മാറുന്ന ഒരു സ്ഥിതി വന്നാല്‍ ആളുകള്‍ക്ക് കൗണ്‍സിലിംഗിനു പോകാനുള്ള മടി കുറഞ്ഞേക്കും. പക്ഷേ, മുന്നിലിരിക്കുന്ന മനുഷ്യനെ മനുഷ്യനായി മനസ്സിലാക്കുന്ന മറ്റൊരു മനുഷ്യനോട് കാര്യങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള പ്രതികരണം എ.ഐയില്‍നിന്ന് ഉണ്ടാകണമെന്നില്ല. മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കുന്നതിന് എ.ഐയെ പകരം വയ്ക്കാന്‍ കഴിയില്ല. എ.ഐയ്ക്ക് കുറച്ച് പ്രോഗ്രാം ചെയ്തുവെച്ച കാര്യങ്ങളാണുള്ളത്. ഉത്തരം പറയുമ്പോള്‍ ഒരു രീതിയില്‍ ചിന്തിച്ച് അതിനു പറയാന്‍ കഴിയും. അതു ശരിയാണോ തെറ്റാണോ എന്നു നമുക്ക് അറിയില്ല. പക്ഷേ, ഇതേ മനുഷ്യനെ അഭിമുഖീകരിക്കുന്ന മറ്റൊരു മനുഷ്യന്റെ അഭിപ്രായം കൂടുതല്‍ നല്ലതായിരിക്കും. അക്കാര്യത്തില്‍ ഞാന്‍ കുറച്ച് മുന്‍വിധി അല്ലെങ്കില്‍ പക്ഷപാതം ഉള്ളയാളാണ്. മനുഷ്യന്‍ മനുഷ്യനു നല്‍കുന്ന ചികിത്സയേയും ചികിത്സാ ഉപദേശങ്ങളേയും ഞാന്‍ കൂടുതല്‍ പിന്തുണയ്ക്കുന്നു. അതൊരുപക്ഷേ, നമ്മുടെ തന്നെ കുറവായിരിക്കാം. പഴയതുപോലെ പുസ്തകം പുസ്തകമായിത്തന്നെ വായിക്കുന്നതാണ്, മൊബൈല്‍ ഫോണില്‍ വായിക്കുന്നതല്ല എനിക്കിഷ്ടം. പക്ഷേ, പുതിയ തലമുറയ്ക്ക് അങ്ങനെയല്ലല്ലോ. പുതിയ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. നമുക്കാണ് തീരുമാനമെടുക്കാനുള്ള വിവേചനബുദ്ധിയുള്ളത്; ഏതെടുക്കണം ഏതു വേണ്ട എന്ന കാര്യത്തില്‍. അതിനുവേണ്ടി ചിന്തിക്കാനുള്ള ഒരു തലമൊരുക്കുകയാണ് എല്ലാ ആശയ വിനിമയങ്ങളിലൂടെയും നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
നല്ല മാനസികനിലയും മോശം മാനസികനിലയും നിര്‍വചിക്കാന്‍ കഴിയുമോ. അതു സാധ്യമാണോ?
മാനസികാരോഗ്യവും മാനസികാരോഗ്യമില്ലായ്മയും നിര്‍വ്വചിക്കാന്‍ പറ്റും. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റങ്ങള്‍ തുടങ്ങിയവ നമുക്കും മറ്റുള്ളവര്‍ക്കും സ്വസ്ഥത നല്‍കുന്നതായിരിക്കണം. അതു നമ്മുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. പക്ഷേ, മാനസികാരോഗ്യമില്ലാത്ത അവസ്ഥയില്‍ ചിന്തകള്‍ നമ്മുടെ കയ്യില്‍ നില്‍ക്കില്ല, വികാരങ്ങളും പെരുമാറ്റങ്ങളും നമ്മുടെ കയ്യില്‍ നില്‍ക്കില്ല. നമുക്കും മറ്റുള്ളവര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.
പ്രവൃത്തികള്‍ പൂര്‍ണ്ണമായും തകരാറിലാകും. പോസിറ്റീവ് മാനസികാരോഗ്യം ഉണ്ടെങ്കില്‍ മറ്റു പലതും നമുക്കു നന്നായി സമീപിക്കാന്‍ പറ്റും. പക്ഷേ, മാനസികമായി രോഗിയായിക്കഴിഞ്ഞാല്‍ സാധാരണ രീതിയില്‍ പെരുമാറാന്‍ കഴിയില്ല.
കുറ്റകൃത്യങ്ങളില്‍ മാനസികരോഗത്തിന്റെ പങ്ക് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ കണക്കിലെടുക്കാറുണ്ടോ
കുറ്റവാളികളെല്ലാം മാനസികരോഗികളല്ല. മാനസികരോഗികളായ ആളുകള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ കുറച്ചേ ചെയ്യാറുള്ളൂ. കാരണം, അവര്‍ക്കു കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഏകോപിത മനസ്സ് വരില്ല. പക്ഷേ, ക്രിമിനല്‍ പെരുമാറ്റം പ്രകടിപ്പിക്കുന്നവരെ അതില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ ചികിത്സിക്കാന്‍ കഴിയും. അവര്‍ക്കുവേണ്ടിയാണ് മെന്റല്‍ ഹെല്‍ത്ത് കാര്‍ഡ് പോലുള്ള കാര്യങ്ങള്‍ കൊണ്ടുവരേണ്ടത്. അതൊരു പുതിയ പരിഷ്‌കാരമായിട്ടും കൊണ്ടുവരാവുന്നതാണ്. മാനസികാരോഗ്യക്കുറവുള്ളവരെ വളരെ മോശമായി കാണുന്ന നമ്മുടെ നാട്ടില്‍ അത്തരമൊരു കാര്യത്തിനു വളരെ പ്രാധാന്യമുണ്ട്. ആ പ്രാധാന്യം മനസ്സിലാക്കിയിട്ടാകണം കേരള നിയമസഭയിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഇപ്പോള്‍ മാനസികാരോഗ്യ പരിശോധന നടത്തുന്നുണ്ട്. ഒരു സീനിയര്‍ സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും എല്ലാ ബുധനാഴ്ചയും നിയമസഭാമന്ദിരത്തിലെത്തി പരിശോധന നടത്തും. പക്ഷേ, വളരെ കുറച്ചാളുകള്‍ മാത്രമേ വരാറുള്ളൂ. ഞങ്ങള്‍ മെന്റല്‍ ഹെല്‍ത്ത് കാര്‍ഡിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റ് അത് ആലോചിക്കാമെന്നു പറഞ്ഞിട്ടുണ്ട്. മെന്റല്‍ ഹെല്‍ത്ത് പരിശോധനയ്ക്കു വരാനുള്ള പേടി പോകണമെങ്കില്‍ തസ്തിക വ്യത്യാസമില്ലാതെ എല്ലാവരും അതിനു വരാന്‍ തയ്യാറാകണം. പേടി പോയിക്കഴിഞ്ഞാല്‍ തെറ്റിദ്ധാരണകള്‍ കുറയുകയും ചികിത്സ കുറേക്കൂടി നടക്കുകയും ചെയ്യും. മറ്റൊന്ന്, ലൈഫ് സ്‌കില്‍പോലുള്ള കാര്യങ്ങള്‍ സമഗ്രമായി പാഠ്യപദ്ധതിയില്‍ത്തന്നെ ഉള്‍പ്പെടുത്തി പഠിപ്പിക്കണം. അങ്ങനെയാകുമ്പോഴേ വര്‍ഷത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള ഒരു അദ്ധ്യാപനവും പരിശീലനവുമായി അതു മാറുകയുള്ളൂ. മാനസികാരോഗ്യ സാക്ഷരത, ലൈഫ് സ്‌കില്ലുകള്‍, പരസ്പരബന്ധങ്ങള്‍ എന്നീ മൂന്നു കാര്യങ്ങളുടെ പ്രാധാന്യം കുട്ടികളെ പഠിപ്പിച്ചാല്‍ കുറഞ്ഞത് ഒരു പത്തു കൊല്ലം കഴിഞ്ഞ് അടുത്ത തലമുറ വരുമ്പോള്‍ അവര്‍ക്ക് ഇതിന്റെ മാറ്റങ്ങള്‍ അറിയാന്‍ പറ്റും. പക്ഷേ, രാഷ്ട്രീയ നേതൃത്വത്തിന് ഇതില്‍ താല്പര്യം വരണം.
ഒരാളുടെ ഡിപ്രഷന്‍ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുന്ന തലത്തില്‍നിന്നു മറ്റുള്ളവര്‍ക്കും രോഗിക്കും പ്രശ്‌നമാകുന്ന അക്രമാസക്ത അവസ്ഥയിലേക്കു മാറുന്നത് എങ്ങനെയാണ്?
ഡിപ്രഷന്‍ എന്നത് ഒരുകൂട്ടം ലക്ഷണങ്ങളാണ്. നമ്മള്‍ വിചാരിക്കുന്നതുപോലെ എപ്പോഴും സങ്കടം തന്നെ ആ ആള്‍ക്കു വരണമെന്നില്ല. ദേഷ്യം വരാം, ഉല്‍ക്കണ്ഠ വരാം, ഡിപ്രഷന്‍ കാരണം ഗാര്‍ഹിക അതിക്രമം വരാം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം വരാം, ആത്മഹത്യ ഉണ്ടാകാം. ഇതൊക്കെ പല പല മാനിഫെസ്റ്റേഷന്‍സ് ആണ്. അതിന്റെ സങ്കീര്‍ണ്ണമായ പ്രത്യാഘാതമാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യുന്ന ഏകദേശം 60-70 ശതമാനം ആളുകളില്‍ വിഷാദരോഗം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൂട്ടല്‍. പ്രമേഹ തലസ്ഥാനമാണ് കേരളം എന്നതുപോലെ ഡിപ്രഷന്‍ ക്യാപിറ്റലുമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ആത്മഹത്യയുടെ കണക്കില്‍ കേരളം ആദ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കുറച്ചുകാലമായി അങ്ങനെയല്ലായിരുന്നു. 2022 ആയപ്പോള്‍ വീണ്ടും അഞ്ചാം സ്ഥാനത്തെത്തി. കുറച്ചുനാളുകള്‍ കുറഞ്ഞുനിന്നത് വീണ്ടും മുകളിലേയ്ക്കു വന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ്. ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടി കൂടുതലാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. തൃശൂരും കൊല്ലവുമാണ് ഏറ്റവും കൂടുതല്‍. മുന്‍പ് തിരുവനന്തപുരമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ