പലസ്തീനിലെ 'ഹോളോകോസ്റ്റ് ': സയണിസവും ഇസ്രയേല്‍ രാഷ്ട്രവും പിറവിയെടുത്തതെങ്ങനെ?

പലസ്തീനിലെ 'ഹോളോകോസ്റ്റ് ': സയണിസവും ഇസ്രയേല്‍ രാഷ്ട്രവും പിറവിയെടുത്തതെങ്ങനെ?
Saher Alghorra
Published on
Updated on

നിതാന്ത വിചാരണയ്ക്കും ചോദ്യം ചെയ്യലിനും വിധേയമാകാത്ത 'സത്യങ്ങള്‍', ക്രമേണ പൈശാചിക ചതിയായും കാപട്യമായും പരിണമിക്കുന്നതെങ്ങനെയെന്നതിന്റെ നേര്‍ ചിത്രമാണ് പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന കൊടുംപാതകങ്ങള്‍. ഏതൊരു മനുഷ്യനിലും രോഷവും ഭീതിയുമുണര്‍ത്തുന്ന 'ആന്റി-സെമിറ്റിസം', 'ഹോളോകോസ്റ്റ്', 'ഔഷ്വിറ്റ്സ്' തുടങ്ങിയ ഇരുണ്ട മുദ്രകള്‍, ഇസ്രയേല്‍ ചെയ്തുകൂട്ടുന്ന പെരും കുറ്റകൃത്യങ്ങളുടെ ന്യായീകരണ മുദ്രകളായി മാറിയിരിക്കുന്നു. ഇന്നത്തെ നരഹത്യകള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമുള്ള ന്യായമായി ചരിത്രത്തെ ദുരുപയോഗം ചെയ്യുമ്പോള്‍, ചരിത്രം തന്നെ അപഹാസ്യമാകുന്നു.

ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ യൂസഫ് ഗൗറാനി എഴുതുന്നു: ''ജൂതരാണെന്ന ഒറ്റകാരണത്താല്‍ നമുക്ക് എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന മുഷ്‌ക് കൂടുന്നു. ജൂതര്‍ക്കും പലസ്തീനികള്‍ക്കും തുല്യനിയമം പാടില്ലെന്ന് ജൂത പുരോഹിതര്‍ പ്രസംഗിക്കുന്നു... പലസ്തീനികള്‍ക്ക് സിവില്‍ നിയമങ്ങള്‍ അനുവദിക്കരുതെന്നും അവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കണമെന്നും വാദിക്കുന്നത് വംശീയതയാണ്.''1

1948-ല്‍ ഐക്യരാഷ്ട്രസഭ പാസ്സാക്കിയ 'ജെനോസൈഡ്കണ്‍വെന്‍ഷ'ന്റെ ഒന്നാം ആര്‍ട്ടിക്കിള്‍ പറയുന്നു: ''സമാധാനകാലത്തോ യുദ്ധസമയത്തോ നടത്തുന്ന നരഹത്യ അന്താരാഷ്ട്ര നിയമമനുസരിച്ച് കുറ്റകൃത്യമാണ്. അത് തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.''2

ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍
ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍

''ഏതെങ്കിലുമൊരു സിവിലിയന്‍ ജനതയ്ക്കെതിരെ നടത്തുന്ന കൊലപാതകം, തുടച്ചുനീക്കല്‍, അടിമപ്പെടുത്തല്‍, നാടുകടത്തല്‍, രാഷ്ട്രീയ-വംശീയ-മതപീഡനങ്ങള്‍ എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് നൂറം ബെര്‍ഗ് യുദ്ധക്കുറ്റക്കോടതിയുടെ നിയമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച്, പലസ്തീനില്‍ ഇസ്രയേല്‍ ചെയ്യുന്നത് മനഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. പക്ഷേ, അവര്‍ വിചാരണയെ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, കുറ്റകൃത്യത്തിന്റെ വ്യാപ്തിയും തോതും വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്താണിതിനു കാരണം? ഈ നിയമങ്ങള്‍ നടപ്പാക്കേണ്ട രാജ്യങ്ങളില്‍ ഒരു വിഭാഗം ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് സൈനിക - സാമ്പത്തിക സഹായം നല്‍കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ മൃതശരീരവുമെടുത്ത് നിലവിളിക്കുന്ന പലസ്തീനിലെ അമ്മമാരുടെ ദൃശ്യങ്ങള്‍ ഒരു വിഭാഗത്തെ സ്പര്‍ശിക്കുന്നില്ല. മറ്റൊരു കൂട്ടം രാജ്യങ്ങള്‍ക്ക് പലസ്തീന്‍ ജനതയോട് സഹാനുഭൂതിയുണ്ടെങ്കിലും ഇസ്രയേലിനെ തടയാനുള്ള ശക്തി അവര്‍ക്കില്ല. കാരണം, മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തിലെ പ്രതി ഇസ്രയേല്‍ മാത്രമല്ല. അമേരിക്കയും കൂട്ടുപ്രതിയാണ്. അമേരിക്കയുടെ പിന്തുണയില്ലാതെ ഇസ്രയേലിന് ഇങ്ങനെ ചെയ്യാനാവില്ല.

സയണിസം എന്ന ക്രൂരമായ കെട്ടുകഥയുടെ പേരില്‍, മനുഷ്യന് സങ്കല്പിക്കാനാവാത്തത്ര അടിച്ചമര്‍ത്തലിന്റേയും അനീതിയുടേയും കൂട്ടക്കൊലകളുടേയും ദുരന്താനുഭവങ്ങള്‍ സഹിക്കേണ്ടി വന്ന ഒരു ജനത, പലസ്തീന്‍കാരെപ്പോലെ മറ്റാരും ഈ ഭൂമുഖത്തുണ്ടാവില്ല. പലസ്തീന്‍ ജനതയുടെ മഹാദുരന്തത്തിന്റെ പേരാണ് 'നക്ബ'. ഇസ്രയേല്‍ എന്ന സയണിസ്റ്റുനുണ യാഥാര്‍ത്ഥ്യമായ 1948 മെയ് 14 തന്നെയാണ് നക്ബയുടെയും പിറവി.

ജര്‍മനിയിലേയും കിഴക്കന്‍ യൂറോപ്പിലേയും ജൂതര്‍ക്കെതിരെ നാസികള്‍ പ്രയോഗിച്ച മൂന്നു തന്ത്രങ്ങള്‍ തന്നെയാണ് സയണിസ്റ്റുകള്‍ പലസ്തീനില്‍ നടപ്പാക്കുന്നത്. ജൂതരുടെ 'മനുഷ്യത്വം' നിഷേധിക്കുകയും അവരെ വെറും സാധനങ്ങളായി കരുതുകയുമെന്നതായിരുന്നു ഒന്നാമത്തേത്. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ സാധനങ്ങളെ കൈകാര്യം ചെയ്യാമല്ലോ! രണ്ട്, ജൂതരുടെ 'രാഷ്ട്രീയാസ്തിത്വം' നിഷേധിക്കുക. 1936-ലെ ന്യൂറംബെര്‍ഗ് നിയമങ്ങള്‍, ജൂതരുടെ പൗരത്വമുള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും റദ്ദാക്കിയിരുന്നു. മൂന്ന്, 'അന്തിമപരിഹാര' (Final Solution)മായ ജൂതനരഹത്യ (genocide). 1948 മുതല്‍ സയണിസ്റ്റുകള്‍ പലസ്തീനിലെ മനുഷ്യരോട് ഇതേ രീതിയിലാണ് പെരുമാറുന്നത്. മാനുഷിക പരിഗണനകള്‍ക്കൊന്നും അര്‍ഹതയില്ലാത്ത വെറും സാധനങ്ങള്‍. രാഷ്ട്രീയമായി സ്വയം നിര്‍ണ്ണയിക്കാനും ഒരു സ്വതന്ത്രരാഷ്ട്രമായി നിലനില്‍ക്കാനുമുള്ള പലസ്തീനിന്റെ അവകാശത്തെ സയണിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. ഇത് പലസ്തീന്‍ ജനതയ്ക്കെതിരെ സയണിസ്റ്റുകള്‍ ആസൂത്രിതമായി നടപ്പാക്കുന്ന 'രാഷ്ട്രീയഹത്യ'3 (Politicide)യാണ്.

മോഷെ മെനുഹിന്‍
മോഷെ മെനുഹിന്‍
തിയോഡോര്‍ ഹെര്‍സല്‍
തിയോഡോര്‍ ഹെര്‍സല്‍

സയണിസം എന്ന ഭീകരപ്രസ്ഥാനം

രണ്ടാം ലോകയുദ്ധാരംഭത്തോടെ, ജൂതരെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാന്‍ നാസികള്‍ തീരുമാനിച്ചതുപോലെ, ഇപ്പോള്‍ സയണിസ്റ്റുകള്‍ പലസ്തീന്‍ ജനതയെ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. ആശുപത്രികളെന്നോ സ്‌കൂളുകളെന്നോ നഴ്സറികളെന്നോ വീടുകളെന്നോ ഭേദമില്ലാതെ ബോംബിടുന്നു. അവശേഷിക്കുന്ന പലസ്തീന്‍കാരെക്കൂടി കൊന്നൊടുക്കിയാല്‍, സയണിസ്റ്റ് വാഴ്ചയ്ക്ക് ചെറുത്തുനില്‍പ്പ് നേരിടേണ്ടിവരില്ലല്ലോ!

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ റഷ്യയിലും പോളണ്ടിലും പുനരുജ്ജീവിച്ച ആന്റി-സെമിറ്റിക് ഭ്രാന്തിന്റേയും കൂട്ടക്കൊലകളുടേയും ഫലമായി, ജൂതസമൂഹം നേരിട്ട അരക്ഷിതാവസ്ഥയേയും ഭയത്തേയും ചൂഷണം ചെയ്തുകൊണ്ട് ഒരു കൂട്ടം ജൂതമതഭ്രാന്തരും ഭീകരവാദികളും ചേര്‍ന്ന് രൂപം നല്‍കിയ വംശീയ ഭീകരപ്രസ്ഥാനമാണ് സയണിസം. ലോകത്തെല്ലായിടത്തുമായി ചിതറിക്കിടക്കുന്ന ജൂതരുടെ ഏകരക്ഷാമാര്‍ഗ്ഗം 'വാഗ്ദത്തഭൂമി'യായ പലസ്തീനിലേക്കു കുടിയേറുകയാണെന്ന് സയണിസ്റ്റുകള്‍ പ്രചരിപ്പിച്ചു. സയണിസത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ തിയോഡോര്‍ ഹെര്‍സലിന്റെ ആഹ്വാനം നോക്കൂ: ''ഭൂമിയില്ലാത്ത ജനത, ജനതയില്ലാത്ത ഭൂമിയിലേക്കു മടങ്ങുക''. ജനവാസരഹിതമായ ഒരു പ്രദേശമാണ് പലസ്തീനെന്നും അത് ലോകമെങ്ങുമുള്ള ജൂതരെ കാത്തിരിക്കുകയാണെന്നുമുള്ള അപകടകരമായ ധ്വനിയാണ് ഈ ആഹ്വാനത്തിലുള്ളത്. ആയിരക്കണക്കിന് കൊല്ലങ്ങളായി പലസ്തീനില്‍ ജീവിക്കുന്ന മനുഷ്യര്‍, ഹെര്‍സലിനെ സംബന്ധിച്ച് ഒരു ജനതയല്ല. ഇത്തരം ആഹ്വാനങ്ങളുടെ മിഥ്യയില്‍ ഭ്രമിച്ച് ചെറിയൊരു സംഘം ജൂതര്‍ പലസ്തീനിലേക്കു പോയത് അവിടെ ജീവിക്കാനല്ല മറിച്ച്, 'വാഗ്ദത്ത ഭൂമി'യില്‍ മരിക്കാനായിരുന്നു.

12-ാം നൂറ്റാണ്ടിലെ ഹീബ്രുകവിയായിരുന്ന ജൂദബെന്‍ ശാമുവേല്‍ (AD 1086-1145) ആവിഷ്‌കരിച്ച 'സയണിനുവേണ്ടിയുള്ള ദാഹ'(Love of Zion)മെന്ന ആശയത്തെ പുനരുദ്ധരിച്ച മോസസ് ഹെസ്, സ്പോളന്‍സ്‌കിന്‍, പിന്‍ഡ്കര്‍, സൊകോലോവ്, തിയഡോര്‍ ഹെര്‍സല്‍ എന്നിവരാണ് സയണിസത്തിനു രൂപം നല്‍കിയത്. പലസ്തീനെയാണ് സയണ്‍ എന്നു വിളിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ വിരലിലെണ്ണാവുന്ന ജൂതര്‍ മാത്രമെ പലസ്തീനിലുണ്ടായിരുന്നുള്ളു. സയണിസത്തിനു മുന്‍പ് പലസ്തീനിലെത്തിയ സാധാരണ ജൂതര്‍ അവിടുത്തെ ആദിമജനതയുമായി സഹവസിക്കാനാണ് ശ്രമിച്ചത്. അതുപോലെ ജൂത കുടിയേറ്റക്കാര്‍ തങ്ങള്‍ക്കു ഭീഷണിയാണെന്ന് പലസ്തീന്‍ ജനതയും കരുതിയില്ല. രാഷ്ട്രീയ സയണിസത്തിന്റെ ആവിര്‍ഭാവത്തോടെ സ്ഥിതിയാകെ മാറി. സ്വന്തം നാടുകളിലെ പീഡനത്തില്‍നിന്നു രക്ഷപ്പെടാനുള്ള ഒരു അഭയസ്ഥാനമായി കരുതപ്പെട്ട പലസ്തീനെ സയണിസ്റ്റുകള്‍, കീഴടക്കേണ്ട സ്ഥലമായി ചിത്രീകരിച്ചു. യഹോവ ജൂതര്‍ക്ക് വാഗ്ദാനം ചെയ്ത വിശുദ്ധ ഭൂമിയത്രേ പലസ്തീന്‍. അവിടെ താമസിക്കാന്‍ അര്‍ഹത ജൂതര്‍ക്കു മാത്രം! പലസ്തീന്‍കാരെ സയണിസ്റ്റുകള്‍ കയ്യേറ്റക്കാരായി ചിത്രീകരിച്ചു. പലസ്തീനിലെ ആദിമനിവാസികളുടെ ഭൂമിയും വീടും സ്വത്തും തട്ടിയെടുക്കുകയും അവരെ അവിടെ നിന്ന് പുറത്താക്കുകയും കൊന്നൊടുക്കുകയും ചെയ്യുകയെന്നത് സയണിസത്തിന്റെ പദ്ധതിയായി മാറി. 'സയണിനു വേണ്ടിയുള്ള ദാഹ'ത്തെ, സയണിസ്റ്റുകള്‍ 'സയണിനു വേണ്ടിയുള്ള യുദ്ധ'മാക്കി മാറ്റി.

അഭയാര്‍ത്ഥിക്യാംപ്
അഭയാര്‍ത്ഥിക്യാംപ്

സയണിസത്തിന്റെ ആദിമപിതാവായ മോസസ് ഹെസ് കാറള്‍മാര്‍ക്സിന്റെ അനുയായിയും സഹപ്രവര്‍ത്തകനുമായിരുന്നു. 1848-ലെ ജര്‍മന്‍ വിപ്ലവത്തില്‍ മോസസ് സജീവമായിരുന്നു. തുടര്‍ന്നുണ്ടായ അടിച്ചമര്‍ത്തലില്‍നിന്ന് രക്ഷനേടാന്‍ അദ്ദേഹം ഫ്രാന്‍സിലേക്കു ഒളിച്ചോടി. എന്നാല്‍, റഷ്യയിലും പോളണ്ടിലുമുണ്ടായ ജൂതവിരുദ്ധാക്രമങ്ങളും കൂട്ടക്കൊലകളും മോസസിനെ അക്രമാസക്തവും വംശീയവാദപരവുമായ ജൂതദേശീയ വാദിയാക്കി മാറ്റി. അങ്ങനെയാണ്, 'സയണിസ'വും 'ഇസ്രയേല്‍ രാഷ്ട്ര'വും പിറവിയെടുത്തത്. 'റോം ആന്‍ഡ് ജെറുസലേം' എന്ന കൃതിയില്‍ മോസസ് എഴുതുന്നു: ''എല്ലാ രാജ്യങ്ങളിലും ജൂതര്‍ അന്യരായിത്തന്നെ ജീവിക്കണം... ജൂതമതം എന്നത് ജൂതദേശീയതയും രാഷ്ട്രവുമാണ്. ഒരാള്‍ ആദ്യം ജൂതനായിരിക്കുക, രണ്ടാമതുമാത്രം മനുഷ്യനായിരിക്കുക.''4

മോഷെ മെനുഹിന്‍ ജൂതരാഷ്ട്ര'വാദത്തെ വിശേഷിപ്പിക്കുന്നത്, ''ബീഭത്സമായ ഒരു ചരിത്രക്കുറ്റവും ശാപ''വുമെന്നാണ്.5 നാസികളുടെ ആര്യവംശമേധാവിത്വസിദ്ധാന്തം പോലെ തന്നെ, വംശീയവാദപരവും അക്രമാസക്തവുമാണ് 'വാഗ്ദത്തജനത'യെന്ന സിദ്ധാന്തവും. എന്തുവിലകൊടുത്തും തങ്ങളുടെ 'മാതൃഭൂമി'യെ വീണ്ടെടുക്കാനുള്ള ആസൂത്രിത പദ്ധതിയാണ് സയണിസം. വീണ്ടെടുക്കുന്ന പലസ്തീനില്‍നിന്ന്, ആദിമനിവാസികളായ പലസ്തീന്‍കാരെ പൂര്‍ണ്ണമായി ഒഴിപ്പിക്കുകയെന്നതും സയണിസത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് മോഷെ മെനുഹിന്‍ സമര്‍ത്ഥിക്കുന്നു.

1917-ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ ശില്പികളിലൊരാളായ സര്‍ ഹാരോള്‍ഡ് നിക്കോള്‍സണ്‍ പറയുന്നു: ''ബാല്‍ഫോര്‍ ഡിക്ലറേഷന്റെ ആദ്യ കരടുരേഖയില്‍ 'ജൂതരുടെ ദേശീയ രാഷ്ട്രം' എന്നതിനു പകരം 'ജൂതരുടെ അഭയകേന്ദ്രം' എന്നു മാത്രമെ പറഞ്ഞിരുന്നുള്ളു. അഭയാര്‍ത്ഥികള്‍ക്കായി ഒരു അഭയസ്ഥാനമുണ്ടാക്കുന്നു എന്നാണ് ഞങ്ങള്‍ കരുതിയത്. കടന്നല്‍ കൂട്ടില്‍ കല്ലെറിയുകയാണെന്ന് ഒരിക്കലും ഞങ്ങള്‍ കരുതിയില്ല'' സയണിസ്റ്റുകള്‍ ഭീകരവാദികളാണെന്ന് റിച്ചാര്‍ഡ് ക്രോസ്മാന്‍ പറയുന്നു. ''ജൂതരുടെ ജീവന്‍ രക്ഷിക്കുകയല്ല, പലസ്തീനിലേക്കു ജൂതരെ എത്തിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.'' ജര്‍മനിയിലെ ജൂതരെ സഹായിക്കാനായി ബ്രിട്ടനിലെ ജൂത പുരോഹിതര്‍ രൂപീകരിച്ച 'റിലീജ്യസ് എമര്‍ജന്‍സി കൗണ്‍സിലി'ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. സോളമന്‍ എഴുതുന്നു: '1942-1943 വര്‍ഷങ്ങളില്‍, പലായനം ചെയ്യുന്ന ജൂതരെ പുനരധിവസിപ്പിക്കാനുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പദ്ധതിയെ തുരങ്കംവെച്ചത് സയണിസ്റ്റുകളാണ്. പലസ്തീനിലേക്കുള്ള കുടിയേറ്റം മാത്രമാണ് അവര്‍ക്കു സ്വീകാര്യമായിരുന്നത്. ദി ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രസാധകന്‍ അതീവ സങ്കടത്തോടെ ചോദിച്ചു: ''പീഡിപ്പിക്കപ്പെടുന്ന ഈ ജനതയുടെ ഭാവിയെ, ജൂതരാഷ്ട്രം എന്ന ഏക മുദ്രാവാക്യത്തിനു കീഴ്പ്പെടുത്തുന്നത് എന്തുകൊണ്ടാണ്. യൂറോപ്പിലെ തടവുകേന്ദ്രങ്ങളില്‍ കഴിയുന്ന ഈ നിസ്സഹായരുടെ ദുരിതത്തെ, രാഷ്ട്രസ്ഥാപനത്തിനുവേണ്ടിയുള്ള മോചന ദ്രവ്യമാക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്.''

കാനഡയിലെ ഇസ്രയേല്‍ അംബാസഡറായിരുന്ന യാക്കോവ് ഹെര്‍സോഗും ആര്‍നോള്‍ഡ് ടോയന്‍ബിയും തമ്മില്‍ 1961-ല്‍ മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു സംവാദത്തില്‍, ഹെര്‍സോഗ് കുറ്റസമ്മതം നടത്തി: ''രണ്ടാം ലോകയുദ്ധത്തിനു ശേഷം ഓസ്ട്രേലിയയിലും അമേരിക്കയിലും മെച്ചപ്പെട്ട ജീവിതവും ഭാവിയും ലഭിക്കുമായിരുന്നിട്ടും ജൂത അഭയാര്‍ത്ഥികളെ പലസ്തീനിലെത്തിച്ചത് മാനുഷിക കാരണങ്ങളാലല്ല, രാഷ്ട്രീയമായിരുന്നു പിന്നില്‍''.

രണ്ടാം ലോകയുദ്ധസമയത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൂസ്വെല്‍റ്റ് 5 ലക്ഷം ജൂതരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തിരുന്നു. സയണിസ്റ്റുകള്‍ അത് അട്ടിമറിച്ചു. ഒടുവില്‍, റൂസ്വെല്‍റ്റ് വിലപിച്ചു. ''ഈ പദ്ധതി സാധ്യമാവുമെന്ന് തോന്നുന്നില്ല. അമേരിക്കയിലെ ജൂതനേതൃത്വം അതിനെ പിന്തുണയ്ക്കില്ല.'' മോറിസ് ഏണസ്റ്റ് റൂസ്വെല്‍റ്റിനോട് ചോദിച്ചു: ''അസാധ്യമെന്നു പറയുന്നത് എന്തുകൊണ്ടാണ്?'' റൂസ്വെല്‍റ്റ്: ''പണമുണ്ടാക്കാനുള്ള ഒരു ഏര്‍പ്പാടാണ് പലസ്തീനെന്ന് സയണിസ്റ്റു നേതാക്കള്‍ക്കറിയാം. പാവം ജൂതര്‍ക്ക് പോകാന്‍ മറ്റൊരിടവുമില്ലെന്ന് പറഞ്ഞ് വന്‍തോതില്‍ പണം പിരിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. വംശ-മത-നിറഭേദമെന്യേ ഒരു അന്താരാഷ്ട്ര അഭയകേന്ദ്രമുണ്ടാക്കിയാല്‍ അത് നടക്കില്ല...''

നാസികള്‍ക്കു കീഴില്‍ ജൂതര്‍ നേരിട്ട നരകയാതനകളെ, സ്വന്തം ഹീനലക്ഷ്യങ്ങളെ ന്യായീകരിക്കുന്നതിനുവേണ്ടിയാണ് സയണിസ്റ്റുകള്‍ ഉപയോഗിച്ചത്. ജൂത ജനതയുടെ ദുരന്തം സയണിസ്റ്റുകളെ വേദനിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, അവരെ കൂടുതല്‍ യാതനകളിലേക്കു തള്ളിവിടാനാണ് അവര്‍ ശ്രമിച്ചത്. അത്തരമൊരു സാഹചര്യത്തില്‍, മുഖ്യധാരാ ജൂതസമൂഹത്തിനിടയില്‍ സയണിസത്തിനു പിന്തുണയേറുമെന്ന് അവര്‍ കരുതി. സയൊണിസത്തിന്റെ വിപത്തിനെ നേരിടുന്നതിനുവേണ്ടി 1942 ഡിസംബര്‍ 11-ന് 'അമേരിക്കന്‍ കൗണ്‍സില്‍ ഫോര്‍ ജൂഡായിസം' (എ.സി.ജെ) രൂപം കൊണ്ടു. എ.സി.ജെയുടെ മാനിഫെസ്റ്റോ ആയ 'ഡൈജസ്റ്റ് ഓഫ് പ്രിന്‍സിപ്പിള്‍സ്' പറയുന്നു: ''ജൂതരുടെ മാതൃഭൂമി അവര്‍ ജീവിക്കുന്ന രാജ്യമാണ്... വംശീയതയേയും ദേശീയവാദത്തേയും ജൂതര്‍ ഭവനരഹിതരാണെന്ന വാദത്തേയും പിന്തുണയ്ക്കുന്ന എല്ലാ തത്ത്വസംഹിതകളും ജൂതതാല്പര്യങ്ങള്‍ക്കു ഹാനികരമാണ്.''

'ദി ജൂയിസ് ഡിലമ' എന്ന കൃതിയില്‍ എല്‍മര്‍ ബെര്‍ജര്‍ പറയുന്നു: '...ജൂതരെ അവരുടെ സ്വന്തം നാടുകളില്‍ ഒറ്റപ്പെടുത്തുകയെന്ന കാര്യത്തില്‍ സയണിസ്റ്റുകളും ആന്റി-സെമിറ്റിക് തീവ്രവാദികളും ഒന്നിക്കുന്നു... ജൂതര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ മുഖ്യധാരാ സമൂഹവുമായി ഇഴുകിച്ചേരണമെന്നാണ് ഹോളോകോസ്റ്റ് പഠിപ്പിക്കുന്നത്... ഇന്നു പലസ്തീന്‍ ജനതയുടേയും ലോകത്തെല്ലായിടത്തുമുള്ള ജൂതരുടേയും മുഖ്യശത്രു സയണിസമാണ്''.

എ.സി.ജെ പറയുന്നത് നോക്കുക: ''പലസ്തീന്‍ ഇസ്ലാം രാജ്യമോ ക്രിസ്ത്യന്‍ രാജ്യമോ ജൂതരാജ്യമോ ആകാന്‍ പാടില്ല. പൗരര്‍ എന്ന നിലയ്ക്ക് എല്ലാ വിശ്വാസികള്‍ക്കും തുല്യ അവകാശങ്ങളും അധികാര പങ്കാളിത്തവുമുള്ള ഒരു ജനാധിപത്യ രാജ്യമാകണം.'' സയണിസത്തിന്റെ വിപത്തിനെതിരെയുള്ള എ.സി.ജെയുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്ന തരത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ തെറ്റിദ്ധരിപ്പിക്കുന്നിടത്തോളം സയണിസ്റ്റ് പ്രചാരവേല വിജയിക്കുകയാണുണ്ടായത്. എ.സി.ജെയെക്കുറിച്ച് ഐന്‍സ്‌റ്റൈന്‍ എഴുതി: ''യഥാര്‍ത്ഥ ജൂതതത്ത്വങ്ങളെ വഞ്ചിക്കുകയും നൂറുശതമാനം അമേരിക്കനിസത്തിനുവേണ്ടി വാദിക്കുന്നവരെ അനുകരിക്കുകയും ചെയ്യുന്ന ഈ സംഘടന, നമ്മുടെ ശത്രുക്കളില്‍നിന്ന് ആനുകൂല്യവും അനുകമ്പയും നേടാനുള്ള ദയനീയ ശ്രമമാണെന്നാണ് എനിക്കു തോന്നുന്നത്.'' കാര്യങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി, നേരിട്ടു കാണാന്‍ അനുവാദം ചോദിച്ച് റോസന്‍വാള്‍ഡ് ഐന്‍സ്‌റ്റൈനു കത്തെഴുതി. ചുവടെ ജര്‍മന്‍ ഭാഷയിലെഴുതിയ ഒരു കുറിപ്പോടെ അതേ കത്ത് തന്നെ ഐന്‍സ്റ്റെന്‍ മടക്കി അയയ്ക്കുകയാണുണ്ടായത്. കുറിപ്പ് ഇങ്ങനെ: എ.സി.ജെയുടെ ആപല്‍ക്കരമായ സ്വാധീനത്തെ എല്ലാ കഴിവുമുപയോഗിച്ച് തടയുകയെന്നത് എന്റെ ചുമതലയാണെന്ന ഉറച്ചവിശ്വാസത്തിലാണ് ഞാന്‍ പ്രസ്താവന നടത്തിയത്... കൂടിക്കാഴ്ചകളില്‍ എനിക്കു വിശ്വാസമില്ല...''

അഭയാര്‍ത്ഥി ക്യാംപ്
അഭയാര്‍ത്ഥി ക്യാംപ്

1947 മെയ് 13-ന് ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യല്‍ കമ്മിറ്റി ഓണ്‍ പലസ്തീന്‍ (UNSCOP) നിലവില്‍ വന്നു. ഓസ്ട്രേലിയ, കാനഡ, ചെക്കോസ്ലോവാക്യ, യൂഗോസ്ലോവാക്യ, പെറു, സ്വീഡന്‍, ഉറുഗ്വെ, ഗ്വാട്ടിമാല, ഇന്ത്യ, ഇറാന്‍, നെതര്‍ലെന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. എ.സി.ജെ, യു.എന്‍. സെക്രട്ടറി ജനറലിനു നല്‍കിയ നിവേദനത്തില്‍, ''ജൂതരാഷ്ട്രസ്ഥാപനം പലസ്തീനിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ലോകത്തെല്ലായിടത്തുമുള്ള ജൂതര്‍ക്കു ഹാനികരമാവുകയും ചെയ്യുമെന്ന്'' മുന്നറിയിപ്പ് നല്‍കിയിരുന്നു. 1947 ജൂണ്‍ 16 മുതല്‍ 24 വരെ യു.എന്‍.എസ് സി.ഒ.പി, പലസ്തീനില്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരുന്നപ്പോള്‍, സയണിസ്റ്റ് ഭീകരര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ആ സമയം, ബ്രിട്ടീഷ് യുദ്ധക്കപ്പലുകളുടെ അകമ്പടിയില്‍, അഭയാര്‍ത്ഥികളുമായി പലസ്തീനിലേക്കു പോവുകയായിരുന്ന ഫ്രെഞ്ച് കപ്പല്‍ ഹൈഫയ്ക്കു വെളിയില്‍ നങ്കൂരമിട്ടു. അഭയാര്‍ത്ഥികള്‍ക്കിടയിലുണ്ടായ വഴക്കില്‍, 3 പേര്‍ കൊല്ലപ്പെടുകയും 100-ലധികം പേര്‍ക്ക് പരിക്ക്പറ്റുകയും ചെയ്തു. ഇത് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ പ്രകോപിപ്പിക്കുകയും അവര്‍ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ തീരുമാനത്തിലെത്തുകയും ചെയ്തു. അഭയാര്‍ത്ഥികളെ ജര്‍മന്‍ ക്യാംപുകളിലേക്കു തന്നെ മടക്കി അയച്ചു. ഇത് മുതലെടുക്കുന്നതിനുവേണ്ടി സയണിസ്റ്റുകള്‍ ഈ ദുരന്തത്തിന് 'എക്സോഡസ് - 1947' എന്നു പേരിട്ടു.

പലസ്തീന്‍ കമ്മിറ്റി 1947, ഓഗസ്റ്റ് 31-ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെ 3 അംഗങ്ങള്‍ ഒരു ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചപ്പോള്‍, 7 അംഗങ്ങള്‍ പലസ്തീന്‍ വിഭജിക്കണമെന്നു വാദിച്ചു. കിഴക്കന്‍ ഗലീലിയും തീരമേഖലയും നെജേവും ഉള്‍ക്കൊള്ളുന്ന ജൂതരാഷ്ട്രവും പടിഞ്ഞാറന്‍ ഗലീലിയും ഈജിപ്റ്റിനോട് ചേര്‍ന്നുള്ള തീരപ്രദേശവും ചേര്‍ന്ന പലസ്തീന്‍ രാഷ്ട്രവുമെന്നതായിരുന്നു നിര്‍ദ്ദേശം. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ജറുസലേമിനെ ഒരു സ്വതന്ത്ര അന്താരാഷ്ട്ര മേഖലയായി നിലനിര്‍ത്തണമെന്നു നിര്‍ദ്ദേശിച്ചു. ഭൂരിപക്ഷ നിലപാടിനെ കണ്ണടച്ചു പിന്തുണയ്ക്കാന്‍ വിസമ്മതിച്ച അമേരിക്കന്‍ പ്രസിഡന്റ് ഹാരിട്രൂമാനെ സയണിസ്റ്റുകള്‍ വലിയ സമ്മര്‍ദ്ദത്തിലാക്കുകയാണുണ്ടായത്. ഹെന്‍ഡേഴ്സന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മാര്‍ഷലിനു സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ടില്‍, ''വിഭജനം, സംഘര്‍ഷം ശാശ്വതീകരിക്കുക മാത്രമല്ല, കൂടുതല്‍ വഷളാക്കുകയും ചെയ്യു''മെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പറഞ്ഞു: ''ഐക്യസഭാചാര്‍ട്ടര്‍ തത്ത്വങ്ങളേയും സ്വയം നിര്‍ണ്ണയാവകാശം, ഭൂരിപക്ഷ ഭരണം തുടങ്ങിയ അമേരിക്കന്‍ തത്ത്വങ്ങളേയും കാറ്റില്‍ പറത്തുന്ന ഭൂരിപക്ഷ റിപ്പോര്‍ട്ട് ഒരു മതാധിഷ്ഠിത രാഷ്ട്രത്തിന്റെ പിറവിക്കു കാരണമാകും...''

പലസ്തീന്‍ പ്രശ്നം എല്ലാ അംഗങ്ങളുമടങ്ങുന്ന ഒരു അഡ്ഹോക്ക് കമ്മിറ്റിയുടെ തീരുമാനത്തിനു വിടാന്‍ 1947 സെപ്തംബര്‍ 23-ന് ജനറല്‍ അസംബ്ലി തീരുമാനിച്ചു. 1947 നവംബര്‍ 29-ന് 13-നെതിരെ 33 അംഗങ്ങളുടെ പിന്തുണയില്‍ പലസ്തീന്‍ വിഭജനപദ്ധതി അംഗീകരിക്കപ്പെട്ടു.

ജൂതരാഷ്ട്രവാദം അംഗീകരിക്കപ്പെട്ടിട്ടും സയണിസ്റ്റുകളുടെ കലി അടങ്ങിയില്ല. എറ്റ്സെല്‍, ലെക്ചി, ഹഗായുഗ് തുടങ്ങിയ സയണിസ്റ്റ് ഭീകരസംഘടനകള്‍ ദെയ്ര്‍ എന്ന ഗ്രാമത്തില്‍ നിരപരാധികളായ 254 പലസ്തീന്‍കാരെ കശാപ്പു ചെയ്തു. ടൈബേരിയാസ്, സാഫെഡ്, ഹൈഫ, ജാഫ തുടങ്ങിയ പലസ്തീന്‍ മേഖലകള്‍ ബലം പ്രയോഗിച്ച് കയ്യേറി. പലസ്തീന്‍ ജനത പലനാടുകളിലേക്കും ഒളിച്ചോടി. 1948 ഏപ്രില്‍ 16-നു ചേര്‍ന്ന യു.എന്‍. ജനറല്‍ അസംബ്ലി, ഭീരുവായ ഒരു കാഴ്ചക്കാരനെപ്പോലെയായിരുന്നു.

ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം
ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണംHussein Malla

ഇസ്രയേലിലെ അപ്പാര്‍ത്തീഡ്

1948 മെയ് 14-ന് ബെന്‍-ഹൂറിയോണ്‍ ടെല്‍ - അവീവില്‍ ഇസ്രയേല്‍ സ്ഥാപന പ്രഖ്യാപനം നടത്തി. തുടര്‍ന്നുള്ള നാളുകളില്‍ ഇസ്രയേലിനുള്ളിലും പലസ്തീനിലും ലോകം കാണുന്നത്, അപ്പാര്‍ത്തീഡിന്റേയും സെറ്റ്ലര്‍ കൊളോണിയലിസത്തിന്റേയും ഭീകരവാഴ്ചയാണ്. ബെനാച്ചെം ബെഗിന്റെ ഗവണ്‍മെന്റില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ഏരി നൗര്‍ പറയുന്നു: ''എല്ലാ ഗവണ്‍മെന്റുകളും ആവിഷ്‌കരിച്ച നിയമങ്ങളുടെ ലക്ഷ്യം പലസ്തീനികള്‍ക്കെതിരായ വിവേചനത്തെ നിയമവല്‍ക്കരിക്കുകയെന്നതായിരുന്നു... 'ഭീകരവാദി'കള്‍ക്കു വധശിക്ഷ നല്‍കണമെന്ന മുറവിളി ഉയരുന്നു. (പലസ്തീനികളെല്ലാം സയണിസ്റ്റുകള്‍ക്കു ഭീകരവാദികളാണ്)...''

ഇസ്രയേലില്‍ ഒരു അപ്പാര്‍ത്തീഡ് സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് അവിഗ് ഡോര്‍ ഫെല്‍ഡ്മാന്‍ പറയുന്നു: ''ഇസ്രയേലിലെ ജൂതര്‍ക്കും പലസ്തീന്‍കാര്‍ക്കും രണ്ടുതരം നിയമങ്ങളാണ്... ഇസ്രയേല്‍ സമൂഹത്തിന്റെ എല്ലാ രംഗങ്ങളേയും അപ്പാര്‍ത്തീഡ് വിഴുങ്ങിയിരിക്കുന്നു. കേസില്‍ പ്രതികളായ ജൂതരെ സിവില്‍ കോടതികളില്‍ വിചാരണ ചെയ്യുമ്പോള്‍, പലസ്തീന്‍കാരെ പട്ടാളക്കോടതികളിലാണ് വിചാരണ ചെയ്യുന്നത്. കര്‍ഫ്യൂ സമയത്ത് ജൂതര്‍ക്കു സഞ്ചാരവിലക്കുകളൊന്നുമില്ല. ജൂതര്‍ക്ക് ആവശ്യമുള്ള വെള്ളം നല്‍കുമ്പോള്‍, പലസ്തീന്‍കാര്‍ക്ക് 1967-ലെ വിഹിതം മാത്രം... 4000 ഷെക്കല്‍ വരുമാനമുള്ള ഒരു ജൂതന്‍ അടക്കേണ്ട നികുതി 556 ഷെക്കല്‍ മാത്രം. എന്നാല്‍, ഇതേ വരുമാനമുള്ള പലസ്തീന്‍കാരന്‍ നല്‍കേണ്ടത് 2,174 ഷെക്കലാണ്.'' ഇസ്രയേലില്‍ താമസിക്കുന്ന ജൂതര്‍ക്കും പലസ്തീന്‍കാര്‍ക്കും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ മാനദണ്ഡം, ശരീരലക്ഷണമാണ്.

മാസം തികയാതെ ജനിക്കുന്ന ഒരു ജൂതശിശുവിന്റെ അതിജീവന സാധ്യത, പലസ്തീന്‍ ശിശുവിന്റേതിനെക്കാള്‍ വളരെയേറെയാണ്. ഇങ്ങനെ ജനിക്കുന്ന ജൂതക്കുഞ്ഞുങ്ങളുടെ മരണനിരക്ക് 8.2 ശതമാനമാണെങ്കില്‍, പലസ്തീന്‍ കുഞ്ഞുങ്ങളുടേത് 14.8 ശതാനം! ഇസ്രയേല്‍ നടപ്പാക്കുന്ന നാസി ന്യൂറംബര്‍ഗ് നിയമങ്ങളേയും അപ്പാര്‍ത്തീഡിനേയും ഇടതു വലതു വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണയ്ക്കുകയും ചെയ്യുന്നു.

1947-നും 1948-നുമിടയ്ക്ക് ഏതെങ്കിലും അറബ് രാജ്യം സന്ദര്‍ശിച്ച പലസ്തീനികളുടെ സ്ഥാവര-ജംഗമ സ്വത്തുക്കളെല്ലാം കണ്ടുകെട്ടാന്‍, 1950-ല്‍ പാസ്സാക്കിയ 'അസന്നിഹിത സ്വത്തു നിയമം' (Law of Absentee Property) സര്‍ക്കാരിന് അധികാരം നല്‍കി. ഇത്തരക്കാരെ ഈ നിയമം നിര്‍വചിക്കുന്നത്. 'സന്നിഹിത അസന്നിഹിതര്‍' (present absentees) എന്നാണ്.

മൃതകാലം ഉണര്‍ന്നെഴുന്നേറ്റ് കാലുകളില്‍ നടക്കുന്ന ഒരു മായിക ഭൂമിയാണിന്ന് ഇസ്രയേല്‍. ഇസ്രയേലിന്റെ ഓരോ കുതിപ്പും പലസ്തീന്‍ ജനതയുടെ കിതപ്പായി മാറുകയാണ്. ഇന്ന് ലോകത്തേറ്റവും അഗാധമായ അസ്തിത്വ പ്രതിസന്ധി നേരിടുന്ന ജനത പലസ്തീനികളാണ്. സയണിസത്തിന്റെ വിജയത്തിന് പലസ്തീനികളുടെ 'അപ്രത്യക്ഷമാകല്‍' അനിവാര്യമാണെന്ന് തിയോഡോര്‍ ഹെര്‍സല്‍ തന്റെ ഡയറിയില്‍ കുറിച്ചിരുന്ന കാര്യം നാം മറക്കരുത്.

വിദേശങ്ങളില്‍നിന്നു വരുന്ന സയണിസ്റ്റ് അക്രമിസംഘങ്ങള്‍ക്കുവേണ്ടി ഒരു ജനത സ്വന്തം ജന്മനാട് ഉപേക്ഷിക്കേണ്ടിവരുന്ന സമാനതകളില്ലാത്ത തിന്മയുടെ ഇരകളാണ് പലസ്തീന്‍ ജനത. തിയഡോര്‍ ഹെര്‍സലിന്റെ ക്രൂരമായ ഭാഷയില്‍, ''പലസ്തീനിലെ ആദിമനിവാസികള്‍ പേരില്ലാത്തവരും രൂപമില്ലാത്തവരുമാണ്!''

ചരിത്രത്തിലെ ഓരോ നിമിഷവും ആ നിമിഷത്തിന്റെ മാത്രമല്ല, മനുഷ്യരാശിയുടെയാകെ ചരിത്രത്തെ ഉള്‍ക്കൊള്ളുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ ഭാവനയില്‍ പലസ്തീനിയന്‍ ജനത നിലനില്‍ക്കുന്നുവെങ്കിലും സ്വയം രാഷ്ട്രീയ കര്‍ത്താവാകാനുള്ള അവകാശം അവര്‍ക്കില്ല. ഇസ്രയേലിനു ഭീഷണിയായ ശത്രുക്കളുടേയും ഭീകരരുടേയും ജന്തുക്കളുടേയും ഒരു പറ്റം മാത്രമാണിന്ന് പലസ്തീന്‍ ജനത, അവര്‍ക്ക്! ''അപ്പാര്‍ത്തീഡ് അവസാനിച്ച സമകാലിക ലോകത്തില്‍, ഇസ്രയേല്‍ പലസ്തീനില്‍ നടപ്പാക്കുന്നത് ആസൂത്രിതമായ അപ്പാര്‍ത്തീഡാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യല്‍ റാപ്പോര്‍ട്ടിയര്‍ 2022 മാര്‍ച്ച് 22-നു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന്റെ ദേശീയതാനിയമം, പൗരത്വനിയമം, ഭീകരവിരുദ്ധനിയമം, കെട്ടിടനിയമം തുടങ്ങിയവയെല്ലാം അപ്പാര്‍ത്തീഡ് നടപ്പാക്കാനുള്ള നിയമങ്ങളാണ്.

ഹോളോകോസ്റ്റിനെ അതിജീവിച്ചവരില്‍ പ്രശസ്തനായ പ്രിമോ ലെവിയുമായി 1982-ല്‍ നടത്തിയ ഒരഭിമുഖത്തില്‍ ഇസ്രയേലിന്റെ നിലനില്‍പ്പിന് എന്തെങ്കിലും ന്യായീകരണമുണ്ടോയെന്ന ചോദ്യത്തിനു നല്‍കിയ ഉത്തരം ഇതായിരുന്നു: ''ഔഷ് വിറ്റ്സില്‍നിന്നു രക്ഷപ്പെട്ടവരും നാസിക്രൂരതകളുടെ ഇരകളും ഇസ്രയേലിലുണ്ട് എന്നതൊരു വസ്തുതയാണെങ്കിലും അതിന്റെ സ്വയം ന്യായീകരണത്തെ ഞാന്‍ തള്ളിക്കളയുന്നു''. ഹോളോകോസ്റ്റിന്റെ ഇരകള്‍ എന്ന അനുകമ്പയെ, പലസ്തീന്‍ ജനതയ്ക്കെതിരായ ഹോളോകോസ്റ്റിനുള്ള മറയാക്കുകയാണ് ഇസ്രയേല്‍. പ്രിമോലെവി എഴുതുന്നു: ''എല്ലാവരും ആരുടെയെങ്കിലും ജൂതരാണ്. ഇന്ന് പലസ്തീന്‍കാര്‍, ഇസ്രയേലിന്റെ ജൂതരായിരിക്കുന്നു.'' ?

ലെബനനില്‍ നടന്ന ഇസ്രയേല്‍ ആക്രമണം
ലെബനനില്‍ നടന്ന ഇസ്രയേല്‍ ആക്രമണം Hassan Ammar

References

1. Arie Dayan, The Debate over Zionism and Racism: An Israeli view. (Journal of Palestine studies. Vol. 22 No. 3 (Spring 1993) pp. 96-105, p.98

2. Leo Kuper, Genocide: Its political use in the Twentieth Century (New Haven: Yale Uni. Press, 1981) P.210

3. Baruch Kimmerling. Politicide: Israel's Policy Toward the Palestinians. (London: 2ed, 2005

4. Moses Hess, Rome and Jerusalem, quoted in The Decadence of Judaism in our Time by Moshe Menuhin (1965). P.50

5. Moshe Menuhin, The Decadence of Judaism in our Time.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com