ഒരിക്കലും പതറാതെ, ഉള്ളിലുള്ളത് ഒളിച്ചുവെക്കാതെ: ഓര്‍മ്മയില്‍ ബാലചന്ദ്രന്‍

ഒരിക്കലും പതറാതെ, ഉള്ളിലുള്ളത് ഒളിച്ചുവെക്കാതെ: 
ഓര്‍മ്മയില്‍ ബാലചന്ദ്രന്‍
Published on
Updated on

ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ച വാർത്തയറിഞ്ഞപ്പോൾ ഞെട്ടലൊന്നും ഉണ്ടായില്ല. രോഗാവസ്ഥയിൽനിന്ന് കഴിയുംവേഗം അദ്ദേഹം വിടുതൽ നേടിയല്ലോ എന്ന ആശ്വാസമായിരുന്നു. കുറച്ചുകാലമായി അദ്ദേഹം സുഖമില്ലാതെ കഴിയുകയായിരുന്നു, കടന്നുപോകാനുള്ള പ്രായമൊന്നും ആയിരുന്നില്ലെങ്കിലും. മരിക്കുമ്പോൾ പ്രായം 69. ഇക്കാലത്ത് അതൊന്നും അത്ര വലിയ പ്രായമല്ല.

സാഹിത്യനിരൂപകൻ, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ബാലചന്ദ്രൻ വടക്കേടത്ത് എല്ലാവർക്കും സുപരിചിതനായിരുന്നു. എഴുത്തും വായനയും പ്രഭാഷണവും ഉൾപ്പെടുന്ന ജീവിത ത്രിത്വത്തിലായിരുന്നു എപ്പോഴും അദ്ദേഹം. ആരോഗ്യവകുപ്പിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ കടന്നുവരാറില്ല. തൃശൂരിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയ കാലത്തും സാഹിത്യം മാത്രമായിരുന്നു ഞങ്ങളുടെ സംസാര വിഷയം.

ബാലചന്ദ്രൻ വടക്കേടത്ത് എനിക്കൊരു ദീർഘകാല മിത്രമായിരുന്നു. അദ്ദേഹത്തിന്റെ തറവാട്ടു വീട്ടിലും പിന്നീട് തൃപ്രയാർ ക്ഷേത്രത്തിനു സമീപത്ത് അദ്ദേഹം സ്വന്തമായി പണികഴിപ്പിച്ച് താമസമാക്കിയ വീട്ടിലും പലതവണ ഞാൻ പോയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രപരിസരത്ത് മത്സ്യങ്ങൾക്ക് ആഹാരം നൽകുന്ന, മീനൂട്ട് വഴിപാട് എന്നാണ് അതിനുപേരെന്നാണ് ഓർമ്മ, ക്ഷേത്രക്കുളത്തിന് അരികിലിരുന്നും ദീർഘനേരം ഞങ്ങൾ സംസാരിച്ചിരുന്നതും ഓർമ്മയിലുണ്ട്. അതുപോലെത്രയോ ഇടങ്ങൾ. സാഹിത്യ അക്കാദമി, സാഹിത്യ പരിഷത്ത്, നിരവധി സാഹിത്യ സമ്മേളനങ്ങൾ, പലയിടങ്ങളിലും ബാലചന്ദ്രനെ കണ്ടിട്ടുമുണ്ട്, പ്രസംഗങ്ങൾ കേട്ടിട്ടുമുണ്ട്.

അദ്ദേഹം പറയുന്ന കാര്യങ്ങളിൽ പലതിനോടും നമുക്കു വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷേ, അതു പറയുമ്പോഴുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ജീവിതത്തോട് ആദ്യവസാനം ആത്മാർത്ഥത പുലർത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം.

ഒരിക്കൽ ഞങ്ങളൊരുമിച്ച്, കഴിഞ്ഞ തലമുറയിലെ മഹാപണ്ഡിതനായിരുന്ന കെ.പി. നാരായണ പിഷാരടിയുടെ വീട്ടിൽ പോയിട്ടുണ്ട്. നട്ടുച്ചനേരം. പിഷാരടി മാഷ് ഇരിക്കുന്ന മുറിയിൽ വെളിച്ചക്കുറവുണ്ട്. കറന്റ് പോയിരിക്കുകയാണ്. ‘വടക്കേടത്താണ്’ എന്ന് ബാലചന്ദ്രൻ പറഞ്ഞപ്പോൾ, പിഷാരടി മാഷ് ധരിച്ചത് ബാലചന്ദ്രൻ വടക്കേടത്തിന്റെ അച്ഛൻ രാമചന്ദ്രൻ വടക്കേടത്താണെന്നാണ്. അദ്ദേഹം പിഷാരടി മാഷുടെ വിദ്യാർത്ഥി ആയിരുന്നെന്നു തോന്നുന്നു. എല്ലാം സംസ്‌കൃത പണ്ഡിതന്മാർ. സ്വാഭാവികമായും മകനോട്, പ്രസംഗിച്ച് ഇത്രയും ശത്രുക്കളെ സൃഷ്ടിക്കരുതെന്ന് ഉപദേശിക്കണമെന്ന് പിഷാരടി മാഷ് നിർദ്ദേശിച്ചു. എന്നിട്ട് എന്നോടൊരു ചരിത്രവും, “അതെങ്ങനെ ഇവന് പണ്ടൊരു കോളേജിൽ ജോലി കിട്ടാൻ സാദ്ധ്യത ഉണ്ടായിരുന്നു. ഇവൻ അവിടെപ്പോയി മാനേജ്‌മെന്റിനെതിരെ പ്രസംഗിച്ച് ആ ജോലി സ്വയം നഷ്ടപ്പെടുത്തിയതാണ്!”

ഭാഗ്യം, അപ്പോഴേക്കും കറന്റ് വന്നു. പിഷാരടി മാഷ്, ഇതു രാമചന്ദ്രനല്ല ബാലചന്ദ്രനാണെന്നു തിരിച്ചറിയുകയും ചെയ്തു. പക്ഷേ, ബാലചന്ദ്രൻ സംഭാഷണത്തിന്റെ

ബാക്കിഭാഗം പൂരിപ്പിച്ചത് ഇങ്ങനെയായിരുന്നു: “ജോലിക്കുവേണ്ടി അച്ഛൻ അഭിപ്രായം മാറ്റിയിരുന്നെങ്കിലാണ് ഞാൻ ദു:ഖിക്കുക. ഇതിപ്പോൾ അങ്ങനെ ഖേദിക്കേണ്ടിവന്നില്ലല്ലോ. ജീവിക്കാൻ എന്തു ജോലിയും ചെയ്യാം. പക്ഷേ, സ്വന്തം അഭിപ്രായം ബലികൊടുത്തുകൊണ്ടാകരുത് ജീവിക്കാനുള്ള വഴി നോക്കുന്നത്.”

അച്ഛനെപ്പോലെ മകനും ജീവിതവിജയത്തെക്കാൾ വലുത് അഭിപ്രായ സ്ഥൈര്യമാണെന്ന് ഉറച്ചു വിശ്വസിച്ചു.

മൂത്തകുന്നം ബിഎഡ് കോളേജിൽ പ്രിൻസിപ്പല്‍ ആയിരിക്കുമ്പോൾ സുകുമാർ അഴീക്കോടിന് ഇഷ്ടമുള്ള പണ്ഡിത സുഹൃത്തായിരുന്നു രാമചന്ദ്രൻ വടക്കേടത്ത്. വായനയും ചർച്ചയുമായി രാത്രികൾ പകലുകളാക്കി അവർ ജീവിച്ചു. ആ തലമുറയിലെ പ്രകാശഗോപുരങ്ങളിൽ പലരേയും കണ്ട കുട്ടിക്കാലം ബാലചന്ദ്രനെ സ്വാധീനിച്ചിരുന്നു. കുട്ടിക്കാലത്ത് പരിചയപ്പെടാൻ കഴിഞ്ഞ അത്തരം എഴുത്തുകാരെ എഴുത്തിലും ജീവിതത്തിലും ബാലചന്ദ്രനു വഴിവിളക്കുകളായി കരുതി. വലപ്പാട് കഴിയുമ്പോൾ കുഞ്ഞുണ്ണിമാഷുടെ വീട്ടിൽ എനിക്ക് തെറ്റില്ലാത്ത സ്വാധീനമുണ്ടായിരുന്നതിനു കാരണവും ബാലചന്ദ്രൻ ആയിരുന്നു.

ഒരിക്കൽ ബാലചന്ദ്രന്റെ വിമർശനംകൊണ്ട് പൊറുതിമുട്ടിയ ഒരു കഥാകാരൻ, അഴീക്കോട് മാഷിനെ ബാലചന്ദ്രന്റെ ശത്രുവാക്കാൻ നടത്തിയ വിഫലശ്രമങ്ങളും ഓർമ്മവരുന്നു.

കഥാകാരൻ ബാലചന്ദ്രനെ കുറ്റപ്പെടുത്തി ഓരോന്നു പറയുമ്പോഴും അഴീക്കോട് മാഷ് ഉദാസീനനായി മറുപടി പറയുന്നു: “അവരൊക്കെ പിള്ളേരല്ലേ, ആ പ്രായത്തിൽ നമ്മൾ ആരെയൊക്കെ എത്രയാ വിമർശിച്ചിരിക്കുന്നത്!” അമ്പ് അഴീക്കോടിൽ ഏശാതെ പോകുന്നതിൽ നിരാശനായ കഥാകാരൻ അവസാന അസ്ത്രം പുറത്തെടുത്തു: “അവൻ ഈയിടെ കുട്ടിക്കൃഷ്ണമാരാരേയും വിമർശിച്ചത്രേ!” മറ്റാരെയെങ്കിലും വിമർശിക്കുന്നതുപോലല്ല, മാരാരെ വിമർശിക്കുന്നത്. അഴീക്കോട് അതു സഹിക്കില്ല. സ്വാഭാവികമായും ബാലചന്ദ്രൻ, അഴീക്കോടിന്റെ വിചാരണ നേരിടണം. ആ മഞ്ഞുകാലവും എങ്ങനേയോ കഴിഞ്ഞു. അഴീക്കോട് നിജസ്ഥിതി അന്വേഷിച്ചു മനസ്സിലാക്കിയെന്നു തോന്നുന്നു.

വലിയ പണ്ഡിതന്മാരായാലും എഴുത്തുകാർ മിക്കവാറും ശിശുപ്രകൃതികളാണ്. അവർ എപ്പോൾ ഇടയുമെന്നോ എപ്പോൾ കെട്ടിപ്പിടിക്കുമെന്നോ പറയാൻ കഴിയില്ല. അങ്ങനെയൊരു കാലവും നമുക്കുണ്ടായിരുന്നു. ആ കാലം സൃഷ്ടിച്ചതാണ് ബാലചന്ദ്രൻ വടക്കേടത്തിനേയും. ബാലചന്ദ്രൻ വടക്കേടത്ത് അവരിലെ ഇളമുറക്കാരൻ.

പണ്ട് ദിനേശ് രാജ എന്നൊരു യുവകവിയെ ബാലചന്ദ്രൻ പരിചയപ്പെടുത്തിയത് ഓർക്കുന്നു. സ്വകാര്യ സംഭാഷണങ്ങളിൽ പലതവണ അയാളെക്കുറിച്ച് ബാലചന്ദ്രൻ സംസാരിക്കുകയും ചെയ്തു. പിന്നീട് ബാലചന്ദ്രൻ അയാളെക്കുറിച്ച് ഒന്നും സംസാരിക്കാതായി. മോശമൊന്നും പറഞ്ഞിട്ടില്ല, പക്ഷേ, നല്ലതും പറയില്ല. അവർ തമ്മിൽ എന്തോ മാനസിക അകലമുണ്ടായെന്നു തോന്നുന്നു. ഞാൻ ഒന്നും ചോദിച്ചുമില്ല.

പിന്നീട് തൃശൂരിൽവെച്ച് കണ്ടപ്പോൾ ദിനേശ് രാജയാണ് അവരുടെ കലഹകാരണം എന്നോട് പറഞ്ഞത്.

അവർ രണ്ടുപേരും ഇരുന്ന് രസസിദ്ധാന്തം ചർച്ചചെയ്യുകയായിരുന്നു. രസം ആനന്ദം ആണെന്ന് അവരിൽ ഒരാൾ, രസം ആനന്ദമല്ല അനന്തമാണെന്നു മറ്റേയാൾ. അതിനെത്തുടർന്നുള്ള തർക്കത്തിന് ഒടുവിലാണ് രണ്ടുപേരും പിണങ്ങി നടക്കുന്നത്!

ശുദ്ധഹൃദയരായ മനുഷ്യർ. അതുകൊണ്ട്, ബാലചന്ദ്രൻ വടക്കേടത്തുമായി പിണങ്ങണമെന്ന് ഒരുകാലത്തും എനിക്കു തോന്നിയിട്ടില്ല. രാഷ്ട്രീയമായി എപ്പോഴും അദ്ദേഹം കോൺഗ്രസ് പക്ഷത്തായിരുന്നു. അതും അദ്ദേഹം മറച്ചു വെച്ചിട്ടില്ല. ഇടയേണ്ട സന്ദർഭങ്ങളിൽ അദ്ദേഹം കോൺഗ്രസ് നേതാക്കളോടും ഇടഞ്ഞിട്ടുണ്ട്. അപ്പോഴും അദ്ദേഹം കോൺഗ്രസ് പക്ഷത്തായിരിക്കും.

വായനയുടെ ഉപനിഷത്ത്, വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, കൂട്ടിവായന, ആനന്ദ മീമാംസ, രമണൻ എങ്ങനെ വായിക്കരുത്, ഉത്തര സംവേദനം, അർത്ഥങ്ങളുടെ കലഹം, പുരോഗമന പാഠങ്ങൾ, മരണവും സൗന്ദര്യവും ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ, പുതിയ ഇടതുപക്ഷം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ബാലചന്ദ്രൻ എഴുതിയിട്ടുണ്ട്. മലയാള സാഹിത്യനിരൂപണത്തിന്റെ പരിവർത്തന ഘട്ടങ്ങൾ ഈ പുസ്തകങ്ങൾ അടയാളപ്പെടുത്തുന്നു.

അദ്ദേഹം സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കേരള കലാമണ്ഡലം സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മരിക്കുമ്പോൾ അദ്ദേഹം സമസ്തകേരള സാഹിത്യപരിഷത്ത് വൈസ് പ്രസിഡണ്ടും കേന്ദ്രസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായിരുന്നു. സാഹിത്യ പരിഷത്തിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ച സ്നേഹം നിറഞ്ഞ കാലവും എന്റെ ഓർമ്മയിൽ വരുന്നു.

അവസാനകാലം യാത്രകൾ വിരളമായപ്പോഴും ഞങ്ങൾക്കിടയിൽ ഫോൺ ബന്ധം ഉണ്ടായിരുന്നു.

ഒരിക്കലും പതറാതെ, ഉള്ളിലുള്ളത് ഒളിച്ചുവെക്കാതെ,തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരുടെ മുന്നിലും ഉറപ്പിച്ചുപറഞ്ഞ്, നമുക്കിടയിൽ സാംസ്കാരിക ജീവിതം നയിച്ച പ്രിയ സുഹൃത്ത് ബാലചന്ദ്രന്‍ വടക്കേടത്ത് യാത്രയായിരിക്കുന്നു.

എന്റെ അന്ത്യാഞ്ജലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com