എം. ഹാഷിം എന്ന വ്യക്തിയുടെ ജീവിതത്തെ അടുത്തുനിന്ന് നോക്കികാണുന്ന ഒരാള്‍ക്ക് ആദ്യം ചോദിക്കാന്‍ കഴിയുന്നത് ഈ ആര്‍ജ്ജവത്തിന്റെ ശക്തി എവിടെനിന്നാണ്?
കണ്ണൂരിലെ തീരദേശഗ്രാമമായ ആദികടലായിലെ ഇടപ്പകത്ത് തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. ഇവിടം അഴിമുഖമാണ്. കാനാമ്പുഴ കടലിനോട് ചേരുന്നു. ഉപ്പ കരേരാട്ട് മൊയ്തു. ഉമ്മ ഇടപ്പകത്ത് ആയിഷ. പത്തുമക്കളില്‍ ഏഴാമന്‍. അറയ്ക്കല്‍ രാജാവിന്റെ മന്ത്രിയായിരുന്നു അമ്മാമന്‍ അബ്ദുള്‍ഖാദര്‍കുട്ടി. അതുകൊണ്ടുതന്നെ രാജകുടുംബവുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നു. ഉപ്പ പുരോഗമന ചിന്തകനായിരുന്നു. നാട്ടുതര്‍ക്കങ്ങള്‍ക്കും ആധാരങ്ങള്‍ വിശദീകരിച്ച് തീര്‍പ്പാക്കിയും ജീവനം തുടര്‍ന്നു. അവര്‍ നല്‍കുന്ന തുകയായിരുന്നു വരുമാനം. ആ തീര്‍പ്പുകള്‍ എല്ലാവരും അവസാന വാക്കായി സ്വീകരിച്ചു. വലിയ കുടുംബം പോറ്റുക ഏറെ ശ്രമകരമായിരുന്നു. സുഹൃത്തുക്കളില്‍ വലിയൊരു വിഭാഗം ഹിന്ദുക്കളായിരുന്നു.
ആയിടയ്ക്ക് ഒരു സംഭവമുണ്ടായി. അറയ്ക്കല്‍ രാജാവിന് പഞ്ചാബില്‍നിന്ന് ഒരു കത്തുവന്നു. മുഹമ്മദ് നബിയുടെ പിന്‍തുടര്‍ച്ചക്കാരനായി സ്വയം പ്രഖ്യാപിച്ച് ഒരാള്‍ ഒരു പ്രസ്ഥാനം തുടങ്ങിയിട്ടുണ്ടെന്നും അതില്‍ അംഗമാകാനുള്ള ക്ഷണവുമായിരുന്നു അത്. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ രാജാവ് മന്ത്രിയായിരുന്ന അബ്ദുള്‍ ഖാദറെ ചുമതലപ്പെടുത്തി അയച്ചു. ഈ നവധാരയോട് ആദികടലായിലെ ആരും ആഭിമുഖ്യം കാണിച്ചില്ലെന്നല്ല കഠിനമായ വിമുഖതയും പുലര്‍ത്തി. എന്നാല്‍, ഉപ്പയും പൗരപ്രമുഖനായിരുന്ന അലിവൈദ്യരും ഇത് സ്വീകരിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നത് ഉത്തരേന്ത്യയില്‍ കലക്ടറായി തുടരുന്ന കുടുംബാംഗം ഷക്കീല്‍ അഹമ്മദില്‍ നിന്നാണ്. ഉപ്പയെ തറവാട്ടുകാര്‍ ബഹിഷ്‌കൃതനാക്കി. ആദികടലായില്‍നിന്ന് തോണിയില്‍ കാനാമ്പുഴ കടന്ന്, ഏഴ് കിലോമീറ്റര്‍ കടലോരത്തുകൂടി നടന്ന് ഉപ്പ കണ്ണൂര്‍ സിറ്റിയിലെത്തും. അവിടത്തെ താജ്മഹല്‍ പള്ളിയില്‍ സമാനമനസ്‌കരായ കുറച്ചുപേരുണ്ട്. അവര്‍ക്കൊപ്പം കൂടും. ബ്രിട്ടീഷുകാര്‍ പ്രദേശകേന്ദ്രമാക്കാന്‍ ഉദ്ദേശിച്ച ഇടമാണ് അന്നത്തെ കണ്ണൂര്‍സിറ്റി. റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടു. തീവണ്ടിയെ ഒറ്റക്കണ്ണന്‍ ദെജ്ജാലായ ഇരുമ്പിന്റെ ശെയ്ത്താന്‍ എന്നുവിളിച്ച് യാഥാസ്ഥിതിക സമൂഹം എതിര്‍ത്തു. നൂറുശതമാനം മുസ്ലിം നിവാസകേന്ദ്രമാണിവിടം. ഇന്നു കാണുന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ നില്‍ക്കുന്ന ഇടം ശ്മശാനമായിരുന്നു. നഗരകേന്ദ്രം അതായി. വരുമായിരുന്ന വലിയൊരു വികസനം കണ്ണൂര്‍സിറ്റിക്ക് നഷ്ടമായി.
ആദികടലായിയില്‍ വിപണനവിഭവങ്ങളായി തേങ്ങയും കശുവണ്ടിയും മീനും കല്ലുമ്മക്കായയും മാത്രമേയുള്ളൂ. കൃഷിയില്ല. ഉപ്പ ഒരു പാണ്ട്യാല കെട്ടി സുഹൃത്തുക്കളില്‍നിന്നും കടം വാങ്ങി കശുവണ്ടി സംഭരിച്ച് പുറത്തേക്ക് വില്‍ക്കാം എന്നു കരുതി: ഉപ്പയായതുകൊണ്ട് വലിയ തോതില്‍ കശുവണ്ടി സംഭരിച്ചുകൂട്ടി. കൊല്ലത്തുനിന്ന് അതു വാങ്ങാനെത്തിയവര്‍ക്കായി പാണ്ട്യാല തുറന്നപ്പോള്‍ ഉപ്പ ഞെട്ടി. അതത്രയും മുളച്ചിരിക്കുന്നു. വാങ്ങാതെ കച്ചവടക്കാര്‍ മടങ്ങി. ലക്ഷങ്ങള്‍ പാഴിലായി.
കൊടുത്ത കടം അടുത്തവര്‍ പോലും ചോദിച്ചു തുടങ്ങിയപ്പോള്‍ അഭിമാനിയായ ഉപ്പ ആദികടലായിയിലെ കടല്‍ത്തീരത്തുള്ള വീട് വിറ്റ് കടങ്ങള്‍ തീര്‍ത്തു. മരയ്ക്കാര്‍ കണ്ടിയില്‍ അറയ്ക്കല്‍ രാജാവിന് വലിയൊരു തോട്ടമുണ്ട്. അവിടെ അദ്ദേഹമെത്തുമ്പോള്‍ താമസിക്കാന്‍. മുകളിലും താഴെയുമായി രണ്ടുമുറികളുള്ളൊരു ചെറിയ വീടും. അത് തരപ്പെടുത്തിയത് ഉപ്പയുടെ ജ്യേഷ്ഠനായിരുന്നു. മുകളില്‍ പെങ്ങളും അളിയനും. താഴെ ഉപ്പയും ഞാനുള്‍പ്പെട്ട വലിയ കുടുംബവും. മലം ചുമക്കുന്നവര്‍ ഉണ്ടായിരുന്നു അവിടെ. ഉമ്മ എല്ലാവരോടും സമഭാവത്തില്‍ ഇടപെട്ടു. നിശ്ചയദാര്‍ഢ്യക്കാരനായിരുന്നു എന്റെ ഉപ്പ.
ഒരു സംഭവം പറയാം: ഒരുദിവസം ഒന്‍പത് മാസം പ്രായമുള്ള എന്റെ അനുജത്തിയെ ഉപ്പയുടെ മടിയില്‍ കിടത്തി ഉമ്മ പ്രാര്‍ത്ഥിക്കാന്‍ പോയി. കുട്ടി ഒന്ന് ഛര്‍ദ്ദിച്ച് നിശ്ചലയായി. ഉമ്മ വന്നു. ഉപ്പ പറഞ്ഞു: നമ്മുടെ കുട്ടി മരിച്ചു. കരയരുത്. നമുക്കിവിടെ ആരുമില്ല. ശ്മശാനവും പള്ളിയുമില്ല. തൊട്ടയല്‍പക്കത്തെ വാളാങ്കി കണ്ണനെ മണ്‍വെട്ടിയുമായി വരാന്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഉപ്പ തറവാട്ടുസ്വത്തായി വാങ്ങി കബറാക്കി മാറ്റിയ 20 സെന്റ് സ്ഥലത്ത് അടക്കം ചെയ്തു. വീട്ടിലെത്തി കടുപ്പത്തിലൊരു ചായ തരാന്‍ പറഞ്ഞു. ഇതായിരുന്നു ഉപ്പയുടെ ഇച്ഛാശക്തി. തന്റെ ഹിതത്തിലുറച്ച ഉപ്പയുടെ നിലപാട് ഇന്നും എനിക്ക് ശക്തിപകരുന്നു.
താങ്കളുടെ വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍? എഴുതിത്തുടങ്ങുന്നത് എന്നു മുതല്‍ക്ക് വിശദമാക്കാമോ?
കടലായി സ്‌കൂളിൽ നാലാം ക്ലാസ്സുവരെ. സെന്റ് ആന്റണീസ് സ്‌കൂളിൽ ഏഴുവരെ. കണ്ണൂർസിറ്റി ഹൈസ്‌കൂളിൽ പത്താം ക്ലാസ്സ് വരെ. ഉപ്പ പുരോഗമനാശയക്കാരനായതുകൊണ്ട് മദ്രസയിൽനിന്ന് എന്നെ പുറത്താക്കി. മരക്കാർ കണ്ടിയിൽ ഒരു മാടമുണ്ട്. താഴെ നിരത്തുപലക കടകൾ. മുകളിൽ കൂട്ടായ്മയ്‌ക്കൊരു മുറി. തൊട്ടടുത്ത കെട്ടിടത്തിൽ വായനശാല. എടുക്കുന്ന പുസ്തകം വായിച്ച് പിറ്റേന്നുതന്നെ എത്തിക്കണം. ഉറക്കമൊഴിഞ്ഞ് വായിച്ചുതീർക്കും. എഴുത്തുകാരുടെ വലിയൊരു ലോകവുമായി പരിചയപ്പെട്ടു. വായനശാലയുടെ കയ്യെഴുത്ത് മാസികയിൽ ആദ്യകഥയെഴുതി. ഇപ്പോൾ ആദികടലായിയിലെ പാണ്ട്യാലയും ഇരുനില ഒറ്റമുറിവീടും മണ്ണടിഞ്ഞു. ഉപ്പയും സംഘവും ചർച്ച നടത്തിയിരുന്ന കണ്ടി (വീടിനു മുന്നിലേ തുറന്ന ഇരിപ്പിടം) കാടു മൂടിക്കിടക്കുന്നു. തൊട്ടെതിർവശത്ത് വീഴാറായ മാറ്റപ്പീടിക. കടലിലേയ്ക്കിറങ്ങുന്നിടത്തെ അമ്പുവേട്ടന്റെ ചായക്കട. എല്ലാം ശേഷിപ്പായ ദുഃഖഭാരങ്ങളാണ്. എന്തിന് ഞാൻ ജനിച്ച വീടിന്റെ ഇന്നത്തെ രൂപം പോലും എനിക്കപരിചിതമായി തോന്നുന്നു. എല്ലാറ്റിനും സാക്ഷിയായി പുതിയ തിരകൾ മാത്രം കരയിലടിഞ്ഞു ചിതറുന്നുണ്ട്.
യാത്രകൾ ആരംഭിക്കുന്നത് എന്നു മുതൽക്കാണ്?
കോഴിക്കോട്ടേയ്ക്കാണ്. മുത്തശ്ശിയുടെ അനുജത്തി ഖദീജയ്‌ക്കൊപ്പം കോഴിക്കോട് രാരിച്ചൻ റോഡിലേക്ക് പോയത്. അവരുടെ ഭർത്താവ് വി. അബ്ദുൾഖയ്യൂം വലപ്പാട് സ്വദേശിയാണ്. യാത്രികനാണ്. മക്കളില്ല. ഇടയ്ക്കിടെ കണ്ണൂരിൽ വരും. അവർ കൊണ്ടുവരുന്ന ഹൽവയുടെ മധുരം ഇന്നും വായിലുണ്ട്. ഞങ്ങളവരെ ആമയെന്നും ആപ്പയെന്നും വിളിച്ചു.
ഒരു തവണ ചോദിച്ചു: ഞങ്ങളിവനെ കോഴിക്കോട്ടുവരെ ഒന്ന് കൊണ്ടുപൊയ്‌ക്കോട്ടെ. അവർക്കൊപ്പം തീവണ്ടി കയറി. പ്രായം 15. വണ്ടി തലശ്ശേരിയിൽ നിർത്തിയപ്പോൾ തൊട്ടടുത്ത കടയിൽ മാതൃഭൂമി വാരിക കണ്ടു. കയ്യിലെ ചില്ലറ പെറുക്കി പുറത്തിറങ്ങി വാരിക വാങ്ങിത്തിരിയുമ്പോഴേയ്ക്കും വണ്ടി നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഒപ്പം ഓടിയ എന്നെ മറ്റൊരു കംപാർട്ടുമെന്റിലേക്ക് ആരോ വലിച്ചിട്ടു. ആമ വിഭ്രാന്തനായി. വണ്ടിക്ക് വേഗം കൂടിക്കൊണ്ടിരുന്നു. എവിടെച്ചെന്ന് തിരക്കാൻ? മുറിച്ചുകടക്കാൻ വഴിയില്ലാത്ത ഒറ്റബോഗികളാണ്. കോഴിക്കോട്ടെത്തി വണ്ടിയിറങ്ങി നിന്ന എന്റെ അടുത്തേക്ക് അവർ പരിഭ്രമിച്ചെത്തി. ആദ്യമായി ആമ ചെകിട്ടത്തടിച്ചു. നീ കൈവിട്ടുപോയാൽ നിന്റെ ഉപ്പയോടും ഉമ്മയോടും ഞങ്ങളെന്തു പറയും. അന്ന് വൈകുന്നേരം ആമ ആദ്യമായി കോഴിക്കോടൻ ബിരിയാണി വാങ്ങിത്തന്നു. നേർത്ത ഇരുളിലെ കടൽ കണ്ടു. തിരക്കാറ്റ് കൊണ്ടു. അവിടെ കടലിന് വേറിട്ടൊരു മുഖമാണ്. ചന്ദ്രികയുടെ ആദ്യ പത്രാധിപരായിരുന്നു ആപ്പ. ബഹുഭാഷാപണ്ഡിതൻ. തുർക്കി വിപ്ലവം, അബലയുടെ പ്രതികാരം, പ്രാചീന മലബാർ എന്നീ ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിൽനിന്ന് മലയാളത്തിലേക്ക് നേരിട്ടു വിവർത്തനം ചെയ്തിട്ടുണ്ട്. ഏറെ സ്‌നേഹം തന്നു.
ജീവിക്കുന്ന ഒരു മാതൃക?
പത്താം ക്ലാസ്സ് കഴിഞ്ഞ് നാടുവിട്ടു, ഇത്ര ചെറുപ്പത്തിൽ എന്തുകൊണ്ടായിരുന്നു?
പത്തുമക്കളുള്ള ഒരു വീട്ടിലെ ഭൗതികസാഹചര്യത്തെക്കുറിച്ച് ഓർത്തുനോക്കൂ. ഒപ്പം ഏട്ടന്റെ കഠിനപീഡനവും. ഒരു പുസ്തകം വായിച്ചാൽ, സിനിമ കണ്ടാൽ, നാടകം കണ്ടാൽ കൂട്ടുകാരുമായി സംസാരിച്ചിരുന്നാൽ, അകാരണമായും മർദ്ദിക്കും. പാവം ആറ്റത്ത കണ്ടുനിൽക്കും. ഒന്നിനുമാവാതെ സാക്ഷിയായി. ഏട്ടനോട് പ്രതിഷേധിക്കാൻ ആർക്കും അവകാശമില്ല. ഇതിൽ നിന്നെല്ലാം ഒരു വിമുക്തിവേണമെന്ന് തോന്നി. 'സൂഫിസത്തിന്റെ ഹൃദയം' എന്ന പുസ്തകത്തിൽ ഇത് പ്രതിപാദിച്ചതിന് ഏട്ടൻ ആറുവർഷം മിണ്ടിയില്ല. ഇതെല്ലാം ചെയ്ത ഏട്ടന്റെ പേര് ലേഖനത്തിൽ പ്രതിപാദിച്ചിട്ടില്ല എന്നോർക്കണം. ഇപ്പോൾ ഇതെല്ലാം മാറി. നല്ല ബന്ധത്തിലാണ്. പക്ഷേ, മനസ്സിനേറ്റ ക്ഷതം ബാക്കിനിൽക്കുന്നു. മനുഷ്യർ പരസ്പരം മനസ്സിലാക്കുന്നതും കണ്ടെത്തുന്നതും ഏറെ വൈകിയാവും ചിലപ്പോൾ.
14-ാം വയസ്സിലാണ്. സാധാരണ റേഷൻ വാങ്ങാൻ പോകുന്ന സഞ്ചിയിൽ കാർഡെന്നപോലെ എം.ടിയുടെ 'അസുരവിത്തെ'ടുത്തിട്ടു. കട്ടെടുത്ത കുറച്ചു കാശും ഉടുത്ത മുണ്ടും ഷർട്ടും മാത്രം. അടുത്ത സുഹൃത്ത് സലാമിനോട് മാത്രം പോകുന്ന കാര്യം പറഞ്ഞു. മറ്റാരോടും പറയരുതെന്നും. തീവണ്ടി കയറി ചെന്നൈയിലെത്തി. ബസ് സ്റ്റോപ്പിൽ അവശനായിനിന്ന എന്നെക്കണ്ട് അപരിചിതനായ ഒരാൾ തട്ടുവണ്ടിയിൽനിന്ന് രണ്ട് ഇഡ്ഡലി വാങ്ങിത്തന്നു. കാര്യങ്ങൾ ചോദിച്ചു. എവിടെയും പോകാനില്ലെന്നു പറഞ്ഞപ്പോൾ കൂടെ പോരാൻ പറഞ്ഞു. 15-ബി ബസിൽ കയറി അയാൾക്കൊപ്പം അരുമ്പാക്കത്തെത്തി. അൻപുമണി പ്രദേശത്തെ ഗുണ്ടാപരിവേഷമുള്ളയാളാണ്. താമസം ചേരിയിലെ ഒറ്റമുറി ചാളയിൽ. മദോന്മത്തനായി വന്ന് രാത്രിയുടെ ഏകാന്തതയിലിരുന്ന് കരയും. എന്നോട് വലിയ സ്‌നേഹമായിരുന്നു. ഉടുത്തുമാറാൻ പുതിയ വസ്ത്രങ്ങൾ വാങ്ങിത്തന്നു. അയാളുടെ പെങ്ങൾ അന്ധയായ മണിയെക്കുറിച്ചോർത്താണ് കരയുന്നത്. പൂന്തമല്ലി ഹൈറോഡിലുള്ള ആന്ധ്രക്കാരന്റെ ഈർച്ചമില്ലും മരക്കമ്പനിയും ചേർന്നിടത്ത് ആദ്യത്തെ ജോലി തരപ്പെടുത്തി. താമസം ഓടയ്ക്കടുത്തുള്ള ചാളയിലും. തുടർന്ന് അതിനടുത്ത നായിഡുവിന്റെ മരക്കമ്പനിയിലേക്ക് മാറി. അയാൾ അതിനകത്തുതന്നെ താമസിക്കാൻ ഇടവും തന്നു. ചാളയിലിരിക്കെ ഒരുദിവസം ലക്ഷ്മി എന്ന പെൺകുട്ടി ചോദിച്ചു: ആകാശം ഉള്ളതോ ഇല്ലാത്തതോ? കൂടെ കളിക്കുന്നവരെല്ലാം ആകാശം ഉള്ളതാണെന്ന് പറയുന്നു. അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു: ആകാശം ഇല്ലാത്തതാണ്. ലക്ഷ്മിക്ക് തൃപ്തിയായി. മറ്റൊരു ദിവസം ജടാധാരിയായൊരു സൂഫി അതിഥിയായി എവിടെനിന്നോ വന്നെത്തി. രാത്രിയിലയാൾ പാട്ടുപാടും നൃത്തം ചെയ്യും. ഒരുദിവസം അയാളുടെ നീളൻ കുപ്പായക്കീശയിൽനിന്ന് പൊതിഞ്ഞുവെച്ചിരുന്ന മഞ്ചാടിമണികൾ നൃത്തത്തിനിടയിൽ തറയിൽ ചിതറിവീണു. അരണ്ട നിലാവിൽ അതു നോക്കിനിന്ന ലക്ഷ്മി പറഞ്ഞു: ''എൻ വാഴ്കയും ഇപ്പടിത്താൻ'' പിറ്റേന്നുണർന്നപ്പോൾ അയാളെ കാണാനില്ലായിരുന്നു. ചിതറിപ്പോയ മഞ്ചാടിമണികൾ തറയിൽ അവിടെയുണ്ടായിരുന്നു.
ചെന്നൈയിലെ ജോലിചെയ്ത നായിഡുവിന്റെ മരക്കമ്പനിയിൽ മേധാവിയായി ലണ്ടനിൽനിന്ന് മരുമകനെത്തി. അദ്ദേഹത്തിന്റെ രീതികളോടു പൊരുത്തപ്പെടാനായില്ല. ലോഞ്ചിനും മുൻപ് പാസെടുത്ത കപ്പലിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകൾ പോകുന്ന കാലം. ഏഴുദിവസം കൊണ്ട് അവിടെ എത്തി. പതിനെട്ടാം വയസ്സിൽ. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തമിഴ്, പേഴ്സ്യൻ ഭാഷകൾ പഠിച്ചു. പത്രപ്രവർത്തകനായും അന്താരാഷ്ട്ര വാണിജ്യ പ്രദർശന കമ്പനിയിൽ ജി.എം.ആയും ഗൾഫ് കലാപരിഷത്തിന്റെ കൺവീനറായും ദശാബ്ദങ്ങൾ കടന്നുപോയി. ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. അവിടത്തെ സംസ്‌കൃതികളെ അടുത്തറിഞ്ഞു.
സൂഫിസത്തിലേക്ക് തിരിഞ്ഞത്?
ചെന്നൈയിൽനിന്ന് ബോംബെ, ദില്ലി, ദുബായ് എന്നിവിടങ്ങളിൽ. നാട്ടിൽ ഇടയ്ക്ക് വന്നുപോവും. ഈ ഘട്ടത്തിലാണ് അടുത്തില സുകുമാരനെ പരിചയപ്പെടുന്നത്. ഓഷോ വായനക്കാരനാണ്. അദ്ദേഹം മുഖേന കണ്ണൂർ ടൗണിലെ അതുൽ ബുക്ക് ഷോപ്പിലെത്തി. കൊതിപ്പിക്കുന്ന പല പുസ്തകങ്ങളും വെറുതെ എടുത്തുനോക്കും. അതു വാങ്ങാനുള്ള പൈസ കയ്യിലില്ല. ഒരുദിവസം പുസ്തകശാലയിലെത്തിയപ്പോൾ പുതിയ പുസ്തകങ്ങൾ അടുക്കിവെച്ച റേക്കിനു താഴെ ഒരു പുസ്തകം തലതിരിഞ്ഞ് വീണുകിടക്കുന്നു. എടുത്തുനോക്കി. 'എ സൂഫി മാസ്റ്റർ ആൻസേഴ്സ്' അതിലെ ഒരു വാക്യം മനസ്സിൽ തറച്ചു. 'when you are in silence it speaks; when you speak it is dump' സ്വയം ചോദിച്ചു. ഈ 'it' എന്താണ്? 25 രൂപ സ്വരൂപിച്ചു കൊടുത്ത് പുസ്തകം വാങ്ങി. രണ്ടുദിവസം കൊണ്ട് വായിച്ചുതീർത്തു. മനസ്സിൽ പുതിയൊരു വെളിച്ചമുണർന്നു. തുടർന്ന്
വായിക്കുന്നത് ഇനായത്ത് ഖാന്റെ 'Abstract Referance' ആണ്. ഇതിൽ സൂഫിസത്തെ വേർതിരിച്ചു കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടൊരു സമുദ്രജലപ്രവാഹത്തിൽ ഒഴുകിയതുപോലെയായി. Safa (പരിശുദ്ധം) എന്ന വാക്കിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. രോമക്കുപ്പായം ധരിച്ചവൻ എന്നും അർത്ഥമുണ്ട്. ഒരു ചെറുകഥ പറയാം: ഇറാക്കിലെ രാജകുമാരൻ നായാട്ടിനിറങ്ങി വിശ്രമിക്കുന്ന സമയം. ദൂരെ ഒരപരിചിതൻ, അപരിചിതമായ വേഷത്തിൽ പാറമേലിരിക്കുന്നു. രാജകുമാരൻ അരികിലേക്കു ചെന്നു. അതുവഴി കടന്നുവന്ന സമാന വസ്ത്രധാരി അയാൾക്കരികിലിരുന്നു. ഇരുന്നയാൾ സഞ്ചിയഴിച്ചു കരുതിയിരുന്ന റൊട്ടി പകുത്ത് കഴിച്ചു. രണ്ടുപേരും രണ്ടു ഭാഷയിലാണ് സംസാരിക്കുന്നത്. എങ്കിലും അകൽച്ചയില്ല. ഭക്ഷണം കഴിഞ്ഞ് എതിർദിശകളിലേക്ക് നടന്നകന്നു. ദേശ, വർഗ്ഗ, വർണ്ണ ഭേദങ്ങൾക്കതീതമായി ജീവിക്കുന്നവർ. നമ്മുടെ ഭാഷയിൽ അവധൂതജന്മം.
കംപ്യൂട്ടറുകൾ പ്രചാരത്തിൽ വന്നുതുടങ്ങുന്ന കാലം. ഗൂഗിളിൽ സൂഫിസം എന്താണെന്ന് തിരഞ്ഞു. 750 സൂഫികൾ ഉൾപ്പെട്ട ഒരു സംവാദസദസ്സുമായി ബന്ധം കൈവന്നു. ബ്രിട്ടീഷ് കൗൺസിൽ ലൈബ്രേറിയൻ ഡേവിസണാണ് അഡ്മിൻ. വില്യം എസ്‌കലോട്ട് (ഹോളണ്ട്), ബുദ്ധസന്ന്യാസി ജിനവംശ (അമേരിക്ക), ഷൗക്കത്തലി എന്ന രജത്കുമാർ തുടങ്ങിയ സൂഫി വൈജ്ഞാനികരോടടുത്തു. രജത്കുമാർവഴി അവ്താബ് അഹമ്മദിന്റെ ശിഷ്യനായ രഞ്ചനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിൽ നിന്നാണ് ഇദ്ദേഹം മലയാളിയാണ് എന്നറിഞ്ഞത്. 40 വർഷങ്ങൾക്കു മുൻപ് കേരളം വിട്ട തലശ്ശേരിക്കാരനാണ്. അദ്ദേഹത്തോടൊപ്പം മാഹിയിലെ തറവാടന്വേഷിച്ചു പോയി. അവിടം ശൂന്യമായിരുന്നു.
ബന്ധങ്ങൾ തുടർന്നു നീങ്ങി. ഫരിസ്ത് (Ellie Mcanal) (അമേരിക്ക) മാലാഖ എന്ന പേരർത്ഥം സ്വീകരിച്ചവൾ, എല്ലാവരും സഹൂറുൽ ഹസ്സന്റെ ശിഷ്യന്മാരാണ്. ഇനായത്ഖാന്റെ പേരക്കുട്ടി സിയ ഇനായത്ഖാൻ, അങ്ങനെ പലരും. അജ്മീറിലെത്തി. മരണോത്സവത്തിൽ പങ്കെടുത്തു. ദുബായിൽവെച്ച് 'എമ്മി'നെ. മദനപ്പള്ളിയിൽ അദ്ദേഹത്തോടൊപ്പം വീടെടുത്തു. ആദ്യം അദ്ദേഹം കേരളത്തിലെത്തുകയാണ്. പിന്നെ ആ ബന്ധം നിഷ്പ്രഭമായി മാഞ്ഞഴിഞ്ഞു.
ദൈവമെന്ന സങ്കല്പത്തെക്കുറിച്ച്?
ദൈവം അരൂപിയാണെന്ന് ഒരുവശത്തും രൂപമുള്ളതാണെന്ന് മറുവശത്തും പറയുന്നു. രൂപമില്ലാത്ത ദൈവത്തെ എങ്ങനെ പ്രാർത്ഥിക്കും. എനിക്ക് ദൈവം രൂപമുള്ളതാവണം. ഒരു സംഭവം പറയാം:
ഞാനൊരിക്കൽ കോന്യയിലെ റൂമിയുടെ ശവകുടീരം കാണാൻ പോയി. അല്പം അകലെയായി ഒരാളിരുന്ന് പ്രാർത്ഥിക്കുന്നു. ഇത്തിരി തടിച്ച ദേഹം. പരിചയപ്പെട്ടു. പേര് Tayyib Raza. ഒരു കോഫി കുടിക്കാൻ ഇറങ്ങി. അദ്ദേഹത്തോട് ദൈവത്തെക്കുറിച്ച് ചോദിച്ചു. ചടുലമായ ഉത്തരം ഉടൻ വന്നു. റൂമിയാണെന്റെ ദൈവം. അദ്ദേഹം തന്റെ ജീവിതത്തിന്റെ ചുരുൾ നിവർത്തി. എന്റെ 'ഉന്മാദിയുടെ പുല്ലാങ്കുഴലിൽ' ഇത് ചേർത്തിട്ടുണ്ട്. ഇറാനിൽ ഖൊമൈനി വരും മുൻപുള്ള കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. ഇവർ ജിഹാദി എന്നറിയപ്പെട്ടു. ഷായുടെ ഭരണം അട്ടിമറിക്കാൻ ഇവർ ഖൊമൈനിയെ പാരീസിൽ നിന്നെത്തിച്ചു. അധികാരം കയ്യിലെത്തിയപ്പോൾ ഖൊമൈനി ആദ്യം ചെയ്തത് തന്നെ കൊണ്ടുവന്ന കമ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച് ജയിലിലടയ്ക്കുകയാണ്. അവർ ഇനിയും കലാപം സംഘടിപ്പിക്കുമോ എന്ന ഭയം. റാസ ജയിലിലായി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ജയിലധികാരികളായി കമ്യൂണിസ്റ്റ് അനുഭാവികളുമുണ്ടായിരുന്നു. അവർ രഹസ്യമായി റാസയെ അറിയിച്ചു. പുറത്തുനിന്ന് തുരങ്കം നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്. വധശിക്ഷാദിനത്തിനു മുൻപ് ഈ തടവുമുറിയിൽ തുരങ്കമെത്തും. അതുവഴി രക്ഷപ്പെടാം. ദിവസങ്ങൾക്കുള്ളിൽ തടവറയിലായിരുന്ന റാസ തുരക്കുന്ന ശബ്ദം കേട്ടുതുടങ്ങി. മനസ്സിൽ സന്തോഷത്തിന്റേയും പ്രത്യാശയുടേയും തിരകളുയർന്നു. അതുവഴി രക്ഷപ്പെട്ട റാസ പാകിസ്താനിലെത്തി. പിന്നെ സിറിയയിൽ. അവിടെനിന്ന് അറാഫത്തിന്റെ ക്യാമ്പ് ട്രെയിനിങ്ങ് കിട്ടി. ഇതിനിടയിൽ കുടുംബം വേർപെട്ടു. റൂമിയുടെ കവിതകളിലും പേർഷ്യൻ ഭാഷയിലും ഡോക്ടറേറ്റുള്ള അദ്ദേഹത്തെ സംഘം സ്വീഡനിലെത്തിച്ചു. അവിടത്തെ ഗവൺമെന്റ് പൗരത്വം കൊടുത്ത് യൂണിവേഴ്സിറ്റി പ്രൊഫസറാക്കി. കുടുംബം വേർപെട്ടതിൽ ഏറെ അസ്വസ്ഥനായിരുന്ന റാസ ഒരുദിവസം പാർക്കിൽ ഏകാന്തനായി ഇരിക്കുകയായിരുന്നു. ഒരു സൂഫി അടുത്തുവന്ന് ഇത്രയധികം വിഷമമെന്തെന്നാരാഞ്ഞു. തനിക്ക് ഇന്നെല്ലാമുണ്ട്. പണം, പദവി, മികച്ച ജീവിതസൗകര്യങ്ങൾ. റൂമിയുടെ 'മസനവി' എന്ന പുസ്തകം കൊടുത്ത് പ്രാർത്ഥിക്കൂ എന്നുപറഞ്ഞ് നടന്നകന്നു. റാസ പറഞ്ഞു: ഗവൺമെന്റ് ഇടപെട്ട് ഭാര്യയേയും മകളേയും സ്വീഡനിലെത്തിച്ചു. റൂമിയാണെന്റെ ദൈവം. വർഷത്തിൽ 40 ദിവസം കോനിയായിൽ പ്രാർത്ഥനയ്ക്കായി വരും. തന്നെ തിരഞ്ഞുപിടിച്ച് വധിക്കും എന്ന് ഭയപ്പെടുന്നതുകൊണ്ട് ഒരു ഐഡന്റിറ്റിയും തരാതെ റാസ പിരിഞ്ഞുപോയി. ഇപ്പോൾ മനസ്സിലായോ, സൂഫിസത്തിലെ ദൈവവും പ്രാർത്ഥനയും എന്താണെന്ന്.
ഭക്തി എന്ന വിവക്ഷയിൽ കൊണ്ടുവരുന്ന മൂല്യമെന്താണ്? ഇതാണോ ദൈവത്തിന്റെ മണവാട്ടികൾ എഴുതാൻ പ്രേരിപ്പിച്ച ഘടകം?
ലോജിക്കില്ലാത്തതാണ് ഭക്തി. ലോജിക് ഉപയോഗിച്ച് ഭക്തിയെ നിർണ്ണയിക്കാനുമാവില്ല. സൂഫികളും യോഗികളും ഈവഴി സഞ്ചരിക്കുന്നു. മീരയും തെരേസയും റാബിയയും മനസ്സിനെ വല്ലാതെ ആകർഷിച്ചു. വേൾഡ് ട്രേഡ് സെന്ററിൽ എക്സിബിഷൻ നടക്കുന്ന സമയം. 'ദൈവത്തിന്റെ മണവാട്ടികൾ' എഴുതുകയായിരുന്നു. താമസിച്ചിരുന്ന മുറി അല്പം അകലെയാണ്. പെട്ടെന്ന് ഒരു വിളിവന്നു. ഒരു കാർട്ടൺ കാണാനില്ല. തിടുക്കത്തിൽ കാറെടുത്തിറങ്ങി. പകുതിവഴിയിൽ വീണ്ടും വിളി. കാർട്ടൺ കിട്ടി. സ്ഥലം മാറിവെച്ചതാണ്. സമാധാനമായി മുറിയിൽ തിരിച്ചെത്തി.
പോകുന്ന തിടുക്കത്തിൽ മുറിയിലെ ഫാൻ ഓഫ് ചെയ്യാൻ മറന്നിരുന്നു. ആ കാറ്റിൽ എഴുതിക്കൊണ്ടിരുന്ന കടലാസുകൾ മുറിയാകെ ചിതറിക്കിടക്കുന്നു. മൂന്ന് സെറ്റുകൾ തിരഞ്ഞുകൂട്ടി സ്റ്റാപ്ലർ ചെയ്തു. മൂന്നിലും സമാനവാക്യങ്ങൾ. അവിടന്ന് എന്റെ നാഥനും വൈദ്യനുമാണ്. ഒരേ വാക്യം. മീരയ്ക്കും തെരേസയ്ക്കും സാക്ഷാൽക്കരിക്കാൻ സ്വരൂപങ്ങളുണ്ട്. വളരെ കുറച്ചുമാത്രം വെളിപ്പെടുത്തപ്പെട്ട റാബിയ പ്രണയിച്ചത് അരൂപിയെയാണ്. അടിമയാക്കപ്പെട്ടപ്പോഴും പ്രാർത്ഥനയിൽ മുഴുകിയവൾ. അതുകേട്ട് ഉടമയാൽ സ്വതന്ത്രയാക്കപ്പെട്ടവൾ. റാബിയ പ്രാർത്ഥിക്കുന്നു: ഞാൻ നിന്നെ സ്‌നേഹിക്കുന്നത് സ്വർഗം ലഭിക്കാനാണെങ്കിൽ ആ വാതിലടച്ചുകളയുക. നരകത്തിൽനിന്ന് രക്ഷിക്കാനാണെങ്കിൽ നരകത്തീയിലിടുക. അടർത്തി എടുക്കാനാവാത്ത സ്‌നേഹമായി ഞാൻ നിന്നിലർപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഭക്തിയെ ദിവ്യാനുരാഗമെന്ന് വിളിക്കട്ടെ.
ജീവിക്കുന്ന ഒരു മാതൃക?
തീർച്ചയായും ഇന്ത്യയിൽനിന്ന് കടൽകടന്ന് ആദ്യം വിദേശത്തെത്തിയ രണ്ടുപേർ. പരമഹംസയോഗാനന്ദ (1893-1952), ഇനായത്ത് ഖാൻ (1882-1927). യോഗാനന്ദ ഹിന്ദൂയിസവുമായി എത്തിയപ്പോൾ, ഖാൻ സരസ്വതിവീണയുമായെത്തി. പാശ്ചാത്യലോകം ഇത്തരമൊരു തന്ത്രിവാദ്യത്തിന്റെ മാന്ത്രികനാദം ആദ്യമായി കേൾക്കുകയാണ്. സരസ്വതിവീണയുടെ വക്താവും വിദഗ്ദ്ധനായ പ്രയോക്താവുമായിരുന്നു ഖാൻ. ആ മാന്ത്രികലയത്തിൽ ആ ലോകം ത്രസിച്ചു. മായികലഹരിയിലമർന്നു. വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗം 1893 സെപ്തംബർ 11-നാണ്.
നൈസാമിന്റെ കൊട്ടാരസദസ്സിലെ വീണാവിദ്വാനായിരുന്നു ഖാൻ. ഒരാൾക്ക് സത്യപാതയിലേയ്‌ക്കെത്തണമെങ്കിൽ ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കുക എന്ന സൂഫിപഥം സ്വീകരിച്ച് ഖാൻ വീണാവാദനം നിർത്തി. ഇനി വാഷിങ്ടൺ പോസ്റ്റിലെ ഫോട്ടോഗ്രാഫർ ഫരിസ്ത സാബിബിലേക്കെത്താം.
ശ്രീരാമകൃഷ്ണന്റെ ശിഷ്യയായിരുന്നു അവർ. നിസർഗദത്തയേയും രമണമഹർഷിയേയും കടന്ന് ഇനായത്ത് ഖാനിലെത്തി. പാശ്ചാത്യലോകത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള മനസ്സും.
എന്താണ് നിങ്ങളുടെ പ്രണയസങ്കല്പം?
പ്രണയത്തിന് മൂന്നു തലങ്ങളുണ്ട്. സ്‌നേഹം, പ്രണയം, അലൗകിക പ്രണയം. ഹിന്ദുസ്ഥാനിയിൽ പ്യാർ, മൊഹബത്ത്, ഇഷ്‌ക്ക്. അലൗകിക പ്രണയം എലിമിനേഷനാണ്. ഉർദ്ദുവലിൽ ഫന എരിഞ്ഞടങ്ങൽ, ആഹുതി എന്നുവരുന്നു. പ്രണയത്തിനുള്ളിലെ എരിഞ്ഞടങ്ങൽ. ദൈവത്തിന്റെ വിളികേൾക്കാൻ വാതിൽക്കൽ കാത്തുനിൽക്കുന്നവർ. ദർവിഷ് സൂഫി. ദൈവത്തിന്റെ മണവാട്ടികളെപ്പോലെ ഏകാന്തതയും മൗനവും ധ്യാനവും ഇവിടെ ഏകാത്മകമായി അലിഞ്ഞുനിൽക്കുന്നു.
വ്യക്തിപരമായി പറഞ്ഞാൽ ഇപ്പോഴും ഈ വികാരം എന്നിൽ തങ്ങിനിൽക്കുന്നു. പ്രണയിക്കാൻ കഴിഞ്ഞില്ല. ചെറുപ്പത്തിലായിരുന്നു വിവാഹം. ഒടുവിലൊരു പ്രണയം വന്നുകയറി. റൂമിയുടെ പ്രണയകവിതകൾക്ക് ആമുഖമെഴുതിക്കാൻ ഡി.സി. കവയിത്രിക്ക് നിർദ്ദേശിച്ചത് എന്നെയായിരുന്നു. ബന്ധം വളർന്നു. പ്രണയത്തിലെത്തി. അവിവാഹിത. അഞ്ചു വിദേശരാജ്യങ്ങളിൽ ഒരുമിച്ച് സഞ്ചരിച്ചു. ഇവരെ മാത്രമാണ് ആദ്യമായും അവസാനമായും പ്രണയിച്ചത്. മനസ്സ് ആവേശംകൊണ്ടു. സ്‌നേഹമുഗ്ദ്ധമായി. ഇപ്പോൾ ആരോഗ്യനില ഇങ്ങനെയായതുകൊണ്ട് കാണലോ ഒപ്പമുള്ള യാത്രകളോ ഇല്ല. ഇതെന്നെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. പ്രണയം വിരഹവും കൂടിയാണെന്നറിയുന്നു.
വളരെ സ്വകാര്യമായൊന്ന് ചോദിക്കട്ടെ. മിസ്റ്റിക് അനുഭവങ്ങൾ?
വളരെ വ്യക്തിപരമായി രണ്ടനുഭവങ്ങൾ പറയാം. കൂടുതൽ ചോദ്യങ്ങളും വിശദീകരണങ്ങളും വേണ്ട. രമണാശ്രമത്തിൽ പല പ്രാവശ്യം പോയിട്ടുണ്ട്. നല്ല അനുഭവങ്ങളുടെ ഓർമ്മകളുമായാണ് തിരിച്ചിറങ്ങാറ്. ഒരുപ്രാവശ്യം പോയപ്പോൾ ഖണ്ഡാശ്രമത്തിൽ കയറി. അവിടെയൊരു ജപ്പാനി സ്ത്രീ ധ്യാനിക്കുന്നുണ്ടായിരുന്നു. അവരിറങ്ങുംവരെ കാത്തിരുന്നു. അകത്തുകയറി. ചെറിയ, ഒരിടുങ്ങിയ ഇടമായിരുന്നു. ഇടുങ്ങിയ മുറിയായതിനാൽ വെളിച്ചം അകത്ത് കയറില്ല. പതുക്കെ എന്റെ ഉള്ളം വികസിക്കുകയും ഗുഹയ്ക്കകത്തെ മൗനത്തിൽ അത് അകപ്പെടുകയും ചെയ്തു. ഞാനില്ലാതായി. സമയം നീങ്ങുന്നതോ ഞാനില്ലാതാവുന്നതോ അറിഞ്ഞില്ല. എന്നിൽനിന്ന് കാലം മാറിനിന്നു. അനുഭവങ്ങൾ എഴുതിയറിയിക്കാൻ പാടുപെടുന്നത് ഇപ്പോഴറിയുന്നു.
രണ്ടാമത്തേത് ഹിമാലയൻ യാത്രയിലാണ്. സുഹൃത്തുമൊത്ത് യാത്രയിലൊരിടത്ത് തങ്ങി കാലത്ത് യാത്ര തുടരാനിരിക്കെ നടന്നുവരാനുള്ള ആഗ്രഹം സ്‌നേഹിതൻ പറഞ്ഞപ്പോൾ തയ്യാറായി. പുൽമേടിലൂടെ കുറച്ചധികം നടന്നുകാണും. വിസ്തൃതമായ പുൽമേട്ടിലൂടെ നടക്കവെ ഞാനും സുഹൃത്തും കണ്ണുകളടച്ച് ധ്യാനത്തിലിരുന്നു. പതുക്കെപ്പതുക്കെ ബോധം മൗനത്തിൽ തിരയിളക്കം നടത്തി. കാലം അകന്നുപോയി. മൗനം അകക്കാമ്പിൽ ഉത്തരീയമിട്ടു. പ്രശാന്തമായ തുരുത്തിലെത്തിയ പ്രതീതി. ഞാനില്ല പകരം ബോധം മാത്രം. സമയം നിശ്ചലം. മണിക്കൂറുകൾ കടന്നുപോയി. സ്‌നേഹിതൻ തൊട്ടുവിളിച്ചപ്പോഴാണ് എഴുന്നേറ്റത്. ആ പ്രദേശം മുന്നേ കണ്ടിട്ടുണ്ടെന്നു തോന്നി. വളരെ പതുക്കെയാണ് തിരിച്ചുനടന്നത്. മുറിയിലെത്തി കിടന്നപ്പോൾ വെളിച്ചത്തിന്റെ പുഴ ഒഴുകുംപോലെ തോന്നി. പലതവണ ഇങ്ങനെ സംഭവിച്ചു.
ബോധാവബോധത്തിലെ മനുഷ്യഗതിയെക്കുറിച്ച്?
നടന്നിരുന്ന മനുഷ്യൻ ഉടുക്കാനും പ്രവർത്തിക്കാനും ഉള്ള അവസ്ഥയിലെത്താനും കണ്ടും കാണാതേയും ഭൂമിയിലെ ഏതറ്റത്തുമുള്ള മറ്റുള്ളവരുമായി സംവദിക്കാനുള്ള അവസ്ഥയിലേക്കെത്തിയതും മനുഷ്യന്റെ മനസൃഷ്ടിപരത ഉയർന്നതുകൊണ്ടാണ്. ഇനിയും ഭിത്തികൾ ഭേദിക്കുകയും പ്രകൃതിയിലെ മറ്റേതുംപോലെ കൂടുതൽ ഉയർച്ച പ്രാപിക്കുകയും ചെയ്യും. പിടിച്ചുനിർത്താനാവാത്തവിധം എല്ലാ കോണുകളിൽനിന്നും മാറ്റത്തിന്റെ ശാക്തീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഒരാൾ ഒരൊഴുക്കിൽ ഒരിക്കലേ കാല് വെക്കുന്നുള്ളൂ എന്ന സെൻപ്രസ്താവം ഇവിടെ പ്രസക്തമാവുന്നു. ഒഴുക്ക് എന്നാലർത്ഥം ശുദ്ധീകരണം എന്നാണ്. ഒഴുകുമ്പോഴാണ് നിരവധി കരകൾ കാണുന്നത്. നിശ്ചലതയെയാണ് മരണം എന്നു വിളിക്കുന്നത്. ഒരു നിമിഷത്തിൽനിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ ബോധത്തിന്റെ ഇതളുകൾ കൊഴിഞ്ഞുവീഴുന്നത് ഒഴുക്ക് ഒരിക്കലും സ്ഥായിയായിരുന്നില്ല എന്നതിനാലാണ്.
ഒരു മനുഷ്യന്റെ ശരിയും തെറ്റും അവന്റെ ബോധപരമായ പരിണാമവും ധാരണകളും അർത്ഥങ്ങളും ബോധവളർച്ചയും അനുസരിച്ചാണ്. ഇന്നലെ ഇന്നാവുകയും ഇന്ന് നാളെയാവുകയും ചെയ്യുമ്പോൾ ഉദയാസ്തമയങ്ങൾ നേരത്തെ അനുഭവിച്ചതുപോലെ ആവാമെങ്കിലും താപത്തിനും ഭൂമിയിലേക്ക് അത് പതിക്കുന്നതിനും വ്യത്യാസമുണ്ട്. ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കളെല്ലാം ഒരേപോലെയല്ല. പത്തുവിരലുകളും കൈപ്പത്തിയിലെ അനേകം രേഖകളും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെ ഓരോ മനുഷ്യനും വൈവിദ്ധ്യം സൂക്ഷിക്കുന്നുണ്ട്. അവന്റെ താല്പര്യങ്ങളും വ്യത്യസ്തമാണ്. വിവിധ നിറങ്ങൾ ഉണ്ടായത് മനുഷ്യരുടെ വർണ്ണ അഭിരുചികൾ വ്യത്യസ്തമായതിനാലാണ്. ഒരേ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നടക്കുന്നവരെയാണ് നമ്മൾ യൂണിഫോം ധരിച്ചവരെന്ന് വിളിക്കുന്നത്. അത് പൊലീസ്, പട്ടാളം, നഴ്സുമാർ എന്നിവരായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ജോലിയിലിരിക്കുമ്പോൾ കാക്കിവസ്ത്രം ധരിക്കുന്ന
പൊലീസുകാരൻ അതഴിച്ചുമാറ്റി തന്റേതായ വസ്ത്രമണിയുമ്പോൾ ഭാവം മാറുന്നു. സന്ന്യാസിയും യോഗിയും പാതിരിയും മൗലവിയും അവരവരുടെ വിശ്വാസത്തിനനുസരിച്ച് വേഷം ധരിക്കുന്നതുകൊണ്ടാണ് അവർ ഏത് മതസ്ഥരാണെന്നറിയുന്നത്. മതം വേഷമാണ് എന്നർത്ഥം.
സൂഫിസത്തെ ആധുനിക കാലഗതിയുമായി ചേർത്തുകാണുമ്പോൾ?
സൂഫിസം എന്നാലർത്ഥം ശുദ്ധീകരണം എന്നാണ്. പരിണാമം ആവശ്യമായതുകൊണ്ടാണ് മിസ്റ്റിക് സംഹിത ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ അതേകൾക്കും അല്ലകൾക്കും ഉള്ളിലായി സത്യം, അസത്യം എന്ന നിലപാടുകൾ ഒളിച്ചിരിപ്പുണ്ട്. ഒരു ചോദ്യത്തിന് ഒരാൾക്ക് ലഭിക്കുന്ന അതേ മറ്റൊരാൾക്ക് അല്ല എന്നാവാം. എല്ലാവർക്കും മൊത്തമായി ഇഷ്ടപ്പെടുന്ന ഭക്ഷണമോ വസ്ത്രമോ കാഴ്ചകളോ പരിസരങ്ങളോ ഇല്ല. അനേകം അഭിരുചികൾ ഉള്ളതുകൊണ്ടാണ് അനേകം വസ്ത്രധാരണങ്ങളും ഭക്ഷണങ്ങളും ചുറ്റുപാടുകളും ഭാഷകളും കാലാവസ്ഥകളും ഉണ്ടായത്. ഇങ്ങനെ വ്യത്യസ്ത നിലപാടുകളുള്ള മനുഷ്യനെ ഏകോപിപ്പിച്ച് ഒരേ വഴിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നത് അപ്രാപ്യമായ കാര്യമാണ്. ഒരു സിദ്ധാന്തം തന്നെ പല നാടുകളിൽ ആ നാട്ടിലെ ഭാഷാപരവും സാംസ്‌കാരികവുമായ നിലപാടുകൾ അനുസരിച്ചായിരിക്കും സ്വീകരിക്കപ്പെടുക. ലോകത്തിലെ മിക്ക രാജ്യങ്ങളിലും സ്ത്രീകൾ വിവാഹശേഷം ഭർത്തൃഗൃഹത്തിലേക്കാണ് ചെല്ലുന്നത്. മലബാറിലെ വടക്കൻ തീരപ്രദേശങ്ങളിലെ മുസ്ലിം പുരുഷന്മാർ ഭാര്യാഗൃഹങ്ങളിലേക്കാണ് പോകുന്നത്. അതിലവർ തൃപ്തരാണ്.
പൗരാണികമായ മരുമക്കത്തായ സമ്പ്രദായം മതം മാറിയിട്ടും മാറ്റിയിട്ടില്ല എന്നർത്ഥം. സാംസ്‌കാരികമായ സമ്പ്രദായങ്ങൾ വിശ്വാസത്തോടൊപ്പം മുറുകെപ്പിടിക്കുക മനുഷ്യസഹജമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളും രുചികളും ആസ്വാദനവുമുള്ള മനുഷ്യൻ തുറന്ന മനസ്സുമായി കയറിച്ചെല്ലാൻ അതിനെയെല്ലാം ഉൾക്കൊള്ളുന്ന, എന്നാൽ പ്രണയത്തിന്റേയും സംഗീതത്തിന്റേയും മതേതരവിശ്വാസത്തിന്റേയും ഉൾബലമുള്ള ഒരു തത്ത്വസംഹിതയ്ക്കു മാത്രമേ കഴിയുകയുള്ളൂ. ഇതിന് അമിതമായ ഘോഷങ്ങളോ അപ്രാപ്യമായ വ്യാമോഹങ്ങളോ
ചെപ്പടിവിദ്യകളോ സാമ്പത്തിക സഹായങ്ങളോ അല്ല ഭൂഷണം. അവനവന്റെ ഉൾക്കാമ്പിലെ സ്വസ്ഥതയുടെ നീരൊഴുക്ക് കണ്ടെത്തുകയും ആ ഒഴുക്കിനെ സമ്പന്നവും സമൃദ്ധവുമാക്കുമാറ് ശുദ്ധീകരണം നടത്തി ഒഴുകാൻ അനുവദിക്കുകയും ചെയ്യണം.
അസ്രാ നൊമാനിയെ കണ്ട അനുഭവം?
ഹോങ്കോങ്ങിൽനിന്ന് ദുബായിലേക്കുള്ള ഔദ്യോഗിക യാത്ര. ഏഴുമണിക്കൂറിലധികം വിമാനദൂരം. തൊട്ടടുത്ത സീറ്റിൽ ഒരു വെള്ളക്കാരിയും ചൈനക്കാരനും. നിറം കണ്ടാവണം സ്ത്രീ എന്റെ ദേശവിവരങ്ങൾ ആരാഞ്ഞു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ വരാൻ ആഗ്രഹമുള്ള രാജ്യമാണെന്നും വരുമെന്നും പറഞ്ഞു. സൗഹൃദസംഭാഷണം പല ധൈഷണികതലങ്ങളേയും തൊട്ടു. പിരിയുമ്പോൾ കാർഡ് തന്നു.
വാഷിങ്ടൺ പോസ്റ്റിലേയും വാൾസ്ട്രീറ്റ് ജേണലിന്റേയും ലേഖികയാണ് അസ്രാ നൊമാനി. എഴുത്തുകാരി. ജനനം ഇന്ത്യയിൽ. ആഗോളതല മുസ്ലിം സ്ത്രീവിമോചന മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളി. 'Standing alone in Mecca' എന്ന വിശ്രുത ഗ്രന്ഥത്തിന്റെ രചയിതാവ്. വാൾസ്ട്രീറ്റിനുവേണ്ടി സഹപ്രവർത്തകൻ ഡാനിയേൽ പേളിയും ഭാര്യ മറീനയ്ക്കുമൊപ്പം കറാച്ചിയിൽ രഹസ്യമായെത്തി. മുസ്ലിം ഭീകരപ്രവർത്തനത്തേയും സ്ത്രീസ്വാതന്ത്ര്യ ധ്വംസനത്തേയും കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയിൽ ഡാനിയേലിനെ ഭീകരപ്രവർത്തകർ വധിച്ചു. ഒരു സുഹൃദ്ബന്ധത്തിൽ അവിവാഹിതയായി ഗർഭിണിയായ നൊമേനിയും ഗർഭിണിയായ മറീനയും യു.എസ്സിലേക്ക് തിരിച്ചുപോയി. നൊമാനിയുടെ മകൻ ശിബിലി. ശിബിലിയെ ചുറ്റിപ്പറ്റിയും ഒട്ടേറെ വാദവിവാദങ്ങളുണ്ടായി. നൊമാനി ഗവൺമെന്റ് സഹായത്തോടെ ഘാതകനെ അന്വേഷിച്ചു കണ്ടെത്തി.
ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് മൈക്കൽ വിന്റർ ബോട്ടം സംവിധാനം ചെയ്ത 'A Mighty Heart' എന്ന സിനിമ. മറീനയായി രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടികളിൽ ഒരാളായ അഞ്ജലീന ജൂലിയും നൊമാനിയായി ആർച്ചി പഞ്ചാബിയും വേഷമിട്ട ചിത്രം ഓസ്‌കറിനു വരെ പരിഗണിക്കപ്പെട്ടു.
ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന കാലം. മികച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിൽ 'അകം' തുടങ്ങി. ഒരു സുഹൃത്ത് 'Standing alone in Mecca'-യെക്കുറിച്ചു പറഞ്ഞു. ഏറെ പണിപ്പെട്ട് പുസ്തകം സംഘടിപ്പിച്ച് വിവർത്തനാനുമതി നേടി.
എ.കെ. അബ്ദുൾ മജീദ് വിവർത്തനം ചെയ്ത് അകം ആദ്യം പുറത്തിറക്കിയ നാലുപുസ്തകങ്ങളിൽ ഇതൊന്നായി. എഴുത്തുകാരിയുടെ പേര് കണ്ട് ഞെട്ടി. നൊമാനി. ദീർഘമായൊരു മെയിൽ. തന്നിരുന്ന കാർഡ് കണ്ടെത്തി അവർക്കയച്ചു. ഉടൻ ഹ്രസ്വമായ മറുപടി: So What.
ഇതിനിടയിൽ ഏട്ടൻ ആരിഫിന്റെ മരണം. വിമാനത്താവളത്തിൽനിന്ന് വീട്ടിലെത്തിക്കാൻ കാറുമായി വന്ന സുഹൃത്തിന്റെ മകൻ ലിജിൻ യാത്രയ്ക്കിടയിൽ തന്റെ കയ്യിൽ 100 മികച്ച സിനിമകളുടെ ഒരു ഹാർഡ് ഡിസ്‌ക് ഉണ്ടെന്നും അത് തരാമെന്നും പറഞ്ഞു. എനിക്ക് ജോലിത്തിരക്കിനിടയിൽ ഇത്രയും കാണാനുള്ള സമയമില്ലെന്നും അതിലെ മികച്ച 10 എണ്ണം കോപ്പിയെടുത്ത് തന്നാൽ മതിയെന്നും പറഞ്ഞു. ആദ്യ സിനിമ കണ്ടപ്പോൾ വീണ്ടും ഞെട്ടി. ദീർഘമായൊരു മെയിലയച്ചു. ഉടൻവന്നു ഹ്രസ്വമായ മറുപടി: So What.
ഏഴുമണിക്കൂറിലധികം ഒപ്പം സഞ്ചരിച്ച് ഒട്ടേറെ സംസാരിച്ച നൊമാനി തന്നെക്കുറിച്ച് ഒരുവാക്കുപോലും പറഞ്ഞില്ല. കണ്ടെത്തി മതിപ്പ് അറിയച്ചതിന് രണ്ടുവാക്കിൽ വന്ന വിനയം നിറഞ്ഞ പ്രതികരണം. ഇത് എന്നിലെ പ്രദർശനപരതയുടേയും ഞാനെന്ന അഹംബോധത്തിന്റേയും മൂടുപടങ്ങളെല്ലാം പിച്ചിച്ചീന്തി.
തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു?
തിരിഞ്ഞുനോക്കുമ്പോൾ സന്തോഷങ്ങളും ദുഃഖങ്ങളും മുഴുമിപ്പിക്കാനാവാതെപോയ ദൗത്യങ്ങളും മനസ്സിനെ നീറ്റുന്നു. പേർഷ്യൻ ഭാഷ ഇനിയും സമഗ്രമായി പഠിക്കാനായിട്ടില്ലെന്ന് ഇന്നും തോന്നുന്നു. ലോകത്തിലെ ഏറ്റവും മികച്ച നൂറിലധികം ചിന്തകന്മാരും കവികളും പേർഷ്യക്കാരാണ്. റൂമി, ഹാഫിസ്, സാദി, ഖയ്യാം, സനായി ഇനിയും പറഞ്ഞാൽ നിര നീളും. പത്തുതവണ ഇറാനിൽ പോയി. ഇപ്പോഴത്തെ ആരോഗ്യപരിമിതിയിൽ ദുഃഖമുണ്ട്. ഒരു ഫണ്ടിങ്ങും വാങ്ങാതെ വയനാട്ടിൽ ആരംഭിച്ച ജീവകാരുണ്യപ്രവർത്തനം പൂർണ്ണതയിൽ എത്തിക്കാനുമായില്ല.
ഇൻകാർനേഷൻ, പ്രിമോണിഷൻ എന്നിവയിൽ വിശ്വാസമുണ്ടോ?
സങ്കീർണ്ണമായൊരു ചോദ്യമാണിത്. ഒരു സംഭവത്തിലൂടെ ഉത്തരം പറയാം. വേൾഡ് ട്രേഡ് സെന്ററിൽ അറേബ്യൻ പാരമ്പര്യവസ്തുക്കളുടെ എക്സിബിഷൻ. ഞാനന്ന് കമ്പനിയുടെ എക്സിബിഷൻ മാനേജർ. രണ്ടു വയോധികകൾ ആയിരംകൊല്ലം പഴക്കമുള്ള രണ്ടു കുതിരച്ചട്ടകളുമായി (saddle) വിപണനത്തിനെത്തി. പതിവിനു വിപരീതമായി ആരോടും അടുത്തിടപെടുന്നില്ല. എല്ലാവരും സൗഹൃദം സ്ഥാപിക്കാനാണ് ശ്രമിക്കുക. അവർ മറിച്ചായിരുന്നു. സമ്പർക്കത്തിൽ വിമുഖരും. പെട്ടെന്ന് ഒരു കോൾവന്നു.
പെട്ടെന്നൊരാൾ കടന്നുവന്നു. ഇംഗ്ലീഷ് ശരിക്കറിയില്ല. ഓസ്ട്രിയക്കാരൻ. അയാൾ പറഞ്ഞൊപ്പിച്ചു. ഇവർ നിങ്ങളോട് സംസാരിക്കില്ല. ഞാനാണ് ഇവരുടെ പ്രജ്ഞ നിയന്ത്രിക്കുന്നത്. ഇവരുടെ രക്ഷയ്ക്കായാണ് ഗുരു എന്നെ നിയോഗിച്ചിരിക്കുന്നത്. ഞാൻ ഇവിടെ വരേണ്ട ആളായിരുന്നില്ല. എന്റെ കണ്ണുകളിലേക്ക് നോക്കി. നീ ഗുരുവിനെ തേടുന്നവൻ. പത്തു ദിവസത്തിനുള്ളിൽ നിന്റെ ഹിതം സാധ്യമാവും. അതങ്ങനെ സംഭവിച്ചു. അത് ഇന്ന് അകന്നുമാഞ്ഞെങ്കിലും.
എന്തുകൊണ്ടാണ് വഹദ് അൽ മൗലവിയെ ഇത്രയും ആരാധ്യനായി കാണുന്നത്?
ജീവിതയാത്രയിൽ എത്രയോ പേരെ കണ്ടു. ഗുരുക്കന്മാരായി കരുതി. ധ്യാനവും മനനവും അപഗ്രഥനവും സമകാലീന ലോകവീക്ഷണവുമുള്ള ഒരാൾ മാത്രമേ സ്മരണയിൽ നിറഞ്ഞുനിൽക്കുന്നുള്ളു. ഏകാന്തനായി പുസ്തകങ്ങൾക്കിടയിൽ
ജീവിക്കുന്നു. ചിത്രകാരൻ.
പൊതുസമ്പർക്കം വളരെ കുറവ്, അല്പാഹാരി. യു.എ.യിലെ ഒരു രാജ്യത്തിൽനിന്ന് (സ്ഥലം വെളിപ്പെടുത്തിയില്ല) മറ്റൊരു രാജ്യത്ത് ഭരണാധിപനായി വന്നത് വഹദിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം നേരിട്ടെത്തി വഹദിനെ തന്റെ രാജ്യത്തിലേക്ക് ക്ഷണിച്ചു. (രാജ്യം വെളിപ്പെടുത്തിയില്ല). വഹദിന്റെ ആവശ്യം ഒന്നു
മാത്രമായിരുന്നു. തന്റെ കയ്യിലുള്ള ചിത്രങ്ങളും പുസ്തകശേഖരവുമായി ഏകാന്തമായിരിക്കാനുള്ള ഒരു സ്ഥലം വേണം. സുഹൃത്ത് ഒരു കോട്ടതന്നെ വിട്ടുകൊടുത്തു. അമൂല്യമായ പുസ്തകങ്ങൾ കൃത്യമായി പാക്ക് ചെയ്തുകൊടുക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. അൻപതിനായിരത്തിനടുത്ത പുസ്തകങ്ങൾ. ആ വൈപുല്യം അമ്പരപ്പിച്ചു. ഹുസൂർ ഇതത്രയും നിങ്ങൾ അറിഞ്ഞുതീർത്തവയാണോ? മുഖത്ത് അർത്ഥസാന്ദ്രമായൊരു പുഞ്ചിരിയും മൗനവും. രണ്ടു വാക്കുകളിലുള്ള മറുപടി: So What.
ഇത്രകണ്ട് തീവ്രമായ മതവിരുദ്ധബോധം മനസ്സിൽ ജ്വലിക്കുന്നത് എന്തുകൊണ്ടാണ്?
ഒട്ടേറെ കാരണങ്ങളും അനുഭവങ്ങളുമുണ്ട്. വളരെ, വളരെ വ്യക്തിപരമായൊരനുഭവം പറയാം: വേൾഡ് ട്രേഡ് സെന്ററിൽ എക്സിബിഷന്റെ തിരക്കിനിടയിലാണ് ഏട്ടൻ ആരിഫിന്റെ മരണ അറിയിപ്പെത്തുന്നത്. കുടുംബത്തെ ദുബായിലാക്കി അഞ്ചുദിവസം അവധിയെടുത്ത് വിമാനം കയറി. ഞങ്ങൾ അമ്മായി എന്നുവിളിക്കുന്ന ഏട്ടത്തിയമ്മയെ (സക്ക്യാദി) രണ്ടുമിനിറ്റൊന്ന് കാണണം. വീട്ടിലെത്തിയപ്പോൾ എല്ലാവരുമുണ്ട്. അമ്മായി അടച്ചിട്ട ഒരു മുറിക്കകത്ത്. പുറത്ത് കാവലിനായി കരുത്തയായൊരു സ്ത്രീയും. അവർക്ക് നാലുമാസം കഴിഞ്ഞേ പുരുഷദർശനം അനുവദിക്കാനാവൂ. അവർ കണിശമായി പറഞ്ഞു. ഇത് മതനിയമമാണ്. ലംഘിക്കാനാവില്ല. പുരോഗമനാശയപരിവേഷമുള്ള ഏട്ടന്മാരും അതിലേറെ പരിവേഷമുള്ള അനുജൻ അഷ്‌റഫും മൗനികളായി മാറിനിന്നു. ഞാനലറി: '60 വയസ്സ് കഴിഞ്ഞ വയോധികയെ കാണാൻ, അതും രണ്ടുമിനിറ്റ് എന്താണ് തടസ്സം? എനിക്കറിയാനുള്ളത് ഇത്രമാത്രം. കടങ്ങൾ വല്ലതും ബാക്കിയുണ്ടോ? അത് കൊടുത്തുതീർക്കാനാണ് വന്നത്. ഫ്‌ലാറ്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഏട്ടനാണ് ചെയ്തിരുന്നത്. ഇനി ബാക്കി വല്ലതും. ഞാനിപ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറും. സംഭാഷണം അകത്തുനിന്ന് ശ്രദ്ധിക്കുകയായിരുന്ന അമ്മായി പറഞ്ഞു. ഫ്‌ലാറ്റിന്റെ രേഖകളും ചെലവുപുസ്തകവും ഫ്‌ലാറ്റിലെ മുൻമുറിയിലെ മേശയിലുണ്ട്. അവധി വെട്ടിക്കുറച്ച് രണ്ടുദിവസംകൊണ്ട് തിരിച്ചുമടങ്ങി. എങ്ങും പോയില്ല. അമ്മായിയെ കണ്ടതുമില്ല. ആറുമാസം കഴിഞ്ഞ് നാട്ടിൽ വീണ്ടുമെത്തി. അവരെ കണ്ടു. അവർക്കന്ന് കാണാതെ
പോയതിൽ ഒരു പശ്ചാത്താപമോ ദുഃഖമോ ഇല്ലായിരുന്നു. ആചാരങ്ങൾ തുടരണം. അതായിരുന്നു അവരുടെ പക്ഷം. അറുപത് വയസ്സു കഴിഞ്ഞാലും വിധവ ഗർഭവിമുക്തപുനർനിർണ്ണയത്തിന് വിധേയയാകണം. ഇത് മതനിയമം. വിവേകാനന്ദ വചനം എനിക്ക് ശക്തി പകരുന്നു.
വിധവയുടെ കണ്ണീർ തുടയ്ക്കാൻ കഴിയാത്ത,
അനാഥബാലന്റെ വിശക്കുന്ന വയറിന്
ഒരു കഷണം അപ്പം നൽകാൻ
കഴിയാത്ത ദൈവത്തെ അഥവാ മതത്തെ
ഞാൻ വിശ്വസിക്കുന്നില്ല.
അവിതർക്കിതമായി പറയാം: ഞാൻ ജാതിയേയും മതത്തേയും വെറുക്കുന്നു. സർവ്വാത്മനാ നിരാകരിക്കുന്നു.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക