‘‘എന്റെ ഭാഷയുടെ അച്ഛനല്ല എഴുത്തച്ഛന്‍, എഴുത്തച്ഛനുമായി ഞാനും എന്റെ വംശവും 18 കാതം അകലെ നില്‍ക്കണം''; രാഘവന്‍ അത്തോളിയുടെ വാക്കുകള്‍

കവിതയും നോവലും ബാലസാഹിത്യവുമൊക്കെയായി മുന്നൂറിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് രാഘവന്‍ അത്തോളി. 77 പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചു.
രാഘവന്‍ അത്തോളി
രാഘവന്‍ അത്തോളിഇ.ഗോകുല്‍
Published on
Updated on

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കവിസമ്മേളനം നടക്കുകയാണ്. എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി., അയ്യപ്പപ്പണിക്കര്‍, ഡി. വിനയചന്ദ്രന്‍ അങ്ങനെ കുറേപ്പേര്‍ വേദിയിലുണ്ട്. കവിയും ശില്പിയുമായ രാഘവന്‍ അത്തോളിയെ കവിത വായിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം സ്റ്റേജിലേയ്ക്ക് കയറി. മൈക്കിനടുത്തെത്തി ഇങ്ങനെ പറഞ്ഞു:

''ഞാന്‍ കവിത വായിക്കാന്‍ വന്നതല്ല, ഒരു കാര്യം പറയാന്‍ വന്നതാണ്. ഇവിടെ സംസാരിച്ചവരെല്ലാം പറഞ്ഞല്ലോ, മലയാള ഭാഷയുടെ അച്ഛനാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ എന്ന്. എന്നാല്‍ ഞാന്‍ പറയുന്നു, എന്റെ ഭാഷയുടെ അച്ഛനല്ല എഴുത്തച്ഛന്‍. അങ്ങനെ കാണാന്‍ എനിക്കു കഴിയില്ല. എഴുത്തച്ഛനുമായി ഞാനും എന്റെ വംശവും 18 കാതം അകലെ നില്‍ക്കണം. പിന്നെയെങ്ങനെയാണ് ഞങ്ങളുടെ ഭാഷ നിങ്ങളുടെ എഴുത്തച്ഛന്റെ ഭാഷയില്‍ വരുന്നത്. അത് തിരുത്താന്‍വേണ്ടിയാണ് ഞാനിവിടെ വന്നത്.

കൊടുംതമിഴ് സംസാരിച്ചിരുന്നവരാണ് എന്റെ അമ്മയും അവരുടെ വംശവും. പിന്നെ ഇയാളെങ്ങനെയാണ് എന്റെ ഭാഷയുടെ അച്ഛന്‍ എന്നുപറഞ്ഞ് എനിക്ക് അഹങ്കരിക്കാന്‍ പറ്റുന്നത്. ഇതു പറയാനാണ് ഞാന്‍ വന്നത്.'' ഇതും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ നോക്കിയ രാഘവന്‍ അത്തോളിയെ ഒ.എന്‍.വി വന്നു കെട്ടിപ്പിടിച്ചു. രാഘവന്‍ അത്തോളിയുടെ വാക്കുകള്‍ ചിലരില്‍ അമര്‍ഷം ഉണ്ടാക്കിയെങ്കിലും കവിത വായിക്കാന്‍ സദസില്‍നിന്നും ആളുകള്‍ വിളിച്ചു പറഞ്ഞു. അങ്ങനെ കവിതയും വായിച്ചാണ് തിരിച്ചുവന്നത്.

രാഘവന്‍ അത്തോളി
രാഘവന്‍ അത്തോളിഇ.ഗോകുല്‍

കോഴിക്കോട് അത്തോളിയിലെ വീട്ടിലിരുന്ന് രാഘവന്‍ അത്തോളി സംസാരിച്ചതത്രയും തീവ്രമായ ജീവിതാനുഭവങ്ങളും നിലപാടുകളും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായിരുന്നു. കനലാണ് രാഘവന്‍ അത്തോളിയുടെ വാക്കുകള്‍; പൊള്ളിക്കും, വേദനിപ്പിക്കും, അസ്വസ്ഥമാക്കും. പൊള്ളിയും നീറിയും വേദനിച്ചും അസ്വസ്ഥമാക്കപ്പെട്ട ഒരു ജീവിതകാലം അങ്ങനെയേ പറയാന്‍ കഴിയൂ അദ്ദേഹത്തിന്.

കവിതയും നോവലും ബാലസാഹിത്യവുമൊക്കെയായി മുന്നൂറിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് രാഘവന്‍ അത്തോളി. 77 പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലുടനീളം എഴുപതിലധികം ശില്പപ്രദര്‍ശനങ്ങളും നടത്തി. അച്ഛന്റേയും അമ്മയുടേയും പേരില്‍ പുറത്തിറക്കിയ 'കണ്ടത്തി'യും 'പറോട്ടി'യും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടേയും എം.ജി. യൂണിവേഴ്സിറ്റിയുടേയും സിലബസിലും ഉണ്ടായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും തീവ്രനിലപാടുള്ള രാഷ്ട്രീയത്തിനൊപ്പവും സഞ്ചരിച്ചു. സമരങ്ങളും ജയില്‍വാസവും സംഘര്‍ഷഭരിതമാക്കിയ യൗവ്വനം. കാഴ്ചക്കുറവും കാലിന്റെ അസുഖവും കാരണം ഒരു വര്‍ഷത്തോളമായി വീട്ടില്‍ത്തന്നെയാണ് ഇദ്ദേഹം. എഴുത്തും വായനയും ശില്പനിര്‍മ്മാണവും മുടങ്ങി. ഇനിയും എഴുതാനും നിര്‍മ്മിക്കാനും ഏറെയുണ്ടെന്നും അനുഭവങ്ങളൊന്നും പറഞ്ഞുതീര്‍ന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ എഴുത്തും ശില്പവും ഗൗരവതരമായി തേടിവരുന്ന ഒരുകാലത്തേയും അദ്ദേഹം മുന്നില്‍ കാണുന്നു.

രാഘവന്‍ അത്തോളി
രാഘവന്‍ അത്തോളിഇ.ഗോകുല്‍

അനുഭവങ്ങളുടെ കനല്‍

അത്തോളി വേളൂരില്‍നിന്ന് തോരായിക്കടവ് റോഡിലൂടെ പോയാല്‍ രാഘവന്‍ അത്തോളിയുടെ വീട്ടിലെത്തും. പുസ്തക പ്രസാധകനായ മകന്‍ യതിക്കൊപ്പമാണ് താമസം. വീട്ടിലേയ്ക്കുള്ള ആ വഴി പോലും അദ്ദേഹത്തിന്റെ ജീവിതത്തിലെ കനലോര്‍മ്മകളാണ്.

''നിങ്ങള്‍ വന്ന ഈ റോഡ് എന്റെ കുട്ടിക്കാലത്ത് തോടായിരുന്നു. വയലായിരുന്നു അതിന്റെ രണ്ട് വശത്തും. വയലുള്ള സ്ഥലത്തൊക്കെ ഇന്നു വീടായി. പണ്ടൊക്കെ വിശക്കുമ്പോള്‍ ഈ തോട്ടിലെ വെള്ളം കുടിക്കും വയറുനിറയെ. അത്തരം അനുഭവങ്ങളുള്ള എഴുത്തുകാരുണ്ടാവുമോ ഇന്ന്.'' തോടിനെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയതെങ്കിലും അനുഭവങ്ങളുടെ കടലായി പിന്നീട് പറഞ്ഞതെല്ലാം.

''ഞാന്‍ ജനിച്ചത് 1955-ലോ മറ്റോ ആണ്. അച്ഛനും അമ്മയ്ക്കും അക്ഷരാഭ്യാസം ഇല്ലാത്തതിനാല്‍ ഇതൊന്നും എവിടെയും എഴുതിവെച്ചിട്ടില്ല. സ്‌കൂളില്‍ കൊണ്ടുപോയ അദ്ധ്യാപകനാണ് എന്റെ ജനനത്തീയതി നിശ്ചയിക്കുന്നത്. എന്റെ അനുജനേയും എന്നേയും ഒന്നിച്ചാണ് കൊണ്ടുചേര്‍ത്തത്.

അന്നൊക്കെ പുലര്‍ച്ചെ നാല് മണിയാവുമ്പോ അച്ഛനും അമ്മയും എണീറ്റ് കട്ടന്‍ചായ ഉണ്ടാക്കി പിഞ്ഞാണത്തിലാക്കി വെക്കും. ചെറിയ ശര്‍ക്കര കഷണവും. ഒന്നോ രണ്ടോ മണി കടലയും ചിലപ്പോള്‍ ഉണ്ടാകും. ഇതൊക്കെത്തന്നെ കഴിച്ച് അവര്‍ രാവിലെ പണിക്കു പോകും. പിന്നെ രാത്രിയൊക്കെയാവും വരാന്‍. അതുവരെ വിശന്നിരിക്കണം. ഒന്നും തിന്നാനുണ്ടാവില്ല. അന്നൊക്കെ വിശപ്പായിരുന്നു.

ഞങ്ങള്‍ അഞ്ച് മക്കളാണ്. മൂത്ത ചേച്ചി അഞ്ചാംക്ലാസ് വരെ പോയി. ഇളയ ചേച്ചി എന്നെ നോക്കാനുള്ളതുകൊണ്ട് സ്‌കൂളില്‍ പോയില്ല. എന്റെ അനിയനും അനിയത്തിയും പത്താംക്ലാസ് വരെ പഠിച്ചു. ഞാന്‍ പത്താംക്ലാസ് കഴിഞ്ഞ് കോളേജില്‍ ചേര്‍ന്നു.

പഠിക്കുന്ന സമയത്തൊക്കെ പണിക്കും പോകും. ആ പൈസകൊണ്ടാണ് പുസ്തകങ്ങളൊക്കെ വാങ്ങി വായിച്ചത്. സ്‌കൂളില്‍ അന്ന് ഷിഫ്റ്റായിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് ഉച്ചയ്ക്കുശേഷം പുറക്കാട്ടിരിയും എരഞ്ഞിക്കലുമൊക്കെ പോയി മീന്‍ പിടിക്കും. ബസിനു പോണം. ചില ദിവസങ്ങളില്‍ ഉച്ചവരെ കല്ലുകൊത്താന്‍ പോവും.

മുചുകുന്ന് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഏഴു കിലോ ഉള്ള മഴുവും എടുത്തിട്ടാണ് രാവിലെ പോവുക. കോളേജിന്റെ അടുത്ത് ഉച്ചവരെ കല്ലുകൊത്തും. കല്ലിന്റെ സ്ഥലങ്ങളായിരുന്നു അവിടെയൊക്കെ. ഉച്ചയ്ക്കുശേഷം ക്ലാസില്‍ പോകും. സത്യത്തില്‍ ഞാന്‍ കോളേജില്‍ പോയിരുന്നത് ലൈബ്രറിയില്‍നിന്നു പുസ്തകം എടുത്തു വായിക്കാനാണ്.

പത്താംക്ലാസൊക്കെ കഴിഞ്ഞ് അതുവരെ ജീവിച്ച ജീവിതത്തില്‍നിന്നു മോചനം നേടാന്‍ വേണ്ടി തീവ്രനിലപാടുള്ള രാഷ്ട്രീയത്തിലേയ്ക്ക് പോയി. ഇത്തരം നിലപാടുകള്‍ പണ്ടേ ഉണ്ടായിരുന്നു. ജീവിതത്തിന്റെ ഒരു സാഹചര്യം അങ്ങനെയാണ്- അയിത്തം, സമൂഹത്തില്‍നിന്നു മനുഷ്യത്വപരമായ നിലപാട് ഇല്ലായ്മ. അടിമകളെപ്പോലെ കണ്ടിട്ടുള്ള ഒരു സമൂഹമായിരുന്നു എന്റെ കുട്ടിക്കാലം. കടക്കാരും കച്ചവടക്കാരും അടുത്ത വീട്ടുകാരും ഒന്നും മനുഷ്യന്‍ എന്ന പരിഗണന ഞങ്ങള്‍ക്കൊന്നും തന്നിരുന്നില്ല. അവര് ചോറൊക്ക തിന്നു വയറുനിറഞ്ഞ് ഇരിക്കുന്നവരാണ്. ഞങ്ങള്‍ രണ്ട് മണി കടലയോ വെള്ളമോ ഒക്കെ കുടിച്ച് ഇരിക്കുകയായിരിക്കും. ഞങ്ങളൊക്കെ നികൃഷ്ടജീവി ജന്മങ്ങളായിരുന്നു അവരുടെയൊക്കെ കാഴ്ചപ്പാടില്‍. പണ്ടൊക്കെ ഞാനും അമ്മയും വരമ്പത്തുകൂടി പോകുമ്പോള്‍ ആരെങ്കിലും എതിരെ വരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ വയലിലോട്ട് ഇറങ്ങിനിന്നു കൊടുക്കണം. അതനുഭവിച്ചയാളാണ് ഞാന്‍. അയിത്തം. നിങ്ങളൊക്കെ പറഞ്ഞുകേട്ടിട്ടുപോലുമുണ്ടാകില്ല.

ഞങ്ങള്‍ക്കന്ന് കിണറൊന്നുമില്ല. തൊട്ടടുത്ത് ആശാരിമാരുടെ വീടുകളാണ്. അന്ന് മണ്‍പാത്രമാണ്. അത് അവിടെ കൊണ്ടുവെച്ച് ദൂരെ മാറിനിക്കണം. അവര്‍ എപ്പോഴെങ്കിലും കണ്ടാല്‍ വെള്ളം കോരിവെച്ച് അവര്‍ മാറിപ്പോയതിനുശേഷം വേണം എടുത്തുകൊണ്ട് വന്ന് നമ്മള്‍ക്കു കുടിക്കാന്‍. അയിത്തം അത്രയ്ക്ക് അനുഭവിച്ച എനിക്ക് എഴുത്തിനെന്ത് പ്രശ്‌നം വന്നിരിക്കുന്നു. അതുകൊണ്ടായിരിക്കാം ഇത്ര തീവ്രമായ വരികള്‍ എനിക്കു കിട്ടിയിട്ടുണ്ടാവുക. ഇത്തരം അനുഭവങ്ങളുള്ള എഴുത്തുകാര്‍ ഉണ്ടോ എന്നത് തന്നെ സംശയമാണ്.''

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെ.എം. ജോര്‍ജ് എന്ന അഴിമതിക്കാരനായ ഡോക്ടറെ ജനകീയ വിചാരണ ചെയ്ത സമരത്തില്‍ രാഘവന്‍ അത്തോളിയും ഉണ്ടായിരുന്നു.

''എ. സോമന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍ തുടങ്ങി കുറേ പേരുണ്ടായിരുന്നു കൂടെ. ജോയ് മാത്യു അന്നു ജയിലിലായിരുന്നു. ഞങ്ങള്‍ ബീച്ചില്‍ നടന്നാണ് പോയത്. ഡോക്ടറെ തടഞ്ഞ് വിചാരണ ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച ജയിലില്‍ കിടന്നു. ഞാനന്ന് വളരെ ചെറുതായിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു, എനിക്കു തല്ലു കിട്ടിയില്ല. ഗ്രോ വാസു ആണ് ജാമ്യത്തിലിറക്കിയത്. അതിനുശേഷം പല സമരങ്ങളിലും അക്കാലത്ത് പങ്കെടുത്തിരുന്നു.''

രാഘവന്‍ അത്തോളി
രാഘവന്‍ അത്തോളിഇ.ഗോകുല്‍

വാക്കും ശില്പവും

''ലോകവുമായി അത്ര വിശാലമായി ഇടപെടാന്‍ പറ്റുമ്പോഴും എന്റെ ഉള്ളില്‍ ഒരു വെമ്പല്‍ ഉണ്ടായിരുന്നു. പുഴയിലൊക്കെ പോയി മുങ്ങി മീന്‍പിടിച്ച് ജീവിച്ചിട്ടുണ്ട്. പറമ്പില്‍ കിളയ്ക്കാന്‍ പോകും, വയലില്‍ കൃഷിപ്പണിക്കു പോകും, ചെങ്കല്ല് കൊത്താന്‍ പോകും, പാറ പൊട്ടിക്കാന്‍ പോകും. പുര കെട്ടാന്‍ പോകും. ഇതൊക്കെ ചെയ്യുമ്പോഴും എന്റെ ഉള്ളില്‍ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നു. സമൂഹത്തിനു മുന്നില്‍ ഞാന്‍ കുറഞ്ഞ ഒരാളായിട്ട് ചെറുപ്പം തൊട്ടേ തോന്നിയിരുന്നു. ഒരിക്കല്‍ തോരായിക്കടവിന്റെ ഇക്കരെ മീന്‍പിടിക്കാന്‍ പോയി. അവിടെ തോണിയുടെ പണികഴിഞ്ഞ ഒരു മരക്കഷണം കണ്ടു. എന്നെ വെളിപ്പെടുത്തൂ എന്ന് അതെന്നോട് പറയുന്നതുപോലെ തോന്നി. മീന്‍ പിടിച്ച് തിരിച്ചുവരുന്ന വഴിക്ക് അതിന്റെ ഉടമസ്ഥനെ കണ്ട് ആ മരക്കഷ്ണം ഞാന്‍ വാങ്ങി വീട്ടിലെത്തിച്ചു. ഉളിയില്ല. ആശാരിമാരോട് ചോദിച്ചപ്പോള്‍ തന്നില്ല. അങ്ങനെ കൊല്ലന്റെ അടുത്തുപോയി ഉളി ഉണ്ടാക്കി കൊണ്ടുവന്നു. ഒരാഴ്ച ഒറ്റയിരിപ്പ് ഇരുന്ന് ആദ്യത്തെ ശില്പം ഉണ്ടാക്കി. ആ ശില്പം ഒരു പുസ്തകത്തിന്റെ കവറായി വന്നു പിന്നീട്. മാറ് പൊത്തിപ്പിടിച്ച് കരയുന്ന ഒരു സ്ത്രീ. ഇങ്ങനെയൊക്കെ എനിക്ക് പറ്റും എന്നു തിരിച്ചറിയുന്നത് അവിടെനിന്നാണ്. അവിടെനിന്നാണ് എന്നെ ഞാന്‍ തിരിച്ചറിയുന്നത്. വളരെ യാദൃച്ഛികമായിരുന്നു അത്. ആരുടെ അടുത്തും ഞാന്‍ പഠിച്ചിട്ടില്ല. അതിനു മുന്‍പ് അങ്ങനെയൊന്ന് ചെയ്തിട്ടുമില്ല.''

സ്‌കൂള്‍ കാലം തൊട്ടേ ലിറ്റില്‍ മാഗസിനുകളിലൂടെ എഴുത്തിന്റെ വഴിയില്‍ രാഘവന്‍ അത്തോളി എത്തിയിരുന്നു. അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തില്‍ ഡി.സി. ബുക്‌സാണ് ആദ്യ കവിതാസമാഹാരം കണ്ടെത്തി പുറത്തിറക്കിയത്. അമ്മയുടെ പേരാണ് ആദ്യ പുസ്തകത്തിനും അദ്ദേഹം നല്‍കിയത്.

മൊഴിമാറ്റം, കല്ലുടുപ്പുകള്‍, കനലോര്‍മ്മകള്‍, മൗനശിലകളുടെ പ്രണയക്കുറിപ്പുകള്‍, കത്തുന്ന മഴകള്‍, കുയ്യാന, മണ്‍കോലങ്ങള്‍, മണ്ണുടലുകള്‍, തീക്കോലങ്ങള്‍, കറുപ്പെഴുത്തുകള്‍ എന്നിവയൊക്കെയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. 'ചോരപ്പരിശം' എന്ന നോവലിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ശില്പത്തിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരവും രാഘവന്‍ അത്തോളിക്ക് ലഭിച്ചിട്ടുണ്ട്.

രാഘവന്‍ അത്തോളി
രാഘവന്‍ അത്തോളിഇ.ഗോകുല്‍

ഞാന്‍ ദളിതനല്ല

ദളിത് എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തേണ്ടതല്ല തന്റെ ജീവിതം എന്നതാണ് രാഘവന്‍ അത്തോളിയുടെ നിലപാട്. അധികാരമില്ലാത്ത ഒരു വാക്കാണതെന്നും സാഹിത്യവും കലയും അതിന് അതീതമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

''സമൂഹത്തെക്കുറിച്ചു പറയുമ്പോള്‍ ജാതി പറയേണ്ടിവരുമെങ്കിലും എനിക്ക് ജാതിയും മതവും ഇല്ല. അതുകൊണ്ട് തന്നെ ഞാന്‍ ദളിതനുമല്ല. എന്നെ ആര്‍ക്കും ദളിതനാക്കാനും കഴിയില്ല. ഞാന്‍ അതിന് എതിരാണ്. ദളിത് എന്നത് നോര്‍ത്തിന്ത്യയില്‍നിന്നു വന്നതാണ്. ആ പേരിലൊന്നും അറിയപ്പെടേണ്ട ആവശ്യമില്ല. പുലത്തിന്റെ അധിപനാണ് പുലയന്‍. ഒരുകാലത്ത് ഞങ്ങളുടെതായിരുന്നു ഈ മണ്ണും ഭൂമിയും. ദളിതനാക്കിയാല്‍ അധികാരംപോലും പോയ്പ്പോവും.

കവി എന്ന നിലയില്‍ ജാതിക്കും മതത്തിനും ദേശത്തിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമൊക്കെ അതീതമായുള്ള പുതിയൊരു ഇടം ഞാന്‍ സ്വപ്നം കാണുന്നുണ്ട്. അങ്ങനെയാണെങ്കിലേ എനിക്ക് കവിയാകാന്‍ പറ്റൂ. എന്നെ ആരെങ്കിലും ദളിതന്‍ എന്നു വിളിക്കുകയാണെങ്കില്‍ വിളിച്ചോട്ടെ. ഞാന്‍ കേള്‍ക്കാതിരുന്നാല്‍ മതി. ദളിത് കവിതയല്ല ഞാന്‍ എഴുതുന്നത്. എന്റെ കവിതകള്‍ നോക്കിയാല്‍ തന്നെ അറിയാം.

എം.ടി. വാസുദേവന്‍ നായര്‍ക്ക് നായന്മാരെക്കുറിച്ചാണ് അറിയുന്നത്, അത് അദ്ദേഹം എഴുതി. അതുപോലെ ഞാന്‍ എന്റെ വംശത്തെക്കുറിച്ചും എഴുതുന്നു. അതിന്റെ പേരില്‍ ദളിതന്‍ എന്ന് കുറച്ച് കളയാമെന്ന് ആര്‍ക്കും തോന്നേണ്ട. ഞാന്‍ ദളിത് കവിയല്ല. ദളിതര്‍ക്ക് അധികാരമില്ല, എനിക്ക് അധികാരമുണ്ട്. ഇതിനൊക്കെ അതീതമാകാന്‍ വേണ്ടിയാണ് ഞാന്‍ കവിതയിലേക്ക് വരുന്നത്. ഞാന്‍ ചെയ്യുന്ന ശില്പങ്ങളും ഏതെങ്കിലും ജാതിയുടേയോ വംശത്തിന്റേയോ ഒന്നുമല്ല. ആര്‍ക്കും കണ്ടെത്താന്‍ പറ്റാത്ത ആര്‍ക്കും സങ്കല്പിക്കാന്‍ പറ്റാത്ത ചില ആശയങ്ങള്‍, ആഗ്രഹങ്ങള്‍, ഇച്ഛകള്‍, സ്വപ്നങ്ങള്‍ ഒക്കെ ഞാന്‍ ചില കല്ലുകളില്‍ കാണും, മണ്ണില്‍ കാണും. ജാതിയെ അടിസ്ഥാനമാക്കിയല്ല എന്റെ സൃഷ്ടി. അതിനൊക്കെ അതീതമാണ്. അപൂര്‍വ്വം ചിലര്‍ക്കു കിട്ടുന്ന ദിവ്യമായ ഒരനുഭൂതിയാണ് ഞാന്‍ ചെയ്യുന്ന ശില്പവും കവിതയും എന്റെ സംസാരവും.

ദളിത് എന്ന് സാഹിത്യത്തില്‍വെച്ച് പറയുന്നത് ഒരുതരം കീഴടങ്ങിക്കൊടുക്കലാണ്. സാഹിത്യം ജാതി, മതം, വര്‍ഗ്ഗം, വര്‍ണം, ദേശം ഇതിനൊക്കെ അതീതമാണ്. ഇതിനൊക്കെ അതീതമായിട്ട് എന്തെങ്കിലും ഉണ്ടോ അതാണ് കലയും സാഹിത്യവും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ വേറെയാര്‍ക്കും പറയാം. അതിനു ജാതിയും മതവും രാഷ്ട്രീയവും ഒന്നും ബാധകമല്ല. എനിക്ക് വാക്കുകൊണ്ട് പറയാന്‍ പറ്റാത്തതാണ് ഞാന്‍ ശില്പമായി ചെയ്യുന്നത്.''

''ഇത്രയും എഴുതാന്‍ എനിക്കു പറ്റിയത് ഞാന്‍ ജാതീയമായി അങ്ങേയറ്റം അനുഭവിച്ചത് കൊണ്ടാണ്. ഞാന്‍, എന്റെ അച്ഛന്‍, അമ്മ, എന്റെ കുടുംബം, എന്റെ വംശം ഒക്കെ അനുഭവിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടതുകൊണ്ട്. അതുകൊണ്ട് അത് ജാതിസാഹിത്യം ആയിപ്പോകുമോ?''

രാഘവന്‍ അത്തോളി
രാഘവന്‍ അത്തോളിഇ.ഗോകുല്‍

കവിത തേടിയെത്തുന്ന കാലം

പ്രസിദ്ധീകരിച്ച പുസ്തകങ്ങളേക്കാളേറെ പുസ്തകങ്ങള്‍ ഈ വീട്ടിലുണ്ട്. പറയേണ്ടത് പറയേണ്ട സമയത്ത് എഴുതിവെക്കണമെന്നും അതു തേടിയെത്തുന്നവരുടെ ഒരുകാലം വരുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. മുന്നൂറിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അനുഭവ തീവ്രതകൊണ്ടാണ്. 77 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബാക്കി മുഴുവന്‍ ഈ വീട്ടിലുണ്ട്.

''ഞാന്‍ ഇനിയും എഴുതും. എനിക്ക് ഇനിയും എഴുതാനുണ്ട്. കാലത്തിന്റേത് അത്ര വഴിവിട്ട പോക്കുകളാണ്. ഇതിനെതിരെ എനിക്ക് നിലപാടെടുത്തേ പറ്റൂ. ആരെങ്കിലും പറയണ്ടേ. അപൂര്‍വ്വം ചിലര്‍ക്കു കിട്ടുന്ന ഒരു സിദ്ധിയല്ലേ ഇത്. ഞാനത് കയ്യൊഴിഞ്ഞു പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതല്ലേ. ഇതൊക്കെ എപ്പോഴെങ്കിലും പ്രസിദ്ധീകരിക്കട്ടെ. അതിലെനിക്ക് പ്രശ്‌നമില്ല. പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞുവെക്കണം. ഞാന്‍ എത്തേണ്ടിടത്ത് എത്തുന്ന ഒരുകാലം വരും. എനിക്കത് കാണാന്‍ പറ്റും.

ഒരു വംശത്തിനു മുഴുവന്‍ ഞാന്‍ ഒറ്റ കവിയേ ഉള്ളൂ. അയ്യപ്പപ്പണിക്കര്‍ക്കും ഒ.എന്‍.വിക്കും മധുസൂദനന്‍ നായര്‍ക്കുമൊക്കെ അവരുടെ വംശത്തില്‍ എഴുത്തുകാരുണ്ട്. സാംബവര്‍ക്കും പുലയര്‍ക്കും ആദിവാസികള്‍ക്കുമൊക്കെയാണിവിടെ എഴുത്തുകാരില്ലാത്തത്. ഇപ്പോ വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ, അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ ആളില്ല. ഏറ്റവും കൂടുതല്‍ ജീവിതാനുഭവങ്ങളുള്ളവരാണിവര്‍. അവരാണ് ഈ വിശ്വത്തിനെ ഇങ്ങനെയാക്കി തീര്‍ത്തത്.

എനിക്ക് നല്ല സുന്ദരസ്വപ്നങ്ങളൊക്കെയുണ്ട്. മഹത്തരമായ സ്വപ്നങ്ങളൊന്നും ഇന്നത്തെ കവികള്‍ക്കില്ല. ആശാനും വയലാറിനും അയ്യപ്പപ്പണിക്കര്‍ക്കുമൊക്കെ പുതിയ ഒരു ഉലകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്നു. കവികള്‍ ചാലകശക്തിയായിരിക്കണം. കാറ്റ് വരുമ്പോള്‍ കിട്ടുന്ന അനുഭൂതികളുണ്ട്. അതുപോലെ ആകാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് സാഹിത്യം. ചില കാറ്റുകള്‍ നമ്മളെ ഉണര്‍ത്തും. തലോടി ഉറക്കം മാത്രമല്ല കാറ്റ് ചെയ്യുന്നത്. നമുക്ക് ഉത്തേജനം തരും. അതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയില്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ കാലഹരണപ്പെട്ടുപോകും.

ഇപ്പോഴത്തെ 'ദളിത് എഴുത്തുകാര്‍' എന്നു നിങ്ങള്‍ പറയുന്നവര്‍ക്ക് ചരിത്രജ്ഞാനം കിട്ടാന്‍ ജീവിതാനുഭവങ്ങളില്ല. ദളിത് കവികള്‍ എന്നറിയപ്പെടുന്നവരില്‍ ചിലര്‍ പരിവര്‍ത്തിത ക്രൈസ്തവരാണ്. അവര്‍ക്കു പഠിക്കാനും ജോലിക്കുമുള്ള സൗകര്യങ്ങളെല്ലാം ക്രിസ്ത്യാനികള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഞാനങ്ങനെയല്ല. അവിടെയാണ് ഇവര്‍ക്ക് അനുഭവത്തിന്റെ അളവ് കുറഞ്ഞു പോയത്. ഇവര്‍ക്കൊരിക്കലും അടിമ ജീവിതം ജീവിക്കേണ്ടി വന്നിട്ടില്ല. ഞങ്ങളൊന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍, വിശപ്പ്, ജാതീയത ഒന്നും അവര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.

ഒരു ജനതയുടെ മോക്ഷത്തിനുവേണ്ടി ഞാനെന്തു ചെയ്യണം എന്നു ചിന്തിക്കാന്‍ നിങ്ങള്‍ പറയുന്ന 'ദളിത് എഴുത്തുകാര്‍ക്ക്' കഴിഞ്ഞിട്ടില്ല. ജാതിയെ അതിജീവിക്കുന്നതിനുള്ള അന്വേഷണങ്ങളൊന്നും നടക്കുന്നില്ല. കൂടുതല്‍ ജാതിയിലേയ്ക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഇത്രയും കാലത്തെ സാഹിത്യവും രാഷ്ട്രീയവുംകൊണ്ട് ഇതാണോ ചെയ്യാന്‍ പറ്റിയത്. അറിയപ്പെടുന്ന കവിയായിട്ടും ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മാതൃഭൂമിയിലൊന്നും പ്രസിദ്ധീകരിക്കില്ലായിരുന്നു. ചന്ദ്രികയായിരുന്നു അക്കാലത്ത് സ്പേസ് തന്ന ഒരു സ്ഥാപനം. വിപ്ലവം പറയുമെങ്കിലും ദേശാഭിമാനിയും കാര്യമായി പ്രസിദ്ധീകരിക്കാറില്ല. ഏറ്റവും കൂടുതല്‍ ജാതിബോധം ഉള്ളത് ഇടതന്മാര്‍ക്കാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

വിശാലമായ ഭൂമിയുടെ ഉടമകളാണ് പിന്നീട് ലക്ഷംവീട്ടിലും രണ്ട് സെന്റിലും ഒക്കെ ജീവിക്കേണ്ടിവന്നത്. ഞങ്ങളുടെ ഭൂമി ഒഴിപ്പിച്ച് ഒഴിപ്പിച്ച് എടുക്കുകയായിരുന്നു. ഞങ്ങള്‍ക്ക് എതിര്‍ക്കാനോ അക്രമിക്കാനോ ഒന്നും അറിയില്ല. പണിയെടുക്കാന്‍ മാത്രമേ അറിയുള്ളൂ. ഇതിനെയൊക്കെ എന്ത് നീതി, ന്യായം എന്നാണ് പറയേണ്ടത്. ഇത്രയും അനുഭവങ്ങളുള്ള ഒരു ജനത വേറെയുണ്ടാവില്ല. ഇതൊക്കെ മാറണം. ജാതി ഇല്ലാതാവില്ല. പക്ഷേ, എല്ലാ ജാതിയില്‍പ്പെട്ടവരും മനുഷ്യരാണ് എന്ന ഒരു സമത്വത്തിലേയ്ക്ക് സമൂഹത്തിനെ മാറ്റാന്‍ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പറ്റുന്നില്ലെങ്കില്‍ എന്തുചെയ്യും? അങ്ങനെ ചിന്തിക്കുന്നവര്‍ ഇല്ലാത്തതുകൊണ്ടാണ് ഞങ്ങളിത് പറയേണ്ടിവരുന്നത്.'' പ്രതീക്ഷയും നിരാശയും ക്ഷോഭവും കലരുന്നതാണ് രാഘവന്‍ അത്തോളിയുടെ വാക്കുകള്‍. അദ്ദേഹത്തിന്റെ കവിതപോലെത്തന്നെയാണ് ആ സംസാരവും.

മനോഹരമായ ശബ്ദത്തിലും താളത്തിലും അദ്ദേഹം കവിത ചൊല്ലും. കവിത ചൊല്ലുമ്പോഴും അദ്ദേഹം പ്രതീക്ഷ ഉയര്‍ത്തും ക്ഷോഭിക്കും കരയും. എഴുത്തും ജീവിതവും വേര്‍തിരിക്കാന്‍ പറ്റാത്ത പോലെ. എഴുതിയ പുസ്തകങ്ങളും നിര്‍മ്മിച്ച ശില്പങ്ങളും സാമ്പത്തിക നേട്ടത്തിനായി അദ്ദേഹം ഇതുവരെ ഉപയോഗിച്ചിട്ടില്ല. മുന്നോട്ടുപോകാന്‍ ഇനി വില്‍പ്പനയ്ക്കായി ഒരു പ്രദര്‍ശനം നടത്തണമെന്നും അദ്ദേഹത്തിന്റെ ആലോചനയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com