ഈ സ്ത്രീകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ആത്മസാക്ഷാല്‍ക്കാരമെന്നാൽ കീഴടക്കലല്ല, ജീവിതത്തിന്റെ താളങ്ങളുമായി ചേർന്നുപോവുകയാണ്, നിത്യസാധാരണതയുടെ അത്ഭുത സ്വഭാവത്തിൽനിന്നു പഠിക്കുക എന്നാണ്

അരുന്ധതി സുബ്രഹ്മണ്യം
അരുന്ധതി സുബ്രഹ്മണ്യം
Published on
Updated on

അരുന്ധതി സുബ്രഹ്മണ്യം

ശ്രദ്ധേയയായ കവിയും കവിതയും ഗദ്യവുമുൾപ്പെടെ 14 പുസ്തകങ്ങളുടെ രചയിതാവുമാണ് അരുന്ധതി സുബ്രമണ്യം. അരുന്ധതിയുടെ അടുത്തിറങ്ങിയ പുസ്തകങ്ങൾ Love Without a Story എന്ന കവിതാസമാഹാരം, Wild Women, The Penguin Anthology of Female Mystic Poetry, Eating God, The Penguin Anthology of Bhakti Poetry, ആത്മീയാന്വേഷകരായ സമകാലിക സ്ത്രീകളെക്കുറിച്ചുള്ള ലേഖന സമാഹാരമായ Women Who Wear Only Themselves എന്നിവയാണ്. 2020-ൽ കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 2015-ലെ ടി.എസ്. എലിയട്ട് അവാർഡിനു പരിഗണിക്കപ്പെട്ടിരുന്നു. മറ്റു പുരസ്കാരങ്ങളിൽ കവിതയ്ക്കുള്ള മഹാകവി കനയ്യലാൽ സേത്തിയ അവാർഡ്, ഒന്നാമത്തെ ഖുശ്വന്ത് സിങ്ങ് പ്രൈസ്, ഇറ്റലിയിലെ Il Ceppo Prize, The Charles Wallace and Homi Bhabha Fellowship എന്നിവയും ഉൾപ്പെടുന്നു. ക്യൂറേറ്റർ, രംഗകലാവിമർശക, കവിതാ എഡിറ്റർ എന്നീ നിലകളിൽ സജീവമാണ്. മുംബൈ, ചെന്നൈ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ മാറിമാറി ജീവിക്കുന്നു.

സീന ദേവകി

ഇംഗ്ലണ്ടിൽ കൺസൾട്ടന്റ് ചൈൽഡ് ആൻഡ് അഡോലസെൻസ് സൈക്ക്യാട്രിസ്റ്റായി ജോലി ചെയ്യുന്നു. ഫ്രീലാൻസ് എഴുത്തുകാരിയും ഫ്രീലാൻസ് ചിത്രകാരിയുമാണ്.

Q

അടുത്തിടെ എനിക്കൊരാൾ ‘Wild Women’ എന്ന പുസ്തകം സമ്മാനമായി തന്നിരുന്നു. അസാധാരണമായ വായനാനുഭവം തരുന്ന ഒരസാധാരണ പുസ്തകം. തലയ്ക്കൊരു തട്ടുകിട്ടിയ പ്രതീതിയിലാണ് ഇപ്പോഴും ഞാൻ; അതുകൊണ്ടാവാം, അതിന്റെ പുതുമയും ഈർപ്പവും മായാതെ നില്‍ക്കുന്നത്. ഈ പുസ്തകത്തിലെ സ്ത്രീശബ്ദങ്ങൾ പല തലമുറകളിലും ദേശങ്ങളിലും ഭാഷകളിലും പാരമ്പര്യങ്ങളിലുമായി പടർന്നുകിടക്കുകയാണല്ലോ. അവയെ ഇംഗ്ലീഷിലേയ്ക്കു വിവർത്തനം ചെയ്യുമ്പോൾ ‘വിവർത്തനത്തിൽ നഷ്ടപ്പെട്ടുപോകുന്ന ഒന്നി’നെക്കുറിച്ചുള്ള ഉത്‌ക്കണ്ഠ ഉണ്ടായിരുന്നോ?

A

നന്ദി, സീന. ഈർപ്പത്തെക്കുറിച്ചുള്ള (എനിക്കത് ഒരു രചനയുടെ ഉൾപ്പൊരുത്തത്തിന്റെ അടയാളമാണത്) ആ ധാരണ ഏതോ വിധത്തിൽ മനസ്സിലേക്കു കടന്നുവല്ലോ. ഞാനിപ്പോൾ വിവർത്തനത്തിന്റെ പരിമിതികളെക്കുറിച്ച് ക്ഷമാപണമൊന്നും നടത്താറില്ല, അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടെങ്കിൽ അതിനെ ആഘോഷിക്കാറേയുള്ളൂ. പുസ്തകത്തിന്റെ മുഖവുരയിൽ ഞാൻ പറഞ്ഞിട്ടുള്ളപോലെ, വിവർത്തനം ഒരു ജാലകമാണ്. അതിലൂടെ പുതിയൊരു ചുറ്റുവട്ടത്തേയ്ക്ക് നിങ്ങൾക്കു കണ്ണോടിക്കാം. പ്രത്യേകിച്ചെന്തെങ്കിലുമൊരു കാഴ്ച അവിടെ നിങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കിൽ ജനാല ചാടിക്കടന്ന് ആ ചുറ്റുവട്ടം ഒന്നുപോയി കാണുന്നതിനു നിങ്ങൾക്കതൊരു പ്രേരണയാവുകയാണ്. വെറുമൊരു സന്ദർശകനായാല്‍ പോരാ എന്നു നിങ്ങൾക്കു തോന്നിയെന്നു വരാം. അവിടെ സ്ഥിരതാമസമാക്കാൻ, ഒരു തദ്ദേശീയനാവാൻ നിങ്ങൾക്കു തോന്നിയെന്നും വരാം. ആ കവിയുടെ മൂലരചന വായിക്കാൻ സ്രോതഭാഷ പഠിക്കണമെന്ന ഉത്സാഹം നിങ്ങൾക്കുണ്ടായേക്കാം. ഇതൊക്കെയാണ് ഒരു വിവർത്തനം മുന്നോട്ടുവയ്ക്കുന്ന ആകർഷണങ്ങൾ.

ഒരു തുറന്ന ജനാല- അതിനി ചുമരു തുരന്നുണ്ടാക്കിയ ഒരു ദ്വാരമായാലും- ഉണ്ടാകുന്നതാണ് ജനാലയേ ഇല്ലാത്തതിനെക്കാൾ എനിക്കിഷ്ടം.

കുറ്റമറ്റ വിവർത്തനം എന്നൊന്നില്ല, കുറ്റമറ്റ കവിത ഇല്ലാത്തതുപോലെ. മനുഷ്യാനുഭവത്തിന്റെ അവാച്യമായ സമൃദ്ധിയും ഗഹനതയും പകർന്നുകൊടുക്കാനുള്ള ഉറപ്പില്ലാത്തതെങ്കിലും ധീരമായ ശ്രമമാണ് ഓരോ വാചകവും. നാമുച്ചരിക്കുന്ന ഓരോ വാക്യവും ഒരോർമ്മപ്പെടുത്തലാണ്, അനുഭവത്തെ വാക്കുകളായി വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. എന്നാല്‍ക്കൂടി അതിലൂടെ എന്തൊക്കെ നാം നേടുന്നുമില്ല!

Q

ഒരു ‘സ്ത്രീ’യെ ഒരു ‘പുരുഷ’ന്റെ വിപരീതമോ പൂരകമോ ആയി കാണുക എന്നതാണല്ലോ പരമ്പരാഗതമായ രീതി. എന്നാൽ, ഈ പുസ്തകം വായനക്കാരനു നല്‍കുന്നത് സ്ത്രൈണശബ്ദങ്ങളുടേയും താല്പര്യങ്ങളുടേയും ഒരു വൈവിദ്ധ്യമാണ്. ‘സ്ത്രീ’ എന്ന ആശയത്തെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്?

A

ഈ പുസ്തകത്തിൽ മിസ്റ്റിക്കുകളായ അന്‍പത്താറു സ്ത്രീകളുണ്ട്. അവർ എന്നെമാനസികമായി ഉത്തേജിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ ജീവിതങ്ങളെയാണ് അവർ പ്രതിനിധീകരിക്കുന്നത് എന്നതുകൊണ്ടാണ്. ഈ പേജുകളിൽ സന്ന്യാസിനിമാരുണ്ട്, ഗൃഹസ്ഥകളുണ്ട്, തന്ത്രവിദ്യാ നിപുണകളുണ്ട്, പരിവ്രാജികമാരുണ്ട്, ദേവദാസികളുമുണ്ട്. ആത്മീയ യാത്രയ്ക്ക് ഒരേയൊരു വഴിയല്ല അവർ കാണിച്ചുതരുന്നത്.

വെറും ജീവശാസ്ത്രപരമായ സ്ത്രീത്വത്തെക്കാൾ കവിഞ്ഞതൊന്നിലേക്കാണ് അവർ നമ്മെ ക്ഷണിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ആന്തരികമായ ഒരു യാത്രയുടെ ലക്ഷ്യം തിരഞ്ഞു പോവുകയാണ്, എത്തിച്ചേരുകയല്ല; തന്റേതാക്കൽ മാത്രമല്ല, ഒന്നാവൽകൂടിയാണ്. ആത്മീയോപാസകയാണ് നിങ്ങളെങ്കിൽ ‘ചെയ്തതു’കൊണ്ടു മാത്രമായില്ല, ‘ആയിത്തീരുക’ കൂടി വേണമെന്നു നിങ്ങൾക്കറിയാം. അങ്ങനെ, പ്രവൃത്തിയുടേയും ജാഗ്രത്തായ നിവൃത്തിയുടേയും വിചിത്ര നൃത്തത്തിലൂടെ അവർ നിങ്ങളെ ക്ഷണിക്കുകയാണ്, സജീവമായ നിശ്ചേഷ്ടതയുടെ, ജാഗരൂകമായ നിഷ്പന്ദതയുടെ ഒരിടത്തേക്ക്. ‘ഗർഭപാത്രത്തിന്റെ ജ്ഞാനം’ എന്നു വിളിക്കാവുന്നതൊന്നിന്റെ ലോജിക് ആണിത്.

അവതാരികയിൽ ഞാൻ പറയുന്നപോലെ, “ഒരിടത്തേയ്ക്കു കടന്നുകയറാതെ അതിനെ കൈക്കൊള്ളാനുള്ള ഒരു കഴിവ് ഇവിടെയുണ്ട്. അതുപോലെ, എന്തിനേയും എതിരായി കാണാതിരിക്കാനുള്ള, എല്ലാ ബഹുസ്വരതയേയും സംശയത്തോടെ നോക്കാതിരിക്കാനുള്ള, സ്വന്തം ഇടം പിടിച്ചുവയ്ക്കാതിരിക്കാനുള്ള സൗമനസ്യവും.” ഈ സന്ദിഗ്ദ്ധാവസ്ഥയിൽ നാം കാണുന്നപോലെയല്ല ഒന്നും. വിപരീതങ്ങൾ ഒന്നു മറ്റൊന്നാകുന്നു, വ്യക്തിത്വങ്ങൾ അവ്യക്തമാകുന്നു, രൂപങ്ങൾ ഉരുകിച്ചേരുന്നു. നിങ്ങളെ ക്ഷണിച്ചുവരുത്തുന്ന ആ ഇടത്ത് രാത്രിയും പകലും തമ്മിൽ, മസ്തിഷ്‌കവും ഹൃദയവും തമ്മിൽ, പ്രകൃതിയും സംസ്കാരവും തമ്മിൽ, മനുഷ്യനും സ്ത്രീയും തമ്മിൽ, മാനുഷികവും ദിവ്യവും തമ്മിൽ എന്താണ് ഭേദമെന്നു നിങ്ങൾക്കു നിശ്ചയമില്ലാതാവുകയാണ്.

ഈ കവിതകളുടെ മറ്റൊരു സവിശേഷ ലക്ഷണം പവിത്രമായതിനെ ഇന്ദ്രിയാതീതമായിട്ടല്ല, അന്തർലീനമായി കാണാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ്. ഭൗതികാതീതമായത് നമ്മുടെ നിത്യസാധാരണമായ ദൈനംദിന ജീവിതങ്ങളിൽനിന്നു വേർപെട്ടിരിക്കുന്ന ഒന്നല്ല. അതിനാലാണ് ജനാബായി എന്ന മറാഠി മിസ്റ്റിക് ഇങ്ങനെ ഘോഷിക്കുന്നത്: “ഞാൻ ദൈവത്തെ കഴിക്കുന്നു, ഞാൻ ദൈവത്തെ കുടിക്കുന്നു, ഞാൻ ദൈവത്തിനു മേലുറങ്ങുന്നു.” പടചാര എന്ന ബുദ്ധഭിക്ഷുണി താൻ കാലു കഴുകിയ വെള്ളം താഴേയ്ക്കൊഴുകുന്നതു കാണുന്നു; പിന്നെ കുടിലിനുള്ളിലേയ്ക്കു കയറുന്ന അവർക്ക് വിളക്കിന്റെ തിരി നീട്ടുമ്പോൾ ജ്ഞാനോദയം കിട്ടുകയാണ്. ഈ സ്ത്രീകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ആത്മസാക്ഷാല്‍ക്കാരമെന്നാൽ കീഴടക്കലല്ല, ജീവിതത്തിന്റെ താളങ്ങളുമായി ചേർന്നുപോവുകയാണ്, നിത്യസാധാരണതയുടെ അത്ഭുത സ്വഭാവത്തിൽനിന്നു പഠിക്കുക എന്നാണെന്നു ഞാൻ വിശ്വസിക്കുന്നു. ഭൗതികമായതിനെ അവിശ്വസിക്കാതിരിക്കുക, അല്ലാതെ അതിനെ കണ്ടില്ലെന്നു നടിക്കുകയോ യുക്തികൊണ്ട് അറുത്തുമാറ്റുകയോ അല്ല ചെയ്യേണ്ടത്; ആ കഴിവാണ് ഈ കവിതകളെ വ്യതിരിക്തമാക്കുന്നത്.

Q

‘Wild Women’ വഴി നിങ്ങൾ ശ്രമിച്ചത് ഒരു പുനഃസന്തുലനം കൊണ്ടുവരാനാണ്, ഇത്രകാലവും അരികിലേക്കു മാറ്റപ്പെട്ടിരുന്ന സ്ത്രീശബ്ദങ്ങളെ മുന്നിലേയ്ക്കു കൊണ്ടുവരാനാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ കവി-യോഗിനികൾ എന്താണ് കവിത എന്ന നിങ്ങളുടെ ധാരണയെ എങ്ങനെ ബാധിച്ചു എന്നു പറയാമോ? കവിത നിങ്ങൾക്കതെന്താണ്? എന്താണ് ഭക്തി?

A

മനോഹരവും വിഭിന്നവുമായ ചോദ്യങ്ങൾ! എവിടെ തുടങ്ങണമെന്ന് എനിക്കു മനസ്സിലാകുന്നില്ല.ഭാഷാപരമായ ഒരുദ്ദീപനമായിരുന്നു കവിത എനിക്കെന്നും: സജീവവും പിടിച്ചുകുലുക്കുന്നതുമായ ഒരു രാസപ്രക്രിയ. അതുപോലെത്തന്നെ അടിയന്തരമായ ഒരാത്മാവിഷ്‌കാരവുമായിരുന്നു എനിക്കത്. എന്നാൽ, എന്റെ ആത്മീയ യാത്ര കൂടുതൽ ബോധപൂർവ്വമാകാൻ തുടങ്ങിയപ്പോൾ എന്റെ കവിത പറയുന്നതിനെക്കാൾ കൂടുതലായി കേൾക്കുന്നതിനെക്കുറിച്ചായി. അല്ലെങ്കിൽ, മറ്റൊരുവിധത്തിൽ പറഞ്ഞാൽ, എന്റെ ജീവിതം കൂടുതൽ പ്രശാന്തമാകാൻ തുടങ്ങിയപ്പോൾ മൗനങ്ങളെ കൂടുതൽ വിശ്വസിക്കാൻ ഞാൻ ശീലിച്ചു. വിരാമങ്ങൾ എന്റെ കവിതകളിൽ കൂടുതൽ സജീവമായ ഭാഗമാകാൻ തുടങ്ങി. എന്റെ എഴുത്തുരീതിയിൽ മൗലികമായ ഒരു മാറ്റം അതു കൊണ്ടുവരികയും ചെയ്തു.

ഭക്തിയെ ചെറുപ്പത്തിൽ ഞാൻ കണ്ടിരുന്നത് അതിവൈകാരികമായ ഒരു മതബോധം എന്ന നിലയ്ക്കു മാത്രമായിരുന്നു. എന്നാൽ, എന്റെ സ്വന്തം ആത്മീയ യാത്ര തീവ്രമാകാൻ തുടങ്ങിയപ്പോൾ ഭക്തകവികളെ ഞാൻ ഒന്നുകൂടി വായിക്കാനെടുത്തു; എന്റെ അബദ്ധത്തെക്കുറിച്ച് ഞാൻ ബോധവതിയാവുകയും ചെയ്തു. എത്ര തീവ്രമായ അനാദരവു നിറഞ്ഞതും വികാരതീക്ഷ്ണവും ഐന്ദ്രിയവുമായ കവിതകളാണവ! അവയെ നിർജ്ജീവമോ മനംപുരട്ടുംവിധം അതിഭാവുകത്വം നിറഞ്ഞതോ ആയി കാണാൻ എനിക്കെങ്ങനെ തോന്നി?

പില്‍ക്കാലത്തുള്ള എന്റെ രചനകൾ കൂടുതലും ഭക്തിയെ പുനർവിഭാവനം ചെയ്യാൻ വേണ്ടിയുള്ളതായിരുന്നു: സ്വയംതൃപ്തമായ ഒരു മനോഭാവത്തിന്റെ പ്രകാശനമായോ ഒരു കൂട്ടം മദ്ധ്യകാല സാമൂഹ്യപരിഷ്‌കർത്താക്കളുടെ പ്രതി-സംസ്കാര പ്രവൃത്തിയായിട്ടോ അല്ലാതെ ഒരാത്മബന്ധത്തിന്റെ ജീവൽശാസ്ത്രമായി, ഹൃദയത്തിന്റെ ജ്ഞാനസാങ്കേതികതയായി അതിനെ അറിയുകയും ആ അറിവ് പങ്കുവയ്ക്കുകയും ചെയ്യുക. ഈ സ്ത്രീകളാകട്ടെ, അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് എനിക്കു നല്‍കിയത്. മതത്തിന്റെ ബൃഹദാഖ്യാനങ്ങൾ അവരെ വിശുദ്ധകളെന്ന അലങ്കാരപദവിയിലേയ്ക്ക് അടിച്ചുപരത്തിയിരുന്നു.

യുക്തിവാദികളുടെ ചരിത്ര വായനകളാവട്ടെ, അവരെ പാടേ അവഗണിച്ചുകളയുകയും ചെയ്തു. അവരെ വെറും അനുയായികളോ ശിഷ്യരോ ആയി കാണാതെ പ്രചണ്ഡരായ വഴികാട്ടികളായി വീണ്ടെടുക്കുന്നത് ഉത്തേജകമായും പ്രയോജനപ്രദമായും ആശ്വാസദായകമായും എനിക്കു തോന്നി. മറ്റു ചില വായനക്കാർക്കും ഇതേ അനുഭവമാണുണ്ടായതെന്നു ഞാൻ വിശ്വസിക്കുന്നു.

Q

നമ്മുടെ കാലഘട്ടത്തിൽ മതപരമായ കവിത എഴുതുന്നത് എത്ര എളുപ്പമാണ്? രണ്ടും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും ചോദിക്കട്ടെ, ശാസ്ത്രീയമായ ആശയങ്ങൾ മതപരമായ ഒരു സ്വരം വികസിപ്പിച്ചെടുക്കുന്നതിൽ എന്തുമാത്രം പങ്കുവഹിക്കുന്നുണ്ട്?

A

മതത്തെ അന്ധമായ ഒരുകൂട്ടം വിശ്വാസപ്രമാണങ്ങളായി മാത്രം കാണുകയാണെങ്കിൽ ഇപ്പറഞ്ഞ പരസ്പരബന്ധം തീർച്ചയായും ദുഷ്‌കരമായിരിക്കും. എന്നാൽ, ഉള്ളിലേക്കുള്ള ഒരു പര്യവേക്ഷണമായിട്ടാണ് അതിനെ കാണുന്നതെങ്കിൽ ഒരു പൊരുത്തക്കേടും തോന്നേണ്ടതുമില്ല. ഏറ്റവും നല്ല ഭക്തകവികൾ (ഞാൻ മനസ്സിലാക്കിയ പ്രകാരം, ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരും) തീർച്ചകളെക്കുറിച്ചു സംസാരിക്കുന്നില്ല. സാമ്പ്രദായികമായ ഒരു പദാവലി ഉപയോഗിക്കുന്നവർ പോലും ഉദാഹരണത്തിന്, നാമരൂപങ്ങളുള്ള ദൈവങ്ങളെ സ്തുതിക്കുന്നവർ കൂടുതൽ ഗഹനമായ സത്യങ്ങളിലേക്കുള്ള പടവുകളായിട്ടാണ് അങ്ങനെ ചെയ്യുന്നത്. പ്രമാണാധിഷ്ഠിതം എന്നതിനെക്കാൾ അനുഭവവേദ്യമായതിലാണ് അവർക്കു താല്പര്യം.

അതുകൊണ്ടാണ് അവതാരികയിൽ ഞാൻ ഇങ്ങനെ എഴുതിയത്: “അവർ പറയുന്നതു കേൾക്കാൻ നിങ്ങൾ വിശ്വാസിയാകണമെന്നില്ല. അവർ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാൻ നിങ്ങളവരുടെ ശിഷ്യരാകണമെന്നില്ല. അവരുടെ ആധികാരികത ഗ്രഹിക്കാൻ നിങ്ങൾ കവിയാകണമെന്നില്ല.” ജീവിതത്തിന്റെ ഏറ്റവും ഗഹനമായ രഹസ്യങ്ങളുമായി നേരിട്ടു മല്ലുപിടിക്കുന്നതിന്റെ ചൂടും വെളിച്ചവും കിതപ്പുമാണ് അവർ നമുക്കു സമർപ്പിക്കുന്നത്.

സീന ദേവകി
സീന ദേവകി
Q

‘Wild Women’ എന്ന ഈ പുസ്തകം ഉണ്ടാകാനിടയായ സാഹചര്യം അറിയാൻ എനിക്കു ജിജ്ഞാസയുണ്ട്. അന്വേഷകർ, പോരാളികൾ, ദേവതകൾ എന്ന വിഭജനത്തെക്കുറിച്ചും ഒന്നു പറയാമോ?

A

ആ മൂന്നുവിധത്തിലുള്ള വിഭജനം വച്ചുതന്നെയാണ് ഞാൻ ആ പുസ്തകത്തെ വിഭാവനം ചെയ്തിരുന്നത്. ഭക്തികവിതയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ സമാഹാരം Eating God ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്ത്രീശബ്ദത്തെക്കുറിച്ചുള്ള എന്റെ താല്പര്യം ഗാഢമായി. പിന്നീട് 2019-ൽ, മുംബൈയിലെ നാഷണൽ സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സിൽ ‘വൈൽഡ് വിമൻ’ എന്ന ഒരു ഫെസ്റ്റിവൽ കവിതയും സംഗീതവും ഉൾപ്പെടുത്തി ഞാൻ ക്യൂറേറ്റ് ചെയ്തിരുന്നു. ഇങ്ങനെയൊരു പുസ്തകം ഉണ്ടാവേണ്ടതിന്റെ ആവശ്യകത അന്നാണ് എനിക്കു ബോദ്ധ്യമായത്. ആണ്ടാൾ, മീര തുടങ്ങിയ പ്രശസ്തരോടൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ അനേകം സ്ത്രീകളിൽ ചിലരെയെങ്കിലും ഉൾപ്പെടുത്തിയ ഒരു സമാഹാരം.

Q

അതേസമയം തന്നെ പുരുഷന്മാരായ ചില ഭക്തകവികളേയും ഒഴിവാക്കണമെന്ന് എനിക്കു തോന്നിയതുമില്ല. ജയദേവൻ, വിദ്യാപതി, അന്നമാചാര്യ, കബീർ, ഷാ അബ്ദുൾ ലത്തീഫ് പോലെയുള്ളവർ നമുക്കു തന്ന ധൈര്യവും ബലവുമുള്ള നായികമാരെ എനിക്കെങ്ങനെ മറക്കാൻ പറ്റും?

A

ഒടുവിലായി, സ്ത്രീ അന്വേഷിക്കുന്നവൾ മാത്രമല്ല, ആ അന്വേഷണത്തിന്റെ ലക്ഷ്യം കൂടിയാണെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ ദേവതകളെക്കുറിച്ചുള്ള കവിതകളേയും എനിക്ക് ഉൾപ്പെടുത്തണമായിരുന്നു. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെ ഇന്നും പ്രചോദിപ്പിക്കുകയും സജീവമാക്കുകയും ചെയ്യുന്ന, സ്‌ഫോടകശക്തിയുള്ള ആദിരൂപങ്ങളാണവർ സ്ത്രൈണോർജ്ജത്തിന്റേയും കരുത്തിന്റേയും പ്രകാശരൂപങ്ങൾ. എല്ലാ വൈവിദ്ധ്യങ്ങളോടെയും എനിക്കവരെ വേണമായിരുന്നു. ക്ലാസ്സിക്കൽ കവിതകളും നാടോടിക്കവിതകളും ഭീതിദകളായ ദേവിമാരും സുന്ദരികളായ ദേവിമാരും പുരുഷന്മാർ എഴുതിയ കവിതകളും സ്ത്രീകളെഴുതിയ കവിതകളും. സുരക്ഷിതത്വത്തിനുവേണ്ടി തങ്ങളുടെ സ്വാതന്ത്ര്യം വെച്ചുമാറാൻ വിസമ്മതിച്ച ധീരകളായ ഈ പൂർവ്വികരുടെ പ്രബല പാരമ്പര്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കും ഈ സ്ത്രീകളെന്നു ഞാൻ പ്രതീക്ഷിക്കുന്നു.സ്വന്തം ഭാഗധേയം തങ്ങൾതന്നെ രൂപപ്പെടുത്തുന്ന പോരാളിസ്ത്രീകൾ; ഈ ഗ്രഹത്തിന് ഉപദേശവും പ്രചോദനവും അഭയവും കാരുണ്യവും പ്രത്യാശയും ഇന്നും നല്‍കിക്കൊണ്ടിരിക്കുന്ന ദേവതാഗണം.

Q

നിങ്ങൾ കവിതാലോകത്തേയ്ക്കു പ്രവേശിക്കുമ്പോൾ അരവിന്ദ് കൃഷ്ണ മെഹ്‌രോത്ര, ദിലീപ് ചിത്രെ, അരുൺ കൊലാത്കർ, നിസിം എസെക്കിയെൽ, ഡോം മൊറെയ്‌സ് എന്നിങ്ങനെയുള്ളവർ രംഗത്തുണ്ടായിരുന്നല്ലോ. ബോംബേ കവികളുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയായിരുന്നു?

A

ഞാൻ വളർന്ന മുംബൈ കവികളുടെ കാര്യത്തിൽ വളരെ സജീവമായ നഗരമായിരുന്നു. അതിനെക്കുറിച്ചു ഞാൻ ബോധവതിയായിരുന്നില്ല എന്നുമാത്രം. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, കവി എന്ന നിലയിൽ നിങ്ങളുടെ സ്വരം കേൾപ്പിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ താൻ ഒറ്റയ്ക്കാണെന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടാകും. ഭാഗ്യത്തിന് പൊയട്രി സർക്കിൾ എന്ന യുവകവികളുടെ ഒരു സംഘം എണ്‍പതുകളിലും തൊണ്ണൂറുകളിലും എനിക്കാവശ്യമായിരുന്ന ഒരു അഡ്ഡ (സങ്കേതം) ആയിരുന്നു.

എന്റെ യാത്രയിൽ എന്നെ പ്രോത്സാഹിപ്പിച്ച മറ്റു പലരോടും എനിക്കു നന്ദിയുണ്ട്. നിസിം (എസെക്കിയെൽ) എനിക്കൊരു മാർഗ്ഗദർശിയായിരുന്നു. പില്‍ക്കാലത്ത് മറ്റു പല കവികളും ഗീവ് (പട്ടേൽ), കേകി (ദാരുവാല), അദിൽ (ജൂസാവാല), ഇംതിയാസ് (ധാർക്കർ) എന്റെ സുഹൃത്തുക്കളായി. എന്റെ ജീവിതത്തിൽ അവരുടെ സാന്നിദ്ധ്യത്തിനു ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നു.

അതേസമയം, ഒരു കവിയാവുക എന്നാൽ, ഒരു സംഘഗാനത്തിൽ തന്റെ സ്വരംകൂടി കേൾപ്പിക്കുക എന്നല്ല, സ്വന്തം സ്വരം വേറിട്ടു കേൾപ്പിക്കുക എന്നാണ്. നിങ്ങൾ സൂചിപ്പിച്ച കവികൾ എല്ലാംതന്നെ തങ്ങളുടേതായ വഴികളിലൂടെ യാത്ര ചെയ്യുന്ന കരുത്തരായ, വ്യതിരിക്തരായ വ്യക്തികളായിരുന്നു. അവരുടെ കൂട്ടായ സാന്നിദ്ധ്യം അതിസജീവമായ ഒരരങ്ങുമായിരുന്നു. എന്നാൽ, ഒരു ക്ലബ്ബിലെ അംഗത്വത്തിനല്ല ഞാൻ നോക്കുന്നതെന്ന് എനിക്കെന്നും ബോദ്ധ്യമുണ്ടായിരുന്നു. തുടക്കക്കാരനായ കവി എന്ന നിലയിൽ നിങ്ങൾ ആദ്യം അബോധപൂർവ്വമായി അനുകരിക്കാൻ ശ്രമിക്കും, പിന്നെ പൊരുത്തപ്പെടാൻ നോക്കും. പിന്നെ നിങ്ങൾ കഴിയുന്നത്ര ‘വ്യത്യസ്ത’യാകാൻ ശ്രമിക്കും. ക്രമേണ, നിങ്ങളുടെ അഭ്യാസം ഉറയ്ക്കുന്ന മുറയ്ക്ക്, നിങ്ങൾ കൂടുതൽ കൂടുതലായി നിങ്ങളിലേക്കുതന്നെ വളരും, ഉൾപ്പെടുകയോ ഉൾപ്പെടാതിരിക്കുകയോ ചെയ്യുന്നതിൽ നിങ്ങൾ ഉദാസീനനാവുകയും ചെയ്യും. അപ്പോഴാണ് നിങ്ങൾക്കു ബോദ്ധ്യമാവുക, ഒരേയൊരു വംശവൃക്ഷത്തിലെ മറ്റൊരു ചില്ല മാത്രമായേക്കാം താനെന്ന്!

അങ്ങനെ, മുംബൈയ്ക്കു പുറത്താണ് ഞാൻ അധികവുമെങ്കിലും, എന്റെ ആത്മീയാന്വേഷണം കാരണം എന്റെ ജീവിതവും രചനയും മറ്റൊരു ദിശയിലേക്കു തിരിഞ്ഞുവെങ്കിലും ‘ബോംബേ കവി’ എന്ന വിശേഷണം എന്നെ പിരിയാതെ നില്‍ക്കുന്നു. അതങ്ങനെത്തന്നെയാണ് വേണ്ടതെന്നുമാവാം. കവിയാകാൻ ഞാൻ പഠിച്ചതും പരിശീലിച്ചതും കവിയായി ഞാൻ എന്നെത്തന്നെ കണ്ടെത്തിയതും മുംബൈ നഗരത്തിൽ വെച്ചാണ്. എന്നെ മൗലികമായി രൂപപ്പെടുത്തിയത് ഈ നഗരമാണ്.

Q

‘തങ്ങളെത്തന്നെ ഉടയാടയാക്കിയ പെണ്ണുങ്ങൾ’ ആത്മീയ യാത്രയിലേയ്ക്കിറങ്ങിയ നാലു സ്ത്രീകളുമായുള്ള സംഭാഷണങ്ങളാണല്ലോ. നിങ്ങളേയും ഞാൻ ഒരു ആത്മീയ സഞ്ചാരിയായിട്ടാണ് കാണുന്നത്; എനിക്കു നിങ്ങളുടെ ആ യാത്രയെക്കുറിച്ചു കേൾക്കാൻ കൗതുകവുമുണ്ട്?

A

ഇതല്പം കനത്ത ഒരു ചോദ്യമാണ്, ഭാവിയിൽ ഞാൻ ഇതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയെന്നു വരാം. തല്‍ക്കാലം ഞാൻ ഇത്രയും പറയാം: ഒരു കൂട്ടം ചോദ്യങ്ങളുമായാണ് ആ പുസ്തകം തുടങ്ങിയത്: സ്ത്രീകളുടെ ആത്മീയാന്വേഷണം ആളുകൾ അവകാശപ്പെടുമ്പോലെ അത്ര ലിംഗനിരപേക്ഷമാണോ? എല്ലാ ആത്മീയ പാരമ്പര്യങ്ങളും വിശ്വാസികളിൽ നിന്നാവശ്യപ്പെടുന്ന ആ ‘സമർപ്പണ’ത്തെ സ്ത്രീകൾ എങ്ങനെയാണ് കാണുന്നത്? ആത്മാർപ്പണത്തേയും അടിമപ്പെടലിനേയും അവർ എങ്ങനെയാ തിരിച്ചറിയുന്നത്? ഭക്തയെ ചവിട്ടുമെത്തയിൽനിന്നു മാറ്റിനിർത്തുന്നതെന്താണ്, ദേവതയെ സ്വേച്ഛാധിപതിയിൽനിന്നും? ഗുരുശിഷ്യബന്ധത്തിൽ അധികാരത്തിന്റെ പങ്ക് എത്രത്തോളമാണ്? അതിനൊക്കെപ്പുറമേ, ഈ അന്വേഷകരെല്ലാം ഒറ്റപ്പെടലിനെ, പൊതുസമൂഹത്തിനു തങ്ങളെ മനസ്സിലാക്കാൻ പറ്റാതെവരുന്നതിനെ, തൊട്ടറിയാവുന്ന ഒരു പ്രതിഫലമില്ലാത്തതിനെ എങ്ങനെയാണ് നേരിടുക, സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും പതിന്മടങ്ങാവുന്ന അനുഭവങ്ങളെ?

ഈ ചോദ്യങ്ങളിൽ ചിലതിലൂടെ എനിക്കു കടന്നുപോകേണ്ടി വന്നിരുന്നു. ദേശഭ്രഷ്ടയായി സ്വയം തോന്നിയ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ദിശാസൂചകങ്ങൾ ഒന്നുമില്ലാത്ത പ്രക്ഷുബ്ധഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ അനുഭവങ്ങളിലൂടൊക്കെ കടന്നുപോയിട്ടുള്ള മറ്റന്വേഷകർ ഉണ്ടെന്നറിയുന്നത് എനിക്കൊരു തുണയാകുമായിരുന്നു. അവരിൽ നല്ലൊരു പങ്ക് സ്ത്രീകളാണെന്ന അറിവ് എന്നെ സഹായിക്കുമായിരുന്നു.

അങ്ങനെയാണ് ‘Wild Women’ ഉണ്ടായിവന്നത്. അങ്ങനെയാണ് ‘തങ്ങളെത്തന്നെ ഉടയാടയാക്കിയ പെണ്ണുങ്ങൾ’ ഉണ്ടായത്. ഈ പുസ്തകങ്ങൾ എനിക്ക്, നാം ഒറ്റയ്ക്കല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലുകളാണ്. മറ്റു ചിലർ ഇതേ വഴിയിലൂടെ യാത്ര ചെയ്തിട്ടുണ്ട്; ഈ യാത്ര എങ്ങനെ ചെയ്യണമെന്നതിനു സഹായകമായി അവർ സൂചനകളും വഴിയടയാളങ്ങളും വിട്ടുപോയിട്ടുണ്ട്. അവരെ നമ്മുടെ പൂർവ്വഗാമികളും സഹയാത്രികരുമാക്കിയാൽ നമുക്കു നമ്മുടെ യാത്ര തുടരുകയും ചെയ്യാം, പണ്ടത്തെയത്രയും അന്ധാളിപ്പില്ലാതെ, ധൈര്യത്തോടെ, പ്രത്യാശയോടെ നാം ഒറ്റയ്ക്കല്ലെന്ന ബോധത്തോടെ.

Q

നിങ്ങൾ സ്വയം കാണുന്നത് ഒന്നാമതായി ഒരു കവിയായിട്ടും പിന്നെ ഒരു ഗദ്യമെഴുത്തുകാരിയുമായിട്ടാണെന്ന് ഞാൻ കരുതുന്നു. കവിതയെഴുതാനും ഗദ്യമെഴുതാനും രണ്ടുതരം വൈദഗ്ദ്ധ്യമാണല്ലോ വേണ്ടത്. ലളിതമാക്കിപ്പറഞ്ഞാൽ ആദ്യത്തേത് കൂടുതൽ ആലങ്കാരികവും രണ്ടാമത്തേത് കൂടുതൽ കൃത്യതയുള്ളതുമാണ് എന്നുവേണമെങ്കിൽ പറയാം. രണ്ടും നിങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നതു കാണുന്നു. സ്വന്തം എഴുത്തുരീതിയെക്കുറിച്ച് എന്തെങ്കിലുമൊന്നു പറയാമോ?

A

അതെ, കവിതയാണ് പ്രഥമം. ഞാനതിനെ കാണുന്നത് അവനവനോടുള്ള ഹ്രസ്വവും തീക്ഷ്ണവുമായ ഒരു സന്ദേശമായിട്ടാണ്, പേജും ആകാശവും തമ്മിൽ, ഗുരുത്വവും ലാഘവവും തമ്മിൽ ഒരു തുടർക്കുറി. ഗദ്യം കൂടുതൽ തിരശ്ചീനമാണ്. അതു മനസ്സിലാക്കപ്പെടാനുള്ളതാണ്, സമഗ്രചിത്രം നല്‍കാനുള്ളതാണ്; നിങ്ങളുടെ നടത്തയിൽ അതു കൂടെ നടക്കുന്നു, നിങ്ങളോട് എടുത്തുചാടാൻ പറയുകയല്ല. രണ്ടും ഓരോ തരത്തിലുള്ള ആഭിചാരമാണ്. എന്നാൽ, ഗദ്യമാണ് പകൽവെളിച്ചത്തിന്റെ പ്രവൃത്തി. കവിത ക്ലീഷേ ആണെങ്കിലും സത്യമാണ്. രാത്രിയുടേതും. ഗദ്യം സ്വർണ്ണപ്പണി എന്നതിനെക്കാൾ മരപ്പണിയാണെന്നു വേണമെങ്കിൽ പറയാം. ഞാൻ മുന്‍പെവിടെയോ പറഞ്ഞിട്ടുള്ളപോലെ, കവിതയുടെ പണിയായുധങ്ങൾ അറുക്കവാളും ചുറ്റികയും പവർ ഡ്രില്ലുമൊന്നുമല്ല! സൂക്ഷ്മോപകരണങ്ങളാണ് അതിനു വേണ്ടത്. ഇതൊക്കെ പക്ഷേ, സാമാന്യവല്‍ക്കരണങ്ങളാണ്. കവിതയിലും ഉരുക്കുണ്ട്; പുറമേ കാണുന്നപോലെ തൊട്ടാൽ പൊട്ടുന്നതാവണമെന്നില്ല അത്.

Q

എഴുത്തിനിടെ കടമ്പകൾ കടക്കേണ്ടതായി വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ എന്തൊക്കെയായിരുന്നു? എങ്ങനെയാണവ തരണം ചെയ്തത്?

A

തിരഞ്ഞെടുപ്പുകൾ എന്തായാലും വേണ്ടിവരും, സീന. അവ ആവർത്തിക്കുകയും ചെയ്യും. ചിലപ്പോൾ പണത്തിനും കലയ്ക്കുമിടയിൽ. ചിലപ്പോൾ ജീവിതത്തിനും കലയ്ക്കുമിടയിൽ. ചിലപ്പോൾ സാമൂഹികമായ കടമയ്ക്കും കലയ്ക്കുമിടയിൽ. ചിലപ്പോൾ അന്നേരത്തെ രാഷ്ട്രീയ വിവേകത്തിനും കലയ്ക്കുമിടയിൽ. അല്ലെങ്കിൽ സാംസ്കാരികമായ ഫാഷനും കലയ്ക്കുമിടയിൽ. ചിലപ്പോഴൊക്കെ സ്വന്തം ഭീതി, ഏകാഗ്രതയില്ലായ്മ, ആലസ്യം ഇവയിലൊന്നിനും കലയ്ക്കുമിടയിൽ. ഇതിനൊക്കെയിടയിലൂടെ നാം പിന്നെയും പിന്നെയും തുഴഞ്ഞുപോകേണ്ടിവരും. പില്‍ക്കാലത്ത്, തിരിഞ്ഞുനോക്കുമ്പോഴാണ് നിങ്ങൾക്കു ബോദ്ധ്യമാവുക, നിങ്ങളുടെ ഏറ്റവും ചെറിയ തിരഞ്ഞെടുപ്പു പോലും സുപ്രധാനമായിരുന്നുവെന്ന്.

ജീവിതം ദുസ്സഹവും ദുരിതപൂർണ്ണവുമായിരുന്ന കാലങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ എഴുത്ത് ദുഷ്‌കരവുമായിരുന്നു. ആത്മീയമായ ഊഷരത കാരണം എഴുത്തു നടക്കാതെവന്ന കാലങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, കവിതയെ സംബന്ധിച്ച നല്ല കാര്യം, നിങ്ങൾ എഴുതുന്നത് നിങ്ങൾക്കതു വേണ്ടതുകൊണ്ടാണ് എന്നതാണ്, അല്ലാതെ ആരെങ്കിലും നിർബ്ബന്ധിക്കുന്നതുകൊണ്ടല്ല. നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങളുടെ സ്വന്തമാണ്.

ഭാഷയ്ക്കു ചുറ്റും കറങ്ങിനടക്കുമ്പോഴാണ്, വെറുതെ വാക്കുകളും തട്ടിക്കളിച്ചു നടക്കുമ്പോഴാണ് എനിക്കു കൂടുതൽ ഊർജ്ജം തോന്നിയിട്ടുള്ളതെന്നു ഞാൻ സമ്മതിക്കുന്നു. അന്നേരങ്ങളിൽ കാലം എനിക്കു നിശ്ചലമായി നില്‍ക്കുകയാണ്. കൂടുതൽ ഞാനായിക്കൊണ്ടാണ് അതിൽനിന്നു ഞാൻ പുറത്തുവരിക. ആത്മവിസ്മൃതിയുടേയും സ്വയം വീണ്ടെടുക്കലിന്റേയും ആ ചൂളയിലേക്കു മടങ്ങാൻ ഒരു പ്രചോദനമാവുകയുമാണത്. സർഗ്ഗാത്മകമായ പ്രവൃത്തിയെ ഞാൻ കാണുന്നത് അങ്ങനെയാണ്.

Q

കവികളുടെ കൂട്ടത്തിൽ ആരാധനാപാത്രങ്ങളായി ചിലരെങ്കിലും ഉണ്ടാവുമെന്ന് എനിക്കുറപ്പാണ്. ആരൊക്കെയാണവർ, എന്തുകൊണ്ട് അവർ?

A

ആരാധനാപാത്രങ്ങൾ എന്നു പറയാനില്ലെങ്കിലും ഞാൻ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന കവികൾ ഉണ്ട്. ബാഷോ മുതൽ റില്‍ക്കേ വരെ, കബീർ മുതൽ കീറ്റ്‌സ് വരെ, അന്ന അഹ്മത്തോവ മുതൽ ആഡ്രിയെൻ റിച്ച് വരെയുമുള്ളവർ, പിന്നെയും പലരും. എനിക്കു വ്യക്തിപരമായി പരിചയമുള്ളവരിൽ നിസിം എസെക്കിയെൽ എനിക്കു വളരെ പ്രധാനപ്പെട്ട കവിയായിരുന്നു, എന്റെ മാർഗ്ഗദർശിയായിരുന്നു അദ്ദേഹം എന്നതു കാരണം. പ്രോത്സാഹനവും പക്ഷം പിടിക്കാത്ത ഫീഡ്ബായ്ക്കും അദ്ദേഹമെനിക്കു നല്‍കിയിട്ടുണ്ട്. എന്നാൽ, എന്നെ നന്നാക്കാൻ വ്രതമെടുത്തു നടക്കുന്നയാളായിരുന്നില്ല അദ്ദേഹം; അതുപോലെ സ്വന്തം പ്രതിരൂപത്തിൽ എന്നെ വാർത്തെടുക്കാനും ശ്രമിച്ചിട്ടില്ല. നമുക്കു വഴി കാണിക്കാൻ വരുന്ന പലരും ഒടുവിൽ സ്വന്തം വഴിക്കു നമ്മെ ആട്ടിത്തെളിക്കുന്നവരായി മാറാറുണ്ടല്ലോ. അദ്ദേഹം അങ്ങനെയൊരാൾ ആയിരുന്നില്ല. പിന്നെ ജോൺ ബേൺസൈഡ് എന്ന, ഇക്കൊല്ലം മരിച്ച സ്‌കോട്ടിഷ് കവി. ഞങ്ങൾ തമ്മിൽകാണുന്നത് 2003-ലാണ്; അതില്‍പ്പിന്നെ ഞങ്ങൾ നിരന്തരം ഇമെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. അകലെയിരുന്നുകൊണ്ട് എന്നെ പ്രചോദിപ്പിച്ച മ്യൂസ് ആയിരുന്നു അദ്ദേഹം; അദ്ദേഹത്തിന്റെ രചനകൾ എന്നെ ഓർമ്മിപ്പിച്ചത് കവിതയിൽ ഞാൻ സ്നേഹിക്കുന്ന, സംഗീതത്തിന്റേയും ധ്യാനാത്മകതയുടേയും ആ മിശ്രിതമായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയവിശാലതയും അസാധാരണമായിരുന്നു. സാംസ്കാരികലോകം ദയാരഹിതവുമാവാം; അതിനാൽ അദ്ദേഹത്തിന്റെ ഊഷ്മളതയും പിന്തുണയും ഊർജ്ജദായകമായിരുന്നു; അതുപോലെത്തന്നെ, അദ്ദേഹത്തിന്റെ കവിതയുടെ ലിറിക്കൽ സൗന്ദര്യവും.

എ.കെ. രാമാനുജനും (കവിയും വിവർത്തകനും എന്ന നിലയിൽ) അരുൺ കൊലാത്കറും കാലംകൊണ്ട് എനിക്കു പ്രാധാന്യമുള്ളവരായി മാറിയതാണ്. അവർ ഒരിക്കലും എനിക്കകലെയല്ല; അവരുടെ പുസ്തകങ്ങൾ എപ്പോഴും എന്റെ കയ്യകലത്തുണ്ട്. കേകി ദാരുവാല മറ്റൊരു മുതിർന്ന സുഹൃത്തും സഖ്യകക്ഷിയുമാണ്; ഞങ്ങളുടെ കാവ്യരീതികൾ വ്യത്യസ്തമാണെങ്കിലും കവിതയിൽ ഞാനെന്താണോ ചെയ്യാൻ ശ്രമിക്കുന്നത്, അതിനെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ അദ്ദേഹം.

പിന്നെ തീർച്ചയായും ഓരോ കാലത്തും ജീവിച്ചിരുന്ന മിസ്റ്റിക് കവികൾ. നമ്മാൾവാർ, തുക്കാറാം, കബീർ, ഹാഫിസ്, അക്ക മഹാദേവി, കാരൈക്കൽ അമ്മയാർ, ജനാബായ്, അങ്ങനെ എത്രയോ പേർ. എന്റെ ജീവിതത്തിൽ ചെറിയൊരു പ്രക്ഷുബ്ധതയുണ്ടായ കാലത്ത് പത്താം നൂറ്റാണ്ടിലെ നമ്മാൾവാരുടെ രാമാനുജൻ വിവർത്തനം വീണ്ടും വായിച്ചത് ഞാൻ ഓർക്കുന്നു. അപ്പോൾ ഞാനനുഭവിച്ച ആനന്ദാതിരേകവും ഓർക്കുന്നു. അത്രയും ഏകാകിയല്ല ഞാനെന്ന തോന്നൽ എനിക്കുണ്ടായത് ഞാനോർക്കുന്നു. എന്റെയൊപ്പം നടക്കാൻ മരിച്ചുപോയ ഒരു കൂട്ടം കവികളുണ്ടെന്ന അറിവുകൊണ്ടുതന്നെ ലോകമെനിക്കു സഹനീയമായി!

Q

ഒരു സാങ്കല്പിക ചോദ്യം- ഒരു കവിയുമായി (മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ) യാത്ര ചെയ്യാനുള്ള വരം കിട്ടിയാൽ ഏതു കവിയെയാണ് തിരഞ്ഞെടുക്കുക, എന്തുകൊണ്ട്?

A

അവ്വയാർ. എട്ടാം നൂറ്റാണ്ടിലെ വൃദ്ധയായ ഈ തമിഴ് കവി എന്നെ വല്ലാതെ ആകർഷിക്കുന്നു. വ്യത്യസ്തമായ കാലങ്ങളിൽ വ്യത്യസ്തരായ അവ്വയാർമാരുണ്ട്. അതിനാൽ പല ശബ്ദങ്ങളുടെ ഒരു ചേരുവയാണവർ. ചിലപ്പോൾ അവർ പ്രതിനിധാനം ചെയ്യുന്നത് ഒരു മുത്തശ്ശിയുടെ നാട്ടറിവിനെയാണ്. ചിലപ്പോഴവർ ഒരവധൂതകവിയായിരിക്കും. ചിലപ്പോൾ ഒരു മിസ്റ്റിക്, ആത്മീയതയുടെ മറുകര കണ്ടവൾ. Wild Women-നുവേണ്ടി ഞാൻ അവരുടെ ചില കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. Love without a Story എന്ന എന്റെ അവസാനത്തെ പുസ്തകത്തിൽ അവരെക്കുറിച്ച് ഒരു കവിതാപരമ്പര തന്നെ ഞാൻ എഴുതി. എനിക്കവരോടുള്ള ഭ്രമം തീർന്നിട്ടില്ല എന്നാണെന്റെ തോന്നൽ.

Q

“അയാളെപ്പോലെ എഴുതാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ” എന്നു തോന്നിയ ഒരു കവിയുണ്ടോ? വായിച്ചിട്ട് “ഇതു ഞാനെഴുതിയതായിരുന്നെങ്കിൽ” എന്നു തോന്നിയ ഒരു കവിതയും?

A

ജോൺ ബേൺസൈഡിന്റെ Asylum Dance, The Light Trap എന്നിവ വായിച്ചിട്ട് അങ്ങനെ തോന്നിയിരുന്നതു ഞാൻ ഓർക്കുന്നു. കുറച്ചുകൂടി ചെറുപ്പത്തിൽ അരുൺ കോലാത്ക്കറിന്റെ ‘ജെജൂരി’ വായിച്ചപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. റൂമിയെ, നമ്മാൾവാരെയൊക്കെ വായിക്കുമ്പോൾ എനിക്കിപ്പോഴും അങ്ങനെ തോന്നാറുണ്ട്. എന്നാൽ, ഏതനുഭവത്തിലേക്കാണോ അവർ കൈചൂണ്ടുന്നത്, അതിനോടാണ് എന്റെ അസൂയയെന്നും വരാം.

Q

എഴുതിത്തുടങ്ങിയ കവികൾക്കായി എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ?

A

കണ്ടമാനം വായിക്കുക. ഗഹനമായി വായിക്കുക. വിശാലഹൃദയത്തോടെ വായിക്കുക. കവിതയെഴുത്തുപോലെത്തന്നെ പ്രധാനമാണ് കവിതവായനയും. ശ്രദ്ധിച്ചു കേൾക്കുക. ആശ്ചര്യങ്ങൾക്കു തയ്യാറായിരിക്കുക. വാക്കുകൾ ലാഘവത്തോടെ ഉപയോഗിക്കരുത്. അവയെ ആസ്വദിക്കുക. ഇടവേളകളെടുക്കുക. എഴുതിത്തീർക്കാൻ തിടുക്കം കാണിക്കരുത്.

Q

കവിയായിരിക്കാൻ വ്യക്തിപരമായതെന്തെങ്കിലും ബലി കഴിക്കേണ്ടിവരുന്നുണ്ടോ?

A

വാക്കുകൾ അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്നതുകൊണ്ടല്ല നിങ്ങൾ കവിത എഴുതുന്നത്. അതിന് ഒരു ജീവിതം തന്നെ നിങ്ങൾ ഈടായിക്കൊടുക്കണം. ഭാഷയുമായി, അവനവനുമായി ഉള്ളിലേക്കിറങ്ങിയുള്ള, ബലം പിടിച്ചുള്ള ഒരിടപാടാണത്. പിന്നെ, എഴുത്തിനെ ആല്‍ക്കെമിയായിട്ടാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ എന്നെങ്കിലുമൊരിക്കൽ നിങ്ങളുടെ കൈ പൊള്ളാതെയും വയ്യ!’90-കളിൽ ഞാൻ എഴുത്തിലേക്കു കടന്നുവരുമ്പോൾ കവിതയിൽനിന്നു പണമോ പ്രശസ്തിയോ കിട്ടാൻ പോകുന്നില്ലെന്ന് എനിക്കു വ്യക്തമായിരുന്നു. ലോകശ്രദ്ധ അക്കാലത്ത് ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യൻ ഫിക്‌ഷനിൽ ആയിരുന്നു, കവിതയിൽ ആയിരുന്നില്ല. കവിതയ്ക്കു പ്രസാധകർ വിരളം, റോയല്‍റ്റി ചെക്കും വിരളം. കവിതയ്ക്കു കൊടുക്കേണ്ടിവരുന്ന വില അദൃശ്യതയും ദാരിദ്ര്യവുമായിരുന്നു. ടൈംസ് ഓഫ് ഇൻഡ്യയിൽ വന്ന ഒരു ലേഖനവും ഞാൻഓർമ്മിക്കുന്നു: നോവലിസ്റ്റുകളെ അപേക്ഷിച്ച് കവികൾക്ക് ആയുസ്സു കുറവാണെന്ന് ഒരു സർവ്വേയിൽ തെളിഞ്ഞുവത്രെ! എങ്ങനെ നോക്കിയാലും ശരിക്കും ഭാഗ്യദോഷികളായിരുന്നു ഞങ്ങൾ, കവികൾ. അതിനെന്താ, നിങ്ങൾ കവിതയെഴുതുന്നത് നിങ്ങൾക്കതെഴുതിയേ പറ്റൂ എന്നതുകൊണ്ടാണ്. തൊണ്ടയിലെ ആ കുരുക്കുമായി നിങ്ങൾക്കിനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്നു വരുമ്പോഴാണ്. നാടകീയമായി തോന്നാമെങ്കിലും സത്യമാണത്. നിങ്ങൾക്കു കൊടുക്കേണ്ട വില ജീവിതമാണ്. അതിനു പ്രതിഫലവും ജീവിതമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.