''പലതരം ഭാഷകള്‍, പലതരം മനുഷ്യര്‍, നൃത്തങ്ങള്‍, പാട്ടുകള്‍. എഡിന്‍ബറോ എന്ന അത്ഭുതം''

ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധങ്ങളാണ് എഡിന്‍ബറോയ്ക്ക് രാജകീയ പരിവേഷം നല്‍കിയത്. സ്‌കോട്ടിഷ് സര്‍ക്കാര്‍ ആസ്ഥാനം, പാര്‍ലമെന്റ്, രാജ്യത്തെ സമുന്നത കോടതികള്‍, ബ്രിട്ടീഷ് രാജാവിന്റെ സ്‌കോട്ട്ലാന്റിലെ വസതി, ചര്‍ച്ച് ഓഫ് സ്‌കോട്ട്ലാന്റിന്റെ ജനറല്‍ അസംബ്ലിയുടെ ആസ്ഥാനം തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് എഡിന്‍ബറോ.
Adam smith
എഡിന്‍ബറോയിലെ ആഡം സ്മിത്ത് പ്രതിമ
Published on
Updated on

റുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ആഡംസ്മിത്ത് എന്ന മനുഷ്യനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. സാമൂഹികശാസ്ത്രം പഠിക്കുമ്പോള്‍ പലരുടേയും പേരുകളും സിദ്ധാന്തങ്ങളും മിക്കപ്പോഴും യാതൊരു പ്രാധാന്യവുമറിയാതെ പഠിക്കും. 1963-ല്‍ മധുരയിലെ ഗാന്ധി ഗ്രാം റൂറല്‍ യൂണിവേഴ്സിറ്റിയിലെ ബിരുദ ക്ലാസ്സിന്റെ തുടക്കത്തില്‍ കേട്ടതായിരുന്നു ആഡംസ്മിത്തിനെക്കുറിച്ച്. പ്രഗത്ഭനായ ധനശാസ്ത്ര പ്രൊഫസര്‍ ആര്‍. സുബ്രഹ്മണ്യന്‍, ചിന്തേരിട്ട ഇംഗ്ലീഷില്‍, സ്വതന്ത്ര വിപണിയെ ആധാരമാക്കി അര്‍ത്ഥശാസ്ത്രം മെനഞ്ഞ സ്‌കോട്ടിഷ് ധനശാസ്ത്ര ഫിലോസഫറെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍, കേള്‍വി വിരസമായിരുന്നു. പദങ്ങളും സംജ്ഞകളും ഒന്നും മനസ്സിലാവുന്നില്ല. അതൊക്കെ കഴിഞ്ഞ് അറുപത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ്, പിന്നീട് എന്റെ മനസ്സില്‍ മഹാരൂപിയായി വളര്‍ന്ന ആഡംസ്മിത്തിന്റെ നാട്ടിലെത്തിയത്-സ്‌കോട്ട്ലാന്റിന്റെ തലസ്ഥാനമായ എഡിന്‍ബറോയില്‍. ആകസ്മികമെന്നു പറയാം, അത് ആഡംസ്മിത്തിന്റെ മുന്നൂറാം ജന്മവാര്‍ഷികമായിരുന്നു. ക്ലാസ്സിക്കല്‍ ധനശാസ്ത്രം മുതല്‍ നിയോലിബറല്‍ വര്‍ത്തമാനകാലം വരെയുള്ള പരന്ന അര്‍ത്ഥശാസ്ത്രഗണനകളില്‍ സ്മിത്ത് മഹാസാന്നിധ്യമായിരുന്നു. അദ്ദേഹത്തെ എതിര്‍ത്തവരും പൂര്‍ണ്ണമായും പിന്തുണച്ചവരും ഏറെയായിരുന്നു. എന്നാല്‍, എല്ലാ പഠനങ്ങളുടേയും ആധാരം സ്മിത്തിന്റെ അന്വേഷണങ്ങളായിരുന്നു. മാല്‍ത്തേസ്, റിക്കാഡോ മുതല്‍ 'ധനശാസ്ത്ര ഭീകരവാദി' എന്നു അപഹസിക്കപ്പെട്ട മില്‍റ്റണ്‍ ഫ്രീഡ്മാന്‍വരെ എല്ലാവരും ഏറിയും കുറഞ്ഞും 'സ്മിത്തിയന്‍'മാരായിരുന്നു. ഞാനെത്തിയ ദിവസം എഡിന്‍ബറോ അനിതരമായൊരു ആഘോഷത്തിന്റെ നിറഞ്ഞു തുളുമ്പലിലായിരുന്നു. എഡിന്‍ബറോ, അന്താരാഷ്ട്ര ഫെസ്റ്റിവലിന്റെ ഓളത്തിലായിരുന്നു പ്രധാന തെരുവ്.

ഞാനെത്തിയ ദിവസം എഡിന്‍ബറോ അനിതരമായൊരു ആഘോഷത്തിന്റെ നിറഞ്ഞു തുളുമ്പലിലായിരുന്നു. എഡിന്‍ബറോ, അന്താരാഷ്ട്ര ഫെസ്റ്റിവലിന്റെ ഓളത്തിലായിരുന്നു പ്രധാന തെരുവ്.
Edingnbero
എഡിന്‍ബറോ

കലയും സൗന്ദര്യവും

പഠനകാലത്തും അദ്ധ്യാപനകാലത്തും എന്റെ വിഷയമായിരുന്ന ധനശാസ്ത്രത്തിന്റെ പിതാവിന്റെ സ്ഥലം സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമെത്തിയ ഞാന്‍, എഡിന്‍ബറോവിന്റെ ആഢ്യത്തത്തിലും വര്‍ണ്ണാഘോഷ ഗരിമയിലും മോഹിതനായിപ്പോയി. അവിടെ എഡിന്‍ബറോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ കാലമായതിനാല്‍, ലോകത്തിന്റെ തന്നെ വലിയൊരു പരിച്ഛേദം അവിടെയുണ്ടായിരുന്നു. ഞങ്ങളെത്തിയപ്പോള്‍ ഗ്രാന്റ് സ്ട്രീറ്റില്‍, ഒരുവക എല്ലാ രാജ്യത്തുനിന്നും ഉള്ളവരുണ്ടായിരുന്നു. പാട്ടും ഡാന്‍സും വേഷം കെട്ടലുമായി മനുഷ്യര്‍, ജീവിതം ആഘോഷമായി കൊണ്ടാടുന്നു. തെരുവോരങ്ങളില്‍ ചിലര്‍ പാട്ടുപാടി പണമുണ്ടാക്കുന്നു. പബ്ബുകളും റസ്റ്റോറന്റുകളും നിറഞ്ഞുതുളുമ്പി. കലയുടേയും സൗന്ദര്യത്തിന്റേയും പ്രവാഹം.

അതിന്റെ ഒഴുക്കില്‍ ഓരം പറ്റി നടന്നപ്പോള്‍ ഞാനെത്തിയത്, തെരുവിന്റെ നടുക്ക് ഒരു കൂറ്റന്‍ സ്റ്റാച്ച്യുവിന്റെ മുന്നിലായിരുന്നു. ആഡംസ്മിത്തിന്റെ പ്രതിമ. ഞാന്‍ കുറേ നേരം അതിലേയ്ക്കു നോക്കിനിന്നു. ഏതാണ്ട് അറുപതാണ്ടുകള്‍ക്കു മുന്‍പ്, ധനശാസ്ത്രത്തില്‍ ഞാന്‍ വിദ്യാരംഭം കുറിച്ച ആഡംസ്മിത്ത്, പഠിപ്പിച്ച് ഞാന്‍ ഉപജീവനം കഴിച്ച, ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്‍. പക്ഷേ, മനസ്സില്‍ വന്നത് അതല്ല. ഒരു നാടിന്റെ തലസ്ഥാനത്ത്, ഇത്രയും രാജകീയ പ്രൗഢികളും ബന്ധങ്ങളുമുള്ള ഒരു വശ്യനഗരത്തില്‍, പ്രധാന തെരുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്രതിമ ഒരു ധനശാസ്ത്ര പ്രൊഫസറുടേതാണെന്നറിഞ്ഞപ്പോള്‍, ഞാന്‍ അത്ഭുതപ്പെട്ടു. അങ്ങനെയൊരു ബഹുമതി ഇവിടെ, ഒരദ്ധ്യാപകന് ഊഹിക്കാനാവില്ല. ആ തെരുവിനെ രണ്ടായി വിഭജിക്കുന്നത് സ്മിത്തിന്റെ പ്രതിമയാണ്. ധനശാസ്ത്ര ചിന്തകളെ രണ്ടായി വിഭജിച്ചതും അദ്ദേഹത്തിന്റെ സിദ്ധാന്തമായിരുന്നു. വിപണി ധനശാസ്ത്രവും തൊഴില്‍ ഡിവിഷനും തത്ത്വശാസ്ത്രവും ധാര്‍മ്മികശാസ്ത്ര പഠനങ്ങളുമായി അദ്ദേഹം, തന്റെ വിചിത്രമായ അന്വേഷണ ഭൂമികയിലൂടെ, ഇന്നുവരെയുള്ള പഠനങ്ങളുടേയും സംവാദങ്ങളുടേയും ഗതി നിര്‍ണ്ണയിച്ചു. പില്‍ക്കാലത്തെ മാര്‍ക്‌സിയന്‍ പഠനങ്ങളുടെ ഒരു വന്‍ പ്രതലം ഇതിനെതിരായി നിന്നു. 1960-കളിലെ സ്മിത്തിയന്‍ പഠനാരംഭത്തിനുശേഷം, അദ്ദേഹത്തെ ഏറെ പിന്‍തുടര്‍ന്നു പഠിച്ചു. കുറേ എതിര്‍പ്പുകളുടെ സിദ്ധാന്തങ്ങളും പഠനഭാഗമായിരുന്നു. അതൊന്നുമായിരുന്നില്ല, ആ തെരുവിലെ പ്രതിമയ്ക്കു മുന്‍പില്‍, ഒരു ഉച്ചനേരത്ത് നിന്നപ്പോള്‍ ഞാനോര്‍ത്തത്. ഒരു സാമൂഹികശാസ്ത്രത്തിന്റെ പിതാവിനെ, ഒരു തലസ്ഥാന നഗരിയുടെ പ്രധാന ആകര്‍ഷണമാക്കി മാറ്റിയ, ഒരു നാടിന്റെ സംസ്‌കാരമായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത്. പ്രതിമ തലയുയര്‍ത്തിനില്‍ക്കുന്ന തെരുവില്‍ താഴോട്ടിറങ്ങിയാല്‍, നടത്തത്തിനൊടുവില്‍ നാമൊരു പള്ളിയിലെത്തുന്നു. അവിടം മുഴുവനും റോഡില്‍ ആഡംസ്മിത്തെന്നു മുദ്രണം ചെയ്ത വട്ടത്തിലുള്ള ലോഹമുദ്രകളുണ്ട്. ഒരുപക്ഷേ, അതില്‍ പിന്നീട് ആര്‍ക്കും കിട്ടിയിട്ടില്ലാത്ത ബഹുമതി. ഒരു സാധാരണ സെമിത്തേരി.

കുറേ ഉള്ളിലേയ്ക്കു പോയപ്പോള്‍ ചുറ്റും ഗ്രില്ലിട്ട ഒരു ശവകുടീരം-ആഡംസ്മിത്തിന്റേത്. കുറേനേരം ഒട്ടും അലംകൃതമല്ലാത്ത ആ സ്ഥലത്ത് ചുറ്റിപ്പറ്റി നിന്നപ്പോള്‍, പോയകാലത്ത് നടത്തിയ സ്മിത്തിയന്‍ വായനകളൊക്കെ തിക്കിത്തിരക്കി വന്നു. വിപണിയുടെ കൂര്‍ത്തഭാഗങ്ങള്‍ മിനുസപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന വാദക്കാര്‍ക്കെതിരെ മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ സ്വതന്ത്രവിപണി സിദ്ധാന്തങ്ങള്‍ ഒരു ഘട്ടത്തില്‍ അമേരിക്കയേയും ചിലി തുടങ്ങിയ രാജ്യങ്ങളേയും കയ്യേറി കീഴ്പ്പെടുത്തിയതു വരെയും പരന്നെത്തുന്ന പഠനങ്ങളില്‍ സ്മിത്തിനെ ആരോപിച്ചവരുണ്ട്. നിയോലിബറലിസം വരെ എത്തി നില്‍ക്കുന്ന പഠനഭൂമി. പക്ഷേ, ഫ്രീഡ്മാന്റെ രാഷ്ട്രീയ-ധനശാസ്ത്ര അപഭ്രംശങ്ങളില്‍, ആഡംസ്മിത്ത് നിഷ്‌കളങ്കനായിരുന്നു. വിദൂരഭാവികളില്‍ വരുന്ന ദുര്‍വ്യാഖ്യാനങ്ങളും കൗടില്യങ്ങളും മാത്രമായിരുന്നു അത്.

Adamsmith house
ആഡം സ്മിത്ത് ഭവനം

സ്മിത്തിനെ ഓര്‍ത്തപ്പോള്‍, അവിടെ നിന്നുകൊണ്ട് ഇതൊക്കെ ആനുഷംഗികമായി മനസ്സില്‍ വന്നു. യാത്രാവിവരണം, ഭൗതികാനുഭവങ്ങളില്‍നിന്നും മുന്നോട്ടുപോകാന്‍, സഞ്ചിത ജ്ഞാനാനുഭവത്തിന്റെ പിന്തുണകൂടി വേണമല്ലോ. ആഡംസ്മിത്ത് അല്പം കൂടി പരിഗണന അര്‍ഹിക്കുന്നു. 1776-ല്‍ എഴുതിയ 'വെല്‍ത്ത് ഓഫ് നാഷന്‍സ്' എന്ന കൃതിയാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. പ്രകൃത്യായുള്ള ലളിതമായ സ്വാതന്ത്ര്യം എന്ന കാഴ്ചപ്പാട് തന്റെ ധനശാസ്ത്ര ദര്‍ശനമാക്കി മാറ്റാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടിയ ഡേവിഡ് ഹ്യൂം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു. ആഡംസ്മിത്തിന്റെ ശവകുടീരത്തിലേയ്ക്കു നടന്നുപോകുമ്പോള്‍ പെട്ടെന്ന് ഒരു കല്ലറ ശ്രദ്ധയില്‍പ്പെട്ടു. ഡേവിഡ് ഹ്യൂം. രണ്ട് മഹാ സൈദ്ധാന്തികര്‍, ഉറ്റവര്‍, ഒരേ ശ്മശാനത്തില്‍ അനന്തനിദ്രയില്‍. ഹ്യൂമിനെ പരാമര്‍ശിക്കാതെ സ്മിത്തിലേയ്ക്കു കടക്കാനാവില്ല.

'വെല്‍ത്ത് ഓഫ് നാഷന്‍സ്' എന്ന പുസ്തകത്തിലൂടെ അദ്ദേഹം 'പൊളിറ്റിക്കല്‍ ഇക്കോളജി' എന്നൊരു ശാഖ സൃഷ്ടിക്കുകയും അതിനെ ഒരു സുദൃഢമായ, സുഘടിത ശാസ്ത്രമാക്കി മാറ്റുകയും ചെയ്തു. മെര്‍ക്കാന്റെലിസത്തിനെതിരെയുള്ള ഒരു പ്രകടനപത്രികയായിരുന്നു അത്. അതോടെ ബ്രിട്ടനും അമേരിക്കയും സ്വതന്ത്ര വ്യാപാരത്തിനുവേണ്ടി വാദിച്ചു. എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല എന്നല്ല. സ്മിത്ത് ഡേവിഡ് ഹ്യൂമിനെ വല്ലാതെ പിന്‍പറ്റി എന്നൊരു വാദവും ശക്തമായി. തിരിച്ചു വരുമ്പോള്‍ വീണ്ടും ഡേവിഡ് ഹ്യൂമിന്റെ കല്ലറയുംടെ മുന്‍പില്‍ ഞാന്‍ കുറച്ചുനേരം നിന്നു. അദ്ദേഹം നിശ്ശബ്ദനായി ഉറങ്ങുന്നു. ക്ലാസ്സിക്കല്‍ ധനശാസ്ത്രം, സ്വതന്ത്രവിപണി വ്യാപാരം, തൊഴില്‍ വിഭജനം, ആധുനികവല്‍ക്കരണം എന്നിവയിലൊക്കെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ രൂപീകരിച്ച അദ്ദേഹം ധനശാസ്ത്രത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. പല മേഖലകളിലും ഒട്ടേറെ പ്രബന്ധങ്ങള്‍ രചിച്ച അദ്ദേഹം 1790 ജൂലൈ 22-ന് ഇവിട അടക്കം ചെയ്യപ്പെട്ടു. സ്വതന്ത്ര വ്യാപാരത്തില്‍നിന്ന് എല്ലാ രാജ്യങ്ങള്‍ക്കും വ്യാപാരം വര്‍ദ്ധിപ്പിക്കാനും ലാഭം നേടാനുമാവുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. പില്‍ക്കാല സ്വതന്ത്ര സമ്പദ്ഘടനയുടെ ആധാരം അതായിരുന്നു. ഒരര്‍ത്ഥത്തില്‍ പില്‍ക്കാല ആഗോളീകരണം വരെ അതെത്തി.

സ്മിത്തിന്റെ ശ്മശാന ഗേറ്റ് കടന്നു ഞാന്‍ വീണ്ടും എഡിന്‍ബറോവിന്റെ രാജകീയതയും വര്‍ണ്ണശബളിമയും നിറഞ്ഞ തെരുവുകളിലേയ്‌ക്കെത്തി. പതിനഞ്ചാം നൂറ്റാണ്ടില്‍ സ്‌കോട്ട്ലാന്റിന്റെ തലത്ഥാനമായി അംഗീകരിക്കപ്പെട്ട എഡിന്‍ബറോ, സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ആസ്ഥാനമാണ്. ഞങ്ങള്‍ നില്‍ക്കുന്നതിന് ഇടതുഭാഗത്തെ കുന്നില്‍ പറഞ്ഞറിയിക്കാനാവാത്ത പ്രൗഢിയോടെ പാര്‍ലമെന്റ് മന്ദിരവും സര്‍ക്കാര്‍ ആസ്ഥാനമന്ദിരങ്ങളും നിരന്നുനിന്നു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബെയും പാര്‍ലമെന്റ് മന്ദിരവും ബക്കിങ്ഹാം പാലസ് പോലും ആ കാഴ്ചയ്ക്ക് മുന്നില്‍ ഒന്നുമായിരുന്നില്ല.

Adam smith
''ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍''

ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധങ്ങളാണ് എഡിന്‍ബറോയ്ക്ക് രാജകീയ പരിവേഷം നല്‍കിയത്. സ്‌കോട്ടിഷ് സര്‍ക്കാര്‍ ആസ്ഥാനം, പാര്‍ലമെന്റ്, രാജ്യത്തെ സമുന്നത കോടതികള്‍, ബ്രിട്ടീഷ് രാജാവിന്റെ സ്‌കോട്ട്ലാന്റിലെ വസതി, ചര്‍ച്ച് ഓഫ് സ്‌കോട്ട്ലാന്റിന്റെ ജനറല്‍ അസംബ്ലിയുടെ ആസ്ഥാനം തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് എഡിന്‍ബറോ. മെഡിക്കല്‍ പഠനത്തിനുള്ള ലോകോത്തര സ്ഥാപനങ്ങള്‍, നിയമം, സാഹിത്യം, ഫിലോസഫി, ശാസ്ത്രം എന്നിവയ്ക്കും ലോകത്തിലെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. വൈദ്യശാസ്ത്ര പഠനം, സര്‍ജറി എന്നിവയ്ക്ക് ഇന്നും ഏറ്റവും പ്രശസ്ത കോളേജുകള്‍ ഇവിടെയാണ്. ഇതിനു തൊട്ടുടുത്തുള്ള ഗ്ലാസ്‌ഗോ നഗരവും ഈ തുറകളില്‍ മേല്‍ത്തരം പഠനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തി ബിരുദപഠനം നടത്തുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്ത ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് എഡിന്‍ബറോ യൂണിവേഴ്സിറ്റി.

അവസാനിക്കാത്ത കാഴ്ചകള്‍

എഡിന്‍ബറോ കാഴ്ചകള്‍ തീരുന്നില്ല. കല്ലുപാകിയ തെരുവുകളിലൂടെ നടന്നാല്‍ സ്‌കോട്ടിഷ് നാഷണല്‍ ഗ്യാലറി, നാഷണല്‍ ലൈബ്രറി ഓഫ് സ്‌കോട്ട്ലാന്റ്. സ്‌കോട്ട്ലാന്റ് നാഷണല്‍ മ്യൂസിയം തുടങ്ങി ഒരുപാട് ഇനിയും ബാക്കി. യുകെയില്‍ ഏറ്റവുമധികം സന്ദര്‍ശകര്‍ വരുന്നത് ഇവിടെയാണ്. ആണ്ടുതോറും ഏതാണ്ട് 50 ലക്ഷം പേര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും. ഞങ്ങളവിടെ എത്തിയ ദിവസം സാംസ്‌കാരിക ഉത്സവമായിരുന്നതിനാല്‍ ലോകത്തിന്റെ മുഴുവനും ശകലങ്ങള്‍ അവിടെത്തെ തെരുവിലൂടെ ഒഴുകിയിരുന്നു. പലതരം ഭാഷകള്‍, പലതരം മനുഷ്യര്‍, നൃത്തങ്ങള്‍, പാട്ടുകള്‍. എഡിന്‍ബറോ തന്നത് ഒരു അലൗകിക കാഴ്ചയായിരുന്നു.

മഴ ചാറാന്‍ തുടങ്ങി. കല്ലു പതിച്ച വഴികളായതിനാല്‍ വഴുക്കാന്‍ സാധ്യതയുണ്ടായിരുന്നു. മെല്ലെമെല്ലെ നടന്ന് വാള്‍ട്ടര്‍ സ്‌കോട്ടിന്റെ പ്രതിമയ്ക്കു മുന്നിലെത്തി. തദ്ദേശീയനായ ലോകപ്രശസ്ത എഴുത്തുകാരന്‍. രാജകീയ പ്രൗഢിയുള്ള വേഷവിധാനങ്ങള്‍. നേരത്തെ ബുക്ക് ചെയ്തിരുന്നതിനാല്‍ 'സ്‌കോച്ച് വിസ്‌കി എക്‌സിപീരിയന്‍സ്' കെട്ടിടത്തിലേയ്ക്കു കടക്കാന്‍ സാധിച്ചു. അവിടെ സ്‌കോച്ച് വിസ്‌കിയുടെ വിവിധ ഉല്പാദന സമ്പ്രദായങ്ങള്‍ വിവരിച്ചുതന്നു. നൂറുകണക്കിനു സ്‌കോച്ച് കുപ്പികള്‍ കാണാനിടയായി. വമ്പന്‍ വിലയാണ് പലതിനും. കണ്ട് തൊട്ടുഴിഞ്ഞ് കടന്നുപോന്നു. വരുംമുന്‍പ് ബിസിനസ് പ്രമോഷന്റെ ഭാഗമായി ഏതാണ്ട് ഇരുപത് മില്ലി ഓരോരുത്തര്‍ക്കും തന്നു. കുപ്പിയില്‍ തൂങ്ങിക്കിടന്ന 'പ്രൈസ് ടാഗ്' കണ്ടപ്പോള്‍ പ്രലോഭനം കെട്ടടങ്ങി.

പിറ്റേന്ന് 'സ്‌കോട്ടിഷും ഹൈലാന്റ് റൈഡ്' കഴിഞ്ഞാണ് മടക്കയാത്ര. ഏതാണ്ട് മുന്നൂറോളം കിലോമീറ്റര്‍ താണ്ടി കുന്നും താഴ്വാരങ്ങളും കടന്നു. സ്‌കോട്ടിഷ് പ്രകൃതിസൗന്ദര്യം മുഴുവനും അറിയാന്‍ ഈ റൈഡ് ആവശ്യമാണ്. തീരാത്ത പ്രകൃതിഭംഗി. വിദേശികള്‍ക്ക് ഒരുപക്ഷേ, ആയുസ്സിലെ ഏക അവസരം. മടക്കയാത്ര സ്‌കോട്ട്ലന്റിന്റെ വടക്കന്‍ മുനമ്പില്‍നിന്ന് ബെല്‍ഫാസ്റ്റിലേയ്ക്ക്, അറ്റ്ലാന്റിക് സമുദ്രം താണ്ടി കപ്പലില്‍. കപ്പലില്‍ കയറ്റിയ കാറില്‍ കയറി, ബെല്‍ഫാസ്റ്റില്‍നിന്ന്, തെക്കന്‍ അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനിലെ വീട്ടിലേയ്ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.