കാള്‍ മാര്‍ക്‌സ് എന്ന ഇക്കോ സോഷ്യലിസ്റ്റ്

സുസ്ഥിര കാര്‍ഷിക ആവാസവ്യവസ്ഥയേയും മുതലാളിത്ത വ്യാവസായിക കൃഷിസമ്പ്രദായം പരിസ്ഥിതിയിലുണ്ടാക്കുന്ന പരുക്കിനേയും ഉറച്ച ശാസ്ത്രീയ അടിത്തറയോടെ വിശദമാക്കിയ മാര്‍ക്‌സിനോളം പോന്ന മറ്റൊരാളെ 19-ാം നൂറ്റാണ്ടില്‍ കാണുക അസാധ്യമാണ്.
karl marx
Published on
Updated on

മാര്‍ക്‌സിയന്‍, മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് അധികവും നടക്കാറുള്ളത്. സുസ്ഥിര കാര്‍ഷിക ആവാസവ്യവസ്ഥയേയും മുതലാളിത്ത വ്യാവസായിക കൃഷിസമ്പ്രദായം പരിസ്ഥിതിയിലുണ്ടാക്കുന്ന പരുക്കിനേയും ഉറച്ച ശാസ്ത്രീയ അടിത്തറയോടെ വിശദമാക്കിയ മാര്‍ക്‌സിനോളം പോന്ന മറ്റൊരാളെ 19-ാം നൂറ്റാണ്ടില്‍ കാണുക അസാധ്യമാണ്. ശാസ്ത്രീയ ഗവേഷണ ഫലങ്ങളെ ഗവേഷകരായ ശാസ്ത്രജ്ഞരുടെ പിന്‍ബലത്തോടെ പാരിസ്ഥിതിക, സാമൂഹിക നരവംശ അടിത്തറയില്‍ വിശദമാക്കുകയാണ് മാര്‍ക്‌സ് എന്ന സാമൂഹിക പരിസ്ഥിതി ചിന്തകന്‍ (Eco-Socialist) ചെയ്തത്. വര്‍ത്തമാന രാഷ്ട്രീയ പാരിസ്ഥിതിക സാഹചര്യത്തിലും സുസ്ഥിര വികസന നയങ്ങള്‍ കൂടുതല്‍ അനിവാര്യമായിരിക്കുന്ന ഈ സമയത്ത് മാര്‍ക്‌സിയന്‍ പാരിസ്ഥിതിക കാഴ്ചപ്പാടുകള്‍ പ്രത്യേകിച്ചും സുസ്ഥിര കാര്‍ഷിക മേഖലാ വികസനത്തില്‍ എത്രകണ്ട് കാര്‍ഷിക അനുചിതമാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

കാര്‍ഷിക ആവാസവ്യവസ്ഥയില്‍ മണ്ണിലെ പോഷകനഷ്ടം മൂലമുണ്ടാകുന്ന ഫലഭൂയിഷ്ഠക്കുറവ് 1830-1870 കാലഘട്ടത്തില്‍ മുതലാളിത്ത യൂറോപ്പിലും വടക്കേ അമേരിക്കയിലും പരക്കെയുള്ള ആകുലതയായിരുന്നു. ഈ ആശങ്ക മുതലാളിത്ത കാര്‍ഷിക ഉല്പാദനത്തെക്കുറിച്ച് 14 വര്‍ഷത്തെ സുദീര്‍ഘ പഠനം നടത്താന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചു. 1860-കളോടെ മാര്‍ക്‌സിന്റെ ചിന്തകള്‍ മണ്ണിലെ പോഷകചക്രത്തേയും വ്യാവസായിക കൃഷിയുടെ വിഭവ ചൂഷണത്തിലും കേന്ദ്രീകരിച്ചു. നീണ്ട നാളത്തെ പഠനത്തിലൂടെ മാര്‍ക്‌സ് കണ്ടെത്തിയ അനുമാനങ്ങള്‍ കാലാനുവര്‍ത്തിയാണെന്നാണ് വര്‍ത്തമാന സാഹചര്യം സൂചിപ്പിക്കുന്നത്. മാര്‍ക്‌സിന്റെ അനുമാനത്തില്‍ ഉരുത്തിരിഞ്ഞ 'ഉപാപചയ വിള്ളല്‍ സിദ്ധാന്തം' (Metabolic Rift Theory) സുസ്ഥിര കാര്‍ഷിക വ്യവസ്ഥയില്‍ വ്യാവസായിക കൃഷി സൃഷ്ടിക്കുന്ന നാശത്തെക്കുറിച്ചുള്ളതാണ്.

മുതലാളിത്ത വികസനവും സുസ്ഥിര ഭൂമി സങ്കല്പവും

ശാസ്ത്രപഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുതലാളിത്ത/വ്യാവസായിക കൃഷിയുടെ ഭവിഷ്യത്തുകളേയും അത് പരിസ്ഥിതിയിലുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളേയും മാര്‍ക്‌സ് വിശദീകരിച്ചത്. ജസ്റ്റോണ്‍ വോണ്‍ ലെയ്ബിഗ് (Juston Von Leibig) എന്ന പ്രശസ്തനായ ജര്‍മന്‍ രസതന്ത്രജ്ഞന്റേയും (Soil Chemist), ഇംഗ്ലീഷ് ലെയ്ബിഗ് എന്ന് മാര്‍ക്‌സ് വിളിച്ചിരുന്ന സ്‌കോട്ടിഷ് കാര്‍ഷിക രസതന്ത്രജ്ഞനായ (Agricultural Chemist) എഫ്.എം. ജോണ്‍സ്റ്റന്‍, അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ഹെന്റി ക്യാരി (Hentry Carey), ആഡംസ്മിത്തിന്റെ സമകാലികനായിരുന്ന പ്രശസ്ത കാര്‍ഷിക സമ്പദ്വിദഗ്ദ്ധന്‍ (Agronomist) ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ ശാസ്ത്രീയ ഗവേഷണ വിശദാംശങ്ങളിലൂടെയായിരുന്നു വിമര്‍ശനങ്ങള്‍ മാര്‍ക്‌സ് ഉന്നയിച്ചിരുന്നത്. ലെയ്ബിഗിന്റെ ക്ലാസിക്കല്‍ സിദ്ധാന്തവും ആന്‍ഡേഴ്‌സന്റെ ക്ലാസിക്കല്‍ വാടക സിദ്ധാന്തവും (Classical Rent Theory) വിശദമായി പഠിച്ചുകൊണ്ടാണ് മാര്‍ക്‌സ് വ്യാവസായിക കാര്‍ഷിക വളര്‍ച്ചയുടെ പാര്‍ശ്വഫലങ്ങളെ പരിശോധിക്കാന്‍ ശ്രമിച്ചത്. വ്യാവസായിക കൃഷിയുടെ ഭവിഷ്യത്തുകളെ ഇത്രയും ആഴത്തില്‍ പഠിച്ച ഒരാളേയും ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. ജനസംഖ്യാവര്‍ദ്ധന ഭക്ഷ്യോല്പാദനത്തെ ത്വരിതപ്പെടുത്തുകയും അനിയന്ത്രിതമായ കാര്‍ഷിക ഉല്പാദനത്തിന് (Irrational agriculture) വഴിയൊരുക്കുമെന്നും ക്രമേണ മണ്ണിന്റെ ഘടനയെ തകര്‍ത്തെറിയുമെന്നും മനസ്സിലാക്കിയ മാര്‍ക്‌സ് ലെയ്ബിഗിന്റെ ക്ലാസിക്കല്‍ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് മണ്ണിലെ പോഷകചക്രത്തേയും വ്യാവസായിക കൃഷിയിലൂടെയുള്ള മണ്ണിന്റെ ചൂഷണത്തേയും ശാസ്ത്രീയമായി മനസ്സിലാക്കിയത്. ലെയ്ബിഗിന്റെ ക്ലാസിക്കല്‍ സിദ്ധാന്തമാണ് ഇന്നും ലോകത്തിലെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ മണ്ണിന്റെ പോഷണവുമായി ബന്ധപ്പെട്ടുള്ള പഠനത്തിന് ആധാരമാക്കുന്നത്.

karl marx
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനനം, അതിസമര്‍ത്ഥ, വിദ്യാസമ്പന്ന; ഗീതാരാമസ്വാമി തീവ്ര ഇടത്, നക്സലൈറ്റ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എങ്ങനെ?

സുസ്ഥിര ഭൂമി സങ്കല്പങ്ങളോട് പ്രതിലോമമായി നില്‍ക്കുന്ന വ്യവസ്ഥിതിയാണ് മുതലാളിത്ത വികസനവാദം. കാരണം കമ്പോളയുക്തിയും ലാഭവുമാണ് അതിന് ആധാരം. സാമൂഹികപരതയോ പരിസ്ഥിതി നിലനില്‍പ്പോ അതിന്റെ ഭാഗമല്ല. പ്രത്യക്ഷത്തിലും വീണ്ടെടുക്കാന്‍ സാധ്യമാകാത്ത വിധത്തിലും പ്രകൃതിവിഭവങ്ങളേയും ഊര്‍ജ്ജസ്രോതസ്സുകളേയും കൂടുതല്‍ വിനിയോഗിച്ചു മാത്രമേ മുതലാളിത്ത സമ്പദ്വ്യവസ്ഥ വളര്‍ത്താന്‍ കഴിയുകയുള്ളൂ. അതോടൊപ്പം ഭൂമിയിലേയ്ക്ക് പുറന്തള്ളുന്ന മാലിന്യോല്പാദനവും ഉപയോഗിക്കുന്ന സ്രോതസ്സിന്റെ പകുതിയില്‍ കൂടുതലും മാലിന്യമായി പരിസ്ഥിതിയിലേയ്ക്കുതന്നെ തിരികെ എത്തുന്നു എന്ന് 'പരിസ്ഥിതിയും സോഷ്യലിസവും' എന്ന കൃതിയില്‍ ക്രിസ് വില്യംസ് വ്യക്തമാക്കുന്നുണ്ട്.

തുടര്‍ച്ചയായുള്ള ലാഭകരമായ സാമ്പത്തിക വളര്‍ച്ച മുതലാളിത്തത്തെ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കുകയും ഭൂമിയുള്‍പ്പെടെയുള്ള സ്രോതസ്സുകളെ, മാലിന്യത്തെപ്പോലും ഉല്പന്നങ്ങളാക്കുക വഴി മാനവരാശിയെ പരിസ്ഥിതിയില്‍നിന്നും വേര്‍പ്പെടുത്തി നിര്‍ത്തുന്നു. ഈ യാഥാര്‍ത്ഥ്യം മാര്‍ക്‌സിന്റെ ദീര്‍ഘവീക്ഷണത്തില്‍ പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്‍ പ്രകൃതിയില്‍നിന്നും അകലുന്നതിനെക്കുറിച്ച് ഇപ്രകാരം അദ്ദേഹം വിശദീകരിച്ചു.

''കൃഷിക്കാരനും മുതലാളിമാരും കര്‍ഷകത്തൊഴിലാളിയും ഒരു ഫാക്ടറി ഉടമയും ജോലിക്കാരനും നിര്‍മ്മിക്കുന്ന പരുത്തിയും രോമവുമായിട്ടുള്ള ബന്ധത്തിനപ്പുറം അവര്‍ ചൂഷണം ചെയ്ത ഭൂമിയുമായിട്ടില്ല. അവരുടെ അടുപ്പം അവര്‍ നിര്‍മ്മിക്കുന്ന ധനപരമായ ഉല്പന്നത്തോടാണ്. പ്രകൃതിവിഭവങ്ങളില്‍നിന്നും മുതലാളിത്ത വ്യവസ്ഥ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ മനുഷ്യന്‍ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നതുവഴി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര കൈമാറ്റങ്ങള്‍ അവസാനിക്കുന്നു. കമ്പോളത്തിലൂടെ മാത്രം പ്രകൃതിവിഭവങ്ങളുടെ ഉപഭോക്താക്കളായി മാറുന്ന ഓരോ വ്യക്തിയും പരിസ്ഥിതിയില്‍നിന്നും വേര്‍പ്പെട്ടു പോകുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ മൂലധനത്തില്‍ മാര്‍ക്‌സ് വ്യക്തമാക്കുന്നത് അതുവരെ സാമൂഹിക ശാസ്ത്രത്തില്‍ ഉപയോഗിച്ചു കാണാത്ത ഉപാപചയബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

മുതലാളിത്ത ഉല്പാദനം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഉപാപചയബന്ധത്തെ തകര്‍ക്കും. പ്രകൃതിയില്‍നിന്നും പല രൂപത്തില്‍ മനുഷ്യന്‍ സ്വീകരിക്കുന്നവയുടെ ഘടകാംശങ്ങള്‍ അവശിഷ്ടത്തിന്റെ രൂപത്തില്‍പോലും തിരികെ ഭൂമിയിലേയ്ക്ക് എത്താതിരിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠതയെ അസ്വസ്ഥമാക്കും. മുതലാളിത്ത കൃഷിരീതിയുടെ പുരോഗതി സാങ്കേതികവിദ്യയുടെ പ്രയോഗത്തിന്റെ പുരോഗതിയാണ്. അത് മണ്ണിനെ കൊള്ളയടിക്കലാണ്. ഹ്രസ്വമായി നിശ്ചിത സമയത്തിനുള്ളില്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്ന പുരോഗതി മണ്ണിന്റെ ദീര്‍ഘകാല പോഷണം നിലനിര്‍ത്തുന്ന സ്രോതസ്സുകളുടെ നാശത്തിന്റെ പുരോഗതി കൂടിയാണെന്ന് മാര്‍ക്‌സ് വളരെ വ്യക്തമായി പറയുന്നു. അതിനാല്‍ മുതലാളിത്ത ഉല്പാദനം എല്ലാ സമ്പത്തുകളുടേയും മൗലിക സ്രോതസ്സുകളായ മണ്ണിനേയും തൊഴിലാളിയേയും ചൂഷണം ചെയ്തുകൊണ്ടു മാത്രമാണെന്ന് മൂലധനത്തില്‍ മാര്‍ക്‌സ് വ്യക്തമാക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് ഇടതുപക്ഷ ഭരണകൂടങ്ങള്‍പോലും തൊഴിലാളി ചൂഷണത്തെ ഒരു പരിധിവരെ ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും പ്രകൃതിവിഭവങ്ങളിന്മേലുള്ള മുതലാളിത്ത ചൂഷണത്തെ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, വികസന വളര്‍ച്ചയുടെ പരിമിതിയായി മാര്‍ക്‌സിന്റെ പാരിസ്ഥിതിക വീക്ഷണത്തെ നോക്കിക്കാണുകയും ചെയ്യുന്നു.

PHOTO BP DEEPU/ Express

മാനവരാശി പ്രകൃതിയില്‍ നടത്തുന്ന ചൂഷണാത്മക പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വകാല നേട്ടങ്ങളില്‍ അവസാനിക്കുന്നതും അവ മൂലം അനിവാര്യമാകുന്ന ദീര്‍ഘകാല പ്രതിബന്ധങ്ങളെ വളരെ മുന്‍പുതന്നെ ഫ്രഡറിക് എംഗല്‍സ് തന്റെ പ്രസിദ്ധമായ പ്രകൃതിയിലെ വൈരുദ്ധ്യാത്മകത (Dialectics of Nature) എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ''പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തിയ വിജയത്തെ അധികം പ്രശംസിക്കേണ്ട കാര്യമില്ല. ഓരോ വിജയത്തിന്മേലും പ്രകൃതി മനുഷ്യനുമേല്‍ പ്രതികാരം ചെയ്യുകതന്നെ ചെയ്യും. ഓരോ വിജയത്തിന്റേയും ആദ്യപടിയില്‍ പ്രതീക്ഷിച്ച വിജയം കൊണ്ടുവരും. രണ്ടും മൂന്നും പാദത്തില്‍ തികച്ചും വ്യത്യസ്തവും പ്രവചനാതീതവുമായതും ആദ്യഫലത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഫലങ്ങളാകും സംഭവിക്കുക'' (ഏംഗല്‍സ്).

ആഴത്തിലുള്ള ദാര്‍ശനികമായ കാഴ്ചപ്പാടാണ് എംഗല്‍സ് തന്റെ ഗ്രന്ഥത്തിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്ന് ആധുനിക കൃഷിരീതിയെ അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാല്‍ മനസ്സിലാകും. രാസവളങ്ങളുടേയും കീടനാശിനികളുടേയും വരവോടെ പാരമ്പര്യ കൃഷിരീതികളെ അപ്പാടെ തിരസ്‌കരിക്കുകയും ധാരാളം രാസസംയുക്തങ്ങള്‍ കൃഷിഭൂമിയില്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. ഉല്പാദനം കൂടിയ സങ്കരയിനം വിത്തിനങ്ങള്‍ വന്നതോടെ നൂറുകണക്കിനുണ്ടായിരുന്ന പ്രാദേശിക വിത്തിനങ്ങള്‍ ഉപയോഗിക്കാതായി. ക്രമേണ മണ്‍മറഞ്ഞുപോകുകയും ഫലത്തില്‍ കാര്‍ഷിക സംസ്‌കാരത്തിന്റേയും കാര്‍ഷിക ജൈവവൈവിധ്യത്തിന്റേയും നാശത്തിനു കാരണമാകുകയും ചെയ്തു. തുടക്കത്തില്‍ ഇത്തരം ആധുനിക കൃഷിയിലൂടെ മികച്ച ഉല്പാദനം നേടിയെങ്കിലും തുടര്‍ന്നുള്ള കൃഷി, ഉല്പാദന നഷ്ടവും കൂടുതല്‍ സാമ്പത്തിക ബാധ്യതയും കര്‍ഷകര്‍ക്കുണ്ടാക്കി. ചെലവ് കുറഞ്ഞ പരമ്പരാഗത കൃഷിയും കാര്‍ഷിക ആവാസവ്യവസ്ഥയും തകിടംമറിഞ്ഞു. മണ്ണും മനുഷ്യനും രോഗാതുരരായി. തിരിച്ചുവരാന്‍ കഴിയാത്തവിധം മണ്ണും ജലവും മലിനീകരിക്കപ്പെട്ടു. മണ്ണിലേയും ജലത്തിലേയും കരയിലേയും മണ്ണിരയും പാമ്പും തവളയും പ്രാണികളും തുമ്പികളും ചേരയും ചിലന്തികളും ഒച്ചും പക്ഷികളും ഉള്‍പ്പെടെ കാര്‍ഷിക ആവാസവ്യവസ്ഥയെ പോഷിപ്പിച്ചിരുന്ന ജീവജാലങ്ങള്‍ എല്ലാം കണ്ണിയറ്റുപോയി. പാരിസ്ഥിതിക ഭക്ഷ്യശൃംഖല മുറിഞ്ഞു. കര്‍ഷകര്‍ക്കിടയില്‍ കാന്‍സര്‍ ബാധിതരും വൃക്കരോഗികളും വര്‍ദ്ധിച്ചു. എംഗല്‍സ് അനുമാനിച്ചപോലെ തുടക്കത്തിലെ ഫലത്തിന്റെ പ്രസക്തി ഇല്ലാതാക്കുകപോലും ചെയ്തു.

ഉപാപചയ വിള്ളല്‍ (Metabolic Rift Theory) സിദ്ധാന്തത്തിലൂടെയാണ് പാരിസ്ഥിതിക വെല്ലുവിളികളെ മാര്‍ക്‌സ് വിശദമാക്കിയത്. മനുഷ്യന്റെ വികസന പ്രവര്‍ത്തനങ്ങളും (Human Development) അനുബന്ധ പരിസ്ഥിതി നാശവും (Environment Degradation) ജി.ഡി.പി പോലുള്ള സാമ്പത്തിക വളര്‍ച്ചയുടെ അളവുകോലായി കാണാന്‍ കഴിയില്ല എന്ന് മാര്‍ക്‌സ് നിരീക്ഷിക്കുന്നു. മുതലാളിത്ത ഉല്പാദനവും സാമ്പത്തിക വളര്‍ച്ചയും ഒരു ജീവജാതിയുടേയോ (Species) ആവാസവ്യവസ്ഥയുടേയോ (Ecosystem) നാശത്തിലേക്കാണ് നയിക്കുന്നതെങ്കില്‍പോലും ബാഹ്യഘടകമായോ (Externalities) പ്രകൃതിയില്‍ സുലഭമായി കിട്ടുന്നതായി (Free Gift of Nature) മാത്രം പരിഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു മുതലാളിത്ത ഉല്പാദനവ്യവസ്ഥയില്‍ നേരിട്ടുള്ള പരിസ്ഥിതിനാശം തടയാനുള്ള മാര്‍ഗ്ഗം ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാര്‍ക്‌സിന്റെ ഇത്തരം ദീര്‍ഘവും സൂക്ഷ്മവുമായ പാരിസ്ഥിതീയ വീക്ഷണങ്ങള്‍ പ്രകൃതിവിഭവ ശോഷണവും (Degrradation of Natural resourse) ജീവജാതി വൈവിധ്യശോഷണവും (Degradation of species diversity) മുതലാളിത്ത വികസനവും ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന വര്‍ത്തമാന പരിണാമത്തിലെ പാരിസ്ഥിതിക ബന്ധത്തേയും അവയുടെ സ്വാധീനവും സൂക്ഷ്മമായും ശാസ്ത്രീയമായും വിലയിരുത്താന്‍ മാര്‍ക്‌സ് ശ്രമിച്ചിരുന്നതിന്റെ ഫലമാണ് ഉപാപചയ വിള്ളല്‍ സിദ്ധാന്തം. അന്നുവരെ സാമൂഹിക ശാസ്ത്രമേഖലയ്ക്ക് അന്യമായിരുന്ന പദമായിരുന്നു മെറ്റബോളിസം അഥവാ ഉപാപചയം. ശരീരശാസ്ത്ര മേഖലയില്‍, ജീവല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ശരീരത്തിനുള്ളില്‍ തുടര്‍ച്ചയായി നടക്കുന്ന ജൈവരാസ പ്രവര്‍ത്തനങ്ങളായ ഉപചയം (നിര്‍മ്മാണം) അപചയം (വിഘടനം) പ്രവര്‍ത്തനങ്ങളെ പറയുന്നതാണ് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (ങലമേയീഹശാെ). ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്ന ഈ പ്രവര്‍ത്തനങ്ങളിലാണ് ശാരീരിക പ്രവര്‍ത്തനങ്ങളുടെ നിലനില്‍പ്പ്. ശരീരത്തിനുള്ളിലെ അപചയവും ഉപചയവുംപോലെ സമൂഹവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപെടലുകളാണ് പ്രകൃതിയുടെ നിലനില്പിനാധാരം. ഈ സങ്കല്പങ്ങളാണ് ഉപാപചയ സിദ്ധാന്തത്തിന് അടിസ്ഥാനമായത്. സുഹൃത്തും സോഷ്യലിസ്റ്റും ഡോക്ടറുമായ റോളണ്ട് ഡാനിയേലുമായിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് ഉപാപചയ പ്രവര്‍ത്തനത്തെ സാമൂഹിക ശാസ്ത്രത്തില്‍ ഉപയോഗിക്കാന്‍ മാര്‍ക്‌സിനു പ്രേരിതമായത്.

മണ്ണിന്റെ രോഗാതുരത

ആധുനികവല്‍ക്കരിച്ച കൃഷിരീതി പ്രയോഗത്തെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ പരിസ്ഥിതിനാശത്തിന്റെ തീവ്രത മനസ്സിലാകും. 1950-കള്‍ക്കു ശേഷമാണ് ഇന്ത്യയിലേയും കേരളത്തിലേയും മണ്ണില്‍ കാര്‍ഷിക ആധുനികവല്‍ക്കരണം വരുന്നത്. 1842-ല്‍ ഇംഗ്ലണ്ടിലെ സമ്പന്ന ഭൂവുടമയും അഗ്രോണോമിസ്റ്റുമായിരുന്ന ജെ.ബി. ലാവിസ് (JB Laws) ആയിരുന്നു ആദ്യത്ത കൃത്രിമ വളമായ സൂപ്പര്‍ഫോസ്ഫേറ്റ് (Superphosphate) നിര്‍മ്മിക്കുകയും 1843-ല്‍ ആദ്യത്തെ വളം ഫാക്ടറി സ്ഥാപിക്കുകയും ചെയ്യുന്നത്. അതിനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ഇന്ത്യയിലും കേരളത്തിലുമൊക്കെ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നതിനായി വളപ്രയോഗം ആരംഭിക്കുന്നത്.

Engals
എംഗല്‍സ്

ഇന്ത്യയിലുടനീളം കാര്‍ഷികമേഖലയില്‍ രാസവള പ്രയോഗം നടത്തിയത് മണ്ണിന്റെ ജൈവസ്വഭാവത്തെ അവഗണിച്ചും രാസസ്വഭാവത്തെ പരിഗണിച്ചും മാത്രമായിരുന്നു. പ്രായേണ മണ്ണിന്റെ ജൈവഘടന നഷ്ടമാവുകയും തിരിച്ചുവരാന്‍ കഴിയാത്തവിധം മണ്ണിന്റെ നൈസര്‍ഗിക ജൈവസ്വഭാവം ഇല്ലാതാവുകയും ചെയ്തു. ക്രമരഹിതവും അശാസ്ത്രീയവുമായ വളപ്രയോഗമാവട്ടെ, പരിസ്ഥിതി ഘടകങ്ങളായ മണ്ണിനേയും ജലത്തേയും അങ്ങേയറ്റം മലിനീകരിച്ചു. മണ്ണിലേയും ജലത്തിലേയും ജൈവവൈവിധ്യം എന്നേയ്ക്കുമായി നശിച്ചു. ജീവസ്സറ്റ മണ്ണിലേയ്ക്ക് തുടര്‍ച്ചയായി കൃഷിയിറക്കിക്കൊണ്ടിരുന്നു. പരാജയപ്പെടാതിരിക്കാന്‍ കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും നല്‍കി. അതോടെ സന്തുലിതാവസഥ തിരിച്ചുവിടാന്‍ കഴിയാത്തവിധം ഭൂമിയുടെ താളം പിഴച്ചു. ആധുനിക കൃഷിവല്‍ക്കരണം വരുത്തിവെച്ച ഈ വിനാശത്തെ 'ഉല്പാദന നേട്ടം' എന്ന ടാഗ് ലൈന്‍ കൊണ്ടുമാത്രം മറികടക്കാന്‍ കഴിയില്ല. കാര്‍ഷികമേഖല ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് രോഗാതുരമായ മണ്ണും തകര്‍ന്ന ആവാസവ്യവസ്ഥയുടെ ഭാഗമായി നോക്കിക്കാണുന്നില്ല. വിളവും സാമ്പത്തിക ലാഭവും മാത്രമാണ് ലക്ഷ്യം. ഇവിടെയാണ് സുസ്ഥിര വികസന കാഴ്ചപ്പാടുകള്‍ വികലമാക്കപ്പെടുന്നത്. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളെ ചേര്‍ത്തുകൊണ്ടുള്ള ആവാസവ്യവസ്ഥയില്‍ മാത്രമേ സുസ്ഥിര വികസന കാഴ്ചപ്പാടുകള്‍ സാധ്യമാക്കാന്‍ കഴിയൂ. ഈ സന്ദര്‍ഭത്തിലാണ് മാര്‍ക്‌സിന്റെ ആശയങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് മാര്‍ക്‌സ് പറയുന്നു:

''മനുഷ്യന്‍ പ്രകൃതിയില്‍ ജീവിക്കുന്നു. പ്രകൃതി മനുഷ്യന്റെ ശരീരമാണ്. അതിനാല്‍ മരിക്കാതിരിക്കാനായി പ്രകൃതിയുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കണം. യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ഭൗതിക ശരീരവും മനസ്സും പ്രകൃതിയോട് ചേര്‍ന്നിരിക്കുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗവുമാണ്. ഈ തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് വികസന സങ്കല്പങ്ങള്‍ പ്രകൃതിക്കെതിരായി മാറാന്‍ കാരണമായിക്കൊണ്ടിരിക്കുന്നത്.

പരിസ്ഥിതിയിലെ ജീവജാലങ്ങളും അവയുടെ ജീവിതപരിസരവും തമ്മിലുള്ള അഭേദ്യമായ ബന്ധം സ്ഥിരതയുടേതാണ്. അതിനെ മറികടക്കാന്‍ ജീവജാലങ്ങള്‍ക്കാവില്ല. മനുഷ്യന്റെ പരിസ്ഥിതിയിന്മേലുള്ള കടന്നുകയറ്റം കാലപ്പഴക്കംകൊണ്ടുള്ള ഇത്തരം സ്ഥിരതയെ തകര്‍ക്കും. പാരസ്പര്യത്തില്‍ തീര്‍ത്ത ജൈവബന്ധങ്ങള്‍ എന്നേയ്ക്കുമായി ആ പരിസരത്തില്‍നിന്നും മാറ്റപ്പെടും.'' മാര്‍ക്‌സിയന്‍ ചിന്തകരായ ജോണ്‍ ബെല്ലമി ഫോസ്റ്ററും (JB Foster) പോള്‍ ബര്‍ക്കറ്റും (Paul Burkett) ഇത്തരം ആശങ്കയെ ഇങ്ങനെ വിശദീകരിക്കുന്നു.

ഒരു മത്സ്യത്തിന്റെ ആവശ്യകത വെള്ളമാണ്. ശുദ്ധജലമത്സ്യത്തിനു പുഴയിലെ ശുദ്ധജലം ആവശ്യമാണ്. എന്നാല്‍, വ്യവസായശാലകള്‍ എത്രവേഗം വളരുന്നോ അത്രയും വേഗം പുഴ രാസമാലിന്യങ്ങള്‍കൊണ്ട് മലിനമാകും. എത്ര വേഗത്തില്‍ യന്ത്രബോട്ടുകള്‍ പുഴയില്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നുവോ, എത്ര വേഗം പുഴയെ കനാലിലേക്ക് ഗതിതിരിച്ചു വിടുന്നുവോ അത്രയും വേഗം മത്സ്യങ്ങള്‍ക്ക് അവയുടെ അടിസ്ഥാന ആവശ്യം ഇല്ലാതാവുകയും ജീവിത പരിസരം നഷ്ടപ്പെട്ട് നിലനില്‍പ്പില്ലാതാവുയും ചെയ്യും.

Mahesh Kumar A.

വ്യാവസായിക കൃഷി നഷ്ടപ്പെടുത്തിയ ഇത്തരം സ്ഥിരപരിസരങ്ങളെ നമ്മുടെ കാര്‍ഷിക ആവാസവ്യവസ്ഥയില്‍ ധാരാളം കാണാന്‍ കഴിയും. ഉദാഹരണത്തിന് വയലുകളിലും ശുദ്ധജലത്തിലും കണ്ടുവന്നിരുന്ന ചെറുജീവികളായ തവള, ഞവണിക്ക, ചെറുമത്സ്യങ്ങള്‍, ഞണ്ടുകള്‍, നീര്‍ക്കോലികള്‍, ചെറുപ്രാണികള്‍ തുടങ്ങി പരസ്പര കണ്ണികളായി വര്‍ത്തിച്ചിരുന്ന ഭക്ഷ്യശൃംഖലാ ജാലിക (Food Chain) ആവാസ പരിസരങ്ങള്‍ നഷ്ടപ്പെട്ട് കാര്‍ഷിക ആവാസവ്യവസ്ഥയില്‍നിന്നും എന്നേയ്ക്കുമായി പടിയിറങ്ങി. കമ്പോളാടിസ്ഥാനത്തിലൂന്നിയ ഉല്പാദനത്തിലും ലാഭത്തിലും മാത്രം ശ്രദ്ധകൊടുത്തുള്ള ആധുനിക കൃഷിയിലെ രാസസംയുക്തങ്ങളുടെ ഉപയോഗത്തിന്റെ ആധുനികവും പരിസ്ഥിതിയേയും ജീവജാലങ്ങളേയും പരിഗണിക്കാതെയുള്ള ഉല്പാദന വ്യവസ്ഥയുമാണ് ഈ വനനാശത്തിനു കാരണം.

വ്യവസായ കൃഷിയില്‍ മുറിക്കപ്പെട്ട ജൈവബന്ധങ്ങള്‍

കാലാകാലങ്ങളായി കര്‍ഷകര്‍ ചെയ്തുപോന്ന കൃഷിയില്‍ മനുഷ്യനും ജീവജാലങ്ങളും പാരിസ്ഥിതിക ഘടകങ്ങളും തമ്മില്‍ ഭൗതികമായ ബന്ധം നിലനിന്നിരുന്ന 19-ാം നൂറ്റാണ്ടുവരെ തുടര്‍ന്ന ഈ ബന്ധത്തെ മാര്‍ക്‌സ് ശാസ്ത്രീയമായി വിമര്‍ശിക്കുന്നുണ്ട്. പ്രാഥമിക ഉല്പാദകരായ സസ്യജാലങ്ങളും (primary producers) പ്രാഥമിക ഉപഭോക്താക്കളുടെ (Primary Consumers) മൃഗങ്ങളും മേല്‍ത്തട്ട് ഉപഭോക്താക്കളായ മനുഷ്യരും (secondary consumers) തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളില്‍ കാര്‍ഷിക ആവാസവ്യവസ്ഥയിലെ (മണ്ണിലെ) പോഷകചക്രം (Nutrient cycle) സമീകൃതമായി പരിഹരിക്കപ്പെട്ടു പോന്നു. ഉല്പാദകരില്‍നിന്നും സ്വീകരിക്കുന്ന ഉല്പന്നങ്ങള്‍ക്ക് (ഭക്ഷണം, നാരുകള്‍) പകരമായി ഉപഭോക്താക്കള്‍ പരിസ്ഥിതിയിലേയ്ക്ക് നല്‍കുന്ന അവശിഷ്ടങ്ങളും മറ്റും ഉല്പാദക വ്യവസ്ഥയിലെ പോഷകചക്രം നിലനിര്‍ത്താന്‍ പോന്നതായിരുന്നു. വ്യാവസായിക കൃഷിരീതികള്‍ക്കുശേഷം രൂപപ്പെട്ട യാന്ത്രികോല്പാദന മാര്‍ഗ്ഗങ്ങള്‍ ഇത്തരം ഭൗതികബന്ധത്തെ മുറിച്ചു. ആടും കോഴിയും പന്നിയും കാളയും എരുമയും പശുവും ഒക്കെ മേയുന്നത് നിര്‍ത്തി ഫാമുകളിലേയ്ക്ക് മാറ്റപ്പെട്ടു. ജൈവാവശിഷ്ടങ്ങള്‍ ഒന്നുംതന്നെ കൃഷിഭൂമിയില്‍ പതിക്കാതെ ക്രമേണ കൃഷിഭൂമിയിലേയ്ക്കുള്ള പോഷക ചാക്രികത തടസ്സപ്പെട്ടു. വ്യവസായ വല്‍ക്കരണത്തെ തുടര്‍ന്നുള്ള നഗരവല്‍ക്കരണവും നഗര വ്യവസായശാലകളും ഗ്രാമീണ ജനതയെ, പ്രത്യേകിച്ച് യുവജനതയുടെ കൃഷിയില്‍നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുകയും നഗര ജീവിതത്തിലേയ്ക്കും സാമ്പത്തികത്തിനായി മെച്ചപ്പെട്ട വ്യാവസായിക ജോലികളിലേയ്ക്കും കൊണ്ടെത്തിച്ചു. ക്രമേണ ഉല്പാദക കൃഷിഭൂമിയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഭൗതികബന്ധം പരിപൂര്‍ണ്ണമായും തകര്‍ന്നു. മണ്ണിലുണ്ടായ പോഷകക്കുറവ് രാസവളങ്ങളാല്‍ പരിഹരിച്ചു. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യംപോലുള്ള രാസമൂലകങ്ങള്‍കൊണ്ട് കൃഷിയിടങ്ങള്‍ നിറഞ്ഞു. മഴവെള്ളത്തിലൂടെയും മണ്ണൊലിപ്പിലൂടെയും ഒലിച്ചിറങ്ങിയ രാസവളങ്ങള്‍ കുളങ്ങളിലും തോടുകളിലും അടിഞ്ഞുകൂടി. ജലാശയ ആവാസവ്യവസ്ഥയെ തകിടം മറിച്ചു. കാര്‍ഷിക മണ്ണില്‍ പോഷകങ്ങളാകേണ്ട അവശിഷ്ടങ്ങളെ മാലിന്യങ്ങളായി കുന്നുകൂടി ജലാശയങ്ങളും ചതുപ്പുകളും നിറച്ചു. നഗരമാലിന്യങ്ങള്‍ കടലിലേക്കും ക്രമാനുഗതമായി വര്‍ദ്ധിച്ചു. ഇത്തരം മാലിന്യങ്ങള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടും (Landfilling) കത്തിച്ചും (Incineration) മണ്ണും വിണ്ണും മലിനീകരിച്ചു കൊണ്ടിരിക്കുന്നു. ആ മുതലാളിത്ത വ്യവസായത്തോടെ ആരംഭിച്ച് 21-ാം നൂറ്റാണ്ടിലും അനുസ്യൂതം തുടരുന്ന അപകടകരമായ ഈ സ്ഥിതിവിശേഷങ്ങളെ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ത്തന്നെ മാര്‍ക്‌സ് ശാസ്ത്രീയ നിഗമനത്തോടെയും സൂക്ഷ്മമായും പഠനവിധേയമാക്കി, സുസ്ഥിര കാര്‍ഷിക വികസന സങ്കല്പങ്ങളെ വിശദമാക്കി.

കാലാകാലങ്ങളായി കര്‍ഷകര്‍ ചെയ്തുപോന്ന കൃഷിയില്‍ മനുഷ്യനും ജീവജാലങ്ങളും പാരിസ്ഥിതിക ഘടകങ്ങളും തമ്മില്‍ ഭൗതികമായ ബന്ധം നിലനിന്നിരുന്ന 19-ാം നൂറ്റാണ്ടുവരെ തുടര്‍ന്ന ഈ ബന്ധത്തെ മാര്‍ക്‌സ് ശാസ്ത്രീയമായി വിമര്‍ശിക്കുന്നുണ്ട്. പ്രാഥമിക ഉല്പാദകരായ സസ്യജാലങ്ങളും (primary producers) പ്രാഥമിക ഉപഭോക്താക്കളുടെ (Primary Consumers) മൃഗങ്ങളും മേല്‍ത്തട്ട് ഉപഭോക്താക്കളായ മനുഷ്യരും (secondary consumers) തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളില്‍ കാര്‍ഷിക ആവാസവ്യവസ്ഥയിലെ (മണ്ണിലെ) പോഷകചക്രം (Nutrient cycle) സമീകൃതമായി പരിഹരിക്കപ്പെട്ടു പോന്നു.

മുന്‍കാലങ്ങളില്‍ മണ്ണിലെ പാക്യജനക (നൈട്രജന്‍) പോഷണം പരിഹരിച്ചിരുന്നത് പയറുവര്‍ഗ്ഗ ചെടികള്‍ ഇടവേളകളില്‍ കൃഷിയിടങ്ങളില്‍ കൃഷി ചെയ്തുകൊണ്ടായിരുന്നു. ഇതിലൂടെ മൂന്നു കാര്യങ്ങള്‍ നടന്നിരുന്നു. പയറുചെടികള്‍ മണ്ണിലെ പോഷക നഷ്ടം പരിഹരിച്ചു. കര്‍ഷകനു ചെറിയ വരുമാനം കിട്ടി അതോടൊപ്പം ചെടിയുടെ അവശിഷ്ടങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റയായും മാറുന്നു. ഇത്തരം ഭൗതികബന്ധം നിലനിന്നിരുന്ന കാര്‍ഷിക ജീവിതങ്ങളില്‍നിന്നും മനുഷ്യനും മൃഗങ്ങളും മണ്ണും അകറ്റിനിര്‍ത്തുന്ന മുതലാളിത്ത കൃഷിരീതികളിലേയ്ക്കുള്ള വളര്‍ച്ച ജൈവമൂലബന്ധങ്ങളെ തകര്‍ത്തെറിഞ്ഞു. ഇത്തരം ശാസ്ത്രീയമായ ഒരാശങ്ക ലോകത്തിനു മുന്‍പില്‍ ആദ്യമായി അവതരിപ്പിച്ച സാമൂഹിക പരിസ്ഥിതി ചിന്തകനായിരുന്നു മാര്‍ക്‌സ്. ശക്തമായ സാമൂഹിക നിയന്ത്രണ സംവിധാനത്തിലൂടെ മണ്ണിന്റെ പോഷണം വീണ്ടെടുത്ത് സുസ്ഥിരത കൈവരിക്കാമെന്ന് ലെയ്ബിഗിന്റെ ശാസ്ത്രീയ നിഗമനത്തിലൂടെ മാര്‍ക്‌സ് മനസ്സിലാക്കുകയും ചെയ്തു. പാട്ടഭൂമി കൃഷി സമ്പ്രദായങ്ങള്‍ കര്‍ഷകരും ഭൂമിയും തമ്മിലുള്ള ബന്ധത്തില്‍നിന്നും അകലുന്നതിനും വിപണിക്കനുസരിച്ചും കുറഞ്ഞ പാട്ടക്കാലാവധിക്കുള്ളില്‍ ലാഭം നേടാനും മണ്ണിലേയ്ക്ക് അമിത രാസപോഷണം നടത്തുന്നതിനെക്കുറിച്ചും മാര്‍ക്‌സ് വിശദമായി പഠിച്ചു. 'ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്താനും വിനാശത്തിനും കാരണമാകുന്ന സവിശേഷ ശേഷിയുള്ള ജൈവഘടകമാണ് മനുഷ്യസമൂഹം' എന്നു വ്യാഖ്യാനിച്ചത് ബ്രിട്ടീഷ് എക്കോളജിക്കല്‍ സൊസൈറ്റിയുടെ ഉപജ്ഞാതാവും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായിരുന്ന ആര്‍തര്‍ ജോര്‍ജ് ടാന്‍സ്ലോ ആയിരുന്നു. പ്രകൃതിയിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് മനുഷ്യന്റെ ഉല്പാദന പ്രവര്‍ത്തനങ്ങളാണ്. ഈ ബോധ്യമാണ് മാര്‍ക്‌സിനെ ഉപാപചയ പ്രവര്‍ത്തനം എന്ന ശാരീരിക പ്രവര്‍ത്തനത്തെ വിശ്വപ്രകൃതി ഉപാപചയ സങ്കല്പത്തിലേക്കും (Universal metabolism) സാമൂഹിക ഉപാപചയ (social metabolism) സങ്കല്പത്തിലേയ്ക്കും പരിവര്‍ത്തിപ്പിച്ചത്. ഈ പഠനമാണ് മുതലാളിത്ത സാമൂഹിക ഉല്പാദന രീതികള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മുറിവുകളെ 'ഉപാപചയ വിള്ളല്‍ സിദ്ധാന്ത' രൂപീകരണത്തിന് മാര്‍ക്‌സിനെ പ്രേരിപ്പിച്ചത്. ഉപാപചയ വിള്ളല്‍ സിദ്ധാന്തം അന്നുവരെ സാമൂഹിക ശാസ്ത്രത്തില്‍ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായതും വേറിട്ടു നില്‍ക്കുന്നതുമായ വിശകലനമായിരുന്നു. മുതലാളിത്ത ഉല്പാദനരീതികളും പ്രകൃതി മൂലധന തകര്‍ച്ചയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെ ആഴത്തില്‍ പഠിച്ചുകൊണ്ടാണ് മുതലാളിത്ത വര്‍ഗ്ഗസമൂഹങ്ങളെ മാര്‍ക്‌സ് വിമര്‍ശിച്ചത്. ഉപാപചയ വിള്ളല്‍ സിദ്ധാന്തത്തിന്റെ പൊരുളില്‍ നിന്നുകൊണ്ടാണ് പ്രകൃതിയും മനുഷ്യനും സമൂഹവും തമ്മിലുള്ള ഉപാപചയ ബന്ധത്തേയും വര്‍ത്തമാന പാരിസ്ഥിതീയ വെല്ലുവിളികളേയും മാര്‍ക്‌സ് വിശദീകരിച്ചത്. സാമൂഹിക മനുഷ്യനും ഉല്പാദകരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ കൂട്ടിയിണക്കി പാരിസ്ഥിതീയ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് സോഷ്യലിസത്തെ വിശദമാക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക മനുഷ്യനും ഉല്പാദകരും പരിസ്ഥിതിയും തമ്മിലുള്ള ഉപാപചയ ബന്ധം സുസ്ഥിരതയുടേതാണ്. ഈ ബന്ധത്തെ കൂട്ടിയിണക്കി പാരിസ്ഥിതീയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് മാര്‍ക്‌സ് സോഷ്യലിസത്തെ വിശദമാക്കിയത്. സുസ്ഥിരതയും സാമൂഹിക സമത്വവും തമ്മിലുള്ള പരസ്പര്യമാണ് സുസ്ഥിര സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുന്നതിനും മുതലാളിത്ത മൂലധന ചൂഷണം ചെറുക്കുന്നതിനുമുള്ള ആയുധവും എന്ന് 14 വര്‍ഷത്തെ പഠനത്തിലൂടെ മാര്‍ക്‌സ് ബോധ്യപ്പെടുത്തി. ഒന്നര നൂറ്റാണ്ട് മുന്‍പ് മുതലാളിത്തത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് വര്‍ത്തമാന പാരിസ്ഥിതീയ സാഹചര്യത്തെ വിശദീകരിച്ച മാര്‍ക്‌സിന്റെ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും ശക്തമായ തിരിച്ചുവരവിനുള്ള സാഹചര്യമാണ് നിലവിലുള്ളത്. മുതലാളിത്ത വികസനം അസുസ്ഥിരവും അസമത്വങ്ങളുടേതുമാണ്. പ്രകൃതിവിഭങ്ങളുടെ ശരിയായ വിതരണവും ജൈവവൈവിധ്യങ്ങളും അനിവാര്യമാണ്. അത് സംരക്ഷിക്കുകതന്നെ വേണം. അതിനു മാര്‍ക്‌സിയന്‍ പാരിസ്ഥിതിബോധം സുസ്ഥിര വികസനത്തിനും പാരിസ്ഥിതിക അവബോധത്തിനും മുതല്‍ക്കൂട്ടാണ്.

മാര്‍ക്‌സ് എന്ന എക്കോ സോഷ്യലിസ്റ്റിന്റെ സമഗ്രവും ശാസ്ത്രീയവും സാമൂഹികവും രാഷ്ട്രീയവും ദാര്‍ശനികവുമായ പാരിസ്ഥിതിക കാഴ്ചപ്പാടും ബോധ്യവുമാണ് പാരിസ്ഥിതിക സമസ്യകളെ മാര്‍ക്‌സിയന്‍ ചിന്താധാരയില്‍നിന്നും നോക്കിക്കാണാനും കൂടുതല്‍ ജനസമക്ഷത്തിലേയ്ക്ക് എത്തിക്കുന്നതിനും ഇപ്പോള്‍ പലര്‍ക്കും പ്രേരണയാവുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധത്തെ വിളക്കിച്ചേര്‍ക്കാനാണ് മാര്‍ക്‌സ് ശ്രമിച്ചത്.

മാനവരാശിയും പ്രകൃതിയും തമ്മിലുള്ള പൊരുത്തങ്ങളെ സുരക്ഷിതമാക്കിക്കൊണ്ടുള്ള ബോധപൂര്‍വ്വമായ പദ്ധതി ആവിഷ്‌കരിക്കുന്നതിലൂടെ മാത്രമേ മനുഷ്യന്‍ സ്വായത്തമാക്കിയിട്ടുള്ള ശാസ്ത്രീയ സാങ്കേതികതകള്‍ ഉപയോഗിച്ച് സുസ്ഥിര വികസന സങ്കല്പങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാവൂ. വ്യാവസായിക കൃഷിരീതിയെ കൊള്ളയടിക്കല്‍ കൃഷി (Robbery Agriculture) എന്നു വിളിച്ച ലെയ്ബിഗിന്റെ ക്ലാസിക്കല്‍ തിയറിയെ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല അംഗീകരിക്കുന്നുണ്ടെങ്കിലും വ്യാവസായിക കാര്‍ഷിക മേഖലയുടെ പാരിസ്ഥിതീയവും സാമൂഹികവും നരവംശാടിസ്ഥാനത്തിലുള്ളതുമായ മാര്‍ക്‌സിന്റെ ഗവേഷണ അനുമാനങ്ങളെ ഭരണകൂടങ്ങളും പാഠ്യപദ്ധതികളും തള്ളിക്കളയുകയാണുണ്ടായത്. പകരം കാറല്‍ മാര്‍ക്‌സിന്റെ ഗവേഷണ അനുമാനങ്ങളെ വികസന വളര്‍ച്ചാ പരിമിതിക്കുള്ളില്‍ നിര്‍ത്തി മുതലാളിത്ത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്നു പറയാം. എന്നാല്‍, മാര്‍ക്‌സിയന്‍ പാരിസ്ഥിതീയ അനുമാനങ്ങള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്ന ഏറ്റവും അനിവാര്യമായ സമയത്തിലൂടെയാണ് ലോകം കടന്നുപോകുന്നത് എന്നതിനു തര്‍ക്കമുണ്ടാകാനിടയില്ല.?

References

Kohei Saito, 2017. Karl Marx's Eco socialism: Capitalism, Nature and the Unfinished Critique of Political Economy, Monthly Review press, New York.

Chris Williams, 2010, Ecology and Socialism: Solution to Capitalist Ecological Crisis, hey Market Books Chicago.

John Bellamy Foster, 2015. 'Marxism and Ecology: Common Fonts of a Great Transition', Great Transition Initiative Essay.

John Bellamy Foster and fred Magdoff, 1993. Liebig, Marx and Depletion of the soil Fertiltiy: relevance for Todays Agriculture, Monthly Review.

Just us Von Liebig, 1859. Letter son modern Agriculture, John Willey, New York.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com