പാറപ്പുറത്തിനെ ഞാനാദ്യം കാണുന്നത് കോട്ടയത്ത് സോഫിയാ സെന്ററില്‍ എം.ജി.ഒ.സി.എസ്.എം സാഹിത്യവേദി നടത്തിയ കഥാക്യാമ്പില്‍വച്ചായിരുന്നു. ഇന്നേയ്ക്ക് അരനൂറ്റാണ്ടായിരിക്കുന്നു. 1974-ല്‍ പ്രൊഫ. കെ.എം. തരകന്‍ ഡയറക്ടറായി നടത്തിയ ക്യാമ്പില്‍ പാറപ്പുറത്തും ഇ.എം. കോവൂരും ഒരേ വേദിയിലിരുന്ന് ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. തുടര്‍ന്ന് ക്യാമ്പ് അംഗങ്ങളുടെ രചനകള്‍ അവതരിപ്പിച്ചുള്ള ചര്‍ച്ചയായിരുന്നു സന്ദര്‍ഭം.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം, കഥയെഴുതാന്‍ താല്പര്യമുള്ളതിനാല്‍ 'മരണദേവന്റെ കഥ' എന്ന ശീര്‍ഷകത്തില്‍ ഞാനൊരു കഥയെഴുതി ക്യാമ്പില്‍ വായിച്ചു.
ഞാന്‍ കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യത്തെ അഭിപ്രായം ഇ.എം. കോവൂരിന്റേതായിരുന്നു. ഒരു ജഡ്ജികൂടിയായിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു: ''ഈ കഥാകൃത്ത് കഥയെഴുത്ത് നിര്‍ത്തണം.''
എനിക്ക് കരച്ചില്‍ വന്നു. അതു കണ്ടിട്ട് എന്റെ തൊട്ടടുത്തിരുന്ന പാറപ്പുറത്ത് സംഗതി ഒന്നു മയപ്പെടുത്തി: ''കോവൂര്‍ എന്ന ജഡ്ജിയാണ് ഇപ്പോള്‍ സംസാരിച്ചത്. എന്നാല്‍ കോവൂരിലെ എഴുത്തുകാരന്‍ പറഞ്ഞതിനൊരു മറുവശമുണ്ട്. പുതിയ എഴുത്തുകാര്‍ ഇങ്ങനെയല്ല എഴുതേണ്ടത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജീവിതമാണ് എഴുതേണ്ടത്.''
പാറപ്പുറത്ത് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ പിന്നെ കഥയെഴുത്ത് നിര്‍ത്തി. 'മരണദേവന്റെ കഥ' എഴുതിയ എന്നിലെ കഥാകൃത്ത് അന്ന് മരിച്ചു!
പാറപ്പുറത്തിനെ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചിത്രം സോഫിയാ സെന്ററിലെ സാഹിത്യവേദിയുടെ കഥാക്യാമ്പിലെ ആ സന്ദര്‍ഭമാണ്. കണ്ടാല്‍ പരുക്കനെന്നു തോന്നുന്ന പാറപ്പുറത്ത് എന്ന മനുഷ്യന്റെ സാഹിത്യജീവിതത്തിലേക്കു കടന്നുചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചതും ആ സന്ദര്‍ഭം തന്നെ!
പാറപ്പുറത്തിനെ പിന്നീട് എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു. എം.കെ. മാധവന്‍ നായര്‍, തുമ്പമണ്‍ തോമസ്, ഗോപി കൊടുങ്ങല്ലൂര്‍, പി.സി. കോരുത്, അഭയദേവ്, പണ്ഡിറ്റ് നാരായണ ദേവ്, ഡി.സി. കിഴക്കേമുറി എന്നിവര്‍ക്കൊപ്പം ഞാന്‍ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരിക്കുന്നു. കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍വച്ച് അതിനുള്ള അവസരങ്ങള്‍ ഉണ്ടായത് ഞാന്‍ കോട്ടയത്ത് പത്രപ്രവര്‍ത്തകനായി എത്തിയതിനു ശേഷമായിരുന്നു. എന്നെ കാണുമ്പോഴൊക്കെ പഴയ കരച്ചില്‍ ഓര്‍മ്മിച്ച് കഥയെഴുതാന്‍ എന്നെ നിര്‍ബന്ധിച്ചിട്ടുള്ള പാറപ്പുറത്തിന്റെ സ്‌നേഹം ഇന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. എന്നാല്‍ പാറപ്പുറത്തിന്റെ കോട്ടയം യാത്രകള്‍ പെട്ടെന്ന് അവസാനിച്ചു. 1981 ഡിസംബര്‍ 30-ന് അദ്ദേഹം അന്തരിച്ചു. 1924 നവംബര്‍ 14-ന് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ കുഞ്ഞുനൈനാ ഈശോയുടേയും ശോശാമ്മയുടേയും മകനായി ജനിച്ച കെ.ഇ. മത്തായി എന്ന പാറപ്പുറത്ത് കേവലം അന്‍പത്തിയേഴ് വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു. അതിനിടയിലാണ് അദ്ദേഹം ഇരുപതു നോവലുകളും പതിമൂന്ന് സമാഹാരങ്ങളിലായി നൂറിലധികം ചെറുകഥകളും എഴുതിയത്. പാറപ്പുറത്ത് രചിച്ച സാഹിത്യം പാറപ്പുറത്തു നിര്‍മ്മിച്ച മന്ദിരം പോലെ മലയാള സാഹിത്യത്തില്‍ ഭദ്രമായി നില്‍ക്കുന്നു.
ആദ്യകാല കഥകള്‍
പാറപ്പുറത്തിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ കോട്ടയത്തെ കഥാക്യാമ്പില്‍ അദ്ദേഹം പങ്കിട്ട സാഹിത്യാനുഭവങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. അദ്ദേഹം ആദ്യമെഴുതിയത് ഒരു പെണ്ണിന്റെ കഥയായിരുന്നു. പട്ടാളക്യാമ്പിലെ കൂട്ടുകാര്‍ വായിച്ചുരസിച്ച ഈ കഥ പെട്ടിയില്‍ സൂക്ഷിച്ചിരുന്നെങ്കിലും കറക്കത്തിനിടയില്‍ നഷ്ടപ്പെട്ടുപോയി. കഥയുടെ പേര് 'കാവേരി'. പട്ടാളക്യാമ്പിലേക്ക് ആദ്യമായി കൊല്ലത്തുനിന്ന് തീവണ്ടിയില്‍ മദ്രാസിലേക്കു നടത്തിയ യാത്രയിലെ ഒരനുഭവമാണ് ഈ കഥ. കൊല്ലത്തുനിന്ന് പുറപ്പെട്ട തീവണ്ടി പുനലൂര്‍ വഴി തെങ്കാശിയില്‍ എത്തിയപ്പോള്‍ പട്ടാളക്കാരനായ ശിങ്കാരമുത്തു തന്റെ നവവധുവായ കാവേരിയേയും കൂട്ടിയാണ് ക്യാമ്പിലേക്ക് പോകാന്‍ എത്തിയത്. തീവണ്ടിയില്‍ ഇരിക്കാനും
നില്‍ക്കാനും ഇടമില്ല. പട്ടാളക്കാര്‍ പെട്ടിയും പ്രമാണവുമായി കുത്തിനിറഞ്ഞ് ഇരിക്കുകയാണ്. അതിനിടയിലേക്കാണ് ശിങ്കാരമുത്തു സുന്ദരിയായ ഭാര്യയേയും കൂട്ടി എത്തിയത്. കാവേരി മധുരപ്പതിനേഴിലാണ്. ശിങ്കാരമുത്തു അവളുടെ അമ്മാവനാണ്. കാവേരിയുടെ അമ്മയ്ക്ക രോഗം വന്നപ്പോള്‍ ചികിത്സയ്ക്ക് കുറെ പണം നല്‍കി. അതു തിരിച്ചുനല്‍കാന്‍ ഇല്ല. അതിനാല്‍ വീട്ടുകാര്‍ ശിങ്കാരമുത്തുവിന് കാവേരിയെ സമ്മാനിച്ചു! തീവണ്ടിയില്‍ കാവേരിക്ക് ഇടം കിട്ടിയത് പാറപ്പുറത്തിന്റെ അടുത്താണ്. രാത്രിയില്‍ കാവേരി പാറപ്പുറത്തിന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു: ''നീയൊരു സുന്ദരന്‍, എനിക്ക് നിന്നെ ഇഷ്ടമാണ്.''
പട്ടാളക്യാമ്പിലെത്തിയ പാറപ്പുറത്തിനെ കാവേരിയുടെ വാക്കുകള്‍ വല്ലാതെ അലട്ടി. ഒരിക്കല്‍ മാത്രമെ കാവേരിയെ കണ്ടിട്ടുള്ളൂവെങ്കിലും തീവണ്ടിയാത്രയിലെ അനുഭവം പത്തൊന്‍പതുകാരനായ കെ.ഇ. മത്തായിയെ സംഘര്‍ഷത്തിലാക്കി. ശിങ്കാരമുത്തു കാണാതെ കാവേരി മത്തായിയുടെ കരങ്ങള്‍ പിടിച്ചു ചുംബിച്ചു. കാവേരിയുടെ കണ്ണുകളിലെ തിളക്കം മാത്രമല്ല, അവളുടെ മാറത്തെ അഴകും മത്തായിയെ ഭ്രമിപ്പിച്ചു! രാത്രിയില്‍ തന്റെ കൂടെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിവരാമെന്നു കാവേരി പറഞ്ഞതും മത്തായി അല്പം ഭയപ്പാടോടെ കേട്ടു. തീവണ്ടിയില്‍ ശിങ്കാരമുത്തു മാത്രമല്ല, നിറയെ പട്ടാളക്കാരാണ്. പട്ടാളത്തില്‍ ചേര്‍ന്നാല്‍ ജീവിതം മെച്ചപ്പെടുത്താമെന്നു കരുതിയാണ് പുറപ്പെട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതിനാല്‍ കാവേരിയുടെ
പ്രണയത്തിനു മുന്‍പില്‍ മത്തായി കണ്ണടച്ചു! ഇതാണ് പാറപ്പുറത്ത് എഴുതിയ ആദ്യത്തെ കഥ. കോട്ടയത്തെ കഥാക്യാമ്പില്‍വച്ച് ഈ കഥ പാറപ്പുറത്ത് വിവരിച്ചപ്പോള്‍ ഞങ്ങള്‍ കോരിത്തരിച്ചുപോയി.
കഥകളാണ് എഴുതിയതെങ്കിലും പട്ടാളക്യാമ്പില്‍ ആദ്യം നാലുപേര്‍ അറിഞ്ഞത് ഒരു നാടകകൃത്തായിട്ടാണ്. അന്നൊക്കെ ക്യാമ്പില്‍ ആഴ്ചയിലൊരിക്കല്‍ ഓരോ സംഘത്തിന്റേയും വക കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഒരു ദിവസം 'മദ്രാസി'കളുടെ വക നാടകമായിരുന്നു. പാറപ്പുറത്ത് എഴുതിയ 'ആശംസകള്‍' എന്നൊരു നാടകമാണ് അവതരിപ്പിച്ചത്. ഒരു നാടന്‍പെണ്ണിന്റെ തകര്‍ന്നുപോയ പ്രണയമായിരുന്നു നാടകത്തിന്റെ കഥ. നായിക തീരെ നിഷ്‌കളങ്കയാണ്. പട്ടണത്തിലെ പരിഷ്‌കാരത്തില്‍ ജീവിച്ച നായകന്‍ ഗ്രാമീണയായ കാമുകിയെ ചതിക്കുന്നു. തന്റെ നാടിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ നാടകം സ്റ്റേജില്‍ അരങ്ങേറിയപ്പോള്‍ വലിയ കയ്യടി കിട്ടി. എല്ലാവരും പാറപ്പുറത്തിനെ അഭിനന്ദിച്ചു. അങ്ങനെയാണ് ഒരു എഴുത്തുകാരനെന്ന ഖ്യാതി പാറപ്പുറത്തിനു
ക്യാമ്പില്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് എഴുത്തിലും വായനയിലും താല്പര്യമുള്ളവര്‍ പട്ടാളക്യാമ്പില്‍ ഒത്തുകൂടി. കലയും സാഹിത്യവും സിനിമയും അവര്‍ ചര്‍ച്ച ചെയ്തു. അവര്‍ക്ക് വായിക്കാന്‍ പാറപ്പുറത്ത് കഥകളെഴുതി. വീട്ടിലേക്ക് കത്തെഴുതുന്നതിന് രാത്രിയില്‍ സമയം കിട്ടിയിരുന്നു. ആ സമയം പാറപ്പുറത്ത് കഥകളെഴുതി. ഓരോ കഥയും വെട്ടിയും തിരുത്തിയും സ്വയം മെച്ചപ്പെടുത്തി. അതെല്ലാം പത്രങ്ങള്‍ക്ക് അയച്ചു. ഒന്നും അച്ചടിച്ചുവന്നില്ല.
കെ.ഇ. മത്തായി എന്ന പോരില്‍ കഥയെഴുതിയാല്‍ ആരും പ്രസിദ്ധീകരിക്കുകയില്ലെന്ന് പാറപ്പുറത്ത് തിരിച്ചറിഞ്ഞു. എന്നാല്‍, ആദ്യമായി ഒരു കഥ അച്ചടിച്ചുവന്നത് കെ.ഇ. മത്തായി എന്ന പേരില്‍ത്തന്നെയായിരുന്നു - ആദ്യത്തെ കഥ ഡോ. കെ.എം. ജോര്‍ജ് പത്രാധിപരായിരുന്ന 'ലോകവാണി' മാസികയിലാണ് പ്രസിദ്ധീകരിച്ചത്. കെ.എം. ജോര്‍ജിന്റെ ഗുരുവായ എ.ജി. മാത്യുവിന്റെ ശുപാര്‍ശ ഇതിനുണ്ടായിരുന്നു. കഥയുടെ പേര് 'രുക്മിണി'. പാറപ്പുറത്തിന്റെ പട്ടാളകഥകളുടെ തുടക്കം കൂടിയായിരുന്നു ഈ കഥ. ഈ കഥയുടെ ശീര്‍ഷകം പത്രാധിപര്‍ 'പുത്രിയുടെ വ്യാപാരം' എന്നാക്കി മാറ്റിയിരുന്നു. 1944-ല്‍ പട്ടാളത്തിലെത്തിയ പാറപ്പുറത്ത് ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ദൃക്സാക്ഷിയാണ്. റോന്തുചുറ്റുന്ന പട്ടാളത്തിലെ അംഗമെന്ന നിലയില്‍ വിഭജനകാലത്തെ സംഘര്‍ഷങ്ങളും സങ്കടങ്ങളും പാറപ്പുറത്ത് കണ്ടു. പഞ്ചാബികളുടെ അഭയാര്‍ത്ഥിക്യാമ്പിലെ ഒരു പെണ്‍കുട്ടിയെ മുന്‍നിര്‍ത്തിയാണ് 1948-ല്‍ 'രുക്മിണി' എന്ന കഥയെഴുതിയത്. ഉത്തരമഥുരയിലെ പട്ടാളക്യാമ്പിനു മുന്‍പിലുള്ള റോഡില്‍ നിലക്കടല വില്‍ക്കുന്ന പന്ത്രണ്ടുകാരിയായ രുക്മിണി ഇന്ത്യന്‍ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായിരുന്നു. ജീവിതത്തിലെ ദുരിതങ്ങള്‍ക്കിടയില്‍ ആരുടേയും മുന്‍പില്‍ കൈനീട്ടാതെ കടലവിറ്റ് ഉപജീവനം നടത്തി കുടുംബത്തെ സഹായിക്കുന്ന രുക്മിണി പാറപ്പുറത്തിന് ഒരു മധുരനൊമ്പരമായി.
ആ കഥ അച്ചടിച്ചു വന്നപ്പോഴുള്ള ആനന്ദം എഴുതിഫലിപ്പിക്കാന്‍ വയ്യാത്തതാണെന്ന് പാറപ്പുറത്ത് എഴുതിയിട്ടുണ്ട്.
'രുക്മിണി'യെ തുടര്‍ന്ന് പട്ടാളക്യാമ്പിലെ മറ്റൊരു അനുഭവം പാറപ്പുറത്ത് കഥയാക്കി. ആ കഥയുടെ പേര് 'ഒരു കൊച്ചനുജനെക്കുറിച്ച്'. പാറപ്പുറത്തിന്റെ മരണത്തിനു ശേഷം പുറത്തിറങ്ങിയ 'മരിക്കാത്ത ഓര്‍മ്മകള്‍' (1982) എന്ന പുസ്തകത്തില്‍ ആ കഥയുടെ പശ്ചാത്തലം വിവരിക്കുന്നുണ്ട്. ഇന്ത്യ-ചൈന യുദ്ധത്തിനു മുന്‍പ് ആര്‍മി മെഡിക്കല്‍ കോറില്‍ ജോലി ചെയ്തിരുന്ന പത്തൊന്‍പതുകാരനായ കുഞ്ഞുമോനെപ്പറ്റിയാണ് ഈ കഥ. മരുന്നുമായി മറ്റൊരു ഔട്ട്‌പോസ്റ്റിലേക്ക് പോയ കുഞ്ഞുമോന്‍ ഹിമപാതത്തെ തുടര്‍ന്ന് ഒരു ടിബറ്റന്‍ ഗ്രാമത്തില്‍ കുടുങ്ങിപ്പോയി. മൂന്ന് വര്‍ഷം കഴിഞ്ഞാണ് അയാള്‍ക്ക് ബേസിക് ക്യാമ്പില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്. ക്യാമ്പ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നെഹ്‌റു കുഞ്ഞുമോനെ അഭിനന്ദിച്ചു. നിസ്സാരനായി തോന്നുന്നവര്‍ പട്ടാളത്തില്‍ സാഹസികമായ സേവനം നടത്തുന്നതിനെക്കുറിച്ചായിരുന്നു പാറപ്പുറത്തിന്റെ 'ഒരു കൊച്ചനുജനെക്കുറിച്ച്' എന്ന കഥ. പട്ടാളക്യാമ്പില്‍വച്ച് കോവിലനെ ആദ്യമായി കണ്ടുമുട്ടിയ സന്ദര്‍ഭവും 'മരിക്കാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകത്തില്‍ പാറപ്പുറത്ത് സ്മരിക്കുന്നുണ്ട്.
പട്ടാളത്തിലെ സേവനകാലത്ത് ഏതാണ്ട് ഏറെക്കാലവും കിഴക്ക് നേഫാ മുതല്‍ പടിഞ്ഞാറ് കശ്മീര്‍ വരെയുള്ള ഹിമാലയസാനുക്കളിലാണ് പാറപ്പുറത്ത് ചെലവഴിച്ചത്. ആറ് വര്‍ഷം പിന്നെ നൈനിത്താളിലായിരുന്നു. നൈനിത്താളില്‍ എത്തിയതിന്റെ അടുത്ത ദിവസം നഗരം കാണാന്‍ ഇറങ്ങിയ പാറപ്പുറത്തിന് ഉണ്ടായ ഒരനുഭവമാണ് 'പണിതീരാത്ത വീട്' എന്ന നോവല്‍ എഴുതാന്‍ ഇടയാക്കിയത്. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചതും പാറപ്പുറത്ത് നൈനിത്താളില്‍ സേവനമനുഷ്ഠിക്കുന്ന കാലത്തായിരുന്നു. നൈനിത്താളിന്റെ പശ്ചാത്തലത്തില്‍ 'പണിതീരാത്ത വീട്' (1964) എഴുതുന്നതിനു മുന്‍പ് പട്ടാളക്യാമ്പിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാറപ്പുറത്ത് എഴുതിയ നോവലുകളാണ് 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' (1955), 'അന്വേഷിച്ചു കണ്ടെത്തിയില്ല' (1958) എന്നിവ.
പട്ടാളക്കഥകളുടെ കാലം
പാറപ്പുറത്ത് പട്ടാളത്തില്‍ ചേര്‍ന്നത് 1944-ലാണ്. പത്തൊന്‍പതാം വയസ്സില്‍ പട്ടാളക്യാമ്പിലെത്തിയ അദ്ദേഹം ഇരുപത്തിയൊന്നു വര്‍ഷത്തെ സേവനത്തിനുശേഷം 1965-ല്‍ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് വിരമിച്ചത്. അതിനുമുന്‍പ് അദ്ദേഹം 'തേന്‍വരിക്ക' (1960), 'ആദ്യകിരണങ്ങള്‍' (1961), 'മകനെ നിനക്കുവേണ്ടി' (1962), 'ഓമന' (1965) എന്നീ നോവലുകള്‍ എഴുതിയിട്ടുണ്ട്. 'പ്രകാശധാര' (1952), 'ഒരമ്മയും മൂന്ന് പെണ്‍മക്കളും' (1956), 'കുറുക്കന്‍ കീവറീതു മരിച്ചു' (1957), 'ആ പൂമൊട്ട് വിരിഞ്ഞില്ല' (1957), 'തോക്കും തൂലികയും' (1959), 'ദിനാന്ത്യക്കുറിപ്പുകള്‍' (1960), 'ജീവിതത്തിന്റെ ആല്‍ബത്തില്‍നിന്ന്' (1962), 'നാലാള്‍ നാലുവഴി' (1965) എന്നീ ചെറുകഥാസമാഹാരങ്ങളും പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ എഴുതിയിട്ടുള്ളവയാണ്. പട്ടാളത്തില്‍നിന്നു വിരമിച്ചതിനുശേഷം 'സൂസന്ന' (1968), 'തെരഞ്ഞെടുത്ത കഥകള്‍' (1968) 'കൊച്ചേച്ചിയുടെ കല്ല്യാണം' (1969), 'അളിയന്‍' (1974), 'വഴിയറിയാതെ' (1980) എന്നീ കഥാസമാഹാരങ്ങളും 'വെളിച്ചം കുറഞ്ഞ വഴികള്‍' (1968) എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുദ്ധമുന്നണിയില്‍ സൈന്യത്തിന്റെ ഒപ്പം തോക്കെടുത്തൊന്നും പ്രവര്‍ത്തിച്ചില്ലെങ്കിലും പട്ടാളക്കാരുടെ ആത്മസംഘര്‍ഷങ്ങളും ആകുലതകളും ചുറ്റുവട്ടങ്ങളും പാറപ്പുറത്ത് തൊട്ടറിഞ്ഞിരുന്നു. പട്ടാളത്തില്‍ ഹവിര്‍ദാര്‍ ക്ലാര്‍ക്കായി ജോലിചെയ്ത പാറപ്പുറത്ത് വിശ്രമവേളയില്‍ വായനയില്‍ മുഴുകിയിരുന്ന കാര്യം ടി.എന്‍. ജയചന്ദ്രനുമായി നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പട്ടാളത്തില്‍വച്ച് പുസ്തകങ്ങള്‍ വാങ്ങുന്ന ശീലമുണ്ടായിരുന്നെന്നും തന്നെ ഏറ്റവും ആകര്‍ഷിച്ചത് ബഷീറിന്റെ 'ബാല്യകാലസഖി' ആയിരുന്നെന്നും ടി.എന്‍. ജയചന്ദ്രന്റെ 'നോവലിസ്റ്റിന്റെ ശില്പശാല' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സാഹിത്യവാസനയെ ഉണര്‍ത്തിയവരില്‍ ഒന്നാമന്‍ ബഷീറാണെന്നും പാറപ്പുറത്ത് പറഞ്ഞിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കിയും ഉറൂബും കേശവദേവും തന്റെ സാഹിത്യരചനകളില്‍ സ്വാധീനം ചെലുത്തിയ എഴുത്തുകാരായിരുന്നുവെന്നും പാറപ്പുറത്ത് വെളിപ്പെടുത്തിയിരുന്നു. പട്ടാളക്യാമ്പില്‍ വായനയുടെ ലോകത്ത് വിഹരിച്ച പാറപ്പുറത്തിന്റെ മനസ്സില്‍ കഥാബീജങ്ങള്‍ പൊട്ടിമുളച്ചു. തനിക്കു ചുറ്റുമുള്ള ലോകവും ജീവിതവും കഥയെഴുതാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അങ്ങനെയാണ് കഥകള്‍ എഴുത്തിത്തുടങ്ങിയത്. 'രുക്മിണി'യും 'ഒരു കൊച്ചനുജനെക്കുറിച്ചും' എഴുതിയതിനുശേഷം 'ചുഴലിക്കാറ്റിനും തീബോംബിനുമിടയില്‍', 'ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍', 'ആദ്യത്തെ പ്രേമലേഖനം', 'ഒരു ഫാമിലിക്കാരന്‍' എന്നിങ്ങനെ ഒട്ടേറെ പട്ടാളകഥകള്‍ പാറപ്പുറത്ത് എഴുതി. 'ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍' എന്ന കഥ മുതല്‍ പാറപ്പുറത്ത് എന്ന തൂലികാനാമമായി. ആദ്യസമാഹാരമായ 'പ്രകാശധാര' പാറപ്പുറത്ത് 500 കോപ്പി മദ്രാസിലെ
ലോകവാണി പ്രസ്സില്‍ സ്വന്തമായി പണം മുടക്കി അച്ചടിക്കുകയും പട്ടാളക്യാമ്പില്‍ വിതരണം ചെയ്യുകയും ചെയ്തു. പട്ടാളക്യാമ്പില്‍ അങ്ങനെയാണ് പാറപ്പുറത്ത് അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി മാറിയത്. 'പ്രകാശധാര' പ്രസിദ്ധീകരിച്ച വര്‍ഷം അദ്ദേഹം തന്റെ ജീവിതപങ്കാളിയേയും കണ്ടെത്തി - റാന്നി കല്ലടാല്‍ പതാലില്‍ അമ്മിണി. 1952-ല്‍ 'പ്രകാശധാര' വെളിച്ചം കണ്ടതോടെ ഒരു നോവല്‍ എഴുതാന്‍ മദ്രാസിലെ 'ജയകേരളം' പത്രാധിപര്‍ ആവശ്യപ്പെട്ടു. അങ്ങനെ 1955-ല്‍ ആദ്യമായി എഴുതിയ നോവലാണ് 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍'! മദ്രാസിലെ ജനതാ പബ്ലിഷിംഗ് കമ്പനിയായിരുന്നു പ്രസാധകര്‍.
'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' പ്രസിദ്ധീകരിച്ചതിനു ശേഷം സമസ്ത കേരള സാഹിത്യപരിഷത്തിന്റെ രജതജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാതെ പോയ കഥ പാറപ്പുറത്ത് 'മരിക്കാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. എറണാകുളത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയ പന്തലിലായിരുന്നു സമ്മേളനം. ജി. ശങ്കരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ എസ്. ഗുപ്തന്‍നായര്‍ പ്രസംഗിക്കുന്നു. പാറപ്പുറത്ത് പിന്‍നിരയില്‍ സ്ഥാനംപിടിച്ചു. ഗുപ്തന്‍നായരുടെ പ്രസംഗം കഴിഞ്ഞ് പി.എ. വാരിയര്‍ കഥ-നോവല്‍ സാഹിത്യത്തെപ്പറ്റി പ്രസംഗിക്കാന്‍ എഴുന്നേറ്റു. ആമുഖവാക്യങ്ങള്‍ക്കുശേഷം പി.എ. വാരിയര്‍ ഇപ്രകാരം പറഞ്ഞു: ''അടുത്തകാലത്ത് പുറത്തിറങ്ങിയ പ്രധാന നാല് കൃതികളെക്കുറിച്ച് ഞാനിവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നു. ''ഒന്ന്, തകഴിയുടെ 'ചെമ്മീന്‍', രണ്ട്, ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', മൂന്ന്, മുണ്ടശ്ശേരിയുടെ 'കൊന്തയില്‍നിന്നു കുരിശിലേക്ക്', നാല്, പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍'. ആദ്യ നോവലിലൂടെ അങ്ങനെ പാറപ്പുറത്ത് മലയാളത്തിന്റെ ഒന്നാംനിര എഴുത്തുകാരനായി മാറി.
പട്ടാളത്തില്‍നിന്ന് പിരിഞ്ഞതിനുശേഷം പതിനാറ് വര്‍ഷങ്ങള്‍ മാത്രമേ പാറപ്പുറത്ത് ജീവിച്ചിരുന്നുള്ളൂ. നാല്‍പ്പത്തിയൊന്നാം വയസ്സില്‍ വിരമിച്ചതിനു ശേഷം അദ്ദേഹം എഴുത്തില്‍ മാത്രമല്ല, സിനിമയിലും പ്രവര്‍ത്തിച്ചു. പാറപ്പുറത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയെന്ന് 'നോവല്‍ സാഹിത്യചരിത്ര'ത്തില്‍ പ്രൊഫ. കെ.എം. തരകന്‍ വിശേഷിപ്പിച്ച അരനാഴികനേരം (1967) എഴുതിയത് പട്ടാളത്തില്‍നിന്നു വിരമിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ്. പാറപ്പുറത്ത് ആധുനികതയുടെ ആചാര്യനും ശില്പിയുമായിത്തീര്‍ന്നത് ഈ നോവലില്‍ അവതരിപ്പിച്ച നൂതനവും ശക്തവുമായ ജീവിതവീക്ഷണത്തിലൂടെയാണെന്ന് കെ.എം. തരകന്‍ 'നോവല്‍ സാഹിത്യചരിത്ര'ത്തില്‍ എഴുതിയിട്ടുണ്ട്. 'ചന്ത' (1969) 'പ്രയാണം' (1970), 'നന്മയുടെ പൂക്കള്‍' (1972), 'വഴിയമ്പലം' (1972), 'ധര്‍മ്മസങ്കടം' (1975), 'അച്ഛന്റെ കാമുകി' (1975), 'അവസ്ഥാന്തരം' (1976), 'മനസ്സ്‌കൊണ്ടൊരു മടക്കയാത്ര' (1976), 'ആകാശത്തിലെ പറവകള്‍' (1979), 'ഇവനെ ഞാന്‍ അറിയുന്നില്ല' (1970), 'വിലക്കുകള്‍, വിലങ്ങുകള്‍' (1980) എന്നീ നോവലുകള്‍ തുടര്‍ന്ന് എഴുതി. അവസാനം രചിച്ച 'കാണാപ്പൊന്ന്' പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. തുടര്‍ന്ന് കെ. സുരേന്ദ്രന്‍ അത് പൂര്‍ത്തിയാക്കി 1982-ല്‍ പ്രകാശിപ്പിച്ചു.
പാറപ്പുറത്തിന്റെ നോവലുകള്‍ നവോത്ഥാനകാലത്തില്‍നിന്ന് ആധുനികതയിലേക്കുള്ള ഭാവുകത്വസംക്രമണം ത്വരിപ്പിക്കുന്നുണ്ടെന്ന് നോവലുകളെപ്പറ്റിയുള്ള പഠനത്തില്‍ ഡോ. മാത്യു ഡാനിയല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദര്‍ശനത്തെ വൈകാരികാനുഭവമായി സംവേദനം ചെയ്യാന്‍ പാറപ്പുറത്തിനു കഴിഞ്ഞെന്നും നവോത്ഥാനകാലത്തിന്റെ ഉത്തരഘട്ടത്തെ പ്രതിധാനം ചെയ്യുന്ന പാറപ്പുറത്ത് നവീന ഭാവുകത്വത്തിലേക്കുള്ള സംക്രമണത്തെ സ്വന്തം കൃതികള്‍കൊണ്ട് സമര്‍ത്ഥിച്ചെന്നും 'പാറപ്പുറത്തിന്റെ നോവലുകള്‍: ശില്പവും ദര്‍ശനവും' എന്ന ശ്രദ്ധേയമായ പഠനത്തില്‍ ഡോ. മാത്യു ഡാനിയല്‍ ചൂണ്ടിക്കാട്ടുന്നു. ജി.എന്‍. പണിക്കരും ജോര്‍ജ് തഴക്കരയും പാറപ്പുറത്തിന്റെ സംഭാവനകള്‍ വിലയിരുത്തിയിട്ടുണ്ട്.
പാറപ്പുറത്തിനെ ഞാനാദ്യം കാണുമ്പോള്‍ അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍', 'പണിതീരാത്ത വീട്', 'അന്വേഷിച്ചു കണ്ടെത്തിയില്ല', 'അരനാഴികനേരം' തുടങ്ങിയ നോവലുകള്‍ സിനിമയായിട്ടുണ്ട്. പല സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതി. ചില സിനിമകളില്‍ മുഖം കാണിക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും തനിക്ക് ഏറെ ഇഷ്ടപ്പെട്ട സാഹിത്യരൂപം ചെറുകഥയാണെന്ന് അദ്ദേഹം കോട്ടയത്തെ കഥാക്യാമ്പില്‍ വെളിപ്പെടുത്തുകയുണ്ടായി. മനസ്സില്‍ തട്ടിയ അനുഭവങ്ങളാണ് കഥകളായി എഴുതിയതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഏതാണെന്ന് ഞാനൊരു കുസൃതിച്ചോദ്യം ഉന്നയിച്ചത് ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഞാന്‍ ഇന്നും വായിക്കാത്ത രണ്ട് കഥകളുടെ പേരാണ് പാറപ്പുറത്ത് അന്ന് പറഞ്ഞത് - 'ഇരുള്‍മൂടിയ ആകാശം', 'അടിയൊഴുക്കുകള്‍'. എന്നാല്‍ ഇഷ്ടപ്പെട്ട നോവലിനെപ്പറ്റി ചോദിച്ചപ്പോള്‍ താനെഴുതിയ നോവലുകളുടെ പേരുകള്‍ ഒന്നും പറയാതെ ബഷീറിന്റെ 'ബാല്യകാലസഖി' എന്ന നോവലിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക