മഹാജ്ഞാനികളുടെ കുടിപ്പകയും കുമാരനാശാന്‍ വിജ്ഞാനകോശവും

കണ്ണൂരും കോഴിക്കോടും വരെയുള്ള നാടകസംഘങ്ങളെ കണ്ടെത്തിയ സര്‍വ്വവിജ്ഞാനകോശം വിദ്വാന്മാര്‍ എങ്ങനെ അവരുടെ മൂക്കിനു താഴെയുള്ള തിരുവനന്തപുരത്തെ സംഘശക്തി നാടക സംഘത്തേയും നാടകരംഗത്ത് ഒരു ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ നാടകങ്ങള്‍ അവതരിപ്പിച്ച സംഘചേതനയേയും മാത്രം കണ്ടില്ല?
ജാതവേദസ്സ് നാടകത്തില്‍ നിന്നുള്ള ദൃശ്യം
ജാതവേദസ്സ് നാടകത്തില്‍ നിന്നുള്ള ദൃശ്യം drama scene
Published on
Updated on

കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മഹാകവി കുമാരനാശാന്‍ സര്‍വ്വവിജ്ഞാനകോശം ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ വാങ്ങിയതും വായിച്ചുനോക്കിയതും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ആശാനെ സംബന്ധിച്ച് ഒരു സര്‍വ്വവിജ്ഞാന കോശം എന്നു കേള്‍ക്കുമ്പോള്‍, ആശാനെക്കുറിച്ച് ഒരു സമഗ്രപഠനമാണ് (വസ്തുതകളാണ്) സാധാരണ വായനക്കാരന്‍ പ്രതീക്ഷിക്കുന്നത്. ആശാന്‍കൃതികളെക്കുറിച്ച്, അത് രചിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച്, ആ കൃതികള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ചലനങ്ങളെക്കുറിച്ച്, ആ കൃതികളെ ഉപജീവിച്ചുണ്ടായ മറ്റു കലാസൃഷ്ടികളെക്കുറിച്ച്-നാടകം, സിനിമ, നോവല്‍, നിരൂപണം തുടങ്ങിയവ. അതേപോലെ കേരളത്തില്‍ എസ്.എന്‍.ഡി.പി പോലെ ഒരു നവോത്ഥാന സംഘടനയ്ക്ക് രൂപം നല്‍കുകയല്ല, അതിന്റെ പ്രഥമ കാര്യദര്‍ശിയായി നീണ്ട 16 കൊല്ലം പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍, പ്രതിസന്ധികള്‍, എതിര്‍പ്പുകളെ നേരിട്ട രീതികള്‍, ആശാന്‍ ലോകവിരാഗിത്വത്തില്‍നിന്ന് ലോകാനുരാഗിയായി മാറാന്‍ ഇടയായ സാഹചര്യങ്ങള്‍, റെഡിമര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍, ശ്രീമൂലം പ്രജാസഭയിലെ ചരിത്രം തിരുത്തിയ പ്രസംഗങ്ങള്‍ ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ സര്‍വ്വവിജ്ഞാനകോശമായതുകൊണ്ട് നാം പ്രതീക്ഷിച്ചുപോകും. നിര്‍ഭാഗ്യമെന്നു പറയട്ടെ, സാധാരണ ഒരു കലാസമിതിയുടെ വാര്‍ഷികത്തിനു തയ്യാറാക്കുന്ന ഒരു വാര്‍ഷികോപഹാരത്തില്‍, പേജ് ചുരുക്കാന്‍ നിര്‍ബ്ബന്ധിതമായി) ഒരു വാര്‍ഷികപ്പതിപ്പ് തട്ടിക്കൂട്ടുന്നപോലെ എല്ലാം പറഞ്ഞെന്നു വരുത്തി പറയേണ്ടതൊന്നും പറയാന്‍ കഴിയാതെ പോയി, അതാണ് വസ്തുത.

പക്ഷേ, ഒന്നുരണ്ടു സര്‍വ്വവിജ്ഞാനകോശ ഭരണസമിതിയിലേയും ഉപദേശക സമിതിയിലേയും 'ആസ്ഥാനവിദ്വാന്മാരില്‍' ചിലരുടെ 'കുടിപ്പക' നന്നായി പ്രയോഗിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് ആശ്വസിക്കാം.

ഉദാഹരണത്തിന്, 'ആശാന്‍ കൃതികളുടെ നാടക പുനരാഖ്യാനങ്ങള്‍' എന്ന ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: ''ആശാന്റെ ഒട്ടുമിക്ക കവിതകളും നാടകങ്ങളായി പുനരാഖ്യാനം ചെയ്തിട്ടുണ്ട്... ആശാന്റെ പ്രഖ്യാത കാവ്യമായ 'ദുരവസ്ഥയ്ക്ക്' കണ്ണൂര്‍ സംഘചേതന ഒരുക്കിയ നാടകമാണ് 'അടിയത്തമ്പുരാട്ടി.' മനോജ് നാരായണനാണ് നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. ദുരവസ്ഥാ കാവ്യത്തെ ആസ്പദമാക്കി ഡോ. എന്‍.ആര്‍. മധു മീനിച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകമാണ് 'ദുരവസ്ഥ.'

ജാതവേദസ്സ് നാടകത്തില്‍ നിന്നുള്ള ദൃശ്യം
രാത്രിയില്‍ കാവേരി പാറപ്പുറത്തിന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു: ''നീയൊരു സുന്ദരന്‍, എനിക്ക് നിന്നെ ഇഷ്ടമാണ്.''
''ദുരവസ്ഥയില്‍ നിന്നൊരു നാടകം'' എന്നാണ് തലവാചകം. ഇത്രയുമാണ് കേരളത്തിലെ ഏറ്റവും പുതിയ നാടകങ്ങളിലൊന്നായ 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നതിന്റെ ബാഹ്യരൂപം. ഈ നാടകം രംഗത്തു കൊണ്ടുവരുന്നത് പുരോഗമന കലാസാഹിത്യസംഘത്തിന്റെ നാടകവിഭാഗമാണ് തിരുവനന്തപുരത്തെ 'സംഘശക്തി.' നാടകം എഴുതിയത് പിരപ്പന്‍കോട് മുരളിയാണ്. രൂപകല്പനയും സംവിധാനവും നിര്‍വ്വഹിച്ചത് പി.കെ. വേണുക്കുട്ടന്‍ നായരും. ഈ നാടകം ഉദ്ഘാടനം ചെയ്യപ്പെടുന്നതിനു മുന്‍പ് മാര്‍ക്‌സിസ്റ്റു നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടും നാടകാചാര്യനായ പ്രൊഫസര്‍ എന്‍. കൃഷ്ണപ്പിള്ളയും കണ്ടിരുന്നു.

കോഴിക്കോട് കേസരി ഹാളില്‍ നടന്ന സര്‍ഗ്ഗോത്സവത്തിലാണ് ഈ നാടകം ആദ്യമായി അവതരിപ്പിച്ചത്. ദുരവസ്ഥയ്ക്ക് രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദിയും നാടകാവിഷ്‌കാരം ഒരുക്കിയിട്ടുണ്ട്. എന്നിട്ടും പുരോഗമന കലാസാഹിത്യസംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ നാടകവിഭാഗം 1985 നവംബറില്‍ അവതരിപ്പിച്ച 'ദുരവസ്ഥ'യെക്കുറിച്ച് എഴുതി അവതരിപ്പിച്ച 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന നാടകത്തെ തിരുവനന്തപുരം ജില്ലയിലെ പു.ക.സക്കാരായ രണ്ട് 'ആസ്ഥാനവിദ്വാന്മാര്‍' കൂടി ഉള്‍പ്പെട്ട ഭരണസമിതിക്കോ ഉപദേശക സമിതിക്കോ കാണാന്‍ കഴിഞ്ഞില്ല. കാരണം നാടകം രചിച്ചത്

പിരപ്പന്‍കോട് മുരളിയായിരുന്നു. 'അണ്ണാരക്കണ്ണനും തന്നാലായത്' എന്നു പറഞ്ഞപോലെ 'ആസ്ഥാനവിദ്വാന്മാര്‍' കുമാരനാശാന്‍ വിജ്ഞാനകോശത്തിലൂടെ എന്നെയും എന്റെ നാടകത്തേയും തമസ്‌കരിച്ച് കുടിപ്പക തീര്‍ത്ത സന്തോഷത്തിലാണ്.

അവരോര്‍ക്കണം, അന്ന് ഈ നാടകത്തിന് പ്രോത്സാഹനം നല്‍കിയത് ഇ.എം.എസ്സും നാടകാചാര്യനായ പ്രൊഫ. എന്‍. കൃഷ്ണപ്പിള്ളയുമായിരുന്നു. കേരളത്തിലെ പ്രമുഖ വാരികകളും പത്രങ്ങളും നാടകം രംഗത്തുവന്ന ശേഷം പ്രകീര്‍ത്തിച്ചുകൊണ്ട് ആസ്വാദനങ്ങളും എഴുതിയിട്ടുണ്ട്. അതില്‍ ചിലതു ചുവടെ ചേര്‍ക്കുന്നു.

ദുരവസ്ഥയില്‍ നിന്നൊരു നാടകം

1985 ഡിസംബര്‍ 22-ന് 536-ാം ലക്കമായി പുറത്തിറങ്ങിയ 'കലാകൗമുദി'യില്‍ സ്റ്റാഫ് ലേഖകന്‍ എന്ന പേരില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ എന്‍. ആര്‍.എസ്. ബാബു (കലാകൗമുദി പത്രാധിപര്‍) ഇങ്ങനെ എഴുതി:

''ദുരവസ്ഥയില്‍ നിന്നൊരു നാടകം'' എന്നാണ് തലവാചകം. ഇത്രയുമാണ് കേരളത്തിലെ ഏറ്റവും പുതിയ നാടകങ്ങളിലൊന്നായ 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നതിന്റെ ബാഹ്യരൂപം. ഈ നാടകം രംഗത്തു കൊണ്ടുവരുന്നത് പുരോഗമന കലാസാഹിത്യസംഘത്തിന്റെ നാടകവിഭാഗമാണ് തിരുവനന്തപുരത്തെ 'സംഘശക്തി.' നാടകം എഴുതിയത് പിരപ്പന്‍കോട് മുരളിയാണ്. രൂപകല്പനയും സംവിധാനവും നിര്‍വ്വഹിച്ചത് പി.കെ. വേണുക്കുട്ടന്‍ നായരും.

ഈ നാടകം ഉദ്ഘാടനം ചെയ്യപ്പെടുന്നതിനു മുന്‍പ് മാര്‍ക്‌സിസ്റ്റു നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടും നാടകാചാര്യനായ പ്രൊഫസര്‍ എന്‍. കൃഷ്ണപ്പിള്ളയും കണ്ടിരുന്നു.

നമ്പൂതിരിപ്പാടിനെ നാടകം തൃപ്തിപ്പെടുത്തി. ''എന്‍. കൃഷ്ണപ്പിള്ള സാറിനെക്കൂടി ഒന്നു കാണിച്ചേക്കൂ'' എന്ന് അദ്ദേഹം സംഘാടകരോട് നിര്‍ദ്ദേശിച്ചു. എന്‍. കൃഷ്ണപ്പിള്ളയ്ക്കും നാടകം ഇഷ്ടമായി. തിരുവനന്തപുരത്തെ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍വെച്ച് പിറ്റേ ദിവസം ഈ നാടകം ഉദ്ഘാടനം ചെയ്യവെ എന്‍. കൃഷ്ണപ്പിള്ള പറഞ്ഞു: ''ഞാനീ നാടകം നേരത്തെ കണ്ടു. എനിക്കിഷ്ടമായി. അപാകതകള്‍ പലതും ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്റെ പല നിര്‍ദ്ദേശങ്ങളും ഇതിന്റെ സംഘാടകര്‍ അംഗീകരിക്കുകയും ചെയ്തു. ഒരു മഹാകവിയുടെ കൃതിയെ ഇത്ര സര്‍ഗ്ഗാത്മകമായി സ്പര്‍ശിക്കാന്‍ അടുത്തകാലത്തൊന്നും നമ്മുടെ നാടകസംഘങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.'' 1985 ഡിസംബര്‍ 15-ലെ 'കേരള കൗമുദി വീക്കെന്‍ഡ്

മാഗസിനില്‍ പ്രൊഫ. എം.കെ. സാനുമാഷ് നാടകത്തെക്കുറിച്ച് എഴുതിയ ആസ്വാദനത്തില്‍ ഇങ്ങനെ പറഞ്ഞു: ''മാറ്റുവിന്‍ ചട്ടങ്ങളെ നമ്മുടെ നാടകവേദിയില്‍ ശുക്രദശയുടെ സൂചന.'' ''കഥാഖ്യാനപരമായ പാട്ടിന്റെ സ്വഭാവത്തോടുകൂടിയ ഈ കാവ്യം നാടകമാക്കുക എന്നത് സാധാരണഗതിയില്‍ നമുക്കു സങ്കല്പിക്കാവുന്ന കാര്യമല്ല. നാടകമെന്ന നിലയ്ക്ക് ദുരവസ്ഥ വിജയം വരിക്കുകയില്ലെന്നായിരിക്കും സാഹിത്യ മര്‍മ്മജ്ഞന്മാര്‍ ഏറെയും കരുതുക. എന്നാല്‍, ആ കരുതലിനെയെല്ലാം തകര്‍ത്തുകൊണ്ടാണ് തിരുവനന്തപുരം സംഘശക്തിയുടെ 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന നാടകം ആവിഷ്‌കൃതമായിട്ടുള്ളത്. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന ഈ നാടകത്തിന്റെ സംഭാഷണങ്ങളും ഗാനങ്ങളും രചിച്ചിട്ടുള്ളത് പിരപ്പന്‍കോട് മുരളിയാണ്. കാവ്യത്തിന്റെ നിലീന സൗന്ദര്യം അഭിവ്യഞ്ജിപ്പിക്കാന്‍ ഉതകുംവിധം വാക്കുകള്‍ പ്രയോഗിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്, സംഭാഷണത്തിലും ഗാനത്തിലും ഒരുപോലെ തികച്ചും ഹൃദയഹാരിയും ഉത്തേജകവുമാണ്.''

rehersal camp
'മാറ്റുവിന്‍ ചട്ടങ്ങളെ 'റിഹേഴ്‌സല്‍ ക്യാമ്പില്‍ ഇ.എം.എസിനൊപ്പം പിരപ്പന്‍കോട് മുരളി

കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കകത്ത് എം.വി. രാഘവന്‍ ഉയര്‍ത്തിയ ആഭ്യന്തരകലഹത്തിനിടയ്ക്ക് എറണാകുളത്ത് (1985 നവംബറില്‍) ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് സമ്മേളന ഹാളിനു പുറത്ത് ബഹുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ 'മാറ്റുവിന്‍ ചട്ടങ്ങളേ'യും ഉള്‍പ്പെടുത്തിയിരുന്നു. സമ്മേളനം അവലോകനം ചെയ്തുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറികൂടിയായ ഇ.എം.എസ്. സി.പി.ഐ(എം) അഖിലേന്ത്യാ മുഖപത്രമായ 'പീപ്പിള്‍സ് ഡമോക്രസിയില്‍ 1985 ഡിസംബര്‍ ഒന്നിന് എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

''The other drama staged on the 22nd was based on the well known poem by the late Maha Kavi Kumaran Asan, in which a Namboothiri girl whose near and dear ones were killed in the course of the Moplah revolt takes refuge in the house of a harijan agricultural labourer. The two finally start on life as husband and wife. This first call to come in the state for intercast marriages given over six decades ago is now being used for political campaigning.'

ആശാന്റെ ദുരവസ്ഥയെ ആസ്പദമാക്കി ഞാന്‍ രണ്ടു നാടകങ്ങള്‍ (രണ്ടുതരത്തില്‍) എഴുതിയിട്ടുണ്ട്. അതില്‍ ഒന്നാണ് 'മാറ്റുവിന്‍ ചട്ടങ്ങളെ.' പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നാടകവിഭാഗമായ സംഘശക്തിക്കുവേണ്ടി ആധുനിക നാടകസങ്കേതങ്ങള്‍ ഉപയോഗിച്ചാണ് 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന നാടകത്തിന് രൂപം നല്‍കിയത്. പ്രസ്തുത നാടകം കെട്ടിലും മട്ടിലും ഒരു സാധാരണ നാടകമായിരുന്നില്ല. ഫിസിക്കല്‍ തിയേറ്റര്‍ ശൈലിയാണ്

ആ നാടകത്തില്‍ സ്വീകരിച്ചത്. കര്‍ട്ടനുകളിലുടേയും കട്ട്ഔട്ടുകളുടേയും സഹായമില്ലാതെ, പിന്നില്‍ ഒരു വെള്ളക്കര്‍ട്ടന്‍ മാത്രം ഉപയോഗിച്ചുകൊണ്ട് യാതൊരു 'പ്രോപ്പര്‍ട്ടിയും' ഉപയോഗിക്കാതെ 'മൈമിംഗ്' സങ്കേതം മാത്രം ഉപയോഗിച്ചുകൊണ്ട്, നിഴലും വെളിച്ചവും (ലൈറ്റിംഗ്) ഉപയോഗിക്കുന്ന രീതിയില്‍ ഒരു നാടകമായിരുന്നു 'മാറ്റുവിന്‍ ചട്ടങ്ങളെ.' എന്നാല്‍, 1987-ലെ നായനാര്‍ ഗവണ്‍ന്റിന്റെ 'സാക്ഷരതാ പ്രവര്‍ത്തനത്തേയും വര്‍ഗ്ഗീയവിരുദ്ധ ക്യാമ്പയിന്റേയും ഭാഗമായി ആശാന്റെ 'ദുരവസ്ഥയെ' ആസ്പദമാക്കി പ്രൊഫഷണല്‍ നാടകശൈലിയില്‍ ഒരു നാടകം തയ്യാറാക്കണമെന്ന ഒരഭിപ്രായം ഉയര്‍ന്നുവന്നു. നിര്‍ഭാഗ്യവശാല്‍ പുരോഗമന കലാസാഹിത്യസംഘം, തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള 'സംഘശക്തി'യുടെ പേര് ഞാന്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന ജില്ലാ പാര്‍ട്ടിയുടെ നിയന്ത്രണമുണ്ടായിരുന്നതുകൊണ്ട് (അന്ന് ഞാന്‍ എഴുതിയ കവിതയുടെ പേരില്‍ ഞാന്‍ പാര്‍ട്ടി നടപടിക്കു വിധേയനായിരുന്നു) എന്റെ 'സ്വാതിതിരുനാള്‍' നാടകം അവതരിപ്പിക്കാന്‍ 'സംഘചേതന' എന്ന ഒരു നാടകസംഘം രൂപീകരിക്കേണ്ടിവന്നു. ആ സംഘചേതനയുടെ ബാനറില്‍ 'ദുരവസ്ഥ' എന്ന ആശാന്‍ കൃതിയെ 'ജാതമേദസ്സേ മിഴിതുറക്കൂ' എന്ന നാടകം പ്രൊഫഷണല്‍ നാടകരൂപത്തിലാക്കി അവതരിപ്പിച്ചു. തികച്ചും ലളിതമായി മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ ആശാന്റെ 'സാവിത്രി-ചാത്തന്മാരെ' കേന്ദ്രീകരിച്ച് എഴുതിയ നാടകമാണ് 'ജാതമേദസ്സേ മിഴിതുറക്കൂ.'

ചരിത്രം മറക്കുമ്പോള്‍

1990 ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണനാണ് നാടകം ഉദ്ഘാടനം ചെയ്തത്.

ഈ നാടകം സംവിധാനം ചെയ്തത് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഡ്രാമാ അദ്ധ്യാപകനായ ഗോപിനാഥ് കോഴിക്കോടാണ്. സംഗീതം ചെയ്തത് സംഗീതത്തിലെ ദേവരാജനായ ദേവരാജന്‍ മാസ്റ്ററാണ്. ഇന്ന് കേരളത്തിലെ മുന്തിയ സംഗീത സംവിധായകനായ എം. ജയചന്ദ്രന്‍ ഈ നാടകത്തിലെ 'ജാതവേദസ്സേ മിഴിതുറക്കൂ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സംഗീതലോകത്തേയ്ക്കു കടന്നുവന്നത്.

അന്നത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ സാര്‍വ്വത്രിക സാക്ഷരതാ പ്രസ്ഥാനത്തെ പ്രചരിപ്പിക്കുന്ന ഒരു രംഗം നാടകത്തിലുണ്ടായിരുന്നു. അതില്‍ അക്ഷരങ്ങളെക്കുറിച്ചുള്ള പാട്ട് ഇങ്ങനെയായിരുന്നു:

''അ... അമ്മ. അരിവാള്‍, അടിമത്തം

അ. അ. അ. അ.

ഇ... ഇടവം ഇടിമിന്നല്‍

ഇ. ഇ. ഇ. ഇ.

ഉ... ഉപ്പ് ഉടമ ഉടമസ്ഥന്‍

ഉ. ഉ. ഉ. ഉ.

ഒ... ഒന്ന് ഒന്ന് ഒത്തൊരുമ-

ഒ. ഒ. ഒ. ഒ.

അമ്മ അരിവാള്‍ അടിമത്തം.

നാടകത്തെക്കുറിച്ച്, അന്ന് വിവിധ പത്രങ്ങളില്‍ ആസ്വാദന ലേഖനങ്ങള്‍ വന്നിരുന്നു. 1990 സെപ്തംബര്‍ 14-ന്റെ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള നാടകത്തെക്കുറിച്ച് ഇങ്ങനെ എഴുതി:

ഇ.എം.എസിനൊപ്പം പിരപ്പന്‍കോട് മുരളി
ഇ.എം.എസിനൊപ്പം പിരപ്പന്‍കോട് മുരളി

''ലഭിച്ച വസ്തുതകളുടെ അപര്യാപ്തതയാകാം അഥവാ ജാതിക്കെതിരായ പോരാട്ടത്തിന്റെ തീവ്രത കൊണ്ടാകാം സംഭവത്തിന്റെ ചരിത്രപരവും സാമൂഹികവുമായ വിശദാംശങ്ങളിലേയ്ക്ക് ആശാന്‍ കടന്നുചെന്നില്ല. താന്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ജാതി നശീകരണാശയത്തിനും സാമൂഹ്യ പരിഷ്‌കരണത്തിന് സഹായകരമായ കാലിക സംഭവമായി മാപ്പിളലഹളയെ ആശാന്‍ കണ്ടു. വിലക്ഷണരീതിയിലുള്ള കൃതിയെന്ന് ആശാന്‍ തന്നെ വിശേഷിപ്പിച്ച ദുരവസ്ഥ പില്‍ക്കാല മലയാള സാഹിത്യത്തിലും സാമൂഹിക ചിന്തയിലും ചെലുത്തിയ സ്വാധീനം അനിഷേധ്യ യാഥാര്‍ത്ഥ്യമാകുന്നു. ദുരവസ്ഥയെ ഉപജീവിച്ച് ഒരു നാടക ശില്പം തയ്യാറാക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രായോഗിക വിഷമതകള്‍ ഊഹിക്കാവുന്നതേയുള്ളൂ.

ആശാന്റെ ഉള്ളു കണ്ടറിയുകയും ചരിത്രത്തോട് ആകാവുന്നത്ര നീതിപുലര്‍ത്തുകയും വേണം. രണ്ടും സാധിച്ചിരിക്കുന്നു, തന്റെ ചരിത്രബോധത്തിലൂടേയും രചനാ കൗശലത്തിലൂടെയും പിരപ്പന്‍കോട് മുരളി.

നൂലിഴ തെറ്റിയാല്‍ പാളിപ്പോകാവുന്ന പ്രമേയമാണ് നാടകകൃത്ത് കൈകാര്യം ചെയ്യുന്നത്. കാരണം മതവും രാഷ്ട്രീയവും ജന്മി-കുടിയാന്‍ പ്രശ്‌നവും മാപ്പിളലഹളയില്‍ കൂടിക്കുഴഞ്ഞു കിടക്കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനം ഒരന്തര്‍ധാരയായി ഒരു പ്രത്യേക ഘട്ടം വരെ വര്‍ത്തിക്കുകയും ചെയ്യുന്നു. ആശാന്റെ ഉള്ളു കണ്ടറിയുകയും ചരിത്രത്തോട് ആവുന്നത്ര നീതിപുലര്‍ത്തുകയും വേണം. രണ്ടും സാധിച്ചിരിക്കുന്നു പിരപ്പന്‍കോട് മുരളി.'' ഇങ്ങനെ പോകുന്നു പ്രൊഫസര്‍ എരുമേലിയുടെ ആസ്വാദന ലേഖനം. പ്രതീക്ഷിച്ചപോലെ യാഥാസ്ഥിതിക ഹിന്ദുക്കളുടെ അതിരൂക്ഷമായ എതിര്‍പ്പും സാധാരണ ജനങ്ങളുടെ വമ്പിച്ച സ്വീകരണവും ഏറ്റുവാങ്ങി നാടകം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിരവധി വേദികളില്‍ വിജയകരമായി അരങ്ങേറി.

കണ്ണൂരം കോഴിക്കോടും വരെയുള്ള നാടകസംഘങ്ങളെ കണ്ടെത്തിയ സര്‍വ്വവിജ്ഞാനകോശം വിദ്വാന്മാര്‍ എങ്ങനെ അവരുടെ മൂക്കിനു താഴെയുള്ള തിരുവനന്തപുരത്തെ സംഘശക്തി നാടക സംഘത്തേയും നാടകരംഗത്ത് ഒരു ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ നാടകങ്ങള്‍ അവതരിപ്പിച്ച സംഘചേതനയേയും മാത്രം കണ്ടില്ല?

കുമാരനാശാന്‍
കുമാരനാശാന്‍

കുമാരനാശാനെക്കുറിച്ച് ഒരു വിജ്ഞാനകോശം പുറത്തിറക്കുമ്പോള്‍, അദ്ദേഹത്തിന്റെ കൃതികള്‍ നാടകമാക്കിയവരെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍, ദുരവസ്ഥ രണ്ടുതരത്തില്‍ നാടകമായി ചിട്ടപ്പെടുത്തിയ ഞാന്‍ മാത്രം ശ്രദ്ധയില്‍പ്പെടാതെ പോയത് എന്തുകൊണ്ടാണ്? ലളിതമാണ് മറ്റെന്തോ പകയുള്ള പണ്ഡിതന്മാരുടെ 'കുടിപ്പക' മാത്രമാണ്.

യാദൃച്ഛികമായി നാടകരംഗത്ത് വന്നവനല്ല ഞാന്‍. 1980 മുതല്‍ 2012 വരെ നിരന്തരമായി നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. നാടകരചന-സംവിധാനം-അഭിനയം എന്നീ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍. നാടകരംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീത നാടക അക്കാദമിയുടെ അഞ്ചു സംസ്ഥാന പുരസ്‌കാരങ്ങളും നാടകരചനയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചയാളാണ് ഞാന്‍. അക്കാദമി അവാര്‍ഡുകള്‍ക്കു പുറമേ പല സംഘടനകളില്‍ നിന്നായി മുപ്പതിലധികം പുരസ്‌കാരങ്ങളും എന്റെ നാടകങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. 2020-ലാണ് നാടകരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കേരള സംഗീത അക്കാദമി എന്നെ ഫെലോഷിപ്പ് നല്‍കി ആദരിച്ചത്. അങ്ങനെയുള്ള എന്നെ ഇത്തരം ഒരു ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥത്തില്‍നിന്ന് ഒഴിവാക്കിയത്, ചിലരുടെ കുടിപ്പക കൊണ്ടല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല!

ഞാന്‍ മാത്രമല്ല, ഇത്തരത്തില്‍ തമസ്‌കരിക്കപ്പെട്ടത്. മഹാകവി കുമാരനാശാന്റെ ജന്മശതാബ്ദി വേളയില്‍ കായിക്കര കുമാരനാശാന്‍ ഉത്സവത്തില്‍ അവതരിപ്പിച്ച പ്രൊഫ. ജി. ഗോപാലകൃഷ്ണന്റെ 'വീണപൂവി'നെ ആസ്പദമാക്കി അവതരിപ്പിച്ച 'ശ്രീഭൂവിലസ്ഥിര' എന്ന നാടകവും വിജ്ഞാന കോശത്തില്‍ ഉള്‍പ്പെടുത്തി കണ്ടില്ല. ഒരുകാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനുമായിരുന്നു ഗോപാലകൃഷ്ണന്‍.

ഒന്നാലോചിച്ചാല്‍ ഈ പരിദേവനത്തിനൊന്നും ഒരര്‍ത്ഥവുമില്ല. സാധാരണ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കു കുമാരനാശാനെ പരിചയപ്പെടുത്തിയ പ്രൊഫ. മുണ്ടശ്ശേരിക്കോ ആശാനെ ശരിക്കും പഠിച്ച് കേരളത്തെ പഠിപ്പിച്ച പ്രൊഫ. എന്‍. കൃഷ്ണപ്പിള്ള സാറിനോ പ്രശസ്ത ചിന്തകനായ പി.കെ. ബാലകൃഷ്ണനോ ആശാനാണ് കേരളത്തിന്റെ നവോത്ഥാന കവി എന്നു ചരിത്രത്തില്‍ ആദ്യം രേഖപ്പെടുത്തിയ ഇ.എം.എസ്സിനോ കുമാരനാശാന്‍ വിജ്ഞാനകോശത്തില്‍ ഇടം നല്‍കാത്തവര്‍ക്ക് ഏതു പിരപ്പന്‍കോട് മുരളി, എന്ത് 'മാറ്റുവിന്‍ ചട്ടങ്ങളെ.' ഏതു ജാതവേദസ്സേ മിഴിതുറക്കൂ!

ഏറെ പറയുന്നില്ല.

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍

മാറ്റുമതുകളീ

നിങ്ങളെത്താന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com