സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമേ ഞാൻ നടനാകുന്നുള്ളു; സെലിബ്രിറ്റിയാകാൻ എന്നെക്കൊണ്ട് പറ്റില്ല

അഭിനയത്തിന്റെ തന്നെ അടിസ്ഥാനം ‘ഡോണ്ട് ഷോ, ബീ ദാറ്റ്’ എന്നാണ്; നിങ്ങളതു കാണിക്കരുത്; നിങ്ങളതാകണം. അതുപോലെയാണ് ജീവിതത്തിലും കാണിക്കരുത്; നമ്മളെന്തോ അതാകണം.
സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമേ ഞാൻ നടനാകുന്നുള്ളു; സെലിബ്രിറ്റിയാകാൻ എന്നെക്കൊണ്ട് പറ്റില്ല
Published on
Updated on

ലയാള സിനിമയിലെ എണ്ണം പറഞ്ഞ നടനും താരവുമായിട്ടും കോട്ടയത്ത് ഒളശ്ശയിലാണ് വിജയരാഘവൻ ഏറ്റവും സ്വസ്ഥം. പലവിധത്തിൽ മലയാളികൾ ഏറെ കേട്ടും വായിച്ചുമറിഞ്ഞുകഴിഞ്ഞതാണ് ഈ മുഖവുര. പക്ഷേ, നാടകത്തേയും സിനിമയേയും സാഹിത്യത്തേയും ജീവിതത്തേയും കുറിച്ച് ആഴമുള്ള വർത്തമാനങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞും അവിടെത്തന്നെയാണ് അദ്ദേഹം എത്തുക. ഒളശ്ശയുടെ നന്മ പറയുന്നതിൽ. എൻ.എൻ. പിള്ളയുടെ മകനെ ‘കൊച്ചിലേ തൊട്ട്’ അറിയാവുന്നവരാണ് ഈ നാട്ടുകാർ. ആദ്യമായി സ്റ്റേജിൽ കയറിയതും സിനിമയിലേക്കു പോയതും വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവരുടെ നിരയിലേക്ക് എത്തിയതും ഇവർക്കു മുന്നിലൂടെയാണ്. അവരുടെ കൈയെത്തും ദൂരെ നിന്ന് അകലെയായിപ്പോയാലോ എന്ന പേടികൊണ്ടാണ് താമസം മാറാതിരിക്കാനും സെലിബ്രിറ്റിയാകാതിരിക്കാനുമുള്ള ദൃഢനിശ്ചയം. വിജയരാഘവനെ മനസ്സിലാക്കുന്നവർക്കും സ്‌നേഹിക്കുന്നവർക്കും അത് ശരിയായി അറിയാം. അതുകൊണ്ട് സ്‌നേഹം കൂടുതലുമാണ്.

Q

ഒരു മഹാനടന്റെ മകനാണ്; നാടകവും സിനിമയും ജീവിതം തന്നെ ആയി മാറിയ ആളാണ്. മലയാള സിനിമയുടെ ഭാഗമായ പുരുഷന്മാർ തൊഴിലിലും ജീവിതത്തിലും കൂടുതൽ ജാഗ്രതയുള്ളവരായി മാറേണ്ടതുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?

A

സിനിമയിൽ മാത്രമല്ല, എല്ലായിടത്തും മനുഷ്യർ കൂടുതൽ ശ്രദ്ധയോടെ ജീവിക്കുകയാണ് വേണ്ടത്. പുറംലോകം നമ്മളെ എങ്ങനെ കാണുന്നു, മറ്റുള്ളവർ എങ്ങനെ നമ്മളെ കാണുന്നു എന്നതിലെ ജാഗ്രതയാണെങ്കിൽ, നമ്മളെക്കുറിച്ച് എങ്ങനെ കേൾക്കുന്നു; അത് നല്ലതായിരിക്കണം എന്നാണെങ്കിൽ, എന്റെ അഭിപ്രായം ജീവിതത്തിൽത്തന്നെ നമുക്കു ജാഗ്രത വേണം. ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് എപ്പോഴും ഒരു ബോധം വേണം. ഈ സാമൂഹിക ബോധം കുറവാണെന്ന് എനിക്കു തോന്നാറുണ്ട്. കാലത്തിന്റെ മാറ്റമായിരിക്കാം. പണ്ട്, സ്‌കൂളിലൊക്കെ പോകുന്ന സമയത്ത് എന്നെക്കാൾ കുറച്ചുകൂടി മുതിർന്ന ചില വിദ്യാർത്ഥികൾ ബീഡിയൊക്കെ വലിക്കും. കൂലിപ്പണിയെടുക്കുകയും ആ കൂട്ടത്തിൽ പഠിക്കുകയും ചെയ്യുന്നവരാണ്. ആ കൂട്ടത്തിൽക്കൂടി ഞാനും വലിച്ചു. പക്ഷേ, ദൂരേന്ന് ഒരാൾ നടന്നുവരുന്നതുകണ്ട് പെട്ടെന്ന് സിഗരറ്റ് കളഞ്ഞു. ആ ആളിനെ നമ്മൾ അറിയില്ല. എങ്കിലും പ്രായമുള്ള ഒരാളായതുകൊണ്ട് അവരുടെ മുന്നിൽ പുകവലിക്കാൻ പാടില്ല എന്ന ഒരു ബോധമാണ്. ഇതുപോലെയൊരു പൊതുബോധം ഉണ്ടായിരുന്നു. ഇതു ചെയ്യാം, അതു ചെയ്യരുത്; ഇങ്ങനെയായിരിക്കണം, അങ്ങനെയാകാൻ പാടില്ല എന്ന ബോധം നമ്മൾ അറിയാതെ നമ്മളെ ഭരിക്കുന്നുണ്ട്. ഈ പാഠങ്ങൾ പലതും കണ്ടുംകേട്ട് അറിയുന്നതാണ്. വീട്ടിൽ പഠിപ്പിച്ചതൊന്നും ആയിരിക്കില്ല; ചിലത് വീട്ടിൽ പഠിപ്പിച്ചതുമാകാം. ആ ജാഗ്രത എല്ലാ പ്രൊഫഷനിലും വേണം, വീട്ടിലും വേണം.

എന്‍.എന്‍.പിള്ള, വിജയരാഘവന്‍
എന്‍.എന്‍.പിള്ള, വിജയരാഘവന്‍
Q

വീട്ടിലെ സ്ത്രീയോട് കാണിക്കുന്ന കരുതൽ സ്വന്തം തൊഴിലിടത്ത് കാണിക്കാൻ കുറേപ്പേർക്കെങ്കിലും കഴിയാതെ പോകുന്നത് എങ്ങനെ തിരുത്തും?

A

എല്ലാ മേഖലകളിലും വിഷയങ്ങൾ ഉണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരംകൊണ്ടും മറ്റു മാധ്യമങ്ങളും ഏറ്റവും വലിയ വിഷയമായാണ് ഇതിനെ കൊണ്ടുവരുന്നത്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരായിരിക്കണം. അതിൽനിന്ന് ഒരിടവും മുക്തമല്ല. രാഷ്ട്രീയത്തിലാണെങ്കിലും മതപരമായ കാര്യങ്ങളിലാണെങ്കിലും പുരോഹിത വർഗ്ഗത്തിന്റെ കാര്യത്തിലും എല്ലാവരിലും സ്ത്രീസുരക്ഷയെക്കുറിച്ച് ശ്രദ്ധ വേണം. അതിനെതിരായിപ്പോകരുത് നമ്മുടെ മനോഭാവം. സമൂഹത്തിനുണ്ടായ അപചയം വലുതാണ്. പുറംരാജ്യങ്ങളിൽ ഇത് ഇല്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഉണ്ടാകാം. പക്ഷേ, കുറച്ചുകൂടി സ്വതന്ത്രമായി ജീവിക്കുന്ന തരത്തിലുള്ള വീക്ഷണമാണ് അവരുടേത്. നമ്മൾ ചർച്ച ചെയ്യുന്നതുപോലെയല്ല അവർ ഇതിനെ കാണുന്നത്. സ്ത്രീകളെ സ്ത്രീകളായും പുരുഷനെ പുരുഷനായും കാണുന്ന ഒരു സമൂഹമാണ് വേണ്ടത്. അങ്ങനെയല്ലാത്ത സ്ഥിതി കൂടുതലായിട്ടുണ്ട് ഇപ്പോൾ; എല്ലായിടത്തും.

Q

കേരളത്തിലായാലും രാജ്യത്തോ ലോകത്തുതന്നെ ആയാലും ഏറ്റവുമധികം ആളുകളുടെ പങ്കാളിത്തമുള്ള വ്യവസായവും വിനോദവുമാണ് സിനിമ. സ്ത്രീകളുടെ പങ്കാളിത്തം ഏറ്റവുമധികമുള്ള ഒരു മേഖലകൂടിയാണ്. അങ്ങനെയൊരിടത്ത് സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന സുരക്ഷിതത്വം ഇല്ല എന്ന് അവരിൽത്തന്നെ വലിയൊരു വിഭാഗം പറയുന്നു. നല്ല സിനിമയും അത്രയ്ക്കു പോരാത്ത സിനിമയും ഉള്ളതുപോലെ നല്ല സിനിമക്കാരും ചീത്ത സിനിമക്കാരും ഉണ്ടോ?

A

നല്ല വ്യക്തിയും ചീത്ത വ്യക്തിയുമേ ഉള്ളു, നല്ല സിനിമക്കാരും ചീത്ത സിനിമക്കാരും ഇല്ല. ബുദ്ധിപൂർവം ജീവിക്കുക. ലീവ് ഡെലിബറേറ്റ്‌ലി എന്നു പറയാറില്ലേ. അതാണ് വേണ്ടത്. ഒരു ലക്ഷ്യം വേണം. എന്നുവച്ച്, രാവിലെ മുതൽ ആ ലക്ഷ്യത്തിലേക്കേ പോവുകയുള്ളൂ എന്നല്ല. എങ്കിലും നേരത്തേ പറഞ്ഞ പൊതുബോധം ഉണ്ടാകണം. അത് അദ്ധ്യാപകരിൽനിന്നോ സഹപാഠികളിൽനിന്നോ വീട്ടിൽനിന്നോ ഒക്കെ പഠിക്കുന്നതാണ്. നേരേ തിരിച്ചുള്ള, നിഷേധാത്മകമായ അറിവും ലഭിക്കും. സമൂഹമാധ്യമങ്ങളൊക്കെ വന്നതോടുകൂടി കൊച്ചുകുട്ടികൾക്കൊക്കെ സെക്‌സിനെക്കുറിച്ചും മറ്റും അപക്വമായ ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. അവർ മറ്റു വ്യക്തികളെക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കുന്നത്, മറ്റു ജെൻഡറിലുള്ളവരെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നതിലൊക്കെ വ്യത്യാസമുണ്ട്. പണ്ടത്തെ രീതിയിലല്ല. എനിക്കു സ്വാതന്ത്ര്യമുണ്ടല്ലോ എന്നാണെങ്കിൽ ആ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്റെ തുമ്പു വരെയേ ഉള്ളു. എനിക്കു മാത്രം കൈവീശി നടന്നാൽപ്പോരല്ലോ, മറ്റുള്ളവർക്കും നടക്കണമല്ലോ. ഇത് എല്ലാ കാര്യങ്ങളിലും വേണം. മറ്റുള്ളവരുടെകൂടി ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു വേണം നമ്മൾ പെരുമാറാൻ. പിന്നെ, സിനിമയിലാകുമ്പോൾ കുറച്ചുകൂടി കൗതുകമുണ്ടാകും ആളുകൾക്ക് - വായനക്കാർക്ക്, കേൾക്കുന്നവർക്ക്, കാണുന്നവർക്ക്. സാധാരണ ഒരു തൊഴിലിടത്തിൽ സംഭവിച്ചതാണെങ്കിൽ ഇത്രയുമൊരു പ്രാധാന്യം ഉണ്ടാകില്ലല്ലോ. പിന്നെ, എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുക; നടനോ നടിയോ ആകുക എന്നൊക്കെ ആഗ്രഹിക്കുന്നവരുണ്ട്. എന്നോടു തന്നെ പലരും ചോദിച്ചിട്ടുണ്ട് സിനിമയിൽ കയറാൻ എന്താ വഴി എന്ന്. എനിക്കറിയില്ലെന്നു ഞാൻ പറയും. ഞാൻ പ്രത്യേകിച്ചു ശ്രമിച്ചിട്ടു കയറിയതല്ല. കൊച്ചിലേ മുതൽ അഭിനയിക്കുമായിരുന്നു. അങ്ങനെ, എങ്ങനെയോ സിനിമയിൽ വന്നതാണ്. അല്ലാതെ എനിക്കറിയില്ല അതിന്റെ പണി എങ്ങനെയാണെന്ന്. പലരുടേയും വിചാരം ഡയറക്ടർമാരോടോ ക്യാമറാമാൻമാരോടോ അങ്ങനെ ആരോടെങ്കിലുമൊക്കെ കൂട്ടുകൂടണം സിനിമയിൽ വരാൻ എന്നാണ്. നല്ല റോളുകൾ കിട്ടാൻ എഴുത്തുകാരുമായി കൂട്ടുകൂടണം എന്ന് കരുതുന്നവരുണ്ട്. എനിക്കങ്ങനെ ഒരു ഗ്രൂപ്പുമായും ബന്ധമില്ല. ഞാനും കൂടി ഉൾപ്പെട്ട ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് ഗോപി എന്നിവരുമായി കുറേ സിനിമകൾ അടുപ്പിച്ചു വന്നു. എന്നുവച്ച് ഞങ്ങൾ തമ്മിൽ അങ്ങനെ പ്രത്യേകിച്ച് അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകണമെന്നില്ല. ഒരു കൂട്ടായ്മയാണ്. അത് എല്ലാക്കാലത്തും സിനിമയിൽ ഉണ്ടായിട്ടുണ്ട്. ജോഷി-ഡെന്നീസ് ജോസഫ്-ജൂബിലി ജോയി, മോഹൻലാൽ-പ്രിയദർശൻ; അത്തരം കൂട്ടായ്മകൾ ഉണ്ടാകുന്നതാണ്. മനപ്പൂർവം ഉണ്ടാക്കുന്നതല്ല. പക്ഷേ, ഇപ്പോൾ പണ്ടത്തെപ്പോലയല്ല. ഒരു വർഷം ഇറങ്ങുന്ന സിനിമകളിൽ ബഹുഭൂരിഭാഗവും ചെയ്യുന്നത് പുതിയ സംവിധായകരാണ്. ഒരുപാട് പുതിയ ആളുകൾ വരുന്നുണ്ട്. പണ്ടത്തെപ്പോലെ കുറേ പടങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ച പരിചയങ്ങളും പങ്കുവയ്ക്കലും വ്യക്തിപരമായ കാര്യങ്ങൾ പോലും പങ്കുവയ്ക്കുന്ന സൗഹൃദങ്ങളുമൊന്നും ഇപ്പോഴില്ല. ബാഹുല്യം കൊണ്ടായിരിക്കാം. പണ്ട്, എന്റെ ഈ നാട്ടുമ്പുറത്ത്, ഈ വീടിന്റെ മുറ്റത്തു നിന്നാൽ മുമ്പിലെ വഴിയിൽക്കൂടി പോകുന്നത് ആരാണെന്ന് കൃത്യമായി അറിയാമായിരുന്നു. എല്ലാവരേയും അറിയാമായിരുന്നു. ഇപ്പോൾ അറിയില്ല. അത്രമാത്രം ആൾക്കാർ കൂടി. അന്ന് ചെറിയൊരു നടവഴിയായിരുന്നു. അഞ്ചോ ആറോ പേരൊക്കെയാണ് പോയിരുന്നത്. ഇപ്പോൾ വലിയ റോഡായി. അങ്ങനെ ആളുകളുടെ ബാഹുല്യം കൊണ്ടുതന്നെ സമൂഹം പെട്ടെന്നു വികസിച്ചു. നമ്മുടെ മനസ്സ് അത്രയും വികസിച്ചിട്ടില്ലായിരിക്കും. അതായിരിക്കും കാരണം.

റാംജിറാവു സ്പീക്കിങ്
റാംജിറാവു സ്പീക്കിങ്
Q

‘റാംജി റാവു’ പോലുള്ള സെമി കോമഡി വില്ലൻ, ‘രൗദ്ര’ത്തിലെ അപ്പിച്ചായിയെപ്പോലുള്ള വിശേഷണങ്ങൾക്കപ്പുറത്തെ അഭിനയസാധ്യതയുള്ള വില്ലന്മാർ, ഒട്ടനവധി നെഗറ്റീവ് പൊലീസ്, രാഷ്ട്രീയ വേഷങ്ങൾ; മറുവശത്ത് ‘ദേശാടന’ത്തിലെപ്പോലെ പ്രേക്ഷകരെ പിന്തുടർന്ന് സങ്കടപ്പെടുത്തുന്ന കഥാപാത്രം. ഇത്രയധികം ഭിന്നസ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ കടന്നുപോയതിന്റെ അനുഭവങ്ങൾ എങ്ങനെ ഓർക്കുന്നു?

A

നൂറു ശതമാനവും അങ്ങനെ വ്യത്യസ്ത വേഷങ്ങൾ നന്നാക്കാൻ കഴിഞ്ഞത് ഞാൻ എൻ.എൻ. പിള്ളയുടെ മകനായതുകൊണ്ടുള്ള അനുഗ്രഹമാണ് എന്നാണെന്റെ വിശ്വാസം. ഞാൻ വളർന്ന സാഹചര്യം നാടകവും സാഹിത്യവുമൊക്കെയായി ബന്ധപ്പെട്ട മേഖലയിലാണ്. അച്ഛൻ നാടകകൃത്ത് മാത്രമായിരുന്നില്ല, സാഹിത്യകാരൻ എന്ന പരിഗണന ഉണ്ടായിരുന്നു. അന്നുമിന്നും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധനം മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരുമായി ഉണ്ടായിട്ടുള്ള അടുത്ത ബന്ധമാണ്. തകഴിച്ചേട്ടൻ, പൊൻകുന്നം വർക്കി സാർ, കാരൂർ ചേട്ടൻ അങ്ങനെ എത്രയോ പേർ. അവരൊക്കെ അച്ഛനുമായി സംസാരിക്കുന്നതും അവരുടെ ജീവിതാനുഭവങ്ങളും തുടങ്ങി വ്യക്തിപരമായ കാര്യങ്ങളുൾപ്പെടെ. അല്ലാതെ അവരുടെ എഴുത്ത് മാത്രമല്ല. അവരുടെ എഴുത്തുകൾ ഒരു സാധാരണ വായനക്കാരനേയും പോലെ ഞാനും വായിച്ചിട്ടുണ്ട്. പക്ഷേ, സാധാരണക്കാരിൽനിന്നു വ്യത്യസ്തമായി അവരുടെ ജീവിതം അടുത്തറിയാൻ സാധിച്ച ആളാണ് ഞാൻ.

‘ജനയുഗ’ത്തിൽ അച്ഛന്റെ ആത്മകഥ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സമയം. കാമ്പിശ്ശേരിച്ചേട്ടൻ എപ്പോഴും വിളിക്കും. അച്ഛൻ പോകുന്ന വഴിക്കൊക്കെ എഴുതും. അമ്പലപ്പുഴയിൽ നാടകം കളിക്കാൻ പോയപ്പോൾ തകഴിച്ചേട്ടൻ വന്നു. ഒരു ഒറ്റമുണ്ടുടുത്ത് തോളിൽ തോർത്തുമിട്ടാണ് വരവ്. ഒരു വടിയുമുണ്ട് കയ്യിൽ; ഷർട്ടൊന്നുമില്ല. എത്ര സിംപിളാണ്; ജ്ഞാനപീഠം കിട്ടിയ മനുഷ്യനാണ്. മേക്കപ്പ് റൂമിലേക്ക് കയറിവന്നു. ഞങ്ങൾ എല്ലാവരും കൂടി ലൈറ്റിന്റെ വെട്ടത്തിലിരുന്ന് മേക്കപ്പ് ഇടുകയാണ്. ഒരു മുറിയിലാണ്; അല്ലാതെ ആണിനും പെണ്ണിനും പ്രത്യേകം മേക്കപ്പ് റൂമൊന്നുമില്ല. ചേട്ടൻ വാ എന്ന് അച്ഛൻ സ്‌നേഹത്തോടെ പറഞ്ഞു. എല്ലാവരും വളരെ ബഹുമാനത്തോടെ നോക്കി. കസേര കൊണ്ടുവന്നു കൊടുത്തു. നീ ഇരിക്ക്, നീ ഇരിക്ക് എന്ന് അച്ഛനോട് അദ്ദേഹം പറഞ്ഞു. അച്ഛനെ നീ, എടാ എന്നൊക്കെ വിളിക്കുന്നത് തകഴിച്ചേട്ടനാണ്. അവർ സംസാരിച്ചു തുടങ്ങിയപ്പോൾ, നിന്റെ ആത്മകഥ വായിക്കുന്നുണ്ട്, കേട്ടോ എന്ന് പറഞ്ഞിട്ട് അച്ഛനെ കെട്ടിയങ്ങ് പിടിച്ചു. വായിലെ മുറുക്കാനൊക്കെയായിട്ടു തന്നെ കവളിൽ ഉമ്മ വച്ചു. നിന്റെ ജീവിതാനുഭവങ്ങളുടെ നൂറിലൊന്ന് എനിക്ക് ഇല്ലാതെ പോയല്ലോ എന്ന് പറഞ്ഞു. ലോകം അറിയപ്പെടുന്ന സാഹിത്യകാരനായ അദ്ദേഹത്തെപ്പോലെ ഒരാളും അച്ഛനും തമ്മിൽ എത്രമാത്രം അന്തരമുണ്ട്. പക്ഷേ, ആ മനുഷ്യൻ ഒരു കൊച്ചുകുട്ടിയെപ്പോലെ അച്ഛന്റെയടുത്തു വന്ന് ചെറിയ ഒരു മനുഷ്യനായിട്ടു നിന്നു. ഈഗോ എന്നു പറയുന്ന സംഭവം ഇല്ല. ഇതുപോലെ അനവധിപ്പേരെ ഞാൻ കണ്ടിട്ടുണ്ട്. ഞാനാണ് വലിയ ആൾ എന്ന ഭാവമില്ല. ഒരുപാടൊരുപാടാളുകളെ വ്യക്തിപരമായിട്ട് എനിക്കറിയാം; കലാകാരന്മാരെ. കുടമാളൂർ കരുണാകരൻ നായർ സാർ, കലാമണ്ഡലം കൃഷ്ണൻ നായർ സാർ. കൃഷ്ണൻ നായർ സാറിന്റെ വീട്ടിൽ ഞാൻ പോയി താമസിച്ചിട്ടുണ്ട്. സാറിന്റെ മകൻ ബാബുവിന് (കലാശാല ബാബു) അച്ഛൻ നാടകം കൊടുത്തിരുന്നു. അതിന്റെ റിഹേഴ്‌സൽ അദ്ദേഹത്തിന്റെ വീടിന്റെ അടുത്തുതന്നെയായിരുന്നു. അവരുമായി സംസാരിക്കുമ്പോൾ അവരിലെ മനുഷ്യനെ, അവരിലെ കലാകാരനെയാണ് അടുത്തറിയുന്നത്. അവരിലെ സാഹിത്യകാരനേയും സാധാരണ മനുഷ്യനേയും എനിക്കു വേർതിരിച്ചു കാണാൻ പറ്റും. ഇങ്ങനെയുള്ള അനുഭവങ്ങൾ, പിന്നെ നായക റിഹേഴ്‌സലുകൾ, വായിച്ചറിഞ്ഞതിനെക്കാൾ അധികം ഇവരിൽനിന്നൊക്കെ കേട്ടറിഞ്ഞതാണ്. ഒരിക്കലും മനസ്സിൽനിന്നു മാഞ്ഞുപോകാത്ത, സ്വഭാവത്തിന്റെകൂടെ വരുന്ന വിശേഷങ്ങളായിത്തീരും അതൊക്കെ. നമ്മുടെ തെറ്റും ശരികളുമൊക്കെ അതിൽനിന്നൊക്കെയാണ് രൂപപ്പെടുക. പിന്നെ, അച്ഛൻ നാടകത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് നടീനടന്മാർക്ക് പറഞ്ഞുകൊടുക്കുന്നത്. അഭിനയം ഒരാളെ പഠിപ്പിക്കാൻ പറ്റുന്നതല്ല. പക്ഷേ, വിവിധ വശങ്ങളൊക്കെ പറഞ്ഞുകൊടുത്ത് അച്ഛൻ അവരെ ക്യാരക്ടറാക്കി ആ അവസ്ഥയിലേക്ക് എത്തിക്കുന്നത്, അവർ ഒരു പ്രത്യേകാവസ്ഥയിൽ അതായിത്തീരുന്നത്, ഇതൊക്കെ ഒരുപാടു നടീനടന്മാരെപ്പോലെ ഞാനും കണ്ടിട്ടുണ്ട്. പിന്നെ, ചിറ്റ (അച്ഛന്റെ പെങ്ങൾ) അസാധ്യനടിയായിരുന്നു. അവർ ആകെ നാൽപ്പത്-നാൽപ്പത്തിയഞ്ച് കിലോ ഒക്കെയേ ഉള്ളു. ഒരു നാടകത്തിലെ കഥാപാത്രം പോലെയല്ല മറ്റൊന്നിൽ. ശരീരവും സൗന്ദര്യവുമൊന്നുമല്ല, മെന്റൽ കപ്പാസിറ്റിയാണ് നടന്റെ/നടിയുടെ സമ്പത്ത്. ഭാവനയാണ്. പ്രസിദ്ധയായ ഒരു നടിയോട് ഒരിക്കൽ അഭിനയത്തെക്കുറിച്ച് ചോദ്യമുണ്ടായി: എന്താണ് ഒരു അഭിനേതാവിനു വേണ്ട ഏറ്റവും പ്രധാന മികവ്? അവർ പറഞ്ഞു, മൂന്നു കാര്യങ്ങളാണ്. ഒന്നാമതായി ഇമേജിനേഷൻ, രണ്ടാമതായി ഇമാജിനേഷൻ, മൂന്നാമതായി ഇമാജിനേഷൻ. എത്രമാത്രം ഭാവനാസമ്പന്നരായി മാറാൻ കഴിയുന്നോ അത്രത്തോളം ആകണം. ഞാൻ അതിൽത്തന്നെയാണ് നിന്നത്. 1971-ൽ പ്രൊഫഷണലായി അഭിനയിക്കാൻ തുടങ്ങിയതാണ്. കോളേജിൽനിന്നുതന്നെ തുടങ്ങി. അതിനുമുന്‍പ് പകരക്കാരനായി അഭിനയിക്കലുമൊക്കെയുണ്ട്. എങ്കിലും ഫുൾടൈം ഒരു നടൻ എന്ന നിലയിൽ എന്നെ മോൾഡ് ചെയ്തത് 1970 മുതലുള്ള ജീവിതമാണ്. അതൊരു 1983 വരെയൊക്കെ തുടർന്നു. 1983-നു ശേഷമാണ് സിനിമയിലേക്കു വന്നത്; സജീവമായത്. നാൽപ്പത്തിയൊന്ന് വർഷമായി. അതിനിടയിൽ ഒരുപാട് കലാകാരന്മാർ: സംവിധായകർ, സഹനടന്മാർ, ക്യാമറാമേൻമാർ അങ്ങനെയുള്ള ഒരുപാടാളുകൾ. പിന്നെ എന്റെ സുഹൃത്തുക്കൾ, ചുറ്റുപാടും കാണുന്ന മനുഷ്യർ. ഓരോ അവസ്ഥകളുണ്ടല്ലോ. രണ്ടു നൂറ്റാണ്ടിൽ ജീവിക്കാൻ കഴിഞ്ഞ മനുഷ്യരിലൊരാളാണ്. ഞാനും കൂട്ടുകാരും സ്‌കൂളിൽ പോകുന്നത് നടന്നാണ്. സ്ലേറ്റും പുസ്തകവുമൊക്കെ റബർ ബാൻഡിട്ട് കക്ഷത്തിൽ വച്ച്. ഒരുടുപ്പോ രണ്ടുടുപ്പോ ഉള്ളു, രണ്ടു നിക്കറേ ഉള്ളു. അതൊന്നും ഒരു വിഷയമേ അല്ല. ഇപ്പോൾ അതിനെപ്പറ്റി പറയുമ്പഴാണ്. അന്നത് ഒരു പ്രശ്‌നവുമുള്ള കാര്യമല്ല. എല്ലാർക്കും അത്രയൊക്കെയേ ഉള്ളു. ഒളശ സ്‌കൂൾ കഴിഞ്ഞ് അഞ്ചാം ക്ലാസ്സ് മുതൽ പരിപ്പ് സ്‌കൂളിലായിരുന്നു. ഇവിടെനിന്ന് ഒന്നര, രണ്ട് കിലോമീറ്റർ ഉണ്ടാകും. അതുകഴിഞ്ഞ് കുടമാളൂർ സ്‌കൂൾ. അത് ഇവിടെനിന്ന് നാല്, നാലര കിലോമീറ്ററുണ്ട്. അവിടെയും നടന്നാണ് പോയി വന്നത്. വേണമെങ്കിൽ ബസിനു പോകാം. പക്ഷേ, നടന്നുപോവുക എന്നാണ്. അന്നത്തെക്കാലത്ത് കുട്ടികളെ കൊണ്ടുവിടുകയും കൂട്ടിക്കൊണ്ടു വരികയുമൊന്നും ചെയ്യാറില്ല. ഇന്ന് കാലമൊക്കെ മാറി. അന്ന് ഒരു ഫോൺ വിളിക്കണമെങ്കിൽ പോസ്‌റ്റോഫീസിൽ പോകണം. ദൂരേയ്ക്കു വിളിക്കണമെങ്കിൽ ട്രങ്ക് കോൾ ബുക്ക് ചെയ്തു കാത്തിരിക്കണം. പെട്ടെന്നു കിട്ടണമെങ്കിൽ ലൈറ്റ്‌നിംഗ് കോൾ വിളിക്കണം. അങ്ങനെ ഒരുകാലത്ത് ജീവിച്ചു. ആശയവിനിമയം കത്തിടപാടുകളിലൂടെയായിരുന്നു. അതൊക്കെ നമ്മുടെ സംസ്‌കാരത്തേയും സ്വാധീനിച്ചു. ഞാൻ അതിൽനിന്നൊക്കെ മാറാതെയാണ് നിന്നത്. ഇല്ലായ്കയും ദാരിദ്ര്യവുമൊക്കെ ഉണ്ടായിരുന്നു. കാശില്ലായ്ക ഉണ്ടായിരുന്നു. ഡ്രസ്സ് വാങ്ങിക്കാൻ പൈസ ഇല്ലായിരുന്നു, സ്‌കൂളിൽ പോകാൻ പുസ്തകം വാങ്ങാൻ കാശില്ല, കുട ഇല്ലാതെ നനഞ്ഞുപോകേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ ഒരുപാട് അനുഭവങ്ങളിലൂടെയാണു വന്നത്. അതൊക്കെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ജീവിതാനുഭവങ്ങളെന്നു പറയുന്നത് അങ്ങനെയൊക്കെയാണ്. അവിടെയൊന്നും പകച്ചുനിന്നിട്ടൊന്നുമില്ല. ധീരനായ ഒരു അച്ഛന്റെ മകനായിട്ടാണ് ജീവിച്ചത്. ഏതു സാഹചര്യത്തേയും കൃത്യമായി കാണാനും മനസ്സിലാക്കാനും മാത്രമല്ല, ഒരു ലക്ഷം പേർ മുന്നിൽ നിന്നാലും അച്ഛനു പറയാനുള്ളത് ഷാർപ്പായി പറയാൻ കഴിയുന്ന ആളായിരുന്നു.

Q

ഇ.എം.എസ്സുമായൊക്കെയുള്ള മുഖാമുഖ സംവാദങ്ങളുടെ അനുഭവം എങ്ങനെ ഓർക്കുന്നു?

കിഷ്കിന്ധാകാണ്ഡം
കിഷ്കിന്ധാകാണ്ഡം
A

അന്നൊക്കെ നാടകത്തിനൊപ്പം മിക്ക ഇടത്തും ചർച്ചയുമുണ്ടാകും. ദേശാഭിമാനി സ്റ്റഡി സർക്കിൾ ഒക്കെയാണ് സംഘടിപ്പിക്കുന്നത്. നീലേശ്വരത്ത് നാടകത്തിനു പോയപ്പോൾ അങ്ങനെയൊരു ചർച്ചയിൽ ഇ.എമ്മും (ഇ.എം.എസ്) ഉണ്ടായിരുന്നു. സാഹിത്യകാരന്റെ പങ്ക് എന്താകണം, എവിടെ നിൽക്കണം എന്നത് ചർച്ചയിൽ വന്നു. പ്രത്യയശാസ്ത്രപരമായി എവിടെ നിൽക്കുന്നു എഴുത്തുകാർ എന്നതാണ്. ഇ.എം പ്രസംഗത്തിൽ ചോദിച്ചു, പ്രത്യയശാസ്ത്രപരമായി പിള്ള (അച്ഛൻ) എവിടെയാണ്? കമ്യൂണിസ്റ്റാണ് എന്നു പറയാൻ പറ്റുമോ? അങ്ങനെ ചർച്ച നീണ്ടു. പണ്ട്, ‘മോസ്‌കോയിൽ നിന്നു മനക്കലേക്ക്’ എന്ന പേരിൽ കമ്യൂണിസത്തിനെതിരായി അച്ഛനൊരു നാടകം എഴുതിയിട്ടുമുണ്ടല്ലോ. ഇതൊക്കെക്കൊണ്ടാണ് എവിടെ നിൽക്കുന്നു എന്ന ചോദ്യം. അച്ഛൻ, ശരിക്കും പറഞ്ഞാൽ എപ്പോഴും ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. എന്നുവച്ച്, കമ്യൂണിസ്റ്റുകാരനോ മാർക്‌സിസ്റ്റുകാരനോ ആയിരുന്നില്ല. ഞാൻ കണ്ടിട്ടില്ല. ഒരിടയ്ക്ക് അച്ഛൻ നക്‌സലൈറ്റാണ് എന്നു പറഞ്ഞു. ‘ഗറില്ല’ എന്നൊരു നാടകം അച്ഛൻ എഴുതിയിരുന്നു. അതിനിടയിൽ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ കാലത്തിനു പിന്നാലെ കേസൊക്കെ കഴിഞ്ഞപ്പോൾ ജയിലിൽനിന്നു വന്ന പഴയ നക്‌സലൈറ്റുകളെയൊക്കെ നോക്കാനും മറ്റും ആരുമില്ലാതെ വന്നു. കേസ് നടത്താൻ പണമില്ല. സാധാരണക്കാരായ മനുഷ്യരാണല്ലോ. ഒരു ആശയത്തിൽ ആകൃഷ്ടരായിട്ട് രാജ്യം നന്നാക്കാൻ ശ്രമിച്ചതാണ്. പൊലീസിന്റെ മർദ്ദനമേറ്റു; ആരോഗ്യം പോയി. കേസ് പിന്നെയും കിടക്കുന്നു. ഉള്ള പണമൊക്കെ തീർന്നു, ജീവിതം ആകെ മാറി; ജോലിയും നഷ്ടപ്പെട്ടു. അങ്ങനെയൊരു സാഹചര്യത്തിൽ അഞ്ചെട്ടു സ്ഥലങ്ങളിൽ ‘ഗറില്ല’ എന്ന നാടകം അച്ഛൻ ഫ്രീയായി കളിച്ചുകൊടുത്തു. അപ്പോൾ തീരുമാനിച്ചു, ഓ, നക്‌സലൈറ്റാണ്. അതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് എവിടെ നിൽക്കുന്നു എന്ന ചോദ്യം ഉണ്ടായത്. എനിക്കു പറയാൻ മനസ്സില്ല എന്നാണ് അച്ഛൻ പറഞ്ഞത്. അത് പറയാനുള്ള ആർജ്ജവമുണ്ടായിരുന്നു.

പിന്നൊരിക്കൽ, കോട്ടയത്ത് പു.ക.സ സമ്മേളനമാണ്. ഇ.എം പറഞ്ഞു: ശരിയാണ്, എൻ.എൻ. പിള്ളയുടെ നാടകം ശക്തമാണ്. അഴുകിദ്രവിച്ച പല തൂണുകളിലാണ് ഈ സമൂഹം നിൽക്കുന്നത് എന്നാണ് പിള്ളയുടെ പല നാടകങ്ങളിലൂടെയും പറയുന്നത്. അച്ഛൻ തിരിച്ചുപറഞ്ഞു: എന്റെ നാടകങ്ങൾ ഈ അഴുകിദ്രവിച്ച ഓരോ തൂണിനിട്ടുമുള്ള ഓരോ ഇടിയാകണം. ആ ഇടി കൊള്ളണം എന്നു ഞാൻ ആഗ്രഹിക്കുന്നുണ്ട്. കൊണ്ട്, കുലുങ്ങിയാൽ, നമ്മൾ എല്ലാവരും കൂടിച്ചേർന്ന് തള്ളിയാൽ വീഴും; എന്നിട്ട് മറ്റൊന്നു പണിയാം എന്നൊക്കെ പറഞ്ഞു. ഈ ആശയത്തിലാണ് പ്രസംഗിച്ചത്. ഇ.എം.എസ് അതു കേട്ടിട്ടു പറഞ്ഞത്, “പിള്ളയുടെ ഇടി കൊള്ളുന്നുണ്ട്, കുലുങ്ങുന്നുമുണ്ട്, വിറയ്ക്കുന്നുമുണ്ട്; പക്ഷേ, ആ കൈകളിൽ ചെളി പുരണ്ടിട്ടില്ലേ എന്നൊരു സന്ദേഹം” എന്നാണ്. അത് അങ്ങനെ പോയി. “കുലുങ്ങുന്നുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചല്ലോ, എല്ലാവരും കൂടി വിചാരിച്ചാൽ മറിച്ചിടാവുന്ന ഒരു അവസ്ഥയുണ്ടാകും; അതുപോരേ ഒരു കലാകാരൻ ചെയ്യേണ്ടത്? അല്ലാതെ ഇടിക്കുന്ന കലാകാരന്റെ കൈകളിൽ ചെളി പുരണ്ടിട്ടുണ്ടോ, ആ കൈകളിൽക്കൂടി ഒഴുകുന്ന രക്തധമനികളിൽ സിഫിലിസിന്റെ അണുക്കളുണ്ടോ എന്നൊന്നും നോക്കേണ്ടതില്ല”, എന്ന് അച്ഛന്റെ മറുപടി പിന്നീട് വന്നു. അങ്ങനെയൊരു സദസ്സിൽ ആ വിധം പറയാൻ കഴിയുന്ന ആർജ്ജവമുണ്ടായിരുന്നു അച്ഛന്.

ഇരുപതു വയസ്സുള്ളപ്പോൾ ഒരു തകരപ്പെട്ടിയും ഒന്നര രൂപയുമായിട്ട് മലേഷ്യയിൽ പോയി. അവിടെനിന്നു ജീവിതം കരുപിടിപ്പിച്ചു. ഒരുവിധം രക്ഷപ്പെട്ടു എന്നു വന്നപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എയ്‌ക്കൊപ്പം ചേർന്നു. ആത്മകഥയിൽ അത് പറയുന്നുണ്ടല്ലോ. യുദ്ധത്തിൽ പങ്കെടുക്കുക, ആത്മഹത്യാ സ്‌ക്വാഡിൽ ചേരുക. അങ്ങനെയുള്ള മനുഷ്യനായിരുന്നു. എന്തും ചെയ്യാനുള്ള ധൈര്യം. ആ മനുഷ്യന്റെ മകനായി ജനിച്ചു ജീവിച്ചതിനു തുല്യമായ തീക്ഷ്‌ണാനുഭവങ്ങൾ അധികം പേർക്കുണ്ടാകില്ലല്ലോ. പല ജന്മത്തിൽ അനുഭവിക്കേണ്ടതു മുഴുവൻ ഒരു ജന്മത്തിൽ അനുഭവിച്ചു എന്നു പറയാവുന്ന അത്രയും വലിയ അച്ഛന്റെ മകനേയും കുറച്ചെങ്കിലും അതൊക്കെ സ്വാധീനിക്കുന്നുണ്ടാകും. ജീവിതത്തിന്റെ അർത്ഥശൂന്യതയും അച്ഛൻ പറയാറുണ്ടായിരുന്നു. പക്ഷേ, മൊത്തം ജീവിതം അബ്‌സേഡാണ് എന്നു കാണുന്നവരും അബദ്ധത്തിൽപ്പെടും. ആ ജീവിതത്തിൽ ഒരു അർത്ഥം നമ്മൾ കണ്ടെത്തണം എന്നു പറയും. ഇതിൽനിന്നൊക്കെയാകാം സഹജീവികളെ നിരീക്ഷിക്കുകയും അവരുടെ ജീവിതത്തോട് താദാത്മ്യം പ്രാപിക്കുകയുമൊക്കെ ചെയ്യുന്ന രീതി എനിക്കുമുണ്ടായത്.

Q

കഥാപാത്രങ്ങളിലൂടെയുള്ള അനുഭവങ്ങളാണ് പറഞ്ഞുവന്നത്?

A

ഒരു കഥാപാത്രത്തെക്കുറിച്ചു പറയുമ്പോൾ എന്റെ മനസ്സിൽ ഏകദേശമൊരു രൂപമുണ്ടാകും. ഒരു ചിത്രകാരന് ചിത്രം വരയ്ക്കാൻ ഉണ്ടാകുന്ന തോന്നൽപോലെ. ചില കാര്യങ്ങൾ മനസ്സിൽ വരും. അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. അങ്ങനെയൊന്നുണ്ട്. ചില കഥാപാത്രങ്ങൾ പറയുമ്പോൾ അയാളുടെ ഒരംശം, സത്ത കിട്ടും. അയാളുടെ രൂപഭാവങ്ങളൊക്കെ പിന്നീട് ഞാനെന്ന ക്യാൻവാസിൽ എഴുതപ്പെടുന്നതാണ്. അല്ലാതെ ഞാൻ വില്ലനായിട്ടും കൊമേഡിയനായിട്ടുമൊന്നും ഞാൻ കാണാറില്ല. കഥാപാത്രം അഥവാ ക്യാരക്ടറാണ് കാണുന്നത്. തമാശയ്ക്കുവേണ്ടി ഞാൻ പരിശ്രമിക്കാറില്ല. തമാശയാക്കുന്നതിനുതന്നെ ഒരുപാട് ടെക്‌നിക്കുകളുണ്ട്. ശബ്ദംകൊണ്ടു തന്നെ തമാശയുണ്ടാക്കാം. നോ എന്നതുതന്നെ ഒരായിരം രീതിയിലും യെസ് എന്നതുതന്നെ രണ്ടായിരം രീതിയിലും വേണമെങ്കിൽ പറയാം. ഒരു മൂളൽ തന്നെ എത്രയോ രീതിയിൽ മൂളാം. അത് നമ്മുടെ എക്‌സ്‌പീരിയൻസ്, വീക്ഷണം എങ്ങനെയാണ് എന്നതിലാണ്. അതൊക്കെയാണ് കാര്യം.

Q

എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധത വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഒരു കാലമായിരുന്നല്ലോ അത്. ആ കാലത്ത് ഇങ്ങനെയൊരു അച്ഛന്റെ ജീവിതത്തിനും നാടകങ്ങൾക്കുമൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ ഇതേവിധം മറ്റധികം പേർക്കുണ്ടാകില്ല എന്നുറപ്പാണ്. പി. കേശവദേവൊക്കെ എതിർപ്പ് എന്നത് ജീവിതം തന്നെയാക്കി മാറ്റിയവരാണല്ലോ. എന്തൊരു കാലമായിരുന്നു അല്ലേ, അത്?

കെ.പി. അപ്പന്‍
കെ.പി. അപ്പന്‍
A

സംശയമുണ്ടോ. പി.ജെ. ആന്റണിയെ ഓർക്കാതെങ്ങനെ പോകും. ഞാനൊരു റിബലാണ് എന്നു പ്രഖ്യാപിച്ച ആളാണ് അദ്ദേഹം. കെ.പി. അപ്പൻ സാർ എസ്.എൻ. കോളേജിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാനൊരു റിബലാണ് എന്ന് അദ്ദേഹത്തിന്റെ ആ പ്രത്യേക രീതിയിൽ പറഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്. ഞാനന്ന് പ്രീഡിഗ്രിക്കാണ്. അന്നൊന്നും അദ്ദേഹം പറയുന്നതിന്റെ ഡെപ്‌ത്തൊന്നും നമുക്കു മനസ്സിലായിട്ടില്ല. പിന്നീടാണ് സാർ ഇത്രയും വലിയ ആളായിരുന്നല്ലോ എന്നറിയുന്നതും അന്നെനിക്ക് മനസ്സിലായില്ലല്ലോ എന്നു ഖേദിക്കുന്നതും.

Q

റിബലാകുന്നത് വലിയ ക്വാളിറ്റിയായിരുന്ന ഒരു കാലമുണ്ട്. ഇന്ന് റിലബലാണെന്നു പറയാൻ തന്നെ ആളുകളില്ലാത്ത സ്ഥിതിയായി?

A

ഞാനൊരു ഗൂണ്ടയാണ് എന്ന് പറയാൻ മടിയില്ലാത്ത ഒരുപാടുപേർ ഇന്നത്തെ ചെറുപ്പക്കാരിൽ ഉണ്ട്. എന്തു ചെയ്യുന്നു എന്നു ചോദിക്കുമ്പോൾ, “ഞാനിങ്ങനെ ഒരു ഗ്രൂപ്പൊക്കെയായിട്ട് അങ്ങനെ പോകുന്നു ചേട്ടാ” എന്നു പറയാൻ മടിക്കാത്തവർ. നമുക്കറിയാവുന്ന എത്ര പേരുണ്ടെന്നോ. അടിയുണ്ടാക്കാനോ ഗൂണ്ടയാണെന്നോ പറയാൻ മടിയില്ല. അവർക്ക് വലിയ ഗ്യാംഗൊക്കെ ഉണ്ടാകും. അവന് ഇനിയൊരെണ്ണം കൂടി കിട്ടിയാൽ കാപ്പയിൽ പെടുത്തും എന്ന് പറയുന്ന ഒരു അച്ഛനെ കണ്ടു.

Q

എല്ലാ സമൂഹത്തിലേയും ഏറ്റവും ഊർജ്ജസ്വലരായ വിഭാഗവും സാമൂഹികമാറ്റത്തിൽ വലിയ പങ്കുള്ളവരും ചെറുപ്പക്കാരാണല്ലോ. ഇപ്പോഴത്തെ ചെറുപ്പക്കാരുടെ തൊട്ടുമുമ്പത്തെ തലമുറയുടെ വളരെ സജീവമായ ഒരു പ്രതിനിധി എന്ന നിലയിൽ എന്താണ് പറയാനുള്ളത്?

A

ഏറ്റവും പ്രധാനമായും അവർക്ക് വായന നഷ്ടപ്പെട്ടതിന്റെയോ കുറഞ്ഞതിന്റെയോ പോരായ്മകൾ ഉണ്ട് എന്നാണ് നൂറു ശതമാനവും എന്റെ വിശ്വാസം. ക്യാമറാമേൻ മധു നീലകണ്ഠൻ അടുത്ത സുഹൃത്താണ്; അവന് കുറേ കൃഷിയൊക്കെയുണ്ട്. ഈയിടെ കണ്ടപ്പോൾ സംസാരം എങ്ങനെയോ മരങ്ങളെക്കുറിച്ചായി. മരങ്ങൾക്ക് വേരുകളിലൂടെ മറ്റു മരങ്ങളുമായി ബന്ധമുണ്ട് എന്നാണ് അവൻ പറഞ്ഞത്. ഒരു മരം മുറിക്കുമ്പോൾ കിലോമീറ്ററുകൾ അകലെയുള്ള വേറൊരു മരത്തിന് അത് അറിയാം. അതു വിശദീകരിക്കുന്ന ശാസ്ത്രമുണ്ടത്രേ. അതിനെപ്പറ്റി കുറേ കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നീട് യു.കെയിലുള്ള കൊച്ചുമോനോട് ഫോണിൽ സംസാരിച്ചപ്പോൾ ഈ കാര്യം പറഞ്ഞു. അത് അച്ചച്ഛാ, ഇന്നതാണ് എന്നു പറഞ്ഞ് അവൻ ഇങ്ങോട്ടു വിശദീകരിക്കുകയാണ്. അത് ഗൂഗിളിൽനിന്നും മറ്റും വായിച്ചു കിട്ടുന്ന വിവരങ്ങളാണ്. പക്ഷേ, നമ്മുടെ വായനയല്ല അവരുടെ വായന എന്ന വ്യത്യാസമുണ്ട്. നമ്മൾ വായിക്കുമ്പോൾ ആ വായനയുടെ പ്രതിഫലനം തലച്ചോറിൽ ഉണ്ടാകും. കഥാപാത്രങ്ങൾ, അവർ നടക്കുന്ന വഴി ഇതൊക്കെ. നമ്മുടെ മനസ്സിൽ കഥാപാത്രങ്ങളുടെ രൂപം കാണും, അവർ നടക്കുന്ന വഴി ഉണ്ടാകും; അന്നത്തെക്കാലത്ത് സിനിമാക്കമ്പമുള്ളവർ ആ കഥാപാത്രത്തെ പ്രേംനസീറായിട്ടോ സത്യനായിട്ടോ ഒക്കെ കാണും. ചില പെൺകുട്ടികൾ നോവലൊക്കെ വായിക്കുമ്പോൾ അതിലെ ചെറുപ്പക്കാരെ മനസ്സിൽ കാണും; കഥാപാത്രം സ്വയം അവളാകും. വായിക്കുന്ന കഥാപാത്രം നമ്മളുമായി കണക്‌റ്റഡാകും. അമ്പലത്തിനു മുന്നിലെ ആലിൽ പ്രേതമുണ്ട് എന്ന് നോവലിൽ വായിച്ചാൽ നമുക്ക് ആ ആൽ കാണുമ്പോൾ നോവലിലെ സന്ദർഭം മനസ്സിൽ വരും; ഇല്ലേ? ഓരോരുത്തരിലും വ്യത്യസ്തമായ വായനയാണ് സംഭവിക്കുന്നത്. ഒരാൾ ഒരു പുസ്തകം വായിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവമായിരിക്കില്ല മറ്റൊരാൾക്ക്. ആ ഒരു സംഗതി ഈ ഇ-വായനയിൽ എനിക്കു കിട്ടാറില്ല. പുസ്തകം നോക്കി വായിക്കണം എനിക്ക്. അച്ഛനു തന്നെത്താൻ എഴുതണമായിരുന്നു. പറഞ്ഞുകൊടുത്തുപോലും എഴുതിക്കാൻ പറ്റില്ല. പ്രായമായിക്കഴിഞ്ഞപ്പോൾ അത്തരം ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും അച്ഛന് ആ ഒരു ഒഴുക്ക് കിട്ടില്ലായിരുന്നു. വേണ്ട, ഞാൻ എഴുതിക്കോളാമെന്നു പറയും.

Q

താരമാകാതിരിക്കാനുള്ള ശ്രമത്തേയും ജീവിതത്തിൽ സൂക്ഷ്മത പാലിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് ഇടയ്ക്കിടെ പറയാറുണ്ടല്ലോ?

A

ജീവിതത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് അച്ഛൻ പറഞ്ഞത് ഇടയ്ക്ക് ഓർക്കും. മൂത്ത മകനും കുടുംബവും യു.കെയിൽ ആയതുകൊണ്ട് ഇടയ്ക്ക് അവിടെ പോകും. മിക്ക കുടുംബങ്ങളിലും അച്ഛനും അമ്മയും മാത്രമേയുള്ളു. മക്കളൊക്കെ പഠിച്ച് ജോലി നേടി അവരുടെ കാര്യം നോക്കി പോയിട്ടുണ്ടാകും. അവിടുത്തെ ബന്ധങ്ങളേയും അതിലെ മാറ്റങ്ങളേയും അവരുടെ രീതികളേയുമൊക്കെ അന്ധമായി അനുകരിക്കുന്ന രീതി ഇപ്പോഴിപ്പോൾ നമുക്കുണ്ട്. അവർ അതിനകത്തു ജീവിക്കുകയാണ്. ആ അവസ്ഥയിൽ ജീവിച്ചാണ് അങ്ങനെയാകുന്നത്. നമ്മൾ പക്ഷേ, ആ അവസ്ഥയിലേക്കു വരാൻ ശ്രമിക്കുകയാണ്. എനിക്ക് വേറൊരു ജീവിതപങ്കാളിയിലേക്കു പോകാൻ കഴിയില്ല. കാരണം എന്റെ മൈൻഡ് സെറ്റ് അങ്ങനെയല്ല. കൊച്ചിലേ മുതൽ അച്ഛനേയും അമ്മയേയും അവർ തമ്മിലുള്ള ഇഷ്ടവും കണ്ടല്ലേ ഞാൻ വളരുന്നത്. പക്ഷേ, നമ്മുടെ സമൂഹത്തിലും പടിഞ്ഞാറിനെ കണ്ണുമടച്ച് അനുകരിക്കാൻ ശ്രമിക്കുന്ന ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും എണ്ണം കൂടിവരികയാണ്. ഞാനിതു പറയുമ്പോൾ എന്നെ ഒരു പഴഞ്ചനായിട്ടായിരിക്കും കാണുക. പെൺകുട്ടികൾ സിഗരറ്റ് വലിക്കുന്നതിൽ എനിക്കു യാതൊരു വിരോധവുമില്ല. പക്ഷേ, അങ്ങനെയൊരു സാഹചര്യത്തിൽ വളർന്നുവന്നവർ സ്വാഭാവികമായി ചെയ്യുന്ന കാര്യത്തെ കൃത്രിമമായി അനുകരിക്കുന്നതാണ് പ്രശ്‌നം. ഞാനൊക്കെ കുട്ടിക്കാലത്തേ സിഗരറ്റ് വലിച്ചത് ഞാനും വലിയ ആളാണെന്ന് മറ്റുള്ളവർക്കു തോന്നാൻ വേണ്ടിയാണെന്ന് ഇന്നെനിക്ക് അറിയാം. അന്നറിയില്ല. മീശയൊക്കെ മുളയ്ക്കുന്ന സമയത്തു തന്നെ തീപ്പെട്ടിക്കൊള്ളി കത്തിച്ചു കെടുത്തിയ കരികൊണ്ട് കറുപ്പിക്കുമായിരുന്നു. സിഗരറ്റ് വലിച്ചാലേ ആണാവുകയുള്ളൂ എന്നൊക്കെയുള്ള ധാരണകളായിരുന്നു അന്ന്. സിഗരറ്റ് വലിക്കാൻ പെണ്ണിനു സ്വാതന്ത്ര്യമുണ്ട്, അത് ചോദ്യം ചെയ്യാൻ നമുക്ക് അവകാശമില്ല. പക്ഷേ, ആണാകാൻ വേണ്ടി പെണ്ണ് വലിക്കണോ. യു.കെയിലൊക്കെ പരിചയപ്പെട്ട പല മലയാളി അച്ഛനമ്മമാരും പറയുന്നത് മക്കൾ ഏതു ജാതിയിലോ മതത്തിലോ ഉള്ളവരെ വിവാഹം ചെയ്താലും പ്രശ്‌നമില്ല എന്നാണ്. പക്ഷേ, ആണ് ആണിനേയും പെണ്ണ് പെണ്ണിനേയും വിവാഹം ചെയ്തുകൊണ്ടു വരാതിരുന്നാൽ മതി. അങ്ങനെയുള്ള ബന്ധങ്ങൾ ഒരുപാടുണ്ട് അവിടെ. അവിടുത്തെ കുട്ടികളും അതുകണ്ടാണ് വളരുന്നത്. ലിവിംഗ് ടുഗെദറും ലെസ്ബിയൻ, ഹോമോ ബന്ധങ്ങളുമൊക്കെ കണ്ടും സ്‌കൂളിൽതന്നെ അതിനെക്കുറിച്ച് പഠിച്ചുമാണ് വളരുന്നത്. അവർ അനുഭവിക്കുന്ന കാര്യങ്ങളാണ് ഇവിടെ അനുകരിക്കുന്നത്. നമ്മളങ്ങനെ ആയിത്തീർന്നാൽ കുഴപ്പമില്ല; അന്ധമായ അനുകരണമാണ് ശരിയല്ലാത്തത്. അനുകരിക്കുമ്പോൾ മെന്റലി ഒരു ഡിസോഡർ വരും; അതുമല്ല ഇതുമല്ലാത്ത അവസ്ഥ. നമ്മൾ മറ്റൊന്നാകാൻ വേണ്ടി കാണിക്കലാകും അത്. അഭിനയത്തിന്റെ തന്നെ അടിസ്ഥാനം ‘ഡോണ്ട് ഷോ, ബീ ദാറ്റ്’ എന്നാണ്; നിങ്ങളതു കാണിക്കരുത്; നിങ്ങളതാകണം. അതുപോലെയാണ് ജീവിതത്തിലും കാണിക്കരുത്; നമ്മളെന്തോ അതാകണം.

ഞാൻ ഒരു സാധാരണ മനുഷ്യനായിട്ടാണ് ജീവിക്കുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമേ ഞാൻ നടനാകുന്നുള്ളു. ഞാനൊരിക്കലും സെലിബ്രിറ്റിയാകാൻ ആഗ്രഹിക്കുന്നില്ല. എന്നെക്കൊണ്ട് അത് പറ്റില്ല. അഥവാ അങ്ങനെയായാൽ അത് എന്റെ പ്രൊഫഷനെ ബാധിക്കുമെന്നും എനിക്കറിയാം. ഈയിടെ ഒരു അവാർഡുമൊക്കെ കിട്ടിയല്ലോ. എന്നാൽപ്പിന്നെ കുറച്ചു കനത്തിൽ സംസാരിക്കുകയും ജാഡയിൽ പെരുമാറുകയുമൊക്കെ ചെയ്‌തേക്കാം എന്നു വിചാരിച്ചാൽ ഞാൻ ഞാനല്ലാതാകും. ഞാൻ എല്ലായ്പ്പോഴും ഒരു കഥാപാത്രമായിട്ട് ലൈറ്റടിച്ചു ജീവിക്കേണ്ടി വരും. വലിയ അപകടമാണത്. ഒരു എഴുത്തുകാരനാണെങ്കിൽത്തന്നെ ഒരു സാധനം എഴുതി, അത് ഗംഭീരമായി എന്ന് ആളുകളൊക്കെ പറയുമ്പോൾ ജാഡ കാണിക്കുന്നവരുണ്ടാകും. പലവട്ടം എഴുതിയും വെട്ടിയും വീണ്ടും തിരുത്തിയുമൊക്കെ പ്രസവവേദന അനുഭവിച്ചാണ് എഴുതുന്നത്. പക്ഷേ, അംഗീകാരം കിട്ടിക്കഴിയുമ്പോൾ അതെല്ലാം മറന്നു പെരുമാറിയാൽ പിന്നെ ചോയ്‌സ് ഇല്ലാതാകും. ഒന്നേ തോന്നുകയുള്ളു, അതിൽ വലിയ ക്വാളിറ്റി ഉണ്ടാകില്ല. മറ്റേത് അതല്ല; മൂന്നുനാലഞ്ചു രീതിയിൽ ചിന്തിക്കും. പെർഫെക്‌റ്റായതു മാത്രമേ എഴുതുകയുള്ളു. നമ്മൾ എന്തോ ആയെന്നു ധരിച്ചാൽപ്പിന്നെ അതുണ്ടാകില്ല. അതു കുഴപ്പമാണ്. എല്ലാ മേഖലയിലുമുണ്ട്.

Q

വ്യക്തിത്വത്തിലെ ഗാംഭീര്യവും സെലിബ്രിറ്റി ജാഡയും രണ്ടും രണ്ടാണല്ലോ?

A

വളരെ വ്യത്യസ്തമാണ്. നൂറു ശതമാനം. മറ്റേത് വെറും ഷോ ഓഫല്ലേ. അത് സ്റ്റാർഡം എന്നൊക്കെ പറയുന്നതുപോലെയാണ്. അവിടെ നമ്മൾ പ്രോഡക്‌റ്റാണ്. രജനീകാന്ത് ഗംഭീര ആക്ടറാണ്. പക്ഷേ, ആ ആക്ടറിനുമപ്പുറം വളർന്നിട്ട് ഒരു സ്റ്റാർഡമാണ് അദ്ദേഹത്തിനുള്ളത്. സറ്റാർഡത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ സ്‌റ്റൈൽ, നടപ്പ്, നോട്ടം ഇതൊക്കെയാണ് ആളുകളുടെ മനസ്സിൽ നിൽക്കുന്നത്. അങ്ങനെയായിരിക്കുമ്പോൾ ആ ഒരു സംഭവം ഇല്ലാതെ അഭിനയിക്കാൻ പറ്റുമോ? അതിൽനിന്നു വിട്ട് വേറൊരു കഥാപാത്രമാകുമ്പോൾ ആളുകൾ അംഗീകരിക്കില്ല, പെട്ടെന്ന്. അദ്ദേഹത്തെ വച്ച് ഒരു പടം പൂജ കഴിഞ്ഞാൽ അന്ന് കച്ചവടമാകും. അതാണ് സ്റ്റാർഡം എന്നു പറയുന്നത്. അത് വ്യത്യസ്തമാണ്.

Q

സെലിബ്രിറ്റിയാകാൻ മടിക്കുന്നതും തലക്കനം കാണിക്കാത്തതും സിനിമയിലെ പ്രതിഫലത്തിലുൾപ്പെടെയുള്ള പരിഗണനകളെ സ്വാധീനിക്കുമോ?

A

സ്വാധീനിക്കുമായിരിക്കാം. ബാർഗെയിൻ ചെയ്യാറില്ല എന്നൊക്കെ ചിലർ പറയും. ഞാൻ അങ്ങനെയല്ല. കൃത്യമായി പൈസ പറയും. എന്റെയൊരു വില എനിക്കു തോന്നുന്നുണ്ട്. ഞാൻ അതിന് അർഹനാണെന്ന് എനിക്കു തോന്നുന്നുണ്ട്. പണ്ട് വാങ്ങിച്ചിരുന്ന പ്രതിഫലമല്ല ഇപ്പോൾ വാങ്ങുന്നത്. പിന്നെ, ചില സിനിമകളിലെ ക്യാരക്ടർ കേൾക്കുമ്പോൾ നമുക്കു തോന്നും, ആ ക്യാരക്ടർ നല്ലതാണ്; വലിയ ബാർഗെയ്‌നിംഗ് ഇല്ലാതെ ചെയ്യാം. ആ കഥാപാത്രം ചെയ്യുക എന്നുള്ളതാണ്. ‘പൂക്കാലം’ എന്ന സിനിമ ഓർമ്മയില്ലേ. അത് വന്നപ്പോൾ പ്രത്യേകമൊരു താല്പര്യം തോന്നി. ഒരു അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും പ്രണയകഥയല്ലേ. ചേട്ടാ, എങ്ങനിരിക്കും എന്ന് അവർ ചോദിച്ചു. ചേട്ടന് അഭിനയിക്കാൻ പറ്റുമോ എന്നൊക്കെയായിരിക്കും അവരുടെ ധാരണ. നിങ്ങളുടെ മനസ്സിൽ വേറെ ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചു. ഇല്ല, ചേട്ടൻ ചെയ്താലേ ഞങ്ങളിത് എടുക്കുന്നുള്ളൂ എന്ന് പറഞ്ഞു. ഇതു പറയുമ്പോൾ നമുക്കൊരു താല്പര്യം തോന്നും. പിന്നെ അതിൽ വേറൊന്നിനെപ്പറ്റിയും ചിന്തയില്ല. അതിനുവേണ്ടി മാത്രം തയ്യാറെടുത്തു. മറ്റു ചില പടങ്ങളിൽനിന്ന് ഒഴിവായി. മീശ വളർത്തി, ഭാരം കുറച്ചു. അങ്ങനെ അതിനുവേണ്ടി കുറേ ശ്രമിച്ചു. അങ്ങനെ ചെയ്യുമ്പോൾ അതിൽ പണമല്ല നോക്കുന്നത്. വേറൊരു സമീപനമായിരിക്കും അതിനോട്. പണ്ടു നാടകം കളിക്കുമ്പോൾ കർട്ടൻ പൊക്കുന്നതിനു മുന്‍പ് കാശ് വാങ്ങിച്ചിട്ടേ നാടകം കളിക്കുകയുള്ളു. നാടകം കഴിഞ്ഞാൽ ചിലപ്പോൾ കാശ് കിട്ടിയില്ലാന്നു വരും. അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളുണ്ട്. അതുകൊണ്ട് ഞാൻ പൈസ പറയും. അതിൽ വിട്ടുവീഴ്ചകളൊക്കെ ചെയ്യും. അത് മറ്റൊന്ന്. പക്ഷേ, പൈസ വാങ്ങിക്കണം എന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട്? ഡിസർവിംഗ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾക്ക് അത്രയും തരാനില്ലെന്നോ അല്ലെങ്കിൽ താങ്കൾ വേണ്ട വേറെ ആള് മതി എന്നോ അവർ പറഞ്ഞാൽ ഓക്കെ, ആയിക്കോട്ടെ. എനിക്കു വിരോധമില്ല, പിണക്കവുമില്ല. അങ്ങനെ എത്രയോ പടങ്ങൾ. ചെയ്ത പടങ്ങളെക്കാൾ എത്രയോ അധികം പടങ്ങളാണ് വേണ്ടെന്നു വച്ചിരിക്കുന്നത്. അതായിരിക്കും എന്നെ നിയന്ത്രിക്കുന്നതെന്ന് എനിക്കു തോന്നുന്നു.

Q

സിനിമയിൽ വരാൻ ശ്രമിച്ചു വന്നതല്ല. നാടകമാണെങ്കിൽ ഈ ദിവസം മുതൽ എന്നു പറയാൻ കഴിയാത്തവിധം സ്വാഭാവികമായി ജീവിതത്തിന്റെ തന്നെ ഭാഗമായി വന്നതാണ്. അതിന്റെയൊരു ഊർജ്ജം വ്യത്യസ്തമാണല്ലോ?

A

എനിക്ക് അറിയില്ല സത്യത്തിൽ. കൊച്ചിലേ മുതൽ കാണുന്നത് നാടകവും റിഹേഴ്‌സൽ ക്യാമ്പുമൊക്കെയാണ്. ആറേഴ് വയസ്സുള്ളപ്പോൾ ഞാൻ അഭിനയിച്ചു. അഭിനയമൊന്നും അറിഞ്ഞിട്ടായിരിക്കില്ല. പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ‘ആത്മബലി’യിൽ അഭിനയിക്കുന്നത്. ആ നാടകം നല്ലവണ്ണം അന്ന് ഓടി. ആ നാടകം കഴിഞ്ഞ് ആൾക്കാർ എന്നെ പൊക്കിപ്പിടിച്ചു. അന്നു ഞാൻ കരയുമ്പോൾ ശരിക്കു കരയുകയായിരുന്നു. എനിക്കു പിന്നെ കരച്ചിൽ നിർത്താൻ മേല. സ്റ്റേജിൽ വന്നു, ഒരു സീക്വൻസ് അഭിനയിച്ചു, അതിൽ കരയുന്നു. പട്ടാളത്തിൽ പോയ അച്ഛൻ മരിച്ചു എന്ന വിവരം കിട്ടിയിട്ടാണ് അമ്മ കരയുന്നത്. അതു കണ്ട് ഞാനും കരയും. മുത്തച്ഛൻ വന്നു സമാധാനിപ്പിക്കും. അതുകഴിഞ്ഞിട്ടും ഞാൻ കരയുകയാണ്. എല്ലാവരും വന്ന് എന്നെ കെട്ടിപ്പിടിച്ച്, നന്നായി എന്ന് പറയുമ്പോൾ ഞാൻ ചിരിച്ചു. പക്ഷേ, ആ ചിരിയും കരച്ചിലിനിടയിലൂടെയാണ്. കൺട്രോളില്ലാത്ത അവസ്ഥയാണത്. അഭിനയത്തിൽ അത് നല്ല ലക്ഷണമല്ല. ചിലര് പറയാറില്ലേ, കഥാപാത്രമായിപ്പോയി; ഇറങ്ങാൻ പറ്റുന്നില്ല എന്ന്. ആ അവസ്ഥ എനിക്കുണ്ടായിട്ടുണ്ട് കൊച്ചിലേ. അതു നല്ല കാര്യമല്ല. അവിടെ നമ്മൾ കട്ട് ചെയ്യണം. അത്ര കൺട്രോൾഡ് ആയിരിക്കണം. ഞാനൊരു കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നൂറു ശതമാനവും ആ കഥാപാത്രമാവുകയല്ല. ഒരു 90 ശതമാനം ആ കഥാപാത്രമാണ്. ഈ പത്തു ശതമാനം എന്നെ നിയന്ത്രിക്കുന്ന ഞാനാണ്, വിജയരാഘവനാണ്. കാലൊച്ച കേൾക്കുമ്പോൾ അപ്പൂപ്പൻ അങ്ങോട്ടു നോക്കണം എന്ന് സംവിധായകൻ പറയുന്നു എന്നു വയ്ക്കുക. അത് ഇങ്ങനെ നോക്കണോ, അതോ ഇങ്ങനെ നോക്കണോ, അതു രണ്ടുമല്ലാതെ ഇങ്ങനെ നോക്കിയാൽ മതിയോ (അഭിനയിച്ചു കാണിക്കുന്നു; വിജയരാഘവൻ എന്ന പ്രതിഭ ഒറ്റ നിമിഷംകൊണ്ട് പല ഭാവങ്ങളിൽ നോക്കുന്ന കഥാപാത്രമാകുന്നു) അതൊക്കെ ഞാനാണ് തീരുമാനിക്കുന്നത്. നോക്കുന്നത് എങ്ങനെ വേണം, അതിലെ സ്‌പീഡ് എത്ര വേണം എന്നൊക്കെ എന്നെ നിയന്ത്രിക്കുന്നത് ഞാൻ തന്നെയാകണം. ഒരാൾ പെട്ടെന്നു കത്തിയൂരി കുത്തുന്നു. കത്തി മൂർച്ചയുള്ളതാണ്, കുത്തുമ്പോൾ അപ്പുറത്തു നിൽക്കുന്ന ആളുടെ കക്ഷത്തിൽക്കൂടിയേ കത്തി പോകാവുള്ളു. വയറ്റിൽ കൊണ്ടെന്നു തോന്നണം. അതിൽ കൃത്യമായ ധാരണ എനിക്കു വേണം. അതു വേണമെങ്കിൽ ഞാൻ വേണ്ടേ. കഥാപാത്രമായാൽ ഞാൻ കേറി കുത്തുകേലേ. അതുകൊണ്ട്, ഞാൻ കഥാപാത്രമായിപ്പോയി എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആ കഥാപാത്രമാണ് എന്നുള്ള തോന്നൽ സൃഷ്ടിക്കണം. മേയ്ക്ക് ബിലീഫ് ആണ്. കഥാപാത്രം ഇറങ്ങിപ്പോയില്ല എന്ന് പറയുന്നതുപോലെത്തന്നെ കഥാപാത്രത്തെ കയറ്റാൻ പത്തു ദിവസമെടുത്തു എന്നൊക്കെ ചിലർ പറയും. എനിക്കങ്ങനെ ഇല്ല. ഒരു കഥാപാത്രം എന്നോട് പറഞ്ഞുകഴിഞ്ഞാൽ ഉറക്കത്തിലോ സ്വപ്‌നത്തിലോ ഒക്കെ അറിയാതെ ചില കാര്യങ്ങൾ വരും. അത് ഞാൻ പരതിനടക്കുന്നതല്ല. ഒരു ദിവസം ഞാൻ ഒരാളെ കണ്ടപ്പോൾ രണ്ടു വിരൽ വിറയ്ക്കുന്നതു കണ്ടു. ഒരു അപ്പൂപ്പനാണ്. ഞാൻ നോക്കിയിട്ട് അദ്ദേഹത്തിന്റെ അതേ കൈയിലെ അതേ വിരലുകൾ എനിക്കു വിറയ്ക്കാൻ പറ്റുന്നില്ല. ഞാൻ മറ്റേ കയ്യിലും നോക്കി. പറ്റുന്നില്ല. അപ്പോൾ ഞാൻ തന്നെ ശ്രമിച്ചുനോക്കിയപ്പോൾ മറ്റു രണ്ടു വിരലുകൾ ഈസിയായിട്ട് അങ്ങനെ വരുന്നുണ്ട്. പിന്നെ ഞാൻ പരിചയമുള്ള ഒരു ഡോക്ടറോടു ചോദിച്ചു, പ്രായമായവർക്ക് ഇങ്ങനെ വരുമ്പോൾ മുഴുവൻ സമയവുമുണ്ടാകുമോ, ഉറക്കത്തിലൊക്കെ ഉണ്ടാകുമോ. ഇല്ലെന്നു ഡോക്ടർ പറഞ്ഞു. നെർവ്‌സ് സംബന്ധമായ പ്രശ്‌നമാണ് പ്രായമാകുമ്പോൾ ഇങ്ങനെ ഉണ്ടാകുന്നത്. അത് ഉണർന്നിരിക്കുമ്പോഴേ ഉള്ളു. അതേസമയം, പാർക്കിൻസണിസം എന്ന അസുഖമുണ്ടല്ലോ. അതു വന്നാൽ ഉറക്കത്തിലും അങ്ങനെയായിരിക്കും. ഇങ്ങനെ ചില കാര്യങ്ങളൊക്കെ കിട്ടും നമുക്ക്. അത് ഞാൻ ആലോചിച്ച് ഉണ്ടാക്കുന്നതല്ല. മുണ്ടൊക്കെ പിടിച്ചാലും പേപ്പർ പിടിച്ചാലും അങ്ങനെ വിരലുകൾ അനങ്ങും. അതേസമയം, ഈ പാത്രം എടുത്താൽപ്പിന്നെ അങ്ങനെ വരില്ല. ഒരു സ്ഥലത്ത് ബലമായി പിടിച്ചാൽപ്പിന്നെ അങ്ങനെ വരില്ല. ചില കഥാപാത്രത്തിന്റെ ശബ്ദത്തിലെ മാറ്റം പോലും അഭിനയിച്ചു തുടങ്ങിയ ശേഷം തീരുമാനിക്കുന്നതായിരിക്കും. അതാണ് പറഞ്ഞത്, കഥാപാത്രം മുഴുവനായി നമ്മളിലേക്കു കയറ്റുകയല്ല.

മോഹന്‍ലാല്‍, മമ്മൂട്ടി, വിജയരാഘവന്‍
മോഹന്‍ലാല്‍, മമ്മൂട്ടി, വിജയരാഘവന്‍
Q

കഥാപാത്രമായി മാറാൻ കഴിയാതെ താരങ്ങൾ മാത്രമായിരിക്കുന്ന അവസ്ഥയിലുള്ളവരുമായി ഒന്നിച്ച് അഭിനയിക്കേണ്ടിവരുമ്പോഴത്തെ സാഹചര്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടോ?

A

നമുക്കിവിടെ ഒരുപാടുപേരുടെ കൂടെ നിൽക്കുമ്പോൾ നടനെന്ന നിലയ്ക്ക് നമുക്കും അനുഭൂതിയാണ് ഉണ്ടാവുക. മമ്മൂട്ടിയുടെ കൂടെ നിന്നാലും മോഹൻലാലിന്റെ കൂടെ നിന്നാലും; അതുപോലെ നെടുമുടി വേണു, തിലകൻ ചേട്ടൻ, പപ്പുവേട്ടൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ശങ്കരാടിച്ചേട്ടൻ ഇവരുടെ കൂടെയൊക്കെ നിൽക്കുമ്പോൾ വേറൊരു അനുഭവമുണ്ട്. ആ ഒരു കൊടുക്കൽവാങ്ങലുണ്ടല്ലോ. അതിൽ ഒരു സത്യസന്ധതയുണ്ടാകും. ഞാൻ സത്യസന്ധമായി പെരുമാറും, കൂടെ അഭിയിക്കുന്നയാളും സത്യസന്ധമായി പെരുമാറും. അതേസമയം ചില കഥാപാത്രമൊന്നും ഈ പറയുന്ന എഫേർട്ട് ഇല്ല. ഉറക്കത്തിൽ നമ്മളെ വിളിച്ചെണീപ്പിച്ചിട്ട് ഈ ഡയലോഗൊന്ന് പറഞ്ഞേന്നു പറഞ്ഞാൽ പറയാം. പൊലീസുകാരനും ചട്ടമ്പിയുമൊക്കെയാകാം. അത് നോർമൽ വേഷങ്ങളാണ്. ഡിഫറന്റായിട്ടുള്ള, എന്നിൽനിന്നു വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളാകുമ്പോഴാണ് ഈ തയ്യാറെടുപ്പുകളൊക്കെ നമ്മളറിയാതെ വരുന്നത്. ഞാനിപ്പോൾ ഈ താടി വച്ചിരിക്കുന്നു. തൊട്ടുമുമ്പ് അഭിനയിച്ചത് ഔസേപ്പ് എന്ന കഥാപാത്രമാണ്; ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്നാണ് പടത്തിന്റെ പേര്. ഇടുക്കിയിലുള്ള കർഷകനാണ്. മൂന്നു മക്കളുണ്ട്. അയാൾ തന്നെ ജോലി ചെയ്യുന്നു. മക്കളെ ഒരു പരിധിയിൽക്കൂടുതൽ സമ്മതിക്കില്ല. അയാളുടെ കയ്യിലാണ് കാര്യങ്ങൾ. ഇപ്പോഴും ഏലം പറിക്കാനുമൊക്കെ പോകും. ചെറിയ കുറ്റിത്താടി ഞാൻ വച്ചു. പത്തു ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. ആ കുറ്റിത്താടിയിൽത്തന്നെ നിന്നു. അതുകഴിഞ്ഞ് ആ താടി നരപ്പിച്ചിട്ട് മീശ പിരിച്ചിട്ടാണ് ‘ദാവീദ്’ എന്ന സിനിമയിൽ അഭിനയിച്ചത്. ‘ദാവീദ്’ പകുതിയായപ്പോഴാണ് യു.കെയ്ക്കു പോയത്. യു.കെയിൽ പോയപ്പോൾ ഞാനിതു വളർത്തി. ഇപ്പോൾ ഇനി ‘വള’ എന്ന പടത്തിലാണ് അഭിനയിക്കുന്നത്. അതിൽ മുസ്‌ലിം കഥാപാത്രമാണ്. അതിനു ഞാൻ ഈ താടി ഉപയോഗിക്കും. അത് പത്തു ദിവസം കഴിഞ്ഞ് തീർന്നുകഴിഞ്ഞാൽ താടി ഒതുക്കി മീശയും പിരിച്ച് ദാവീദിലെ കഥാപാത്രമാകും. ഞാൻ തന്നെ എന്നിലുള്ള കാര്യങ്ങളിൽനിന്നു പല പല മാറ്റങ്ങൾ വരുത്തുകയാണ്.

Q

രാഷ്ട്രീയ നേതാവിനേയും പൊലീസ് ഉദ്യോഗസ്ഥനേയും പോലെ ചില കഥാപാത്രങ്ങൾ ആവർത്തിച്ചുവരുമ്പോൾ എത്രത്തോളം മാറ്റിചെയ്യാൻ കഴിയും. എങ്ങനെയാണ് അത്തരം സന്ദർഭങ്ങളെ കൂടുതൽ നന്നാക്കുന്നത്?

A

രൺജി പണിക്കരുടെ സിനിമയിൽ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷം ചെയ്തു; മന്ത്രിയാണ്. അന്നത്തെ ഒരു മന്ത്രിയുമായി നല്ല സാമ്യമുണ്ടെന്ന് ഒരുപാടുപേർ പറഞ്ഞു. പക്ഷേ, ഞാൻ അങ്ങനെ വിചാരിച്ച് ചെയ്തതൊന്നുമല്ല. അദ്ദേഹത്തിന്റെ ചില മാനറിസമൊക്കെ എനിക്കു വന്നതാണ്. ‘നസ്രാണി’ എന്ന പടത്തിൽ അഭിനയിച്ചപ്പോൾ അതിലെ രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തിന് മാണിസാറുമായി സാമ്യമുണ്ടെന്ന് പലരും പറഞ്ഞു. സത്യത്തിൽ ഞാൻ മാണി സാറിനെ അനുകരിച്ചിട്ടില്ല. പക്ഷേ, നമ്മുടെ മനസ്സിൽ എവിടെയോ ഒരു സാധനം കിടക്കും. അതുപോലെ, ‘ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ്’ എന്ന പടം. അതിൽ അഭിനയിക്കുമ്പോൾ വി.എസ്. അച്യുതാനന്ദൻ ശരിക്കും എന്റെ മനസ്സിലുണ്ട്. പക്ഷേ, ഞാൻ മിമിക്രിയല്ല ചെയ്തത്. മനസ്സുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ ഭാവങ്ങളിലൂടെ വന്നു. വി.എസിനെ ഞാൻ നേരിട്ടു കണ്ടിട്ടുപോലുമില്ല, ടി.വിയിൽ കണ്ടിട്ടേയുള്ളു. പക്ഷേ, അദ്ദേഹത്തിന്റെ മെന്റൽ കണ്ടീഷൻ ഇതായിരിക്കുമെന്നും പവർ ഇതായിരിക്കുമെന്നും വീക്ഷണം ഇതായിരിക്കുമെന്നുമുൾപ്പെടെ ചില കാര്യങ്ങൾ നമുക്ക് മനസ്സിലാകുമല്ലോ. അതുവച്ച് നമ്മൾ തന്നെ ഉണ്ടാക്കിവയ്ക്കുകയാണ്. പിണറായി സഖാവിനെ കണ്ടിട്ടുണ്ട്. ചിലപ്പോൾ ഒരു കഥാപാത്രം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോൾ ആ കാഴ്ച ഉപകരിക്കും. അങ്ങനെയാണ്. അല്ലാതെ ഒരിക്കലും ഞാൻ അദ്ദേഹത്തെ അനുകരിക്കുകയല്ല. ഒരിക്കലും ഒരാളെ കണ്ടിട്ട് അതുപോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഒന്നല്ല ഒരു കഥാപാത്രം, പലതാണ്. മൾട്ടിറ്റ്യൂഡ് എന്നാണ് പറയുക. പല അംശങ്ങളുണ്ട്. ഞാൻ ഒരു കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രത്തിനു ചിലപ്പോൾ നമ്മൾ കണ്ട ഒരാളുടെ ഡ്രെസ്സ് കോഡ് ആയിരിക്കും, നടപ്പ് നമ്മൾ കണ്ട വേറെ ഒരാളുടെയായിരിക്കും. കൈവിറയൽ കണ്ട അപ്പൂപ്പനിൽനിന്ന് അതുമാത്രമേ എടുത്തിട്ടുള്ളു. അപ്പൂപ്പൻ നല്ല സ്‌ട്രോംഗായിരിക്കുന്ന ആളാണ്. രണ്ടു വിരലിലെ ഈ പ്രശ്‌നം മാത്രമേയുള്ളു.

‘ഏകലവ്യനി’ലെ ചേറാടി കറിയ എന്ന കഥാപാത്രത്തിന്റെ ചില രീതികളുണ്ടല്ലോ; ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു പയ്യനുണ്ടായിരുന്നു. പണത്തിന്റെ ഹുങ്കെന്നു പറഞ്ഞാൽ കോട്ടയം മുഴുവൻ അവന്റെയാണെന്ന ഭാവം. മുണ്ടിന്റെ ഒരറ്റം പൊക്കി കക്ഷത്തിലാണ് എപ്പോഴും. അഹങ്കാരത്തിന്റെ ആ രീതിയാണ് ഞാൻ ചേറാടി കറിയയിൽ ചെയ്തത്. അവനെ അനുകരിച്ചതല്ല. പക്ഷേ, അവൻ എന്റെ മനസ്സിൽ ക്ലിക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ചില കാര്യങ്ങളാണ്. അല്ലാതെ ഒരാളെ കണ്ടുകൊണ്ടൊന്നും അയാളെപ്പോലെയാകാൻ ശ്രമിക്കാറില്ല.

Shaji Kailas congratulates the police
ഷാജി കൈലാസ് ഫെയ്‌സ്ബുക്ക്
Q

അച്ഛനും മകനും മാത്രമായിരിക്കുമ്പോൾ നാടകത്തിലേയോ സിനിമയിലേയോ ഏതെങ്കിലും കഥാപാത്രത്തെക്കുറിച്ച് അച്ഛൻ പ്രത്യേകമായി പറഞ്ഞിട്ടുണ്ടോ. നന്നായിരുന്നെന്നോ കൂടുതൽ നന്നാക്കാമായിരുന്നു എന്നോ ഒക്കെ. അച്ഛൻ അങ്ങനെ ‘ഡയറക്ട്’ ചെയ്തിട്ടുണ്ടോ?

A

നാടകങ്ങൾ ചെയ്യുമ്പോൾ ഡയറക്ടർ എന്ന നിലയിൽ അച്ഛന് എന്നെ ഭയങ്കര വിശ്വാസമായിരുന്നു. മറ്റൊരു സീൻ എഴുതുന്നതിലുൾപ്പെടെ അച്ഛൻ തിരക്കിലായിരിക്കുമ്പോഴോ ഒക്കെ, “നീ അതൊന്നു നോക്ക്” എന്നു പറയും. എനിക്കറിയാം അച്ഛനെന്താ ഇതു പറയുന്നതെന്ന്. ഒരേ സമയം അഞ്ചെട്ടുപത്ത് കഥാപാത്രങ്ങളെ സംവിധാനം ചെയ്യുകയാണല്ലോ. 1994-നുശേഷം ഞങ്ങളുടെ ട്രൂപ്പ് വീണ്ടും തുടങ്ങിയപ്പോൾ പല നാടകങ്ങളും വീണ്ടും അവതരിപ്പിച്ചു. ഞാൻ ഡയറക്ട് ചെയ്തു. അതൊക്കെ എനിക്ക് ഒരു എക്‌സ്‌പീരിയൻസാണ്. ഒരേസമയം നിരവധി കഥാപാത്രങ്ങൾ. സ്റ്റേജിൽ എപ്പോഴും മൂവ്‌മെന്റ് പറയണമല്ലോ. ചലനാത്മകമാകണം സ്റ്റേജ്. പല നാടകങ്ങളും നിന്നു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഞാനെപ്പോഴും ചെയ്യുന്നത് സ്റ്റേജിൽ മൂവ്‌മെന്റ് ഉണ്ടാക്കുന്ന രീതിയാണ്. അതൊക്കെ അച്ഛനു വലിയ കാര്യമായിരുന്നു, വലിയ വിശ്വാസമായിരുന്നു. പക്ഷേ, അമിതമായി നമ്മളെ ബൂസ്റ്റ് ചെയ്യാറില്ല. നീ ഭയങ്കര ഗംഭീരമായി ചെയ്തു എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. ചേറാടി കറിയ കണ്ടപ്പോൾ അച്ഛൻ പറഞ്ഞു, ങാ, കൊള്ളാം. ചില പടങ്ങളൊക്കെ കണ്ടുകഴിഞ്ഞ് “എന്തിനാടാ വെറുതേ തല്ലുകൊള്ളാൻ പോകുന്നത്” എന്നു ചോദിക്കും; അടിപിടിയും ഗൂണ്ടാവേഷവുമൊക്കെ ചെയ്യുമ്പോൾ. അതിലൊന്നും വലിയ വാല്യു ഇല്ല എന്നാണ്. മോശമായിട്ടല്ല. പക്ഷേ, നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് അച്ഛന്റെ മനസ്സിൽ. ചെറാടി ചെയ്യാൻ എനിക്കു പറ്റിയത് എന്റെ നാടക അനുഭവം കൊണ്ടാണ്. അന്നത്തെ എന്റെ പ്രായത്തിൽ അങ്ങനെയൊരു കഥാപാത്രം വിശ്വസിപ്പിക്കാൻ പാടാണ്. 1993-ൽ ആണല്ലോ. അന്ന് അങ്ങനെയാരും ചെയ്തിട്ടില്ല. ആ പ്രായത്തിൽ, പ്രേക്ഷകർ അംഗീകരിച്ചുകൊണ്ടിരിക്കുന്ന ഒരു നടൻ അത്രയും വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്തിട്ടില്ല. അത് വിശ്വസിപ്പിക്കുക എന്നു പറയുന്നത് വലിയ പാടാണ്. അതുകൊണ്ട് കുറച്ചൊരു ‘ഓവർ ഡൂ’ ഉണ്ട് അതിൽ. എന്നാൽ അപ്പിച്ചായിക്ക് ആ ഓവർ ഡൂ ഇല്ല. ചേറാടി കറിയ ഗംഭീരമാണ് എന്ന് എല്ലാവരും ഇപ്പോഴും പറയും. എനിക്കും ഇഷ്ടമാണ്. അങ്ങനെ ചെയ്താലേ അത് അന്ന് നിൽക്കുകയുള്ളു. പക്ഷേ, ഇന്ന് ഞാൻ ചേറാടി കറിയ ചെയ്താൽ അങ്ങനെയേ ആയിരിക്കില്ല ചെയ്യുന്നത്, ഈ പ്രായത്തിൽ ചെയ്യുമ്പോൾ. അന്ന് എന്നെപ്പറ്റി പ്രേക്ഷകരുടെ മനസ്സിലൊരു ധാരണയുണ്ട്. അതിനു വിരുദ്ധമായിട്ടാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ ആ ധാരണ ഞാൻ പൊളിക്കണം. അതാണ് അന്നു ചെയ്തത്. പക്ഷേ, അപ്പിച്ചായിയിലേക്കു വന്നപ്പോൾ അതു ചെയ്തില്ല. ഈ പ്രായമുള്ള ക്യാരക്ടറൊക്കെ ചെയ്യുന്ന ആളാണ് എന്നുള്ളത് അപ്പോഴേയ്ക്കും കുറേയൊക്കെ അക്‌സെപ്റ്റ് ചെയ്തു. ആ സ്വീകാര്യത കിട്ടി. അപ്പോൾപ്പിന്നെ എനിക്കു കളിക്കാൻ പറ്റും. പിന്നെ, ഇതിലൊക്കെ നൂറു ശതമാനവും നാടകാനുഭവങ്ങളാണ് ഗുണപ്പെട്ടത്. എന്നുവച്ചാൽ, നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസം എനിക്കറിയാം. റിയലായിരുന്നു എന്ന് പറയാറുണ്ടല്ലോ. പക്ഷേ, അങ്ങനെ റിയലിസം എന്നൊന്ന് കലയിൽ ഇല്ല. ഒരു കലയിലും. എന്റെ വിശ്വാസമാണ്. റിയലാണ് എന്നു തോന്നിക്കുന്ന വിധത്തിൽ നമ്മൾ ചെയ്യുക. അത് റിയലിസമല്ലല്ലോ. അതിൽ ചെറിയ ഒരു പ്ലസ്സുണ്ട്. സിനിമയിലാണെങ്കിൽ നമ്മൾ ചെയ്യുന്നത് ഒപ്പിയെടുക്കാൻ തൊട്ടടുത്ത് ക്യാമറയുണ്ട്. കണ്ണിലെ തിളക്കം ചെറിയ തിളക്കം പോലും വ്യക്തമായി കാണും. നാടകത്തിൽ അതല്ലല്ലോ. ദൂരെയല്ലേ പ്രേക്ഷകർ ഇരിക്കുന്നത്. മുഖത്തെ എക്‌സ്പ്രഷൻ കൃത്യമായി കാണില്ല. 90 ശതമാനവും ശബ്ദനിയന്ത്രണം കൊണ്ടാണ് നാടകത്തിൽ അഭിനയിക്കുന്നത്. നാടകത്തിൽ, നിങ്ങൾ പറയ്, ഞങ്ങൾ കേൾക്കാം എന്നാണ് പ്രേക്ഷക മനസ്സെങ്കിൽ സിനിമയിൽ, നിങ്ങൾ പറയേണ്ട, ഞങ്ങൾ കണ്ടോളാം എന്നാണ്. സിനിമയിലെ റിയലിസത്തിന് ചെറിയ പ്ലസ് ഉണ്ട്. റിയലിസ്റ്റിക്കാണ് എന്നു തോന്നിക്കുന്ന വിധത്തിൽ നമ്മൾ ആ പ്ലസ് ഇടും. നാടകത്തിൽ അതല്ല. രണ്ടു പ്ലസ്സുണ്ട്. കുറച്ചുകൂടി ഇടും. കഥകളിയിലൊക്കെ കുറച്ചുകൂടിയുണ്ട്. സ്റ്റൈലേസേഷനാണ്. അത് അഭിനയസങ്കേതത്തിന്റെ മറ്റൊരു രീതിയാണ്. അത് കുറച്ചുകൂടി ടെക്‌നിക്കൽ കൂടിയാണ്.

തിലകന്‍
തിലകന്‍
Q

സിനിമയിലേയും നാടകത്തിലേയും ഈ അഭിനയസാധ്യതകളെ സമർത്ഥമായി ഉപയോഗിച്ച മഹാനടനായിരുന്നല്ലോ തിലകൻ. അങ്ങനെയുള്ള വലിയ പ്രതിഭകളുടെ കാലത്തുകൂടിയാണ് അഭിനയിക്കുന്നതും ജീവിക്കുന്നതും എന്നതിന്റെ അഭിമാനം എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാറില്ലേ?

A

പിന്നേ, എന്താ സംശയം. തിലകൻ ചേട്ടൻ; അതുപോലെ ഗോപിച്ചേട്ടനോ. മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ നടൻ ഗോപിച്ചേട്ടനാണ്. അദ്ദേഹത്തിന്റെ ‘കൊടിയേറ്റം’, തബലിസ്റ്റ് അയ്യപ്പനായി അഭിനയിച്ച ‘യവനിക’, ‘ഇരകൾ’, ‘കാറ്റത്തെ കിളിക്കൂടി’ലെ ഷേക്‌സ്‌പിയർ കൃഷ്‌ണപിള്ള, ‘സന്ധ്യ മയങ്ങും നേരത്തി’ലെ ജസ്റ്റിസ് ബാലഗംഗാധര മേനോൻ, ‘ഓർമ്മയ്ക്കായി’, ‘പഞ്ചവടിപ്പാലം’ തുടങ്ങി വ്യത്യസ്തമായ എത്രയെത്ര കഥാപാത്രങ്ങളാണ്. അതുപോലെ പപ്പുവേട്ടൻ. എന്തൊരു നടനായിരുന്നു. ഒരു നടനു വേണ്ടത് എന്ന് പൊതുവേ കരുതപ്പെടുന്ന ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. നല്ല ശബ്ദമില്ല; പക്ഷേ, ആ ശബ്ദം തന്നെ അദ്ദേഹം തന്റെ ഐഡന്റിറ്റിയാക്കി മാറ്റി. സിനിമാ നടനെപ്പോലിരിക്കുന്നു എന്നല്ലേ മുമ്പൊക്കെ സൗന്ദര്യമുള്ള ആളുകളെക്കുറിച്ചു പറയുന്നത്. അങ്ങനെ നോക്കുമ്പോൾ സുന്ദരമായ രൂപം പോലുമല്ല പപ്പുവേട്ടന്. അതൊന്നും നടനാകാൻ ആവശ്യമില്ല എന്നു തെളിയിച്ചവരിലൊരാളാണ്.

Q

രാഷ്ട്രീയമായി ഇടതുപക്ഷത്താണ് അല്ലേ. എന്നാൽ സഹയാത്രികനല്ലതാനും. ശരിക്കും രാഷ്ട്രീയമെന്താണ്?

A

ഇപ്പോഴത്തെ ഇടതുപക്ഷമാണ് എന്നു പറയാൻ എനിക്കു മടിയുണ്ട്. സത്യത്തിൽ അങ്ങനെയൊരു രാഷ്ട്രീയം എനിക്കു തോന്നുന്നില്ല. രാഷ്ട്രീയ ആശയങ്ങൾ ഇല്ലല്ലോ. ആശയ സംഘട്ടനങ്ങൾ ഉള്ളപ്പോഴല്ലേ ഇടതുപക്ഷവും വലതുപക്ഷവുമൊക്കെ. എല്ലാ പാർട്ടികളിലും നമ്മൾ പ്രതീക്ഷിച്ചിരുന്നതുപോലെയല്ല പല നേതാക്കളുടേയും പെരുമാറ്റങ്ങൾ. എനിക്ക് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് പ്രത്യേക താല്പര്യമൊന്നുമില്ല. ഒരുപാടു നേതാക്കന്മാരെ കണ്ടിട്ടും അടുത്തു പെരുമാറിയിട്ടുമുണ്ട്. പി.കെ.വി അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. ഇവിടെ, ഒളശ്ശയിലെ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ട്. സി. അച്യുതമേനോൻ. അങ്ങനെ പലരും അടുത്തറിയാവുന്നവരാണ്. അവരുമായിട്ടൊക്കെ നമുക്കിപ്പോൾ എത്ര പേരെ താരതമ്യം ചെയ്യാൻ പറ്റും? ഞാൻ ഒരാളേയും മോശക്കാരനാക്കിയല്ല പറയുന്നത്. രാഷ്ട്രീയമായ ചിന്തകൾ മാറി, സമീപനങ്ങൾ മാറി. ഒരു ‘ഇസം’ എന്നു പറയാൻ ആർക്കുമില്ല.

Q

സമൂഹത്തെ മതത്തിന്റേയും മറ്റു വിഭാഗീയതകളുടേയും പേരിൽ വേർതിരിക്കാനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന രാഷ്ട്രീയ ആശയങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ ഏതുവിധമാണ് പ്രകടിപ്പിക്കുക?

A

അതാണ് ഏറ്റവും വെറുപ്പുള്ള ഒരു കാര്യമായി മാറിയിരിക്കുന്നത്. രാഷ്ട്രീയമില്ലാതായി; മതം ഹൈജാക്ക് ചെയ്തു. എല്ലാം മതമാണ്, അല്ലാതെ രാഷ്ട്രീയമല്ല. സ്ഥാനാർത്ഥിയെ നിർത്തുന്നതും മതം നോക്കിയിട്ടാണ്. വെറും മതം നോക്കിയിട്ടല്ല; മതങ്ങളിലെ അവാന്തര വിഭാഗങ്ങളിൽപ്പെട്ട ആരെ, എവിടെ നിർത്തിയാൽ ജയിക്കും എന്നാണ് നോക്കുന്നത്. വോട്ടെവിടെക്കിട്ടും എന്നതാണ്. അവിടെപ്പിന്നെ എവിടെയാണ് രാഷ്ട്രീയം? ഇടതുപക്ഷ പ്രസ്ഥാനം പോലും അങ്ങനെയാണ് ചെയ്യുന്നത്. ആരുടെ വോട്ടാണോ കൂടുതലുള്ളത് അതനുസരിച്ചുള്ള സ്ഥാനാർത്ഥിയെയാണ് നിർത്തുന്നത്. ഒരുപാടു സന്ദർഭങ്ങളിൽ പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, ഞാൻ ഒരാൾ പ്രതികരിച്ചിട്ട് എന്തുനടക്കാനാണ്? എന്തെങ്കിലും നടക്കുമോ? വളരെ വളരെ മോശം അവസ്ഥയിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞിട്ട് ഏതാണ് മതം, ഏതാണ് രാഷ്ട്രീയം എന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയായി. അത് നല്ല ലക്ഷണമല്ല, അപകടം തന്നെയാണ്. നന്മ കുറയുന്നു എന്ന വിഷമമുണ്ട്. ഫാമിലി സെറ്റപ്പ് തന്നെ മാറി.

അച്ഛനും അമ്മയും അച്ഛന്റെ പെങ്ങളും ഞാനും രണ്ടു പെങ്ങന്മാരുമാണ് ഈ വീട്ടിൽ നേരത്തേ ഉണ്ടായിരുന്നത്. ആദ്യം അമ്മ മരിച്ചു. പിന്നെ എല്ലാം ചിറ്റയായിരുന്നു ഞങ്ങൾക്ക്. അവർ വിവാഹം കഴിച്ചില്ല, മക്കളുമില്ല. പക്ഷേ, ചിറ്റയെപ്പോലെ ഭാഗ്യവതി വേറേ ഇല്ല. ചിറ്റ എപ്പോഴും പറയും. അവർക്കൊരു പ്രശ്‌നം വരാൻ ഞങ്ങളാരും സമ്മതിക്കില്ല. അച്ഛൻ പോയി, പിന്നെ ചിറ്റയും പോയി. ഞാൻ കല്യാണം കഴിച്ച് കുട്ടികളുമായപ്പോഴാണ് മൂത്ത ചേച്ചി തൊട്ടുവാതിൽക്കൽ വീടു വച്ചു മാറിയത്. അവർ എറണാകുളത്താണ്. ഇളയ ചേച്ചി ഇതിന്റെ അപ്പുറത്തെ വീടാണ്. ഞാൻ എറണാകുളത്ത് വീടൊക്കെ വാങ്ങിച്ചു. പക്ഷേ, എനിക്കൊരിക്കലും എറണാകുളത്ത് പോയി താമസിക്കാൻ പറ്റില്ല. വേറൊരു ഭാവത്തിൽ ജീവിക്കേണ്ടിവരും. നേരത്തെ പറഞ്ഞല്ലോ, എനിക്ക് ഞാൻ ഞാനായിട്ട് ഇവിടെ ജീവിക്കണം; ഒളശ്ശ കവലയിലേക്ക് ഇറങ്ങി നിന്നാൽ, നാട്ടുകാരുടെ കുട്ടൻ തന്നെയാണ് എന്നും. വീട്ടിലാണെങ്കിൽ രണ്ട് ആൺമക്കളാണെങ്കിലും രണ്ടു മരുമക്കളും എനിക്കു മക്കൾ തന്നെയാണ്. അവരെക്കുറിച്ച് മറ്റുള്ളവരോട് പറയുമ്പോഴും മോൾ എന്നുതന്നെയാണ് സാധാരണയായി നാവിൽ വരുന്നത്. ഞാൻ മക്കളോടു സംസാരിക്കുന്നതിനെക്കാൾ അവരോടാണ് കാര്യങ്ങൾ പറയാറ്. അവരാണെങ്കിലും എന്റടുത്ത് കംഫർട്ടബ്ൾ ആണ്. അവമ്മാരെക്കുറിച്ച് രണ്ടെണ്ണം പറയണമെങ്കിലും എന്നോട് പറയും. എല്ലാവരും തമ്മിൽ പരസ്പരം സ്‌നേഹം പങ്കുവച്ച് ഇങ്ങനെ കഴിയുന്നതിന്റെ ഒരു സന്തോഷമാണ് ജീവിതം. മൂത്ത ചേച്ചിക്കും രണ്ടു പെൺമക്കളാണ്. ഇതൊക്കെക്കൊണ്ട് പെൺകുട്ടികളുടെ അച്ഛനായില്ല എന്ന തോന്നൽ തന്നെ ഇല്ല.

പൂക്കാലം
പൂക്കാലം
Q

ഇപ്പോഴൊരു സംസ്ഥാന അവാർഡിൽ നിൽക്കുകയാണല്ലോ. അംഗീകാരങ്ങൾ ഊർജ്ജം നൽകുന്ന അനുഭവം തന്നെയാണെങ്കിലും അർഹിക്കുന്നത് കിട്ടുന്നില്ല എന്നുണ്ടോ?

A

അങ്ങനെയല്ല. തുറന്നു പറഞ്ഞാൽ, ഇപ്പോൾ ഈ അവാർഡ് കിട്ടിയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. സന്തോഷമില്ല എന്നല്ല കേട്ടോ. ചിലരൊക്കെ സന്തോഷിക്കുന്നതുപോലെയങ്ങ് കഴിയുന്നില്ല. എന്റെയൊരു കുഴപ്പമുണ്ട് കേട്ടോ, വലിയ സന്തോഷത്തിന്റെ ഒരാളല്ല ഞാൻ. ചിലർ, പ്രത്യേകിച്ചും മാധ്യമപ്രവർത്തകർ ചോദിക്കാറുണ്ട്, ആദ്യമായി സിനിമയിൽ വന്ന ശേഷം ആളുകൾ തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എങ്ങനെയായിരുന്നു എന്ന്. എനിക്ക് അങ്ങനെയൊരു സംഭവം തോന്നിയിട്ടേ ഇല്ല എന്നാണ് ഞാൻ പറയാറ്. എന്നുവച്ചാൽ എന്നെ കൊച്ചിലേ മുതലേ തിരിച്ചറിയുന്നവരാണ് ആളുകൾ. സ്‌കൂളിൽ പോകുമ്പോഴും നാടകത്തിൽ അഭിനയിക്കുമ്പോഴുമൊക്കെ ‘എൻ.എൻ. പിള്ള സാറിന്റെ മോനാണ്’, ‘പിള്ളയുടെ മോനാണ്’ എന്നൊക്കെ ആളുകൾ പറയും. അത് മകളാണ്; ഇങ്ങനെ മകനും മകളുമാണ്. പേരു പോലുമല്ല. ഞാൻ വിജയരാഘവനായത് സിനിമയിൽ വന്നപ്പോഴാണ്. നാടകത്തിൽ അഭിനയിക്കുമ്പോൾ നോട്ടീസിൽ അടിക്കുന്നതല്ലാതെ സ്റ്റേജിൽ വരുമ്പോൾ എൻ.എൻ. പിള്ളയുടെ മകനാണ്. അപ്പോൾ, എന്നെ എപ്പോഴും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അതിന്റെയൊരു എക്‌സൈറ്റ്‌മെന്റ് ഇല്ല. പിന്നെ, അവാർഡുകൾ കിട്ടുമെന്ന് പ്രതീക്ഷിച്ച് പലരും പറയും, ഇതിനു കിട്ടും കേട്ടോ. ചേറാടി കറിയാ ആയിട്ട് അഭിനയിച്ചപ്പോൾ ഫിലിം ക്രിട്ടിക്‌സ് അവാർഡ് കിട്ടി. അതിൽ സന്തോഷം തോന്നി. ആ തവണ സ്റ്റേറ്റ് അവാർഡ് കിട്ടുമെന്നു തോന്നി. കിട്ടിയില്ല. പക്ഷേ, നിരാശയൊന്നും തോന്നിയില്ല. ‘ദേശാടന’ത്തിന് എനിക്ക് അവാർഡ് കിട്ടി എന്നു വിചാരിക്കുന്ന ആളുകളുണ്ട്, ഇപ്പോഴും. അപ്പിച്ചായി ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. പിന്നെ, ഞാൻ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് രഞ്ജിത്തിന്റെ ‘ലീല’യിലെ കഥാപാത്രം. അത് ആദ്യത്തെ റൗണ്ടിൽത്തന്നെ എടുത്തുകളഞ്ഞു. ഇപ്പോൾ കിട്ടിയ ഈ സംസ്ഥാന അവാർഡിനെ പുച്ഛിച്ചുകൊണ്ടല്ല, ആത്മാർത്ഥമായിട്ടു പറയുകയാണ് പ്രത്യേക സന്തോഷമില്ല. ഇതു കിട്ടിയതുകൊണ്ട് ഞാനൊരു മഹാനടനായി എന്നു കരുതുന്നില്ല. ഇന്നലെ വരെ കിട്ടാത്തതുകൊണ്ട് ഞാനൊരു മോശം നടനായിരുന്നു എന്നും വിശ്വസിക്കുന്നില്ല. അല്ലെങ്കിൽപ്പിന്നെ ഈ 45 വർഷം നിൽക്കാൻ പറ്റുമോ? എന്റെ കൂടെ വന്ന എത്ര പേർ ഇപ്പോൾ സിനിമയിൽ കാണും? എന്നെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. പിന്നെ, ചില അവസരങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യമാണ്. അതുപോലെ മറ്റൊരു അവസരമായിരുന്നു രൺജി പണിക്കരുടെ ശിവപ്പ. രൺജി പണിക്കരുടേയും ഷാജി കൈലാസിന്റേയും സിനിമകളിലാണ് വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടിയത്. അവരോടെനിക്ക് ഉള്ളിൽ ഭയങ്കര വിധേയത്വമുണ്ട്. ആ കഥാപാത്രം ചെയ്തപ്പോഴാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ എനിക്കു ചെയ്യാൻ കഴിയുമെന്ന ബോധമുണ്ടായത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വരുന്നത് സന്തോഷമാണ്. ആളുകൾ സ്വീകരിക്കുമ്പോൾ നമുക്ക് ഉത്തരവാദിത്വം കൂടുന്നതുപോലെ തോന്നുമല്ലോ.

രണ്‍ജി പണിക്കര്‍
രണ്‍ജി പണിക്കര്‍
Q

രൺജി പണിക്കരുടെ എഴുത്തിന്റെ മൂർച്ച സൃഷ്ടിച്ച തീപ്പൊരി കഥാപാത്രങ്ങൾ മലയാള സിനിമയെ ചെറുതായൊന്നുമല്ലല്ലോ സ്വാധീനിച്ചത്. അതിന്റെ ഭാഗമാകാൻ താങ്കൾക്ക് മിക്കപ്പോഴും സാധിക്കുകയും ചെയ്തു?

A

അതെ. രൺജി പറയുന്ന കാര്യം എന്താണെന്നോ. അങ്ങനെ എഴുതാനുള്ള പ്രേരണ എൻ.എൻ. പിള്ളയാണ് എന്നാണ്; എന്നോടുതന്നെ പറഞ്ഞിട്ടുമുണ്ട്, അച്ഛന്റെ എഴുത്ത് സ്വാധീനിച്ചതിനെക്കുറിച്ച്. അതൊരു സന്തോഷമാണ്. അച്ഛന്റെ ആ ഷാർപ്‌നെസ്സ് ഉണ്ട്. വാക്കുകൾ പ്രയോഗിക്കുമ്പോൾ മറയ്ക്കാതെ കൃത്യമായി കൊള്ളുന്നവിധം പറയാനുള്ള ചങ്കൂറ്റം. ഒരു കാലഘട്ടത്തിൽ പിന്നാലെ വന്നവരെല്ലാം രൺജിയെ അനുകരിക്കാൻ തുടങ്ങിയല്ലോ.

Q

മലയാള സാഹിത്യകാരന്മാരുമായുള്ള ബന്ധം, ആഴത്തിലുള്ള വായന ഇതൊക്കെയുള്ള നടനാണല്ലോ. മികച്ച സാഹിത്യസൃഷ്ടികൾ സിനിമയാകുന്ന കാലം എന്നേക്കുമായി കഴിഞ്ഞുപോയതുപോലെയാണ്?

A

അന്നൊക്കെ വളരെ നല്ല സാഹിത്യസൃഷ്ടികൾ ഉണ്ടായിരുന്നു. പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’, തകഴിയുടെ ‘ചെമ്മീൻ’ തുടങ്ങിയതൊക്കെ സിനിമയാക്കുന്നതായി അനൗൺസ് ചെയ്യുമ്പോൾ കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും ആ നോവലുകളൊക്കെ നല്ല പരിചയമായിരുന്നു. ലൈബ്രറിയിൽനിന്ന് പുസ്തകമെടുത്തു വായിച്ചവരാണ് കൂടുതലും. അന്നത്തെ ചെറുപ്പക്കാർ ഉറപ്പായും വായിച്ചിട്ടുണ്ടായിരുന്നു. ‘മുറപ്പെണ്ണ്’ വായിച്ചിട്ടുണ്ട്; എം.ടിയുടെ മറ്റു കഥകൾ വായിച്ചിട്ടുണ്ട്. ‘അരനാഴികനേരം’. അങ്ങനെ പലതും ആളുകൾക്ക് നേരത്തേ വായിച്ച് അറിയാം. പരിചിതമാണ്. പക്ഷേ, ഇപ്പോൾ പലതും ആളുകൾക്ക് അറിയില്ല. കുറേക്കാലം കൂടി ശ്രദ്ധിക്കപ്പെട്ട ഒരു നോവൽ സിനിമയായതാണ് ‘ആടുജീവിതം’. പിന്നെ, സിനിമാ സ്‌ക്രിപ്റ്റ് എന്നത് ഒരു സാഹിത്യ സൃഷ്ടിയല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അതൊരു രൂപരേഖയാണ്. അങ്ങനെയല്ലാത്ത തിരക്കഥകളും ഉണ്ടായിട്ടുണ്ട്. ലോകസിനിമയിലും ഉണ്ടായിട്ടുണ്ട്. ബെർഗ്‌മാന്റെയൊക്കെ തിരക്കഥകൾ ഒരേ സമയം നല്ല സാഹിത്യസൃഷ്ടി കൂടിയായിരുന്നു. പക്ഷേ, സിനിമയ്ക്ക് അതാവശ്യമില്ല. ഡയറക്ടർ പിക്ചറൈസ് ചെയ്യുന്നത് അയാളുടെ വിഷ്വലൈസേഷനാണല്ലോ. ‘ആടുജീവിതം’ വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഇമോഷൻ വ്യത്യസ്തമാണ്. താഴെ വയ്ക്കാൻ തോന്നില്ല. നല്ല ഒരു നോവലിനു നല്ല സിനിമയാകാം. പക്ഷേ, പത്ത് വാചകത്തിൽ പറയുന്ന ഒരു രൂപരേഖ മതി സിനിമയ്ക്ക്. എന്ത് എന്നല്ല എങ്ങനെ എന്നതാണ് സിനിമയ്ക്കു പ്രധാനം. പിന്നെ, ഇത് സിനിമയായിരുന്നെങ്കിൽ എന്ന് അന്നത്തെപ്പോലെ ചൂണ്ടിക്കാണിക്കാൻ വിധം ചെറുപ്പക്കാര്‍ വായിക്കുന്നില്ലല്ലോ, വായനാനുഭവങ്ങളും മാറി. ഞാനൊക്കെ വായനയിൽ മുഴുകി ജീവിച്ച കാലത്ത് കാക്കനാടനും എം. മുകുന്ദനും പത്മരാജനുമൊക്കെ എഴുതുന്ന കാലമാണ്. അതിനു മുമ്പത്തെ എഴുത്തുകാരുടെ കൃതികളും നമ്മുടെ മുന്നിലുണ്ടായിരുന്നു. പിന്നെ, മലയാളി സിനിമയിലെ ന്യൂജൻ എന്നത് യഥാർത്ഥത്തിൽ 1970-കൾ ആയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഭരതൻ, കെ.ജി. ജോർജ്, അങ്ങനെ നിരവധി പ്രതിഭകൾ. കെ.ജി. ജോർജ് എന്നൊക്കെപ്പറഞ്ഞാൽ മലയാള സിനിമയുടെ ലാംഗ്വേജ് മാറ്റിയ ആളാണ്. നാടക സ്വഭാവത്തിൽനിന്ന് സിനിമയെ മാറ്റി; ഭരതനും പി.എൻ. മേനോനുമൊക്കെ അതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോഴത്തെ മാറ്റം പ്രധാനമായും സാങ്കേതികവിദ്യയുടേതാണ്. ക്യാമറകൊണ്ട് എന്തും ചെയ്യാം. അത്ഭുതങ്ങൾ സൃഷ്ടിക്കാം.

Q

സിനിമയ്ക്ക് പൊളിറ്റിക്കലി കറക്‌റ്റാകാൻ കഴിയുമോ, അതിന്റെ ആവശ്യമുണ്ടോ?

A

ഒരിക്കലും ആകില്ല; ഒരിക്കലും അല്ലല്ലോ. മദ്യപാനം വളരെ മോശപ്പെട്ട കാര്യമാണെന്ന് നമുക്ക് പ്രേക്ഷകരെ മനസ്സിലാക്കണമെങ്കിൽ മദ്യപാനം കാണിക്കണ്ടേ. അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നു പറഞ്ഞാൽ എന്തുചെയ്യും. ആ അവസ്ഥ കാണിച്ചല്ലേ തെറ്റാണെന്ന് പറയാൻ പറ്റൂ. അച്ഛന്റെ ‘കാപാലിക’ നാടകത്തിലെ ഡയലോഗുണ്ട്: അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും സമൂഹമാണ്. നാടകത്തിൽ പറയണം. സിനിമയിൽ കാണിച്ചേ പറ്റുകയുള്ളു. സെൻസർ ബോർഡിന്റേതായി ചില മണ്ടൻ നിർദ്ദേശങ്ങളൊക്കെയുണ്ട്. രക്തം ചിന്താൻ പാടില്ല. അങ്ങനെ കാണിച്ചാൽ എ സർട്ടിഫിക്കെറ്റ് കൊടുക്കും. വെടിവെയ്ക്കുന്നതും കൊള്ളുന്നതും കാണിക്കാം. പക്ഷേ, രക്തം വരുന്നത് കാണിക്കരുത്. വെടികൊണ്ടാൽ പാൽ വരുമോ? കലയാണ്; കല കലയ്ക്കുവേണ്ടിയുമാണ്, സമൂഹത്തിനുവേണ്ടിയുമാണ്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ കലയിൽ വരും. കലയ്ക്ക് ഒരിക്കലും മാർജിൻ വയ്ക്കാൻ പാടില്ല. അങ്ങനെ സദാചാരബോധത്തെക്കുറിച്ച് പറയുന്നത് ഒരു സദാചാരബോധവും ഇല്ലാത്തവരാണ്.

Q

സംവിധാനം ചെയ്യുമോ?

A

ഒരു ജോലിയുള്ളതുകൊണ്ട് ജീവിച്ചുപോകുന്നതല്ലേ നല്ലത്? (പൊട്ടിച്ചിരിക്കുന്നു). ചെയ്യാൻ വയ്യായ്കയല്ല. പക്ഷേ, വലിയ പണം മുടക്കുള്ള കാര്യമാണല്ലോ. അങ്ങനെ പണം മുടക്കുന്നവർക്ക് ഈ പടം നന്നായി ഓടും എന്ന് ഉറപ്പുകൊടുക്കാൻ എനിക്കു കഴിയില്ല. ഇത്രയും വർഷമായിട്ടും ഒരു കഥ കേട്ടുകഴിഞ്ഞാൽ ആ പടം ഓടുമോ എന്ന് പറയാൻ എനിക്കു കഴിയില്ല. പ്രേക്ഷകർ എങ്ങനെയാണ് എടുക്കുക എന്ന് നമുക്കെങ്ങനെ പറയാനാകും. ആദ്യത്തെ ദിവസം ഇടിച്ചുകയറുന്നവരുടെ പ്രതികരണമായിരിക്കില്ല ആദ്യ ആഴ്ചയിൽ കയറുന്ന കുടുംബങ്ങളുടേത്. ഇവരെയെല്ലാം തൃപ്തിപ്പെടുത്തുന്നതാകണം സിനിമ. പണം മുടക്കുന്ന ആൾക്ക് പണം തിരിച്ചുകൊടുക്കാൻ ബാധ്യസ്ഥനല്ലേ ഞാൻ? അത് എത്രമാത്രം ഉറപ്പുപറയാൻ കഴിയും?

രണ്ടാമത്തെ കാര്യം, ഒരു സിനിമയുടെ കഥയും തിരക്കഥയുമൊക്കെ ശരിയായി വരാൻ സമയമെടുക്കും. ഷൂട്ട് ചെയ്യാൻ നാല്‍പ്പത് ദിവസമൊക്കെ മതിയാകും. പക്ഷേ, തയ്യാറെടുപ്പിന് അഞ്ചാറുമാസമെങ്കിലും വേണം. അത്രയും സമയം ഞാൻ മാറിനിന്നാൽ ഇപ്പോൾ ഒരു ജോലിയുള്ളത് പ്രശ്‌നത്തിലാകും. അഭിനയിക്കാൻ വിളിക്കുന്നവരോട് ഞാനില്ല, ഞാനില്ല എന്ന് പറയേണ്ടിവരും.

പിന്നെ, ഞാൻ സംവിധാനം ചെയ്തില്ലെങ്കിലും സിനിമാലോകത്തിന് നഷ്ടമൊന്നും വരാൻ പോകുന്നില്ലെന്നു ചിരിച്ചൊഴിഞ്ഞ്, വേറെ ഒരുപാടു പേരുണ്ട് എന്ന് ചൂണ്ടിക്കാട്ടി, അതിലെ സന്തോഷം പ്രകടിപ്പിച്ച് വിജയരാഘവൻ അവസാനിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.