എല്ലാ വിജയങ്ങൾക്കിടയിലൂടെയും മനുഷ്യസമൂഹം മൂന്ന് ദുരന്തങ്ങളിലേയ്ക്ക് നടക്കുന്നു.
1. ആണവയുദ്ധം 2. ഡിജിറ്റൽ ഡിക്‌റ്റേറ്റർഷിപ്പ് 3. പരിസ്ഥിതിനാശം.
മൂന്നും ഒഴിവാക്കാം, മനുഷ്യൻ തന്നെ വിചാരിച്ചാൽ. ശീതസമരത്തിന്റെ അന്തരീക്ഷം മാറിയതോടെ ലോകം സമാധാനത്തിലേയ്ക്കെന്ന് പൊതുവെ കരുതി. 1963-ലെ ‘ക്യൂബൻ മിസൈൽ ക്രൈസിസ്’ ആണ് മൂന്നാം ലോകയുദ്ധത്തിന്റെ കടുത്ത ആശങ്ക പരത്തിയത്. സോവിയറ്റ് യൂണിയനും അമേരിക്കയും മുഖാമുഖം നിന്നെങ്കിലും അത് ചർച്ചയിലൂടെ പരിഹരിച്ചു. കാലക്രമത്തിൽ ‘സമാധാനം’ എന്ന വാക്കിന്റെ നിർവ്വചനവും മാറി. ഒരിക്കൽ സമാധാനം ‘യുദ്ധമില്ലാത്ത അവസ്ഥ’ എന്നായിരുന്നെങ്കിൽ പിന്നീട് അത് ‘യുദ്ധം അസാധ്യമാക്കിയ അവസ്ഥ’ എന്നായി. സംഘർഷങ്ങൾ കൊലയിലേയ്ക്ക് നയിച്ചില്ല, നയതന്ത്ര ചർച്ചകളിലേയ്ക്ക് നീങ്ങി. ടുണീസിയക്ക് ഇറ്റാലിയൻ ആക്രമണം എന്ന ഭീതി ഇല്ലാതായി. നിക്കരാഗ്വൻ സൈന്യം ഏതു സമയവും കടന്നുവരാം എന്ന് കോസ്റ്ററിക്കയ്ക്ക് ഭയക്കേണ്ടതില്ലാതായി. ഫിജിയൻ പടക്കപ്പലുകളെ കണികണ്ട് സമോവയ്ക്ക് ഉണരേണ്ട എന്നായി. അതിർത്തിയിൽ ഇന്ത്യ-ചൈന കരയുദ്ധം ഉണ്ടായില്ല. ലോകം സമാധാനത്തിലേയ്ക്ക് അതിന്റെ ഇളംചുവടുകൾവെച്ചു. ഒലീവിലക്കൊമ്പ് കൊത്തിപ്പറക്കുന്ന സമാധാനത്തിന്റെ അരിപ്പിറാവ് മാനവരാശിയെ ശാന്തമായ ഉറക്കത്തിലേയ്ക്ക് നയിച്ചു. ലോകരാജ്യങ്ങൾ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി. ഒരിക്കൽ അങ്ങനെയായിരുന്നില്ല. ചക്രവർത്തിമാരും സുൽത്താന്മാരും സാമ്രാജ്യങ്ങളും ഭീമമായ തുക പ്രതിരോധത്തിനു മാറ്റിവെച്ചു. റോമാസാമ്രാജ്യത്തിന്റെ ബജറ്റിൽ 75 ശതമാനത്തോളം പട്ടാളത്തിനായിരുന്നു. ചൈനയിലെ സോങ് സാമ്രാജ്യത്തിന്റെ 80 ശതമാനം യുദ്ധാവശ്യങ്ങൾക്കായിരുന്നു. 17-ാം നൂറ്റാണ്ടിലെ ഓട്ടോമൻ സാമ്രാജ്യം 60 ശതമാനമാണ് മാറ്റിവെച്ചത്. 1600 മുതൽ 1850 വരെ ബ്രിട്ടന്റെ പ്രതിരോധച്ചെലവ് വർഷംതോറും ശരാശരി 75 ശതമാനമായിരുന്നു. പക്ഷേ, 21-ാം നൂറ്റാണ്ടിൽ ലോകത്തിലെ പട്ടാളച്ചെലവ് വർഷംതോറും ശരാശരി 6.5 ശതമാനം മാത്രമായി.
ഒരിക്കൽ കൃഷിഭൂമിക്കുവേണ്ടി യുദ്ധമുണ്ടായി. റോമാക്കാർ കാർത്തേജിനോട് മൂന്നു തവണയായി 43 വർഷം യുദ്ധം ചെയ്തു. അവരുടെ ഗോതമ്പ് പാടങ്ങൾ പിടിച്ചെടുത്തു. അവിടത്തെ മനുഷ്യരെ അടിമകളാക്കി. പിന്നെ യുദ്ധം വ്യാപാരത്തിനായി. “വ്യാപാരമില്ലാതെ യുദ്ധമില്ല, യുദ്ധമില്ലാതെ വ്യാപാരമില്ല” എന്ന ചൊല്ലുണ്ടായി. 1839-ൽ ബ്രിട്ടീഷുകാർ ചൈന ആക്രമിച്ചത് ‘കറുപ്പു കച്ചവട’ത്തിനാണ്. അതിനുമുന്‍പ് 1757-ൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കുവേണ്ടി റോബർട്ട് ക്ലൈവ് ബംഗാൾ ആക്രമിച്ചതും വ്യാപാരത്തിനാണ്. ബംഗാൾ നവാബായിരുന്ന സിറാജ് ദൗളയുടെ ഖജനാവ് കൊള്ളയടിച്ച് നൂറ് ബോട്ട് നിറയെ സ്വർണ്ണവും മറ്റു വസ്തുക്കളും ക്ലൈവ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കൊൽക്കത്തയിലെ ആസ്ഥാനത്ത് എത്തിച്ചു. അതിനും ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുന്‍പ് സ്പാനിഷ് നാവികൻ ഫ്രാൻസെസ്‌കോ പിസറോ ഇങ്ക സാമ്രാജ്യം ആക്രമിച്ചു. ഇന്നത്തെ പെറുവും ഭാഗികമായി ബൊളീവിയയും അർജന്റീനയും ഇക്വഡോറും ചേർന്ന വിശാലമായ ഭുഭാഗമായിരുന്നു ഇങ്കകളുടേത്. ഇങ്കകളുടെ രാജാവായിരുന്ന അതാവുൽപയെ കൊന്ന് 22 അടി നീളവും 18 അടി വീതിയും ഒന്‍പത് അടി ഉയരവുമുള്ള ഒരു മുറിനിറയെ പിസറോ സ്വർണ്ണം ശേഖരിച്ചു.
കൃഷിഭൂമിയും ലോഹവും മാറി. പിന്നെ ഇന്ധനങ്ങൾക്കായി യുദ്ധം. എണ്ണപ്പാടങ്ങൾക്കു മീതെ ആയുധച്ചിറക് വീശി കഴുകന്മാർ വട്ടമിട്ടു. ഇപ്പോൾ കൃഷിയേക്കാൾ, ലോഹങ്ങളേക്കാൾ, ഇന്ധനത്തേക്കാൾ മൂല്യം തലച്ചോറിനാണ്, ആശയങ്ങൾക്കാണ്.
ബുദ്ധിയാണ് സ്വത്ത്; ബൗദ്ധികസമ്പത്ത്. ശാസ്ത്ര-സാങ്കേതിക വളർച്ചയുടെ അദ്ഭുതകരമായ പതിറ്റാണ്ടുകളാണ് ഇപ്പോൾ. അതിന്റെ ഏകോപനവും സംയോജനവുമാണ് സ്വത്ത്. പെറുവിലെ ഖനികളേക്കാൾ മൂല്യമുണ്ട് സിലിക്കൺ വാലിക്ക്, ഗൂഗിളിന്, മൈക്രോസോഫ്റ്റിന്. ഹിരോഷിമയെ തകർത്തതുപോലെ സിലിക്കൺ വാലിയെ ഇല്ലാതാക്കാനാവില്ലെന്ന് ചരിത്രകാരനായ യുവാൻ നോവ ഹരാരി. സിലിക്കൺ വാലിയിൽ ബോംബു വീണാൽ അവിടത്തെ ശാസ്ത്രജ്ഞർ മറ്റൊരു രാജ്യത്തെ മറ്റൊരു കെട്ടിടത്തിലെ മറ്റൊരു മുറിയിലിരുന്നാൽ അവിടം സിലിക്കൺ വാലിയാകും. അതുകൊണ്ട് യുദ്ധം ഇപ്പോൾ നഷ്ടക്കച്ചവടമാണ്; തോൽക്കുന്നവർക്കു മാത്രമല്ല, ജയിക്കുന്നവർക്കും. അല്ലെങ്കിലും എങ്ങനെയാണ് യുദ്ധത്തിന്റെ വിജയികളെ തീരുമാനിക്കുക? ശവങ്ങളെണ്ണി? കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പെറുക്കി? അനാഥമാകുന്ന കുഞ്ഞുങ്ങളുടെ കുഴിഞ്ഞ കണ്ണുകൾ നോക്കി? യുദ്ധത്തിലെ രാഷ്ട്രീയം നോക്കി? മഹാഭാരത യുദ്ധം കഴിഞ്ഞപ്പോൾ അവശേഷിച്ചത് ധർമ്മപുത്രരും ഒരു പട്ടിയും മാത്രമാണ്. ആണവയുദ്ധം അകലെയല്ല എന്ന് റഷ്യയും ഇസ്രയേലും മനുഷ്യരാശിയെ ഓർമ്മിപ്പിക്കുന്നു. റഷ്യ ഉക്രെയ്‌നിനോടും ഇസ്രയേൽ ഹമാസിനോടും മാസങ്ങളായി യുദ്ധത്തിലാണ്. ഹിസ്‌ബൊള്ളയും ഇറാന്റെ സഖ്യശക്തികളും ഇസ്രയേലിലേയ്ക്ക് മിസൈലുകൾ വർഷിച്ചാൽ നെതന്യാഹു ആണവപ്പുരയുടെ വാതിൽ തുറന്നേക്കാം. പുടിന്റെ തൊട്ടടുത്തുണ്ട് റഷ്യയുടെ 5580 ആണവായുധങ്ങൾ. കലാപങ്ങളും വിപ്ലവങ്ങളും പോരാട്ടങ്ങളും ഭരണപരിഷ്‌കാരങ്ങളും മാത്രമല്ല, ചരിത്രത്തിന്റെ ഗതി തിരിച്ചതിൽ ഭരണകർത്താക്കളുടെ വിവരക്കേടും അഹങ്കാരവും കൂടിയുണ്ട്. യുദ്ധവും സമാധാനവും ദൈവനിശ്ചയമല്ല, വിധികല്പിതമല്ല, മനുഷ്യന്റെ തീരുമാനമാണ്. ഭരണാധിപന്റെ രാഷ്ട്രീയമാണ്. പക്ഷേ, രണ്ടാം ലോകയുദ്ധത്തിനുശേഷം രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായിട്ടില്ലെന്നു ചരിത്രം ഓർമ്മിപ്പിക്കുന്നു. ഭരണകർത്താക്കൾ കൂടുതൽ ജനാധിപത്യബോധമുള്ളവരാകാൻ ഈ കാലം ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ ശത്രുക്കൾ എന്നും ജനിക്കുന്നത് സ്വതന്ത്ര രാജ്യത്താണ്. അണിയറയിൽ മറ്റൊരു മഹാവിപത്ത് കാത്തിരിപ്പുണ്ട്, ഏകാധിപത്യം. ഡിജിറ്റൽ ഡിക്‌റ്റേറ്റർഷിപ്പ്. ഏകാധിപതികളുടെ ജയം സ്വന്തം ജനതയുടെ മീതെ അവർ നടത്തുന്ന നിരീക്ഷണത്തിലാണ്. മുന്‍പ് ഇതു നടത്തിയത് രഹസ്യപ്പൊലീസും ചാരസംഘടനയുമാണ്. ടെക്‌നോളജി ഈ ഭാരം ലഘൂകരിച്ചു. സ്മാർട്ട് ക്യാമറകളും ബയോമെട്രിക് സെൻസറുകളും പൗരന്മാരുടെ മീതെയുള്ള ഭരണകൂടത്തിന്റെ നിരീക്ഷണം എളുപ്പമാക്കും. കൊവിഡാണ് ഈ സാധ്യത തുറന്നത്. ചൈന ഇതു പ്രയോഗിച്ചു. ഫ്രാൻസിൽ എല്ലാവരും ഐ.ഡി കാർഡുകൾ ധരിക്കണം എന്നു നിർബ്ബന്ധിച്ചു. കറൻസി കൈമാറ്റത്തിനു പകരം കാർഡുകൾ വ്യാപകമായി ഉപയോഗിച്ചു. നിയന്ത്രണം ലംഘിച്ചാൽ സി.സി.ടി.വിയിൽപ്പെടും. ദക്ഷിണകൊറിയയിൽ ഒരാൾക്ക് പനിച്ചാൽ സെൻസറുകൾ അധികൃതർക്കു മുന്നറിയിപ്പ് നൽകും. പോളണ്ടിൽ ഐസൊലേഷനിലായവർ ഫോണിൽ പ്രത്യേകം ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പുറത്തിറങ്ങുന്നുണ്ടോ എന്നറിയാൻ.
പല രാജ്യങ്ങളും സ്മാർട്ട് ഫോണുകൾ നിരീക്ഷിച്ചു. തിരിച്ചറിയൽ ക്യാമറകൾ ഉപയോഗിച്ചു. ശരീരോഷ്മാവും രക്തസമ്മർദ്ദവും റിപ്പോർട്ടു ചെയ്യപ്പെട്ടു. കൊവിഡ് രോഗിയുമായുള്ള സമ്പർക്കം ഫലപ്രദമായി തടയാനും രോഗവ്യാപനം നിയന്ത്രിക്കാനും കഴിഞ്ഞു.
ഏകാധിപതികളുടെ ജയം സ്വന്തം ജനതയുടെ മീതെ അവർ നടത്തുന്ന നിരീക്ഷണത്തിലാണ്. മുന്‍പ് ഇതു നടത്തിയത് രഹസ്യപ്പൊലീസും ചാരസംഘടനയുമാണ്. ടെക്‌നോളജി ഈ ഭാരം ലഘൂകരിച്ചു. സ്മാർട്ട് ക്യാമറകളും ബയോമെട്രിക് സെൻസറുകളും പൗരന്മാരുടെ മീതെയുള്ള ഭരണകൂടത്തിന്റെ നിരീക്ഷണം എളുപ്പമാക്കും. കൊവിഡാണ് ഈ സാധ്യത തുറന്നത്.
ഭീകരന്മാരെ നിരീക്ഷിക്കുന്നതുപോലെ കൊവിഡ് രോഗികളേയും നിരീക്ഷിക്കണമെന്ന് ഇസ്രയേലിൽ നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രയേലി പാർലമെന്റ് ഇതു തള്ളി. പക്ഷേ, പ്രത്യേക പ്രഖ്യാപനത്തിലൂടെ നെതന്യാഹു ഇതു നിയമമാക്കി.
കൊവിഡ് അവസാനിച്ചാലും ഈ നിരീക്ഷണം അവസാനിക്കാതിരിക്കാം. നിർമ്മിതബുദ്ധിയും റോബോട്ടുകളും ഇതിന്റെ സാധ്യത പതിന്മടങ്ങാക്കും. സോവിയറ്റ് യൂണിയനിലെ 24 കോടി ജനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാൻ അന്ന് കെ.ജി.ബിക്കു കഴിഞ്ഞില്ല. പ്രത്യേക വ്യക്തികളെ നിരീക്ഷിക്കാം. അവർ എവിടെ പോകുന്നു? ആരോട് സംസാരിക്കുന്നു? എന്തു വായിക്കുന്നു? എന്തു കാണുന്നു എന്നെല്ലാം കണ്ടെത്താം. പക്ഷേ, മൊത്തം ജനതയുടെ മീതെ വല വിരിക്കാനാവില്ല. ഇപ്പോൾ ഒരോ വ്യക്തിയേയും ബാഹ്യമായി മാത്രമല്ല, ആന്തരികമായും മനസ്സിലാക്കാം. ശരീരത്തിനകത്ത് എന്തു സംഭവിക്കുന്നു എന്ന് ഉടൻ അറിയുന്നു. ഇന്റർനെറ്റിൽ ഏതാണ് കൂടുതൽ സെർച്ച് ചെയ്യുന്നത്? ഏതു ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് രക്തസമ്മർദ്ദം ഉയരുന്നത്? ആരുടെ പ്രസംഗം കേൾക്കുമ്പോഴാണ് ശരീരോഷ്മാവ് കൂടുന്നത്? എത്ര സമയമാണ് ചെലവാക്കുന്നത്? ഇതൊക്കെ ടെക്‌നോളജി എളുപ്പം കണ്ടെത്തും. 80 കൊല്ലം മുന്‍പ് അലക്സാണ്ടർ സോൾഷെനിത്‌സെനെ റഷ്യൻ ചാരപ്പൊലീസ് അറസ്റ്റു ചെയ്തത് ഒരു കത്തിന്റെ പേരിലാണ്. യുദ്ധമുന്നണിയിൽനിന്ന് സോൾഷെനിത്‌സെൻ തന്റെ ബാല്യകാല സുഹൃത്തായ വിറ്റ്‌കേവിച്ചിന് എഴുതിയ കത്ത് ചാരപ്പൊലീസ് തുറന്നു. അതിൽ സ്റ്റാലിനെ വിമർശിച്ചിരുന്നു. ഇപ്പോൾ ഒരു ഭരണാധികാരിയും സ്വന്തം ജനങ്ങളുടെ കത്ത് പൊട്ടിച്ചു വായിക്കണ്ട. ആരും കത്തെഴുതുന്നുമില്ല. 50 കോടി മനുഷ്യരുടെ സ്മാർട്ട് ഫോൺ നിരീക്ഷിക്കാൻ പത്തു മിനിറ്റ് പോലും വേണ്ടിവരില്ല.
എന്റെ രക്തസമ്മർദ്ദവും എന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവും എന്റെ ഡോക്ടർക്കു മാത്രമേ അറിയൂ. ഡോക്ടറിൽ എനിക്കു വിശ്വാസമാണ്. ഈ വിവരം അദ്ദേഹം മറ്റൊരാൾക്കു കൈമാറില്ല. എന്റെ സ്വകാര്യതയെ അദ്ദേഹം മാനിക്കും. പക്ഷേ, എന്റെ സ്വകാര്യതകൾ ഇപ്പോൾ എന്റേതല്ലാതായി മാറുന്നു. വ്യക്തികൾ ഡാറ്റ മാത്രമായി. ഡാറ്റ കോർപറേറ്റുകൾക്കു കൈമാറാം, ഭരിക്കുന്നവർക്കു കൈമാറാം. കോർപറേറ്റുകൾക്കു ലാഭം, ഭരണനേതൃത്വത്തിനു ശത്രുസംഹാരം.
ഞാൻ ആര് എന്ന ചോദ്യം ദാർശനികമായിരുന്നു ഒരിക്കൽ. എല്ലാ തത്ത്വചിന്തകരും ഇത് അന്വേഷിച്ചു. അവർ കണ്ടെത്തിയ ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ‘ഞാൻ ബ്രഹ്മ’മാണ് ബൃഹദാരണ്യക ഉപനിഷത്തിന്. “അറിയുന്നു, കേൾക്കുന്നു, കാണുന്നു, മനസ്സിലാക്കുന്നു- അതാണ് ഞാൻ” കൺഫ്യൂഷസിന്. “ഒന്നും അറിയില്ലെന്ന് അറിയുന്ന ഒരാൾ മാത്രമാണ് ഞാൻ” സോക്രട്ടീസിന്. “നീ നിന്റെ വിളക്കാണ്” ബുദ്ധന്.
“ഞാൻ ആര്” എന്നതിന് ഇനി ആശയക്കുഴപ്പങ്ങളില്ല. കൃത്യമായി പറഞ്ഞുതരും ടെക്‌നോളജി, എന്നെക്കാൾ നന്നായി. സാമൂഹ്യമാധ്യമങ്ങളിലെ എന്റെ പോസ്റ്റുകൾ, ലൈക്കുകൾ, ഷെയറുകൾ നിരീക്ഷിച്ച് ഞാനാര് എന്നു സെർവറിനു പറയാനാകും. ഞാൻ പൊങ്ങച്ചക്കാരനാണോ? പബ്ലിസിറ്റി പ്രേമിയാണോ? ‘അറ്റൻഷൻ സീക്കിങ്ങാ’ണോ? സെൽഫ് മാർക്കറ്റിങ്ങ് ‘എക്സിക്യൂട്ടീവാണോ?’ രാഷ്ട്രീയ നിലപാടുകളെന്ത്? മതപരമായ പിടിവാശികളെന്ത്? ഞാൻ ആര് എന്ന് എന്നെക്കാൾ നന്നായി എന്റെ സെർവർ പറയും.
ഈ വിവരങ്ങൾ ഒരു ഏകാധിപതിയുടെ കയ്യിലെത്തിയാൽ? ഈ വിവരങ്ങൾ വടക്കൻ കൊറിയയിലെ ഭരണാധികാരി എന്തിന് ഉപയോഗിക്കും? ഹിറ്റ്‌ലറും സ്റ്റാലിനും മരിച്ചു എന്നു കരുതരുത്. കയ്യകലത്തുണ്ട്.
ഞാൻ ആര് എന്ന ചോദ്യം ദാർശനികമായിരുന്നു ഒരിക്കൽ. എല്ലാ തത്ത്വചിന്തകരും ഇത് അന്വേഷിച്ചു. അവർ കണ്ടെത്തിയ ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ‘ഞാൻ ബ്രഹ്മ’മാണ് ബൃഹദാരണ്യക ഉപനിഷത്തിന്. “അറിയുന്നു, കേൾക്കുന്നു, കാണുന്നു, മനസ്സിലാക്കുന്നു- അതാണ് ഞാൻ” കൺഫ്യൂഷസിന്. “ഒന്നും അറിയില്ലെന്ന് അറിയുന്ന ഒരാൾ മാത്രമാണ് ഞാൻ” സോക്രട്ടീസിന്. “നീ നിന്റെ വിളക്കാണ്” ബുദ്ധന്.
നിര്‍മിതബുദ്ധിയുടെ
ഭരണം
റുമാനിയയാണ് അവസാനം തകർന്ന സോഷ്യലിസ്റ്റ് രാജ്യം. മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങൾ തകർന്നപ്പോൾ കരുത്തു കാണിക്കാൻ റുമാനിയ തീരുമാനിച്ചു. റുമാനിയൻ പ്രസിഡന്റ് ചൗസസ്‌ക്യു ബുക്കാറസ്റ്റിൽ വൻറാലി സംഘടിപ്പിച്ചു. പത്തു ലക്ഷംപേർ പങ്കെടുത്തു. ദേശീയ ടി.വിയിൽ തത്സമയ സംപ്രേഷണം. റാലിയെ അഭിസംബോധന ചെയ്യാൻ ചൗസസ്‌ക്യു ഭാര്യയ്ക്കൊപ്പം മട്ടുപ്പാവിലെത്തി. ചൗസസ്‌ക്യു പ്രസംഗം തുടങ്ങി. സമ്പൂർണ്ണ നിശ്ശബ്ദത. പെട്ടെന്ന് ആൾക്കൂട്ടത്തിൽനിന്ന് ഒരു കൂവൽ. അത് പാർട്ടിയോഗത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. കൂവൽ കത്തിപ്പടർന്നു. അത് ആരവമായി, രോഷമായി, അക്രമമായി. ചൗസസ്‌ക്യൂവിനെ വധിച്ചു. ഇത് 1989-ൽ. എന്നാൽ, 2059-ൽ ഇതു സംഭവിക്കില്ല. റാലിക്കെത്തുന്ന പത്ത് ലക്ഷം പേരുടേയും വിവരങ്ങൾ നിമിഷങ്ങൾക്കകം നിർമ്മിതബുദ്ധി ഭരണാധികാരിയുടെ കയ്യിലെത്തിക്കും. കൂവാനൊരുങ്ങുന്നവൻ റാലിക്കെത്തുന്നതിനു മുന്‍പെ കോൺസെൻട്രേഷൻ ക്യാമ്പിലെത്തും. പുരോഗതി സാങ്കേതികമാണെങ്കിലും തീരുമാനങ്ങൾ രാഷ്ട്രീയമാണ്. കൊവിഡിനെതിരെയുള്ള മരുന്നു കണ്ടെത്താനേ ശാസ്ത്രജ്ഞർക്കു കഴിയൂ. അത് എത്ര ഉല്പാദിപ്പിക്കണം? എന്തു വില നിശ്ചയിക്കണം? ആർക്കൊക്കെ വിതരണം ചെയ്യണം എന്നെല്ലാമുള്ളത് രാഷ്ട്രീയ തീരുമാനമാണ്. റേഡിയോ കണ്ടുപിടിച്ചപ്പോൾ അതിൽനിന്ന് ഹിറ്റ്‌ലർ ഉണ്ടാകുമെന്ന് മർക്കോണി കരുതിയിരിക്കില്ല. വെടിമരുന്നു കണ്ടുപിടിച്ചപ്പോൾ അതിൽനിന്നു യുദ്ധം വ്യാപകമാകുമെന്ന് നോബൽ കണക്കുകൂട്ടി കാണില്ല. ആറ്റം വിഭജിച്ചപ്പോൾ ഏണസ്റ്റ് റൂഥർഫോർഡ് ഹിരോഷിമ ഉണ്ടാകും എന്നു കരുതിക്കാണില്ല. ഇന്റർനെറ്റ് വികസിപ്പിച്ചപ്പോൾ ഇതു മനുഷ്യനെ ഇത്രയേറെ മാറ്റിമറിക്കുമെന്ന് യു.എസ് പ്രതിരോധവിഭാഗം സ്വപ്നം കണ്ടിട്ടുണ്ടാവില്ല. ന്യൂ മെക്സിക്കോയിലെ മരുഭൂമിയിലാണ് ആണവബോംബ് പരീക്ഷിച്ചത്. തീജ്വാലകൊണ്ട് ആകാശം വിതാനിച്ചപ്പോൾ പരീക്ഷണം നയിച്ച ഓപ്പെൻഹൈമറിനു സംതൃപ്തിയായി. മൂന്നു മാസം കഴിഞ്ഞ് ഹിരോഷിമയും നാഗസാക്കിയും തവിടുപൊടിയായി. ഓപ്പെൻഹൈമർ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാനെ വിളിച്ചു.
“എന്റെ കയ്യിൽ ചോര കിനിയുന്നു”
ട്രൂമാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡീൻ അച്ചിസനിനെ വിളിച്ചു നിർദ്ദേശം കൊടുത്തു.
“ആ വൃത്തികെട്ടവനെ ഈ പരിസരത്ത് കണ്ടുപോകരുത്.”
ഒന്ന് ശാസ്ത്രവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. എല്ലാ ശാസ്ത്രജ്ഞരും ഓപ്പെൻഹൈമർമാരല്ല. എല്ലാ ഭരണകർത്താക്കളും ട്രൂമാന്മാരുമല്ല. പക്ഷേ, ശാസ്ത്രത്തെ അറിവിന്റെ വഴിയിലൂടെ മാത്രമേ തെളിക്കാനാകൂ. ഭരണാധികാരിക്ക് അഹങ്കാരത്തിലൂടേയും രാജ്യം നയിക്കാനാകും. ശാസ്ത്രത്തേയും ശാസ്ത്രജ്ഞരേയും അവഹേളിക്കുന്നത് ഇക്കാലത്തെ ‘ജനപ്രിയ’ ഭരണാധിപന്മാരുടെ പതിവ് വിനോദമാണ്. കൊവിഡിന് ടോയ്‌ലറ്റ് ക്ലീനർ കഴിക്കാൻ പറഞ്ഞു ട്രമ്പ്. ബ്രസീലിൽ ബൊൽസനാരോ ശാസ്ത്രജ്ഞരെ പുച്ഛിച്ചു. പറ കൊട്ടിയും പപ്പടം പൊടിച്ചും കൊറോണയെ ഓടിച്ചു ഇന്ത്യയിൽ.
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ഒരു വഴിയെ, അതിൽനിന്നു രാഷ്ട്രീയ നീക്കങ്ങൾ മറ്റൊരു വഴിയെ. സാങ്കേതിക പുരോഗതിയെ അവഗണിക്കാൻ കഴിയില്ല. വെള്ളം, വെളിച്ചം, ആഹാരം, വസ്ത്രം എന്നിവപോലെ നിത്യജീവിതത്തിന്റെ അത്യാവശ്യങ്ങളിലൊന്നായി സ്മാർട്ട് ഫോൺ മാറി, മാറും.
ഇതുവരെയുള്ള എല്ലാ കണ്ടുപിടുത്തങ്ങളും മനുഷ്യൻ ഉപയോഗിച്ചിട്ടേയുള്ളൂ. പക്ഷേ, ഡിജിറ്റൽ യുഗം മനുഷ്യനെ ഉപയോഗിക്കുന്നു. യന്ത്രം മനുഷ്യനെ ചൂഷണം ചെയ്യുന്നു. മനുഷ്യൻ യന്ത്രത്തിന്റെ ഉപഭോഗവസ്തുവാകുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതും ഉണരുന്നതും ചിന്തിക്കുന്നതും ചാരക്കണ്ണുകൾക്കകത്താകുന്നു. ഒരു വിരൽത്തുമ്പിന് എല്ലാം നിയന്ത്രിക്കാവുന്ന കാലം വരുമ്പോൾ ഈ വിരൽത്തുമ്പ് ജനാധിപത്യത്തിലും വ്യക്തിയുടെ സ്വകാര്യത മാനിക്കുന്നതിലും ഊന്നിനിൽക്കുന്നതാകണം. ഭരണാധികാരി ഏകാധിപതിയും ടെക്‌നോളജി ഒറ്റുകാരനുമായി മാറിയാൽ കാലത്തിന്റെ മണ്ണടരുകൾക്കകത്ത് എന്നെന്നേയ്ക്കുമായി കുഴിച്ചുമൂടി എന്നു കരുതിയ സ്വേച്ഛാധിപത്യത്തിന്റെ അസ്ഥികൂടങ്ങൾ മജ്ജയും മാംസവുമായി വീണ്ടും എഴുന്നേറ്റുവരും. കൊലമരങ്ങളിൽ ചാകര വീഴും.
ആണവയുദ്ധവും ഡിജിറ്റൽ ഡിക്‌റ്റേറ്റർഷിപ്പും മനുഷ്യനു പൂർണ്ണമായും ഒഴിവാക്കാമെങ്കിൽ മൂന്നാമത്തെ ദുരന്തമായ പരിസ്ഥിതിനാശം നിയന്ത്രിക്കാനേ കഴിയൂ. സമുദ്രാന്തർഭാഗത്ത് വൻ ചലനങ്ങളുണ്ടാകരുതെന്ന് ഒരു പാർലമെന്റിനും പ്രമേയം പാസ്സാക്കാനാവില്ല. അങ്ങനെ സുനാമിയെ ഒഴിവാക്കാനും കഴിയില്ല. ഭൂഗർഭത്തിലെ പാറകൾ ഉരുകി മാഗ്മയാകരുതെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആജ്ഞാപിക്കാൻ കഴിയില്ല. അങ്ങനെ അഗ്നിപർവ്വത സ്‌ഫോടനം നിറുത്തിവെക്കാനും കഴിയില്ല. 1994-ൽ ഷൂമാക്കർ ലെവി-9 എന്ന വാൽനക്ഷത്രം വ്യാഴം ഗ്രഹത്തിലിടിച്ചു. 30000 കോടി ടൺ ടി.എൻ.ടി ആയിരുന്നു അതിന്റെ പ്രഹരശേഷി. ലോകത്തിലെ മുഴുവൻ ആണാവായുധങ്ങളുടേയും 125 ഇരട്ടി പ്രഹരശേഷി. ഇതുപോലെ ഒരു വാൽനക്ഷത്രം ഭൂമിയെ കരുതി വന്നാൽ?
2000 വർഷം മുന്‍പ് റോമാ സാമ്രാജ്യം തകരുമെന്ന് ആരും കരുതിക്കാണില്ല. കല്ലിന്മേൽ കല്ല് ശേഷിക്കാത്തവിധം റോമാ സാമ്രാജ്യം തരിപ്പണമായപ്പോൾ സെന്റ് ജെറോം വിലപിച്ചു: “റോമാ സാമ്രാജ്യം തകരുമെന്ന് ആര് കരുതി? മനുഷ്യരാശിയുടെ കളിത്തൊട്ടിലും കല്ലറയുമായി റോമാസാമ്രാജ്യം.” റോമാസാമ്രാജ്യം തകർന്നതിന്റെ കാരണങ്ങൾ പലരും വിലയിരുത്തി. എല്ലാ കാരണങ്ങളേയും 1984-ൽ പരിശോധിച്ചു. മൊത്തം 210 കാരണങ്ങൾ. ഇതിൽ അടിസ്ഥാനപരമായി എട്ട് കാരണങ്ങളുണ്ട് എന്ന് 1984-ലെ ഈ പഠനം സൂചിപ്പിക്കുന്നു. അതിൽ ഒന്ന് കാലാവസ്ഥാ വ്യതിയാനമാണ്.
സഹാറയെ വിശാലമായ മരുഭൂമിയാക്കിയത് കാലാവസ്ഥാ മാറ്റമാണ്. ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചയുടെ ഒരു കാരണം കാലാവസ്ഥയാണ്. എറിഡു, ഉറുക്, ഉർ, നിപ്പുർ, കിഷ്, നിനവ എന്നു പറഞ്ഞാൽ ഇന്ന് ലോകത്ത് എത്രപേർക്ക് മനസ്സിലാകും? 3000 വർഷം മുന്‍പ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെസോപ്പൊട്ടേമിയൻ നഗരങ്ങളായിരുന്നു ഇത്. ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശം. ധാന്യം കൃഷി ചെയ്തത് ഇവിടെയാണ്, കണക്കും ജ്യോതിശാസ്ത്രവും തുടങ്ങിയത് ഇവിടെയാണ്. ചക്രം കണ്ടുപിടിച്ചത് ഇവിടെയാണ്. നവീന ശിലായുഗത്തിന്റെ തുടക്കവും ഇവിടെനിന്നാണ്. ലോകം എഴുത്തിന്റെ ഹരിശ്രീ കുറിച്ചത് ഇവിടെയാണ്. മൊസോപ്പൊട്ടേമിയ പിന്നെ നാമാവശേഷമായി. യുദ്ധങ്ങൾക്കൊപ്പം വരൾച്ചയും ഇതിന്റെ കാരണമായി.
മനുഷ്യനെ ഘടകങ്ങളാക്കിയാൽ കിട്ടുന്നതും പ്രകൃതിവിഭവങ്ങളാണ്. മൺസൂൺ മഴയിലൂടെ പതിക്കുന്ന വെള്ളം തന്നെയാണ് മനുഷ്യശരീരത്തിലും. അന്തരീക്ഷത്തിൽനിന്നും വൃക്ഷങ്ങൾ അരിച്ചെടുത്തതാണ് മനുഷ്യശരീരത്തിലെ കാർബൺ. കണ്ണീരിലെ ഉപ്പും ചോരയിലെ ഇരുമ്പും പാറകളിൽനിന്നു കൊത്തിയെടുത്തതാണ്. മുടിയിലെ സൾഫർ അഗ്നിപർവ്വതത്തിലെ ലാവയിൽനിന്നും ഊറ്റിയെടുത്തതാണ്. പക്ഷേ, ഇതൊന്നും ഒരു പാത്രത്തിലിട്ട് കിലുക്കിയാൽ മനുഷ്യനെ കിട്ടില്ല എന്ന് കാൾ സാഗൻ.
ഉപജീവനത്തിനും അതിജീവനത്തിനും മനുഷ്യൻ ഉപയോഗിക്കുന്നതെല്ലാം പ്രകൃതിയിൽ നിന്നാണ്. പ്രകൃതിയിൽനിന്നു കണ്ടെടുത്തതും കുഴിച്ചെടുത്തതും അരിച്ചെടുത്തതുമാണ് മനുഷ്യൻ ഉപയോഗിക്കുന്ന എന്തും. ആദിമ മനുഷ്യന്റെ അമ്പും വില്ലും മുതൽ ആധുനിക മനുഷ്യന്റെ സൂപ്പർ കംപ്യൂട്ടർ വരെ.
മനുഷ്യന്റെ
അതിജീവനം
പ്രകൃതിക്ഷോഭങ്ങൾ ഏറ്റുവാങ്ങാൻ മാത്രമാണ് മനുഷ്യന്റെ വിധി എന്ന് ഇതിന് അർത്ഥമില്ല. ഉരുൾപൊട്ടി കഷണങ്ങളായി വേർപെട്ടുപോകുന്ന ശരീരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള നിസ്സഹായത മാത്രമാണ് മനുഷ്യൻ എന്നും അർത്ഥമില്ല. മനുഷ്യൻ മറികടക്കും. ഭൂമികുലുക്കം കൊണ്ട് ഇന്തോനേഷ്യ ഇല്ലാതായില്ല, അഗ്നിപർവ്വതം കൊണ്ട് ജപ്പാനും.
അതിജീവനത്തിന്റെ കൊടിയടയാളമാണ് ജപ്പാൻ. ആണവബോംബിന്റെ അഗ്നികുണ്ഡം വിഴുങ്ങിയ ഹിരോഷിമയിൽ 24 മണിക്കൂറിനകം വൈദ്യുതി പുനസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്കകം 30 ശതമാനം വീട് പണിതു, നാല് മാസം കൊണ്ട് മുഴുവൻ വീടുകളും.
പിറ്റേ ദിവസം തന്നെ റെയിൽ സർവ്വീസ് തുടങ്ങി. മൂന്നു ദിവസത്തിനകം റോഡ് ഗതാഗതം പൂർണ്ണമാക്കി. ജലവിതരണം നാല് ദിവസം കൊണ്ടും വാർത്താവിനിമയം ഒരു മാസത്തിനകവും ശരിയാക്കി. ബോംബ് പൊട്ടിയസ്ഥലത്തുനിന്ന് 380 മീറ്റർ മാത്രം ദൂരെയുള്ള ബാങ്ക് ഓഫ് ജപ്പാൻ രണ്ടാംദിവസം തുറന്നു. പത്തു വർഷംകൊണ്ട് ഹിരോഷിമ പൂർണ്ണമായും പഴയ നിലയിലായി. ഇപ്പോൾ 12 ലക്ഷം പേർ താമസിക്കുന്ന ആധുനിക നഗരമാണ് ഹിരോഷിമ.
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ബോംബിങ് നേരിട്ടത് വിയറ്റ്‌നാമാണ്. രണ്ടാം ലോകയുദ്ധത്തിൽ പ്രയോഗിച്ച ബോംബിന്റെ മൂന്നിരട്ടി അമേരിക്ക വർഷിച്ചു. വിയറ്റ്‌നാം അതിജീവിച്ചു. ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും അവിടെ ദാരിദ്ര്യരേഖ ഉയർന്നില്ല, സാക്ഷരതാനിരക്ക് താണില്ല, ആളോഹരി ഉപഭോഗം കുറഞ്ഞില്ല. പൊട്ടിയ ബോംബിനെ മനുഷ്യൻ നിർവ്വീര്യമാക്കി.
“ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ” എന്ന വൈലോപ്പിള്ളി കവിത പ്രസക്തമാകുന്നു.
2004-ൽ സുനാമി ആഞ്ഞടിച്ച സ്ഥലങ്ങളിലൊന്ന് ആന്‍ഡമാൻ ദ്വീപാണ്. അവിടത്തെ ഗോത്രവംശജർ ജീവാപായമില്ലാതെ രക്ഷപ്പെട്ടു. കടലിനുണ്ടായ മാറ്റവും മൃഗങ്ങളുടെ കരച്ചിലും അവർക്കു മുന്നറിയിപ്പ് നൽകി. അവർ കൂടുതൽ അകത്തേയ്ക്ക് നീങ്ങി. പ്രകൃതിയെ അറിയുന്നവർ പ്രകൃതിയെ അതിജീവിക്കും. എല്ലാവർക്കും നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് തിരിച്ചുപോകാനാകില്ല. പക്ഷേ, അറിവുകൾ ശേഖരിക്കാം. ശാസ്ത്രീയമായി പരിശോധിക്കാം.
ബ്രസീലിയൻ നരവംശ ശാസ്ത്രജ്ഞൻ റാഫേൽ ദെ മെനെസെസ് ബാസ്‌റ്റോസ് ആമസോൺ മഴക്കാടിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടത്തെ കമയുറ വംശജനായ എക്വ കൂട്ടിനുണ്ട്. ഇരുവരും ഒരു തടാകത്തിലൂടെ സഞ്ചരിച്ചു. ബാസ്‌റ്റോസ് സംസാരിക്കുന്നുണ്ട്. സംസാരം നിർത്താൻ എക്വ ആവശ്യപ്പെട്ടു. എക്വ വഞ്ചി തുഴയുന്നത് നിർത്തി. ജാഗ്രതയോടെ ശ്രദ്ധിക്കുന്നു. ബാസ്‌റ്റോസിനു കാര്യം മനസ്സിലായില്ല.
“മത്സ്യങ്ങൾ പാടുന്നത് കേൾക്കുന്നില്ലേ?” -എക്വ ചോദിച്ചു. ഭ്രാന്താവും എന്നുതന്നെ ബാസ്‌റ്റോസ് കരുതി. വർഷങ്ങൾക്കുശേഷം ബ്രസീലിലെ സാന്റ കാറ്ററീനയിൽ പ്രകൃതിശബ്ദങ്ങളെക്കുറിച്ചുള്ള വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ബാസ്‌റ്റോസ് എത്തി. അവിടെ ബാസ്‌റ്റോസ് മത്സ്യത്തിന്റെ ശബ്ദം കേട്ടു. കാഴ്ചകളുടെ ലോകത്ത് കേൾവിയുടെ പ്രാധാന്യം കുറയും. കാഴ്ചയുടെ വിസ്മയങ്ങൾ കേൾവിയുടെ ഏകാന്തതയെ കൊള്ള ചെയ്തു. പ്രകൃതി കാഴ്ച മാത്രമായി. അതിന്റെ ഗദ്ഗദങ്ങൾ കേൾക്കാതായി. വില്യം മകാസ്‌കിൽ എന്ന തത്ത്വചിന്തകൻ അദ്ദേഹത്തിന്റെ ‘നാം ഭാവിയോട് എന്ത് കടപ്പെട്ടിരിക്കുന്നു’ എന്ന പുസ്തകത്തിൽ ഒരു ചൊല്ല് ഉദ്ധരിക്കുന്നു: “നമ്മുടെ പിതാമഹർ നട്ട വൃക്ഷത്തിന്റെ തണലിലാണ് ഈ സമൂഹം വളർന്നു വലുതാകുന്നത്. പക്ഷേ, അവർ ഈ തണലിൽ ഒരിക്കൽപോലും ഇരുന്നിട്ടില്ല.”
1992-ൽ യൂണിയൻ ഓഫ് കൺസേൺഡ് സയിന്റിസ്റ്റ്‌സ് ലോകത്തിന് ആദ്യത്തെ ശക്തമായ മുന്നറിയിപ്പ് നൽകി. പണം എന്തിന് ഉപയോഗിക്കണം? യുദ്ധത്തിനും അക്രമത്തിനും വേണ്ടിയോ പ്രകൃതിദുരന്തം ഒഴിവാക്കാനോ? 1700 ശാസ്ത്രജ്ഞരാണ് ഇതിൽ ഒപ്പുവെച്ചത്. ഏറെയും നൊബേൽ സമ്മാനജേതാക്കൾ. 2017-ൽ ഈ പ്രസ്താവന ഇവർ ആവർത്തിച്ചു. ഗുരുതരമാണ് സ്ഥിതിവിശേഷം എന്നവർ അറിയിച്ചു. ഇത്തവണ ഒപ്പിട്ടത് 15000 പേർ.
പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരെല്ലാം ഇക്കോഫാസിസ്റ്റുകൾ അല്ല, ഹിറ്റ്‌ലറെപ്പോലെ, അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഹിംലെറെപ്പോലെ. ഇരുവരും സസ്യഭുക്കുകളും തീവ്ര മൃഗസ്നേഹികളും ആയിരുന്നു.
ഗ്രേറ്റ തുൻബർഗ് ഇക്കോഫാസിസ്റ്റ് അല്ല. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ ‘കാലാവസ്ഥയ്ക്കായി പൊരുതുക’ എന്ന പ്ലക്കാർഡുമായി ഈ പതിനഞ്ചുകാരി നിന്നു. ഐക്യരാഷ്ട്ര സംഘടനയുടെ അസംബ്ലിയിൽ പൊള്ളുന്ന ചോദ്യങ്ങളെറിഞ്ഞു ഈ കൗമാരക്കാരി. “പൊള്ളയായ വാക്കുകൾകൊണ്ട് നിങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങളും ബാല്യവും കൊള്ളയടിച്ചു. ജനങ്ങൾ മരിച്ചു വീഴുമ്പോൾ നിങ്ങൾ ശാശ്വതമായ സാമ്പത്തിക വളർച്ചയുടെ യക്ഷിക്കഥ പറയുന്നു. ഇതിനു നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?” വാക്കുകളായിരുന്നില്ല തുൻബർഗിന്റേത്. നെഞ്ചു പിളർന്ന ഇടിവെട്ടുകളായിരുന്നു. ശതകോടീശ്വരന്മാർ യഥാർത്ഥത്തിൽ ഭാവിയിൽ വിശ്വസിക്കുന്നില്ലെന്നു ദാർശനികനായ ഫ്രെഞ്ചുകാരൻ ജീൻ പിയർ ദുപ്പി. അവർ ചൊവ്വയിൽ വാസഗൃഹം ഒരുക്കുന്നു. അത്രയും പണമില്ലാത്തവർ ഭൂമിക്കടിയിൽ സുരക്ഷിത ഭവനങ്ങളൊരുക്കുന്നു. തോറ്റുപോകുന്നത് എന്നും പാവപ്പെട്ടവരാണ്. ദുരന്തത്തിന്റെ ബലിക്കല്ലിൽ ചിതറിക്കിടക്കുന്നവരെ നോക്കൂ. ഭൂരിഭാഗവും നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പമുണ്ടാക്കുന്നവർ.
തകരുന്നത് അവരുടെ ജീവനോപാധികളാണ്. മണ്ണിന്റെ മണം മാറുമ്പോൾ ഉരുകുന്നത് കൃഷിക്കാരന്റെ നെഞ്ചാണ്. വെള്ളത്തിന്റെ നിറം മാറുമ്പോൾ പിടയുന്നത് മത്സ്യത്തൊഴിലാളിയുടെ ഉയിരാണ്. പരിസ്ഥിതി ചർച്ചകൾ ഇതു കാണാതെ പോകരുത്. ഇതു മറന്നുകൊണ്ട് ഒരു പരിസ്ഥിതി ഇല്ല, കാലാവസ്ഥാമാറ്റമില്ല.
കാലാവസ്ഥാമാറ്റവും അഭയാർത്ഥികളെ സൃഷ്ടിക്കുന്നുണ്ടെന്ന് അമിതാവ് ഘോഷ്. നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ ഘോഷ് യുവാവായ ഖൊകോന്റെ ജീവിതം പറയുന്നു. ഖൊകോൻ എന്നത് വ്യാജപ്പേരാണ്. ബംഗ്ലാദേശിലെ കിഷോരിഗഞ്ചിലാണ് ഖൊകോന്റെ ജനനം. കാർഷിക കുടുംബമാണ്. നന്നായി നെല്ലു വിളയുന്ന വയലുകൾ അവർക്കുണ്ട്. കുടുംബത്തിനു സുഖമായി കഴിയാനുള്ള വരുമാനവും കിട്ടി.
കാലാവസ്ഥയും
അഭയാര്‍ത്ഥികളും
ഖൊകോൻ കൗമാരത്തിൽനിന്നും യുവത്വത്തിലേയ്ക്കു കടക്കുമ്പോൾ ബംഗ്ലാദേശിലെ കാലാവസ്ഥയും മാറി. കൃഷിക്കു മീതെ പ്രകൃതിയുടെ താണ്ഡവം. ചിലപ്പോൾ അതിതീവ്ര മഴ. അണക്കെട്ടുകൾ തുറന്നു വെള്ളം വിട്ടു. ഒരിക്കൽ ആറുമാസത്തോളം വയൽ വെള്ളംകൊണ്ട് മൂടി. മഴ മാറുമ്പോൾ വരൾച്ച. പിന്നെ കൊടുങ്കാറ്റ്. കാലം തെറ്റിവരുന്ന മഴ. ഇതോടൊപ്പം രാഷ്ട്രീയ മാറ്റങ്ങളുടെ അസ്വസ്ഥത. ഖൊകോന്റെ കുടുംബത്തിനു ജീവിതം വഴിമുട്ടി.
ഒടുവിൽ ഖൊകോനെ വിദേശത്ത് അയക്കാൻ പിതാവ് തീരുമാനിച്ചു. കുറച്ചു വയൽ വിറ്റു. പണം ഏജന്റിനെ ഏല്പിച്ചു. ഫ്രാൻസിലേക്കായിരുന്നു യാത്ര. അവിടെ ഒന്നും ശരിയായില്ല. ഫ്രാൻസിൽനിന്ന് അധികം വൈകാതെ മടങ്ങി.
നാട്ടിൽ പണി കണ്ടെത്താൻ അലഞ്ഞു. ഏഴു മാസം. ഒന്നും കിട്ടിയില്ല. വീണ്ടും വിദേശത്തേയ്ക്കു പോകാൻ തീരുമാനിച്ചു. വയൽ പിന്നെയും വിറ്റു. മറ്റൊരു ഏജന്റിനെ പണം ഏല്പിച്ചു. ഇത്തവണ ദുബായിലേയ്ക്ക്.
ദുബായിലെത്തിയില്ല. എത്തിയത് ലിബിയയിൽ. ഏജന്റ് ചതിച്ചു. ലിബിയയിൽ അടിമപ്പണി. ഇടി, തല്ല്, പീഡനം. സഹിക്കാനാവാതായി. ഖൊകോൻ എങ്ങനെയോ കുറച്ചു പണം സംഘടിപ്പിച്ചു. കള്ളക്കച്ചവടക്കാരെ കണ്ടു. അവർ ഒരു പൊളിഞ്ഞ ബോട്ടിൽ ലിബിയയിൽനിന്ന് ഇറ്റലിയിലെ സിസിലിയിലേയ്ക്ക് യാത്ര ഒരുക്കി. യാത്ര അഗ്നിപരീക്ഷയായി. ബോട്ടിന്റെ മുകൾത്തട്ടിൽ താങ്ങാവുന്നതിലേറെ ആളുകൾ. കനത്ത ചൂട്. വിശപ്പും ദാഹവുമായി ചിലർ മരിച്ചു. ഛർദ്ദിച്ച ചിലരെ കടലിലേയ്ക്ക് എറിഞ്ഞു. സിസിലിയിൽ എത്തിയപ്പോൾ ഖൊകോൻ ബോധം മറഞ്ഞുവീണു. ചില സന്നദ്ധപ്രവർത്തകർ രക്ഷയ്ക്കെത്തി. അഭയാർത്ഥി ക്യാമ്പിലെത്തിച്ചു. അവിടെനിന്നു പാർമയിലെത്തി. ചില ബന്ധുക്കൾ പാർമയിലുണ്ടായിരുന്നു. ഖൊകോന് അവിടെ വെയർഹൗസിൽ പണി കിട്ടി. രക്ഷപ്പെട്ടു.
കാലം തെറ്റി വന്ന മഴയിൽ കണക്കുകൂട്ടലുകൾ തെറ്റുന്ന ജീവിതം. ഖൊകോനെപ്പോലെ എത്ര പേർ! വയൽ, വരമ്പ്, കതിര്, നെന്മണി ഇതൊക്കെ കവിതയ്ക്കുള്ള വിഷയമല്ല, ജീവിക്കാനുള്ള മാർഗ്ഗം തന്നെയാണ്. വൃക്ഷത്തെ സ്നേഹിച്ചതുകൊണ്ടല്ല കെൻ സരോ വിവയെ നൈജീരിയയിൽ കൊന്നത്. മനുഷ്യരെ സ്നേഹിച്ചതുകൊണ്ടാണ്. ഒഗോനി വംശജരുടെ താമസസ്ഥലം ബഹുരാഷ്ട്ര പെട്രോളിയം കമ്പനി അവരുടെ മാലിന്യം തള്ളാനുള്ള ഇടമാക്കി. ഒഗോനിക്കാർക്കു ജീവിതം വഴിമുട്ടി. അവർ സരോ വിവയുടെ നേതൃത്വത്തിൽ സംഘടിച്ചു. നൈജീരിയയിലെ പട്ടാളഭരണം സരോ വിവയെ കൊന്നു. ഏതാണ്ട് ഒന്നര നൂറ്റാണ്ടിനു മുന്‍പ് ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന സാലിസ്ബറി ലോകത്തെ രണ്ടായി തിരിച്ചു. ജീവിക്കുന്ന ലോകവും മരിക്കുന്ന ലോകവും. ഏതു ലോകം വേണമെന്നത് വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. നിങ്ങളും ലോകവും തമ്മിൽ ഏറ്റുമുട്ടേണ്ടിവന്നാൽ നിങ്ങൾ ലോകത്തിന്റെ ഭാഗത്ത് നിൽക്കണമെന്ന് ഫ്രാൻസ് കാഫ്ക നിർദ്ദേശിക്കുന്നു.
3,00,000 വർഷങ്ങൾക്കു മുന്‍പ് ഹോമോ സാപ്പിയൻസുണ്ടായി. 12,000 വർഷങ്ങൾക്കു മുന്‍പ് കൃഷിയുണ്ടായി. 6,000 വർഷങ്ങൾക്കു മുന്‍പ് നഗരമുണ്ടായി. 250 വർഷങ്ങൾക്കു മുന്‍പ് വ്യവസായങ്ങളുണ്ടായി. കുതിരവണ്ടിയിൽ തുടങ്ങിയ യാത്ര ചാന്ദ്രയാനങ്ങളിലെത്തി. ഓരോ തലമുറയും ജീവിച്ചു തീർന്നിട്ട് വരുംതലമുറയിലേയ്ക്കു കൈമാറേണ്ട ബാറ്റണാണ് ഈ ഭൂമി. ഓടിയെത്തുന്നത് കാത്തിരിക്കുന്നവർക്കുവേണ്ടിയാണ്. ഓടിത്തളർന്നവർ ഇരുട്ടിലേയ്ക്ക് മടങ്ങുന്നു. ഓടാനുള്ളവർ പ്രകാശത്തിലേയ്ക്കു ചുവടുവെയ്ക്കുന്നു.
കാലാവസ്ഥയിലെ മാറ്റം ഭാവനാസൃഷ്ടിയല്ല. കൺമുന്നിലെ സത്യമാണ്. ഇതു നിയന്ത്രിക്കാൻ കഴിയും. ശാസ്ത്രവും സാങ്കേതികതയും അത്രയധികം വളർന്നു. ഇപ്പോൾ സുനാമിക്കും അഗ്നിപർവ്വതത്തിനും ചുഴലിക്കാറ്റിനും മുന്നറിയിപ്പുകളുണ്ട്. നൂറ്റാണ്ടുകൾക്കു മുന്‍പ് അന്തരീക്ഷ ശാസ്ത്രമില്ല, സമുദ്രശാസ്ത്രമില്ല, ഭൂഗർഭ ശാസ്ത്രമില്ല. 1341-ൽ പ്ലേഗ് പടർന്നപ്പോൾ അതിന്റെ കാരണംപോലും കണ്ടുപിടിക്കാനായില്ല. പാരിസിലെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പോലും ഗ്രഹങ്ങളുടെ സ്ഥാനം മാറിയതാണ് പ്ലേഗിനു കാരണമായി കണ്ടെത്തിയത്. കൊവിഡ് എത്തിയപ്പോൾ ഒരാഴ്ചയ്ക്കകം അതിന്റെ പ്രതിരോധമാർഗ്ഗം കണ്ടെത്തി. എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടന്ന ഗവേഷണം സംയോജിപ്പിച്ചാണ് ഇതു കണ്ടുപിടിച്ചത്. ഈ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒരെണ്ണം ചൈനയിൽ, രണ്ടെണ്ണം യു.കെയിൽ. അഞ്ചെണ്ണം അമേരിക്കയിൽ. വിജ്ഞാനവ്യാപനത്തിനു ദേശീയത തടസ്സമായില്ല.
പ്ലേഗ് ബാധിച്ച് ബ്രിട്ടനിൽ മൂന്നിലൊന്നു ജനം മരിച്ചു. അന്ന് എഡ്വേഡ് രാജാവിനോട് സ്ഥാനമൊഴിയാൻ ആരും ആവശ്യപ്പെട്ടില്ല. ഇനി മഹാമാരിയിൽ മനുഷ്യൻ കൂട്ടത്തോടെ മരിച്ചാൽ അതു രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും. 14-ാം നൂറ്റാണ്ടിലെ പരിമിതിയിൽ അല്ല, 21-ാം നൂറ്റാണ്ടിന്റെ സാമർത്ഥ്യത്തിലാണ് മനുഷ്യൻ ജീവിക്കുന്നത്. നിസ്സഹായതയുടെ നെടുവീർപ്പുകളല്ല, കർമ്മവൈദഗ്ദ്ധ്യത്തിന്റെ ആർജ്ജവമാണ് കാണിക്കേണ്ടത്. പ്രതിസന്ധികൾ ഇപ്പോൾ ഒരു രാഷ്ട്രീയ അവസരം കൂടിയാണ്. ലാഭമുണ്ടാക്കാം, നഷ്ടമുണ്ടാക്കാം.
പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടാനുള്ള കാരണം രാഷ്ട്രീയമല്ല, പാരിസ്ഥിതികമാണ്. പാരിസ്ഥിതികമായ പ്രശ്നത്തിനു പരിഹാരവും പാരിസ്ഥിതികമായാണ്. ബാക്റ്റീരിയകളെ നശിപ്പിക്കാൻ ആന്റി ബയോട്ടിക്കുകളാണ് വേണ്ടത്, മന്ത്രവാദമല്ല.
സിനായ് മലയിൽ ദൈവം പ്രത്യക്ഷപ്പെട്ടപോലെ പശ്ചിമഘട്ടത്തിൽ ഒരു സുപ്രഭാതത്തിൽ പത്ത് കല്പനകളുമായി പ്രത്യക്ഷപ്പെട്ടതല്ല മാധവ് ഗാഡ്ഗിൽ. അദ്ദേഹത്തെ കേന്ദ്രസർക്കാർ നിയോഗിച്ചതാണ്, പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ. കൂടെ എട്ട് അംഗങ്ങളും അഞ്ച് അനൗദ്യോഗിക അംഗങ്ങളും. അവർ സർക്കാറിനു റിപ്പോർട്ട് സമർപ്പിച്ചു.
ആ റിപ്പോർട്ടിനെക്കുറിച്ചു തുറന്ന സംവാദങ്ങളുണ്ടായില്ല. തുറന്ന പ്രതിഷേധങ്ങളാണ് ഉണ്ടായത്. ശാസ്ത്രം ചർച്ച ചെയ്യപ്പെട്ടില്ല. പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ച് സമൂഹത്തെ ‘ബോധവൽക്കരിക്കാൻ’ ഇറങ്ങിയവരും സന്ദർഭത്തിനിണങ്ങുംവിധം താൽക്കാലികമായി ഒളിവ് ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. പി.ടി. തോമസ് എം.എൽ.എ മാത്രമാണ് ഒഴുക്കിനെതിരെ നീന്തിയത്. അദ്ദേഹത്തിന്റെ ശവഘോഷയാത്ര നടത്തി ഒരുകൂട്ടം മതപുരോഹിതന്മാർ. കരുണയുടെ മതം കാൽവരിക്കുരിശിന്റെ അഗ്രം കൂർപ്പിച്ച് നീട്ടിപ്പിടിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ചാക്രികലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. “പാരിസ്ഥിതിക നിലപാട് സാമൂഹിക നിലപാട് കൂടിയാണ്. ഇതിൽ നീതിയുടെ പ്രശ്നമുണ്ട്. ഭൂമിയുടെ നിലവിളിയും ദരിദ്രന്റെ നിലവിളിയും കേൾക്കണം” -തെളിച്ചമുള്ള ഈ വാക്കുകളിൽ ക്രിസ്തുദേവന്റെ രക്തസാക്ഷിത്വമുണ്ട്.
ഗാഡ്ഗിലിന്റെ റിപ്പോർട്ട് വിശുദ്ധഗ്രന്ഥമല്ല. അതിനെ എതിർക്കാം. എതിർക്കേണ്ടത് ശാസ്ത്രം കൊണ്ടാണ്. ശാസ്ത്രത്തെ തിരുത്തേണ്ടത് ശാസ്ത്രമാണ്. പ്രതിഷേധപ്രകടനം കൊണ്ടല്ല. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ആദ്യം പറഞ്ഞത് അയോണിയക്കാരനായ അരിസ്റ്റാർക്കസാണ്. 200 വർഷത്തിനുശേഷം ടോളമി സൂര്യനെ മാറ്റി ഭൂമിയെ കൊണ്ടുവന്നു. കണക്കും ജ്യോതിശാസ്ത്രവും ഉപയോഗിച്ചാണ് ടോളമി അരിസ്റ്റാർക്കസിനെ തിരുത്തിയത്. അതെ കണക്കും ജ്യോതിശാസ്ത്രവും ഉപയോഗിച്ചു തന്നെ കോപ്പർനിക്കസ് സൂര്യനെ തിരിച്ചുകൊണ്ടുവന്നു. ശാസ്ത്രത്തിൽ നാടുവാഴിത്തമില്ല, ആജ്ഞയില്ല, അന്വേഷണമേയുള്ളൂ.
രണ്ട് ചോദ്യങ്ങൾ മാത്രമെ പശ്ചിമഘട്ടം ഉന്നയിക്കുന്നുള്ളൂ. പശ്ചിമഘട്ടത്തിൽ പ്രശ്നങ്ങളുണ്ടോ? ഉണ്ടെങ്കിൽ പരിഹാരമെന്ത? ഗാഡ്ഗിൽ ഇതിന് ഉത്തരമല്ലെങ്കിൽ ഉപേക്ഷിക്കാം. ഗാഡ്ഗിലിനെ തിരുത്താൻ നിയോഗിച്ച കസ്തൂരിരംഗനും ഭൂവിനിയോഗത്തിലെ പ്രശ്നം ചൂണ്ടിക്കാണിച്ചു. പല കമ്മിഷനുകളുടേയും പഠനറിപ്പോർട്ടിൽ ഭൂവിനിയോഗം സംബന്ധിച്ച് പരാമർശമുണ്ട്.
ഇതൊന്നും ശരിയല്ലെങ്കിൽ മാറ്റാം. ശാസ്ത്രത്തിനു പിടിവാശിയില്ല. തെളിവുകൾ മതി. കരിങ്കൽ ഖനനം പ്രശ്നമല്ലെങ്കിൽ പ്രവർത്തിക്കട്ടെ. ആർക്കാണ് അതു മാറ്റാൻ നിർബ്ബന്ധം? ക്വാറികൾ സഹ്യപർവതത്തിനു ഭീഷണിയാണോ എന്നു കണ്ടെത്തേണ്ടത് ആരാണ്? മതപുരോഹിതർ? രാഷ്ട്രീയക്കാർ? ശാസ്ത്രജ്ഞർ? നെഞ്ചുവേദനയെടുക്കുന്ന അച്ഛനെ മക്കൾ അമ്പലത്തിലേക്കോ പള്ളിയിലേക്കോ പഞ്ചായത്താപ്പീസിലേക്കോ കൊണ്ടുപോകാറില്ല. ആശുപത്രിയിലേക്കാകും കൊണ്ടുപോകുക. ധനപ്രതിസന്ധി ഉണ്ടാകുമ്പോൾ സാമ്പത്തികവിദഗ്ദ്ധർ വേണം. ആരോഗ്യ പ്രതിസന്ധി ഉണ്ടാകുമ്പോൾ ഡോക്ടർമാർ വേണം. അണക്കെട്ട് പണിയുമ്പോൾ എന്‍ജിനീയർമാർ വേണം. എന്നാൽ, കാലാവസ്ഥാമാറ്റം ചർച്ച ചെയ്യുമ്പോൾ ശാസ്ത്രം വേണ്ട. കടലാക്രമണത്തിൽനിന്നു തീരദേശക്കാരെ രക്ഷിക്കണമെന്നു പറയുന്നവർ എന്തുകൊണ്ട് ഉരുൾപൊട്ടലിൽനിന്ന് മലയോര വാസികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം 28 തവണ കേരളത്തിൽ ഉരുൾപൊട്ടിയിട്ടുണ്ട്. കടലിൽ പരിഹാരമുണ്ട്, മലയിൽ ഇല്ലെന്നാണോ?
പശ്ചിമഘട്ടത്തിൽ അപൂർവ്വസസ്യങ്ങളും തണുപ്പും മാത്രമല്ല, സാമ്പത്തിക താല്പര്യങ്ങളുമുണ്ട്. സമ്പത്തിന്റെ രാഷ്ട്രീയമുണ്ട്, മതമുണ്ട്. ഉത്സവച്ഛായ പകർന്ന പ്രസിദ്ധമായ ‘മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ’ ഇന്റർവെല്ലിനു ശേഷം തിരക്കഥ മാറിയാണ് വെള്ളിത്തിരയിൽ ഓടിയത്.
ജീവിക്കാൻ ശരീരം വേണം. ശരീരമില്ലെങ്കിൽ ജീവിതമില്ല. ശരീരത്തിനു സഞ്ചരിക്കാൻ, വിശ്രമിക്കാൻ സ്ഥലം വേണം. ഭൂമിയിൽ വാസയോഗ്യമായ ഇടങ്ങൾ ചുരുങ്ങുന്നു. ഇതു ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്. കൊവിഡ് അതു തെളിയിച്ചു. അക്കാലം ശതകോടീശ്വരന്മാർ സമ്പന്നരാജ്യങ്ങളിലേയ്ക്കു താമസം മാറ്റി.
പ്രകൃതിയുടെ
ഉടമ്പടി
നാം അധിവസിക്കുന്ന ഭൂമിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ജനങ്ങളോട് പറയണം. അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ നേരിടാനുള്ള നടപടികൾ വേണ്ടിവരും എന്ന് അറിയിക്കണം. പറയുന്നത് സത്യസന്ധമായിരിക്കണം. രാഷ്ട്രീയ-സാമ്പത്തിക ദുഷ്ടലാക്കുകൾ മനുഷ്യർ പെട്ടെന്നു തിരിച്ചറിയും. രാഷ്ട്രീയ നേതൃത്വത്തിൽ ജനങ്ങൾക്കു വിശ്വാസം കുറഞ്ഞു എന്നത് ഗുരുതരമാണ്, എവിടെയും. വസ്തുതകൾ ജനങ്ങൾ ഉൾക്കൊള്ളും വസ്തുതകളായി പറഞ്ഞാൽ. കൊവിഡിൽ പുറത്തിറങ്ങരുത് എന്നു പറഞ്ഞത് ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ ജനങ്ങൾ അനുസരിച്ചു. മാസ്‌ക് വെക്കാതെ ആരും പുറത്തിറങ്ങിയില്ല. ഇതു നിരീക്ഷിക്കാൻ പൊലീസ് വേണ്ടിവന്നില്ല. കൈകൾ കഴുകണം എന്ന നിർദ്ദേശം അക്ഷരംപ്രതി നടപ്പായി. ഇതിനുവേണ്ടി ആരുടെ വാഷ്‌ബെയ്‌സിനു മുകളിലും ഒളിക്ക്യാമറകൾ വെക്കേണ്ടിവന്നില്ല. 19-ാം നൂറ്റാണ്ടിലാണ് കൈകഴുകൽ ശീലമായി മാറിയത്. കൈകഴുകുന്നതുകൊണ്ട് പല രോഗങ്ങളും ഒഴിവാക്കാം എന്ന വസ്തുത ജനങ്ങൾക്കു മനസ്സിലായി. അതിനു മുന്‍പ് ഒരു സർജറിയിൽനിന്നും മറ്റൊരു സർജറിയിലേയ്ക്ക് പോകുന്ന ഡോക്ടർപോലും കൈകഴുകിയിരുന്നില്ല. ഒരാളുടെ മുറിവ് തുന്നിക്കെട്ടിയ സൂചികൊണ്ട് മറ്റൊരാളുടെ മുറിവും തുന്നിക്കെട്ടിയിരുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിൽ ഉടമ്പടിയിൽ എത്തേണ്ട സമയമായി. ഇതിന്റെ അർത്ഥം ഇനിയും കാട്ടുപഴങ്ങൾ തിന്ന്, കാട്ടരുവിയിലെ വെള്ളവും കുടിച്ച് ഇലകൊണ്ട് വസ്ത്രം ധരിച്ച് ജീവിക്കണമെന്നല്ല. ചുറ്റുമുള്ള യാഥാർത്ഥ്യത്തിലേയ്ക്ക് കണ്ണുതുറക്കണമെന്നാണ്. ഉടമ്പടിയിലെ വ്യവസ്ഥകൾ എഴുതേണ്ടത് ശാസ്ത്രലോകമാണ്. അതു നടപ്പാക്കേണ്ടത് രാഷ്ട്രീയ നേതൃത്വവും. 2050-ഓടെ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാമെന്ന് യൂറോപ്യൻ രാജ്യങ്ങൾ സമ്മതിച്ചു. 2060-ൽ ഇതു നടപ്പാക്കുമെന്ന് ചൈനയും. അമേരിക്കയിൽ ഇതിനായി വ്യാപകമായ പ്രചാരണം നടക്കുന്നു.
ന്യൂസിലൻഡിലെ വാൻഗുയി നദിക്ക് ‘പൗരത്വം’ നൽകി അവിടത്തെ കോടതി. ഒരു മനുഷ്യനുള്ള എല്ലാ അവകാശങ്ങളും ഈ നദിക്കും നിയമപരമായ അവകാശമായി. മയോറി ഗോത്രത്തിന്റെ നിയമപോരാട്ടമാണ് ഈ വിധിയിലേക്കെത്തിച്ചത്.
എണ്ണ ഖനനത്തിനെത്തിയ ബഹുരാഷ്ട്ര കമ്പനിയെ ഇക്വഡോറിലെ സരയകു ജനങ്ങൾ എതിർത്തു. ഞങ്ങളോട് ചർച്ചചെയ്യാതെ അനുമതി നൽകിയത് തെറ്റാണെന്ന് ഇവർ പറഞ്ഞു. 92 വയസ്സുള്ള അവരുടെ കാരണവർ കോടതിയിലെത്തി. കാട്ടിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് കാടും ഞങ്ങളുടെ ജീവിതവും തകർക്കും എന്ന് അദ്ദേഹം വാദിച്ചു. വാദം ഇന്റർ അമേരിക്കൻ കോർട്ട് ഓഫ് ഹ്യൂമൺ റൈറ്റ്‌സ് അംഗീകരിച്ചു. കമ്പനിയെ വിലക്കി.
ഇന്റർനാഷണൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് സമുദ്രനിരപ്പ് ഉയരുന്നതിനെക്കുറിച്ച് അറിയിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് 0.75 മീറ്റർ ഉയരുമെന്നാണ് അവരുടെ പ്രവചനം. ഈ നില തുടർന്നാൽ ഹാനോയ്, ഷാങ്ഹായ്, കൊൽക്കത്ത, ടോക്യോ, ന്യൂയോർക്ക് എന്നീ നഗരങ്ങൾ വെള്ളത്തിനടിയിലാകും. ഇപ്പോൾ ഭയക്കേണ്ടതില്ല. 10,000 വർഷമെങ്കിലും കഴിയും. അത് എത്രയോ നീണ്ട കാലാവധിയാണ്. എന്നാൽ, ഇപ്പോൾ നമ്മുടെ കയ്യിൽ കിട്ടിയ ഭൂമി 40,000 തലമുറ കൈമാറി വന്നതാണ് എന്നും മറക്കാതിരിക്കാം. ഭൂമി എന്താകണമെന്ന് ഓരോ തലമുറയ്ക്കും തീരുമാനിക്കാം.
എല്ലാ ഭാഷയിലേയും വ്യാകരണത്തിൽ ഒരു പൊരുത്തമുണ്ട്. അതു കാലഗണനയിലാണ്. ഭൂതകാലം, വർത്തമാനകാലം, ഭാവികാലം. കഴിഞ്ഞത്, നടക്കുന്നത്, വരാനിരിക്കുന്നത്. എന്നാൽ, അയ്‌മറ ഭാഷയിൽ ഇതു വ്യത്യസ്തമാണ്. അവർക്കു ഭാവി എന്നത് കഴിഞ്ഞ കാലവും ഭൂതമെന്നത് വരാനിരിക്കുന്നതുമാണ്. ബൊളീവിയ, ചിലി, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലായി ഏതാണ്ട് 20 ലക്ഷം പേരാണ് അയ്‌മറ വംശജർ.
ഇന്നും ഇന്നലേയും മനസ്സിലുണ്ടാവും. നാളെയെ കാണാൻ കഴിയില്ല. അതു പ്രതീക്ഷ മാത്രമാണ്. ഓരോ പ്രതീക്ഷയും ഓരോരുത്തരുടേയും അറിവും അനുഭവവുമാണ്. നടന്നതും നടക്കുന്നതും കൂട്ടിച്ചേർത്ത് മനുഷ്യൻ പണിതൊരുക്കുന്ന ശില്പമാണ് നാളെ. ഭാവി എന്നത് ഭൂതകാലത്തിലേയ്ക്കുള്ള അന്വേഷണമാണ്. അതുകൊണ്ട് അയ്‌മറക്കാർക്ക് ഭാവി ഭൂതകാലമാണ്. അവർ ഭാവിയെ ഭൂതകാലമാക്കി വർത്തമാന സമസ്യകളെ പൂരിപ്പിക്കുന്നു. ഇത് ഏറ്റവും ലളിതമാക്കിയാൽ രണ്ടേ രണ്ട് വാക്ക്-അനുഭവം ഗുരു. അതുതന്നെ ഭാവി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക