കുഞ്ഞിളം ചോരയില്‍ വംശീയമുദ്രാവാക്യമെഴുതി ഇസ്രയേല്‍

ഹമാസ് നടത്തിയ ആക്രമണത്തിന്റെ പേരില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വംശീയ കൂട്ടക്കൊല ഒരു വര്‍ഷം പിന്നിടുമ്പോള്‍
കുഞ്ഞിളം ചോരയില്‍ വംശീയമുദ്രാവാക്യമെഴുതി  ഇസ്രയേല്‍
Hussein Malla
Published on
Updated on

ഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്തുവിടുന്നത്. സൈനികത്താവളങ്ങളും നഗരങ്ങളും ഹമാസിന്റെ ആക്രമണത്തിനിരയായി. ഹമാസിന്റെ ആ ആക്രമണമാകട്ടെ, പെട്ടെന്നുണ്ടായ ഒരു സംഭവവികാസമായിരുന്നില്ല. ഏറെക്കാലമായി പശ്ചിമേഷ്യയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പലസ്തീന്‍ പ്രദേശങ്ങളിലെ ജൂത അധിനിവേശം എന്ന പ്രശ്നത്തിന്റെ തുടര്‍ച്ചയായിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും പട്ടാളക്കാരുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു.

ഇസ്രയേലും വെറുതെയിരുന്നില്ല. വെറുതെയിരുന്നില്ല എന്നല്ല ശരിക്കും പറയേണ്ടത്. കാത്തിരുന്ന അവസരം അവര്‍ ശരിക്കും മുതലെടുത്തു എന്നാണ് പറയേണ്ടത്. ആ രാജ്യത്തെ ഭരണാധികാരികള്‍ ഹമാസിന്റെ ആക്രമണത്തെ ഒഴികഴിവായി കണ്ട് ഗാസ മേഖലയെ പൂര്‍ണ്ണമായും ജൂത അധിനിവേശത്തിനു കീഴ്‍പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഈ ശ്രമങ്ങളെ ചെറുത്തുനില്‍ക്കാനും ഹമാസ് തുനിഞ്ഞു. ഇതര മുസ്‍ലിം രാജ്യങ്ങള്‍ മൗനം ദീക്ഷിച്ച സാഹചര്യത്തില്‍ പലസ്തീന്‍ ജനതയ്ക്കു പിന്തുണയുമായി ഇറാനെത്തി. ഹിസ്ബുല്ല പോലുള്ള ഇറാന്‍ അനുകൂല ഗ്രൂപ്പുകളും. അവരും യുദ്ധത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കക്ഷി ചേര്‍ന്നു. ചുരുക്കത്തില്‍ പശ്ചിമേഷ്യ വീണ്ടും കലുഷിതമായി.

ഈ യുദ്ധത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം ഗാസയില്‍ മാത്രം 41,000 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 11,000 പേരാണ് കുട്ടികള്‍. അവിടെ നടക്കുന്നത് യുദ്ധമല്ല, വംശീയ കൂട്ടക്കൊലയാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളെപ്പോലും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണങ്ങളത്രയും. വിവിധ പലസ്തീന്‍ അനുകൂല ഗ്രൂപ്പുകളുടെ പിന്തുണയില്‍ നടന്ന ആക്രമണങ്ങളില്‍ ഇസ്രയേലിലും മരണങ്ങളുണ്ടായിട്ടുണ്ട്. അവിടെ കൊല്ലപ്പെട്ടത് 1150 പേരാണ്. യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇസ്രയേല്‍ ആക്രമണം ഹിസ്‍ബുല്ലയുടെ ആസ്ഥാനമായ ലബനനിലെ ബെയ്റൂട്ടിലേക്കും ഇറാനിലേക്കും വ്യാപിച്ചിരിക്കുന്നു. ഇസ്രയേലും ഹമാസും നിരവധി സാധാരണ പൗരന്മാരെ ബന്ദികളാക്കി പിടിച്ചിട്ടുണ്ട്. 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അവരില്‍ ചിലരുടെയെല്ലാം മൃതദേഹങ്ങളാണ് ഇസ്രയേലിനു തിരികെ കിട്ടിയത്. ഇതില്‍ 117 പേരെ വിട്ടയച്ചിട്ടുണ്ടെങ്കിലും 64 പേര്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്. 70 പേര്‍ കൊ ല്ലപ്പെട്ടു. ഇരുപക്ഷത്തുമായി ഒരു ലക്ഷം പേര്‍ക്ക് ഇതിനകം പരുക്കേറ്റു.

ഇസ്രയേലി പൗരന്മാരെ ബന്ദികളാക്കി പിടിച്ചതും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു ന്യായമാക്കി എടുത്തു. ബന്ദികളെ മോചിപ്പിക്കാനെന്ന പേരില്‍ ഗാസയില്‍ ഇസ്രയേല്‍ പട്ടാളം ആക്രമണങ്ങള്‍ നടത്തി. അവരുടെ ആക്രമണത്തിനു വിധേയമാകാത്ത ഒരൊറ്റ ഇടവും ഗാസയിലില്ല.

ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം 24 ലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയില്‍ മിക്കവാറും എല്ലാവരും ഭവനരഹിതരാകുകയോ തെരുവുകളിലേക്കു തള്ളപ്പെടുകയോ ചെയ്തു.

ഇരുപതു ലക്ഷത്തിലധികം വരുന്ന ഭവനരഹിതരായ ഇന്നാട്ടുകാര്‍ ഇന്ന് തെക്കന്‍ഭാഗത്തെ താല്‍ക്കാലിക ക്യാംപുകളിലാണ് കഴിയുന്നത്. സ്കൂളുകള്‍ അഭയകേന്ദ്രങ്ങളാക്കിയ നൂറുകണക്കിനു ഗാസക്കാര്‍ക്കു പര്യാപ്തമായ എണ്ണം ശുചിമുറികള്‍പോലും ഇല്ല. ശുചിത്വമില്ലായ്മ മൂലവും അനാരോഗ്യകരമായ ചുറ്റുപാടുകള്‍ നിമിത്തവും പലസ്തീന്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിച്ചു കൊ ണ്ടിരിക്കുന്നു. 365 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം വരുന്ന ആ പ്രദേശത്തെ ജനതയെ ഒന്നാകെ സര്‍വനാശം വിഴുങ്ങിയിരിക്കുന്നു. 23 ലക്ഷം പേരെങ്കിലും ക്ഷാമത്തിന്റേയും അവശ്യവസ്തു ദൗര്‍ലഭ്യത്തിന്റേയും പിടിയിലമര്‍ന്നിരിക്കുന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടഭാഗങ്ങള്‍
ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടഭാഗങ്ങള്‍Hassan Ammar

വംശീയ കൂട്ടക്കൊല ലോകത്തെ അവഗണിച്ച്

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ വംശീയ കൂട്ടക്കൊലയ്ക്കാണ് ഹമാസിനെ നേരിടാനെന്ന പേരില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഇത:പര്യന്തമുള്ള അനുഭവങ്ങളില്‍ നേടിയെടുത്തതെന്നു പറയാവുന്ന ഉന്നതമായ നീതിബോധത്തേയും സംസ്കാരത്തേയുമൊക്കെ വെല്ലുവിളിച്ചുകൊണ്ടാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ തുടരുന്നത്. അഭയാര്‍ത്ഥി ക്യാംപുകള്‍ക്കും ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണത്തിനു കാത്തുനില്‍ക്കുന്നവര്‍ക്കും നേരെപ്പോലും ഇസ്രയേല്‍ വെടിയുതിര്‍ക്കാന്‍ മടിക്കുന്നില്ല.

ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകമെമ്പാടും ആവശ്യമുയര്‍ന്നിട്ടും ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിലേക്കും ഹൂതികളെ ഉന്നം വെച്ച് യെമനനിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഹിസ്‍ബുല്ലയെ ലക്ഷ്യമാക്കി നടത്തിയ പേജര്‍, വോക്കിടോക്കി സ്ഫോടനങ്ങള്‍ക്കു പിറകേ ഇസ്രയേല്‍ ലെബനനില്‍ ആകാശത്തുനിന്നുള്ള ആക്രമണങ്ങളും അഴിച്ചുവിട്ടു. തുടര്‍ന്ന് അത് കരയുദ്ധത്തിലേക്കു വഴിമാറി. ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലാ തലവന്‍ ഹസ്സന്‍ നസ്റല്ല വധിക്കപ്പെട്ടു. രാജ്യത്തിനു പുറത്ത് ഇറാനുവേണ്ടി പ്രവര്‍ത്തിക്കുന്ന സായുധസംഘത്തിന്റെ തലവനും കൊല്ലപ്പെട്ടു. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയ, ഉപമേധാവി സാലിഹ് അല്‍ അറൗറി, ഗാസയിലെ ഹമാസ് ഗവണ്‍മെന്റിന്റെ തലവന്‍ റാവ്ഹി മുഷ്തഹ എന്നിവരും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ദെയിഫ് കൊല്ലപ്പെട്ടുവെന്നു പറയപ്പെടുന്നുവെങ്കിലും ഇതുവരേയും ഇതു സ്ഥിരീകരിച്ചിട്ടില്ല.

മേഖലയിലെ അധികാരസമവാക്യം മാറ്റിയെഴുതാനുള്ള അവസരമായിട്ടാണ് തങ്ങള്‍ ഈ സന്ദര്‍ഭത്തെ കാണുന്നത് എന്നാണ് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്.

അങ്ങേയറ്റം നിസ്സഹായമായി ഒരു രാജ്യം നഷ്ടപ്പെട്ട ഒരു ജനത നിലവിളിക്കുമ്പോള്‍ വന്‍ശക്തികളും ഐക്യരാഷ്ട്രസഭയുമൊക്കെ തുടരുന്നത് നിന്ദ്യവും നീചവുമായ മൗനമാണ്. രണ്ടാംലോക മഹായുദ്ധക്കാലത്ത് ജര്‍മനിയില്‍ ജൂതജനതയ്ക്കു നേരെ ഹിറ്റ്ലറും നാസികളും നടത്തിയ ആക്രമണങ്ങളേയും പീഡനങ്ങളേയും അനുസ്മരിപ്പിക്കുന്നുണ്ട് ഗാസയിലെ കൂട്ടക്കുരുതി.

എന്നാല്‍, സ്ഥിതിഗതികള്‍ ഏറെ വഷളായിട്ടും ഐക്യരാഷ്ട്രസഭ വെറും കാഴ്ചക്കാരായി മാറിനില്‍ക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. ഗാസയില്‍ ഇസ്രയേല്‍ കടന്നുകയറുമ്പോഴും യുക്രൈന്‍-റഷ്യ യുദ്ധം മുറുകുമ്പോഴും ഐക്യരാഷ്ട്രസഭ മൗനം ദീക്ഷിക്കുകയാണ് എന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ശാശ്വതമായ യുദ്ധവിരാമം ഉണ്ടാകണമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശം ഇപ്പോഴും നടപ്പാകാതെ തുടരുന്നത് ഐക്യരാഷ്ട്രസഭയുടെ ദൗര്‍ബല്യമാണ് വെളിപ്പെടുത്തുന്നത്.

സമാധാനത്തിനായി ഐക്യരാഷ്ട്രസഭ നടത്തിയ നീക്കത്തെ അട്ടിമറിച്ചുകൊണ്ടാണ് ബെയ്റൂട്ടിലെ സ്ഫോടനശൃംഖലയ്ക് ഇസ്രയേല്‍ മുതിര്‍ന്നത്. ഹിസ്ബുല്ല തലവന്‍ ആ സന്ദര്‍ഭത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ആ സമയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കളുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലായിരുന്നു ലക്ഷ്യം. ഈ നീക്കം ഫലവത്താകുമെന്നാണ് ബൈഡനും യൂറോപ്യന്‍ നേതാക്കളും വിശ്വസിച്ചിരുന്നത്. എന്നാല്‍, ബെയ്റൂട്ടിലെ ആക്രമണം ഈ വിശ്വാസത്തെ തകര്‍ക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലപ്രാപ്തി നേടുമെന്ന വിശ്വാസം ബലപ്പെട്ട സന്ദര്‍ഭത്തിലുണ്ടായ ഇസ്രയേലിന്റെ ആക്രമണം പെന്റഗണില്‍ കടുത്ത നീരസമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നു റിപ്പോര്‍ട്ടുകളുണ്ട്. എതിരാളികളെ നിശ്ശേഷം നശിപ്പിച്ച ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്ന വാശിയിലാണ് ബെന്യാമിൻ നെതന്യാഹു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com