മനുഷ്യന് ഏകനായിരിക്കുന്നത് നന്നല്ല എന്നു കണ്ടതുകൊണ്ടാണ് അവനു ചേര്‍ന്ന ഇണയെ ദൈവം നല്‍കിയത്. അവള്‍ അവന് പറുദീസയില്‍നിന്നു പുറത്തേയ്ക്കുള്ള വഴി കാണിച്ചുകൊടുത്തു. ഗവര്‍ണര്‍ ഏകനായിരിക്കുന്നത് നന്നല്ല എന്നു കണ്ടതുകൊണ്ടാണ് അദ്ദേഹത്തിനു സഹായിയും ഉപദേശിയുമായി മുഖ്യമന്ത്രിയെ ഭരണഘടന നല്‍കിയത്. രാജ്ഭവനിലെ വിരസത അകറ്റുന്നതിന് മുഖ്യമന്ത്രിയുമായി ഇണങ്ങിയും പിണങ്ങിയും ഗവര്‍ണര്‍ പല കളികളും കളിക്കാറുണ്ട്. ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കാം. കളിയിലെ നിയമങ്ങള്‍ക്കപ്പുറമുള്ള മാരകമായ ഏറ്റുമുട്ടല്‍ അനുവദനീയമല്ല. കളിയിലെ നിയമങ്ങള്‍ ഭരണഘടനയിലും പാര്‍ലമെന്ററി ജനാധിപത്യത്തിലെ കീഴ്വഴക്കങ്ങളിലുമാണുള്ളത്.
സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്നാണ് താന്‍ അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് അറിയാത്തയാളല്ല ആരിഫ് മുഹമ്മദ് ഖാന്‍. ബ്രിട്ടനിലെ യൂണിറ്ററി ഭരണസമ്പ്രദായത്തില്‍ ഗവര്‍ണറില്ല. പക്ഷേ, രാജാവും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തില്‍നിന്നു ചില പാഠങ്ങള്‍ നമുക്കു പഠിക്കാന്‍ കഴിയും. അമേരിക്കയിലെ ഫെഡറല്‍ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കു പകരം തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണറാണ് സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നത്. ഇന്ത്യയില്‍ നമ്മള്‍ ഭരണഘടനാപരമായ ഔപചാരികതയ്ക്കുവേണ്ടി കണ്ടെത്തിയ സവിശേഷമായ പദവിയാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലും കേന്ദ്രത്തോടുള്ള വിധേയത്വത്തിലും കഴിയുന്ന ഗവര്‍ണര്‍.
അറിയുന്നതിനുള്ള അവകാശത്തെച്ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ക്കുന്നത്. മുഖ്യമന്ത്രി അറിയിക്കുന്നത് അറിയുകയും പറയുന്നത് കേള്‍ക്കുകയും ചെയ്യുകയെന്ന അവകാശം മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. സംസ്ഥാനത്തിന്റെ നിര്‍വ്വാഹകാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്നതിനാലും ഭരണം ഗവര്‍ണറുടെ നാമത്തില്‍ നടത്തപ്പെടുന്നതിനാലും ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചറിയുന്നതിനുള്ള അവസരം ഗവര്‍ണര്‍ക്കു നല്‍കിയിട്ടുണ്ട്. ഭരണനിര്‍വ്വഹണത്തേയും നിയമനിര്‍മ്മാണത്തേയും സംബന്ധിക്കുന്ന കാര്യങ്ങളാണ് ഇപ്രകാരം ചോദിച്ചറിയാവുന്നത്. ഭരണഘടനയുടെ അനുച്ഛേദം 167 അനുസരിച്ച് ആവശ്യപ്പെടുന്ന വിവരം ഗവര്‍ണര്‍ക്ക് നല്‍കുകയെന്നത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യമാണ്. അതിനപ്പുറമുള്ള ചികയലും കുത്തിക്കുത്തിയുള്ള ചോദ്യവും ഗവര്‍ണറുടെ അധികാരപരിധിയില്‍പ്പെട്ട കാര്യമല്ല.
അയല്‍പക്കത്തെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്നവരോട് ഇണക്കത്തില്‍ ചോദിച്ച് വീട്ടുകാരനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്ന ഒരു പുരാതന രീതിയുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചും മന്ത്രിസഭയുടെ തീരുമാനപ്രകാരവും പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറി. പുതുതായി ചുമതലയേറ്റ ചീഫ് സെക്രട്ടറിയെ നാലു മണിക്ക് ചായ കുടിക്കാന്‍ അനൗപചാരികമായി ഗവര്‍ണര്‍ ക്ഷണിച്ചാല്‍ തെറ്റില്ല. അതല്ലാതെ മുഖ്യമന്ത്രിക്കെതിരെ തെളിവ് ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും രാജ്ഭവനിലേക്ക് വിളിച്ചത് ശരിയായ നടപടിയായില്ല. കാര്യനിര്‍വ്വഹണവും നിയമനിര്‍മ്മാണവും സംബന്ധിച്ച് മന്ത്രിസഭയുടെ തീരുമാനങ്ങളല്ലാതെ അങ്ങാടിയില്‍ കേള്‍ക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ഗവര്‍ണറുടെ മുന്നില്‍ ഹാജരായി വിശദീകരണം നല്‍കുന്നതിനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കില്ല.
സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടെങ്കില്‍ അക്കാര്യം ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയെ അറിയിക്കാം. അതിന് മുഖ്യമന്ത്രിയെ വിചാരണ ചെയ്യുകയോ അദ്ദേഹത്തില്‍നിന്നു വിശദീകരണം കേള്‍ക്കുകയോ ചെയ്യേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടേതായി പ്രചരിപ്പിക്കപ്പെടുന്ന പരാമര്‍ശങ്ങള്‍ ഗവര്‍ണറെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനുള്ള വിശദീകരണം സര്‍ക്കാര്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്. ആ പരാമര്‍ശങ്ങള്‍ തന്റേതല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അവ അഭിമുഖവാര്‍ത്തയില്‍ കയറിക്കൂടിയത് തങ്ങളുടെ ജാഗ്രതക്കുറവ് നിമിത്തമാണെന്നു പത്രം പറയുന്നു. പത്രം നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവിനെപ്പോലെ ഗവര്‍ണര്‍ക്കും അസ്വാസ്ഥ്യത്തില്‍നിന്നു വിടുതല്‍ ലഭിക്കുന്നില്ലെങ്കില്‍ രോഗനിര്‍ണ്ണയത്തില്‍ പിശകുണ്ടായെന്നു കരുതേണ്ടിവരും.
രക്ഷകര്‍ത്താക്കളെ അറിയിക്കും എന്നത് ഹോസ്റ്റല്‍ വാര്‍ഡന്മാരും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഭീഷണിയാണ്. ഏതാണ്ട് ഈ രീതിയിലാണ് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗവര്‍ണര്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ കരട് രാജ്ഭവനില്‍ തയ്യാറായിട്ടുണ്ടെന്നാണ് വാര്‍ത്ത. മുന്നറിയിപ്പുകള്‍ പലത് നല്‍കിക്കഴിഞ്ഞതിനാല്‍ ഇനി അദ്ദേഹത്തിനു റിപ്പോര്‍ട്ട് അയക്കാവുന്നതാണ്. ചാടിയാല്‍ ചട്ടിവരെ എന്നു പറയിപ്പിക്കുംവിധം ഗവര്‍ണര്‍ ഭീഷണി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല. രാഷ്ട്രപതിക്ക് കത്തോ റിപ്പോര്‍ട്ടോ അയക്കുന്നതിന് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ സഹായമോ ഉപദേശമോ ആവശ്യമില്ല. പരാമര്‍ശിതത്തിന്റെ ഗൗരവം രാഷ്ട്രപതിക്ക് ബോധ്യമായാല്‍ മന്ത്രിസഭയെത്തന്നെ പിരിച്ചുവിട്ട് ഭരണം ഗവര്‍ണറെ ഏല്പിച്ചുകൂടെന്നുമില്ല. കാലാവധി കഴിഞ്ഞുനില്‍ക്കുന്ന ആരിഫ് മുഹമ്മദ് ഖാനാണോ അതോ പുതുതായി നിയമിതനാകുന്ന ഗവര്‍ണര്‍ക്കാണോ ആ സൗഭാഗ്യം ലഭിക്കുക എന്നു പറയാനാവില്ല. കെയര്‍ടേക്കര്‍ ഗവര്‍ണര്‍ എന്നാണ് ആരിഫ് മുഹമ്മദ് ഖാനെ എം.വി. ഗോവിന്ദന്‍ വിളിക്കുന്നത്. രാജിവച്ച പ്രധാനമന്ത്രി പിന്‍ഗാമി വരുംവരെ അധികാരത്തില്‍ തുടരുമ്പോള്‍ ബ്രിട്ടീഷ് ഭാഷയില്‍ lame duck ആകുന്നു. മറ്റുള്ളവര്‍ക്കൊപ്പം നീങ്ങാനാവാതെ മുടന്തുന്ന താറാവ് എന്നാണര്‍ത്ഥം. കാലാവധി കഴിഞ്ഞിട്ടും പിന്‍ഗാമിക്ക് താക്കോല്‍ കൈമാറുംവരെ രാജ്ഭവനില്‍ തുടരുന്ന ഗവര്‍ണറെ ലേം ഡക്ക് ഗവര്‍ണര്‍ എന്നു വിളിക്കാമോ എന്നറിയില്ല.
വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി ഒരു കാര്യത്തിനും രാജ്ഭവനിലേയ്ക്ക് വരേണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ക്ഷിപ്രകോപിയാണ് ഗവര്‍ണര്‍. കാര്യത്തോടടുക്കുമ്പോഴായിരിക്കും ഗവര്‍ണറുടെ നിസ്സഹായാവസ്ഥ അദ്ദേഹത്തിനു ബോധ്യമാകുന്നത്. സംസ്ഥാനത്തിന്റെ ചെലവില്‍ നിലനിര്‍ത്തിയിരിക്കുന്ന സ്ഥാപനമാണ് രാജ്ഭവന്‍. അവിടെ ആരിഫ് മുഹമ്മദ് ഖാന് ഇനി എത്ര നാള്‍ എന്ന് ഉറപ്പില്ലാതിരിക്കെ അദ്ദേഹം ഏര്‍പ്പെടുത്തുന്ന വിലക്കിന് എത്ര ആയുസ്സാണുള്ളത്. ഇ.പി. ജയരാജന്‍ സ്വയം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന യാത്രാവിലക്ക് അദ്ദേഹംതന്നെ സ്വയം പിന്‍വലിച്ചതുപോലെ രാജ്ഭവന്‍ വിലക്കും ആവശ്യം വരുമ്പോള്‍ എല്ലാവരും മറക്കും. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറോട് അനുസരണക്കേട് കാണിച്ച ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കാന്‍ കഴിയുന്ന ശിക്ഷ ഇതു മാത്രമാണെങ്കില്‍ സ്വന്തം അധികാരത്തിന്റെ പരിമിതിയെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ കൂടുതല്‍ ബോധവാനാകേണ്ടിയിരിക്കുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന ബോധോദയത്തിനു തെളിവാണ് അദ്ദേഹം പിന്നോട്ടു വയ്ക്കുന്ന ചുവടുകള്‍. വിലക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ രാജ്ഭവനിലേക്കു വരാമെന്ന ഭേദഗതി അത്തരത്തിലുള്ള ചുവടുമാറ്റമാണ്. പ്രഭവത്തിലെ സംഹാരഭാവം കര തൊടുമ്പോള്‍ ഇല്ലാതാകുന്ന ചക്രവാതംപോലെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭരണഘടനയ്ക്ക് നിരക്കാത്ത കോപം.
സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന പദവി ആലങ്കാരികവും നാമമാത്രവുമാണ്. ജനാധിപത്യത്തില്‍ യഥാര്‍ത്ഥ അധികാരം ജനങ്ങളുടേതാണെന്ന പരമമായ സത്യം വി.പി. സിങ്ങിനൊപ്പംനിന്ന് രാഷ്ട്രീയം കളിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്‍ അറിയാതിരിക്കില്ല. ജനങ്ങളില്‍നിന്നു പുറപ്പെടുന്ന അധികാരം ജനങ്ങളുടെ പേരില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് പ്രയോഗിക്കുന്നത്.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ യഥാര്‍ത്ഥ അധികാരം മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണ്. കേന്ദ്രത്തില്‍ രാഷ്ട്രപതി എപ്രകാരമാണോ പ്രധാനമന്ത്രിയാല്‍ നിയന്ത്രിതനായിരിക്കുന്നത് അവ്വിധംതന്നെയാണ് മുഖ്യമന്ത്രി പറയുന്നതു കേട്ട് ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റേണ്ടത്.
സ്വര്‍ണ്ണക്കടത്തുള്‍പ്പെടെ ആരിഫ് മുഹമ്മദ് ഖാന്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചോദിക്കേണ്ടത് കേന്ദ്രത്തോടാണ്. അതിനായി കാബിനറ്റ് സെക്രട്ടറിയേയോ ആഭ്യന്തരവകുപ്പ് സെക്രട്ടറിയേയോ രാജ്ഭവനിലേക്ക് വിളിച്ചാല്‍ ഗവര്‍ണര്‍ വിവരമറിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക