2010 ആഗസ്റ്റ് 20, വെള്ളിയാഴ്ച. എന്റെ ജീവിതത്തിലെ തീര്‍ത്തും ഇരുണ്ട ആ ദിനം ഒരിക്കലും മറക്കാനാവില്ല. അന്നാണ് ഞാന്‍ ഏതാണ്ട് മരിച്ചുപോയത് My encounter with the big cat and other adventures in Ranthambore എന്ന പേരിലുള്ള ആത്മകഥയില്‍ ദൗലത് സിംഗ് ശക്താവത് എന്ന വനപാലകന്‍ എഴുതിയിട്ട വരികളാണിവ.
മുപ്പത്തിയേഴ് വര്‍ഷം രാജസ്ഥാന്‍ വനവിഭാഗത്തില്‍ വന്യജീവി സംരക്ഷണത്തിലേര്‍പ്പെട്ട ദൗലത് സിംഗ്, വെറുമൊരു ഫോറസ്റ്റ് ഓഫീസര്‍ എന്നതിലപ്പുറം തന്റെ പ്രവര്‍ത്തനമേഖലയില്‍ ഏറെ സംഭാവനകള്‍ ചെയ്ത വനസംരക്ഷകനും വന്യജീവി സ്നേഹിയുമാണ്. രന്തംഭോര്‍, ഭരത്പൂര്‍, സരിസ്‌ക, മുഖുന്ദ്ര വനമേഖലകളിലെ വന്യജീവി സംരക്ഷണരംഗത്ത് ദൗലത് സിംഗിന്റെ സംഭാവനകള്‍ ഏറെ വലിയതാണ്. കടുവകളുടേയും പുള്ളിപ്പുലികളുടേയും കണക്കെടുപ്പുകളിലുള്ള ദൗലതിന്റെ വേറിട്ട സംഭാവനകളും മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ നടത്തിയ കാര്യക്ഷമമായ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്. പക്ഷേ, ഇപ്പറഞ്ഞ കാര്യങ്ങളൊന്നുമല്ല ദൗലതിനെ മറ്റെല്ലാ വനപാലകരില്‍നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്. 2010-ല്‍ രന്തംഭോര്‍ കാടിറങ്ങി ജനവാസമേഖലയിലെത്തിയ ടി-7 (ടൈഗര്‍ 7) എന്ന കടുവയെ മയക്കുവെടി വെയ്ക്കുന്നതിനിടയില്‍, ഏറെ ഗുരുതരമായി പരുക്കേറ്റ് മരണത്തെ മുഖാമുഖം കണ്ടതും അതിനുശേഷം ഏറ്റവും ശക്തമായി ജീവിതത്തിലേക്കും വനപാലനത്തിലേക്കും കടുവാസംരക്ഷണത്തിലേക്കും അദ്ദേഹം നടത്തിയ തിരിച്ചുവരവുകളും എത്രയും അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്.
2010 ആഗസ്റ്റിലെ ആ ദിവസം. പലപ്പോഴും ചെയ്യാറുള്ളതുപോലെ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് ഭുരി പഹാഡിയെന്ന വനയോര ഗ്രാമത്തില്‍ ഇറങ്ങിയ ടി-7 (ടൈഗര്‍ - 7) എന്ന ആണ്‍കടുവയെ മയക്കുവെടിവെയ്ക്കാന്‍ ദൗലതും സംഘവും എത്തിയത്.
പൊതുവെ അശാന്തമായിരുന്നു ആ ഗ്രാമത്തിലെ അപ്പോഴത്തെ അന്തരീക്ഷം. കടുവ ഇറങ്ങി ഒരു എരുമയെ കൊന്ന ശേഷം സമീപത്തുള്ള പാടശേഖരത്തിലെ പച്ചപ്പിനിടയില്‍ എവിടെയോ മറഞ്ഞിരിക്കുകയാണ്. ആള്‍പാര്‍പ്പുള്ള പ്രദേശത്തെത്തിയ കടുവയെ വെടിവെച്ചു കൊല്ലാന്‍ വൈകുന്നതില്‍ രോഷാകുലരായിരുന്നു അവിടെ തടിച്ചുകൂടിയ പുരുഷാരമത്രയും. മയക്കുവെടിവെയ്ക്കാന്‍ വന്ന സംഘത്തിനോടും പൊലീസിനോടും തട്ടിക്കയറാനും അവരുടെ തോക്ക് പിടിച്ചുവാങ്ങാനും വരെ മുതിര്‍ന്നു, അവരില്‍ ചിലര്‍.
പശ്ചാത്തലം ഈ വിധം പ്രക്ഷുബ്ധമായിരുന്നെങ്കിലും പെട്ടെന്നുതന്നെ ദൗലത് സിംഗ് കര്‍മ്മനിരതനായി. കഴുത്തറ്റം വളര്‍ന്നുനില്‍ക്കുന്ന ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന കടുവയെ കണ്ടുപിടിക്കാന്‍ തന്നെ വിഷമം. വെളിച്ചക്കുറവും ഒരു പ്രധാന പ്രശ്നമായിരുന്നു. ഒരു വശത്ത് തിങ്ങിനിറഞ്ഞ് കൂക്കിവിളിക്കുന്ന ജനക്കൂട്ടം. മറുവശത്ത് പുല്‍ക്കൂട്ടത്തിലെവിടെയോ പകച്ച് പതുങ്ങിയിരിക്കുന്ന കടുവ.
കൂട്ടാളികളോടൊത്ത് ശ്രദ്ധാപൂര്‍വ്വം ചെടിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി നീങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ കടുവയുടെ മഞ്ഞയും കറുപ്പും വരകള്‍ അടുത്തുകണ്ടു. വേണ്ടത്ര സൗകര്യപ്രദമായ ഒരു വീക്ഷണകോണിലായിരുന്നില്ലെങ്കിലും ഉടന്‍ തന്നെ ദൗലത് മയക്കുമരുന്ന് നിറച്ച സിറിഞ്ച് പിടിപ്പിച്ച വെടിയുതിര്‍ത്തു. അത് കടുവയ്ക്ക് കൊണ്ടെങ്കിലും വേണ്ടത്ര ശരീരത്തില്‍ തുളച്ച് കയറാതെ എല്ലിലോ മറ്റോ തട്ടി മുന വളഞ്ഞ് വീഴുകയാണുണ്ടായത്.
ഇതോടെ കാര്യങ്ങള്‍ ഏറെ ഗുരുതരമായി. ഒരു ഭാഗത്ത് പ്രകോപിതനായ കടുവ, മറുഭാഗത്ത് അക്രമാസക്തമായ ജനക്കൂട്ടം. പലരും ഇടയ്ക്കിടെ കല്ലു പെറുക്കി എറിയുന്നുമുണ്ട്. ഈ ഘട്ടത്തില്‍, ഒരിക്കല്‍കൂടി നിറയുതിര്‍ക്കാനായി കടുവയെ ഒന്നുകൂടി നന്നായി കാണാന്‍ ഒരു മണ്‍കട്ടയില്‍ കയറിയതാണ് ഏറ്റവും വിനയായത്.
ദൗലതിനെ നന്നായി കാണാനും അപ്രതീക്ഷിതമായി ആക്രമിക്കാനും വീണുകിട്ടിയ ഈ സന്ദര്‍ഭം ടി-7 ഒട്ടും പാഴാക്കിയില്ല. അപ്രതീക്ഷിതമായി ചാടിവീണ ടി-7 മയക്കുവെടിത്തോക്കേന്തിയ ദൗലതിന്റെ വലതു കൈ കടിച്ചശേഷം മുന്‍കാലിലെ നഖങ്ങള്‍ നെഞ്ചിലമര്‍ത്തി നിമിഷ നേരത്തിനുള്ളില്‍ ദൗലതിന്റെ മുഖത്തിന്റെ വലതുവശം മുഴുവന്‍ തന്റെ വായ്ക്കകത്താക്കി.
കടുവയുടെ താഡനത്തില്‍ വലത്തെ കണ്ണ് കണ്‍കുഴിയില്‍നിന്ന് പുറത്തുചാടി. കീഴ്ത്താടിയുടെ എല്ല് പൊട്ടിപ്പോയി. തന്റെ മരണം ഉറപ്പായി എന്ന് ദൗലത് സിംഗ് കരുതിയ നിമിഷങ്ങളായിരുന്നു അത്. പക്ഷേ, കൂടെ നിന്നവരുടെ ബഹളവും അടിയുമൊക്കെ ഏറ്റിട്ടാവാം പെട്ടെന്നുതന്നെ ടി-7 ദൗലതിനെ വിട്ട് കാടിന്റെ ഭാഗത്തേക്കു പിന്‍വാങ്ങി.
കണ്ണ് അടര്‍ന്നുതൂങ്ങിയിട്ടും വലത്തെ മുഖമാസകലം പരിക്കേറ്റിട്ടും കുറച്ചുനേരത്തേക്ക് ഒരു വേദനയും അറിയാത്ത ഒരവസ്ഥയിലായിരുന്നു ദൗലത് സിംഗ്. താന്‍ ജീവനോടെയിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്നു തോന്നിയത് നിരുത്തരവാദിത്വപരമായി പെരുമാറിയ പുരുഷാരത്തോടും വേണ്ടസമയത്ത് ഒപ്പമെത്താന്‍ കഴിയാതെ പോയ സംഘാംഗങ്ങളോടുമുള്ള അമര്‍ഷം ഉറക്കെ അലറി വിളിച്ചുപറയാനാണ്. ഈ അലര്‍ച്ച കേട്ടപ്പോഴാണ് അദ്ദേഹം ഇനിയും മരിച്ചിട്ടില്ലെന്ന കാര്യം അവരൊക്കെ അറിയുന്നത്.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മുഖം ചേര്‍ത്ത് കൂട്ടിക്കെട്ടി വനംവകുപ്പിന്റെ ജിപ്സിയില്‍ കയറ്റി ഏറ്റവുമടുത്ത് ഹോസ്പിറ്റലുള്ള സവായ് മാധോപൂരിലേക്കുള്ള ആ നാല്‍പ്പത് കിലോമീറ്റര്‍ യാത്ര ദൗലത് സിംഗിന്റെ ജീവിതത്തിലെ ഏറ്റവും നീണ്ടതും വേദന നിറഞ്ഞതുമായിരുന്നു. തന്റെ ബ്ലഡ് എ പോസിറ്റീവാണെന്നും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വേണ്ടിവരുമെന്നുമൊക്കെ വിളിച്ചുപറയാനും ഹോസ്പിറ്റല്‍ എത്തും വരെ പൂര്‍ണ്ണബോധം നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കാനും ദൗലത് സിംഗിനായി.
പിന്നെ ജയ്പൂരിലെ സവായ് മാന്‍സിംഗ് ഹോസ്പിറ്റലില്‍ വെച്ചു നടത്തിയ ശസ്ത്രക്രിയയും ഓര്‍മ്മയില്ലാതെ താണ്ടിയ പന്ത്രണ്ട് ദിവസങ്ങളും മാസങ്ങളോളമുള്ള പല നഗരങ്ങളിലെ ആശുപത്രിവാസവുമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയ ദൗലത് പുതിയൊരു മനുഷ്യനായിരുന്നു.
വലതു കണ്ണിനു പകരം പ്ലാസ്റ്റിക് കണ്ണുവെച്ച് പ്ലാസ്റ്റിക് സര്‍ജറിയില്‍ മുഖം ഒരുവിധം നേരെയാക്കി, മൂന്ന് സ്റ്റീല്‍ ഫലകങ്ങളും ഇരുപതോളം സ്‌ക്രൂകളും ചേര്‍ത്ത് തയ്യാറാക്കിയ പുതിയ മുഖവുമായി ദൗലത് തിരിച്ചുവന്നപ്പോള്‍ 'ശിഷ്ടജീവിതം വിശ്രമം' എന്നു കരുതിയവര്‍ക്കൊക്കെ തെറ്റിപ്പോയി.
പൂര്‍വ്വാധികം ശക്തിയായി വനപാലനത്തിലും കടുവാ സംരക്ഷണത്തിലുമേര്‍പ്പെടാനായിരുന്നു ശക്താവതിന്റെ ഈ രണ്ടാം വരവ്!
ദൗലതിന്റെ ചികിത്സാച്ചെലവുകള്‍ വഹിക്കാന്‍ രാജസ്ഥാന്‍ ഗവണ്‍മെന്റും ലോക വന്യജീവി നിധി പോലെയുള്ള സംഘടനകളും മുന്നോട്ടുവന്നു. അതോടൊപ്പം ധീരതയ്ക്കും നിസ്തുല സേവനങ്ങള്‍ക്കുമായി നിരവധി അംഗീകാരങ്ങളും ദൗലതിനെ തേടിയെത്തി. ഇക്കാര്യങ്ങളൊക്കെ ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടി. എന്നാല്‍, സംസ്ഥാന ഗവണ്‍മെന്റിന്റേയും ദേശീയ, അന്തര്‍ദ്ദേശീയ സംഘടനകളുടേയും അംഗീകാരങ്ങള്‍ക്കിടയിലും ''ഒരു കടുവയെ മയക്കുവെടിവെക്കാന്‍ പോലുമറിയാത്തവന്‍'' എന്ന് കുത്തുവാക്കു പറഞ്ഞവരും ഉണ്ടായിരുന്നെന്ന് ദൗലത് വേദനയോടെ ഓര്‍ക്കുന്നു.
ചികിത്സകള്‍ക്കു ശേഷം ജോലിയില്‍ തിരികെ പ്രവേശിച്ച ദൗലതിന്റെ സൗകര്യാര്‍ത്ഥം സ്വദേശമായ കോട്ടയില്‍ത്തന്നെ പോസ്റ്റിങ്ങ് കിട്ടി. അതും കാര്യമായ പണിയൊന്നും ചെയ്യേണ്ടതില്ലാത്ത വെറും ഡെസ്‌ക് വര്‍ക്ക്. ഒരു ദിവസം പോലും മുടങ്ങാതെ കാട്ടിലും മേട്ടിലും കടുവാസംരക്ഷണ ദൗത്യവുമായി അലഞ്ഞുശീലിച്ചിട്ടുള്ള ദൗലതിന് ഈ 'വെറും മേശപ്പണി' അസഹനീയമായിരുന്നു. പിന്നെ, വീട്ടുകാരെ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ച ശേഷം അധികൃതരോട് അപേക്ഷിച്ച് തന്റെ സ്വന്തം രന്തംഭോറിലേക്കുതന്നെ ഫീല്‍ഡ് വര്‍ക്ക് ചുമതലയുമായി തിരിച്ചെത്തി, ദൗലത് - താന്‍ മരിച്ചുവെന്ന് എല്ലാവരും എഴുതിത്തള്ളിയതിന്റെ ഒന്നാം വാര്‍ഷികത്തിന് തൊട്ടടുത്ത ഒരു ദിവസം തന്നെ!
പിന്നെ, അന്നു തൊട്ടിന്നുവരെ കാടും കടുവയും തന്നെ ദൗലതിന്റെ ജീവിതം.
***
ദൗലതിനെ ആക്രമിച്ച ടൈഗര്‍-7-നെ കണ്ടെത്താനോ മയക്കുവെടിവെച്ച് പിടിക്കാനോ ഉള്ള ശ്രമങ്ങളൊക്കെ ആദ്യഘട്ടങ്ങളില്‍ പരാജയപ്പെട്ടു. രന്തംഭോറില്‍നിന്ന് 200 കിലോമീറ്ററോളം കരൗളി ഭാഗത്തേക്കും പിന്നെ ഉത്തര്‍പ്രദേശിലെ മധുരയിലേക്കും സഞ്ചരിച്ച ടി-7 ഏകദേശം രണ്ട് മാസത്തിനുശേഷമാണ് രാജസ്ഥാനിലെ ഭരത്പൂര്‍ വനമേഖലയില്‍വെച്ച് പിടിയിലാകുന്നത്. ആ അവസരത്തിലും പിന്നീട് റേഡിയോ-കോളര്‍ വെച്ച ശേഷം 2011 ഫെബ്രുവരി 23-ന് സരിസ്‌ക കടുവാസങ്കേതത്തില്‍ ടി-7-നെ പുനരധിവസിപ്പിക്കുമ്പോഴും അതിനു നിയോഗിക്കപ്പെട്ട ടീമില്‍ ദൗലത് സിംഗിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നുവെന്നത് തികച്ചും കൗതുകകരമായ ഒരു വസ്തുതയാണ്.
പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുത്തിരുന്നില്ലെങ്കിലും ടി-7 ദൗത്യത്തില്‍ അവസാനം വരെ താനുണ്ടാവണമെന്ന ദൗലതിന്റെ ആഗ്രഹം തന്നെയായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണ്ണായകമായത്.
രന്തംഭോറില്‍നിന്ന് സരിസ്‌കയിലേക്കുള്ള ടി-7-ന്റെ വിജയകരമായ പുനരധിവാസം കടുവാസംരക്ഷണ ചരിത്രത്തില്‍ത്തന്നെ ആദ്യത്തേതാണ്. പൊതുവെ കടുവകള്‍ തങ്ങളുടേതായ ഒരു വനമേഖലയില്‍ മാത്രം ആധിപത്യം സ്ഥാപിച്ചു ജീവിക്കുന്നവരാകയാല്‍ പറിച്ചുനട്ടയിടങ്ങളില്‍ അവര്‍ ഏറെക്കാലം വാഴാറില്ല. പക്ഷേ, എസ്.ടി. 6 (സരിസ്‌ക ടൈഗര്‍ 6) എന്ന പുതിയ പേരില്‍ പതിനൊന്നു വര്‍ഷത്തോളം പുതിയ വനമേഖലയില്‍ തുടര്‍ന്ന് പൂര്‍ണ്ണ ജീവിതമെത്തിയ ശേഷമാണ് 2022-ല്‍ ടി-7-ന്റെ സ്വാഭാവിക മരണം സംഭവിച്ചത്.
***
തന്നെ മരണത്തിന്റെ വക്കിലെത്തിച്ച, മുഖമടിച്ചു തകര്‍ത്ത ടി-7 നോട് ദൗലത് സിംഗിന് പരിഭവമേതുമില്ല. പ്രാണരക്ഷാര്‍ത്ഥം ടി-7 ചെയ്തുപോയ ഒരു കൈപ്പിഴയായി മാത്രമേ ദൗലത് അതിനെ കാണുന്നുള്ളൂ. അന്നത്തെ ദിവസം ഭുരി പഹാഡിയില്‍ തിങ്ങിനിറഞ്ഞ ഗ്രാമീണരെക്കാളൊക്കെ ഭയചകിതനായിരുന്നു ടി-7 എന്നാണ് ദൗലത് ചൂണ്ടിക്കാണിക്കുന്നത്.
സരിസ്‌ക കടുവാസങ്കേതത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ശേഷവും പല തവണ ടി-7-നെ ചെന്നുകാണാന്‍ ദൗലത് മറന്നിട്ടില്ല. എന്തിനധികം പറയണം - റിട്ടയര്‍മെന്റിനു ശേഷം രന്തംഭോര്‍ കടുവാസങ്കേതത്തിനടുത്തു തന്നെയായി ദൗലതിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ തുടങ്ങിയ 'ഒമാക് ടൈഗര്‍ സെവന്‍' എന്ന ബൊട്ടീക് ഹോട്ടലിന്റെ പേരിലും പ്രിയപ്പെട്ട ടി-7-നെ ചേര്‍ത്തുവെച്ചിരിക്കയാണ് ദൗലത് സിംഗ്!
***
2017-ല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിച്ച ശേഷം സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷണപ്രകാരം മുഖുന്ദ്ര കടുവാസങ്കേതത്തില്‍ രണ്ടു വര്‍ഷത്തോളം കടുവകളേയും പുള്ളിപ്പുലികളേയും നിരീക്ഷിക്കുന്നതിലും സെന്‍സസ് പ്രവര്‍ത്തനങ്ങളിലും സജീവമായ ശേഷം 2019 മുതല്‍ ലോക വന്യജീവി ഫണ്ടിന്റെ (ണണഎ) കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്ന ദൗലത് സിംഗിന് വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉടനെയൊന്നും വിരമിക്കാനുള്ള ആലോചനയില്ല. കടുവകളോടും കാടിനോടും അത്രയധികം ആത്മബന്ധമാണ് ഈ വനപാലകന്.
നാളിതുവരെ രന്തംഭോര്‍ വനമേഖലയില്‍ പതിനെട്ട് കടുവകളാണ് മറ്റ് വനമേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് പുനരധിവാസ ദൗത്യങ്ങളിലും ദൗലത് സിംഗിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഈ ഏറ്റവും അടുത്തകാലത്ത് 2022 നവംബറിലാണ് ഇത്തരം ഒരു ദൗത്യം ദൗലത് വിജയകരമായി നടത്തിയത്.
ദേശീയമൃഗമായ കടുവകളുമായുള്ള തന്റെ ബന്ധം ഒരു പ്രണയകഥപോലെ മനോഹരമാണെന്നാണ് ദൗലത് സിംഗ് വിശ്വസിക്കുന്നത്. ടി-7 എന്ന തന്റെ ജീവിതം മാറ്റിമറിച്ച കടുവയെ കൂടാതെ നിരവധി ഉസ്താദ് (ടി-24), മച്ചലി (ടി-16) , സുന്ദരി (ടി-17), സ്റ്റാര്‍ (ടി-28), കുംഭ (ടി-34), നൂര്‍ (ടി-39), സലിം (ടി-25) എന്നിങ്ങനെ നിരവധി കടുവകള്‍ക്കായി മനസ്സും ജീവിതവും സമര്‍പ്പിച്ച ദൗലത് സിംഗിന്റെ ആത്മകഥ ഈ കടുവകള്‍ക്ക് ഓരോന്നിനുമായി അദ്ദേഹമെഴുതിയ പ്രണയക്കുറിപ്പുകളുടെ സമാഹാരമാണ്.
സംവേദനശക്തി ഒട്ടുമേ ഇല്ലാത്ത വലതു മുഖവുമായി, എന്നാല്‍ പ്രൗഢിയേതും നഷ്ടപ്പെടാതെ രാജസ്ഥാന്‍ ശൈലിയിലുള്ള പിരിയന്‍ മീശയും സഫാരിത്തൊപ്പിയുമായി സുസ്മേരവദനനായി ദൗലത് സിംഗ് ശക്താവത് മുന്നിലെത്തുമ്പോള്‍ ആത്മകഥയില്‍ അദ്ദേഹം കുറിച്ചിട്ട ആത്മവിശ്വാസത്തിന്റെ വരികളാണ് ഓര്‍മ്മയിലെത്തുക: ''എനിക്ക് ഒരു കണ്ണിലൂടെയേ കാണാന്‍ കഴിയൂ. പക്ഷേ, പ്രകൃതി ഒരുക്കിവെച്ച വിസ്മയങ്ങളെല്ലാം നോക്കിക്കാണാന്‍ ആ കണ്ണ് തന്നെ എനിക്ക് ധാരാളമാണ്.''
കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന കാട്ടാനയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സമാനമാണ് രാജസ്ഥാന്‍ വനമേഖലയില്‍ ഇടയ്ക്കിടക്ക് നടക്കുന്ന കടുവകളുടെ കാടിറക്കം എന്നാണ് ദൗലത് സിംഗിന്റെ അഭിപ്രായം. രണ്ടിടത്തും വനനശീകരണവും ആവാസവ്യവസ്ഥകള്‍ നേരിടുന്ന നിലനില്‍പ്പ് ഭീഷണികളുമാണ് കാട് വിട്ട് നാട്ടിലെത്താന്‍ വന്യമൃഗങ്ങളെ പ്രേരിപ്പിക്കുന്നത്. വീണ്ടുവിചാരമില്ലാതെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതും വനമേഖലകളിലെ വിവേകശൂന്യമായ ഇടപെടലുകളും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നതെന്ന് ദൗലത് വിശ്വസിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ