ഇതാണ് സജി ചെറിയാന്‍ പറഞ്ഞ 'കേരളം കണ്ട ഇതിഹാസം'

ജാതീയതയും വംശീയതയും ഫ്യൂഡല്‍ മാടമ്പിത്തരവും നിറഞ്ഞ ഒരു സിനിമാഭാവുകത്വം ഇവിടെ സൃഷ്ടിച്ചതില്‍ മുഖ്യപങ്ക് അദ്ദേഹത്തിനുണ്ട്
ഇതാണ് സജി ചെറിയാന്‍ പറഞ്ഞ 'കേരളം കണ്ട ഇതിഹാസം'
Published on
Updated on

ഴിഞ്ഞ മൂന്നു ദശാബ്ദക്കാലം മലയാള സിനിമയുടെ അവിഭാജ്യവിജയഘടകമെന്ന് തോന്നിയേക്കാവുന്ന രീതിയില്‍ പുരുഷമേധാവിത്വവും മാടമ്പിത്തരങ്ങളും സ്ത്രീവിരുദ്ധതയും ആഘോഷിക്കുന്ന സിനിമകളാണ് രഞ്ജിത്ത് എന്ന സംവിധായകന്‍ മുന്നോട്ടുവച്ചത്. പ്രൊഫഷണലെന്ന് ഊറ്റംകൊള്ളാമെങ്കിലും ജനപ്രിയതയില്‍ വിജയം കണ്ടെത്തിയെന്ന ലെഗസി അവകാശപ്പെടാമെങ്കിലും മലയാളികളുടെ ഫ്യൂഡല്‍ ബോധത്തെ ഉറപ്പിക്കുന്ന സിനിമകളായിരുന്നു അവ. ജാതീയതയും വംശീയതയും ഫ്യൂഡല്‍ മാടമ്പിത്തരവും നിറഞ്ഞ ഒരു സിനിമാഭാവുകത്വം ഇവിടെ സൃഷ്ടിച്ചതില്‍ മുഖ്യപങ്ക് അദ്ദേഹത്തിനുണ്ട്.

ആഢ്യത്വം, രക്തവിശുദ്ധി, ആണത്തം, തറവാടിത്തം, വിധേയത്വം എന്നിങ്ങനെ ഒരിക്കല്‍ കേരളീയസമൂഹം എഴുതിത്തള്ളണമെന്നു ഘോഷിച്ച ഫ്യൂഡല്‍കാലത്തെ സാംസ്‌കാരിക അലങ്കാരങ്ങളെല്ലാം അദ്ദേഹം തന്റെ ചലച്ചിത്രഭാഷയില്‍ ഉള്‍ക്കൊള്ളിച്ചു. ചരിത്രത്തിലും വര്‍ത്തമാനത്തിലും അങ്ങനെത്തന്നെ ജീവിച്ചു. ഏതു മുഖ്യധാരയിലേയും പവര്‍ഫുള്ളായ പുരുഷന്മാരെ കൂടെ നിര്‍ത്തുക എന്നത് ഏതൊരു അധികാരരാഷ്ട്രീയത്തിന്റേയും പ്രത്യേകതയാണ്. അങ്ങനെയാണ് സി.പി.എമ്മിന്റെ ഒരു ചോയ്സായി അയാള്‍ മാറിയത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനൊരുങ്ങുന്നത്, ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാക്കുന്നത് അത്തരം ചേര്‍ത്തുനിര്‍ത്തലാണെന്നതില്‍ സംശയം ആര്‍ക്കുമില്ല. എന്നാല്‍, പണം, ആള്‍ക്കൂട്ടം എന്നീ രണ്ട് മാനദണ്ഡങ്ങളില്‍ സിനിമയുടെ വിജയപരാജയങ്ങളെ നിര്‍വചിക്കുകയും അതിന്റെ സാംസ്‌കാരികവും സാമൂഹ്യവുമായ നിലനില്‍പ്പുകളെ പരിഹാസ്യമായി തള്ളിക്കളയുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടിനോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ സമരസപ്പെടലാണ് അതിലേറെ ഭയാനകം.

കഥയും തിരക്കഥയുമായി എണ്‍പതുകളുടെ അവസാനത്തിലാണ് രഞ്ജിത്ത് ചലച്ചിത്രജീവിതം തുടങ്ങിവയ്ക്കുന്നത്. വി.ആര്‍. ഗോപിനാഥ് സംവിധാനം ചെയ്ത 'ഒരു മെയ്മാസപുലരി'യില്‍ തിരക്കഥാകൃത്തായി. കമല്‍ സംവിധാനം ചെയ്ത 'ഓര്‍ക്കാപ്പുറത്തി'ന്റെ വിജയത്തോടെ മുന്‍നിര തിരക്കഥാകൃത്തുമായി. പക്ഷേ, 1993-ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത 'ദേവാസുരം' ആണ് നാഴികക്കല്ല്. മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആ സിനിമ പക്ഷേ, ആണ്‍വിളയാട്ടത്തിന്റേയും സവര്‍ണ്ണ മാടമ്പിത്തത്തിന്റേയും സ്ത്രീവിരുദ്ധതയുടേയും കഥപറഞ്ഞ ലക്ഷണമൊത്ത ചിത്രമായിരുന്നു.

നരസിംഹം
നരസിംഹം

പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ എന്ന താരശരീരത്തെ ഉപയോഗിച്ച് മലയാളികളുടെ സവര്‍ണ്ണപൊതുബോധത്തെ നിരന്തരം തൃപ്തിപ്പെടുത്തിയ എഴുത്തുകാരനും സംവിധായകനും വേറെയുണ്ടായിട്ടില്ല എന്നുതന്നെ പറയാം. 'ഉസ്താദ്', 'ആറാംതമ്പുരാന്‍', 'നരസിംഹം', 'ചന്ദ്രോത്സവം' തുടങ്ങിയ ചിത്രങ്ങള്‍ പേരെടുത്ത് പറയാനാകും. കാര്‍ത്തികേയനും ജഗന്നാഥനുമൊക്കെയായി ആഭാസമനോഭാവങ്ങള്‍ കമ്പോളച്ചേരുവയില്‍ തകര്‍ത്താടുകയായിരുന്നു. മോഹന്‍ലാലിന്റെ താരനിര്‍മ്മിതി ഒഴിച്ചുള്ള ചിത്രങ്ങളും കമ്യൂണിക്കേറ്റ് ചെയ്തത് മറ്റൊന്നല്ല. ചലച്ചിത്രത്തിന്റെ ആവിഷ്‌കാരസാധ്യതകളെ ഉപയോഗപ്പെടുത്താതെ, ആധുനികവല്‍ക്കരണത്തിലേക്ക് നയിക്കുന്ന സാമൂഹ്യപ്രസക്തിയെ നിരാകരിക്കുന്നതായിരുന്നു ആ ചിത്രങ്ങളുടെ ഉള്ളടക്കങ്ങളുടെ സന്ദേശം.

അറക്കല്‍ മാധവനുണ്ണിയേയും ആറാം തമ്പുരാനായ ജഗന്നാഥനേയും മംഗലശ്ശേരി നീലകണ്ഠനേയും വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് വരുമ്പോള്‍ കാലുമടക്കി അടിക്കാനായി പെണ്ണ് കെട്ടുന്ന കാര്‍ത്തികേയനേയും ഒരച്ചില്‍ വാര്‍ത്തതാകുന്നത് അങ്ങനെയാണ്. ഒരു സിനിമ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് രഞ്ജിത്തിന്റെ മറുപടി. മംഗലശ്ശേരി നീലകണ്ഠനെ കണ്ടിട്ട് അതുപോലെ മുണ്ടും മടക്കിക്കുത്തി ആളുകളുടെ മെക്കിട്ട് കേറാന്‍ പ്രേക്ഷകര്‍ ആരെങ്കിലും പോകുന്നോ എന്ന ചോദ്യം, അപക്വമായ ചോദ്യം അയാള്‍ ചോദിക്കുന്നു. അങ്ങനെ പോയാല്‍ നാട്ടുകാരുടെ കയ്യില്‍നിന്ന് അടി കിട്ടുമ്പോള്‍ അവര്‍ പഠിച്ചുകൊള്ളും എന്ന പരിഹാസരൂപേണയുള്ള മറുപടിയിലൊതുങ്ങുന്നു അയാളുടെ സാമൂഹ്യ ഉത്തരവാദിത്വം.

ഏതുതരം പൊതുബോധമാണ് രഞ്ജിത്ത് പേറുന്നതെന്നു മനസ്സിലാക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ ഇനിയുമുണ്ട്. കരിപ്പൂര്‍ വിമാനത്താവളവും സ്വര്‍ണ്ണകള്ളക്കടത്തും മുസ്ലിം എം.എല്‍.എയുമടക്കം കാഴ്ചക്കാരനു നല്‍കുന്നത് കൃത്യമായ മുസ്ലിം വിരുദ്ധതയായിരുന്നു. കോഴിക്കോട്ടേയും മലപ്പുറത്തേയും മുസ്ലിങ്ങളെ സംബന്ധിച്ച സവര്‍ണ്ണയുക്തി തന്നെയാണ് ഈ സിനിമകളില്‍ പങ്കുവച്ചതും. മലപ്പുറത്ത് ബോംബ് ഇഷ്ടംപോലെ കിട്ടും എന്ന സംഭാഷണം വ്യാജനിര്‍മ്മിതമായ പൊതുബോധത്തിന്റെ കൗശലപൂര്‍വമായ സാക്ഷ്യപ്പെടുത്തലായിരുന്നു. കാസര്‍ഗോട്ടെയും കോഴിക്കോട്ടെയും കുഴല്‍പ്പണത്തെ പറയുന്ന 'പുത്തന്‍പണം' പതിവ് രഞ്ജിത്ത് കാഴ്ച തന്നെയായിരുന്നു. അപകടകരമായ വിദ്വേഷ രാഷ്ട്രീയത്തോട് ശക്തമായ പ്രതിഷേധം ദേശീയതലത്തില്‍ നടത്തുന്ന സി.പി.എം വേദികളില്‍ ആ കാലത്തുതന്നെ രഞ്ജിത്ത് മുഖ്യക്ഷണിതാവായെന്നതാണ് വിരോധാഭാസം. തിരൂരില്‍ നടന്ന ഡി.വൈ.എഫ്.ഐയുടെ 13-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. രോഹിത് വെമുല നഗര്‍ എന്നായിരുന്നു സമ്മേളനവേദിയുടെ പേര്. ഇന്നും രഞ്ജിത്ത് മാന്യനായ ഇതിഹാസമെന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ ഉറപ്പ്. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ സംവിധായകനെന്ന പദവിയും നല്‍കി.

ചന്ദ്രോത്സവം
ചന്ദ്രോത്സവം

സ്ത്രീവിരുദ്ധതയുടെ ആണിളക്കം

ഏതാണ്ട് എല്ലാ സിനിമകളിലും ഓര്‍ത്തിരിക്കുന്ന സ്ത്രീവിരുദ്ധ സംഭാഷണങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. പെട്രോളും ഡീസലും കയറ്റാവുന്ന വണ്ടിയെപ്പറ്റിയും പണം കൊടുത്താല്‍ കിട്ടുന്ന പുതപ്പുകളെക്കുറിച്ചും മക്കാവോ ദ്വീപിന്റെ കുളിരിനെപ്പറ്റിയും വാതോരാതെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പറയുന്നുണ്ട്. ഗ്രാമമായാല്‍ പ്രതാപം തീരാത്ത കോവിലകവും വഷളനായ തമ്പുരാനും പരിവാരങ്ങളും ഒപ്പം തമ്പുരാനു സ്വയം സമര്‍പ്പിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന സ്ത്രീകഥാപാത്രങ്ങളും നിര്‍ബ്ബന്ധം. കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ എന്നെഴുതി വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹം അത് തിരുത്താന്‍ തയ്യാറല്ല. തിരുത്തണമെന്ന ആവശ്യത്തെ പതിവ് പരിഹാസരീതിയില്‍ അദ്ദേഹം പറഞ്ഞ മറുപടി നോക്കുക: 'സ്പിരിറ്റ്' എന്ന സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെ ഈ നിമിഷം ഭവതിയോടു തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു. ചെയ്തുപോയതും എഴുതിപ്പോയതുമായ വിരുദ്ധതകളെപ്പറ്റി പശ്ചാത്തപിക്കുന്നില്ലെന്നതു പോകട്ടെ, അത് ചൂണ്ടിക്കാണിക്കുന്നവരെ യാതൊരു ലോജിക്കുമില്ലാതെ പരിഹസിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ''മുന്‍പ് രചിച്ച സംഭാഷണങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊന്നും സ്ത്രീവിരുദ്ധത ആയിരുന്നില്ല. ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമോ അല്ലെങ്കില്‍ തമാശകളോ ആയിരുന്നു ആ സംഭാഷണങ്ങള്‍'', രഞ്ജിത്ത് പറഞ്ഞതിങ്ങനെ. സ്ത്രീകളോട് ഇയാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന പുച്ഛമാണ് ഈ ആണധികാരം നിഴലിക്കുന്ന മറുപടിയിലൂടെ വെളിവായത്.

'ദി കിംഗ്' അടക്കമുള്ള അനേകം സിനിമകളി ലൂടെ കടുത്ത സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായി എഴുതിയ രണ്‍ജി പണിക്കരടക്കമുള്ളവര്‍ ഈ തെറ്റുകള്‍ തിരിച്ചറിഞ്ഞവരാണ്. താന്‍ ഒരു സാമൂഹിക ജീവിയാണെന്നും ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവായ ബോധ്യങ്ങളും നിലപാടുകളും തന്നെ സ്വാധീനിക്കുമെന്നുമാണ് രണ്‍ജി പണിക്കര്‍ പറഞ്ഞത്. അന്നത്തെ തന്റെ സാമൂഹിക ബോധത്തിന് അത്രത്തോളം വളരാന്‍ മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ എന്നും ഇന്നാണെങ്കില്‍ അത്തരം ഡയലോഗുകള്‍ ഒരിക്കലും എഴുതുകയില്ലായിരുന്നു എന്നും പരസ്യമായി അദ്ദേഹം പറഞ്ഞു. ഇത്ര വ്യക്തതയോടെ മറുപടി പറയാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് പൊതുസമൂഹത്തിലും സിനിമാമേഖലയിലും സംഭവിച്ച തിരുത്തല്‍ പ്രക്രിയ തന്നെയാണ്. മലയാള സിനിമ എന്നും പുരുഷകേന്ദ്രീകൃതമായിരുന്നു. അവിടെയുള്ള സ്ത്രീവിരുദ്ധതകളെ എതിര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുമുണ്ട്. ആ തുടര്‍ചലനങ്ങളാണ് ഇപ്പോള്‍ ശക്തിപ്പെട്ടതും. മുഖ്യധാരാ സിനിമാരംഗത്തോട് നേര്‍ക്കുനേര്‍ പോരാടാന്‍ പോന്നവിധം സ്ത്രീമുന്നേറ്റം ഇന്ന് നമുക്ക് ദൃശ്യമാണ്. സമത്വത്തിനും ജനാധിപത്യപരമായ പ്രാതിനിധ്യത്തിനുമായി ആ പോരാട്ടങ്ങളുടെ ഫലങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതും.

ഏറ്റവുമൊടുവില്‍, അപമര്യാദയായി പെരുമാറിയെന്ന ബംഗാളിനടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാജിവയ്ക്കുന്നതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചത്. ഇപ്പോള്‍ ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണെന്നും ആരോപിക്കുന്നു. ഇവിടെ ഞാന്‍ ഇരയും അവര്‍ വേട്ടക്കാരിയുമാണെന്നാണ് കക്ഷിയുടെ വാദം. സാമാന്യയുക്തിക്കുപോലും നിരക്കാത്ത ഈ ഇരവാദം കുറ്റസമ്മതമായി കണക്കാക്കേണ്ടതില്ലെന്നാണ് രാജിയിലൂടെ പറഞ്ഞുവയ്ക്കുന്നതും

ര‌ഞ്ജിത്ത്, വി. ശിവന്‍കുട്ടി, പിണറായി വിജയന്‍, ആന്റണി രാജു എന്നിവര്‍ ഐഎഫ്എഫ്‌കെ വേദിയില്‍
ര‌ഞ്ജിത്ത്, വി. ശിവന്‍കുട്ടി, പിണറായി വിജയന്‍, ആന്റണി രാജു എന്നിവര്‍ ഐഎഫ്എഫ്‌കെ വേദിയില്‍

വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത

മലയാള സിനിമയിലെ ഏറ്റവും അധമമായ സവര്‍ണ്ണ, ആണധികാര ചലച്ചിത്രക്കാഴ്ചകളുണ്ടാക്കിയ രഞ്ജിത്തിനെ ഇടതുപക്ഷ സര്‍ക്കാരിന്റെ ചലച്ചിത്ര അക്കാദമി തലവനായി നിയമിച്ചപ്പോള്‍ത്തന്നെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു. മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ജനാധിപത്യബോധമുള്ളവരായി മാറിക്കൊണ്ടിരിക്കുന്ന ഒരുകാലത്താണ് അത് ഒട്ടും സംഭവിച്ചിട്ടില്ലാത്ത അദ്ദേഹം അക്കാദമിയുടെ തലപ്പത്തെത്തിയത്. ചലച്ചിത്ര അക്കാദമി ഒരു വൈജ്ഞാനിക സ്ഥാപനമായിരുന്നു. അതിന്റെ സ്ഥാപിതലക്ഷ്യം സിനിമകൊണ്ട് ആളുകളെ രസിപ്പിക്കുക എന്നതോ കേരളത്തിലെ സിനിമാവ്യവസായത്തെ സാമ്പത്തികമായി പരിപോഷിപ്പിക്കുകയോ അല്ല. അക്കാദമി എന്ന പേരിട്ടത് എന്തുകൊണ്ടെന്നെങ്കിലുമൊരു അടിസ്ഥാനബോധം അദ്ദേഹത്തിനില്ലായിരുന്നു.

രഞ്ജിത്ത് നേതൃത്വം നല്‍കിയ രണ്ട് ഐ.എഫ്.എഫ്.കെയിലും ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 2022-ലെ ഐ.എഫ്.എഫ്.കെയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായിരുന്നു മുഖ്യാതിഥി. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് അതിജീവിതയെ വിശേഷിപ്പിച്ച രഞ്ജിത്തിനെതിരെ അന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. കേസിലെ മുഖ്യപ്രതിയായ ദിലീപിനെ ആലുവ ജയിലില്‍ സന്ദര്‍ശിച്ച രഞ്ജിത്തിന് ഇതൊക്കെ പറയാന്‍ എന്ത് യോഗ്യത എന്നായിരുന്നു അന്ന് ഉയര്‍ന്ന ചോദ്യം. ജയില്‍ സന്ദര്‍ശനം അവിചാരിതമായിരുന്നുവെന്ന് പ്രതികരിച്ച രഞ്ജിത്ത്, പിന്നീട് ദിലീപ് ആജീവനാന്ത ചെയര്‍മാനായ ഫിയോകിന്റെ സമ്മേളനത്തില്‍ കുറ്റാരോപിതനുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.

27-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയ്ക്ക് റിസര്‍വ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതും റിസര്‍വേഷന്‍ ആപ്പിലെ അപാകതകള്‍ക്കെതിരേയും പ്രതിഷേധമുണ്ടായിരുന്നു. അതിന്റെ സമാപനവേദിയില്‍ രഞ്ജിത്തിനെതിരെ കൂവി പ്രതിഷേധിച്ചവരെ അന്ന് നായ്ക്കളോടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഉപമിച്ചത്. ''ഞാന്‍ കോഴിക്കോടാണ് ജീവിക്കുന്നത്. എനിക്ക് വയനാട് ഒരു വീടുണ്ട്. അവിടെ വീട് നോക്കുന്ന ആള്‍ നാടന്‍ നായ്ക്കളെ പോറ്റാറുണ്ട്. അവര്‍ എന്നെ കാണുമ്പോള്‍ കുരയ്ക്കും. ഞാന്‍ ആ വീടിന്റെ ഉടമസ്ഥനാണെന്ന യാഥാര്‍ത്ഥ്യമൊന്നും അവര്‍ക്കറിയില്ല. അത്രയേ ഞാന്‍ ഈ ചലച്ചിത്രമേളയിലെ അപശബ്ദങ്ങളേയും കാണുന്നൂള്ളൂ'' എന്നായിരുന്നു അദ്ദേഹത്തിന്റെ സിനിമാസ്‌റ്റൈല്‍ മറുപടി.

2023-ലെ ഐ.എഫ്.എഫ്.കെയ്ക്കിടെ, രഞ്ജിത്തിനെതിരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തുവന്നു. അവര്‍ പരസ്യപ്രസ്താവനയും പുറത്തിറക്കി. അതിനു പിന്നാലെയാണ് സംവിധായകന്‍ ഡോ. ബിജു ഉള്‍പ്പെടെയുള്ളവരുടെ സിനിമകളെ ആക്ഷേപിച്ച് രഞ്ജിത്ത് അഭിമുഖം നല്‍കിയത്. എന്നിട്ടും സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന സജി ചെറിയാനും ഇടതുപക്ഷ സര്‍ക്കാരും രഞ്ജിത്തിന് പിന്തുണ നല്‍കി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ പിന്തുണച്ചെത്തിയ മന്ത്രി സജി ചെറിയാന്‍ ''കേരളം കണ്ട ഏറ്റവും വലിയ ഇതിഹാസമാണ്'' രഞ്ജിത്തെന്നായിരുന്നു വിശേഷിപ്പിച്ചത്. സത്യത്തില്‍ അത് രഞ്ജിത്തിന്റെ കുഴപ്പമല്ലായിരുന്നു. ആ രാഷ്ട്രീയത്തോട് സമരസപ്പെട്ട്, അവിടെ അദ്ദേഹത്തെ നോമിനേറ്റ് ചെയ്തവരുടെ കുഴപ്പമായിരുന്നു. ഒരു തിരുത്തോ മാനസാന്തരമോ രഞ്ജിത്തില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്തല്‍ പ്രക്രിയയ്ക്ക് വഴങ്ങാനും കഴിയാത്ത രീതിയില്‍ അദ്ദേഹം മാറിയിരിക്കുന്നു. ആ ശരീരഭാഷയും വാക്കും പ്രവൃത്തിയും തെളിയിക്കുന്നത് അതാണ്.

ഐഎഫ്എഫ്‌കെയിലെ പ്രതിഷേധം
ഐഎഫ്എഫ്‌കെയിലെ പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com