അന്‍വര്‍, ജലീല്‍... സ്വതന്ത്രന്‍മാരെ കൂടെ നിര്‍ത്താത്ത സിപിഎം: സെബാസ്റ്റ്യന്‍ പോളിന്റെ വിചിന്തനം

സ്വതന്ത്രന്‍ എന്ന രാഷ്ട്രീയ പരീക്ഷണം വിജയകരമായ തെരഞ്ഞെടുപ്പ് തന്ത്രമായി നടപ്പാക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം വിജയിച്ചാലും പരാജയപ്പെട്ടാലും കൂടെക്കൂടുന്നവരെ കൂട്ടത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടി പലപ്പോഴും പരാജയപ്പെടുന്നു. അന്‍വറും കെ.ടി. ജലീലും തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ടാണ് പോരിനിറങ്ങിയിരിക്കുന്നത്.
അന്‍വര്‍, ജലീല്‍...
സ്വതന്ത്രന്‍മാരെ കൂടെ നിര്‍ത്താത്ത സിപിഎം: സെബാസ്റ്റ്യന്‍ പോളിന്റെ വിചിന്തനം
Published on
Updated on

പാര്‍ട്ടി അംഗമായിരുന്നെങ്കില്‍ തിരുത്തുകയോ ശിക്ഷിക്കുകയോ ചെയ്യാന്‍ കഴിയുമായിരുന്നു. സ്വതന്ത്രന്‍ ആയതുകൊണ്ടും പാര്‍ട്ടിയുടെ വിപ്പും പത്താം പട്ടികയും സാങ്കേതികമായി ബാധകമല്ലാത്തതുകൊണ്ടും പി.വി. അന്‍വര്‍ വരയ്ക്കുകയും ആ വരയിലൂടെ പാര്‍ട്ടിയെ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ കസേരയിലേയ്ക്ക് എത്തിച്ചത് പാര്‍ട്ടിയാണെന്ന് പിണറായി വിജയനെ പരസ്യമായി ഓര്‍മ്മിപ്പിക്കാന്‍ മാത്രം അന്‍വര്‍ വളര്‍ന്നുവെങ്കില്‍ ആ വളര്‍ച്ച അപകടകരമാണ്. ആയുഷ്‌കാലം ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അദ്ദേഹത്തിനു സാധാരണഗതിയില്‍ ലഭിക്കുമായിരുന്നു. അപകടകരമായ വളര്‍ച്ച കാന്‍സറാകാതെ അപ്പഴപ്പോള്‍ ശസ്ത്രക്രിയ ചെയ്തു നീക്കുന്ന സ്വഭാവമുള്ള പിണറായി വിജയന്‍ കുറച്ചുകൂടി വളരട്ടെയെന്ന മട്ടില്‍ അന്‍വറിനെ കെട്ടയച്ച് വിടുന്നത് എന്തുകൊണ്ടാവാം. എല്ലാറ്റിനും ഒരു സമയമുണ്ടെന്നു കരുതി ക്ഷമയോടെ കാത്തിരിക്കുന്നയാളല്ല വിജയന്‍.

സ്വതന്ത്രന്‍ എന്ന രാഷ്ട്രീയ പരീക്ഷണം വിജയകരമായ തെരഞ്ഞെടുപ്പ് തന്ത്രമായി നടപ്പാക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം വിജയിച്ചാലും പരാജയപ്പെട്ടാലും കൂടെക്കൂടുന്നവരെ കൂട്ടത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടി പലപ്പോഴും പരാജയപ്പെടുന്നു. അന്‍വറും കെ.ടി. ജലീലും തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ടാണ് പോരിനിറങ്ങിയിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കുന്നതിനപ്പുറം തങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഉറപ്പാകാം ഈ സ്വതന്ത്രര്‍ക്കുള്ളത്. വേണമെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം താനേ കരഗതമായിക്കൊള്ളുമെന്നതിന് അന്‍വര്‍ തന്നെ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. ആഫ്രിക്കയിലെ ഖനിയില്‍ സ്വര്‍ണ്ണം ശേഖരിക്കാന്‍ പാര്‍ട്ടിയുടെ അനുവാദമില്ലാതെ പോയ ആള്‍ക്ക് സാധാരണഗതിയില്‍ വീണ്ടും മത്സരിക്കാന്‍ അവസരം കിട്ടില്ല. പക്ഷേ, അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല, പുനര്‍വിജയവും ഉറപ്പിച്ചു. ഖനനം മാത്രമല്ല, വാട്ടര്‍ തീം പാര്‍ക്കും അന്‍വറിനെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങളിലുണ്ടായിരുന്നു. ഒരു തടയണയും അന്‍വറിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്താന്‍ പര്യാപ്തമായില്ല. പ്രധാന രാഷ്ട്രീയകക്ഷികളോട് വിയോജിച്ചുകൊണ്ട് സ്വന്തമായി മത്സരിക്കാനിറങ്ങുന്നവരാണ് യഥാര്‍ത്ഥ സ്വതന്ത്രര്‍. രാഷ്ട്രീയ ധ്രുവീകരണം കൃത്യമായി നടന്നിട്ടുള്ള സമൂഹങ്ങളില്‍പ്പോലും സ്വതന്ത്രര്‍ അവരുടേതായ ഇടം കണ്ടെത്താറുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും ജവഹര്‍ലാല്‍ നെഹ്റുവിന്റേയും ചോദ്യം ചെയ്യാനാവാത്ത പ്രഭാവം ഉണ്ടായിരുന്നിട്ടും 37 സ്വതന്ത്രര്‍ ലോക്സഭയിലെത്തി. എ.കെ.ജിയുടെ നേതൃത്വത്തില്‍ 16 കമ്യൂണിസ്റ്റ് എം.പിമാരാണ് സ്വതന്ത്രര്‍ക്കു പുറമേ ആ സഭയിലുണ്ടായിരുന്നത്. ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തുടക്കം ആരോഗ്യകരവും പ്രതീക്ഷാനിര്‍ഭരവും ആയിരുന്നു എന്നതിന്റെ സൂചനയാണിത്.

പി.വി. അന്‍വര്‍
പി.വി. അന്‍വര്‍Center-Center-Trivandrum

എല്ലാ സ്വതന്ത്രരും സ്വതന്ത്രരല്ല. പാര്‍ട്ടിയോ മുന്നണിയോ പിന്തുണയ്ക്കുന്ന സ്വതന്ത്രരുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനു വൈമുഖ്യമുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ജനസമ്മതിയുള്ള വ്യക്തികളെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന പതിവ് പാര്‍ട്ടിക്കുണ്ട്. നാല് തവണ ലോക്സഭയിലേക്കും നാല് തവണ നിയമസഭയിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സി.പി. ഐ.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്റെ ചിഹ്നം നാലു തവണ കാറും മൂന്നു തവണ ടെലിവിഷനും ഒരിക്കല്‍ ചുറ്റിക അരിവാള്‍ നക്ഷത്രവുമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിലെ അസാംഗത്യം വോട്ടര്‍മാര്‍ക്ക് പ്രശ്‌നമായിരുന്നില്ല. പാര്‍ട്ടി ചിഹ്നത്തില്‍ വിരലമര്‍ത്താന്‍ മടിയുള്ളവരോട് സ്ഥാനാര്‍ത്ഥിയുടെ പേര് വായിച്ച് വോട്ടു ചെയ്യാനാണ് അന്ന് ആവശ്യപ്പെട്ടത്. ചിഹ്നത്തിനപ്പുറം കണ്ടെത്തേണ്ടതായ കാരണങ്ങളാലാണ് തൃക്കാക്കരയില്‍ 2016-ല്‍ ഞാന്‍ പരാജയപ്പെട്ടത്. കുഴപ്പം ചിഹ്നത്തിന്റേതാണെന്ന അന്ധവിശ്വാസത്തെ വിശ്വാസമാക്കിക്കൊണ്ട് പാര്‍ട്ടി പിന്നെയും അവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കി പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തള്ളി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കെ. കരുണാകരന് ആഹ്വാനം ചെയ്യാന്‍ കഴിഞ്ഞത് ചിഹ്നം ടെലിവിഷന്‍ ആയിരുന്നതുകൊണ്ടാണ്.

KT JALEEL
കെ ടി ജലീല്‍ഫയല്‍ ചിത്രം
അന്‍വര്‍, ജലീല്‍...
സ്വതന്ത്രന്‍മാരെ കൂടെ നിര്‍ത്താത്ത സിപിഎം: സെബാസ്റ്റ്യന്‍ പോളിന്റെ വിചിന്തനം
സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു: വെള്ളിത്തിരയിലെ തിരയിളക്കം

എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?

സ്വന്തം സ്വാധീനത്തില്‍ കരസ്ഥമാക്കിയതാണ് തങ്ങളുടെ വിജയം എന്നു സ്വതന്ത്രര്‍ കരുതിത്തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. 1967-ലെ വി. വിശ്വനാഥമേനോന്റെ പാര്‍ട്ടി ചിഹ്നത്തിലുള്ള വിജയം മാറ്റിനിര്‍ത്തിയാല്‍ സി.പി.ഐ.എമ്മിന് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞ നാല് വിജയങ്ങള്‍ സേവ്യര്‍ അറക്കലും ഞാനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയില്‍ നേടിക്കൊടുത്തിട്ടുള്ളതാണ്. പാര്‍ട്ടി ചിഹ്നത്തില്‍ സിന്ധു ജോയിയും പി. രാജീവും മത്സരിച്ചിട്ടുണ്ടെങ്കിലും ജയിച്ചിട്ടില്ല. സമീപമണ്ഡലങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ പ്രീമിയര്‍ കോണ്‍സ്റ്റിറ്റിയുവന്‍സിയായ എറണാകുളത്തു മാത്രം പാര്‍ട്ടിയും പാര്‍ട്ടി ചിഹ്നവും എന്തുകൊണ്ട് അസ്വീകാര്യമാകുന്നു എന്ന കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം ഉണ്ടായിട്ടില്ല.

ഭേദിക്കാന്‍ കഴിയാത്ത പൊന്നാപുരം കോട്ടകളിലേക്ക് തന്ത്രപൂര്‍വ്വം നുഴഞ്ഞുകയറുന്നതിനു പാര്‍ട്ടി കൗശലത്തോടെ ഇറക്കുന്ന ട്രോജന്‍ കുതിരകളാണ് സ്വതന്ത്രര്‍. സംവഹിക്കപ്പെടുന്നില്ലെങ്കില്‍ സ്വയം ചലനശേഷിയില്ലാത്ത മരക്കുതിരകളാണവര്‍. 1952-ലെ പൊതുതെരഞ്ഞെടുപ്പില്‍ 533 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. അവരില്‍ 37 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1991-ല്‍ ഒരേയൊരു കക്ഷിരഹിതനാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പതിനെട്ടാമതു ലോക്സഭയില്‍ അവരുടെ എണ്ണം ഏഴായി. 1996-ല്‍ തമിഴ്നാട് നിയമസഭയിലെ ഒരു മണ്ഡലത്തില്‍ 1,033 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അതൊരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. എല്ലാവരും തോറ്റു എന്നു മാത്രമല്ല, 88 പേര്‍ക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല.

പാര്‍ട്ടി അവതരിപ്പിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വ്യത്യസ്തരാണ്. വിപ്പ് ഒപ്പിട്ടു കൊടുക്കാതേയും വിപ്പ് ലംഘനത്തിന്റെ ഭവിഷ്യത്ത് ഭയപ്പെടാതേയും വിപ്പ് അനുസരിക്കുന്നവരാണ് പാര്‍ട്ടിയോട് വിധേയത്വമുള്ള സ്വതന്ത്രര്‍. അവര്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗത്വമുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ അവര്‍ പങ്കെടുക്കുകയും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സി.പി.ഐ.എം എം.പി എന്ന നിലയില്‍ ലെവി എന്ന ബാധ്യതയും എനിക്കുണ്ടായിരുന്നു.

ഒരിക്കല്‍ മാത്രമാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം എനിക്ക് ലംഘിക്കേണ്ടി വന്നിട്ടുള്ളത്. യു.എ.പി.എ എന്ന കരിനിയമത്തില്‍ കൂടുതല്‍ കരി അടിക്കുന്നതിനുള്ള നിയമഭേദഗതിയുടെ വോട്ടില്‍നിന്നു വിട്ടുനിന്നതായിരുന്നു ആ സന്ദര്‍ഭം. അടിസ്ഥാനപരമായി ആ ഡ്രാക്കോണിയന്‍ നിയമത്തോടുള്ള എന്റെ നിലപാട് പാര്‍ട്ടി നിലപാടിന് അനുസൃതമായിരുന്നതിനാല്‍ പാര്‍ട്ടി അതത്ര കാര്യമായെടുത്തില്ല.

വോട്ടാക്കി മാറ്റാവുന്ന സല്‍പ്പേരല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത സ്വതന്ത്രര്‍ തങ്ങളുടെ വിജയത്തിനും നിലനില്‍പ്പിനും പാര്‍ട്ടിയെ അല്ലെങ്കില്‍ മുന്നണിയെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ടിവരും. അന്‍വര്‍ വ്യത്യസ്തനാണ്. 2011-ല്‍ ഏറനാട് നിയമസഭാമണ്ഡലത്തില്‍ സി.പി.ഐയെ തള്ളി രണ്ടാമതെത്തിയ ആളാണ് അന്‍വര്‍. 2014-ല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ സി.പി.ഐയുടെ സത്യന്‍ മൊകേരി 20,870 വോട്ടിനു തോല്‍ക്കുമ്പോള്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ 37,123 വോട്ട് പിടിച്ചിരുന്നു. ഇതിനര്‍ത്ഥം വിജയത്തിലേക്കുള്ള അവസാനത്തെ കുതിപ്പ് അന്‍വറിനു തനിയെ സാധ്യമാകില്ല എന്നാണ്. അതിനു പാര്‍ട്ടി എന്ന യന്ത്രം പൂര്‍ണ്ണസജ്ജമായി പ്രവര്‍ത്തിക്കണം. ഈ യാഥാര്‍ത്ഥ്യബോധത്തിന്റെ അപര്യാപ്തതയിലാണ് നിലാവ് കണ്ട കോഴിയെപ്പോലെ അദ്ദേഹം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇല്ലത്തിനകത്തു കടന്ന എലിക്ക് വിസ്തൃതിയില്‍ ഓടി നടക്കാം. എലിയെ കൊല്ലാന്‍ ഇല്ലം ചുടണമോ എന്നത് ഉടമസ്ഥന്റെ വിവേചനമാണ്. എലിയെ പിടിക്കാനും കൊല്ലാനും മാര്‍ഗ്ഗങ്ങള്‍ വേറേയുണ്ട്.

അന്‍വര്‍, ജലീല്‍...
സ്വതന്ത്രന്‍മാരെ കൂടെ നിര്‍ത്താത്ത സിപിഎം: സെബാസ്റ്റ്യന്‍ പോളിന്റെ വിചിന്തനം
സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ജയില്‍ അല്ല, വേണ്ടത് ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com