എസ്.എഫ്.ഐയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ നല്ലതും ശരാശരിയുമായ ഒരുപാട് സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു കണ്ടിട്ടുണ്ട്. സമ്മേളനങ്ങളില്‍ സംബന്ധിക്കുമ്പോള്‍ പരിചയമുള്ള ഗായകരായ സഖാക്കളെ പ്രോത്സാഹിപ്പിച്ച് ഇഷ്ടപ്പെട്ട വിപ്ലവഗാനങ്ങളും കവിതകളും ഞങ്ങള്‍ പാടിക്കേള്‍ക്കാറുണ്ട്. ചിത്രശില്പ പ്രദര്‍ശനങ്ങള്‍ കാണാന്‍ പലതവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. (ഇന്ത്യയിലെ പ്രഥമ ബിനാലേ-കൊച്ചി-മുസരിസ് സാധിതപ്രായമാക്കുന്നതില്‍ സീതാറാം യെച്ചൂരിയുടെ സഹായങ്ങളും മറക്കാവതല്ല). കല്‍ക്കട്ടയില്‍ വെച്ച് വിഖ്യാത സംഗീതകാരരായ സലില്‍ ചൗധരിയുമായും ഭൂപന്‍ ഹസാരികയുമായും സമയം പങ്കിടാന്‍ അപൂര്‍വ്വ അവസരം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെ തിരക്കിട്ട രാഷ്ട്രീയ പ്രവര്‍ത്തനപോരാട്ടങ്ങള്‍ക്കിടയില്‍ കലയിലും സാഹിത്യത്തിലും കായികവിനോദങ്ങളിലുമൊക്കെ താല്പര്യമെടുക്കുന്നതിന് കുറച്ചൊക്കെ സമയം നീക്കിവെയ്ക്കുന്നത് അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ ഈ ലേഖകന് നേരിട്ടറിയാവുന്ന സീതാറാം യെച്ചൂരിയുടെ ജീവിതശൈലിയും അനുഭവങ്ങളും നമുക്ക് ന്യായീകരണമാണ്.
ഇതിനൊരു മറുവശമുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന് മറ്റൊന്നിനും സമയം വീതിച്ചു നല്‍കാന്‍ കഴിയാത്ത ഒരു പ്രത്യേകതരം കര്‍ക്കശത്വം രൂപപ്പെട്ടു വന്നിട്ടുണ്ട്. അതങ്ങനെയാവാന്‍ മഹാത്മാഗാന്ധിയുടെ സന്ന്യാസസമാനമായ ജീവിതചര്യകളും ഒരു പങ്കുവഹിച്ചിട്ടുണ്ട്. ഗാന്ധിസത്തിന്റെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന 'അനുശീലന്‍ സമിതി'യുടെ പാരമ്പര്യവും സ്വാധീനവുമുള്ള പല ജനുസുകളില്‍പ്പെട്ട 'വിപ്ലവകാരികള്‍ പോലും വ്യക്തിജീവിതത്തില്‍ സമാനമായ അച്ചടക്കസംഹിതകള്‍ പരിപാലിക്കുന്നവരായിരുന്നു. നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിവാഹം തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന കാഴ്ചപ്പാടോടെ അവിവാഹിതരായി ജീവിക്കാനും അതിന്റെ ഭാഗമായി അനേകര്‍ മുതിര്‍ന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് കല ആസ്വദിക്കാനും മറ്റും സമയം മാറ്റിവെയ്ക്കുന്നത് തെറ്റാണെന്ന പൊതുബോധം പരന്നത്.
പക്ഷേ, ആധുനിക കാലത്ത്, കലയും സംസ്‌കാരവും രാഷ്ട്രീയ സമരവേദികള്‍ കൂടിയായി മാറിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാംസ്‌കാരികോന്മുഖമാകേണ്ടതിന്റെ പ്രാധാന്യം വലിയ വിശദീകരണമൊന്നും കൂടാതെ മനസ്സിലാക്കാവുന്നതാണ്. കൂട്ടത്തില്‍ കാള്‍ മാര്‍ക്‌സ്, ഫ്രെഡറിക്ക് എംഗല്‍സ്, വ്‌ലാദിമര്‍ ഇല്ലിച്ച് ലെനിന്‍, മൗസേദോങ്, ഫിദല്‍ കാസ്ട്രോ, പി.സി. ജോഷി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരന്‍ തുടങ്ങി എത്രയോ കമ്യൂണിസ്റ്റ് ആചാര്യന്മാരും നേതാക്കളും കലാസാഹിത്യ തല്പരര്‍ ആയിരുന്നു എന്ന് നമുക്കറിയാം. ഒരു കാര്യം മാത്രം, കലയിലും സാഹിത്യത്തിലുമുള്ള താല്പര്യം വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാതെ നോക്കിയാല്‍ മാത്രം മതി എന്ന അഭിപ്രായക്കാരായിരുന്നു അവര്‍.
എന്നാല്‍, ഇന്നത്തെ ലോകത്ത് കലയുടേയും സംസ്‌കാരത്തിന്റേയും സാമൂഹിക ഇടപെടല്‍ശേഷി പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. കലയും സംസ്‌കാരവും തീക്ഷ്ണമായ വര്‍ഗ്ഗസമരസ്ഥലമായി പരിണമിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സര്‍വ്വതിനേയും സാംസ്‌കാരികമായിക്കൂടി സമീപിക്കേണ്ടതുണ്ട് എന്നതിനൊപ്പം പ്രസക്തവും പ്രധാനവുമാണ് സംസ്‌കാരത്തില്‍ സര്‍ഗ്ഗാത്മകമായി ഇടപെടണമെന്നത്. ഇവിടെ സംസ്‌കാരത്തിനു കലാസാഹിത്യാദികള്‍ എന്നു മാത്രമല്ല അര്‍ത്ഥം. അതിനുമപ്പുറം ജീവിതത്തിന്റെ സര്‍വ്വമേഖലകളേയും പൂര്‍ണ്ണമായി, ആലിംഗനം ചെയ്തു നില്‍ക്കുന്ന സമഗ്രത എന്നാണ് മനസ്സിലാക്കേണ്ടത്. റയ്മണ്ട് വില്യംസിനെപ്പോലുള്ള ചിന്തകര്‍ ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുംബത്തിലും പുറത്തും നാം എങ്ങനെ ജനാധിപത്യ ജീവിതം നയിക്കുന്നു; ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, ഉല്ലാസം, വിശ്രമം ഇതൊക്കെ എങ്ങനെ ക്രമീകരിക്കുന്നു; സ്ത്രീ തുല്യത ഉറപ്പാക്കാന്‍ വീട്ടില്‍ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിക്കും അഭിപ്രായ സ്വാതന്ത്ര്യവും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ തുല്യ അവകാശവും ലഭ്യമാവുന്നുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതാണ്.
സംസ്‌കാരത്തിലെ ഇടപെടല്‍
ജീവിതത്തെ പുതുക്കുന്ന കലാവിഷ്‌കാരങ്ങളാണ് സംസ്‌കാരത്തിലെ ഇടപെടല്‍. സീതാറാം യെച്ചൂരി സാംസ്‌കാരിക മുന്നണിയുടെ പ്രധാന്യത്തെപ്പറ്റി വ്യക്തമായ വീക്ഷണം ഉണ്ടായിരുന്ന നേതാവാണ്. സാംസ്‌കാരിക ദേശീയത എന്ന പേരിലാണ് ഫാസിസ്റ്റ് ആര്‍.എസ്.എസ് തങ്ങളുടെ വര്‍ഗ്ഗീയ മതരാഷ്ട്രവാദ പദ്ധതി ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്നത് എന്ന വസ്തുത എല്ലാ സഖാക്കളുടേയും അറിവിലേയ്ക്ക് വളരെ പ്രാധാന്യത്തോടെ കൊണ്ടുവരേണ്ടതാണ്. അത്യന്തം വിധ്വംസകമായ ഈ പ്രതിലോമ രാഷ്ട്രീയ പരിപാടി ഒറ്റയൊറ്റയായി എടുക്കുമ്പോള്‍ മനുഷ്യാനുകൂലമായി വ്യാഖ്യാനിക്കാവുന്ന 'സംസ്‌കാരം', 'ദേശീയത' എന്നീ രണ്ട് ആശയങ്ങളുടെ പേരിലാണ് അവതരിപ്പിക്കപ്പെടുന്നത്. സമൂഹവിരുദ്ധവും സാംസ്‌കാര രഹിതവും ദേശവിരുദ്ധവുമായ 'മനുവാദ' 'ചാതുര്‍വര്‍ണ്യ' 'അതിസമ്പന്ന' ആധിപത്യ പദ്ധതിയാണ് ഇതുവഴി ആര്‍.എസ്.എസ് അതരിപ്പിക്കുന്നത്. സവര്‍ണ്ണാധിപത്യവും ഏകമത സ്വേച്ഛാധിപത്യവും ശതകോടീശ്വര വാഴ്ചയും ഇഴുകിച്ചേരുന്ന ഈ ഭരണക്രമം അസത്യങ്ങളെ സത്യമായി സ്വീകരിക്കാന്‍ കുത്തക മാധ്യമാധിപത്യത്തിലൂടെ സാമാന്യജനതയെ നിര്‍ബ്ബന്ധിക്കുന്നു. ഒരു വലിയ പരിധിവരെ അതിലവര്‍ വിജയിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍വ്വ ബഹുജനശക്തിയും സംഘടനാശേഷിയും സമാഹരിച്ച് ഈ ഭീകരമായ ദുരവസ്ഥയ്‌ക്കെതിരായ അതിവിശാലസമരനിര പടുത്തുയര്‍ത്തണമെന്ന സി.പി.ഐ.എം കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനുള്ള ബഹുമുഖമായ ഇടപെടലുകളാണ് സീതാറാം യെച്ചൂരിയില്‍നിന്ന് ഉണ്ടായത്. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങള്‍ ആകെയും കേന്ദ്രീകരിച്ചത് സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഈ അഭിമുഖീകരണത്തിലായിരുന്നു; പരസ്പര പോഷണത്തിലായിരുന്നു.
'സാംസ്‌കാരിക മുന്നണിയിലെ കടമകള്‍' സംബന്ധിച്ച് സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച രേഖ സംഘടനാ സംവിധാനത്തിനുള്ളില്‍ പലവട്ടം ചര്‍ച്ച ചെയ്യപ്പെടുകയും പുതുക്കി എഴുതപ്പെടുകയും ചെയ്തു. വിശദമായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് പ്രസ്തുത രേഖയുടെ ആമുഖം തയ്യാറാക്കുന്നതില്‍ സഖാവിന്റെ സംഭാവന വളരെ വലുതായിരുന്നു.
കലയേയും സംസ്‌കാരത്തേയും സംബന്ധിച്ച യാന്ത്രിക ധാരണകളെ സഖാവ് സീതാറാം എന്നും വിമര്‍ശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ കാള്‍ മാര്‍ക്‌സും ഫ്രെഡറിക്ക് എംഗല്‍സും ബല്‍സാക്കിന്റെ രചനകളേയും വി.ഐ. ലെനിന്‍ ടോള്‍സ്റ്റോയിയുടേയും പുഷ്‌കിന്റേയും രചനകളേയും സമീപിച്ച മാതൃകയാണ് സീതാറാം പിന്തുടര്‍ന്നത് എന്നു വ്യക്തമാണ്. സംഗീതത്തിന്റെ വ്യത്യസ്ത ധാരകളെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് സഖാവിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25-ന് അന്തരിച്ച വിഖ്യാത അമേരിക്കന്‍ സമരഗായകന്‍ ഹാരി ബെലഫോണ്ടേയെ അനുസ്മരിക്കാന്‍ ഡല്‍ഹിയില്‍ ഒത്തുകൂടിയ സംഗീതപ്രേമികളുടെ സംഗമത്തില്‍ യെച്ചൂരിയുടെ ആമുഖപ്രസംഗം അവിസ്മരണീയമാണ്.
കറുപ്പിന്റെ സൗന്ദര്യശാസ്ത്രം സംഗീതത്തിലൂടെ ആവിഷ്‌കരിച്ച പോള്‍റോബ്‌സണും ഹാരി ബെലഫോണ്ടേയും സംഗീതത്തിലൂടെ അനീതികള്‍ക്കെതിരായ പോരാട്ടത്തില്‍ എങ്ങനെ പങ്കെടുക്കാമെന്നു കാട്ടിത്തരികയുണ്ടായി. 'സത്യത്തിന്റെ കാവല്‍ക്കാരാണ് കലാകാരര്‍' എന്നും 'സംസ്‌കാരത്തിന്റെ സമരഭടന്മാരാണ് ഗായകര്‍' എന്നും അവര്‍ തുറന്നടിച്ച കാര്യം ആ പ്രസംഗത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി. ആര്‍തര്‍ സി. ക്ലാര്‍ക്കിന്റെ ഒരു ശാസ്ത്ര നോവലില്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയ രംഗവും യെച്ചൂരി ആ പ്രഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു വലിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒരു സംഗീതപരിപാടി അന്യഗ്രഹ ജീവികളും കേള്‍ക്കുന്നു. സിംഫണി ഓര്‍ക്കെസ്ട്രയുടെ ആവിഷ്‌കര്‍ത്താവിനു ആസ്വാദകര്‍, സംഗീതപരിപാടിയുടെ സമാപനവേളയില്‍ ഹസ്തദാനം ചെയ്യുന്നതു കണ്ട അന്യഗ്രഹജീവികളും അത് അനുകരിക്കുന്നു. എന്നിട്ട് അവരുടെ ആലോചന ആര്‍തര്‍ സി. ക്ലാര്‍ക്ക് അവതരിപ്പിക്കുന്നു. ''ഭൂമിയിലെ ഈ ജീവികളില്‍ സംഗീതം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?'' ''അത്ഭുതകരമായിരിക്കുന്നു.''
കലയുടെ അവ്യാഖ്യേയമായ തലങ്ങളും സീതാറാമിന്റെ ആ ചിന്തയില്‍ കടന്നുവരുന്നതാണ് നാം ഇവിടെ കാണുന്നത്. മുഖ്യമായും ഒരു രാഷ്ട്രീയ പോരാളിയായിരുന്നു യെച്ചൂരി. മാര്‍ക്‌സിസം-ലെനിനിസം മുറുകെപ്പിടിച്ചിരുന്ന അദ്ദേഹം അത് ഇന്ത്യന്‍ സാഹചര്യത്തില്‍ എപ്രകാരം പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് നിരന്തരമായ അന്വേഷണങ്ങള്‍ നടത്തുകയും അവ പാര്‍ട്ടിയുടെ പൊതു ധാരണയാക്കി മാറ്റാന്‍ തന്റെ സഹപ്രവര്‍ത്തകരോടൊത്ത് പണിയെടുക്കുകയും ചെയ്യുകയായിരുന്നു. സി.പി.ഐ.എമ്മിനെ കൂടുതല്‍ സ്വാധീനമുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍ത്തന്നെ, വര്‍ഗ്ഗീയ-മതരാഷ്ട്രവാദങ്ങള്‍ ഉയര്‍ത്തി ജനതയുടെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാത്തരം വിധ്വംസക ശക്തികള്‍ക്കുമെതിരെ അതിവിശാലമായ ജനകീയ സമരനിര കരുപിടിപ്പിക്കുന്ന അടിയന്തര രാഷ്ട്രീയ കടമയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തന പ്രക്ഷോഭപരിപാടികളിലാണ് സീതാറാം കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. ഇത്തരം ഇടപെടലുകള്‍ എല്ലാം സാംസ്‌കാരികമായ ഉള്ളടക്കമുള്ള ഒരു പ്രവര്‍ത്തനമായിരിക്കണം എന്നും സഖാവ് സൂക്ഷ്മമായി തിരിച്ചറിയുകയുണ്ടായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക