ഈ രണ്ട് ചിത്രങ്ങളും സീതാറാമിന്റെ മരണവും തമ്മില്‍

രണ്ടു ചിത്രങ്ങളെ ആസ്പദമാക്കിയുള്ള സീതാറാം വിചാരങ്ങള്‍
ഈ രണ്ട് ചിത്രങ്ങളും സീതാറാമിന്റെ മരണവും തമ്മില്‍
Published on
Updated on

അപ്രസക്തമായ ഒരു ന്യൂനപക്ഷത്തിനുവേണ്ടിയുള്ള ജനാധിപത്യം, സമ്പന്നര്‍ക്കുവേണ്ടിയുള്ള ജനാധിപത്യം, അതാണ് മുതലാളിത്ത സമൂഹത്തിലെ ജനാധിപത്യം'': ലെനിന്‍

(The State and Revolution, 1917)

എട്ടു വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിന്റെ മറ്റൊരു പോരാട്ടമുഖത്തിരുന്ന് മറ്റൊരാള്‍ എഴുതി:

മനുഷ്യന്റെ ഏഴു പാപങ്ങള്‍: 1. പണി ചെയ്യാതെ നേടുന്ന സമ്പത്ത് 2. മനസ്സാക്ഷിയില്ലാത്ത ആഹ്ലാദം 3. സ്വഭാവമേന്മയില്ലാതെ നേടുന്ന അറിവ് 4. ധാര്‍മ്മികതയില്ലാത്ത വ്യവഹാരം 5. മാനവികതയില്ലാത്ത ശാസ്ത്രം 6. ത്യാഗമില്ലാത്ത മതവിശ്വാസം 7. സത്യാടിസ്ഥാനത്തിലല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം.

(ഗാന്ധി: യങ്ങ് ഇന്ത്യ. 25 ഒക്ടോബര്‍ 1925)

മാര്‍ക്‌സിനെക്കാള്‍, ലെനിനെക്കാള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഗാന്ധിയെക്കുറിച്ചു സംസാരിക്കുന്ന ഒരുകാലത്താണ് സീതാറാം യെച്ചൂരി വിടവാങ്ങിയത്. ഈ ഉള്ളടക്കമാറ്റം ഏറ്റവും കൂടുതല്‍ സ്വാംശീകരിച്ച ഒരാളായിരുന്നുതാനും അദ്ദേഹം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ പരിണാമത്തിലെ ഒരു സവിശേഷഘട്ടത്തിലാണ് ആ ഗൗരവം മനസ്സിലാക്കിയിരുന്ന നേതാവ് അകാലത്തില്‍ മരിച്ചത്. മറ്റൊന്നുകൂടിയുണ്ട്. പുതിയ ഇന്ത്യന്‍ സാഹചര്യത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളില്‍ സീതാറാം യെച്ചൂരി എന്ന വ്യക്തിയായിരുന്നു സി.പി.ഐ.എം എന്ന പാര്‍ട്ടിയെക്കാള്‍ സമീപകാലങ്ങളില്‍ ഹിന്ദു ദേശീയതാമുന്നേറ്റത്തെ ചെറുക്കുന്ന ദേശീയ മുന്നണികളില്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടു പോന്നത്. പാര്‍ട്ടിയില്‍നിന്നും വേറിട്ട് സീതാറാം യെച്ചൂരിയെ കാണുകയല്ല ഞാന്‍ ചെയ്യുന്നത്. അങ്ങനെ കരുതരുത്. ദുര്‍ബ്ബലമായിപ്പോയ പാര്‍ട്ടിയുടെ ദുര്‍ബ്ബലമാകാതിരുന്ന വകതിരിവായിരുന്നു സീതാറാം. ലെനിന്‍ തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ, 'വ്യക്തിവിപ്ലവകാരി'കളെ അപ്രധാനമായി കരുതരുതെന്നും അവരുടെ സംഭാവനകള്‍ വലുതാണെന്നും.

രണ്ടു ചിത്രങ്ങളെ ആസ്പദമാക്കിയാണ് സീതാറാം വിചാരങ്ങളെ ഞാന്‍ ഇവിടെ ക്രോഡീകരിക്കുന്നത്.

ഒന്ന്: അദ്ദേഹത്തിന്റെ മരണശേഷം ഒരു പാലക്കാടന്‍ നെല്‍പ്പാടത്തുനിന്നും ഒരു സുഹൃത്ത് അയച്ചുതന്ന ചിത്രം. വയല്‍വരമ്പത്ത് പാതി താഴ്ത്തിക്കെട്ടിയ സി.പി.ഐ.എം പതാക.

രണ്ട്: സീതാറാമിന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന ഒരു വടക്കേയിന്ത്യന്‍ ഗ്രാമചിത്രം.

ചിത്രം ഒന്ന് :

പാതി താഴ്ത്തിയ കൊടി ഒരു ഔപചാരികതയല്ല ഇവിടെ, വലിയ സൂചകമാണ്. സീതാറാമിന്റെ വിയോഗത്തോടെ സി.പി.ഐ.എമ്മിന്റെ കേന്ദ്രനേതൃസ്ഥാനത്ത് ഉണ്ടായിരിക്കുന്ന വിടവ് ആ പാര്‍ട്ടി എങ്ങനെ പരിഹരിക്കുമെന്നു കണ്ടറിയേണ്ട കാര്യമാണ്. അതിനുള്ള ശേഷി ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടാകട്ടെ. കഴിഞ്ഞ നാലു പതിറ്റാണ്ടുകളില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ സാന്നിദ്ധ്യമറിയിച്ചിരുന്ന മുഖ്യയിടങ്ങളില്‍ കേരളമൊഴിച്ച് മറ്റൊരിടത്തുനിന്നും ആരും ഡല്‍ഹിയിലേയ്ക്ക് ജയിച്ചു വരാറില്ല. പുതിയ ലോക് സഭയിലാകട്ടെ, നാലംഗങ്ങള്‍ ഉള്ളതില്‍ നാലില്‍ മൂന്ന് അംഗങ്ങളേയും ലഭിച്ചത് ഇടതുപക്ഷേതര പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ളിടങ്ങളില്‍ സഖ്യകക്ഷിയായി നിന്നതിനാലാണ്. ഈ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് പാലക്കാട്ടെ താഴ്ത്തിക്കെട്ടിയ കൊടിയെ ഞാനൊരു സൂചകചിഹ്നമായി എടുക്കുന്നത്. ചിഹ്നങ്ങളില്‍നിന്നും പഠിക്കേണ്ടതുണ്ട്. കേരളത്തിലെ സി.പി.ഐ.എമ്മിന്റെ വിപല്‍ദിശകളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സീതാറാമിനും കഴിഞ്ഞില്ല എന്നുണ്ടോ? എനിക്കറിയില്ല. അതെന്തായാലും സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്ന കാലമാണിത്. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വര്‍ഗ്ഗരാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളോളം പ്രത്യയശാസ്ത്ര വിദ്യാഭ്യാസം ലഭിച്ച ആയിരക്കണക്കിന് അംഗങ്ങള്‍ ആ സംഘടനയ്ക്കുള്ളില്‍ ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് പലവിധേന ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന നേതൃത്വത്തിനെതിരെ തിരുത്തല്‍ ശക്തിയാകാനുള്ള ശേഷി കീഴ്ഘടകങ്ങള്‍ക്ക് ഇല്ലാതാകുന്നു എന്നത് സീതാറാം യെച്ചൂരിയുടെ വിയോഗവേളയില്‍ അവര്‍ സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ടതാണ്, പ്രവര്‍ത്തിക്കേണ്ടതാണ്. ജനാധിപത്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ് പാര്‍ട്ടി സമ്പ്രദായം മുകളില്‍നിന്നുള്ള സ്വേച്ഛാഭരണമാകാനുള്ള സാധ്യതയെക്കുറിച്ച് ലോകമാകമാനം കമ്യൂണിസ്റ്റുകള്‍ തന്നെ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ കേരളത്തില്‍ വീണ്ടും വായിക്കേണ്ടതാണ്, പ്രത്യേകിച്ച് പാര്‍ട്ടി പ്രാദേശിക സമ്മേളനങ്ങള്‍ നടക്കുന്ന ഈ സമയത്ത്. തെറ്റ് തിരിച്ചറിയുകയും എന്നാല്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് 'മൗനത്തിന്റെ ശമ്പളം മരണമാണ്' എന്നു പറയാറുള്ളത്.

''ഒന്നും സംഭവിക്കാതിരിക്കുന്ന പല ദശകങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ചുരുക്കം ആഴ്ചകള്‍ക്കുള്ളില്‍ ഭാവിയിലെ പല ദശകങ്ങള്‍ സംഭവിക്കാവുന്നതേയുള്ളൂതാനും'' -ലെനിന്‍.

ചിത്രം : രണ്ട്

സീതാറാമിന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന ഒരു സംഘം ഉത്തരേന്ത്യന്‍ കര്‍ഷകരുടേതാണ് ഈ ചിത്രം. അടുത്തകാലത്ത് ഇന്ത്യയില്‍ ഇടതുപക്ഷം ശക്തമായി പങ്കെടുത്ത ബഹുജന പ്രക്ഷോഭങ്ങളില്‍ ഒന്ന് കര്‍ഷക പ്രക്ഷോഭമായിരുന്നു. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍നിന്നും വന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടേയും കര്‍ഷകരുടേയും മുദ്രാവാക്യങ്ങളാല്‍ സീതാറാമിന്റെ അന്ത്യയാത്ര മുഖരിതമായിരുന്നു. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജനാധിപത്യ കേന്ദ്രീകരണം ശക്തമായും കാര്യക്ഷമമായും നിലനില്‍ക്കണമെങ്കില്‍ പ്രാദേശിക ഘടകങ്ങള്‍ അതാതു പ്രദേശങ്ങളില്‍ നടത്തുന്ന ബഹുജന പ്രക്ഷോഭങ്ങള്‍ മൂലം മാത്രമേ കഴിയൂ എന്ന് ലെനിന്‍ പറഞ്ഞിട്ടുള്ളതാണ്. കര്‍ഷക പ്രക്ഷോഭം ഇന്ത്യന്‍ ഇടതുപക്ഷത്തിനു നല്‍കുന്ന അനുഭവപാഠവും അതുതന്നെയാണ്. ഹരിയാന നിയമസഭയിലേയ്ക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ഒരു സീറ്റ് ജയിക്കാന്‍ സാധിച്ചാല്‍ അതിനുള്ള രണ്ടു കാരണങ്ങളില്‍ ഒന്ന് കര്‍ഷക സമരത്തിലെ പങ്കാളിത്തമാണ്. രണ്ടാമത്തെ കാരണം അവിടെയുണ്ടായിട്ടുള്ള രാഷ്ട്രീയ സഖ്യമാണ്. കോണ്‍ഗ്രസ് ഒരു സീറ്റ് സി.പി.ഐ.എമ്മിനു വിട്ടുകൊടുക്കാനുള്ള കാരണം വലിയ ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷക മേഖലകളില്‍ പാര്‍ട്ടി ഉണ്ടാക്കിയ വേരോട്ടമാണ്. കേരളത്തില്‍നിന്നും ഇടതുപക്ഷത്തിന് ഒരു എം.പിയെ മാത്രം ജയിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ കര്‍ഷക സമരമേഖലയില്‍നിന്നും രാജസ്ഥാനിലെ ജനത കോണ്‍ഗ്രസ് പിന്തുണയോടെ ഒരു സി.പി.ഐ.എം നേതാവിനെ ജയിപ്പിച്ചതും ഇപ്പറഞ്ഞ വാദഗതിയില്‍ കാണേണ്ടതാണ്. കഴിഞ്ഞ കുറേക്കാലങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കിയാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏതെങ്കിലും പ്രാദേശിക ബഹുജന സമരങ്ങള്‍ ഉണ്ടോ? എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഏതെങ്കിലും പുതിയ ജനവിഭാഗങ്ങള്‍ പുതുതായി പാര്‍ട്ടിയിലേയ്ക്ക് വന്നോ? ഹിന്ദു ദേശീയതാരാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം നടത്തുന്ന പ്രചാരണങ്ങള്‍പോലും കേരളത്തിലെ മുസ്ലിങ്ങളില്‍ വലിയ ഒരു വിഭാഗത്തിന് ഒരടവുനയം മാത്രമായി തോന്നിയതുകൊണ്ടുകൂടിയല്ലേ അവര്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ പ്രസക്തിക്കൊപ്പം നിന്നതും തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വലിയ തിരിച്ചടി നേരിട്ടതും?

എന്നാല്‍, ദേശീയ തലത്തിലോ? ഹിന്ദു ഫാഷിസത്തിന്റെ ഭീഷണിക്കെതിരെയുള്ള അഖിലേന്ത്യാ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ സീതാറാം യെച്ചൂരിയുടെ പങ്ക് വളരെ വലുതായിരുന്നു. ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എത്രമാത്രം വിശ്വാസത്തോടുകൂടിയാണ് സീതാറാമിന്റെ അഭിപ്രായങ്ങള്‍ സുപ്രധാന തീരുമാനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരുന്നത് എന്ന്.

ഇന്ത്യാ മുന്നണിയിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധവും സ്വാതന്ത്ര്യവുമുള്ള ഒരേയൊരു സി.പി.ഐ.എം നേതാവാണ് യെച്ചൂരിയുടെ മരണത്തോടെ ഇല്ലാതായിരിക്കുന്നത്. പ്രളയകാലത്ത് ഒരേയൊരു പാലം തകര്‍ന്നു വീഴുമ്പോലെയുള്ള ഒരു കാര്യമാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇനി ആര് അമരത്തു വന്നാലും ദേശീയ രാഷ്ട്രീയത്തില്‍ സി.പി.ഐ.എം എടുത്തുപോരുന്ന നിലപാട്, യെച്ചൂരിയുടെ മൂല്യങ്ങളോടെ, മുന്നണിയില്‍ വിവിധ നേതാക്കളോടും പാര്‍ട്ടികളോടും പാലിച്ച അതേ ഐക്യദാര്‍ഢ്യത്തോടെ പിന്തുടര്‍ന്നിരുന്നെകില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. (രണ്ടാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ 2008-ല്‍ സി.പി.ഐ.എം തീരുമാനിച്ചപ്പോള്‍ അതിനെതിരെ പാര്‍ട്ടിയില്‍ സീതാറാം നിലപാടെടുത്തിരുന്നു എന്നാണ് അക്കാലത്ത് അറിയാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചിലരെങ്കിലും അഭിപ്രായപ്പെടുന്നത് നേരത്തെതന്നെ യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആകേണ്ടതായിരുന്നു എന്ന്. എങ്കിലുകള്‍ക്കു ചരിത്രത്തില്‍ സ്ഥാനമില്ലാത്തതിനാല്‍ ആ വാദം ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു).

ഇനി ആദ്യം നല്‍കിയിരിക്കുന്ന രണ്ട് ഉദ്ധരണികളിലേയ്ക്ക് പോകാം. ഒന്ന് ലെനിന്റേത്. രണ്ട് ഗാന്ധിയുടേത്. ആ ഉദ്ധരണികളില്‍ രണ്ടു പേരും പറഞ്ഞ കാര്യങ്ങള്‍ ചേരുംപടി നില്‍ക്കുന്ന ഇന്ത്യന്‍ ചരിത്ര സന്ദിഗ്ദ്ധതയിലാണ് രണ്ടു പേരേയും മനസ്സിലാക്കിയ സീതാറാം വിടവാങ്ങിയത്. ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ ദുര്‍ബ്ബലമാകാതിരുന്ന വകതിരിവായിരുന്നു സീതാറാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com