
ഇളം മഞ്ഞിന്‍കുളിരു'മായി വന്ന പാട്ടുകളായിരുന്നു മങ്കൊമ്പിന്റേത്. 'താലിപ്പൂ, പീലിപ്പൂ' നുള്ളിയും 'ജീവിതം ഒരുപാരവാര'മാണെന്നു കാണിച്ചുകൊണ്ടും 'ഇവിടമാണ് ഈശ്വരസന്നിധാനം' എന്നു പ്രതിധ്വനിപ്പിച്ചും ആ ഗാനങ്ങള്‍ മലയാളിയുടെ സംഗീതധ്യാനങ്ങളെ കഴിഞ്ഞ അഞ്ചുദശകങ്ങളായി നിറച്ചുകൊണ്ടിരുന്നു. വയലാറും പി. ഭാസ്‌കരനും ശ്രീകുമാരന്‍തമ്പിയും ഗാനരചനാലോകം അടക്കിവാഴുന്ന കാലത്താണ് മങ്കൊമ്പ് 'നാടന്‍പാട്ടിന്റെ മടിശ്ശീല'യില്‍ ഒരുപിടി ഗാനങ്ങള്‍ നിക്ഷേപിച്ച് തന്റെയിടം ഉറപ്പിച്ചത്. 'ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും' മലയാളിയുടെ ഗാനഭാവുകത്വത്തിലേക്ക് 'സുന്ദരലിപി'കളായും 'നൊമ്പരകൃതി'കളുമായും ചേര്‍ന്നുകിടക്കുന്നു. മലയാളികളുടെ സന്ധ്യകളെ 'ലക്ഷാര്‍ച്ചന കണ്ട് മടങ്ങു'ന്നേരം അവ പ്രണയസുരഭിലമാക്കി. 'തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു തൊഴിലാളി'യുടെ വര്‍ഗബോധം ആത്മാഭിമാനത്തോടെ മലയാളഗാനശാഖയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ഏകാന്തമായ ബാല്യമാണ് മങ്കൊമ്പ് ഗോപാലകൃഷ്ണനെ എഴുത്തുകാരനാക്കിയത്. അമ്മ മരിച്ചതോടെ നിശ്ശബ്ദത മൂടിയ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛന്‍ ലൈബ്രേറിയനായതിനാല്‍ വീട്ടില്‍ നിരവധി പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നു. അതുകൊണ്ട് ബാല്യകാലം മുതല്‍ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ചങ്ങാതിമാരായി. ചിലതൊന്നും മനസ്സിലായില്ലെങ്കിലും എല്ലാം വായിക്കും. അതായിരുന്നു കൊച്ചുഗോപാലകൃഷ്ണന്റെ ആവേശം! നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു മത്സരത്തിന് കവിത അയച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്നാം സമ്മാനം കിട്ടി. അച്ഛന് വല്യ മതിപ്പൊന്നുമുണ്ടായിരുന്നില്ല. അച്ഛന്‍ കരുതിയത് മങ്കൊമ്പ് ഇത് എവിടെനിന്നെങ്കിലും മോഷ്ടിച്ച് എഴുതിയതാണെന്നാണ്. ഒടുവില്‍ പത്രത്തില്‍ ഫോട്ടോ വന്നതിനു പിന്നാലെയാണ് അച്ഛന് തന്നിലെ 'എഴുത്തുകാര'നെ വിശ്വാസമായതെന്ന് മങ്കൊമ്പ് പറഞ്ഞിട്ടുണ്ട്.
പതിനഞ്ചാം വയസ്സില്‍ മങ്കൊമ്പ് പരപ്രേരണയൊന്നുമില്ലാതെ ഒരു പുസ്തക നിരൂപണം എഴുതി. അത് ഗ്രന്ഥശാലാസംഘത്തിന്റെ മുഖപ്രസിദ്ധീകരണമായ 'ഗ്രന്ഥാലോക'ത്തിന് അയച്ചുകൊടുത്തു, അധികം വൈകാതെത്തന്നെ അത് അച്ചടിമഷി പുരണ്ടു. അന്ന് അതിന് ഏഴുരൂപയാണ് പ്രതിഫലമായി കിട്ടിയത്. സ്‌കൂളിലേക്ക് മണിയോര്‍ഡര്‍ വന്നതോടെ സ്‌കൂളിലും കൊച്ചുമങ്കൊമ്പ് അറിയപ്പെടുന്ന എഴുത്തുകാരനായി. തകഴി ശിവശങ്കരപ്പിള്ള അച്ഛന്റെ അടുത്ത സുഹൃത്തായതിനാല്‍ ആദ്യകാലത്ത് എഴുതിയതെല്ലാം അദ്ദേഹത്തെ കാണിക്കാന്‍ കഴിഞ്ഞത് വല്യ ഉത്സാഹം പകര്‍ന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനവും തന്നിലെ എഴുത്തുകാരനെ കണ്ടെത്തുന്നതിന് സഹായകമായെന്ന് മങ്കൊമ്പ് ഓര്‍ക്കുന്നു.
'പി.എന്‍. പണിക്കരുമായുള്ള അച്ഛന്റെ ആത്മബന്ധം മനസ്സിലാക്കിയതോടെ ഗ്രന്ഥാലോകത്തില്‍ ഒരു ജോലിക്ക് അവസരമുണ്ടോ എന്ന് അന്വേഷിക്കാതിരുന്നില്ല. പണിക്കര്‍ സാര്‍ വരാന്‍ പറഞ്ഞു. അങ്ങനെ ഏറെ നാള്കഴിഞ്ഞ് അദ്ദേഹം 'ഗ്രന്ഥാലോകം' മാസികയുടെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കം എഡിറ്ററായി മങ്കൊമ്പിനെ നിയമിച്ചു. എഴുത്തുകാരുടെ ലേഖനം വാങ്ങല്‍, അതിന്റെ പ്രൂഫ് നോക്കല്‍, വായിച്ചുതിരുത്തല്‍ എന്നീ ജോലികള്‍ ആസ്വദിച്ചാണ് ചെയ്തത്. കേരളത്തിലെ മിക്ക എഴുത്തുകാരേയും പരിചയപ്പെടാനുള്ള വഴിയാണ് അത് തുറന്നത്. 'ഗ്രന്ഥാലോക'ത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്റെ ലേഖനം ആദ്യമായി അച്ചടിച്ചുവന്നത്. എന്‍.വി. കൃഷ്ണവാര്യരാണ് അന്ന് പത്രാധിപര്‍. 'എങ്ങനെ നോവല്‍ എഴുതാം' എന്നതായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
മദ്രാസിലേക്കുള്ള വഴി
വയലാറിന്റെ പാട്ടുകള്‍ കേട്ടാണ് സിനിമാപ്പാട്ടെഴുത്തുകാരനാകണമെന്ന മോഹം ഉണ്ടായതെന്ന് മങ്കൊമ്പ് പറഞ്ഞിട്ടുണ്ട്. അതൊരു മോഹിപ്പിക്കുന്ന ഭൂമികയാണ്! സിനിമാസ്വപ്നം സാധ്യമാകണമെങ്കില്‍ മദ്രാസില്‍ എത്തണമെന്ന ധാരണ അന്ന് ശക്തമാണ്. അങ്ങനെയിരിക്കുമ്പോഴാണ് മദ്രാസില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'അന്വേഷണം' മാസികയുടെ ചുമതല ഏറ്റെടുക്കാന്‍ താല്പര്യമുണ്ടോയെന്ന് കവി അയ്യപ്പപ്പണിക്കര്‍ മങ്കൊമ്പിനോട് ചോദിക്കുന്നത്. അവിടെയും 'ഗ്രന്ഥാലോക'ത്തിലെ അതേ പണിയാണ് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം അച്ഛനറിയാതെ മദ്രാസിലേക്ക് വണ്ടി കയറി. അന്നാണ് ആദ്യമായി എം. ഗോവിന്ദനെ കണ്ടതെന്ന് മങ്കൊമ്പ് ഓര്‍ത്തു.
മദ്രാസില്‍ ചെന്ന് സിനിമയ്ക്ക് പാട്ടെഴുതാന്‍ ശ്രമിക്കുമ്പോഴാണ് അത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് മങ്കൊമ്പിന് ബോധ്യമായത്. അന്ന് സിനിമയിലേക്ക് പുതിയൊരു നായകന്‍, ഗായകന്‍, പാട്ടെഴുത്തുകാരന്‍ തുടങ്ങിയവര്‍ ആദ്യമായി കടന്നുവരികയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ആ രംഗത്ത് പരിചയമുള്ളവരെ വെച്ചുകൊണ്ട് തുടരുക എന്ന രീതിയായിരുന്നു സിനിമാക്കാരുടേത്. ഒരു സിനിമയില്‍ നാലു പാട്ടുകളാണ് ഉള്ളതെങ്കില്‍ നാലും യേശുദാസ് പാടുകയെന്നതാണ് ചട്ടം. അതില്‍നിന്ന് വീണുകിട്ടുന്ന ചില അവസരം ജയചന്ദ്രന് ലഭിച്ചിരുന്നു. ആരെങ്കിലും താല്പര്യപൂര്‍വം പാടിച്ചാല്‍ ബ്രഹ്മാനന്ദനും അവസരം കിട്ടും. അതുപോലെയായിരുന്നു ഗാനരചനയുടെ കാര്യവും. പാട്ടുകള്‍ വയലാറിനും പി. ഭാസ്‌കരനും ഏതാണ്ട് തുല്യമായി വീതംവയ്ക്കും. കുറച്ചുപാട്ടുകള്‍ ശ്രീകുമാരന്‍തമ്പിക്കും കിട്ടും. അന്ന് ചുരുക്കം ചില പാട്ടുകള്‍ യൂസഫലിക്കും ഒ.എന്‍.വിക്കും! ആ സമയത്താണ് പുതുമുഖക്കാരനായ മങ്കൊമ്പിന്റെ കടന്നുവരവ്. പുതിയ പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹം പാട്ട് എഴുതി തുടങ്ങുമ്പോഴെ ഉണ്ടായിരുന്നതായി മങ്കൊമ്പ് പറയുന്നു.
മദ്രാസില്‍വച്ച് യാദൃച്ഛികമായി കെ.പി.എസിയുടെ ഒരുകാലത്തെ ശക്തികേന്ദ്രങ്ങളില്‍ ഒരാളായ സി.ജി. ഗോപിനാഥിനെ കണ്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ നാടകക്കമ്പനിക്ക് മുന്‍പത്തെ വര്‍ഷം പാട്ടെഴുതാന്‍ മങ്കൊമ്പിനെ ക്ഷണിച്ചിരുന്നു. ആ നാടകത്തില്‍ ബാബുരാജ് ഈണം നല്‍കിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ''എന്താ ഇവിടെ?'' എന്ന് സി.ജി. മങ്കൊമ്പിനോട് ചോദിച്ചു. മോഹന്‍ഗാന്ധി റാമിന്റെ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതാന്‍ വന്നതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഒപ്പം, മറ്റ് സിനിമകള്‍ക്ക് പാട്ടെഴുതാനും ശ്രമിക്കുന്നു എന്ന് മങ്കൊമ്പ് മനസ്സുതുറന്നു. ''ലെയ്റ്റ് ആയിപ്പോയല്ലോ!'' എന്നാലും നോക്കാമെന്നായി സി.ജി. ''ഞങ്ങള്‍ ചെയ്യുന്ന സിനിമയില്‍ അഞ്ച് പാട്ടുണ്ട്. രണ്ടെണ്ണം വയലാറും രണ്ടെണ്ണം പി. ഭാസ്‌കരനും! ഒന്ന് നീയും ചെയ്തോ'' എന്ന് സി.ജി ഉദാരനായി. അങ്ങനെ 'വിമോചനസമരം' എന്ന ചിത്രത്തിലൂടെ മങ്കൊമ്പ് ആദ്യമായി സിനിമപ്പാട്ടെഴുത്തുകാരനായി. എം.ബി. ശ്രീനിവാസനായിരുന്നു സംഗീതസംവിധായകന്‍. പി. ലീലയും എസ്. ജാനകിയും ചേര്‍ന്ന് പാടിയ 'പ്രപഞ്ച ഹൃദയവിപഞ്ചിയില്‍ ഉണരും പ്രണവസംഗീതം ഞാന്‍' എന്നതായിരുന്നു ആ ഗാനം.
രണ്ടാമത്തെ സിനിമയ്ക്ക് പാട്ടെഴുതാന്‍ അവസരമുണ്ടായത് പ്രശസ്ത ഗായകന്‍ ഉദയഭാനുവിന്റെ സഹോദരന്‍ ചന്ദ്രമോഹന്‍ വഴിയാണ്. മദ്രാസില്‍ 'അന്വേഷണം' മാസികയില്‍ ജോലി ചെയ്യുമ്പോള്‍ രണ്ടുപേരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ഒരുദിവസം ചന്ദ്രമോഹന്‍ മങ്കൊമ്പിനോട് പറഞ്ഞു: ''എന്റെ സുഹൃത്ത് മാത്യൂസ് ഒരു പടം ചെയ്യുന്നുണ്ട്, 'കൂട്ടുകാരി' എന്നാണ് പേര്. അതിന്റെ കഥയും തിരക്കഥയും സംവിധാനവും മാത്യൂസ് തന്നെയാണ്. അതില്‍ നീ ഒരു പാട്ടെഴുതണം.'' പാട്ട് എഴുതേണ്ട സിറ്റ്വേഷന്‍ മാത്യൂസ് മങ്കൊമ്പിനു പറഞ്ഞുകൊടുത്തു. വളരെ പെട്ടെന്നുതന്നെ അദ്ദേഹം ഒരു ഗാനം എഴുതി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കയ്യില്‍കൊടുത്തു. ''ഇത് അവിടെ ഇരിക്കട്ടെ!'' നമുക്ക് രണ്ടാമത്തെ പാട്ട് എഴുതാമെന്നായി മൂര്‍ത്തി. അത് ഒരു ക്ലാസ്സിക്കല്‍ രീതിയിലുള്ള ഗാനമായിരുന്നു. മൂര്‍ത്തിയുടെ സംഗീതത്തിന് അനുസരിച്ച് നാലുവരി എഴുതിക്കൊടുത്തതോടെ ചിത്രത്തിലെ പാട്ടുകളെല്ലാം മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ തന്നെ എഴുതിയാല്‍ മതിയെന്ന സ്ഥിതിയായി. ആദ്യപാട്ടിന് പ്രതിഫലം ലഭിക്കുമെന്ന് കരുതിയില്ലെങ്കിലും നിര്‍മാതാവ് നൂറ് രൂപ പ്രതിഫലമായി തന്നതായും മങ്കൊമ്പ് പറയുന്നു. രണ്ടാമത്തെ ചിത്രത്തിലെ പാട്ടിന് അഞ്ഞൂറ് രൂപ വീതം ലഭിച്ചു.
ഹരിഹരനുമായുള്ള സൗഹൃദം
സ്വന്തം നാട്ടുകാരനായിരുന്നെങ്കിലും മദ്രാസിലെ ഒരു പരിപാടിയില്‍ വച്ചാണ് ആദ്യമായി ആലപ്പി ഷെരീഫിനെ മങ്കൊമ്പ് കാണുന്നത്. ഷെരീഫിന്റെ അടുത്ത സുഹൃത്താണ് ഐ.വി. ശശി. അന്ന് ചിത്രരചനയായിരുന്നു ശശി ചെയ്തുകൊണ്ടിരുന്നത്. 'അന്വേഷണം' മാസികയില്‍ ശശിയെക്കൊണ്ട് വരപ്പിച്ചിരുന്നതായും അദ്ദേഹം ഓര്‍ത്തു. ശശിയാണ് ഹരിഹരനെ മങ്കൊമ്പിനു പരിചയപ്പെടുത്തുന്നത്. ആ സമയത്ത്. സംവിധായകന്‍ പി.എന്‍. മേനോനുമായി നല്ല അടുപ്പമായിരുന്നു. ഒരു നിര്‍ണായക ഘട്ടത്തില്‍ മേനോന്‍ ഒരു സിനിമയുടെ കഥ പറഞ്ഞ്, അതിന്റെ തിരക്കഥയും പാട്ടും എഴുതാന്‍ മങ്കൊമ്പിനോട് ആവശ്യപ്പെടുകയായിരുന്നു. അത് യഥാസമയം അദ്ദേഹം എഴുതിക്കൊടുക്കുകയും ചെയ്തു.
അതിനിടെയാണ് മറ്റൊരു ഭാഷയിലെ സിനിമയിലേക്ക് ഒരു പുതിയ സംവിധായകനെ ആവശ്യമുണ്ടെന്ന് മേനോന്‍ മങ്കൊമ്പിനോട് പറയുന്നത്. മങ്കൊമ്പ് ഹരിഹരന്റെ പേരാണ് നിര്‍ദേശിച്ചത്. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ മുറിയിലെത്തിയ മങ്കൊമ്പ് ഇക്കാര്യം റൂംമേറ്റായ ശശിയോട് പറഞ്ഞു. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാനായില്ല. അതോടെ ഏറെ നാള്‍ ശശി പിണങ്ങിയിരുന്നെന്നും മങ്കൊമ്പ് ഓര്‍ക്കുന്നു. മങ്കൊമ്പ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ പേര് 'കനകക്കുന്ന്' എന്നായിരുന്നു. എന്നാല്‍ ആ ചിത്രം പുറത്തുവന്നില്ല.
1974-ലാണ് ഹരിഹരനുമൊത്ത് 'അയലത്തെ സുന്ദരി' എന്ന ചിത്രം മങ്കൊമ്പ് ചെയ്യുന്നത്. അതില്‍ അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം വന്‍ഹിറ്റായി. ശങ്കര്‍-ഗണേഷ് ആയിരുന്നു സംഗീത സംവിധാനം. ''ആ സിനിമയിലൂടെയാണ് ഒരു ഗാനരചയിതാവ് എന്ന നിലയില്‍ എന്റെ സമുചിതമായ പിറവി'' എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 26 സിനിമയില്‍ ഹരിഹരനൊപ്പവും മൂന്ന് സിനിമകളില്‍ ഐ.വി. ശശിക്കൊപ്പവും മങ്കൊമ്പ് ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിഹരനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് സിനിമാജീവതത്തിലെ തന്റെ വലിയ അനുഗ്രഹവും ആനന്ദവുമെന്ന് അദ്ദേഹം പറയുന്നു.
പാട്ടെഴുത്തില്‍ നവഭാവുകത്വം കൊണ്ടുവരാന്‍ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. വയലാറും ഭാസ്‌കരന്‍ മാഷും ശ്രീകുമാരന്‍തമ്പിയും ഒ.എന്‍.വിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നിടത്ത് വേറിട്ട് നില്‍ക്കണമെങ്കില്‍ ഇതുവരെ ആരും എഴുതാത്ത വാക്കുകളില്‍ പാട്ടുതുടങ്ങണമെന്ന വിദ്യ പ്രയോഗിച്ചത്. അങ്ങനെയാണ് 'ലക്ഷാര്‍ച്ചന', 'ത്രയംബകം', 'സ്യമന്തപഞ്ചകം', 'രത്‌നാകരം' എന്നീ വാക്കുകള്‍ ഉപയോഗിച്ചത്. 'ത്രയംബകം' എന്ന വാക്കുവച്ച് തുടങ്ങുന്ന പാട്ട് ഏതെങ്കിലും മലയാളി സംഗീതസംവിധായകരാണെങ്കില്‍ ആ വാക്കുകള്‍ മാറ്റാന്‍ ആവശ്യപ്പെടുമായിരുന്നെന്നും മങ്കൊമ്പ് ഓര്‍ത്തെടുക്കുന്നുണ്ട്. തമിഴ്നാട്ടുകാരായ ശങ്കര്‍-ഗണേഷിന് ആ വാക്കില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. അവര്‍ കല്യാണിരാഗത്തില്‍ പാട്ട് ചിട്ടപ്പെടുത്തി. ആ ഗാനത്തിനായി ഗിറ്റാര്‍ വായിച്ചത് ഇളയരാജയായിരുന്നു. ഇടക്കാലത്ത് ഹരിഹരനുമായുള്ള ബന്ധം അകന്നതുകൊണ്ടാണ് 'വടക്കന്‍വീരഗാഥ'യിലും മറ്റും പാട്ട് എഴുതാന്‍ കഴിയാതെപോയത്. 'വടക്കന്‍വീരഗാഥ'യിലെ പാട്ടെഴുതാനായിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 'മയൂഖം' എന്ന സിനിമയിലാണ് വീണ്ടും രണ്ടു ഗാനങ്ങള്‍ എഴുതിയത്.
ദേവരാജന്‍മാസ്റ്ററെന്ന 'വെണ്ണിലാവ്'
തന്റെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത് എം.എസ്. വിശ്വനാഥനാണെന്ന് മങ്കൊമ്പ്. എണ്ണമറ്റ ഹിറ്റുകളും ഇക്കൂട്ടത്തില്‍ പിറന്നു. ദേവരാജന്‍ മാഷുമൊത്ത് ഇരുപതോളം ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് മങ്കൊമ്പ് കണ്ടത്. പാട്ടിന് നിശ്ചിതമായ ചില തലങ്ങളുണ്ടെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളായിരുന്നു ദേവരാജന്‍ മാഷ്. വരികള്‍ കിട്ടിയാല്‍ ഒന്നുരണ്ടുതവണ ആവര്‍ത്തിച്ച് വായിക്കും. പിന്നെ നീണ്ട മൗനം. ഗാനത്തിന്റെ ആശയം അവരോഹണക്രമത്തില്‍ മനസ്സിലേക്ക് നിക്ഷേപിക്കുകയാണ്. പുതിയ ഗാനരചയിതാക്കളെ പരിഹസിച്ച് വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നയാള്‍ എന്നാക്ഷേപിച്ച് പറഞ്ഞുനടക്കുന്നവര്‍ ധാരാളമായിരുന്നു. എന്നാല്‍, താന്‍ കണ്ട ദേവരാജന്‍മാസ്റ്റര്‍ അങ്ങനെയായിരുന്നില്ലെന്ന് മങ്കൊമ്പ് വാചാലനായി. 'പോക്കറ്റടിക്കാരി' എന്ന ചിത്രത്തിലൂടെയാണ് ദേവരാജന്‍ മാഷുമായി ആദ്യം ഒന്നിച്ചത്. പാട്ടെഴുതി കൊടുക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. ഇഷ്ടപ്പെടാത്ത പാട്ട് മാഷ് ചുരുട്ടിയെറിയുമെന്ന് കേട്ടിരുന്നു. പാട്ട് കണ്ടപ്പോള്‍ മാഷ് നന്നായെന്ന് പറഞ്ഞു. 'വെള്ളോട്ടുരുളിയില്‍ പാല്‍പായസവുമായി വെണ്ണിലാവേ നീ വന്നാലും' എന്ന ഗാനമായിരുന്നു അത്.
ബാബുക്കായുമായി വളരെ അടുത്ത ബന്ധമായിരുന്നെന്ന് മങ്കൊമ്പ് പറയുന്നു. ജീവിതം ധൂര്‍ത്തായിരുന്നു ആ മനുഷ്യന്. പെട്ടെന്ന് ക്ഷുഭിതനാകുന്ന പെരുമാറ്റം. ആരോടും പിണക്കവും ഈഗോയുമില്ലാത്ത മനുഷ്യന്‍. ആര്‍ക്കും പണം കടം കൊടുക്കും. അന്നന്നത്തെ ജീവിതത്തിനു വേണ്ടി മാത്രമാണ് അദ്ദേഹത്തിന് പണം. പാട്ടിന്റെ ട്യൂണ്‍ ശരിയായില്ലെന്ന് ആര് പറഞ്ഞാലും മാനിക്കും. അദ്ദേഹത്തിന് ശാരീരിക അവശതകള്‍ വന്നുതുടങ്ങിയതോടെ സിനിമാലോകം അദ്ദേഹത്തിനെ കൈവിട്ടു. എന്നാല്‍ ബാബുരാജിനെപ്പോലെ ഒരു ജീനിയസ്സിനെ അവഗണിക്കുന്നത് ഹരിഹരന് സഹിക്കാനായില്ല. അങ്ങനയൊണ് 'യാഗാശ്വം' എന്ന ചിത്രത്തിന്റെ പാട്ട് ചിട്ടപ്പെടുത്താന്‍ ബാബുരാജിനെ വിളിക്കുന്നതെന്ന് മങ്കൊമ്പ് പറയുന്നു. നാല് ഗാനങ്ങളില്‍ രണ്ടെണ്ണം മങ്കൊമ്പും രണ്ടെണ്ണം യൂസഫലിയും എഴുതി. ഏറെ പ്രയാസപ്പെട്ടാണ് ബാബുരാജ് ഹാര്‍മോണിയത്തിലൂടെ മാന്ത്രികവിരലുകള്‍ ഓടിച്ചത്. എന്നാല്‍ അവസാന പാട്ടിലെ വരികള്‍ക്ക് അറംപറ്റിയോയെന്ന് സംശയമെന്ന് മങ്കൊമ്പ്. 'വെളിച്ചം വിളക്കണച്ചു, രാത്രിയെ വെണ്ണിലാവ് കൈവെടിഞ്ഞു' എന്നായിരുന്നു ആ ഗാനത്തിന്റെ തുടക്കം. അതായിരുന്നു ബാബുരാജ് അവസാനമായി ചിട്ടപ്പെടുത്തിയ ഗാനമെന്നും മങ്കൊമ്പ് ഓര്‍ത്തെടുത്തു.
അകക്കണ്ണില്‍ നിറഞ്ഞ പ്രകാശമായിരുന്നു രവീന്ദ്ര ജെയ്ന്‍. മുഹമ്മദ് റഫി ഉള്‍പ്പെടയുള്ള ഗായകര്‍ പാടിയ പാട്ടുകളെല്ലാം ഹിന്ദിയില്‍ വന്‍ഹിറ്റുകളായിരുന്നു. മലയാളത്തില്‍ ഹരിഹരന്റെ സംവിധാനത്തില്‍ പി.വി. ഗംഗാധരന്‍ നിര്‍മിച്ച 'സുജാത' എന്ന ഒറ്റ സിനിമയ്ക്ക് മാത്രമാണ് അദ്ദേഹം ഈണമിട്ടത്. ആ ചിത്രത്തിനായി 'താലി പൂ' എന്ന പാട്ടാണ് ആദ്യം എഴുതിയത്. അത് ട്യൂണ്‍ചെയ്ത് കേട്ടതോടെ താന്‍ ശരിക്കും അത്ഭുതപരതന്ത്രനായെന്ന് മങ്കൊമ്പ്. അതോടെ മലയാളത്തിള്‍ എങ്ങനെ എഴുതിയാലും രവീന്ദ്ര ജെയ്നു വഴങ്ങുമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് 'കാളിദാസന്റെ കാവ്യഭാവനയേ...' എഴുതുന്നത്. മറ്റു പാട്ടുകളായ 'സ്വയംവര ശുഭദിന മംഗളങ്ങള്‍', 'ആശ്രിത വത്സലനേ' എന്നീ പാട്ടുകളെല്ലാം മലയാളി ഏറ്റുപാടി. ആശാ ഭോസ്ലേയും ഹേമലതയും ആദ്യമായി മലയാളത്തില്‍ പാടുന്നതും ഈ ചിത്രത്തിലാണ്.
പുതിയ പാട്ടുകളുടെ നിലവാരത്തകര്‍ച്ച
പാട്ടെഴുത്തുകാരന് കിട്ടുന്ന പ്രതിഫലം തികയുന്നില്ലെന്ന് കണ്ടതോടെയാണ് ഗാനമെഴുത്ത് കുറച്ചത്. അത് ആ വ്യവസായത്തിന്റെ പ്രശ്നമാണെന്നും ഒരു നിര്‍മാതാവിന്റെ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം പറയുന്നു. താന്‍ പ്രസിഡന്റായ ഫെഫ്കയുടെ കമ്മിറ്റിയാണ് പാട്ടെഴുത്തുകാരുടെ പ്രതിഫലം 35,000 ആക്കിയതെന്ന് മങ്കൊമ്പ് അഭിമാനത്തോടെ ഓര്‍മിപ്പിച്ചു. ഡബ്ബിങ് പടങ്ങളുടെ തിരക്ക് വന്നതോടെ മങ്കൊമ്പ് പതിയെ അത്തരം ചിത്രങ്ങളിലെ മാത്രം പാട്ടെഴുത്തുകാരനായി. അതില്‍ തനിക്കൊട്ടും പരിഭവം ഇല്ലെന്ന് മങ്കൊമ്പ് നിസ്സംഗനായി. പാട്ടുകള്‍ ജനം ഏറ്റെടുത്ത് കഴിഞ്ഞല്ലോ!
പുതിയകാലത്തെ പാട്ടുകളുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം ഗാനരചയിതാക്കള്‍ മാത്രമല്ലെന്നാണ് മങ്കൊമ്പിന്റെ പക്ഷം. അതിന് നിരവധി കാരണങ്ങളുണ്ട്. ''പ്രധാനമായും സംവിധായകരുടെ കുഴപ്പമാണ്. സിനിമയില്‍ പാട്ട് എന്തിനാണ്? ഒരു സിറ്റ്വേഷന്‍ അനുസരിച്ച് പാട്ട് എവിടെ വെക്കണമെന്ന് നിര്‍ണയിക്കാന്‍ കഴിയുന്ന എത്ര സംവിധായകരുണ്ട്? എന്തിനാണ് പാട്ട് എടുക്കുന്നതെന്നു പോലും അറിയാത്തവരാണ് മിക്ക സംവിധായകരും. ഇതാണ് ഒന്നാമത്തെ കാരണം. സിനിമയ്ക്ക് പറ്റിയ ആളെക്കൊണ്ട് പാട്ടെഴുതിക്കണം. അതിന് സംവിധായകന് ഭാവനയുണ്ടാകണം. അതില്‍ സംഗീതസംവിധായകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംവിധായകര്‍ പറയുന്നതിനനുസരിച്ച് ട്യൂണ്‍ ഇടുന്ന നാലുപേര്‍ സംസാരിച്ച് ബോറടിക്കുമ്പോള്‍ ഒരു ചായ കുടിക്കാം എന്നു പറയുന്നതുപോലെയായി ഇന്നത്തെ സിനിമയെടുക്കല്‍. ഞാന്‍ സംവിധാനം, നീ തിരക്കഥ, മറ്റവര്‍ ഡബ്ബിങ് എന്നു പറയുന്നതുപോലെയായി പുതിയ കാലത്തെ സിനിമാവ്യവസായം. ഹരിഹരനൊക്കെ പാട്ടുകേള്‍ക്കുമ്പോഴെ അതിന്റെ ഷോട്ട് തീരുമാനിച്ചുറപ്പിച്ചിരിക്കും. പാട്ടിന്റെ പ്രസക്തി അറിയുന്നതുകൊണ്ടാണ് പാട്ടുവെക്കുന്നത്. അറിയാത്തവര്‍ ഈ പണി ചെയ്യുന്നതാണ് കുഴപ്പം. ഇന്ന് ഡയറക്ടര്‍മാരാണ് നിര്‍മാതാക്കളെ ഉണ്ടാക്കുന്നത്.''
ഏറെ പാട്ടുകള്‍ എഴുതിയെങ്കിലും അലമാരയില്‍ പുരസ്‌കാരങ്ങളുടെ എണ്ണം തുലോം കുറവാണെന്ന് പറയാന്‍ ഒരു മടിയുമില്ല മങ്കൊമ്പിന്. പുരസ്‌കാരം ലഭിക്കാതെ പോയതില്‍ ആരോടും ആക്ഷേപമോ പരിഭവമോ ഇല്ല, ഒരുകാലത്തും അതിന്റെ പിറകെ പോയിട്ടില്ലെന്നും മങ്കൊമ്പ്. അത് അവര്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കട്ടെ. ആരോടെങ്കിലും പറഞ്ഞ് ഒന്ന് തരപ്പെടുത്തിയാല്‍, നാളെ അവര്‍ പിണങ്ങിയാല്‍ ഇതാവും ആദ്യം വിളിച്ചുപറയുക. ഒരു കോക്കസിന്റേയും ഭാഗമായിട്ടില്ല. ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. പലരുടേയും കളികള്‍ നേരിട്ട് കണ്ടു മടുത്തിരുന്നു. നെട്ടോട്ടമോടുന്നു, കാലുപിടിക്കുന്നു, കാഴ്ചവെയ്ക്കുന്നു. അതിനൊന്നും ഞാന്‍ പോയിട്ടില്ല.
പലരും സിനിമകള്‍ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചപ്പോഴും മറ്റ് പലരേയും ഏല്പിച്ച് മാറിനില്‍ക്കുകയാണ് ചെയ്തതെന്ന് മങ്കൊമ്പ് വിനയ്വാനിതനായി. അതിന് കാരണമായി അദ്ദേഹം പറയുന്നത് സിനിമയില്‍ സംവിധായകന്റെ പ്രശസ്തി താല്‍കാലികമാണെന്നാണ്. ''ഒരുകാലത്ത് ഐ.വി. ശശിയായിരുന്നു വലിയ സംവിധായകന്‍. അതെല്ലാം പോയില്ലേ? മരിക്കുന്നതിന് മുന്‍പേ പോയി. ഹരിഹരന്‍ മികച്ച സംവിധായകനല്ലേ? എന്നാല്‍ ഇപ്പോള്‍ പടങ്ങളുണ്ടോ? ശ്രീകുമാരന്‍തമ്പി 82 പടങ്ങള്‍ക്ക് തിരക്കഥയെഴുതി; പതിനെട്ട് സിനിമകള്‍ സംവിധാനം ചെയ്തു. പത്ത് മലയാള സംവിധായകരുടെ പേര് പറഞ്ഞാല്‍ ആ പട്ടികയില്‍ തമ്പിയുണ്ടാവില്ല. ഗാനരചയിതാവ് എന്ന പേര് എന്നും നിലനില്‍ക്കും. അതേ അവസ്ഥ തന്നെയാണ് പി. ഭാസ്‌കരന്‍ മാഷിനും യൂസഫലി കേച്ചേരിക്കും ഉണ്ടായത്.''
'നാദങ്ങളായി നീ വരൂ'
ഡബ്ബിങ്ങ് സിനിമകളിള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാന കാരണം അവിടെ രാജാവും പ്രജയും താന്‍തന്നെ എന്നതാണ്. സിനിമയിലൂടെ എന്തെങ്കിലും സാമ്പത്തികനേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് ഇത്തരം ചലച്ചിത്രങ്ങളിലൂടെ മാത്രമാണ്. ചെയ്ത ചിത്രങ്ങള്‍ ഭൂരിഭാഗവും വലിയ വിജയമായെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. അഭയദേവാണ് മങ്കൊമ്പിനെ ഡബ്ബിങ് സിനിമയുടെ വഴിയിലെത്തിക്കുന്നത്. ഒരു മൊഴിമാറ്റ സിനിമയ്ക്ക് പാട്ടെഴുതാന്‍ അഭയദേവ് മങ്കൊമ്പിനോട് ആവശ്യപ്പെടുന്നു. അതില്‍ വിജയം കണ്ടെന്ന് മങ്കൊമ്പിന് ബോധ്യപ്പെട്ടു. അഭയദേവിന്റെ മരണത്തോടെയാണ് മങ്കൊമ്പ് മൊഴിമാറ്റ സിനിമകള്‍ക്ക് ഡയലോഗ് എഴുതിത്തുടങ്ങിയത്. പിന്നെ അത് പാട്ട്, ഡയലോഗ്, സ്‌ക്രിപ്റ്റ്, ഡബ്ബിങ് സഹിതം സെന്‍സര്‍ ചെയ്ത് നിര്‍മാതാവിന് കൊടുക്കുന്ന നിലയായി. അതിനൊരു നിശ്ചിത തുക ലഭിക്കും. പാട്ടെഴുതിയാല്‍ അത് കിട്ടില്ലെന്നും മങ്കൊമ്പ്. ''സാമ്പത്തികലാഭം കണ്ടാണ് ഞാന്‍ അതിന് ഇറങ്ങിത്തിരിച്ചത്. അതിലേക്ക് തിരിഞ്ഞില്ലായിരുന്നെങ്കില്‍ ശവസംസ്‌കാരത്തിന് പണം പിരിക്കേണ്ടിവരുന്ന മറ്റ് പാട്ടെഴുത്തുകാരുടെ സ്ഥിതി എനിക്കു വരുമായിരുന്നു.''
മങ്കൊമ്പിന്റെ പാട്ടെഴുത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ 2025 മാര്‍ച്ച് 29-ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന പരിപാടിയുടെ പേര് 'നാദങ്ങളായി നീ വരൂ' എന്നായിരുന്നു. എന്നാല്‍, മരണത്തിന്റെ അനന്തനാദങ്ങള്‍ക്ക് ഉചിതമായ വരികളെഴുതി അതിന് പത്തുനാള്‍ മുന്‍പേ മങ്കൊമ്പ് നമ്മെ വിട്ടുപോയി. തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തില്‍ അദ്ദേഹം ധൂമമായി അലിഞ്ഞുചേരവെ അദ്ദേഹം എഴുതിയ ഒരുവരി അന്വര്‍ത്ഥമായി- 'വെളിച്ചം വിളക്കണച്ചു!'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക