
പുതിയ ലോകക്രമം' ഒരു പുതിയ യുഗത്തിന്റെ ആരംഭമാണെന്ന് എനിക്കു വിശ്വാസമില്ല. അത് വര്‍ത്തമാനകാലത്തെ ദുഷ്ചെയ്തികളുടെ അന്ധകാരപൂര്‍ണമായ രാത്രിയെയാണ് ചൂണ്ടിക്കാണിക്കുന്നത്; ഭാവിയിലേയ്ക്ക് പ്രത്യാശ വാഗ്ദാനം ചെയ്യുന്ന സുപ്രഭാതത്തെയല്ല, അനിശ്ചിതത്വത്തിന്റേയും ഭയാശങ്കകളുടേയും കാലത്തേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് പറയുന്നത് ഇന്ത്യയിലെ വിമോചനദൈവശാസ്ത്രത്തിലെ ഉറച്ച ശബ്ദവും സാമൂഹിക നീതി, സ്വാതന്ത്ര്യം, മനുഷ്യന്റെ അന്തസ്സ് എന്നിവയുടെ അചഞ്ചലമായ വക്താവുമായിരുന്ന ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബിഷപ്പ് പൗലോസ് പറഞ്ഞ കാര്യങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ പ്രസക്തിയും പ്രാധാന്യവുമുള്ള ഒരുകാലത്താണ് നാം ജീവിക്കുന്നത്. അറുപതുകളുടെ അവസാന വര്‍ഷങ്ങളില്‍ ബര്‍ക്കിലി സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത അദ്ദേഹം തന്റെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് എഴുതിയ ലേഖനങ്ങളും നടത്തിയ പ്രഭാഷണങ്ങളും മലയാളികള്‍ മറക്കില്ല.
ഇന്ന് ആ രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്നതു ഭയാശങ്കകളോടെയാണ് ലോകം കാണുന്നത്. ഏറ്റവുമൊടുവില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ തുറുങ്കിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ ഭാഷയില്‍ മറ്റൊന്നുകൂടി പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. അവര്‍ക്കിവിടെ സ്ഥാനമില്ല. ബിഷപ്പ് പൗലോസ് ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്നെകില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധാര്‍ഷ്ട്യത്തേയും വിലപേശലിനേയും മുന്‍നിരയില്‍നിന്ന് എതിര്‍ക്കുമായിരുന്നു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാംവരവ് നല്‍കിക്കഴിഞ്ഞ സൂചന ഈ ധാര്‍ഷ്ട്യത്തിന്റെ പുതിയ ഭാവപ്പകര്‍ച്ചകളാണ്. ട്രംപ് പറഞ്ഞുകൂട്ടുന്ന, ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ സംഭവിച്ച രാഷ്ട്രീയ പ്രതിലോമ നടപടികളായി കാണേണ്ടിയിരിക്കുന്നു.
തീവ്രവലതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ സഭ ഇന്ന് ട്രംപിന്റെ ശക്തമായ വക്താവാണ്. ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സഭകള്‍ തയ്യാറാകുന്നിടത്താണ് ബിഷപ്പ് പൗലോസിനെപ്പോലുള്ള വ്യക്തിത്വങ്ങളുടെ പ്രസക്തി ഇന്ന് ഏറിവരുന്നത്.
സഭാപരമായ അധികാരം വഹിച്ചിരുന്നെങ്കിലും ബിഷപ്പ് പൗലോസ് ഒരിക്കലും തന്റെ ഉത്തരവാദിത്വത്തെ ആത്മീയ മേഖലയിലേയ്ക്കു മാത്രം ചുരുക്കിയില്ല. അദ്ദേഹം സാമൂഹിക യാഥാസ്ഥിതികതയെ വെല്ലുവിളിക്കുകയും അനിയന്ത്രിതമായ ഭരണകൂട അധികാരത്തെ വിമര്‍ശിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ശബ്ദമില്ലാത്തവരുടേയും കൂടെ നിലയുറപ്പിക്കുകയും ചെയ്തു.
പൗരോഹിത്യത്തില്‍ മുഴുകിയിരിക്കെത്തന്നെ തനിക്കു രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നു തുറന്നു പറയാനും രാഷ്ട്രീയ മേഖലയിലുള്ള ചുമതലകള്‍ മതജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ചൂണ്ടിക്കാണിക്കാനും ബിഷപ്പ് പൗലോസ് മടിച്ചില്ല. ബിഷപ്പ് പൗലോസിന്റെ ലോകവീക്ഷണം യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍, പൗരാവകാശ പോരാട്ടങ്ങള്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ എന്നിവയാല്‍ ആഴത്തില്‍ രൂപപ്പെട്ടു.
ദൈവം സ്വാതന്ത്ര്യമാണ്' എന്ന് വിളിച്ചുപറയാന്‍ അദ്ദേഹത്തെപ്പോലെ കുറച്ചുപേരെ ലോകത്തുണ്ടായിട്ടുള്ളൂ. ദൈവത്തോടുള്ള അനുസരണം പലപ്പോഴും സ്വേച്ഛാധിപത്യത്തിനും മതപരമായ സങ്കുചിതത്വത്തിനും വ്യവസ്ഥാപരമായ അനീതിക്കും എതിരായ ചെറുത്തുനില്‍പ്പിനെയാണ് അര്‍ത്ഥമാക്കുന്നത്.
വര്‍ഗീയത, മതമൗലികവാദം, ഭീകരവാദം എന്നിവയ്‌ക്കെതിരായ ബിഷപ്പ് പൗലോസിന്റെ ശക്തമായ എതിര്‍പ്പും അതുപോലെത്തന്നെ പ്രധാനമായിരുന്നു. മതവിശ്വാസത്തെ ഒരിക്കലും ഭിന്നിപ്പിക്കലിനോ അക്രമത്തിനോ ഉള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് അദ്ദേഹം വാദിച്ചു. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടേയും ജനാധിപത്യ, ലിബറല്‍ മൂല്യങ്ങളുടേയും വെളിച്ചത്തില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പുനര്‍വ്യാഖ്യാനത്തിനായി അദ്ദേഹം വാദിച്ചു. നമ്മുടെ കാലത്തെ ധാര്‍മിക പ്രതിസന്ധികളോട് പ്രതികരിക്കുന്ന ഒരു ജീവസ്സുറ്റ ഒരു ദൈവശാസ്ത്രത്തിനു വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.
നമുക്കു ചുറ്റും അനീതി കുമിഞ്ഞുകൂടുമ്പോള്‍ നിശ്ശബ്ദത പാലിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പരമ്പരാഗത ചിന്തകളേയും മൂല്യങ്ങളേയും വെല്ലുവിളിക്കുന്നതില്‍ സഭ നേതൃത്വപരമായ പങ്ക്വഹിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു.
ലിംഗനീതിയുടെ വക്താവായ അദ്ദേഹം സ്ത്രീകളുടെ അവകാശങ്ങളില്‍ പുരോഗമനപരമായ നിലപാട് സ്വീകരിച്ചു. സ്ത്രീ പോരാട്ടങ്ങളോടുള്ള അദ്ദേഹത്തിന്റെ ഐക്യദാര്‍ഢ്യം മതപരവും ലിംഗപരവും വര്‍ഗപരവുമായ യാഥാസ്ഥികതയ്ക്കപ്പുറമുള്ള തുല്യ നീതിയെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടിനെയാണ് കാണിക്കുന്നത്. ബിഷപ്പ് പൗലോസ് ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ട്രംപിന്റെ ലിംഗപ്രത്യയശാസ്ത്രവിരുദ്ധ നടപടികള്‍ക്കെതിരേയും ട്രാന്‍സ്‌ജെന്‍ഡറുകളെ അപരവല്‍ക്കരിച്ചതിനെതിരേയും ഉറച്ചശബ്ദത്തില്‍ പ്രതിഷേധിക്കുമായിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള സമരം ആഗോള മുതലാളിത്തത്തിനെതിരായ വിമര്‍ശനം, ആയുധമത്സരങ്ങളോടുള്ള എതിര്‍പ്പ്, പാശ്ചാത്യ മേധാവിത്വത്തിന്റെ 'പുതിയ ലോകക്രമം' എന്ന ആശയത്തോടുള്ള വിയോജിപ്പ്, ഇവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗങ്ങളിലും കാണാം.
പരസ്പരത, സ്വയം നിര്‍ണയാവകാശം എന്നിവയോടുള്ള പ്രതിബദ്ധത അദ്ദേഹത്തിന്റെ നൈതിക രാഷ്ട്രീയ സമീപനത്തെയാണ് കാണിക്കുന്നത്. ഇത് വ്യക്തിബന്ധങ്ങള്‍ മുതല്‍ രാജ്യാന്തര ബന്ധങ്ങള്‍വരെ പ്രസക്തമായ കാര്യങ്ങളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
നവലിബറല്‍ ആഗോളവല്‍ക്കരണത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. പകരം ലോകത്ത് തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു സാര്‍വത്രിക ഐക്യദാര്‍ഢ്യമാണ് വേണ്ടതെന്ന് അദ്ദേഹം വാദിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ വളരെ വേഗത്തില്‍ നടപ്പാക്കുന്ന അമേരിക്കന്‍ നയങ്ങള്‍ക്കു പിന്നില്‍ ആരാണ്? ഇതെല്ലം ട്രംപ് എന്ന ഒരു വ്യക്തിയിലേക്കു മാത്രം ചുരുക്കാന്‍ കഴിയുമോ?
ഇന്ന് ട്രംപിനു പിന്നില്‍ നിലയുറപ്പിച്ച ശക്തമായ കടുത്ത യാഥാസ്ഥിതിക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ അദ്ദേഹത്തിന് ഈ ശക്തികളെ അവഗണിച്ചുകൊണ്ട് രാഷ്ട്രീയ അധികാരം കയ്യാളാനോ നിലനിര്‍ത്താനോ കഴിയില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച, ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശക്തികേന്ദ്രം, ബുദ്ധികേന്ദ്രം വലിയ കോര്‍പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്‍ ആണ്. മാറിവന്ന റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങളുടെ നയരൂപീകരണത്തിനു ഹെറിറ്റേജ് ഫൗണ്ടേഷന്‍ നല്‍കുന്ന സംഭാവന കുറച്ചൊന്നുമല്ല.
2023-ല്‍ ഹെറിറ്റേജ് ഫൗണ്ടേഷനും 50-ലധികം യാഥാസ്ഥിതിക സംഘടനകളും ചേര്‍ന്നു പുറത്തിറക്കിയ പ്രോജക്റ്റ് 2025: മാന്‍ഡേറ്റ് ഫോര്‍ ലീഡര്‍ഷിപ്പ് യു,എസ് സര്‍ക്കാരിനെ സമൂലമായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയാണ്. നാന്നൂറോളം നയരൂപീകരണ വക്താക്കളും അക്കാദമിക്കുകളും ഇതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു.
900-ലധികം പേജുകളുള്ള ഈ ബ്ലൂപ്രിന്റ് എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ കേന്ദ്രീകരണം, ലിബറല്‍ ഭരണ ചട്ടക്കൂടുകള്‍ പൊളിച്ചുമാറ്റല്‍, ഫെഡറല്‍ സ്ഥാപനങ്ങളിലുടനീളം തീവ്രവലതുപക്ഷ മൂല്യങ്ങളുടെ ഉള്‍ച്ചേര്‍ക്കല്‍ എന്നിവയെ മുന്നോട്ടു കൊണ്ടുപോകുന്നതിനു ശക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോള്‍ ഡാന്‍സും (Paul Dans) റസ് വോട്ടും (Russ Vought) നേതൃത്വം നല്‍കിയ പ്രോജക്റ്റ് 2025 യാഥാസ്ഥിതിക സാമ്പത്തിക സാമൂഹിക ആസൂത്രണത്തിന്റെ മുഖ്യരേഖയാണ്. ഇതിനു ചുക്കാന്‍ പിടിച്ചവരെല്ലാം ട്രംപിന്റെ ആദ്യഭരണത്തില്‍ ഉദ്യോഗസ്ഥരായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം. ട്രംപ് തെരഞ്ഞെടുപ്പുകാലത്ത് ഈ രേഖയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞു കപടനാടകം കളിച്ചു. എന്നാല്‍, അധികാരം ഏറ്റെടുത്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രോജക്ട് 2025-ലെ മുഖ്യ നിര്‍ദേശങ്ങള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് നടപ്പാക്കി.
ബ്യൂറോക്രസിയുടെ മേല്‍ വിപുലമായ പ്രസിഡന്‍ഷ്യല്‍ നിയന്ത്രണം, വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ വകുപ്പുകള്‍ ഇല്ലാതാക്കല്‍, കാലാവസ്ഥാ-ആരോഗ്യപൊളിച്ചടുക്കലുകള്‍, ഇവാന്‍ജെലിക്കല്‍ മതദേശീയതയില്‍ വേരൂന്നിയ സാംസ്‌കാരിക യാഥാസ്ഥിതിക അജണ്ട നടപ്പിലാക്കല്‍ എന്നിവയെല്ലാം ഇതിന്റെ ആത്യന്തിക ലക്ഷ്യങ്ങളാണ്.
അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍നിന്നുള്ള വിടുതല്‍, വിദേശ സഹായം വെട്ടിക്കുറയ്ക്കല്‍, സൈനികവല്‍ക്കരിച്ച കുടിയേറ്റ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക സംരക്ഷണവാദം എന്നിവയെല്ലാം ലക്ഷ്യമിടുന്ന 'അമേരിക്ക ആദ്യം' എന്ന ധാഷ്ട്ര്യ നിലപാടിലൂടെ വിദേശനയത്തെ ഈ പ്രോജക്ട് പുനര്‍നിര്‍വചിക്കുന്നു.
ഈ ജനുവരിയില്‍ ട്രംപ് വൈറ്റ്ഹൗസില്‍ തിരിച്ചെത്തി ആഴ്ചകള്‍ക്കുള്ളില്‍ 'പ്രോജക്റ്റ് 2025'-ലെ നിരവധി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങി. ഇലോണ്‍ മസ്‌ക് പോലുള്ളവരെ ഉപയോഗിച്ച് ഭരണസംവിധാനങ്ങളെ കാര്യക്ഷമമാക്കാനെന്ന പേരില്‍ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നതെല്ലാം നമ്മള്‍ കാണുന്നു.
സിവില്‍ സര്‍വീസുകാരെ ശുദ്ധീകരിക്കുന്നതിനായിട്ടുള്ള നടപടികള്‍ തുടങ്ങി, കാലാവസ്ഥാ കരാറുകളില്‍നിന്നു പിന്മാറല്‍, കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കല്‍, ഫെഡറല്‍ നയത്തില്‍ മതപരവും കുടുംബപരവുമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രത്യയശാസ്ത്ര അടിത്തറയായി 'പ്രോജക്റ്റ് 2025' പ്രവര്‍ത്തിക്കുന്നു. ട്രംപിന്റെ ആഭ്യന്തര-വിദേശ നയങ്ങള്‍ സ്വേച്ഛാധിപത്യ യാഥാസ്ഥിതികതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് കേന്ദ്രീകരണം, പുരോഗമന നയങ്ങളുടെ പിന്‍വലിക്കല്‍, സാംസ്‌കാരിക യുദ്ധഭരണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
സ്വതന്ത്ര സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഭരണപരമായ പുനഃസംഘടന, കാലാവസ്ഥാ പ്രവര്‍ത്തനത്തിലെ നേട്ടങ്ങള്‍ തിരിച്ചെടുക്കല്‍, പ്രത്യുല്പാദന അവകാശങ്ങള്‍, LGBTQ+ സംരക്ഷണങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കല്‍, കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍, കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കല്‍, ഫോസില്‍ ഇന്ധന അനുകൂല നയങ്ങള്‍, ക്ഷേമ പരിപാടികളോടുള്ള വിദ്വേഷം എന്നിവ അദ്ദേഹത്തിന്റെ നയങ്ങളില്‍ ഉള്‍പ്പെടുന്നു. സൈനികവല്‍ക്കരിക്കപ്പെട്ട അതിര്‍ത്തികളും കൂട്ട നാടുകടത്തലുകളും പുതിയ കുടിയേറ്റ നയങ്ങളുടെ സവിശേഷതയാണ്.
ഫെഡറല്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കുക, രക്ഷാകര്‍തൃ നിയന്ത്രണം വര്‍ദ്ധിപ്പിക്കുക, മതപരമായ വിദ്യാഭ്യാസവും ചാര്‍ട്ടര്‍ സ്‌കൂളുകളും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ട്രംപിന്റെ വിദ്യാഭ്യാസ അജണ്ട ലക്ഷ്യമിടുന്നത്.
വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളെ അനുകൂലിക്കുന്ന നയ നിര്‍ദേശങ്ങളിലൂടെയും ന്യൂക്ലിയര്‍ ഫാമിലി മോഡലിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടേയും മതപരമായ യാഥാസ്ഥിതിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നു.
ജുഡീഷ്യറിയുടേയും മാധ്യമങ്ങളുടേയും മേഖലയില്‍, തന്റെ വിശ്വസ്തരെക്കൊണ്ട് കോടതികളെ നിറയ്ക്കാനും മാധ്യമ സ്വയംഭരണം പരിമിതപ്പെടുത്താനും നിയന്ത്രണ, മേല്‍നോട്ട സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടീവ് സ്വാധീനം വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ലോകരാഷ്ട്രീയ രംഗത്ത് ട്രംപിന്റെ വിദേശനയം ഏകപക്ഷീയത, ഇടപാട് വാദം, തന്ത്രപരമായ വിച്ഛേദം എന്നിവയാല്‍ അറിയപ്പെടുന്നു. കാലാവസ്ഥാ കരാറുകളില്‍നിന്ന് യു.എസ് പിന്മാറി. മറ്റു പല അന്താരാഷ്ട്ര സ്ഥാപനങ്ങളേയും അദ്ദേഹം ഉപേക്ഷിച്ചു തുടങ്ങി. ലോകാരോഗ്യ സംഘടനയുമായുള്ള ഇടപെടല്‍ നിര്‍ത്തി. നാറ്റോപോലുള്ള പരമ്പരാഗത സഖ്യങ്ങളേയും അകറ്റിനിര്‍ത്തി. ഇതെല്ലം കടുത്ത വിലപേശലിനാണെന്നു പല രാജ്യങ്ങള്‍ക്കുമറിയാം. ട്രംപ് ഭരണകൂടം അന്താരാഷ്ട്ര നിയമത്തേയും ബഹുമുഖ സഹകരണത്തേയും സംശയത്തോടെയാണ് കാണുന്നത്.
ട്രംപ് ഹ്രസ്വകാല സാമ്പത്തിക താല്‍പ്പര്യങ്ങളേയും വിലപേശലിലൂടെയുള്ള ഉഭയകക്ഷി ഇടപാടുകളേയും അനുകൂലിക്കുന്നു. ഏകപക്ഷീയമായി താരിഫുകള്‍ കൂട്ടുന്നു, കുറയ്ക്കുന്നു. സ്വന്തം സഖ്യത്തിലുള്ള കാനഡപോലും ഇപ്പോള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി. അമേരിക്കന്‍ വ്യാപാരനയം ഒരു പുതിയ സംരക്ഷണവാദത്തിലേയ്ക്കു നീങ്ങുകയാണ്. അതു പുതിയ വ്യാപാരയുദ്ധങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് നിരീക്ഷകര്‍ ഭയക്കുന്നു. ഡോളര്‍ തകര്‍ന്നാല്‍ അമേരിക്ക തകരുമെന്ന തിരിച്ചറിവാണ് മറ്റു രാജ്യങ്ങള്‍ മറ്റു കറന്‍സികള്‍ക്കോ ബദല്‍ വിനിമയ ഇടപാടുകള്‍ക്കോ പിന്നാലെ പോകരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപ് നല്‍കിയ ഭീഷണിയില്‍ പേടിച്ചുപോയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
പ്രധാന ആഗോള പ്രശ്നങ്ങളോടുള്ള ട്രംപിന്റെ സമീപനം അമേരിക്കയുടെ പുതിയ ഭൗമനയത്തിന് അനുസൃതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ അനുകൂല നിലപാട് ശക്തിപ്പെടുത്തുകയും അബ്രഹാം ഉടമ്പടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ട്രംപ്, പലസ്തീന്‍ പ്രശ്‌നത്തെ പാടെ അവഗണിക്കുന്നതും ഗാസയിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ച് പ്രദേശത്തെ കയ്യടക്കാന്‍ ശ്രമിക്കുന്നതും ലോകം ആശങ്കയോടെ കാണുന്നു.
യൂറോപ്പില്‍, നാറ്റോയോടുള്ള ട്രംപിന്റെ സമീപനവും യുക്രെയ്നോടുള്ള അവ്യക്തമായ, ചിലപ്പോള്‍ പരുഷമായ മനോഭാവവും യൂറോപ്യന്‍ സഖ്യകക്ഷികളോടുള്ള നയവും പുട്ടിനുമായുള്ള ചങ്ങാത്തവുമെല്ലാം കാര്യങ്ങളെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കി.
ഏഷ്യയില്‍, അദ്ദേഹത്തിന്റെ മുഖ്യശത്രു ചൈന തന്നെയാണ്. സാമ്പത്തിക സംഘര്‍ഷങ്ങളും വ്യാപാരയുദ്ധവും സാങ്കേതിക നിയന്ത്രണവുംകൊണ്ട് ചൈനാ ബന്ധം വഷളായിരിക്കുന്നു. ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും വികസനത്തിനോ മനുഷ്യാവകാശങ്ങള്‍ക്കോ പകരം സഖ്യകക്ഷികള്‍ക്കും സാമ്പത്തിക താല്പര്യങ്ങള്‍ക്കും മാത്രം മുന്‍ഗണന നല്‍കുന്നതിനായി സഹായ പരിപാടികള്‍ പുനഃക്രമീകരിച്ചിരിക്കുന്നു.
മൂന്നാംലോകത്തെ വികസ്വര രാജ്യങ്ങളാണ് ഈ നയ പുനഃക്രമീകരണങ്ങളുടെ ആഘാതം ഏറ്റുവാങ്ങാന്‍ പോകുന്നത്. ട്രംപിന്റെ നയങ്ങളില്‍ വികസന സഹായം കുറയ്ക്കല്‍, വ്യാപാര പങ്കാളിത്തങ്ങളില്‍ വിലപേശല്‍, കാലാവസ്ഥാ അവഗണന, നയതന്ത്ര സമ്മര്‍ദം എന്നിവ ഉള്‍പ്പെടുന്നു.
ഇത് ലോകവ്യാപാരത്തില്‍ കണ്ണുംനട്ടിരിക്കുന്ന വികസ്വര രാജ്യങ്ങളെ സാമ്പത്തിക അനിശ്ചിതത്വത്തിലേയ്ക്ക് കൂടുതല്‍ തള്ളിവിടുന്നു. കുടിയേറ്റ നിയന്ത്രണങ്ങള്‍ വികസ്വര രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി സമൂഹങ്ങളേയും സാരമായി ബാധിക്കും.
ഇത് വലിയ ആഗോള സാമ്പത്തിക അസമത്വത്തിനും അനിശ്ചിതത്വത്തിനും കാരണമാകുന്നു. ഇതിനിടയിലാണ് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ധാഷ്ട്യത്തിനു മുന്‍പില്‍ ദാസ്യവേല ചെയ്യുന്നത്. രാജ്യത്തിന്റെ അന്തസ്സിനും അഭിമാനത്തിനും നേരെ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും നമ്മുടെ ഭരണകൂടം നിശ്ശബ്ദമായിരിക്കുന്നു. ബിഷപ്പ് പൗലോസ് ചോദിച്ചമാതിരി നിശ്ശബ്ദരായിരിക്കാന്‍ നമുക്കെന്ത് അവകാശം?
ആയുധനയത്തിന്റെ കാര്യത്തില്‍, ട്രംപിന്റെ രണ്ടാം ഭരണം ആണവ ആധുനികവല്‍ക്കരണത്തിന്റെ പാത തുടരുന്നു. ആയുധ നിയന്ത്രണ ഉടമ്പടികളില്‍നിന്നുള്ള പിന്‍വാങ്ങലും സഹകരണ സുരക്ഷയെക്കാള്‍ ആണവ മേധാവിത്വത്തിന് ഊന്നല്‍ നല്‍കിയും ആഗോള അസ്ഥിരതയെ ട്രംപ് വര്‍ദ്ധിപ്പിക്കുകയാണ്. ആയുധമത്സരങ്ങളുടെ അപകടസാധ്യതകള്‍ ഇതോടെ പതിന്മടങ്ങായി.
ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ ആഭ്യന്തരമാറ്റത്തെ മാത്രമല്ല, ആഗോളക്രമത്തിന്റെ പുനഃക്രമീകരണത്തേയും ലക്ഷ്യമിടുന്നു. നിയമാധിഷ്ഠിത അന്താരാഷ്ട്ര സംവിധാനത്തെ ട്രംപ് വെല്ലുവിളിക്കുന്നു. അധികാര രാഷ്ട്രീയം, സ്വേച്ഛാധിപത്യദേശീയത, സാമ്പത്തിക സംരക്ഷണവാദം എന്നിവയില്‍ വേരൂന്നിയ 'പ്രോജക്റ്റ് 2025' മാതൃക ഉപയോഗിച്ച് സാധൂകരിക്കുകയും ചെയ്യുന്നു.
രാജ്യാന്തര നൈതികത, ജനാധിപത്യമൂല്യങ്ങള്‍, കൂട്ടായ അന്താരാഷ്ട്ര സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവയുടെ തകര്‍ച്ച കാലാവസ്ഥാ പ്രതിസന്ധി മുതല്‍ ആഗോള അസമത്വം വരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
ബിഷപ്പ് പൗലോസ് മുന്നറിയിപ്പ് നല്‍കിയതുപോലെ, പരസ്പരതയും സമാധാനപരമായ സഹവര്‍ത്തിത്വവും ജനങ്ങളുടെ സ്വയം നിര്‍ണയാവകാശവും സംരക്ഷിക്കാന്‍ പാശ്ചാത്യമേധാവിത്വത്തേയും സൈനികവല്‍ക്കരിക്കപ്പെട്ട ആഗോളഭരണത്തേയും നിലനിര്‍ത്തുന്ന നയങ്ങളെ ചെറുക്കേണ്ടതുണ്ട്.
വിമോചന ദൈവശാസ്ത്രം, സമൂലമായ ഐക്യദാര്‍ഢ്യം, പ്രതിരോധം എന്നിവയെല്ലാം നമ്മുടെ എക്കാലത്തേയും ഉത്തരവാദിത്വമാണെന്ന ബിഷപ്പ് പൗലോസിന്റെ ദര്‍ശനം ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ബദല്‍ അന്വേഷിക്കാനുള്ള ഇന്ധനം നല്‍കുന്നു. സ്വേച്ഛാധിപത്യ നവലിബറലിസത്തിന്റേയും രോഗാതുരമായ സാമ്രാജ്യത്വത്തിന്റേയും അപകടങ്ങളെ നേരിടുന്നതില്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ കൂടുതല്‍ പ്രസക്തമാക്കുന്നത് ഈ പ്രവചനസ്വഭാവമുള്ള ലോകവീക്ഷണമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക