
പേരിലെന്തിരിക്കുന്നുവെന്ന് ഷേക്സ്പിയര്‍ ചോദിച്ചു. പേരിലാണെല്ലാമെന്ന് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പേരിന്റെ ഉടമയോട് നമ്മള്‍ പറയേണ്ടതില്ല. നിര്‍മല്‍ യാദവിനുള്ള പണം നിര്‍മല്‍ജിത് കൗറിന്റെ വീട്ടിലെത്തിയതിന്റെ പൊല്ലാപ്പ് 17 വര്‍ഷത്തിനുശേഷമാണ് അവസാനിച്ചത്. ഒരാള്‍ പുരുഷനും മറ്റൊരാള്‍ സ്ത്രീയും ആണെങ്കിലും ഇരുവരും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാരായിരുന്നു. വ്യവഹാരിയായ ഹോട്ടലുടമ നല്‍കിയ 15 ലക്ഷം രൂപ പേരിലെ സാമ്യം നിമിത്തം നിര്‍മല്‍ജിത് കൗറിന്റെ വീട്ടിലെത്തിയെന്നായിരുന്നു കേസ്. നിര്‍മല്‍ യാദവിനെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ജഡ്ജിമാരുടെ വീടുകളിലേയ്ക്ക് പണത്തിന്റെ ഹോം ഡെലിവറി ഉണ്ടെന്നും അത് സാധ്യമാണെന്നും ബോധ്യപ്പെട്ടു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വസതിയില്‍ കത്തിയ പണച്ചാക്കുകള്‍ എവ്വിധം അവിടെ എത്തിയെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഏതു പണച്ചാക്കാവാം ആ പണച്ചാക്കുകളുടെ സംവാഹകന്‍?
ജഡ്ജിമാരുടെ അഴിമതി ഇന്ധനമില്ലാതെ കത്തുന്ന വിഷയമാണ്. അണച്ചില്ലെങ്കില്‍ അത് ആളിക്കത്തുകയും കനലുകള്‍ അണയാതെ കിടക്കുകയും ചെയ്യും. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്റ്റോര്‍മുറിയില്‍ കത്തിയ തീ അണച്ചെങ്കിലും ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന 15 കോടിയുടെ കറന്‍സി കത്തിക്കരിഞ്ഞില്ലാതാകുന്നില്ല. ഭാഗികമായി കത്തിയ കറന്‍സി സുപ്രീംകോടതി തന്നെയാണ് രാഷ്ട്രത്തെ കാണിച്ചത്. അവിഹിതമായത് പരസ്യമാകുമ്പോള്‍ തള്ളിപ്പറയുന്ന ലാഘവത്തോടെ ജസ്റ്റിസ് വര്‍മ പണച്ചാക്കുകളുടെ ഉടമസ്ഥതയും ഉത്തരവാദിത്വവും നിരാകരിച്ചെങ്കിലും കത്തിത്തുടങ്ങിയത് അണയുന്നതുവരെ ആളിക്കൊണ്ടിരിക്കും. അണയാത്തത് ആളുന്നതിന് ഇളംകാറ്റ് മതി. കരിയില കത്തുന്നതുപോലെ കറന്‍സി കത്തുന്നത് അക്ഷോഭ്യനായി ജഡ്ജി നോക്കിനിന്നെങ്കിലും ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കുണ്ടായ തീപ്പിടിത്തം നിലവിലുള്ള അഗ്‌നിശമന സംവിധാനത്തിന് പെട്ടെന്ന് അണയ്ക്കാന്‍ കഴിയുന്നതല്ല.
അലഹാബാദില്‍നിന്നു വന്ന ജഡ്ജിയെ അങ്ങോട്ടുതന്നെ തിരിച്ചയക്കാനാണ് സുപ്രീംകോടതി കൊളീജിയം ഉടനെടുത്ത തീരുമാനം. അലഹാബാദ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധത്തിനു കാരണമായ തീരുമാനത്തിന്റെ യുക്തി മനസ്സിലാക്കാനാവുന്നില്ല. ജഡ്ജിമാര്‍ പരസ്പരം ബ്രദര്‍ എന്നാണ് സംബോധന ചെയ്യുന്നത്. സംശയത്തിന്റെ നിഴലിലായ സഹോദരനെ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കാതെ അറിഞ്ഞിടത്തോളം കാര്യങ്ങള്‍ പരസ്യപ്പെടുത്താനും ഇംപീച്ച്മെന്റിലേയ്ക്ക് നീങ്ങുന്ന ഇന്‍-ഹൗസ് നടപടികള്‍ക്ക് തുടക്കമിടാനും സുപ്രീംകോടതിക്കു കഴിഞ്ഞുവെന്നത് ആശ്വാസത്തിനു വക നല്‍കുന്നു. വര്‍മ തെറ്റുകാരനാണെന്നു സംശയിക്കാന്‍ പര്യാപ്തമായ സാഹചര്യമുണ്ടെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് അവധിയെടുപ്പിക്കുകയോ കേസ് കേള്‍ക്കാന്‍ അവസരം നല്‍കാതിരിക്കുകയോ ചെയ്യണമായിരുന്നു. തൊഴുത്ത് മാറ്റിക്കെട്ടിയ പശു ചുരത്തുമായിരിക്കും. പക്ഷേ, സംഭവിച്ചതിനുള്ള പരിഹാരം അതല്ല.
വര്‍മയെ കുറ്റക്കാരനെന്നു വിധിക്കാനുള്ള ഘട്ടം ആയിട്ടില്ല. ഒരുപക്ഷേ, അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിക്കുന്നതുപോലെ പണച്ചാക്കുകള്‍ അദ്ദേഹമറിയാതെ ആരെങ്കിലും അദ്ദേഹത്തിന്റെ അതീവ സുരക്ഷയുള്ള മതില്‍ക്കെട്ടിനകത്തേയ്ക്ക് കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് വലിച്ചെറിഞ്ഞതാകാം. അത്തരം സാധ്യതകള്‍ നമുക്കു സിനിമയില്‍ കണ്ട് പരിചയമുണ്ട്. ജഡ്ജിയുടെ കോമ്പൗണ്ടിനു മുകളിലൂടെ ഇത്രയും പണം കൊത്തിപ്പറന്ന ജടായു ആരെന്നുകൂടി അറിയണം. പണം വീട്ടിലോ നാട്ടിലോ സ്വീകരിക്കാതെ വിദേശത്തു സ്വീകരിക്കുന്ന വിവേകശാലികളുണ്ട്. കൊളീജിയത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി ജുഡീഷ്യല്‍ നിയമനക്കമ്മിഷന്‍ തിരികെക്കൊണ്ടുവരുന്നതിനുള്ള ഗൂഢാലോചനയും ആരോപണത്തിന്റെ പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ഇത്തരം ആളുകളെയാണോ ജഡ്ജിയായി കൊളീജിയം കണ്ടെത്തുന്നതെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ബിഹാറിലെ കാലിത്തീറ്റ കുംഭകോണവുമായി താരതമ്യം ചെയ്യാവുന്ന ബാങ്ക് വായ്പാ തട്ടിപ്പില്‍ സി.ബി.ഐ ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായി ഇടംപിടിച്ചയാള്‍ ഹൈക്കോടതി ജഡ്ജിയാകാന്‍ ശിപാര്‍ശ ചെയ്യപ്പെട്ടതെങ്ങനെയെന്ന് കൊളീജിയം വിശദീകരിക്കേണ്ടിവരും.
നിയമവാഴ്ച നിലനില്‍ക്കുന്ന സംവിധാനത്തില്‍ ന്യായാധിപര്‍ നീതിബോധത്തിലും സത്യസന്ധതയിലും പരിപൂര്‍ണരായിരിക്കണം. കൊളീജിയത്തിന്റെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നിയമിതരാകുന്ന ന്യായാധിപര്‍ ജസ്റ്റിസ് എന്ന വിശേഷണത്തിനു പൂര്‍ണമായും അര്‍ഹരാണെന്നാണ് സങ്കല്പിക്കപ്പെടുന്നത്. പ്രലോഭനം മനുഷ്യസഹജമാകയാല്‍ ജഡ്ജിമാര്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും വേണം. അപ്പോഴാണ് അതാരെ ഏല്പിക്കുമെന്ന ചോദ്യമുയരുന്നത്. എക്‌സിക്യൂട്ടീവിന്റെ നിയന്ത്രണം ജുഡീഷ്യറിക്കുമേല്‍ ഉണ്ടാകുന്നത് എന്തെല്ലാം ആപത്തിനു കാരണമാകുമെന്ന് അടിയന്തരാവസ്ഥയില്‍ കണ്ടു. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ജുഡീഷ്യറിയില്‍നിന്നുതന്നെയാണ് ഉണ്ടാകേണ്ടത്.
അപഭ്രംശിതരായ ജഡ്ജിമാരെ ഇംപീച്ച്മെന്റിനു വിധേയരാക്കാന്‍ പലവട്ടം സുപ്രീംകോടതി ഏല്പിച്ചുകൊടുത്തിട്ടുണ്ട്. രാഷ്ട്രീയവും പ്രാദേശികവുമായ കാരണങ്ങളാല്‍ പാര്‍ലമെന്റിന് ആ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂര്‍ണതയിലേയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ ചെയ്യപ്പെട്ട ജഡ്ജിമാര്‍ രാജിവച്ചു പോയിട്ടുള്ളതല്ലാതെ പാര്‍ലമെന്റ് ആരെയും പുറത്താക്കിയിട്ടില്ല. അതുകൊണ്ട് സാധാരണ ജഡ്ജിമാര്‍ മാത്രമല്ല, സമാരാധ്യരായ ചീഫ് ജസ്റ്റിസുമാര്‍വരെ തുടര്‍ച്ചയായി ആരോപിതരാകുന്ന സാഹചര്യമുണ്ടായി. എന്നിട്ടും ജുഡീഷ്യറിയിലുള്ള വിശ്വാസവും ജുഡീഷ്യറിയുടെ വിശ്വാസ്യതയും നിലനിന്നത് ആ സംവിധാനത്തിന്റെ അനിവാര്യതയില്‍ ജനങ്ങള്‍ക്കു വിശ്വാസം ഉള്ളതുകൊണ്ടാണ്. അത് തകര്‍ക്കുന്നതിനു പര്യാപ്തമായ പുഴുക്കുത്തുകള്‍ ജുഡീഷ്യറിയില്‍ എല്ലാക്കാലത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. അവയുടെയെല്ലാം സ്വഭാവം സാമ്പത്തികം തന്നെയായിരുന്നില്ല. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരിക്കെ രാജിവെച്ച് ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലേയ്ക്ക് മത്സരിച്ച അഭിജിത് ഗംഗോപാധ്യായ് അപവാദമല്ല. ഇത്തരം അനൗചിത്യങ്ങള്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ധാരാളം ചൂണ്ടിക്കാണിക്കാനുണ്ട്. ജസ്റ്റിസ് രാമസ്വാമിയെ വിചാരണ നടത്തി പ്രസിദ്ധനാക്കി. അനുവദനീയമായതില്‍ കവിഞ്ഞ തുക വസതി മോടിപിടിപ്പിക്കാന്‍ ചെലവാക്കി എന്ന പ്രായേണ ഗൗരവം കുറഞ്ഞ ആക്ഷേപം മാത്രമല്ലേ അദ്ദേഹത്തിനെതിരെ ഉണ്ടായത്. സുപ്രീംകോടതിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ തൂണുകള്‍ക്കുപോലും ചില കഥകള്‍ നമ്മോടു പറയാനുണ്ടാകും. മൂലധനത്തിന്റെ ആധിപത്യകാലത്ത് കോര്‍പറേറ്റ് വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളവരും ചെയ്യുന്നവരുമായ ജഡ്ജിമാര്‍ നമ്മെ പരിഭ്രാന്തരാക്കുന്ന അത്ഭുത കഥാപാത്രങ്ങളാണ്. അഭിഭാഷകര്‍ അറിയാതെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കരുത്. എവിടെയായാലും അരുതാത്തത് സംഭവിക്കുന്നത് പലരുടേയും അറിവോടെയാണ്. അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുന്നതും പരസ്യമാകുമ്പോള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതും പ്രാധാന്യത്തില്‍ ഏറ്റക്കുറച്ചിലില്ലാത്ത തെറ്റുകളാണ്. പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന യേശു പഠിപ്പിച്ച പ്രാര്‍ത്ഥന ന്യായാധിപര്‍ക്കുവേണ്ടിക്കൂടിയുള്ളതാണ്. പ്രലോഭനത്തിലേയ്ക്ക് വഴി തേടുന്നവര്‍ക്ക് പ്രാര്‍ത്ഥന ഫലിക്കുമെന്നു തോന്നുന്നില്ല.
കിട്ടുന്ന തക്കത്തിനു നമ്മുടെ വകയിലും ഇരിക്കട്ടെ ഒരു കല്ല് എന്ന നിലയില്‍ ആക്രമിക്കുന്നതിനുള്ള സ്ഥാപനമല്ല ജുഡീഷ്യറി. അഗ്‌നിയില്‍ തുടങ്ങിയത് അഗ്‌നിയില്‍ത്തന്നെ അവസാനിക്കട്ടെ. അഗ്‌നിപരീക്ഷ വ്യക്തികള്‍ക്കെന്നപോലെ സ്ഥാപനത്തിനും നല്ലതാണ്. പിന്നാമ്പുറത്ത് തീ പിടിക്കുന്നതുവരെ കാത്തിരിക്കാതെ സംവിധാനം ഇടയ്ക്കിടെ അഗ്‌നിശോധനയ്ക്ക് വിധേയമാകണം. ഫയര്‍ ആന്‍ഡ് സേഫ്ടി സര്‍ട്ടിഫിക്കറ്റ് തീ പിടിക്കുമ്പോഴല്ല അന്വേഷിക്കേണ്ടത്. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അരുതാത്തതു പറഞ്ഞതിന്റെ പേരില്‍ ജസ്റ്റിസ് സി.എസ്. കര്‍ണനെ ആറു മാസം ജയിലിലിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഒരു വനിതാ ജീവനക്കാരി ഉന്നയിച്ച ആക്ഷേപം കത്താന്‍ അനുവദിക്കാതെ മണലിട്ടു മൂടി. അദ്ദേഹം രാജ്യസഭയിലെത്തി; പരാതിക്കാരി ലാവണത്തില്‍ തുടര്‍ന്നു. വിശ്വാസ്യതയില്‍ നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്നത് ഇങ്ങനെയൊക്കെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക