എംപുരാന്‍: വിവാദങ്ങളുടെ നാള്‍വഴി

എംപുരാന്‍ പോസ്റ്റര്‍
എംപുരാന്‍ പോസ്റ്റര്‍
Updated on

ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്റെയൊരു വമ്പന്‍ സിനിമ റിലീസ് ചെയ്ത് നാലാം ദിവസം ഖേദപ്രകടനത്തിന്റെ സ്വഭാവമുള്ള വിശദീകരണക്കുറിപ്പുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ വരേണ്ടിവന്നിരിക്കുന്നു. സംവിധായകന്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഈ നാലുപേര്‍ മുഴുവന്‍ വിശദാംശങ്ങളോടേയും അറിയാതേയും കാണാതേയും ഈ സിനിമ ഉണ്ടാകില്ല എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. പിന്നെന്തിന് മോഹന്‍ലാല്‍ മാത്രമായി ഖേദിക്കണം എന്ന ചോദ്യം സ്വാഭാവികം.

''എംപുരാന്‍ എടുത്തതിലൂടെ മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളേയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്‍ മനപ്പൂര്‍വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ട്'' എന്ന് മല്ലികാ സുകുമാരന്‍ പറയേണ്ടിവന്ന സാഹചര്യം എന്താണ്? മുരളി ഗോപി മിണ്ടാത്തതെന്തായിരിക്കും? അതോ, ഇവര്‍ക്ക് ഓരോരുത്തര്‍ക്കും കൃത്യമായി സ്വന്തം ചുമതലയും അത് നിര്‍വഹിക്കാനുള്ള സമയവും നിശ്ചയിച്ചുറപ്പിച്ചു നല്‍കിയ ഒരു വിപണന-രാഷ്ട്രീയ തന്ത്രമാണോ നടപ്പാകുന്നത് നടന്നതിനും നടക്കുന്നതിനും നടക്കാനിരിക്കുന്നതിനും പിന്നില്‍ അതുമായി ബന്ധപ്പെട്ട കാര്യകാരണങ്ങളുണ്ടോ? സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ എന്ന ലേബലില്‍ വിശ്വസിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സി.പി.എം നേതൃത്വം എംപുരാന്റെ പ്രചാരകരാകുമ്പോള്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്നവരുണ്ടോ?

B GOPALAKRISHNAN
ബി ഗോപാലകൃഷ്ണന്‍

മാര്‍ച്ച് 30-31

ഫെഫ്കയും ഗോപാലകൃഷ്ണനും

ഫെഫ്ക ഫിലിം ഡയറക്ടേഴ്സ് യൂണിയന്‍ എംപുരാന്‍ വിഷയത്തില്‍ മിണ്ടിയതും മരുമകളെ നിലയ്ക്കു നിര്‍ത്തണം എന്ന് സുപ്രിയ മേനോനെ ഉദ്ദേശിച്ച് മല്ലികാ സുകുമാരനോട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞതും മാര്‍ച്ച് 31-നാണ്. സിനിമ വന്ന് അഞ്ചാം ദിവസം; മോഹന്‍ലാലിന്റെ ഖേദവും മല്ലികാ സുകുമാരന്റെ വിഷമവും പുറത്തുവന്നതിന്റെ പിറ്റേന്ന്. പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പുപറയേണ്ടിവന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയായിരുന്നു ഗോപാലകൃഷ്ണന്റെ അധിക്ഷേപം. പക്ഷേ, പറയാന്‍ വേണ്ടി പറയുന്നതിന്റെ ഒരുതരം ചതുരവടിവ് ഗോപാലകൃഷ്ണന്റെ വാക്കുകളില്‍പോലും ഉണ്ടായിരുന്നു. അതിനോടുള്ള പ്രതികരണങ്ങളിലുമുണ്ടായത് അതുപോലെ കൃത്രിമ രോഷപ്രകടനം. കമലിനെ കമാലുദ്ദീന്‍ എന്നു വിളിച്ച് ആക്ഷേപിച്ചതിലെ ഒരു 'ചുറുചുറുക്ക്' ഇല്ല. എന്തോ എവിടെയോ ഒരുതരം അഡ്ജസ്റ്റുമെന്റിന്റെ പന്തികേട്.

എംപുരാന്‍ പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുന്നു എന്നാണ് ഫെഫ്ക പറഞ്ഞത്. സത്യസന്ധമായാണെങ്കില്‍, ഫെഫ്കയും 'അമ്മ'യും നിര്‍മാതാക്കളുടെ സംഘടനയുമെല്ലാം പറയേണ്ട പ്രധാനപ്പെട്ട ചിലതുണ്ട്. ആ സിനിമ ഇറങ്ങി നാലാം പക്കം പുതിയ എഡിറ്റിംഗിനും സെന്‍സറിംഗിനും ഇട്ടുകൊടുക്കുകയാണ് ചെയ്തതെങ്കില്‍ അതിനെക്കുറിച്ച് പറയണം; സംവിധായകനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് മല്ലിക സുകുമാരന്‍ പറയേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് ഉത്കണ്ഠ വേണം. സുപ്രിയ മേനോന്‍ അര്‍ബന്‍ നക്സലാണെന്നു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍നിന്ന് കേള്‍ക്കേണ്ടി വരുന്നതും അലോസരപ്പെടുത്തേണ്ട വിഷയമാണ്. അതും പറയണം. പക്ഷേ, ഇതൊന്നുമുണ്ടായില്ല. എംപുരാനെ ആക്രമിച്ച് വരുതിയിലാക്കി സ്വന്തം അജന്‍ഡയിലേക്ക് കേരളത്തെപ്പോലും എത്തിക്കുന്നവരുടെ മനസ്സുകൊണ്ടുതന്നെയാണോ ഫെഫ്കയും ചിന്തിക്കുന്നത്?

ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ തുടര്‍ച്ചയായി പൃഥ്വിരാജിനെ ആക്രമിക്കുന്ന ലേഖനങ്ങളും നിരീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്നതാണ് ഈ ദിവസങ്ങളില്‍ കണ്ടത്. പക്ഷേ, അത് സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഇരമ്പുന്ന വിഷയമായി മാറുന്നത് കേരളം കണ്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചപ്പോള്‍ മല്ലികാ സുകുമാരന്‍ പറഞ്ഞ ഓര്‍ഗനൈസറിനെതിരായ വാക്ക് പിന്നെ ഒരിടത്തും ആവര്‍ത്തിച്ചുമില്ല.

എംപുരാന്‍ റിലീസിന്റെ മൂന്നാംപക്കം, അതായത് മാര്‍ച്ച് 29-ന് എഫ്.ബി ലൈവില്‍ വന്ന് മേജര്‍ രവി പറഞ്ഞതിനു കൂടിയുള്ള മറുപടിയാണ് പിറ്റേന്ന് മല്ലികാ സുകുമാരന്‍ എഴുതിയതും പറഞ്ഞതും. പൃഥ്വിരാജ് അമ്മയ്ക്കുവേണ്ടി എഴുതിയതും അമ്മയെക്കൊണ്ട് പറയിച്ചതും എന്നു വേണമെങ്കിലും പറയാം. അത്ര കൃത്യമായിരുന്നു അത്. പക്ഷേ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് മേജര്‍ രവി പറഞ്ഞത് വിശ്വാസത്തിലെടുക്കാമെങ്കില്‍, എംപുരാന്റെ ഉള്ളടക്കത്തെക്കുറിച്ച് രോഷം പ്രകടിപ്പിച്ച് പട്ടാളക്കാരും മുന്‍ പട്ടാളക്കാരുമായ സുഹൃത്തുക്കള്‍ മേജര്‍ രവിയെ ചീത്ത വിളിക്കേണ്ട കാര്യമെന്താണ്? മേജര്‍ രവിയും എംപുരാനും തമ്മിലെന്താണുള്ളത്? മോഹന്‍ലാല്‍ ഉറപ്പായും ക്ഷമ ചോദിക്കും എന്ന് രവി പറഞ്ഞത് അതേപടി സംഭവിച്ചത് വെറും യാദൃച്ഛികമാണോ? അതോ, രവിയെപ്പോലുള്ളവരുടെ തിരക്കഥയിലാണോ മൊത്തം കാര്യങ്ങള്‍?

mohanlal-shobana-jodi-thudarum release date
മോഹന്‍ലാല്‍

മാര്‍ച്ച് 30

ലാലിന്റെ ഖേദപ്രകടനം മാത്രം

മാര്‍ച്ച് 30-ന് ഉച്ചയോടെയാണ് മോഹന്‍ലാലിന്റെ ഖേദപ്രകടന പോസ്റ്റ് വന്നത്. ആ നിമിഷം മുതല്‍ എംപുരാന്‍ വിശകലനങ്ങള്‍ പുതിയ ഒരു ഭാവത്തിലേക്കു മാറി. ഇങ്ങനെയൊരു പ്രതികരണം വേണ്ടിയിരുന്നില്ല എന്ന വികാരം പ്രകടിപ്പിച്ചവരില്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവരും ഉണ്ടായിരുന്നു. അവര്‍ പ്രഖ്യാപിത ഫാന്‍ സംഘങ്ങളില്‍പ്പെട്ടവര്‍ അല്ലെന്നു മാത്രം. മോഹന്‍ലാലിന്റെ ചെറുകുറിപ്പ് അവിടെയും ഇവിടെയും തൊടാത്തതായിരുന്നു. എങ്കിലും സിനിമയില്‍നിന്ന് ചില ഭാഗങ്ങള്‍ നീക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു എന്ന് ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത് ആ പോസ്റ്റാണ്. ഏതെങ്കിലും കോടതി നിര്‍ദേശമോ സെന്‍സര്‍ബോര്‍ഡിന്റെ ഔദ്യോഗിക നിര്‍ദേശമോ ഒന്നുമില്ലാതെ ഒരു റീ എഡിറ്റിംഗ്- റീ സെന്‍സറിംഗ് തീരുമാനം. ''ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എംപുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപ്പേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എംപുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചുകഴിഞ്ഞു'' എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. ആര്‍ക്ക്, ഏതുഭാഗം, ഏതുവിധം എംപുരാന്‍ ഉള്ളടക്കം മനോവിഷമം ഉണ്ടാക്കി എന്ന ചോദ്യം അതേവിധം നിലനില്‍ക്കുന്നു. 'എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട കടമ' നിറവേറ്റുമ്പോള്‍ കുറച്ചുകൂടി വ്യക്തതവരുത്തേണ്ട കടമയും മോഹന്‍ലാലിനുണ്ട്. ഒരു വംശഹത്യയിലെ വേട്ടക്കാര്‍ക്കാണ് മനോവിഷമമെങ്കില്‍, തങ്ങളോടുള്ള എതിര്‍പ്പിന് അവര്‍ സ്വയം നല്‍കുന്ന പേരാണ് വിദ്വേഷം എന്നതെങ്കില്‍ അത് അവഗണിക്കുകയല്ലേ വേണ്ടത്. അതല്ല, പല വിമര്‍ശന പോസ്റ്റുകളിലും വരുന്നതുപോലെ മോഹന്‍ലാലിന് പ്രിയപ്പെട്ട പ്രസ്ഥാനമാണോ അത്. പക്ഷേ, ക്ഷണമുണ്ടായിട്ടും അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പോകാതിരുന്നത് ഇതേ മോഹന്‍ലാല്‍ തന്നെയാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളം ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നതും ലാലിനെക്കുറിച്ചു തന്നെയാണ്. രാഷ്ട്രീയം ശ്വസിക്കുന്ന കേരളത്തിന് എംപുരാന്‍ ആരെയാണ് അലോസരപ്പെടുത്തിയത് എന്നതില്‍ സംശയങ്ങളില്ല എന്ന് ഓരോ പ്രതികരണങ്ങളില്‍നിന്നും വ്യക്തം. പക്ഷേ, 'കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന് പറയുന്ന മോഹന്‍ലാല്‍ അവ്യക്തത നിലനിര്‍ത്തുകയും ചെയ്യുന്നു: ആരാണ് മനോവിഷമം അറിയിച്ചത്; തന്നെ സ്നേഹിക്കുന്നവരില്‍ കുറേപ്പേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു എന്നു പറയുമ്പോള്‍, സ്നേഹിക്കുന്നവരില്‍ ബാക്കി കുറേപ്പേര്‍ക്ക് ഈ ഖേദപ്രകടനമാണ് വലിയ മനോവിഷമം ഉണ്ടാക്കിയത് എന്ന യാഥാര്‍ത്ഥ്യമുണ്ട്. അതാണ് സമൂഹമാധ്യമ പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്.

Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖര്‍ഫയല്‍

മാര്‍ച്ച് 2-30

രാജീവ് ചന്ദ്രശേഖറുടെ എന്‍ട്രി

'ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എംപുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരേയും മറ്റ് പ്രേക്ഷകരേയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി' ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മാര്‍ച്ച് 30-ലെ പ്രതികരണമാണിത്. 'ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും' എന്നുകൂടി പറയുന്നുണ്ട് അദ്ദേഹം. വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു എന്ന് ബി.ജെ.പി വിശ്വസിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്ന എന്തോ ഒന്ന് എംപുരാന്റെ കഥയിലുണ്ട് എന്നു തന്നെയാണ് ഈ പോസ്റ്റും സമ്മതിക്കുന്നത്. പക്ഷേ, സിനിമ പരാജയപ്പെടുന്നില്ല എന്നാണ് അഞ്ചാം ദിവസം മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയ 200 കോടിയുടെ കണക്ക് പറയുന്നത്. അതിനര്‍ത്ഥം വളച്ചൊടിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖറും പാര്‍ട്ടിയും പ്രചരിപ്പിക്കുന്ന സത്യം ശരിക്കും വളച്ചൊടിച്ചിട്ടില്ല എന്നും സത്യം സത്യമായിത്തന്നെ ജനം മനസ്സിലാക്കുന്നു എന്നുമായിരിക്കുമോ. ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം സ്വയം പറയാനും ഇഷ്ടമുള്ള രാജീവ് ചന്ദ്രശേഖര്‍ തന്നെ അത് പിന്നീട് പറഞ്ഞുകൂടെന്നില്ല. ഈ ചോദ്യോത്തരങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍പറഞ്ഞ പോസ്റ്റിലുള്ളതാണ്. 'അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ? ഇല്ല. ഇത്തരത്തിലുള്ള സിനിമാനിര്‍മാണത്തില്‍ ഞാന്‍ നിരാശനാണോ? അതെ.'

പക്ഷേ, 'മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എംപുരാന്‍ കാണുന്നുണ്ട്' എന്നാണ് മാര്‍ച്ച് രണ്ടിന് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചത്.

മാര്‍ച്ച് 29-30

പിണറായിയുടെ കാഴ്ച;

ചെന്നിത്തലയുടേയും

ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്ന് മോഹന്‍ലാല്‍ അവ്യക്തമായി പറഞ്ഞ അതേ രാഷ്ട്രീയം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ എംപുരാന്‍ കാണാനും പ്രേരിപ്പിച്ചത്. മാര്‍ച്ച് 29-ന് സിനിമ കണ്ടശേഷം പിറ്റേന്ന് എഴുതിയ സമൂഹമാധ്യമക്കുറിപ്പില്‍ അദ്ദേഹം അത് കൃത്യമായി പറയുകയും ചെയ്തു. 'സിനിമയ്ക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷപ്രചരണങ്ങള്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്' എന്ന് എംപുരാനെതിരെ കൊലവിളി നടത്തുന്നവരെ ചൂണ്ടിക്കാണിച്ച ശേഷം, തങ്ങളുടെ നിലപാടും അദ്ദേഹം വിശദീകരിച്ചു. 'ഈ സമ്മര്‍ദത്തില്‍പ്പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.'

ഇതിന്റെ തന്നെ തുടര്‍ച്ചയാണ് എംപുരാന്‍ റീ സെന്‍സറിംഗിനെതിരെ ഏപ്രില്‍ ഒന്നിന് സി.പി.എം എം.പി എ.എ. റഹീം രാജ്യസഭയില്‍ നോട്ടീസ് നല്‍കിയതും.

രമേശ് ചെന്നിത്തലയുടെ പോസ്റ്റു വന്നത് സിനിമ കാണുന്നതിനു മുന്‍പാണ്. പക്ഷേ, അതുവരെയുണ്ടായ ചര്‍ച്ചകള്‍ ശ്രദ്ധയോടെ വിലയിരുത്തി രൂപപ്പെടുത്തിയ നിലപാട് അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ഏപ്രില്‍ ഒന്നിനു തന്നെ ഹൈബി ഈഡന്‍ ലോക്സഭയില്‍ നല്‍കിയ നോട്ടീസ് അതിന്റെ തുടര്‍ച്ചയും.

'കേരളസ്റ്റോറി'ക്കുവേണ്ടി സംഘപരിവാര്‍ നടത്തിയ ഇടപെടലുകളെ പരാമര്‍ശിക്കുക കൂടി ചെയ്തുകൊണ്ടാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പക്ഷേ, എംപുരാന്റെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഒരാള്‍ പേര് പറയാതിരുന്നതുകൊണ്ട് ആ സിനിമയ്ക്കെന്തു പറ്റാനാണ് എന്നു സ്വാഭാവികമായും ചോദിക്കാം. പക്ഷേ, ചില പരാമര്‍ശങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നതിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് പ്രധാനം തന്നെ. 'കലയും സാഹിത്യവും സിനിമയും നാടകവുമൊക്കെ അതത് കാലത്തോടുള്ള മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. ഇത്തരം കലാരൂപങ്ങളിലൂടെ ഉയര്‍ന്നു വരുന്ന സാമൂഹ്യവിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും മുന്നോട്ടുപോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആള്‍ക്കൂട്ടകൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയില്‍ ഒരു സംഘടിത പ്രസ്ഥാനവും വളര്‍ത്തിക്കൊണ്ടുവരരുത്'- അദ്ദേഹം എഴുതി.

'കഴിഞ്ഞ ദിവസം റിലീസായ മോഹന്‍ലാല്‍ ചിത്രം കണ്ടില്ല. പക്ഷേ, അതിനെതിരെയുള്ള കടുത്ത അസഹിഷ്ണുതാപരമായ നിലപാടുകള്‍ സംഘപരിവാര്‍ സംഘടനകളും അണികളും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തിയ 'കേരളാസ്റ്റോറി' എന്ന സിനിമയ്ക്കനുകൂലമായി വ്യാപക മാര്‍ക്കറ്റിങ്ങ് ഏറ്റെടുത്ത അതേ സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ് തങ്ങളുടെ ചില മുന്‍കാല ചെയ്തികളുടെ റഫറന്‍സുകള്‍ ഉണ്ട് എന്ന പേരില്‍ ഒരു വാണിജ്യ സിനിമയെ കടന്നാക്രമിക്കുന്നത്. ഇത്ര അസഹിഷ്ണത ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കു യോജിച്ചതല്ല. ഭയപ്പെടുത്തിയും ആക്രമിച്ചും കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാം എന്നു കരുതരുത്. ഈ വിരട്ടലില്‍ വീണുപോകരുതെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്.'

'കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നിരവധി പ്രൊ പ്പഗാന്‍ഡാ സിനിമകള്‍ക്കു പിന്തുണയും സഹായവും ചെയ്തവരാണ് ബി.ജെ.പിക്കാര്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിക്ക് അനുകൂലമായി പ്രൊപ്പഗാന്‍ഡാ സിനിമകള്‍ ചെയ്യുന്നവരുമാണ്. അവര്‍ ഒരു വാണിജ്യ സിനിമയിലെ ഒന്നോ രണ്ടോ ഡയലോഗുകളുടെ പേരില്‍ ഇത്രയേറെ വെറിപിടിക്കണ്ട കാര്യമില്ല. മലയാളമടക്കം മിക്ക ഭാഷയിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന സിനിമകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതിനെ ജനാധിപത്യസ്വാതന്ത്ര്യമായി അംഗീകരിക്കുക മാത്രമാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും ചെയ്തിട്ടുള്ളത്. എന്നാല്‍ ബി.ജെ.പി അങ്ങനെയല്ല അതിനെ കൈകാര്യം ചെയ്യുന്നത്.' ഇത്രയും പറഞ്ഞശേഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ സി.പി,എം വിരുദ്ധ രാഷ്ട്രീയം കൂടി ചേര്‍ത്താണ് രമേശ് ചെന്നിത്തല അത് പൂര്‍ത്തിയാക്കിയത്. 'ഇക്കാര്യത്തില്‍ സി.പി.എമ്മും ഒട്ടും ഭേദമല്ല. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' പോലെയുള്ള സിനിമകള്‍ക്ക് എന്തുസംഭവിച്ചു എന്ന് അന്വേഷിച്ചാല്‍ തന്നെ സി.പി.എമ്മിന്റെ അസഹിഷ്ണുത ബോധ്യപ്പെടും. ഒരു കലാരൂപത്തെ കലാരൂപമായി മാത്രം കാണുക എന്നതാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട്. ഇല്ലെങ്കില്‍ കശാപ്പ് ചെയ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായിരിക്കും.'

ED raids Gokulam Gopalan's office
ഗോകുലം ഗോപാലന്‍ഫയൽ

മാര്‍ച്ച് 16, 27, 30, 31 താല്പര്യങ്ങള്‍ക്കപ്പുറം

ലെയ്ക്ക പ്രൊഡക്ഷന്‍സ് പിന്‍മാറിയപ്പോള്‍ ആശീര്‍വാദ് സിനിമാസിന്റെ സഹനിര്‍മാതാവാകാന്‍ തയ്യാറായ ശ്രീഗോകുലം മൂവീസിന്റെ ഉടമ ഗോകുലം ഗോപാലന്‍ മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും മാത്രമാണ് നോക്കിയത്. മാര്‍ച്ച് 27-ന് മൂന്നുപേരും കൂടിയുള്ള ഫോട്ടോ പോസ്റ്റുചെയ്ത് ഗോകുലം ഗോപാലന്‍ എഴുതിയത് ഇങ്ങനെ: 'സിനിമയെ അതിന്റെ മര്‍മമറിഞ്ഞു സൃഷ്ടിക്കുന്ന ഒരു സംവിധായകനും ക്യാമറക്കണ്ണുകളെപ്പോലും അഭിനയപാടവംകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരു മഹാനടനും ചേര്‍ന്നുനില്‍ക്കുമ്പോള്‍ ടെന്‍ഷനേതുമില്ലാതെ ഇതുപോലെ കൈകളുയര്‍ത്തി വിജയാരവം മുഴക്കാന്‍ ഒന്നൊരുങ്ങി നിന്നാല്‍ മാത്രം മതി...'

'നല്ലൊരു സിനിമ, അതിന്റെ സാങ്കേതിക തികവുകൊണ്ടും, നിര്‍മാണപാടവംകൊണ്ടും മികച്ചതായി നില്‍ക്കുമ്പോള്‍ ഏതൊരു പ്രതിസന്ധി വന്നാലും അത് അഭ്രപാളിയില്‍ എത്തിക്കാന്‍ വൈകരുത് എന്നതാണ് എന്റെ അഭിപ്രായം. തര്‍ക്കങ്ങള്‍ തീര്‍ത്ത് നല്ലതിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'എംപുരാന്‍' തീരുമാനിച്ച തീയതിയില്‍തന്നെ റിലീസ് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്'- മാര്‍ച്ച് 16-ലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

സിനിമ വിവാദത്തിലായപ്പോള്‍ അതില്‍ മാറ്റം വരുത്തുമെന്നും സംവിധായകനുമായി സംസാരിച്ചിട്ടുണ്ടെന്നും ആദ്യം പറഞ്ഞത് ഗോകുലം ഗോപാലന്‍ തന്നെയാണ്. ഔദ്യോഗിക സ്ഥിരീകരണം വന്നത് മോഹന്‍ലാല്‍ വഴിയാണെന്നു മാത്രം. പക്ഷേ, മോഹന്‍ലാലിനോടും പൃഥ്വിരാജിനോടും വിധേയനെപ്പോലെ പെരുമാറുന്ന ഗോകുലം ഗോപാലന് അങ്ങനെയൊരു ഇടപെടലിനു കരുത്തുണ്ടോ എന്ന ചോദ്യമുണ്ട്. ഇവരെല്ലാം കൂടി നേരത്തേ പ്ലാന്‍ ചെയ്തുവച്ച 'വെട്ടലിന്റെ ഫലം' ആണോ നാലാംപക്കം മോഹന്‍ലാല്‍ പ്രഖ്യാപിച്ചതും ഏഴാം ദിനം തിയേറ്ററുകളില്‍ വന്നതും എന്ന സംശയം ഉയരുന്നതും അതിനു തുടര്‍ച്ചയായാണ്. ഏതായാലും വേണമെന്നു വച്ചിട്ടോ അതോ കയ്യില്‍നിന്നു പോയിട്ടോ ഗുജറാത്ത് വംശഹത്യ വീണ്ടും ചര്‍ച്ചയാക്കാന്‍ എംപുരാന് കഴിഞ്ഞു. അതിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ പ്രതികരണം വന്നത് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളവ്യാപകമായി പ്രദര്‍ശിപ്പിക്കാന്‍ എസ്.എഫ്.ഐ തീരുമാനിച്ചപ്പോഴാണ്. 'ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചരിത്രത്തെ അപനിര്‍മിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടത്തിന്റെ നീക്കം അനുവദിക്കാനാകില്ല' എന്നാണ് എസ്.എഫ്.ഐ പറഞ്ഞത്. എംപുരാന്‍ സിനിമ റിലീസ് ചെയ്യപ്പെട്ടതിനു ശേഷം രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിച്ച വിദ്വേഷപ്രചാരണം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഗുജറാത്തില്‍ ആര്‍.എസ്.എസ് ആസൂത്രിതമായി നടപ്പാക്കിയ രാജ്യചരിത്രത്തിലെ ഏറ്റവും മൃഗീയവും ഭയാനകവുമായ വംശഹത്യയെ വിമര്‍ശനാത്മകമായി ആവിഷ്‌കരിച്ച സിനിമാഭാഗം മുന്‍നിര്‍ത്തിയാണ് വിപുലമായ വിദ്വേഷപ്രചാരണം നടക്കുന്നത്. കേന്ദ്രാധികാരം കയ്യാളുന്ന സംഘപരിവാര്‍ ഭരണനേതൃത്വം പിന്നിട്ട വഴികളില്‍ നടത്തിയ ക്രൂരമായ ഹിംസകള്‍ ഭാവിതലമുറ ചര്‍ച്ച ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയുമാണ് സംഘപരിവാരം പ്രകടമാക്കുന്നത്. കേരളത്തെ തീവ്രവാദത്തിന്റെ ഹബ്ബായി ചിത്രീകരിക്കുന്ന 'കേരളസ്റ്റോറി' എന്ന പ്രൊപ്പഗാന്‍ഡ മൂവി റിലീസായപ്പോള്‍ ജനാധിപത്യപരമായി ഉയര്‍ന്ന വിമര്‍ശനങ്ങളെപ്പോലും ചെവിക്കൊള്ളാത്തവരാണ് ഇപ്പോള്‍ മലയാളത്തിന്റെ അഭിമാന പ്രതിഭകളായ മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള 'എംപുരാന്‍' അണിയറ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തകര്‍ത്താടുന്നത്. ഗുജറാത്ത് വംശഹത്യയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററി പ്രദര്‍ശനമുള്‍പ്പെടെ സംഘപരിവാര്‍ വെട്ടിമാറ്റാന്‍ ശ്രമിച്ച ചരിത്രവസ്തുതയെ തുറന്നുകാണിക്കാനുതകുന്ന വിപുലമായ പ്രചാരണ ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കും.

അപ്പോഴും സംശയങ്ങള്‍ പലതരത്തില്‍ തുടരുക തന്നെയാണ്. ഇടതുപക്ഷത്തെ കളത്തിലിറക്കുന്നത് ചതിക്കുഴിയാണെന്നും ഇപ്പോഴത്തെ മുന്‍ഗണന സംഘപരിവാര്‍ ക്യാംപെയ്ന്‍ തുറന്നുകാണിക്കുന്നതിനാണെന്നുമുണ്ട് വാദങ്ങള്‍. മുരളി ഗോപിയുടെ തന്നെ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സി.പി.എമ്മിനുണ്ടാക്കിയ അലോസരത്തെക്കുറിച്ചുപോലും ഓര്‍ക്കേണ്ട സമയമല്ല ഇത് എന്ന ജനാധിപത്യബോധം ഇടതുപക്ഷം കാണിക്കുന്നുണ്ട്. രാഷ്ട്രീയമായി രൂക്ഷമായി എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിക്ക് കോടതിവിധിയുടെ പേരില്‍ പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യം അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അതേ മര്യാദ എന്ന് പറയുന്നുണ്ട് സോഷ്യല്‍ മീഡിയ. സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശ്ശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ് എന്ന് ഫെഫ്കയ്ക്കുപോലും പറയേണ്ടിവന്നതില്‍ ഈ നിലപാടിന്റെ സ്വാധീനമുണ്ടായി.

ഏപ്രില്‍ 1

വിഡ്ഢികളായത് ആര്?

കാര്യങ്ങളൊരു ഉന്നതതല ഒത്തുകളി ലൈനിലാണ് പോകുന്നത് എന്ന് മനസ്സിലായത് ലോക വിഡ്ഢിദിനം എന്നു പേരുകേട്ട ഏപ്രില്‍ ഒന്നിന് ബി.ജെ.പിയുടെ മുന്‍ ജില്ലാകമ്മിറ്റി അംഗമായ തൃശൂരിലെ നേതാവ് വി.വി. വിജീഷിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയപ്പോഴാണ്; കുറ്റം എംപുരാനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പ്രദര്‍ശനം തടയണമെന്നാണ് വിജീഷിന്റെ ഹര്‍ജിയിലെ ആവശ്യം.

എതിര്‍കക്ഷികള്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, കേരള പൊലീസ്, ഇ.ഡി പിന്നെ കേന്ദ്രസര്‍ക്കാരും. ഹര്‍ജിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതാണ് നിലപാടെന്നും സസ്പെന്‍ഷന്‍ വിവരം അറിയിച്ച സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. എന്നുവച്ചാല്‍ എംപുരാന്‍ കാണില്ലെന്നും അത് 'സത്യം വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന' സിനിമയാണെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ടീം എംപുരാനെ അലോസരപ്പെടുത്താനും നിയമക്കുരുക്കില്‍പ്പെടുത്താനും താല്പര്യമില്ല; സംഘപരിവാറിന് മൊത്തത്തിലും താല്പര്യമില്ല. അതുകൊണ്ട് വി.വി. വിജീഷ് പുറത്തുനില്‍ക്കട്ടെ. പ്രദര്‍ശനം സ്റ്റേ ചെയ്യാന്‍ മടിച്ച ഹൈക്കോടതി വിജീഷിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത പിന്നാലെയാണ് പാര്‍ട്ടിയും കൈവിട്ടത്.

ഏപ്രില്‍ ഒന്നിനു തന്നെ നടനും ബി.ജെ.പിയുടെ കേരളത്തിലെ ഏക ലോക്സഭാംഗവുമായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഒരു കാര്യം പറഞ്ഞു, ഒരു ഒന്നൊന്നരപ്പറച്ചില്‍: 'എംപുരാന്‍ വിവാദം വെറും ഡ്രാമ മാത്രമാണ്. സിനിമയെ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്തിനാണ് വിവാദം ഇതില്‍? ഇതെല്ലാം വെറും കച്ചവടം മാത്രമാണ്; ജനങ്ങളെ ഇളക്കിവിട്ട് പൈസ ഉണ്ടാക്കുകയാണ്'- സുരേഷ് ഗോപിയുടെ വാക്കുകള്‍. ഏതായാലും റീ എഡിറ്റ് ചെയ്ത എംപുരാന്റെ 'താങ്ക്സ് കാര്‍ഡില്‍'നിന്ന് സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുണ്ട്.

ഇവിടെ എംപുരാനുവേണ്ടി പാര്‍ട്ടി അംഗത്തെ ബി.ജെ.പി പുറത്താക്കിയപ്പോള്‍ പാര്‍ലമെന്റില്‍ സി.പി.ഐ അംഗം പി. സന്തോഷ് കുമാറും സി.പി.എം അംഗം എ.എ. റഹീമും സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് രാജ്യസഭാ സ്പീക്കര്‍ തള്ളി.

എംപുരാന് വെട്ട് 24 ആണ് എന്ന് വെളിപ്പെട്ടതും ഇതേ ദിവസമാണ്. പത്തു മുതല്‍ 17 വരെ പല എണ്ണവും കേട്ടിരുന്നു. പാര്‍ലമെന്റിലെ നോട്ടീസില്‍ എം.പിമാരും ഈ ആശയക്കുഴപ്പത്തെക്കുറിച്ചും സിനിമയെ മുള്‍മുനയില്‍ നിര്‍ത്തുകയാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഒഴിവാക്കുന്നത് 24 ഭാഗങ്ങളാണെന്ന് വ്യക്തമായി. അതിലൊന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ രംഗമാണ്.

നേരത്തേത്തന്നെ അങ്ങാടിപ്പാട്ടായതുപോലെ, വില്ലന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് ആക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലം നീക്കുകയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യെ പരാമര്‍ശിക്കുന്നത് മ്യൂട്ട് ആക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com