പ്രത്യാശയുടെ ചുവപ്പ് പടര്‍ത്തിയ പാര്‍ട്ടി കോണ്‍ഗ്രസ്

പ്രത്യാശയുടെ ചുവപ്പ് പടര്‍ത്തിയ പാര്‍ട്ടി കോണ്‍ഗ്രസ്
Updated on
5 min read

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിസങ്കീര്‍ണമായ വഴികളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ പ്രസ്ഥാനമല്ല; അഭിസംബോധന ചെയ്യേണ്ടതായ പരിസരങ്ങളാണ് സങ്കീര്‍ണമായിരിക്കുന്നത്. ഓര്‍ക്കേണ്ടത്, വിപ്ലവ പ്രസ്ഥാനം എന്നും എപ്പോഴും അതിനു സഞ്ചരിക്കാനുള്ള വഴികള്‍ സ്വയം വെട്ടിത്തെളിക്കുകയാണ് പതിവ്. ആരെങ്കിലും നിര്‍മിച്ചുകൊടുക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നതിനെ വിപ്ലവ പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കാറില്ല. സ്വന്തമായ സഞ്ചാരപഥങ്ങള്‍ നിര്‍മിക്കുക വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് എളുപ്പമായ കാര്യവുമല്ല. പ്രത്യയശാസ്ത്രം; അത് പ്രയോഗിക്കാനുള്ള രാഷ്ട്രീയ അടവുകള്‍; അടവുകള്‍ രൂപീകരിക്കുമ്പോള്‍ വസ്തുനിഷ്ഠമായി പരിശോധനക്കെടുക്കേണ്ട സാഹചര്യങ്ങള്‍; വസ്തുനിഷ്ഠ സാഹചര്യങ്ങളെ വിലയിരുത്താനുള്ള രീതിനിഷ്ഠകള്‍ ഇതൊക്കെ വിപ്ലവ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് മര്‍മപ്രധാനങ്ങളാണ്. ഈ ചേരുവകളൊക്കെ സൂക്ഷ്മമായി ഒരുമിക്കുമ്പോഴാണ് ശരിയായൊരു രാഷ്ട്രീയ അടവുലൈനിലേക്ക് എത്തിച്ചേരുന്നത്. അടവുലൈന്‍ രൂപപ്പെട്ടാല്‍ അത് നടപ്പില്‍ വരുത്തുന്നതിനുള്ള സംഘടനാസംവിധാനങ്ങളെ ഇതിനനുസൃതമായി നവീകരിക്കുകയും വേണം. രാഷ്ട്രീയലക്ഷ്യം നിറവേറ്റുന്നതിനുള്ള ഉപകരണമാണ് ഒരു വിപ്ലവപ്രസ്ഥാനത്തിന് അതിന്റെ സംഘടനാസംവിധാനങ്ങള്‍. രാഷ്ട്രീയ അടവുകളും, സംഘടനാസംവിധാനവും തമ്മില്‍ നിലനില്‍ക്കേണ്ട ശരിയായ വൈരുദ്ധ്യാത്മകബന്ധം ഏറെ പ്രധാനമാണ്. ഉല്‍കൃഷ്ടമായ വിപ്ലവലക്ഷ്യങ്ങള്‍ നിര്‍വഹിക്കാനാണ് പ്രസ്ഥാനത്തിന് അതിന്റെ സംഘടനാസംവിധാനം. ഏറ്റവും നല്ല സംഘടനാസംവിധാനത്തില്‍നിന്നാണ് സര്‍വശ്രേഷ്ഠമായ രാഷ്ട്രീയ പ്രയോഗങ്ങള്‍ ഉടലെടുക്കുന്നത്. ഈ വൈരുദ്ധ്യാധിഷ്ഠിത പാരസ്പര്യം പ്രത്യയശാസ്ത്രവും സംഘടനാസംവിധാനവും തമ്മില്‍ നിലനില്‍ക്കണം. വഴിപിഴച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമായാല്‍ സംഘടനാമേന്മകൊണ്ട് പ്രയോജനമുണ്ടാകുന്നില്ല. പ്രത്യയശാസ്ത്ര രാഷ്ട്രീയത്താല്‍ ഉജ്വലിപ്പിക്കപ്പെടാത്ത സംഘടന അതിജീര്‍ണമായൊരു സംവിധാനമായി അധപ്പതിക്കും. അത് ചിലപ്പോള്‍ പ്രത്യയശാസ്ത്രത്തെ തന്നെ സംഘടനാസംവിധാനത്തിന്റെ തടവിലാക്കും. ഈ രാഷ്ട്രീയ - സംഘടനാവ്യാകരണങ്ങള്‍ എല്ലാം യഥാവിധി യോജിക്കുന്ന കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുക എന്ന അതിപ്രധാനമായ അഭ്യാസത്തിലായിരുന്നു ഏതാണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി സി.പി.എം ഏര്‍പ്പെട്ടിരുന്നത്. അതായത്, ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള തയ്യാറെടുപ്പുകളില്‍ ആ കൃത്യമായിരുന്നു സി.പി.എം നിര്‍വഹിക്കാന്‍ ശ്രമിച്ചത്. മധുരയില്‍ അവസാനിച്ച അഞ്ചു ദിവസത്തെ സമ്മേളനം ഒറ്റപ്പെട്ട ഒരു സംരംഭം ആയിരുന്നില്ല. ഏതാണ്ട് എട്ട് മാസത്തിലധികമായി നടന്ന ബ്രാഞ്ച്തലം മുതല്‍ ആരംഭിച്ച സമ്മേളനങ്ങളുടെ പരിസമാപ്തിയായിരുന്നു. ഇക്കാര്യത്തില്‍ അഖിലേന്ത്യാനേതൃത്വം സൂക്ഷ്മമായി പുലര്‍ത്തിയ ദിശാബോധം അതിപ്രധാനമായിരുന്നു. ഈ കൃത്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള മുഴുവന്‍ അംഗങ്ങളും ഭാഗഭാക്കാവുന്നു എന്നതാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭ്യന്തര ഉള്ളടക്കത്തിന്റെ സൗന്ദര്യം.

ലോകത്താകെ തീവ്ര വലതുപക്ഷ - നവ ഫാസിസ്റ്റ് പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ശക്തികള്‍ ഉയര്‍ത്തെണീറ്റിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇവര്‍ നിര്‍ണായകശക്തിയുമായിട്ടുണ്ട്. മൂലധനവും തീവ്രമായ സ്വത്വ - ദേശീയ - വംശീയ വികാരങ്ങളും ലയിച്ചുചേര്‍ന്നാണ് ഈ നവ ഫാസിസ്റ്റ് ആശയങ്ങള്‍ രൂപപ്പെടുന്നത്. മനുഷ്യരാശിക്ക് നേരെ ഉയരുന്ന വലിയ രാഷ്ട്രീയ അനര്‍ത്ഥം തന്നെയാണിത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇറ്റലിയിലും ജര്‍മനിയിലും ആധിപത്യം നേടിയ ക്ലാസ്സിക്കല്‍ ഫാസിസം അതുപോലെതന്നെ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും തനിയാവര്‍ത്തനം ചെയ്യുകയല്ല; ഒരു നൂറ്റാണ്ടിനിടയില്‍ മാറിയ ലോകത്തേക്കാണ് ഉള്ളടക്കത്തില്‍ ഏകമെങ്കിലും രൂപ-ലക്ഷണങ്ങളില്‍ വ്യത്യസ്തമായ നവഫാസിസം ഉടലെടുക്കുന്നത്. ഒന്നാം ലോകയുദ്ധാനന്തരം രൂപപ്പെട്ട സവിശേഷ സാമ്പത്തിക - രാഷ്ട്രീയ അവസ്ഥയുടെ പരിസരത്തായിരുന്നു ക്ലാസ്സിക്കല്‍ ഫാസിസം ആധിപത്യം നേടിയത്. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ പര്യവസാനത്തില്‍ ജര്‍മനിയിലും ഇറ്റലിയിലും ഈ മാനവ വിരുദ്ധ സംവിധാനങ്ങള്‍ക്ക് അന്ത്യംകുറിക്കാന്‍ അവസരം ലഭിച്ചത് 'സോവിയറ്റ് റെഡ് ആര്‍മി'ക്കായിരുന്നു എന്നത് എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കേണ്ടൊരു ചരിത്രസത്യമാണ്. രണ്ടാം ലോകയുദ്ധാനന്തര സാഹചര്യം 'കോളനി വാഴ്ച' എന്ന പഴയ സാമ്രാജ്യത്വ സംവിധാനത്തിന് പൊതുവില്‍ അന്ത്യം കുറിച്ചു. എന്നാല്‍, സാമ്രാജ്യത്വം മൂലധനചൂഷണത്തിന്റെ നവരൂപങ്ങള്‍ സ്വയം വികസിപ്പിച്ചു. അതേസമയം മറുവശത്ത് പുതിയൊരു ജനാധിപത്യ - രാഷ്ട്രീയ സംസ്‌കാരവും സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള ആവേശകരമായ ആഭിമുഖ്യവും ലോകമാകെ അലയടിച്ചു. മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ മനുഷ്യരാശിയുടെ ചിന്താമണ്ഡലങ്ങളില്‍ പടര്‍ന്നുകയറി. ചൈന, ക്യൂബ, വിയറ്റ്നാം വിപ്ലവങ്ങളുടെ വിജയങ്ങള്‍ ഇതിനു തീപിടിപ്പിച്ചു. അറുപതുകളും എഴുപതുകളും എണ്‍പതുകളും ഈ മുന്നേറ്റങ്ങളുടെ ഇടര്‍ച്ചയില്ലാത്ത കാലങ്ങളായിരുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സ്ഥിതിഗതികളെ തകിടംമറിച്ചു. ആ മോഹഭംഗച്ചുഴിയില്‍നിന്നും മൂന്നു പതിറ്റാണ്ടിനു ശേഷവും വിപ്ലവശക്തികള്‍ക്ക് പൂര്‍ണമായും ഉണരാന്‍ സാധിച്ചുവോ? അതിനു കാലം മറുപടി പറയട്ടെ!

പുതിയ ലോകവും പോരാട്ടങ്ങളും

പുതിയ ലോകക്രമം യാഥാര്‍ത്ഥ്യമായി. എന്നാല്‍, പോരാട്ടങ്ങള്‍ നിലച്ചുപോയില്ല; ലാറ്റിനമേരിക്കയും, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ചെറുത്തുനില്‍ക്കുക തന്നെയാണ്. സാമ്രാജ്യത്വ അതിക്രമങ്ങള്‍ ഏകപക്ഷീയമായി നിസ്സഹായ രാഷ്ട്രങ്ങളെയും, മനുഷ്യസമൂഹങ്ങളെയും വേട്ടയാടി. സോവിയറ്റ് യൂണിയന്‍ ഇല്ലാത്ത കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ നിര്‍ണായക സംഭവങ്ങളിലൊക്കെ നിസ്സഹായര്‍ എപ്പോഴും സോവിയറ്റ് കാലത്തെ ഓര്‍ത്തു. ഇറാക്ക്, ലിബിയ, സിറിയ, അഫ്ഗാന്‍, യുക്രൈന്‍... ലോകത്തെ ചോരയൊലിക്കുന്ന മുറിവുകള്‍ ഇനിയുമുണ്ട്. ഗാസയിലെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ദയനീയ വിലാപങ്ങങ്ങളോട് മനസ്സും കാതും ചേര്‍ത്തുവച്ച്; ''നിര്‍ത്തൂ ഈ തെമ്മാടിത്തം, ഇല്ലെങ്കില്‍ നിര്‍ത്തിക്കും'' എന്ന് ആക്രോശിക്കാന്‍ ആരുമില്ലാത്തൊരനാഥത്വം ആരെയാണ് വ്യഥയിലാക്കാത്തത്?

സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും, മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനും തിളക്കം കുറച്ചു നഷ്ടപ്പെട്ടു. ഈ സൈദ്ധാന്തിക ശൂന്യതയിലേക്ക് തീവ്ര വലതുപക്ഷ - നവ ഫാസിസ്റ്റ് - മതഭീകര ആശയങ്ങള്‍ കടന്നുകയറിയിട്ടുണ്ട്. ഒരു മനസ്സും, ഒരു മണ്ണും തരിശായി കിടക്കുന്നില്ല; നല്ല വിത്ത് മുളയ്ക്കാനില്ലെങ്കില്‍ അന്തകച്ചെടികള്‍ തഴച്ചുവളരും. ഇതൊരു സാര്‍വദേശീയ പ്രവണതയാണ്. യാഥാര്‍ത്ഥ്യങ്ങളുടെ ഈ സങ്കീര്‍ണ പരിസരങ്ങളിലാണ് മാര്‍ക്സിസ്റ്റ് വിപ്ലവാശയങ്ങള്‍ പ്രവര്‍ത്തിച്ചു മുന്നേറ്റമുണ്ടാക്കേണ്ടത്. അത് വലിയ വെല്ലുവിളി തന്നെയാണ്.

ലോകം ഇന്നൊരു 'ഗ്ലോബല്‍ വില്ലേജ്' ആയി മാറിയിരിക്കുന്നു എന്നാണല്ലോ കുറച്ചു 'ക്ലീഷേ' ആയാലും എല്ലാവരും സമ്മതിക്കുന്ന സത്യം? ധനമൂലധത്തിനും ആശയങ്ങള്‍ക്കുമൊന്നും ദേശ - വന്‍കര അതിര്‍ത്തികള്‍ താണ്ടി പരന്നൊഴുകാന്‍ നിമിഷാര്‍ദ്ധ സമയം പോലും ആവശ്യമില്ലാത്ത കാലം. ആ ലോകത്തിന്റെ പരിച്ഛേദം തന്നെയാണ് ഇപ്പോള്‍ ഇന്ത്യ. 'ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ' ഒരു സൈദ്ധാന്തിക - രാഷ്ട്രീയ പദ്ധതി തന്നെയാണ്. കോര്‍പറേറ്റ് മൂലധനവുമായി 'ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ' കൂട്ടുചേര്‍ന്നുണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ പ്രയോഗത്തിന്റെ പരീക്ഷണശാലയാണ് വര്‍ത്തമാന ഇന്ത്യ. അതിന്റെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമാണ് സംഘപരിവാര്‍. അതൊരു ഫാസിസ്റ്റ് രാഷ്ട്രീയ സംവിധാനം തന്നെയാണ്. ആയതിനാല്‍ തുടര്‍ച്ചയായ മൂന്നാം ഭരണത്തിനിടയില്‍ നമ്മുടെ രാഷ്ട്രസംവിധാനത്തിന്റെ മൂലസ്ഥാപനങ്ങളിലേക്ക് ഇഴഞ്ഞിറങ്ങി നവഫാസിസത്തിന്റെ അടിത്തറ പാകാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പിക്കണം. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് മറ്റെവിടെയുമില്ലാത്തൊരു സവിശേഷതയുണ്ട്. 'മതനിരപേക്ഷത' എന്ന ഇരിപ്പിടത്തില്‍ മാത്രമേ നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ജീവനോടെ ഇരിക്കാനാവൂ. ഈ സവിഷതയോടെ നമ്മുടെ രാഷ്ട്രസംവിധാനത്തെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പരമപ്രധാനം. അതെങ്ങനെ സാധ്യമാക്കും? അതില്‍ സി.പി.എം എന്ത് ചുമതല നിര്‍വഹിക്കണം എന്നതായിരുന്നു പ്രധാനമായും പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ആലോചന. 730 പ്രതിനിധികളും 79 നിരീക്ഷകരും ഉള്‍പ്പടെ 809 പേരായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ആകെ പ്രാതിനിധ്യം. സഖാവ് സീതാറാമിന്റെ അസാന്നിധ്യം മൂടിക്കെട്ടിയൊരു ദുഃഖച്ഛായയായി ആദ്യാവസാനം സമ്മേളനവേദിയിലാകെ നിഴലിച്ചുനിന്നിരുന്നു.

ഇതാദ്യമായി രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നതിനു മുന്‍പ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയത്തിന്റെ പ്രായോഗിക അനുഭവം എന്തായിരുന്നു എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധനയ്‌ക്കെടുത്തത്. ഇതൊരു പുതിയ രീതിയായിരുന്നു. പ്രായോഗിക അനുഭവത്തിന്റെ ഈ വിലയിരുത്തല്‍ ഏറെ പ്രധാനമായിരുന്നു. ആയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ അടവുനയം പാര്‍ട്ടി കോണ്‍ഗ്രസ് മുന്‍പാകെ അവതരിപ്പിക്കപ്പെട്ടത്. സീതാറാമിന്റെ അഭാവത്തില്‍ പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ടാണ് ഈ രണ്ടു രേഖകളും സഭയില്‍ അവതരിപ്പിച്ചത്. ലളിതവും സുവ്യക്തവുമായിരുന്നു പ്രകാശ് കാരാട്ടിന്റെ അവതരണം. തുടര്‍ന്നാണ് മൂന്നു വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തെ സംബന്ധിച്ച സംഘടനാറിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്തത്. ഇങ്ങനെ മൂന്നു രേഖകളായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് അഞ്ചുദിവസം സമഗ്രമായി പരിശോധിച്ചത്. ഈ മൂന്നു രേകഖകളും പ്രത്യേകമായി തന്നെ ഓരോ സംസ്ഥാന പ്രതിനിധി സംഘവും യോഗം ചേര്‍ന്ന് സൂക്ഷ്മതലത്തില്‍ വിലയിരുത്തി. തുടര്‍ന്ന് അവരുടെ നിരീക്ഷണങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ ഓരോ പ്രതിനിധിസംഘവും ചുമതലപ്പെടുത്തിയ പ്രതിനിധികള്‍ പൊതുസഭയില്‍ അവതരിപ്പിച്ചു. ഇങ്ങനെ രണ്ടു ഘട്ടങ്ങളിലായി ആകെ 108 പ്രതിനിധികളാണ് ഓരോ പ്രതിനിധി സംഘത്തിന്റേയും വിലയിരുത്തലുകളും നിരീക്ഷണങ്ങളും പൊതുസഭയില്‍ അവതരിപ്പിച്ചത്. സൂക്ഷ്മതലത്തിലായിരുന്നു നിരീക്ഷണങ്ങള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ അസാധാരണമായൊരു അന്വേഷണമാണ്. അഭിസംബോധന ചെയ്യേണ്ട വെല്ലുവിളികളെ മറികടക്കാനുള്ള വഴികള്‍ക്കായുള്ള കൂട്ടായ അന്വേഷണമാണ്. പുതിയ പാതകള്‍ ഇത്തരം ആത്മാര്‍ത്ഥമായ അന്വേഷണങ്ങളിലൂടെ നിര്‍മിക്കുക തന്നെയാണ് ചെയ്യുന്നത്. ബംഗാളിലെ പ്രതിനിധിസംഘത്തിന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ദേബാശിഷ് ചക്രവര്‍ത്തി സ്ഫുടമായി പ്രഖ്യാപിച്ചു; ''ഇന്ത്യയിലെ ആകെ ഇടതുപക്ഷത്തിന്റെ 'നവ വീര്യപ്രാപ്തി' ബംഗാളിലെ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവോടെ മാത്രമേ യാഥാര്‍ത്ഥ്യമാവൂ. എളുപ്പമല്ലെന്നറിയാം. എന്നാല്‍ ബംഗാളിലെ വിദ്യാര്‍ത്ഥി - യുവജനരംഗത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ പുതിയ പൂമൊട്ടുകള്‍ വിടരുകയാണ്. ഞങ്ങള്‍ ഭയലേശമില്ലാതെ പൊരുതിക്കൊണ്ടിരിക്കുന്നു.'' ശരിയാണ്, ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചുവരവ് തന്നെയാണ് ഇന്ത്യയിലെ ഇടതുപക്ഷം കാത്തിരിക്കുന്നത്. ഇതൊക്കെ വെറും സ്വപ്നമല്ലേ, എന്നൊക്കെ പരിഹസിക്കുന്നവരുണ്ടാവാം. അതേ, സ്വപ്നങ്ങള്‍ തന്നെയാണ് വിപ്ലവാശയങ്ങള്‍ സൃഷ്ടിക്കുന്നത്. ആശയങ്ങള്‍ പ്രയോഗിക്കുമ്പോഴാണത് യാഥാര്‍ത്ഥ്യമാവുന്നത്. ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ട് പൊളിറ്റ്ബ്യൂറോ (അതായത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സ്റ്റിയറിംഗ് കമ്മിറ്റി)യ്ക്കു വേണ്ടി പ്രകാശ് കാരാട്ട് അധികമൊന്നും സംസാരിച്ചില്ല. കാരണം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആകെ നേതൃത്വമായിരുന്നു മധുരയില്‍ അഞ്ചു ദിവസം സമ്മേളിച്ചത്. എല്ലാവരുടെയും വേവലാതികളും പ്രത്യാശയും ലക്ഷ്യങ്ങളും ഒന്നുതന്നെ. ആയതിനാല്‍ അദ്ദേഹം സംക്ഷിപ്തമായി ഇങ്ങനെ സൂചിപ്പിച്ചു: ''പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവ ഓരോന്നും പുതുതായി തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റി സൂക്ഷ്മമായി വിലയിരുത്തും. അതെല്ലാം ഉള്‍ക്കൊള്ളിച്ച് നമ്മുടെ രാഷ്ട്രീയ അടവുനയം പൂര്‍ത്തിയാക്കും. ആ ചുമതല പ്രതിനിധികള്‍ പുതിയ കേന്ദ്രകമ്മിറ്റിയെ ഏല്‍പ്പിക്കണം.'' പ്രതിനിധികള്‍ ഏകകണ്ഠമായി അതിനോട് യോജിച്ചു.

ഇന്ത്യയുടെ രാഷ്ട്രസംവിധാനത്തെ 'നവഫാസിസ്റ്റ്' ആക്കി മാറ്റാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഭരണത്തെ തോല്‍പിക്കുക എന്നത് തന്നെയാണ് ഏറ്റവും സുപ്രധാന രാഷ്ട്രീയ ലക്ഷ്യം. ഏകകണ്ഠമായി പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ ഹൃദയം അതുതന്നെയാണ്. സമാനമായി ചിന്തിക്കുന്ന മറ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കരുത്തുറ്റ ഐക്യം ശക്തിപ്പെടുത്തണം. രാജ്യത്തെ പാവപ്പെട്ട മനുഷ്യര്‍ക്കായി പോരാടുകയാണ് പരമപ്രധാനം. അതിന് ഇടതുപക്ഷ ഐക്യം കൂടുതല്‍ കരുത്താര്‍ജിക്കണം. സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന മറ്റെല്ലാ മതനിരപേക്ഷ - ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ഐക്യനിര പടുത്തുയര്‍ത്തണം. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ അവിടത്തെ നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ചുള്ള സംഘപരിവാര്‍ വിരുദ്ധ ഐക്യം രൂപപ്പെടുത്തണം. സംഘപരിവാര്‍ രാഷ്ട്രീയ ശക്തികളെ പരാജപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നിര്‍ണായകപങ്ക് നിര്‍വഹിക്കാനുണ്ട് എന്നത് തന്നെയാണ് സി.പി.എം വിചാരിക്കുന്നത്. എന്നാല്‍ ഹിന്ദുത്വവും കോര്‍പറേറ്റ് മൂലധനശക്തികളും ഒരുമിക്കുന്ന രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി നേരിടുന്നതില്‍ കോണ്‍ഗ്രസ് ചാഞ്ചാട്ട സ്വഭാവം കാണിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്. എന്നാല്‍ പോലും സംഘപരിവാര്‍ രാഷ്ട്രീയത്തെ പരാജയപെടുത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒഴിവാക്കി വിജയിപ്പിക്കാനാവില്ല എന്ന് തന്നെ യഥാര്‍ത്ഥമായി സി.പി.എം കരുതുന്നു. എന്നാല്‍, ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതം ഉന്നയിക്കാന്‍ പൊതുവില്‍ ഇന്ത്യയിലെ ഇടതുപക്ഷം ഇനിയും കരുത്താര്‍ജിക്കണം. അതിനായി സി.പി.എമ്മിന്റെ സ്വന്തം ശക്തി ഇനിയും വളരണം. ഇതായിരുന്നു രാഷ്ട്രീയ പ്രമേയത്തിന്റെ ഹൃദയം.

പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ 84 അംഗങ്ങള്‍ അടങ്ങുന്ന കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തു. ജനാധിപത്യ രൂപത്തില്‍ തെരഞ്ഞെടുക്കുക തന്നെ ആയിരുന്നു. അത് സി.പി.എമ്മിന്റെ ഉള്‍പാര്‍ട്ടി ജനാധിപത്യ സംവിധാനത്തിന്റെ തേജസ്സ് വര്‍ദ്ധിപ്പിച്ചു. 85 അംഗങ്ങള്‍ അടങ്ങുന്ന കേന്ദ്രകമ്മിറ്റി വേണമെന്നാണ് പ്രതിനിധികള്‍ നിശ്ചയിച്ചത്. ഒരു അംഗത്തെ പിന്നീട് നിശ്ചയിക്കുന്നതിനായി ഒഴിച്ചിട്ടിരിക്കുകയാണ്. പുതിയ കേന്ദ്രകമ്മിറ്റി ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന അംഗം പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇക്കാര്യം പിണറായി വിജയന്‍ തന്നെ കോണ്‍ഗ്രസ് പ്രതിനിധികളെ അറിയിച്ചു. യോഗത്തില്‍ ബേബിയുടെ പേര് മുഹമ്മദ് സലിം നിര്‍ദേശിക്കുകയും, അശോക് ധവളെ പിന്താങ്ങുകയും ചെയ്യുകയാണുണ്ടായത് എന്നുകൂടി പിണറായി വിജയന്‍ പ്രതിനിധികളെ അറിയിച്ചു. ഈ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ആകെ പ്രതിനിധികളില്‍ 69 ശതമാനം പേരും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയവരായിരുന്നു എന്ന സവിശേഷതയും ഉണ്ട്.

വലതുപക്ഷക്കാര്‍ നല്‍കുന്ന അര്‍ത്ഥമല്ല 'രാഷ്ട്രീയം' എന്ന വാക്കിന് ഇടതുപക്ഷം നല്‍കുന്നത്. വലതുപക്ഷക്കാര്‍ക്ക് രാഷ്ട്രീയം എന്നാല്‍ അധികാരമാണ്. അവിടേക്കെത്താന്‍ ഇരുണ്ട ഇടനാഴികളില്‍ നടക്കുന്ന നിഗൂഢനീക്കങ്ങളെയാണ് അവര്‍ 'രാഷ്ട്രീയം' എന്ന വാക്കിനാല്‍ അര്‍ത്ഥമാക്കുന്നത്. എന്നാല്‍, വിപ്ലവകാരികള്‍ക്ക് 'രാഷ്ട്രീയം' എന്നതൊരു വിശിഷ്ട പദമാണ്. എന്റെ നാട്; സമൂഹം; ലോകം ഇതൊക്കെ എങ്ങനെ ആവണം എന്ന സമൂഹത്തിന്റെ സംഘടിത സ്വപ്നമാണ് വിപ്ലവകാരികള്‍ 'രാഷ്ട്രീയം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ സ്വപ്നങ്ങള്‍ ഇല്ലാതാവുന്നില്ല. അദ്ധ്വാനവും മൂലധനവും തമ്മിലുള്ള സന്ധിയില്ലാത്ത വൈരുദ്ധ്യം സമൂഹത്തിലെ വിപ്ലവശക്തികളെ തളരാതെ ചലിപ്പിച്ചുകൊണ്ടിരിക്കും. ഏത് കൃത്രിമബുദ്ധിയുടെ സാങ്കേതികവിദ്യ വളര്‍ന്നു വികസിക്കുന്ന കാലത്തും മനുഷ്യബുദ്ധി മൂലധനത്തിന് ആത്യന്തികമായി കീഴടങ്ങില്ല. എല്ലാ നൂതന ശാസ്ത്ര പരിസരങ്ങളിലും അദ്ധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിക്കുക തന്നെ ചെയ്യും. മനുഷ്യന്‍ തന്നെയാണ് എല്ലാത്തിന്റെയും മുകളില്‍ നിലകൊള്ളുക! ഇതൊരു വിശ്വാസമല്ല; ശാശ്വതമായ ശാസ്ത്രസത്യമാണ്. ഈ നിശ്ചയദാര്‍ഢ്യത്തിലാണ് ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിനായി മധുരയില്‍ അഞ്ചു ദിവസം സമ്മേളിച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം സാര്‍വദേശീയ ഗാനമാലപിച്ച് പുതിയ പോര്‍മുഖങ്ങളിലേക്ക് പിരിഞ്ഞുപോയത്.?

(ലേഖകന്‍ മുന്‍ പാര്‍ലമെന്റ് അംഗവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com