
കല്ലായിപ്പുഴയുടെ, അറബിക്കടലിന്റെ നഗരമാണ് കോഴിക്കോട്. അതിന്റെ കരയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും മലയാള സിനിമയും ഒരുകാലത്ത് പിച്ചവച്ചത്. പി. കൃഷ്‌ണപിള്ള കോഴിക്കോട് തിരുവണ്ണൂരിൽ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ കഥ അറബിക്കടലിനോട് ചേരുന്ന കല്ലായിപ്പുഴയുടെ ഓരങ്ങളിൽ അലിഞ്ഞുകിടപ്പുണ്ട്. ആ പഴയ കോഴിക്കോട് നിന്നുമാണ് സിനിമ പഠിക്കാൻ, പാർട്ടി കമ്യൂണിസ്റ്റ് റഷ്യയിലേക്ക് അയയ്ക്കാൻ ഒരു നിശ്ചലഛായാഗ്രാഹകനെ കണ്ടെത്തിയത്. അതാണ് കൊല്ലം പുനലൂരിൽനിന്നും കോഴിക്കോട്ടേക്ക് കുടിയേറിയ പുനലൂർ രാജൻ. “ചിലപ്പോൾ അവൻ പുനലൂർ രാജന്റെ വേഷത്തിലും വരും” എന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ കോഴിക്കോടൻ ചിത്രങ്ങളിൽ കാലം കൊത്തിവച്ച പുനലൂർ രാജൻ.
1963-ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഫോട്ടോഗ്രാഫറായി നിയമനം കിട്ടി രാജൻ പുനലൂരിൽനിന്നും കോഴിക്കോട്ടെത്തുന്നത്. കോഴിക്കോടൻ സിനിമ അപ്പോൾ എ. വിൻസന്റ് മാസ്റ്റർക്ക് ചുറ്റുമായിരുന്നു. ‘നീലക്കുയിലി’(1954)ന്റെ ഛായാഗ്രാഹകനായ വിൻസന്റ് മാസ്റ്ററാണ് 1964-ൽ വൈക്കം മുഹമ്മദ് ബഷീറിനെക്കൊണ്ടും തിരക്കഥ എഴുതിക്കുന്നത് - ‘ഭാർഗ്ഗവീനിലയം’.
‘മുറപ്പെണ്ണ്’ പാതി കോഴിക്കോട്ടായിരുന്നുവെങ്കിലും മദിരാശിയിലെ കോടമ്പാക്കം സ്റ്റുഡിയോകൾക്ക് പുറത്ത് മലയാള സിനിമ സാധ്യമാണ് എന്ന ബോധ്യത്തിലേക്ക് വഴിയൊരുക്കിയത് പി.എ. ബക്കർ നിർമ്മിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ഓളവും തീരവു’മാണ്. 1969-ലാണ് അതിന്റെ പിറവി. അതാണ് ആദ്യത്തെ ‘മുഴുവൻ’ കോഴിക്കോടൻ സിനിമ. നിളാനദിക്കപ്പുറം എം.ടി. വാസുദേവൻ നായരുടെ സാഹിത്യം ചാലിയാറിന്റെ കൈവഴികളിലൂടെ സഞ്ചരിച്ച ഒരുകാലം കൂടിയാണ് ‘ഓളവും തീരവും’. 1970 ഫെബ്രുവരി 27-ന് അത് തിയേറ്ററുകളിലെത്തുമ്പോഴേക്കും കഥ നടക്കുന്ന വാഴക്കാട് കോഴിക്കോട് ജില്ല വിട്ട് മലപ്പുറം ജില്ലയിലായിക്കഴിഞ്ഞിരുന്നു.
‘ഓളവും തീരവും’ ദാമോദരൻ മാഷിന്റെ ജീവിതത്തിലേയും ഒരു പ്രധാന അദ്ധ്യായമാണ്. അതിൽ ചാലിയാറിലെ ഷൂട്ടിങ്ങ് വേളയിൽ മധുവിനൊപ്പം അഭിനയിക്കുമ്പോഴാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ചങ്ങാടം പൊട്ടി മരത്തടികൾക്കൊപ്പം മാഷ് കുത്തിയൊലിച്ചുപോയി മരണത്തെ മുഖാമുഖം കണ്ടത്. അതിൽ പിടിച്ചുനിന്നാണ് ജീവൻ തിരിച്ചുകിട്ടിയത്. മങ്കട രവിവർമ്മ പകർത്തിയ ആ രംഗങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുമുണ്ട്. അതിസാഹസികമായ രക്ഷാദൗത്യത്തിലാണ് ജീവൻ വീണ്ടുകിട്ടിയത്. പി.എൻ. മേനോൻ തന്റെ ആത്മകഥയിൽ ആ സിനിമയ്ക്ക് മാഷോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നുണ്ട്.
മലയാളസിനിമ കേരളത്തിലേക്ക്
പുനലൂർ രാജനായിരുന്നു ‘ഓളവും തീരവും’ എന്ന സിനിമയുടെ നിശ്ചലഛായാഗ്രാഹകൻ. അതദ്ദേഹം നിശ്ചലഛായാഗ്രാഹകനാകുന്ന ആദ്യ സിനിമയല്ല. എ. വിൻസന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’ (1964) ആണ് ആദ്യ സിനിമ. എം.ടി. വാസുദേവൻ നായർ ആദ്യം തിരക്കഥ എഴുതുന്ന സിനിമ അതാണ്. കഥ നടക്കുന്നത് നിളാനദിയുടെ കരയിലാന്നെങ്കിലും ‘മുറപ്പെണ്ണി’ലെ വീടും കാളപൂട്ടുമൊക്കെ കോഴിക്കോട് ഒളവണ്ണയിലെ ടി. ദാമോദരൻ മാഷിന്റെ ബന്ധുഗൃഹമായ മാമിയിൽ തറവാടും അവിടുത്തെ പാടവുമാണ്. വിൻസന്റ് മാഷിന്റെ ശിഷ്യനായിരുന്ന ദാമോദരൻ മാഷ് മുറപ്പെണ്ണിന്റെ പ്രധാന സംഘാടകനായിരുന്നു. അതിലെ കാളപൂട്ട് സീനിൽ മാഷ് അഭിനയിച്ചിട്ടുമുണ്ട്. ഒളവണ്ണയിലെ കാളപൂട്ടിലേക്കും മാമിയിൽ തറവാട്ടിലെ സൗഹൃദക്കൂട്ടായ്മയിലേക്കും സിനിമയ്ക്കും എത്രയോ മുന്‍പാണ് മാഷ് എം.ടിയെ കൂട്ടിക്കൊണ്ടുപോകുന്നത്. അതുകണ്ട് ആകൃഷ്ടനായ എം.ടി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ദാമോദരൻ മാഷെക്കൊണ്ട് കാളപൂട്ടിനെക്കുറിച്ച് ഒരു ഫോട്ടോ ഫീച്ചർ തന്നെ
ചെയ്യിക്കുന്നുണ്ട്. പിന്നെ എത്രയോ കാലം ആ സൗഹൃദത്തിന്റെ ഒരു താവളമായിരുന്നു ഒളവണ്ണ മാമിയിൽ തറവാട്. നിളാനദിയുടെ കരയിൽ നടക്കുന്ന ‘മുറപ്പെണ്ണി’ലേക്ക് ഒളവണ്ണയിലെ കാളപൂട്ട് മത്സരം കടന്നുവരുന്നത് ആ സൗഹൃദത്തിന്റെ ബാക്കിപത്രമായാണ്.
1963-ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഫോട്ടോഗ്രാഫറായി നിയമനം കിട്ടി രാജൻ പുനലൂരിൽനിന്നും കോഴിക്കോട്ടെത്തുന്നത്. കോഴിക്കോടൻ സിനിമ അപ്പോൾ എ. വിൻസന്റ് മാസ്റ്റർക്ക് ചുറ്റുമായിരുന്നു. ‘നീലക്കുയിലി’(1954)ന്റെ ഛായാഗ്രാഹകനായ വിൻസന്റ് മാസ്റ്ററാണ് 1964-ൽ വൈക്കം മുഹമ്മദ് ബഷീറിനെക്കൊണ്ട് ‘ഭാർഗ്ഗവീനിലയ’വും എം.ടിയെക്കൊണ്ട് ‘മുറപ്പെണ്ണും’ എഴുതിക്കുന്നത്.
കോഴിക്കോടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയായിരുന്നു സ്റ്റുഡിയോകൾ. എ. വിൻസന്റ് മാസ്റ്ററുടെ അച്ഛൻ ജോർജ് വിൻസന്റ് സ്ഥാപിച്ച ചിത്രസ്റ്റുഡിയോവും ചെറൂളി കുട്ടി സ്ഥാപിച്ച കൂട്ടീസ് പിക്ച്ചർ പാലസുമാണ് അതിൽ ഏറ്റവും പഴക്കമുള്ള സ്റ്റുഡിയോകൾ. ചെറൂളി കുട്ടിയും ജോർജ് വിൻസന്റും സ്റ്റുഡിയോ ഫോട്ടോഗ്രാഫർമാരായിരുന്നു. സ്റ്റുഡിയോയ്ക്ക് പുറത്തേയ്ക്ക് ഫോട്ടോഗ്രാഫിയെ നയിച്ചത് ചെറൂളി കുട്ടി ശിഷ്യനായ നീന ബാലനെ ബോംബെയിൽ അയച്ച് ഫോട്ടോഗ്രാഫി പഠിപ്പിച്ചതോടെയാണ്. 1937-ലാണത്. കോഴിക്കോട് നഗരത്തിന്റെ ആദ്യ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ നീന ബാലനാണ് എന്നു പറയാം.
അന്‍പതുകളുടെ തുടക്കത്തിലാണ് എ. വിൻസന്റ് മാഷ് മദിരാശിക്കു പുറപ്പെടുന്നത്. ആ യാത്ര പക്ഷേ, നേരിട്ട് സിനിമയിലേക്കായിരുന്നു. ‘നീലക്കുയിൽ’ (1954) വഴി ആ സൗന്ദര്യം മലയാള സിനിമയിലെത്തി. പി. ഭാസ്‌കരൻ മാഷിന്റെ കോഴിക്കോട് ആകാശവാണിക്കാലമാണ് അതിനും നിമിത്തമായത്. നീലക്കുയിലിന്റെ രചയിതാവ് ഉറൂബും സംഗീതസംവിധായകൻ രാഘവൻ മാസ്റ്ററും ഗായകൻ കോഴിക്കോട് അബ്‌ദുൾ ഖാദറുമൊക്കെ ആകാശവാണി സന്തതികളാണ്. 1950-കളിലെ ആകാശവാണിക്കാലം ഏറ്റവും കൂടുതൽ ക്യാമറയിൽ പകർത്തിയത് നീന ബാലനാണ്. പിൽക്കാലത്ത് നീന സ്റ്റുഡിയോ സ്ഥാപിച്ച നീന ബാലൻ പുനലൂർ രാജൻ എത്തുന്നതിനു മുന്‍പുള്ള ബൃഹത്തായ കോഴിക്കോടൻ കാലം ബ്ലാക്ക് ആന്റ് വൈറ്റിൽ ഒപ്പിയെടുത്ത ചരിത്രപുരുഷനാണ്. ഒന്നു രണ്ട് സിനിമയിൽ തിരിച്ചറിയാവുന്ന കഥാപാത്രമായി അഭിനയിച്ചിട്ടുമുണ്ട്. ജി. അരവിന്ദന്റെ കോഴിക്കോടൻ സിനിമയായ ഉത്തരായണ(1975)ത്തിൽ ‘ഹെൽത്ത് ഈസ് വെൽത്ത്’ എന്ന സന്ദേശം പ്രസരിപ്പിക്കുന്ന ശരീരസൗന്ദര്യത്തിന്റെ വക്താവായി വരുന്ന കഥാപാത്രം ആ സിനിമ കണ്ട ആരും മറക്കാനിടയില്ല. കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു ബോഡി ബിൽഡർ കൂടിയായിരുന്നു നീന ബാലൻ.
‘ഓളവും തീരവും’ 1971-ൽ അത് സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമയ്ക്ക് പുറമെ എം.ടിക്ക് മികച്ച തിരക്കഥയ്ക്കും മങ്കട രവിവർമ്മയ്ക്ക് മികച്ച ഛായാഗ്രഹണത്തിനും ഫിലോമിനയ്ക്ക് മികച്ച സഹനടിക്കുമുള്ള പുരസ്‌കാരങ്ങൾ നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. 1971-ൽ അധികാരത്തിൽ വന്ന സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് - കോൺഗ്രസ് സർക്കാരിന് മലയാള സിനിമയെ മലയാളമണ്ണിലേക്ക് എത്തിക്കാനുള്ള വലിയ പ്രചോദനമായി മാറി ആ അംഗീകാരം. തൊട്ടുപിറകെ അടൂർ ഗോപാലകൃഷ്‌ണന്റെ ‘സ്വയംവരം’ (1972) മികച്ച ചിത്രത്തിനുള്ള ദേശീയ അംഗീകാരം കൂടി നേടിയതോടെ മദിരാശിയിലെ കോടമ്പാക്കത്തുനിന്നും ഒരു ചുവടുമാറ്റത്തിനു സമയമായി എന്ന ബോധ്യം എല്ലാവർക്കുമുണ്ടായി.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന്റെ നടയ്ക്കൽ തന്നെയുള്ള ശിവൻസ് സ്റ്റുഡിയോ അക്കാലത്ത് രാഷ്ട്രീയ നേതാക്കളുടേയും സാഹിത്യ
സാംസ്‌കാരിക നായകന്മാരുടേയും ഉദ്യോഗസ്ഥ പ്രമുഖരുടേയും ഒരു സമ്മേളനകേന്ദ്രവും അവരുടെയൊക്കെ പ്രതിച്ഛായകളെ രൂപപ്പെടുത്തിയ നിശ്ചലഛായചിത്രങ്ങളുടെ പ്രഭവകേന്ദ്രവുമായിരുന്നു. അന്നത്തെ മലയാള സിനിമയിലെ പ്രധാന താരനായകന്മാരായ സത്യനും മധുവുമൊക്കെ ശിവന്റെ ആത്മമിത്രങ്ങളായിരുന്നു. 1964-ൽ മലയാള സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘ചെമ്മീൻ’ എന്ന സിനിമയുടെ നിശ്ചല ഛായാഗ്രാഹകനെന്ന നിലയ്ക്ക് ശിവന്റെ പ്രശസ്തി കത്തിനിൽക്കുന്ന കാലം. പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഏത് പ്രധാന പരിപാടിയുടേയും ഫോട്ടോഗ്രാഫർ ശിവനായിരുന്നു. കേരളത്തിലെ പല ഷൂട്ടിങ്ങുകൾക്കും സിനിമക്കാർ ആശ്രയിച്ചിരുന്നത് ശിവൻ സ്റ്റുഡിയോവിൽനിന്നുള്ള ക്യാമറകളായിരുന്നു.
മലയാള സിനിമയെ കേരളത്തിൽ എത്തിക്കാനുള്ള എന്തൊക്കെ വേണം എന്നുള്ള ഒരു കരട് പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ആവശ്യപ്പെട്ടതനുസരിച്ച് ശിവൻ തയ്യാറാക്കിയ റിപ്പോർട്ട് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ കയ്യിലാണ് എത്തിയത്. ആ ചരിത്രം ശിവൻ ചേട്ടൻ ‘ചിത്രഭൂമി’ എഴുതിയ ആത്മകഥയിൽ വിശദമായി പറയുന്നുണ്ട്. കേരളത്തിൽ നിർമ്മിക്കുന്ന സിനിമകൾക്കായി സബ്സിഡി ഏർപ്പെടുത്തുന്നതടക്കം ഒരു സമ്പൂർണ്ണ പ്രൊഡക്ഷൻ സ്റ്റുഡിയോ വേണം എന്നായിരുന്നു ശിവന്റെ റിപ്പോർട്ട്.
മറ്റൊരു നീക്കമുണ്ടായത് രാമുകാര്യാട്ടിന്റെ മുൻകയ്യിലാണ്. ‘ചെമ്മീൻ’ സിനിമയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലൂടെയുള്ള യാത്രയിൽ മോസ്‌കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും മോസ്‌കോയിലെ റഷ്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും (ഓൾ യൂണിയൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫി) മോസ്‌കോ ഫിലിം സ്റ്റുഡിയോയുമൊക്കെ രാമുകാര്യാട്ടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സോവിയറ്റ് മാതൃകയിലുള്ള ഒരു സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റുഡിയോ ഉണ്ടാക്കുന്നത് സിനിമയെ കേരളത്തിലേക്ക് പറിച്ചുനടാൻ ഉപകരിക്കുമെന്നും സി. അച്യുതമേനോന്റെ ഭരണകാലമാണ് അതിനു പറ്റിയ സമയമെന്നും മനസ്സിലാക്കിയ രാമുകാര്യാട്ടും സുഹൃത്തുക്കളും അതിനുള്ള ശ്രമം തുടങ്ങി. കമ്യൂണിസ്റ്റ് സഹയാത്രികരായ പി. ഭാസ്‌കരൻ മാഷും ‘ചെമ്മീനി’ന് തിരക്കഥ എഴുതിയ തോപ്പിൽ ഭാസിയും രാമുകാര്യാട്ടിനൊപ്പം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.
1971 - 1977 കാലത്ത് കേരളം ഭരിച്ച കമ്യൂണിസ്റ്റ് മുഖ്യമന്ത്രി സി. അച്യുതമേനോൻ സർക്കാര്‍ സിനിമയിലെ സോവിയറ്റ് മാതൃകയെ കേരളത്തിലേക്ക് പറിച്ചുനടാൻ ഒരുങ്ങി. ഒരാളെ റഷ്യയിലേക്ക് അയക്കാനായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം. പാർട്ടിയുടെ സഹയാത്രികൻ കൂടിയായ പുനലൂർ രാജനാണ് നറുക്കുവീണത്. ഇളയച്ഛൻ കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ അച്ചടിച്ചുവന്ന ഫോട്ടോഗ്രാഫുകൾ വഴി രാജൻ എല്ലാവർക്കും സ്വീകാര്യനുമായിരുന്നു.
മോസ്കോയിലേക്ക്
ലോകത്തിലെ ആദ്യത്തെ ഫിലിം സ്‌കൂൾ ആണ് ലെനിൻ സ്ഥാപിച്ച ആൾ യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫി. ഐസൻസ്റ്റിൻ, കുലഷോവ്, പുഡോവ്കിൻ, വെർട്ടോവ് തുടങ്ങിയവർ വിപ്ലവാനന്തര റഷ്യ സിനിമയ്ക്ക് അടിത്തറ പാകിയ സ്ഥാപനമാണ്. പിൽക്കാലത്ത് ആന്ദ്രേ തർക്കോവ്‌സ്‌കിക്കും സെർജി പരാഞ്ചനോവിനും ജന്മം നൽകിയ സ്‌കൂൾ. അതിനുശേഷം ആന്ദ്രേ കോഞ്ചലോവ്‌സ്‌കിയും അലക്‌സാണ്ടർ സോക്കുറോവും ഉണ്ടായി. സോഷ്യലിസ്റ്റ് റിയലിസം കലയുടെ ഔദ്യോ ഗിക മതമായി അംഗീകരിച്ച രാഷ്ട്രത്തിൽനിന്നും ആ പാത സമ്പൂർണ്ണമായി നിരാകരിച്ച് എടുക്കപ്പെട്ട തർക്കോവ്‌സ്‌കിയുടേയും പരാഞ്ചനോവിന്റേയും സിനിമകൾ പുറത്തുവന്ന കാലവും അതുതന്നെ. പുനലൂർ രാജൻ മോസ്‌കോ ഫിലിം സ്‌കൂളിൽ എത്തുന്നത് തർക്കോവ്‌സ്‌കിയും പരാഞ്ചനോവുമൊക്കെ റഷ്യയിൽ ഏറ്റവും സജീവമായ കാലത്താണ്.
1973 ജൂലൈയിലാണ് കോഴിക്കോട് ബേപ്പൂരിൽനിന്നും പുനലൂർ രാജൻ മോസ്‌കോയിലേക്ക് പുറപ്പെടുന്നത്. ഏഴ് വർഷമാണ് അക്കാലത്ത് മോസ്‌കോയിലെ ഓൾ യൂണിയൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയിലെ സിനിമാ പഠനകാലം. പുറപ്പെട്ടുപോകുന്ന കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണ് അദ്ദേഹം. എല്ലാ വർഷവും അവധിക്കാലത്ത് നാട്ടിലേക്ക് തിരിച്ചുവരാനാവും എന്നു പറഞ്ഞാണ് രാജേട്ടൻ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ “ഏഴു വർഷം കഴിഞ്ഞല്ലേ ഇനി തിരിച്ചു വരാവൂ എന്തിനേ രാജനെ വിട്ടത്” എന്ന് കുടുംബസുഹൃത്തായ പുതുക്കുടി ബാലേട്ടൻ ചോദിച്ചപ്പോഴാണ് അങ്ങനെ വരവുണ്ടാകില്ല എന്ന യാഥാർത്ഥ്യത്തിലേക്ക് രാജേട്ടന്റെ ജീവിതപങ്കാളി തങ്കമണിച്ചേച്ചി ഉണർന്നത്. എന്നാൽ, ഏഴ് വർഷം കടമ്പക്ക് കാത്തിരിക്കാതെ രാജേട്ടൻ മടങ്ങി.
1975 മാർച്ച് 7-നാണ് ലോകസിനിമയിൽ സെല്ലുലോയ്ഡിൽ എക്കാലത്തേയും മികച്ച മഹാകാവ്യങ്ങളിൽ ഒന്നായി കരുതപ്പെടുന്ന തർക്കോവ്‌സ്‌കിയുടെ ‘മിറർ’ പുറത്തുവരുന്നത്. പുനലൂർ രാജൻ മോസ്‌കോ ജീവിതം മതിയാക്കി മടങ്ങുന്നതിനു തൊട്ടുമുന്‍പാണത്. 21 മാസത്തെ സോവിയറ്റ് വാസം മതിയാക്കി 1975 ഏപ്രിലിലാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. പിന്നെ തിരിച്ചു പോയില്ല.
സോവിയറ്റ് യൂണിയനിലപ്പോൾ ബ്രഷ്‌നേവ് ഭരണത്തിനു കീഴിലുള്ള നീണ്ട നിശ്ചലതയുടെ കാലഘട്ടമായിരുന്നു (1964- 1982). വികസിത സോഷ്യലിസം എന്നായിരുന്നു ആ കാലത്തിന്റെ ഔദ്യോഗിക പാർട്ടി വ്യാഖ്യാനമെങ്കിലും ആ നിശ്ചലതയുടെ ശ്വാസംമുട്ടൽ റഷ്യ മാത്രമല്ല, ലോകം മുഴുവനും ശീതയുദ്ധമായി (1945-1991) അനുഭവിച്ചിരുന്നു. ഗോർബച്ചേവാണ് ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക കാലത്ത് ബ്രഷ്‌നേവ് യുഗത്തെ നിശ്ചലതയുടെ കാലഘട്ടമായി വിശദീകരിച്ചത്. ആ നിശ്ചലതയുടെ കെട്ട് പൊട്ടിയപ്പോൾ സോവിയറ്റ് യൂണിയൻ തന്നെ ഛിന്നഭിന്നമായി മാറിയത് പിന്നീട് ലോകം കണ്ടു.
21 മാസത്തെ സോവിയറ്റ് അനുഭവങ്ങളും ഓർമ്മകളും പുനലൂർ രാജൻ ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന പേരിൽ പുസ്തകമായി സമാഹരിച്ചിട്ടുണ്ട്. 1985-ൽ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ആ പുസ്തകം 40 വർഷത്തിനു ശേഷം 2003-ൽ കോഴിക്കോട്ടെ പുസ്തക പ്രസാധകസംഘം പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് സൂക്ഷ്മമായി അരിച്ചുപെറുക്കിയാലും മോസ്‌കോയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം പൂർത്തിയാക്കാതെ തിരിച്ചുവന്നതിലേക്കുള്ള ഒരു സൂചന പോലും കിട്ടില്ല. റഷ്യയിൽ അക്കാലത്ത് ബ്രഷ്‌നേവ് ഭരണമാണ് എന്നുപോലും രാജേട്ടൻ പറയുന്നില്ല. ആ മൗനം അർത്ഥപൂർണ്ണമാണ്. സോവിയറ്റ് യൂണിയൻ കെട്ടിപ്പടുക്കാൻ രണ്ടു കോടി ഇരുപത്തിമൂവായിരം പേരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടതിന്റെ ഓർമ്മകളിലൂടെയാണ് ആ പുസ്തകം കടന്നുപോകുന്നത്. “ഒന്നും വിസ്മരിക്കപ്പെടുന്നില്ലിവിടെ, ആരും വിസ്മരിക്കപ്പെടുന്നുമില്ല” എന്ന പ്രത്യാശയോടെയാണ് പുസ്തകം അവസാനിക്കുന്നത്. ആ പ്രത്യാശ എത്രമാത്രം അസ്ഥാനത്തായിരുന്നു എന്ന് സോവിയറ്റ് പതനത്തെത്തുടർന്ന് പഴയ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ ശൈഥില്യത്തിൽ സംഭവിച്ച വംശീയ രാഷ്ട്രീയ യുദ്ധങ്ങളും കൂട്ടക്കൊലകളും ലോകത്തിനു മുന്‍പാകെ തെളിവു നിരത്തുന്നുണ്ട്.
പുനലൂർ രാജൻ മോസ്‌കോയിൽനിന്നും തിരിച്ചെത്തിയ വർഷം തന്നെയാണ് - 1975-ൽ അച്യുതമേനോൻ സർക്കാർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ രൂപീകരണം നടത്തുന്നത്. ചലച്ചിത്രകാരൻ കൂടിയായ പി.ആർ.എസ്. പിള്ളയായിരുന്നു ആദ്യത്തെ ചെയർമാൻ. സർക്കാർ ഉടമസ്ഥതയിൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം സ്വന്തമായി സ്റ്റുഡിയോ - ചിത്രാഞ്ജലി - രൂപപ്പെടുത്തിയത് പി.ആർ.എസ്. പിള്ളയുടെ നേതൃത്വത്തിലാണ്. 1953-ൽ കലാസാഗർ ഫിലിംസിന്റെ ബാനറിൽ പി.ആർ.എസ്. പിള്ള നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമയാണ് ‘തിരമാല’. സംഗീതസംവിധായകൻ വിമൽകുമാറിനൊപ്പമാണ് സംവിധാനം നിർവ്വഹിച്ചത്.
ചലച്ചിത്ര വികസന കോർപറേഷനേയും ചിത്രാഞ്ജലി സ്റ്റുഡിയോവിനേയും മലയാള മണ്ണിൽ വേരുറപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് പി.ആർ.എസ്. പിള്ള എന്നത് പിൽക്കാലത്ത് വിസ്മരിക്കപ്പെട്ടുപോയ ഒരു യാഥാർത്ഥ്യമാണ്.
പുനലൂർ രാജൻ പിന്നെ എന്തുകൊണ്ട് റഷ്യയിലേക്ക് തിരിച്ചുപോയില്ല എന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്കറിയാമായിരുന്നിരിക്കാം. എന്നാൽ ഒരു പാർട്ടി നേതാവും അത് പുറത്തുപറഞ്ഞിട്ടില്ല. ചില സൂചനകളല്ലാതെ രാജേട്ടനും ആ രഹസ്യം എവിടെയും തുറന്നുപറഞ്ഞിട്ടില്ല. പല തവണ രാജേട്ടനോട്ട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും മക്കളായ ഫിറോസിനേയും പോപ്പിയേയും കാണാനുള്ള ആഗ്രഹത്താൽ തിരിച്ചുവന്നതാണ് എന്നതിനപ്പുറം ആ തിരിച്ചുവരവ് ഒരിക്കലും വിശദീകരിക്കപ്പെട്ടതായി കേട്ടിട്ടേയില്ല. മോസ്‌കോ ഫിലിം സ്‌കൂളിലെ വിഖ്യാത ചലച്ചിത്രകാരന്മാരായ തർക്കോവ്‌സ്‌കിയുടേയും പരാഞ്ചനോവിന്റേയും ജീവിതവും സിനിമകളിൽ ആ മൗനത്തിന്റെ അർത്ഥം ചികയാവുന്നതാണ്.
സോവിയറ്റ് പതനത്തിന്റെ മുന്നറിയിപ്പുകൾ ആ ജനത കടന്നുപോയ നിശ്ചലകാലത്തിന്റെ ആവിഷ്‌കാരമായ ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ ‘മിററി’ൽ കാണാം. അത് തർക്കോവ്‌സ്‌കിയുടെ മാത്രമല്ല, റഷ്യയുടെ തന്നെയും എഴുതപ്പെടാത്ത ആത്മകഥകളിൽ ഒന്നാണ്. പറയാനാവാത്ത പലതും പറയാൻ ഒരു രീതിയായി തർക്കോവ്‌സ്‌കി കണ്ടെത്തിയ വിദ്യയാണ് സോഷ്യലിസ്റ്റ് സർറിയലിസം എന്നാണ് ‘മിററി’നെക്കുറിച്ചുള്ള സാർത്രിന്റെ നിരീക്ഷണം. അപരിമിതമായ അധികാരത്തിനു കീഴിൽ ജീവിക്കേണ്ടിവരുന്ന മനുഷ്യർ സ്വന്തം അനുഭവചരിത്രം പറയാൻ മൗനത്തിന്റേയും പ്രതീകങ്ങളുടേയും ഒരു നിഗൂഢഭാഷ തന്നെ സൃഷ്ടിച്ചു ‘മിറർ’. പിന്നെ ഒരു സിനിമ കൂടിയേ തർക്കോവ്‌സ്‌കി സോവിയറ്റ് യൂണിയനിലിരുന്ന് ചെയ്തുള്ളൂ. 1979-ൽ ചെയ്ത ‘സ്റ്റോക്കർ’.
നാം നമ്മുടെ മരിച്ചവരെ ചുമക്കുന്നു എന്നു പറയാറുണ്ട്. സിനിമയിലും ജീവിതത്തിലും മരിച്ചവർ ഒന്നുകൂടി വലിയ യാഥാർത്ഥ്യങ്ങളാണ്. നാം മറന്നുപോയാലും അവരുടെ നിഴലുകൾ നമ്മെ പിന്തുടരുന്നു. ദൈവങ്ങളിൽ വേണമെങ്കിൽ വിശ്വസിക്കാതിരിക്കാം. അതൊരു തിരഞ്ഞെടുപ്പാണ്. എന്നാൽ മരിച്ചവരിൽ, പ്രേതങ്ങളിൽ വിശ്വസിക്കാതിരിക്കാൻ ആർക്കും കഴിയില്ല. അവർ നമ്മോടൊപ്പം ജീവിക്കുന്നു. ദൈവവിശ്വാസത്തെക്കാൾ ആഴമേറിയതാണ് ആ അർത്ഥത്തിൽ മരിച്ചവരിലുള്ള, പ്രേതങ്ങളിലുള്ള വിശ്വാസം. താരതമ്യങ്ങൾ അസാദ്ധ്യമായ പലതരം സിനിമകളുണ്ട്. എന്നാൽ, കാലം പഴകുംതോറും ഓർമ്മയിൽ തെളിഞ്ഞുവരുന്ന രണ്ടു സിനിമകളാണ് മുൻസോവിയറ്റ് ചലച്ചിത്രകാരനായ സെർജി പരാഞ്ചനോവിന്റെ യുക്രൈൻ സിനിമയായ ‘വിസ്മൃത പൂർവ്വികരുടെ മായാനിഴലുകൾ’ (‘Shadows of forgotten ancestors’ - 1965 ), പോമിഗ്രാനട്ടുകളുടെ നിറം (colour of Pomegranates – 1969) എന്നീ സിനിമകൾ. ഒരു പ്രഹേളികയായി ഓർമ്മയെ പിന്തുടരുന്ന സിനിമകളാണ് രണ്ടും. രണ്ടും തർക്കോവ്‌സ്‌കിയുടെ ‘മിറർ’ (1975) എന്ന സിനിമയുടെ മുന്നോടികളാണ്.
1984-ൽ റഷ്യ വിട്ട തർക്കോവ്‌സ്‌കി 1989 ഡിസംബർ 29-ന് വിടപറഞ്ഞു. പിന്നീട് ജന്മനാട്ടിലേക്ക് ഒരിക്കലും തിരിച്ചുപോയില്ല. പകരം പിന്നീട് റഷ്യയ്ക്ക് പുറത്തുവച്ച് നൊസ്റ്റാൾജിയ (1983), സാക്രിഫൈസ് (1986) എന്നീ രണ്ട് സിനിമകൾ മാത്രം എടുത്തു. സോവിയറ്റ് യൂണിയൻ പൊടിഞ്ഞുകൊണ്ടിരിക്കുന്ന വേളയിൽ 1990 ജൂലൈ 20-ന് പരാഞ്ചനോവ് ഈ ലോകത്തോട് വിടപറഞ്ഞു. ‘വിസ്‌മൃത പൂർവ്വിക’രും ‘പോമിഗ്രാനട്ട്‌സും’ (1969). രോഗാതുരമായ കാലത്ത് നടനും സുഹൃത്തുമായ ഡോഡോ അബാഷിഡ്‌സെക്കൊപ്പം സംവിധാനം ചെയ്ത അവസാന ചിത്രമായ ‘ആഷിക് കരീബ്’ (1990) ആത്മസുഹൃത്തും റഷ്യ വിട്ടുപോയ സോവിയറ്റ് ചലച്ചിത്രകാരനായ ആന്ദ്രേ തർക്കോവ്‌സ്‌കിക്കാണ് സമർപ്പിച്ചിരിക്കുന്നത്.
ചെമ്പാവ്: ചുമന്ന അരിയുടെ സഞ്ചാരചരിത്രം
റഷ്യയിൽനിന്നുള്ള പുനലൂർ രാജന്റെ തിരിച്ചെത്തലിന്റെ രണ്ടു മാസം അകലെയായിരുന്നു അടിയന്തരാവസ്ഥ. 1975 ജൂൺ 26 മുതൽ പിന്നീടൊരു 18 മാസം കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഒന്നിച്ച് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി സി. അച്യുത മേനോന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിലിരുന്നു എന്നത് ലളിതമായ വ്യാഖ്യാനങ്ങൾക്ക് അപ്പുറം കടന്നുനിൽക്കുന്ന സത്യമാണ്. ഇന്ത്യയെ അമേരിക്കൻ ചേരിയിലേക്ക് അടുപ്പിക്കാനുള്ള ആഗോള സാമ്രാജ്യത്വ ഗൂഢാലോചനയ്ക്ക് തടയിടാൻ എന്ന സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്ക് സോവിയറ്റ് യൂണിയന്റേയും ബ്രഷ്‌നേവിന്റേയും പിന്തുണ ഉണ്ടായിരുന്നു എന്ന് അക്കാലത്തേ അടക്കംപറച്ചിലുണ്ടായിരുന്നു. ബ്രിട്ടണിലേക്ക് കൂറുമാറിയ സോവിയറ്റ് ചാരനായ മിത്രോവ്കിൻ രേഖകളനുസരിച്ച് ഇന്ദിരാഗാന്ധി പണ്ടുമുതലേ ശമ്പളം പറ്റുന്ന ഒരു കെ.ജി.ബി. ഏജന്റായിരുന്നു എന്നും വ്യാഖ്യാനമുണ്ട്. സംഘപരിവാർ ശക്തികളുടെ അധികാരവളർച്ചയ്ക്ക് അടിത്തറപാകിയ കാലഘട്ടവും അടിയന്തരാവസ്ഥയാണ്. 1977-ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ കോൺഗ്രസ് ഇതര സർക്കാരായ ജനതാപാർട്ടിയിലൂടെയാണ് സംഘപരിവാർ ഇന്ത്യയുടെ അധികാര ശരീരത്തിലെത്തുന്നത്. സോവിയറ്റ് പതനത്തിന് സമാന്തരമായാണ് ബി.ജെ.പിയുടെ ആരോഹണം.
1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷമുള്ള കോഴിക്കോടിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഉണർച്ചയുടെ പശ്ചാത്തലത്തിലാണ് പുനലൂർ രാജനെ ഞാനാദ്യമായി കണ്ടുമുട്ടുന്നത്. അത് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിന്റെ മുനമ്പിലുള്ള സോവിയറ്റ് സാംസ്‌കാരിക കേന്ദ്രമായിരുന്ന പ്രഭാത് ബുക്‌സിൽ വച്ചു തന്നെയാണ് എന്നാണോർമ്മ. രാജേട്ടന്റെ റഷ്യൻ ബന്ധമൊന്നും അന്നറിയില്ലായിരുന്നു എങ്കിലും പ്രഭാത് ബുക്‌സ് എന്നത് തന്റെ സ്വന്തം ‘ഇടം’ പോലെ പെരുമാറിപ്പോന്നു അവിടെ രാജേട്ടൻ. റഷ്യയിൽ നിന്നെത്തുന്ന അവിടുത്തെ പുസ്തകങ്ങളിലൂടെ സോവിയറ്റ് ഗന്ധം ശ്വസിക്കുവാനാണ് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അദ്ദേഹം അന്നവിടെ ഒട്ടിനിന്നിരുന്നത്. അത്രയും സ്വാതന്ത്ര്യം ആ പുസ്തകശാലയിൽ മറ്റാരും എടുക്കുന്നത് കണ്ടിട്ടില്ല. സി.പി.ഐയുടെ തലമുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളിലൊരാളായ ഗോവിന്ദൻ നായർക്കായിരുന്നു പ്രഭാത് ബുക്‌സിന്റെ ചുമതല. കുറേക്കാലം സോവിയറ്റ് ലാന്റും സോവിയറ്റ് ഫിലിമും എന്നെക്കൊണ്ടും സബ്സ്‌ക്രൈബ് ചെയ്യിച്ചിരുന്നു. 1986-ൽ ഗോർബച്ചേവ് റഷ്യയിൽ അധികാരത്തിൽ വന്നതോടെ റഷ്യയിൽനിന്നും സോവിയറ്റ് പുസ്തകങ്ങൾ ഇനി അധികകാലം ഉണ്ടാകില്ലെന്നും അപൂർവ്വമായി വരുന്ന പുസ്തകങ്ങൾ വാങ്ങിവച്ചുകൊള്ളാനും സ്‌നേഹപൂർവ്വം മുന്നറിയിപ്പ് നൽകിയ മനുഷ്യനായിരുന്നു ഗോവിന്ദൻ നായർ. പുനലൂർ രാജേട്ടന് അദ്ദേഹത്തിനുമേൽ അന്നേ അസാധാരണ സ്വാധീനശക്തി ഉള്ളതായി കണ്ടിരുന്നു. അത് ഒരു സോവിയറ്റ് കണക്ഷനാണെന്ന് വളരെക്കാലം കഴിഞ്ഞാണ് മനസ്സിലായത്.
സോവിയറ്റ് പതനത്തിന്റെ പ്രകടലക്ഷണങ്ങൾ കണ്ട 1990 ഒരു വഴിത്തിരിവിന്റെ വർഷമാണ്. ബാബ്‌റി മസ്ജിദിന്റെ പൊളിച്ചടുക്കൽ അടക്കം നടന്ന 1991-1996 കാലത്തെ പി.വി. നരസിംഹറാവുവിന്റെ ഭരണകാലം 1996-ലെ ഒന്നാം എ.ബി. വാജ്‌പേയ് ഭരണത്തിനും ബി.ജെ.പിയുടെ തുടർഭരണത്തിനും അടിവളമായി മാറുകയും ചെയ്തു. സോവിയറ്റ് പതനത്തിന്റെ തുടക്കം - 1990 മുതൽ മരണം വരെയും ഒരു നീണ്ട നിശ്ശബ്ദതയിലായിരുന്നു പുനലൂർ രാജന്റെ ജീവിതം. അപൂർവ്വ അവസരങ്ങളിൽ മാത്രമാണ് അക്കാലത്ത് ക്യാമറ കയ്യിലേന്തിയത്. അതിലൊന്നിൽ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാൻ അഗാധമായി ആഗ്രഹിക്കുകയും ചെയ്തു. അതാണ് ‘ചെമ്പാവ്’ - ചുമന്ന അരി പേറുന്ന ഒരു നെൽവിത്തിന്റെ സഞ്ചാരചരിത്രം.
1991-ൽ ഞങ്ങളുടെ കല്യാണമുണ്ടാക്കിയതിന്റെ തുടർച്ചയിലെപ്പോഴോ, ഒരുനാൾ അതിരാവിലെ മീഞ്ചന്തയിലെ വീട്ടിൽ വന്ന് മുട്ടിവിളിച്ചുണർത്തിയാണ് താൻ സംവിധാനം ചെയ്യാൻ പോകുന്ന ‘ചെമ്പാവ്’ എന്ന സിനിമയുടെ കഥ പറയാൻ തുടങ്ങിയത്. നായകനായി എന്നെ കാസ്റ്റ് ചെയ്തിരിക്കുന്നു! ‘നീയാണ് നായകൻ’! തിരക്കഥ എഴുതാൻ ദീദിയെ ചുമതലപ്പെടുത്തി. അതിനായിരുന്നു കഥപറച്ചിൽ. ചുമന്ന അരി പേറുന്ന ചെമ്പാവ് നെൽവിത്ത് ഇന്ത്യയിൽനിന്നും കടൽകടന്ന് വിയറ്റ്‌നാം, കംബോഡിയ. ചൈന വഴി അവിടുത്തെ ജനതയുടെ വിയർപ്പും മണ്ണിന്റെ നനവും കാലാവസ്ഥയുടെ സ്‌പർശവും അറിഞ്ഞ് തിരിച്ച് കടൽകടന്ന് ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നതിന്റെ കഥയായിരുന്നു ‘ചെമ്പാവ്’.
1994-ലായിരിക്കണം അത്. രാജേട്ടൻ മീഞ്ചന്തയിലെ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള തിരുവണ്ണൂരിൽ വീട് വച്ച് പാർക്കുന്നത് അപ്പോഴാണ്. അവിടെ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന കോഴിപ്പുറത്ത് വേണുഗോപാലിന്റെ തറവാട്ടു വീടിന്നടുത്ത് വർഷങ്ങൾ പഴക്കമുള്ള മനോഹരമായ ഒരു കുറ്റിമുല്ലമരം കണ്ട് ഇഷ്ടപ്പെട്ടാണ് ആ സ്ഥലം വാങ്ങി രാജേട്ടനവിടെ വീടുണ്ടാക്കാൻ തീരുമാനിക്കുന്നത്. തർക്കോവ്‌സ്‌കി - പരാഞ്ചനോവ് സിനിമയിലൊക്കെ സാധ്യമായ ഒരു രംഗം പോലെ ആ മുല്ലമരം അവിടെ വീട് വയ്ക്കാനായി തന്നോട് നിർദ്ദേശിക്കുകയാണുണ്ടായതെന്നാണ് രാജേട്ടൻ പറഞ്ഞത്.
‘ചെമ്പാവ്’ കഥയിൽ അത്യാവേശത്തിൽ ഓർമ്മ തിളച്ചുവരുമ്പോഴാണ് പുലർക്കാലങ്ങളിൽ രാജേട്ടൻ മുട്ടിവിളിച്ചുണർത്തുക. ചില കാലങ്ങളിൽ അത് പൂർണ്ണമായും മറക്കും. ഓർമ്മ വന്നാൽ പറഞ്ഞു നിർത്തിയ ഇടത്തുനിന്നുതന്നെ തുടർന്നു പറയാൻ വീണ്ടും വരും. ചെമ്പാവ് നെൽവിത്ത് അതിന്റെ കാലത്തിലൂടെയുള്ള യാത്രയുടെ കഥയാണ് പറയുന്നത്. മണ്ണും മനുഷ്യരും അവരുടെ പോരാട്ടങ്ങളും രക്തരൂഷിതമായ യുദ്ധങ്ങളും എല്ലാം അരിമണിയുടെ ഹൃദയത്തിൽ എഴുതിയിട്ടുണ്ട് എന്നു പറയുന്നതുപോലെ ‘ചെമ്പാവി’ന്റെ കഥ ഞങ്ങൾ വർഷങ്ങളോളം കേട്ടു.
പുറത്തെടുക്കാത്തചിത്രങ്ങള്‍
ഒരു നാൾ ‘ചെമ്പാവി’ന്റെ ഛായാഗ്രഹണം നിർവ്വഹിക്കാൻ കഴിവുള്ള ഛായാഗ്രാഹകർ ആരും ഇന്ത്യയിൽ ഇല്ലെന്നും തന്റെ ഗുരുനാഥന്മാരിൽ ഒരാളായ തർക്കോവ്‌സ്‌കിയുടെ ഛായാഗ്രാഹകൻ യൂസോവിനെ റഷ്യയിൽനിന്നും കൊണ്ടുവരുമെന്നും താൻ പറഞ്ഞാൽ അദ്ദേഹം വരുമെന്നും രാജേട്ടൻ പറഞ്ഞു. തർക്കോവ്‌സ്‌കി സിനിമകൾ കണ്ടിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെയൊക്കെ ഛായാഗ്രാഹകർ ആരെന്ന് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. മാതൃഭൂമിയിൽ ഞാനപ്പോൾ ഇന്റർനെറ്റ് എഡിഷന്റെ ചുമതലയിലായിരുന്നു. ഇന്റർനെറ്റ് വന്നിട്ട് തന്നെ അധികകാലമായിട്ടില്ല. 1995 ആഗസ്റ്റ് 15-നാണ് ഇന്റർനെറ്റ് ഇന്ത്യയിൽ എത്തുന്നത്. ‘യാഹു’വിൽ ചെന്ന് ചികഞ്ഞുനോക്കി: ശരിയാണ്, തർക്കോവ്‌സ്‌കിയുടെ ആദ്യകാല വിഖ്യാത സിനിമകളായ ‘ദ സ്ട്രീം റോളർ ആന്റ് ദ വയലിൻ’ (1961), ഐവാൻസ് ചൈൽഡ്ഹുഡ് (1962), ആന്ദ്രേ റൂബ്ലോവ് (1966), സോളാരിസ് (1972 ) എന്നീ വിസ്‌മയസിനിമകളുടെ ഛായാഗ്രാഹകനായിരുന്നു വാഡിം യൂസോവ്.
വിയറ്റ്‌നാം, കമ്പോഡിയ, ചൈന, ഇന്ത്യയിൽ തന്നെ നോർത്ത് ഈസ്റ്റ് - ചെമ്പാവിന്റെ യാത്ര ഷൂട്ട് ചെയ്യേണ്ട സ്ഥലങ്ങൾ കൂടിക്കൂടി വരികയായിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് ആര് പണം മുടക്കും എന്ന് ചോദിച്ചപ്പോൾ അതൊക്കെ വരും എന്നു മാത്രമായിരുന്നു രാജേട്ടന്റെ മറുപടി. ഒരിക്കൽ ദീദി ചോദിച്ചു: “നമുക്കിത് ഒരു നെൽവിത്തിന്റെ കഥയായി, ഒരു ഡോക്യുമെന്ററി ആക്കിയാൽ പോരേ, എന്നാൽ നമുക്ക് ആ സ്ഥലങ്ങളൊക്കെ നമ്മുടെ നറേഷനിൽ ഒതുക്കാമല്ലോ” എന്ന്. രാജേട്ടൻ കുപിതനായി “നിങ്ങൾക്കൊന്നും ഞാൻ പറയുന്നത് മനസ്സിലാകുന്നില്ലേ” എന്നു പറഞ്ഞ് ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയി.
പിന്നെ ‘ചെമ്പാവി’നെ രാജേട്ടനും മറന്നു. 2012 മാർച്ച് 28-ന് ദാമോദരൻ മാഷ് വിടപറഞ്ഞ ദിവസമാണ് രാജേട്ടൻ അവസാനമായി വീട്ടിൽ വന്നത്. “മാഷില്ലാത്ത ആ വീട്ടിലേക്ക് എനിക്ക് വരാൻ കഴിയുന്നില്ല, ഇനി എന്നെ കാണാൻ നിങ്ങൾ മൂന്നുപേരും ഇങ്ങോട്ടു വരണം” എന്ന് ഒരുനാൾ വിളിച്ചുപറഞ്ഞു. അറുപതുകളുടെ തുടക്കത്തിൽ പുനലൂരിൽനിന്നും കോഴിക്കോട്ടെത്തിയ പുനലൂർ രാജനെ കോഴിക്കോടിന്റെ കൈവഴികളിലൂടെ നടത്തിയ അരനൂറ്റാണ്ടിന്റെ സൗഹൃദം ആ മരണത്തിൽ എന്നും തിളച്ചുമറിഞ്ഞു. പിന്നെ ഓരോ മാർച്ച് 28 അടുക്കുമ്പോഴും രാജേട്ടൻ വിളിക്കും. “ ഇന്നാണ് ല്ലേ?” എന്ന്. പിന്നെ ഒന്നും മിണ്ടില്ല, ഫോൺ വയ്ക്കും. ഓരോ മാർച്ച് 28-നും രാജേട്ടനെ അങ്ങോട്ട് പോയി കാണും. പോയ നൂറ്റാണ്ടിലെ അറുപതുകള്‍ കോഴിക്കോടൻ സിനിമയുടേയും നാടകത്തിന്റേയും സൗഹൃദത്തിന്റേയും ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും എഴുതാത്ത കഥകൾ നിറഞ്ഞ ഒരു വലിയ കാലമാണത്. ബഷീറോ എം.ടിയോ ദാമോദരൻ മാഷോ രാജേട്ടനോ അത് എഴുതിയിട്ടില്ല. എഴുതാതിരുന്നതിന് അവർക്ക് ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളുമുണ്ടാകും. ആ രഹസ്യങ്ങൾ അവരിൽതന്നെ ഒടുങ്ങി. കോഴിക്കോടൻ സൗഹൃദത്തിലെ അഗാധമായ ഇണക്കങ്ങൾക്കൊപ്പം തന്നെ അഗാധമായ പിണക്കങ്ങളും അതിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ആ ചരിത്രം പുറത്തുകാണാതിരിക്കാൻ പുനലൂർ രാജേട്ടൻ താൻ ഒപ്പിയെടുത്ത എത്രയോ അനർഘ നിമിഷങ്ങളുടെ ശേഖരങ്ങൾ ഒരിക്കലും പുറത്തെടുത്തിട്ടില്ല. അതൊന്നും പിന്നീട് ലോകം കണ്ടിട്ടില്ല.
1977 മുതൽ 2020 വരെ നീണ്ട സൗഹൃദകാലത്തിനിടയിൽ എത്രയോ ഫോട്ടോഗ്രാഫുകൾ എനിക്ക് കൊണ്ടുത്തന്നിട്ടുണ്ട്. ഒരിക്കലും പുറത്തെടുക്കില്ല എന്നു പറഞ്ഞ പല ചിത്രങ്ങളും ചിത്രഭൂമിക്കാലത്ത് (2003-2012) അച്ചടിക്കാനായി പ്രിന്റിട്ട് കൊണ്ടുത്തന്നിട്ടുണ്ട്. എന്നാൽ, പലതും തരാം എന്നു പറഞ്ഞതല്ലാതെ കൊണ്ടുത്തന്നിട്ടുമില്ല. ചില ഓർമ്മകളിലേക്ക് ഒരിക്കലും തിരിച്ചുപോകാതിരിക്കാൻ ബദ്ധശ്രദ്ധനായിരുന്നു രാജേട്ടൻ എന്നുവേണം കരുതാൻ.
കോവിഡ് കാലത്ത്, 2020 ആഗസ്റ്റ് 14-നായിരുന്നു രാജേട്ടന്റെ വിടപറച്ചിൽ. പറഞ്ഞ കഥകളുടെ ഓർമ്മയിൽ ‘ചെമ്പാവി’ന്റെ സഞ്ചാരപഥം വീണ്ടും ചികഞ്ഞുനോക്കി. രാജേട്ടൻ പറഞ്ഞതൊക്കെ ശരിയായിരുന്നു. ചെമ്പാവ് വിത്ത് കടൽ കടന്ന് ചൈനയുടെ അറ്റത്ത് വിയറ്റ്‌നാമിൽ എത്തിയിരുന്നു. ചെമ്പ അരി ബംഗ്ലാദേശിൽനിന്നും ബർമ്മയിൽനിന്നുമാണ് പതിനൊന്നാം നൂറ്റാണ്ടിൽ ചൈനയിൽ എത്തുന്നത്.
വിയറ്റ്‌നാമിലുള്ള ചമ്പ രാജവംശമാണ് അത് സമ്മാനമായി ചൈനയ്ക്ക് നൽകുന്നത്. വരൾച്ച തടയാൻ ശേഷിയുള്ള പെട്ടെന്നു വിളയുന്ന ചെമ്പ അരി സിൽക്ക് റൂട്ട് വഴി ലോകമാകെ വ്യാപിക്കുകയായിരുന്നു.
എന്നാൽ, കേരളത്തിൽ ചെമ്പാവ് അരിയുടെ വംശനാശത്തിന് വഴിയൊരുക്കിയത് പുതിയ ഇനം നെൽവിത്തുകളായിരുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട നെൽവിത്തുകൾ വളരാൻ രാസവളം നിർബന്ധമാണ്. അത് ചോറ് പ്രധാന ഭക്ഷണമായ മലയാളികൾക്കിടയിൽ കാൻസർ രോഗബാധയുടെ വർദ്ധനവിനും ഇടയാക്കുന്നു. ദീദിക്ക് കാൻസർ വന്നത് രാജേട്ടന്റേയും വേദനകളിൽ ഒന്നായിരുന്നു. ആ വിവരം അറിഞ്ഞ് തന്നെ അറിയിക്കാതെ ചികിത്സ തേടിയതിൽ വീട്ടിൽ വന്ന് വലിയ ബഹളമുണ്ടാക്കിയിരുന്നു. തന്റെ മകൻ ഫിറോസ് ഒരു കാൻസർ സർജനായി ഉണ്ടായിരിക്കെ ഒരു ജനറൽ സർജനെക്കൊണ്ട് കാൻസർ സർജറി ചെയ്യിച്ചത് തെറ്റായിപ്പോയി എന്നായിരുന്നു രാജേട്ടന്റെ വാദം. ഒരുപക്ഷേ, അങ്ങാടിയിൽ കിട്ടുന്ന രാസവളം നിറഞ്ഞ അരികൊണ്ടുണ്ടാക്കിയ ചോറ് തിന്നരുത്, ജൈവകൃഷി ചെയ്തുണ്ടാക്കിയ ചുവന്ന അരിയുടെ ചോറ് വേണം തിന്നേണ്ടത് എന്ന സന്ദേശം മലയാളിക്കു നൽകാൻ ‘ചെമ്പാവി’ലൂടെ രാജേട്ടൻ ആഗ്രഹിച്ചിരിക്കാം. അതു നടന്നില്ല.
രാജേട്ടൻ മരിച്ചപ്പോൾ ദീദി ‘ചെമ്പാവി’ന്റെ ഓർമ്മ എഴുതിയിരുന്നു. അതിനെ പരിഹസിച്ചുകൊണ്ട് ഒരാൾ എഴുതിയ പ്രതികരണം ഓർക്കുന്നു. പുനലൂർ രാജന്റെ സിനിമാസങ്കല്പം ദീദിയുടേയും ദാമോദരൻ മാഷിന്റേയും കച്ചവട സിനിമാ സങ്കല്പമല്ലെന്നും ‘ചെമ്പാവ്’ ഡോക്യുമെന്ററി ആക്കിയാൽ പോരേ എന്ന ചോദ്യം അങ്ങനെയാണ് ഉണ്ടായത് എന്നുമായിരുന്നു പരിഹാസം. അതു വായിച്ച് തങ്കമണിച്ചേച്ചി വിളിച്ച് ആശ്വസിപ്പിച്ചു: “രാജേട്ടൻ എപ്പോഴാണ് എന്തിനാണ് സിനിമയുമായി വന്നത് എന്ന് ദീദിക്കറിയാമല്ലോ, അതൊക്കെ നമ്മുടെ മാത്രം ഓർമ്മയായിരിക്കട്ടെ. ആരോടും അതൊന്നും വിശദീകരിക്കേണ്ടതില്ല” എന്ന്. വിസ്മൃത പൂർവ്വികരുടെ മായാത്ത നിഴലുകൾ അപ്പോൾ ജീവൻ വച്ച് ചിരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ