
കൈകളില്‍ മുഖമമര്‍ത്തി വാവിട്ടു കരയുന്ന ഒരു യേശുദാസിനെ സങ്കല്പിക്കാനാകുമോ?
രാത്രി മുഴുവന്‍ ആ യേശുദാസിന്റെ ചിത്രമായിരുന്നു മനസ്സില്‍. കാറ്റിലിളകിക്കളിക്കുന്ന വെണ്‍മേഘത്താടിയും മുടിയുമുള്ള ഇന്നത്തെ എണ്‍പത്തഞ്ചു വയസ്സുകാരന്റേതല്ല; നിഷ്‌കളങ്കനായ ഒരു അഞ്ചു വയസ്സുകാരന്റെ ചിത്രം.
കരയുന്ന ആ കുട്ടിയെ ഓര്‍മ്മയില്‍നിന്ന് വീണ്ടെടുത്തു മുന്നില്‍ കൊണ്ടുവന്നുനിര്‍ത്തിയത് ഗാനഗന്ധര്‍വന്‍ തന്നെ. ''അപ്പച്ചന്‍ അഭിനയിക്കുന്ന 'അപൂര്‍വ്വസഹോദരര്‍' എന്ന നാടകം കാണാന്‍ അമ്മച്ചിയോടൊപ്പം എറണാകുളത്ത് ചെന്നതായിരുന്നു. അരങ്ങത്ത് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുമുണ്ട്. നാടകത്തിലെ ഒരു രംഗത്ത് ഭാഗവതരുടേയും അപ്പച്ചന്റേയും കഥാപാത്രങ്ങള്‍ വഴക്കിടുന്നു. കലഹത്തിനൊടുവില്‍ ഭാഗവതര്‍ അപ്പച്ചനെ അടിക്കുന്നു. വേദനകൊണ്ട് അയ്യോ എന്ന് നിലവിളിച്ചുപോകുന്നു അപ്പച്ചന്‍.''
അഭിനയമാണ്. പക്ഷേ, കണ്ടിരിക്കുന്ന അഞ്ചുവയസ്സുകാരന് അതെങ്ങനെ ഉള്‍ക്കൊള്ളാനാകും? വിഖ്യാത നടനായ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരല്ല, സ്വന്തം അപ്പച്ചനാണ് സ്റ്റേജില്‍ അടികൊണ്ട് പുളയുന്നത്. ''സങ്കടം സഹിക്കാനായില്ല എനിക്ക്'' യേശുദാസിന്റെ ഓര്‍മ്മ. ''അമ്മച്ചി പലതും പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്. എന്തു ഫലം? കരച്ചിലോട് കരച്ചില്‍ തന്നെ. ഒടുവില്‍ സഹികെട്ട് എന്നെയുംകൊണ്ട് ഇടവേളയ്ക്ക് സ്റ്റേജിനു പിന്നില്‍ ചെല്ലുന്നു അമ്മച്ചി. അവിടെ ഒരു മൂലയ്ക്ക് എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടിരിക്കുകയാണ് അപ്പച്ചനും ഭാഗവതരും. ആ കാഴ്ച്ച കണ്ടിട്ടും സങ്കടം അടങ്ങാതെ അപ്പച്ചന്റെയടുത്തേക്ക് ഓടിച്ചെന്നു ഞാന്‍. എന്നെ അടുത്ത് വിളിച്ചു ചേര്‍ത്തുനിര്‍ത്തി, അഭിനയമായിരുന്നു എല്ലാം എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന അപ്പച്ചനെ ഓര്‍മ്മയുണ്ട്. അപ്പച്ചന്റെ നാടകാഭിനയത്തെക്കുറിച്ചുള്ള എന്റെ ആദ്യകാല ഓര്‍മ്മകളിലൊന്ന് ആ കലഹവും കരച്ചിലുമാണ്.''
ഗാനഗന്ധര്‍വ്വന്റെ നാടകാഭിനയം
ആറു പതിറ്റാണ്ടു മുന്‍പ് യാത്രയായ പിതാവിന്റെ ഓര്‍മ്മകളില്‍ മുഴുകി ഒരു നിമിഷം നിശ്ശബ്ദനാകുന്നു യേശുദാസ്. ''അപ്പച്ചനെക്കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല. ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളിലും അദൃശ്യസാന്നിധ്യമായി ഒപ്പമുണ്ട് അദ്ദേഹം. എന്നിലെ പാട്ടുകാരന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും അദ്ദേഹത്തോടുതന്നെ.''
പിതാവിനൊപ്പം ജീവിതത്തിലാദ്യമായി ഒരു നടന്റെ വേഷമണിഞ്ഞു വേദി പങ്കിടേണ്ടിവന്നത് മറ്റൊരു ദീപ്തമായ ഓര്‍മ്മ. ഇന്നോര്‍ക്കുമ്പോള്‍ ചെറിയൊരു ഉള്‍ക്കിടിലം തോന്നുന്ന അനുഭവമാണ്. വിമോചനസമരത്തെത്തുടര്‍ന്നുള്ള സാമൂഹ്യ, രാഷ്ട്രീയ സംഭവഗതികള്‍ ഇതിവൃത്തമാക്കി മാത്യു ഇടമറ്റം രചിച്ച 'അറുപതില്‍ കണ്ടോളാം' ആയിരുന്നു നാടകം. ''അപ്പച്ചന് പുറമെ പാപ്പുക്കുട്ടി ഭാഗവതര്‍, അമ്മിണി, മാവേലിക്കര പൊന്നമ്മ തുടങ്ങി പലരുമുണ്ട് അഭിനേതാക്കളായി. വീട്ടില്‍വെച്ചായിരുന്നു റിഹേഴ്സല്‍. പ്രോംപ്റ്ററായി സദാസമയവും ഞാനുമുണ്ട് കൂടെ. പാപ്പുക്കുട്ടി ഭാഗവതരാണ് നാടകത്തില്‍ അപ്പച്ചന്റെ അനിയനായി അഭിനയിക്കുന്നത്. എന്നാല്‍, മൂവാറ്റുപുഴയില്‍ നാടകം തട്ടില്‍ കയറുന്ന ദിവസം എന്തോ കാരണത്താല്‍ പാപ്പുക്കുട്ടി ഭാഗവതര്‍ വന്നില്ല. പ്രധാനപ്പെട്ട കഥാപാത്രമായതുകൊണ്ട് എല്ലാവരും പരിഭ്രമത്തിലായി.''
ആ സന്ദിഗ്ദ്ധഘട്ടത്തിലാണ് മകനെ അമ്പരപ്പിച്ചുകൊണ്ട് അഗസ്റ്റിന്‍ ഭാഗവതരുടെ നിര്‍ദ്ദേശം: ''ഈ വേഷം നീ അഭിനയിക്കണം. ഡയലോഗ് പറഞ്ഞുകൊടുക്കാന്‍ റിഹേഴ്സല്‍ സമയം മുഴുവന്‍ ഒപ്പം ഉണ്ടായിരുന്നതുകൊണ്ട് നിനക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമാവില്ല.'' യേശുദാസ് ശരിക്കും ഞെട്ടി. അതുവരെ നാടകത്തില്‍ വേഷമിട്ടിട്ടില്ല. മാത്രമല്ല, അഭിനയിക്കേണ്ടത് അപ്പച്ചനൊപ്പവും. മകന്റെ ആത്മസംഘര്‍ഷം തിരിച്ചറിഞ്ഞ അപ്പച്ചന്‍ അവനെ ആശ്വസിപ്പിച്ചു: ''നിനക്ക് കഴിയും എന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പറഞ്ഞത്. കൂടെ ഞാനും ഉണ്ടല്ലോ. എന്തെങ്കിലും വിഷമം തോന്നുകയാണെങ്കില്‍ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം...''
ആ ഉറപ്പില്‍ അങ്ങനെ യേശുദാസ് വേദിയില്‍ നടനായി അരങ്ങേറുന്നു. ''തുടക്കം അത്ര മോശമായില്ല എന്നാണ് എന്റെ തോന്നല്‍. എങ്കിലും അഭിനയജീവിതം തുടരണം എന്ന് തോന്നിയിട്ടില്ല. അതല്ലല്ലോ നമ്മുടെ മേഖല.''
എന്നിട്ടും പതിമൂന്നോളം സിനിമകളില്‍ യേശുദാസിന് 'അഭിനയിക്കേണ്ടി'വന്നു എന്നത് വിധിനിയോഗം. പലതും ഗാനരംഗങ്ങള്‍. സുറുമക്കാരന്‍ ഖാദറിന്റെ മുഴുനീള വേഷം കൈകാര്യം ചെയ്ത കായംകുളം കൊച്ചുണ്ണിയും താന്‍സനായി വന്ന അനാര്‍ക്കലിയും ഒഴിച്ചാല്‍ ഭൂരിഭാഗം സിനിമകളിലും താനായിത്തന്നെയാണ് യേശുദാസ് പ്രത്യക്ഷപ്പെട്ടത്. ''സംഭാഷണം മനഃപാഠമാക്കി പറയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. നമുക്ക് പറഞ്ഞിട്ടുള്ളതല്ല അത്. പിന്നെ സിനിമാ ലൊക്കേഷനുകളിലെ പൊടിയും വെളിച്ചവും ചൂടും ഒക്കെ പ്രശ്‌നമാണ്.''
നാടകലോകത്തുനിന്നുള്ള രസകരമായ ഓര്‍മ്മകള്‍ വേറേയും പങ്കുവെച്ചു യേശുദാസ്. ''അപ്പച്ചനും കുഞ്ഞുകുഞ്ഞു ഭാഗവതരുമാണ് അന്നത്തെ ജനപ്രിയ താരങ്ങള്‍. വ്യത്യസ്ത പ്രദേശങ്ങളില്‍ ഉള്ളവരാണ് ഇരുവരുടേയും ആരാധകസമൂഹം. ഉദാഹരണത്തിന് ചേര്‍ത്തല, ആലപ്പുഴ ഭാഗത്ത് കുഞ്ഞുകുഞ്ഞു ഭാഗവതര്‍ക്കാണ് സ്വീകാര്യത കൂടുതല്‍. അരൂര്‍ പാലത്തിനപ്പുറത്ത് അപ്പച്ചനും.'' സിനിമയൊന്നും അത്ര പ്രചാരത്തില്‍ ഇല്ലാത്ത കാലമാണ്. നാടകത്തെ സദസ്സ് വൈകാരികമായിത്തന്നെ സമീപിച്ചിരുന്ന കാലം. ആരാടാ പാടണത് എന്ന് വിളിച്ചുചോദിക്കും ചേര്‍ത്തല ഭാഗത്തെ സ്ഥിരം പ്രേക്ഷകര്‍. കുഞ്ഞൂഞ്ഞു ഭാഗവതര്‍ എന്നാണ് മറുപടിയെങ്കില്‍ ഉടന്‍ കേള്‍ക്കാം ബലേഭേഷ്. കൊച്ചി ഭാഗത്ത് മറിച്ചായിരിക്കും പ്രതികരണം.
ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ രൂപംകൊടുത്ത റോയല്‍ സിനിമ ആന്‍ഡ് ഡ്രാമാറ്റിക് കമ്പനിയുടെ (പില്‍ക്കാലത്ത് ഞാറക്കല്‍ സന്മാര്‍ഗ്ഗവിലാസം നടനസഭ) മിശിഹാചരിത്രം നാടകത്തിലൂടെയാണ് നടനും ഗായകനുമായി അഗസ്റ്റിന്‍ ജോസഫിന്റെ രംഗപ്രവേശം. നാടകത്തില്‍ ക്രിസ്തുശിഷ്യന്‍ പത്രോസിന്റെ വേഷമായിരുന്നു ഭാഗവതര്‍ക്ക്. തുടര്‍ന്ന് കരുണയിലെ ഉപഗുപ്തന്റെ റോള്‍. അതും കഴിഞ്ഞാണ് 'സുപ്രഭ' എന്ന നാടകത്തിലെ ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രം.
മുന്‍ഷി പരമുപിള്ള രചിച്ച സുപ്രഭ എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ സൃഷ്ടിയായിരുന്നു. കായംകുളം പൊട്ടക്കനേത്ത് വേലുപ്പിള്ളയുടെ പരബ്രഹ്മോദയ സംഗീത നടനസഭ അവതരിപ്പിച്ച ഈ സാമൂഹ്യ, സംഗീതനാടകത്തില്‍ സി.കെ. രാജം ആയിരുന്നു നായികയായ സുപ്രഭ. തന്നെ പാട്ടു പഠിപ്പിക്കാനെത്തിയ ദരിദ്രനും കലാകാരനുമായ കാമുകനോടൊപ്പം ധനികയായ നായിക ജീവിക്കാന്‍ തീരുമാനിച്ചതറിഞ്ഞ നിമിഷം, ബ്രിട്ടനില്‍ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞെത്തിയ മുറച്ചെറുക്കന്റെ മുഖത്തുണ്ടായ ഭാവപ്പകര്‍ച്ചയും ഘനഗാംഭീര്യമാര്‍ന്ന സുപ്രഭേ എന്ന വിളിയും ആ നാടകം ഒരിക്കലെങ്കിലും കണ്ടവരുടെ ഉള്ളില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു മുറച്ചെറുക്കന്റെ വേഷത്തില്‍.
തൃശൂരില്‍ 'സുപ്രഭ' അരങ്ങേറിയപ്പോള്‍ ഉണ്ടായ രസകരമായ ഒരനുഭവം അപ്പച്ചന്‍ പറഞ്ഞുകേട്ടിട്ടുണ്ട് യേശുദാസ്. കാമുകിയെ കൈവിട്ടുപോയി എന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞ മുറച്ചെറുക്കന്‍ പ്രണയത്തില്‍ താന്‍ പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥതയെക്കുറിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സുപ്രഭയോട് വികാരഭരിതനായി വിവരിക്കുന്ന ഒരു രംഗമുണ്ടതില്‍: ''ലണ്ടനിലെ തെംസ് നദിക്കരയിലൂടെ നടക്കുമ്പോഴും നിന്റെ ഓര്‍മ്മകളായിരുന്നു എനിക്ക് കൂട്ട്'' എന്ന മട്ടിലുള്ള ഡയലോഗുകള്‍.
തൃശൂരിലെ പ്രമുഖനായ ഒരു തുണിവ്യവസായിയുമുണ്ട് നാടകം കാണാന്‍ സദസ്സില്‍. അഗസ്റ്റിന്‍ ജോസഫിനെ അറിയുന്ന ആളാണ്. വേദിയില്‍ അഭിനയം മുറുകുന്നതിനിടെ വ്യവസായി എഴുന്നേറ്റുനിന്ന് വിളിച്ചുപറയുന്നു: ''എടോ ജോസപ്പേ, അവളെങ്ങാടാ പോട്ടെടാ. ഞാന്‍ തരാടോ നെനക്കൊരു പൈങ്കിളീനെ...'' ഇത്തരം പ്രതികരണങ്ങള്‍ സാധാരണമായിരുന്നു അന്നത്തെ നാടകവേദികളിലെന്ന് യേശുദാസ്. നാടകവും ജീവിതവും വേര്‍തിരിച്ചു കാണാന്‍ മടിച്ചവരുടെ കാലം.
അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. ഏഴു പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ച് യേശുദാസ് ആ ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നത് വിസ്മിതനേത്രനായി കേട്ടുനില്‍ക്കുകയായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ ഏറെയായി ഫോണിലൂടെ ദാസേട്ടന്‍ ഇത്ര സുദീര്‍ഘമായി സംസാരിച്ചുകേട്ടിട്ട്; ഗൃഹാതുര സ്പര്‍ശമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടും.
''മറക്കാനാവാത്ത ഒരുകാലം, അല്ലേ? ആരെങ്കിലും വിശ്വസിക്കുമോ ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നുവെന്ന്?'' കഥകള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ എന്റെ ചോദ്യം. ്‌നിമിഷനേരത്തെ മൗനത്തിനൊടുവില്‍ യേശുദാസ് മന്ത്രിക്കുന്നു; ആത്മഗതമെന്നോണം: ''ശരിയാണ്. ഇനിയൊരിക്കലും തിരിച്ചുവരില്ല ആ കാലം.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates