സ്തുതി, വ്യംഗ്യത്തില്‍ വിമര്‍ശം; സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി

സ്തുതി, വ്യംഗ്യത്തില്‍ വിമര്‍ശം;
സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി
Vijay Verma
Updated on

ശി തരൂരിന്റെ 'ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ലേഖനം ഇതെഴുതാന്‍ തുടങ്ങുന്നതുവരെ ഞാന്‍ വായിച്ചിട്ടില്ല. ഇംഗ്ലീഷ് അറിയാത്തതുകൊണ്ടോ ഡിക്ഷണറി അടുത്തില്ലാത്തതുകൊണ്ടോ അല്ല വായന മാറ്റിവച്ചത്. എഴുതിയാല്‍ എഴുതി എന്ന് പുരപ്പുറത്തു കയറിനിന്ന് വിളിച്ചുപറയാന്‍ പാകത്തിലുള്ള എഴുത്ത് തരൂരിന്റെ ട്രേഡ്മാര്‍ക്ക് സവിശേഷതയാണ്. നേരത്തെ വായിക്കാത്തതുകൊണ്ടു മാത്രമല്ല ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഈ കുറിപ്പില്‍ ഒന്നും പറയാത്തത്. പിണറായി വിജയനെ പ്രശംസിക്കുന്നതിന് എനിക്ക് തരൂരിന്റെ സാക്ഷ്യപത്രം ആവശ്യമില്ല. തരൂരിന്റെ ലേഖനങ്ങള്‍ ഒരുകാലത്ത് താല്പര്യപൂര്‍വം വായിച്ചിരുന്നു. ആകര്‍ഷണീയതയ്ക്കും മൂല്യവര്‍ദ്ധനയ്ക്കും വേണ്ടി വയനാട്ടിലെ മരപ്പട്ടിക്കാപ്പിയുടെ ഫോര്‍മുലയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. പഴുത്ത് ചുവന്ന് തുടുത്ത കാപ്പിക്കുരു മരപ്പട്ടിയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവന്ന് ദഹിക്കാതെ വിസര്‍ജ്യത്തിന്റെ ഭാഗമാകുമ്പോള്‍ സവിശേഷമായ വാസനയുണ്ടാകും. വാക്കുകളെ ദഹിപ്പിക്കാതെ പ്രത്യേകമായ വാസനയോടെ അദ്ദേഹം വിസര്‍ജിക്കുന്നു. സാധാരണ തട്ടുകടയിലോ ഇന്ത്യന്‍ കോഫി ഹൗസിലോ കിട്ടുന്നതല്ല സിവെറ്റ് കോഫി എന്നറിയപ്പെടുന്ന മരപ്പട്ടിക്കാപ്പി. വിലയും താങ്ങാനാവില്ല.

സിവെറ്റ് കോഫിപോലെ തരൂരിന്റെ വാക്കുകള്‍ സുഗന്ധമാകുന്നു. എല്ലാവര്‍ക്കും എപ്പോഴും അങ്ങനെയാകണമെന്നില്ല. കൃതജ്ഞതാപൂര്‍വം തരൂരിനെ പ്രശംസിക്കുന്നവര്‍ അബദ്ധത്തിലാകാനിടയുണ്ട്. അദ്ദേഹം പലതും പറയും. സാധാരണ വിമാനയാത്രക്കാരെ കന്നുകാലി ക്ലാസ്സ് എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തില്‍നിന്ന് സവിശേഷമായ പരാമര്‍ശങ്ങള്‍ കേട്ടുതുടങ്ങിയത്. ഭരണഘടനയുടെ പത്താം പട്ടികയാല്‍ നിയന്ത്രിതനായ എം.പിയാണ് ശശി തരൂര്‍. സ്വന്തം മനസ്സാക്ഷിക്കനുസൃതമായി പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള പരിമിതമായ സ്വാതന്ത്ര്യം മാത്രമാണ് പാര്‍ട്ടി എം.പിക്കുള്ളത്. ആ പരിമിതിക്കുള്ളില്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിയിലെ വിശുദ്ധ പശുക്കളെ ആക്രമിക്കുന്നു. ഗോസംരക്ഷകര്‍ അദ്ദേഹത്തിനെതിരെ പ്രത്യാക്രമണം നടത്തുന്നില്ല. ആക്രമണത്തെക്കുറിച്ച് ഗോക്കള്‍ക്ക് അറിവുണ്ടോ എന്നുതന്നെ സംശയമാണ്. അറിഞ്ഞിരുന്നെങ്കില്‍ നാലാം വട്ടം ടിക്കറ്റ് കിട്ടുമായിരുന്നില്ല. ഇനി അഞ്ചാം വട്ടം മത്സരിക്കാന്‍ ടിക്കറ്റ് കിട്ടണമെന്നത് അദ്ദേഹത്തിന്റെ ന്യായമായ താല്പര്യമാണ്. അതിനുള്ള വഴി അദ്ദേഹത്തിനറിയാം. ശശിയെ അങ്ങനെ വെറും ശശിയാക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥിയായാല്‍ എതിര്‍പക്ഷത്തിന്റെ വോട്ടുകൂടി സ്വന്തം കണക്കില്‍പ്പെടുത്തുന്നതിനുള്ള സാമര്‍ത്ഥ്യവും അദ്ദേഹത്തിനുണ്ട്. നീട്ടിയെറിഞ്ഞ് കൊളുത്തുറപ്പിക്കുന്നതിനുള്ള വൈദഗ്ദ്ധ്യം പര്‍വതാരോഹകന് ആവശ്യമുണ്ട്. എറിഞ്ഞുപിടിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ചവിട്ടിക്കയറാനുമാവില്ല. വേണ്ടിവന്നാല്‍ ചുമന്നുകയറ്റുന്നതിനുള്ള ഷെര്‍പകളെ തരൂര്‍ ഇപ്പോള്‍ത്തന്നെ കണ്ടുവയ്ക്കുന്നു. ഷെര്‍പകള്‍ എന്തും ചുമക്കാന്‍ തയ്യാറാണ്.

ഐക്യരാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിനെ വിശ്വപൗരന്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. അണ്ടര്‍ സെക്രട്ടറി എന്ന തസ്തികയുടെ വലിപ്പം നമ്മുടെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥശ്രേണി അറിയാവുന്നവര്‍ക്കറിയാം. വിശ്വപൗരന്‍ എന്ന പൗരത്വം എവിടെയെങ്കിലും ഉള്ളതായി അറിയില്ല. പാസ്പോര്‍ട്ടും വിദേശത്ത് പണിയുമാണ് മാനദണ്ഡമെങ്കില്‍ എല്ലാ പ്രവാസികള്‍ക്കും ആ വിശേഷണം യോജിക്കും. ശശി തരൂരിന്റെ വലിപ്പം അറിയാവുന്നതുകൊണ്ടാണ് മന്‍മോഹന്‍ സിങ് അദ്ദേഹത്തിന് സഹമന്ത്രി എന്ന വിലകുറഞ്ഞ സ്ഥാനം നല്‍കിയത്. ജയശങ്കറിന്റെ വലിപ്പം അറിയാവുന്നതുകൊണ്ട് നരേന്ദ്ര മോദി അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിയാക്കി.

പ്രശംസകള്‍ ഒന്നെടുത്താല്‍ രണ്ട്

ഈ പംക്തിയില്‍ ഞാന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പ്രത്യേകിച്ച് അറിയിപ്പില്ലാതെതന്നെ വ്യക്തിപരമാണെന്ന് വായനക്കാര്‍ക്കറിയാം. എന്നാല്‍, എം.പി പേരുവച്ചെഴുതുന്ന കാര്യങ്ങള്‍ പേഴ്സനല്‍ ആകുന്നില്ല. കൂറുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള അയോഗ്യത എന്ന അപകടത്തില്‍നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. സഭയ്ക്ക് അകത്തായാലും പുറത്തായാലും സ്വതന്ത്രമായി നിലപാട് സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം സാമാജികര്‍ക്കുണ്ടാകണം. അതില്ലെങ്കില്‍ അംഗങ്ങള്‍ സഭയില്‍ വരേണ്ട കാര്യമില്ല. അവര്‍ വിപ്പനുസരിച്ച് വോട്ടു ചെയ്യുന്നതിനുള്ള പാവകള്‍ മാത്രമാകരുത്. വ്യത്യസ്തമായി ഒന്നും പറയാനില്ലെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍നിന്ന് എഴുതിക്കിട്ടുന്ന പ്രസംഗം യാന്ത്രികമായി വായിച്ചിട്ടെന്തു കാര്യം.

എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ അതാത് പാര്‍ട്ടി വിപ്പുമാര്‍ നല്‍കുന്ന കണക്കനുസരിച്ച് സ്പീക്കര്‍ ബില്ലിന്റേയും പ്രമേയത്തിന്റേയും അവസ്ഥ പ്രഖ്യാപിച്ചാല്‍ മതിയാകും. സഭയില്‍ രേഖാവോട്ടോ ശബ്ദവോട്ടോ ആവശ്യമില്ല. മനസ്സാക്ഷിക്കനുസൃതമായി നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ജനപ്രതിനിധികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്ന നിലയില്‍ ശശി തരൂരിന്റെ ലേഖനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. സഭയിലായാലും പുറത്തായാലും സ്വതന്ത്രമായ ചിന്തയും അതിനെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രമായ അഭിപ്രായപ്രകടനവും പ്രധാനപ്പെട്ട കാര്യമാണ്. ശശി തരൂരിനെ സ്വാഗതം ചെയ്യുന്നവര്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുവേണ്ടി നിലപാടെടുക്കുന്നവരല്ല. ചാര്‍വാകരേയും ഉള്‍ക്കൊണ്ട ശ്രീരാമനെപ്പോലെ വിമതരേയും വിരോധികളേയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പറയാനാവില്ല. വിധിയിലൂടെ അനഭിമതരായിത്തീര്‍ന്ന ജഡ്ജിമാരെപ്പോലും മാതൃകാപരമായി കൈകാര്യം ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എതിരായൊന്നും കേള്‍ക്കാതിരിക്കുന്നതിന് പത്രങ്ങളുടെമേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിന്റെ അഭാവത്തില്‍ അപലപനീയമായ ആയാ റാം ഗയാ റാം അവസ്ഥ തിരിച്ചുവരുമെന്ന് ഭയപ്പെടേണ്ട. സമ്മതിദായകര്‍ ജാഗ്രത്തായാല്‍ മതി.

പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനപ്രതിനിധികള്‍ ചിന്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായും പാര്‍ട്ടിക്ക് അടിയറവയ്ക്കണമോ എന്ന ചോദ്യമാണ് തരൂര്‍ ചോദിക്കാതെ ചോദിക്കുന്നത്. വ്യത്യസ്തമായി അഭിപ്രായം പറയുകയും നിലപാട് സ്വീകരിക്കുകയും ചെയ്തതിന്റെ പേരില്‍ പലര്‍ക്കും പലപ്പോഴും അനഭിമതനായിട്ടുള്ള വ്യക്തിയാണ് ഈ ലേഖകന്‍. അകത്തില്ലാത്തതിനാല്‍ പുറത്താക്കാനാവില്ല. അനഭിമതര്‍ക്ക് ഇടം കൊടുക്കുന്നതില്‍ പാര്‍ട്ടിക്കെന്നപോലെ പള്ളിക്കും അനാഭിമുഖ്യമുണ്ട്. ലേഖനത്തില്‍ പിണറായി വിജയനെ പ്രശംസിച്ച തരൂര്‍ നരേന്ദ്ര മോദിയെ ന്യായീകരിക്കുന്ന പരാമര്‍ശം പുറത്തുനടത്തി. പാതിവിലയ്ക്ക് എന്തും ഓഫര്‍ ചെയ്യപ്പെടുന്ന കാലത്ത് ഒന്നെടുക്കുമ്പോള്‍ രണ്ടും എടുക്കണമെന്നുണ്ടോ? രണ്ടും കോണ്‍ഗ്രസ്സിന് എടുക്കാനാവില്ല. സി.പി.എം ഒന്നെടുക്കും; ഒന്ന് തള്ളും. അതുകൊണ്ടാണ് ഉള്ളടക്കത്തെയല്ല ഉള്ളിലുള്ളതു പറയുന്നതിനുള്ള സ്വാതന്ത്ര്യത്തെയാണ് ഞാന്‍ വകവയ്ക്കുന്നതെന്നു പറഞ്ഞത്. കത്തോലിക്കാസഭയില്‍ മതസംബന്ധമായ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ബിഷപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു. ഇന്ന് ഇംപ്രിമാത്തൂറും നിഹില്‍ ഒബ്സ്റ്റാറ്റും മതഗ്രന്ഥങ്ങളില്‍ കാണുന്നില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുമ്പോഴും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം അപ്രായോഗികവും അപകടകരവുമാണ്. ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവര്‍ ആ പദവി ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തോടെ സംസാരിക്കണം. ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് അനുകൂലമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലേഖനം കോണ്‍ഗ്രസ്സിന്റെ എം.പിയും പാര്‍ട്ടിയില്‍ പദവി വഹിക്കുന്നയാളുമായ ശശി തരൂര്‍ പ്രസിദ്ധപ്പെടുത്തിയത് ശരിയോ എന്ന ചോദ്യം അവശേഷിക്കുന്നു.

തരൂരിന്റെ ലേഖനം വായിച്ചില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞെങ്കിലും ഇതെഴുതുന്നതിനിടയില്‍ ഞാനതു വായിച്ചു. ഭരണം കിട്ടുമ്പോള്‍ മുതലാളിത്തം, ഭരണം നഷ്ടപ്പെടുമ്പോള്‍ വിപ്ലവം എന്നതാണ് പാര്‍ട്ടിയുടെ നയം എന്ന അപകീര്‍ത്തികരവും നിഷേധിക്കേണ്ടതുമായ ചിന്ത തരൂര്‍ അവതരിപ്പിക്കുന്നുണ്ട്.

മുതലാളിത്തത്തെ ആശ്ലേഷിക്കുന്നതുകൊണ്ടാണ് അവകാശപ്പെടുന്ന പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന പ്രസ്താവനയ്ക്കാണ് പാര്‍ട്ടിയുടെ പ്രതികരണം ആവശ്യമായുള്ളത്. പ്രശംസ സ്വീകരിക്കുമ്പോള്‍ വിമര്‍ശം ഉള്‍ക്കൊള്ളുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com