കുറിച്ചി സമരത്തിന് കാല്‍നൂറ്റാണ്ട്; ചരിത്രപരവുമായ ഒരു അടയാളപ്പെടുത്തലായി ഈ സമരം മാറിയതെങ്ങനെ?
കോട്ടയം ജില്ലയിലെ കുറിച്ചി പഞ്ചായത്തില്‍ 1999 മുതല്‍ 2000 ഫെബ്രുവരി മാസം വരെ നീണ്ടുനിന്നതും കീഴാള സമൂഹത്തിന്റെ മുന്നേറ്റ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നുമാണ് 11 കെ.വി ലൈന്‍ വിരുദ്ധസമരം. സര്‍.സി.പിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ആദ്യകാല പട്ടികജാതി കോളനികളില്‍ ഒന്നായ കുറിച്ചി സചിവോത്തമപുരം കോളനിക്കു മുകളിലൂടെ സമീപത്തുള്ള പ്ലൈവുഡ് കമ്പനിയിലേയ്ക്ക് 11 കെ.വി ലൈന്‍ വലിക്കുന്നതിനെതിരെയാണ് ഈ സമരം നടന്നത്. അടിത്തട്ട് സമൂഹം തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍, അവരുടെ ചെറുവീടുകള്‍ക്കു മുകളിലൂടെ, വീതികുറഞ്ഞ കോളനി വഴിയില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചുകൊണ്ട് അപകടകരമായ സാഹചര്യം ക്ഷണിച്ചുവരുത്തുന്ന രീതിയിലായിരുന്നു ലൈന്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അധികൃതരും കമ്പനി മുതലാളിയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നീക്കം നടത്തിയത്.
കോളനിയുടെ അടുത്ത് ആള്‍പ്പാര്‍പ്പ് തീരെ കുറഞ്ഞ വീതികൂടിയ വഴിയിലൂടെ അപകടരഹിതമായി ലൈന്‍ വലിക്കാന്‍ സാധ്യത നിലവിലുണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതിരുന്നതാണ് കോളനി വാസികളെ സമരത്തിലേക്ക് നയിച്ചത്. ഒരു പരിധിവരെ കമ്പനിയുടമ ഈ നീക്കത്തില്‍നിന്നും പിന്മാറാന്‍ തയ്യാറായിരുന്നെങ്കിലും പഞ്ചായത്ത് ഭരിച്ചിരുന്ന ഇടതുപക്ഷം, പ്രത്യേകിച്ചും സി.പി.എം നേതൃത്വം അതില്‍ ദാര്‍ഷ്ട്യപൂര്‍വ്വം നിര്‍ബ്ബന്ധബുദ്ധി കാട്ടി. 11 കെ.വി ലൈന്‍ വലിച്ച് ചാര്‍ജ്ജ് ചെയ്താല്‍ ക്രമേണ ആളുകള്‍ക്കും ജീവജാലങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിക്കും. പില്‍ക്കാലത്ത് ഒരുതരത്തിലുമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. വിദൂരഭാവിയില്‍ ഇവിടെ താമസിക്കാനാകാതെ ആളുകള്‍ പലായനം ചെയ്യേണ്ടിവരുമെന്ന ആശങ്കയും ഉണ്ടായി. വികസനത്തിന്റേയും അതിന്റെ ഭാഗമായ അധിനിവേശത്തിന്റേയും ദുരന്തക്കാഴ്ച പേറുന്ന ഇടമായി സചിവോത്തമപുരം കോളനിയെ മാറ്റുന്ന ഭരണവര്‍ഗ്ഗങ്ങളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും നീക്കങ്ങള്‍ക്ക് തടയിടുന്നതായിരുന്നു 11 കെ.വി ലൈന്‍ വിരുദ്ധസമരവും ശ്രീധരന്റെ ആത്മാഹൂതിയും. ഒടുവില്‍ ലൈന്‍ മുറിച്ചുമാറ്റിയ മുന്നേറ്റവുമുണ്ടായത്. ലൈന്‍ വലിക്കണമെന്ന് തീരുമാനിച്ചവര്‍ക്ക് പ്രേരകമായി നിന്നത് കോളനി ജീവിതത്തിന്റേയും ദളിത് ജനതയുടേയും നേര്‍ക്കുള്ള കടന്നുകയറ്റങ്ങളെ തികച്ചും സ്വാഭാവികമായി കണക്കാക്കിയും അതിന് അനുകൂലമായ സമ്മതമനോഭാവം രൂപപ്പെടുത്തുന്നതുമായ ജാതീയ മനോഘടനയാണ്. അത് പൊതുബോധമെന്ന നിലയില്‍ അധികാരവര്‍ഗ്ഗത്തിന്റേയും സാമാന്യജനങ്ങളുടേയും ജീവിതത്തെ നിയന്ത്രിക്കുന്നു. അതാകട്ടെ, ഇത്തരം മേല്‍ക്കോയ്മക്കും കീഴാള ജീവിതത്തിന്മേലുള്ള കടന്നുകയറ്റത്തിനും സ്വീകാര്യത നല്‍കുന്നു. അതേപോലെ നിലവില്‍ അധികാരിവര്‍ഗ്ഗങ്ങള്‍ തുടര്‍ന്നുവരുന്ന വികസന നയങ്ങള്‍, വിവിധ പദ്ധതികള്‍ എന്നിവയെല്ലാം സമ്പന്ന വിഭാഗത്തിന്റെ ആവശ്യത്തിനും താല്പര്യത്തിനും അനുസൃതവും അതിനെ സാധൂകരിക്കുന്ന വരേണ്യ താല്പര്യവുമായി രാഷ്ട്രീയ നീക്കങ്ങളിലൂടേയും നടപടികളിലൂടേയും ഉറപ്പിക്കപ്പെടുന്നു. ഇത്തരത്തില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഭരണവര്‍ഗ്ഗ താല്പര്യവും അജണ്ടയുമായി സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. കുറിച്ചിസമരം കേരളത്തിലെ കോളനി ജീവിതത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെ പൊതുസമൂഹത്തിനു മുന്നില്‍ അതിന്റെ തീക്ഷ്ണതയോടെ തുറന്നിട്ടു. ആവാസസ്ഥലത്തിന്റെ അരികുവല്‍ക്കരണവും അതിന്റെ മറവില്‍ വികസനം എന്ന പേരില്‍ നടക്കുന്ന പ്രക്രിയകളും കോളനി രൂപീകരണ കാലം മുതല്‍ ആരംഭിച്ചതാണ്. അതിന്റെ ഫലമായിരുന്നു കോളനികളെ പൊതുജീവിതധാരയില്‍നിന്നും മാറ്റിനിര്‍ത്തുന്ന പിന്നാമ്പുറവല്‍ക്കരണം, നിയമത്തിന്റേയും അധികാരക്രമത്തിന്റേയും സങ്കേതങ്ങളിലൂടെയാണ് ഭരണകൂടം കോളനികളെ ഇത്തരത്തില്‍ പൊതു ഇടത്തില്‍നിന്നും മാറ്റിനിര്‍ത്തിയത്.
തങ്ങള്‍ക്ക് ഭരണാധികാരികളില്‍നിന്നും നീതി ലഭിക്കുകയില്ലെന്നും നിയമത്തിന്റെ വഴിയില്‍ തങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെടുകയാണെന്നും മനസ്സിലായതോടെ സമരത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ വിപുലമാക്കാനും ആക്ഷന്‍ കൗണ്‍സില്‍ ശ്രമം ആരംഭിച്ചു. അതിന്റെ ഫലമായി പി.ഡി. രാജു ചെയര്‍മാനും പ്രേംസാഗര്‍ കണ്‍വീനറുമായി 11 കെ.വി ലൈന്‍ വിരുദ്ധ സമരസമിതി രൂപീകരിച്ചു. ഇതേ സമയത്ത് കമ്പനിയുടമ ഹൈക്കോടതിയില്‍നിന്നും 2000 ഫെബ്രുവരി രണ്ടിനുള്ളില്‍ ലൈന്‍ ചാര്‍ജു ചെയ്യുന്നതിനുള്ള വിധി നേടിയെടുത്തു.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് മറുവശത്ത് കടുത്ത ഭൂരാഹിത്യം, ഏറ്റവും പരിമിതമായ സാഹചര്യങ്ങളിലെ ജീവിതം, സ്വകാര്യതയേയും മിനിമം ജീവിതവൃത്തിയേയും അസാധ്യമാക്കുന്ന വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥ, കൂലിയടിമത്തം, കാര്‍ഷികവും തൊഴില്‍പരവുമായ ബന്ധിത ജീവിതാവസ്ഥ, അന്യവല്‍ക്കരിക്കപ്പെട്ടതും അരക്ഷിതവുമായ അസ്വസ്ഥ ജീവിതം എന്നിവയാല്‍ കോളനികളിലെ ആന്തരിക ജീവിതം മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ള ജീവിതങ്ങളുടെ തലയ്ക്കു മുകളിലൂടെയാണ് അവരുടെ ജീവനും നിലനില്പിനും ഭീഷണിയുയര്‍ത്തി ലൈന്‍ വലിക്കാന്‍ തുടങ്ങിയത്. കോളനിക്കും പരിസര പ്രദേശങ്ങള്‍ക്കും അവകാശപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ കാലങ്ങളായി നിഷേധിക്കുന്ന സമീപനവും പഞ്ചായത്ത് അധികൃതര്‍ തുടര്‍ന്നു വന്നിരുന്നു. സഞ്ചാരയോഗ്യമായ വഴി, വേനല്‍ക്കാലത്ത് കുടിവെള്ള ലഭ്യത, പട്ടികജാതി ഫണ്ട് ദുര്‍വ്വിനിയോഗവും പ്രത്യേക പദ്ധതികള്‍ മരവിപ്പിച്ചു നിര്‍ത്തലും കോളനിക്ക് അനുവദിച്ച സ്ഥലത്ത് പട്ടികജാതി ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിക്കേണ്ട സാംസ്‌കാരിക നിലയം പഞ്ചായത്തിന്റെ മാത്രം ഉടമസ്ഥതയിലാക്കാനുള്ള നീക്കങ്ങള്‍ എന്നിങ്ങനെ നീറുന്ന പ്രശ്‌നങ്ങളുടെ എരിതീയിലേക്കാണ് ലൈന്‍ വലിക്കാനുള്ള നീക്കം പ്രതിഷേധാഗ്‌നിയായി മാറുന്നത്.
സമരപരമ്പരകള്‍
കോളനിയിലൂടെ ലൈന്‍ വലിക്കുന്ന വിവരം അറിഞ്ഞതോടെ അതിനെതിരായി പഞ്ചായത്തു മുതല്‍ ദേശീയതലത്തില്‍വരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കോളനിവാസികള്‍ പരാതികള്‍ നല്‍കിയിരുന്നു. ഈ സമയത്ത് പഴയ പോസ്റ്റുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. അതില്‍ വഴിവിളക്കുകളും തെളിച്ചു. ഇത്തരമൊരു നീക്കം നടത്തിയിട്ടാണ് ലൈന്‍ വലിക്കാന്‍ ശ്രമം നടത്തിയത്. അതോടെ പ്രാദേശിക പ്രതിഷേധങ്ങളും പ്രചരണങ്ങളും ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് കോളനിവാസികള്‍ കേസ് നല്‍കി. അതോടെ ലൈന്‍ വലിക്കുന്നതിനെതിരായി കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. അതുകൊണ്ട് മാത്രം ഈ നീക്കത്തില്‍നിന്നും അധികാരി വര്‍ഗ്ഗം പിന്മാറില്ലെന്നു മനസ്സിലായതോടെ കോളനി നിവാസികളും സമരത്തെ പിന്തുണയ്ക്കുന്ന സാമൂഹിക പ്രവര്‍ത്തകരും ദളിത് സംഘടനാ നേതൃത്വങ്ങളും ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കി പഞ്ചായത്ത് പടിക്കല്‍ ആഴ്ചകള്‍ നീണ്ട നിരാഹാരം ആരംഭിച്ചു. യുവനേതൃത്വങ്ങളായ രമേശ് അഞ്ചലശേരി, കുറിച്ചി ശ്രീധരന്റെ മകന്‍ സി.എസ്. ജയന്‍, സി.കെ. ബിജുകുമാര്‍, സി.ജി. ഉദയകുമാര്‍, സനില്‍ കുമാര്‍ എന്നിവര്‍ നിരാഹാരം നടത്തി. ഇടയ്ക്ക് പഞ്ചായത്ത് ഉപരോധിക്കുകയും ചെയ്തു. ഒടുവില്‍ ആര്‍.ഡി.ഒയുമായി നടത്തിയ ഒത്തുതീര്‍പ്പില്‍, ഒരു അറിയിപ്പുണ്ടാകുന്നതുവരെ ലൈന്‍ വലിക്കുകയില്ലെന്ന് അന്നത്തെ കോട്ടയം കളക്ടര്‍ വിശ്വനാഥ സിന്‍ഹ സമരനേതാവായ ലൂക്കോസ് കെ. നീലംപേരൂരിന് ഉറപ്പു നല്‍കി. എന്നാല്‍, കളക്ടര്‍ സ്ഥലം മാറുകയും ഈ സന്ദര്‍ഭത്തില്‍ ലൈന്‍ വലിക്കുന്നത് പൂര്‍ത്തീകരിക്കുകയും ചെയ്തു.
തങ്ങള്‍ക്ക് ഭരണാധികാരികളില്‍നിന്നും നീതി ലഭിക്കുകയില്ലെന്നും നിയമത്തിന്റെ വഴിയില്‍ തങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെടുകയാണെന്നും മനസ്സിലായതോടെ സമരത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ വിപുലമാക്കാനും ആക്ഷന്‍ കൗണ്‍സില്‍ ശ്രമം ആരംഭിച്ചു. അതിന്റെ ഫലമായി പി.ഡി. രാജു ചെയര്‍മാനും പ്രേംസാഗര്‍ കണ്‍വീനറുമായി 11 കെ.വി ലൈന്‍ വിരുദ്ധ സമരസമിതി രൂപീകരിച്ചു. ഇതേ സമയത്ത് കമ്പനിയുടമ ഹൈക്കോടതിയില്‍നിന്നും 2000 ഫെബ്രുവരി രണ്ടിനുള്ളില്‍ ലൈന്‍ ചാര്‍ജു ചെയ്യുന്നതിനുള്ള വിധി നേടിയെടുത്തു. ഇതു തിരിച്ചറിഞ്ഞ സമരസമിതിയും സമരത്തിലണിനിരന്ന ജനങ്ങളും പഞ്ചായത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കി. ഹര്‍ത്താലിനെത്തുടര്‍ന്ന് നിരവധി യുവാക്കളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതുകൂടാതെ സമരത്തില്‍ പങ്കെടുത്ത നിരവധി യുവാക്കളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്ന നടപടി സി.പി.എമ്മിന്റെ ഭാഗത്തുനിന്നുമുണ്ടായി. ലൈന്‍ ചാര്‍ജ്ജ് ചെയ്യുന്നതിന്റെ മുന്നോടിയായി ടച്ചിംഗ് വെട്ടാനുള്ള നീക്കങ്ങള്‍ പൊലീസിന്റേയും ഉദ്യോഗസ്ഥരുടേയും മുന്‍കയ്യില്‍ ആരംഭിച്ചു. ഹൈക്കോടതി വിധി അനുകൂലമാകാത്ത സാഹചര്യത്തില്‍ ലൈന്‍ വരുന്നത് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് ഉറപ്പായതോടെ ജീവന്മരണ സമരത്തിന് കോളനിവാസികള്‍ തീരുമാനിച്ചു. ലൈന്‍ ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അതു തടയാനാകില്ല എന്നവര്‍ക്കു ബോധ്യമായി. ഇതുവരെ നടത്തിയ സമരങ്ങള്‍കൊണ്ട് കാര്യമില്ലെന്നു തിരിച്ചറിഞ്ഞതോടെ ആത്മാഹൂതിപോലുള്ള സമരമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ കോളനിവാസികള്‍ തീരുമാനിക്കുകയായിരുന്നു. കോടതിയുടെ അന്തിമവിധി വന്നതോടെ സ്ത്രീകളും പുരുഷന്മാരും യുവാക്കളും ഉള്‍പ്പെടെ മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീപ്പന്തവുമായി നിലയുറപ്പിച്ചു. 2000 ഫെബ്രുവരി രണ്ടിനു രാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ ലൈന്‍ വലിക്കുന്നതിന് ടച്ചിംഗ് വെട്ട് ആരംഭിച്ചു. ഇതു പ്രതിരോധിക്കാന്‍ ശ്രമിച്ചവരില്‍ കുറച്ചുപേരെ അറസ്റ്റുചെയ്തു നീക്കി. ബാക്കിയുള്ളവര്‍ പൊലീസുമായി ബലാബലം തുടരുന്നതിനിടെയാണ് ശ്രീധരന്‍ സമരസ്ഥലത്തെത്തി മണ്ണെണ്ണ ഒഴിച്ച് ശരീരത്തില്‍ തീകൊളുത്തിയത്. തീ ആളിപ്പര്‍ന്നു നടന്നു നീങ്ങിയ ശ്രീധരനെ തടയാന്‍ ശ്രമിച്ച ഡി.വൈ.എസ്.പിയുമായി ശ്രീധരന്‍ മല്‍പ്പിടുത്തം നടത്തുന്നതിനിടയില്‍ പൊലീസുകാര്‍ക്ക് ചെറിയ തോതില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതോടുകൂടി പൊലീസ് രംഗത്തുനിന്നും പിന്‍വാങ്ങി.
ശ്രീധരന്റെ ആത്മാഹൂതി ശ്രമത്തെത്തുടര്‍ന്ന് ഈ വാര്‍ത്ത സൃഷ്ടിച്ച വൈകാരിക പ്രതികരണം അതിശക്തമായിരുന്നു. കേരളത്തിന്റെ വിവിധ മേഖലകളില്‍നിന്നും ദളിത് സംഘടനാ പ്രവര്‍ത്തകരും വിവിധ സാമുദായിക നേതൃത്വങ്ങളും ജനകീയ പ്രവര്‍ത്തകരും സമരത്തോട് ഐക്യപ്പെടുകയും കുറിച്ചിയില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ലൈന്‍ വിരുദ്ധ സമരത്തെ ശക്തിപ്പെടുത്തുന്നതിന് എം.ഡി. തോമസ്, എം. ഗീതാനന്ദന്‍, സണ്ണി എം. കപിക്കാട് തുടങ്ങിയ ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ സമരസഹായ സമിതി രൂപപ്പെട്ടു. കേരളത്തില്‍ പലയിടത്തും സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ നടന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്രീധരന്‍ ഫെബ്രുവരി എട്ടിന് മരണത്തിനു കീഴടങ്ങി. മരണത്തിനു മുന്‍പ്, ''ഞാന്‍ മരിച്ചുപോയേക്കാം, എങ്കിലും നിങ്ങള്‍ കീഴടങ്ങരുത്. സമരം തുടരണം'' എന്നുള്ള ശ്രീധരന്റെ ആഹ്വാനം ഒരു തീപ്പന്തം കണക്കെ ആളുകള്‍ നെഞ്ചിലേറ്റി.
ശ്രീധരന്റെ മരണത്തിനുശേഷം 2000 ഫെബ്രുവരി പത്തിന് കേരള ഹര്‍ത്താലിന് ആഹ്വാനമുണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ച് പലയിടങ്ങളിലും സംഘര്‍ഷവും അറസ്റ്റും നടന്നു. കുറിച്ചിയില്‍നിന്നും കേരള ചേരമര്‍ സംഘം പ്രവര്‍ത്തകരായ 28 യുവാക്കളെ അറസ്റ്റു ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറസ്റ്റിനും പൊലീസ് ഭീകരതയ്ക്കുമെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. അതിശക്തമായ പ്രതിഷേധത്തിനും ശ്രീധരന്റെ അന്ത്യാഭിലാഷം സാക്ഷാല്‍ക്കരിക്കുന്നതിനും സമരലക്ഷ്യം നേടുന്നതിനായി സമരസഹായ സമിതിയുടേയും ലൈന്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ സുശീലന്‍ ഭാഗവതര്‍ ചെയര്‍മാനും എം.ഡി. തോമസ് ജനറല്‍ കണ്‍വീനറുമായി സംയുക്തസമരസമിതിക്ക് രൂപം നല്‍കി. ലൈന്‍ കോളനിയില്‍നിന്നും മാറ്റിയില്ലെങ്കില്‍ ആത്മാഭിമാനികളായ ദളിത് സമൂഹം അതു നീക്കം ചെയ്യും എന്നു കുറിച്ചി മാര്‍ച്ച് പ്രഖ്യാപിച്ചു. കുറിച്ചി സമരത്തെ ഐതിഹാസിക സംഭവമാക്കിയ നീക്കം നടന്നത് ഈ മാര്‍ച്ചിലായിരുന്നു. ഫെബ്രുവരി 27-നു നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ലൈനിന്റെ മുകളില്‍ കയറിയ സമരവളണ്ടിയര്‍മാരായ യുവാക്കള്‍ അതിന്റെ ഹോള്‍ഡറുകള്‍ അടിച്ചുതകര്‍ത്ത് ലൈന്‍ അറുത്തുനീക്കി. തുടര്‍ന്നു നടന്ന ആവേശകരമായ സമ്മേളനത്തില്‍ കേരളത്തില്‍ അടിത്തട്ടു സമൂഹത്തിന്റെ മുന്നേറ്റത്തിലെ ധീരമായ ഒരു ചരിത്രസന്ദര്‍ഭമെന്ന നിലയില്‍ ലൈന്‍ വിരുദ്ധ സമരം വിജയിച്ചതായി സംയുക്ത സമരസമിതി കണ്‍വീനര്‍ എം.ഡി. തോമസ് പ്രഖ്യാപിച്ചു.
സമരത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ ഉള്ളടക്കം
ജാതീയമായ അടിച്ചമര്‍ത്തലിനും സാമൂഹ്യ വിവേചനങ്ങള്‍ക്കും രാഷ്ട്രീയമായ ആധിപത്യത്തിനും അതിന്റെ ഭാഗമായ ഭരണ-അധികാര സംവിധാനത്തിന്റെ ധിക്കാരത്തിനുമെതിരെയാണ് ലൈന്‍ വിരുദ്ധ സമരം നടന്നത്. തങ്ങളുടെ നിലനില്‍പ്പിനും ജീവനും ഭീഷണിയായ ശക്തികളെ വെല്ലുവിളിച്ച് ലൈന്‍ കോളനിയില്‍നിന്നും മാറ്റുകയെന്നത് ദളിത് ആത്മാഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. അതുകൊണ്ടാണ് സാമൂഹിക ഇച്ഛയ്ക്കും സ്വത്വബോധത്തിലധിഷ്ഠിതമായ ചെറുത്തുനില്‍പ്പിനും ഊന്നല്‍ നല്‍കി ദളിതര്‍ സമരത്തിനു തയ്യാറായത്. ഈ സമരത്തിലൂടെ സാമുദായിക സംഘടനകളും ദളിത്-ആദിവാസി പ്രസ്ഥാനങ്ങളും വിവിധ പുരോഗമന-ജനാധിപത്യശക്തികളും സ്ത്രീസംഘടനകളും ഐക്യപ്പെടുകയുണ്ടായി. അവ നേതൃത്വപരമായും പങ്കാളിത്തത്തിലൂടേയും പിന്തുണയിലൂടേയും സമരത്തില്‍ പങ്കാളികളായി. ഇത്തരത്തില്‍ കേരളത്തില്‍ കീഴാളര്‍ക്കിടയില്‍നിന്നും തീക്ഷ്ണമായ ഒരു സമരവുമായി ബന്ധപ്പെട്ട വിശാലമായ പൊതു പ്ലാറ്റ്ഫോം രൂപപ്പെടുന്നത് ആദ്യമായിരുന്നു. ഒരു പൊതുവിഷയത്തെ/പ്രശ്‌നത്തെ അധികരിച്ചുള്ള പ്രക്ഷോഭത്തെ സംഘടിതമായി നയിക്കേണ്ടതിന്റെ പ്രായോഗികവും രാഷ്ട്രീയവുമായ പ്രശ്‌നം കൈകാര്യം ചെയ്യപ്പെട്ട ആദ്യ സന്ദര്‍ഭമായിരുന്നു ലൈന്‍ വിരുദ്ധ മുന്നേറ്റം എന്നു പറയാം.
കേന്ദ്രീകൃതമായ ഒരു സംഘടനാ സംവിധാനത്തിനു കീഴിലോ നിയതമായ ഒരു നേതൃത്വത്തിന്റെ നിയന്ത്രണത്തിലോ ആയിരുന്നില്ല സമരം നടന്നത്. ജനങ്ങളുടെ സ്വാഭാവിക പ്രതികരണത്തില്‍/പ്രതിഷേധത്തില്‍നിന്നും തുടങ്ങി വലിയ ചുവടുവയ്പായി മാറുകയായിരുന്നു. നിയമാനുസൃത പരിഹാരം തേടുന്നതിലേക്കു സമരം ഊന്നിയെങ്കിലും അതു ഫലവത്തായില്ല. തുടര്‍ന്നാണ് ശക്തമായ പ്രക്ഷോഭത്തിന്റെ പാത സ്വീകരിക്കേണ്ടിവന്നത്. ഒടുവില്‍ അതു നിയമത്തേയും അധികാരത്തേയും വെല്ലുവിളിച്ചുകൊണ്ട് ജനങ്ങളുടെ ഇച്ഛാശക്തിയുടെ വിജയം കൂടിയായി മാറി.
വിവിധ സമരരീതികള്‍ ക്രമാനുഗതമായി ഈ സമരത്തില്‍ പ്രയോഗിക്കപ്പെട്ടു. നിവേദനങ്ങളിലും പരാതികളിലും തുടങ്ങി പ്രതിഷേധയോഗങ്ങളും സത്യഗ്രഹവും ഉപരോധവും ഉള്‍പ്പെടെയുള്ള സമരരീതികള്‍ നടത്തി. പ്രാദേശിക ഹര്‍ത്താലും പൊലീസുമായുള്ള ബലപ്രയോഗവും പല തവണ അറസ്റ്റും നടന്നു. ഒടുവില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ എല്ലാം അടഞ്ഞ സന്ദര്‍ഭത്തില്‍ പ്രത്യക്ഷമായ പ്രതിരോധത്തിന്റെ അക്രമോത്സുകമല്ലാത്ത തീക്ഷ്ണ മാതൃകയെന്ന നിലയില്‍ 'ആത്മാഹൂതി' കൈക്കൊള്ളേണ്ടിവന്നു. അതാകട്ടെ, പൊലീസിനേയും ഉദ്യോഗസ്ഥരേയും ജനങ്ങള്‍ക്കുനേരെ അക്രമാസക്തമായി മുന്നോട്ടു നീങ്ങുന്നതില്‍നിന്നും പിന്‍തിരിപ്പിക്കുകയും പൊതു മനഃസാക്ഷിയുടെ ജാഗ്രതയും ദളിത് രോഷത്തിന്റെ തട്ടിയുണര്‍ത്തലും സാധ്യമാക്കി. ഇത് മൊത്തത്തില്‍ പൊലീസിനും ഭരണ സംവിധാനത്തിനും മുന്‍പാകെ ഒരു പ്രതിരോധം തീര്‍ത്തു. നീതിക്കുവേണ്ടി പോരാടുന്ന ദുര്‍ബ്ബലര്‍ക്കു മുന്‍പില്‍ എല്ലാ വഴിയും അടയുമ്പോള്‍ അവര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന ആത്മപ്രതിരോധത്തിന്റെ ഏറ്റവും സാധ്യമായ സമരരീതിയാണ് ആത്മാഹൂതി. ഒരു സമരരീതിയെന്ന നിലയില്‍ ഇത് തിരഞ്ഞെടുക്കപ്പെടുന്നതല്ല, മറിച്ച് നിര്‍ബ്ബന്ധിതമാകുന്ന സാഹചര്യങ്ങളില്‍ മറ്റു വഴികളെല്ലാം അടയുമ്പോള്‍ അനിവാര്യമായി ഇതിലേയ്ക്ക് എത്തേണ്ടിവരികയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍ നൂറുകണക്കിനു പൊലീസിന്റെ കടന്നുകയറ്റത്തിലും ഭീകരമായ മര്‍ദ്ദനത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദുര്‍ബ്ബലമായ ഒരു ചെറുത്തുനില്‍പ്പില്‍ ശത്രുവിന്റെ വിജയം സുനിശ്ചിതമാകുന്നുവെന്ന തിരിച്ചറിവില്‍, ആത്മാഹൂതി ഒരു സമരമാര്‍ഗ്ഗമായി തിരഞ്ഞെടുക്കുകയായിരുന്നു. മാത്രമല്ല, പൊലീസുമായുള്ള ഏറ്റുമുട്ടല്‍ ഒരുപക്ഷേ, വീടുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടുള്ള പൊലീസ് തേര്‍വാഴ്ചയിലേയ്ക്ക് നയിക്കുമെന്ന ഭീതി നിലനിന്നു. ഇനിയും ആളുകളെ അറസ്റ്റു ചെയ്തു നീക്കിക്കൊണ്ട്, ലൈന്‍ ചാര്‍ജ്ജ് ചെയ്താല്‍ മരണമാണ് അതിലേറെ നല്ലതെന്നു വിചാരിച്ചവര്‍ പലരുമുണ്ട്. ലൈന്‍ ചാര്‍ജ് ചെയ്താല്‍ തലമുറകളായി താമസിച്ചുവരുന്ന ഈ പ്രദേശത്തുനിന്നുള്ള പലായനത്തിലേയ്ക്ക് ക്രമേണ തങ്ങളെ നയിക്കുമെന്ന ആശങ്കയാണ് ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ആത്മാഹൂതിക്കു പ്രേരിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതിലേയ്ക്ക് ആത്യന്തികമായി അവരെ തള്ളിവിട്ടത് പഞ്ചായത്തിന്റേയും സി.പി.എം പ്രാദേശിക നേതൃത്വത്തിന്റേയും കെ.എസ്.ഇ.ബി അധികൃതരുടേയും പൊലീസിന്റേയും കമ്പനിയുടമയ്ക്ക് അനുകൂലമായതും കോളനി, ദളിത് വിരുദ്ധ നിലപാടും നടപടികളുമായിരുന്നു. ശ്രീധരന്റെ ആത്മാഹൂതി തനിക്കുവേണ്ടിയും തന്റെ കുടുംബത്തിനുവേണ്ടിയും മാത്രമായിരുന്നില്ല. ഒരു ജനതയും ആത്മാഭിമാനവും അന്തസ്സും ജീവിക്കാനുള്ള അവകാശവും ഉറപ്പിച്ചെടുക്കുന്നതിനായിരുന്നു. ദളിത് സ്വത്വബോധത്തെ വൈകാരികമായി അതു തട്ടിയുണര്‍ത്തുകയും വ്യാപകമായ പ്രതിഷേധത്തിനും പ്രതിരോധത്തിനും ഒപ്പം വിപുലമായ സമര ഐക്യം കെട്ടിപ്പടുക്കുന്നതിലേക്കും നയിച്ചു.
ലൈന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വ്യത്യസ്ത തലങ്ങളില്‍ അതിന്റെ സംഘാടനവും പ്രവര്‍ത്തനവും നടന്നു. അതാകട്ടെ, പൊതുവില്‍ മൂന്നു തലങ്ങളിലാണ് സമരശക്തികള്‍ക്കുള്ളില്‍ പ്രകടമായിരുന്നത്. ദളിത് ആത്മാഭിമാനത്തേയും സ്വത്വബോധത്തേയും ആധാരമാക്കി വിവിധ നേതൃത്വങ്ങളും ആശയരംഗത്തും വൈജ്ഞാനികരംഗത്തും നിലയുറപ്പിച്ചിരുന്ന ഒരു നേതൃനിര സമരത്തിന്റെ അവസാനഘട്ടത്തില്‍ അതിനു മുന്‍കൈ നല്‍കി. രണ്ടാമതായി വിപുലമായ തോതില്‍ ജനങ്ങള്‍ അണിനിരക്കുകയും വലിയ പിന്തുണയും സജീവ സാന്നിധ്യവുംകൊണ്ട് സമരത്തെ ശക്തിപ്പെടുത്തിയ വിവിധ സാമുദായിക സംഘടനാപ്രവര്‍ത്തകരും അവരുടെ നേതൃനിരയുടെ സാന്നിദ്ധ്യവുമാണ്. മൂന്നാമതായി ഈ സമരത്തെ അതിന്റെ അടിത്തറയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന ജീവന്മരണ പോരാട്ടത്തിന്റെ ഭൂമികയില്‍ ത്യാഗപൂര്‍വ്വം നിലകൊണ്ട യുവാക്കളും സ്ത്രീകളും അടങ്ങുന്ന കോളനി നിവാസികളും അവര്‍ക്കൊപ്പം നിന്ന പ്രക്ഷോഭകാരികളുമാണ്.
സമരത്തില്‍ വിവിധ ദളിത് നേതൃത്വങ്ങളും സമുദായസംഘടനകളും ആക്ടിവിസ്റ്റുകളും നേതൃത്വപരമായി പങ്കുവഹിച്ചു. കോളനി അസോസിയേഷനെ കൂടാതെ സീഡിയന്‍, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ ദളിത് സംഘടനകളും രാഷ്ട്രീയക്കാരും അതിലുള്‍പ്പെടുന്നു. തുടര്‍ന്നു വിപുലമായ തോതില്‍ ജനങ്ങളെ അണിനിരത്തിയ കേരള ചേരമര്‍ സംഘം, കെ.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ്, എസ്.എം.എസ് തുടങ്ങിയ സമുദായ സംഘടനകളും സമരത്തില്‍ ഐക്യപ്പെട്ടു. സമരത്തില്‍ സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച 'സ്ത്രീശക്തി' പ്രവര്‍ത്തകരായ കൃഷ്ണമ്മ, കുട്ടിയമ്മ, ബിന്ദു, രാജമ്മ, ശാന്തമ്മ (കുറിച്ചി ശ്രീധരന്റെ ഭാര്യ), പ്രസന്ന തുടങ്ങിയ സ്ത്രീകളുടേയും അമ്മമാരുടേയും നീണ്ടനിര ഉണ്ടായിരുന്നു. യുവാക്കളുടെ ഭാഗത്തുനിന്നും സി.വി. രാജപ്പന്‍, ഉണ്ണി, ബിനോയി, സനല്‍ ഗുരുകുലം, ശ്രീനിവാസന്‍, സനീഷ് ഗുരുകുലം, ഷാജി തുടങ്ങിയവര്‍ സമരത്തില്‍ ശക്തമായി നിലയുറപ്പിച്ചു. കുറിച്ചിയില്‍ വികസന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ദളിത് വിമെന്‍സ് സൊസൈറ്റിയുടെ സഹകരണവും ഉണ്ടായിരുന്നു. ഈ സംഘടനകളെ കൂടാതെ വിവിധ എം.എല്‍. പ്രസ്ഥാനങ്ങള്‍ സമരത്തില്‍ ഐക്യപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പോരാട്ടം, സി.പി.ഐ (എം.എല്‍) ലിബറേഷന്‍, സി.പി.ഐ (എം.എല്‍) ജനശക്തി, അയ്യങ്കാളിപ്പട തുടങ്ങിയ സംഘടനകളുടെ സാന്നിധ്യവും നേതൃത്വങ്ങളുടെ സ്വാധീനവും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ സമരവീര്യം നല്‍കി. ഇത്തരത്തില്‍ വിവിധ ജനാധിപത്യ, പുരോഗമന, വിപ്ലവ പ്രസ്ഥാനങ്ങളുടെ പിന്തുണയും സമരത്തിനുണ്ടായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സി.പി.ഐ (എം) ഒഴികെയുള്ളവ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലൈന്‍ വിരുദ്ധ സമരത്തിനുശേഷം കോളനിയില്‍ ഉള്‍പ്പെടെ പ്രകടമായ മാറ്റം ഉണ്ടായി. തുടര്‍ന്നു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന സ്ഥാനത്ത് യു.ഡി.എഫ് ഭരണത്തിലേറി. അധികാരം നഷ്ടപ്പെടുമെന്നു മനസ്സിലായതോടെ ഇതിനെ മറികടക്കാന്‍ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മൂന്നു വാര്‍ഡുകളാക്കി വിഭജിച്ചു. സമരത്തിനുശേഷം പട്ടികജാതി ഫണ്ടുപയോഗിച്ച് കോളനിക്ക് അനുവദിച്ച സ്ഥലത്തു നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയം പഞ്ചായത്തിന്റെ അധീനതയിലാക്കാനുള്ള നീക്കത്തിനെതിരേയും ശക്തമായ പ്രതിഷേധം നടന്നിരുന്നു. തൊഴില്‍രംഗത്തും പല മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടു. 1990-കളില്‍ തുടങ്ങി 2000-ത്തോടുകൂടി മുന്‍പ് തൊഴില്‍പരമായി ആശ്രയിച്ചിരുന്ന കാര്‍ഷികരംഗത്തുനിന്നും കോളനിയിലെ സ്ത്രീപുരുഷന്മാരില്‍ 90 ശതമാനവും പിന്‍വാങ്ങിയിരുന്നു. അവര്‍ നിര്‍മ്മാണമേഖലയിലേക്കും പ്രാദേശിക ചെറുകിട ഉല്പാദനരംഗത്തേക്കും ഇതര തൊഴില്‍ മേഖലയിലേക്കും മാറി. രണ്ട് പതിറ്റാണ്ടിനിപ്പുറം അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്, എങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ധ്രുവീകരണവും (മുഖ്യമായും ഇടത്, ബി.ജെ.പി) ദളിത്/സാമുദായികതയില്‍ ഊന്നിയ നിലപാടും പ്രകടമാണ്. എന്നാല്‍, രാഷ്ട്രീയമായ നിര്‍ണ്ണായക വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ ഉയര്‍ന്നുവരുമ്പോള്‍ ഓരോ തലത്തിലുള്ള നിലപാടുകള്‍ ഉയര്‍ന്നുവരികയും അതിന്റെ സാന്നിധ്യം സജീവമാകുകയും ചെയ്യുന്നുണ്ട്. പുതിയ തലമുറയാകട്ടെ, രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ ഒരു ബന്ധത്തിലേക്കു കടന്നുവരുന്നില്ല. പഴയ വ്യക്തി-കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിലും മറ്റും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമരത്തിനുശേഷം കോളനിയിലും സമീപപ്രദേശങ്ങളിലുമുള്ള സാമാന്യസ്ഥിതി ഇപ്രകാരമാണ്. ലൈന്‍ വിരുദ്ധ സമരം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ കേരളത്തിലെ അടിത്തട്ട് സമൂഹത്തിന്റേയും കോളനി ജീവിതത്തിന്റേയും പ്രക്ഷുബ്ധവും ചരിത്രപരവുമായ ഒരു അടയാളപ്പെടുത്തലായി ഈ സമരം തിരിച്ചറിയപ്പെടേണ്ടതുണ്ട്.?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക