മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ എന്നത് ബൈബിളിലെ ദുര്‍ഗ്രഹമായ വാക്യങ്ങളിലൊന്നാണ്. യേശുവിനെ അനുഗമിക്കുന്നതിനു മുന്‍പ് പിതാവിനെ സംസ്‌കരിച്ചിട്ടു വരാന്‍ അനുവാദം ചോദിച്ച ശിഷ്യനോടാണ് യേശു ഇപ്രകാരം പറഞ്ഞത്. പറഞ്ഞതിന്റെ സാന്ദര്‍ഭികമായ അര്‍ത്ഥം എന്താണെങ്കിലും മരിച്ചവരെ സംസ്‌കരിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്വമായാണ് കണക്കാക്കപ്പെടുന്നത്. അന്തസ്സോടെയുള്ള സംസ്‌കാരം മൃതരുടെ അവകാശമാണ്. ഈ അവകാശത്തെ അടിസ്ഥാനമാക്കി 2,500 വര്‍ഷം മുന്‍പ് സോഫൊക്ലിസ് എഴുതിയ ഗ്രീക് നാടകമാണ് ആന്റിഗണി. രാജകല്പനയെ വകവയ്ക്കാതെ തന്റെ സഹോദരനെ സംസ്‌കരിച്ച ആന്റിഗണി തന്റെ നിലപാട് ന്യായീകരിച്ചുകൊണ്ട് രാജസദസ്സില്‍ നടത്തിയ ഉജ്വല പ്രഭാഷണത്തിലൂടെയാണ് മനുഷ്യാവകാശങ്ങള്‍ എന്നു പില്‍ക്കാലത്ത് നാമകരണം ചെയ്യപ്പെട്ട ഒരുകൂട്ടം അവകാശങ്ങള്‍ സോഫൊക്ലിസ് അനാവരണം ചെയ്തത്. ആകാശങ്ങളില്‍നിന്നു ലഭിച്ച അലംഘനീയവും മാറ്റത്തിനു വിധേയമല്ലാത്തതുമായ അവകാശങ്ങള്‍ എന്നാണ് ഈ അവകാശങ്ങളെ സോഫൊക്ലിസ് വിശേഷിപ്പിക്കുന്നത്. അപമാനകരമായി വധിക്കപ്പെട്ട യേശുവിന്റെ മൃതദേഹം അന്തസ്സോടെ സംസ്‌കരിക്കുന്നതിനുള്ള അനുവാദം അരിമത്തിയാക്കാരന്‍ ജോസഫിന് പീലാത്തോസ് നല്‍കുന്നുണ്ട്. മരിച്ചവരല്ല, ജീവിച്ചിരിക്കുന്നവരാണ് മരിച്ച യേശുവിനെ സംസ്‌കരിച്ചത്. അന്തസ്സോടെ ജീവിക്കുന്നതിനു മാത്രമല്ല, അന്തസ്സോടെ മരിക്കുന്നതിനും അനന്തരം അന്തസ്സോടെ സംസ്‌കരിക്കപ്പെടുന്നതിനുമുള്ള അവകാശം മനുഷ്യര്‍ക്കുള്ളതാണ്.
ജീവിച്ചിരുന്നപ്പോള്‍ മനുഷ്യന്റെ അന്തസ്സിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണിയിലായിരുന്ന എം.എം. ലോറന്‍സിന് ഈ അവകാശം നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ നിഷേധിക്കപ്പെട്ടു. സെമിത്തേരിയില്‍ ഇടം നിഷേധിക്കപ്പെടുമ്പോഴാണ് കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ പള്ളിക്ക് അനഭിമതരാകുന്നവര്‍ മരണാനന്തരം അപമാനിതരാകുന്നത്. അവര്‍ക്കുവേണ്ടിയുള്ളതായിരുന്നു തെമ്മാടിക്കുഴികള്‍. കമ്യൂണിസ്റ്റായ ലോറന്‍സിനുവേണ്ടി ഇന്നത്തെ സാഹചര്യത്തില്‍ ഏതെങ്കിലും സെമിത്തേരിയുടെ വാതില്‍ തുറക്കപ്പെടുമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, പൊതുജീവിതത്തില്‍ ലോറന്‍സ് നാസ്തികനായിരുന്നു. അവസാനം ശയ്യാവലംബിയായപ്പോള്‍ നിലപാടില്‍ മാറ്റം വന്നുവോ എന്നറിയില്ല. പക്ഷേ, മരണാനന്തരവും തന്റെ ദേഹത്തിന്റെ ഉടമ താന്‍തന്നെയാണെന്ന് ബോധ്യമുണ്ടായിരുന്ന ലോറന്‍സ് തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനു നല്‍കാനാണ് തീരുമാനിച്ചത്. ഈ തീരുമാനം നടപ്പാക്കുന്നതിനു മക്കള്‍ തമ്മിലുള്ള തര്‍ക്കം തടസമായി. തര്‍ക്കം കോടതിയിലെത്തി. സ്വീകരിക്കപ്പെട്ട മൃതദേഹം കേസ് തീര്‍പ്പാകുംവരെ സൂക്ഷിക്കാനാണ് മെഡിക്കല്‍ കോളജിനു ലഭിച്ച നിര്‍ദ്ദേശം. ലോറന്‍സിന്റേതായി സാക്ഷ്യപ്പെടുത്തപ്പെട്ട ഇംഗിതം അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചതോടെ കാര്യങ്ങള്‍ക്കു പര്യവസാനമായി. സുപ്രീംകോടതിയില്‍ പോകുമെന്ന് പെണ്‍മക്കള്‍ വാശിയില്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
സെപ്റ്റംബര്‍ 21-നായിരുന്നു ലോറന്‍സിന്റെ മരണം. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത് ഡിസംബര്‍ 18-ന്. അന്ത്യവിധി കാത്ത് മൂന്നു മാസം ലോറന്‍സിനു കിടക്കേണ്ടിവന്നതിന്റെ ഉത്തരവാദിത്വം ഹര്‍ജിക്കാരായ മക്കള്‍ക്കെന്നപോലെ കോടതിക്കുമുണ്ട്. പിതൃനിന്ദയോളമെത്തിയ അവിവേകമാണ് വിഷയത്തില്‍ പെണ്‍മക്കള്‍ കാണിച്ചത്. ലോറന്‍സ് എന്ന വ്യക്തിയുടെ വിലപ്പെട്ട അവകാശമാണ് കോടതിയില്‍ ഹനിക്കപ്പെട്ടത്. അര്‍ഹിക്കുന്ന വിടയാണ് കൊച്ചിയിലെ പൗരാവലി ലോറന്‍സിനു നല്‍കിയത്. സ്വാഭാവികമായ പര്യവസാനത്തിനു ഭംഗം വരുത്തിക്കൊണ്ടാണ് കോടതിയില്‍നിന്ന് ഉത്തരവുണ്ടായത്. മുസോളിയത്തില്‍ സൂക്ഷിക്കുന്നതുപോലെ സൂക്ഷിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല ലോറന്‍സിന്റെ മൃതദേഹം. സംസ്ഥാന ബഹുമതിക്കുശേഷം അത് മെഡിക്കല്‍ കോളജിനു കൈമാറാനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത്. അതിനു തടസമാകുന്ന രീതിയില്‍ ഹര്‍ജി വരുമ്പോള്‍ അത് ഒരു ദിവസംകൊണ്ട് തീര്‍പ്പാക്കണമായിരുന്നു. പരിധിവിട്ട വാദപ്രതിവാദത്തിനു സാധ്യതയുള്ള കേസായിരുന്നില്ല അത്. പരേതന്റെ മക്കള്‍ തമ്മില്‍ പിതൃസ്വത്തിനുവേണ്ടി ഉണ്ടാകാവുന്ന തര്‍ക്കം കൈകാര്യം ചെയ്യുന്നതുപോലെ ലാഘവബുദ്ധിയോടെയും മന്ദഗതിയിലുമുള്ള സമീപനമാണ് കോടതി സ്വീകരിച്ചത്. പ്രാരംഭഘട്ടത്തില്‍ത്തന്നെ തീര്‍പ്പാക്കിത്തള്ളാവുന്ന ഹര്‍ജികള്‍ കെട്ടിവയ്ക്കുന്നതാണ് കോടതിയിലെ വ്യവഹാരപ്പെരുമലയ്ക്ക് കാരണമാകുന്നത്. കയ്യോടെ തീര്‍ക്കേണ്ട കാര്യങ്ങള്‍ അങ്ങനെ തീര്‍ക്കണം. മരിച്ചവര്‍ക്ക് അധികസമയം കാത്തുകിടക്കാനാവില്ല.
ഡിജിറ്റല്‍ ടെക്നോളജിയുടേയും വെര്‍ച്വല്‍ കോടതിയുടേയും കാലത്ത് ക്ഷണനേരംകൊണ്ട് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല. പഞ്ചനക്ഷത്ര റെസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനുശേഷം ദീര്‍ഘമായി കാത്തിരിക്കണം. കാത്തിരിപ്പിന്റെ ദൈര്‍ഘ്യമനുസരിച്ച് റെസ്റ്റോറന്റിനെക്കുറിച്ചുള്ള മതിപ്പുയരുമെന്നാണ് പൊതുധാരണ. കോടതിയുടെ അവസ്ഥയും ഇതുതന്നെയാണ്. തലമുറകള്‍ കാത്തിരുന്നു കിട്ടുന്ന വിധിക്ക് പഞ്ചനക്ഷത്രമേന്മ ഉണ്ടാകണമെന്നില്ല. കാത്തിരുന്നു കിട്ടിയിട്ടും മേന്മയില്ലാത്ത വിധിയാണ് അയോധ്യാ കേസിലുണ്ടായത്. ചിലപ്പോള്‍ ന്യായാധിപന്‍ പീലാത്തോസിനെപ്പോലെയാകണം. ദ്രുതനീതി മൃതനീതിയാണെന്നു പറയുമെങ്കിലും മൃതരെ സംബന്ധിച്ച് അതാണ് അഭികാമ്യം. ലോറന്‍സിന്റെ മക്കളെ വിളിച്ചുവരുത്തിയോ വരുത്താതെ വിളിച്ചോ രണ്ടു ചോദ്യത്തില്‍ തീര്‍ക്കാവുന്നതായിരുന്നു കേസ്. ലോറന്‍സിന്റെ ഇടവകയേത്. അവിടത്തെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ വികാരി തയ്യാറാണോ എന്ന ചോദ്യം പെണ്‍മക്കളോടും അനാട്ടമി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണോ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നത് എന്ന ചോദ്യം മകനോടും ചോദിച്ചാല്‍ തീരുന്നതായിരുന്നു പ്രശ്‌നം. മധ്യസ്ഥചര്‍ച്ചയില്‍ തീരുന്നതോ തീര്‍ക്കാവുന്നതോ ആയിരുന്നില്ല വിഷയം.
ഭൗതിക ശരീരത്തോടുള്ള അനാദരം വ്യാപകമാകുമ്പോള്‍ നിയമസംവിധാനത്തിന് ഇടപെടേണ്ടിവരും. അപകടമരണമായാലും ആത്മഹത്യയായാലും മൃതദേഹം പൊതുവഴിയില്‍വെച്ച് അധികാരികളെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്. ബന്ധുക്കളല്ല, പൊതുജനം എന്ന വിശേഷണത്തോടെ അന്തരീക്ഷം കലുഷമാക്കാന്‍ ഇറങ്ങുന്ന മുതലെടുപ്പുകാരാണ് മൃതദേഹം സംസ്‌കാരത്തിനായി വിട്ടുകൊടുക്കാതെ ബഹളം വയ്ക്കുന്നത്. മരിച്ചവരുടെ ആദ്യത്തേയും അവസാനത്തേയും ആവശ്യം സംസ്‌കാരമാണ്. പള്ളിത്തര്‍ക്കത്തിന്റെ പേരിലായാലും മറ്റേതെങ്കിലും തര്‍ക്കത്തിന്റെ പേരിലായാലും അതിനു തടസമുണ്ടാക്കുന്നത് മൃതദേഹത്തെ അവഹേളിക്കുന്ന ക്രിമിനല്‍ കുറ്റമാണ്. ഭാരതീയ ന്യായസംഹിതയില്‍ അങ്ങനെയൊരു കുറ്റമില്ലെങ്കില്‍ ഉള്‍പ്പെടുത്തണം. അരിമത്തിയാക്കാരന്‍ ജോസഫിന്റേയും എന്തിന്. പീലാത്തോസിന്റേയും അനുകരണീയമായ മാതൃക നിര്‍ബ്ബന്ധ സ്വഭാവത്തോടെ മുന്നില്‍ ഉണ്ടായിട്ടും കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങള്‍ സെമിത്തേരി എന്ന ഭൗതികസ്വത്തിന്റെ പേരിലുള്ള അവകാശത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹത്തോടുള്ള അനാദരം മ്ലേച്ഛമായ പരമ്പരയുടെ രൂപത്തില്‍ ആവര്‍ത്തിച്ചതിന്റെ അടിസ്ഥാനം എന്തുതന്നെയായാലും അത് അപലപനീയവും ആവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ പാടില്ലാത്തതുമാണ്. ജീവിച്ചിരിക്കുന്നവരെ ബന്ദിയാക്കുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതുപോലെത്തന്നെയാണ് മരിച്ചവരെ ബന്ദിയാക്കുന്നതും.
ഇഹലോകവാസം കഴിഞ്ഞാല്‍ അന്തസ്സോടെ ഈ മണ്ണിനോട് വിടപറയുന്നതിനുള്ള അവകാശമുണ്ട്. എല്ലാവര്‍ക്കും അവകാശപ്പെട്ട മണ്ണ് എന്ന അര്‍ത്ഥത്തിലാണ് ആറടി മണ്ണിന്റെ ജന്മി എന്ന പ്രയോഗമുണ്ടായത്. അതുപോലും നിഷേധിക്കപ്പെട്ട ഭൂരഹിതരാണ് ഭൂപരിഷ്‌കരണത്തിലൂടെ സാമൂഹികവിപ്ലവത്തിനു പ്രേരണയായത്. ആറടി മണ്ണിനു പകരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനമേശയിലും അന്ത്യവിശ്രമം ആകാമെന്ന സന്ദേശം ലോറന്‍സ് നല്‍കുമ്പോള്‍ അത് അനാവശ്യമായ തര്‍ക്കത്തിനു കാരണമാകരുത്.
അവയവദാനത്തിന്റേയും ദേഹദാനത്തിന്റേയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നല്‍കിയ ലോറന്‍സ് അപമാനിതനാകാന്‍ പാടില്ലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക