എംടിയുടെ കടവ്; നിളയും സംഗീതവും

എംടിയുടെ കടവ്; നിളയും സംഗീതവും
Updated on

'Be like a river. Be open. Flow'

-Julie Connor

ദൂരദര്‍ശനുവേണ്ടി എം.ടി തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച 'കടവ്' രാജ്യാന്തരത്തിലും ദേശീയതലത്തിലും എം.ടിക്ക് ഏറെ പ്രശംസയും ആദരങ്ങളും ലഭിച്ച ചിത്രമായിരുന്നു. ഒരുപക്ഷേ, സംവിധാനം ചെയ്ത സിനിമകളില്‍ നിര്‍മ്മാല്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമ കടവാണ്. ഇന്നും മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ മറക്കാനാവാത്ത ചിത്രമായി 'കടവ്' തുടരുന്നുമുണ്ട്.

ഗ്രാമവും നഗരവും തമ്മിലുള്ള സംഘര്‍ഷാത്മകമായ തലം 'കടവിലും' കാണാം. ഒരുപക്ഷേ, നിളാനദിയും കടവുമൊക്കെ എം.ടിയുടെ ആത്മാംശം നിറഞ്ഞ ഇടങ്ങള്‍കൂടി ആയതിനാല്‍, കടവിന്റെ ഷൂട്ടിംഗില്‍ എം.ടി ഒരു പ്രത്യേക ആനന്ദം തന്നെ അനുഭവിച്ചതായി പറയാം. അറിയുന്ന നാടും നദിയുമൊക്കെ സിനിമയുടെ നിര്‍മ്മാണത്തിന്റെ ഭാഗഭാക്കാകുന്നു എന്നു പറയാം.

എസ്.കെ. പൊറ്റെക്കാട്ടിന്റെ 'കടവുതോണി' എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരമായ കഥ. പക്ഷേ, ചെറുകഥയേക്കാള്‍ എം.ടിയുടേതായ ധാരാളം സ്വതന്ത്ര രചനാരീതി കടവിന്റെ രചനയിലുണ്ടായിട്ടുണ്ട് എന്നു പറയുന്നതാണ് നല്ലത്. പ്രകൃതിയുമായും ഇഴചേര്‍ത്ത് കഥ പറയുന്ന വിദ്യ എം.ടിക്ക് ഒരു പ്രത്യേക ഹരം തന്നെയാണ്. 'മഞ്ഞ്' സിനിമയില്‍ ക്യാമറാ സഹായിയായിരുന്ന വേണുവിന് കടവിന്റെ ഛായാഗ്രഹണ ചുമതല എം.ടി നല്‍കി.

''എസ്.കെ. പൊറ്റെക്കാട്ടിന്റെ 'കടവുതോണി' എന്ന കഥയില്‍ ആ കടവുതോണിയാണ് എന്നെ ആകര്‍ഷിച്ചത്. ഏറെക്കാലം കഴിഞ്ഞു തിരികെ വരുമ്പോള്‍ അയാളെ തിരിച്ചറിഞ്ഞിട്ടെന്നോണം ആ തോണി ഓളങ്ങളിലൂടെ അയാളുടെ അടുത്തേയ്ക്ക് വന്നു എന്നു വായിച്ചപ്പോള്‍ തോണിക്കൊരു മനസ്സുണ്ടെന്ന് എനിക്കു തോന്നി. ആ കണ്‍സപ്റ്റില്‍ ഊന്നിനിന്നുകൊണ്ടാണ് ഞാന്‍ സ്‌ക്രിപ്റ്റ് ചെയ്തത്. ഇതൊരു ടേക്ക് ഓഫ് പോയിന്റായി ഒരു പ്രചോദനം. അവിടംതൊട്ട് അതു പിന്നെ എന്റെ സൃഷ്ടിയായി. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ഞാന്‍ ചെയ്ത ചിത്രമാണ് കടവ്. ദൂരദര്‍ശന്‍ എനിക്കൊരു ഫ്രീഹാന്‍ഡ് ആണ് തന്നിരുന്നത്.''

(എം.ടി, യന്ത്രവല്‍ക്കരിച്ച കാവ്യദേവത)

കടവിന്റെ നിര്‍മ്മാണഘട്ടത്തില്‍ വളരെ സ്വാതന്ത്ര്യം ലഭിച്ചതിനാല്‍ സംവിധാന പ്രക്രിയയില്‍ എം.ടിക്ക് കടവിനെ ഒരപൂര്‍വ്വമായ കലാശില്പമാക്കി മാറ്റാന്‍ സാധിച്ചു. 104 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ചിത്രം കാലഭേദമന്യേ ഏതു രാജ്യക്കാര്‍ക്കും ആസ്വദിക്കാനാവുന്ന ഒരു ചലച്ചിത്രഭാഷ ഉള്‍ക്കൊള്ളുന്നതാണ്. കൂടല്ലൂരിന്റെ ജീവിതങ്ങളും ഭാരതപ്പുഴയുടെ പശ്ചാത്തല ഭൂമികയുമൊക്കെ കടവിന്റെ ഭാഗമായതിനാല്‍ എം.ടിക്ക് ഗൃഹാതുരമായ ഒരനുഭവം കൂടിയായിരുന്നു ഈ സിനിമയുടെ പണിപ്പുര.

എം.ബി. ശ്രീനിവാസനുശേഷം സരോദ്വാദകനായ രാജീവ് താരാനാഥിനെയാണ് കടവിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കാനായി എം.ടി ക്ഷണിച്ചത്. സിനിമയുടെ ആത്മാവിനെത്തന്നെ രാജീവ് താരാനാഥിന്റെ പശ്ചാത്തല സംഗീതം ഉള്‍ക്കൊള്ളുന്നതായി അനുഭവപ്പെടുന്നു. പ്രത്യേകിച്ചും സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളില്‍ നല്‍കിയ പശ്ചാത്തല സംഗീതം.

പരാജയപ്പെട്ട, അനാഥനെപ്പോലെ നഗരം ഓടിച്ചുവിട്ട രാജു ഒടുവില്‍ പഴയ കടവിലെത്തുകയാണ്. നിലാവിലെ പുഴയും തോണി തിരിച്ചറിഞ്ഞതുപോലെ രാജുവിലേയ്ക്ക് നീങ്ങിവരുന്നതും രാജുവിനേയും കൊണ്ട് തോണി ഒഴുകിയൊഴുകിപ്പോവുന്നതുമൊക്കെ മനോഹരമായ ദൃശ്യഭംഗി വിളിച്ചോതുന്നതാണ്. ഈ ദൃശ്യഭംഗിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കാന്‍ രാജീവ് താരാനാഥിന്റെ പശ്ചാത്തല സംഗീതത്തിനു സാധിക്കുന്നു. അവസാന ദൃശ്യത്തിന് ആഴം എം.ടിയിലെ സംവിധായകന്‍ പ്രേക്ഷകരുടെ മനസ്സില്‍ ശിലപോലെ സ്ഥാപിച്ചെടുക്കുന്നു. അവാച്യമായി ഒരു അനുഭൂതി ഉത്തരേന്ത്യന്‍ സംഗീതത്തിന്റേതായ അലയൊലികള്‍ക്കിടയിലൂടെ ഓരോ കാഴ്ചക്കാരനിലേയ്ക്കും കടന്നുവരുന്നു.

സന്തോഷ് ആന്റണി (രാജു എന്ന കേന്ദ്ര കഥാപാത്രം) മികച്ച അഭിനയമാണ് കടവില്‍ കാഴ്ചവെച്ചത്. എം.ടിയുടെ കഥാപാത്രങ്ങള്‍ക്കായി നടീനടന്മാരെ തിരഞ്ഞെടുത്ത രീതി കൃത്യമായിരുന്നു. മാത്രമല്ല, ഓരോ നടന്റേയും സവിശേഷതകളെ കണ്ടെത്തി അതാത് കഥാപാത്രങ്ങളുടെ മനശ്ശാസ്ത്രത്തോടും ശരീരശാസ്ത്രത്തോടും കൂട്ടി യോജിപ്പിക്കാന്‍ സംവിധായകനു സാധിച്ചു. സന്തോഷ് ആന്റണിയെ കൂടാതെ ഭാഗ്യരൂപ (പെണ്‍കുട്ടി), ബാലന്‍ കെ. നായര്‍ (ബീരാന്‍), ജഗതി ശ്രീകുമാര്‍ (വഴിവാണിഭക്കാരന്‍), നെടുമുടി വേണു (വൃദ്ധസന്ന്യാസി), തിലകന്‍ (കാളവണ്ടിക്കാരന്‍), മുരളി (റഹ്മാന്‍), ടാക്‌സി കുഞ്ഞാണ്ടി (ഡ്രൈവര്‍), രവി വള്ളത്തോള്‍ (മാഷ്), ശ്രീദേവി ഉണ്ണി (ആമിനി), ആര്‍.കെ. നായര്‍ (ചട്ടമ്പി), സിയോണ്‍ (അപ്പു) എന്നീ നടീനടന്മാരെല്ലാം ചെറിയ സീനുകളില്‍ വന്നുപോയവരാണെങ്കില്‍ കൂടിയും എം.ടിയിലെ സംവിധായകന്‍ അവരിലൂടെ കൃത്യമായ സ്ഥാനം, മോഡുലേഷന്‍, നിയന്ത്രണം എന്നിവ നടത്തിയെടുക്കുന്നു.

ജോണ്‍പോള്‍ എം.ടിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ കടവിന്റെ ചിത്രീകരണ വേളയെക്കുറിച്ച് എം.ടി മനസ്സ് തുറക്കുന്നുണ്ട്:

''ചലച്ചിത്രകാരന്റെ മനസ്സിലാണ് പൂര്‍ണ്ണമായ സിനിമയുള്ളത്. അത് സാക്ഷാല്‍ക്കരിക്കുന്നത് ഒരുപാടു പേരെ ഏകോപിപ്പിച്ചുകൊണ്ടാണ്. കൊച്ചുകൊച്ചു ഭാഗങ്ങള്‍ അവര്‍ക്കു പകര്‍ന്ന് അവരിലൂടെ അതു പ്രകാശിപ്പിച്ചെടുക്കുകയാണ്. പ്രതിഭാധനരായ അഭിനേതാക്കളേയും ടെക്നീഷ്യന്‍സിനേയും സംഘടിപ്പിക്കുക. അവരെ convince ചെയ്യിച്ച് അവര്‍ക്ക് പ്രചോദനം നല്‍കി അവരില്‍നിന്നും സംഭാവനകള്‍ വാങ്ങി അത് ഏകോപിപ്പിച്ച് നമ്മുടെ മനസ്സില്‍ മുന്‍പേയുള്ള സൃഷ്ടിയിലേയ്‌ക്കെത്തിക്കുക... മൊത്തം സൃഷ്ടിയിലേയ്‌ക്കെത്തിക്കുക... മൊത്തം സൃഷ്ടിയെക്കുറിച്ചുള്ള നമ്മുടെ ഉന്മാദം അവര്‍ക്കു പകര്‍ന്ന് അവര്‍ക്കുകൂടി അനുഭവപ്പെടുത്തി അവരിലൂടെ ചുരത്തി, നമ്മുടെ സങ്കല്പത്തെ സാക്ഷാല്‍ക്കരിച്ചെടുക്കുക. അതു സിനിമയെന്ന മാധ്യമത്തില്‍ മാത്രം നടക്കുന്ന കൂട്ടായ ക്രിയേറ്റീവ് ശക്തിയുടെ സാധ്യതയാണ്. കടവ് ചിത്രീകരിക്കുമ്പോള്‍ രാവിലെ ആറ് മണിവരെ ഒരു സ്ഥലത്ത് ചന്ദ്രനെ കാണാം. മനോഹരമായ ഈ ദൃശ്യം സിനിമയില്‍ വേണമെന്നു തോന്നി. ചന്ദ്രന്റെ ചുവട്ടില്‍ തോണിക്കൊമ്പത്തിരിക്കുന്ന പയ്യന്റെ ഒരു ഷോട്ടെടുക്കണം. താമസിക്കുന്നിടത്തുനിന്നും നാലുമണിക്കെഴുന്നേറ്റു പുറപ്പെട്ടാലേ കൃത്യസമയത്തിനെടുക്കാന്‍ പറ്റൂ. എന്റെ അതേ സ്പിരിറ്റായിരുന്നു ക്യാമറാമാന്‍ വേണുവിനും യൂണിറ്റിലെ എല്ലാ അംഗങ്ങള്‍ക്കും. അതൊരാവേശമാണ്.''

(തീര്‍ത്ഥാടകന്റെ പാത, എം.ടി)

ഈ വിധത്തില്‍ സംവേദനത്തിന്റെ തലങ്ങളിലൂടെ ക്രിയേറ്റിവിറ്റിയുടെ ആനന്ദം ലഭിക്കുന്ന ധാരാളം ഘട്ടങ്ങള്‍ കടവില്‍നിന്നു ലഭിച്ചിട്ടുണ്ട് എന്ന് എം.ടി ചൂണ്ടിക്കാണിക്കുന്നു. മനസ്സില്‍ കണ്ടതുപോലത്തെ വിഭാവനം ചെയ്ത ദൃശ്യങ്ങള്‍ അതേപോലെ സ്‌ക്രീനില്‍ തെളിഞ്ഞു കിട്ടുമ്പോഴുണ്ടാകുന്ന ലഹരി സിനിമയെന്ന കലാരൂപത്തില്‍നിന്നു മാത്രമേയുള്ളൂവെന്നും എം.ടി തുറന്നു പറയുന്നുണ്ട്. മാത്രവുമല്ല, സൃഷ്ടിയില്‍ത്തന്നെ അതിന്റെ അര്‍ത്ഥങ്ങള്‍ക്കു പുതിയ മാനങ്ങള്‍, അനുപാതങ്ങള്‍ എന്നിവ കൈവരിക്കാനും രൂപപ്പെടാനും സാധ്യതയുണ്ട്.

ഗ്രാമവും നഗരവും

ഗ്രാമത്തിന്റെ നന്മകള്‍ കൂടുതലായി എം.ടി കടവില്‍ കാണിക്കുമ്പോള്‍ നഗരം കുറച്ചുകൂടി ക്രൂരതകളുടെ സാന്നിധ്യമായിട്ടാണ് എം.ടിയുടെ ക്യാമറ കാണിക്കുന്നത്. നഗര സംസ്‌കൃതിയിലെ മനുഷ്യജീവിതം ഏറെക്കുറെ ദുസ്സഹമാണെന്നും എം.ടി സൂചിപ്പിക്കുന്നു. അതുകൊണ്ടുകൂടിത്തന്നെയാണ് ഗ്രാമത്തില്‍നിന്നും നഗരത്തിലെത്തിയ രാജു മനുഷ്യബന്ധങ്ങളുടെ അര്‍ത്ഥശൂന്യതയില്‍പ്പെട്ട് തിരികെ ഗ്രാമത്തിലേയ്ക്കുതന്നെ പോകുന്നത്. നഗരത്തിലെ പലപല മനുഷ്യമുഖങ്ങളും രാജുവിലൂടെ എം.ടി ആവിഷ്‌കരിക്കുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ആര്‍.കെ. എന്നിവരൊക്കെ അഭിനയിച്ച കഥാപാത്രങ്ങള്‍ മറക്കുവതെങ്ങനെ? മോഷണം, പിടിച്ചുപറി, ദാരിദ്ര്യം, വേശ്യാവൃത്തി, യാചന, തെരുവുവില്‍പ്പന, വ്യാജനിര്‍മ്മിത വസ്തുക്കള്‍, പ്രലോഭനങ്ങള്‍, ലഹരിവസ്തുക്കള്‍, ഹോട്ടല്‍ ജീവിതങ്ങള്‍ തുടങ്ങി രാത്രിയുടേയും പകലിന്റേയും വിവിധ ഭാവങ്ങളിലുള്ള നഗരത്തിന്റെ മുഖങ്ങള്‍ ഇതെല്ലാം രാജുവിലൂടെ ആസ്വാദകരും അനുഭവിക്കുന്നു.

ഗ്രാമത്തിന്റെ വിശുദ്ധിയും സത്യസന്ധതയും നൈസര്‍ഗ്ഗികമായ ജീവിതരീതികളുമെല്ലാം ചിത്രത്തിന്റെ ആരംഭത്തില്‍ എം.ടി വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.

1. കടവുകാരന്‍ ബീരാന്‍ തന്റെ ഉപജീവനം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. നിഷ്ഠയും അടിയുറച്ച ദൈവവിശ്വാസവും കടവുകാരന്‍ ബീരാനില്‍ പ്രകടം തന്നെ.

വാര്‍ദ്ധക്യം വന്നിട്ടും ആരോഗ്യം കുറഞ്ഞിട്ടും ബീരാന്‍ ഈ കടത്തുജോലി ഒരു സാമൂഹ്യസേവനംപോലെ നടത്തിക്കൊണ്ടുവരുന്നു.

അനാഥനായി വരുന്ന, പ്രത്യക്ഷപ്പെടുന്ന രാജുവിന് ഉച്ചസമയത്ത് ഭക്ഷണം പങ്കുകൊടുക്കുന്നതിന്റെ ചിത്രം. വിശപ്പിന്റെ വിലയറിഞ്ഞ ബീരാന്റെ ദയാപൂര്‍വ്വമായ മറ്റൊരു മുഖം കൂടി സംവിധായകര്‍ വെളിപ്പെടുത്തുന്നുണ്ട്.

2. കാളവണ്ടിക്കാരന്‍ കൃഷ്ണന്‍ ചാരായഷാപ്പില്‍ കുടിച്ചു നടക്കുമ്പോള്‍പ്പോലും ജോലിയില്‍ സദാ വ്യാപൃതനാണ്. കാളകളെ കൃത്യമായി പരിപാലിക്കുന്നു. പക്ഷേ, ഗ്രാമപുരോഗതിയില്‍ തന്റെ കാളവണ്ടിയെ ആര്‍ക്കും വേണ്ട, ലോറി മതിയെന്നു പറഞ്ഞു വിലപിക്കുന്നുണ്ട്. കൃഷ്ണന്റെ ഈ വിലാപത്തില്‍ ഗ്രാമ-നഗരമാറ്റത്തിന്റെ ശബ്ദം പ്രകടമാണ്.

3. ബീരാന്റെ മകനായ റഹ്മാന്റെ ചിത്രവും കടവില്‍ കാണാം. 26 വയസ്സുള്ള റഹ്മാന്‍ കുടുംബത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന വ്യക്തിയാണ്. പിതാവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മകന്‍ കൂടിയാണ് റഹ്മാന്‍. ഗ്രാമീണതയുടെ, നിഷ്‌കളങ്കതയുടെ, സത്യത്തിന്റെ ഒരുദാഹരണം കൂടിയാണ് റഹ്മാന്‍ എന്ന കഥാപാത്രം.

4. ബാലന്‍ മാഷ്, അദ്ദേഹത്തിന്റെ തന്നെ വായനശാലയിലേയ്ക്കുള്ള നടത്തവും ദേവിയുമായുള്ള പ്രണയവും വളരെ ലളിതമായാണ് എം.ടി ചിത്രീകരിച്ചിട്ടുള്ളത്. തോണിക്കാരനായ രാജുവിലൂടെ ആ പ്രണയബന്ധം, പ്രത്യേകിച്ചും ബാലന്‍ മാഷിന്റെ മനസ്സ്, ആഖ്യാനം ചെയ്യപ്പെടുന്നതായും കാണാം.

5. കേന്ദ്രകഥാപാത്രം രാജുവും ഗ്രാമീണതയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നുണ്ട്. തനിക്ക് ഇടം കിട്ടിയ, ജോലി തന്ന, തോണിയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും പരിരക്ഷിക്കാനും രാജു തന്നെ മുന്‍കൈ എടുക്കുന്ന ദൃശ്യം. തന്റെ സമപ്രായക്കാരൊക്കെ കളിച്ചുനടക്കുമ്പോള്‍പ്പോലും ഉപജീവത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന രാജുവിന്റെ ചിത്രം മറക്കാനാവില്ല. രോഗിയായ മധ്യവയസ്‌കയേയും മകളേയും അക്കരെക്കടത്തി തിരിച്ചുവരുമ്പോള്‍ പണം വാങ്ങിയിരുന്നില്ല. എങ്കിലും മുതലാളിക്ക് (ബീരാന്) പണം കൈവശം ഉണ്ടായിരുന്നത് നല്‍കുന്ന രാജുവിന്റെ മുഖവും സിനിമയിലുണ്ട്. ഉടുവില്‍ കളഞ്ഞുകിട്ടിയ വെള്ളിപ്പാദസരവുമായി നഗരം മൊത്തം ചുറ്റിക്കറങ്ങുന്ന, അലയുന്ന രാജുവിന്റെ മനസ്സും സത്യത്തിലേയ്ക്കു കുതിക്കുന്ന മനുഷ്യന്റെ സഞ്ചാരമായി കരുതാം.

6. തോണിയില്‍ യാത്രക്കാരായി വരുന്ന പാത്രക്കച്ചവടക്കാര്‍, മറ്റു ജോലിക്കാര്‍ ഇതിലെല്ലാം അവരുടെ കഥാപാത്രങ്ങളുടെ ജീവിതരീതി കൂടി എം.ടി കാണിക്കുന്നുണ്ട്. എന്തിന്, ദേവിയെ പെണ്ണു കാണാന്‍ വരുന്ന ചെറുക്കന്‍ കൂട്ടുകാരുടെ വരവ് പോലും ചായക്കടക്കാരന്റെ വാക്കുകളിലൂടെ സംവിധായകന്‍ ചിത്രീകരിച്ചത് നാട്ടിന്‍പുറത്തിന്റെ സംസ്‌കാരത്തിന് അനുസൃതമായിത്തന്നെയായിരുന്നു.

നഗരം

1. ക്ഷണികമായ മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങള്‍ നഗരത്തിന്റേയും നഗരവാസികളുടേയും പ്രത്യേകതയാണെന്ന് സംവിധായകന്‍ തുറന്നുകാണിക്കുന്നു. നഗരത്തിലെ ഓട്ടുകമ്പനിയില്‍ അപരിചിതനായി കടന്നുവരുന്ന വ്യക്തിയും (പേര്-നാരായണന്‍) രാജുവിനോടായി ഇടപെടുന്ന രീതി അതുവരെ രാജുവിനു ലഭിച്ച പ്രതികരണംപോലെയല്ല. നഗരത്തിന്റേതായ മാറ്റം വളരെ പെട്ടെന്നുതന്നെ രാജുവില്‍ തിരിച്ചറിവുണ്ടാക്കുന്നതും നാരായണന്റെ വാക്കുകളിലൂടെയാണ്.

2. പീടികത്തിണ്ണയില്‍ ഭിക്ഷക്കാരനായി വരുന്ന വൃദ്ധന്‍. രാജുവിന്റെ പണം മോഷ്ടിക്കുന്നതാരാണ് എന്നു കാണിക്കുന്നില്ലായെങ്കിലും ഭിക്ഷക്കാരനായ സന്ന്യാസിയുടെ ജീവിതരേഖ കുറച്ചുരാത്രികളിലൂടെ സംവിധായകന്‍ നമുക്കു മനസ്സിലാക്കിത്തരുന്നു.

3. രാജു നഗരത്തിലെത്തിച്ചേര്‍ന്ന രാത്രിയില്‍ നഗരത്തിലെ വിജനമായ സ്ഥലത്ത് ഇരിക്കുമ്പോള്‍ പണിതീരാത്ത കെട്ടിടത്തിന്റെ കോവണിയില്‍ ഇരിക്കുന്ന സ്ത്രീകളുടെ ചിത്രം എം.ടി കോറിയിട്ടുണ്ട്. ചോദ്യരൂപത്തില്‍ രാജുവിനെ നോക്കുന്നതും ചില സ്ത്രീകള്‍ പുകവലിക്കുന്നതും രാജുവില്‍ പരിഭ്രമം ഉണ്ടാക്കുന്നു.

4. സ്‌കൂളിന്റെ മുന്‍പില്‍ എത്തിനില്‍ക്കുന്ന രാജുവിനു ധാരാളം പെണ്‍കുട്ടികളെ കണ്ട്, അവരില്‍ പരിചയമുള്ള മുഖം തിരയാന്‍ തുടങ്ങുന്നു. മരച്ചുവട്ടിലിരിക്കുന്ന നാലഞ്ച് പെണ്‍കുട്ടികളുടെ നോട്ടവും ഒരു കുട്ടി രാജുവിനോട് എന്താടാ വേണ്ടത് എന്നു ചോദിക്കുന്നതുമൊക്കെ സംശയത്തിന്റേയും അപരിചിതത്വത്തിന്റേയും കണികകള്‍ നാഗരിക ജീവിതത്തിലുണ്ട് എന്നു സംവിധായകന്‍ തെളിയിക്കുന്നു.

5. നിരത്തുവക്കില്‍ റെഡിമെയ്ഡ് വസ്ത്രവില്‍പ്പന നടത്തുന്ന വില്‍പ്പനക്കാരന്‍, 20 രൂപയുടെ ഷര്‍ട്ട് 10 രൂപയ്ക്ക് കൊടുക്കുന്നു. ആദായവില്‍പ്പന എന്നു വിളിച്ചുപറഞ്ഞുകൊണ്ട് നില്‍ക്കുന്നു. ജഗതി ശ്രീകുമാര്‍ അഭിനയിച്ച വില്‍പ്പനക്കാരന്റെ തട്ടിപ്പുകള്‍ രാജു മനസ്സിലാക്കുന്നുണ്ട്. മരുന്നു വില്‍പ്പനക്കാരനായി അയാള്‍ വേഷം മാറി നില്‍ക്കുന്ന കാഴ്ചയും മറ്റൊരു ദിവസം രാജു കാണുന്നുണ്ട്.

6. ടാക്‌സി സ്റ്റാന്റില്‍ എത്തിപ്പെടുന്ന രാജുവിനു ടാക്‌സി കഴുകുന്ന ജോലി സന്ദര്‍ഭവശാല്‍ ചെയ്യേണ്ടി വരുന്നു. എന്നാല്‍, ബാവ എന്ന സ്ഥിരക്കാരന്‍ കഴുകലുകാരന് രാജു പ്രതിയോഗിയായിത്തീരുന്നു. പ്രതിഷേധവും അരിശവും രാജുവിനു കണ്ടില്ലെന്നു നടക്കേണ്ടിവരുന്നു.

7. രാത്രിയില്‍ ഹോട്ടലിനു പിന്‍വശത്തെ ജീവിതങ്ങള്‍ രാജുവിനു കാണേണ്ടി വരുന്നു. കാറില്‍ നിന്നിറങ്ങിയ സ്ത്രീകളേയുംകൊണ്ട് ഡ്രൈവര്‍ നടക്കുന്നതും സ്ത്രീജീവിതങ്ങളുടെ അവസ്ഥകളും രാജു സാവധാനം മനസ്സിലാക്കുന്നു.

8. താന്‍ തേടിവന്ന പെണ്‍കുട്ടിയുടെ വീട് കണ്ടെത്തി, അവളെ കണ്ടുമുട്ടുന്നു. പക്ഷേ, രാജുവിനെ തിരിച്ചറിയാതെ പെണ്‍കുട്ടി രാജുവിനെ പുറത്താക്കുകയാണ്. അറിയാമായിരുന്നിട്ടും അറിയില്ല എന്നു പറഞ്ഞത് രാജുവിനെ പിടിച്ചുകുലുക്കുന്നു. ഗ്രാമത്തില്‍വെച്ച് കണ്ട ആ പെണ്‍കുട്ടിയല്ല, ഇപ്പോള്‍ ഈ നഗരത്തിലുള്ളത് എന്നു സംവിധായകന്‍ ആവിഷ്‌കരിക്കുന്നു. ഏതു കടവ്? എന്നു പെണ്‍കുട്ടി ചോദിക്കുമ്പോള്‍ സ്തബ്ധനാവുന്ന രാജുവിന്റെ ചിത്രം മറക്കാനാവുകയില്ല.

സൗന്ദര്യശാസ്ത്രം

'കടവ്' സിനിമയ്ക്ക് ദൃശ്യഭാഷയില്‍ത്തന്നെ പ്രത്യേക സൗന്ദര്യം; പ്രത്യേകിച്ചും ഗ്രാമീണജീവിതത്തിന്റെ ഇമേജറികള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുള്ള ചലച്ചിത്രം കൂടിയാണ് കടവ്.

നദിയുടെ മറുകരയില്‍ തീവണ്ടി കടന്നുപോകുന്നത്, പല സമയങ്ങളിലായി തുടര്‍ച്ച പോവാതെ കഥയുടെ പല സന്ദര്‍ഭങ്ങളിലും കാണിച്ചത്, ചിത്രത്തിന്റെ യഥാര്‍ത്ഥ ബോധത്തിന്, സൗന്ദര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാത്രിയിലും വെളുപ്പാന്‍ കാലത്തും മഴ പെയ്യുന്ന സീനുകളില്‍ പ്രകാശ ക്രമീകരണത്തിലും മറ്റും വേണുവിലെ ഛായാഗ്രഹണ മികവ് പ്രകടമാണ്. രാത്രിയില്‍ മഞ്ചല്‍ മടങ്ങി ചൂട്ടും കത്തിച്ചുവരുന്ന കടവിലെ ദൃശ്യവും അവിസ്മരണീയമാണ്. തോണിയുടെ ഇമേജറികള്‍ കഥയുടെ പൂര്‍ണ്ണതയ്ക്കുതന്നെ, ക്രാഫ്റ്റിനുതന്നെ അനുഗുണമായിത്തീര്‍ന്നു എന്നു പറയാം. ബി. ലെനിന്റെ എഡിറ്റിംഗ് ദൃശ്യചലനങ്ങളുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചതായി കാണാം.

പ്രശസ്ത നിരൂപകന്‍ കോഴിക്കോടന്റെ ഒരു നിരൂപണം ഇങ്ങനെ: ''ദിവസം മുഴുവന്‍ എം.ടി എന്ന സംവിധായകന്റേയും ക്യാമറ കയ്യിലെടുത്ത വേണുവിന്റേയും ഒപ്പം എല്ലാം മറന്നു നടന്നാലുള്ള സുഖം കടവ് കാണുമ്പോള്‍ കിട്ടുന്നു. ഇതുപോലൊരു കടവും അതു കടന്നുപോകുന്ന കഥാപാത്രങ്ങളും ശുദ്ധജലവും കുളിരിളം കാറ്റും പച്ചപ്പും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുതന്നെ മധുരമായ ഒരനുഭവമാണ്.''

(കടവ്/കോഴിക്കോടന്‍)

ഈ മധുരമായ അനുഭവം പ്രകൃതിയുടെ താളവിന്യാസക്രമങ്ങളിലുണ്ടാകുന്ന ആസ്വാദനകല തന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി അന്തര്‍ദേശീയ ചലച്ചിത്രോ ത്സവങ്ങളിലേക്ക് 'കടവ്' ക്ഷണിക്കപ്പെടുകയും പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. ലോക സിനിമാപ്രേക്ഷകരും നെഞ്ചേറ്റിയ, അംഗീകരിച്ച ഒരു എം.ടി സിനിമകൂടിയാണ് കടവ്. ടോക്കിയോ ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ പ്രൈസും സിംഗപ്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡും കടവിനെ തേടിയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com