എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'നാലുകെട്ട്' എന്ന നോവല്‍ വായിച്ചാണ് എം.ടിയില്‍ എത്തിപ്പെടുന്നത്. ഒരു രാത്രിയില്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്ത നോവലായിരുന്നു 'നാലുകെട്ട്.' നാലുകെട്ടിലെ അപ്പുണ്ണിയെപ്പോലെയാണ് ഞാനെന്ന് അന്നു വെറുതെ സങ്കല്പിച്ചിരുന്നു. നാട്ടിലെ കീക്കാങ്കോട്ട് ഗ്രാമീണ വായനശാലയില്‍ ശേഖരത്തിലുണ്ടായിരുന്ന എം.ടിയുടെ കഥകളും നോവലുകളും വായിച്ചുതീര്‍ത്തു എന്നതാണ് 'നാലുകെട്ട്' എന്നിലുണ്ടാക്കിയ ഭ്രാന്ത്. മഞ്ഞ്, നിന്റെ ഓര്‍മ്മയ്ക്ക്, രണ്ടാമൂഴം, കുട്ട്യേടത്തി, ബന്ധനം, ദാര്‍-എസ്-സലാം എന്നീ കൃതികളാണ് വായനശാലയില്‍നിന്നു വായിച്ചത്. അവിടെ ഉണ്ടായിരുന്ന എം.ടി. എഴുതിയ ബാലസാഹിത്യ കൃതിയായ 'മാണിക്യക്കല്ല്' മാത്രം വായിച്ചില്ല, വായിക്കാന്‍ തോന്നിയില്ല എന്നു പറയുന്നതാവും ശരി. എം.ടിയുടെ മറ്റു രചനകള്‍ വായിച്ച് സ്വയം മുതിര്‍ന്നുപോയി എന്ന തോന്നല് വന്നതുകൊണ്ടായിരിക്കാം അത്. മാണിക്യക്കല്ലും വായിച്ചില്ല, മാണിക്യക്കല്ലിനെ ആധാരമാക്കി വേണു സംവിധാനം ചെയ്ത 'ദയ എന്ന പെണ്‍കുട്ടി'യും കണ്ടിട്ടില്ല. ഇനി വായിക്കുമായിരിക്കും, ഇനി കാണുമായിരിക്കും. കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹം വളരുന്തോറും കൂടുകയാണല്ലോ!
എം.ടിയോട് ഏഴാംക്ലാസില്‍ തുടങ്ങിയ സ്‌നേഹവും ബഹുമാനവും ഇന്നും മനസ്സില്‍നിന്നു ചോര്‍ന്നുപോയിട്ടില്ല. സര്‍ഗ്ഗവഴികളെക്കുറിച്ച് ലളിതമായി ആഖ്യാനിക്കുന്ന കാഥികന്റെ പണിപ്പുര വായിച്ചാണ് കഥയെഴുതാനുള്ള ഊര്‍ജ്ജം കുറച്ചൊക്കെ കിട്ടിയത്. എനിക്കറിയാവുന്ന കാര്യങ്ങളേ താന്‍ എഴുതുകയുള്ളൂ എന്ന് എം.ടി. സത്യസന്ധതയോടെ പറഞ്ഞത് എഴുത്തില്‍ എനിക്കു വലിയ പാഠമായിരുന്നു. കൂടല്ലൂരിനെക്കുറിച്ച് എം.ടി. എഴുതിയ കഥകളും നോവലുകളും തുടര്‍ച്ചയായി വായിച്ച ഒരു ഘട്ടത്തില്‍, അതുവരെ എന്തൊക്കെയോ കാട്ടു രാമായണങ്ങള്‍ എഴുതിക്കൊണ്ടിരുന്ന എനിക്ക് ''എന്തുകൊണ്ട് നാട്ടിലെ മനുഷ്യരെക്കുറിച്ച് എഴുതിക്കൂടാ'' എന്ന തോന്നല്‍ ഉണ്ടാവുന്നത്. എഴുത്തിന്റെ പ്രാദേശിക വഴിയിലേക്ക് എന്റെ കണ്ണെത്തിയതും അങ്ങനെത്തന്നെ. അതിനു കാരണക്കാരനായത് എം.ടിയല്ലതെ വേറെയാരുമല്ല.
എം.ടിയെ കാണണമെന്നും പരിചയപ്പെടണമെന്നും വായിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിയായ ആഗ്രഹമുണ്ടായിരുന്നു. ആരോടും സംസാരിക്കാത്ത, ആരോടും ചിരിക്കാത്ത ആള്‍ എന്ന ബിംബം അടുത്തെത്താനുള്ള എല്ലാ ആഗ്രഹത്തേയും ഭയം മായ്ച്ചുകളഞ്ഞു. ഒടുവില്‍ ഇരുപത്തിയൊന്നാം വയസ്സില്‍ അതിന് അവസരമുണ്ടായി. തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ കൊല്‍ക്കത്ത കൈരളി സമാജം അവാര്‍ഡ് എനിക്കായിരുന്നു, 'ഐ.പി.സി 144' എന്ന എന്റെ അപ്രകാശിത കഥാസമാഹാരത്തിന്. അന്നാണ് എം.ടിയെ ആദ്യമായി കാണുന്നത്. തുഞ്ചന്‍ ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അന്നു പുരസ്‌കാരം സമ്മാനിച്ചതും എം.ടിയായിരുന്നു. വിറയ്ക്കുന്ന മെയ്യോടെയും മനസ്സോടേയും അതു വാങ്ങുമ്പോള്‍ ഞാന്‍ നോക്കിയത് എം.ടിയെ. അതു തരുമ്പോള്‍ ഒരിക്കലും ചിരിക്കാത്ത എം.ടി. എന്നെ നോക്കിച്ചിരിച്ചു. ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളിലൊന്ന്.
ഏകാന്തതയില്‍ വീണുപോയ മനുഷ്യരുടെ വിങ്ങല്‍ ഇത്രമേല്‍ ആഴത്തില്‍ അടയാളപ്പെടുത്തിയ എഴുത്ത് വേറെയെവിടെനിന്നും എനിക്കു കിട്ടിയിട്ടില്ല. സങ്കടമായിരുന്നു എം.ടിയുടെ എഴുത്തിന്റെ അടിത്തറ. നോവില്‍നിന്നു വലിയ നോവലുകളും മികച്ച കഥകളും ഉണ്ടാവുന്നതെങ്ങെനെയെന്നു കാണിച്ചുതന്നു. കാവ്യാത്മകമായ പദാവലികളില്‍ കഥകളൊരുക്കി. വായനക്കാര്‍ തങ്ങളിലൊരാളെന്നപോലെ എം.ടിയുടെ കഥാപാത്രങ്ങളെ കൂടെക്കൂട്ടി. എഴുത്തുകാരനാണെന്നു പറയാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്ന് എം.ടി. പലപ്പോഴും പറയുമായിരുന്നു. എഴുത്തിന്റെ വലിയ വഴികള്‍ താണ്ടിയിട്ടും അത്രമേല്‍ താഴ്മയോടെ പറഞ്ഞ വാചകങ്ങള്‍ രണ്ടക്ഷരം എഴുതിയാല്‍ ആളാവുന്ന എല്ലാവര്‍ക്കുമുള്ള മറുപടി കൂടിയാണെന്നു തോന്നിയിട്ടുണ്ട്. കണ്ടമാനം കാട്ടുരാമായണങ്ങള്‍ എഴുതുന്നതിനെക്കാള്‍ എഴുതാതിരിക്കുന്നതാണ് നല്ലതെന്ന് എം.ടി. എഴുതാതെയിരുന്നുകൊണ്ട് കാണിച്ചുതന്നു. 1998-ല്‍ ഇന്ത്യാടുഡേ വാര്‍ഷികപ്പതിപ്പില്‍ വന്ന കാഴ്ചയാണ് എം.ടി. എഴുതിയ അവസാനത്തെ കഥ. 'കാഴ്ച' എം.ടിയുടെ ഏറ്റവും മികച്ച കഥകളിലൊന്നായി മാറിയതിന്റെ കാരണവും എഴുത്തില്‍ കാണിച്ച സമര്‍പ്പണവും കരുതലും കൊണ്ടുതന്നെ.
''സോവിയറ്റ് യൂണിയന്‍ എന്ന നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം'' എന്ന് സോവിയറ്റ് യൂണിയനെക്കുറിച്ച് അക്കാലത്തെ കമ്യൂണിസ്റ്റുകാര്‍ പറയാറുണ്ട്. ഇ.എം.എസ് ജീവിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിന്റെ ഭാഗ്യത്തെക്കുറിച്ച് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കത് എം.ടിയാണ്. എം.ടി. ജീവിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതില്‍, എം.ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ കാലമേ നിനക്കു നന്ദി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക