എംടിയുടെ ജീവിതം തൊടുന്ന കഥകള്‍, കഥാപാത്രങ്ങള്‍

എംടിയുടെ ജീവിതം തൊടുന്ന കഥകള്‍, കഥാപാത്രങ്ങള്‍
Updated on

നിന്റെ ഓര്‍മ്മയ്ക്ക്' വായനക്കാര്‍ക്കു മാത്രമല്ല, എം.ടിക്കും പ്രിയപ്പെട്ട കഥകളിലൊന്നാണ്. എം.ടിയുടെ അംശമുള്ള കഥകളിലൊന്ന്. അതുള്‍പ്പെടെ നെഞ്ചിനുള്ളില്‍ കയറ്റിവെച്ച് എം.ടിയില്‍ നിറഞ്ഞു ജീവിച്ച കൗമാരവും യൗവ്വനവുമുള്ള തലമുറയിലെ ആരും എം.ടിയെക്കുറിച്ച് എഴുതുമ്പോള്‍ അതില്‍ ഞാനും നീയും നമ്മളും നിങ്ങളും വരാതിരിക്കാനാകില്ല. എങ്കിലും കഴിയുന്നത്ര 'ഞാന്‍' മാറിനില്‍ക്കാം എന്നേ പറയാന്‍ കഴിയൂ; 'ആരുമല്ലാത്ത' ഒരു മനുഷ്യന്റെ വിയോഗത്തിന്റെ ഓര്‍മ്മയില്‍, എത്ര ശ്രമിച്ചിട്ടും നിറഞ്ഞൊഴുകുന്നതു തടയാന്‍ സാധിക്കാത്ത കണ്ണുകള്‍ അക്ഷരങ്ങളെ നനയ്ക്കുമ്പോള്‍ പ്രത്യേകിച്ചും.

''വരും, വരാതിരിക്കില്ല'' എന്ന് അവസാനിക്കുന്ന മലയാളം നോവല്‍ ഏത്? എന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളോടു ചോദിക്കുന്ന ഒരു ക്വിസ് പ്രോഗ്രാമിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയുമോ? കേരളത്തിലെ സ്‌കൂളുകളിലും നിലനിന്ന സര്‍ഗ്ഗാത്മകനിറവുള്ള അന്തരീക്ഷത്തില്‍ അത് അത്ഭുതമായിരുന്നില്ല. പെട്ടെന്ന് കയ്യുയര്‍ത്തി 'മഞ്ഞ്' എന്നു പറഞ്ഞ എട്ടാം ക്ലാസുകാരിയോട് ക്വിസ് പ്രോഗ്രാം കഴിഞ്ഞ് ടീച്ചര്‍ ചോദിച്ചു, എം.ടിയെ വായിച്ചു തുടങ്ങി അല്ലേ?

ദൈവമേ, ഇങ്ങനേയും ചോദിക്കാമോ? 'മഞ്ഞ്' വായിച്ചിട്ടുണ്ട് എന്നല്ല ചോദ്യം, എം.ടിയെ വായിച്ചു തുടങ്ങിയല്ലേ എന്നാണ്. തല കുലുക്കിയപ്പോള്‍ ടീച്ചര്‍ തിരിച്ചു നല്‍കിയ മധുരമനോഹരമായ പുഞ്ചിരിയുടെ അര്‍ത്ഥം ശരിക്കും മനസ്സിലായത് പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ്. ''ഇനിയും എത്ര ദൂരം പോകാനിരിക്കുന്നു കുട്ടീ, നീയെത്ര നീറാനിരിക്കുന്നു'' എന്ന് ആ ചിരിയെ അപ്പോള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞു, അങ്ങനെ നീറിയും പുകഞ്ഞും എം.ടിയുടെ മനുഷ്യരിലൂടെ മനുഷ്യനെ അറിഞ്ഞ കാലമാണ് കടന്നുപോയത്.

അരി വെന്തോ എന്നറിയാന്‍ കലത്തിലുള്ളത് മുഴുവന്‍ നോക്കണ്ട, ഒരു ചോറ് നോക്കിയാല്‍ മതി എന്ന വാക്യം എം.ടിക്കഥകള്‍ക്കു മുഴുവനായി ചേരില്ല. ആ പുഴയില്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ ഓരോ തവണയും തൊട്ട് ഒഴുകിക്കടന്നുപോകുന്നത് ഓരോ പുഴയാണ്. എങ്കിലും എപ്പോഴും പിന്തുടരുന്ന ഭീമനേയും വിമലയേയും സേതുവിനേയും ഗോവിന്ദന്‍കുട്ടിയേയും കുറിച്ച് മനസ്സിലിട്ടുരുട്ടി നടന്ന, നടക്കുന്ന കാര്യങ്ങളാണിത്.

എം.ടി കഥകളുടെ കാമ്പ് സംഭവങ്ങളല്ല, അതില്‍ ഉള്‍പ്പെടുന്ന മനുഷ്യരുടെ വികാരവിചാരങ്ങളും ആത്മസംഘര്‍ഷങ്ങളുമാണ്. എം.ടി എന്നും ഉപേക്ഷിക്കപ്പെട്ടവരുടേയും മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടവരുടേയും കഥകള്‍ പറഞ്ഞു. ഫ്യൂഡല്‍ വ്യവസ്ഥിതി തകരുന്നതുകണ്ട് നിരാശയോടെ ജീവിക്കുന്ന നായര്‍ തറവാട്ടിലെ മനുഷ്യരെക്കുറിച്ച് എഴുതിയത് ചിലരെങ്കിലും തെറ്റിദ്ധരിച്ചതുപോലെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ പക്ഷത്തുനിന്നുകൊണ്ടല്ല. ഇടയ്‌ക്കൊന്ന് അബ്ദുല്ലയുമായി തിരിച്ച് ഗോവിന്ദന്‍കുട്ടിയാകുന്ന, ഞാന്‍ ഇവര്‍ രണ്ടുപേരുമല്ല മനുഷ്യനാണ് എന്നു പറയുന്ന 'അസുരവിത്തി'ലെ ഗോവിന്ദന്‍ കുട്ടി, മലയാളി യൗവ്വനത്തിന്റെ പല കാലങ്ങള്‍ ഏറ്റവുമധികം ഉദ്ധരിച്ച കാലത്തിലെ സേതുമാധവന്‍ (സേതു സ്‌നേഹിച്ചത് സേതുവിനെ മാത്രം), സ്ത്രീകളില്‍ത്തന്നെ പ്രത്യേകിച്ച് അവഗണിക്കപ്പെടുന്ന ഭാര്യമാര്‍... അങ്ങനെ എം.ടി മനസ്സുകളെ കണ്ടാണ് എഴുതിയത്. 'വില്‍പ്പന' എന്ന കഥയിലെ, നഗരം ഒഴിയുന്നതിനു മുന്‍പ് തങ്ങളുടെ വീട്ടുസാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍, വിവാഹജീവിതത്തിലുടനീളം ഭര്‍ത്താവ് തന്നെ ചതിച്ചുവെന്നു ജീവിതാവസാനം മാത്രം അറിയുന്ന 'പ്രളയ'ത്തിലെ ഭാര്യ-ഒറ്റനോട്ടത്തില്‍ സാധാരണ ജീവിതത്തില്‍ ശ്രദ്ധയില്‍പ്പെടാത്തവരാണ് എം.ടിയുടെ നായികാനായകന്മാര്‍. എഴുതപ്പെടാത്ത ആ ആളുകളുടെ അറിയപ്പെടാത്ത ജീവിതം എം.ടി പറഞ്ഞപ്പോള്‍ അതു കേള്‍ക്കാത്തവരുടെ ശബ്ദമായി.

മന്ദനല്ല, മനുഷ്യന്‍

''വായുപുത്രനെന്ന് പുകള്‍പ്പെറ്റ് പാണ്ഡുവിന്റെ പുത്രനെന്ന മേല്‍വിലാസത്തില്‍ ഹസ്തിനപുര രാജധാനിയില്‍ എത്തുന്ന അഞ്ചു വയസ്സുകാരനായ ഒരു ഉണ്ണിക്ക് ഭാവിയില്‍ സംഭവിക്കാന്‍ ഇടയുള്ള ഒരു മഹായുദ്ധത്തിന്റെ കഥകള്‍ ഒരു കൂട്ടം ശത്രുക്കളെ നേടിക്കൊടുക്കുന്നു. കൊണ്ടും കൊടുത്തും വളരുന്ന ബാല്യം, പാണ്ഡുവിന്റെ മകന്‍ എന്ന വ്യക്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന കൗമാരം, ശക്തനായി മാറുന്ന യൗവ്വനം, മഹായുദ്ധം ജയിക്കുന്ന മധ്യവയസ്സ്, കാടുകയറുന്ന വാര്‍ദ്ധക്യം.'' മായാജാലംപോലെ ഇതള്‍വിരിയുന്ന ഒരു കഥ അത് വടക്ക് ദിക്ക് ദേശത്ത് ഒരു കാലത്തു നടന്ന കഥയല്ല, ''വിശ്വാസവഞ്ചനയുടെ, അപമാനിക്കപ്പെടുന്ന ദ്യൂതസഭകളുടെ, ജയിക്കേണ്ട കുരുക്ഷേത്രങ്ങളുടെ'' ഏറ്റക്കുറച്ചിലുകളിലൂടെ നാം ഓരോരുത്തരും അനുഭവിക്കേണ്ട ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥകൂടിയാണത്.

ഭീമന്റെ വീക്ഷണകോണില്‍നിന്ന് അമ്പരപ്പിച്ച് മഹാഭാരത കഥ പറഞ്ഞ എം.ടി ആ കഥാപാത്രങ്ങളുടെ ദൈവിക പരിവേഷം എടുത്തുമാറ്റി വികാരവിക്ഷുബ്ധരായ സാധാരണ മനുഷ്യരായി അവതരിപ്പിച്ചു. മഹാഭാരത കഥയുടെ വലിയ ക്യാന്‍വാസ് ഉപേക്ഷിച്ച് ഭീമനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിച്ചാല്‍ രണ്ടാമൂഴംപോലെ മറ്റൊന്നില്ല എന്നു മനസ്സിലാകും.

കഥയും കാലവും അല്ലെങ്കില്‍ ജീവിതം മുഴുവന്‍ വിവരിക്കുന്നത് ഭീമനാണ്. ഭീമന്റെ മനസ്സുകൊണ്ട് എം.ടി സംസാരിക്കുന്നത് തികച്ചും കൗതുകകരമാണല്ലോ. ഒരു നായകനെന്ന നിലയില്‍ ഭീമന്‍ വിചിത്രമായ ഒരു തെരഞ്ഞെടുപ്പായി മാറുകയും ചെയ്തു. പ്രചാരത്തിലുള്ള മഹാഭാരത വ്യാഖ്യാനങ്ങള്‍ പലതിലും യുധിഷ്ഠിരനും അര്‍ജുനനുമാണ് നായകസ്ഥാനത്ത്. യുദ്ധത്തില്‍ അര്‍ജുനനും സിംഹാസനത്തില്‍ യുധിഷ്ഠിരനും; ഇവരുടെ രണ്ടു പേരേയും കുറിച്ചുള്ള വാഴ്ത്തുപാട്ടുകളില്‍ മറഞ്ഞുപോകുന്ന ഒരാള്‍ മാത്രമാകുന്നു ഭീമന്‍. അതുകൊണ്ടാകാം ഭാരതകഥയുടെ ദൈവികവും അതിശയോക്തി കലര്‍ന്നതുമായ വിവരണങ്ങളും സന്ദര്‍ഭങ്ങളും നായകസ്ഥാനത്ത് ഭീമന്‍ വരുമ്പോള്‍ വായനക്കാര്‍ക്കത് വേറേ അനുഭവമാകുന്നത്.

നമ്മള്‍ കേട്ട മഹാഭാരത കഥാപാത്രങ്ങളുടെ അമാനുഷിക പരിവേഷങ്ങളോ കഴിവുകളോ ഇല്ലാത്തവരാണ് രണ്ടാമൂഴത്തിലെ കഥാപാത്രങ്ങള്‍. വളരെക്കുറച്ച് മാത്രം പരാമര്‍ശിക്കപ്പെട്ട ഭീമനെന്ന മനുഷ്യനെ മനുഷ്യ കാഴ്ചപ്പാടില്‍ കണ്ടത് കഥയുടെ ക്രാഫ്റ്റിനപ്പുറം കഥാകൃത്തിന്റെ ധീരമായ ശ്രമമായി മാറി. അസാധാരണമായ കെട്ടുകഥകള്‍ നിറഞ്ഞ ഇതിഹാസത്തില്‍നിന്നു വ്യത്യസ്തമായി റിയലിസ്റ്റ് ഘടകങ്ങള്‍ ഉപയോഗിച്ച് എഴുതപ്പെട്ട കഥ. രണ്ടാമൂഴത്തിലെ ഭീമന്‍ ഒരിക്കലും എം.ടിയുടെ ഒരു ഭാവനാസൃഷ്ടിയായിരുന്നില്ല. അത് ഭീമനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് നല്‍കി, തലമുറകള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്നു.

രണ്ടാമന്‍

ഭീമന്‍ ഏതൊരു സാധാരണ മനുഷ്യനേയും പോലെ സ്‌നേഹവും പ്രണയവും കാമവും പ്രതികാരവും പ്രതീക്ഷയുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്ന വസ്തുത ഉറപ്പിക്കുന്ന സന്ദേശം അതിലുണ്ട്. കഥകളുടെ അനന്ത ഉറവിടമായ മഹാഭാരതത്തില്‍നിന്ന് എം.ടി മനുഷ്യരെ കണ്ടെടുത്തു എന്നും പറയാം. ഇത് ഭീമന്റെ മാത്രം കഥയല്ല, സാധാരണ മനുഷ്യന്റെ വീക്ഷണകോണില്‍നിന്ന് ഇതിഹാസത്തെ നാഗരികതയുടെ പശ്ചാത്തലത്തില്‍ പുന:സൃഷ്ടിച്ചു. കെട്ടുകഥകളില്‍നിന്നു നിഴല്‍മാത്രമായ നായകരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന മാന്ത്രികത. ഭീമനിലൂടെ ഇതിഹാസം എന്തായിരുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കുന്നു. വായനക്കാരില്‍നിന്ന് അകന്നുനില്‍ക്കുന്ന ഒരു പുരാണ സൃഷ്ടിയല്ല രണ്ടാമൂഴം. അത് മനുഷ്യന്റെ ജീവിതാവസ്ഥകളോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്; രണ്ടാമന് പറയാനുള്ള കഥ.

വിമലമാര്‍ ഇല്ലാത്ത ദേശമില്ല

വെറും 80 പേജുകളില്‍ മാന്ത്രികത്തൂലികകൊണ്ട് വായനക്കാരുടെ മനസ്സിനെ മയക്കാന്‍ കഴിയുന്ന എം.ടിയുടെ കാച്ചിക്കുറുക്കിയ നോവലാണ് മഞ്ഞ്. ഒരേ സമയം നോവലും കവിതയുമായ ഒരു പുസ്തകം. മഞ്ഞ് പുതച്ച ഹിമാലയന്‍ കൊടുമുടികളും വേനല്‍ക്കാലത്ത് വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന മനോഹര തടാകവുമുള്ള പര്‍വ്വതങ്ങള്‍ക്കു സമീപമുള്ള നൈനിത്താള്‍ പ്രണയ സ്വപ്നങ്ങളുടേയും വിയോഗവ്യഥകളുടേയും പ്രതീകമായി മാറിയതോര്‍മ്മയില്ലേ. കഥ ലളിതവും ഹ്രസ്വവുമാണെങ്കിലും വിമലയേയും ബുദ്ധുവിനേയും സുധീര്‍കുമാര്‍ മിശ്രയേയും അറിഞ്ഞു തുടങ്ങുമ്പോള്‍ സംഗതി കൂടുതല്‍ മനോഹരമാകുന്നു, സീരിയസ്സും. വേര്‍പിരിയലിന്റേയും കാത്തിരിപ്പിന്റേയും സങ്കീര്‍ണ്ണതകളിലേയ്ക്ക് കഥാപാത്രങ്ങളോടൊപ്പം വായനക്കാരും എത്തിച്ചേരുന്നത് സ്വാഭാവികം; പക്ഷേ, അവിടെനിന്നു നമുക്കു മടക്കമില്ലാത്ത അസാധാരണത്വമാണ് എം.ടി തന്നത്. അതാകട്ടെ, സാധാരണ കാര്യം പോലെയായി മാറുകയും ചെയ്തു. ഇന്നിപ്പോള്‍ ന്യൂ നോര്‍മല്‍ എന്നൊക്കെ പറയുന്നതിനെ കഥയിലും വായനക്കാരിലും എന്നേ സംഭവിപ്പിച്ചു, എംടി.

തുടക്കത്തിനും ഒടുക്കത്തിനും ഇടയില്‍ (മദ്ധ്യേ) സംഭവിക്കുന്നതാണ് പ്രധാനം. ചിന്തകളും ആശയങ്ങളും സംഭവങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഭൂതകാലം വര്‍ത്തമാനകാലത്തേക്കാള്‍ പ്രസക്തമാകുന്നു. കാത്തിരിപ്പ് എന്ന വികാരം കാവ്യാത്മകമായ ഒരു അനുഭവമായി തൊട്ടറിയാന്‍ കഴിയുന്നു.

നമ്മളെല്ലാം കാലങ്ങളായി പ്രതീക്ഷകളോടെ കാത്തിരിക്കുന്നു. ഓരോ മനുഷ്യനേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം കാത്തിരിപ്പുകളാണ്, പ്രതീക്ഷകളാണ്. മഞ്ഞിലെ കഥാപാത്രങ്ങള്‍ക്കെല്ലാം കാത്തിരിക്കുന്നതിന് ഓരോരോ കാരണങ്ങളുണ്ട്. വരില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍, കരളലിയിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍, അപ്രതീക്ഷിത കണ്ടുമുട്ടലുകള്‍, വേര്‍പിരിയലുകള്‍, പ്രണയം, വിരഹം, പ്രതീക്ഷ, മരണം, സൗഹൃദം എല്ലാം കലര്‍ന്ന, പറഞ്ഞതിനേക്കാള്‍ പറയാന്‍ ഏറെ ബാക്കിവെച്ച അവിസ്മരണീയമായ ഒരു ഭാവഗീതിയാണ് ആ നോവല്‍. കാലമെത്ര കടന്നാലും വിമലയും സര്‍ദാര്‍ജിയും സുധീര്‍കുമാര്‍ മിശ്രയും ബുദ്ധുവും തുടക്കത്തില്‍ വന്നുപോകുന്ന രശ്മി വാജ്പേയ് പോലും ഇന്നും നിറം മങ്ങാതെ മായാതെ നില്‍ക്കുന്നു. കഴിഞ്ഞുപോയ ഓരോ നിമിഷത്തിന്റേയും ഓര്‍മ്മകളില്‍ ജീവിക്കുന്നത് എത്ര ആയാസകരമാണ്. പ്രണയത്തിനും വിരഹത്തിനുമൊപ്പം മനുഷ്യരുടെ നിസ്സഹായതയും അതില്‍ ഇതള്‍ ചേര്‍ത്തിരിക്കുന്നു. മഞ്ഞിലെ ഓരോ വാക്കും മനസ്സില്‍ തറഞ്ഞുനില്‍ക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും പുത്തന്‍ അനുഭൂതി തരുന്ന മാന്ത്രികത. പരിചയിച്ച മറ്റു നോവലുകളില്‍നിന്നു വ്യത്യസ്തമായി 'മഞ്ഞ്' ഒരു നിര്‍വ്വികാരമായ നിശ്ശബ്ദതയിലൂടെ നമ്മോട് സംവദിക്കുന്നു. വിമലയുടെ കാത്തിരിപ്പിന്റെ ഓരോ നിസ്വനങ്ങളും എത്ര സൂക്ഷ്മമായാണ് എം.ടി വരച്ചുവയ്ക്കുന്നത്. പ്രണയത്തിന്റെ ഹൃദയഭാഷയോടൊപ്പം വിരഹത്തിന്റെ നനുത്ത സ്പര്‍ശവും ഓരോ വായനക്കാരനും അനുഭവിക്കാനാവുന്നു.

ആ കുന്നുംപുറങ്ങളിലേയും താഴ്വരയിലേയും ഓരോ കാഴ്ചകളും വിമലയുടെ ഓര്‍മ്മകളെ ഉണര്‍ത്തുന്നുണ്ട്. കാത്തിരിപ്പ് എന്ന ഭാവത്തെ ഇത്രമേല്‍ ആര്‍ദ്രമായി ആവിഷ്‌കരിച്ച കൃതികള്‍ നമുക്കു കുറവാണ്. പേര് പോലും അറിയാതെ ഉറപ്പില്ലാത്ത ഒരു ഫോട്ടോ മാത്രം കയ്യില്‍ വെച്ച് അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവിനേക്കാള്‍ ശുഭാപ്തിവിശ്വാസം ആര്‍ക്കുമുണ്ടാവില്ല. കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് നമ്മുടെ കാത്തിരിപ്പിന്റെ അനുഭവങ്ങളും കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ സാങ്കല്പികതയുടെ ഉന്നതിയിലേയ്ക്ക് നാമെത്തിപ്പെടും. കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും ഓരോ വായനയിലും മനസ്സിന്റെ താഴ്വാരങ്ങളില്‍ മഞ്ഞുരുകി ഇറങ്ങുന്നതുപോലെ തോന്നും. അത് അലിഞ്ഞലിഞ്ഞ് ഒരു തുള്ളിയായി ഇറ്റുവീഴാന്‍ വെമ്പിനില്‍ക്കുന്ന ഒരനുഭവം. ''കാലത്തിന്റെ പാറക്കെട്ടുകളില്‍ മഞ്ഞുവീഴുന്നു; ഉരുകുന്നു, വീണ്ടും മഞ്ഞിന്‍പടലങ്ങള്‍ തണത്തുറഞ്ഞു കട്ടപിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു.''

യുവാക്കളുടെ സ്വത്വപ്രതിസന്ധികള്‍

യുവാക്കളുടെ സ്വത്വപ്രതിസന്ധികളെ ഇത്രമേല്‍ തന്‍മയത്വത്തോടെ എഴുതാന്‍ എം.ടിക്കേ കഴിയൂ എന്നു തോന്നിപ്പോകും. 'കാലം' പറയുന്നത് സേതുവിന്റെ കഥയാണെങ്കിലും അതുവഴി ഒരു കുടുംബത്തിന്റേയും കാലഘട്ടത്തിന്റേയും കൂടി ഗാഥയായി അതു മാറി. ബാല്യത്തില്‍ തുടങ്ങി യൗവ്വനത്തില്‍ ചെന്നുനില്‍ക്കുന്ന സേതുവിനോടൊപ്പം വളരുന്ന ഓരോ കഥാപാത്രങ്ങളും മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. ഭ്രമിപ്പിക്കുന്നവര്‍. സങ്കടപ്പെടുത്തുന്നവര്‍, ചേര്‍ന്നു നില്‍ക്കാനും ഏറ്റെടുക്കാനുംപോലും തോന്നിപ്പിക്കുന്നവര്‍, സുമിത്ര, ഉണ്ണിനമ്പൂതിരി, മാധവന്‍ നായര്‍, തങ്കമണി, കൃഷ്ണന്‍ കുട്ടി, ഗോപി; അവരുടേതായ സ്ഥാനങ്ങളില്‍ ഒതുങ്ങിനിന്നു വിട വാങ്ങുന്നവരല്ല അവര്‍; തലമുറകളിലെ തങ്ങളുടെ പ്രതിച്ഛായകളുടെ നേര്‍ക്കു കണ്ണാടി പിടിച്ചിട്ടു പോയവരാണ്.

പുരുഷമേധാവിത്വത്തിന്റേയും ജീര്‍ണ്ണിക്കുന്ന ഫ്യൂഡല്‍ വ്യവസ്ഥയുടേയും മാഞ്ഞുകൊണ്ടിരിക്കുന്ന രേഖ വരയ്ക്കുന്ന നോവലാണ് കാലം എന്നു തോന്നും. പക്ഷേ, ഈ രണ്ടു നിഷേധാത്മക പ്രവണതകളും പലവിധത്തില്‍ കാലത്തേയും അതിജീവിക്കുന്നതിനു തലമുറകള്‍ സാക്ഷി. അതേസമയം തന്നെ, കാലം ഒരു മാറ്റത്തിന്റെ കൂടി കഥയാണ്. ഗ്രാമഭംഗിയില്‍നിന്നു നാഗരികതയിലേയ്ക്ക്, ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍നിന്നു യൗവ്വനത്തിന്റെ കാപട്യത്തിലേക്ക്, പ്രണയത്തിന്റെ വൈകാരികതയില്‍നിന്നു രതിയുടെ നിര്‍വ്വികാരതയിലേക്കുള്ള മാറ്റം. സേതുവില്‍ പല സന്ദര്‍ഭങ്ങളില്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടെത്തും. ആ തിരിച്ചറിവിലാണ് 'കാലം' കാലഘട്ടങ്ങളെ ഭേദിക്കുന്ന തരത്തില്‍ മാറുന്നത്.

കേരളത്തിലെ 1940-'60 കാലഘട്ടത്തിലെ കുടുംബബന്ധങ്ങള്‍, നാട്ടുകാര്‍, നഗരം, ക്യാമ്പസ് എന്നിവ വരച്ചുകാട്ടുന്ന നോവലാണ് കാലം. പ്രണയവും വിരഹവും തൊഴിലില്ലായ്മയും ദാരിദ്ര്യവും കള്ളവും ചതിയും വഞ്ചനയും ആര്‍ഭാടവും പട്ടിണിയും-നോവല്‍ പ്രതിപാദിക്കാത്ത വിഷയങ്ങള്‍ ഇല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ജീവിതം കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍. ഇന്നലെകളെ തിരിച്ചുപിടിക്കാനാവില്ലെന്നും സ്വാര്‍ത്ഥതയുടെ പേരില്‍ നഷ്ടപ്പെടുത്തിയതിന്റെ മൂല്യം കാലമേറെ കഴിഞ്ഞാണ് നമ്മള്‍ തിരിച്ചറിയുക. ആ അര്‍ത്ഥത്തില്‍ തിരിച്ചറിവുകളുടെ ഒരു പാഠം കൂടി നമ്മെ പഠിപ്പിക്കുന്നു.

കാലം സേതുവിന്റെ പ്രതീക്ഷകള്‍ക്കൊത്ത് എവിടെയും നില്‍ക്കുന്നില്ല. വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ കഴിയാത്തവിധം ജീവിതമുള്ള സേതുവിന്റെ ജീവിതത്തിന് അടിയറവു പറഞ്ഞ സുമിത്രയുടേയും തങ്കമണിയുടേയും അവസാനം വെയ്ക്കാനും വിളമ്പാനും തയ്യാറാവുന്ന ഉണ്ണിനമ്പൂതിരിയുടേയും അവശേഷിപ്പുകള്‍ കൂടിയാണ് കാലം. സമയം കടന്നുപോകുമ്പോള്‍ മനുഷ്യരുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും എങ്ങനെ മാറിത്തീരുന്നു എന്നതും കാലത്തിന്റെ പരിമിതികളോട് സമരസപ്പെടുന്ന മനുഷ്യന്റെ ജയപരാജയങ്ങളും അവസാനം അവനവനു കൂട്ടായി സ്വന്തം നിഴല്‍മാത്രം അവശേഷിക്കുന്നു. കാലത്തിലെ സേതുവും സുമിത്രയും പല കാലത്തും പലയിടങ്ങളിലും നമ്മള്‍ കണ്ടുമുട്ടാം. സേതുവിനോടുള്ള സഹതാപത്തേക്കാള്‍ സുമിത്രയുടെ വേദന നെഞ്ചിലേറ്റുന്നു. വാക്കുകളാല്‍ മഴവില്ല് തീര്‍ക്കുന്ന പ്രതിഭാസം.

അസുരവിത്ത് എന്ന ശീര്‍ഷകം

മറ്റെല്ലാ വിളകളേയും നശിപ്പിക്കുന്ന സസ്യങ്ങളെയാണ് അസുരവിത്തുകളായി കണക്കാക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഗോവിന്ദന്‍കുട്ടി ഒരു പടുമുള മാത്രമാണ്. തറവാട് ക്ഷയിച്ച കാലത്ത് മധ്യവയസ്സ് കഴിഞ്ഞ അമ്മയ്ക്ക് പിറന്നതുകൊണ്ട് എല്ലാ ദൗര്‍ഭാഗ്യങ്ങളും ഗോവിന്ദന്‍കുട്ടിയെന്ന ഹതഭാഗ്യന്റെ തലയില്‍ കെട്ടിവയ്ക്കപ്പെട്ടു. പണക്കാരനായ സ്വന്തം അളിയന്‍ കുഴിച്ച ചതിക്കുഴിയില്‍ വീഴുമ്പോഴാണ് ഗോവിന്ദന്‍കുട്ടി ശരിക്കും ഒരു അസുരവിത്തായി മാറുന്നത്. പിന്നീട് നായന്മാരുടേയും മാപ്പിളമാരുടേയും കിടമത്സരത്തില്‍ കരുവാക്കുന്നതോടെ അയാളുടെ പതനം പൂര്‍ണ്ണമാകുന്നു. നാടിനെ ഒന്നടങ്കം പിടികൂടിയ നടപ്പുദീനത്തിന്റെ താണ്ഡവത്തിലാണ് ഗോവിന്ദന്‍കുട്ടി വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.

മനുഷ്യന്‍

'അസുരവിത്ത്' എന്ന ശീര്‍ഷകം അവരവരുടെ ജീവിതം നശിപ്പിക്കുന്ന ആളുകളുടെ ഒരു രൂപകം പോലെയാണ്. ജീവിതത്തിലെ ഓരോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതെന്തും ഗോവിന്ദന്‍കുട്ടിയുടെ ജീവിതത്തില്‍ സങ്കടങ്ങള്‍ മാത്രമേ കൊണ്ടുവരുന്നുള്ളല്ലോ. അയാളുടെ ഓരോ തീരുമാനങ്ങളും തെറ്റായിപ്പോയി. നായര്‍ സമുദായത്തിന്റെ പ്രശ്‌നങ്ങളും ദാരിദ്ര്യവും അത് അവര്‍ അതിജീവിക്കുന്നതെങ്ങനെയെന്നും ആ സമുദായത്തിലെ പ്രമാണിമാര്‍ അവരെ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്നും എം.ടി കാണിച്ചുതരുന്നു; സമൂഹം നിസ്സഹായനായ മനുഷ്യനെ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്നും. സമൂഹം സഹജീവിയെ വേട്ടയാടി അവരുടെ സ്വപ്നങ്ങളും ജീവിതവും കുഴിച്ചുമൂടുന്നു. മതം സാമാന്യജീവിതത്തില്‍ ഇടപെടുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 'അസുരവിത്ത്.' എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്ന ആളുകള്‍ അയാളുടെ നാശത്തിനു കാരണമാകുന്നു.

ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യത്വത്തിനു വില കല്പിച്ച മനുഷ്യനാണ്. എന്നിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഗോവിന്ദന്‍കുട്ടിയുടെ അസ്വസ്ഥതകള്‍ അയാളില്‍ മാത്രമായി ഒതുക്കാതെ വായനക്കാരിലേയ്ക്ക് കൂടി പകര്‍ന്നു. പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങി ജീവിതത്തില്‍ അറിയപ്പെടാത്ത വഴികളിലൂടെ അയാള്‍ തന്നെ അറിയാതെ നടക്കുകയാണ്.

കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ തീവ്രമായി ആവിഷ്‌കരിക്കുന്നതിലെ കഴിവ് ഒന്നുകൂടി തെളിയിക്കുന്നുണ്ട് എം.ടി ഇതില്‍. 30 വയസ്സ് ആകുന്നതിനു മുന്‍പ് ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊരു പുസ്തകം എഴുതാന്‍ കഴിയുക? എഴുത്തുകാരന്റെ സാമൂഹ്യനിരീക്ഷണം ചരിത്രകാരനില്‍നിന്നും തികച്ചും വിഭിന്നമാണ്. വായന കഴിയുമ്പോള്‍ കണ്ണുകള്‍ മാത്രമല്ല, മനസ്സും ഈറനണിയും. ജീവിതത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം വായിച്ചു തീര്‍ന്ന അനുഭവം. 1910-കളില്‍ മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന മതപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍. ഇന്നത്തെ കാലത്ത് നേര്‍ചിത്രം എന്നൊക്കെ ഉറപ്പായും പറയാം. ഇത്തരം രചനകള്‍ കലാപരമായ മൂല്യം മാത്രമല്ല, ചരിത്രപഠനത്തിനും സാമൂഹിക പശ്ചാത്തലത്തിന്റെ അന്വേഷണത്തിനും കൂടി ഉതകുന്നവയാണ്. അങ്ങനെ പലര്‍ക്കും ഉതകിയിട്ടുമുണ്ട്.

ഇല്ലായ്മയുടെ ചിത്രങ്ങള്‍

20-ാം നൂറ്റാണ്ടില്‍ എഴുതിയ ഒരു നോവല്‍ 21-ാം നൂറ്റാണ്ടില്‍ വീണ്ടും വായിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയില്‍ കഴിഞ്ഞിരുന്ന ഉച്ചനീചത്വം നിറഞ്ഞ കേരളം നമ്മളെ അത്ഭുതപ്പെടുത്തും. ഇല്ലായ്മയുടെ ചിത്രമാണ് വരച്ചിടുന്നത്. ഈ മണ്ണില്‍ അസുരവിത്തുകള്‍ മുളപൊട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. വിളയെന്നു കരുതി ഉദ്ഘോഷിക്കപ്പെടുന്ന പലതും യഥാര്‍ത്ഥത്തില്‍ കളകളായിരുന്നുവെന്നു കാലം നമ്മളെ പഠിപ്പിക്കും.

കൊടുങ്കാറ്റിന്റെ കരുത്താണ് എം.ടിയുടെ തൂലികയ്ക്ക് എന്ന് അറിയാത്ത വായനക്കാരും പ്രേക്ഷകരുമുണ്ടാകില്ല. അത് ആളിക്കത്തുന്ന അഗ്‌നിജ്വാലയുടെ തീക്ഷ്ണതയുമാണ്. ഓരോ എം.ടി കൃതിയും കയ്യിലെടുക്കുമ്പോള്‍ പ്രതീക്ഷകള്‍ ആകാശത്തോളം ഉയരും ആ പ്രതീക്ഷകളേക്കാള്‍ എത്രയോ ഉയരത്തില്‍ ചെന്നാണ് ഓരോ കൃതിയും വായിച്ചു തീര്‍ക്കുക. എം.ടി കഥകളിലെ ഏറെ വ്യത്യസ്തമായ ഒരു വായനാനുഭവമായിരുന്നു 'അസുരവിത്ത്.'

മനസ്സുകളില്‍

നാം പിന്നിട്ട വഴികളില്‍ നമ്മുടെ ഭാഷയെ, സംസ്‌കാരത്തെ, പൈതൃകത്തെ ചേര്‍ത്തുപിടിക്കുക എന്നത് അത്ര എളുപ്പമല്ല. ലോകത്തെവിടേയും മലയാളികള്‍ക്ക് വായന ഒരു ലഹരിയാക്കുന്നത് അദ്ദേഹത്തിന്റെ രചനകളാണ്. ഓരോരുത്തര്‍ക്കും സ്വകാര്യമായി അഹങ്കരിക്കാന്‍, അഭിമാനിക്കാന്‍ കാലം സമ്മാനിച്ച അതുല്യ പ്രതിഭ. കണ്ടും കേട്ടും അനുഭവിച്ചും നമ്മുടെയൊക്കെ ജീവിതത്തിന്റെ ഉള്ളറകളിലേയ്ക്ക് തിരിച്ചുവെച്ച ക്യാമറപോലെ ഒപ്പിയെടുത്ത ചിത്രങ്ങള്‍ - നമ്മളെ നവീകരിക്കാനും ഉല്‍ബുദ്ധരാക്കാനും ഉതകുന്ന തരത്തിലുള്ള രചനകള്‍. എം.ടിയുടെ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ മനോവികാരങ്ങളില്‍ എപ്പോഴെങ്കിലുമൊക്കെ കടന്നുപോകാത്ത വായനക്കാരുണ്ടാവില്ല. ആ കഥകളും കഥാപാത്രങ്ങളും ജീവിതത്തെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ പ്രേരണയാക്കുന്നു. പ്രകൃതിയും മനുഷ്യനും ഇഴപിരിയാത്തവിധം ഒന്നായി മാറുന്ന തരത്തില്‍ കഥ പറയാന്‍ മറ്റാരുണ്ട് മലയാളത്തില്‍. വേദനയും കണ്ണീരും ആ കഥകളിലെ തിരുശേഷിപ്പുകള്‍ മാത്രം.?

(ലേഖിക പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ചീഫ് ലൈബ്രേറിയനാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com