തനിക്കു മുന്‍പും പിന്‍പുമുള്ള നിരവധി തലമുറകളില്‍പ്പെട്ട വായനക്കാര്‍ക്ക് പ്രിയങ്കരനായിത്തീരുക. ഒരെഴുത്തുകാരന് ഇതില്‍പ്പരം സാഫല്യമുണ്ടോ?
മലയാളത്തില്‍ ഈ സൗഭാഗ്യം ഏറ്റവുമധികം ലഭിച്ചിട്ടുള്ള എഴുത്തുകാരില്‍ ഒരാളാണ് എം.ടി. വാസുദേവന്‍ നായര്‍ എന്ന് അസന്ദിഗ്ദ്ധമായി പറയാം. അതിനു പിന്നിലെ വിജയരഹസ്യത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് അദ്ദേഹത്തിന്റെ രചനാതന്ത്രത്തിലാണ്. എന്താണതിന്റെ സവിശേഷത?
ഒരെഴുത്തുകാരന്‍ എത്രത്തോളം ഗൗരവമുള്ള പ്രമേയമാണ് അവതരിപ്പിക്കുന്നതെങ്കിലും സന്ദര്‍ഭാനുസൃതമായി പദങ്ങളെ സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത് ഔചിത്യപൂര്‍വ്വം വിന്യസിച്ചാലേ ആ കൃതി വേണ്ടവണ്ണം സ്വീകരിക്കപ്പെടുകയുള്ളൂ. ഒരു കൃതിയെ ഹൃദ്യമാക്കുന്നതില്‍ മികവാര്‍ന്ന ഒരു രചനാരീതിക്കു വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. 'രീതിരാത്മാ കാവ്യസ്യ' എന്ന ഭാരതീയ ആലങ്കാരിക മതവും 'സ്‌റ്റൈല്‍ ഈസ് ദ മാന്‍' എന്ന പാശ്ചാത്യ അഭിമതവും ചൂണ്ടിക്കാട്ടുന്നത് ഈ വസ്തുതയാണ്. മലയാളത്തിലെ ആഖ്യായികാകാരന്മാരില്‍ മേല്‍ സൂചിപ്പിച്ച രചനാഗുണങ്ങള്‍ ഏറ്റവുമധികം തെളിഞ്ഞുകാണുന്നത് എം.ടിയിലാണ്.
ജൈവപ്രകൃതിയേയും മനുഷ്യപ്രകൃതിയേയും ജീവിതാനുഭവങ്ങളേയും ഇന്ദ്രിയാനുഭൂതികളേയുമൊക്കെ അവതരിപ്പിക്കുന്നതില്‍ എം.ടി കാണിച്ച ഔചിത്യദീക്ഷ അവലംബിച്ചുള്ള പദവിന്യാസഭംഗിയാണ് അദ്ദേഹത്തിന്റെ രചനാഗുണങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. ഇവിടെ 'ഉചിതാര്‍ത്ഥ വിശേഷേണ പ്രബന്ധാര്‍ത്ഥ പ്രകാശ്യതേ' എന്ന ക്ഷേമേന്ദ്രന്റെ നിര്‍വ്വചനം പ്രസക്തമാവുന്നു. കാരണം ഉചിതമായ അര്‍ത്ഥവിശേഷം കൊണ്ടാണ് ഒരു പ്രബന്ധം അഥവാ രചന പ്രകാശിപ്പിക്കപ്പെടുന്നത് എന്ന ഈ വ്യാഖ്യാനം എം.ടിയുടെ രചനകളെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണെന്നു പറയാം. ധ്വനിസൂചകവും കാവ്യാത്മകവുമായ പദങ്ങളെ ശ്രദ്ധയോടും ഔചിത്യത്തോടും തിരഞ്ഞെടുത്ത് വിന്യസിക്കുന്ന ഈ രചനാരീതിയാണ് എം.ടിയുടെ കൃതികളെ (നോവലായാലും ചെറുകഥയായാലും തിരക്കഥയായാലും) ഹൃദയസ്പര്‍ശിയായ രചനകളാക്കിത്തീര്‍ക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകം. ഇത് കൂടുതല്‍ വ്യക്തവും ഹൃദ്യവുമായി അനുഭവപ്പെടുന്നത് ഇന്ദ്രിയാനുഭവങ്ങളെ ചിത്രീകരിക്കുന്ന സന്ദര്‍ഭങ്ങളിലാണെന്ന് താഴെ കൊടുത്തിട്ടുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പറയാം. കേരളത്തിലെ ഏതൊരു ഗ്രാമത്തിലും കാണാവുന്ന ഈ രാത്രിവര്‍ണ്ണന ശ്രദ്ധിക്കുക.
ആകാശത്ത് ആയിരം മന്ദാരപ്പൂ കണ്ണുതുറക്കുന്നു. മുടിയഴിച്ചിട്ടു മയങ്ങുന്ന കവുങ്ങിന്‍ തലപ്പുകളില്‍ സ്വപ്നത്തിലെ മന്ദഹാസംപോലെ നിലാവിന്റെ വെണ്‍മ പുളയുന്നതു കണ്ടു. ഒഴിഞ്ഞ കളമുറ്റത്ത് പേടിപ്പെടുത്തുന്ന സൗന്ദര്യം ഒഴുകിനടക്കുന്നു. വാഴത്തോപ്പിലെ നിഴല്‍ക്കീറുകള്‍ക്കു ചുറ്റും വെള്ളിലത്തളിരുകള്‍ വീണുരുളുന്നു. പൊട്ടിച്ചിരിക്കുന്നു (കാലം).
കവിതയോട് വളരെ അടുത്തുനില്‍ക്കുന്ന ഈ ദൃശ്യവര്‍ണ്ണന മലയാളഗദ്യത്തിന്റെ മായികസൗന്ദര്യം പരമാവധി അനുഭവവേദ്യമാക്കുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവുകയില്ല. കാഴ്ചയുടെ ആഘോഷമായി അവതരിപ്പിക്കുന്നതും വ്യത്യസ്ത നിറക്കൂട്ടുകള്‍ ചേര്‍ന്നൊരുക്കുന്നതുമായ മറ്റൊരു വര്‍ണ്ണനകൂടി കാണുന്നത് ഈ വാദഗതി ഒന്നുകൂടി ശക്തിപ്പെടുത്താന്‍ സഹായിക്കും.
ചമ്മിണിക്കാവിലെ ആയിരത്തിരിക്ക് രണ്ടു കയ്യിലുമായി പിടിച്ച തിളങ്ങുന്ന ഓട്ടുതാലത്തില്‍ നാളികേരമുറിയില്‍ കത്തിച്ചുവെച്ച അരിത്തിരിയുടെ തങ്കം വിതറുന്ന പ്രകാശത്തില്‍ തുടുത്ത മുഖത്ത് ചുവന്ന സിന്ദൂരപ്പൊട്ടിട്ടു നിന്ന ഒരു പെണ്‍കിടാവിന്റെ ചിത്രവും അയാള്‍ കണ്ടു. വര്‍ഷങ്ങളുടെ ഇടനാഴികകള്‍ക്കപ്പുറത്ത് ഓര്‍മ്മയുടെ ഒരു നേരിയ വെളിച്ചത്തില്‍ വരിവരിയായി താലമെടുത്തു നില്‍ക്കുന്ന പെണ്‍കിടാങ്ങള്‍ക്കിടയില്‍ നിറഞ്ഞുതിളങ്ങിയിരുന്നത് അവള്‍ മാത്രമായിരുന്നു. അരിത്തിരിയുടെ പ്രകാശനാളം കവിളില്‍ പുളഞ്ഞുനടന്നു. കുഴിമിന്നി കെട്ടിയ കഴുത്തില്‍ ഒരു തിരുവാതിര നിലാവ് മുഴുവന്‍ ഒതുങ്ങിക്കിടന്നു.
കഥാപാത്രത്തിന്റേയും സന്ദര്‍ഭത്തിന്റേയും അവസ്ഥകള്‍ക്കിണങ്ങുന്ന ഭാവങ്ങളെ ധ്വന്യാത്മകതയോടെ അവതരിപ്പിക്കാനുതകുന്ന ഈ ശൈലി റിയലിസ്റ്റ് സങ്കേതത്തില്‍നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ്. അതുപോലെ മനുഷ്യാവസ്ഥയുടെ ദൈന്യവും ദുരിതവും ഒറ്റപ്പെടലും ചിത്രീകരിക്കുമ്പോള്‍പോലും റിയലിസ്റ്റ് കഥാകാരന്മാര്‍ ഉപയോഗിക്കുന്ന വാച്യവും പ്രത്യക്ഷവുമായ അവതരണത്തില്‍നിന്നും വേറിട്ട് വ്യംഗ്യമായ ഒരു രചനാരീതിയാണ് എം.ടി ചെയ്തിട്ടുള്ളത്. അതിനൊരുദാഹരണമാണ് ഈ വര്‍ണ്ണന.
കുഞ്ഞ്യോപ്പോള് നില്‍ക്കുകയാണ്. ചിമ്മിനിയുടെ പുക അവരുടെ കരുവാളിച്ച മുഖത്തിനു മുന്നില്‍ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുന്നു. മുഖം കുനിച്ചു പാതിയടഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന ആ രൂപം കണ്ടപ്പോള്‍ അയാളുടെ മനസ്സു നേര്‍ത്തു നേര്‍ത്തു വന്നു. പരത്തിയിട്ട ചകിരിനാരുകള്‍ പോലെ പരുക്കനായ മുടി. കരുവാളിച്ച ശരീരം. തിരുമ്മിത്തിരുമ്മി മഞ്ഞനിറമായ നനവുണങ്ങാത്ത മണമുള്ള ബ്ലൗസും മുണ്ടും ഇടതുകയ്യിലെ ഓട്ടുചിമ്മിനിയുടെ പുക പുരണ്ട വെളിച്ചത്തില്‍ ആ ചിത്രം അയാള്‍ വ്യക്തമായി കണ്ടു.
ഇത്തരമൊരു വര്‍ണ്ണനയിലൂടെ എപ്രകാരമാണ് യഥാതഥമായ രീതിയില്‍നിന്നും തികച്ചും വ്യത്യസ്തമായി കാല്പനികമായ ഒരു രൂപമാതൃക വാര്‍ത്തെടുത്തിരിക്കുന്നതെന്നു മനസ്സിലാക്കാം. ദാരിദ്ര്യത്തിന്റെ ചുറ്റുപാടുകളെ അവതരിപ്പിക്കുമ്പോള്‍ പോലും കാവ്യാത്മകവും ഇന്ദ്രിയസംവേദനം ലക്ഷ്യംവെച്ചുള്ളതുമായ ഈ രീതി യഥാതഥ മാതൃകയെക്കാള്‍ ഹൃദയസ്പര്‍ശിയാണെന്ന് അടിവരയിട്ട് പറയാന്‍ സാധിക്കും. ഇതിനു സമാനമായ ഒരുദാഹരണമാണ് ഏകാന്തതയുടെ വിഹ്വലത അനുഭവപ്പെടുന്ന 'മഞ്ഞി'ലെ വിമലയുടെ ചിന്താലോകം അവതരിപ്പിക്കുന്ന ഈ വര്‍ണ്ണന. തന്റെ നഷ്ടപ്പെടുന്ന യൗവ്വനഭംഗിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠകളും അവയില്‍നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്ന ഒരു ക്ഷീണിതമനസ്സിന്റെ നൊമ്പരങ്ങളും എത്ര സൂക്ഷ്മതയോടെയാണ് ഇവിടെ ചിത്രീകരിക്കുന്നതെന്നു നോക്കുക.
കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍ പതിവുപോലെ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ക്ഷീണത്തിനു ഭേദമുണ്ട്. മുഖത്തെ വിളര്‍ച്ച കുറഞ്ഞിരിക്കുന്നു. വെളിച്ചം വേണ്ടത്ര വീഴാത്ത കോണിലാണ് കണ്ണാടി ഉറപ്പിച്ചിരിക്കുന്നത്. മുടിക്കെട്ടില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നരച്ച ഇഴകള്‍ അതില്‍ തെളിഞ്ഞുകാണുന്നില്ല. പകല്‍വെളിച്ചം തെളിഞ്ഞുവീഴുന്നേടത്തുനിന്ന് കണ്ണാടിയില്‍ നോക്കുന്നത് നെഞ്ചിടിപ്പോടെയാണ്.
മറ്റൊരിക്കല്‍ വേദനകളില്‍നിന്നു രക്ഷപ്പെടാന്‍ സ്വയം തീര്‍ത്ത ഏകാന്തതയുടെ തടവറയില്‍ തന്നോടൊപ്പം അതിവേഗം കടന്നുപോകുന്ന കാലത്തേയും തന്റെ പ്രായത്തേയും തളച്ചിടാന്‍ ശ്രമിക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഉല്‍ക്കണ്ഠകളെ ധന്യാത്മകത നിറഞ്ഞുനില്‍ക്കുന്ന വരികളിലൂടെ പകര്‍ത്തിയിരിക്കുന്നതു കാണാം.
തടാകത്തിലെ ജലംപോലെത്തന്നെ കാലം തളം കെട്ടിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം വരുന്നവരെല്ലാം പറയുന്നുണ്ടാവും. ഇവിടെ പണ്ടു കണ്ടതുപോലെത്തന്നെയുണ്ടെന്ന്.
ഒന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ എന്തെല്ലാം മാറി? ജീവിതത്തില്‍നിന്ന് ഒളിച്ചോടിയെത്തുന്നവരെ, നിങ്ങള്‍ക്ക് അതു കാണാന്‍ കഴിയില്ല. കാരണം ഇരുണ്ട മുടിച്ചുരുളുകള്‍ക്കിടയില്‍ നരച്ച രേഖകള്‍ മറഞ്ഞുകിടക്കുന്നു. വിളക്കുമരങ്ങളുടെ പച്ചച്ചായത്തിനകത്ത് ഉറകുത്തിയ ആഴങ്ങളും സുഷിരങ്ങളും മറഞ്ഞുകിടക്കുന്നു.
ഭൂമിയുടെ കിരീടത്തില്‍ ചവിട്ടിയ വിജയഭേരിയോടെ ഞാനും നിങ്ങളും ഇരുന്ന പാറക്കെട്ടിന്റെ പേര്‍ കൂടി മാറിപ്പോയി.
തികച്ചും വൈയക്തികമായ വിഹ്വലതയെ കാലത്തിന്റെ പ്രയാണത്തോട് കൂട്ടിച്ചേര്‍ത്തുകൊണ്ട് നടത്തുന്ന ഈ ഭാവസാന്ദ്രമായ വര്‍ണ്ണന ഉദാത്തമായ ഒരു അനുഭവതലമാണ് നല്‍കുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
സമാനമായ ഒരു ഭാവാവിഷ്‌കാരമാണ് രണ്ടാമൂഴത്തില്‍ പിതൃബിംബത്തിന്റെ അസാന്നിധ്യം തീര്‍ത്ത അനാഥത്വത്തില്‍നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്ന ഭീമസേനന്റെ വിചിന്തനങ്ങള്‍.
വെറും മനുഷ്യനായ എന്റെ മാത്രം കരുത്തല്ല എന്നെ മഹാ ബലവാനാക്കിയത്. എന്റെ ഗര്‍ജ്ജനത്തില്‍ ആരോ ഇരമ്പം കൂട്ടിയിരുന്നു. എന്റെ കൈകള്‍ തളരുമ്പോള്‍ കരുത്ത് ഒരുക്കിയിരുന്നു. ഞാന്‍ വിജയത്തിന്റെ ഈ വിനാഴികകളില്‍ അഹങ്കരിക്കുന്നില്ല. ശിരസ്സു കുനിക്കട്ടെ.
കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് മേഘങ്ങള്‍ക്കു മുകളില്‍ വേട്ടയാടുന്ന ദേവാ, എന്റെ പിതൃദേവാ, ഞാനിന്ന് നന്ദി പറയുന്നു. അവിടത്തെ കാലടികളെന്നോര്‍ത്ത് ഈ പാറക്കെട്ടില്‍ ശിരസ്സമര്‍ത്തുന്നു.
അതിസൂക്ഷ്മമായ നിരീക്ഷണപാടവത്തിന്റേയും ആവിഷ്‌കാരശൈലിയുടേയും മികവാര്‍ന്ന ഇത്തരം വര്‍ണ്ണനകള്‍ തന്നെയാണ് എം.ടിയുടെ തിരക്കഥകള്‍ക്കും അസാധാരണമായ ചാരുത പകരുന്നത്. അവിടെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ വ്യഞ്ജിപ്പിക്കുന്നതില്‍ ജൈവപശ്ചാത്തലത്തെക്കൂടി കോര്‍ത്തിണക്കിക്കൊണ്ട് ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയ്ക്കിണങ്ങുന്ന ഒരു ഭാഷാശൈലി രൂപപ്പെടുത്തിയാണ് ചിത്രീകരണം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിനു തെളിവായി 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ തുടക്കത്തിലെ ഈ ദൃശ്യവര്‍ണ്ണന മാത്രം മതി.
മേഘമാലകള്‍ ചിതറിയ ആകാശത്തിന്റെ ഒരു വിശാലവീക്ഷണം. താഴെ അതു ബിംബിക്കുന്ന നദീതടം. നദിയുടെ സംഗീതം. നദി ഒരു സജീവ കഥാപാത്രമാണിതില്‍. അതിന്റെ മുഖച്ഛായകള്‍ കണ്ട്, തീരങ്ങളും ഓളങ്ങളും കണ്ട്, ആരംഭഘട്ടത്തിലേക്ക് കുതിക്കുകയാണ് നാമെന്ന പ്രതീതി. നദീതീരത്തെ കരയ്ക്കടുപ്പിച്ചിട്ട് ചരക്കുകള്‍ കയറ്റിയ ഒരു പുരവഞ്ചിയുടെ സമീപത്ത് നാമെത്തിച്ചേരുന്നു.
ചലച്ചിത്രം എന്ന മാധ്യമത്തിന്റെ വ്യാകരണമറിഞ്ഞ് രചിച്ച ഒരു രംഗവര്‍ണ്ണനയാണിതെന്ന് കാണാന്‍ വിഷമമില്ല.
ഇതോടൊപ്പം തിരക്കഥ എന്ന മാധ്യമത്തിന്റെ തനിമയും പ്രത്യേകതകളുമെന്തെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ രചന നിര്‍വ്വഹിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് എം.ടി. തിരക്കഥയുടെ ഭാഷയും ഘടനയും മലയാളിക്ക് ആദ്യമായി മനസ്സിലാക്കിക്കൊടുത്തതും മറ്റാരുമല്ല. അതുവരെ ഗൗരവത്തോടെ കാണാതിരുന്ന ഈ മാധ്യമത്തിന്റെ വേറിട്ട സ്വഭാവവും ദൃശ്യഭാഷയുടെ ശക്തിസൗന്ദര്യങ്ങളും എം.ടിയിലൂടെയാണ് മലയാള സിനിമ മനസ്സിലാക്കുന്നത്. നാടകത്തിന്റെ അമിതസ്വാധീനത്തിനു വഴിപ്പെട്ട് നെടുനീളത്തിലുള്ള സംഭാഷണങ്ങളും അതിഭാവുകത്വം നിറഞ്ഞ അവതരണങ്ങളും നിറഞ്ഞുനിന്ന മലയാള സിനിമയ്ക്ക് യഥാര്‍ത്ഥത്തില്‍ പാകത കൈവരിക്കുന്നത് എം.ടിയുടെ തിരക്കഥകളിലൂടെയാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്. ഉദാഹരണമായി വടക്കന്‍ വീരഗാഥയിലെ ഈ രംഗം നോക്കുക.
ചന്തു: (രോഷമടക്കി, നിരാശയോടെ പതുക്കെ) ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല (സ്വരം കുറച്ചുയരുന്നു) ജീവിതത്തില്‍ ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട്, പലരും, പലവട്ടം...
അല്പനേരം നിശ്ശബ്ദത.
ഒരാത്മഗതംപോലെ മലയനോട് തൊടുത്ത് മരിച്ച എന്റെ അച്ഛന്‍ ആദ്യംതന്നെ എന്നെ തോല്‍പ്പിച്ചു. സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ കൈവിറച്ച ഗുരുനാഥന്‍ പിന്നെ തോല്‍പ്പിച്ചു...
പൊന്നിനും പണത്തിനുമൊപ്പിച്ച് സ്‌നേഹം തൂക്കിനോക്കിയപ്പോള്‍ മോഹിച്ച പെണ്ണും എന്നെ തോല്‍പ്പിച്ചു (വികാരക്ഷോഭം) അവസാനം... അവസാനം... സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്‍പ്പിച്ചു. തോല്‍വികളേറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. ഇവിടെ എത്രത്തോളം ശ്രദ്ധാപൂര്‍വ്വമാണ് വാക്കുകളും അവയ്ക്കിടയിലെ മൗനങ്ങളും സൂചനകളും അര്‍ദ്ധോക്തികളുമൊക്കെ ഉപയോഗിച്ചിരിക്കുന്നതെന്നു കാണാന്‍ സാധിക്കും. ദൃശ്യാവിഷ്‌കാരത്തിന്റെ സാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കി അത്യന്തം സൂക്ഷ്മതയോടെ പ്രയോഗിച്ചിട്ടുള്ള ഇത്തരം മാതൃകകള്‍ എം.ടിയുടെ മൗലിക സംഭാവനകളായി ചൂണ്ടിക്കാട്ടാം.
ആഖ്യാനങ്ങളിലേയും ചലച്ചിത്രങ്ങളിലേയും മേല്‍വിവരിച്ച ഉദാഹരണങ്ങളോരൊന്നും ചൂണ്ടിക്കാണിക്കുന്നത് ഇന്ദ്രിയാനുഭവങ്ങളേയും വൈകാരികാനുഭൂതികളേയും മനസ്സിന്റെ ആഴങ്ങളില്‍ ആര്‍ദ്രമാംവിധം സ്പര്‍ശിക്കുന്ന വിധത്തില്‍ വാക്കുകളെ ഔചിത്യപൂര്‍വ്വം തിരഞ്ഞെടുത്ത് ധ്വനിസാന്ദ്രമായി അവതരിപ്പിക്കുന്ന എം.ടിയുടെ രചനാരീതിയുടെ സവിശേഷതയാണ്. എം.ടി വ്യത്യസ്ത തലമുറകളുടെ പ്രിയങ്കരനായ രചയിതാവായി മാറിയതിന്റെ പിന്നിലെ വിജയരഹസ്യം വാക്കുകളെ സൂക്ഷ്മതയോടേയും ഔചിത്യത്തോടേയും തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഈ രചനാരീതിതന്നെ എന്ന് ഉറപ്പിച്ചു പറയാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക