കാറിന്റെ വെളിച്ചത്തില്‍ വഴിയില്‍ പറന്ന വെള്ളനിറത്തിലുള്ള നോട്ടീസുകള്‍; അങ്ങനെ പെറുക്കിയെടുത്ത തിരക്കഥയാണ് 'കടവ്'

കാറിന്റെ വെളിച്ചത്തില്‍ വഴിയില്‍ പറന്ന  വെള്ളനിറത്തിലുള്ള നോട്ടീസുകള്‍; അങ്ങനെ പെറുക്കിയെടുത്ത തിരക്കഥയാണ് 'കടവ്'
Updated on

ച്ഛനിന്നലെ രാത്രി തീരെ ഉറങ്ങിയിട്ടില്ല, ഇപ്പോഴാണൊന്ന് കണ്ണടച്ചത് - എന്നു പറഞ്ഞ് അശ്വതി ആശുപത്രിയുടെ വരാന്തയില്‍നിന്നുകൊണ്ട് മുറിയുടെ വാതില്‍ അല്പം തുറന്നുപിടിച്ചു തന്നു. എം.ടി. വാസുദേവന്‍ നായരുടെ മകളാണ് അശ്വതി. പുറത്തുനിന്നു ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം നല്ല ഉറക്കത്തിലാണ്. ശ്വാസംമുട്ടലുണ്ടെന്നും സംസാരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ബ്ബന്ധമായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ട്, അങ്കിള്‍ അച്ഛനെ കണ്ടിട്ട് കുറച്ചുകാലമായി അല്ലേ, എന്നു അശ്വതി ചോദിച്ചു. കൊവിഡിനുശേഷം കണ്ടിട്ടില്ലെന്നു ഞാന്‍ പറഞ്ഞു. ഇതിനു മുന്‍പ് അശ്വതിയെ കണ്ടതെന്നാണെന്ന് ഞാനോര്‍ത്തു നോക്കി. അത് 'മഞ്ഞ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നൈനിത്താളില്‍ വെച്ചായിരിക്കണം. അന്നു രണ്ടു വയസുമാത്രം പ്രായമുള്ള കുട്ടിയായിരുന്നു അശ്വതി. 70 വര്‍ഷങ്ങളായി മുടങ്ങാതെ കൂടെയുള്ള പുകവലി ഒരു ദിവസം പെട്ടെന്നു നിര്‍ത്തേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസ്സികസമ്മര്‍ദ്ദം അസഹനീയമായിരുന്നുവെന്നും, ചിലപ്പോള്‍ കൊച്ചുകുട്ടികള്‍ ശഠിക്കുന്നതുപോലെ ഒരു ബീഡിക്കായി വഴക്കിടുമായിരുന്നു എന്നും അശ്വതി പറഞ്ഞു. പുകവലി ഇല്ലാതായിട്ട് മൂന്നു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും ഉറക്കത്തില്‍ ചില നേരത്ത്, ബീഡി വലിക്കുന്നതുപോലെ രണ്ടു വിരലുകള്‍ ചുണ്ടോടു ചേര്‍ത്തുപിടിച്ച് ഉള്ളിലേയ്ക്ക് ശ്വാസമെടുത്ത ശേഷം ഇല്ലാത്ത പുക പുറത്തേയ്ക്ക് ഊതിക്കളയുന്ന അച്ഛന്‍ സ്വപ്നത്തിലെങ്കിലും പുകവലി ആസ്വദിക്കുന്നുണ്ടാവും എന്നു മകള്‍ ആശ്വസിച്ചു. 'നിര്‍മ്മാല്യ'ത്തിലെ ഭ്രാന്തന്‍ ഗോപാലനെ ഞാനോര്‍ത്തു. സിനിമയില്‍ ഗോപാലന്‍ ആ ദൂരമെല്ലാം നിര്‍ത്താതെ ഓടിയത് ഒരു ബീഡിക്കുവേണ്ടി മാത്രമായിരുന്നു. നാളെ വരാം എന്നു പറഞ്ഞ് ഞാന്‍ പോകാനൊരുങ്ങി. സന്ദര്‍ശകരെ കഴിയുന്നതും ഒഴിവാക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് -അശ്വതി പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാന്‍ പറ്റുമോന്ന് അന്വേഷിക്കാനായി ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടുത്തെ പി.ആര്‍.ഒ പറഞ്ഞതും അതു തന്നെയായിരുന്നു. എന്നാല്‍, അതു സാരമില്ല അങ്കിള്‍ നാളെ വന്നോളൂ എന്ന് അശ്വതി പറഞ്ഞു.

കോട്ടയം എന്‍.എസ്.എസ് ഹൈസ്‌കൂളില്‍നിന്നു പത്താംക്ലാസ് കഴിഞ്ഞു കോളേജിലേയ്ക്ക് പോകാനുള്ള കാത്തിരിപ്പ് അനന്തമായി തുടരുന്ന കാലത്ത് പഴയ സ്‌കൂളില്‍ എന്തോ വിശേഷാല്‍ പരിപാടി നടക്കാന്‍ പോകുന്നുണ്ടെന്നും എം.ടി. വാസുദേവന്‍ നായരാണ് മുഖ്യ പ്രഭാഷകനെന്നും കേട്ടറിഞ്ഞ ഞങ്ങള്‍ കുറച്ചുപേര്‍ നേരത്തേത്തന്നെ സ്‌കൂളിലെത്തി. ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ടി.എസ്. ശ്രീധരന്‍ നായര്‍ സാറിന്റെ സന്മനസ്സുകൊണ്ട് ഞങ്ങള്‍ അഞ്ചാറു പേര്‍ക്ക് അദ്ദേഹത്തിന്റെ മുറിയില്‍വെച്ച് എം.ടിയെ കാണാനുള്ള അനുവാദം കിട്ടി. മുറിക്ക് പുറത്ത് എം.ടി. വരാനായി ഞങ്ങള്‍ കാത്തുനിന്നു. കാറില്‍നിന്നിറങ്ങി എവിടെയും നോക്കാതെ അദ്ദേഹം അകത്തേയ്ക്ക് നടന്നു കയറിപ്പോയി. മുണ്ടിന്റെ കോന്തല പിടിച്ച അതേ കയ്യില്‍ സ്വര്‍ണ്ണനിറമുള്ള ഗോള്‍ഡ് ഫ്‌ലേക് സിഗററ്റിന്റെ വലിയ പാക്കറ്റും ഗണേശ് ബീഡിയുടെ ഒരു കെട്ടും ഒരു തീപ്പെട്ടിയും ഒന്നിച്ചിരിക്കുന്നു. ശ്രീധരന്‍ നായര്‍ സാറും മറ്റു ചിലരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ച് സാറിന്റെ മുറിക്കുള്ളിലേയ്ക്ക് കൊണ്ടുപോയി. താമസിയാതെ തന്നെ ഞങ്ങളെ അകത്തേയ്ക്ക് വിളിപ്പിച്ചു. എന്തുപറയണമെന്ന് ഞങ്ങള്‍ സംശയിച്ചുനില്‍ക്കുമ്പോള്‍, എം.ടി. ഒരു ബീഡി കത്തിച്ചു. ഹെഡ്മാസ്റ്ററുടെ മുറിയില്‍, സ്‌കൂള്‍കുട്ടികളുടെ മുന്നില്‍വെച്ച് ബീഡി വലിക്കുക എന്നൊക്കെ പറയുന്നത് ഇന്നത്തെ കാലത്ത് അസ്വാഭാവികമായി തോന്നാമെങ്കിലും അക്കാലത്ത് ആരുമതൊന്നും അത്ര ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. ഇന്ന് പ്രചാരത്തിലുള്ള പല സാമൂഹ്യ രാഷ്ട്രീയ ശരിത്തെറ്റുകളും അന്ന് കണ്ടിരുന്നത് ഇന്നു കാണുന്നതുപോലെയും ആയിരുന്നില്ല. ഞങ്ങളുടെ മുന്നില്‍ ബീഡിവലിച്ച് നില്‍ക്കുന്ന ഈ മനുഷ്യന്‍ 'നാലുകെട്ട്' എന്ന നോവലെഴുതുമ്പോള്‍ ഞങ്ങളേക്കാള്‍ ആറോ ഏഴോ വയസ് മാത്രം കൂടുതലുള്ള ഒരു നവയുവാവ് മാത്രമായിരുന്നല്ലോ എന്നു ഞങ്ങളാരുമപ്പോള്‍ ഓര്‍ത്തതുമില്ല.

സാറെന്താണ് ഇപ്പോള്‍ എഴുതുന്നത് എന്നാരോ ചോദിച്ചു. ഈയിടെ ഒരു സിനിമയുടെ തിരക്കിലായിരുന്നെന്നും താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നും അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയിട്ട് അധികമായില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിര്‍മ്മാല്യം' എന്നാണ് സിനിമയുടെ പേര്. 'പള്ളിവാളും കാല്‍ചിലമ്പും' എന്ന സ്വന്തം കഥയാണ്. ആ കഥ നിങ്ങളാരെങ്കിലും വായിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എല്ലാവരും ഒരുമിച്ച് കൈ ഉയര്‍ത്തി. വെളിച്ചപ്പാടായി പി.ജെ. ആന്റണിയാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞു. ക്രിസ്ത്യാനിയായ ആന്റണിയെ വെളിച്ചപ്പാടായി അംഗീകരിക്കാന്‍ പലരും മടിക്കുമെന്നും ക്ഷേത്രങ്ങളില്‍നിന്ന് എതിര്‍പ്പുകളുണ്ടാകുമെന്നും തുടങ്ങി ചെറിയ താക്കീതുകള്‍ കേട്ടിരുന്നെങ്കിലും സാരമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കൂടുതല്‍ സിനിമാ വിശേഷങ്ങളാണ് അറിയേണ്ടത്.

എം.ടിക്കും അതേക്കുറിച്ച് സംസാരിക്കാന്‍ താല്പര്യം ഉള്ളതുപോലെ തോന്നി. പി.ജെ. ആന്റണിയേയും രവി മേനോനേയും ആന്ധ്രാക്കാരിയായ പുതുമുഖ നായികയെക്കുറിച്ചും പറഞ്ഞു. ''നിങ്ങളീ സിനിമ കണ്ടിട്ട് പുതിയ നായിക നന്നായി അഭിനയിച്ചിരിക്കുന്നു എന്നു പറയും, അതുറപ്പാണ്. എന്നാല്‍, ആ കുട്ടിക്ക് ഈ സിനിമയുടെ കഥ എന്താണെന്നുപോലും അറിയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കില്ല'' -അദ്ദേഹം പറഞ്ഞു. സിനിമയിറങ്ങി 50 വര്‍ഷങ്ങള്‍ക്കുശേഷം ഈയിടെ ഞാനാ സിനിമ വീണ്ടും കണ്ടു. എനിക്കിപ്പോഴും അത് വിശ്വസിക്കാന്‍ പറ്റുന്നില്ല. മാത്രമല്ല, പത്തു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടാമത്തെ സിനിമയില്‍, ഒരു സഹായിയുടെ രൂപത്തില്‍ ഞാന്‍ കൂടി ഉണ്ടാകുമെന്ന് അന്നാരെങ്കിലും പ്രവചിച്ചിരുന്നെങ്കില്‍, അതും എനിക്കൊരിക്കലും വിശ്വസിക്കാന്‍ പറ്റുമായിരുന്നില്ല.

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് എം.ടി. സാറിന്റെ ആരോഗ്യനില അല്പം മോശമായിരുന്ന ഒരു സമയത്ത്, നാഗര്‍കോവിലിനടുത്തുള്ള ഒരു ഡോക്ടറുടെ വിഭിന്നമായ ചികിത്സാരീതി പരീക്ഷിക്കാനായി കുറച്ചുദിവസം അദ്ദേഹം അവിടെ താമസിച്ചിരുന്നു. കാര്യമായ മരുന്നുകളൊന്നുമില്ലാത്ത ഒരുതരം ഹോളിയിസ്റ്റിക് ചികിത്സയായിരുന്നു അത്. അതിനിടയില്‍ ഒരു ദിവസം അദ്ദേഹം എന്നെയങ്ങോട്ട് ആളയച്ച് വിളിപ്പിച്ചു. എന്റെ ഫിയറ്റ് കാറില്‍ ഞാനുടനെ തന്നെ പുറപ്പെട്ടു. ദൂരദര്‍ശനുവേണ്ടി പണ്ടെങ്ങോ ചെയ്യാമെന്നേറ്റിരുന്ന ഒരു ചെറിയ സിനിമ ചെയ്തു കൊടുക്കാനുണ്ട് തീരെ സുഖം തോന്നുന്നില്ലെങ്കിലും ഇനിയും മാറ്റിവെയ്ക്കാന്‍ പറ്റില്ല, വാക്ക് പറഞ്ഞതാണ്, എന്നെല്ലാം പ്രത്യേകിച്ച് മുഖവുരയൊന്നുമില്ലാതെ പറഞ്ഞിട്ട്, അദ്ദേഹം കുറച്ച് കടലാസുകള്‍ മേശയില്‍ നിന്നെടുത്തു. പുതിയ കഥയൊന്നും ആലോചിക്കാന്‍ പറ്റിയ അവസ്ഥയല്ല, ഇത് എസ്.കെയുടെ ഒരു കഥ വായിച്ച് കുറേക്കാലം മുന്‍പ് എഴുതിയതാണ്, നോക്കിയിട്ട് പറ്റുമെന്നു തോന്നിയാല്‍ നമുക്കിതൊരു സിനിമയാക്കി ദൂരദര്‍ശനു കൊടുക്കാമെന്നും പറഞ്ഞു. അലസമായി അടുക്കിവെച്ചിരുന്ന 10-30 പേജുകള്‍ നിറയെ വെട്ടുംതിരുത്തുമാണ്. അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലുള്ള കയ്യെഴുത്ത് പ്രതിയാണ്. ഇതിന്റെ വേറെ കോപ്പിയൊന്നും ഇല്ല എന്നുകൂടി പറഞ്ഞ് അതെനിക്കു തന്നു. ഞാനത് നിധിപോലെ കയ്യില്‍ വാങ്ങി, കാറിന്റെ പിന്‍സീറ്റിനു മുന്‍പിലുള്ള പോക്കറ്റില്‍ ഭദ്രമായി വെച്ച് തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുപോയി.

തിരുവനന്തപുരത്ത് എത്തിയപ്പോള്‍ രാത്രിയായി. ഒരു സുഹൃത്തിന്റെ വിവാഹസല്‍ക്കാരം നടക്കുന്ന സ്ഥലത്തേയ്ക്കാണ് നേരെ പോയത്. അവിടെ ആര്‍ക്കും തളയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍, ഫോട്ടോഗ്രാഫര്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ ഇടഞ്ഞുനില്‍ക്കുകയാണ്. എങ്ങനെയെങ്കിലും അദ്ദേഹത്തെ വീട്ടിലെത്തിക്കണം. ഞാനാ ജോലി സസന്തോഷം ഏറ്റെടുത്തു. എത്ര മദ്യപിച്ചാലും ഞാന്‍ പറഞ്ഞാല്‍ ബാലണ്ണന്‍ കേള്‍ക്കുമെന്നെനിക്കറിയാം. അദ്ദേഹത്തെ ഒരുവിധം അനുനയിപ്പിച്ച് കാറിന്റെ പിന്‍സീറ്റിലിരുത്തിയിട്ട് മുന്‍ സീറ്റില്‍ എന്നോടൊപ്പം ക്യാമറമാന്‍ കുമാറും കയറി. പൗഡിക്കോണം എന്ന ചെറിയ മുക്കിലാണ് ബാലണ്ണന്റെ വീട്. അവിടെയെല്ലാം ഇരുട്ടാണ്. തന്റെ വലിയ ശരീരം കാറില്‍നിന്ന് ആയാസപ്പെട്ടിറക്കി അദ്ദേഹം വീട്ടിലേയ്ക്കുള്ള ഇടവഴിയിലേയ്ക്ക് കയറുന്നതിനിടയില്‍ ഞാന്‍ വണ്ടി തിരിച്ചു നിര്‍ത്തി. ബാലണ്ണന്‍ വീട്ടിലേയ്ക്ക് കയറി എന്നുറപ്പാക്കിയ ശേഷം ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. കാറിന്റെ വെളിച്ചത്തില്‍ വഴിയില്‍ വെള്ളനിറത്തിലുള്ള നോട്ടീസുകള്‍ ധാരാളം കിടക്കുന്നതു കണ്ടു. ഇങ്ങോട്ട് വന്നപ്പോള്‍ അതവിടെ കണ്ടതായി ഓര്‍ക്കുന്നില്ല. 10-20 അടി മുന്നോട്ട് പോയിട്ട് പെട്ടെന്നൊരു സംശയം തോന്നി ഞാന്‍ വണ്ടി നിര്‍ത്തി. കാറിന്റെ പിന്‍സീറ്റിലെ പോക്കറ്റില്‍ തപ്പിയപ്പോള്‍ ഒന്നും കയ്യില്‍ തടയുന്നില്ല. ഞാന്‍ പെട്ടെന്നു കാറില്‍നിന്നിറങ്ങി പിന്‍സീറ്റില്‍ പോയി വീണ്ടും നോക്കിയപ്പോള്‍ നേരത്തെ ഞാനവിടെ വെച്ച കടലാസുകള്‍ ഇപ്പോള്‍ അവിടെ കാണാനില്ല. ഒന്നു വിയര്‍ത്തെങ്കിലും ധൈര്യം വിടാതെ ഞാനവിടെയെല്ലാം തിരഞ്ഞുനോക്കി. പെട്ടെന്ന് ഞാനത് കണ്ടു. പൗഡിക്കോണം മുക്കിലെ ഇരുട്ടില്‍ നാലുപാടും ചിതറിക്കിടന്ന കടലാസുകള്‍, കുറച്ചു സമയം മുന്‍പ് എം.ടി. വാസുദേവന്‍ നായര്‍ എന്നെ വിശ്വസിച്ചേല്പിച്ച, പകര്‍പ്പും പേജ് നമ്പറും ഇല്ലാത്ത കയ്യെഴുത്തു പ്രതിയുടെ ഭാഗങ്ങളാണ്. എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാനിങ്ങനെ നടുങ്ങിയിട്ടില്ല. ഒരൊറ്റ നിമിഷത്തില്‍ ഒരായിരം ശാപങ്ങള്‍ ഒരുമിച്ചു ഞാനനുഭവിച്ചു. ഭ്രാന്തനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടം ഓടിനടന്ന് അവിടെക്കണ്ട കടലാസുകളോരോന്നായി ഞാന്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. കാര്‍ കടന്നുപോയപ്പോള്‍ ഉണ്ടായ ചെറിയ കാറ്റില്‍ കടലാസുകള്‍ നാലുപാടും ചിതറിയിരിക്കുന്നു. എന്റെ വെപ്രാളം കണ്ട് കുമാറും ഇറങ്ങിവന്നു. കുമാറിനൊന്നും മനസ്സിലായില്ല. കിട്ടിയതെല്ലാം എടുത്ത് കാറില്‍ വെച്ചിട്ട് കാര്‍ തിരിച്ചിട്ട് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ വീണ്ടും നോക്കിയപ്പോള്‍ കൂടുതല്‍ പേജുകള്‍ കിട്ടി. എല്ലായിടവും പലവട്ടം പരിശോധിച്ചിട്ടും സംശയം ബാക്കിനില്‍ക്കുന്നു. എന്റെ കണ്ണിനെത്താന്‍ കഴിയാത്ത ഇരുട്ടുമൂലയിലെവിടെയോ ഒരു കടലാസ് മറഞ്ഞുകിടക്കുന്നുണ്ടെന്ന ഭീതി ഓരോ തവണ ഉയരുമ്പോഴും എന്റെ ഉള്ളില്‍ പുതിയ നടുക്കങ്ങളും ഉയര്‍ന്നുകൊണ്ടിരുന്നു.

അന്നു രാത്രി വെളുക്കുന്നതുവരെ ഇരുന്ന് ഒരോ പേജും ഞാന്‍ പലവട്ടം വായിച്ചു. 32 പേജാണ് ആകെ ഉണ്ടായിരുന്നത്. കടലാസിന്റെ ഇരുവശത്തും എഴുതിയിട്ടുണ്ട്. ഭാഗംഭാഗമായി പലതവണ പേജുകള്‍ മാറിമാറി അടുക്കി പരീക്ഷിച്ചു നോക്കിയിട്ട്, അവസാനം ഒരുവിധത്തില്‍ കഥക്രമം മനസ്സിലാക്കി ഒരു ഫയലിലത് സുരക്ഷിതമായി ഉറപ്പിച്ചുവെച്ച് അടുത്ത ദിവസം ഞാനത് എം.ടി. സാറിനു തിരിച്ചുകൊടുത്തു. ആ തിരക്കഥയാണ് 'കടവ്' എന്ന സിനിമയായത്. വളരെ ചെറിയ ബജറ്റില്‍ കുറച്ച് ദിവസംകൊണ്ട് ഷൂട്ടു ചെയ്ത സിനിമയുടെ ക്യാമറാമാനായ എനിക്ക് പ്രൊഡ്യൂസറായ അദ്ദേഹം തന്നത് വലിയ പ്രതിഫലമായിരുന്നു. ഞാനതു പറഞ്ഞപ്പോള്‍ ഇരിക്കട്ടെ, എന്നു പറഞ്ഞ് എന്റെ തോളില്‍ത്തട്ടി ചിരിച്ചിട്ട് അദ്ദേഹം ആ വിഷയം അവസാനിപ്പിച്ചു. അതിന്റെ ഷൂട്ടിനെക്കുറിച്ച് അദ്ദേഹം എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ക്യാമറാമാനായ എന്നെ ഒരുപാട് പ്രശംസിച്ചിട്ടുമുണ്ട്. അതിനുശേഷമാണ് എം.ടി. സാര്‍ എഴുതി ഹരികുമാര്‍ സംവിധാനം ചെയ്ത 'സുകൃതം' എന്ന സിനിമ ഷൂട്ടു ചെയ്യാന്‍ ഞാന്‍ തന്നെ വേണമെന്ന് അദ്ദേഹം നിര്‍ബ്ബന്ധിച്ചത്. അതിനുശേഷമാണ് 'ദയ' എന്ന സിനിമ സംവിധാനം ചെയ്യാന്‍ അദ്ദേഹം എന്നെത്തന്നെ ചുമതലപ്പെടുത്തിയത്. അപ്പോഴെല്ലാം പൗഡിക്കോണത്തെ കാളരാത്രി ഞാനോര്‍ത്തിട്ടുണ്ട്. മഹാഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് അന്ന് എന്‍.എല്‍. ബാലകൃഷ്ണന്‍ എന്റെ കാറില്‍നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസുകള്‍ ആ ഇരുട്ടത്തും എനിക്ക് ശ്രദ്ധിക്കാന്‍ തോന്നിയതും ഇറങ്ങി നോക്കിയതും. പിന്നീട് ഞാനതോര്‍ക്കുമ്പോള്‍, എന്തിന്, ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഞാനിതെഴുമ്പോള്‍പോലും, എന്റെ നടുക്കം മാറിയിട്ടില്ല. അന്നു ഞാനത് ശ്രദ്ധിക്കാതെ പോയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു. മരണംവരെ മാപ്പര്‍ഹിക്കാത്ത മഹാപരാധിയായി ഞാന്‍ മാറാന്‍ അതൊന്നുമാത്രം മതിയാകുമായിരുന്നു. 'കടവി'നു മുന്‍പും സാറെഴുതിയ തിരക്കഥകള്‍ ഞാന്‍ ഷൂട്ടു ചെയ്തിട്ടുണ്ട്. 'ആരണ്യകം', 'താഴ്വാരം' തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകന്‍ ഞാനായിരുന്നു. രണ്ടു ചിത്രങ്ങളിലും എം.ടി. സാര്‍ സജീവമായി സെറ്റിലുണ്ടായിരുന്നു. എങ്കിലും 'കടവി'നുശേഷമാണ് അദ്ദേഹം എന്നോട് കൂടുതല്‍ അടുപ്പവും വാത്സല്യവും കാണിക്കാന്‍ തുടങ്ങിയത്. അതിന്നും അങ്ങനെത്തന്നെയുണ്ട് എന്നാണെന്റെ ഉത്തമ വിശ്വാസം.

കോഴിക്കാട് ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ അടുത്താണ് എം.ടി. സാര്‍ ഇപ്പോള്‍ ചികിത്സയിലുള്ള ആശുപത്രി. ആദ്യം അദ്ദേഹത്തിന് എന്നെ കണ്ടിട്ട് മനസ്സിലായില്ല. ആരാന്ന് അച്ഛനു മനസ്സിലായില്ലേ, എന്ന് അശ്വതി ചോദിച്ചു. വേണുവാണ് എന്നു ഞാന്‍ പറഞ്ഞു. അദ്ദേഹം വീണ്ടുമെന്നെ സൂക്ഷിച്ചുനോക്കി. പെട്ടെന്ന് അദ്ദേഹത്തിന്റെ ചുണ്ടിന്റെ കോണില്‍ ഒരനക്കം ഞാന്‍ കണ്ടു. അതു സാവധാനം ചെറിയൊരു ചിരിപോലെ തെളിഞ്ഞുവന്നിട്ട് ഉടന്‍ തന്നെ മറഞ്ഞു. അവ്യക്തമായി അദ്ദേഹം വേണു എന്നു പറഞ്ഞു. എന്റെ ഉള്ളില്‍ അസഹനീയമായ ഒരു വേദന നിറഞ്ഞുവന്നു. എനിക്ക് അദ്ദേഹത്തെ ഒന്നു തൊടണമെന്നു തോന്നി.

അദ്ദേഹം പുതച്ചിരുന്ന പുതപ്പിന്റെ മേലെ കൈവെച്ച് ഞാന്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടില്‍ പതുക്കെ ഒന്നു തൊട്ടു. സ്പര്‍ശനം, അതെത്ര ലഘുവാണെങ്കില്‍ക്കൂടി, ഉളവാക്കുന്ന വൈകാരിക വിസ്ഫോടനം അവര്‍ണ്ണനീയമാണ്. പെട്ടെന്നെന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു നിമിഷത്തില്‍ ഒരുപാട് ഓര്‍മ്മകള്‍ ഓടിവന്നു പോയി. ഞാന്‍ അദ്ദേഹത്തിന്റെ കാലിനുമേലെ വെറുതേ വിരലോടിച്ചുകൊണ്ട് മുഖം കുനിച്ചുനിന്നു. തടവലിന്റെ താളത്തില്‍ മെല്ലെ മൂളിക്കൊണ്ട് അദ്ദേഹം കണ്ണടച്ചു കിടന്നു. കുറേ നേരമത് തുടര്‍ന്നു. മരുന്നു കൊടുക്കാനൊരു നഴ്സ് വന്നു.

നഴ്സ് പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വിണ്ടും അടുത്തേയ്ക്ക് ചെന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈവിരലുകള്‍ ചലിക്കുന്നത് എന്റെ നേരെയാണെന്ന് എനിക്കു തോന്നി. ഞാന്‍ വളരെ ശ്രദ്ധിച്ച് അദ്ദേഹത്തിന്റെ ഇടതുകയ്യിലേയ്ക്ക് എന്റെ വലതുകൈ നീട്ടി. അദ്ദേഹമത് മുറുകെപ്പിടിച്ചു. ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ കൈക്കരുത്തിനു കാര്യമായ കുറവൊന്നുമില്ല എന്നെനിക്ക് തോന്നി. ഞാനതു പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ കൈ കൂടുതല്‍ ശക്തിയില്‍ അമര്‍ത്തി. ഞാനും അല്പം ശക്തിയില്‍ തിരിച്ചമര്‍ത്തി. പെട്ടെന്ന് അതൊരു ബലപരീക്ഷണമായി മാറി. അത് അദ്ദേഹം നന്നായി ആസ്വദിക്കുന്നുണ്ടെന്നും എനിക്കു തോന്നി. അതിനിടയില്‍ അദ്ദേഹം മകളോട് അവ്യക്തമായി എന്തോ പറഞ്ഞു. കളക്ഷന്‍ എന്നാണ് പറഞ്ഞതെന്നു തോന്നി. എന്തു കളക്ഷന്റെ കാര്യമാണ് അച്ഛന്‍ പറയുന്നത് എന്ന് അശ്വതി ചോദിച്ചു. ഒന്നുമില്ല, എന്നു തലയാട്ടി അദ്ദേഹം മെല്ലെ എന്റെ കയ്യില്‍നിന്നു കയ്യെടുത്തു. ചിലപ്പോള്‍ അച്ഛന്‍ പറയുന്ന ചില കാര്യങ്ങള്‍ തനിക്ക് മനസ്സിലാകാറില്ലെന്നും കൂടുതല്‍ ചോദിച്ചാല്‍ ഒന്നും പറയില്ലെന്നും അശ്വതി പറഞ്ഞു. അടുത്ത ദിവസം ഡിസ്ചാര്‍ജായി വീട്ടില്‍ പോകാമെന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നു കേട്ടപ്പോള്‍ സാറിനു സന്തോഷമായി. പോകാം, പോകാം എന്നു പലതവണ പറഞ്ഞു. എന്നിട്ട്, ഭക്ഷണം കൊടുക്കണം എന്നും പറഞ്ഞു. ഭക്ഷണത്തിനു സമയമായില്ല എന്നു അശ്വതി പറഞ്ഞപ്പോള്‍ എന്നെ നോക്കി വേണുവിന്, എന്നു പറഞ്ഞു. അതു കൊടുക്കാം എന്നു മകള്‍ പറഞ്ഞു. അദ്ദേഹം വീണ്ടും കണ്ണടച്ചു.

ഞാന്‍ ഹോട്ടല്‍ മുറിയിലേയ്ക്ക് തിരിച്ചു നടന്നു. കോഴിക്കോട് നഗരത്തിന്റെ പുതിയ മുഖം രാത്രി വെളിച്ചത്തില്‍ ജ്വലിച്ചുനില്‍ക്കുകയാണ്. വെറും ഭാഗ്യംകൊണ്ടു മാത്രമാണ് എന്റെ ജിവിതത്തില്‍ പലതും സംഭവിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇന്നും സംഭവിച്ചത്.

നാളെ രാവിലെ ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുപോകും. തീവണ്ടിയുടെ ജനലിലൂടെ പുറകോട്ടോടുന്ന കാഴ്ചകള്‍ പലതും കാണാതെ തന്നെ കടന്നുപോകും. സഹയാത്രികരുടെ മുഖങ്ങള്‍ മറന്നുപോകും. എങ്കിലും ഒടുവില്‍ യാത്ര കഴിയുമ്പോള്‍ ചിലതൊക്കെ ശേഷിക്കും. കുറച്ച് മുന്‍പ് എന്റെ കൈ ബലത്തില്‍ പിടിച്ചമര്‍ത്തിയ പരുക്കന്‍ വിരലുകള്‍ തരുന്ന കരുതല്‍ ഒരിക്കലും നിലക്കാതെ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com