പത്രാധിപ ജാഡകള്‍ക്കിടയിലെ വ്യത്യസ്ത മുഖദര്‍ശനം
തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാംപാദം. ഏറനാട്ടിലെ തുവ്വൂരില്‍ അദ്ധ്യാപനം ആഘോഷമാക്കിയ കാലം. കഥയുള്ള കാലംകൂടിയായിരുന്നു അത്. കലാകൗമുദിയിലും കഥയിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലും ഏറ്റവും കൂടുതല്‍ കഥകള്‍ പ്രസിദ്ധീകരിച്ച കാലം. തുവ്വൂരിലെ ദയാപരനായ നാണിയും ലോനാപ്രഥമന്റെ അന്ത്യവും അങ്ങാടി വേലയുമൊക്കെ പിറവികൊണ്ടത് അന്നാണ്. കഥകള്‍ അധികവും കലാകൗമുദിയിലും കഥയിലുമാണ് വന്നിരുന്നത്. എന്നാല്‍, പത്രാധിപര്‍ ജയചന്ദ്രന്‍ നായരെ നേരില്‍ക്കാണാന്‍ പിന്നെയും സമയമെടുത്തു.
തിരുവനന്തപുരത്ത് എസ്.സി.ഇ.ആര്‍.ടിയില്‍ പാഠപുസ്തക ശില്പശാല നടക്കുന്നതിനിടയിലാണ് കെ. ബാലകൃഷ്ണന്‍ എന്ന മലയാളം കണ്ട മൗലിക പ്രതിഭയായ പത്രാധിപരേയും തേടി പേട്ടയില്‍ എത്തുന്നത്. ആ കൂടിക്കാഴ്ച സംഭവബഹുലമായിരുന്നു. അതു കഴിഞ്ഞ് കലാകൗമുദിയില്‍ കൂടി കയറി. നട്ടുച്ചയ്ക്കും ഇരുട്ടു മയങ്ങുന്ന കലാകൗമുദി ആഫീസില്‍, പുസ്തകങ്ങളും കടലാസുകെട്ടുകളും അലങ്കോലമാക്കിയ ഒരു മേശയ്ക്കു പുറകില്‍, തൂവെള്ളക്കുപ്പായവും കൊമ്പന്‍ മീശയുമായി സൗമ്യനായ ഒരു താടിക്കാരന്‍. ഞാനവിടെ ഇരിക്കുമ്പോള്‍ നെടുമുടി വേണു അങ്ങോട്ടു കയറിവന്നു. സമസ്ത കേരള സാഹിത്യപരിഷത്ത് ജൂബിലി വേളയില്‍ എറണാകുളം ബി.ടി.എച്ചില്‍ ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു. ചുള്ളിക്കാടും കെ.എസ്. രാധാകൃഷ്ണനും ഞാനുമൊക്കെ പങ്കെടുത്ത പുതിയ എഴുത്തുകാരുമായുള്ള സംവാദം ഗംഭീരമായി കലാകൗമുദിയില്‍ റിപ്പോര്‍ട്ട് ചെയ്തത് നെടുമുടിയായിരുന്നു. സിനിമയിലേയ്ക്കുള്ള തന്റെ ആദ്യ വിമാനയാത്രയുടെ ടിക്കറ്റു കിട്ടിയതും കൊണ്ടാണ് നെടുമുടിയുടെ വരവ്. എഴുതിത്തുടങ്ങുന്ന ഒരാളോടുള്ള പത്രാധിപ സമീപനമായിരുന്നില്ല ജയചന്ദ്രന്‍ നായരുടേത്. ദീര്‍ഘകാല സൗഹൃദമുള്ള ഒരെഴുത്തുകാരനോടെന്ന മട്ടിലാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. ഉച്ചഭക്ഷണത്തിനു കാറില്‍ എന്നേയും കൂട്ടി. പത്രാധിപ ജാഡകള്‍ക്കിടയില്‍ ജയചന്ദ്രന്‍ നായരുടേത് തീര്‍ത്തും വ്യത്യസ്തമായ മുഖദര്‍ശനമായിരുന്നു.
എറണാകുളത്ത് മലയാളത്തിന്റെ ആഫീസിലായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാമത്തെ കൂടിക്കാഴ്ച. അന്ന് പി. സുരേന്ദ്രനും അവിടെ ഉണ്ടായിരുന്നു. ആശയലോകത്തെ പുതിയ ഒറ്റയാന്മാരെ തേടി നായാട്ടിനിറങ്ങാന്‍ അദ്ദേഹത്തിന് എന്നും ഉത്സാഹമായിരുന്നു. ചിന്തരവിയേയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയും ഇപ്രകാരം വഴിതിരിച്ചുവിട്ടതിന്റെ ഗദ്യസൗഭാഗ്യങ്ങള്‍ മലയാളി പിന്നീട് നന്നായി ആസ്വദിച്ചു. ചിന്തരവിയെ നക്‌സല്‍ ഗ്രാമങ്ങളിലേയ്ക്കും ചുള്ളിക്കാടിനെ ചിദംബര സ്മരണകളിലേയ്ക്കും ഉണര്‍ത്തിയെടുത്തത് ജയചന്ദ്രന്‍ നായരെന്ന പത്രാധിപരാണ്. നാളത്തെ സാഹിത്യം ഇന്നു കണ്ടെത്തുന്നയാളാണ് മികച്ച പത്രാധിപര്‍ എന്നു പറയുന്നത് ഇവിടേയും ചേര്‍ത്തുവായിക്കാവുന്നതത്രെ.
ഒരിക്കല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍പ്പെട്ട് അദ്ദേഹം വല്ലാതെ ആകുലനായപ്പോള്‍ എന്നെ വിളിച്ചു. ഞങ്ങള്‍ ഓണക്കൂര്‍ ശങ്കരഗണകനേയും തിരുമന്ധാംകുന്നിലമ്മയേയും ദര്‍ശിച്ചതോര്‍ക്കുന്നു. തനിക്കും ഒരു സാഹിത്യ അക്കാദമി അവാര്‍ഡിന് സാധ്യതയുണ്ടോ എന്ന് തെല്ലൊരു തമാശയായി അദ്ദേഹം ചോദിച്ചതോര്‍ക്കുന്നു. ഏതു പ്രതിഭാശാലിയേയും അവഗണിച്ചു മുന്നേറാനുള്ള ഇടവും അക്കാദമിയിലുണ്ടെന്നാണ് അന്നു നല്‍കിയ മറുപടി. പിന്നീട് അദ്ദേഹം സാഹിത്യ അക്കാദമിയില്‍ പുരസ്‌കൃതനാവുകയും ചെയ്തു.
എം.പി. ശങ്കുണ്ണിനായരെ കണ്ട ദിവസം
ജയചന്ദ്രന്‍ നായരെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നത് മേഴത്തുരെ വീട്ടില്‍ പോയി എം.പി. ശങ്കുണ്ണി നായരെ കണ്ടതാണ്. പുലിയെ മടയില്‍ ചെന്നു കാണുക ദൃഷ്‌കരമായിരുന്നു.
ഒരിക്കല്‍ സംഭാഷണത്തില്‍ ശങ്കുണ്ണി നായര്‍ എഴുതിയ എഴുത്തച്ഛന്റെ ജീവചരിത്രത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. പെട്ടെന്ന് അദ്ദേഹം അതില്‍ക്കയറി പിടിച്ചു. നമുക്കുടനെ ശങ്കുണ്ണി നായരെ പോയി കാണണം. പത്രക്കാരെ അടിച്ചതിനകത്ത് കയറ്റാത്ത പ്രകൃതം. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: മുന്‍കൂട്ടി അറിഞ്ഞാല്‍ അടുത്ത വണ്ടിക്ക് ചെന്നൈക്ക് കടന്നുകളയും!
ഏതു വിധത്തിലും നമുക്ക് അദ്ദേഹത്തെ കാണണം. അദ്ദേഹത്തിനു നിര്‍ബ്ബന്ധമായി. ഒടുവില്‍ ശങ്കുണ്ണി നായരുടെ അയല്‍ക്കാരന്‍ കൂടിയായ വി.ടിയുടെ മകന്‍ വാസുദേവനുമായി ബന്ധപ്പെട്ട് അതീവരഹസ്യമായി ഒരു ഓപ്പറേഷന് മുഹൂര്‍ത്തം കുറിച്ചു. വാസുദേവന്‍ വിവരം ചോര്‍ത്തിത്തന്നു, അദ്ദേഹം വീട്ടിലുണ്ട്. ജയചന്ദ്രന്‍ നായരും ഞാനും കൂടി മേഴത്തൂരെ ശങ്കുണ്ണി നായരുടെ വീട്ടിലെത്തി. പടികടന്നു ചെല്ലുമ്പോള്‍ അദ്ദേഹം വീടിന്റെ പുറംതിണ്ണയില്‍ ഒറ്റത്തോര്‍ത്തുടുത്തിരുന്ന് കുഴമ്പു തേയ്ക്കുകയാണ്. മുറ്റത്ത് നില്‍ക്കുന്ന ഞങ്ങളോട് അദ്ദേഹം കൂടെയുള്ളത് ആരെന്നു തിരക്കി. ദീര്‍ഘകാലം കലാകൗമുദിയുടേയും ഇപ്പോള്‍ മലയാളത്തിന്റേയും പത്രാധിപര്‍, എസ്. ജയചന്ദ്രന്‍ നായര്‍ - ഞാന്‍ പറഞ്ഞു. ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി. വന്നകാലില്‍ത്തന്നെ മുറ്റത്തു നില്‍ക്കുന്ന എന്നോടായി, ഒരു മയവുമില്ലാതെ പരുഷശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു: ''ആ പട്ടിയെ വളര്‍ത്തുന്ന പത്രാധിപരാണോ?''
മുഖത്തടിച്ചതുപോലുള്ള അത്തരത്തിലൊരു ചോദ്യം അപ്രതീക്ഷിതമായിരുന്നു.
ഞാന്‍ ജയചന്ദ്രന്‍ നായരെ നോക്കി. അദ്ദേഹം അതാസ്വദിച്ച മട്ടില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു.
സംസ്‌കൃത പണ്ഡിതന്‍ കൂടിയായ ആ പ്രശസ്ത നിരൂപകനോട് ശങ്കുണ്ണി നായര്‍ക്ക് അപ്രിയമുണ്ടാകാമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍, ഇത്ര തീക്ഷ്ണമായ രൂപകമായി വന്ന് പത്രാധിപരെ കടിക്കുമെന്ന് കരുതിയില്ല.
കുറേ സമയംകൂടി ഞങ്ങളെ മുറ്റത്ത് നിര്‍ത്തി സംഭാഷണവും കുഴമ്പു തേയ്പും തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു കസേരകള്‍ മുറ്റത്തേയ്ക്കിടാന്‍ അദ്ദേഹം വീട്ടുകാരോട് നിര്‍ദ്ദേശിച്ചു. ഞങ്ങളുടെ വെറും തടവ് അവസാനിച്ചു.
വന്ന കാര്യം ഞാന്‍ പറഞ്ഞു.
''ഇല്ല. ഞാനങ്ങനെ പുസ്തകമൊന്നും എഴുതിവെച്ചിട്ടില്ല. ചില നോട്ടുപുസ്തകങ്ങളില്‍ ചിലതൊക്കെ കുറിച്ചുവെച്ചിട്ടുണ്ട്. അതിലൊന്ന് എം. അച്യുതന്‍ എടുത്തുകൊണ്ടുപോയി മാതൃഭൂമി പ്രസിദ്ധീകരിച്ചു (ഛത്രവും ചാമരവും-പുസ്തകമിറങ്ങിയ ഉടനെ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ആ കൃതിക്ക് ഒരുമിച്ചുകിട്ടി. സാനു മാസ്റ്ററുടെ കമ്മിറ്റി പ്രഖ്യാപിച്ച അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ശങ്കുണ്ണി നായര്‍ കൂട്ടാക്കിയില്ല. ഞാന്‍ സെക്രട്ടറിയായി ചുമതലയേറ്റയുടനെ അക്കാദമിയില്‍ വന്ന് അവാര്‍ഡ് കുടിശ്ശിക ഏറ്റുവാങ്ങുകയായിരുന്നു!). അതോടെ എനിക്കൊരു കാര്യം മനസ്സിലായി. എന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശേഷിയുള്ളവര്‍ മലയാളത്തില്‍ ഇന്നില്ലയെന്ന്. മാത്രവുമല്ല, ഞാന്‍ വരും തലമുറകള്‍ക്കുവേണ്ടിയാണെഴുതുന്നത്. കാലമായിട്ടില്ല പ്രസിദ്ധീകരിക്കാന്‍. ഈ ജന്മത്തില്‍ അതു നടക്കുമെന്നും തോന്നുന്നില്ല'' -അദ്ദേഹം കണിശമായി പറഞ്ഞു.
ഒന്നൊന്നര മണിക്കൂര്‍ അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം ഒരു മൗലിക പ്രതിഭയുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും. ഇന്ദിരാഗാന്ധിയുടെ കൗള പാരമ്പര്യം, പുരാണത്തിലെ ആദ്യവധം-പശുപാലവധം, സംസ്‌കൃതം പഠിപ്പിക്കാന്‍ കെല്പില്ലാത്ത സംസ്‌കൃത സര്‍വ്വകലാശാല, ഇന്ത്യനോളജി വകുപ്പിലെ ദാരിദ്ര്യം എന്നിങ്ങനെ തീക്ഷ്ണമായ വിലയിരുത്തലുകള്‍.
ഞങ്ങള്‍ വെറുംകയ്യോടെ മടങ്ങി. ഒട്ടും നിരാശ തോന്നാതെ. മടങ്ങുമ്പോള്‍, ജയചന്ദ്രന്‍ നായര്‍ പറഞ്ഞു: ''ശങ്കുണ്ണി നായരെ വന്നു കണ്ടത് നന്നായി. ഈ മഹാപണ്ഡിതന്റെ മൗലിക പ്രതിഭയുടേയും കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം.
ആനുകാലിക സാഹിത്യവും രാഷ്ട്രീയവുമൊക്കെ വിപണനം ചെയ്ത് ഉപജീവനം കഴിക്കുന്ന പത്രക്കാരെവിടെ, കാലാതീതമായ ചിന്തകളുമായി രമിച്ച് ആത്മവിശ്വാസത്തിന്റെ തുരുത്തുകളില്‍ ജീവിക്കുന്ന ശങ്കുണ്ണി നായരെപ്പോലുള്ള പ്രതിഭാഗരിമകളെവിടെ?
കേസരി, കൗമുദി ബാലകൃഷ്ണന്‍, എന്‍.വി. കൃഷ്ണവാര്യര്‍, എം.ടി തുടങ്ങിയ മഹാപത്രാധിപന്മാരുടെ നിരയിലാണ് എസ്. ജയചന്ദ്രന്‍ നായരുടെ സ്ഥാനം. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കു തൊഴുത്തുകളില്‍നിന്നും അകന്നുനടന്ന ജയചന്ദ്രന്‍ നായരോട് കേരളം നീതി കാണിച്ചില്ല. ആത്മാഭിമാനവും സ്വന്തമായ നിലപാടുകളും ഉള്ളവര്‍ക്ക് തീരെ ഇണങ്ങുന്നതല്ല ഇന്നത്തെ പത്രാധിപ ചുമതലകള്‍ എന്ന് ആര്‍ക്കാണറിയാത്തത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക