
സാന്ദ്രവും കുളിര്‍മ്മയുറ്റതുമായ തണല്‍ ചൊരിഞ്ഞ ഒരു മാമരമായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍. ആ തണലില്‍ ചേര്‍ന്നുനിന്നവര്‍ അനേകം. ചിലര്‍ക്കു ലഭിച്ചത് ആദരവെങ്കില്‍ മറ്റു പലര്‍ക്കും വാത്സല്യം. എത്രയോ പേര്‍ അറിഞ്ഞത് ഗാഢസൗഹൃദം.
തിരുവനന്തപുരത്ത് പേട്ടയിലുള്ള കൗമുദി ബില്‍ഡിംഗ്‌സ് ആസ്ഥാനമാക്കി ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തില്‍ കലാകൗമുദി വാരിക പ്രസിദ്ധീകരിച്ചു തുടങ്ങിയത് എഴുപതുകളുടെ മദ്ധ്യത്തിലാണ്. വളരെ പെട്ടെന്നുതന്നെ വായനക്കാര്‍ക്കിടയില്‍ അതിന് വലിയ സ്വീകാര്യത കൈവന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പും അന്വേഷണം മാസിക പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളും രൂപപ്പെടുത്തിയ നവഭാവുകത്വത്തേയും ആധുനികതയേയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കലാകൗമുദിയുടേയും അതിന്റെ പത്രാധിപരുടേയും പങ്ക് നിര്‍ണ്ണായകമായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ പരിശീലനക്കളരിയായും കലാകൗമുദി നിലകൊണ്ടു. നെടുമുടി വേണുവിനെ ഞാന്‍ ആദ്യമായി കാണുന്നത് കൗമുദി ന്യൂസ് സര്‍വ്വീസിനുവേണ്ടി വടക്കന്‍ കേരളത്തിലെ ഒരു സാഹിത്യസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നപ്പോഴാണ്. അരവിന്ദന്റെ 'തമ്പി'ല്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നെങ്കിലും വേണു അക്കാലത്ത് കൗമുദി ന്യൂസ് സര്‍വ്വീസിന്റെ ഭാഗമായിരുന്നു. സിനിമയില്‍ സജീവമാകുവോളം വേണു കളരിയില്‍ തുടര്‍ന്നു. ഇനി ഒരാള്‍ രവീന്ദ്രനാണ്. അകലങ്ങളിലെ മനുഷ്യരെത്തേടിയുള്ള രവീന്ദ്രന്റെ സാഹസിക യാത്രകളുടെ പ്രേരണ ജയചന്ദ്രന്‍ നായരായിരുന്നു. ആന്ധ്രയിലെ പുകയുന്ന ഗ്രാമങ്ങളില്‍നിന്നും ഒറീസയിലെ ദുര്‍ഗമമായ ആദിവാസിമേഖലയില്‍നിന്നും ബ്രഹ്മപുത്രയുടെ തടങ്ങളില്‍നിന്നും അരുണാചല്‍പ്രദേശിലെ ദുഷ്പ്രാപ്യമായ ഗിരിനിരകളില്‍നിന്നും വനപാര്‍ശ്വങ്ങളില്‍നിന്നുമൊക്കെ രവീന്ദ്രന്‍ നിര്‍വ്വഹിച്ച പൂര്‍വ്വമാതൃകകളില്ലാത്ത അനുഭവ വ്യാഖ്യാനങ്ങള്‍ക്ക് ഭാഷ ജയചന്ദ്രന്‍ നായരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു. അത്യുല്‍സുകനായ യാത്രികന് തന്റെ വേറിട്ട യാത്രാസങ്കല്പം സാക്ഷാല്‍ക്കരിക്കാനായത് ജയചന്ദ്രന്‍ നായരുടെ നിര്‍ലോഭമായ പിന്തുണയും അതിരറ്റ സ്‌നേഹവായ്പും കൊണ്ടാണ്. ഗോദാവരിയിലെ മുക്കുവത്തിയേയും തിക്കറപാഡയിലെ മുതലകളേയും ദിഗാരുവിലെ ആനകളേയും വാഞ്ചുഗ്രാമങ്ങളിലെ പച്ചകുത്തിയ തലവേട്ടക്കാരേയും നാം കണ്ടത് അങ്ങനെയാണ്. കലാകൗമുദി അനുവാചകര്‍ക്കു നല്‍കിയ പ്രൗഢവിഭവങ്ങളായിരുന്നു രവീന്ദ്രന്റെ യാത്രാക്കുറിപ്പുകള്‍.
'മലയാളനാട്' വാരികയിലൂടെ 'ധര്‍മ്മപുരാണം' പറയാനായി ചമ്രംപടിഞ്ഞിരുന്ന ഒ.വി. വിജയന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ ഉദ്യമം വേണ്ടെന്നുവെച്ചശേഷം അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനെതിരായ ചില അന്യാപദേശ കഥകളും ദീര്‍ഘമായ ഒരു കാര്‍ട്ടൂണ്‍ പരമ്പരയുമായി (ഇത്തിരി നേരമ്പോക്ക്, ഒത്തിരി ദര്‍ശനം) പ്രതിഷേധത്തിനുള്ള വേദിയാക്കിയത് കലാകൗമുദിയേയാണ്. അതിനു പിന്നില്‍ ജയചന്ദ്രന്‍ നായരെന്ന പത്രാധിപരുടെ ധീരത തന്നെ. ദുരധികാരത്തെ ഭയന്ന് പലരും നിശ്ശബ്ദരോ, സ്തുതിപാഠകരോ ആയി മാറുകയും മാധ്യമധാര്‍മ്മികതയെന്നത് കമ്പോളത്തിലെ വിലയില്ലാത്ത നാണയമായിത്തീരുകയും ചെയ്ത കാലത്തും നട്ടെല്ലുവളയ്ക്കാതെ നിന്നത് ഇങ്ങനെ ചുരുക്കം ചില ധീരവ്യക്തിത്വങ്ങളാണ്. ആരെല്ലാമോ വിട്ടുവീഴ്ചകള്‍ക്കു വഴങ്ങി നേട്ടങ്ങളുണ്ടാക്കി. ജയചന്ദ്രന്‍ നായരാകട്ടെ, അന്തസ്സോടെ നിന്നു. തന്റെ ചായ്വും ആകുലതകളും പിന്നീട് 'പിറവി'യെന്ന ചിത്രത്തിലൂടെ അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. നൊന്ത മനസ്സുണ്ട് അതില്‍. കേന്ദ്രകഥാപാത്രമായ അച്ഛനെ അവതരിപ്പിച്ച പ്രേംജിയുടെ ദുഃഖപാരവശ്യമുള്ള വൃദ്ധനേത്രങ്ങളിലും ഹതാശമായ നീക്കങ്ങളിലും കരച്ചിലിനോടടുത്ത ശബ്ദത്തിലും താന്തമായ ഇരിപ്പിലും പ്രേക്ഷകര്‍ കണ്ടറിഞ്ഞത് നിസ്സഹായരായ വെറും മനുഷ്യരുടെ അപാരമായ ആത്മസങ്കടമാണ്. അങ്ങനെയൊരു സൃഷ്ടിയിലെ പങ്കാളിത്തം നിസ്സംശയമായും ചെറിയ കാര്യമല്ല. കേവല മാനവികതയില്‍ ഊന്നുന്ന തലങ്ങള്‍ അതിനുണ്ട്. പക്ഷേ, അതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ ഏറെ പ്രകടമാണ്. നമ്മള്‍ അവ കാണാതിരുന്നുകൂടാ.
വര്‍ഷങ്ങളോളം 'മലയാളനാട്' വാരികയില്‍ മുഖ്യാകര്‍ഷണമായ എം. കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'മെന്ന പംക്തി തന്റെ ആധിപത്യത്തിലുള്ള പ്രസിദ്ധീകരണത്തിലേക്കു ചേര്‍ത്തത് ജയചന്ദ്രന്‍ നായരുടെ വ്യക്തിപരമായ നേട്ടമായിരുന്നു. 'മാതൃഭൂമി'യോട് വിടപറഞ്ഞ ചിത്രകാരന്‍ നമ്പൂതിരിയേയും അദ്ദേഹം തന്റേതാക്കി. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എന്റെ പല കഥകള്‍ക്കും 'കണ്ണാടിക്കടല്‍' എന്ന നോവലിനും ജീവസ്സുറ്റ ചിത്രങ്ങള്‍ വരച്ചത് നമ്പൂതിരിയായിരുന്നു.
നമ്പൂതിരിയുമായി ബന്ധപ്പെട്ട ഒരോര്‍മ്മ ഇവിടെ പങ്കുവെയ്ക്കട്ടെ: മലയാള മനോരമയുടെ ഒരു വാര്‍ഷികപ്പതിപ്പിനുവേണ്ടി 'കാമമോഹിതം' എന്ന നോവലെഴുതിയപ്പോള്‍ ആരാണതിന് വരയ്‌ക്കേണ്ടതെന്ന ചര്‍ച്ചയുണ്ടായി. ചില പേരുകള്‍ ഉയര്‍ന്നുവന്നു. ഞാന്‍ നിര്‍ദ്ദേശിച്ചത് നമ്പൂതിരിയെയാണ്.
വാര്‍ഷികപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന മണര്‍ക്കാട് മാത്യുവും ഞാനും പിറ്റേന്ന് കോഴിക്കോട്ടേയ്ക്കു പോയി ബിലാത്തിക്കുളത്തെ പാര്‍പ്പിടത്തില്‍വെച്ച് നമ്പൂതിരിയെ കണ്ടു. കാര്യം അവതരിപ്പിച്ച ശേഷം നോവലിന്റെ കയ്യെഴുത്തുപ്രതി കൊടുത്തു. നമ്പൂതിരി താളുകള്‍ തിടുക്കത്തില്‍ മറിച്ച് ആഖ്യാനസംബന്ധിയായ ധാരണ വരുത്തി. ഞങ്ങളുടെ ആകാംക്ഷയ്ക്ക് അറുതിയായി. വരയ്ക്കാന്‍ വിരോധമില്ല. പക്ഷേ, ജയചന്ദ്രന്‍ നായര്‍ സമ്മതിക്കണം. ചോദിക്കാമെന്നു പറഞ്ഞ് ഞങ്ങളെ മുന്നിലിരുത്തിക്കൊണ്ടുതന്നെ അദ്ദേഹം ലാന്റ് ഫോണില്‍ ജയചന്ദ്രന്‍ നായരുമായി ബന്ധപ്പെട്ടു. അവര്‍ തമ്മിലുള്ള സംഭാഷണം ഒരു വാക്കും വിടാതെ ഞങ്ങള്‍ക്കു കേള്‍ക്കാം. ശ്വാസം നേരെ വീഴാന്‍ ഏറെ നേരം വേണ്ടിവന്നില്ല. ഞങ്ങള്‍ ആഹ്ലാദഭരിതരായി മടങ്ങി.
നമ്പൂതിരിയുടെ കലാജീവിതത്തില്‍ അതൊരു വഴിത്തിരിവായിരുന്നു. ജയചന്ദ്രന്‍ നായര്‍ അന്ന് ശാഠ്യപൂര്‍വ്വം വിലക്കിയിരുന്നെങ്കില്‍ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെടാനും ദീര്‍ഘകാലസൗഹൃദം പുലര്‍ത്താനുമുള്ള അവസരം വരയുടെ പരമശിവന് (ജയചന്ദ്രന്‍ നായര്‍ പറയാറുണ്ടായിരുന്നത് തിരുമേനിയെന്നാണ്) എന്നെന്നേക്കുമായി നഷ്ടമായേനെ. 'കാമമോഹിത'ത്തിന്റെ രേഖാചിത്രങ്ങളുടെ അസ്സല് ചുവരില്‍ കാണുമ്പോള്‍ ഞാന്‍ നമ്പൂതിരിയെ മാത്രമല്ല, മഹാമനസ്‌കത കാട്ടിയ ജയചന്ദ്രന്‍ നായരേയും കൃതജ്ഞതയോടെ ഓര്‍ക്കും.
കലാകൗമുദിയിലായിരുന്നപ്പോഴും പിന്നീട് 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സി'ന്റെ ആഭിമുഖ്യത്തിലുള്ള 'സമകാലിക മലയാളം വാരിക'യുടെ സ്ഥാപക പത്രാധിപരായപ്പോഴും ജയചന്ദ്രന്‍ നായര്‍ എഴുത്തുകാരെ നിരന്തരം പ്രചോദിപ്പിച്ചിരുന്നു. അതിന്റെ സദ്ഫലങ്ങളിലൊന്നായിരുന്നു എം.ടിയുടെ 'രണ്ടാമൂഴം.' തിരക്കിനിടയില്‍ തന്നെ ഒരിടത്ത് പിടിച്ചിരുത്തി നിശ്ശബ്ദം ശാസിച്ച് എഴുതിപ്പിച്ചതിന് ജയചന്ദ്രന്‍ നായരോടുള്ള നന്ദി എം.ടി. ഒരെഴുത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതവസാനിക്കുന്നത് ഇങ്ങനെയാണ്: ''സ്‌നേഹം - എപ്പോഴും മനസ്സിലുണ്ടായിരിക്കും.''
ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകത്തോടുള്ള പ്രതികരണമായി പത്രാധിപസ്ഥാനത്തിരുന്ന് ജയചന്ദ്രന്‍ നായര്‍ കൈക്കൊണ്ട അസാധാരണമായ നടപടി കേരളം മറന്നിട്ടില്ല. അതുപോലൊന്ന് നമ്മുടെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അഭൂതപൂര്‍വ്വമായിരുന്നു. ആദര്‍ശധീരതയുടെ കൊടിക്കൂറ ഉയര്‍ന്നുപാറിയ സമാനസന്ദര്‍ഭങ്ങള്‍ ഏറെയൊന്നുമില്ലല്ലോ ഓര്‍ക്കാന്‍. സ്ഥാനമൊഴിഞ്ഞതില്‍ പിന്നീടും ജയചന്ദ്രന്‍ നായര്‍ കര്‍മ്മനിരതനായിരുന്നു; വായിച്ചും എഴുതിയും സിനിമകള്‍ കണ്ടും. ഗ്രബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിനേയും ആന്ദ്രേ തര്‍ക്കോവ്സ്‌കിയേയും ആഴത്തില്‍ പഠിച്ചറിഞ്ഞതിനു സാക്ഷ്യപത്രങ്ങളായ കൃതികള്‍ കൂടാതെ ആഖ്യായികകളും നിരൂപണ രചനകളുമൊക്കെയായി എഴുത്തിന്റെ സജീവത അന്ത്യം വരെ തുടര്‍ന്നു.
വിട പറയട്ടെ, അത്യധികമായ ആദരവോടെ, മനസ്സുനിറയെ സ്‌നേഹത്തോടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക