എസ്. ജയചന്ദ്രന്‍ നായര്‍; സമകാലിക മലയാളത്തില്‍ അദ്ദേഹത്തിന്റെ ഒന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകളിലൂടെ...

എസ്. ജയചന്ദ്രന്‍ നായര്‍; സമകാലിക മലയാളത്തില്‍ അദ്ദേഹത്തിന്റെ ഒന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകളിലൂടെ...
Updated on

1997മെയ് പതിനാറിന് സമകാലിക മലയാളം വാരിക പ്രഥമലക്കമായി പുറത്തിറങ്ങുമ്പോള്‍ അതില്‍ മുഖ്യപത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ ഇങ്ങനെ എഴുതി: ''ജീവിതത്തെ ഗൗരവമായി കാണുകയും പ്രശ്‌നങ്ങളോട് തീക്ഷ്ണമായി പ്രതികരിക്കുകയും വ്യക്തമായ സമീപനങ്ങള്‍ സ്വീകരിക്കുകയും വിവേചനശീലരായ വായനക്കാരെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.'' യഥാര്‍ത്ഥത്തില്‍ പത്രാധിപസമിതിയുടെ എന്നതിലുപരി പത്രാധിപരുടെ തന്നെ വാഗ്ദാനമായിരുന്നു അത്. നിര്‍ഭയത്തോടെ പത്രാധിപരുടെ കസേരയില്‍ പതിനഞ്ചു വര്‍ഷമിരുന്ന അദ്ദേഹം വായനാസമൂഹത്തിനു മുന്‍പില്‍ ഒരു വിസ്മയമായിരുന്നു. ആദ്യ ലക്കത്തില്‍ത്തന്നെ കേരളത്തില്‍ ഇടതു-വലതു മുന്നണി മന്ത്രിസഭയിലെ ജലസേചന വകുപ്പുമന്ത്രിമാരുടേയും അവരെ ചുറ്റിപ്പറ്റിനില്‍ക്കുന്ന കരാറുകാരുടേയും അഴിമതികള്‍ തുറന്നുകാട്ടിക്കൊണ്ട് എഴുതിയ റിപ്പോര്‍ട്ട് കവര്‍‌സ്റ്റോറിയായി നല്‍കുമ്പോള്‍ അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുമെന്ന സന്ദേശമാണ് നല്‍കിയത്. അഴിമതിക്കെതിരായി പിന്നെയും എത്രയോ കവര്‍സ്റ്റോറികള്‍ അദ്ദേഹം മുന്‍കയ്യെടുത്തു വാരികയില്‍ പ്രസിദ്ധീകരിച്ചു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അതിജീവന സമരങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണയും എത്രയാണ്; പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കു നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതാണ്. സമകാലിക മലയാളത്തില്‍ അദ്ദേഹത്തിന്റെ ഒന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണിവിടെ.

---

കലാകൗമുദിക്കാലത്ത് തലസ്ഥാന നഗരിയില്‍നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍, ഊഷ്മളമായ സൗഹൃദങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനുള്ളിലെ പത്രപ്രവര്‍ത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഒട്ടുംതന്നെ സ്വാധീനിക്കാന്‍ കഴിവുള്ളതായിരുന്നില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ തന്റെ സഹപാഠികൂടിയായിരുന്ന ആര്‍. ബാലകൃഷ്ണ പിള്ളയുമായുണ്ടായിരുന്ന പൂര്‍വ്വകാല സൗഹൃദം അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ - റിപ്പോര്‍ട്ടുകളിലും അദ്ദേഹത്തിന്റെ തന്നെ മുഖപ്രസംഗങ്ങളിലും - ഒട്ടും പരിഗണിക്കപ്പെട്ടിരുന്നില്ല. അതിന്റെ പരിഭവം മരണം വരെ ബാലകൃഷ്ണപ്പിള്ള സൂക്ഷിച്ചു. അടിയന്തരാവസ്ഥയുടെ മറവില്‍ കേരളത്തില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കെ. കരുണാകരനെ ജയചന്ദ്രന്‍ നായര്‍ തന്റെ ഹൃദയത്തിനു പുറത്തു നിര്‍ത്തി. കരുണാകരന്റേതായ ഒരഭിമുഖംപോലും ഒന്നര പതിറ്റാണ്ടിനിടയ്ക്ക് വാരികയില്‍ അച്ചടിച്ചു വന്നില്ല. അതിനു കാരണമായി അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഈച്ചരവാര്യരുടെ കണ്ണീരും അടിയന്തരാവസ്ഥ നാളുകളില്‍ ക്രൈംബ്രാഞ്ച് ക്യാമ്പുകളില്‍ അരങ്ങേറിയ ഉരുട്ടിക്കൊലകളും എന്തെന്നറിയാവുന്ന എനിക്ക് എങ്ങനെ കരുണാകരനെപ്പോലെ ഒരാളെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ്. കോണ്‍ഗ്രസ്സില്‍നിന്നും വിട്ടുപോന്ന കെ. കരുണാകരന്‍ ഡി.ഐ.സി എന്ന പാര്‍ട്ടി രൂപീകരിക്കുകയും സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാകുകയും ചെയ്തപ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് ക്രൈംബ്രാഞ്ച് ക്യാമ്പുകളില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ആളുകളെ കണ്ടെത്തി അവരുടെ വാക്കുകളിലൂടെ ഭരണകൂടത്തിന്റെ ആക്രമണകഥകള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായി.

ശാസ്തമംഗലം ക്യാമ്പില്‍ കൊല്ലപ്പെട്ട നക്‌സല്‍ പ്രവര്‍ത്തകന്‍ വര്‍ക്കല വിജയന്റെ അധികമാരും അറിയാത്ത കഥ മലയാളം വാരിക പുറത്തു കൊണ്ടുവന്നത് ആ കാലത്തിന്റെ ഓര്‍മ്മകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കാനായിരുന്നു. രാഷ്ട്രീയരംഗത്ത് ഇ.എം.എസ് ജയചന്ദ്രന്‍ സാറിനു പ്രിയപ്പെട്ട ഒരാളായിരുന്നു. ലളിതമായ ജീവിതത്തിലൂടെ, കൃത്യമായ നിലപാടുകളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മഹാമേരുവായി വളര്‍ന്ന ഇ.എം.എസ്സിനെ തിരുവനന്തപുരത്തെ ഭവനത്തില്‍ പോയി ഇടയ്‌ക്കൊക്കെ ജയചന്ദ്രന്‍ നായര്‍ സന്ദര്‍ശിച്ചിരുന്നു. 1998 മാര്‍ച്ച് 19-ന് അന്തരിക്കുമ്പോള്‍ 'ഒരു കാലഘട്ടം അവസാനിക്കുന്നു' എന്ന പേരില്‍ പ്രത്യക പതിപ്പ് അദ്ദേഹത്തോടുള്ള ആദരവായി പുറത്തിറക്കിയിരുന്നു. പത്രാധിപര്‍ തന്റെ പേരു വെച്ചെഴുതിയ മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്:

''ജീവിതത്തിന്റെ നിസ്സാരതകളിലാണല്ലോ നമുക്കൊക്കെ കൗതുകം. അദ്ദേഹം കയറിയ പര്‍വ്വതങ്ങളും കൊടുമുടികളും അതുകൊണ്ടുതന്നെ നമുക്ക് അപ്രാപ്യങ്ങളാണ്. എങ്കിലും ഒരു കാര്യത്തില്‍ നമുക്കു ചാരിതാര്‍ത്ഥരാകാം. ഇ.എം.എസ് ജീവിച്ച കാലത്ത് നമുക്കു ജീവിക്കാനായെന്നതില്‍. അദ്ദേഹം നടന്നുപോയ വഴികളിലൂടെ നമുക്കു നടക്കാനായതില്‍. അദ്ദേഹം ശ്വസിച്ച വായു നമുക്കും ശ്വസിക്കാനായതില്‍. അതുതന്നെ വലിയ കാര്യമാണ്. നമുക്കു നമ്മുടെ കുട്ടികളോട് പറയാം ഇ.എം.എസ് എന്നൊരു മഹാമനുഷ്യന്‍ നമുക്കിടയില്‍ ജീവിച്ചിരുന്നുവെന്ന്.'' ഇ.എം.എസ്സിനു മരണാനന്തരം കിട്ടിയ ഏറ്റവും വിലകൂടിയ ആദരവായിരുന്നു പത്രാധിപരുടെ ആ മുഖപ്രസംഗം.

ഇതേ ആദരവോടെയാണ് രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന്റെ മരണത്തിനുശേഷം പുറത്തിറങ്ങിയ വാരികയും. കെ.ആര്‍. നാരായണന്റെ മുഖചിത്രവുമായി പുറത്തിറങ്ങിയ വാരികയുടെ 'സമകാലിക മലയാളം' എന്ന മാസ്റ്റ്‌ ഹെഡ് പതിവുകള്‍ ലംഘിച്ച് ഏറ്റവും താഴെയാണ് നല്‍കിയത്. 'അഭിജാതമായ ഒരു സാന്നിദ്ധ്യം ഓര്‍മ്മയാകുന്നു' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്: ''അധികാരത്തിന്റെ ആഡംബരങ്ങളുടെ ചതിക്കുഴിയില്‍പ്പെടാതെ, ഹൃദയത്തിന്റെ ശബ്ദം കേട്ടായിരുന്നു അദ്ദേഹം നടന്നത്. അതുതന്നെയായിരുന്നു കെ.ആര്‍. നാരായണന്റെ മഹത്വവും.''

ഇ.കെ. നായനാരായിരുന്നു ജയചന്ദ്രന്‍ സാറിന്റെ പ്രിയപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവ്. പക്ഷേ, മുഖ്യമന്ത്രിയായിരുന്ന നായനാരെ പലപ്പോഴും രൂക്ഷമായി ആക്രമിച്ചിരുന്ന അദ്ദേഹം, ഇ.കെ. നായനാരുടെ മരണത്തില്‍ 2004 മെയ് മാസത്തില്‍ പുറത്തിറക്കിയ പ്രത്യേക പതിപ്പ് നായനാര്‍ക്കുള്ള മനോഹരമായ ട്രിബ്യൂട്ടായിരുന്നു. മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ ജയചന്ദ്രന്‍ നായര്‍ക്ക് അടുപ്പമുണ്ടായിരുന്ന മറ്റൊരാള്‍. പി.കെ.വി 2005 ജൂലൈയില്‍ അന്തരിക്കുമ്പോള്‍ പത്രാധിപര്‍ ഇങ്ങനെ എഴുതി: ''ഒരു സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കുകയെന്ന സ്വപ്നം പ്രായോഗികമാക്കാന്‍ രാഷ്ട്രീയ ജീവിതത്തെ സ്വയം വരിച്ച പി.കെ. വാസുദേവന്‍ നായര്‍ അന്യംനിന്ന കുലീന പാരമ്പര്യത്തിലെ അവസാന കണ്ണിയായിരുന്നു.'' ആ തലമുറയില്‍ പി. ഗോവിന്ദപ്പിള്ള, കെ.വി. സുരേന്ദ്രനാഥ്, ആര്‍.എസ്.പി നേതാവായിരുന്ന ടി.ജെ. ചന്ദ്രചൂഢന്‍, ആര്‍.എസ്. ഉണ്ണി തുടങ്ങി വലിയൊരു നിര മലയാളം വാരികക്കാലത്തും അതിനു മുന്‍പും ജയചന്ദ്രന്‍ സാറിന്റെ സൗഹൃദം സൂക്ഷിച്ച രാഷ്ട്രീയ നേതാക്കന്മാരാണ്. വി.എസ്. അച്ചുതാനന്ദനെ രൂക്ഷമായി ആക്രമിക്കുന്ന രീതിയായിരുന്നു സമകാലിക മലയാളത്തിന്റെ പ്രാരംഭകാലത്ത്. അച്ചുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെടുകയും ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്ത കാലത്ത്, ജനകീയ പ്രശ്‌നങ്ങളില്‍ അച്ചുതാനന്ദന്‍ എടുത്ത നിലപാടുകള്‍ പൊതുസമൂഹത്തില്‍ അദ്ദേഹത്തിന് അനുകൂലമായ വികാരം തന്നെ സൃഷ്ടിച്ചു. അവിടം മുതല്‍ വി.എസ് പാര്‍ട്ടിക്ക് പതിയെപ്പതിയെ അനഭിമതനാകുകയും പിണറായി - വി.എസ് എന്ന ദ്വന്ദ്വം രൂപപ്പെടാന്‍ കാരണമാകുകയും ചെയ്തു. അക്കാലത്ത് വി.എസ്സിനു പൂര്‍ണ്ണമായി പിന്തുണ നല്‍കാനാണ് ജയചന്ദ്രന്‍ സാറും വാരികയും ശ്രമിച്ചത്. 2006 മാര്‍ച്ചില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വി.എസ്സിന് സീറ്റ് നിഷേധിച്ച സംഭവത്തില്‍ രൂക്ഷമായ പ്രതികരണമാണ് പത്രാധിപര്‍ നടത്തിയത്. 'നാടകം തുടങ്ങുന്നു' എന്ന പേരില്‍ അദ്ദേഹം എഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: ''വി.എസ്. അച്ചുതാന്ദന്‍ സ്ഥാനാര്‍ത്ഥി ആകാതിരുന്നാലോ, സ്ഥാനാര്‍ത്ഥിയായി ജയിച്ച് ഇടതു മുന്നണിയുടെ സാരഥിയായി അടുത്ത മുഖ്യമന്ത്രി ആകാതിരുന്നാലോ ആകാശം ഇടിഞ്ഞുവീഴുകയില്ല. എന്നാല്‍ അങ്ങനെയൊക്കെ സംഭവിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുന്നത് സാധാരണക്കാരുടേതായിരിക്കും. നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ വി.എസ്. അച്ചുതാനന്ദന്‍ കെട്ടിപ്പടുത്തതാണ് അവരുടെ ആകാശം...'' ഇങ്ങനെ പോകുന്നു ആ വാക്കുകള്‍.

----

കലാകൗമുദിയില്‍നിന്നും സമകാലിക മലയാളത്തിന്റെ തട്ടകത്തിലേയ്ക്ക് ജയചന്ദ്രന്‍ സാറിനൊപ്പം വന്ന മൂന്നു പേര്‍ വാരികയുടെ താളുകളില്‍ വീണ്ടും തങ്ങളുടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. പ്രൊഫ. എം. കൃഷ്ണന്‍ നായര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഭട്ടതിരി എന്നിവരായിരുന്നു അത്. സാഹിത്യ നിരൂപകനും 'സാഹിത്യവാരഫലം' എന്ന പംക്തിയുടെ രചയിതാവുമായ എം. കൃഷ്ണന്‍ നായര്‍ ജയചന്ദ്രന്‍ സാറിനു വൈകാരികമായിത്തന്നെ വളരെ അടുപ്പമുള്ളയാളായിരുന്നു. 2006 ഫെബ്രുവരി മാസത്തില്‍ അദ്ദേഹം അന്തരിച്ച വാര്‍ത്ത എത്തുമ്പോള്‍ എഡിറ്ററുടെ മേശമേല്‍ വാരഫലത്തിന്റെ അവസാന ലക്കം കമ്പോസിങ്ങിനു മുന്‍പായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവസാനത്തെ ആ വാരഫലത്തിനു മുന്‍പില്‍ ദുഃഖഭരിതനായി വിങ്ങുന്ന ഹൃദയത്തോടെ ഇരുന്ന ജയചന്ദ്രന്‍ സാറിന്റെ മുഖം മറക്കാന്‍ കഴിയില്ല. അന്നു രാത്രി പ്രസിലേയ്ക്ക് അച്ചടിക്കു പോകേണ്ട വാരികയുടെ കവര്‍ പേജിലാണ് സാറിന്റെ നിര്‍ദ്ദേശപ്രകാരം ആ ലക്കം സാഹിത്യ വാരഫലം ആരംഭിച്ചത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരി കലാകൗമുദിക്കാലം മുതല്‍ക്കുതന്നെ ജയചന്ദ്രന്‍ സാറിന്റെ അരികെത്തന്നെയായിരുന്നു. ഒരിക്കല്‍ വാരികയില്‍ അദ്ദേഹം എഴുതി: ''മോഡിലാനിയുടെ ആരാധകനായിരുന്ന എന്നിലേയ്ക്ക് നമ്പൂതിരിയുടെ വരകള്‍ കടന്നുവന്നത് ആകസ്മികമായിരുന്നു. അതോടെ മോഡിലാനിയുടെ നീണ്ട കഴുത്തുള്ള ലോലലാവണ്യവതികള്‍ പെട്ടെന്നു മനസ്സില്‍നിന്നു പൊഴിഞ്ഞു. നനവുള്ള ഒരു പുലര്‍ക്കാലത്ത് തുറന്നിട്ട ജാലകത്തിലൂടെ വെളുത്ത പൂച്ചക്കുട്ടിയെപ്പോലെ, വെളിച്ചം കടന്നുവരുമ്പോലെയായിരുന്നു അകവും പുറവും നിറച്ചത്.'' കലാകൗമുദി വിടാന്‍ അദ്ദേഹം തീരുമാനിക്കുമ്പോള്‍ തിരുമേനി എന്ന് ജയചന്ദ്രന്‍ സാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന നമ്പൂതിരിയും മറ്റൊന്നും ആലോചിക്കാതെ ഇറങ്ങുകയായിരുന്നു. സമകാലിക മലയാളത്തില്‍നിന്നും പടിയിറങ്ങാന്‍ തീരുമാനമെടുക്കുമ്പോഴും രണ്ടാമതൊന്ന് ആലോചിക്കാതെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും മലയാളത്തിലെ വര നിര്‍ത്തി. വരയ്ക്കാന്‍ ഏല്പിച്ച കഥകളും നോവലുകളും അടുത്ത ദിവസംതന്നെ വാരികയില്‍ തിരികെ എത്തിച്ചു. പിന്നീട് പലപ്പോഴും ജയചന്ദ്രന്‍ സാര്‍ നമ്പൂതിരിയെ എടപ്പാളിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ആ സൗഹൃദം 2023 ജൂലൈ ഏഴിന് നമ്പൂതിരിയുടെ മരണം വരെ തുടര്‍ന്നിരുന്നു.

----

മനുഷ്യത്വമായിരുന്നു ജയചന്ദ്രന്‍ സാറിന്റെ മൂലധനം. അതില്‍ വിട്ടുവീഴ്ചയ്ക്ക് ഒരിക്കലും തയ്യാറായിരുന്നില്ല. ഒരു ദിവസം രാവിലെ കലൂരിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസിലേയ്‌ക്കെത്തിയ അദ്ദേഹത്തിന്റെ മുഖം മ്ലാനമായിരുന്നു. എന്തായിരിക്കാം കാരണമെന്നു ഞങ്ങളും. കാര്യം തിരക്കാന്‍ അദ്ദേഹത്തിന്റെ ക്യാബിനിലേയ്ക്ക് ചെന്ന ഞങ്ങള്‍ക്കു മുന്‍പിലേയ്ക്ക് അന്നിറങ്ങിയ ഒരു ദിനപ്പത്രത്തിലെ ചിത്രം കാണിച്ചുതന്നു. സൈന്യത്തിലേയ്ക്ക് ആളെ എടുക്കുന്ന സ്ഥലത്ത് ചെറിയ വ്യത്യാസത്തിന്റെ പേരില്‍ തെരഞ്ഞടുപ്പില്‍ പുറത്താക്കപ്പെട്ട ഒരു ചെറുപ്പക്കാരന്‍ സെലക്ഷന്‍ ഓഫീസറുടെ കാലുപിടിച്ചു കരയുന്ന ചിത്രം. ഹൃദയഭേദകമായ ആ കാഴ്ചയാണ് പത്രാധിപരെ ഉലച്ചുകളഞ്ഞത്. ആ ലക്കം വാരികയുടെ എഡിറ്റോറിയലില്‍ പതിവിനു വിപരീതമായി ആ ചിത്രമാണ് നല്‍കിയത്. നാലഞ്ചു വരികളും.

2003-ല്‍ മുത്തങ്ങയില്‍ മണ്ണിനുവേണ്ടി സമരം ചെയ്ത ആദിവാസി ജനവിഭാഗത്തെ അപ്രതീക്ഷിതമായി പൊലീസ് നേരിട്ടു. കേരളം ഞെട്ടിത്തരിച്ച മണിക്കൂറുകളായിരുന്നു അത്. പൊലീസ് വെടിവെയ്പിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി ആദിവാസികള്‍ക്ക് പരിക്കു പറ്റിയപ്പോള്‍ താന്‍ ഏറെ ബഹുമാനിച്ചിരുന്ന എ.കെ. ആന്റണി എന്ന മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിക്കുന്ന നിലപാടെടുത്തു. തലയ്ക്കടിയേറ്റ് ചോരവാര്‍ന്ന് അമ്മയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞിന്റെ ചിത്രം മുഖചിത്രമായി ഇറങ്ങിയ വാരികയില്‍ പത്രാധിപര്‍ എഴുതിയ മുഖപ്രസംഗത്തില്‍ ശ്മശാന വിജനതയില്‍ പടുമരങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂവെന്ന് ഭരണാധികാരികളെ ഓര്‍മ്മപ്പെടുത്തി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ സമൂഹമധ്യത്തില്‍ എത്തിക്കാന്‍ ഒരുപാടു ലക്കങ്ങളും പേജുകളും അദ്ദേഹം മാറ്റിവെച്ചതും മനുഷ്യത്വം എന്ന കാരണം കൊണ്ടുതന്നെ. ചെങ്ങറയിലെ ദളിതരുടെ ഭൂസമരത്തിനും തീരദേശ ജനതയുടെ അതിജീവന സമരങ്ങളേയും വാരികയില്‍ റിപ്പോര്‍ട്ടുകളായും ലേഖനങ്ങളായും നല്‍കി പിന്തുണച്ചു.

----

മലയാളം വാരികയുടെ താളുകളില്‍ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും കുടനിവര്‍ത്തി, അടുപ്പിച്ചു നിര്‍ത്തിയ എഴുത്തുകാരില്‍ ഓരോരുത്തരും എഴുതുന്നതും വായനക്കാര്‍ അത് സ്വീകരിക്കുന്നതും കണ്ട് സന്തോഷിച്ചിരുന്ന ജയചന്ദ്രന്‍ സാര്‍ അവരൊക്കെ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തി ഈ ലോകത്തുനിന്നും മറയുന്നതിനും സാക്ഷിയായി. വാരികയുടെ പ്രകാശനം നിര്‍വ്വഹിച്ച് തകഴി ശിവശങ്കരപ്പിള്ള രണ്ടുവര്‍ഷത്തിനുശേഷം അന്തരിക്കുമ്പോള്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ തകഴിയിലെത്തിയ ജയചന്ദ്രന്‍ സാറിനൊപ്പം സമകാലിക മലയാളം വാരികയുടെ സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം ചിത കത്തിത്തീരുന്നതുവരെ ജയചന്ദ്രന്‍ സാര്‍ അവിടെ നിറഞ്ഞ കണ്ണുമായി കാത്തുനിന്നു. പിന്നാലെ മലയാറ്റൂര്‍ രാമകൃഷ്ണനും എം.പി. നാരായണപിള്ളയും കാക്കനാടനും കടമ്മനിട്ടയും കടന്നുപോയി. വി.കെ.എന്നും ഒ.വി. വിജയനും വാരികയില്‍ എഴുതിക്കൊണ്ടിരുന്ന പംക്തികളെ അനാഥമാക്കിയാണ് കടന്നുപോയത്. അവരുടെ രണ്ടു പേരുടേയും ശരീരത്തെ അഗ്‌നിക്ക് വിട്ടുകൊടുക്കാന്‍ തിരുവല്വാമലയിലെ നിളയുടെ തീരത്ത് ഐവര്‍മഠം ശ്മശാനത്തില്‍ ജയചന്ദ്രന്‍ സാറും പോയിരുന്നു. അത്രമേല്‍ വ്യക്തിബന്ധമുണ്ടായിരുന്ന രണ്ടു പേരായിരുന്നു അവര്‍. വാക്കുകളില്‍ തീപാറിച്ച എം.എന്‍. വിജയന്‍ എന്ന ചിന്തകന്‍ സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി സമരത്തിനിടയില്‍ ആക്രമണങ്ങള്‍ നേരിട്ട കാലത്ത് മലയാളം വാരിക അദ്ദേഹത്തിനു പിന്നില്‍ ഉറച്ചുനിന്നു. സമകാലിക മലയാളത്തില്‍ തുടര്‍ച്ചയായി പംക്തി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റ മരണം. അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ കൊടുങ്ങല്ലൂരില്‍ എത്തിയ പത്രാധിപര്‍ മടങ്ങിയത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. വിജയന്‍ മാഷിന്റെ വീടിന്റെ ഇറയത്ത് ഒരുപാട് സമയം ഇരുന്ന അദ്ദേഹത്തിന്റെ ചിത്രം അന്ന് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ ഫോട്ടോഗ്രാഫര്‍ രാജീവ് പ്രസാദ് പകര്‍ത്തിയിരുന്നു. അടുത്ത ലക്കം മലയാളം വാരികയില്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ച ആ ചിത്രം അദ്ദേഹം പ്രസിദ്ധീകരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി പത്രാധിപര്‍ സ്വന്തം ചിത്രം പ്രസിദ്ധീകരിച്ചു. ഇതിനെപ്പറ്റി ചോദിച്ചവരോടൊക്കെ ഇതു തന്റെ നിലപാടാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാധവിക്കുട്ടിയുടെ മരണമാണ് ജയചന്ദ്രന്‍ സാറിനെ ഉലച്ച മറ്റൊരു മരണം. പൂനെയില്‍നിന്നുള്ള 'കത്തുകള്‍' എന്ന പംക്തി വാരികയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കെയാണ് അവര്‍ വിടവാങ്ങിയത്. അവരുടെ മതംമാറ്റ വിവാദത്തില്‍ തീവ്രഹിന്ദു സംഘടനകള്‍ അവരെ നാലുപാടും നിന്ന് ആക്രമിക്കുമ്പോള്‍ അവര്‍ക്കു മാനസികമായി പിന്തുണ നല്‍കാന്‍ വാരിക ഒരു ലക്കം മുഴുവന്‍ മാറ്റിവെച്ചിരുന്നു. 2009 മെയ് അവസാനം മാധവിക്കുട്ടി പൂനെയില്‍ വെച്ച് തന്റെ എഴുപത്തിയഞ്ചാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ധീരയായ ഒരെഴുത്തുകാരിയാണ് വിടപറഞ്ഞത്. അന്നു പുറത്തിറങ്ങിയ പ്രത്യേക പതിപ്പില്‍ മുഖപ്രസംഗത്തില്‍ ജയചന്ദ്രന്‍ നായര്‍ ഇങ്ങനെ എഴുതി: ''സ്‌നേഹത്തെപ്പറ്റി സ്വപ്നം കണ്ട മാധവിക്കുട്ടി കഥകള്‍ എഴുതി. ആ കഥകള്‍ വായിച്ചവര്‍ സ്വപ്നം കാണാന്‍ മറന്നുപോയിരുന്നുവെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. അങ്ങനെ ഒരു തലമുറയ്ക്ക് തന്റെ സ്വപ്നത്തിന്റെ തുണ്ടുകള്‍ നല്‍കിയും ചിലപ്പോള്‍ അതില്‍ മധുരവും കയ്പും നിറയ്ക്കാന്‍പോലും അവര്‍ മറന്നിരുന്നില്ല. സ്വപ്നം കാണാന്‍ മോഹിപ്പിച്ചും അഞ്ചു പതിറ്റാണ്ടുകള്‍ നമ്മോടൊപ്പം ജീവിച്ച അവര്‍ സ്വപ്നങ്ങളില്ലാത്ത ലോകത്തേയ്ക്കു പോയിരിക്കുന്നു.''

----

പൊതു തെരഞ്ഞെടുപ്പുകള്‍ എത്തുമ്പോള്‍ ജയചന്ദ്രന്‍ സാര്‍ വാരികയുടെ ഡെസ്‌കിനെ ഒരു ഉത്സവപറമ്പാക്കി മാറ്റുമെന്ന് കളിപറയാറുണ്ട്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന് അദ്ദേഹം നല്‍കിയിരുന്ന സ്വാതന്ത്ര്യം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. പൊതുവായ രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തുമ്പോള്‍ത്തന്നെ ഓരോ സ്ഥാനാര്‍ത്ഥിയുടേയും നന്മതിന്മകളേയും വിലയിരുത്തിയാകും പിന്തുണ നല്‍കുക. 1998 ഫെബ്രുവരിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളെ തെരഞ്ഞു പിടിച്ച് 'നാടിന്റെ നന്മയ്ക്ക് ഇവര്‍ തോല്‍ക്കണം' എന്നു കവര്‍ തലക്കെട്ട് നല്‍കിയപ്പോള്‍ രാഷ്ട്രീയ കേരളം അന്ന് ഇളകി. ആ ലിസ്റ്റില്‍ കെ. കരുണാകരന്‍, കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, പി.ജെ. കുര്യന്‍, ജി.എം. ബനാത്വാല, പി.സി. ചാക്കോ, എ.സി. ഷണ്‍മുഖദാസ് എന്നിവരെയാണ് വാരിക തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തത്. പത്രാധിപ സമിതിയിലുള്ളവര്‍പോലും ഇത്തരമൊരു നീക്കത്തില്‍ ആശങ്ക പങ്കുവെച്ചപ്പോഴും ചിരിച്ചുകൊണ്ട് നേരിടുകയായിരുന്നു പത്രാധിപര്‍. അടുത്ത ലക്കത്തില്‍ അതും കടത്തിവെട്ടി. 'ഇവരുടെ ജയം നാടിന്റെ ആവശ്യം' എന്ന തലക്കെട്ടില്‍ പി. ഗോവിന്ദപ്പിള്ള, വി.എം. സുധീരന്‍, നൈനാന്‍ കോശി കെ. സുരേഷ് കുറുപ്പ് എന്നിവരുടെ മുഖചിത്രങ്ങളാണ് നല്‍കിയത്. ഈ ധൈര്യം പിന്നീട് പലപ്പോഴും കണ്ടു, അനുഭവിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും ഹിന്ദു തീവ്രവാദികളും ചിലപ്പോഴൊക്കെ സി.പി.എമ്മുകാരും കടുത്ത ഭീഷണിയുയര്‍ത്തി. ഏലൂരിലെ തോഷിബ കമ്പനിയിലെ തൊഴിലാളി സമരത്തില്‍ തൊഴിലാളി നേതാക്കള്‍ നടത്തിയ വഞ്ചനാപരമായ നീക്കങ്ങളെ തുറന്നുകാട്ടി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ യൂണിയന്‍ നേതാക്കള്‍ അടക്കം വന്നു പത്രാധിപരുടെ ക്യാബിനിലെത്തി ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായി. നാദാപുരത്തും കാസര്‍ഗോട്ടും നടന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി വാരികയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്ന ഭീഷണി ചെറുതായിരുന്നില്ല. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ പ്രസിദ്ധീകരണത്തില്‍ 'സയണിസ്റ്റായ സജി ജെയിംസും ഫാസിസ്റ്റായ എസ്. ജയചന്ദ്രന്‍ നായരും' എന്നു തുടങ്ങുന്ന ലേഖനം പ്രസിദ്ധീകരിച്ചു. എഴുതിയത് മനുഷ്യാവകാശ പ്രവര്‍ത്തകനും തീവ്ര സ്വഭാവമുള്ള ആ സംഘടനയുടെ സഹയാത്രികനുമായിരുന്ന മുകുന്ദന്‍ സി. മേനോന്‍. തസ്നി ബാനു എന്ന മഞ്ചേരിയിലെ പെണ്‍കുട്ടിയെപ്പറ്റി വന്ന റിപ്പോര്‍ട്ടിനെച്ചൊല്ലി വാരിക പലയിടത്തും കത്തിക്കുകയും വാരികയുടെ ഓഫീസിനുനേരെ ഭീഷണി ഉയരുകയും ചെയ്തു. ദിവസങ്ങളോളം പൊലീസ് കാവല്‍ അന്ന് ഓഫീസിനുണ്ടായിരുന്നു. പിന്നെയും എത്രയോ ഭീഷണികള്‍. അതെല്ലാം ചിരിച്ചുകൊണ്ട് നേരിടുമെങ്കിലും സഹപ്രവര്‍ത്തകരുടെ സുരക്ഷയില്‍ അദ്ദേഹം ആശങ്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു പൊതു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പുറത്തിറങ്ങാനിരിക്കുന്ന സമകാലിക മലായാളം വാരിക നിരോധിക്കുന്നതായി എറണാകുളം ആര്‍.ഡി.ഒ നേതൃത്വത്തില്‍ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി നോട്ടീസ് നല്‍കി. കോഴിക്കോട്ടെ സി.പി.ഐ.എം നേതാവിന്റെ പരാതി പ്രകാരം കോഴിക്കോട് ജില്ലാകളക്ടര്‍ക്കു ലഭിച്ച പരാതി എറണാകുളത്തേയ്ക്ക് കൈമാറിയതാണ്. പുറത്തിറങ്ങാനിരിക്കുന്ന വാരികയുടെ ഉള്ളടക്കം എന്താണെന്നറിയാതെ തനിക്കെതിരായിരിക്കും നിര്‍ണ്ണായക ദിവസത്തിലിറങ്ങുന്ന വാരിക എന്ന് ഊഹിച്ച ആ നേതാവ് നല്‍കിയ പരാതിയിലാണ് നടപടി. എല്ലാവരും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സമയത്ത് ബംഗളൂരുവിലായിരുന്ന ജയചന്ദ്രന്‍ സാര്‍ അന്നു രാത്രി നേരെ തിരുവനന്തപുരത്തേയ്ക്ക് എത്തി. അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന നളിനി നെറ്റോയെ നേരിട്ട് കണ്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ടു. ജയചന്ദ്രന്‍ സാറിനെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു നളിനി നെറ്റോയുടെ പ്രതികരണം. സാറിന്റെ മുന്‍പില്‍ വെച്ചുതന്നെ അവര്‍ എറണാകുളം ജില്ലാകളക്ടറെ വിളിച്ചു തിരിച്ചുത്തരവിടാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം രാവിലെ എറണാകുളം എ.ഡി.എം എത്തി നിരോധനം നീക്കിയതായി അറിയിച്ചു. ഞങ്ങളെ അത്ഭുതപ്പെടുത്തിയ നീക്കമായിരുന്നു ജയചന്ദ്രന്‍ സാറിന്റേത്. ആരുടേയും മുന്‍പില്‍ തലകുനിക്കാത്ത അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത കണ്ടറിഞ്ഞ എത്രയെത്ര സംഭവങ്ങള്‍.

----

വിശേഷാല്‍ പതിപ്പുകള്‍ വാരികയുടെ മുദ്രകളായി മാറുന്നത് ജയചന്ദ്രന്‍ സാറിന്റെ സ്വപ്നമായിരുന്നു. ഒരുതരത്തില്‍ ഡ്രീം പ്രൊജക്ടുകള്‍. അതിനായി വലിയ തയ്യാറെടുപ്പുകള്‍ സാര്‍ നടത്താറുണ്ട്. ഭാവിയിലേക്കുള്ള റഫറന്‍സുകളാകണം ഓരോ പ്രത്യേക പതിപ്പുമെന്ന് അദ്ദേഹം നിര്‍ബ്ബന്ധം പിടിച്ചിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു നൂറ്റാണ്ട് പതിപ്പ്. 2000 ജനുവരിയില്‍ ആദ്യവാരം പുറത്തിറങ്ങിയ ആ പ്രത്യേക പതിപ്പ് 600 പേജുകളുണ്ടായിരുന്നു. കാര്യമായ പരസ്യമൊന്നും ഇല്ലാതെ നഷ്ടമാണ് എന്നറിഞ്ഞുകൊണ്ട് പുറത്തിറക്കിയ ആ പതിപ്പിനു മാസങ്ങള്‍ക്കു മുന്‍പേ തയ്യാറെടുപ്പുകള്‍ നടത്തി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ക്രയോണ്‍സില്‍ വരച്ച മഹാത്മാഗാന്ധിയുടെ മുഖചിത്രവുമായിട്ടാണ് അതു പുറത്തിറങ്ങിയത്. അതിന്റെ ആമുഖത്തില്‍ ജയചന്ദ്രന്‍ സാര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്: കേരളം ഇരുപതാം നൂറ്റാണ്ട് എന്ന പ്രമേയത്തെ ആധാരമാക്കി സമകാലിക മലയാളം തയ്യാറാക്കിയ ഈ പ്രത്യേക പതിപ്പിനെ സഫലവും സാര്‍ത്ഥകവുമാക്കുന്നത് ഇതിന്റെ മുഖചിത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റ് എന്നു വിളിക്കപ്പെടാവുന്ന ഒരാളായിരുന്നു ജയചന്ദ്രന്‍ സാര്‍. ഗാന്ധിജിയെപ്പറ്റി അദ്ദേഹം നിരന്തരം എഴുതി. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെ പിന്തുണച്ചുകൊണ്ടും ഗാന്ധിയെ നിന്ദിച്ചും വളര്‍ന്നുവരുന്ന രാഷ്ട്രീയം തന്നെ ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം നിരന്തരം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മഹാത്മാവിനെപ്പറ്റി അദ്ദേഹം പലപ്പോഴും എഴുതി. 1998 ജനുവരി മുപ്പതിന് ഇറങ്ങിയ വാരികയുടെ മുഖപ്രസംഗത്തില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന രണ്ടു ജോഡി ചെരുപ്പുകളുടെ ചിത്രമായിരുന്നു. അവിടെ അദ്ദേഹം 'ജനുവരി മുപ്പത്' എന്ന തലക്കെട്ടിനു താഴെ ഇങ്ങനെ എഴുതി: ''ജനുവരി മുപ്പത് വീണ്ടും വരുന്നു. 1948 ജനുവരി മുപ്പതിനാണ് മഹാത്മജിയെ നാമെല്ലാം ചേര്‍ന്നു വെടിവെച്ചുകൊന്നത്. അതിനുശേഷം, ഓരോ ജനുവരി മുപ്പതു വരുമ്പോഴും ആ സ്മരണയെ നാം വീണ്ടും വെടിവെച്ചു കൊല്ലുന്നു. അങ്ങനെ വെടിവെച്ചു കൊല്ലാന്‍ വീണ്ടും എത്തുന്നു ജനുവരി മുപ്പത്.''

----

ടി.പി. ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റ് ഇടയ്ക്ക് ഒന്നുരണ്ടു തവണ ജയചന്ദ്രന്‍ സാറിനെ കാണാന്‍ കലൂരിലെ എക്‌സ്പ്രസ് ഹൗസില്‍ എത്തിയിട്ടുണ്ട്. സംസാരത്തില്‍ പ്രകടമായ എളിമയും അദ്ദേഹത്തിന്റെ ജീവിതകഥകളും ചന്ദ്രശേഖരനിലേയ്ക്ക് ജയചന്ദ്രന്‍ സാറിനെ കൂടുതല്‍ അടുപ്പിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത സാറിന്റെ മനസ്സിനെ അത്രകണ്ട് പിടിച്ചു കുലുക്കിക്കളഞ്ഞു. അപ്പോഴാണ് താന്‍ ഏറെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്തിരുന്ന കവി പ്രഭാവര്‍മ്മ ദേശാഭിമാനിയില്‍ ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ലേഖനപരമ്പര എഴുതിയത്. അത് സാറിന്റെ കലുഷിതമായിരുന്ന മനസ്സിനെ കുറെക്കൂടി ബാധിച്ചു. അദ്ദേഹം ഒരു കുറിപ്പ് എഴുതി വാരിക പത്രാധിപസമിതിയിലേക്കെത്തി. ഞാന്‍ ഇങ്ങനെ ഒരു കുറിപ്പു കൊടുക്കുന്നുവെന്നും അതിനു നിങ്ങളുടെ അഭിപ്രായം എന്തെന്നറിയാനുള്ള ആഗ്രഹമുണ്ടെന്നും അറിയിച്ചപ്പോള്‍ സാര്‍ എന്തു നിലപാടെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നാണ് പത്രാധിപ സമിതി ഒന്നടങ്കം പറഞ്ഞത്. ആ കുറിപ്പില്‍ ഇങ്ങനെ പറയുന്നു: ''ചന്ദ്രശേഖരന്റെ കൊലപാതകം പരോക്ഷമായെങ്കിലും സാധൂകരിക്കാന്‍ മനുഷ്യ കഥാനുഗായിയായ ഒരെഴുത്തുകാരന് എങ്ങനെ സാധിക്കും എന്നതിന് എനിക്കുത്തരമില്ല.'' അങ്ങനെയാണ് 'ശ്യാമമാധവം' അവസാനിപ്പിക്കുന്നത്. രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ വിവാദം ആളിക്കത്തി. മാസങ്ങള്‍ക്കുശേഷമാണ് ജയചന്ദ്രന്‍ സാര്‍ വാരികയുടെ പടിയിറങ്ങുന്നത്. തികച്ചും വ്യക്തിപരമായ അസൗകര്യങ്ങളുടെ പേരിലുള്ള അധികാരമൊഴിയല്‍. പക്ഷേ, ഈ സ്ഥാനമൊഴിയലിനെ 'ശ്യാമമാധവ' വിവാദവുമായി കൂട്ടിക്കെട്ടാന്‍ ആരൊക്കെയോ ശ്രമിച്ചു. അക്കാര്യത്തില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. പിന്നെയും സമകാലിക മലയാളത്തില്‍ അദ്ദേഹം എഴുതി. നിരന്തരം. ഒടുവില്‍ അറുപതു വര്‍ഷത്തെ തന്റെ പത്രപ്രവര്‍ത്തന ജീവിതം വാരികയ്ക്കായി എഴുതിത്തുടങ്ങി. നിര്‍ഭാഗ്യവശാല്‍ അതില്‍ സമകാലിക മലയാളം വാരികയിലെ ഭാഗം എഴുതാന്‍ കഴിഞ്ഞില്ല. അപൂര്‍ണ്ണമെങ്കിലും ഈടുറ്റ സൃഷ്ടി. മലയാളം വാരിക എന്നാല്‍, ജയചന്ദ്രന്‍ നായര്‍ എന്ന പേര് എപ്പോഴും ഉയര്‍ന്നുനില്‍ക്കും. എം.ടി. വാസുദേവന്‍ നായരുടെ മരണത്തിനു പിന്നാലെയാണ് എസ്. ജയചന്ദ്രന്‍ നായര്‍ വിടപറഞ്ഞത്. വല്ലാത്തൊരു ആത്മബന്ധം അവര്‍ തമ്മിലുണ്ടായിരുന്നു. 'രണ്ടാമൂഴവും' 'വാരാണസി'യും ജയചന്ദ്രന്‍ നായരുടെ കൈകളിലൂടെയാണ് വായനക്കാരുടെ കൈകളില്‍ എത്തുന്നത്. എം.ടിയുടെ എഴുത്തുജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ പത്രാധിപര്‍ വേറെയുണ്ടാകില്ല. ലിറ്റററി ജേണലിസത്തിന്റെ തലതൊട്ടപ്പന് ആദരപൂര്‍വ്വം വിട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com