കാണാതെ പോയ 'കിളിവാതിലുകള്‍'

കാണാതെ പോയ 'കിളിവാതിലുകള്‍'
Updated on

ന്തെങ്കിലും നടക്കണമെന്ന് നമ്മൾ അഗാധമായി ആഗ്രഹിച്ചാൽ അത് നടത്തിയെടുക്കാൻ ഈ പ്രപഞ്ചം മുഴുവൻ ഒന്നിച്ചുചേർന്ന് ഗൂഢാലോചന നടത്തും” എന്ന വാക്കുകൾ മനുഷ്യജീവിതങ്ങളിൽ ഒട്ടേറെ പ്രകാശം പരത്തിയ ഒരു പ്രത്യാശയാണ്, പ്രാർത്ഥനകൾ പോലെ. ഓരോരോ അതിർത്തികൾ കടക്കാൻ കാത്തുനിൽക്കുന്നവർക്ക് അത് വലിയ പ്രചോദനമായിരുന്നിട്ടുണ്ട്. തങ്ങളുടെ സ്വപ്നം എന്നെങ്കിലും നടക്കും, എല്ലാവരും കൂടി അത് നടത്തിയെടുക്കും എന്ന ആ പ്രത്യാശ അവരെ കാത്തിരുപ്പിന്റെ ഇരുട്ടിൽ പിടിച്ചുനിൽക്കാൻ പ്രാപ്തരാക്കുന്നു. വർഷങ്ങൾ പോയതറിയാതെ കാത്തുനിൽക്കും അവർ നിന്നനില്‍പ്പിൽ നിൽക്കും, ഇന്നല്ലെങ്കിൽ നാളെ എന്ന പ്രത്യാശയുമായി. പിന്നെ അവർ അപ്രത്യക്ഷരാകുന്നു. സംവിധായകൻ പ്രതാപ്‌സിങ്ങും അങ്ങനെയൊരാളായിരുന്നു.

എഴുപതുകളുടെ തുടക്കത്തിൽ സിനിമാമോഹവുമായി പാലക്കാട്ടുനിന്നും മദിരാശിയിലെ കോടമ്പാക്കത്തെ ഭാഗ്യപരീക്ഷണം തുടങ്ങിയ വ്യക്തികളിൽ ഒരാളാണ് പ്രതാപ് സിങ്ങ്. 1971-ൽ പൊൻകുന്നം വർക്കിയുടെ രചനയെ ആസ്പദമാക്കി ജെ.ഡി. തൊട്ടാനും ബി.കെ. പൊറ്റക്കാടും ചേർന്ന് സംവിധാനം ചെയ്ത പ്രേംനസീറും ജയഭാരതിയും നായികാനായകന്മാരായ ‘ഗംഗാസംഗമം’ എന്ന സിനിമയിൽ പ്രതാപ് അഭിനയിച്ചതായി മലയാള സിനിമയുടെ വിവരശേഖരണം നടത്തിയ സാമൂഹിക മാധ്യമ കൂട്ടായ്മയായ m3db-യിൽ കാണുന്നുണ്ട്. അതേ വർഷം തന്നെ സത്യനും നസീറും ഷീലയും ഒക്കെ വേഷമിട്ട ജെ.ഡി. തൊട്ടാന്റെ ‘കരിനിഴൽ’ എന്ന സിനിമയുടെ സഹസംവിധായകനായും പണിയെടുത്തതായി m3db രേഖപ്പെടുത്തുന്നുണ്ട്. 1973-ൽ ബി.കെ. പൊറ്റക്കാടിന്റെ ‘ആരാധിക’ എന്ന സിനിമയിലും അഭിനയിച്ചു. എന്നാൽ, പിന്നീട് സഹസംവിധാനത്തിലേക്ക് തിരിഞ്ഞ പ്രതാപ് സിങ്ങ് എഴുപതുകളിൽ ജെ.ഡി. തൊട്ടാൻ അടക്കം നിരവധി സംവിധായകരുടെ കൂടെ സഹസംവിധായകനായി. അവസാനം ജോഷിയുടെ കൂടെയായിരുന്നു എന്നാണ് പ്രതാപ് സിങ്ങ് പറഞ്ഞ അറിവ്. അതായത് ഒരു ദശകക്കാലം സഹസംവിധായകനായ ശേഷമാണ് ‘ഡാലിയാപ്പൂക്കൾ’ (1980) എന്ന സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. ‘ഡാലിയാപ്പൂക്കൾ’ ഇറങ്ങിയ അദ്ദേഹവുമായി സൗഹൃദമുണ്ടാകുന്നത്. സിങ്ങ് അപ്പോൾ കോഴിക്കോട്ടാണ്.

എൺപതുകളുടെ ഹൃദയമിടിപ്പായ ശോഭ നായികയായ സിനിമ എന്ന പ്രത്യേകതയുണ്ടായിരുന്നു ‘ഡാലിയാപ്പൂക്കൾ’ക്ക്. അത്രയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നെ മാഞ്ഞു. ശോഭ അതിൽ ഉണ്ടായിരുന്നു എന്നതിലപ്പുറം ഇപ്പോൾ ഒന്നും ഓർമ്മയിലില്ല. കുറേക്കാലം നിന്നുപോയ ശേഷം വീണ്ടും തുടങ്ങി പൂർത്തിയാക്കിയ സിനിമ എന്ന നിലയ്ക്ക് അതിനെ കാണികളും അതിനെ വലിയ തോതിൽ തുണച്ചില്ല. അവിടുന്ന് തുടങ്ങുന്നു മറ്റൊരു സിനിമയ്ക്കായുള്ള പ്രതാപ്‌ സിങ്ങിന്റെ ഇരുപ്പ്.

ഡാലിയാപൂക്കള്‍ പോസ്റ്റര്‍
ഡാലിയാപൂക്കള്‍ പോസ്റ്റര്‍

സിനിമ കേരളത്തിലേക്ക്

മദിരാശിയിൽ കോടമ്പാക്കത്തായിരുന്ന മലയാള സിനിമ കേരളത്തിലേക്ക് പറിച്ചുനട്ടുകൊണ്ടിരുന്ന എഴുപതുകളുടെ അന്ത്യകാലത്താണ് കോഴിക്കോട് താമസിച്ച് ഒരു സംവിധായകൻ ഭാഗ്യപരീക്ഷണം നടത്തുന്നത്. കോഴിക്കോടൻ സിനിമയിലപ്പോൾ ഐ.വി. ശശിയും ഹരിഹരനുമാണ് നിറഞ്ഞുനിൽക്കുന്നത്. ആർട്ട് സ്‌കൂളിൽ പി.എ. ബക്കറും ജോൺ എബ്രഹാമും രവീന്ദ്രനും ഒക്കെയുണ്ട്. പ്രതാപ് സിങ്ങിന്റെ ആഗ്രഹവും പാതയും മുഖ്യധാരാ കച്ചവടസിനിമയായിരുന്നുവെങ്കിലും കോഴിക്കോട്ട് വന്നുപെട്ടത് കൃത്യമായും അന്നത്തെ ആർട്ട് സ്‌കൂൾ ക്യാമ്പിലാണ്.

എഴുപതുകളുടെ അന്ത്യത്തിൽ മലയാളസിനിമയിൽ സജീവമായിരുന്ന സേതുവിന്റെ സുഹൃത്തെന്ന നിലയ്ക്കാണ് സിങ്ങ് കോഴിക്കോട് ചേക്കേറാൻ തീരുമാനമെടുക്കുന്നത്. എന്നാൽ സേതു സിനിമ വിട്ട് മധു മാസ്റ്ററുടെ ‘അമ്മ’ നാടകത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതോടെ പ്രതാപ്‌ സിങ്ങിന് ഒരു പിടിവള്ളി തന്നെയാണ് നഷ്ടമായത്. പിന്നീടുള്ള ഒന്നര പതിറ്റാണ്ട് സിങ്ങ് കോഴിക്കോട് വെള്ളിമാട്കുന്നിലുള്ള എൻ.ജി.ഒ. ക്വാട്ടേഴ്‌സിലെ ഒരു ഒറ്റമുറിയിൽ സിനിമ ചർച്ച ചെയ്തുകൊണ്ട് മാത്രം കഴിഞ്ഞുകൂടി, അത്ഭുതത്തോടെയേ അത് ഓർക്കാനാവൂ.

സർക്കാർ ഉദ്യോഗസ്ഥനായ ഒരു സുഹൃത്ത് വഴി വാടകയ്ക്ക് കിട്ടിയ എൻ.ജി.ഒ. ക്വാട്ടേഴ്‌സിലെ സിങ്ങിന്റെ മുറി അക്കാലത്ത് എല്ലാത്തരം ചർച്ചകളുടേയും ഒരു താവളമായിരുന്നു. തീവ്ര ഇടതുപക്ഷ ബുദ്ധിജീവികൾ മുതൽ സിനിമാ അഭയാർത്ഥികൾ വരെ അവിടെ തമ്പടിച്ചു. ജനകീയ സാംസ്‌കാരികവേദിയുടെ നല്ല നിരീക്ഷകനായിരുന്നു സിങ്ങ്. അത് ജയിക്കാൻ പോകുന്നില്ലെന്നും അതുവഴി ഇന്ത്യൻ വിപ്ലവം നടക്കാൻ പോകുന്നില്ലെന്നുമുള്ള ബോദ്ധ്യം അന്നേ ഉള്ളതുകൊണ്ട് സിങ്ങ് ഒരിക്കലും ഒരു ആക്ടിവിസ്റ്റായി രംഗത്തുവന്നില്ല. എന്നാൽ, വിട്ടുനിന്നുള്ള കാണിയായി എല്ലാറ്റിന്റേയും കൂടെ സിങ്ങ് ഉണ്ടായിരുന്നു. ‘അമ്മ’ നാടകത്തിനു ശേഷം മധു മാസ്റ്റർ തന്റെ സ്വന്തം ‘സ്‌പാർട്ടക്കസ്സ്’ നാടകവുമായി മുന്നോട്ടുപോയപ്പോൾ സാംസ്‌കാരികവേദി അതിനെ പിന്തുണച്ചിരുന്നില്ല. വേദി ജനകീയ കൂട്ടായ്മയിൽ മറ്റൊരു ‘സ്‌പാർട്ടക്കസ്സ്’ നാടകവുമായി രംഗത്തുവരികയാണ് ചെയ്തത്. സേതു ആയിരുന്നു അതിനു മുൻകൈ എടുത്തത്. പ്രതാപ്‌ സിങ്ങ് അതിനൊപ്പം നിന്നു. അതിന്റെ രംഗസംവിധാനത്തിന് പ്രതാപ് സിങ്ങ് മേൽനോട്ടം കൊടുത്തിരുന്ന കാര്യം അക്കാലത്ത് വേദി സംസ്ഥാന സെക്രട്ടറിയായിരുന്ന കവിയൂർ ബാലൻ തന്റെ ‘കത്തിത്തീരാത്ത ഇന്നലെകൾ’ എന്ന ആത്മകഥയിൽ ഓർക്കുന്നുണ്ട്. മധു മാസ്റ്ററുടെ ടീമി ലായിരുന്നു ഞാൻ. എന്നാൽ രണ്ടു ‘സ്‌പാർട്ടക്കസ്സു’കൾ തമ്മിലുള്ള ആ പ്രത്യയശാസ്ത്ര പോരാട്ടം സൗഹൃദങ്ങളെ ഉലച്ചിരുന്നില്ല. രണ്ടു കൂട്ടർക്കും പ്രതാപ് സിങ്ങിന്റെ മുറി ഒരു താവളമായിരുന്നു. സിനിമ എന്ന യാഥാർത്ഥ്യത്തിൽനിന്നും ഒരു സംവിധായകൻ താനറിയാതെ അകന്നുപോയ കാലമായിരുന്നു അത്.

1988-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഐ.എഫ്.എഫ്.ഐ പുതിയൊരു ഫിലിം ഫെസ്റ്റിവൽ ബോധത്തിന് പുനരുജ്ജീവനം നൽകി. ഫെസ്റ്റിവൽ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സിങ്ങ് വിളിച്ചു, ഫെസ്റ്റിവൽ ബുക്കിനായി. പിന്നെ ഓരോ ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും വിളിക്കും, ഫെസ്റ്റിവൽ ബുക്കുകൾ കൊണ്ടുകൊടുക്കുക എന്നത് എന്നെ ഏല്പിച്ച ഒരു ചുമതല പോലെയായിരുന്നു സിങ്ങ് നിലകൊണ്ടത്. അതിലൂടെ ലോകസിനിമയുടെ കാണാക്കാഴ്ചകൾ തേടുന്ന സിങ്ങിനു പ്രിയപ്പെട്ട ഒരു സങ്കല്പനോപാധിയായിരുന്നു ‘ആകാശത്തേക്കൊരു കിളിവാതിൽ’ എന്നത്.

പതിനാറ് വർഷമെടുത്തു ആ മാളത്തിൽനിന്നും പ്രതാപ് സിങ്ങ് പിന്നെ പുറത്തുകടക്കാൻ. അതിനിടയിൽ ജനകീയ സാംസ്‌കാരികവേദിയും അതിന്റെ തുടർ പരീക്ഷണങ്ങളും മാത്രമല്ല, അക്കാലത്തിന്റെ സൗഹൃദക്കൂട്ടായ്മകളുമെല്ലാം സ്വന്തം മാളങ്ങളിലേക്ക് പിരിഞ്ഞുപോയിരുന്നു. സിങ്ങ് എൻ.ജി.ഒ. ക്വാട്ടേഴ്‌സിലെ ഒറ്റമുറിയിൽ തന്നെ പിടിച്ചുനിന്ന് അടുത്ത സിനിമയ്ക്ക് കച്ചമുറുക്കിയിരുന്നു: അതാണ് സുധീഷ് നായകനായ ‘ആകാശത്തിലേക്കൊരു കിളിവാതിൽ.’ അത് സിങ് തന്നെ കണ്ടെത്തിയ വഴിയായിരുന്നു. 1996-ലായിരുന്നു അത്. വീണ്ടും ഒരു സിനിമ ചെയ്യാനുള്ള അവസരം വന്നപ്പോൾ തന്റെ പ്രിയ സങ്കല്പത്തിന്റെ പേര് തന്നെ ഇട്ടു തന്റെ സിനിമയ്ക്കും. സിങ്ങ് തന്നെയായിരുന്നു ‘കിളിവാതിലി’ന്റെ രചനയും. നിർമ്മാതാവ് മുതൽ ലഭ്യമായ താരസ്രോതസ്സുകൾ വരെ എല്ലാം ഒരുക്കി സിങ്ങ് വീണ്ടും സംവിധായകന്റെ തൊപ്പിയണിഞ്ഞു. പതിനാറ് വർഷത്തെ ഇടവേളയിൽ രണ്ടാമത്തെ സിനിമ. കോഴിക്കോടൻ നാടകവേദിയിൽ ഒന്നിച്ചു തിളങ്ങിയിരുന്ന സുധീഷും അച്ഛൻ സുധാകരേട്ടനും ഒന്നിച്ചഭിനയിച്ച അപൂർവ്വ ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. കൗതുകമുള്ള ഒരു കൊച്ചു പ്രണയകഥ.

പ്രതാപ് സിങ്ങ് എന്ന പഴക്കമുള്ള പേരിലെ ‘സിങ്ങ്’ വെട്ടി മാറ്റി എം. പ്രതാപ് എന്ന പേരിലായിരുന്നു ഈ രണ്ടാം വരവ്. അതുകൊണ്ടുതന്നെ m3db പേജിൽ പ്രതാപ്‌ സിങ്ങ് ഒരു സിനിമ മാത്രം സംവിധാനം ചെയ്ത വ്യക്തിയാണ്. എം. പ്രതാപും ഒരു സിനിമ ചെയ്ത ആൾ. രണ്ടും ഒരാളാണെന്ന് ആ പേരുമാറ്റംകൊണ്ട് ആരും അറിയാതെ പോയി. സിനിമ ഇറങ്ങിയ കാലത്തിന്റെ ഭാവുകത്വത്തിന് വളരെ പിറകിൽ സഞ്ചരിച്ച ‘ആകാശത്തിലേക്കൊരു കിളിവാതിൽ’ വെള്ളിത്തിരയിൽ പ്രത്യേകിച്ചൊരു ചലനം സൃഷ്ടിക്കാതെ തിയേറ്റർ വിട്ടു. അതൊരു തീരെ മോശം സിനിമയൊന്നുമായിരുന്നില്ല. ഒരു പാവം സിനിമയായിരുന്നു. രണ്ടാം പരാജയത്തിനു ശേഷവും തളരാതെ സിങ്ങ് വീണ്ടും തന്റേതായ സിനിമാചർച്ചകളുടെ ലോകത്തേക്ക് തന്നെ തിരിച്ചുപോയി. തന്നെക്കൊണ്ട് സിനിമ ചെയ്യിക്കേണ്ടത് മറ്റാരുടേയോ ഉത്തരവാദിത്വമാണ് എന്നപോലെ.

സിങ്ങിന്റെ രണ്ടാമത്തെ സിനിമ പുറത്തിറങ്ങിയ അതേ വർഷമാണ്, 1996-ൽ കോഴിക്കോട് ആദ്യത്തെ ഐ.എഫ്.എഫ്.കെയ്ക്ക് തുടക്കമായത്. സിനിമകൾ കാണാൻ ആവേശത്തോടെ സിങ്ങും ഉണ്ടായിരുന്നു. പിന്നീട് ഐ.എഫ്.എഫ്.കെയെ തിരുവനന്തപുരം പിടിച്ചെടുത്തതോടെ സിങ്ങിന്റെ ഫെസ്റ്റിവൽ വീണ്ടും ഇരുട്ടിലായി.

സിനിമ മാറിയിരുന്നു, ഒപ്പം കാണികളും മാറിയിരുന്നു. ജോൺ എബ്രഹാം കോഴിക്കോട്ടെത്തുകയും ഒഡേസ്സ എന്ന ചലച്ചിത്ര പ്രസ്ഥാനം രൂപമെടുക്കുകയും ‘അമ്മ അറിയാൻ’ എന്ന സിനിമ ഉണ്ടാവുകയും ജോൺ തന്നെ വീണ് മരണമടയുകയും ചെയ്തതുമൊക്കെ സിങ്ങിനെ അലട്ടിയതായി തോന്നിച്ചിട്ടില്ല. കോഴിക്കോടിന്റെ ‘ജോൺ തരംഗകാലത്ത്’ സിങ്ങ് എവിടെയായിരുന്നു എന്നുതന്നെ ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല. അദൃശ്യനായിരുന്നു. ജോണിന്റെ മരണത്തോടെ പതുക്കെ ഒഡേസ്സയും കാലത്തിലേക്ക് പിൻവാങ്ങി. പ്രതാപ് സിങ്ങ് അതിലൊന്നും വന്നു നോക്കിയിട്ടില്ല. പതിവുപോലെ, ദൂരെ വെള്ളിമാട്കുന്ന് എൻ.ജി.ഒ. ക്വാട്ടേഴ്‌സിലെ ഒറ്റമുറിയിലിരുന്ന് എല്ലാറ്റിനേയും നിരീക്ഷിക്കുക മാത്രം ചെയ്തു പോന്നിരിക്കണം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഈ രണ്ടാം തരംഗം അവസാനിച്ച് കോഴിക്കോട് നഗരം പുതിയ ശൂന്യതകളിൽ കൈകാലിട്ടടിച്ചപ്പോൾ സിങ്ങ് അതിനൊപ്പവും സാക്ഷിയായി നിന്നു: “ഞാനന്നേ പറഞ്ഞില്ലേ, എല്ലാം ക്ഷണികമാണ്” എന്ന് ഒരു സെൻ ബുദ്ധിസ്റ്റ് ചിരിയോടെ സിങ്ങ് വീണ്ടും പ്രത്യക്ഷപ്പെട്ടു. സൗഹൃദങ്ങൾ പിരിഞ്ഞുപോയപ്പോഴും സിങ്ങ് സിനിമാമോഹത്തിൽനിന്നും പിന്മാറിയിരുന്നതേയില്ല. മറ്റെന്തെങ്കിലുമൊരു തൊഴിൽ ചെയ്യാനും തീരുമാനിച്ചിരുന്നില്ല.

ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ സുധീഷ്-ആകാശത്തേക്കൊരു കിളിവാതില്‍
ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ സുധീഷ്-ആകാശത്തേക്കൊരു കിളിവാതില്‍

സഫലമാകാത്ത സ്വപ്നം

തിയേറ്ററിൽ ഇറങ്ങുന്ന എല്ലാ സിനിമകളും കാണുമായിരുന്നു സിങ്ങ്. അതിന്റെ തുടർച്ചകൾക്ക് കൂട്ടുകാരെ വിളിച്ചുവരുത്തുകയും ചെയ്തു. എന്നാൽ, ഡിജിറ്റൽ ടെലിക്കാസ്റ്റ് യാഥാർത്ഥ്യമായപ്പോൾ ചുറ്റുമുള്ള സദസ്സ് പതുക്കെ കുറഞ്ഞുവന്നു. വെള്ളിമാട്കുന്ന് ലീലാ തിയേറ്റർ ഉടമ അച്ചു ഏട്ടന്റെ മകൻ പി.എ. സുരേഷ് ആയിരുന്നു എൻ.ജി.ഒ. ക്വാട്ടേഴ്‌സിലെ മുറിയിലെ ആ ഏകാന്തജീവിത കാലത്ത് സിങ്ങിന്റെ ലോക്കൽ ഗാര്‍ഡിയനായി നിന്നത്. അതൊരു അപൂർവ്വ സൗഹൃദമായിരുന്നു. സിങ്ങിന് ഏതെങ്കിലുമൊരു നിർമ്മാതാവിനെ കണ്ടെത്തുവാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. അതിനിടെ എൻ.ജി.ഒ. ക്വാട്ടേഴ്‌സിലെ അനധികൃത താമസക്കാരെ സർക്കാർ ഇറക്കിവിട്ടപ്പോൾ സിങ്ങ് പാലക്കാട്ടേക്ക് തിരിച്ചുപോയി. അവിടെയുള്ള കുടുംബസ്വത്തിലെ ഭാഗം വാങ്ങി, അത് വിറ്റ് പണവുമായി വീണ്ടും കോഴിക്കോട്ടേക്കു തന്നെ തിരിച്ചെത്തി. കുറച്ചു പണം ബാങ്കിൽ നിക്ഷേപിച്ച് ബാക്കികൊണ്ട് വെള്ളിമാട് കുന്ന് അടുത്ത് കുറച്ച് സ്ഥലം വാങ്ങി അവിടെ ഒരു വീടെടുക്കാൻ ശ്രമിച്ചു. വീടിനു തറക്കല്ലിട്ടു. മനോഹരമായ ഒരു കൊച്ചു വാടകവീട്ടിലായിരുന്നു അക്കാലത്ത് താമസം. ഒരു നാൾ സിങ്ങ് അവിടേക്ക് വിളിച്ചുവരുത്തി, പുറംലോകത്ത് എന്താണ് നടക്കുന്നത് എന്നറിയാൻ എന്നപോലെ. സുഹൃത്ത് പി.എ. സുരേഷായിരുന്നു എല്ലാറ്റിനും തുണയായി ഒപ്പം നിന്നത്. വെള്ളിമാട്കുന്ന് ലീല തിയേറ്റർ അതിനിടയിൽ സിനിമാപ്രദർശനം അവസാനിപ്പിച്ച് സീരിയലുകൾക്കും ചാനലുകൾക്കും ഷൂട്ടിങ്ങ് ഫ്ലോറായി വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്റ്റുഡിയോ ആയി മാറിയിരുന്നു.

2003-ൽ ദില്ലി ചലച്ചിത്രോത്സവം അവസാനിച്ച് 2004 മുതൽ അത് ഗോവയിൽ ഫെസ്റ്റിവൽ സ്ഥിരം താവളമായപ്പോൾ ഡിജിറ്റൽ സിനിമ എന്നത് ഒരു യാഥാർത്ഥ്യമായി. 2006-ൽ ആദ്യത്തെ ഡിജിറ്റൽ സിനിമ - വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘മൂന്നാമതൊരാൾ’- മലയാളത്തിലും പുറത്തുവന്നു. പ്രതാപ് സിങ്ങ് നിന്നിടത്തുതന്നെ നിന്നു. ഫെസ്റ്റിവൽ ബുക്കിന്റെ കിളിവാതിലുകളിലൂടെ ലോകസിനിമയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന സിങ്ങിനു വയസ്സാകാൻ തുടങ്ങിയത് കൂട്ടുകാരാരും തിരിച്ചറിഞ്ഞില്ല. 2004-ൽ ഞാൻ ‘ചിത്രഭൂമി’യുടെ ചുമതലയിലേക്ക് വന്നപ്പോൾ അതിന്റെ ഓരോ പുതിയ ലക്കവും ചൂടോടെ സംഘടിപ്പിക്കാൻ എം.എം. പ്രസ്സ് ഓഫീസിൽ വരുന്നത് പതിവാക്കി. ചിത്രഭൂമിയിൽ ചെയ്തിരുന്ന ‘നോയ്‌സ്’ എന്ന പംക്തിയുടെ സൂക്ഷ്മവായനക്കാരനായിരുന്നു സിങ്ങ്. റിവ്യുവിന് അയച്ചുകിട്ടുന്ന പുസ്തകങ്ങളും മറ്റു മാഗസിനുകളുമെല്ലാം കലക്ട് ചെയ്ത് ഒപ്പം കൊണ്ടുപോകും. സിനിമ കാണലും സിനിമാചർച്ചയും തന്നെയായിരുന്നു സിങ്ങിനു ലഹരി. എന്നാൽ, പുതിയ സിനിമയ്ക്കായുള്ള ശ്രമങ്ങൾ ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ല .

ബാങ്കിലുള്ള പണം തീർന്നിട്ടും സിനിമ നടക്കില്ലെന്നായപ്പോൾ വാടകവീട് വിട്ട് സിങ്ങ് വീണ്ടും ലോഡ്ജ് ജീവിതം തുടങ്ങി. ഇനി സിനിമ നടക്കില്ല എന്ന യാഥാർത്ഥ്യബോധത്തിലേക്ക് വന്നോ എന്ന് ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ, വരുമാനമില്ലാത്ത മുന്നിലെ ഏകാന്തജീവിതം പതുക്കെ ബാധിച്ചു. സിനിമാസംഘടനകൾ സിനിമയിലെ അവശകലാകാരന്മാർക്ക് നൽകുന്ന പെൻഷൻ കിട്ടാൻ ഒരു ശ്രമം നടത്തിനോക്കി. ഒരു സംഘടനയിലും അംഗമായിട്ടില്ലായിരുന്നു അതുവരെയും. സംവിധായകൻ ജി.എസ്. വിജയൻ ചെയർമാൻ ആയിരുന്ന കാലത്ത് മാക്‌ടയ്ക്ക് മുന്‍പാകെ സിങ്ങിന്റെ പെൻഷൻ വിഷയം ബോധിപ്പിച്ചു നോക്കി. സിങ്ങ് സംഘടനയിൽ അംഗത്വമെടുത്താൽ പെൻഷൻ ശരിയാക്കാം എന്ന് ജി.എസ്. വിജയൻ ഉറപ്പുനൽകുകയും അതിനുള്ള ഫോം വരുത്തിക്കൊടുക്കുകയും ചെയ്തു. അത് ചെയ്യാം എന്നു പറഞ്ഞതല്ലാതെ സിങ്ങ് അത് ചെയ്തില്ല. അംഗത്വമെടുക്കാതെ തന്നെ പെൻഷൻ ശരിപ്പെടുത്താമെന്ന് സിനിമയിലെ തന്നെ മറ്റേതോ സുഹൃത്ത് വാക്കു കൊടുത്താതായി പറഞ്ഞ് ആ ഫോം പൂരിപ്പിച്ച് അയച്ചില്ല.

2008-ൽ ദീദിയുടെ ‘ഗുൽമോഹർ’ ജയരാജ് സംവിധാനം ചെയ്തു. അത് കണ്ട് ദീദിയെക്കൊണ്ട് തനിക്ക് ഒരു സിനിമ എഴുതിപ്പിച്ച് തരണം എന്ന് സിങ്ങ് ആവശ്യപ്പെട്ടു. നിറയെ കഥാപാത്രങ്ങളുള്ള ദാമോദരൻ മാഷിന്റെ സ്റ്റൈൽ സിനിമ അല്ല വേണ്ടതെന്നും കുറച്ചു കഥാപാത്രങ്ങളുള്ള, ഒരൊറ്റ ലൊക്കേഷനിൽ, കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന ഒരു ‘മൗമൗ’ പോലത്തെ കൗമാര പ്രണയകഥ മതി എന്നായിരുന്നു നിർദ്ദേശം. ‘മൗമൗ’ എന്നത് നനുത്ത എന്ന അർത്ഥത്തിലുള്ള അക്കാലത്തെ ഒരു സിങ്ങ് പ്രയോഗമായിരുന്നു. മേഘങ്ങൾക്കിടയിലെ ‘കിളിവാതിൽ’ പോലൊന്ന്. എന്നാൽ, ‘ഗുൽമോഹർ’ ഇറങ്ങിയ കാലത്താണ് എന്റെ ജീവിതപങ്കാളിയായ ദീദി നീണ്ടകാലത്തെ അർബുദചികിത്സയിലൂടെ കടന്നുപോകുന്നത്. പിന്നെ കുറേക്കാലം ബോധശൂന്യമായ നാളുകളായിരുന്നു. അക്കാലത്ത് കോഴിക്കോടൻ സൗഹൃദങ്ങളിൽ നടന്ന പലതും അറിഞ്ഞിട്ടേയില്ലാത്തതുകൊണ്ട് പ്രതാപ്‌ സിങ്ങ് എന്തുചെയ്യുകയായിരുന്നു എന്ന് ഓർത്തതേയില്ലായിരുന്നു.

‘ഗുൽമോഹർ’ ഇറങ്ങുന്ന കാലത്ത് ജോയ്‌ മാത്യു ദുബായിൽ മാധ്യമപ്രവർത്തകനായിരുന്നു. ഗൾഫിൽവച്ച് ഒരു കൊച്ചു സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകളുമായാണ് 2009-ൽ ജോയ് നാട്ടിലേക്ക് വന്നത്. ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാനി’ലെ നായകൻ സംവിധായകനായി തിരിച്ചുവരുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരഭിമുഖം തന്നെ ‘ചിത്രഭൂമി’യിൽ അനൗൺസ് ചെയ്തു. പല ആശയങ്ങളും ജോയിയുടെ മനസ്സിലുണ്ടായിരുന്നു. അതിലൊന്ന് ഒരു സിനിമ എത്തിപ്പിടിക്കാനാവാതെ അതിനായി നിതാന്തമായി കാത്തിരിക്കുന്ന ഒരു സംവിധായകന്റെ കഥയായിരുന്നു. പ്രതാപ്‌ സിങ്ങിന്റെ ജീവിതത്തിന്റെ ഒരു കാരിക്കേച്ചർ. അഗസ്റ്റിനെ നായകനാക്കി അത് ചെയ്താലോ എന്നായിരുന്നു ആലോചന. 2012-ൽ പുറത്തിറങ്ങിയ ‘ഷട്ടറി’ന്റെ ഏറ്റവും ആദ്യത്തെ രൂപമായിരുന്നു ആ ആലോചന. അതല്ല നടന്നത്. ‘ഷട്ടർ’, അതിന്റെ ഛായ നടന്ന സിനിമയ്ക്കുണ്ടായിരുന്നു എന്നുമാത്രം. നിത്യജീവിതത്തിൽ സിങ്ങ് അപ്പോഴൊന്നും ഉണ്ടായിരുന്നില്ല.

ചലച്ചിത്ര സത്യാന്വേഷണ പരീക്ഷണങ്ങൾ അവസാനിപ്പിച്ച് പ്രതാപ്‌ സിങ്ങ് ഒടുവിൽ കോഴിക്കോട് വിട്ടുപോകുന്നത് കൊവിഡ് മഹാമാരിയിൽ എപ്പോഴോ ആണെന്ന് അവസാനം വരെ ബന്ധമുണ്ടായിരുന്ന പി.എ. സുരേഷ് പിന്നീട് പറഞ്ഞറിഞ്ഞു. പണി പൂർത്തിയാക്കാനാവില്ലെന്ന് അറിഞ്ഞതോടെ അതിനിടയിലെപ്പോഴോ തറക്കല്ലിട്ട വീട് വിറ്റ് ലോഡ്ജ് ജീവിതം തുടർന്നു. കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ പറ്റാത്ത കാലത്തെപ്പോഴോ ആകും സിങ്ങ് കോഴിക്കോട്ടുനിന്നും അപ്രത്യക്ഷനായത് എന്നാണ് സുരേഷിന്റെ ഓർമ്മ. മലയാളത്തിൽ രണ്ടു സിനിമകൾ എടുത്ത, മറ്റൊരു സിനിമയ്ക്കായി നീണ്ട പതിറ്റാണ്ടുകൾ അഗാധമായി ആഗ്രഹിച്ച് കാത്തിരുന്ന സിങ്ങ് അതോടെ കോഴിക്കോടൻ ജീവിതത്തോട് വിടപറഞ്ഞു. ആർക്കും ഇനി തന്നെ രക്ഷിക്കാനാവില്ല എന്ന ബോദ്ധ്യത്തിലേക്ക് സിങ്ങ് എത്തിച്ചേർന്നിരിക്കാം. ജന്മനാട്ടിലേക്ക് തന്നെയാണോ തിരിച്ചുപോയത് എന്നുറപ്പില്ല. പിന്നീടൊരിക്കലും പ്രതാപ് ആരുമായും ബന്ധപ്പെട്ടതായി അറിയില്ല.

പ്രതാപ് സിങ്
പ്രതാപ് സിങ്

ഓർക്കുമ്പോൾ സിങ്ങ് ഒരു വേദനയാണ്. അതൊരു വ്യക്തിയുടെ മാത്രം കഥയല്ല. കേരളത്തിൽ സിനിമ വിളയുന്ന ഓരോ നാട്ടിലുമുണ്ടാകും മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിൽ ജ്വലിച്ചുയരാൻ കൊതിച്ച് കരിഞ്ഞുവീണ ആയിരങ്ങൾ. സിങ്ങ് പിന്മാറിയത് രണ്ടു സിനിമകളെങ്കിലും ചെയ്താണ്. എന്നാൽ, മലയാള സിനിമയിൽ നാഴികക്കല്ലുകളായ നിരവധി സിനിമകൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത തോപ്പിൽ ഭാസിയുടെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചുവന്ന മകൻ അജയന് തീർക്കാനായത് ഒരു സിനിമാവിസ്മയം മാത്രം: ‘പെരുന്തച്ചൻ’ (1990 ). രണ്ടാമതൊരു ‘മാണിക്യക്കല്ലി’നായുള്ള കാത്തിരുപ്പ് ആ ജീവിതം തന്നെ എടുത്തു, 2018-ൽ. ‘പ്രപഞ്ചം’ മുഴുവനും ചേർന്നു നടത്തിയ ഗൂഢാലോചന ആ ജീവിതത്തിൽ മറ്റൊരു സിനിമ ബാക്കിവച്ചില്ല. അങ്ങനെ നടക്കാതെപോയ സിനിമകളുടെ, അദൃശ്യപ്രളയത്തിലൂടെയാണ് സിനിമ ആഗ്രഹിക്കുന്ന ആയിരങ്ങളുടെ ജീവിതം ഒലിച്ചുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com