
ഹൃദയത്തെ പിടിച്ചുലച്ച നാല് വേര്‍പാടുകളെയാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നമുക്കു നേരിടേണ്ടിവന്നത്. 2024 വര്‍ഷാന്ത്യത്തില്‍ രണ്ടും 2025 വര്‍ഷാരംഭത്തില്‍ രണ്ടും എന്ന കണക്കിന് നാല് വിയോഗങ്ങള്‍. താളം, സാഹിത്യം, സംസ്‌കാരം, സംഗീതം എന്നീ മേഖലകളിലെ പ്രതിഭാധനരായ പ്രതിഭാസങ്ങളാണ് അവരിലുള്‍പ്പെടുന്നത്. ആ പ്രതിഭാസങ്ങളെ പേരിട്ടു വിളിച്ചാല്‍ യഥാക്രമം ഉസ്താദ് സാക്കിര്‍ ഹുസൈന്‍, എം.ടി. വാസുദേവന്‍ നായര്‍, എസ്. ജയചന്ദ്രന്‍ നായര്‍, പി. ജയചന്ദ്രന്‍ എന്നിങ്ങനെയായിരിക്കും. ഈ വിയോഗങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ ഈ ലോകത്തിനെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു ചോദിച്ചാല്‍ പഴമകളില്‍നിന്നു പുതുമകളിലേയ്ക്കുള്ള പ്രയാണം കൂടിയാണ് ഈ ഓരോ മരണവും ഇവിടെ അടയാളപ്പെടുത്തുന്നത് എന്നതാണ്. കലയിലും സാഹിത്യത്തിലും സംസ്‌കാരത്തിലുമെല്ലാം പുതിയ പുതിയ പ്രവണതകളുടെ മുദ്രകള്‍ പതിഞ്ഞുവരുന്നത് സ്വാഭാവികവും അപ്പപ്പോള്‍ പഴയവ അപ്രത്യക്ഷമാകുന്നത് പ്രകൃതിധര്‍മ്മവുമാണെങ്കിലും നമ്മുടെയെല്ലാം സ്മൃതികളില്‍ ഇതെല്ലാം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്നതും ഒരു വാസ്തവമാണ്. ഓരോ മരണവും ഒരു ശൂന്യതയാണ് അതേല്‍ക്കുന്നവരുടെയുള്ളില്‍ സൃഷ്ടിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ മിടിപ്പുകളെയാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ തബലയെന്ന താളവാദ്യത്തിലൂടെ നമ്മുടെ ഹൃദയത്തിലേയ്ക്ക് കൊണ്ടുവന്നത്. അക്ഷരങ്ങളുടെ മായാപ്രപഞ്ചത്തിലേയ്ക്ക് എം.ടി. നമ്മെ ആനയിച്ചു. നിസ്വാര്‍ത്ഥ സ്‌നേഹമെന്ന പ്രപഞ്ചസത്യത്തെപ്പറ്റിയാണ് എസ്.ജെ എന്ന സാംസ്‌കാരികബിംബം ഓരോരോ നിലപാടുകളിലൂടെയും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നത്. പി. ജയചന്ദ്രനാകട്ടെ, സംഗീതത്തിന്റെ ഭാവപ്രപഞ്ചത്തിലേയ്ക്കാണ് നമ്മളെ അലിയിച്ചു ചേര്‍ത്തത്.
പി. ജയചന്ദ്രന്റെ ഗാനപ്രപഞ്ചത്തിലൂടെ സഞ്ചരിച്ചാല്‍ നാം കാണുന്നത് ഈ നാടിനെ തന്നെയാണ്. നമ്മുടെ ഈ കേരളത്തെ, കേരളത്തനിമയെ, പാട്ടുകളിലൂടെ പ്രതിഫലിപ്പിച്ച മറ്റൊരു പാട്ടുകാരനേയും ഇന്നോളമുള്ള നമ്മുടെ സാംസ്‌കാരിക ചരിത്രത്തില്‍ നാം കണ്ടുമുട്ടിയിട്ടുണ്ടാവില്ല. സ്വന്തം ഗാനങ്ങളിലൂടെ ജയചന്ദ്രനു മത്സരിക്കേണ്ടിവന്നത് തന്നെത്തന്നെ സൃഷ്ടിച്ച ആ സൃഷ്ടികര്‍ത്താവിനോട് അല്ലെങ്കില്‍ ഈ പ്രകൃതിയോടു തന്നെയായിരുന്നു. എതിരാളികളില്ലാതെ യേശുദാസിന് എളുപ്പത്തില്‍ വളരാന്‍ കഴിഞ്ഞത് തങ്കത്തില്‍ കടഞ്ഞെടുത്ത ഒരു ശബ്ദം പ്രകൃതി അദ്ദേഹത്തിനു കനിഞ്ഞരുളിയതുകൊണ്ടാണ്. ആ ശബ്ദപ്രപഞ്ചത്തിന്റെ മായയില്‍ മുങ്ങിപ്പോയ മലയാളിയെ സ്വന്തം ഭാവപ്രപഞ്ചം കൊണ്ടാണ് ജയചന്ദ്രന്‍ വശീകരിച്ചെടുത്തത്. ദൈവസിദ്ധമായ ഒരു ശബ്ദത്തോട് സ്വതസിദ്ധമായ ഭാവാത്മകതകൊണ്ടാണ് ജയചന്ദ്രന്‍ ഏറ്റുമുട്ടിയത്. അതിലൂടെ കേരളീയതയുടെ ഒരു തനിമയെക്കൂടി അദ്ദേഹം വീണ്ടെടുക്കുകയായിരുന്നു. അല്ലെങ്കിലും കേരനിരകളാടും ഒരു ഹരിതചാരുതീരം... എന്നു നമ്മുടെ നാടിനെ വര്‍ണ്ണിച്ചു പാടാന്‍ ജയചന്ദ്രനോളം യോഗ്യഗായകന്‍ മറ്റാരുണ്ട് നമുക്ക്? പി. ഭാസ്‌കരന്‍ ഗാനരചനയിലും കെ. രാഘവന്‍ സംഗീതസംവിധാനത്തിലും പുലര്‍ത്തിയ കേരളീയത മറ്റൊരു തലത്തില്‍ പി. ജയചന്ദ്രന്‍ എന്ന ഗായകന്‍ പാട്ടുകളിലൂടെ പുന:സൃഷ്ടിക്കുകയായിരുന്നു. ഭാസ്‌കരനും രാഘവനും നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആഴസംസ്‌കാരങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങി ചെന്നപ്പോള്‍ തീര്‍ത്തും വരേണ്യവും സംസ്‌കാരചിത്തവുമുള്ള ഒരു നാടിന്റെ മനസ്സാണ് ജയചന്ദ്രന്റെ പാട്ടുകളിലൂടെ പ്രതിധ്വനിച്ചതെന്നു മാത്രം. എന്നാല്‍, ഇതെല്ലാം ചേരുമ്പോഴാണ് ഒരു നാടിന്റെ യഥാര്‍ത്ഥമായ സംസ്‌കാരം സൃഷ്ടിക്കപ്പെടുകയെന്ന കലയുടെ ആഗോളധര്‍മ്മത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോള്‍ ഈ മൂന്നു പ്രതിഭാധനര്‍ക്കും കേരളീയ സംസ്‌കാരത്തില്‍ ഒരേ ഇടം തന്നെയാണ് നാം കല്പിച്ചു നല്‍കേണ്ടത്. അതാണ് ശരി.
ശാസ്ത്രീയസംഗീതം അഭ്യസിക്കാത്ത ഗായകനായിരുന്നതിനാല്‍ സിനിമാസംഗീതത്തിന്റെ ആവിഷ്‌കാരത്തെ ഏതെങ്കിലും തരത്തില്‍ അതു പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്നൊരിക്കല്‍ ചോദിച്ചപ്പോള്‍ 'ഇല്ല' എന്ന് ഒറ്റവാക്കില്‍ സംശയത്തിനിടം നല്‍കാതെയാണ് ജയചന്ദ്രന്‍ ഉത്തരം നല്‍കിയത്. ആ ഉത്തരം തീര്‍ത്തും സത്യവുമായിരുന്നു, അദ്ദേഹത്തിന്റെ ഗാനങ്ങളെ സംബന്ധിച്ച്. കേരളത്തിന്റെ സംഗീതപൈതൃകം കൂടുതല്‍ ചേര്‍ന്നിരിക്കുന്നത് ശാസ്ത്രീയ സംഗീതത്തെക്കാള്‍ കൊട്ടിപ്പാടിസേവയെന്ന സോപാനസംഗീതത്തോടാണ്. വരേണ്യമായ ഈ സോപാനസംഗീതരീതിയോടുതന്നെയാണ് ജയചന്ദ്രന്റെ ആലാപനശൈലി കൂടുതല്‍ കൂറുപുലര്‍ത്തുന്നത്. അതിലദ്ദേഹത്തിനു വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ അദ്ദേഹം നല്‍കിയ 'ഇല്ല' എന്ന ഉത്തരം തീര്‍ത്തും സത്യവും സത്യസന്ധവുമാണ്. മനസ്സില്‍ മറകളില്ലാതെ മറുപടികള്‍ നല്‍കുന്ന സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു ജയചന്ദ്രനെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാകും. അതുപോലെ, സാഹിത്യപരമായ ആശയത്തിനപ്പുറം വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും വരെ കൃത്യമായ ഊന്നല്‍ നല്‍കിയുള്ള സ്വന്തം ആലാപനശൈലിയെ എപ്രകാരമാണ് വിലയിരുത്തുന്നതെന്നു ചോദിച്ചിരുന്നു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി സിനിമ അടുത്തുനില്‍ക്കുന്നത് സാഹിത്യത്തോടാണെന്നും അതുകൊണ്ട് സിനിമാഗാനവും അപ്രകാരംതന്നെ ആവണമെന്നുമായിരുന്നു. ഒരു പാട്ടിന്റെ അര്‍ത്ഥം സംവേദനം ചെയ്യപ്പെടാന്‍ പാട്ടുകാരന്റെ ഭാഷാശുദ്ധിക്ക് വലിയ സ്ഥാനമുണ്ടെന്നും അതുകൊണ്ട് ഭാഷയില്‍ അറിവും ആധിപത്യവും പാട്ട് പാടുന്നയാള്‍ക്ക് ഉണ്ടാവണമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സമയം, ഇവിടെ ഉദാഹരണത്തിന് ഒരു ഗാനം പറയട്ടെ. കാവ്യപുസ്തകമല്ലോ ജീവിതം... എന്ന പാട്ട്. അതില്‍ തുടക്കത്തിലുള്ള കാവ്യം, ഏടുകള്‍, അനഘഗ്രന്ഥം തുടങ്ങിയ പദങ്ങളുടെ ഉച്ചാരണത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ഭാഷാശുദ്ധി അനുപമമാണ്. അനഘഗ്രന്ഥം എന്നതിനുശേഷം വരുന്ന ചെറിയൊരു രാഗാവിഷ്‌കാരത്തില്‍പോലും ഹിന്ദോളരാഗത്തിന്റെ ധ്വനികള്‍ നമുക്ക് ആസ്വദിക്കാനാവും. ആദ്യചരണത്തിലുള്ള ആസ്വദിച്ചീടണം, ശൂന്യമാം അന്ധകാരം എന്നീ പദങ്ങളിലൊക്കെ അദ്ദേഹം പുലര്‍ത്തുന്ന സ്ഫുടമായ ഭാഷാശുദ്ധി ശ്രദ്ധിച്ചുനോക്കൂ. അദ്ദേഹത്തിന്റെ അഭിപ്രായവും ആലാപനവും ഈ പാട്ടില്‍ സത്യസന്ധമായി സമന്വയിക്കുന്നത് മനസ്സിലാക്കാം. മറ്റൊരു പാട്ടിനെക്കുറിച്ച് കൂടി ഈ സന്ദര്‍ഭത്തില്‍ പറയാം. ഭാഗ്യരാജിന്റെ 'അന്ത ഏഴ് നാള്‍കള്‍' എന്ന തമിഴ് സിനിമയിലെ എസ്. ജാനകിയോടൊത്തുള്ള ഡ്യുയറ്റ്. പാട്ടിന്റെ തുടക്കത്തിലുള്ള സ്വരവിന്യാസത്തില്‍പോലും ജയചന്ദ്രന്റെ സ്ഫുടമായ ആലാപനശുദ്ധി നമുക്ക് അനുഭവപ്പെടും. ''സപ്തസ്വര ദേവി ഉണരൂ...'' എന്ന തുടര്‍ന്നുള്ള മലയാള വരികളില്‍ മാത്രമല്ല, ശേഷമുള്ള ''കവിതൈ അരങ്കേറും നേരം...'' എന്നുള്ള ആ തമിഴ്ഗാനത്തില്‍ ആകമാനം അദ്ദേഹം പുലര്‍ത്തുന്ന ഉച്ചാരണ ഗരിമ നമ്മെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും. പാട്ടിനെപ്പറ്റിയുള്ള സ്വന്തം ദര്‍ശനത്തെ എത്ര തന്മയത്വമായിട്ടാണ് ജയചന്ദ്രന്‍ ആലാപനത്തില്‍ പ്രകാശിപ്പിക്കുന്നത്! പഠനകാലത്ത് ഏറ്റവും ഹൃദ്യമായി അനുഭവപ്പെട്ടിരുന്നത് മലയാളഭാഷയായിരുന്നുവെന്ന് ജയചന്ദ്രന്‍ പറഞ്ഞപ്പോള്‍ പാട്ടിനുവേണ്ടി സ്വയം സമര്‍പ്പിച്ച ഒരു മനുഷ്യനാണ് മുന്നില്‍ നില്‍ക്കുന്നതെന്നു പൂര്‍ണ്ണമായും മനസ്സിലാക്കാനായി. കവിതയോട് അടുത്തുനില്‍ക്കുന്ന ആലാപന രീതിയുണ്ടല്ലോ എന്നു ചോദിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യരൂപം കവിതയാണെന്ന്. കാല്പനികമായ പ്രണയകവിതകളെ സ്‌നേഹിച്ച ഗായകനായിരുന്നു ജയചന്ദ്രന്‍. അതുകൊണ്ടുതന്നെയാവണം അത്തരം ഗാനങ്ങളെ മനോഹരമായി ആവിഷ്‌കരിച്ച ഗായകനായി അദ്ദേഹം മാറിയത്. പൗരാണികമായ അര്‍ത്ഥബിംബങ്ങളുള്ള പാട്ടുകളെ ചാരുതയോടെ ആവിഷ്‌കരിക്കാന്‍ ജയചന്ദ്രനു കഴിഞ്ഞതും ഇതൊക്കെ കൊണ്ടുതന്നെയാണ്. തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലില്‍, റംസാനിലെ ചന്ദ്രികയോ, അഷ്ടപദിയിലെ ഗായികേ, സ്വാതിതിരുനാളിന്‍ കാമിനി, അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ എന്നിങ്ങനെ എത്രയോ ഗാനങ്ങളാണ് ഈ ഗായകന്റെ കവിത തുളുമ്പുന്നതും കല്പനയാര്‍ന്നതുമായ സ്‌നിഗ്ദ്ധശബ്ദത്താല്‍ മനോഹരമായിരിക്കുന്നത്!
പാട്ടിനെ പ്രഭാമയമാക്കുന്ന ഒരു ജൈവികസ്വഭാവം ജയചന്ദ്രന്‍ എന്ന ഗായകന്റെ ആലാപനത്തില്‍ എപ്പോഴും ലയിച്ചിരിക്കുന്നു. ഇതിനുള്ള കാരണം അദ്ദേഹം ആലാപനത്തില്‍ പുലര്‍ത്തിയിരുന്ന സ്വാഭാവികതയാണ്. ഒരിക്കലും സാങ്കേതികമായ ഒരു ഉല്പന്നമായിട്ടല്ല അദ്ദേഹം ഒരു പാട്ടിനെ സമീപിക്കുന്നത്. മറിച്ച് ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമായിട്ടാണ് അദ്ദേഹം ഗാനത്തെ, ആലാപനത്തെ കാണുന്നത്. ഈയൊരു സാധാരണത്വം ആ ആലാപനത്തെ ജൈവികവും പ്രകൃതിപരവുമാക്കി തീര്‍ക്കുകയാണ്. കര്‍ണാടക സംഗീതത്തില്‍ മഹാരാജാപുരം സന്താനത്തിന്റെ ആലാപനശൈലി ഇത്തരത്തിലുള്ള ഒരു സവിശേഷതയാണ് പുലര്‍ത്തിയിരുന്നത്. ആ സംഗീതജ്ഞന്റെ ജീവിതകാലത്ത് ഏറ്റവും ടെക്നിക്കലായി സംഗീതാവിഷ്‌കാരം നടത്തിയിരുന്ന മഹാഗായകര്‍ പോലും ജനസമ്മതിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പുറകിലായിപ്പോയത് ഈയൊരു സവിശേഷത കൊണ്ടായിരുന്നു. ജയചന്ദ്രനെന്ന ഗായകനേയും ഇവിടെ നാം വേറിട്ട് കാണേണ്ടതില്ല. താന്‍ പാടിയ കാലത്ത് ശബ്ദസൗകുമാര്യത്തിലും മറ്റുള്ളവരെക്കാള്‍ സന്താനം മുന്നില്‍ നിന്നപ്പോള്‍ അഭൗമമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു ശബ്ദസൗന്ദര്യത്തോട് ഏറ്റുമുട്ടിയാണ് ജയചന്ദ്രന്‍ ഈ നിലയിലെത്തിയതെന്ന് ഓര്‍ക്കണം. ഇവിടെ ഉദാഹരണത്തിനു മുതിര്‍ന്നാല്‍ ജയചന്ദ്രന്‍ പാടിയ എല്ലാ ഗാനങ്ങളേയും നിരത്തേണ്ടിവരും. എങ്കിലും അദ്ദേഹം പാടിയ ഒരു പാട്ടിനെക്കുറിച്ചു മാത്രം പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്. ആസ്വാദകലോകത്തെയെമ്പാടും എന്നും അത്ഭുതപ്പെടുത്തിക്കൊണ്ട് ജയചന്ദ്രന്‍ മഹത്തായ ഒരു തിരിച്ചുവരവ് നടത്തിയ ഗാനമായിരുന്നല്ലോ 1999-ല്‍ നിറം എന്ന സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കി മോഹം കണ്ണില്‍ പ്രേമം നല്‍കി... എന്നത്. ഒരര്‍ത്ഥത്തില്‍, സ്വതസിദ്ധമായ ആലാപനശൈലികൊണ്ട് ആ പാട്ടിനെ മൊത്തം ജയചന്ദ്രന്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നു പറയാം. വരികളും സംഗീതവും സഹഗായകരും മാത്രമല്ല, വലിയൊരു കോളേജ് ക്യാമ്പസും അതിനുള്ളില്‍ തെറിച്ചു നില്‍ക്കുന്ന യുവത്വവുമെല്ലാം ആ ആലാപനത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കലയെ/സംഗീതത്തെ ഒരു സാങ്കേതികവിദ്യയായി കാണാതെ സാധാരണ ജീവിത പ്രതിഭാസമായി മാത്രം ദര്‍ശിക്കാനും ആവിഷ്‌കരിക്കാനും കഴിയുന്ന ഒരു കലാകാരനു മാത്രമേ ഇത്തരത്തിലുള്ള ഒരു പരിവര്‍ത്തനത്തിനു വിധേയമാകാനും അങ്ങനെ തനിക്കു ചുറ്റുമുള്ള പരിസരത്തെയൊന്നോടെ തന്നിലേക്കാവാഹിക്കാനും കഴിയുകയുള്ളൂ. ഈ ഗാനം യേശുദാസാണ് പാടിയിരുന്നതെങ്കില്‍ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന് അദ്ദേഹം പാടിയാലും അതിനെ പ്രായം എന്നില്‍ മോഹം നല്‍കി എന്നേ നാം കേള്‍ക്കൂ. ആ 'ഞാനും' ആ 'നമ്മളും' തമ്മിലുള്ള വ്യത്യാസമാണ് യേശുദാസിനെ യേശുദാസ് ആക്കുന്നതും ജയചന്ദ്രനെ ജയചന്ദ്രന്‍ ആക്കുന്നതും. ആ സിനിമയില്‍, ആരംഭത്തില്‍ ശാസ്ത്രീയമായ രീതിയില്‍ പാട്ടുപാടാന്‍ തുടങ്ങുന്ന ഗായകനെ പുതിയകാലത്തെ യുവത കൂവി തോല്‍പ്പിക്കുമ്പോഴാണ് പെട്ടെന്നൊരു ചുവടുമാറ്റത്തിലൂടെ ഗായകന്‍ അവര്‍ക്കു ചേരുന്ന തരത്തിലുള്ള ഈ പാട്ട് പാടാന്‍ തുടങ്ങുന്നതെന്നത് ആകസ്മികമായിട്ടാണെങ്കിലും ഈ പറഞ്ഞതിനോട് ഇണങ്ങിച്ചേരുന്നുണ്ട്.
സ്വന്തം സംഗീതബോധത്തെക്കുറിച്ചുള്ള ദര്‍ശനത്തെപ്പറ്റിയും ഒരു സമയത്ത് ജയചന്ദ്രനോട് ചോദിക്കുകയുണ്ടായി. സംഗീതം സ്വച്ഛന്ദം ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും അതിന് ആദിയും അന്തവുമൊന്നും ഇല്ലെന്നും അതു നമ്മെ ആനയിക്കുമ്പോള്‍ അറിയാതെ ആഴ്ന്നു പോവുകയാണെന്നുമുള്ള സ്വാഭാവികതയാണ് ഉത്തരമായി ലഭിച്ചത്. ആലാപനത്തിലെ സ്വാഭാവികത സ്വന്തം സംഗീതദര്‍ശനത്തില്‍നിന്നുതന്നെയാണ് അദ്ദേഹത്തിന് ഉരുവപ്പെട്ടതെന്ന് അടിവരയിടുന്നു ഈ വാക്കുകള്‍. മലയാളത്തിലെ ഇതര ഗായകരില്‍നിന്നു വ്യത്യസ്തമായി പാട്ടുകള്‍ക്ക് ദൃശ്യാത്മക ചാരുത പകരാന്‍ ജയചന്ദ്രന്‍ എന്ന ഗായകന് എങ്ങനെയാണ് കഴിയുന്നതെന്ന് ഒരു സംശയം പ്രകടമാക്കിയപ്പോള്‍ കിട്ടിയ വാക്കുകള്‍ക്കും സത്യസന്ധതയുടെ ആഴവും ആകര്‍ഷണീയതയും ഉണ്ടായിരുന്നു. ഒരു കഥയോ ഒരു നോവലോ വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ രൂപപ്പെടുന്ന പ്രത്യേകമായ ഒരു ദൃശ്യാനുഭവംപോലെ തന്നെയാണ് കവിതയോ ഗാനമോ വായിക്കുമ്പോഴും ഉണ്ടാകുന്നതെന്നും അതിനെ പദാനുപദം ഗ്രഹിച്ച് ആലാപനം ചെയ്താല്‍ സ്വാഭാവികമായും ആ പാട്ടിന് ഒരു ദൃശ്യഭംഗി വന്നുചേരുമെന്നുമാണ് അദ്ദേഹം നല്‍കിയ മറുപടി. എന്നാല്‍ കഥ, കവിത, നോവല്‍ എന്നീ സാഹിത്യരൂപങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരു ഗാനമാലപിക്കുമ്പോള്‍ അതിനു ഭാവാത്മകത കൂടി പകരേണ്ടതുണ്ടെന്നും ആ ഭാവത്തെ നന്നായി പ്രകാശിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ ദൃശ്യാനുഭവം ആസ്വാദകനിലേയ്ക്ക് പകര്‍ത്താനാവുമെന്നും ജയചന്ദ്രന്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതും ഈ വാക്കുകളെയാണ്. ജയചന്ദ്രന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യഗാനം, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... പോലും അദ്ദേഹം ഈ പറഞ്ഞതിനെ സാക്ഷാല്‍ക്കരിക്കുന്നുണ്ട്. വാക്കുകള്‍കൊണ്ട് ദൃശ്യത്തെ വരയ്ക്കുന്ന ആലാപനം ഈ പാട്ടില്‍ത്തന്നെ നമുക്ക് അനുഭവിക്കാന്‍ കഴിയും. ''പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്...'' എന്ന് ജയചന്ദ്രന്‍ പാടുമ്പോള്‍ ആ വാക്കുകളുടെ ബിംബങ്ങള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നു. ''തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ...'' എന്നാലപിക്കുമ്പോഴും അവിടെ അത്തരത്തിലുള്ള ഒരു പെണ്‍കിടാവല്ലാതെ മറ്റൊന്നും നമ്മുടെ മനസ്സില്‍ തെളിയുന്നില്ല. ''നിന്‍ മിഴിക്കോണുകളില്‍ ആരു വെച്ചു കാന്തം'' എന്ന് ജയചന്ദ്രന്‍ തുടര്‍ന്നും പാടുമ്പോള്‍ എത്ര സൂക്ഷ്മമായാണ് ഒരു മിഴിക്കോണ്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത്! ''പൊന്നുഷസ്സിന്നുപവനങ്ങള്‍ പൂവിടും...'' എന്ന് അദ്ദേഹം പാടുമ്പോഴാകട്ടെ, പ്രഭാതം പൊട്ടിവിടരുന്ന ഒരു പൂങ്കാവനം നമ്മുടെ കണ്‍മുന്നിലേയ്ക്ക് കടന്നുവരുന്നു. കവിയുദ്ദേശിച്ച പൂങ്കാവനം കേരളത്തിന്റെ ഗ്രാമചാരുത തന്നെയെന്ന് ഗായകന്റെ അടുത്ത വരികളുടെ ആലാപനം,
''പുലരീ ഭൂപാളം കേള്‍ക്കും
അവളും പൊന്‍വെയിലും
വെളിച്ചം തരും...തരും'', വ്യക്തമാക്കി തരികയും ചെയ്യുന്നു.
''പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍ വെച്ചു
പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു
കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു
കാല്‍നഖം കൊണ്ടൊരു വരവരച്ചു...'' എന്ന് ജയചന്ദ്രന്‍ പാടിയാല്‍ അവിടെ അമ്പലമുറ്റത്ത് നാണംകുണുങ്ങിനിന്നു കാല്‍നഖംകൊണ്ട് മണലില്‍ ഒരു വര വരയ്ക്കുന്ന പെണ്ണിനെ കാണാനാവുന്നു. കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ, ഇതൊക്കെത്തന്നെയാണ് ജയചന്ദ്രന്റെ ആലാപനവും നമ്മിലേയ്ക്ക് പകരാന്‍ ഉദ്ദേശിക്കുന്നത്.
സംഗീതത്തെ അളവറ്റ് സ്‌നേഹിക്കുന്ന ഒരു മനസ്സിന്റെ ഉടമ കൂടിയായിരുന്നു പി. ജയചന്ദ്രന്‍. ഒരേസമയം ഒരു ആസ്വാദകനും ഒരു ഗായകനുമായി നമുക്കിടയില്‍ ജീവിതം നയിച്ചയാള്‍. ജാഡകളൊട്ടുമേ ഇല്ലാത്ത ഒരു സാധാരണ മനുഷ്യനെ നമുക്കവിടെ കണ്ടെത്താന്‍ കഴിയും. ഹാസ്യഗാനങ്ങള്‍ അധികം വഴങ്ങാത്ത ഗായകനാണല്ലോ താങ്കളെന്നു മടിച്ചുമടിച്ചാണെങ്കിലുമുള്ള എന്റെ ചോദ്യത്തിന് ഒരു മടിയും കൂടാതെയുള്ള ഉത്തരമാണ് പുറത്തുവന്നത്. സിനിമയിലുള്ളത് ഹാസ്യഗാനങ്ങളല്ലെന്നും തമാശപ്പാട്ടുകളാണെന്നും അതു വഴങ്ങാത്തതില്‍ തനിക്കൊരു പരിഭവവും ഇല്ലെന്നുമുള്ള നേരായ ഉത്തരമായിരുന്നു അത്. തമാശപ്പാട്ടുകളോട് താല്പര്യമില്ലെന്നും അതിനുള്ള കാരണം സിനിമയെക്കാള്‍ താന്‍ സംഗീതത്തെയാണ് സ്‌നേഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഗായകന്റെ സംഗീതത്തോടുള്ള ഉറച്ച നിലപാടായിരുന്നു അത്. എന്നാല്‍, ജീവിതത്തില്‍ തനിക്കേറെ ഹാസ്യമുണ്ടെന്നും അതു താന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നും പറയുമ്പോഴാണ് ജയചന്ദ്രനെന്ന ഗായകന്റെ ഉയര്‍ന്ന ആസ്വാദനക്ഷമത വെളിപ്പെടുന്നത്. ജീവിതത്തില്‍ ഹാസ്യവും തമാശയും രണ്ടാണെന്ന കൃത്യമായ തിരിച്ചറിവിന്റെ വെളിപാടായിരുന്നു അത്. അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന സംഗീതജ്ഞരുടെ കൂട്ടത്തില്‍ നെയ്വേലി സന്താനഗോപാലനെന്ന താരതമ്യേന അന്നത്തെ ജൂനിയറായ കര്‍ണാടക സംഗീതജ്ഞനും ഉണ്ടെന്ന് ഒരിക്കലറിഞ്ഞപ്പോള്‍ ആലാപനത്തില്‍ മാത്രമല്ല, ആസ്വാദനത്തിലും പുലര്‍ത്തിപ്പോരുന്ന ആ സത്യസന്ധതയോട് സത്യത്തില്‍ അത്ഭുതവും ആരാധനയും തോന്നിപ്പോയി. അതായിരുന്നു ജയചന്ദ്രനെന്ന മനുഷ്യന്റെ ജൈവിക വ്യക്തിത്വം. ഇഷ്ടം തോന്നിയാല്‍ ഇഷ്ടം അനിഷ്ടമെങ്കില്‍ അനിഷ്ടം എന്നായിരുന്നു ആ മനസ്സ്. സംഗീതത്തോടുള്ള ജയചന്ദ്രന്റെ സ്‌നേഹമനസ്സിനെ വ്യക്തമായി അടയാളപ്പെടുത്തുന്ന മറ്റൊരു മറുപടിയായിരുന്നു ''ഏതു കാലത്തും സംഗീതത്തിന്റെ വളര്‍ച്ചയ്ക്ക് ടെലിവിഷന്‍ എന്ന ദൃശ്യമാധ്യമത്തെക്കാള്‍ നല്ലത് റേഡിയോ എന്ന ശ്രവ്യമാധ്യമമാണ്'' എന്നുള്ളത്. ആലാപനത്തില്‍ തനതായ ദൃശ്യാത്മകചാരുത ചാലിച്ചുകൊണ്ട് ആസ്വാദകരെ ആനന്ദിപ്പിച്ച ഒരു ഗായകനാണ് സംഗീതത്തെ പൂര്‍ണ്ണമായും ഒരു ശ്രവ്യകലയായി ഉള്‍ക്കൊള്ളുന്ന ഉത്തരമരുളിയത് എന്നു മനസ്സിലാക്കണം. ജയചന്ദ്രന്റെ സംഗീതവ്യക്തിത്വത്തിലെ ഒരു വൈരുദ്ധ്യമായി പെട്ടെന്ന് നമുക്കിതുത്തോന്നാമെങ്കിലും ഒന്നുകൂടി ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സത്യസന്ധമായ നിലപാടുകളെ തന്നെയാണ് ഇതും കുറിക്കുന്നതെന്നു മനസ്സിലാക്കാന്‍ കഴിയും. സിനിമാഗാനത്തേയും ശുദ്ധസംഗീതത്തേയും രണ്ടായി വേര്‍തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ വിവേകവും വിവേചനബോധ്യവുമാണത്.
ഇനി, ജയചന്ദ്രനെന്ന ഭക്തിഗായകനെ ഏതു വിധത്തില്‍ നമുക്കു വിലയിരുത്താമെന്നുള്ളതാണ്. കേരളത്തിന്റെ തനത് ക്ഷേത്രകലകളും പൂരങ്ങളും ഉത്സവങ്ങളുമെല്ലാം കണ്ടുവളര്‍ന്ന ഒരു ബാല്യം അദ്ദേഹത്തിന്റെയുള്ളിലെ ഭക്തിയെ ഊട്ടിയുറപ്പിച്ചിട്ടുണ്ടാവുമെന്നത് സ്വാഭാവികമാണ്. ആ ജീവിതഭാവം അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങളിലും പ്രകാശിക്കുന്നുണ്ട്. ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു ദേവഗായകനായി മാറുന്നു. ജയചന്ദ്രന്റെ ഏറ്റവും പ്രശസ്തമായ ഭക്തിഗാനങ്ങള്‍ എസ്. രമേശന്‍ നായരുടെ രചനയില്‍ കേശവന്‍ നമ്പൂതിരി സംഗീതം നല്‍കിയ 'പുഷ്പാഞ്ജലി' എന്ന ആല്‍ബത്തില്‍ ഉള്ളവയാണ്. ഗുരുവായൂരും ശബരിമലയും മൂകാംബികയും തിരുവമ്പാടിയും പാറമേക്കാവും വടക്കുംനാഥനും പഴനിമലയുമെല്ലാം ഈ പാട്ടുകളിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ ഭക്തിയുടെ അനുഗ്രഹപ്രഭാവം ചൊരിയുന്നു. വിഘ്‌നേശ്വര ജന്മനാളികേരം..., ഗുരുവായൂരമ്പലം..., വടക്കുംനാഥന്..., പാറമേക്കാവില്‍..., നെയ്യാറ്റിന്‍കര വാഴും..., മൂകാംബികെ..., കൂടും പിണികളെ..., നീലമേഘം ഒരു പീലികണ്ണ്..., തുയിലുണരുക..., അമ്പാടി തന്നിലൊരുണ്ണി... എന്നീ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ പ്രഭാത-പ്രദോഷ വേളകളില്‍ കേള്‍ക്കുകയും മൂളുകയും ചെയ്യാത്ത മലയാളി ഉണ്ടാവില്ല. ജയചന്ദ്രന്റെ ആലാപനഗരിമയില്‍ ആസ്വാദകശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു ആല്‍ബമാണ് 'മുകുന്ദമാല.' കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു..., അകലെയാണെന്നാല്‍ അകലെ അരികിലാണെന്നാല്‍ അരികെ..., എല്ലാ മുളന്തണ്ടും പുല്ലാങ്കുഴലല്ല..., ഗുരുവായൂരമ്പലത്തില്‍ തുലാഭാരം..., കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹൃദയം ഇടയ്ക്കയാക്കി പാടുന്നു..., ഇന്ദീവരങ്ങള്‍ക്കും മന്ദസ്മിതങ്ങള്‍ക്കും..., കണ്ണനെപ്പോലെ കായാമ്പൂ..., കണ്ണനെന്നോമനപ്പേര്..., കുന്നിമണിക്കൊരു മോഹം..., മാനവേദനു മയില്‍പ്പീലി നല്‍കിയ... എന്നിവയാണ് ഈ ആല്‍ബത്തിലെ പാട്ടുകള്‍. ജയചന്ദ്രനെപ്പോലെ ശ്രീകൃഷ്ണഗാനങ്ങള്‍ ഭാവനാത്മകമായി പാടാന്‍ കഴിഞ്ഞിട്ടുള്ള വേറൊരു ഗായകന്‍ മലയാളത്തിനില്ല. ലക്ഷക്കണക്കിന് ആസ്വാദകര്‍ ഈ പാട്ടുകള്‍ നിത്യേന യൂ ട്യൂബില്‍ കേട്ടാസ്വദിക്കുകയും ചെയ്യുന്നു. അതുപോലെ 'കൃഷ്ണരാഗം' എന്ന ടൈറ്റിലില്‍ പ്രത്യക്ഷപ്പെടുന്ന നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാന്‍... എന്ന ഗാനം അദ്ദേഹം ആലപിച്ച വേറിട്ട ഒന്നാണ്. കീബോര്‍ഡ്, വീണ, നാഗസ്വരം, പുല്ലാങ്കുഴല്‍, മൃദംഗം, തബല എന്നിവയുടെ അകമ്പടിയില്‍ ഏഴു മിനിറ്റിലധികം നീളുന്ന ഈ ഗാനം ജയചന്ദ്രന്റെ ശ്രുതിമാധുര്യത്തില്‍ നാം ലയിച്ചിരുന്നു ശ്രവിക്കും. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പത്തു ഗാനങ്ങളിലൂടെ സ്തുതിക്കുന്ന 'ദശാവതാരം' എന്ന ആല്‍ബത്തിന് ആലാപനത്തിനു പുറമെ സംഗീതസംവിധാനവും പി. ജയചന്ദ്രന്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
അയ്യപ്പന്‍, മുരുകന്‍, മുത്തപ്പന്‍ എന്നീ ദൈവങ്ങളെപ്പറ്റിയുള്ള അനേകം ഭക്തിഗാനങ്ങളും ജയചന്ദ്രന്‍ ആലപിച്ചിട്ടുണ്ട്. 2014-ലെ ഹരിവരാസനം പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ജയചന്ദ്രന്‍ ആലപിച്ച അയ്യപ്പഭക്തി ഗാനമാണ് ശ്രീശബരീശ ദീനദയാള എന്നത്. അപൂര്‍വ്വമായ ഒരു ഭക്തിഗാനം, അമ്പലക്കിളിയായ് പാടിയെത്താം... എന്നത് ജയചന്ദ്രന്‍ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തെപ്പറ്റി പാടിയതാണ്. മുത്തപ്പനാമം ഉരുവിട്ടു ചെന്നാല്‍ മുത്തം നല്‍കുന്നോരപ്പനുണ്ട്... എന്നു തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ മുത്തപ്പഗാനം. അതുപോലെ, ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ ഹരിപ്പാട് സുധീഷ് സംഗീതം പകര്‍ന്ന ഒരു സ്‌കന്ദഗീതം പി. ജയചന്ദ്രന്‍ ആലപിച്ചിട്ടുള്ളത് ഷടാനനം കുങ്കുമരക്തവര്‍ണം... എന്നു തുടങ്ങുന്ന ശ്ലോകത്തില്‍നിന്നാരംഭിച്ച് മനസ്സിലെ മയില്‍വാഹനത്തില്‍... എന്നു പാടുന്ന പാട്ടാണ്.
ജയചന്ദ്രന്‍ പാടിയിട്ടുള്ള തമിഴ് ഭക്തിഗാനങ്ങളും സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രപ്രതിഷ്ഠയായ വിഷ്ണുമായയെക്കുറിച്ചുള്ള ശ്രീവിഷ്ണുമായേ ഉനൈ പോട്രി പാടിട ഇവുലകിന്‍..., പഞ്ചഭൂതങ്കളും പഞ്ചേന്ദ്രിയങ്കളും... എന്നീ രണ്ടു ഭക്തിഗാനങ്ങളും തമിഴ് ഭാഷയുടെ അതിഭാവുകത്വമില്ലാതെ മിതത്വമുള്ള ആലാപനംകൊണ്ട് അദ്ദേഹം കേള്‍വിസുഖമുള്ളതാക്കുന്നു. തമിഴില്‍ ജയചന്ദ്രന്‍ ഒട്ടനവധി ക്രിസ്തീയ ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. അമൈഥി തേടി അലയും നെഞ്ചമേ..., ഉറവോടു വാഴും... (സംഘഗാനം), തായ് പോലെ എനൈ കാക്കും എന്‍ ദൈവമേ..., അമൈഥിയിന്‍ ദൂതനായ് എന്നയെ മാട്രുമേ..., പൂങ്കാട്രിലെ ആടിടും വെണ്‍മേഘമേ..., വാരുങ്കള്‍ തുയിലെഴുന്ത്..., അമൈഥിയിന്‍ ദൂതനായ് ഇറൈവാ എന്നൈ ആക്കിടവേണ്ടും ദേവാ..., പൊന്‍മാലൈ നേരം പൂന്തെന്‍ട്രല്‍ കാറ്റില്‍..., നീയിന്‍ട്രി വേറേതു സ്വന്തം..., യെല്ലാം യേശുമയം... തുടങ്ങിയ ജയചന്ദ്രന്റെ ക്രിസ്തീയ ഭക്തിഗാനങ്ങളെല്ലാം ശ്രവണസുഖം പകരുന്നവയാണ്. ഏകതാനമായി ആലപിക്കപ്പെടുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ സാധാരണ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍നിന്നു വ്യത്യസ്തമായി സംഗീതത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമൈഥി തേടി അലയും നെഞ്ചമേ... എന്ന പാട്ടിലെ അലയും, അനൈത്തും, അവറെന്റ്റ്, ദേവനേ, ഇയക്കമേ എന്നീ പദങ്ങളുടെ ഉച്ചാരണത്തില്‍ അദ്ദേഹം നല്‍കുന്ന തമിഴ്ച്ചുവ സ്പഷ്ടവും സൂക്ഷ്മവുമാണ്. തായ്പോലെ എനൈ കാക്കും എന്‍ ദൈവമേ..., അമൈഥിയിന്‍ ദൂതനായ് എന്നയെ മാട്രുമേ... എന്നീ ഗാനങ്ങള്‍ ഒരു സാധാരണ തമിഴ്ഗാനം കേള്‍ക്കാന്‍ കഴിയുന്ന ഭാവാത്മകതയില്‍ ആസ്വദിക്കാനാവുന്നത് ഗായകന്റെ മികവിന്റെ ഫലമായിട്ടുകൂടിയാണ്. പൂങ്കാട്രിലെ ആടിടും വെണ്‍മേഘമേ... എന്നതിനു ലയാത്മകമായ ആലാപനവും താളവിന്യാസത്തിലെ ആകര്‍ഷണീയതയുംകൊണ്ട് തമിഴിലെ ഒരു ഹിറ്റുഗാനത്തിന്റെ രൂപമാതൃക കൈവന്നിട്ടുണ്ട്. വാരുങ്കള്‍ തുയിലെഴുന്ത്... എന്ന ഗാനമാകട്ടെ, മധ്യമകാലത്തിലുള്ള ആലാപനം കൊണ്ടും പി.ജെയുടെ ശബ്ദസൗന്ദര്യത്താലും ശോഭിക്കുന്നു. അമൈഥിയിന്‍ ദൂതനായ് ഇറൈവാ എന്നൈ ആക്കിടവേണ്ടും ദേവാ... എന്നതാകട്ടെ, ദര്‍ബാരി കാനഡ രാഗത്തിന്റെ രസഭാവത്താല്‍ ഹൃദ്യമാകുന്നു. പൊന്‍മാലൈ നേരം പൂന്തെന്‍ട്രല്‍ കാറ്റില്‍... എന്നത് മിന്‍മിനിയോടൊപ്പവും നീയിന്‍ട്രി വേറേതു സ്വന്തം... എന്നത് സ്വര്‍ണലതയോടൊപ്പവും ജയചന്ദ്രന്‍ ആലപിക്കുന്ന രണ്ടു യുഗ്മഭക്തിഗാനങ്ങളാണ്. പാടിയും കേട്ടും പഴകിയ ഭക്തിഗാനങ്ങളുടെ ചട്ടക്കൂടുകളെ അപ്പാടെ ഭേദിക്കുന്നുണ്ട് ഈ രണ്ടു ഗാനങ്ങളും. യെല്ലാം യേശുമയം... എന്ന ഈ ആല്‍ബത്തിലെ അവസാന ഗാനമാണ് ആവിഷ്‌കാരതലത്തില്‍ ഏറ്റവും ഔന്നത്യം പുലര്‍ത്തുന്നത്. ദുഃഖം സ്ഫുരിക്കുന്ന ഒരു ഭക്തിഗാനമാണിത്. അതിനേറ്റവും അനുയോജ്യമായ വിധത്തില്‍ ശുദ്ധധന്യാസി രാഗഛായയാണ് ഈ പാട്ടിനുള്ളത്. സംഗീതസംവിധായകന്റെ മിടുക്കും ആലാപകന്റെ മികവും സമന്വയിച്ചപ്പോള്‍ ഈ ഗാനത്തിന് ഒരു ക്ലാസിക് പ്രകൃതിയുണ്ടായി. സാധാരണ ഭക്തിഗാനങ്ങളില്‍ നമുക്കു കാണാന്‍ കഴിയാത്തത്. പി. ജയചന്ദ്രന്റെ ഭക്തിഗാനങ്ങള്‍ മതങ്ങള്‍ക്കുള്ളതല്ല, മനുഷ്യര്‍ക്കുള്ളതാണ് എന്നാണ് ഇവയെല്ലാം അടിവരയിടുന്നത്.
അവസാനമായി, ജയചന്ദ്രന്റെ ശാസ്ത്രീയ ഗാനങ്ങള്‍ കേള്‍ക്കാനായാല്‍ എന്തുകൊണ്ടാണ് അദ്ദേഹം ശാസ്ത്രീയസംഗീതം പഠിച്ചില്ലയെന്ന നഷ്ടബോധം നമ്മില്‍ ഉളവാകും. ആ ആലാപനത്തില്‍, ശ്രുതിയും ലയവും മധുരഭാവത്തില്‍ ചേരുന്ന കീര്‍ത്തനങ്ങളാണവ. നാട്ട രാഗത്തിലുള്ള മഹാഗണപതിം മനസാ സ്മരാമി... എന്ന മുത്തുസ്വാമി ദീക്ഷിതരുടെ കൃതിയാണ് അവയിലാദ്യമായി പറയേണ്ടത്. പിന്നൊന്ന് മാണ്ട് രാഗത്തിലുള്ള മുരളീധരാ ഗോപാലാ... എന്നാരംഭിക്കുന്ന പെരിയസാമി തോരന്റെ രചനയാണ്. കര്‍ണാടകസംഗീതക്കച്ചേരികളില്‍ ജി. എന്‍. ബാലസുബ്രഹ്മണ്യത്തെപ്പോലുള്ളവര്‍ പാടി പ്രചാരം നല്‍കിയ ഗീതമാണിത്. കച്ചേരികളുടെ അവസാനഭാഗത്തു വരുന്ന തുക്കടകളിലാണ് സാധാരണയായി ഈ പാട്ടിന്റെ സ്ഥാനം. വയലിന്‍, മൃദംഗം, ഘടം എന്നിവയുടെ അകമ്പടിയോടെ സ്വര-ശ്രുതി-പദ സ്ഫുടതയോടെയാണ് ഈ ഗീതം പി.ജെ. ആലാപനം ചെയ്യുന്നത്. സദാശിവ ബ്രഹ്മേന്ദ്രരുടെ ശ്യാമ രാഗത്തിലുള്ള പ്രശസ്തമായ കൃതി, മാനസ സഞ്ചരരെ ബ്രഹ്മണി മാനസ സഞ്ചരരെ... ഇതേ അകമ്പടിയില്‍തന്നെ ജയചന്ദ്രന്‍ ആലപിക്കുന്നത് സ്വച്ഛന്ദം ഒഴുകുന്ന സ്വരഗംഗപോലെയാണ്. ഇരയിമ്മന്‍ തമ്പിയുടെ മലയാളഭാഷയിലുള്ള കൃതിയായ കരുണ ചെയ്വാന്‍ എന്തു താമസം കൃഷ്ണാ... എന്നത് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തൊട്ടിങ്ങോട്ട് എത്രയോ മഹാരഥന്മാര്‍ കച്ചേരികളില്‍ പാടിയിട്ടുള്ളതാണ്. ചെമ്പൈ ഈ ഗാനം യദുകുലകാംബോജി എന്ന രാഗത്തിലാണ് പാടാറുള്ളത്. എന്നാല്‍, ജയചന്ദ്രന്‍ ഇതേ കൃതി ആദ്യകാലങ്ങളില്‍ സംഗീതകാരന്മാര്‍ ആലപിച്ചിരുന്നതുപോലെ ശ്രീരാഗത്തില്‍ പാടുമ്പോള്‍ കര്‍ണാടക സംഗീതത്തിന്റെ പാരമ്പര്യവഴികളിലേയ്ക്ക് മടങ്ങുകയാണ്.
സദാ ആനന്ദമയമായ ഒരവസ്ഥയാണ് ജയചന്ദ്രന്റെ ആലാപനത്തിലുള്ളത്. മംഗളരാഗമായ വസന്തയില്‍ സ്വാതിതിരുനാള്‍ രചിച്ചിട്ടുള്ള പരമപുരുഷ ജഗദീശ്വര... എന്ന കീര്‍ത്തനം അതുകൊണ്ടുകൂടിയാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമാകുന്നത്. മലയാള പദ്യരൂപത്തില്‍ രചിച്ച് നീലാംബരി രാഗത്തില്‍ സ്വാതിതിരുനാള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു ശൃംഗാരപദമാണ് കാന്തനോടു ചെന്നു മെല്ലെ... എന്നത്. നീലാംബരിയുടെ രാഗലയത്തില്‍ പി.ജെ. ഭംഗിയായി ഇതു പാടുമ്പോള്‍ മുത്തശ്ശി എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ അദ്ദേഹം പാടിയ ഹര്‍ഷബാഷ്പം തൂകി... എന്ന ഗാനം ഓര്‍മ്മയിലെത്തും. ജയചന്ദ്രന്റെ ശബ്ദത്തിനുള്ള സ്‌നിഗ്ദ്ധപ്രകൃതി താരാട്ടുരാഗമായ നീലാംബരിയോട് എളുപ്പത്തില്‍ താദാത്മ്യത്തിലാവുന്നതു കൊണ്ടാണിത്. നീലാംബരിയോടു ചേര്‍ന്നുതന്നെ ശഹാന രാഗത്തില്‍ പി.ജെ. പാടുന്ന ഒരു കീര്‍ത്തനമുണ്ട്. ശ്രീ പൂര്‍ണ്ണത്രയീശനെ... എന്നാരംഭിക്കുന്ന ഈ കീര്‍ത്തനം വാത്സല്യഭാവമുള്ള ശഹാനയില്‍ അദ്ദേഹം ആകര്‍ഷണീയമായി ആലാപനം ചെയ്യുന്നു. ജ്ഞാനപ്പാനയില്ല നാരായണീയവും... എന്ന ഗീതത്തിന്റെ ആലാപനത്തില്‍ ആദ്യവരിയുടെ എടുപ്പില്‍ത്തന്നെ ബാഗേശ്രീ എന്ന രാഗത്തിന്റെ രസഭാവത്തെ ജയചന്ദ്രന്‍ പ്രകാശിപ്പിക്കുന്നത് നമ്മെ വിസ്മയപ്പെടുത്തും. ആലാപനം അതിമോഹനം എന്നാണ് ജയചന്ദ്രന്റെ കര്‍ണാടക സംഗീതകീര്‍ത്തനങ്ങളുടെ ആവിഷ്‌കാരത്തെ വിശേഷിപ്പിക്കേണ്ടത്.
ഇക്കാലമത്രയും മലയാളി സമൂഹത്തിന് പി. ജയചന്ദ്രന്‍ ആരായിരുന്നു എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് നാം ഇന്നോളം അടയാളപ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇതില്‍നിന്നെല്ലാം ആ ഗായകന്‍ വരുംതലമുറകള്‍ക്ക് ആരായിരിക്കും എന്നൊരു ചോദ്യം ഉയര്‍ന്നുവന്നാല്‍ കിട്ടുന്ന ഉത്തരം എന്താവും? ആ പാട്ടുകള്‍ കേള്‍ക്കുന്ന വരുംതലമുറകള്‍ അത്ഭുതാദരങ്ങളോടെ അവരുടെ സ്വന്തം ഗായകനായി ആരാധിക്കാന്‍ പോകുന്ന അപൂര്‍വ്വ ഗായകബിംബമായിരിക്കും പി. ജയചന്ദ്രന്‍ എന്നാണ് ആ ഉത്തരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക