
രാത്രി വൈകിയിരുന്നു. അല്പം അകലെ കിടക്കുന്നവർ ഉറക്കത്തിന്റെ ആഴത്തിലേക്ക് അമരുന്നത് അറിഞ്ഞെങ്കിലും നിദ്രാവിഹീനതയുടെ ശാപത്തിൽനിന്ന് എനിക്ക് മോചിതനാവാനായില്ല. ഇരുട്ടിന്റെ കനത്ത തിരശ്ശീലയിലൂടെ അജ്ഞാതമായ അലകൾ നിശ്ശബ്ദമായി ഉയർന്നമരുന്നത് സ്പർശിച്ച് അറിയാൻ എനിക്കാകുമായിരുന്നു.
പുലർച്ചയ്ക്കാണ് കണ്ണുകൾ അടഞ്ഞത്, കണ്ണുകൾ തുറക്കുമ്പോൾ, വലതു കൈ ഉപയോഗിക്കാൻ മറന്ന ആരോ ഒരാളെയാണ് അപ്പോൾ ഞാൻ ഓർമ്മിച്ചത്. ഞാനും? കൂടുതൽ ആലോചിക്കുന്നത് അപകടകരമാവുമെന്ന അറിവിൽ എഴുന്നേറ്റ്, മുൻവശത്തെ മുറിയിൽ എനിക്കു വേണ്ടി കാത്തുകിടക്കുന്ന ചാരുകസേരയിൽ, കിടപ്പുറപ്പിച്ചു. അതൊരു പതിവായിരുന്നു. ഇടയ്ക്കുവച്ച് അത്തരം ശീലങ്ങളിൽനിന്നു മാറണമെന്ന് വിചാരിക്കുമ്പോഴെല്ലാം, അത്തരം വാശിപിടിക്കലുകൾ വേണ്ടെന്നു വച്ച്, ഇടതും വലതും തെറ്റാതെ ഒരേ ചക്രത്തിലൂടെ ഓടുന്ന പഴയ വാഹനമാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചു.
അൻപത്തിയേഴിൽ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ ഭാവിയെപ്പറ്റി ഗാഢമായി ചിന്തിക്കാനോ പുതിയ വഴികൾ തേടാനോ പ്രാപ്തിയില്ലായിരുന്നു. പ്രാരാബ്ധങ്ങൾ അപ്പോഴേയ്ക്കും സഹയാത്രികരായി. ചരിത്രത്തോടുള്ള കൗതുകത്തിനു പുറമെ സാഹിത്യാഭിനിവേശവും പത്രപ്രവർത്തനത്തിൽ എത്തിച്ചു. വലിയ വിഘ്‌നങ്ങളൊന്നുമില്ലാതെ ആ രംഗത്ത് എത്താൻ എനിക്കായി. തുടർന്നുള്ള എന്റെ ജീവിതത്തിൽ നിറഞ്ഞുനിന്നത് പത്രപ്രവർത്തനമായി. ഒരർത്ഥത്തിൽ മറ്റെന്തെങ്കിലുമായി, ജീവിക്കാൻ ഞാൻ മറന്നു. തിരിഞ്ഞുനോക്കുമ്പോൾ ചാരിതാർത്ഥ്യം മാത്രം. ചാരുകസേരയിൽ അമർന്നുകിടക്കുന്നതിനിടയിൽ അനുഭവങ്ങൾ നിറഞ്ഞ പഴയ ജീവിതത്തിൽ മുങ്ങിയിരിക്കാനും സാധിച്ചു.
മഹിത പാരമ്പര്യമുള്ള കൗമുദി പത്രത്തില്‍
കൗമുദി വാരികയിലൂടെ കെ. ബാലകൃഷ്ണൻ സ്ഥാപിച്ച മഹിതപാരമ്പര്യത്തിലായിരുന്നു, അതേ പേരിലുള്ള ദിനപത്രം പ്രസിദ്ധീകരിച്ചത്. ആർ.എസ്.പിയുടെ മുഖപത്രം. എൻ. ശ്രീകണ്ഠൻനായർ ചെയർമാനായിരുന്ന സോഷ്യലിസ്റ്റ് പബ്ലിക്കേഷൻസായിരുന്നു അതിന്റെ ഉടമസ്ഥർ. കെ. ബാലകൃഷ്ണൻ, സി.എൻ. ശ്രീകണ്ഠൻ നായർ, കെ. വിജയരാഘവൻ, ജി. വേണുഗോപാൽ, കെ.സി.എസ്. മണി എന്നിവരടങ്ങുന്ന പത്രാധിപസമിതിയിൽ അംഗമായി ഞാനെത്തിയത് സി.എന്നിലൂടെയായിരുന്നു. എല്ലാ മാസവും ആദ്യത്തെ ആഴ്ചയിൽ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള പണവുമായി വരുന്നതിനപ്പുറം ഉടമയെന്ന നിലയിൽ ഞങ്ങൾ അഭിസംബോധന ചെയ്തിരുന്ന ശ്രീകണ്ഠൻ ചേട്ടൻ പത്രത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽനിന്ന് അകന്നുനിന്നിരുന്നു. ആർ.എസ്.പിയുടെ മുഖപത്രമായിരുന്നെങ്കിലും എല്ലാ പ്രശ്‌നങ്ങളോടും തുറന്നതും സ്വതന്ത്രവുമായ സമീപനമായിരുന്നു പത്രം സ്വീകരിച്ചത്. അതിൽ ചെറിയൊരു നിയന്ത്രണം പോലും ബാലയണ്ണന് അസഹ്യമായിരുന്നു. നിരങ്കുശമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആരാധകൻ. അതിന് അദ്ദേഹത്തിനു വലിയ വില നൽകേണ്ടിവന്നു. അത് മറ്റൊരു കാര്യം.
ട്രേഡ് യൂണിയൻ മേഖലയിൽ ഹിമാലയം പോലെ ഉയർന്നുനിന്നിരുന്ന ശ്രീകണ്ഠൻ ചേട്ടൻ അകാലമരണത്തിൽനിന്നു രക്ഷപ്പെട്ടത് പലരും ഓർമ്മിക്കുന്നുണ്ടാവില്ല. അതിപാവനമായ കുമാരനാശാന്റെ ജീവൻ അപഹരിച്ച പല്ലന ബോട്ടപകടത്തില്‍പെട്ട് പൊലിയേണ്ടതായിരുന്നു ശ്രീകണ്ഠൻ ചേട്ടൻ, അവസാന നിമിഷം യാത്ര മാറ്റിവെച്ചില്ലായിരുന്നെങ്കിൽ.
കൊല്ലത്തെ എ.ഡി. കോട്ടൺ മിൽ സമരവുമായി ബന്ധപ്പെട്ട ഒരു സംഭവം. പണിമുടക്കിയ തൊഴിലാളികളെ നയിക്കുകയായിരുന്ന അദ്ദേഹത്തെ ഇടയ്ക്കുവച്ച് പൊലീസ് തടഞ്ഞു. തന്റെ മുന്നിൽ തടയാനായി വന്നുനിന്ന പൊലീസ് ഇൻസ്‌പെക്ടർ പ്രഹരമേറ്റ് നിലത്തുവീഴുന്നത് നിമിഷമാത്രയ്ക്കിടയിലായിരുന്നു. അങ്ങനെ സിംഹതുല്യനായിരുന്നെങ്കിലും അദ്ദേഹത്തിനു സ്‌നേഹിക്കാൻ മാത്രമേ വശമുണ്ടായിരുന്നുള്ളു. തുച്ഛമായിരുന്നു, ആദ്യകാലത്ത് തുടക്കക്കാരനായിരുന്ന എനിക്കു കിട്ടിയിരുന്ന വേതനം. സോഷ്യലിസ്റ്റ് പ്രസിദ്ധീകരണത്തിൽ എല്ലാപേർക്കും തുല്യവേതനം ബാധകമാണെന്ന ന്യായം പറഞ്ഞ്, എന്റെ വേതനത്തിലും വർദ്ധനവുണ്ടാക്കാൻ ശ്രീകണ്ഠൻ ചേട്ടൻ സവിശേഷമായ താല്പര്യം കാണിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു സംഭവം പലപ്പോഴും ഞാൻ ഓർമ്മിക്കാറുണ്ട്. ‘എന്റെ അമ്മ’ എന്ന ശീർഷകത്തിൽ അദ്ദേഹം ഒരു പുസ്തകമെഴുതി. അതിന്റെ അവതാരികയ്ക്കായി തകഴിച്ചേട്ടനെ ഏല്പിച്ചു. അമ്പലപ്പുഴക്കാരെന്നതിനുപരി അവർ ഇരുവരും തമ്മിൽ ഗാഢമായ ബന്ധമുണ്ടായിരുന്നു. അലസനായ തകഴിച്ചേട്ടന് അതൊന്നും കാര്യമായിരുന്നില്ല. കാത്തിരുന്ന് കാത്തിരുന്ന് ക്ഷമ നശിച്ച്, അവതാരിക കൊണ്ടുവരാൻ മണിസ്വാമിയെ നിയോഗിച്ചു. ബലം ഉപയോഗിക്കാനും അദ്ദേഹം മടിക്കുകയില്ലെന്ന അറിവായിരുന്നു അതിനു കാരണം. അതൊന്നും വേണ്ടിവന്നില്ല, മണിസ്വാമി ചെന്നതിന്റെ അടുത്ത ദിവസം തന്നെ തകഴിച്ചേട്ടൻ അവതാരിക എഴുതി. ആ സംഭവം സ്‌നേഹിതർക്കിടയിൽ ഒരു തമാശക്കഥയായി, പ്രധാനമായി തകഴിച്ചേട്ടന്റെ ഭീരുത്വത്തെപ്പറ്റി പൊട്ടുംപൊടിയും കൂടിച്ചേർന്ന് പരന്നിരുന്നു. മലയാള രാജ്യത്തിൽ പ്രവർത്തിക്കുമ്പോഴായിരുന്നു ശ്രീകണ്ഠൻ ചേട്ടനെ അവസാനമായി കാണുന്നത്. ചവറ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട ആ വാര്‍ത്ത പത്രത്തിൽ അച്ചടിക്കാനായി കൊണ്ടുവന്നപ്പോൾ, അത് തന്നിട്ട് പരിഭവം നിറഞ്ഞ സ്വരത്തിൽ, “കൗമുദി വിടുന്ന കാര്യം നിനക്ക് പറയാമായിരുന്നു” എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതൊരു കുറ്റബോധമായി ഏറെക്കാലം എന്നെ ശല്യപ്പെടുത്തിയിരുന്നു. പിതൃസ്വരൂപനായിരുന്നു അദ്ദേഹം എനിക്ക്.
ധീരതയോടൊപ്പമായിരുന്നു എക്കാലവും ശ്രീകണ്ഠൻ ചേട്ടൻ. സി.പിയെ ആക്രമിക്കുന്നതിനു പിന്നിലെ നിർവ്വാഹകശക്തി അദ്ദേഹമായിരുന്നു. ചേട്ടന്റെ അനുയായികളിൽ പ്രമുഖനായിരുന്ന ജി. വേണുഗോപാലായിരുന്നു, ആർ.എസ്.എസ്സിന്റെ ആചാര്യനായിരുന്ന ഗോൾവാൾക്കറുടെ പ്രഭാഷണയാത്ര മുടക്കിയത്. നിരവധി വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ സംഭവം ആരും ഓർമ്മിക്കുന്നുണ്ടാവില്ല. പഴവങ്ങാടി മൈതാനത്ത് തയ്യാറാക്കിയിരുന്ന പ്ലാറ്റ്ഫോം ഒരു രാത്രികൊണ്ട് പൊളിച്ച് നശിപ്പിച്ചത് വേണുവും സഹപ്രവർത്തകരുമായിരുന്നു. അന്തരീക്ഷം അശുഭമാണെന്നു തിരിച്ചറിഞ്ഞ ഗോൾവാൾക്കർ നിശ്ശബ്ദം സ്ഥലം വിട്ടു. കൗമുദിയുടെ തലസ്ഥാന ലേഖകനായിരുന്ന വേണുഗോപാൽ കുറേക്കാലം കൗൺസിലറായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ യദുകുല കുമാർ കൗമുദിയുടെ അവസാനകാലത്ത് പത്രാധിപസംഘത്തില്‍ അംഗമായി. അക്കാലത്ത് ഞങ്ങൾ തമ്മിൽ മുളപൊട്ടിയ സൗഹൃദബന്ധം താരും തളിരും അണിഞ്ഞ് ബലിഷ്ഠമായ സ്‌നേഹമരമായി വളർന്നു. മികച്ച കഥയെഴുത്തുകാരൻ കൂടിയായ വേണു ആ രംഗത്ത് തുടർന്നില്ല. പകരം പത്രപ്രവർത്തനമായി അദ്ദേഹത്തിന്റെ ജീവിതം. അക്കാലത്ത് കേരള രാഷ്ട്രീയ ജീവിതത്തെ ഇളക്കിമറിച്ചതായിരുന്നു ബജറ്റ് ചോർച്ച. ബജറ്റ് അവതരണത്തിന്റെ തലേദിവസം പുറത്തിറങ്ങിയ കൗമുദിയിൽ അതു സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടുണ്ടായിരുന്നു. വേണുഗോപാലായിരുന്നു സാഹസികമായ ഈ റിപ്പോർട്ടുണ്ടാക്കിയത്. തലനാരിഴയ്ക്കായിരുന്നു, അതിന്റെ പേരിൽ അധികാരത്തിന്റെ പിടിയിൽനിന്നും അദ്ദേഹം രക്ഷപ്പെട്ടത്. കൗമുദിയും കേരളകൗമുദിയും മാതൃഭൂമിയുമായി ഒടുവിൽ ആ ജീവിതം അവസാനിക്കുമ്പോൾ, സ്‌നേഹിതർക്കിടയിൽ ആ വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത എത്രയോ കാലം നീണ്ടു. ചില ബന്ധങ്ങളുണ്ട്, വ്യക്തിപരമായ ലാഭനഷ്ടങ്ങൾ വിഗണിക്കുന്ന ആത്മീയമെന്ന് വിശേഷിപ്പിക്കാവുന്നവ. അത്തരത്തിലൊരു അടുപ്പമായിരുന്നു വേണുവും യദുവുമായുണ്ടായിരുന്ന എന്റെ ബന്ധം, അതൊരു വലിയ മരമായി തണൽ തന്നു.
സ്റ്റാലിനിസത്തിനെതിരെ
വിജയൻ എന്ന് ഞങ്ങൾ അഭിസംബോധന ചെയ്തിരുന്ന കെ. വിജയരാഘവന്റെ കാര്യം വ്യത്യസ്തമായിരുന്നു. അദ്ദേഹവുമായി ആഴത്തിലുള്ള അടുപ്പം വളർത്താൻ എനിക്കായി. ആൾകൂട്ടത്തിൽനിന്ന് എക്കാലവും അദ്ദേഹം അകന്നുമാറി നിന്നു. ആർ.എസ്.പിയുടെ വാരികയായ ‘സഖാവാ’യിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിദ്യാർത്ഥി ജീവിതത്തിനിടയിൽ രാഷ്ട്രീയ പ്രവർത്തനത്തിനായി വീടും നാടും ഉപേക്ഷിച്ച് ഒടുവിൽ ആലപ്പുഴയിലെത്തി തമ്പടിക്കുമ്പോൾ മുടങ്ങാതെ ‘സഖാവ്’ വായനക്കാരിലെത്തിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉന്നം. സ്റ്റാലിനിസത്തെ വിട്ടുവീഴ്ചയില്ലാതെ എതിർത്തവരിൽ മുമ്പനായിരുന്നു അദ്ദേഹം. സ്റ്റാലിനിസ്റ്റുകളെ മാലങ്കോവിന്റെ മക്കൾ എന്നായിരുന്നു അക്കാലത്ത് പരിഹസിച്ചിരുന്നത്. ‘എബിസി ഓഫ് കമ്മ്യൂണിസം’ എന്ന പേരിൽ ബുഖാറിൻ എഴുതിയ കൃതിയെ ആധാരമാക്കി, കമ്യൂണിസ്റ്റുകൾക്കിടയിലെ പണ്ഡിതനായിരുന്ന കെ. ദാമോദരനുമായി അദ്ദേഹം വിവാദത്തിലേർപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. കെ. ദാമോദരന്റെ നിലപാടുകളെ നിശിതമായി എതിർത്ത് ‘കൗമുദി വാരിക’യിലായിരുന്നു ലേഖനങ്ങൾ വിജയരാഘവൻ എഴുതിയിരുന്നത്. അതിനെ ഖണ്ഡിച്ചുകൊണ്ട് തന്റെ നിലപാടുകൾ വ്യക്തമായി രേഖപ്പെടുത്തുന്നതിൽ കെ. ദാമോദരൻ പ്രദർശിപ്പിച്ച അസാധാരണമായ പ്രാപ്തി ആരെയും ആകർഷിക്കുന്നതായിരുന്നു. ‘ഇന്ത്യയുടെ ആത്മാവ്’ എന്ന ശീർഷകത്തിൽ കനപ്പെട്ട ഒരു ഗ്രന്ഥം രചിക്കുന്നതിൽ ചെന്നെത്തിയ ദാമോദരന്റെ ജീവിതം അധികാരത്തിന്റെ പൊടിയും പുകയുമേൽക്കാത്ത ശുദ്ധവും ശുഭ്രവുമായിരുന്നു.
കണ്ണൂർക്കാരനായിരുന്നുവെങ്കിലും മരണം വരെ, വിജയരാഘവൻ തിരുവനന്തപുരത്തായിരുന്നു താമസം. എല്ലാ അർത്ഥത്തിലും അദ്ദേഹം ട്രോട്‌സ്‌കിയിസ്റ്റായിരുന്നു. സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തെ നേരിടാൻ ട്രോട്‌സ്‌കിക്കു മാത്രമേ സാധിക്കൂവെന്നും ഒരു രാജ്യത്ത് മാത്രമായി കമ്യൂണിസ്റ്റ് ഭരണത്തെ ഒതുക്കിനിർത്താതെ ലോകമെങ്ങും വ്യാപിപ്പിക്കുകയാണ് അതിനുള്ള വഴിയെന്നും ട്രോട്‌സ്‌കിയിസ്റ്റുകൾ വിശ്വസിച്ചു. അത്യപൂർവ്വമായ പ്രതിഭകൊണ്ട് അനുഗൃഹീതനായ ജൂത ബുദ്ധിജീവിയായിരുന്ന ട്രോട്‌സ്‌കിയായിരുന്നു യുദ്ധത്തിൽനിന്ന് സോവിയറ്റ് യൂണിയനെ കരകയറ്റിയത്. റെഡ് ആർമിയുടെ സംഘാടനത്തിൽ തുടങ്ങുന്നതാണ് അനുപമമായ അദ്ദേഹത്തിന്റെ കഴിവുകൾ.
ശൈത്യകാലത്ത് ധരിക്കുന്ന ഓവർകോട്ട് പണയംവച്ച് അത്താഴത്തിനുള്ള ഉരുളക്കിഴങ്ങ് വാങ്ങിച്ച മാർക്‌സ് എന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ യഥാർത്ഥ അനുയായി താനാണെന്ന വിശ്വാസക്കാരനായിരുന്നു ട്രോട്‌സ്‌കി. റഷ്യൻ വിപ്ലവത്തിന്റെ ശില്പിയായി അറിയപ്പെടുന്ന ലെനിനുപോലും ആ സ്ഥാനം നൽകാൻ ട്രോട്‌സ്‌കി തയ്യാറായില്ല. ലെനിനു ശേഷം അധികാരം കൈക്കലാക്കാൻ സ്റ്റാലിൻ ഓരോ കരുക്കളായി സൂക്ഷ്മതയോടെ നീക്കിയിരുന്നത് മനസ്സിലാക്കിയ തന്ത്രജ്ഞനായിരുന്ന ട്രോട്‌സ്‌കിയുടെ ജീവിതകഥയിലേക്ക് എന്നെ ആകർഷിച്ചത് വിജയരാഘവൻ തന്ന പുസ്തകങ്ങളായിരുന്നു. പ്രോഫറ്റ് ആംഡ് എന്ന ശീർഷകത്തിൽ തുടങ്ങുന്ന മൂന്ന് പുസ്തകങ്ങൾ (പ്രോഫ്റ്റ് ആംഡ്, അൺആംഡ്, വാൻക്വിഷ്ഡ് - മൂന്നു വോള്യങ്ങൾ), ചരിത്ര രേഖയാണ്. അധികാരത്തിൽനിന്നു നിഷ്‌കാസിതനാക്കപ്പെട്ട തന്നെ സ്റ്റാലിന്റെ കൊലയാളികൾ നശിപ്പിക്കുമെന്ന് ട്രോട്‌സ്‌കിക്ക് അറിയാമായിരുന്നു. നീണ്ട പലായനങ്ങൾക്കു ശേഷം മെക്‌സികോയിൽ എത്തപ്പെട്ടെങ്കിലും ആ രാജ്യവും സുരക്ഷിതമായില്ല. അദ്ദേഹത്തെ കൊല്ലാനുള്ള കോടാലിയുമായി സ്റ്റാലിൻ നിയോഗിച്ച കൊലയാളി അവിടെയെത്തി.
കൗമുദി വാരികയുടെ പത്രാധിപരുടെ ചുമതലകൾ ഏറ്റെടുത്ത് വിജയരാഘവൻ പ്രവർത്തിച്ചു തുടങ്ങുന്ന കാലത്താണ് പത്രം തുടങ്ങുന്നത്. പേട്ടയിലെ റയിൽവേ സ്റ്റേഷനടുത്തുള്ള ‘കേരളകൗമുദി’ ഓഫീസ് മന്ദിരത്തിന്റെ നിഴലിൽ നിൽക്കുന്ന ഇന്ദിരാ പ്രിന്റിംഗ് വർക്‌സിലായിരുന്നു കൗമുദി ഓഫീസ്. കെ. ബാലകൃഷ്ണന്റെ സ്വർഗ്ഗവും നരകവുമായി മാറിയ മന്ദിരം. മുൻകാലത്ത് കൗമുദി വാരികയിൽ പേര് വച്ചും കള്ളപ്പേരിലും വിജയൻ സ്ഥിരമായി രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിക്കാനോ സാമൂഹ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അപഗ്രഥിക്കാനോ അക്കാലത്ത് അധികം പേരും ശ്രദ്ധിച്ചിരുന്നില്ല. അവരിൽ അദ്ദേഹം വ്യത്യസ്തനായി. സ്വേച്ഛാധിപതിയെന്ന നിലയിൽ സഹപ്രവർത്തകരെ കൊന്നൊടുക്കുന്നതിന് സ്റ്റാലിൻ അവലംബിച്ചിരുന്ന അതിക്രൂരമായ അടവുകളും കൃത്രിമമായ ന്യായീകരണങ്ങളും ലേഖനങ്ങളിൽ വിജയൻ വിശദമായി കൈകാര്യം ചെയ്തിരുന്നു. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആരോപണം ചുമത്തി ഏതാനും ജൂത ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് വിചാരണയെന്ന പ്രഹസനത്തിനു ശേഷം അവരെ കാലപുരിയിൽ അയച്ചതിൽ തുടങ്ങുന്നതായിരുന്നു വിചാരണ നാടകങ്ങൾ. സ്റ്റാലിന്റെ അടുത്ത സഹപ്രവർത്തകനായിരുന്ന ബുഖാറിനും രഹസ്യപ്പൊലീസ് ചീഫ് ആയിരുന്ന ബെറിയയും ഉൾപ്പെടെയുള്ളവരെ അപഹരിച്ചതായിരുന്നു ആ സംഭവങ്ങൾ.
അതുമായി ബന്ധപ്പെട്ട് സ്റ്റാലിന്റെ അന്ത്യത്തെപ്പറ്റി ഒരു കഥ പ്രചരിച്ചിരുന്നു. ഹൃദയാഘാതത്താൽ നിലത്തുവീണ ആ സ്വേച്ഛാധിപതിയെ ഉടൻ പരിചരിക്കാതെ, മരണത്തിനു വിട്ടുകൊടുക്കാൻ സഹപ്രവർത്തകർ ബോധപൂർവ്വം പദ്ധതി തയ്യാറാക്കിയിരുന്നുവത്രെ. സ്റ്റാലിൻ രോഗാതുരനാണെന്ന അറിയിപ്പ് കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനിൽ ഓടിയെത്തുന്നതിനു പകരം, സഹപ്രവർത്തകർ വൈകി എത്തിച്ചേർന്നു. അവർ അവിടെയെത്തുമ്പോഴേയ്ക്കും ആ സ്വേച്ഛാധിപതിയുടെ കഥ കഴിഞ്ഞിരുന്നു.
യുഗോസ്ലാവിയയുടെ സ്രഷ്ടാക്കളിലൊരാളായിരുന്ന മിലോവന്‍ ജിലാസ് കടുത്ത കമ്യൂണിസ്റ്റുകാരനായിരുന്നു. ആ വിശ്വാസത്തോട് വിടപറഞ്ഞ് അതിന്റെ ശത്രുവായ കഥ, പല ലേഖനങ്ങളിലും വിജയരാഘവന്‍ ഉദ്ധരിക്കുന്നത് പതിവായിരുന്നു. യുഗോസ്ലാവ് പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോയുടെ സ്നേഹിതനും സഹപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം അവസാനിച്ചത് ടിറ്റോയുടെ എതിരാളിയെന്ന നിലയിലായിരുന്നു. അതെല്ലാം സംഭവിക്കുന്നതിനു മുന്‍പ് സ്റ്റാലിനെ സന്ദര്‍ശിച്ച് അദ്ദേഹം സംഭാഷണം നടത്തിയിരുന്നു. ‘കോണ്‍വര്‍സേഷന്‍സ് വിദ് സ്റ്റാലിന്‍” എന്ന പേരില്‍ അത് പുസ്തകമാക്കിയത് വിജയന്‍ സൂക്ഷിച്ചിരുന്നു. പുറമെ ജിലാസിന്റെ ‘ന്യൂ ക്ലാസ്സ്’ എന്ന പുസ്തകവും കമ്യൂണിസ്റ്റ് വിശ്വാസം ഉപേക്ഷിച്ചവരുടെ വേദപുസ്തകങ്ങളായിരുന്നു അവ.
മാവോയുടെ കാൽപാടുകൾ
ഒന്നുമില്ലാത്തവന്റെ ജീവിതം കാമ്പുംകഴമ്പുമുള്ളതാക്കാൻ അദ്ധ്വാനിക്കുന്നവന്റെ അധികാര സ്ഥാപനം മാത്രമാണ് പോംവഴിയെന്ന് മാർക്‌സ് ചരിത്രത്തിന് അടിവരയിടുമ്പോൾ, ലോകം മാറിയത് ആരും അറിഞ്ഞില്ല. സ്വേച്ഛാധിപതിയായ സാറിൽനിന്നും അധികാരം പിടിച്ചെടുക്കാൻ ലെനിനും അനുയായികളും നടത്തിയ യുദ്ധങ്ങൾ ചരിത്രത്തിൽ ചോരകൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ളതാണ്. അതിൽനിന്നും ഏറെ വ്യത്യസ്തമായ വഴിയാണ് ചോര ചിന്താതെ അധികാരം പിടിച്ചെടുക്കാനായി മാവോയും സഹപ്രവർത്തകരും നടത്തിയ ‘ദി ഗ്രേറ്റ് മാർച്ച്’ എന്നറിയപ്പെടുന്ന പട്ടിണിക്കാരന്റെ നീണ്ട യാത്ര. ഐതിഹാസികമായിരുന്നു അത്. പഴയ കഥകൾ തകർത്ത് പുതിയ കഥകൾ എഴുതാനുള്ള ശ്രമഫലമായി ആരംഭിച്ച സാംസ്‌കാരിക വിപ്ലവം അച്ഛനേയും അമ്മയേയും പോലും ഒറ്റുകൊടുക്കുന്ന നിന്ദ്യമായ പ്രവർത്തനമായതും പാടങ്ങളിൽ വിളഞ്ഞ് പഴുത്തുനിൽക്കുന്ന ഗോതമ്പും ചോളവും കൊത്തിത്തിന്നുന്നതിൽനിന്ന് കിളികളെ അകറ്റുവാൻ ഗ്രാമങ്ങളിൽ കാറ്റാടികൾ വിതരണം ചെയ്തതും വിപ്ലവത്തിനു മനുഷ്യമുഖം നൽകാനുള്ള ധീരമായ പരീക്ഷണമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതിനിടയിൽ ആറ്റംബോംബാക്രമണത്തെ താൻ ഗൗരവമായി കണക്കിലെടുക്കുന്നില്ലെന്നും ഒന്നോ രണ്ടോ ബോംബിട്ടാലും പിന്നെയും കോടികൾ വരുന്ന ചൈനക്കാർ അവശേഷിക്കുമെന്നും പ്രഖ്യാപിക്കാനുള്ള മനുഷ്യത്വമില്ലായ്മ പ്രദർശിപ്പിച്ച മാവോയുടെ വിശ്വാസദാരിദ്ര്യത്തെപ്പറ്റി എത്രയെത്ര ലേഖനങ്ങളായിരുന്നു അക്കാലത്ത് വിജയൻ എഴുതിയത്. സഖാവിലും കൗമുദി വാരികയിലും നിന്ന് കേരളകൗമുദി പത്രത്തിൽ അദ്ദേഹമെത്തിയത് സിറ്റി റിപ്പോർട്ടറായിട്ടായിരുന്നു. കെ.ജി. പരമേശ്വരൻ നായരും വി.ടി വർഗീസുമായിരുന്നു തലസ്ഥാന ബ്യൂറോ ചീഫായിരുന്ന വിജയന്റെ സഹപ്രവർത്തകർ. നിയമസഭാ റിപ്പോർട്ടിംഗിൽ വിജയനെ തോൽപിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. ‘മലയാള രാജ്യം’ ദിനപത്രത്തിൽ പ്രവർത്തിക്കുന്ന കാലത്ത് കുറേക്കാലം ഞാനും നിയമസഭാ റിപ്പോർട്ടറായി പ്രവർത്തിച്ചു. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ. റിപ്പോർട്ടുകൾ തയ്യാറാക്കി അത് കൊല്ലത്തുള്ള മലയാളരാജ്യം ഓഫീസിലെത്തിച്ചിരുന്നത് ബസ് വഴിയായിരുന്നു. കണ്ടക്ടറോ ഡ്രൈവറോ സന്തോഷത്തോടെ അതേറ്റെടുത്തിരുന്നു. എത്രകാലം. സഫലമായ വർഷങ്ങൾ. യാതൊരു അവകാശവാദങ്ങളുമില്ലാതെ പത്രപ്രവർത്തനത്തിൽ മുഴുകിക്കഴിഞ്ഞിരുന്ന കാലം. വിപ്ലവത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളെല്ലാം പാഴായിപ്പോയെന്ന ഖേദം ആരോടും പങ്കുവയ്ക്കാതെ. അതേപ്പറ്റി സ്‌നേഹിതൻമാർക്കിടയിൽ ഒരു കഥ പ്രചരിച്ചിരുന്നു. വിപ്ലവം വരുന്ന വഴി അറിയുമ്പോൾ, അവിടെയെത്തി അതിന്റെ ഭാഗമാകാൻ വിജയൻ കാത്തുകഴിയുകയാണെന്നായിരുന്നു ആ കഥ. കേരളകൗമുദിയെ തന്റെ രണ്ടാം ജീവിതമായി വരിച്ച അദ്ദേഹം അതിനിടയിൽ വിവാഹിതനായി തിരുവനന്തപുരത്തുകാരനായി.
കെ.സി.എസ്. മണിയുടെ രക്ഷപ്പെടൽ
ചേമ്പേഴ്‌സ് ഇംഗ്ലീഷ് ഡിക്‌ഷണറി ഹൃദിസ്ഥമാക്കിയ കെ.സി.എസ്. മണി അറിയപ്പെടുന്നത് സർ. സി.പിയെ കൊല്ലാൻ ശ്രമിച്ച തീവ്രവാദിയായാണ്. നല്ല പെരുമാറ്റവും ദൃഢമായ ശരീരപുഷ്ടിയുമുള്ള പരുക്കൻ പ്രകൃതക്കാരനായിരുന്നു അദ്ദേഹം പ്രത്യക്ഷത്തിൽ. ഏതാണ്ട് മൂന്നിൽപരം കൊല്ലങ്ങൾ സഹപ്രവർത്തകനായിരുന്ന എന്നോട് ഒരിക്കൽപോലും അദ്ദേഹം പരുഷമായി പെരുമാറിയിട്ടില്ല. ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര തിരുവിതാംകൂർ എന്ന നിലയിൽ തുടരാനുള്ള ശ്രമത്തിൽ വ്യാപൃതനായ സർ സി.പിയെ അതിൽനിന്നു പിൻമാറ്റാൻ യുക്തിക്കോ സാമാന്യ പ്രേരണയ്‌ക്കോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ്, പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ ദീർഘമായ പര്യാലോചനകൾക്കു ശേഷം ചെന്നെത്തിയത് സി.പിയെ വകവരുത്തുകയെന്ന തീരുമാനത്തിലായിരുന്നു. കുമ്പളത്ത് ശങ്കുപ്പിള്ളയെപ്പോലുള്ള അത്യുന്നതരായിരുന്നു അതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തത്. അതിൽ ഭാഗഭാക്കായ മണിസ്വാമി ആ കൃത്യം സ്വയമേറ്റെടുത്തു. തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പിയെ അവിടെവച്ച് അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യവുമായി സദസ്സിന്റെ മുൻനിരയിൽ ഇരുപ്പുറപ്പിച്ച മണിസ്വാമി അധികം വൈകാതെ പ്രസംഗമണ്ഡപത്തിൽ ചാടിക്കയറി. കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് സി.പിയുടെ നേരെ ഓങ്ങിയതും ലൈറ്റണഞ്ഞ് അവിടം മുഴുവൻ ഇരുട്ടിൽ മുങ്ങിയതും നിമിഷമാത്രയിലായിരുന്നു. സി.പിയുടെ മുഖത്തായിരുന്നു വെട്ടേറ്റത്. ആ നിമിഷം വിളക്കണച്ചത് ആരായിരുന്നു?
ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുന്നു. സർജൻ ജനറൽ കേശവൻനായരുടെ പരിചരണം സി.പിയെ മരണത്തിൽനിന്നും രക്ഷപ്പെടുത്തി. അതോടെ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം സി.പിയുടെ മാത്രം സ്വപ്നമായി. സി.പിയെ വെട്ടിയശേഷം കോലാഹലങ്ങൾക്ക് ഇടനൽകാതെ ഊളിയിട്ട് രക്ഷപ്പെട്ട മണിസ്വാമി എങ്ങനെയോ പേട്ടയിലെ പാർക്കിലെത്തി, ചോരക്കറ പുരണ്ട വസ്ത്രങ്ങൾ മാറ്റി എവിടെയോ പോയി മറഞ്ഞു. അതേപ്പറ്റി സംസാരിക്കാൻ മണിസ്വാമി വിമുഖനായിരുന്നു. ആ കൃത്യത്തിൽ പശ്ചാത്താപമുണ്ടായിരുന്നോ? അതോ കൃത്യം സഫലമാകാത്തതിൽ നിരാശനായിരുന്നോ? അദ്ദേഹം ഒന്നും പറയാതെ അത്തരം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നു.
നാട്ടുരാജ്യങ്ങളെ യൂണിയന്റെ ഭാഗമാക്കുകയെന്ന ദുഷ്‌കരമായ ജോലി ഏറ്റെടുത്ത്, ആഭ്യന്തരമന്ത്രിയായ സർദാർ പട്ടേലിന്റെ വലംകയ്യായി പ്രവർത്തിച്ചിരുന്നത് വി.പി. മേനോനായിരുന്നു. വാപ്പാല പങ്കുണ്ണി മേനോൻ. അതിപ്രശസ്തനായ വി.പി. മേനോൻ ആകുന്നതിന്റെ പിന്നിൽ കഠിനമായ യാതനയുടെ കഥകളുണ്ട്. ജോലി തേടി ജന്മദേശമായ പാലക്കാട് വിട്ട് കോളാറിലെത്തി അവിടെ കുറേക്കാലം ജോലി ചെയ്തതിനുശേഷം ഡൽഹിയിൽ താവളമടിച്ച മേനോൻ ഔദ്യോഗിക ജീവിതത്തിൽ ക്രമേണ ഉയർന്ന് ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന പട്ടേലിന്റെ വലംകയ്യാകുക മാത്രമല്ല, മുന്നൂറിൽപരം വരുന്ന നാട്ടുരാജ്യങ്ങളെ യൂണിയന്റെ ഭാഗമാക്കുകയെന്ന ജോലി സ്തുത്യർഹമായി നിർവഹിക്കുകയും ചെയ്തു. തിരുവിതാംകൂർ ഒഴികെ ഹൈദ്രാബാദും ജൂനഗാദും മാത്രമായിരുന്നു ഇടഞ്ഞുനിന്നത്. ഇന്ത്യയ്ക്കകത്ത് ചെറിയൊരു പാകിസ്താൻ ആകുകയെന്നതായിരുന്നു ഹൈദ്രാബാദ് നൈസാമിന്റെ മോഹം. അതു നടന്നില്ല. ഒരു ദിവസത്തെ ‘പൊലീസ് ആക്ഷൻ’ മാത്രമേ വേണ്ടിവന്നുള്ളു ആ സ്വപ്നത്തെ തച്ചുടയ്ക്കാൻ. വെട്ടേറ്റ് മൈലാപ്പൂരിലേക്ക് സി.പി. പോയതോടെ തിരുവിതാംകൂറിനെ മറ്റൊരു സ്വിറ്റ്‌സർലന്റ് ആക്കുകയെന്ന പദ്ധതിയും തകർന്നു. യൂണിയൻ അംഗമായി ചേരുന്നതിനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്ത കൊച്ചി രാജാവിനു തന്നെ കാണാനെത്തിയ വി.പി. മേനോനോട് ഒരു അഭ്യർത്ഥന മാത്രമേ അറിയിക്കാനുണ്ടായിരുന്നുള്ളു. എല്ലാ വർഷവും ആദ്യമാസം ആദ്യദിവസം തന്നെ ഒരു പഞ്ചാംഗം കിട്ടാൻ വ്യവസ്ഥ ചെയ്യണമെന്നതായിരുന്നു ആ അഭ്യർത്ഥന.
ഹോം റൂൾ സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്ന കാലം ഓർമ്മിപ്പിക്കവെ, സി.പി. രാമസ്വാമി അയ്യർ ബ്രിട്ടീഷ് വാഴ്ചയുടെ മാപ്പുസാക്ഷിയായി മാറിയതായി നെഹ്‌റു സൂചിപ്പിച്ചിരുന്നു. ജനങ്ങളുടെ പ്രാതിനിധ്യം തനിക്കില്ലെന്നും അതിനുള്ള യോഗ്യതയില്ലെന്നും സി.പി. ആക്ഷേപിച്ചതിനുള്ള മറുപടിയെന്ന നിലയിൽ ആത്മകഥയിൽ നെഹ്‌റു ഇങ്ങനെ എഴുതിയിട്ടുണ്ട്. ആത്മവഞ്ചനയുടെ പ്രതീകമായി രൂപാന്തരം പ്രാപിച്ച സി.പിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും, വളഞ്ഞ ഏണിപ്പടികളിലൂടെ അദ്ദേഹം ഉയരങ്ങളിലെത്തിയപ്പോൾ തന്നെപ്പോലുള്ളവർ മണ്ണിൽ കാലുറപ്പിച്ചുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. (പ്രഭുമന്ദിരങ്ങളിലെ ഉറക്കറകളിൽ രഹസ്യസന്ദർശനം നടത്താൻ, പിന്നിൽ നിർമ്മിച്ചിട്ടുള്ള വളഞ്ഞ ഏണിപ്പടികൾ ഉപയോഗിക്കുന്നതാണ് ഇവിടെ പരാമർശിച്ചത്.)
സി.പിയെ വെട്ടിയശേഷം തമിഴ്‌നാട്ടിൽ രഹസ്യമായി കടന്ന മണിസ്വാമിക്കു ഭദ്രമായ താവളം ഉറപ്പിക്കാൻ ശ്രീകണ്ഠൻ ചേട്ടനും സംഘവും പ്രത്യേകം ജാഗ്രത പുലർത്തിയിരുന്നു. കൗമുദി ദിനപത്രത്തിന്റെ പത്രാധിപസമിതി അംഗമാകുമ്പോൽ പല്ലും നഖവും കൊഴിഞ്ഞ പാവം സിംഹമായി മാറിയിരുന്നു മണിസ്വാമി. തമ്പാനൂരുള്ള സി.പി. സത്രമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം താമസയിടം. രാത്രി പന്ത്രണ്ട് മണിക്ക് ജോലി കഴിഞ്ഞു മടങ്ങുന്ന അദ്ദേഹത്തോടൊപ്പം വേണുവും ഞാനും ഉണ്ടാകും. രാത്രി മുഴുവൻ പ്രവർത്തിക്കുന്ന നാസേഴ്‌സ് ഹോട്ടലിൽ ചെന്ന് ആഹാരം കഴിച്ചിട്ട് ഞങ്ങൾ മൂന്നുവഴിക്കു പിരിയുന്നത് പതിവായിരുന്നു. പുട്ടും ഇറച്ചിക്കറിയും കൂട്ടത്തിൽ ഏത്തപ്പഴവും ചേർത്ത ആഹാരം മണിസ്വാമിയുടെ ഇഷ്ടഭോജ്യമായിരുന്നു. ഇടയ്ക്ക് വിശേഷദിവസങ്ങളിൽ അതിലൊന്നായിരുന്നു പാപനാശം ശിവന്റെ പാട്ടുകച്ചേരി. സംഗീതസഭയിൽപോയി നേരം വെളുപ്പിക്കാൻ മണിസ്വാമി സവിശേഷ കൗതുകം പ്രദർശിപ്പിച്ചിരുന്നു. അക്കാലത്താണ് അതിപ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ആർ. മഹാലിംഗത്തിന്റെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായത്. പുല്ലാങ്കുഴൽ വാദനത്തിന്റെ അവസാനവാക്കായിരുന്നു അദ്ദേഹം. കച്ചേരിയിൽ കൂടെ പങ്കെടുക്കുന്നവർക്ക് അദ്ദേഹത്തെ നേരിടുക മനുഷ്യസാധ്യമല്ലാത്ത കാര്യമായിരുന്നു. വാദനത്തിനിടയിൽ പൊടുന്നനെ നിശ്ശബ്ദനായി, മറ്റു വാദ്യങ്ങൾ വായിക്കുന്നവരെ വഴിതെറ്റിക്കുന്നത് അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ വിനോദമായിരുന്നു. ഒരു വിദേശവനിതയെ പത്നിയായി സ്വീകരിച്ച അദ്ദേഹം ന്യൂയോർക്കിൽ പാർപ്പ് ആരംഭിക്കുമ്പോഴാണ് പുല്ലാങ്കുഴൽ വാദനത്തിൽനിന്നു പൂർണമായി വിരമിക്കുന്നത്. പുല്ലാങ്കുഴൽ വാദനത്തിൽ ഹരിശ്രീപോലും സ്വായത്തമാക്കാൻ തനിക്കായിട്ടില്ലെന്ന കാരണം പറഞ്ഞ്!
അഭയമൊരുക്കിയ സ്‌നേഹിതൻ
അവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ. ഭാവസാന്ദ്രമായ കഥകൾ എഴുതിയിരുന്ന സി.എൻ. ജീവിക്കാനുള്ള ഒരു മാർഗ്ഗമായി മാത്രമാണ് പത്രപ്രവർത്തനത്തെ സ്വീകരിച്ചത്. ആർ.എസ്.പിക്കാരനായിരുന്നെങ്കിലും സജീവമായിരുന്നില്ല അദ്ദേഹത്തിനു രാഷ്ട്രീയം. കമ്യൂണിസ്റ്റുകാരുടെ സ്റ്റാലിനിസ്റ്റ് ശൈലിയെ വിട്ടുവീഴ്ചയില്ലാതെ എതിർത്ത അദ്ദേഹം ജനാധിപത്യത്തിൽ വിശ്വസിക്കുകയും മനുഷ്യൻ എത്ര മനോഹരമായ പദം എന്ന മാക്‌സിം ഗോർക്കിയുടെ വചനം അക്ഷരാർത്ഥത്തിൽ ഉയർത്തിപ്പിടിക്കുകയും ചെയ്ത സ്‌നേഹധനനായ മനുഷ്യസ്‌നേഹിയായിരുന്നു. പത്രപ്രവർത്തകനാകാനുള്ള എന്റെ തീവ്രമായ ആഗ്രഹത്തെ പൂർണമായും പിന്താങ്ങിയ അദ്ദേഹം അതിനുവേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുതന്നു. സഹോദരനും സ്‌നേഹിതനും രക്ഷകനുമായിരുന്നു അദ്ദേഹമെനിക്ക്. മുജ്ജന്മ ബന്ധം എന്ന സങ്കല്പത്തെ അർത്ഥപൂർണമാക്കുന്നതായിരുന്നു സി.എന്നുമായുള്ള എന്റെ അടുപ്പം. അദ്ദേഹത്തിന്റെ മുന്‍പിൽ ഒരു മെഴുകുതിരി പിടിക്കാനുള്ള അർഹതയോ പ്രാപ്തിയോ എനിക്കുണ്ടായിരുന്നില്ല. സാഹിത്യവുമായി തീവ്രാനുരാഗത്തിലായിരുന്ന അദ്ദേഹം സാഹിത്യജീവിതത്തെ പ്രാർത്ഥനാപൂർവ്വം സമീപിച്ച എന്നോട് സഹോദരതുല്യമായ വാത്സല്യമായിരുന്നു. ഒടുവിൽ സി.എന്നിനെ കാണുമ്പോൾ, പുഴയിൽ എത്രയോ തവണ വെള്ളം പൊങ്ങുകയും താഴുകയും ചെയ്തിരുന്നു. ആന്റിമണി രക്തത്തിൽ കടന്നിരിക്കുന്നെന്നും ചികിത്സ കൊണ്ട് വിപത്തിനെ തൽകാലം തടയാൻ മാത്രമേ സാധിക്കൂയെന്നുള്ള അറിവ് സ്വീകരിച്ച് ശാന്തമായി അദ്ദേഹം ജീവിതം ഉന്തിത്തള്ളുകയായിരുന്നു. ഗാർഹിക ജീവിതത്തിൽ ഉരുത്തിരിഞ്ഞ കൊടുങ്കാറ്റുകൾക്കൊന്നും അസാമാന്യനായ ആ ധീഷണശാലിയെ നിലംപതിപ്പിക്കാനായില്ല. ക്ഷതങ്ങളെ ഇരുകൈകളും നീട്ടിവാങ്ങിയ അദ്ദേഹം തന്റെ ദുഃഖങ്ങളും വേദനകളും ആർക്കും നൽകിയില്ല. കൗമുദിക്കാലത്തായിരുന്നു അദ്ദേഹവുമായി അടുക്കാനും അനിതരശായിയായ ആ പ്രതിഭാധനന്റെ ആയിരം മുഖങ്ങളുമായി പരിചയപ്പെടാനും എനിക്കു കഴിഞ്ഞത്. കൗമുദി ദിനപത്രത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് സി.എൻ അറിഞ്ഞിരുന്നു. ചെറുതായി ശ്രമിച്ചിരുന്നെങ്കിൽ ഒരു മതിൽകെട്ടിന്റെ അകൽച്ച മാത്രമുണ്ടായിരുന്ന കേരളകൗമുദി ഓഫീസിൽ ഒരു കസേര സ്വന്തമാക്കാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അതിലൊന്നും യാതൊരു താല്പര്യവും സി.എന്നിന് ഇല്ലായിരുന്നു. ഒരർത്ഥത്തിൽ, ആർതർ മില്ലറുടെ ‘ഡെത്ത് ഓഫ് എ സെയിൽസ്‌മാൻ’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ, വിൽപനയിൽ മുന്നിലെത്താൻ ഓടിനടന്ന ആ മനുഷ്യനെയാണ് അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നത്. കൗമുദിയിൽനിന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്കും അദ്ദേഹം മടങ്ങിയില്ല. അത്തരം ഇടപാടുകളിൽ, പരസ്പരം കുത്തിനോവിക്കുന്നതിൽനിന്ന് ബോധപൂർവ്വം ഒഴിഞ്ഞുമാറി. സജീവരാഷ്ട്രീയം തനിക്ക് അനുയോജ്യമല്ലെന്ന വസ്തുനിഷ്ഠമായ വിലയിരുത്തൽ സി.എൻ. നടത്തിയിരുന്നു. ഇടയ്ക്കുവച്ച്, പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി. ആ ഉദ്യോഗവുമായി തിരുവനന്തപുരത്തോട് അദ്ദേഹം വിടപറഞ്ഞു. അതിനു മുന്‍പ് രാജധാനിയിലെ നാടകവൃത്തങ്ങളിൽ അദ്ദേഹം നിർണായകമായ സ്ഥാനം സ്വായത്തമാക്കിയിരുന്നു. ടി.ആർ. സുകുമാരൻ നായരും പി.കെ. വിക്രമൻ നായരും സി.ഐ. പരമേശ്വരൻ പിള്ളയും അദ്ദേഹത്തിന്റെ സ്‌നേഹിതരായി. വായനശാല കേശവപിള്ളയുടെ രക്ഷാധികാരത്തിൽ ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാല എല്ലാ വർഷവും രാജാവിന്റെ ജന്മദിനത്തിൽ ഒരു നാടകം എഴുതിപ്പിച്ച് അവതരിപ്പിച്ച ശേഷം രാജാവിൽനിന്നു പുതുവസ്ത്രങ്ങൾ സമ്മാനമായി സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ടി.എൻ. ഗോപിനാഥൻ നായരെപ്പോലുള്ളവർ നിയന്ത്രണം പുലർത്തിയിരുന്ന ആ രംഗത്ത് വ്യക്തിത്വത്തിന്റെ മികവിൽ സി.എൻ. സ്വന്തമായി ഒരിടം സൃഷ്ടിച്ചതിനു പുറമെ, ഒരു കൊല്ലം നാടകം എഴുതി അവതരിപ്പിച്ച് തലസ്ഥാന നഗരത്തിലെ നാടകപ്രേമികളുടെ അംഗീകാരം നേടുകയും ചെയ്തു. തിരുവനന്തപുരത്തുകാരനല്ലാത്ത ഒരാളിന്, അത്തരം അംഗീകാരങ്ങൾ കിട്ടാറില്ലായിരുന്നു. ഒരുതരം സങ്കുചിതത്വത്തിനടുത്തായിരുന്നു തിരുവനന്തപുരം നാടകവേദി.
കൃഷ്‌ണപിള്ളയും ഇബ്‌സനും
ഇബ്‌സന്റെ നിഴൽ പ്രത്യക്ഷമായിരുന്നുവെങ്കിലും എൻ. കൃഷ്‌ണപിള്ള രചിച്ച കന്യകയെന്ന നാടകം മലയാള നാടകവേദിയെ പിടിച്ചുകുലുക്കുകയുണ്ടായി. യാഥാസ്ഥിതികതയെ കുത്തിനോവിച്ച ആ നാടകവും കൈനിക്കര സഹോദരൻമാരെന്ന് അറിയപ്പെട്ടിരുന്ന കൈനിക്കര കുമാരപിള്ളയും കൈനിക്കര പത്മനാഭപിള്ളയും എഴുതിയിട്ടുള്ള നാടകങ്ങളും രംഗത്ത് അവതരിപ്പിക്കാനായി അണിയറയിൽ പ്രവർത്തിച്ചിരുന്ന കെ.വി. നീലകണ്ഠൻ നായരും തിരുവനന്തപുരത്തെ നാടകവേദിയിലെ പ്രമുഖ സാരഥികളായിരുന്നു. കൈരളിയുടെ കഥ എന്ന ഗ്രന്ഥത്തിലൂടെ മലയാള ഭാഷയെ സ്‌നേഹിക്കുന്നവരുടെ ആദരവും സ്‌നേഹവും നേടിയ എൻ. കൃഷ്‌ണപിള്ള അദ്ധ്യാപകനെന്ന നിലയിൽ അതുല്യനായിരുന്നു. മുറുക്കാൻ ശീലമാക്കിയ അദ്ദേഹത്തിന്റെ വേഷം വെള്ള ജുബ്ബയും കരയൻ മുണ്ടുമായിരുന്നു. ആകാരവും പ്രകൃതവും കൊണ്ട് പഴയ കുടുംബകാരണവരെ ഓർമ്മിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്ന ഞാൻ വൈകിയെങ്കിലും ശാസ്തമംഗലത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശകനായി. യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം ക്ലാസ്സിലെ വിദ്യാർത്ഥിയായാണ് ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുന്നത്. ക്ലാസ്സ് ആരംഭിക്കും മുന്‍പ്, താല്പര്യമുള്ളവർക്ക് ഇരിക്കാം, അല്ലാത്തവർക്കു പോകാം, അവർക്കും ഹാജർ നൽകാം എന്ന് ആമുഖമായി വിദ്യാർത്ഥികളോട് പറഞ്ഞശേഷം തുടങ്ങുന്ന ക്ലാസ്സ് ഒരു മണിക്കൂറിനെ പത്ത് മിന്നിട്ട് ദൈർഘ്യമുള്ളതാക്കുകയെന്ന അദ്ദേഹത്തിന്റെ മാജിക്ക് ആർക്കും മറക്കാൻ സാധിക്കാത്ത അനുഭവമാണ്. തിരുവനന്തപുരം നാടകവേദിയിലെ പ്രമുഖാംഗമായി മാറിയ സി.എൻ. രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും നിന്ന് അകന്നുമാറി. കൗമുദി ദിനപത്രത്തിന്റെ അവസാനം കാണാൻ കാത്തുനിൽക്കാതെ കുടുംബസമേതം കോട്ടയത്ത് താമസം തുടങ്ങാൻ സി.എന്നിനെ പ്രേരിപ്പിച്ച പ്രധാന കാരണം, അവിടം പുതിയ തൊഴിലിടമായി മാറിയെന്നതുകൊണ്ടായിരുന്നു. ഉദ്യോഗം ഉപേക്ഷിച്ച് ‘കേരള ഭൂഷണം’ ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായ അദ്ദേഹം തന്നോടൊപ്പം ചേരാൻ എന്നെ ക്ഷണിക്കുമ്പോൾ മലയാള രാജ്യം ദിനപത്രത്തിലായിരുന്നു ഞാൻ. കേരള ഭൂഷണത്തിൽ അധികകാലം അദ്ദേഹം തുടർന്നില്ല. മലയാള മനോരമയുടെ കുടക്കീഴിൽ മറ്റൊരു പത്രം എന്ന നിലയിൽ തുടരാതെ, സ്വന്തമായി ഒരിടം നേടിയെടുക്കാൻ കേരളഭൂഷണത്തെ പ്രാപ്തമാക്കിയ ശേഷം അദ്ദേഹം പുതിയൊരു വാരികയുടെ പത്രാധിപരായി. ‘ദേശബന്ധു’ എന്ന വാരിക ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കിടയിൽ ശ്രദ്ധേയമാവാൻ കാരണം അതിന്റെ പത്രാധിപരായ സി.എന്നിന്റെ ബഹുമുഖ വ്യക്തിത്വമായിരുന്നു. ആധുനിക കവിതയ്ക്ക് മുഖവുര കുറിച്ച കുരുക്ഷേത്രം പ്രസിദ്ധീകരിക്കാൻ അയ്യപ്പപ്പണിക്കർ നടത്തിയ ശ്രമങ്ങൾ വിഫലമായപ്പോൾ, അത് അച്ചടിച്ച് ആധുനിക കവിതാപ്രസ്ഥാനത്തിന് ഇന്ധനം നൽകിയത് ദേശബന്ധുവായിരുന്നു. കോട്ടയത്തിന്റെ പൊതുജീവിതത്തിൽ ഭാഗമായിരുന്ന ദേശബന്ധു പത്രത്തിന്റെ ഉടമകളിലൊരാളായ നാരായണൻ നായരായിരുന്നു ദേശബന്ധു വാരിക തുടങ്ങിയത്. അതിൽ എഴുതുന്നവർക്ക് കൃത്യമായി പ്രതിഫലം നൽകുന്നതിൽ ആ വാരിക പ്രദർശിപ്പിച്ച ഉത്തരവാദിത്വം ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കിടയിൽ അക്കാലത്ത് ഏറെ ചർച്ചാവിഷയമായി. സി.എന്നിന്റെ വ്യക്തിപരമായ ശുഷ്‌കാന്തിയായിരുന്നു അതിനു കാരണം. ദേശബന്ധുവിന്റെ ശബ്ദം ക്രമേണ സാഹിത്യലോകത്ത് ചലനം ഉണ്ടാക്കിത്തുടങ്ങിയെങ്കിലും അതുമായി മുന്നോട്ടുപോകാൻ സി.എൻ. തയ്യാറായില്ല. പത്രപ്രവർത്തനരംഗത്തോട് വിടപറഞ്ഞ അദ്ദേഹം തുടർന്ന് തന്റെ ജീവിതം നാടകരചനയ്ക്ക് വിട്ടുകൊടുത്തു. മലയാള നാടകചരിത്രത്തിൽ അതൊരു നവമായ അദ്ധ്യായമായി.
ക്ലാസ്സിക്കുകളായ നാടകത്രയം
മലയാള നാടകസാഹിത്യത്തില്‍ അപരിചിതമായ മേഖലയിലേക്കുള്ള കവാടം തുറക്കന്നതായിരുന്നു അദ്ദേഹമെഴുതിയ കാഞ്ചനസീതയും ലങ്കാലക്ഷ്മിയും സാകേതവും. (നമ്പൂതിരി വരച്ച ചിത്രങ്ങളുമായി ആ നാടകങ്ങൾ കലാകൗമുദിയിൽ അച്ചടിച്ചു വന്ന കാലം. അതോടെയാണ്, തിരുമേനിയെന്ന് ഞാൻ അഭിസംബോധന ചെയ്തിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്‌നേഹാനുഗ്രഹം ഞാനെന്ന ചെറിയ മനുഷ്യനെ വിഴുങ്ങുന്നത്). ആ നാടകത്രയങ്ങൾക്കു പുറമെ ‘കലി’ എന്ന പേരിൽ സി.എൻ. രചിച്ച നാടകം, തനതു നാടകങ്ങളുടെ പ്രോത്ഘാടന സൃഷ്ടിയായിരുന്നു. അതിൽനിന്നും കൊളുത്തിയ അഗ്നിശിഖയാണ് അവനവൻ കടമ്പപോലുള്ള മൗലിക രചനകളിലേക്ക് കാവാലത്തിനെ എത്തിച്ചത്. മുദ്രാലയം എന്ന പേരിൽ ഒരു പ്രസ്സ് സ്ഥാപിച്ച് എറണാകുളത്ത് കുടുംബവുമായി പാർപ്പുറപ്പിച്ച സി.എന്നിന്റെ ജീവിതം കൊടുങ്കാറ്റുകൾ കൊണ്ട് ഉലഞ്ഞത് പക്ഷേ, ആരും അറിഞ്ഞില്ല. എം.കെ.കെ. നായരും എം. ഗോവിന്ദനും നമ്പ്യാരും അതുപോലുള്ള സമാനമനസ്‌കരുമൊത്ത് വൻതോതിലൊരു സാഹിത്യസമ്മേളനം സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. സാഹിത്യ, ചലച്ചിത്ര, കലാരംഗങ്ങളിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച ആ സമ്മേളനം സമ്പൂർണ വിജയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിജീവിതം ഉടഞ്ഞുതകർന്നത് ആരും അറിഞ്ഞില്ല.
നാടകവേദിയിൽ ശ്രദ്ധേയനായ കൈനിക്കര പത്മനാഭപിള്ളയായിരുന്നു, സ്വകാര്യതലത്തിൽ കൗമുദിയുടെ മുഖപ്രസംഗങ്ങൾ ആദ്യകാലത്ത് എഴുതിയിരുന്നത്. ഗവൺമെന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം കള്ളപ്പേരിൽ ലേഖനങ്ങളും റിപ്പോർട്ടുകളും കേരളകൗമുദിയിലെഴുതിയിരുന്നു. ബാലയണ്ണൻ എന്ന് ഞങ്ങൾ വിശേഷിപ്പിച്ചിരുന്ന കെ. ബാലകൃഷ്ണനുമായുണ്ടായിരുന്ന ബന്ധമാണ് അദ്ദേഹത്തെ കൗമുദിയുടെ മുഖപ്രസംഗമെഴുത്തുകാരനാക്കിയത്. ചെറിയ കടലാസിൽ പെൻസിൽ ഉപയോഗിച്ചു മാത്രം എഴുതിയിരുന്ന അദ്ദേഹം അക്ഷരത്തെറ്റുകൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തെറ്റുകൾ തിരുത്താൻ റബ്ബർ ഉപയോഗിക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മുഖപ്രസംഗം കമ്പോസ് ചെയ്ത ശേഷം പ്രൂഫ് വായിച്ച് തെറ്റ് തിരുത്താനുള്ള ചുമതല എനിക്കായിരുന്നു. അതിനുള്ള പ്രതിഫലമായി ചില ദിവസങ്ങളിൽ ഉച്ചയൂണിന് എന്നെ കൈനിക്കര ക്ഷണിച്ചിരുന്നു. അതോർക്കുമ്പോൾ, ഗൗരവക്കാരനായ അദ്ദേഹത്തെ നോക്കിയിരിക്കാൻ പോലും ധൈര്യമില്ലാത്ത ഞാനൊരു തൊട്ടാവാടിയായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. കൈനിക്കര ആ ചുമതലയിൽ നിന്നൊഴിഞ്ഞപ്പോൾ ബാലയണ്ണനായിരുന്നു മുഖപ്രസംഗമെഴുതിയിരുന്നത്. സാവധാനം എന്റെ ചുമലിൽ അതെത്തി.
അയ്യപ്പപ്പണിക്കർ സാറുമൊത്ത് കാപ്പികുടിക്കുന്ന രാജാറാവുവിനെ കോഫി ഹൗസിൽവച്ച് അക്കാലത്ത് മുഖാമുഖം കാണാനിടയായത് പലവട്ടം ഞാൻ ഓർമ്മിച്ചിരുന്നു. ‘ദ സർപ്പന്റ് ആന്റ് ദി റോപ്പ്’, ‘കാന്തപുര’ എന്നീ കൃതികളിലൂടെ പരിചിതനായ വിശ്രുതനായ ആ എഴുത്തുകാരൻ, നമ്മിലൊരാൾ എന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. കഴുത്തറ്റം നീളത്തിലുള്ള തലമുടി. പരുക്കൻ ജുബ്ബയും പാന്റും തോൾസഞ്ചിയും. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി പ്രൊഫസറായി ഓസ്റ്റിനിൽ (ടെക്‌സാസ്) താമസം ഉറപ്പിക്കുന്നതിനു മുന്‍പ്, തിരുവനന്തപുരത്തും പാരീസിലും ആറു മാസം വീതം ചെലവിട്ടിരുന്നത് അദ്ദേഹം എഴുതിയിട്ടുണ്ട്. ആ വാസക്കാലത്താണ് നിത്യാനന്ദ സ്വാമിയുമായി അദ്ദേഹം ഇടപെട്ടിരുന്നത്.
പെരിങ്ങര(തിരുവല്ല)ക്കാരനായ കൃഷ്ണമേനോൻ പൊലീസ് ഓഫീസറായിരുന്നു. സർവ്വീസിൽ നിന്നും പിരിഞ്ഞശേഷം തിരുവനന്തപുരത്തായിരുന്നു താമസിച്ചത്. ഹൈന്ദവദർശനത്തിൽ തന്റേതായ സരണി രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ ആത്മദർശനം, ആത്മനിർവൃതി, ആത്മാരാം എന്നിവ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. വലിയ ഒരു സംഘം അനുയായികളുണ്ടായിരുന്ന അദ്ദേഹം, പക്ഷേ, തിരുവനന്തപുരത്തുകാർക്ക് അപരിചിതനായിരുന്നു. (തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനിൽനിന്ന് വഞ്ചിയൂരിലേക്കുള്ള റോഡിന്റെ ഇടതുവശത്ത് കരിങ്കൽമതിൽകൊണ്ട് ഭദ്രമാക്കിയ, വിശാലമായ മുറ്റത്തിനു പിന്നിലുള്ള ഓടുപാകിയ വീടായിരുന്നു നിത്യാനന്ദ സ്വാമിയുടെ ആവാസകേന്ദ്രം). ഡിഗാളേയുടെ മന്ത്രിസഭാംഗമായിരുന്ന പ്രമുഖ ഫ്രെഞ്ച് എഴുത്തുകാരനായ ആന്ദ്രേ മാൽറേയുടെ അഭ്യർത്ഥന സ്വീകരിച്ച് നെഹ്‌റുവിനെ സന്ദർശിച്ച് സംഭാഷണം നടത്തിയ പശ്ചാത്തലത്തിൽ ഫ്രെഞ്ച് ഡെലിഗേഷനുമൊത്ത് ഡൽഹിയിൽ പോയത് രാജറാവു ഓർമ്മിച്ചിരുന്നു. പത്നി കമലയുടെ ചികിത്സയ്ക്കായി ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ താമസിക്കുകയായിരുന്നു അപ്പോൾ നെഹ്‌റു.
ആയിടയ്ക്ക് പ്രസിദ്ധ എഴുത്തുകാരനായ ഓബ്‌റി മേനോൻ തിരുവനന്തപുരം സന്ദർശിക്കുകയുണ്ടായി. രാമായണത്തെ സ്വന്തം നിലയിൽ വ്യാഖ്യാനിച്ച് അദ്ദേഹമെഴുതിയ രാമായണം നിരോധിച്ചിരുന്നു. ന്യൂയോർക്കിൽ വിദ്യാർത്ഥിയായിരിക്കെ പട്ടത്തുവിള കരുണാകരൻ ഒന്നാന്തരം ലേഖനങ്ങൾ കൗമുദിയിൽ എഴുതിയിരുന്നു. അവധിക്കാലത്ത് കൗമുദി ഓഫീസ് സന്ദർശിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. പിൽകാലത്ത് കഥാകൃത്തായി പ്രശസ്തനായ അദ്ദേഹം ഓഫീസിൽ വന്ന് മണിക്കൂറോളം ഒരക്ഷരം മിണ്ടാതെയിരിക്കുന്നത് ഞാൻ മറന്നില്ല. യാതൊരുവിധ ശബ്ദവുമുണ്ടാക്കാതെ ഒരാളിന് ഇരിക്കാൻ എങ്ങനെ കഴിയുമെന്ന് അപ്പോൾ ഞാൻ അത്ഭുതപ്പെട്ടിരുന്നു. മന്ത്രിയെന്ന നിലയിൽ പ്രശസ്തനായ ടി.കെ. ദിവാകരനും അത്തരക്കാരനായിരുന്നു. ട്രേഡ് യൂണിയൻ നേതാവായിരിക്കെ മിനിമം വേജസ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം കൊല്ലത്തുനിന്നും പേട്ടയിൽ വരുമായിരുന്നു. കൗമുദിയുടെ പത്രാധിപസമിതിയുടെ മുറിയിലെ ഒരു കസേരയിൽ ഇരിക്കുന്ന അദ്ദേഹം തുരുതുരെ ബീഡി പുകയ്ക്കുകയല്ലാതെ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. സെക്രട്ടറിയേറ്റില്‍ കൂടുന്ന കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിന് ട്രെയിൻ കാത്ത് ഓഫീസിലെത്തിയിരുന്നു. അക്കാലത്തെ പരിചയം അദ്ദേഹം മറന്നിരുന്നില്ല. അഖിലേന്ത്യാ സാഹിത്യസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ചലച്ചിത്രോത്സവത്തിന് എസ്.എം.പി. പാലസ് തീയേറ്റർ സജ്ജമാക്കി തന്നതിനു പുറമെ നികുതിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം കൊല്ലം മുനിസിപ്പൽ കൗൺസിൽ ചെയർമാനായിരുന്നു.
അറുപത്തിയൊന്നിലാണെന്നു തോന്നുന്നു അത് സംഭവിച്ചത്. ലക്ഷക്കണക്കിന് ജൂതന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന് ഗ്യാസ്ചേംബറിലാക്കി കത്തിച്ചുകൊല്ലുന്ന പദ്ധതിയുടെ സൂത്രധാരനും നടത്തിപ്പുകാരനുമായിരുന്ന ആല്‍ഫ്രഡ് ഐക്‌മാന്‍ നാസി ഭരണതലത്തിലെ ഉന്നതനായിരുന്നു. യുദ്ധം അവസാനിച്ചപ്പോള്‍ അയാള്‍ ഒളിവില്‍പ്പോയി. അര്‍ജന്റീനയില്‍ കള്ളപ്പേരില്‍ താമസിക്കുകയായിരുന്ന അയാളെ കണ്ടുപിടിച്ച് ഇസ്രയേലി ഭരണകൂടം വിചാരണ നടത്തി ശിക്ഷിച്ചു. ആ വിചാരണയുടെ വാര്‍ത്തകള്‍ പതിവായി കൗമുദിയില്‍ പ്രസിദ്ധീകരിച്ചു. പത്രാധിപസമിതി അംഗമായ യദുവായിരുന്നു ആ വാര്‍ത്തകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈ എടുത്തത്. മറ്റ് ദിനപത്രങ്ങളൊന്നും ചെയ്യാതിരുന്ന ആ കൃത്യം വായനക്കാരില്‍ എത്തിക്കാന്‍ കൗമുദി മുന്‍കൈ എടുത്തത് വ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു. അത് ഓര്‍മ്മിക്കുമ്പോള്‍ നാസികളുടെ വേട്ടയാടലില്‍നിന്ന് രക്ഷപ്പെട്ട ജൂതന്മാര്‍ വേട്ടക്കാരനായിരിക്കുന്നു. പതിനായിരക്കണക്കിനുള്ള നിരായുധരായ പലസ്തീനികളെ അവര്‍ കൊന്നൊടുക്കുന്നു. ഇസ്രയേലിനെ നശിപ്പിക്കുന്നതിനായി ആളും അര്‍ത്ഥവും സംഭരിച്ച്, ബെയ്റൂട്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെസ്ബുള്ളയെ നേരിടാനായി തീവ്രവാദികളായ ഹമാസിനെ രഹസ്യമായി സഹായിക്കുന്നത് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭരണകൂടമാണെന്ന് ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അങ്ങനെ രഹസ്യമായി സഹായം നല്‍കിയ ശേഷം അവരെ നശിപ്പിക്കാനെന്ന പേരില്‍ ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍ ലോകം കാഴ്ചക്കാരായി നില്‍ക്കുന്നു.
നിശ്ശബ്ദമായ വഴുതിപ്പോകൽ
കൗമുദിയിലെ തലമുതിർന്നവർ എന്നെ അവരിലൊരാളായി കണ്ടതിനു പുറമെ ആ രീതിയിൽ എന്നോട് പെരുമാറുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഊണും ഉച്ചമയക്കവും കഴിഞ്ഞ് പത്രാധിപസമിതിയുടെ മുറിക്കടുത്തുള്ള മുറിയിൽ വരുന്ന ബാലയണ്ണൻ മടങ്ങുമ്പോൾ രാത്രി വളരെ വൈകും. അതിനിടയിൽ കൈയിൽ കരുതിയിട്ടുള്ള ജിൻകുപ്പി കാലിയാകും. വല്ലപ്പോഴും നാരങ്ങാത്തുണ്ട് അതിലിടും. ഒരു ഗ്ലാസ്സിൽ ഒന്നോ രണ്ടോ സിപ്പ് നൽകിയിരുന്നതില്‍ സി.എൻ. പരസ്യമായി അഹിതം പ്രദർശിപ്പിക്കുമായിരുന്നു. കൗമുദി വാരികയോടൊപ്പം ‘കഥാമാലിക’ എന്ന പേരിൽ കഥകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയും ചലച്ചിത്രങ്ങൾക്കായി ‘താരാപഥം’ എന്ന പ്രസിദ്ധീകരണവും പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ അർത്ഥത്തിലും കൗമുദി വാരിക അദ്ദേഹത്തിന്റെ തിളക്കമേറിയ വ്യക്തിത്വത്തിന്റെ പ്രതീകമായി. ബാബുറാവു പട്ടേൽ പത്രാധിപരായ ബോംബെ മാഗസീനിലെ പത്രാധിപരോട് ചോദിക്കാം എന്ന പംക്തി അനേക ശതം വായനക്കാരെ ആകർഷിച്ചിരുന്നു. ആ പംക്തിയുടെ മലയാളം പതിപ്പായി വിശേഷിപ്പിക്കാവുന്നതായിരുന്നു കൗമുദി വാരികയിലെ ‘പത്രാധിപരോട് ചോദിക്കാം’ എന്ന പംക്തി പത്നി ചന്ദ്രികയുടെ പേരിലായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. സൂര്യനു താഴെയുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്തിരുന്ന നർമ്മം നിറഞ്ഞ ആ ചോദ്യോത്തരപംക്തി വായിക്കാൻ വേണ്ടി മാത്രം നിരവധിപേർ വാരികയുടെ വരിക്കാരായിരുന്നു. അതിനിടയിലാണ്, കൗമുദി ദിനപത്രം തുടങ്ങുന്നത്. പാർട്ടി രാഷ്ട്രീയത്തിന്റെ നാലുകെട്ടിനകത്ത് അത് ഒതുങ്ങിനിൽക്കാതെ സ്വാതന്ത്ര്യത്തിന്റെ തീപ്പന്തമാകാൻ ശ്രമിച്ചു. അയൽവാസിയായ കേരളകൗമുദി ദിനപത്രത്തിന്റെ യാഥാസ്ഥിതികതയ്‌ക്കെതിരായി, വിപ്ലവ ശലാകപോലെ കൗമുദി ദിനപത്രം ഭരണകേന്ദ്രങ്ങളെ കുത്തിക്കീറുന്നതിൽ യാതൊരുവിധ ഔദാര്യവും പ്രദർശിപ്പിച്ചില്ല.
ഉറക്കമില്ലാത്ത രാത്രികളുടെ കാലം നിശ്ശബ്ദമായി അസ്തമിച്ചു തുടങ്ങി. രാത്രി വൈകിയ ശേഷം താനുമായി കുറച്ചുനേരം ചെലവിടാൻ എത്തിയിരുന്ന വിക്രമൻ ചേട്ടനെ (പി.കെ. വിക്രമൻ നായർ) പോലുള്ളവർ ആ സന്ദർശനങ്ങൾ ഉപേക്ഷിച്ചു. താൻ പങ്കിലയാക്കിയ കറ്റൂഷ മസ്ലോവ എന്ന പെൺകുട്ടി, ശിക്ഷിക്കപ്പെട്ട് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരോടൊപ്പം പോകുന്നത് ഒളിഞ്ഞുനിന്നു നോക്കുന്ന ദിമിത്രി മെഖഡോവിന്റെ മനസ്താപം പ്രതിപാദിക്കുന്ന ടോൾസ്റ്റോയിയുടെ ‘റിസറക്ഷൻ’ എന്ന നോവലിലെ ഭാഗങ്ങൾ വികാരത്തോടെ ഓർമ്മയിൽനിന്നും പറയുന്നതും കാമുകിമാരോടൊപ്പം പകലുകൾ ചെലവിട്ട ശേഷം രാത്രിയാകുമ്പോൾ നോട്ടർഡാമിലെ പള്ളിമേടയിൽ കയറിച്ചെന്ന് പുലരുവോളം നോവലെഴുതിയിരുന്ന ബൽസാക്കിന്റെ ജീവിതത്തെ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രതിപാദിക്കുന്നതും ബാലയണ്ണന്റെ വ്യക്തിത്വത്തിലെ അറിയപ്പെടാത്ത ഒരു മുഖമായിരുന്നു. അങ്ങനെ കഥകൾ നിറഞ്ഞ ആ രാത്രികൾ വിമോചനസമരത്തിന്റെ തീച്ചൂളയിൽ കത്തിക്കരിഞ്ഞു നശിച്ചു.
അൻപത്തിയെട്ടിലായിരുന്നു, ‘പഥേർപാഞ്ചലി’ എന്ന വിശ്രുത ചലച്ചിത്രം തിരുവനന്തപുരത്ത് പ്രദർശിപ്പിക്കപ്പെട്ടത്. ആര്യശാലയിലെ ശ്രീ ചിത്രാ തിയേറ്ററിൽ. കൗമുദി ദിനപത്രത്തിൽ ആ ചലച്ചിത്രത്തെക്കുറിച്ച് ഞാൻ ഒരു ആസ്വാദനം എഴുതി പ്രസിദ്ധീകരിച്ചിരുന്നു. രാത്രിയിൽ ബാലയണ്ണനുമായി വർത്തമാനം പറഞ്ഞിരിക്കവെ, ‘കള്ളിച്ചെല്ലമ്മ’ എന്ന നോവലിലൂടെ പ്രശസ്തനായ ജി. വിവേകാനന്ദനുമൊത്ത് നടൻ സത്യൻ അവിടെ എത്തി. പൊലീസ് ഇൻസ്‌പെക്ടറായിരുന്ന സത്യൻ സിനിമയിൽ കാലെടുത്തുവച്ച കാലം. വർത്തമാനത്തിനിടയിൽ സത്യജിത്ത് റേയുടെ പഥേർപാഞ്ചലി, പ്രസിദ്ധ നടിയായ നർഗീസ് ആക്ഷേപിച്ചതുപോലെ ഇന്ത്യക്കാരുടെ പട്ടിണി വിറ്റ് പണം സമ്പാദിക്കാനുള്ള ശ്രമമാണെന്ന് സത്യൻ അഭിപ്രായപ്പെട്ടു. അതു കേട്ടിരിക്കാനാവാതെ ബാലയണ്ണൻ പൊട്ടിത്തെറിച്ചു. “അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത നിന്നെപ്പോലുള്ളവർക്കില്ലെന്ന” പ്രതികരണം സത്യനെ അസ്വസ്ഥനാക്കി. ആ സംഭവത്തിനുശേഷം, സത്യനെ കാണാൻ പോലും ബാലയണ്ണൻ സന്മനസ്സ് കാട്ടിയില്ല.
കൗമുദി ദിനപത്രത്തെക്കാൾ ബാലയണ്ണൻ സ്‌നേഹിച്ചത് വാരികയായിരുന്നു. സ്വന്തം ചോരയിൽ കുതിർത്ത കുട്ടിയെപ്പോലെ അതിനെ അദ്ദേഹം പരിരക്ഷിച്ചു. ഓണക്കാലത്തിറങ്ങുന്ന കൗമുദിയുടെ വിശേഷാൽപ്രതി സാഹിത്യവൃത്തങ്ങളിൽ ചർച്ചാവിഷയമാകുന്നത് പതിവായിരുന്നു. മിക്കവാറും എല്ലാ പ്രമുഖരും അതിൽ എഴുതിയിരുന്നു. അതിന്റെ ഭാഗമായി കഥയ്ക്കുവേണ്ടി ബഷീറിനെ ബാലയണ്ണൻ ഒരിക്കൽ സന്ദർശിച്ചു. ‘ഭാർഗവീനിലയം’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാ രചനയിലായതിനാൽ, അക്കൊല്ലം തന്നെ ഒഴിവാക്കണമെന്ന ബഷീറിന്റെ അഭ്യർത്ഥന സ്വീകരിക്കാതെ, ആ തിരക്കഥയും കൊണ്ട് അദ്ദേഹം മടങ്ങി. തന്റെ സിനിമാ സംരംഭം അവതാളത്തിലാകുമെന്നു പേടിച്ച് ബഷീർ പേട്ടയിലെത്തി അവിടെ ഒരാഴ്ച അദ്ദേഹം താമസിച്ചു. ഭാർഗവിനിലയത്തിന്റെ തിരക്കഥയുമായി മടങ്ങുമ്പോൾ, മറ്റൊരു കഥ എഴുതി അദ്ദേഹം കൊടുത്തു. ‘മതിലുകൾ’ എന്ന പ്രശസ്തമായ കൃതിയുടെ സൃഷ്ടി അങ്ങനെയാണ് സംഭവിച്ചത്.
എല്ലാം കഴിഞ്ഞു. ആട്ടവിളക്കും അണഞ്ഞു. ഊർദ്ധശ്വാസം വലിച്ചുകൊണ്ടിരുന്ന കൗമുദി ദിനപത്രത്തിന്റെ തിരശ്ശീല വീഴുക മാത്രമല്ല, കെ. ബാലകൃഷ്ണൻ എന്ന വിശിഷ്ടനായ ആ മനുഷ്യന്റെ ജീവിതവും ദുഃഖകരമായ പര്യവസാനത്തിലേക്ക് നീറിത്തുടങ്ങി. കലുഷിതമായ ഗാർഹിക ജീവിതം അദ്ദേഹത്തെ തകർത്തിരുന്നു. മദ്യപാനത്തിനുപോലും ബാലയണ്ണനെ രക്ഷിക്കാനായില്ല. ഒരു കുപ്പി മദ്യത്തിനുവേണ്ടി അപരിചിതരുടെ മുന്‍പിൽ കൈകൾ നീട്ടേണ്ടി വന്ന ബാലയണ്ണന്റെ അക്കാലത്തെ അവസ്ഥ നേരിൽകണ്ട് കണ്ണീർവാർത്തവരിൽ ഒരാളായിരുന്നു ഞാൻ. പേട്ടയിൽനിന്ന് കൗമുദി ദിനപത്രത്തിന്റെ ഓഫീസ് വഞ്ചിയൂരിലെ ഒരു വാടകമന്ദിരത്തിലാക്കുമ്പോൾ, പത്രാധിപസമിതിയിൽ വൈകിയെത്തിയ യദുകുലകുമാറും സഹോദരനായ വേണുഗോപാലും ഞാനും മാത്രമായി. അതിനിടയിൽ മലയാളരാജ്യം ദിനപത്രത്തിൽ ജോലി കിട്ടി ഞാൻ കൊല്ലത്തേക്കു പോയി. വേണുവും യദുവും മാത്രമായി അവസാനം വരെ കൗമുദിയെ പരിചരിക്കാൻ.
നിയമസഭയിലേക്ക് മത്സരിച്ച് പരാജിതനായ കെ. ബാലകൃഷ്ണൻ ആലപ്പുഴയിൽനിന്നു ലോക്‌സഭയിലേക്കെത്തിക്കാൻ കൂട്ടുകാരും അനുയായികളും കഠിനമായി യത്നിച്ചു. അത് ഫലവത്തായി. ‘മദ്യപാനിയായ സ്ഥാനാർത്ഥി’ വോട്ടർമാരുടെ മുന്നിലെത്താതിരിക്കാനായി യദു കൈക്കൊണ്ട മുൻകരുതൽ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതായി. മുഖ്യമന്ത്രി സി. കേശവന്റെ മകൻ എന്ന നിലയ്ക്ക് ലഭ്യമായ യാതൊരു ആനുകൂല്യങ്ങളും ബാലയണ്ണൻ സ്വീകരിച്ചില്ല. അങ്ങനെ ചെയ്താൽ തന്റെ വിശ്വാസങ്ങൾ കശാപ്പു ചെയ്യപ്പെടുമെന്ന് അദ്ദേഹം കരുതി. ആരണ്യഗർഭത്തിൽ നിർമ്മിച്ചിരുന്ന ശബരിക്ഷേത്രം തീവച്ചു നശിച്ച വിവരം അറിഞ്ഞപ്പോൾ അത്രയും അന്ധവിശ്വാസം കുറഞ്ഞുവെന്ന് പറയാൻ ധീരത പ്രകടിപ്പിച്ച സി. കേശവന്റെ മകൻ എന്ന നിലയിൽ, വിട്ടുവീഴ്ചകൾക്ക് ഒരിക്കലും അദ്ദേഹം തയ്യാറായില്ല. വലിയ വില അതിന് അദ്ദേഹത്തിനു നൽകേണ്ടിവന്നു. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ സി.വി. കുഞ്ഞുരാമനും കേരളകൗമുദി പത്രാധിപർ കെ. സുകുമാരനും എഴുത്തുകാരനായ കെ. ദാമോദരനും ആ വൃക്ഷത്തിൽ പൂത്ത കായായിരുന്നു കെ. ബാലകൃഷ്ണൻ. വ്യക്തിപരമായ നിഷ്ഠകൾ ഉപേക്ഷിച്ച് വഴിവിട്ടു സഞ്ചരിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. വർഷങ്ങൾക്കു ശേഷം എല്ലാം നശിച്ച് വീട്ടുനടയിൽ ആർക്കോ വേണ്ടി കാത്തുനിൽക്കുന്ന ബാലയണ്ണൻ. തൊട്ടടുത്ത കടയിൽനിന്ന് ഇരുപത്തഞ്ച് രൂപയുടെ മുറുക്കാൻ വാങ്ങിക്കൊണ്ടു കൊടുക്കുമ്പോൾ ആ കണ്ണുകൾ തിളങ്ങുകയായിരുന്നില്ല, ജലാർദ്രങ്ങളാകുകയായിരുന്നു. സഹോദരനായ ഭദ്രൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് നിശ്ശബ്ദനായി തേങ്ങിയ ആ സ്‌നേഹധനൻ. എന്നെ സംബന്ധിച്ചിടത്തോളം, അനുഭവങ്ങൾ നിറഞ്ഞ ഒരു മാസ്മരിക ലോകം നൽകിയ മഹാനുഭാവനായിരുന്നു.തുടക്കക്കാരനായല്ല, അദ്ദേഹം എന്നെ കൗമുദിയുടെ പത്രാധിപസമിതിയിൽ ഇരിപ്പിടം തന്നത്. എനിക്ക് അവകാശപ്പെട്ട ഇടമാണ് അതെന്നു പറയാതെ അദ്ദേഹം പറഞ്ഞിരുന്നു.
കൗമുദി ആഴ്ചപ്പതിപ്പ് ചമരമടയുന്നതില്‍നിന്ന് രക്ഷിക്കാന്‍, ‘ബ്ലിറ്റ്സ്’ എന്ന വാരികയുടെ മാതൃകയില്‍ 32 പേജുകളുള്ള പ്രസിദ്ധീകരണമാക്കി. അതിന്റെ ഉള്‍പേജുകളില്‍, കൂടുതലും സെന്‍സേഷണല്‍ സ്റ്റോറീസ് എഴുതിനിറച്ചിരുന്നു. അതിനായി സ്ക്രീന്‍ സ്റ്റോറീസ് പോലുള്ള അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളെയായിരുന്നു ആശ്രയിച്ചത്. നാഷണല്‍ ആര്‍ക്കൈവ് ഡയറക്ടറായി ചലച്ചിത്ര പ്രപഞ്ചത്തില്‍ സ്ഥാനമുറപ്പിച്ച പി.കെ. നായരുടെ വീട്ടില്‍ അത്തരം പ്രസിദ്ധീകരണങ്ങളുടെ വലിയ ശേഖരമുണ്ടായിരുന്നു. പി.കെ. നായരുടെ സഹോദരനായ രാമന്‍ നായര്‍ (അന്തരിച്ചു) എന്ന ഫിലിം എഡിറ്റര്‍ എന്നോടൊപ്പം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ, പി.കെ. നായരുടെ ശ്രദ്ധയില്‍പ്പെടാതെ ആ പ്രസിദ്ധീകരണങ്ങളെടുത്ത്, ‘കഥകള്‍’ തര്‍ജ്ജമ ചെയ്ത് കൗമുദിയില്‍ പ്രസിദ്ധീകരിക്കുന്നത് പതിവായി. അത് വൈകാതെ അവസാനിച്ചു. അപ്പോള്‍ കെ. ബാലകൃഷ്‌ണന്റെ സഹായികളായി പഴവിള രമേശനും ചന്ദ്രചൂഡനും രംഗത്തുവന്നു.
ഒട്ടാവയും ഓച്ചിറയും
കൗമുദി ദിനപത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കുണ്ടായ ഒരനുഭവം പിന്നീട് ഓര്‍മ്മിച്ച് ചിരിക്കാന്‍ വക നല്‍കിയതായിരുന്നു. അല്ലറചില്ലറ ചെലവുകള്‍ക്കുള്ള വരുമാനത്തിനായി, ജനയുഗം വാരികയില്‍ കള്ളപ്പേരില്‍ സ്‌പോര്‍ട്‌സ് ലേഖനങ്ങള്‍ എഴുതിയിരുന്നു. തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ബംഗാള്‍ ടീമില്‍ ചുനിഗോസ്വാമി, മേഘലാല്‍, പി.കെ. ബാനര്‍ജി എന്നീ പ്രശസ്ത കളിക്കാരുണ്ടായിരുന്നു. പി.കെ. ബാനര്‍ജിയായിരുന്നു ടീം ക്യാപ്റ്റന്‍. ഒരു ദിവസത്തെ കളിയില്‍ അസുഖം കാരണം ബാനര്‍ജി കളിക്കളത്തില്‍ ഇറങ്ങിയില്ല. എനിക്കത് അറിഞ്ഞുകൂടായിരുന്നു. ആ മത്സരം കാണാതെ, കൗമുദിയുടെ സ്‌പോര്‍ട്‌സ് ലേഖകനായ ഡി. അരവിന്ദനില്‍നിന്നും കിട്ടിയ വിവരം ലേഖനത്തില്‍ ഉപയോഗിച്ചപ്പോള്‍, ബാനര്‍ജിയും കളിച്ചതായി ഞാനെഴുതി. മത്സരത്തില്‍ പങ്കെടുക്കാത്ത ഒരാള്‍ കളിക്കളത്തിലെത്തിയതായി എഴുതിയ ലേഖകനെ കളിയാക്കി, വിജയരാഘവന്‍ ആ കുറിപ്പ് കൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ആ ലേഖകന്‍ ഞാനായിരുന്നുവെന്ന് വിജയന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ അത് ആരോടും പറഞ്ഞില്ല. ഇതിന് മറുപടി നല്‍കാന്‍ അവസരം കാത്തുകഴിയുകയായിരുന്നു ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി. കാനഡ പ്രധാനമന്ത്രിയായ ഡീഫെന്‍ബേക്കര്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന ഒരു വാര്‍ത്ത കൗമുദി ദിനപത്രം പ്രസിദ്ധീകരിച്ചപ്പോള്‍ പ്രൂഫ് വായനയിലുണ്ടായ ഒരു പിഴവുമൂലം, ഒട്ടാവയെന്നത് ഓച്ചിറ എന്നായിരുന്നു അച്ചടിച്ചുവന്നത്. കാമ്പിശ്ശേരി ആ വീഴ്ച കണ്ടുപിടിച്ചു. എന്നിട്ട് അദ്ദേഹം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കാനഡ പ്രധാനമന്ത്രിയെ ഓച്ചിറയില്‍ കൗമുദി കൊണ്ടുവരാന്‍ പോകുകയാണെന്നായിരുന്നു ആ റിപ്പോര്‍ട്ടിലൂടെ കാമ്പിശ്ശേരി കളിയാക്കിയത്. വിജയരാഘവനെ ഇക്കാര്യം വല്ലാതെ അസ്വസ്ഥനാക്കുകയുണ്ടായി തനിക്ക് സംഭവിച്ച പിഴവില്‍. ഈ സംഭവങ്ങള്‍ക്ക് കാരണക്കാരനായ വില്ലന്‍ ഞാനായിരുന്നുവെന്ന്, വളരെ വൈകിയാണ് വിജയന്‍ അറിയുന്നത്.
(തുടരും)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക