കേരളത്തിലെ സാമൂഹിക നിര്‍മ്മിതിയില്‍ ഗണ്യമായ പങ്കുവഹിക്കുന്ന സമുദായമാണ് മുസ്ലിം സമുദായം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്ലിങ്ങള്‍ മലയാളഭാഷയും സംസ്‌കാരവും ഉള്‍ചേര്‍ന്നാണ് ഇതര സമൂഹത്തോടൊപ്പം ഇവിടെ ജീവിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അവരുടെ പ്രാദേശിക ഭാഷയെക്കാള്‍ ഉര്‍ദു ഭാഷയില്‍ സംസാരിക്കാനും വേഷങ്ങളില്‍ മറ്റ് സംസ്‌കാരങ്ങളില്‍നിന്നു വ്യത്യസ്തമായി മുസ്ലിം ഐഡന്റിറ്റി നിലനിര്‍ത്താനും ശ്രമിക്കുന്നതായി കാണാം. ഇവിടെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വളര്‍ച്ചയില്‍ പുരുഷന്മാരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പങ്കുവഹിച്ചവരാണ് സ്ത്രീകളും. 1921-ലെ മലബാര്‍ കാര്‍ഷിക സമരം മുതല്‍ മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയ ഇടപെടല്‍ ചരിത്രത്തില്‍ കാണാം. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ അവസാന തെരഞ്ഞെടുപ്പ് വരെ പരിശോധിച്ചാല്‍ മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകവും കാലികവുമായ പങ്കാളിത്തം വഹിച്ചതായും വലിയ തോതില്‍ വോട്ടുകള്‍ രാഷ്ട്രീയമായി കൃത്യതയോടെ കാസ്റ്റ് ചെയ്യുന്നവരാണെന്നും മനസ്സിലാക്കാന്‍ കഴിയും.
പി. ജയരാജന്‍ എഴുതിയ കേരളം, മുസ്ലിം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം കേരളത്തിലെ മുസ്ലിം സമുദായ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളും സംഘടനകളും വഹിച്ച പങ്ക് വിശദമായിത്തന്നെ പറയുന്നുണ്ട്. 'മുസ്ലിം സ്ത്രീകളുടെ മുന്നേറ്റം' എന്ന പേരില്‍ ഒരദ്ധ്യായം തന്നെ അതിലുണ്ട്. പുസ്തകത്തിന്റെ ഫോക്കസ് രാഷ്ട്രീയമാണ്. മത രാഷ്ട്രീയം, സാമുദായിക രാഷ്ട്രീയം ഇവ വിശദമായിത്തന്നെ പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ ഇസ്ലാമിക വിശ്വാസം വന്ന കാലം മുതല്‍ വര്‍ത്തമാന രാഷ്ട്രീയം വരെ വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. 'സ്ത്രീകളുടെ മുന്നേറ്റം' എന്ന അദ്ധ്യായം കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയത്തെ വിശദീകരിക്കുന്നതില്‍ വിജയിച്ചില്ല എന്നതാണ് എന്റെ വിമര്‍ശനം. കേരളത്തിലെ അധികാര രാഷ്ട്രീയത്തില്‍ എവിടെയാണ് മുസ്ലിം സ്ത്രീ? അവരുടെ പങ്കാളിത്തം എത്രയായിരുന്നു? എന്നു മുതലാണ് മുസ്ലിം സ്ത്രീയെ അധികാര രാഷ്ട്രീയത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ തുടങ്ങിയത്? ഏതൊക്കെ ഘടകങ്ങളാണ് മുസ്ലിം സ്ത്രീയെ അധികാര സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ? തുടങ്ങിയ ഗൗരവപരമായ വിഷയങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ല.
1957-ല്‍ നിലവില്‍ വന്ന പ്രഥമ നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയത് ഒരു മുസ്ലിം വനിതയായ കെ.ഒ. ആയിഷ ഭായിക്ക് (1926-2005) ആയിരുന്നു. അവര്‍ ആ കാലത്ത് നിയമസഭയിലേക്ക് മത്സരിച്ചത് കായംകുളം നിയോജകമണ്ഡലത്തില്‍ നിന്നുമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും എറണാകുളം ലോ കോളേജിലുമാണ് അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മികച്ച വാഗ്മി ആയിരുന്നു അവര്‍. 6.5.1957 മുതല്‍ 31.7.1959 വരെയുള്ള കാലയളവിലാണ് അവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയത്. മുസ്ലിം സമുദായത്തില്‍നിന്നും പൊതുരംഗത്തേയ്ക്കു വന്ന ആദ്യ വനിതയാണ് അവര്‍. 1947-ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ പൊതുരംഗത്തുവന്ന അവര്‍ 1953-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. ഒന്നും രണ്ടും നിയമസഭകളിലേക്ക് കായംകുളത്തുനിന്നുതന്നെ അവര്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. നിരവധി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. അടിസ്ഥാന വര്‍ഗ്ഗത്തോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ചേര്‍ന്നു പോകുന്നതായിരുന്നു അവരുടെ രാഷ്ട്രീയ ഇടപെടല്‍.
1960-ല്‍ നിലവില്‍ വന്ന രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയും ഡെപ്യൂട്ടി സ്പീക്കറായി ഒരു മുസ്ലിം വനിതയെയാണ് നിശ്ചയിച്ചത്. ആലപ്പുഴയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് നഫീസത്ത് ബീവി (1924 -2015). 1960 മാര്‍ച്ച് മുതല്‍ 1964 സെപ്റ്റംബര്‍ വരെയാണ് ഡെപ്യൂട്ടി സ്പീക്കറായി ഉണ്ടായിരുന്നത്. എറണാകുളം ലോ കോളേജില്‍നിന്നും നിയമബിരുദം നേടിയ അവര്‍ 1953-ലാണ് അഭിഭാഷക ആയത്. തുടര്‍ന്ന് 1954-ല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും 1959-ലെ വിമോചനസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരെ അനുഭവിച്ചിട്ടുമുണ്ട്. 1956 മുതല്‍ തന്നെ കെ.പി.സി.സിയിലും എ.ഐ.സി.സിയിലും അവര്‍ മെമ്പര്‍ ആയിരുന്നു . 1960 മുതല്‍ 1964 വരെയാണ് അവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നത്. 1961-ല്‍ സ്പീക്കറുടെ ചുമതലയും വഹിച്ചിരുന്നു.
ഇങ്ങനെ കേരള സംസ്ഥാനം രൂപീകരിച്ച ഘട്ടത്തില്‍ സംസ്ഥാന രാഷ്ട്രീയ നേതൃനിരയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറാകാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ മുസ്ലിം സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്നിരുന്നു എന്നത് ചരിത്രമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിച്ചുകൊടുക്കാനും അവരെ മുഖ്യധാര നേതൃനിരയിലേക്ക് കൊണ്ടുവരുവാനും യാതൊരു മടിയും അന്നു കാണിച്ചിരുന്നില്ല. എന്നാല്‍, മുസ്ലിം ലീഗ് കേരളത്തിലെ മുസ്ലിം സമുദായത്തിലെ രാഷ്ട്രീയ തീരുമാനങ്ങളുടെ കേന്ദ്രമാവുകയും മുസ്ലിങ്ങളുടെ 'അട്ടിപ്പേര്‍ അവകാശം' കമ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ലീഗിന് അനുവദിച്ചു നല്‍കുകയും ചെയ്തതോടെയാണ് കേരളത്തിലെ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ രാഷ്ട്രീയ വളര്‍ച്ചയുടെ ഗ്രാഫ് താഴേക്കു പതിക്കുന്നതായി കാണുന്നത്. 1957-ലും 1960-ലും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് പ്രബലരായ രണ്ട് മതേതര കക്ഷികള്‍ മുസ്ലിം സ്ത്രീകളെ നിര്‍ദ്ദേശിക്കുകയും രണ്ടുപേരും ആര്‍ക്കും പരാതിപ്പെടാന്‍ അവസരം നല്‍കാതെ ആ ദൗത്യം കൃത്യമായി നിറവേറ്റുകയും ചെയ്തിരുന്നു.
മുസ്ലിം ലീഗ് നേതാവ് കെ.എം. സീതി സാഹിബ് നിയമസഭാ സ്പീക്കര്‍ ആയിരിക്കെ 1961 ഏപ്രില്‍ മാസം മരണപ്പെട്ടപ്പോള്‍, സ്പീക്കര്‍ സ്ഥാനം ലീഗിലെ മറ്റൊരാള്‍ക്കു നല്‍കാന്‍ കൂട്ടാക്കാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി സ്പീക്കറായി നിശ്ചയിച്ചിരുന്നത് നഫീസത്ത് ബീവിയെ ആണ് എന്നത് കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ ആവേശം ഉണ്ടാക്കുന്ന അദ്ധ്യായമാണ്. കുറച്ചു മാസങ്ങള്‍ അവര്‍ സ്പീക്കറുടെ ചുമതലയും വഹിച്ചിരുന്നു. ടി.വി. തോമസിനെപ്പോലെ അതികായനായ ഒരാളെ പരാജയപ്പെടുത്തിയാണ് ആലപ്പുഴയില്‍നിന്നും അവര്‍ സഭയില്‍ എത്തിയത്.
1957 മുതല്‍ 2021 വരെ ഉണ്ടായ മന്ത്രിസഭകളില്‍ കേരള ജനസംഖ്യയില്‍ ഗണ്യമായ പങ്കുള്ള മുസ്ലിം സ്ത്രീകളുടെ പ്രതിനിധിയായി ഒരാളെപ്പോലും ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാര്‍ പരിഗണിച്ചിട്ടില്ല എന്നതും നമുക്ക് ഓര്‍ക്കേണ്ടതുണ്ട്. 1980-ല്‍ കേരളത്തെക്കാള്‍ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങളില്‍ വളരെ പിന്നാക്കമുള്ള ആസാമില്‍ ഒരു മുസ്ലിം സ്ത്രീ മുഖ്യമന്ത്രിയായിരുന്നു എന്നത് മറ്റൊരു ചരിത്രം.
മുസ്ലിം സാമുദായിക പാര്‍ട്ടി എന്ന നിലയില്‍ ലീഗ് നേതൃത്വം കൈക്കൊള്ളുന്ന നിലപാടുകളാണ് സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിനു നാളിതുവരെ മുഖ്യ തടസ്സമായിരുന്നത്. ലീഗ് നയതീരുമാനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് പല ഘട്ടങ്ങളിലും മതനേതൃത്വമാണ്. 1930-കളില്‍ സ്ത്രീകള്‍ എഴുത്തും വായനയും പഠിക്കുന്നത് നിഷിദ്ധമാക്കി മതവിധി പുറപ്പെടുവിച്ച സംഘടനയും പിന്നീട് ശുദ്ധ ഇസ്ലാം വാദികളായ സലഫികളും നേതൃത്വത്തില്‍ വരികയും അവരുടെ സ്വാധീനത്തിനു വഴങ്ങി സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായും അയിത്തം കല്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുതെന്ന് ലീഗ് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. പല ഘട്ടങ്ങളിലും മതനേതൃത്വം ലീഗ് നേതാക്കളുടെ സ്ത്രീ പക്ഷ/ട്രാന്‍സ് പക്ഷ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പോലും തിരുത്തിച്ച നിരവധി അനുഭവങ്ങള്‍ വര്‍ത്തമാനകാലത്തുനിന്നുതന്നെ സാക്ഷ്യമുണ്ട്.
1993-ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമം ഭരണഘടനാ ഭേദഗതിയോടെ രാജ്യത്ത് നിലവില്‍ വന്നപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുപ്പത്തിമൂന്ന് ശതമാനം വാര്‍ഡ്/ ഡിവിഷനുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുകയുണ്ടായി. തുടര്‍ന്ന് നടന്ന തദ്ദേശീയ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കരുതെന്ന് മതവിധി (ഫത് വ) പോലെ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും ഇതര സമൂഹങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ മുസ്ലിം ലീഗ് സ്ത്രീകളെ മത്സരിപ്പിക്കാന്‍ തയ്യാറായി. അന്ന് ലീഗ് സുപ്രിമോ പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എടുത്ത നിലപാടുകള്‍ വളരെ ശ്ലാഘനീയായിരുന്നു. 2006-ല്‍ നിലവില്‍ വന്ന വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തി. നിരവധി സ്ത്രീ നേതാക്കളാണ് പ്രാദേശിക ഭരണകൂടങ്ങള്‍ നിയന്ത്രിക്കുന്നത്.
ലീഗും വനിതകളും
1957-നും 2021-നും ഇടയില്‍ രണ്ട് നിയമസഭാതെരഞ്ഞെടുപ്പുകളിലാണ് ലീഗ് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയത്. രണ്ടും മലബാര്‍ ആസ്ഥാനമെന്നു വിശേക്ഷിപ്പിക്കുന്ന കോഴിക്കോട് തന്നെ ആയിരുന്നു. വ്യത്യസ്ത ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോസ്മോപ്പൊലിറ്റിന്‍ നഗരമായ കോഴിക്കോട് മണ്ഡലത്തില്‍നിന്നും 1996-ല്‍ കമറുന്നിസ അന്‍വറും 2021-ല്‍ അഡ്വ. നൂര്‍ബിനാ റഷിദും പരാജയപ്പെടുകയാണുണ്ടായത്. രണ്ടു പേര്‍ക്കുമെതിരെ സി.പി.എമ്മിലെ എളമരം കരീമും ഐ.എന്നിലെ അഹ്മദ് ദേവര്‍ കോവിലുമാണ് ജയിച്ച് സഭയില്‍ എത്തിയത്. മുസ്ലിം ലീഗിന് അനായാസം ജയിക്കാന്‍ സാധ്യതയുള്ള നിരവധി സീറ്റുകള്‍ ഉണ്ടെങ്കിലും ജയസാധ്യത കുറഞ്ഞ സീറ്റുകളിലേക്ക് സ്ത്രീകളെ നിശ്ചയിക്കുന്ന രീതിയാണ് പാര്‍ട്ടി കൈക്കൊള്ളുന്നത്. 25 സീറ്റുകള്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ലീഗിന് യു.ഡി.എഫില്‍നിന്നും ലഭിക്കുമ്പോഴാണ് ഓരോ സീറ്റ് 1996-ലും 2021-ലും സ്ത്രീകള്‍ക്ക് അനുവദിച്ചു നല്‍കിയത്. പാട്രിയാര്‍ക്കി ബോധം ആഴത്തിലുള്ള മലയാളി സമൂഹത്തില്‍, ചില മതസംഘടനകളുടെ ഒളിഞ്ഞുള്ള മര്‍മറിങ്ങ് ക്യാമ്പയിനുകള്‍ കൂടിച്ചേരുമ്പോഴാണ് ഇലക്ഷന് മത്സരിക്കുന്ന മുസ്ലിം സ്ത്രീകള്‍ പാടേ പരാജയപ്പെട്ടുപോകുന്നത്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മലപ്പുറത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പറും നിരവധി സമരപോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ പി.കെ. സൈനബയെ സ്ഥാനാര്‍ത്ഥിയാക്കിയത് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ഇ. അഹ്മദ് സഹിബായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി. ആ തെരഞ്ഞെടുപ്പില്‍ വലിയ മാര്‍ജിനിലാണ് അഹ്മദ് സാഹിബ് ജയിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കു സ്ഥിരമായി മലപ്പുറത്ത് വോട്ടു ചെയ്യുന്ന ചില 'മതവോട്ടുകള്‍' അക്കുറി സ്ത്രീ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയില്ലത്രെ. ആ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞതിനെ കൂടുതല്‍ ചര്‍ച്ച ചെയ്തത് സൈനബയുടെ തലയിലെ ഇല്ലാത്ത തട്ടവും അഹ്മദിന്റെ തലയിലെ തൊപ്പിയുമായിരുന്നു. അതേ പാറ്റേണ്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് സമുന്നത നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ എ.എം. ആരിഫിനെതിരെ മത്സരിച്ചപ്പോഴും പ്രവര്‍ത്തിച്ചുവോ എന്നു സംശയിക്കേണ്ടിവരും.
സ്ഥിരമായി എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ടുചെയ്യുന്ന ചില മുസ്ലിം സമ്മര്‍ദ്ദഗ്രൂപ്പുകള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ സ്ത്രീകള്‍ മത്സരിക്കുമ്പോള്‍ വോട്ടെടുപ്പില്‍ പോലും പങ്കെടുക്കാതെ മാറിനില്‍ക്കുന്ന അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ഇങ്ങനെ കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം കേരള മുസ്ലിം രാഷ്ട്രീയ പരിസരത്ത് സാമുദായിക/ മത, രാഷ്ട്രീയ നേതൃത്വം സ്ത്രീകളെ അധികാര രാഷ്ട്രീയ രംഗത്തു നിന്നും പാടെ അവഗണിച്ചതിന്റെ കണക്കെടുപ്പുകൂടി നടത്തേണ്ടിയിരുന്നു.
1956-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവികേരളത്തെക്കുറിച്ചുള്ള സമീപനരേഖയില്‍ അനന്തര അവകാശ സ്വത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് പറഞ്ഞുവെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പാര്‍ട്ടി ആ വഴിക്ക് അധികം നീങ്ങിയിട്ടില്ല. 1985-ലെ ശരീഅത്ത് വിവാദകാലത്ത് സ്ത്രീപക്ഷ നിലപാടുകള്‍ ഇടതുപക്ഷം സ്വീകരിച്ചിരുന്നുവെങ്കിലും അതും മുന്നോട്ടു പോയിട്ടില്ല.
സാമുദായിക മത, രാഷ്ട്രീയം സ്ത്രീ വിരുദ്ധത മാത്രമല്ല, സെക്കുലര്‍ വിരുദ്ധത കൂടി പരത്തുന്നുണ്ട്. മുസ്ലിം സ്ത്രീ രാഷ്ട്രീയം അദ്ദേഹത്തിന്റെ പരിഗണനയിലേ വന്നില്ല.
സ്ത്രീകള്‍ ആകമാനവും മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചും വിദ്യാഭ്യാസവും മറ്റും ലഭിക്കാത്ത ഘട്ടത്തിലാണ് പ്രഗല്‍ഭരായ രണ്ട് വനിതാനേതാക്കള്‍ സഭയില്‍ ഉണ്ടായിരുന്നത്. ഇന്നു മുസ്ലിം സമുദായത്തിലെ സ്ത്രീകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവരും നിരവധിയാണ്. മറ്റെല്ലാ മേഖലകളിലും അവര്‍ സ്വയം അടയാളപ്പെടുത്തുമ്പോഴും അധികാര രാഷ്ട്രീയത്തില്‍നിന്നും ബോധപൂര്‍വ്വം മത, രാഷ്ടീയ നേതൃത്വം സ്ത്രീകള്‍ക്ക് അയിത്തം കല്പിച്ചതാണ് നാം കാണുന്നത്.
20 അംഗങ്ങളെ നാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കുമ്പോഴും ചരിത്രത്തില്‍ ഇന്നുവരെ ഒരു മുസ്ലിം സ്ത്രീ അബദ്ധത്തില്‍പോലും പെട്ടുപോയിട്ടില്ല. രാജ്യസഭയിലേക്ക് ജെബിന്‍ മേത്തറെ പരിഗണിച്ച കോണ്‍ഗ്രസ് ഈ കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
1957 മുതല്‍ 2021 വരെയുള്ള നിയമസഭകളില്‍ ആകെ 39 സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഈ പട്ടികയില്‍ മുസ്ലിം സ്ത്രീകള്‍ വെറും ആറുപേരാണ്. കെ.ഒ. ആയിഷ ബായ്, നഫീസത്ത് ബീവി, നബീസ ഉമ്മാള്‍, കെ.എ. സലീഖ, ഷാനിമോള്‍ ഉസ്മാന്‍, കാനത്തില്‍ ജമീല ഇവരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ്സും നാലു പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുമാണ്. മുസ്ലിം സാമുദായിക പാര്‍ട്ടിയുടെ മുന്നണികളിലെ സ്വാധീനം സ്ത്രീപക്ഷ രാഷ്ട്രീയത്തിനു വലിയ കോട്ടം സംഭവിക്കുന്നതിനു കാരണമായിട്ടുണ്ടെന്നു കാണാം.
പുസ്തകത്തിനു അവതാരിക എഴുതിയത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനാണ്. മതവിശ്വാസത്തിന്റെ മറവില്‍ സ്ത്രീകളുടെ തുല്യാവകാശങ്ങളെ നിഷേധിക്കുന്ന സമീപനങ്ങളേയും പാര്‍ട്ടി വിമര്‍ശിക്കുകയുണ്ടായി. മുസ്ലിം ജനവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ഇസ്ലാമിക വര്‍ഗ്ഗീയതയെ വിമര്‍ശിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.ഐ.എം സ്വീകരിച്ചുപോരുന്നത്'. അഥവാ മതവിശ്വാസത്തിന്റെ മറവില്‍ സ്ത്രീകളുടെ തുല്യാവകാശങ്ങളെ നിഷേധിക്കുന്ന സമീപനങ്ങളോട് പാര്‍ട്ടിക്കു വിമര്‍ശനമുണ്ട്. എന്നാല്‍ മുസ്ലിം സ്ത്രീക്ക് തുല്യാവകാശം എങ്ങനെയാണ് ലഭ്യമാക്കുക? അതിനുള്ള ഇടതുബദല്‍ എന്താണ്?
പുസ്തകത്തിന് പാലോളി മുഹമ്മദ് കുട്ടി ആശംസ നേര്‍ന്നുകൊണ്ടുള്ള ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. അതിലൊരു ഭാഗം: ''ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തലിനു വിധേയവരായിരുന്നു മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍. അവരുടെ വിവാഹം നിശ്ചയിക്കുന്നതുപോലും അറിയാനുള്ള അവകാശം ആ പാവങ്ങള്‍ക്കു ഉണ്ടായിരുന്നില്ല. സ്ത്രീധനം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ വീട്ടില്‍ത്തന്നെ കഴിയേണ്ടിവന്നിരുന്ന മുസ്ലിം പെണ്‍കുട്ടികളെ നമ്മുടെ നാട്ടിലെമ്പാടും കാണാമായിരുന്നു. യാതൊരു ഉത്തരവാദിത്വവും നിറവേറ്റാതെ അനേകം സ്ത്രീകളെ വിവാഹം ചെയ്തും തോന്നുംപോലെ മൊഴിചൊല്ലിയും ആണുങ്ങള്‍ അവസരം മുതലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പാവപ്പെട്ട മുസ്ലിം സ്ത്രീകളുടെ കണ്ണീരിന് അറുതിവരുത്താന്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ ബഹുഭാര്യത്വത്തിനെതിരെ നിലപാടെടുത്തത്. സമുദായ പ്രമാണിമാര്‍ ശക്തമായ എതിര്‍പ്പും വിദ്വേഷവുമാണ് അന്ന് പാര്‍ട്ടിക്കും ഇ.എം.എസ്സിനും എതിരെ ഉയര്‍ത്തിവിട്ടത്. എന്നാല്‍, പാര്‍ട്ടിയുടെ പ്രചാരണം സാധാരണ ജനങ്ങള്‍ ഏറ്റെടുത്തത്തിന്റെ തെളിവാണ് അത്തരം ദുഷ്പ്രവണതകള്‍ ഇന്നു നാമാവശേഷമായി എന്നത്.'' അവതാരകനും ആശംസകനും സമുദായത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥകളെക്കുറിച്ച് കൃത്യമായ നിലപാട് പറയുന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രീയ ഇടപെടലുകളെകുറിച്ചും രാഷ്ട്രീയ നേതൃത്വത്തിലും അവര്‍ അവഗണിക്കപ്പെട്ടതും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല.
കേരളീയ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് വളരെ ഗഹനമായി നടത്തിയ പഠനത്തില്‍ മുസ്ലിം സ്ത്രീ രാഷ്ട്രീയത്തെക്കുറിച്ച് പരാമര്‍ശം ഇല്ലാതെപോയത് മുസ്ലിം രാഷ്ട്രീയം എത്രമേല്‍ പുരുഷ കേന്ദ്രീകൃതമാണെന്നതിന്റെ മികച്ച അടയാളമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക