
വ്യത്യസ്തത വിചിത്രമാകുമ്പോള്‍ അടയാളപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന പദമാണ് മാവെറിക്. ഇലോണ്‍ മസ്‌കിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ പദം ബോബി ചെമ്മണ്ണൂരിനും അനുയോജ്യമാണ്. ഇപ്പോള്‍ ബോചെ എന്നാണ് ബോബി ചെമ്മണ്ണൂര്‍ അറിയപ്പെടുന്നത്. ബോചെയ്ക്കും രാഹുല്‍ ഈശ്വറിനും എതിരെ ഹണി റോസ് ഉന്നയിക്കുന്ന ആക്ഷേപത്തിന്റെ അടിസ്ഥാനം അറിയില്ല. പരാതിക്കാസ്പദമായ പരാമര്‍ശം ആവര്‍ത്തിച്ചാല്‍ കുറ്റത്തിന്റെ ആവര്‍ത്തനമാകുമെന്നതുകൊണ്ട് വാര്‍ത്തയില്‍ അവ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് ബോചെയെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലാക്കിയത്. ജാമ്യം അനുവദിച്ചതിനുശേഷം ബോചെ സ്വയം നീട്ടിയെടുത്ത ഒരു രാത്രി ഉള്‍പ്പെടെ ആറ് ദിനരാത്രങ്ങള്‍ അയാള്‍ ജയിലില്‍ കഴിഞ്ഞു. അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റിലാകുന്ന വ്യക്തിയെ ഇങ്ങനെയൊക്കെ കൈകാര്യം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. അറസ്റ്റിലാകുന്നവരുടെ അന്തസ്സിനേയും അവകാശങ്ങളേയും മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ഓരോ അറസ്റ്റിനെ മുന്‍നിര്‍ത്തിയും ചോദിക്കേണ്ടതുണ്ട്. രേഖപ്പെടുത്തപ്പെട്ടതിനെ മാത്രം അടിസ്ഥാനമാക്കി അന്വേഷണവും വിചാരണയും നടക്കേണ്ട കേസില്‍ അറസ്റ്റ് തന്നെ അനാവശ്യമാണെന്നിരിക്കേ ജാമ്യം നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ശിക്ഷയ്ക്കുശേഷം നല്‍കപ്പെടുന്ന ആനുകൂല്യങ്ങള്‍ വിചാരണയ്ക്കു മുന്‍പുള്ള ഘട്ടങ്ങളിലും തടവുകാരന് ലഭിക്കണം. തിഹാര്‍ ജയിലില്‍ നിലത്തുകിടന്ന് മരുന്നുപോലും ലഭിക്കാതെ മരിച്ച ബിസ്‌കറ്റ് രാജാവ് രാജന്‍ പിള്ളയെ നമ്മള്‍ മറന്നു. തടവുകാര്‍ പ്രാകൃതമായി കൈകാര്യം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാട് പ്രാകൃതമായ സമൂഹത്തിന്റെ വികൃതമായ മനസ്സില്‍നിന്നാണ് ഉണ്ടാകുന്നത്.
വാക്കാണ് പ്രശ്നം. ജീവല്‍ഭാഷയില്‍ വാക്കിന് അര്‍ത്ഥപരിവര്‍ത്തനമുണ്ടാകും. വാക്കിന്റെ അര്‍ത്ഥവും അനര്‍ത്ഥവും ജയിലിലേക്കുള്ള വഴി തുറക്കുന്നുവെന്ന അവസ്ഥ സംസാരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള മൗലികമായ അവകാശത്തിന്റെ നിഷേധമാണ്. ഫ്രീഡം ഓഫ് സ്പീച്ച് എന്നതിനര്‍ത്ഥം ഫ്രീഡം ആഫ്ടര്‍ സ്പീച്ച് എന്നാണ്. സംസാരത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് ദ്വയാര്‍ത്ഥം മാത്രമല്ല, നാനാര്‍ത്ഥങ്ങളും ഉണ്ടാകും. അത് ഭാഷയുടെ കരുത്തും സൗന്ദര്യവുമാണ്. സംസാരിക്കുന്നതെല്ലാം നന്നായിരിക്കണമെന്നില്ല. അശ്ലീലമെന്നോ അപകീര്‍ത്തികരമെന്നോ രാജ്യദ്രോഹമെന്നോ ദൈവനിന്ദയെന്നോ വിശേഷിപ്പിക്കാവുന്ന വാക്കുകള്‍കൂടി ചേരുന്നതാണ് ജീവനുള്ള ഭാഷ. ലീലാവതി ടീച്ചര്‍ നല്ലെഴുത്ത് പരിശോധിക്കുന്നതുപോലെ വാക്കുകളുടെ ഗുണദോഷനിര്‍ണ്ണയം പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത് അപകടമാണ്. ശുദ്ധമായ മലയാളത്തിലാണെങ്കിലും പൊലീസ് സ്റ്റേഷനുകളിലെ ഭാഷ അത്ര ശുദ്ധമല്ലെന്ന് കേട്ടിട്ടുള്ളവര്‍ പറയുന്നു. അങ്ങനെയുള്ള പൊലീസുകാര്‍ ഭാഷാശുദ്ധിയുടെ പരിശോധകരാകുന്ന അവസ്ഥ സംഭ്രാന്തിജനകമാണ്. അപകീര്‍ത്തി തുടങ്ങിയ വിഷയങ്ങളെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് പറയുന്നത് സംസാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ്. പക്ഷേ, ഭാരതീയ ന്യായസംഹിത ഈ വിഷയത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ കൂടുതല്‍ കാഠിന്യത്തോടെ ഭാരതീയ ന്യായസംഹിതയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍
ഉടലറിവിന്റെ നാനാര്‍ത്ഥങ്ങളില്‍ വ്യാപരിച്ച ബോചെയുടെ ദ്വയാര്‍ത്ഥപ്രയോഗം എന്തെന്നറിയാത്തതുകൊണ്ട് ഏകാര്‍ത്ഥത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചാലും അപകടത്തില്‍പ്പെട്ടുകൂടെന്നില്ല. വാക്കുകള്‍ പുതിയ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ആരെയും വിസ്മയിപ്പിക്കും. ലോണ്‍ഡ്രിയുടെ മുന്നില്‍ തേച്ചുകൊടുക്കപ്പെടും എന്ന ബോര്‍ഡ് കണ്ടാല്‍ പ്രണയകാലത്തിനുശേഷം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ കൈകാര്യം ചെയ്യുന്ന ഒരു രീതി എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് പഴയ ആളുകള്‍ക്ക് മനസ്സിലാവില്ല. ചലച്ചിത്രോത്സവം കൊച്ചിയില്‍ നടത്താന്‍ തീരുമാനമായപ്പോള്‍ അടിച്ചുപൊളിക്കണം എന്ന് മമ്മൂട്ടി പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ എന്നോടു ചോദിച്ചു.
തകര്‍ക്കണം എന്നു പറഞ്ഞാലും ഇതേ കണ്‍ഫ്യൂഷനുണ്ടാകും. എറണാകുളത്ത് എന്തോ സംഭവിച്ചപ്പോള്‍ എം.എല്‍.എ തിരിഞ്ഞുനോക്കിയില്ല എന്ന ആക്ഷേപം എനിക്കെതിരെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഉന്നയിച്ചു. മുഖാമുഖം നോക്കുന്നത് ശരിയും തിരിഞ്ഞുനോക്കുന്നത് ശരികേടുമാണെന്ന് എന്റെ വിദ്യാര്‍ത്ഥിനിയായ വനിതാ റിപ്പോര്‍ട്ടറുടെ മുഖത്തുനോക്കി ദ്വയാര്‍ത്ഥമില്ലാതെ ഞാന്‍ പറഞ്ഞു. സോദോമില്‍നിന്നുള്ള പലായനത്തിനിടയില്‍ ലോത്തിന്റെ ഭാര്യ നിര്‍ദ്ദേശം ലംഘിച്ച് പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ഉപ്പുതൂണായിപ്പോയി. പിന്നാലെ നടക്കുന്നത് ആരാധന; തിരിഞ്ഞുനോക്കുന്നത് അമാന്യത. ചിറ്റ്ചോര്‍ മാതൃകയില്‍ പിന്നാലെ നടന്നാല്‍ ബി.എന്‍.എസ് വകുപ്പ് 78 അനുസരിച്ച് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കാം. നോട്ടം തുറിച്ചുനോട്ടമായാലും ശിക്ഷയുണ്ടാകും. പതിമൂന്ന് സെക്കന്റ് കഴിഞ്ഞാല്‍ നോട്ടം തുറിച്ചുനോട്ടമാകുമെന്നാണ് ഋഷിരാജ് സിങ് പറഞ്ഞത്.
ദ്വയാര്‍ത്ഥപ്രയോഗം പ്രാവീണ്യം ആവശ്യപ്പെടുന്ന കലയാണ്. അതുപോലെത്തന്നെ വൈദഗ്ദ്ധ്യം ആവശ്യമുള്ളതാണ് മറിച്ചുചൊല്ലല്‍. വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ പരസ്പരം മാറ്റി വാക്യത്തിന് അര്‍ത്ഥവ്യത്യാസം വരുത്തുന്ന സംസാരമാണ് മറിച്ചുചൊല്ലല്‍. ഇപ്രകാരം ഉല്പാദിപ്പിക്കപ്പെടുന്ന വാക്യങ്ങള്‍ കടുത്ത അശ്ലീലമായിരിക്കും. പൊലീസിന്റെ സാംസ്‌കാരിക പരിപാലന ദൗത്യത്തില്‍ ഇത്തരം വികൃതികള്‍ക്കെതിരായ നടപടികളും ഉള്‍പ്പെടുമോ? മനപ്പൂര്‍വമല്ലാതെ സാധാരണ സംഭാഷണത്തില്‍ പദങ്ങള്‍ മാറിപ്പോകുന്നതിനെ മാലപ്രോപിസം എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. ഷെറിഡന്റെ നാടകത്തിലെ കഥാപാത്രമായ മിസിസ് മാലപ്രോപ് ഇപ്രകാരം സംസാരിക്കുന്നതുകൊണ്ടാണ് ഈ വാക്കുണ്ടായത്. സദൃശശബ്ദങ്ങള്‍ മാറിപ്പോകുന്നത് എപ്പോഴും യാദൃച്ഛികമാകണമെന്നില്ല. ഇറിഗേഷന്‍ മിനിസ്റ്റര്‍ ഒരിക്കല്‍ എന്റെ റിപ്പോര്‍ട്ടില്‍ ഇറിറ്റേഷന്‍ മിനിസ്റ്റര്‍ ആയത് മനപ്പൂര്‍വമായിരുന്നില്ലെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കെ.ജി. അടിയോടിക്ക് ചേരുന്ന വിശേഷണമായിരുന്നു. ഈ വിഷയത്തില്‍ ഞാനെഴുതിയ ലേഖനം മനശ്ശാസ്ത്രം മാസികയില്‍ അടിച്ചുവന്നപ്പോള്‍ എന്റെ പേര് 'പെബാസ്റ്റ്യന്‍ സോള്‍' എന്നാണ് കൊടുത്തിരുന്നത്. ഇ.വി. കൃഷ്ണപിള്ളയുടെ ബി.എ. മായാവി എന്ന നാടകത്തില്‍ ഹാസ്യത്തിനുവേണ്ടി സദൃശപദങ്ങള്‍ മാറ്റിപ്പറയുന്നുണ്ട്. ഇവയെല്ലാം പൊലീസിന്റെ പരിശോധനയ്ക്ക് വിഷയമാക്കിയാല്‍ കൃഷ്ണപിള്ള മാത്രമല്ല, ഷെറിഡനും പ്രോസിക്യൂഷനു വിധേയനാകേണ്ടിവരും.
അനുച്ഛേദം 19(1)(എ) നല്‍കുന്ന സ്വാതന്ത്ര്യത്തിന് അനുച്ഛേദം 19(2) പരിധി നിശ്ചയിക്കുന്നു. അപകീര്‍ത്തി തടയുന്നതിനുള്ള നിയന്ത്രണം ന്യായമായ പരിമിതിയാണ്. പൊലീസ് നടപടിയിലൂടെ നിവര്‍ത്തിക്കപ്പെടേണ്ടതാവരുത് ആ പരിമിതി. സിവില്‍ കോടതിയില്‍നിന്ന് ഇന്‍ജങ്ഷന്‍ മുഖേന അപകീര്‍ത്തി തടയാം. അല്ലെങ്കില്‍ നഷ്ടപരിഹാരം ഈടാക്കി നഷ്ടപ്പെട്ട കീര്‍ത്തി തിരിച്ചുപിടിക്കാം. അതിനുപകരം വാക്കുകള്‍ പൊലീസിന്റെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യം എന്ന മൗലികമായ അവകാശത്തിന് നാം ക്ഷതമേല്പിക്കുന്നു. ന്യൂ മീഡിയ സങ്കേതമുപയോഗിച്ചുള്ള ടോയ്ലറ്റ് ഗ്രാഫിറ്റിയുടെ ഡിജിറ്റല്‍ ആവിഷ്‌കാരത്തിന് സോഷ്യല്‍ മീഡിയ എന്ന തെറ്റായ പേര് നല്‍കി മാധ്യമങ്ങളെയാകെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത ജനാധിപത്യത്തിനെതിരെയുള്ള സംഹാരക്രിയയാണ്. ഉരുളയ്ക്കുപ്പേരിയാണ് ചില കാര്യങ്ങള്‍ക്കുള്ള പ്രതിവിധി. നിശ്ശബ്ദതകൊണ്ടും പ്രതിയോഗിയെ നിരായുധനാക്കാം.
ഈ കുറിപ്പ് ബോചെയ്ക്കും രാഹുല്‍ ഈശ്വറിനും വേണ്ടിയുള്ളതല്ല. പൊലീസ് നടപടിയിലൂടെ സംസാരം നിയന്ത്രിതമാക്കുന്നതിലെ അപകടമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. മറഡോണയുമായി മാത്രമല്ല, ഷേക്സ്പിയറുമായും ബോചെയ്ക്ക് അടുപ്പമുണ്ട്. 'അ ൃീലെ യ്യ മി്യ ീവേലൃ ിമാല ംീൗഹറ ാെലഹഹ മ െംെലല'േ എന്ന റോമിയോ ആന്‍ഡ് ജൂലിയറ്റിലെ വരിയായിരിക്കാം ഹണി റോസിന് ദ്വയാര്‍ത്ഥത്തില്‍ മറ്റൊരു പേരു നല്‍കാന്‍ ബോചെയ്ക്ക് പ്രചോദനമായത്. പക്ഷേ, നിയമത്തിന് സഹൃദയത്വം കുറവാകയാല്‍ ധ്വനിയും വ്യംഗ്യവും മനസ്സിലാകണമെന്നില്ല. അതുകൊണ്ട് നിയമപാലകര്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകുന്നില്ല. അവര്‍ ഒരാളെ നിശ്ശബ്ദനാക്കുമ്പോള്‍ ജനാധിപത്യത്തിന്റെ പരിസരം അത്രയും ശുഷ്‌കമാകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക